തൊള്ളായിരത്തി എഴുപത്തിയഞ്ചിലാണു് കുമാരമാമയെ ആദ്യമായി കണ്ടതിന്റെ ഓർമ്മ. അന്നു് രണ്ടിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. കുമാരമാമയാകട്ടേ, മേജറായി സർവ്വീസിൽനിന്നു് പിരിഞ്ഞു് തന്റെ ദീർഘമായ പെൻഷൻകാലങ്ങൾ ആസ്വദിക്കുന്ന ആരോഗ്യവാനായ മനുഷ്യനും. വളയാത്ത വടിപോലെ ഉശിരനായിരുന്നു അക്കാലത്തും മാമ. എന്തെങ്കിലും കളികൾക്കായിട്ടാണെങ്കിൽ, ഈ ലോകംതന്നെ മുറിച്ചുകടക്കാൻ തയ്യാറായ ഒരു കുട്ടിയായിരുന്നു ഞാൻ. സദാ തിരതല്ലുന്ന അത്യുത്സാഹം ഞങ്ങൾക്കിടയിൽ വെള്ളം നിറച്ച കിടക്കപോലെ ഉരുമ്മിനിന്നു. പരസ്പരം തൊട്ടില്ലെങ്കിലും, താനേ കിക്കിളി വരുന്നതു് അതുകൊണ്ടാവാം. ഗുജറാത്തിൽ ഭാര്യയോടൊപ്പം വിശ്രമജീവിതം രസിക്കുന്ന മാമ വർഷങ്ങളുടെ ഇടവേളയിൽ തറവാട്ടിലെത്തുക പതിവാണു്. ഒറ്റയ്ക്കായിരിക്കും വരവു്.
“കാറ്റു് വന്നു വിളിച്ചു.”
നട്ടുച്ചയാണെന്നൊന്നും പരിഗണിക്കാതെ പാടങ്ങളിലൂടെ സോത്സാഹം നടക്കുമ്പോൾ, താൻ വന്നെത്തിയതിന്റെ കാരണം മാമ എന്നോടു വെളിപ്പെടുത്തും. ഏറെയൊന്നും അകലത്തിലല്ലാത്ത മരുപ്പരപ്പിനോടു് സദാ ഉരുമ്മിനിൽക്കുന്ന അറബിക്കടലിന്റെ വളവിൽനിന്നു് അദ്ദേഹത്തിനുവേണ്ടി മാത്രമായി അത്തരം സന്ദേശവാഹകരായ കാറ്റുകൾ ഗുജറാത്തിലെ വീട്ടിനകത്തേക്കു കയറിവരുന്നുണ്ടാകാം.
ഇരുകരകളോടുരുമ്മി, നാഴികകളോളം നീണ്ടുനീണ്ടു്, അവസാനം പുഴയിലേക്കു് ഒഴുകിയിറങ്ങുന്ന പാടങ്ങളായിരുന്നു ഞങ്ങളുടേതു്. അതു് ഒരർത്ഥത്തിൽ മാമയുടേതുമായിരുന്നല്ലോ. വരമ്പുകളിലൂടെയും മറ്റുമുള്ള നടത്തയിലൂടെ അദ്ദേഹം സ്വന്തം ബാല്യം തിരിച്ചുപിടിക്കുകയാണെന്നായിരുന്നു എന്റെയൊരു ഊഹം.
“കാറ്റു് കണ്ടോ?”
അദ്ദേഹം ചൂണ്ടിക്കാണിക്കും.
കാറ്റിനെ കാണാനുള്ള സിദ്ധിയില്ലാത്ത എനിക്കു മുന്നിൽ വെയിൽ മരീചികയുടെ ഇളക്കങ്ങൾമാത്രം. അതിൽ ദൂരവരമ്പുകൾ വളഞ്ഞും, പുളഞ്ഞും കുണുങ്ങുന്നുണ്ടാകും. പല്ലക്കാട്ടെ പാടങ്ങളും, കൂട്ടാലക്കണ്ടങ്ങളുമൊക്ക താണ്ടി, മിക്കവാറും ഞങ്ങൾ പുഴയോരം വരെയെത്തും. അങ്ങേക്കരയിലെ പാലപ്പുറത്തെ മൺകുന്നിനുനേർക്കു് ഞാൻ കല്ലെറിയും. വീതിയേറിയ ഭാരതപ്പുഴ കല്ലുകളത്രയും എത്തിപ്പിടിച്ചു്, പൊട്ടിച്ചിരിക്കും. പുഴക്കരയിലെ പാലമരത്തിനു താഴെനിന്നു് കുന്നുകൾക്കപ്പുറത്തേക്കു് നോക്കുകയാവും അന്നേരം, കുമാരമാമ.
വേലികളില്ലാത്ത വെളിമ്പറമ്പുകളിലൂടെയുള്ള നടത്തയ്ക്കിടയിൽ പല വീടുകളിലെ ആതിഥ്യം ഞങ്ങളോടുരുമ്മുക പതിവാണു്. വലിയവരോടുള്ള കുശലങ്ങൾക്കിടക്കു് കുട്ടികൾക്കു കുമാരമാമ കീശയിൽനിന്നു് മിഠായി എടുത്തുകൊടുക്കും. ഗ്രാമത്തിനു് തീർത്തും അപരിചിതമായ അത്തരം പലഹാരങ്ങൾ അക്കാലം, കുട്ടികൾക്കെന്നല്ല വലിയവർക്കുപോലും അത്ഭുതമായിരുന്നു.
അങ്ങനെയൊരു ദിവസം, ഒഴിഞ്ഞ ഒരു കൊച്ചുവീടിന്റെ മുറ്റം തരണംചെയ്യുകയായിരുന്നു ഞങ്ങൾ. അതിന്റെ മുറ്റത്തെ മൂവാണ്ടൻമാവിന്റെ കൊമ്പിലിരുന്നു് ഒരു കുയിൽ ഇടവിട്ടു് കൂവുന്നുണ്ടു്. കുമാരമാമ തലയാട്ടി രസിച്ചു. വീടിന്റെ വടക്കുഭാഗം കടന്നുപോകുമ്പോൾ, അവിടെ, ഇടിയാറായ തുറന്ന ചായ്പ്പിൽ ഞങ്ങളൊരു കോഴിക്കൂടു കണ്ടു. പരിസരത്തു് കോഴികളെയൊന്നും കണ്ടതുമില്ല. കുറ്റിയറ്റുപോയ വംശത്തിന്റെ നിലനിൽക്കുന്ന ഏക സ്മാരകം പോലെ.
