“ഗവണ്മെന്റും കൃഷിക്കാരും തമ്മിൽ വിജ്ഞാൻ ഭവനിൽ നടന്ന എട്ടാം റൗണ്ട് ചർച്ചയിൽ, (ജനുവരി 8, 2021) കർഷകബില്ലുകൾ പിൻവലിക്കുകയില്ലെന്നു് അധികാരികൾ നിർബ്ബന്ധം പിടിച്ചപ്പോൾ കർഷകനേതാക്കൾ പ്രതിഷേധ സൂചകമായി മൗനവ്രതം ദീക്ഷിക്കുകയും “ഒന്നുകിൽ ജയിക്കും അല്ലെങ്കിൽ മരിക്കും” (“ജീയേങ്ങ്ഗേ യാ മരേംഗേ”) എന്ന പ്ലാക്കാർഡ് ഉയർത്തിക്കാട്ടുകയും ചെയ്തു.
ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വിധിനിർണ്ണായകമെന്നു് പറയാവുന്ന ഒരു തിരഞ്ഞെടുപ്പു് നടക്കുകയാണു് ദേശീയ പാതകൾ ദില്ലിയിലേക്കു് പ്രവേശിക്കുന്ന സിംഘു, തിക്രി, ഷാജഹാൻപൂർ, ഗാസിപൂർ റിവാരി, ദെൽഹി-നോയിഡാ അതിർത്തികളിൽ. തിരഞ്ഞെടുപ്പിനും അപ്പുറമുള്ള തിരഞ്ഞെടുപ്പു്, തെരഞ്ഞെടുപ്പിന്റെയും തെരഞ്ഞെടുപ്പു്. ജനാധിപത്യമോ, (കോർപ്പറേറ്റ്-സൗഹൃദ)-സർവ്വാധിപത്യമോ? ഭരണഘടനയോ, ഭരണകൂടമോ? ഏകമാനവും കേന്ദ്രീയവുമായ അതിദേശീയതയോ, സൂക്ഷ്മദേശീയ ബഹുത്വമോ? സർക്കാരോ, ജനതയോ? മരണമോ, ജീവിതമോ? എന്നീ പരമപ്രധാന ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്ന തെരഞ്ഞെടുപ്പു്. ദില്ലി അതിർത്തിയിലെ അഞ്ചിലധികം കവാടങ്ങളിൽ നിലയുറപ്പിച്ചു് കൊണ്ടു്, ഇന്ത്യൻ ഭരണകൂടത്തെ ഉപരോധിക്കുന്ന കർഷകരുടെ പ്രക്ഷോഭം പരമവും നിർണ്ണായകവുമായ ഇത്തരമൊരു തിരഞ്ഞെടുപ്പിനെയാണു് പ്രതിനിധീകരിക്കുന്നതു്. ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും, ഭരണഘടനയെയും വീണ്ടെടുക്കാനുള്ള അന്തിമസമരത്തെ. ദില്ലിയുടെ അതിർത്തികളിൽ നിന്നു് ഇന്ത്യയുടെ സർവ്വ നാഢീഞരമ്പുകളിലേക്കും പടർന്നു പിടിക്കുകയാണു് ജനകീയമായ ഈ തിരഞ്ഞെടുപ്പു്.
