മൂടൽമഞ്ഞിനിടയിൽ മിന്നാമിനുങ്ങുകളെന്നതുമാതിരി മിന്നിക്കത്തുന്ന വർണ്ണബൾബുകളായിരുന്നു, ലോണിലെമ്പാടും. പുല്ലിന്റെ തലപ്പുകളിൽ തെല്ലിട തങ്ങിനിന്നതിനുശേഷം, വെളിച്ചമത്രയും കൈവരി കവച്ചുവെച്ചു്, ഓരംചേർന്നുകിടക്കുന്ന കായൽപ്പരപ്പിലേക്കു് വരിനിരപ്പോടെ കൂപ്പുകുത്തി. മത്സ്യബന്ധനത്തിനായി കടൽനോക്കി വീശിപ്പോകുന്ന ബോട്ടുകളിലെ വെളിച്ചങ്ങൾ അലയിളകുന്ന സഞ്ചാരിക്കാറ്റുകളിലൂടെ അകലംപിടിക്കുന്നു. അങ്ങോട്ടുനോക്കി നിൽക്കുകയായിരുന്നു, ഞാൻ. ചങ്ങാതിയോടൊപ്പം അവന്റെ കൊട്ടാരത്തിന്റെ ഒന്നാംനിലയിലലെ മട്ടുപ്പാവിൽ. താഴെ, പാർട്ടി അതിന്റെ തളർച്ചയില്ലാത്ത കൈകളിൽ നിരന്തരം വട്ടംതുഴയുകയാണു്. (മുൻബാക്കിയുടെ പരുക്കില്ലാതെ സദാ മുന്നോട്ടു നീങ്ങാൻ നല്ലതു് വട്ടത്തിൽ തുഴയുന്നതാണല്ലോ.) സിൽക്കുതുണിപോലെ തൊണ്ടവഴി ഇറങ്ങിച്ചെല്ലുന്ന സ്കോച്ചിനുപുറത്തു് അസഹ്യമായ മൗനവും ചേർത്തുകുടിച്ചു് ഏറെനേരമായി ഞങ്ങളങ്ങനെ തുടരുന്നു. ഷിവാസ് റീഗൽ എന്ന ശൈവസമ്പ്രദായത്തിൽ ശുദ്ധലഹരിയെടുത്തുപുതച്ചു്.
വൺ ബില്യൺ കമ്പനിയായി വളർച്ചയെടുത്ത അവന്റെ സ്ഥാപനം അടുത്ത ലീപ്പിനുള്ള തുടക്കത്തിലാണു്. അവനേ സംബന്ധിച്ചിടത്തോളം, അത്തരത്തിൽ വികസിച്ചുവിളങ്ങിയ ആദ്യസ്ഥാപനമൊന്നുമല്ല, അതു്. തുടങ്ങിവെച്ചതു് ലോജിസ്റ്റിക്സിലായിരുന്നു. തുടക്കക്കാർക്കു് വികാസസാദ്ധ്യമായ ഏർപ്പാടൊന്നുമല്ലത്രെ ആ മേഖല. പക്ഷേ, അവിടെപ്പോലും അവനു് കൊടി പറത്താനായി. അവ്യക്തവും, നിഗൂഢവുമായ പദ്ധതികളാണു് അതൊക്കെയെന്നാണു് എന്റെയൊരു തോന്നൽ. മാസാമാസം കൈവരുന്ന സർക്കാർശമ്പളത്തിന്റെ അങ്ങേപ്പുറത്തേക്കു് കമ്മ്യൂണിസംകൊണ്ടുപോലും രണ്ടാംകണ്ണുള്ളവനല്ല, ഞാൻ. ആ നിലക്കു് എന്നേപ്പോലൊരുത്തനു് അങ്ങയൊക്കെ തോന്നാൻ അർഹതയുണ്ടു്.
“എടാ, നിശ്ചയമായും നീ പാർട്ടിക്കു് വരണം. നമ്മൾ തമ്മിൽ കണ്ടിട്ടു് ഏറെക്കാലമായില്ലേ?”
അങ്ങനെ വ്യക്തശുദ്ധമായ ക്ഷണമായിരുന്നു, അവന്റേതെന്നു പറയണം.