കുമാരമാമ കൂട്ടിനകത്തേക്കുതന്നെ നോക്കി തെല്ലുനേരം അനങ്ങാതെ നിന്നു. പിന്നെ, ശബ്ദമുണ്ടാക്കാതെ തുറന്നു്, അതികത്തേക്കു നോക്കി.
“’അകത്തു് യാതൊന്നുമുണ്ടാകില്ല, മാമേ.”
ഞാൻ പറഞ്ഞു.
മാമ പ്രത്യേകഭാവത്തോടെ എന്നെ നോക്കി. മറ്റെവിടെയോ ഇരുന്നുകൊണ്ടു്, മറ്റൊരു സന്ദർഭത്തിൽ, മറ്റാരേയോ നോക്കുന്നതുപോലെയായിരുന്നു അതു്. മാമ എഴുന്നേറ്റു. നടക്കാനാരംഭിച്ചതോടെ, പതിവു തെറ്റിച്ചുകൊണ്ടു് അദ്ദേഹം എന്റെ പിന്നിലായി.
“ബിഡസോവ നദിക്കരയിലൂടെ നടക്കുമ്പോൾ, പണ്ടു്, ലോകയുദ്ധകാലത്തു് ഞാനൊരു കാഴ്ച കണ്ടിട്ടുണ്ടു്.”
പൊടുന്നനെ അദ്ദേഹം പറഞ്ഞു.
എനിക്കു് യാതൊന്നും മനസ്സിലായില്ല. കുമാരമാമ പട്ടാളത്തിലായിരുന്നുവെന്നു് എനിക്കറിയാം. ലോകയുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ടു്. ബിഡസോവ നദി എവിടെയാണെന്നു് എനിക്കറിയില്ല. അദ്ദേഹം എന്നോടു് വലിയൊരു കഥ പറഞ്ഞുതുടങ്ങി:
അക്കാലം, ബ്രിട്ടൺ അതിന്റെ കോളനിരാജ്യങ്ങളിൽ പട്ടാളസേവനം നടത്തുന്ന നേറ്റീവ്സിനെ തുറന്നയുദ്ധം നടക്കുന്ന യൂറോപ്പിന്റെ മണ്ണിലേക്കു് കൂടെക്കൂട്ടാറുണ്ടു്. കൊല്ലാൻ മടിയില്ലാത്തവർക്കും, നിരന്തരം ഗതിമാറ്റം സംഭവിക്കുന്ന വാർ സ്ട്രാറ്റജിയോടൊത്തു് പൊടുന്നനെ പങ്കുചേരാൻ കഴിവുള്ളവർക്കും, കുടുംബബന്ധങ്ങൾ അലോസരപ്പെടുത്താത്തവർക്കുമായിരുന്നു മുൻഗണന. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യംചെയ്യാനുള്ള പ്രാഥമികഗുണം നിശ്ചയമായും ഉണ്ടായിരിക്കുകയും വേണം. പരിഷ്കരിക്കപ്പെട്ട ആർമ്മിയോടൊത്തു് ഫലപ്രദമായി സഹകരിക്കാനുള്ള മാനസികവികാസമില്ലാത്ത വെറുംശരീരങ്ങളെ അവർ ഒട്ടും പരിഗണിക്കുകയില്ല. നാസികളുടെ വെടിയുണ്ടകൾക്കുള്ള തീറ്റക്കുവേണ്ടി, ചുമ്മാ മനുഷ്യരെ ഏഷ്യയിൽനിന്നു് കപ്പലേറ്റേണ്ടതില്ലല്ലോ.
സിഗ്നൽ കോർപ്സിലായിരുന്ന എനിക്കു് നറുക്കു വീണതു്, തെക്കുപടിഞ്ഞാറൻ ഫ്രാൻസിലേക്കായിരുന്നു. രണ്ടാംലോകയുദ്ധം അതിന്റെ മുഴുവൻ അഗ്നിച്ചിറകും വിരിച്ചതു് ഫ്രാൻസിന്റെ മണ്ണിലായിരുന്നുവെന്നു് ചരിത്രത്തേക്കുറിച്ചുള്ള സാമാന്യധാരണയുള്ളവർക്കറിയാം. മഞ്ഞവെയിലിൽ മിന്നുന്ന സുന്ദരമായ ഗോതമ്പുവയലുകളെയെല്ലാം യുദ്ധം വെറും മൈൻപാടങ്ങളാക്കി മാറ്റിയിരുന്നു. യുദ്ധാനന്തരം, സ്വന്തം വയലുകളിലെ കുഴിബോംബ് തോണ്ടിയെടുക്കാനുള്ള ഫണ്ടുപോലും അവശേഷിക്കാത്തവിധം തരിപ്പണമായിപ്പോയ സമ്പദ്വ്യവസ്ഥയായിരുന്നു അവരുടേതു്. ഏറെക്കാലത്തോളം, ഉരുളക്കിഴങ്ങിനായി കുഴിച്ചാൽ, പൊട്ടിത്തെറിയായിരിക്കും അവർക്കുനേരെ കടന്നുവരിക.
