(രാക്ഷസപ്പാറയുടെ മുകൾനില സമ്പൂർണ്ണമായ ആകാശമാണു്. പാറ അവസാനിക്കുന്നിടത്തുവെച്ചു് നക്ഷത്രങ്ങളെ പിടിക്കാമെന്നു് തോന്നുമെങ്കിലും ശരിക്കും അതിനു് ഏറെ ഉയരമൊന്നുമില്ല. വില്വാമല അവസാനിക്കുന്നതിന്റെ അദ്യതട്ടിലാണു് അതിന്റെ കിടപ്പു്. കരിമഷികൊണ്ടു വരച്ചിട്ട വളഞ്ഞവരപോലെ താഴെ, പാത കാണാം. അതിലൂടെ രണ്ടു കുട്ടികൾ സൈക്കിൾ ചവിട്ടി വരികയാണു്. വളർച്ചമുറ്റാത്ത ക്ഷീണചന്ദ്രനെ കിഴക്കേച്ചെരിവിൽ വലിച്ചെറിഞ്ഞു് വലിയനക്ഷത്രങ്ങൾ നടുമുറ്റത്തു് കളിക്കാനിറങ്ങിയിരിക്കുന്നു.
സൈക്കിൾ താഴെ, പാലമരത്തിൽ ചാരിവെച്ചു് രണ്ടു കുട്ടികളും പാറ കയറി.
“കിഴക്കിൽനിന്നു് ഉരുണ്ടുതുടങ്ങിയൊരു പ്രകാശചക്രം പകലുമായി പടിഞ്ഞാട്ടു്. അതു് മായന്നൂർക്കുന്നുകൾക്കു പിന്നിലേക്കു് ചെരിഞ്ഞിറങ്ങുമ്പോൾ, വില്വാമലയ്ക്കപ്പുറത്തുനിന്നു് അടുത്ത ചക്രത്തിന്റെ രാത്രിസഞ്ചാരം തുടങ്ങുകയായി. ചാന്ദ്രസൂര്യന്മാരുടെ ചക്രങ്ങളെ മാറിമാറി പൂട്ടിയ വണ്ടിയോടിച്ചുകൊണ്ടാണു് പ്രകാശം ദിവസങ്ങളെ മുൻനടത്തുന്നതു്.”
രമേഷ് എന്ന കുട്ടി വേദാന്തിയായി.
അനിൽ എന്നു പേരുള്ള മറ്റേക്കുട്ടിയുടെ കണ്ണുകൾ നിശാചരനായ ചാന്ദ്രതേജോഗോളത്തേപ്പോലെ തിളങ്ങി. അവന്റെ നോട്ടം സൈക്കിളിലേക്കായി.
“സൂര്യചന്ദ്രന്മാരെ പൂട്ടിയ പ്രകാശവാഹനംപോലെയാണു് സൈക്കിൾ! കളിക്കാനിറങ്ങിയ ഏട്ടാനിയന്മാരേപ്പോലെ അവ ഒന്നിനുപിറകെ മറ്റൊന്നായി യാത്രചെയ്യുന്നു.”
അനിൽ പറഞ്ഞു.)
തൊള്ളായിരത്തിയെഴുപതുകളുടെ അവസാനത്തിലാണു് പള്ളിക്കൂടത്തിൽ പോകാനാരംഭിക്കുന്നതു്. അടിയന്തിരാവസ്ഥ നടമാടുകയും, ആടിയടങ്ങുകയുമൊക്കെചെയ്ത സംഭവബഹുലമായ കാലഘട്ടം. വി കെ എന്നിന്റെ കഥാപാത്രം സർ ചാത്തുവിന്റെ ഒറിജിനലായ കൂട്ടാല നാരായണൻനായർ എന്ന ആദിയിലെ വി കെ എൻ ഉൾപ്പെടെ പലർ ഉത്സാഹിച്ചുണ്ടാക്കിയ പള്ളിക്കൂടം. നിരവധി തലമുറകൾ പഠിച്ചിറങ്ങിയ സ്ഥാപനമാണു്. ദീർഘദൂരം താണ്ടിവേണം വീട്ടിൽനിന്നു് അവിടെയെത്താൻ. പല ചെറുപാതകളിലേക്കു മാറിക്കയറിവേണം യാത്ര. സൂര്യചക്രത്തേയും ഉരുട്ടി വെളിച്ചം കിഴക്കുനിന്നു് നീങ്ങിവരുമ്പോൾ മുഖത്തു് അതേറ്റുവാങ്ങി കുട്ടികളത്രയും നീളെ നടക്കും. വിപുലമായ ബാദ്ധ്യതകളുടെ വെച്ചുകെട്ടില്ലാത്ത സ്വന്തം മുതുകിൽ മെലിഞ്ഞ പുസ്തകസഞ്ചിയുമായി, സോത്സാഹം. (മനുഷ്യർക്കു് കാലുകൾ അക്കാലം, നടക്കാനുള്ളതായിരുന്നു). തിരുവില്വാമലയിലെ ചെറുപാതകളിൽ ചലന, ശബ്ദങ്ങൾ മിക്കവാറും കുറവായിരുന്ന കാലം. (മോട്ടോർ വാഹനങ്ങളോടിയിരുന്ന പ്രധാന പാതപോലും ഉച്ചനേരങ്ങളിൽ പുല്ലു വിരിയുന്ന ഒച്ചകളെ പുറത്തുവിട്ടിരുന്നുവെന്നാണു് പറയപ്പെടുന്നതു്). മൺവഴികളോ, ഒറ്റയടിപ്പാതകളോ ആയിരുന്ന അവകളിൽ തലമുറകളുടെ കാലടികൾ നീളെ അടിവെച്ചു നടന്നിട്ടുണ്ടാകും. മനുഷ്യന്റെ മാത്രമല്ല, തിര്യക്കുകളുടേയും. കാലത്തിന്റെ വ്യതിയാന താളത്തിൽ പതിഞ്ഞും, വിരിഞ്ഞും മാറ്റിവരച്ചു് മുന്നേറുന്ന പുൽപ്പടർപ്പുകളിൽ പാദമുദ്രകളൊന്നും മിക്കവാറും ബാക്കിനിൽക്കാറില്ല. മണ്ണരിപ്പിലെന്നോണം അതത്രയും വിസ്മൃതിയിൽ അലിഞ്ഞുചേരുകയാണു് പതിവു്.