പഠിക്കുമ്പോൾത്തന്നെ ഭൂമിയിലായിരുന്നില്ല, ചുമരുകൾക്കപ്പുറത്തെ മറുലോകങ്ങളിലായിരുന്നു, അവന്റെ കണ്ണുകൾ. പഠിപ്പറക്കുള്ളിൽ സ്വയം ഉറപ്പിച്ചുനിർത്താൻ കഴിയാത്തതിന്റെപേരിൽ സ്വാഭാവികമായി ഒരാൾക്കു് ഉണ്ടാവേണ്ടതാണെന്നു് എനിക്കു തോന്നിയ കുറ്റബോധമൊന്നും പക്ഷേ, ആ മുഖത്തു് ഒരിക്കൽപ്പോലും കണ്ടിട്ടില്ല. താനാണു് തികച്ചും ശരിയെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ഉയർന്ന ക്ലാസ്സുകളിലെത്തിയപ്പോഴേക്കും അതു് ഉച്ചസ്ഥായിയെ ചെന്നുതൊട്ടു.
“ലോകം വളരെ വലുതാണു്, രമേശാ,” അവൻ വിശദീകരിക്കും, “അന്യന്റെ മുറിക്കകത്തു തുടരുകയെന്നാൽ, എവിടെയും തുടങ്ങാതെ സ്വയം അവസാനിക്കുകയെന്നാണു് അർഥം.”
അക്കാലത്തെ ശൈലിയനുസരിച്ചു് കോളേജ്ക്ലാസ്സ്മുറിയിൽനിന്നു് അവൻ നേരിട്ടു് ബോംബെക്കു് വണ്ടികയറുകയായിരുന്നു. പഠനസാമഗ്രികളൊക്കെ ബാർബർഷോപ്പിൽ തൂക്കിയെറിഞ്ഞിട്ടായിരുന്നു, ആ യാത്ര.
“നശിക്കും.”
അവന്റെ ദേഷ്യക്കാരനായ അച്ഛൻ ശപിച്ചു.
ഞാൻ തുടരെ പബ്ലിക്ക് സർവ്വീസ് കമ്മീഷൻ പരീക്ഷകൾ എഴുതിക്കരേറുന്ന കാലങ്ങളിൽ അവന്റെ അമ്മയുടെ കണ്ണീർ അടുക്കളതീയിലേക്കു് ചവിട്ടടിവെച്ചു് നിരന്തരം ഹോമിക്കപ്പെടുകയായിരുന്നു.
“ന്റെ കുട്ടി നന്നാവണേ, ഗുരുവായൂരപ്പാ.”
തീയിനെ വെട്ടിച്ചു് പ്രാർത്ഥന കൃത്യമായി ഗുരുവായൂരിലെത്തിയിട്ടുണ്ടാവാം, അഞ്ചുകൊല്ലങ്ങൾക്കുശേഷം, ഓർക്കാപ്പുറത്തു് ഒരുനാൾ, അവൻ തിരിച്ചെത്തി. അക്കാലം, കൈമെയ്മറന്നു് സർക്കാരിനെ സേവിക്കുന്ന തിരക്കിലായിരുന്നു, ഞാൻ.
“കഷ്ടം!”
അതു കണ്ടു് അവൻ സ്വയം തലയ്ക്കടിച്ചു.
ഉയർന്നസ്ത്രീധനത്തിനുപുറത്തു് ഉന്നതനാരികളിൽ ഒരുവളെ ആ വരവിൽ അവൻ സ്വന്തമാക്കി. അക്കാലത്തു് തികച്ചും നിർദ്ധനനായിരുന്നു, അവൻ. പുറംപൂച്ചു കാണിച്ചു്, രഹസ്യമാക്കിയ അസുലഭദാരിദ്ര്യം. ശരിക്കും പറഞ്ഞാൽ, തുടക്കത്തിലെ വ്യാപാരമൂലധനം അവൾക്കായി അനുവദിക്കപ്പെട്ട കുടുംബത്തിന്റെ മോശമല്ലാത്ത നീക്കിയിരിപ്പായിരുന്നു. അതുമായി ദലാൾ സ്ട്രീറ്റിൽ മുഴക്കിയ തുടർനിലവിളികളാണു് അവനെ പാമ്പുകോണിക്കളിയിലെന്നോണം ഒറ്റയടിക്കു് വളർത്തിയതെന്നാണു് കേട്ടുകേൾവി.
