images/Hot_water_seller.jpg
Hot water seller, a painting by Unknown author .
സഹകരണപ്രസ്ഥാനം
വി. കെ. കുഞ്ഞൻമേനോൻ
സഹകരണപ്രസ്ഥാനം ഒരു പ്രത്യേക ചരിത്ര മഹൂർത്തത്തിൽ എത്തിച്ചേർന്നിരിക്കുന്ന ഈ അവസരത്തിൽ ഈ പുസ്തകം ഏറെ പ്രസക്തമെന്നു കരുതുന്നു. സഹകരണപ്രസ്ഥാനത്തിന്റെ ആരംഭം, അടിസ്ഥാനതത്വങ്ങൾ ഇതെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകം പുതിയതലമുറയ്ക്കു് ഈ മഹൽ പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനു പ്രേരിപ്പിക്കുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരായി. —സായാഹ്ന പ്രവർത്തകർ

അവതാരിക

മനുഷ്യവർഗ്ഗം ആദികാലംമുതൽ ഓരോ അവസ്ഥാവിശേഷത്തിൽനിന്നു ക്രമേണ കയറീട്ടാണു് ഇപ്പോഴത്തെ പരിഷ്കൃതാവസ്ഥയെ പ്രാപിച്ചിട്ടുള്ളതു്. മൃഗങ്ങളെ വേട്ടയാടി ഉപജീവനം കഴിച്ചു ഗിരിഗുഹാദികളിൽ വസിച്ചു കാലക്ഷേപം ചെയ്തുപോന്നതായ ഒരവസ്ഥ ഒട്ടാദ്യത്തേതായിട്ടു വിചാരിക്കാം. പിന്നെ ആടു പശു കന്നാലി മുതലായവയെ മേച്ചു് അവകൊണ്ടുപജീവനം ചെയ്തുപോന്നിരുന്ന അവസ്ഥ. അതിന്റെ ശേഷം ഭൂമി വെട്ടിത്തെളിയിച്ചു കൃഷി ചെയ്തുപജീവിയ്ക്കുക എന്ന അവസ്ഥ. ഒടുക്കം വിവിധവ്യവസായങ്ങളിലേർപ്പെട്ടു കാലക്ഷേപം ചെയ്യുക എന്ന അവസ്ഥ. ഈ അവസ്ഥാവിശേഷങ്ങൾ ക്രമത്തിൽ ഉത്തരോത്തരം അധികമധികം പരിഷ്കാരപ്പെട്ടാണിരിക്കുന്നതു് എന്ന സംഗതിയിൽ സംശയമില്ല. ഒരവസ്ഥയിൽ നിന്നു മറ്റേതിലേക്കുള്ള മാറ്റംകൊണ്ടു മനുഷ്യർക്കു് അധികമധികം ഗുണം സിദ്ധിച്ചിട്ടുമുണ്ടു്. വിവിധവ്യവസായങ്ങളിലേർപ്പെട്ടു പ്രവർത്തിപ്പാനുള്ള സാമർത്ഥ്യമുണ്ടായതോടുകൂടി സുഖജീവിതത്തിന്നുള്ള ഉപകരണങ്ങൾ പലതും ഉണ്ടായിത്തീരുകയും അവ മനുഷ്യർക്കു സുലഭമായിത്തീരുന്നതിന്നു കച്ചവടം എന്ന ഏർപ്പാടു മേൽക്കുമേൽ വർദ്ധിച്ചുവരികയും ചെയ്തു. പക്ഷേ, അതോടുകൂടി മുതലാളി തൊഴിലാളി എന്നു രണ്ടു തരം ജനങ്ങൾ തമ്മിലുള്ള അന്തരം നിർഭാഗ്യത്താൽ, വളരെ അധികമായിട്ടു തീർന്നു. എങ്ങിനെയെന്നാൽ അത്യാഗ്രഹംനിമിത്തം സ്വാർത്ഥപരന്മാരായിത്തീർന്ന മുതലാളന്മാർ ലോകത്തിൽ ധനവർദ്ധനക്കു പരമാർത്ഥത്തിൽ കാരണഭൂതന്മാരായ പലതരം കൈത്തൊഴിൽക്കാരേയും കൂലിവേലക്കാരേയും പലവിധത്തിലും ഞെരുക്കുവാൻ തുടങ്ങി. ഈ ഘട്ടത്തിലാണു് മനുഷ്യരുടെ ജീവിതദശക്കു് ഒരു മാറ്റംകൂടി വേണ്ടതായിട്ടു വന്നതു്. അങ്ങിനെയൊരു മാറ്റത്തിന്റെ ഫലമായിട്ടാകുന്നു ഇപ്പോഴത്തെ ‘സഹകരണം’ എന്ന പ്രസ്ഥാനവിശേഷം മനുഷ്യസമുദായത്തിൽ ആവിർഭവിച്ചിട്ടുള്ളതു്.