പള്ളിക്കൂടത്തിൽ പോകുന്നതു് പഠിക്കാനാണെങ്കിലും, നടത്തയ്ക്കിടയിൽ പാഠഭാഗങ്ങളൊന്നും ഓർമ്മയിൽ കടന്നുവരാറില്ല. എന്റെ നോട്ടമത്രയും പാതയിലോടിപ്പോകുന്ന ചക്രങ്ങളിലേക്കായിരിക്കും. പലയിനം ചക്രങ്ങൾ. നടുവിലൊരു വൃത്തം ചമയ്ക്കാൻവേണ്ടി നീളൻരേഖ ചുറ്റിനും പാഞ്ഞുണ്ടാകുന്ന പ്രതിഭാസം. ബസ്സുകളിൽ ചക്രങ്ങൾ രണ്ടിനമാണല്ലോ. നിരത്തിലോടാൻ കീഴ്ഭാഗത്തും, ഗതി നിശ്ചയിക്കാൻ സാരഥിയുടെ കൈകളിലും. ഒന്നു് ലംബമാണെങ്കിൽ, മറ്റൊന്നു് തിരശ്ചീനം. അക്കാലം, മോട്ടോർവാഹനങ്ങൾ കുഗ്രാമത്തെ സംബന്ധിച്ചിടത്തോളം അപൂർവ്വമായിരുന്നു. ചിരപരിചിതമായ വാഹനം കാളവണ്ടിയാണു്. വണ്ടിക്കാരൻ തങ്കപ്പൻനായിഡുവിന്റെ കാളവണ്ടി രാവിലെ മണലുമായി പുഴമ്പള്ളയിൽനിന്നു് തെക്കുനോക്കിപ്പോകുന്നതു് പലപ്പോഴും തൊട്ടുമുന്നിലായിരിക്കും. പുഴയിൽ സൂര്യൻ മുളയ്ക്കുന്നതിനുമുമ്പു്, മണലെടുക്കാൻപോകുന്ന വണ്ടിയാണു്. ഇളകിയാടിപ്പോകുന്ന നായിഡുവിന്റെ വണ്ടിയെ കുട്ടികൾ പിൻതുടർന്നു പിടിക്കും. മിക്കവരും അതിനെ വെട്ടിച്ചു് മുന്നിൽക്കടക്കും. മരത്തിന്റെ വലിയചക്രങ്ങൾ വണ്ടിയെക്കവിഞ്ഞും ഉയർന്നുനിൽക്കുന്നതു കാണാം. ഇരുവശത്തുമായി മരക്കുറ്റികൾ. ചരക്കൊഴിഞ്ഞനേരമാണെങ്കിൽ നായിഡു അതിൽ പുസ്തകസഞ്ചി തൂക്കിയിടാൻ സമ്മതിക്കും. പുഴയും, വെയിലും വല്ലാതൊന്നും പരീക്ഷിക്കാത്ത സൗമ്യാവസരങ്ങളിൽ ഏതാനും കുട്ടികളെ പിന്നിൽ കയറ്റിയിരുത്താനുള്ള മഹാമനസ്കതപോലും കാണിക്കും. മുറത്തിൽ ചെലിക്കാനിട്ട അരിയെന്നോണം ഇരുഭാഗത്തേക്കുമായി കുട്ടികൾ ഇളകുന്നതു കാണാം. ചില കുട്ടികൾ കഴിച്ച ആഹാരം തികട്ടും. എങ്കിലും, അവർക്കു് ഉത്സാഹത്തിനൊരു കുറവുമുണ്ടാകില്ല. ചക്രത്തിനു ചുറ്റുമടിച്ച ഇരുമ്പിന്റെ പട്ട പാതയിലെ ചൂടിലും, ഘർഷണത്തിലുംപെട്ടു് പഴുത്തിട്ടുണ്ടാകും. എങ്കിലും, നേർരേഖയിലെത്തുമ്പോൾ അതിന്റെ ഉപരിതലം സൂര്യനേനോക്കി മിന്നലോടെ കണ്ണടിക്കും. ഇരുവാഹനങ്ങൾ എതിരെ വരുമ്പോൾ സാരഥികൾ പരസ്പരം പ്രദർശിപ്പിക്കാറുള്ളതുപോലെ ഇരുചക്രങ്ങളുടെ ചങ്ങാത്തം.
“എനിക്കു് വണ്ടിച്ചക്രത്തിലൊന്നു് തൊടണം.” ഞാൻ മോഹം പറയും.
“അനങ്ങാതിരിക്കുമ്പോഴേ നമുക്കതിൽ തൊടാനാകൂ. അനങ്ങാതിരിക്കുമ്പോൾ പക്ഷേ, അതു് ചക്രവുമല്ലല്ലോ, വെറും വണ്ടിമാത്രം.”