ഹിറ്റ്ലറും, ഫ്രാങ്കോയും, മറ്റുചില ഏകാധിപതികളും തൊള്ളായിരത്തി നാൽപ്പതുകളിൽ സംഗമിച്ച റെയിൽവേ സ്റ്റേഷനിലാണു് ശരിക്കും പറഞ്ഞാൽ, ഞങ്ങൾ വണ്ടിയിറങ്ങിയതു്. അതും അതിനോടടുത്ത മാസങ്ങളിലൊന്നിൽ. അറ്റ്ലാന്റിക്കിന്റെ തീരത്തു്, തീരെ തണുത്ത നദിക്കരയിൽ വിറങ്ങലിച്ചുനിൽക്കുന്ന ഒരു തുറമുഖപട്ടണത്തിലായിരുന്നു ക്യാമ്പു്. സ്പാനിഷ് അതിർത്തിയോടുരുമ്മിനിൽക്കുന്ന ലോവർ ബിഡസോവയുടെ തീരപ്രദേശം മിക്കവാറും പലമാതിരി മനുഷ്യരക്തംകൊണ്ടു് പങ്കിലമാക്കപ്പെട്ടതാണു്. ഫ്രാൻകോ-സ്പാനിഷ് യുദ്ധങ്ങളുടെ ദീർഘചരിത്രം തൊലിയിലും, നെഞ്ചിലും ഏറ്റുവാങ്ങിയതിന്റെ നിർഭാഗ്യം മിക്കപ്പോഴും അവിടെ മൂടൽമഞ്ഞായി ചുറ്റിപ്പിടിച്ചുനിൽക്കുന്നതു കാണാം.
മെഡിറ്ററേനിയൻ കടലിനും, അറ്റ്ലാന്റിക്കിനുമിടയിലായി കുപ്പിക്കഴുത്തുപോലെ തോന്നിച്ച ഒരിടത്തു്, ഉൾക്കടലിന്റെ മിഴിവറ്റ മൂടലുമായി തണുത്തുപിടിച്ചുകിടക്കുന്ന കുന്നിൻചെരിവിലായി ഞങ്ങളുടെ കമ്പനി വല്ലവിധേനയും താവളമൊരുക്കി. സൈന്യത്തിനു സ്വമേധയാ സ്വന്തമായ തികവോടെയും, തെളിമയോടെയും അതു് പ്രവർത്തിച്ചിരുന്നു എന്നു പറയാനൊക്കില്ല. ഒട്ടൊക്കെ രഹസ്യസ്വഭാവത്തോടെയാണു് പ്രവർത്തനമെന്നു തോന്നുന്നു. ബി. ഇ. എഫ് ഉന്നതാധികാരത്തിൽനിന്നും വന്നെത്തുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു അതത്രയുമെന്നാണു് പൊതുവെ പറഞ്ഞുകേട്ടതു്. അങ്ങനെയാണങ്കിൽതന്നെ, ഇടവിട്ടാവർത്തിക്കുന്ന ജർമ്മൻവിമാനങ്ങളുടെ ഹുങ്കാരത്തിൽ നിർദ്ദേശങ്ങളിൽ മിക്കവയും കാറ്റിൽചിതറി. അതായായിരുന്നു എന്റെയൊരു ഊഹം. സ്വന്തം കമാണ്ടർമാരുടെ അതതുസമയത്തെ നിർദ്ദേശങ്ങളായിരുന്നു ശരിക്കുംപറഞ്ഞാൽ, ഓരോ കമ്പനിയേയും, റെജിമെന്റിനേയുമൊക്കെ നയിച്ചിരുന്നതു്. സഞ്ചാരിമേഘങ്ങളേക്കൊണ്ടു് മങ്ങുകയും, തിളങ്ങുകയും ചെയ്യുന്ന മുഷിപ്പൻ യുദ്ധാകാശത്തേപ്പോലെ അവിടെ കാര്യങ്ങളത്രയും അതിദ്രുതം മാറ്റിവരക്കപ്പെട്ടുകൊണ്ടേയിരുന്നു.
സാധാരണഗതിയിൽ, യുദ്ധം അതിന്റെ അവസാനം കണ്ടുതുടങ്ങുമ്പോഴും, നഗരങ്ങൾ വീഴുമ്പോഴുമൊക്കയാണു് സിഗ്നൽ കോർപ്സും, ഒരു സംഘം മുന്നണി കമാണ്ടോകളും അകത്തേക്കു പ്രവേശിക്കുക. സുരക്ഷിതമെന്നുകണ്ടു്, ഞങ്ങൾ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചതിനുശേഷം മാത്രമേ, കമ്പനി പൂർണ്ണമായി അവിടേക്കു് നീങ്ങുകയുള്ളൂ. അത്തരത്തിലൊന്നുമായിരുന്നില്ല പക്ഷേ, അവിടുത്തെ സ്ഥിതി. ഒന്നാമതായി, നാസികളുടെ അധീനതയിൽനിന്നു് മോചിപ്പിക്കപ്പെട്ട ഒരിടമായിരുന്നില്ല അതു്. ശക്തമായ ഫ്രഞ്ച് വിരുദ്ധരുടെ അതിർത്തിയോടു ചേർന്നാണു് പ്രദേശത്തിന്റെ കിടപ്പു്. അതുകൊണ്ടുതന്നെ രഹസ്യനീക്കം നടത്തുന്ന ചാരൻമാരേപ്പോലെയായിരുന്നു മിക്കവാറും ഞങ്ങളുടെ പ്രവർത്തനങ്ങൾ. പ്രവർത്തനമെന്നൊക്കെ പറയുന്നതിനേക്കാൾ, ഒളിഞ്ഞിരുപ്പു് എന്നു മാറ്റി പറയുന്നതാവും ഉചിതം.
നാസി മുന്നേറ്റങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പലായനം ചെയ്തവരിൽ ബാക്കിയായ ഏതാനും മനുഷ്യരുടെ ഒളിത്താവളമെന്ന മട്ടിൽ കാണപ്പെട്ട ആ ഗ്രാമത്തിൽ ജീവിച്ചുപോന്നതു്, ഏതാനും ഫ്രഞ്ച് കുടുംബങ്ങൾ മാത്രമായിരുന്നു. അവരാകട്ടേ, പുല്ലുവിരിഞ്ഞ കുന്നുകൾക്കു പിന്നിലായി പതിയിരിക്കുന്ന സ്വന്തം വീടുകളിൽനിന്നു് ഏതു നിമിഷവും ഓടാൻ തയ്യാറെടുത്തവരുമായിരുന്നു.