സഹകരണസംഘങ്ങളുടെ സ്ഥാപനത്തിന്നുള്ള മുഖ്യകാരണങ്ങൾ

പലരുംകൂടിച്ചേർന്നു പ്രവർത്തിക്കുക എന്നതു മനുഷ്യർ ഒട്ടാദികാലംമുതൽക്കുതന്നെ സ്വയമേ അനുഷ്ടിച്ചുപോന്നിരുന്നുവെന്നതു സിദ്ധമാണു്. എന്തെന്നാൽ, അതില്ലായിരുന്നുവെങ്കിൽ മനുഷ്യരുടെ ഇടയിൽ ഗൃഹഗ്രാമപുരരാഷ്ട്രാദി സ്ഥാപനങ്ങളും വിവിധവ്യവസായങ്ങളും തൽഫലമായിട്ടു നിത്യകാലക്ഷേപത്തിന്നാവശ്യകങ്ങളായ പലപലസാധനങ്ങളുടേയും സുഖജീവിതത്തിന്നുപയോഗിക്കപ്പെടുന്ന നാനാവിധപദാർത്ഥങ്ങളുടേയും നിർമ്മാണവും, എന്നുവേണ്ട, പരിഷ്കൃതജീവിതത്തിന്നുതകുന്നതായ സർവ്വകാര്യങ്ങളും അസാദ്ധ്യമായിത്തന്നെയിരിക്കുമായിരുന്നുവെന്നതു സുവ്യക്തമാണു്.

ചുരുങ്ങിയതു പതിനായിരം സംവത്സരങ്ങൾക്കു മുമ്പു മുതൽക്കുതന്നെ മനുഷ്യരിൽ പല വകക്കാരും ഒട്ടേറെ പരിഷ്കൃതരീതിയിൽ കാലക്ഷേപം ചെയ്തുതുടങ്ങിയിരുന്നുവെന്നു ചരിത്രംകൊണ്ടു കാണുന്നുണ്ടു്. എന്നാൽ പലവിധത്തിലുമുള്ള ആവിയന്ത്രങ്ങളേയും വൈദ്യുതയന്ത്രങ്ങളേയും നിർമ്മിച്ചു് അവയുടെ സഹായംകൊണ്ടു ഭൂലോകം മുഴുവൻ അനായാസേന സുഖമായി സഞ്ചരിക്കത്തക്കവണ്ണം തീവണ്ടി വിമാനം മുതലായ വാഹനങ്ങളെ സൃഷ്ടിക്കുകയും അതിദൂരത്തുള്ള വർത്തമാനങ്ങൾ ക്ഷണനേരംകൊണ്ടു തമ്മിൽതമ്മിൽ അറിയിക്കുന്നതിനു സമർത്ഥമായ കമ്പിത്തപാൽ മുതലായവയെ ഏർപ്പെടുത്തുകയും ജീവിതത്തിന്നു സൗകര്യത്തേയും സുഖത്തേയും വർദ്ധിപ്പിക്കുന്നതായ നാനാവിധത്തിലുമുള്ള പദാർത്ഥങ്ങളെ ഉണ്ടാക്കി സർവ്വർക്കും പ്രാപ്യമാകത്തക്കവിധത്തിൽ അവയെ ലോകം മുഴുവൻ പരത്തുകയും മറ്റും ചെയ്യുക എന്നുള്ള അത്ഭുതകർമ്മങ്ങൾ മനുഷ്യർക്കു സുസാധമായിട്ടു വളരെ കാലമായിട്ടില്ല.

