1975 സ്വച്ഛസുന്ദരമായ കാലമായിരുന്നോ എന്നു ചോദിച്ചാൽ, എനിക്കൊന്നും പറയാനാവില്ല. ആകാശം പിടിക്കാൻ മുകളിലേയ്ക്കു കയറ്റിവെച്ച മരപ്പെട്ടികൾ അണിതെറ്റി താഴോട്ടു പൊട്ടിച്ചാടുന്ന ശബ്ദം കേട്ടു്, രാത്രിനേരങ്ങളിൽ ഞെട്ടിയുണരുമ്പോൾ, മുത്തച്ഛൻ പറയും—“പേടിയ്ക്കണ്ട, ഭൂമികുലുക്കമാണു്.” പാടത്തു്, പോലീസുകാരുടെ ബൂട്ടടിശബ്ദം പാഞ്ഞുപോകുന്നതാണു്. മുത്തച്ഛൻ പറയില്ല, കുട്ടിയായ ഞാൻ പേടിക്കേണ്ടെന്നു കരുതിയിട്ടാണു്. വടക്കേ ജനൽ തുറന്നില്ലെങ്കിൽപ്പോലും പുറത്തെ ശബ്ദങ്ങൾ അകത്തേയ്ക്കു കയറിവരും. രാത്രിയായാലും പകലായാലും. ജനലിനപ്പുറം പാടങ്ങളാണു്. കർക്കിടകത്തിൽ മഴത്തുള്ളികളും, ധനുവിൽ മഞ്ഞും, കുംഭത്തിൽ കുടമിട്ടുരുട്ടാൻപോന്ന കാറ്റും പാടം കടന്നുവന്നു് ജനലിൽ മുട്ടിവിളിക്കും. കളിക്കാൻ വിളിക്കുന്നതാണു്. കൃഷിനോക്കാൻ മുത്തച്ഛന്റെ കൂടെ ഞാനെന്നും പോകും. ചതുരക്കൂടുകൾ ചേർത്തു വെച്ചതുപോലെ, ദൂരം പിടിക്കാനോടുന്ന കൊച്ചുപാടങ്ങളായിരുന്നു ഞങ്ങളുടേതു്. പടിഞ്ഞാറുനോക്കി അതങ്ങനെ പുഴവരെ നീണ്ടുചെരിഞ്ഞുകിടക്കും. പരന്ന പച്ചയ്ക്കിടയിൽ വരച്ചുവെച്ച ചതുരങ്ങൾപോലെ കിടക്കുന്ന വരമ്പുകളിലൂടെ മുത്തച്ഛന്റെ പിന്നിൽ നടക്കുമ്പോൾ, തവളക്കുട്ടികളും മീൻപൊടിപ്പുകളും വരമ്പിലെ ഞണ്ടുകളുമൊക്കെ സൂത്രത്തിൽ കോക്രികാട്ടി കളിക്കാൻ വിളിക്കും.
പുലരി കുങ്കുമമെടുത്തു് കിഴക്കൻ കുന്നുകളിൽ പുരട്ടുമ്പോൾ, ഞാനും മുത്തച്ഛനും വരമ്പിൽ കാലുവെച്ചിട്ടുണ്ടാവും. കരിമേഘം കുങ്കുമം മായ്ച്ചുകളയുന്ന മഴക്കാലങ്ങളിലും ഞങ്ങളുടെ യാത്രാസമയത്തിൽ മാറ്റമില്ല. മിഥുനത്തിലൊക്കെ തോരാമഴ പട്ടക്കുടയ്ക്കു മുകളിൽ പടക്കം പൊട്ടിച്ചു കളിക്കും. കൊച്ചു പട്ടക്കുടയാണു് എന്റേതു്. മുന്നിൽ നടക്കുന്ന മുത്തച്ഛന്റെ കുട തെറിപ്പിക്കുന്ന വെള്ളം, മലരിയിൽനിന്നും പൊട്ടിത്തെറിക്കുന്ന തുള്ളികളേപ്പോലെ മുന്നിൽ ചിതറിവീഴുന്നതും കണ്ടു് ഞാനങ്ങനെ നടക്കും.
പാടംചുറ്റി തിരിച്ചെത്തി, മുത്തശ്ശി വിളമ്പുന്ന കഞ്ഞി കുടിച്ചുകഴിഞ്ഞാൽ, പോലീസ് സ്റ്റേഷനിലേയ്ക്കുള്ള യാത്രയാണു്. “അവനേപ്പറ്റി വിവരം വല്ലതുമുണ്ടോ?” മുത്തച്ഛൻ ചോദിക്കും. രാമൻനായരുപോലീസുപോലും വിഷമത്തിലാവും. “ഇല്ലല്ലോ കാരണോരേ.”
മകനെ കാണാനില്ലെന്ന തന്റെ പരാതിയുടെ പിൻബലത്തിലാണു് മുത്തച്ഛൻ അവിടെയെന്നും എത്തിയിരുന്നതു്. അവരെ സംബന്ധിച്ചിടത്തോളം അച്ഛൻ ഒരു പിടികിട്ടാപ്പുള്ളിയാണു്. രണ്ടുപേർക്കും രണ്ടു രീതിയിൽ അച്ഛനെ ആവശ്യമായിരുന്നു. പിടിക്കപ്പെടുന്നതോടെ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്തവിധം സ്വന്തം മകൻ തനിക്കു നഷ്ടപ്പെടുമെന്നു മനസ്സിലാക്കാനുള്ള രാഷ്ട്രീയബോധമൊന്നും മുത്തച്ഛനില്ലായിരുന്നു. മാത്രവുമല്ല, കിട്ടിയാൽത്തന്നെ കൈകാര്യംചെയ്യുന്നതു്, ക്രൈംബ്രാഞ്ചുകാരായിരിക്കും.