മനസ്സു് നിരാശപ്പെടുത്തും. തങ്കപ്പൻ നായിഡുവിനേക്കാൾ മോശക്കാരനാണു് അക്കാര്യത്തിൽ മനസ്സു്. സ്വാനുകൂലിയാവാനുള്ള വെളിച്ചമെടുത്തു കൊടുക്കാൻ ആകാശഭൂമികളിലെവിടെയും അതിനു് തിരിയുന്ന പ്രകാശചക്രങ്ങളില്ല.
തിരുവില്വാമലയിലെ പള്ളിക്കൂടമെന്നതു് വലിയൊരു വൻകരയാണു്. രണ്ടു പാതകൾക്കിടയിൽ നീണ്ടുപരന്നുകിടക്കുന്ന നിമ്നോന്നതി. പരിചിത മരങ്ങളുടെ നിഴലിനു കീഴിലും, അതിനിടയിലെ ചിതറിയ തുറസ്സുകളിലും കുട്ടികൾ ശബ്ദായമാനമായി വിഹരിക്കും. വൈകുന്നേരത്തെ കൂട്ടമണി മുഴങ്ങിയാൽ അവരത്രയും ആരവത്തോടെ പുറത്തിറങ്ങുകയായി. (‘സ്കൂൾ വിട്ടതുപോലെ’ എന്നൊരു പ്രയോഗംതന്നെയുണ്ടായിരുന്നു, അക്കാലം). അന്നേരം, സൂര്യചക്രം മായന്നൂർക്കുന്നുകളിലെത്താൻവേണ്ടി പടിഞ്ഞാറുനോക്കി തളർന്നോടുകയാവും.
അഞ്ചാംതരത്തിൽ പഠിക്കുമ്പോഴാണു് കൊയമ്പത്തൂരിലായിരുന്ന അച്ഛൻ മടങ്ങിയെത്തിയതു്. പെട്ടികിടക്കകൾ തലയിലേറ്റിയ കൂലിക്കാരനേയും പിൻതുടർന്നു് വയൽവരമ്പിലൂടെ എതിരെവരുന്ന അച്ഛനെ ഓർക്കാപ്പുറത്തു കണ്ടതുകൊണ്ടാവാം അതൊരപരിചിതനാണെന്നു തോന്നി. വൈദ്യവൃത്തിയവസാനിപ്പിച്ചു് മടങ്ങിയെത്തിയ അദ്ദേഹം നാട്ടിൽത്തന്നെ ഒരിടത്തു് ചെറിയൊരു ക്ലിനിക്ക് തുടങ്ങി. തമിഴ് തെരുവായിരുന്നു, അതു്. (തിരുവില്വാമലക്കു് മൂന്നു തെന്നിന്ത്യൻഭാഷകൾക്കും തെരുവുകളുണ്ടു്). മുപ്പതുവർഷത്തെ തമിഴ്ബാന്ധവം സ്വന്തമാക്കിയിരുന്നെങ്കിലും അദ്ദേഹം എക്കാലത്തും കേരളീയസംസ്കാരത്തിന്റെ വക്കീലായിരുന്നു. അതു് സ്വന്തം മകനിലൂടെ തുടർന്നും നിലനിൽക്കണമെന്ന അദ്ദേഹത്തിന്റെ ദുർവ്വാശിയാണു് എന്റെ മെച്ചപ്പെട്ട നഗര ജീവിതത്തെ എന്നന്നേക്കുമായി നഷ്ടപ്പെടുത്തിയതു്. പക്ഷേ, പണിയവസാനിപ്പിച്ചു് തമിഴ്‌നാട്ടിൽനിന്നു് മടങ്ങാനായെങ്കിലും തമിഴ് അദ്ദേഹത്തെ തുടർന്നും നായാടിയെന്നേ പറയേണ്ടൂ.
എരവത്തൊടി വലിയൊരു നെയ്ത്തുതെരുവാണു്. മൺപാതയോരത്തു് ഇരുവശങ്ങളിലുമായി നിരനിരയായി വീടുകൾ. ചുമരുകൾക്കിടയിൽ ഒരിറ്റു വായുവിനുപോലും പ്രവേശിക്കാനുള്ള വിടവില്ല. വൃക്ഷസമൃദ്ധമായ തൊടികൾക്കു നടുവിലായി തലയുയർത്തിനിൽക്കുന്ന മലയാളി വീടുകളുമായി അതിനു് സാമ്യമേതുമില്ല. മുന്നിലെ പാത മിക്കവാറും പാവിനായി നീളെ വിരിക്കപ്പെട്ടിട്ടുണ്ടാകും. അതിനുമേൽ പ്രയോഗിക്കപ്പെട്ട കഞ്ഞി താഴോട്ടേന്തി വീണു് മണ്ണാകെ വഴുക്കലോടെ കിടക്കുന്നതു കാണാം. വീട്ടുതിണ്ണകളിൽ കിഴവികൾ ചർക്കയിൽ നൂലു ചുറ്റുന്നുണ്ടാകും. കോവിൽപ്പടവുകളിൽ തമിഴ് കാരണവൻമാരുടെ കലപില. ചായക്കടകളിൽ സിലോൺ റേഡിയോ സ്റ്റേഷൻ ശബ്ദത്തെ ഇടവിട്ടു് ഉയർത്തിയും താഴ്ത്തിയും തമിഴ്പാട്ടുകൾ ആലപിക്കും. മൺപാതയിൽ കുട്ടികളുടെ പൊരിഞ്ഞ വിളയാട്ടുകൾ. എന്തുകൊണ്ടും മനുഷ്യർക്കു് തിരക്കു കുറഞ്ഞൊരു കാലം. അവിടെവെച്ചാണു് ഞാൻ ആദ്യമായി ഒറ്റയ്ക്കു സൈക്കിളിൽ കയറുന്നതു്.