അടുത്തകൊല്ലം നാട്ടിലെത്തിയപ്പോൾ അവൻ പരസ്യമായി എന്നെ ചീത്തവിളിച്ചു.
“തുറന്നുപിടിച്ച വായിലേക്കു് സർക്കാർ പഴം തിരുകിത്തന്നില്ലേ, ഇനിയെന്തുവഴി, നിർത്താതെ ഗോവിന്ദാ ഗോവിന്ദാ എന്നു പാടിക്കോ.”
അതിനുശേഷം, അവൻ നാട്ടിലെത്തിയെന്നറിഞ്ഞാൽ ഉടനടി ഞാൻ ലീവെടുത്തു് തമിഴ്‌നാട്ടിലേക്കു് ഒളിച്ചോടുകയാണു് പതിവു്. ലോകങ്ങൾത്തന്നെ കീഴടക്കാനാരംഭിച്ചതോടെ അവന്റെ വർഷാന്തവരവു് അവസാനിച്ചു, ഭാഗ്യം. അത്തരത്തിൽ കാര്യങ്ങൾ നീങ്ങിപ്പോകുമ്പോഴും എനിക്കകത്തു് പ്രബലമായൊരു ഭീഷിണി പതിയിരിപ്പുണ്ടായിരുന്നുവെന്നുവേണം കരുതാൻ. എന്നെങ്കിലുമൊരുനാൾ ജീവനോടെ അവന്റെ മുന്നിൽപ്പെടുമല്ലോ. അന്നേരം, രക്ഷപ്പെടാൻ എന്റെ പക്കൽ വിജയങ്ങളുടേതായ ഷീൽഡുകൾ യാതൊന്നുമില്ല. പരസ്പരം കാണുന്നമാത്രയിൽ ആദ്യംതന്നെ അതിനായി അവൻ പാളിനോക്കുമെന്നു് ഉറപ്പു്. ഒരർഥത്തിൽ പണ്ടു്, അവന്റെ വരവു പേടിച്ചു് തമിഴ്‌നാട്ടിൽ ഒളിച്ചിരിക്കുന്നതുപോലെത്തന്നെയായിരുന്നു എന്റെ മുഴുനീളജീവിതമെന്നു പറയാം. മൊത്തമായി ഒരു പരുങ്ങലും, പതുങ്ങലും. റിട്ടയർമെന്റ് സംഭവിച്ചാൽപ്പോലും അതിൽനിന്നു് എനിക്കൊരു രക്ഷകിട്ടുമെന്നു തോന്നുന്നില്ല. (സർക്കാർ സ്വമേധയാ ഒരു ഇരട്ടച്ചങ്കനാണെന്ന ധാരണയൊന്നും എനിക്കില്ലാതെപോയതു് അങ്ങനെയാണു്.)
അങ്ങനെയിരിക്കെ, പൊടുന്നനെ ഒരു ബ്ലാക്ക് സൺഡേയിൽ പ്രമാദമായ ആ ഫോൺകാൾ അറിയാതെ ഞാൻ അറ്റന്റ് ചെയ്തു.
“എടാ, ഞാനാണു്. അടുത്ത ശനിയാഴ്ച ഞാൻ കേരളത്തിൽ വരുന്നു, നിശ്ചയമായും നിന്നെ കാണണം.”
അതു് അവനായിരുന്നു!
നീക്കുപോക്കില്ലാത്ത വിധിയെന്നോണം അപരിചിതമായ ഇത്തരം സന്ദർഭത്തിൽ വന്നുകുടുങ്ങിയതു് അങ്ങനെയാണു്.
“ഇതൊരു ഹോട്ടലാണോ?”
വന്നുകയറിയതും ഇഡിയറ്റിനേപ്പോലെ ഞാൻ ആരാഞ്ഞു.
അവൻ പുല്ലുപോലെ പുഞ്ചിരിച്ചു.
“എന്റെ വീടുകളിലൊന്നാണു്.”
ആരോഹണത്തിന്റെ പലയിനം വീർപ്പുകളകറ്റാൻ ആഴത്തിലും ഉയരത്തിലുമായി പലലോകങ്ങളിൽ താൻ പടുത്തുയർത്തിയ ഇത്തരം കോട്ടകളുണ്ടെന്നു് അവൻ പുല്ലുപോലെ വെളിപ്പെടുത്തി. അങ്ങനെ ആദ്യറൗണ്ടിൽത്തന്നെ ഞാൻ സമൂലം ഇടിഞ്ഞുപൊളിഞ്ഞുപാളീസ്സായി.