അവിടെവെച്ചാണു്, പിയറിയെന്ന കുട്ടിയെ ഞാൻ കാണുന്നതു്. നദീതീരത്തെ ഒറ്റയടിപ്പാതയിലൂടെ, മരങ്ങളുടെ മറപറ്റി കൊച്ചുവെളുപ്പാൻകാലത്തു് ഒറ്റക്കു നടക്കുകയായിരുന്നു ഞാൻ. ശരിക്കും പറഞ്ഞാൽ, അതൊന്നും അനുവദനീയമായ കാര്യങ്ങളമല്ല. എങ്കിലും, ഒറ്റയ്ക്കാവാനും, നടക്കാനും കൊതിക്കാത്ത മനുഷ്യരുണ്ടോ? അങ്ങനെ നടന്നു്, ഞാനൊരു ഗ്രാമഭവനത്തിനു പിന്നിലെത്തി. ശരിക്കും അതു് ചുമരിലേക്കു ചെരിഞ്ഞുകയറിയ ചെടിത്തണ്ടുകളും, വള്ളികളുംചുറ്റി, മറഞ്ഞുപിടിച്ചു നിൽപ്പായിരുന്നു. ചെടികളെല്ലാം തണുപ്പിൽ മൊരിഞ്ഞുതുടങ്ങിയിട്ടുണ്ടു്. ആൽപ്സിൽനിന്നെത്തുന്ന മഞ്ഞുകാറ്റു് ഇടതടവില്ലാതെ നെഞ്ചിലേക്കു് വീശിവരുന്നുണ്ടു്. തെളിഞ്ഞു മൃദുവായ മെഡിറ്ററേനിയൻ ശീതമെന്നൊക്കെ യൂറോപ്യൻമാർ ആദർശവത്കരിക്കുന്ന അത്തരം തണുപ്പു് ഏഷ്യക്കാരനു് ശരിക്കും നരകംതന്നെയാണു്. അതിൽനിന്നു് രക്ഷപ്പെടാൻ ഒരു തുണ്ടു് ചുമരും തേടി ഞാൻ അങ്ങോട്ടു് കയറി.
വീടിന്റെ വാതിൽ അടഞ്ഞുകിടപ്പാണു്. അവിടെ ആരെങ്കിലും താമസിക്കുന്നതിന്റെ ലക്ഷണങ്ങളേതും കണ്ടില്ല. അതത്ര ശ്രദ്ധേയമായ സംഗതിയൊന്നുമായിരുന്നില്ല. ആളൊഴിഞ്ഞ എത്രയോ ഭവനങ്ങൾ അതുപോലെ അവിടങ്ങളിൽ കണ്ടിട്ടുണ്ടു്. ഇനി, താമസക്കാരുണ്ടെങ്കിൽതന്നെ, അപരിചിതനായ എന്റെ വരവു് ദൂരെനിന്നു് കണ്ടാൽ, അവരെല്ലാം എവിടെയെങ്കിലുംചെന്നു് പതിയിരിക്കാനും മതി.
താഴ്‌വരനോക്കി വിരിഞ്ഞുപോകുന്ന പുൽമേടിനു മുന്നിലായിട്ടാണു് ആ വീടു് നിന്നതു്. നായ്ക്കുരയോ, കോഴികളുടെ കുറുകലോ യാതൊന്നുമില്ലാത്ത നിശ്ശൂന്യ നിശ്ശബ്ദത. അത്തരമൊരു സന്ദിഗ്ദ്ധാവസ്ഥയിൽ സുന്ദരമായൊരു ഗ്രാമീണഭവനം സഹിക്കുക മിക്കവാറും ബുദ്ധിമുട്ടാണു്.
“അകത്താരെങ്കിലുമുണ്ടോ?”
ഞാൻ ചുമ്മാ വിളിച്ചുനോക്കി.
ഊഹിച്ചതുപോലെ മറുപടിയുണ്ടായില്ല. അതിന്റെ ചുമരുകൊണ്ടു് കാറ്റിനു കവചമിട്ടു് ഞാനിരുന്നു. ഫ്രഞ്ച് ആൽപ്സിന്റെ കനത്തമഞ്ഞുപാളികളിലൂടെ നൂണെത്തുന്ന തണുത്തകാറ്റു് പറക്കുന്ന ഈറൻ തുണിപോലെ സദാ പെരുമാറുന്നതും നോക്കി ഞാനങ്ങനെ വെറുങ്ങലിച്ചിരുന്നു. പ്രഭാതം മുഴുവനായി വിരിഞ്ഞിട്ടില്ല. സൂര്യവെളിച്ചം നന്നായി വീഴാൻ ഇനിയും നേരമെടുക്കും. അന്നേരം, വീടിനു മറുവശത്തുനിന്നു് എന്തോ വീഴുന്നതുപോലെയൊരു ശബ്ദം കേട്ടു. നാസിപ്പടയാളികളെ സദാ പ്രതീക്ഷിക്കുന്ന പേടിയുടെ പൊതുശീലമുള്ളതുകൊണ്ടു് ഞാനാകെ വിളറി. നരച്ചവെളിച്ചത്തിൽ കാഴ്ചകൾക്കാണെങ്കിൽ, മിഴിവുമില്ല.
വല്ലവിധേനയും പതുങ്ങിയൊതുങ്ങി വീടുചുറ്റി, മറുപുറത്തെത്തി. അവിടെ യാതൊന്നും കണ്ടില്ല. അവിടെത്തന്നെ നിന്നുകൊണ്ടു് ചുറ്റും ശ്രദ്ധിക്കാനാണു് അന്നേരം, തോന്നിയതു്. അതു് ഒരർത്ഥത്തിൽ ബുദ്ധിമോശമാണെന്നു് പറയേണ്ടിയിരിക്കുന്നു. നാസികൾ പതിയിരിപ്പുണ്ടെങ്കിൽ, കഥ തീർന്നതുതന്നെ. പക്ഷേ, അങ്ങനെയൊന്നുമുണ്ടായില്ല. തുടർന്നു്, ശബ്ദങ്ങളേതും കേട്ടതുമില്ല. പിൻതിരിയാമെന്നു് എനിക്കു് തോന്നി. അതിനായി തയ്യാറെടുക്കുമ്പോൾ, ഒരു മൂലയ്ക്കായി കിടന്നിരുന്ന കോഴിക്കൂടിൽനിന്നു് ഒരിളക്കം. ആയുധമൊന്നും കൈവശമില്ലാത്തതിനാൽ, തറയിൽനിന്നു് ഒരു കല്ലെടുത്തു് കൈയിൽവെച്ചു.