രോഗിയെന്നനിലയിൽ അച്ഛന്റെ ഇടപാടുകാരനായിരുന്ന പഴനിയപ്പൻ ചെട്ടിയാർ തെരുവിലൊരു പുതിയ സൈക്കിൾക്കട തുടങ്ങിയതാണു് ശരിക്കും വഴിത്തിരിവായതു്. (കുട്ടികൾക്കുംമറ്റും വഴിത്തിരിവിനു് അർഹതയുണ്ടോ എന്നറിയല്ല). നിലവിൽ രണ്ടു സൈക്കിൾക്കടകളുള്ളതു് തെരുവിന്റെ തെക്കേയറ്റത്താണു്. അഥവാ, തെരുവിനു പുറത്തു്. അവിടെയൊക്കെ പഴഞ്ചൻ സൈക്കിൾ മാത്രമേയുള്ളൂ. പഴനിയപ്പൻ കൊയമ്പത്തൂരുനിന്നു് കൊണ്ടുവന്ന പുത്തൻ സൈക്കിളുകളാണു്. വീടിനോടുചേർന്ന മുറി നിരപലകയിട്ടു് കടയാക്കിയതോടെ പുതിയ ചരിത്രത്തിനു് ആരംഭമായി. ശരിക്കുംപറഞ്ഞാൽ പണ്ടു്, ലുധിയാനയിൽ, കവികൂടിയായ ഓംപ്രകാശ് മുഞ്ചാൽ എന്ന വ്യവസായി ഹീറോ സൈക്കിൾ ഫാക്ടറി സ്ഥാപിച്ചതിനോളം പ്രാധാന്യമുണ്ടായിരുന്നു, അതിനു്.
തിളങ്ങുന്ന വൈലറ്റ് നിറമുള്ള ഹീറോ സൈക്കിൾ കമ്പനിയുടെ ആ അരവണ്ടി ഞാൻ ഇന്നുമോർക്കുന്നു. മുഷിഞ്ഞ കെട്ടിടത്തിന്റെ ചുമലിൽചാരി അതങ്ങനെയിരിക്കുകയാണു്. എനിക്കൊന്നു കോരിത്തരിച്ചു. അതിനു ചിലമാസങ്ങൾക്കു മുമ്പു്, തെരുവിലെ കുട്ടികൾ എന്നെ സൈക്കിൾ പഠിപ്പിക്കാൻ ശ്രമിച്ചൊരു കഥയുണ്ടു്. പിടിച്ചിരുത്തിയാൽ എനിക്കു് വാരി വെട്ടില്ല. ചവിട്ടാനും ബുദ്ധിമുട്ടില്ല. പക്ഷേ, ഹാൻഡിൽബാർ തിരിക്കാനാവുന്നില്ല. പല രീതികളിലൂടെ കുറേ ശ്രമിച്ചെങ്കിലും, എന്നെ ശരിയാക്കാൻ കൂട്ടാളികൾക്കു് സാധിച്ചതേയില്ല. കൂട്ടത്തിൽ നേതാവെന്നു തോന്നിച്ചവൻ അച്ഛനോടു് തോൽവി സമ്മതിച്ചു. സ്വന്തം മകൻ അയോഗ്യനാക്കപ്പെടുമ്പോൾ ഏതൊരു പിതാവും അനുഭവിക്കുന്ന മനോവിഷമത്തോടെ അച്ഛൻ അവനു മുന്നിലങ്ങനെ നിന്നു. അതായിരുന്നു ആ പരാജയകഥ. അതിനുശേഷം, ഞാൻ സൈക്കിളെന്ന വാഹനത്തിനടുത്തേക്കു പോലും പോകാൻ കൂട്ടാക്കിയില്ല. സോത്സാഹം കുട്ടികൾ അതിനുപുറത്തു് ആറാടുമ്പോൾ അവരുടെ സഹതാപത്തിൽനിന്നു് രക്ഷപ്പെടാനായി ഞാൻ കാഴ്ചക്കാരനായിക്കൂടും. എന്റെ ആ അന്തിച്ചുനില്പും പാവം, അച്ഛനു കാണേണ്ടിവന്നു.
“ചവിട്ടണോ?”