“താര വന്നിട്ടില്ലേ?”
എന്തുകൊണ്ടോ ഉണ്ടാവില്ലെന്നറിഞ്ഞിട്ടും ഞാൻ അന്വേഷിച്ചു.
“അവളെ ഞാനൊഴിവാക്കിയെടാ.”
അവൻ വിടർന്നുപറഞ്ഞു.
വാ പൊളിച്ചുനിന്ന എന്റെ അന്നനാളത്തിലേക്കു് തിരിഞ്ഞിറങ്ങാൻപാകത്തിനു് സ്കോച്ചിനെ വീഴ്ത്തിക്കൊണ്ടാണു് അത്തരം സന്ദർഭത്തെ അവൻ സിമ്പിളായി തരണംചെയ്തതു്.
നിരുന്മേഷംമാത്രം എടുത്തുതരുന്ന ഭാര്യയോടും, എന്തിനെന്നു് തിരിച്ചറിയാനാകാത്ത രണ്ടു മക്കളോടുമൊപ്പം പൊതിരെ നയിച്ചുപോരുന്ന സ്വജീവിതം നാശത്തിനും നരകത്തിനും പിടികൊടുക്കാത്ത ഒരിനം പദ്ധതിയാണെന്ന നിജം ഞാനന്നേരം, ബലാൽ വിഴുങ്ങി.
താഴെ, ലോണിൽ പാർട്ടി കൊഴുക്കുന്നതിന്റെ ശബ്ദങ്ങൾ വായുവിൽക്കിടന്നു തിരിഞ്ഞുകളിക്കുന്നുണ്ടു്. പാർട്ടി ആരംഭിച്ചതിന്റെ ആദ്യനിമിഷങ്ങളിൽത്തന്നെ മുതലാളിയായ അവൻ ഞാനുമായി മുകൾനിലയിലേക്കു് വലിഞ്ഞതു് ബാല്യകാലസൗഹൃദത്തോടുള്ള ബഹുമാനംകൊണ്ടൊന്നുമായിരിക്കില്ല. ജീവനക്കാരുമായി അകലംപാലിക്കാൻതന്നെയാവണം. കമ്പനി തൊട്ടടുത്തവികാസത്തിലേക്കു് കാൽവെപ്പുനടത്തിയതിൽ ജീവനക്കാരൊന്നടങ്കം ആഹ്ലാദത്തിലാണെന്നുറപ്പു്. പക്ഷേ, മുതലാളിയിൽ അതിന്റെ അലകൾ ഒട്ടുമേ കാണാനില്ല! എന്നിട്ടും, മട്ടുപ്പാവിൽനിന്നുകൊണ്ടു് അനുനിമിഷം അവരിൽ കണ്ണിടുന്നതെന്തിനു്? പിടിക്കുകയുമില്ല, വിട്ടുവിടുകയുമില്ല എന്ന മട്ടിലൊരു പ്രസ്ഥാനമാണോ മുതലാളിത്തം? എന്തുചെയ്യാം, കാൾ മാർക്സിൽനിന്നു് യുവത്വത്തിൽ കണ്ടുകിട്ടിയ പാഠങ്ങളിൽ സ്വന്തം ജീവിതം രക്ഷപ്പെടുത്താനുള്ളവയെല്ലാം സിമ്പിളായി മറവിയിലേക്കു് ഊരിപ്പോയിരിക്കുന്നു. മനംപുരട്ടിലിന്റെ തുമ്പിൽ പിടിയിട്ടു് പുറംലോകത്തേക്കു് ഉയർന്നുകയറിയ ഛർദ്ദിൽ തൊണ്ടക്കുഴിക്കു പുറത്തിറങ്ങിയതിനുശേഷം, നാക്കിലെ ഉമിനീരിനേയും തുണകൂട്ടി അറിയാതെ അകത്തേക്കുതന്നെ വീണുപോകുന്നതുമാതിരിയാണതു്.