“ആരാണതു്?”
ഞാൻ മുരണ്ടു.
“നിങ്ങൾ നാസിയൊന്നുമല്ലല്ലോ, മൊസ്യേ?”
അതൊരു കുട്ടിയുടെ ശബ്ദമായിരുന്നു. അവൻ കൂട്ടിൽനിന്നു് കോഴിയേപ്പോലെ പുറത്തിറങ്ങിവന്നു. നെറ്റിയിലേക്കു് ചിതറിവീണ സ്വർണ്ണമുടിയിഴകളോടെ ഒരു സുന്ദരൻകുട്ടി.
“മൊസ്യേ, അങ്ങയുടെ കൈവശം തിന്നാൻ വല്ലതുമുണ്ടോ? ഇന്നലെ ഉച്ചമുതൽ എനിക്കൊന്നും കഴിക്കാൻ കിട്ടിയില്ല.”
യാതൊന്നും കിട്ടിയില്ലെങ്കിൽപോലും അവൻ എനിക്കു് നന്ദി പറയുമായിരുന്നു, ഉറപ്പു്. അത്രത്തോളം മാന്യനായ ഒരു കുട്ടിയായിരുന്നു അവൻ. മടക്കയാത്രയിൽ തിന്നാനായി ഡ്രൈ ബ്രഡും, അല്പം വറുത്ത ഇറച്ചിയുമുണ്ടായിരുന്നു എന്റെ കീശയിൽ. ഞാനതു് സന്തോഷത്തോടെ അവനു കൈമാറി.
“എന്താണു് നിന്റെ പേരു്?”
ഞാൻ ചോദിച്ചു.
“പിയറി.”
അപരിചിതമായ കൃതാർത്ഥതയോടെ അവൻ തന്റെ ചുരുക്കപ്പേർ പറഞ്ഞു. പേരു ചോദിക്കാവുന്ന ആരെങ്കിലുമൊരാളെ കണ്ടിട്ടു് കാലങ്ങളായിട്ടുണ്ടാവാം.
“അങ്ങയുടെ പേരെന്താണു് മൊസ്യേ?”
“കുമാരൻ.”
തെല്ലുനേരം അവനാ വിചിത്രമായ പേരു് നാവിലിട്ടുരുട്ടുന്നതു കണ്ടു. അതു് തനിക്കു് ഉച്ചരിക്കാൻ കഴിയുന്നതല്ലെന്നു് അവനു് തോന്നിയിരിക്കണം.
“അമ്മയെ നാലു ദിവസമായി കാണാനില്ല.”
ഇറച്ചിയും, ബ്രഡും തിന്നുമ്പോൾ അവൻ പറഞ്ഞു.
നാസികൾ പിടിച്ചുകൊണ്ടുപോയിരിക്കാം. തഞ്ചത്തിനും തരത്തിനും കിട്ടിയാൽ, അവർ ആരേയും വിട്ടുവെക്കില്ല. ഒരുപക്ഷേ, കുട്ടി പിടിക്കപ്പെടാതിരിക്കാൻ തന്നാലാകുന്നതെല്ലാം അവൾ ആ സന്ദർഭത്തിലും ചെയ്തിരിക്കാനാണു് സാദ്ധ്യത. ഏതായാലും അവൻ ലോകത്തു് ഒറ്റയ്ക്കായി. അച്ഛനെ നേരിൽ കണ്ട ഓർമ്മകൾ അവനില്ല. യുദ്ധത്തിലാണെന്നു് കേട്ടിട്ടുണ്ടു്.
പെട്ടെന്നു്, ആകാശത്തൊരു ഹുങ്കാരം മുഴങ്ങി. ജർമ്മൻ വിമാനമാണെന്നു തോന്നുന്നു. നിരീക്ഷണപ്പറക്കലിനിറങ്ങിയതാവാം. ഞാൻ അവനെ വലിച്ചിഴച്ചു് മരപ്പടർപ്പുകൾക്കിടയിലേക്കു് വീണുകൊടുത്തു.
“നിങ്ങൾ ഫ്രാൻസിനുവേണ്ടി പൊരുതുന്ന പട്ടാളക്കാരനാണോ, മൊസ്യേ?”
അവൻ കാതിൽ ചോദിച്ചു.
ഞാനൊന്നും വെളിപ്പെടുത്തിയില്ല. ഞങ്ങൾ വീണതു് ചെറിയൊരു കുഴിയിലേക്കാണു്. അവിടെ കിടന്നുകൊണ്ടു് അവൻ ഭക്ഷണമത്രയും തിന്നുതീർത്തു.
“പിയറീ, നീ ഇവിടെത്തന്നെയാണോ താമസം?”
ഞാൻ ആരാഞ്ഞു.
“ഞാൻ താമസിക്കുകയല്ല, കാത്തിരിക്കുകയാണു് മൊസ്യേ. അമ്മ തിരിച്ചുവരുമല്ലോ.”
അങ്ങനെയാണു് അവൻ പറഞ്ഞതു്. അടുത്തക്ഷണം അവൻ വീട്ടിനകത്തേക്കു ജനൽവഴി കടന്നുകയറി. തിരികെയെത്തിയതു് ഒരു കഷ്ണം ഫോട്ടോഗ്രാഫുമായിട്ടാണു്.
“ഇതാണു് എന്റെ അമ്മ.”