“അമ്മയില്ലാത്ത കുട്ടിയാണു്.” എന്റെ കുട്ടിത്തലയിൽ തലോടിക്കൊണ്ടു് മുത്തച്ഛൻ പറയും.
“കണ്ടുകിട്ടിയാൽ അറിയിക്കാം ട്ടോ കാരണോരെ.” രാമൻനായരുപോലീസ് സമാധാനിപ്പിക്കും.
ഒരുവട്ടം തിരിച്ചു നടക്കുമ്പോൾ, രാമൻനായർ മറ്റൊരു കോൺസ്റ്റബിളിനോടായി പറയുന്നതു കേട്ടു.
“മിസയ്ക്കു് രണ്ടാം ഭേദഗതി ഓർഡിനൻസും ഇറങ്ങി, ഇനിയെന്തു രക്ഷ?” മടക്കയാത്രയിൽ, രാശുചെട്ട്യാരുടെ കടയിൽനിന്നും എനിക്കൊരു കോലുമിട്ടായി കിട്ടി. അമ്മയില്ലാത്ത കുട്ടികൾക്കു് എവിടെപ്പോയാലും മധുരമാണു്!
തിരിച്ചുനടക്കുമ്പോൾ, അച്ഛനെ ഓർമ്മവന്നു. അച്ഛനു് നല്ല ഭംഗിയുള്ള പല്ലുകളാണുള്ളതു്. ഇരുട്ടിലും തിളങ്ങും. ഉറക്കത്തിനിടയിൽ ഉണർത്തിവിളിക്കുകയാണു് എപ്പോഴും പതിവു്. കണ്ണുതുറന്നാൽ, ആദ്യമേതന്നെ ചിരിക്കുന്ന പല്ലുകളാണു് കണ്ണിൽപ്പെടുക. ഉമ്മ കിട്ടുമ്പോൾ, പല്ലുവന്നു് കവിളിൽകൊള്ളും. നല്ല സുഖമാണു്. അടുത്തുകിടക്കും. പള്ളിക്കൂടത്തിലെ വിശേഷങ്ങൾ ചോദിക്കും. ഉറക്കിക്കിടത്തി, രാത്രിയിലെപ്പോഴോ തിരിച്ചുപോവുകയുംചെയ്യും. പിറ്റേന്നുണരുമ്പോൾ, നടന്നതു് സ്വപ്നമായിരുന്നോ എന്നു സംശയം വരും. സ്മരണയിൽ നിന്നും പല്ലുകൾ മാഞ്ഞുപോകില്ല. ചിലപ്പോൾ, കവിളിൽ പിൻനിലാവു പോലെ അതിന്റെ പാടു കാണാം. പാടത്തേയ്ക്കിറങ്ങിയപ്പോൾ, തലേന്നു രാത്രിയിലെ ‘ഭൂകമ്പ’ത്തിൽ വരമ്പിളകിക്കിടക്കുന്നതു കണ്ടു. ബൂട്ടടിപ്പാടുകളാണെങ്ങും. വരമ്പിന്റെ വശങ്ങളിൽ അങ്ങിങ്ങു് പൊട്ടിയിട്ടുണ്ടു്.
“മുത്തശ്ശാ,” ഞാൻ വിളിച്ചു, “അച്ഛനെ കിട്ടിയാൽ പോലീസുകാരു് തല്ലോ?” മുത്തച്ഛൻ പരുങ്ങി. പാവം, അങ്ങനെ ആലോചിച്ചിട്ടുപോലുമുണ്ടാവില്ല. മുത്തച്ഛൻ മുന്നിൽ നടക്കുമ്പോൾ, ഞാൻ വരമ്പിൽ നിന്നും കിട്ടിയ ഈർക്കിലിയെടുത്തു് ഞണ്ടിന്റെ പോട്ടിലേക്കു താഴ്ത്തി. ഞണ്ടു് അതിലെങ്ങാൻ കയറിപ്പിടിച്ചാൽ, പൊക്കിയെടുത്തു് വെളിയിലിടും.
“ഞണ്ടേ, ഞണ്ടേ നിന്നുടെയുള്ളിൽ” എന്നു പാടാമല്ലൊ, നല്ല രസമാ.
പെട്ടെന്നു്, അവിടെനിന്നും എനിക്കൊരു പല്ലു കിട്ടി. തിളങ്ങുന്ന പല്ലു്! “മുത്തശ്ശാ… ” ഞാൻ വിളിച്ചു. പിന്നീടൊന്നും പറയാൻ എനിക്കായില്ല, ഞാനൊന്നും പറഞ്ഞതുമില്ല.
സ്വന്തം മകനു് എന്തുപറ്റിയെന്നു് അറിയാതെതന്നെയാണു് മുത്തച്ഛൻ ഭൂമിവിട്ടതു്, ഏറെ വൈകാതെ മുത്തശ്ശി ഭ്രാന്തിന്റെ ചിത്രപ്പൂട്ടിലുമായി. എന്റെ മരണശേഷം, ആരും കാണാത്ത പല്ലുപോലെ ആ രഹസ്യം ചരിത്രത്തിൽപ്പെടാതെ തിരോഭവിക്കും, തീർച്ച.
1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