കായലിൽനിന്നു് പരക്കെ വീശിവന്ന രാക്കാറ്റു് നിരന്തരമായി മുഖത്തേറ്റുവാങ്ങിയതുകൊണ്ടാവാം, അറിയാതെ എന്റെ കണ്ണൊന്നു് പാളി. തൂങ്ങുകയാണെന്നറിയാതെ ഞാൻ ചൂരൽക്കസേരയിലിരുന്നു് അവ്വിധം പെരുമാറിയതു് എത്ര നേരമാണെന്നറിയില്ല. അവൻ കുലുക്കിയുണർത്തുകയായിരുന്നു. അർദ്ധരാത്രിയുടെ അങ്ങേപ്പകുതിയിലേക്കു് കയറിക്കഴിഞ്ഞിട്ടുണ്ടു്, സമയം. അത്രനേരവും അവൻ ഉറങ്ങാതെ ലോണിലേക്കുതന്നെ നോക്കിനിൽക്കുകയായിരിക്കാം, എനിക്കങ്ങനെയാണു് തോന്നിയതു്. അതെന്തിനാണെന്നുംമറ്റും ചോദിക്കാനുള്ളൊരു പൊട്ടധൈര്യം ആരോ എടുത്തുതന്നതുമാതിരി. ഒരുവേള സ്കോട്ടിഷ്മദ്യമോ, ഇന്ത്യൻഉറക്കമോ ആവാം.
“നീ താഴേക്കു പോയില്ലേ?”
ഞാൻ അങ്ങനെയാണു് തുടങ്ങിവെച്ചതു്.
“എന്തിനു്?”
അവൻ ചോദിച്ചു.
“അങ്ങനെയല്ലെങ്കിൽ നിനക്കു് അവരെയൊന്നു വെറുതെവിടുകയെങ്കിലുംചെയ്തുകൂടേ?”
“അവരിൽ കൂടുതൽ സന്തുഷ്ടൻ ആരാണെന്നറിയാനാണു്. ഡിപ്ലോമസിക്കു പിന്നിലൊളിച്ചിരിക്കുന്ന സന്തുഷ്ടിയെ മദ്യം തീർച്ചയായും വലിച്ചുപുറത്തിടും.”
അതിനുവേണ്ടി വിടാതെ പതിയിരിക്കുന്ന അവൻ വെളിപ്പെടുത്തി.
വിശ്വസ്തതയോടെ കൂടെനിൽക്കുന്നവർക്കാണല്ലോ സ്വാഭാവികമായി കൂടുതൽ സന്തോഷം. അത്തരക്കാരെ കൈയോടെകണ്ടെത്താനുള്ള നിസ്സഹായമായ നീക്കമാണെന്നു മനസ്സിലായതോടെ എനിക്കങ്ങു ചിരിപൊട്ടി. പണത്തിന്റേയും, അധികാരത്തിന്റേയും പ്രബലതതന്നെ അവിശ്വാസത്തിന്റെ നിസ്സഹായതയാണെന്നു് ആർക്കാണറിയാത്തതു്! അകത്തെ കമ്മ്യൂണിസ്റ്റ് പുറത്തിറങ്ങിയതുകൊണ്ടാണോ, അതോ സ്കോച്ചിന്റെ തുടർഫലമാണോ എന്നൊന്നും അറിയില്ല, ചിരി നിർത്താനായില്ല. (അതു് കാൾ മാർക്സിന്റെ കൊമ്പുകളാവണേ!) എത്രമാത്രം വികസിച്ചെന്നു് അനുമാനിച്ചാലും, അവകാശവാദം നടത്തിയാലും മനുഷ്യൻ ഇക്കാലവും, നായിനെ വളർത്താൻമാത്രം മാനസികവികാസമുള്ള കേവലമൊരു ജീവിവർഗ്ഗമാണു്, കഷ്ടം! എന്നാൽ, ശരിക്കും കഥ അങ്ങനെയായിരുന്നില്ല.
“കൂടുതൽ സന്തുഷ്ടനെ കണ്ടെത്തിയാൽ നീ അവനെ എങ്ങനെ പ്രോത്സാഹിപ്പിക്കും?”
തുടർന്നു് ഞാൻ ചോദിച്ചു.
“അവനു് ഞാൻ പ്രമോഷൻ നൽകും.”