വിക്ടറി റോൾ രീതിയിൽ മെടഞ്ഞുസൂക്ഷിച്ച കേശാലങ്കാരത്തോടെ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു അവൾ. ആഴമുള്ള കണ്ണുകൾ. അതുകൊണ്ടു് നോക്കിയാൽ, കിണറ്റിനകത്തേക്കു് വീഴുന്നതുപോലെ മുന്നിൽപ്പെടുന്നവനു് അനുഭവപ്പെടാം. സ്റ്റുഡിയോവിൽവെച്ചെടുത്ത പടമല്ലായിരുന്നു അതു്. കാരണം, അവളുടെ ഒരു കണ്ണിൽ പടമെടുക്കുന്ന അവളുടെ ഭർത്താവിന്റെ നിഴൽ കാണുന്നുണ്ടു്. അടുത്ത കണ്ണിലാവട്ടേ, അച്ഛന്റെ തെല്ലകലത്തായി അതു നോക്കിനിൽക്കുന്ന കുട്ടിയേയും.
“അമ്മയെ കണ്ടുപിടിക്കാൻ താങ്കൾക്കാകുമോ, മൊസ്യേ?”
അവൻ അഭ്യർത്ഥിച്ചു.
അവനെയോർത്തായിരുന്നു അന്നേരത്തെ എന്റെ ഉത്കണ്ഠ. തെക്കുപടിഞ്ഞാറൻ അതിർത്തികളിൽ അത്തരമൊരു ഫ്രഞ്ച് കുട്ടി ഒട്ടും സുരക്ഷിതനല്ല. ഫ്രാൻസിന്റെ മറുഭാഗത്തെത്തിച്ചില്ലെങ്കിൽ, മിക്കവാറും അവൻ നാസികളുടെ വെടിയുണ്ടയ്ക്കു് ഇരയായതുതന്നെ.
പിറ്റേന്നുമുതൽ, റേഷനിൽ നല്ലൊരു പങ്കു് അവനുവേണ്ടിയാണു് ഞാൻ ചിലവഴിച്ചതു്. തമ്മിൽക്കാണുന്നതു് ദിവസത്തിലൊരു പ്രാവശ്യംമാത്രമായതുകൊണ്ടു്, അന്നേരം, എന്റെ ഒരുനേരത്തെ ഭക്ഷണമൊന്നാകെ അവനു കൊടുക്കുകയായിരുന്നു പതിവു്. അതു് അവൻ മൂന്നുനേരത്തിനായി പകുത്തുവെക്കും. മിക്കവാറും ഒരുനേരത്തെ പട്ടിണി നിസ്സാരമായി കരുതാവുന്ന ചെറുപ്പം എന്നെ അക്കാലം അനുഗ്രഹിച്ചിരുന്നു.
വെളിച്ചത്തെ അവനു വല്ലാത്ത പേടിയാണു്. അതുകൊണ്ടു് പകൽനേരങ്ങളിലൊന്നും അവൻ പുറത്തിറങ്ങിയിരുന്നില്ല. കിട്ടുന്ന ഭക്ഷണം പകുത്തു കഴിച്ചു്, അവൻ മരപ്പടർപ്പുകൾക്കിടയിലും, കുഴിയിലും, വീട്ടിനകത്തുമൊക്കെയായി ഒളിഞ്ഞുകഴിയും. അവനു സംസാരിക്കാൻകിട്ടുന്ന ഏകമനുഷ്യജീവി ഞാനായിരുന്നു.
“മൊസ്യേ, അമ്മ തിരിച്ചെത്തുന്നില്ലല്ലോ.”
അവൻ പറയും.
“വരും.”
ഞാൻ മറുപടി കൊടുക്കും.
അമ്മ വന്നില്ല. പകരം, അവന്റെ കണ്ണുകളിലേക്കു് കരച്ചിൽ കയറിവന്നു.
പിറ്റേന്നുമുതൽ, പതിവായി റോന്തുചുറ്റുന്ന ഇടങ്ങളിലെല്ലാം ഞാൻ പിയറിയുടെ അമ്മയെ തേടി. സാധിക്കാവുന്നവരോടെല്ലാം പടം കാണിച്ചു് അന്വേഷിച്ചു. അവളുടെ ഗതിയെന്തായെന്നു് അറിവു തരാൻ പക്ഷേ, ആർക്കും കഴിഞ്ഞില്ല.
പെട്ടെന്നാണു്, ഒരുദിവസം അവിടെനിന്നു് പിൻവാങ്ങാനുള്ള നിർദ്ദേശം കടന്നുവന്നതു്. അസാമാന്യമായൊരു ആക്രമണം നാസികളുടെ ഭാഗത്തുനിന്നുണ്ടാകാമെന്ന ഭീഷണിയാണു് അതിനു പിന്നിലുള്ളതെന്നു് വ്യക്തം. പത്തുനിമിഷത്തിനുള്ളിലാണു് കമ്പനി ഫാളിൻ ആയതു്. മഞ്ഞുചുറ്റിയ പുൽപ്പരപ്പിലൂടെ അകലം നോക്കി നീങ്ങുന്ന ട്രക്കുകളിലൊന്നിൽ അവിടം വിടുമ്പോൾ, പിയറി തന്നേല്പിച്ച ഫോട്ടോഗ്രാഫ് എന്റെ കുപ്പായക്കീശകളിലൊന്നിൽ തറഞ്ഞിരിപ്പുണ്ടായിരുന്നു. അതു് തിരികെക്കൊടുക്കാനുള്ള സമയം എനിക്കു കിട്ടിയില്ല. ഒരുവേള, അതിജീവിക്കുകയാണെങ്കിൽ, തന്റെ അന്വേഷണത്തിനുപയോഗിക്കാൻ കൈവശമുണ്ടായിരുന്നതു് അതുമാത്രമായിരുന്നല്ലോ. അതാണു് യാതൊരുപകാരവുമില്ലാത്ത എന്നേപ്പോലൊരുത്തന്റെ കീശയിലേറിപ്പോയതു്.
“ചിത്രമെന്തിനു്, സ്വന്തം അമ്മ അവന്റെ മനസ്സിനകത്തുണ്ടാകുമല്ലോ.”
കഥയറിഞ്ഞപ്പോൾ, മറ്റൊരു പട്ടാളക്കാരൻ സമാധാനിപ്പിച്ചു.