സൈക്കിളിനേത്തന്നെ നോക്കിനിൽക്കുന്ന എന്നോടു് പഴനിയപ്പൻ കരുണാമയനായി. സ്വയമറിയാതെ ഞാൻ വേണമെന്നു് തലയിളക്കുകയുംചെയ്തു. സൈക്കിൾ മുന്നോട്ടുരുട്ടിയതും അതേ മനോനിലയോടെത്തന്നെ. അച്ഛൻ യാതൊന്നും പറയാതെ കൂടെനടന്നു. ഭാഗ്യത്തിനു് കടയുടെ മുന്നിൽ കയറ്റമായിരുന്നു. പഴനിയപ്പനു് സംശയത്തിനിടകൊടുക്കാതെ വണ്ടിയുന്തി ഞാൻ മുകൾപ്പരപ്പിലെത്തിച്ചു. പാതയുടെ വലതോരംചേർന്നുനിൽക്കുന്ന ഇലക്ട്രിക പോസ്റ്റിനെ നന്ദിപൂർവ്വം ഓർക്കുന്നു. അതാണു് നിരവധിസാദ്ധ്യതകളിലേക്കു് എന്നെ കൈപിടിച്ചാനയിച്ചതു്. അച്ഛൻ നോക്കിനിൽക്കെ കമ്പിക്കാലിൽ സൈക്കിൾ ചേർത്തുവെച്ചു് നിശ്ചിന്തനായി ഞാൻ കയറിയിരുന്നു. തെക്കോട്ടിറങ്ങിപ്പോകുന്ന പാത മുന്നിലങ്ങനെ നാക്കുപോലെ താണുകിടക്കുകയാണു്. അതിനറ്റത്തു് കൂട്ടുകാരുടെ കളിശബ്ദങ്ങൾ ഉയർന്നുകേൾക്കാം. അയോഗ്യനെന്നു് സർട്ടിഫിക്കറ്റുണ്ടായിരുന്നിട്ടും, അതൊന്നും വകവെക്കാതെ പരസ്യമായി വീണ്ടും, തോൽക്കാനിറങ്ങുകയാണല്ലോ. ഭയങ്കരമാണതു്. അതിന്റെ ബാധയാൽ സ്വയം തകരാതിരിക്കാനാവാം ചിന്താശൂന്യതയുടെ ബോണസ്സ്. യാതൊന്നും ഓർക്കാതെ ഞാൻ വണ്ടി മുന്നോട്ടെടുത്തു. അത്ഭുതംതന്നെ, വേണ്ടയിടങ്ങളിലൊക്കെ സ്വയം വളഞ്ഞു്, വണ്ടി എന്നേയുംകൊണ്ടു് നേരെയങ്ങു നീങ്ങിപ്പോയി. അതും നോക്കി അച്ഛൻ അമ്പരന്നുനിന്നു. കൂട്ടുകാരുടെ കാര്യം പറയാനില്ല. അറിഞ്ഞുകഴിഞ്ഞെന്നു് സ്വയം അറിയാതെപോകുന്ന ഒരറിവാളിയുടെ വിരാട്രൂപത്തെ അകത്തും പുറത്തും ചുമക്കാനുള്ള അവസാനമില്ലാത്ത വിധിയാണു് ഞാൻ അകമേ ചുമക്കുന്നതെന്നു് അന്നു്, എതിർപാർക്കാനായില്ല.
ഒറ്റയടിക്കു് സ്വയം വാഹനമോടിക്കാനാരംഭിച്ചതോടെ കുട്ടികൾക്കിടയിൽ ഒരിനം സ്ഥാനമൊക്കെ കൈവന്നു. അക്കാലം, സൈക്കിളോടിക്കാൻ പഠിച്ചുകഴിയുന്ന കുട്ടികൾ കൊല്ലാക്കയിലെ പാമ്പിൻ കാവിലേക്കു് തൊഴാൻ പോകണമെന്ന ഒരലിഖിത നിയമമുണ്ടു്. (തറയിൽ വളഞ്ഞുപുളഞ്ഞുനീങ്ങുന്ന വാഹനവുമായിച്ചെന്നു് പാമ്പിനെ വണങ്ങുന്നതിൽ തികഞ്ഞ കാവ്യനീതിയുണ്ടെന്നു ഉറക്കെ സമ്മതിക്കുകതന്നെവേണം). മൂന്നു കിലോമീറ്റർ ദൂരമുണ്ടു് അങ്ങോട്ടു്. വില്വാമലയുടെ വടക്കേച്ചരിവിലൂടെ പാമ്പുപോലെ വളഞ്ഞുപുളഞ്ഞുപോകുന്ന കരിമ്പാത. ഇടതോരം പുഴയിലേക്കിറങ്ങിപ്പോകുന്ന നെൽപ്പാടങ്ങൾ. മലയിലെ പാറകളിൽതുടങ്ങുന്ന കട്ടിയുള്ള കാറ്റു് പുഴത്തണുപ്പിലേക്കു് ഓടിയിറങ്ങും. കനമുള്ളതുകൊണ്ടാവാം, അതിന്റെ ഞൊറിവുകളെ ഇടയ്ക്കിടെ കാണാനാവും. ജീവിതത്തിൽ ആദ്യമായി നടത്തുന്ന ദീർഘമായ സൈക്കിൾയാത്ര അതായിരുന്നു. പാമ്പിൻ കാവിലെ വല്യമ്മ എടുത്തു തരുന്ന മഞ്ഞൾ പ്രസാദം വണ്ടിയുടെ മുഖത്തും, സ്വന്തം നെറ്റിയിലും നന്നായി പൂശി. അതോടെ ഐശ്വര്യത്തിന്റെ ലൈസൻസ് കൈവശമായി.
സമ്മാനമെന്നോണം കൈവശം വന്നെത്തുന്ന നാണയങ്ങൾക്കു് അതോടെ മറ്റൊരർത്ഥവ്യാപ്തി കൈവന്നു. വാടകക്കു് സൈക്കിളെടുത്തു് തിരുവില്വാമലദേശത്താകെ ചുറ്റിയടിക്കുക. പിന്നിലുറപ്പിച്ച തകരപ്പെട്ടിയിൽ തേങ്കായ് ബെന്നും, ബർക്കിയുമെല്ലാം ചുമന്നു് ഒറ്റപ്പാലത്തുനിന്നുംമറ്റും സൈക്കിളിലെത്തുന്ന കച്ചവടക്കാരോടുപോലും ഞങ്ങൾ പലപ്പോഴും വേഗതയിൽ മത്സരിച്ചു. ദുരഭിമാനം കത്തിക്കയറിയ അത്തരം സന്ദർഭത്തോടു് കിടപിടിക്കാവുന്ന യാതൊന്നും പിന്നീടു്, ജീവിതത്തിൽ സംഭവിച്ചിട്ടില്ല!
കടയുന്ന കാലിന്റെ മിടിപ്പുകൾ വകവെക്കാതെ കയറ്റങ്ങൾ താണ്ടുക. ഒഴിഞ്ഞപാതയിലേക്കു് തുടരെ ബെല്ലടിക്കുക. കയറ്റത്തിൽ സമ്പാദിക്കുന്ന മുഖവിയർപ്പിനെ ഇറക്കത്തിലെ കാറ്റിനു് കൈമാറുക. അങ്ങനെയങ്ങനെ യാത്രചെയ്യുക. മാരിയമ്മൻ കോവിലിൽനിന്നു് ചീരക്കുഴിപ്പുഴവരെ. പാട്ടുകൊട്ടുകാവു വഴി, പടിഞ്ഞാറ്റുമുറിയും താണ്ടി, ഭാരതപ്പുഴവരെ. നേരെ പടിഞ്ഞാറുനോക്കി കുത്താമ്പുള്ളി തെരുവുവരെ. ഭരതപ്പുഴയും, ഗായത്രിപ്പുഴയും തമ്മിൽച്ചേരുന്ന കൂട്ടിൽമുക്കുവരെ. കുംഭാരത്തെരുവിലൂടെ, കനാൽറോഡിലൂടെ… കരിമ്പനകളുടെ നടവട്ടമുള്ള മൺമേട്ടിലൂടെ, ഒറ്റയടിപ്പാതകളിലൂടെ… കരിങ്കുറ്റിക്കാവു്, പൂതനക്കര, ആക്കപ്പറമ്പു്… യാത്രയുടെ ചക്രങ്ങൾക്കു് നീക്കത്തിൽ ക്രമാൽ നീളംവെക്കുകയായിരുന്നു… മുൻചക്രമെന്ന സൂര്യനും, പിൻചക്രമെന്ന ചന്ദ്രനും വട്ടത്തിൽ കറങ്ങി നീളത്തിൽ നയിക്കുന്ന അത്ഭുവാഹനം. യാത്ര സ്വർഗ്ഗത്തിലോമറ്റോ ആയിരുന്നെങ്കിൽ തീർച്ചയാണു്, വണ്ടി ദേവാദികൾ തട്ടിയെടുത്തേനെ.
പത്താംതരം കഴിഞ്ഞതോടെ പഠനത്തിനു് അവസാനംകണ്ടു.
“ഇനി എന്തു ചെയ്യാനാണു് ഭാവം?”
അച്ഛൻ ആരാഞ്ഞു.
“എന്തും.”
ഒന്നും ചെയ്യാനറിയാത്ത ഞാൻ പറഞ്ഞു.
പലമാതിരി കൂലിവേലകളിലൂടെ വിയർത്തുകുളിച്ചു് നടപ്പായിരുന്നു, തുടർന്നു്. മരുന്നുകടയിലെത്തിയതോടെയാണു് സൈക്കിൾചക്രത്തിലേക്കു് ജീവിതം വീണ്ടും, അടുക്കുന്നതു്. പകിട്ടാർന്ന ഭാവനയുടെ പുഷ്കല കൗമാരം. തലേന്നത്തെ ഷർട്ട് കഴുകാനായി വെള്ളത്തിലിടുമ്പോൾ കീശയിൽനിന്നു് പുറത്തേക്കു് തവളചാട്ടത്തിന്റെ ശബ്ദം കേൾക്കാം. പരിസരത്തു തപ്പിയാൽ ഭാവനയുടെ ജീവശരീരം തറയിൽക്കിടന്നു പിടയ്ക്കുന്നതു കാണാം. തലേന്നു് ഉപയോഗിച്ചിട്ടും മുഴുവനാകാതെ ബാക്കിയായ ഭാവനയാണു്.
തമിഴ് സിനിമാഗാനങ്ങളുടെ സുഭഗമായ തൊള്ളായിരത്തിത്തൊണ്ണൂറുകൾ. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ഗാനമേളകളുടെ ചാകര. ഇളയരാജയുടെ മാജിക് അകമേ അനവധിയായ ഹൃദയമർമ്മരങ്ങളെ അഴിച്ചുവിടുന്നു. ജോലിചെയ്യുന്ന കടയിൽ വില്പനക്കാവശ്യമായ മരുന്നെടുക്കാൻ പാലക്കാടു് അച്ചാൽപിച്ചാൽ നടക്കുമ്പോൾ രാജാസാറായിരുന്നു ഇടതുകയ്യിൽ. ചൂടിന്റെ ഹെഡ് കോർട്ടേഴ്സായ പാലക്കാട്ടെ പാതകളിൽ ഇളയരാജയോടൊത്തു് മേടവെയിലുംകൊണ്ടു് നടന്നിട്ടുണ്ടോ? കുളിർന്നുവിറയ്ക്കും. ഊട്ടിയിലെ തണുപ്പൊക്കെ അതിനു മുന്നിൽ തൂങ്ങിച്ചാവണം. വരിയിട്ടു കടന്നുവരുന്ന സിനിമകളുടെ നിരയാവട്ടേ സ്വിസ് മഞ്ഞുപോലെ സുന്ദരവും. (ലോകജീവിതം ഒരു മനോഹരിതന്നെ. അതാണു് കൗമാരത്തിന്റെ മാജിക്!) സ്നേഹസൗന്ദര്യവുമുള്ള തമിഴ്‌നടൻ കാർത്തിക് ഒരുവശത്തു്, സ്റ്റൈൽ മന്നൻ രജിനി മറുവശത്തു്. അതിനിടയിൽ കമൽഹാസൻ, ക്യാപ്റ്റൻ വിജയകാന്ത്, മൈക്ക് മോഹൻ… നിരത്താൻ കഴിയാത്തത്രയും നടീനടന്മാർ വേറെയും. പതിനഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പല കൊട്ടകകളിലുമായി ഇവരുടെ തീരാനടവട്ടങ്ങൾ…
അക്കാലത്താണു്, ജീവിതത്തിലാദ്യമായി സ്വന്തം അദ്ധ്വാനത്തിന്റെ മിച്ചമൂല്യത്തിൽ ഒരു സെക്കന്റ് ഹാന്റ് സൈക്കിൾ സ്വന്തമാക്കുന്നതു്. (മിച്ചമൂല്യമായതുകൊണ്ടാവാം, പാർട്ടിക്ലാസ്സുകളുടെ സഹായമൊന്നുംകൂടാതെ ഒറ്റനിമിഷത്തിൽ ഞാൻ കാൾ മാർക്സായിത്തീർന്നു). ബി എസ് എ-യുടെ വണ്ടിയായിരുന്നു, അതു്. റോസാപ്പൂവിന്റെ മൃദുനിറം. കാറ്റിനെ തുളച്ചു്, മുന്നോട്ടോടാൻ സാമർത്ഥ്യമുള്ള ഒരുത്തൻ. പൊടുന്നനെ വെട്ടിച്ചെടുക്കാൻപാകത്തിനു് കൊച്ചുഹാന്റിൽബാറോടുകൂടിയ സുന്ദരൻ. ഷോർട് ഹാന്റ്സ് പുരുഷസൗന്ദര്യമായി എണ്ണിയിരുന്ന കാലമായിരുന്നു. ആ നിലയിൽ വണ്ടിയുടെ സിമ്മട്രിയിൽ ആരാധന തോന്നാനുള്ള വകുപ്പുണ്ടെന്നർത്ഥം.