ആദ്യറൗണ്ടിൽ എന്നെ ആശ്വസിപ്പിച്ചുകൊണ്ടു് അവൻ സമ്മതിച്ചു. ‘തികഞ്ഞൊരു മൂരാച്ചിയിൽ ഇതൊക്കെ തികച്ചും സ്വാഭാവികം’ എന്ന ഭാവം എന്റെ മുഖത്തു്.
“അതു് എന്തിനാണെന്നുകൂടി ചോദിക്കു്.”
അവന്റെ അന്വയം. ഞാൻ അവനെ അനുസരിച്ചു.
“നിനക്കറിയാമോ രമേശാ, വികാസത്തിന്റെ മുഖ്യശത്രു സന്തുഷ്ടിയാണു്,” അവൻ വിശദീകരിച്ചു, “അതു് വളരെയെളുപ്പം നേടിയെടുക്കുന്നവർ വരാനിരിക്കുന്ന വികാസത്തിന്റെ തോതിനെ മനസ്സിനകത്തു് ആ നിമിഷം സ്തംഭിപ്പിക്കുന്നു.”
സിരകളിലേക്കു് മാർക്സ് ഉശിരായി മടങ്ങിയെത്തിയെന്നുതോന്നുന്നു, ഞാൻ എതിർവാദം പുറത്തെടുത്തു.
“അതാണു് ശരിയെങ്കിൽ, അത്തരമൊരാൾക്കു് നീയെന്തിനു് പ്രമോഷൻ അനുവദിക്കുന്നു, ഡീ ഗ്രേഡ് ചെയ്യുകയല്ലേ അഭികാമ്യം?”
ഇത്തവണ കൃത്യമായി മാർക്സിനെതിരെയെന്നോണം അവൻ പൊട്ടിച്ചിരിച്ചു.
“ശിക്ഷകൊണ്ടു് നല്ല അടിമയെ സൃഷ്ടിക്കാനാവില്ല. നേട്ടമാണു് അതിനായി നീട്ടിപ്പിടിക്കാവുന്ന ചാട്ട.”
അകത്തേക്കുള്ള പൈപ്പുവഴി ഞാൻ നിരനിരയായി ഒഴിച്ചിറക്കിയ സ്കോച്ചിന്റെ സിലിണ്ട്രിക്കൽ ദ്രവരൂപങ്ങൾ രക്തത്തിലേക്കു് പടർന്നുപിടിച്ചതിന്റെ വെപ്രാളം അന്നേരമാണു്, ആ നിലയിലുള്ള വ്യക്തതയോടെ എനിക്കു് അനുഭവപ്പെടാനാരംഭിച്ചതു്. കശേരുകികളുടെ ഒളിവിടങ്ങളിൽനിന്നു് തെല്ലെങ്കിലും അവശേഷിച്ച മാർക്സിനേക്കൂടി അതു് തുരത്തിയിട്ടുണ്ടാകണം. ചാട്ടയെന്നോണം അവന്റെ ഞാണൊലി വീശിനടക്കുന്നതിന്റെ ശബ്ദത്തിൽ മാർക്സിന്റെ നിലവിളിയാകെ നട്ടെല്ലിനകത്തുതന്നെ മുങ്ങിയമരുന്നു.
“ഇതൊക്കെ എവിടെനിന്നു് സ്വായത്തമാക്കിയെന്ന അവസാനത്തെ ചോദ്യംകൂടി ബാക്കിയാണു്, അതിലേക്കു് പ്രവേശിക്കു്.”
അവൻ ആജ്ഞാപിച്ചു. അതിനു തൊട്ടുപിന്നിലായി എന്റെ ചോദ്യത്തിനൊന്നും കാത്തുനിൽക്കാതെ അവസാനത്തേതെന്നമട്ടിൽ എന്റെ ശവപ്പെട്ടിക്കു മുകളിലേക്കു് അവൻ ആ ആണികൂടി കയറ്റി:
“വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ നീ വായ്ക്കുരവയിടാറില്ലേ പ്രകൃതിയെന്നു് അതേ സ്രോതസ്സിൽനിന്നുതന്നെ. ഇനി നീ കണ്ണു തുറന്നുപിടിച്ചു നോക്കു്.”
അതനുസരിച്ചപ്പോൾ മനമുനയിൽ മറ്റൊരു പ്രകൃതി തെളിഞ്ഞു, ഹാ!
1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.