പക്ഷേ, എനിക്കറിയാവുന്നതു മറ്റൊന്നാണു്. ലോകയുദ്ധത്തിനു് ഒരു പാവം കുട്ടിയുടെ ഓർമ്മകളേക്കാൾ ബലമുണ്ടു്. പുകയും, പൊട്ടിത്തെറിയും, ചോരയും, മരണവും, വിരഹവുമെല്ലാം നീന്തിക്കടന്നു് മറുകര പിടിക്കാൻ സാധിച്ചെന്നിരിക്കട്ടേ, അവനിൽ പിന്നിട്ടുപോന്ന നല്ല ഓർമ്മകൾ ബാക്കിനിൽക്കുമെന്നുറപ്പുണ്ടോ? അങ്ങിങ്ങായി പച്ചവിരിഞ്ഞുനിൽക്കുന്ന സിമന്റ് നിറമുള്ള പരുക്കൻ പർവ്വതങ്ങളുടെ ചെരിവിലൂടെ വളഞ്ഞിറങ്ങുന്ന പാതകളിൽ ട്രക്ക് നീങ്ങിപ്പോകുകയായിരുന്നു. മനുഷ്യനിർമ്മിതപ്രദേശങ്ങളെ പ്രായേണ ഒഴിവാക്കിക്കൊണ്ടായിരുന്നു മടക്കയാത്ര. എത്രയെത്ര പ്രദേശങ്ങളിൽ നാസികൾ ആഴത്തിൽ ഇറങ്ങിക്കഴിഞ്ഞെന്നു് ഏകദേശ രൂപം പോലുമില്ലല്ലോ. വഴിയിലൊരു പൊട്ടിത്തെറിയും പ്രതീക്ഷിച്ചുകൊണ്ടുള്ള യാത്രകൾ ഞങ്ങൾക്കു് പുത്തിരിയൊന്നുമല്ല, പ്രത്യേകിച്ചു് യുദ്ധമുഖങ്ങളിൽ. എന്തിനും തയ്യാറായ ഭാവത്തോടെയാവും അവിടെയൊക്കെ ഓരോ പട്ടാളക്കാരന്റേയും നടപ്പു്. അത്തരം പരിതസ്ഥിതിയിൽപ്പോലും പിയറിയുടെ മുടിയിഴകളടർന്നുവീണ കുഞ്ഞിമുഖം എന്റെ മനസ്സിൽനിന്നു മാറിയില്ല. പേടിയിൽ പതിഞ്ഞമർന്ന പാവം കാലടികൾവെച്ചു്, എന്റെ ഓർമ്മകളിൽ അവൻ ആവർത്തിച്ചു. ഇപ്പോഴും, തന്റെ കോഴിക്കൂടിൽനിന്നു് ഇടതടവില്ലാതെ ഇറങ്ങിവരികയാണു്, അവൻ. അതുകൊണ്ടുതന്നെ അതു കാണുമ്പോൾ, എവിടെയാണങ്കിലും, ഞാൻ വല്ലാതങ്ങു പതറിപ്പോകും.
കുമാരമാമ കഥ പറഞ്ഞവസാനിപ്പിച്ചു. ശരിക്കും പറഞ്ഞാൽ, കൊച്ചുകുട്ടിയായ എനിക്കകത്തു് പുതിയൊരു കഥ തുടങ്ങിവെക്കുകയായിരുന്നു, അദ്ദേഹം. ബാല്യത്തിന്റെ തെളിവെളിച്ചത്തിനു് ക്രമേണയെന്നോണം ഇരുട്ടിന്റെ ഛായ പകർന്നു. വളർച്ചയുടെ രീതിതന്നെ അത്തരത്തിലാണല്ലോ. മറ്റെന്തൊക്കെ പൊങ്ങച്ചങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ടാലും, വളർച്ചയെന്നതു് വിരൂപഗതി കൂടിയാണെന്നു് സമ്മതിക്കണം. എങ്കിലും, യാനമെന്നതു് സഹജവുമാണല്ലോ. ലോകത്തോടും, അതിന്റെ മോഹങ്ങളോടുമൊപ്പം ഞാനും, എന്റെ രാജ്യവും അതിന്റെ സഹജഗതി തുടർന്നു…
ക്രമേണ കുമാരമാമയുടെ നാട്ടിലേക്കുള്ള സന്ദർശനങ്ങൾ കുറഞ്ഞുവന്നു. ഒടുവിൽ, അതു് തീരെ നിലച്ചു. മാർച്ച് ചെയ്തു ശീലിച്ച പട്ടാളക്കാർക്കു് ജീവിതത്തിൽ വിശ്രമം പറഞ്ഞിട്ടുള്ളതല്ല. അതുകൊണ്ടാവാം, തുടർന്നു്, കുമാരമാമ തന്റെ ദീർഘയാത്രകളെ കത്തുകളിലേക്കായി പരിവർത്തിപ്പിച്ചതു്. വിറയ്ക്കുന്ന അക്ഷരങ്ങൾകൊണ്ടു് ഓർമ്മകളിലേക്കു് വയൽസവാരി നടത്തുന്ന അദ്ദേഹത്തിന്റെ കത്തുകൾ, ഹൈസ്കൂൾ ക്ലാസിൽ പഠിക്കുന്ന കാലത്തെല്ലാം എന്നെത്തേടിയെത്തുമായിരുന്നു! നിവർന്ന അക്ഷരങ്ങളായിരുന്നു മാമയുടേതു്. മാർച്ച് പാസ്റ്റിലെന്നതുപോലെ അതങ്ങനെ കടലാസ്സിൽ വലതുനോക്കി അടിവെച്ചുനീങ്ങുന്നതുപോലെ തോന്നും.
ഏകമകൻ പട്ടാളത്തിലായിരുന്നതുകൊണ്ടു്, കുമാരമാമ അക്കാലം, വൃദ്ധസദനങ്ങളിലൊന്നിലായിരുന്നത്രെ ജീവിച്ചുപോന്നതു്. മകനോടൊപ്പമുള്ള താമസം അവസാനിപ്പിക്കാൻ കാരണമായതു്, ഭാര്യയുടെ മരണമായിരുന്നു. അതോടെയാണു് അത്തരമൊരു നീക്കുപോക്കിനു് മാമ തയ്യാറായതു്. മകനു സമ്മതമായിരുന്നില്ല. പക്ഷേ, മാമ തീരുമാനം മാറ്റിയില്ല. നന്മയുടെ അത്തരം കടുംപിടുത്തങ്ങൾക്കു് മിക്കവാറും ശുഭാന്ത്യം ഉണ്ടാകാറുണ്ടു്. മകനു് അതനുവദിക്കേണ്ടിവന്നു.