തിരഞ്ഞെടുപ്പു് രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പിലേക്കു് ജനങ്ങൾ ഇറങ്ങിത്തിരിക്കുന്ന ഇത്തരം നിർണ്ണായകഘട്ടങ്ങളാണു് രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും, ജനാധിപത്യത്തെയും, സ്ഥാപനം ചെയ്യുന്നതു്. “ജയിക്കുക അല്ലെങ്കിൽ മരിക്കുക”, “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന ജീവന്മരണ തെരഞ്ഞെടുപ്പിലേക്കു് ജനങ്ങൾ എത്തിച്ചേരുന്ന സന്ദർഭങ്ങൾ. ജനതയും ഭരണകൂടവും, നേർക്കു് നേർ നിൽക്കുന്ന അപൂർവ്വ നിമിഷങ്ങൾ. സ്വാതന്ത്ര്യത്തിനു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്ന, പൊതുചത്വരങ്ങളിൽ സമ്മേളിക്കുന്ന, സ്വന്തം ഇച്ഛ പൊതുമണ്ഢലത്തിൽ ആവിഷ്ക്കരിക്കുന്ന ജനാധിപത്യത്തിന്റെ പ്രാചീനവും അഭിനവവുമായ സ്ഥാപക നേരങ്ങൾ (foundational moments). സ്വാതന്ത്ര്യമോ മരണമോ എന്ന ചോദ്യം, തീരുമാനം, പരമപ്രധാനമാവുന്ന നിമിഷങ്ങൾ. ചമ്പാരനിലെ കർഷക സമരത്തിൽ, “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന മന്ത്രവുമായി ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനത ഒന്നടങ്കം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ സമരം പ്രഖ്യാപിച്ച ക്വിറ്റിന്ത്യാ സമരവേളകളിൽ (1942), ലോകമെങ്ങും ചരിത്രം നിർണ്ണയിച്ച വിപ്ലവങ്ങളുടെ, സ്വാതന്ത്ര്യ സമരങ്ങളുടെ, സന്ദർഭത്തിൽ, ഇത്തരമൊരു ചോദ്യം ഉയർന്നു വരുന്നതിനു് ലോകം സാക്ഷിയാണു്. സ്വാതന്ത്ര്യ സമരങ്ങളുടെ, ജനകീയ വിപ്ലവങ്ങളുടെ, ‘തിരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പുകളുടെ’, ‘ശാശ്വതമായ തിരിച്ചുവരവിന്റെ’ (eternal recurrence-നീത്ചേ) ‘സംഭവ’നേരമാണിതു്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ, ‘ഒക്ക്യുപ്പൈ’ (വാൾസ്റ്റ്രീറ്റ്) സമരങ്ങളെ, മുല്ലപ്പൂ വിപ്ലവങ്ങളെ, സ്വാതന്ത്ര്യത്തിനും വിപ്ലവത്തിനും വേണ്ടി ലോകമെങ്ങും ആവിർഭവിച്ച മഹാ സമരങ്ങളെ, ചെറുത്തു നില്പുകളെ, അനുസ്മരിപ്പിക്കുന്നു കർഷക പ്രക്ഷോഭം എന്നു പറഞ്ഞു. എന്നാൽ ഇതു്പഴയതിന്റെ ആവർത്തനമല്ല. ദെല്യൂസ് പറയുന്ന പോലെ വ്യത്യസ്തതയുടെ തിരിച്ചുവരവാണു്. സ്വാതന്ത്ര്യ സമരത്തിന്റെ സമാവർത്തനമല്ല, വ്യതിരാവർത്തനം. അതുകൊണ്ടു് ഈ പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നു് വിളിക്കുന്നതു്ശരിയാവില്ല. നവസ്വാതന്ത്ര്യ സമരമാണിതു്.
ചരിത്രത്തിൽ സമാനതകളില്ലാത്ത, ഒരു സമരസംഭവമാണു് നമുക്കു് മുന്നിൽ നിറഞ്ഞാടുന്നതു്. ഉപമകളോ, ഉൽപ്രേക്ഷകളോ, പൂർവ്വസൂചികകളോ ഇല്ലാത്ത, ഇന്നേവരെയുള്ള സമരസങ്കല്പങ്ങളെ തകിടം മറിക്കുന്ന, അഭൂതപൂർവ്വമായ സംഭവം. അടിമുതൽ മുടി വരെ നവീനമാണു് ഈ സമരത്തിന്റെ ശൈലി, സംഘാടനം, ഏകോപനം, വേഗം. നവീനമായ ഈ വേഗത്തോടൊപ്പമെത്താൻ നമ്മുടെ വാക്കുകൾക്കു്, ഭാഷയ്ക്കു്, സങ്കല്പനങ്ങൾക്കു് പറക്കേണ്ടി വരും.
അതുകൊണ്ടു് തന്നെ പത്ര-മാദ്ധ്യമ യുക്തികൊണ്ടോ, നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ താത്വിക സങ്കല്പനം കൊണ്ടോ, ഇതിനെ അളക്കുവാനോ വിലയിരുത്തുവാനോ സാധ്യമല്ല. പുതിയ പരികല്പനകളെ, പുതിയ ആശയ സങ്കല്പനങ്ങളെ, ആവശ്യപ്പെടുന്നു ഈ പുതിയ വിപ്ലവം. വിപ്ലവത്തെയും പ്രതിരോധത്തെയും സംബന്ധിച്ച എല്ലാ പതിവു തത്വങ്ങളെയും ഇതു് അട്ടിമറിക്കുന്നു. സമകാലീന ഭാഷയുടെ, രാഷ്ട്രീയത്തിന്റെ, ചിന്തയുടെ, വ്യാകരണങ്ങൾക്കുള്ളിൽ നിന്നു് കൊണ്ടു് ഈ പുതുമയെ മനസ്സിലാക്കുവാൻ സാധ്യമല്ല. ഒരു സർവ്വാധിപത്യസർക്കാരിന്റെ സർവ്വ കണക്കുകൂട്ടലുകളെയും തന്ത്രങ്ങളെയും അധികാര ശക്തികളെയും തകർത്തു്കൊണ്ടു് ഭരണാധികരികളിൽ വിഭ്രാന്തി വിതയ്ക്കുന്നതും ഈ പ്രക്ഷോഭത്തിന്റെ അപ്രവചനീയമായ നവീനതയാണു്.
പ്രാചീനത്തിൽ പ്രാചീനമെങ്കിലും നവത്തിലും നവം. ഈ നവീനതയാണു് ഈ സമരത്തെ സംഭവമാക്കുന്നതു്. ‘സംഭവത്തിന്റെയും സംഭവ’മാകുന്നത് കൊണ്ടാണു് ഇതു്നവമാകുന്നതു്. ഈ നവീനതയെയാണു്, ‘സംഭവത്വത്തെയാണു്’ നമുക്കിവിടെ പരിശോധിക്കുവാനുള്ളതു്.
കാർഷിക പ്രക്ഷോഭം പ്രതിനിധാനം ചെയ്യുന്നു എന്ന പറയുന്ന ഈ “തെരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പു്” ഒരു “പോസ്റ്റ് റിപ്പബ്ലിക്കൻ”, “പോസ്റ്റ് പാർലമെന്ററി” തിരഞ്ഞെടുപ്പാണു്. തിരഞ്ഞെടുപ്പിനു ശേഷം വരുന്ന തെരഞ്ഞെടുപ്പു്. A post-electoral election. സ്വാതന്ത്ര്യാനന്തര കാലത്തെ സ്വാതന്ത്ര്യ സമരം. പാർലമെന്ററി സങ്കല്പത്തിൽ ഭൂരിപക്ഷ സമ്മതി പ്രകരം തിരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യ ഗവണ്മന്റിന്റെ ജനവിരുദ്ധ നയത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭമാണിതു്. എന്നാൽ പ്രതീകാത്മകമായി, പ്രതീത്യാത്മകമായി (virtual) പറഞ്ഞാൽ തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ ജനങ്ങൾ നിരാകരിക്കുന്ന, ഭരണകൂടത്തെ പിൻവലിക്കുന്ന, അസാധുവാക്കുന്ന, ജനാധിപത്യത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവം. ഭരിക്കുന്ന ഗവണ്മെന്റിന്റെ പരമാധികാരത്തെ ജനങ്ങൾ തന്നെ ചോദ്യം ചെയ്യുന്ന ഒരു റിഫറണ്ടം, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ജനങ്ങൾ തിരിച്ചു വിളിക്കുന്ന ഒരു പ്ലെബിസൈറ്റ് (plebiscite). നവീനമായ ഒരു ഇന്ത്യയെ, ഒരു നവ റിപ്പബ്ലിക്കിനെ, കർഷകർ, ജനങ്ങൾ, സ്വയം വിരചിക്കുന്ന, പ്രഖ്യാപിക്കുന്ന, നിമിഷം. ഇതു്വെറും കർഷക നിയമങ്ങൾക്കെതിരേയുള്ള സമരമല്ലെന്നും കോർപ്പറേറ്റുകൾക്കെതിരെ, മോദിഭരണകൂടത്തിന്റെ സർവ്വാധിപത്യത്തിനെതിരെയുള്ള സമരമാണെന്നും മോദിയെ തിരിച്ചു് വിളിക്കാനുള്ള ജനങ്ങളുടെ പ്ലെബിസൈറ്റ് ആണെന്നും മറ്റാരെക്കാളും അറിയുന്നതു് കൊണ്ടാണു് സമരക്കാർക്കു് വഴങ്ങിക്കൊടുക്കുവാൻ മോദി മടികാട്ടുന്നതു്. ഈ പ്രക്ഷോഭത്തിന്റെ നവീനതയാണു് ഗവണ്മെന്റിനെ അസ്വസ്ഥവും പരിഭ്രാന്തവുമാക്കുന്നതു്.
ആധുനികാനന്തരകാലഘട്ടവും അതിന്റെ സാംസ്ക്കാരിക വിപണികളും നിരന്തരം പടച്ചു വിടുന്ന കൗതുകരവും ഫാഷണബിളും ആയ നവമല്ല ഇതു്. ചരിത്രപരവും രേഖീയവും ‘സാധ്യ’വുമായ നവമല്ല ഇതു്. ‘ആവതിന്റെ’ അതിർവരമ്പുകൾ തകർക്കുന്ന, ‘ആവാത്തതിന്റെ’ മേഖലകളെ പുൽകുന്ന, അസാധ്യത്തിന്റെ (impossible) അഭിനവരാഷ്ടീയമാണിതു്. ബയോ-ഭീകരതയെയും, ഭരണകൂട-ഭീകരതയെയും, ഉത്തരേന്ത്യൻ കൊടുംശൈത്യത്തെയും ഒരേ സമയം അവഗണിച്ചു് കൊണ്ടു്, അതിവർത്തിച്ചു് കൊണ്ടു്, കർഷകർ നടത്തുന്ന ‘അസാധ്യ’സമരം. രാഷ്ട്രീയം അസാധ്യവും നിരോധിതവുമായ ഈ സന്ദർഭത്തിൽ, ‘സാധ്യ’ രാഷ്ട്രീയം ഭരണകൂടത്തിനു കീഴടങ്ങലിലും സ്തുതിപാടലിലും അമർന്നു് കഴിഞ്ഞ ഈ സന്ദർഭത്തിൽ, ‘അസാധ്യ’ത്തിന്റെ രാഷ്ട്രീയത്തെ പ്രതിജ്ഞാപനം ചെയ്യുകയാണു് കർഷകരുടെ മഹാസമരം.
“ട്രാക്ടർ ഡ്രൈവ് ചെയ്യുമ്പോൾ ഞാൻ പറക്കുകയാണെന്നെനിക്കു് തോന്നുന്നു.” സ്വന്തം ഗ്രാമത്തിൽ നിന്നു് 400 കിലോമീറ്ററിലധികം ട്രാക്റ്റർ ഓടിച്ചു് സിംഘുവിലെത്തിയ, സമരസംഘാടകരിലൊരാളായ നാല്പത്തി രണ്ടുകാരിയായ സർബ്ജീതു്കൗർ പറയുന്നു (People’s Archive of Rural India, January 25).