സ്വന്തമായി സൈക്കിൾ കൈവശം വന്നുചേർന്നതോടെ, ചക്രങ്ങൾക്കു മുകളിലെ യാത്രയുടെ നീളം വല്ലാതെ വലിഞ്ഞുനീണ്ടു. മലേശ്ശമംഗലം വഴി. കൊല്ലാക്കയും താണ്ടി വില്വാമലയുടെ വടക്കേച്ചെരിവിലൂടെ നീങ്ങിച്ചെന്നു് പലപ്പോഴും പെരുങ്ങോട്ടുകുറിശ്ശിയെ തൊട്ടു, കോട്ടായിയെ കിള്ളി, ചിലപ്പോഴെല്ലാം പാലക്കാട്ടുവരെയുമെത്തി. പിന്നെയും, മുന്നോട്ടുതന്നെ വെച്ചടിച്ചാൽ ചേരസാമ്രാജ്യത്തിലെത്തുമെന്ന സ്ഥിതി. യാത്ര തുടങ്ങുമ്പോൾ, കാണാനിരിക്കുന്ന സിനിമയേക്കുറിച്ചോർത്തു് കോരിത്തരിച്ചും, തിരികെ വരുമ്പോൾ കണ്ടതിന്റെ പ്രഹർഷം പരസ്പരം പങ്കുവെച്ചും യാത്രകൾ ഭാവനാ നിർഭരമാക്കിപ്പോന്നു. പാല പൂക്കുന്ന രാവുകളിൽ, ഒഴിഞ്ഞ പാതകളിൽ നിലാവിനു താഴെ, സൈക്കിളോടിക്കുന്നതിനോളം ഹരമുണ്ടാക്കുന്ന മറ്റൊരനുഭവമില്ല. ഇത്തരം ഇരവുകളിലാണു് പ്രപഞ്ച ചിന്തകൾ വവ്വാലുകളേപ്പോലെ മനസ്സിന്റെ ദൂരചക്രവാളങ്ങളേനോക്കി യാത്രയാരംഭിക്കുക. അക്കാലത്താണു് ഹൈസൻബർഗ് കേരളത്തിലെത്തുന്നതു്. ഞങ്ങളുടെകൂടെ അദ്ദേഹം നിരവധിതവണ ചൂലനൂരും, ആയക്കുറിശ്ശിയിലുമൊക്കെ സന്ദർശനം നടത്തിയിട്ടുണ്ടു്. രാക്ഷസപ്പാറയിൽ കൂട്ടിരുന്നിട്ടുണ്ടു്. അനിശ്ചിത സിദ്ധാന്തവും, നെഗറ്റീവ്-പോസിറ്റീവ് എൻട്രോപ്പിയുമൊക്കെ കടലക്കടലാസിനോടൊപ്പം പരക്കെ വലിച്ചറിഞ്ഞുകൊണ്ടു് അക്കാലം, ഞങ്ങളുടെ ചേതന സൈക്കിൾചക്രങ്ങൾക്കു മുകളിൽ നീളെ നീങ്ങാത്ത ഇടങ്ങൾ നാട്ടിൽ ബാക്കിയില്ല. വേലകൾക്കും, അയ്യപ്പൻവിളക്കിനും, താലപ്പൊലി, കുമ്മാട്ടികൾക്കുമെന്തിനു് സ്വകാര്യഗൃഹാങ്കണങ്ങളിലെ പാമ്പിൻതുള്ളലുകൾക്കുപോലും അക്കാലം, ഞങ്ങളുടെ സൈക്കിൾചക്രങ്ങളുടെ സാന്നിദ്ധ്യത്തിൽനിന്നു് രക്ഷനേടാനാവുമായിരുന്നില്ല.
(“ലോകം നമ്മുടെ സൈക്കിളിനെ പിന്നിലാക്കി മുന്നോട്ടോടിപ്പോവുകയാണോ?”
അനിൽ എന്ന പൊടിമീശക്കാരൻ സംശാലുവായി.
സ്ഥിരശബ്ദത്തിന്റെ രൂപമുള്ള രമേഷ് എന്ന കുട്ടിയേപോലും നിശ്ശബ്ദനാക്കാൻപാകത്തിനു് അരൂപിയായ എന്തോ അതിലുണ്ടായിരുന്നു.
കാലുകളിൽ, ഗായത്രിപ്പുഴയുടെ കനമുള്ള ഓളങ്ങൾക്കു് പതിവിലും കട്ടിയുള്ളതുപോലെ. മണൽപ്പുറത്തിരുന്നുകൊണ്ടു് ഓളത്തെയുരുമ്മുന്ന സൈക്കിൾ ടയറുകളിലേക്കു് അരിവാൾ ചന്ദ്രന്റെ ക്ഷീണപ്രകാശമെത്തുന്നില്ല. അവ ഇരുട്ടിൽതന്നെ തുടർന്നു. വിഫല പ്രതീക്ഷയുടെ ലക്ഷണമെന്നോണം അനിലും, രമേഷും ഒരുമിച്ചു് ദൂരേക്കു നോക്കി. ചക്രവാളച്ചെരിവുവരെ മഷി കുടഞ്ഞതുപോലുള്ള മേഘങ്ങളുടെ പാടുകൾ പടർന്നുകിടക്കുന്നു. അതിനപ്പുറമെല്ലാം കൊഴുത്ത ഇരുട്ടിലേക്കു് വീണുകിടക്കുകയാണു്, അവരുടെ വിശാലഭാവിയെന്നതുപോലെ.
“നമ്മുടെ സൈക്കിൾച്ചക്രങ്ങൾ ഒരിക്കലും, ഇതിനപ്പുറമുള്ള ആകാശങ്ങളൊന്നും കാണാതെപോകുമോ?”
അനിൽ എന്ന കുട്ടിയുടെ വാക്കുകൾക്കു് അരിവാൾ ചന്ദ്രനോളം പ്രകാശംപോലുമില്ലായിരുന്നു.)
കാലിന്റെ ചക്രവേഗം ജീവിതം മറ്റൊരുമട്ടിൽ പുനഃരാവിഷ്കരിച്ചതോടെ സൂര്യചന്ദ്രന്മാർക്കു മുകളിലുള്ള സൈക്കിൾ യാനത്തിനു് അറുതിയായി. അടച്ചുറപ്പുള്ള വണ്ടികളിൽ പുറംപാതയോടു ബന്ധമില്ലാത്ത യാത്രകളുമായിട്ടാണു് തുടരനുഭവം കടന്നെത്തിയതു്. കാറുകൾ, ബസ്സുകൾ, തീവണ്ടികൾ… ദൂരത്തെ ദുരനുഭവങ്ങളെ കടന്നുപിടിക്കാനെന്നോണം ജീവിതം പിന്നെയും, നീണ്ടുപോയി. അപ്പോഴൊക്കെയും, ശരീരത്തിൽ കാലം തടസ്സമില്ലാതെ അതിന്റെ സൈക്കിൾ സവാരി നടത്തിയെടുക്കുകയായിരുന്നു. ആകാശത്തിൽ സൂര്യചന്ദ്രൻമാർ മാത്രമല്ല, കാലം മുന്നോട്ടു വിരിക്കാനുള്ള വാസന നിയതി ശരീരത്തിലും നടത്തിയെടുക്കും.
(“മകന്റെ കല്യാണം ഇതുവരെയും ശരിയായില്ല.”
നരച്ചുപോയ മീശരോമങ്ങളിൽ തലോടിക്കൊണ്ടു് അനിൽ എന്ന കുട്ടി പറഞ്ഞു.
“എന്റെ ചെക്കൻ വല്ലതുമൊക്കെ പഠിക്കുന്നുണ്ടോ ആവോ. അവന്റെ ഭാവിയെന്താകുമെന്നോർക്കുമ്പോൾ പരിഭ്രമം തോന്നുന്നു.”
സ്വന്തം നര തലോടുന്നതിനിടയിൽ രമേഷ് എന്ന കുട്ടി വിഷമം പങ്കിട്ടു.
ഹൈസൻബർഗിനെ മറ്റൊരുമട്ടിൽ അവിടെ കണ്ടു. പുള്ളിക്കു് ഒരിനം കോമാളിയുടെ മുഖം. സിദ്ധാന്തത്തിന്റെ വിതാനത്തിൽനിന്നു് അനിശ്ചിതത്വം കേവലജീവിതത്തിലേക്കു് ചക്രമുരുട്ടിക്കഴിഞ്ഞു.)
ബിഎസ്എ-യുടെ രഥം കലവറമുക്കിലെ മാറാലപ്പടർപ്പിൽ ഏറെക്കാലം തുരുമ്പിൽ തുടർന്നു. ഒടുവിൽ, സ്വരൂപം കഷ്ണിക്കപ്പെട്ടു് പഴയപാട്ട വിൽപ്പനക്കാരന്റെ ചാക്കിലേറി യാത്രയായി. ലംബചലനം സാദ്ധ്യമാക്കിയ ആ ചക്രങ്ങൾ കച്ചവടക്കാരന്റെ തലച്ചുമടിൽ തിരശ്ചീന നിശ്ചലതയിലാവുന്ന കാഴ്ച അസഹ്യമായിരുന്നു. എങ്കിലും, അതായിരുന്നു അതിന്റെ സ്വാഭാവിക വിധി. ചലിച്ചടങ്ങിയ ഈ ശരീരവും ഒരിക്കൽ, തോൾച്ചുമടായി നീങ്ങിപ്പോകും. ചാന്ദ്രസൂര്യൻമാരുടെ ചക്രയാനം ഒരിക്കലും അവസാനിപ്പിക്കാത്ത ആകാശമാവട്ടേ, കാലത്തേയും മേച്ചുകൊണ്ടു് മുന്നോട്ടുനീങ്ങുകയുംചെയ്യും.
1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.