“അയാം വെരി ഹാപ്പി.”
വിറയാർന്ന അക്ഷരങ്ങളിലൂടെ മാമ മനസ്സു തുറന്നു. അക്ഷരങ്ങളുടെ കാലുകൾക്കു് ക്ഷമത കുറഞ്ഞുവരുന്നതായി ക്രമേണ അതിന്റെ വേഗത വെളിപ്പെടുത്തിക്കൊണ്ടിരുന്നു. തുടർന്നു്, കുറെക്കാലം മാമയുടെ കത്തുകളൊന്നും വന്നില്ല. അങ്ങോട്ടെഴുതിയവക്കാവട്ടേ, മറുപടിയുമുണ്ടായതുമില്ല.
അങ്ങനെയിരിക്കെ, ഒരു ദിവസം, കുമാരമാമയുടെ മകന്റെ ടെലഗ്രാം എനിക്കു കിട്ടി.
“ഫാദർ എക്സ്പയേഡ്.”
മരിച്ചുപോയ മാമയെ പട്ടാളക്കാരനായ മകൻ നാട്ടിലേക്കൊന്നും കൊണ്ടുവന്നില്ല. കുടുംബക്കാർ അങ്ങോട്ടു പോയതുമില്ല. ഗുജറാത്തു് എന്നതു് ഒരേ കടലിന്റെ ഓരംപറ്റി യാത്രചെയ്തു് ലളിതമായി ചെന്നെത്താവുന്ന സ്ഥലമൊന്നുമല്ലല്ലോ. ചിലരൊക്കെ മകനു് കത്തുകെളഴുതി. ചിലർ കമ്പിയടിച്ചു, അത്രതന്നെ. ദൂരം വലുതായിരുന്ന അക്കാലത്തു്, സ്വാഭാവികമായും ഒരു ബന്ധം അത്തരമൊരവസ്ഥയിൽ എന്നെന്നേക്കുമായി അവസാനിച്ചതായി കണക്കാക്കാം. അങ്ങനെ, ഏതാനും കത്തിടപാടുകളിൽ ആ വംശ ബാന്ധവത്തിന്റെ ചരടറ്റു.
കാലങ്ങൾക്കുശേഷം, ഒരു ദിവസം, മുന്നറിയിപ്പുകൂടാതെ കുമാരമാമയുടെ മകൻ നാട്ടിലെത്തി. അപ്പോഴേക്കും അയാൾക്കു് വയസ്സായിക്കഴിഞ്ഞിരുന്നു. എന്റെ മകനെ തുണകൂട്ടി അയാൾ പാടവരമ്പുകളിലേക്കിറങ്ങി. ഞാനും അവരോടൊപ്പം കൂടി.
“കുമാരമാമക്കു് വിശേഷിച്ചെന്തായിരുന്നു, മരിക്കാനായി കാരണം?”
ഞാൻ ചോദിച്ചു.
മകന്റെ മുഖം വിവർണ്ണമായി.
“വൃദ്ധസദനം സ്ഥിതിചെയ്തിരുന്ന തെരുവിൽ മതകലാപം പൊട്ടിപ്പുറപ്പെട്ടു. അതിൽനിന്നു് തലനാരിഴക്കു് രക്ഷപ്പെട്ട ഒരു കുട്ടി ആരുമറിയാതെ സദനത്തിലെത്തി. ആദ്യഘട്ടത്തിൽ അതിനകത്തുതന്നെ അവനെ കണ്ടതു് അച്ഛൻമാത്രമായിരുന്നു. അച്ഛൻ ആ കുട്ടിയെ സ്വന്തം മുറിയ്ക്കകത്തു് ദിവസങ്ങളോളം ഒളിപ്പിച്ചു. തനിക്കു് കഴിക്കാനായി കിട്ടുന്ന ഭക്ഷണം കൊടുത്തു്, അച്ഛൻ അവനെ ആരുമറിയാതെ അവിടെ പാർപ്പിച്ചു. കലാപം നിയന്ത്രണത്തിലാക്കാൻ സർക്കാരിനു കഴിഞ്ഞെങ്കിലും, കുട്ടിയുടെ മാതാപിതാക്കളെ അവനു് മടക്കിക്കൊടുക്കാൻ ആർക്കും കഴിഞ്ഞില്ല. ലോകവും അതിന്റെ മോഹങ്ങളും പതിവുയാത്രാപഥത്തിലേക്കു് കയറിയെങ്കിൽ, അച്ഛനു് അങ്ങനെ കഴിഞ്ഞില്ല. അദ്ദേഹം ഉണ്ണാവ്രതത്തിലേക്കു കയറി. ഒരുതരി ഭക്ഷണം കഴിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവിൽ… ”
“ആ കുട്ടി ഇപ്പോൾ, എവിടെയുണ്ടു്?”
ഞാൻ ആരാഞ്ഞു.
തീർച്ചയായും, അത്ഭുതംകൊള്ളിക്കുന്ന ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നു.
“അവനാണു് അച്ഛന്റെ അനന്തരാവകാശി. അതു് അങ്ങനെയാവാനാണു് അച്ഛനെപ്പോലെ ഞാനും ഇഷ്ടപ്പെട്ടതു്.”
“എന്താണവന്റെ പേരു്?”
“അന്നത്തെ പേടിയിൽ, അവൻ തന്നേക്കുറിച്ചു് മിക്കവാറും മറന്നുപോയ്ക്കഴിഞ്ഞിരുന്നു. ഇപ്പോൾ, പിയറി എന്നാണു് അവനു് പേരു്. അച്ഛനാണു് അവനതു് നൽകിയതു്.”
1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന