പുതുവൽസരത്തിന്റെ ആരംഭ ദിനങ്ങളിൽ (2021 ജനുവരി) ഒരു മഹാ സംഭവത്തിനു നാം സാക്ഷ്യം വഹിച്ചു: കർഷകരുടെ പ്രക്ഷോഭം. ഇന്ത്യാ ചരിത്രത്തിൽ മാത്രമല്ല ലോകചരിത്രത്തിൽ തന്നെ അഭൂതപൂർവ്വമെന്നു് പറയാവുന്ന മഹാ സമരസംഭവം. ദേശീയ പാതയിൽ, തലസ്ഥാന നഗരിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ, നിലയുറപ്പിച്ചു് കൊണ്ടു്, ഭരണകൂടത്തെ ഉപരോധിച്ചു് കൊണ്ടു്, ഉത്തരേന്ത്യൻ ‘ഹൃദയ’ഭൂമിയിൽ നിന്നെത്തിച്ചേർന്ന ലക്ഷോപലക്ഷം കർഷകർ നടത്തിവന്ന സമര തപോയജ്ഞം ഒരു മാസം കടന്നു കഴിഞ്ഞിരുന്നു. ഉത്തരേന്ത്യയിലെ ശീതതരംഗങ്ങൾക്കും, കൊറോണാമഹാമാരിയുടെ കൊടും ഭീഷണിയ്ക്കും, ഇന്ത്യൻ ഭരണകൂടത്തിന്റെ സൈനിക സന്നാഹങ്ങൾക്കും, വിഭജന-പ്രലോഭന-കുതന്ത്രങ്ങൾക്കും, തളർത്താനാവാതെ, മെരുക്കാനാവാതെ.
കഴിഞ്ഞ വർഷം ഈ സമയത്തു് മറ്റൊരു മഹാസമരത്തിന്റെ അഗ്നിജ്വാലയിലായിരുന്നു നാം: ഇന്ത്യയിലെങ്ങും കത്തിപ്പടർന്ന പൗരത്വ പ്രക്ഷോഭം. അന്നു് ഷഹീൻബാഗിലെ ദീദിമാരും ദാദിമാരും അഛനമ്മമാരും യുവാക്കളും വൃദ്ധരും കുട്ടികളും ജാമിയയിലെ വിദ്യാർത്ഥികളും മോദിയുടെ ഫാസിസ്റ്റ് നയത്തിനെതിരെ നടത്തിയ ഐതിഹാസിക സമരച്ചൂളയിൽ ഒരു നവയുഗം പിറക്കുന്നുവെന്നു് സ്വപ്നലിപികളിൽ എഴുതിയവരിലൊരാളാണു് ഈ ലേഖകൻ. ദില്ലിയിൽ ഭരണകൂടത്തിന്റെ ആശയ ആശീർവ്വാദത്തോടെ ഹിന്ദുത്വവാദികൾ അഴിച്ചുവിട്ട വർഗ്ഗീയ കലാപത്തിനും (ഫെബ്രുവരി 23, 2020) ഈ സമരാഗ്നിയെ ശമിപ്പിക്കുവാനായില്ല. എന്നാൽ ലോകമെങ്ങും രോഗവും മരണവും വിതച്ചു്, വംശനാശത്തിന്റെ ദുഃസ്വപ്നം വിതറി, മനുഷ്യ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും പ്രതിസന്ധി നിറച്ചു് കൊണ്ടെത്തിച്ചേർന്ന കൊറോണാമഹാമാരിയുടെ കൊടും ചുഴലിയിൽ ഈ നവയുഗസ്വപ്നനാളങ്ങളോരോന്നായി കെട്ടണഞ്ഞു.
മഹാമാരിയും ഭരണകൂടവും തമ്മിലുള്ള പൈശാചിക സംയോഗത്തിൽ നിന്നുല്പന്നമായ ബയോരാഷ്ട്രീയ ഭീകരത ലോകമെങ്ങുമെന്ന പോലെ ഇന്ത്യയേയും ഗ്രസിച്ചു. അങ്ങനെ രൂപപ്പകർച്ച നേടിയ ഇന്ത്യൻ ഭരണകൂടം പതിന്മടങ്ങ് ഭീകരസ്വരൂപിയായി, അധികാരദാഹിയായി, പ്രതികാരമൂർത്തിയായി. പ്രതിപക്ഷപക്ഷങ്ങളറുത്തു മാറ്റി. പ്രതിരോധങ്ങളെ വേരോടെ പിഴുതെറിഞ്ഞു. എതിർസ്വരങ്ങളെ വേട്ടയാടി. നേരത്തേ തന്നെ അമിതാധികാരങ്ങൾ കയ്യടക്കി ‘അപവാദഭരണ’ത്തിന്റെ (State of exception), ‘അടിയന്തിരാവസ്ഥാ ഭരണ’ത്തിന്റെ, സ്വഭാവമാർജ്ജിച്ചിരുന്ന മോദി സർക്കാർ ജോർജ്ജോ അഗംബ-ന്റെ നിർവ്വചനങ്ങളെയും അതിലംഘിച്ചു കൊണ്ടു് ഭരണഘടനാതീതശക്തിയായി, അതീതഭരണകൂടമായി, മാറി (Transcendental State).
2020 മാർച്ചു് 24-ൽ മഹാമാരിക്കെതിരെ (“മഹാഭാരത”) യുദ്ധം എന്ന പ്രഖ്യാപനത്തോടുകൂടി ആരംഭിച്ച ലോകത്തിലെ ഏറ്റവും കർക്കശവും ദീർഘകാലികവുമായ ലോക്ഡൗണിന്റെ ഇരുളിൽ, മഹാമാരി ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച സംഭ്രാന്തിയുടെ മറവിൽ, സർവ്വാധിപത്യത്തെ ചോദ്യം ചെയ്ത ബുദ്ധിജീവികളെയും, കലാകാരന്മാരെയും ആക്റ്റിവിസ്റ്റുകളെയും മനുഷ്യാവകാശപ്രവർത്തകരെയും പൗരാവകാശപ്രക്ഷോഭകരെയും ഒന്നൊന്നായി വേട്ടയാടുകയായിരുന്നു മോദി ഗവണ്മെന്റ്. അർബൻ മാവോയിസ്റ്റുകൾ എന്നു് മുദ്രകുത്തി പലരെയും തുറുങ്കലിലടച്ചു. ഷഹീൻബാഗിലെ സമരപ്പന്തലിനു ചുറ്റും തമ്പടിച്ച പോലീസ് സൈന്യം പന്തൽ തകർക്കുകയും സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൗരത്വപ്രക്ഷോഭണത്തിനു നേതൃത്വം നൽകിയ ജാമിയായിലെയും ജെ. എൻ. യു.-വിലെയും വിദ്യാർത്ഥി നേതാക്കളെ ജയിലിലാക്കി. ജമ്മു-കാശ്മീരിൽ പ്രതിപക്ഷനേതാക്കളെ വീട്ടുതടങ്കലിലും ജയിലറകളിലുമാക്കി. ലോക്ഡൗൺ ജനങ്ങളെ സംബന്ധിച്ചിടത്തോളം വീട്ടുതടങ്ങലായി മാറി. ഭാരതം തുറന്നതും അടഞ്ഞതുമായ ഒരു നീണ്ട ജയിലറയായി മാറി.
യാതൊരു മുന്നറിയിപ്പുകളുമില്ലാതെ ലോകത്തിലെ ഏറ്റവും നീണ്ടതും കർക്കശവുമായ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീടും കുടിയുമുള്ള മദ്ധ്യവർഗ്ഗികൾ ബാൽക്കണിയിൽ നിന്നു് അതിനെ എതിരേറ്റുവെങ്കിലും തൊഴിലും, താമസസ്ഥലങ്ങളും, ജീവിതമാർഗ്ഗങ്ങളും, നഷ്ടപ്പെട്ട ലക്ഷക്കണക്കിനു് അഭയാർത്ഥിത്തൊഴിലാളികൾ വഴിയാധാരമായി. ലോക്ഡൗൺ ലംഘിച്ചു് കൊണ്ടു് മഹാനഗരങ്ങളിൽ നിന്നു് അമ്മമാരും കുട്ടികളും, വൃദ്ധന്മാരും യുവാക്കളും അടങ്ങിയ ചെറു സംഘങ്ങൾ, കെട്ടും ഭാണ്ഢവുമായി ദേശീയപാതയിലൂടെ, റെയിൽപ്പാളങ്ങളിലൂടെ, വെയിലും മഞ്ഞും മഴയും അവഗണിച്ചു്, സ്വന്തം നാടുകളിലേക്കു് മടക്കപ്രയാണമാരംഭിച്ചു. ദാഹവും വിശപ്പും പട്ടിണിയും രോഗവും കൊണ്ടു് വലഞ്ഞു് പലരും വഴിയിൽ തന്നെ മരിച്ചു വീണു. 198 പേരോളം മരണമടഞ്ഞു എന്നു് പത്ര റിപ്പോർട്ട്. നഗരാതിർത്തികളിൽ പോലീസും നഗരവാസികളു അവരെ തടഞ്ഞു. ചിലപ്പോൾ ആട്ടിയോടിച്ചു. ചരിത്രത്തിലെ ഏറ്റവും ദാരുണമായ മടക്കപ്പുറപ്പാടു്, പിന്നാക്കം നടന്നു പോയ ലോങ്ങ്മാർച്ചു്.
പ്രതിസന്ധിയെ, മനുഷ്യദുരന്തത്തെ, നിക്ഷേപത്തിനും ലാഭത്തിനുമുള്ള അവസരമാക്കി തക്കം പാർത്തു നിൽക്കുന്ന ദുരന്തമുതലാളിത്തവുമായി (disaster capitalism) മഹാമാരിയുടെ ദിനങ്ങളിൽ ഭരണകൂടം കൈകോർക്കുകയായിരുന്നു. പൊതു സമ്പത്തും പൊതുമേഖലാ സ്ഥാപനങ്ങളും കോർപ്പറേറ്റുകൾക്കു് വിറ്റു തുലയ്ക്കുവാനുള്ള ഗൂഢ പദ്ധതികൾ അരങ്ങേറി. കൊറോണയുടെ മറവിൽ പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടി. ഓർഡിനൻസുകൾ ഒന്നൊന്നായി തൊടുത്തു വിട്ടു. പാർലമെന്റിൽ ചർച്ചകളില്ലാതെ തന്നെ ഓർഡിനൻസുകൾ നിയമങ്ങളായി ചുട്ടെടുത്തു. വിദ്യാഭ്യാസത്തെ ഭരണകൂടകേന്ദ്രിതവും കോർപ്പറേറ്റുവൽക്കൃതവും ആക്കി മാറ്റുന്ന നവവിദ്യാഭ്യാസ നിയമം, കാർഷികമേഖലയെ കോർപ്പറേറ്റുകൾക്കു് വിട്ടു കൊടുക്കുന്ന 3 കാർഷിക നിയമങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുകയും വൻകിടവ്യവസായികൾക്കു് അമിതാധികാരങ്ങൾ നൽകുകയും ചെയ്യുന്ന ലേബർ കോഡ് ബില്ലുകൾ, ഇവയെല്ലാം ഗവണ്മെന്റ് പാസ്സാക്കിയെടുത്തതു് മഹാമാരിയുടെ വിഭ്രാന്ത നേരങ്ങളിലാണു്.
വിദ്യാഭ്യാസ നയത്തിനും വ്യവസായ ബന്ധ ബില്ലിനും എതിരേ നാനാഭാഗങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നുവെങ്കിലും അവയെയെല്ലാം നിശ്ശബ്ദമാക്കുവാൻ ഗവണ്മെന്റിനു കഴിഞ്ഞു. എന്നാൽ മോദിഗവണ്മെന്റിന്റെ സർവ്വ കണക്കു കൂട്ടലുകളും തകർത്തു് കൊണ്ടു് പഞ്ചാബിലെ 32-ഓളം കർഷക സംഘടനകൾ ഒന്നിച്ചു് ചേർന്നു പ്രക്ഷോഭങ്ങൾക്കു് തുടക്കം കുറിച്ചു. അഖിലേന്ത്യാ കർഷക കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 26-നു് ‘ദില്ലി ചലോ’ മാർച്ചു് തുടങ്ങി.
പഞ്ചാബിൽ നിന്നു് പ്രക്ഷോഭകരെയും വഹിച്ചുള്ള ട്രാക്ടറുകളും അവശ്യസാമഗ്രികൾ സംഭരിച്ച ട്രോളികളും ദില്ലിനഗരത്തെ ലക്ഷ്യമാക്കി നീങ്ങി. തലസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചും, സമരക്കാരെ അറസ്റ്റു ചെയ്തും കർഷകമാർച്ചിനെ തടയുവാൻ സർവ്വ സൈനിക സന്നാഹങ്ങളോടെ സർക്കാർ പരമാവധി ശ്രമിച്ചു. കണ്ണീർ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. ദേശീയ പാതകൾ വെട്ടി മുറിച്ചു് തടസ്സങ്ങൾ സൃഷ്ടിച്ചു. വലിയ കണ്ടൈനെർ ലോറികളും ട്രെയിലറുകളും റോഡിനു കുറുകെയിട്ടു.
ഹരിയാന അതിർത്തിയിലെ പ്രധാന പാതയായ അംബാലയിൽ പോലീസ് വൻ സന്നാഹമൊരുക്കിയപ്പോൾ കർഷകർ മറ്റു വഴികളിലൂടെ അതിർത്തി കടന്നു. അംബാലയിൽ ജലപീരങ്കിയും ഗ്രനേഡുകളും ഉപയോഗിച്ചു് കൊണ്ടു് പോലീസ് തീർത്ത കോട്ടയ്ക്കു് മുന്നിൽ ഉശിരോടെ ഉറച്ചു നിന്ന കർഷകരെ കടത്തി വിടുവാൻ സംസ്ഥാന സർക്കാർ ഒടുവിൽ നിർബ്ബന്ധിതരായി.
ബാരിക്കേഡുകൾ പുഴയിലേക്കെറിഞ്ഞും, ടിയർ ഗ്യാസുകൾ തട്ടിത്തെറിപ്പിച്ചും ജലപീരങ്കിയെയും ഗ്രനേഡുകളെയും നേരിട്ടുകൊണ്ടും ഡെൽഹിയുടെ അതിർത്തികളിൽ നവംബെർ 27-നു് കർഷക സംഘങ്ങൾ എത്തിച്ചേർന്നു. പോലീസ്സുകാരാൽ തടയപ്പെട്ടപ്പോൾ ഡെൽഹിയിലേക്കുള്ള പ്രവേശനദ്വാരമായ സിംഗു, തിക്രി, ഗാസിപ്പൂർ, ചില്ല, എന്നിവിടങ്ങളിൽ ദേശീയ പാതകളിൽ തന്നെ അവർ തമ്പടിച്ചു. ഭക്ഷണവും വെള്ളവും ഡീസലും നിറച്ച ട്രാക്റ്റർ ട്രോളികളിലാണു് അവർ എത്തിച്ചേർന്നതു്. ദേശീയ പാതയിൽ കാർപ്പറ്റുകൾ വിരിച്ചു്, ടെന്റുകളടിച്ചു്, പ്രധാന സമരവേദിയും, പന്തലുകളും സ്ഥാപിച്ചു. ഭക്ഷണം ഒരുക്കുന്ന ലംഗറുകൾ 24 മണിക്കൂറും പ്രവർത്തന നിരതമായി. ട്രോളികൾ സഞ്ചരിക്കുന്ന വീടുകളായി. മെഡിക്കൽ ക്യാമ്പുകളും അവശ്യ വസ്തുക്കളുടെ വിതരണ സംവിധാനങ്ങളും ക്രമേണ സജ്ജമായി. സമരസ്ഥലമായ റോഡുകളിൽ തന്നെ കുട്ടികൾക്കു് കളിക്കാനും പഠിക്കാനുമുള്ള സജ്ജീകരണങ്ങളുണ്ടായി. അച്ഛനമ്മമാരും, മുത്തശ്ശന്മാരും മുത്തശ്ശിമാരും, ആങ്ങള പെങ്ങളുമാരും കുട്ടികളും യുവാക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും വിദ്യാർഥികളും സുഹൃത്തുക്കളും പിന്തുണക്കാരും അണിനിരന്നു് ഉൽസവാന്തരീക്ഷം നിറഞ്ഞ ഗ്രാമങ്ങളായി ദില്ലി അതിർത്തിയിലെ ദേശീയപാതകൾ. കർഷകഗ്രാമങ്ങൾ നഗരത്തെ അക്ഷരാർത്ഥത്തിൽ വളയുകയായിരുന്നു. മാവോ വിഭാവനം ചെയ്ത പോലെ വെടിയുണ്ടകളും നിധനായുധങ്ങളും വെട്ടുകത്തികളും കഠാരകളുമായല്ല. നിരായുധരായി, ഹിംസാരഹിതമായി, സ്നേഹത്തോടും കരുതലോടും കൂടി. ലാത്തിയുമായി കാത്തു നിൽക്കുന്ന പോലീസ്സുകാർക്കു് പോലും ആഹാരപ്പൊതികൾ നൽകിക്കൊണ്ടു്. എത്തിച്ചേരുന്ന എല്ലാവർക്കും സസ്നേഹം ഭക്ഷണം വിളമ്പിക്കൊണ്ടു്.
ഗവണ്മെന്റ് ചർച്ചയില്ലാതെ പാസ്സാക്കിയെടുത്ത ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രെയിഡ് ആന്റ് കോമേഴ്സ് (പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ആക്റ്റ്, 2020, ഫാർമേഴ്സ് (എമ്പവർമെന്റ് ആന്റ് പ്രൊട്ടെക്ഷൻ) എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആന്റ് ഫാം സർവീസെസ് ആക്റ്റ് 2020, എസ്സെൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ് മെന്റ്) ആക്റ്റ് 2020, എന്നീ മൂന്നു നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കുക എന്നതായിരുന്നു കർഷകരുടെ ആവശ്യം. വെറും ഒരു കാർഷിക പരിഷ്ക്കരണ നിയമമെന്നതിനുപരി സംസ്ഥാന ഗവണ്മെന്റുകളുടെ അധികാരമണ്ഡലത്തിലേക്കുള്ള കേന്ദ്ര ഗവണ്മെന്റിന്റെ കടന്നു് കയറ്റവും ഫെഡറലിസത്തിനെതിരേയുള്ള ആക്രമണവുമായിരുന്നു ഈ നിയമപരിഷ്ക്കാരങ്ങൾ. കോർപ്പറേറ്റുകൾക്കു് കാർഷിക ഭക്ഷ്യമേഖലകളെ ഏല്പിച്ചു് കൊടുക്കുവാനും സ്വന്തം ഭൂമിയിൽ കൃഷിക്കാരെ കരാർ കൃഷിക്കാരാക്കി മാറ്റുവാനും കാർഷിക ഭൂമികളിൽ നിന്നു് കർഷകരെ ഒഴിപ്പിക്കുവാനും, കർഷകരുടെ സ്വയം നിർണ്ണയാധികാരങ്ങൾ നിഷേധിക്കുവാനും കോർപ്പറേറ്റ് കൃഷിയുടെ കൂലിവേലക്കാരാക്കി, അടിമകളാക്കി അവരെ മാറ്റാനുമുള്ള ഗൂഢപദ്ധതികളായാണു് ഈ നിയമപരിഷ്ക്കാരങ്ങളെ വിവേകികളായ ഇന്ത്യൻ കർഷകർ കണ്ടതു്. മിനിമം സപ്പോർട്ട് പ്രൈസ് ഉറപ്പുകളും നിലവിലുള്ള സർക്കാർ സംഭരണ സംവിധാനങ്ങളും തകർക്കുവാനും മാർക്കറ്റിനു പുറത്തു് ഉല്പന്നങ്ങൾ വാങ്ങാനുമുള്ള സ്വാതന്ത്ര്യം കോർപ്പറേറ്റ് കമ്പനികൾക്കു് അനുവദിച്ചുകൊണ്ടു് ആഗോളരും സ്വദേശീയരുമായ കോർപ്പറേറ്റുകളുടെ കൈകളിലേക്കു് കാർഷിക സംവിധാനങ്ങൾ കൈമാറുവാനുള്ള ആസൂത്രിതപദ്ധതിയുടെ ഭാഗമെന്നു് ഈ പരിഷ്ക്കാരത്തെ കൃഷിക്കാർ തിരിച്ചറിഞ്ഞു.
എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് ഭേദഗതി ചെയ്യുക വഴി ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഭക്ഷ്യ എണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയ ആവശ്യവസ്തുക്കളുടെ മേലുള്ള ഗവണ്മെന്റ് നിയന്ത്രണങ്ങൾ ഇല്ലാതാക്കി. കാർഷികോല്പന്നങ്ങൾ പരമാവധി സംഭരിക്കുവാനും ആവശ്യാനുസൃതം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിലയ്ക്കു് വിൽക്കുവാനുമുള്ള അവകാശങ്ങൾ അങ്ങനെ കോർപ്പറേറ്റ് കമ്പനികൾക്കു് കൈമാറ്റം ചെയ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ വിപണിമേലുള്ള സർക്കാർ നിയന്ത്രണം പിൻവലിക്കുന്ന ഈ നയം വൻതോതിൽ ഭക്ഷ്യപ്രതിസന്ധി ഉണ്ടാക്കുമെന്നും ഇന്ത്യയുടെ ഭക്ഷ്യസ്വയം പര്യാപ്തിയെത്തന്നെ ഹനിക്കുമെന്നും എന്നും ഉള്ള രാഷ്ട്രീയമായ ബോദ്ധ്യമാണു് കർഷകരെ സമര രംഗത്തിലേക്കു് നയിച്ചതു്.
ഒരൊറ്റ ജനത, ഒരൊറ്റ ഭാഷ, ഒരൊറ്റ വിപണി, ഒരൊറ്റ ഇലക്ഷൻ എന്നിങ്ങനെയുള്ള നിർബ്ബന്ധിത സമാനീകരണത്തിലൂടെ ബഹുത്വങ്ങളെയും വ്യത്യസ്ഥതകളെയും തകർത്തു്കൊണ്ടു് കേന്ദ്രീകൃതവും ഏകമാനവുമായ രാഷ്ട്രം സൃഷ്ടിക്കുവാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെയുള്ള ആദ്യത്തെ ജനകീയ പ്രക്ഷോഭം കൂടിയായിരുന്നു ഇതു്. ഫെഡറലിസത്തെയും അതുവഴി ബഹുസൂക്ഷ്മദേശീയതകളെയും ഉന്മൂലനം ചെയ്തുകൊണ്ടു് കോർപ്പറേറ്റ് കേന്ദ്രിതമായ ഒരു സർവ്വാധിപത്യ-ഫാസിസ്റ്റ് ഭരണം ഉറപ്പാക്കുവാനുള്ള നിർണ്ണായകമായ ശ്രമമാണു് ഈ നിയമങ്ങൾ എന്ന തിരിച്ചറിവാണു് സമരത്തിന്റെ ശക്തി. സൂക്ഷ്മ ദേശീയതയുടെ ഏറ്റവും ശക്തമായ അടിത്തറയായി നിലകൊള്ളുന്നതു് കാർഷിക മേഖലയാണെങ്കിൽ ആ മേഖലയെ കോർപ്പറേറ്റുവൽക്കരിക്കുവഴി കോർപ്പറേറ്റ്—ഫാസിസ്റ്റ് ശക്തികളെ ചെറുത്തു നിൽക്കുവാൻ കെല്പുള്ള അവസാനത്തെ പ്രതിരോധ നിരയും-നാട്ടുദേശീയതകളെ-തകർക്കുവാനാണു് ആത്യന്തികമായും മോദി ഗവണ്മെന്റ് ഈ നിയമങ്ങൾ വഴി ഉന്നം വയ്ക്കുന്നതു് എന്നു് വ്യക്തമായി. അങ്ങനെ മൂന്നു കർഷക നിയമങ്ങൾക്കെതിരേ കർഷകർ നടത്തുന്ന സമരം, കർഷകരുടെ സാമ്പത്തികാവകാശത്തിനു വേണ്ടിയുള്ള സമരം എന്നതിലുപരി ആഗോള കോർപ്പറേറ്റ് സാമ്രാജ്യത്വത്തിനും, മോദിയുടെ കോർപ്പറേറ്റ് സൗഹൃദ ഫാസിസ്റ്റ് ഭരണത്തിനും എതിരേയുള്ള, ലോകം ഇതേവരെ കാണാത്ത ഒരു രാഷ്ട്രീയ നൈതിക പ്രക്ഷോഭമായി മാറി.