2021 ജനുവരി 26. 8 a.m. അപൂർവ്വത്തിലും അപൂർവ്വമായ ഒരു റിപ്പബ്ലിക്ക് ദിനാഘോഷത്തിനു് ഇന്നു് നാം സാക്ഷ്യം വഹിക്കുവാൻ പോവുകയാണു്. ഭരണകൂടത്തിന്റെ റിപ്പബ്ലിക്ക് പരേഡും കർഷകരുടെ ജനങ്ങളുടെ റിപ്പബ്ലിക്ക് പരേഡും ഒരേ സമയം നമ്മുടെ തലസ്ഥാനനഗരിയെ, രാഷ്ട്രത്തെ, രണ്ടായി വകഞ്ഞു മാറ്റിക്കൊണ്ടു് അരങ്ങേറുകയാണു്. ഭരണകൂടത്തിന്റെ റിപ്പബ്ലിക്കും ജനകീയ കർഷക റിപ്പബ്ലിക്കുമായി ഇന്ത്യൻ രാഷ്ട്രം രണ്ടു് ചേരിയായി പിളർന്നു് പൊതുമണ്ഢലത്തിൽ ദൃശ്യവൽക്കരിക്കപ്പെടുന്ന അഭൂതപൂർവ്വമായ സന്ദർഭം.
ഒരു വശത്തു് കാലാൾപ്പടയും, അശ്വസൈന്യങ്ങളും, പാറ്റൺ ടാങ്കുകളും, പോർവിമാനങ്ങളും, മിസ്സൈലുകളും, അത്യാധുനികമായ നിധനായുധങ്ങളുമായി ഇന്ത്യൻ സൈന്യത്തിന്റെ, രാഷ്ട്രത്തിന്റെ, ശക്തിയും പ്രതാപവും പ്രദർശിപ്പിച്ചു് കൊണ്ടു്, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അധികാരിവർഗ്ഗത്തിന്റെയും സാന്നിധ്യത്തിൽ രാജപഥത്തിൽ അരങ്ങേറുന്ന ഭരണകൂടത്തിന്റെ റിപ്പബ്ലിക്ക് ആഘോഷം. അതിൽ നിന്നു് വിഭിന്നമായി, ദില്ലിയുടെ അഞ്ചതിർത്തികളിൽ നിന്നു് ഔട്ടർ റിങ്ങ് റോഡുകളിലൂടെ, കർഷകരുടെ വാഹനവും വസതിയും വിമാനവും ആത്മാഭിമാനത്തിന്റെ പ്രതീകവുമായ ട്രാക്ടറുകളെയും അണിനിരത്തിക്കൊണ്ടു് കർഷകർ നടത്തുന്ന ജനകീയമായ റിപ്പബ്ലിക്ക് റാലി.
ഭരണകൂടത്തിന്റെ പാറ്റൺ ടാങ്കിനും പോർവിമാനങ്ങൾക്കും അശ്വസൈന്യത്തിനും പകരം കർഷകരുടെ ട്രാക്റ്ററും ട്രോളിയും അശ്വാരൂഢരായ നിഹാംഗുകളും. രണ്ടു് റിപ്പബ്ലിക്കുകളുടെയും വ്യത്യസ്തതകളെ വിളിച്ചോതുന്ന രണ്ടു് തരം രൂപകങ്ങൾ, പ്രതീകങ്ങൾ. ഒന്നു് യുദ്ധത്തെ, ഹിംസയെ, അധികാരത്തെ, സൂചിപ്പിക്കുമ്പോൾ മറ്റേതു്അഹിംസയുടെ, സ്നേഹത്തിന്റെ, സൃഷ്ടിയുടെ, മനുഷ്യനും പ്രകൃതിയും യന്ത്രവും തമ്മിലുള്ള സർഗ്ഗാത്മകമായ വേഴ്ചയുടെ പ്രതീകം. കൃഷിക്കാരന്റെ, ഇന്ത്യൻ ജനതയുടെ, അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും ജനകീയ പ്രതിരോധത്തിന്റെയും രൂപകം. കൊറോണയെയും ശൈത്യത്തെയും, ഭരണകൂട ഭീകരതയെയും, ചരിത്ര നിയമങ്ങളെയും അതിജീവിച്ചു് കൊണ്ടു് ഇന്ത്യയിലെ കർഷക ജനതയെ, സ്ത്രീകളെയും വൃദ്ധരെയും യുവാക്കളെയും കുട്ടികളെയും ബഹുജനങ്ങളെയും നവവേഗങ്ങളിലേക്കു് പറക്കാൻ പഠിപ്പിക്കുന്ന വിമോചനയന്ത്രങ്ങൾ.