വലിയ വലിയ യന്ത്രശാലകളുടെ സ്ഥാപനംവഴിക്കു നാനാവിധസുഖപദാർത്ഥങ്ങളെ തുകപ്പടിയായിട്ടസംഖ്യം ഉണ്ടാക്കി അവയെ എല്ലാ മനുഷ്യർക്കും വാങ്ങി അനുഭവിക്കത്തക്കവണ്ണം സർവ്വത്ര പ്രചരിപ്പിക്കുവാൻ മനുഷ്യർക്കു സാധിച്ചു. പക്ഷേ, ആ വക ഏർപ്പാടുകളിൽനിന്നുണ്ടാകുമെന്നു കരുതാവുന്നതായ പരക്കെയുള്ള ധനസമൃദ്ധി, അധികസുഖത്തോടുകൂടിയ കാലക്ഷേപം, തൽഫലമായിട്ടുണ്ടാകുന്ന അധികമായ സംതൃപ്തി എന്നിവയ്ക്കു പകരം തദ്വിപരീതമായ ദാരിദ്ര്യം, ക്ലേശഭൂയിഷ്ഠമായ കാലക്ഷേപം, അസംതൃപ്തി എന്നിവയാണു് ഭൂരിപക്ഷം ജനങ്ങളുടെ ഇടയിൽ നിർഭാഗ്യത്താൽ ഉണ്ടായിത്തീർന്നതു്. എങ്ങിനെയെന്നാൽ, മുൻപറഞ്ഞ ഏർപ്പാടുകളെക്കൊണ്ടു ലോകത്തിൽ ധനം വളരെ വർദ്ധിച്ചുവെങ്കിലും ആ ധനത്തിന്റെ വിഭജനം മുമ്പൊരുകാലത്തുമുണ്ടാകാത്തവിധം ഏറ്റവും വിഷമമായ അവസ്ഥയിലായിട്ടു തീർന്നു: വിവിധ വ്യവസായങ്ങൾക്കായി മുതൽ ഇറക്കീട്ടുള്ള മുതലാളന്മാർക്കു ധനം അളവില്ലാതെ മേൽക്കുമേൽ വർദ്ധിക്കുകയും, അതിന്നു വിപരീതമായി, ധനവർദ്ധനയ്ക്കു കാരണഭൂതന്മാരായ തൊഴിലാളികൾക്കും വേലക്കാർക്കും ദാരിദ്ര്യം, കടച്ചുമതല, മുതലായ ബാധകൾ ക്രമേണ അധികമധികമായിട്ടുവരികയുംചെയ്തു. ഇതിനെ കുറേക്കൂടി വിശദമാക്കാം:- മുതലാളന്മാർ കമ്പനിയായിട്ടുചേർന്നു യന്ത്രശാലകൾ സ്ഥാപിച്ചു് ഓരോവ്യവസായങ്ങളെ വലിയ ഏർപ്പാടിൽ നടത്തുവാൻ തുടങ്ങിയപ്പോൾ സ്വസ്വഭവനങ്ങളിലും മറ്റുമായി പല വ്യവസായങ്ങളേയും ചുരുങ്ങിയ മട്ടിൽ നടത്തിപ്പോന്നിരുന്ന പലതരം തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം തീരെ അടഞ്ഞകൂട്ടത്തിലായി. അപ്പോൾ ആ കൂട്ടർ മേപ്പടി മുതലാളന്മാരുടെ യന്ത്രശാലകളിൽ പോയി സ്വസ്വമനോധർമ്മങ്ങളെ യാതൊന്നും പ്രയോഗിക്കുവാൻ സാധിക്കാതെ അചേതനങ്ങളായ യന്ത്രങ്ങളെപ്പോലെതന്നെ ഓരോ വേലകൾ ചെയ്തു കൂലിവാങ്ങിക്കുക എന്ന ശോചനീയാവസ്ഥയെ പ്രാപിക്കേണ്ടതായിട്ടുവന്നു. ഓരോ യന്ത്രശാലകളിലും അനേകായിരം ജനങ്ങൾ—ആബാലവൃദ്ധം സ്ത്രീകളും പുരുഷന്മാരും—വേലചെയ്തുതുടങ്ങി. പലതരത്തിലുമുള്ള അസംഖ്യം സാധനങ്ങൾ അവ ഓരോന്നിൽനിന്നും ഉണ്ടാക്കപ്പെട്ടു. ഇവയെക്കൊണ്ടു കച്ചവടം നടത്തിയ മുതലാളന്മാരുടെ സ്വത്തു ക്രമാതീതമായിട്ടു വർദ്ധിച്ചു. അപ്രകാരമുള്ള അതിയായ ലാഭത്തെ ഉണ്ടാക്കിക്കൊടുത്ത വേലക്കാർക്കു ദിവസവൃത്തിക്കു വേണ്ടുന്നതിന്നു പോലും മതിയാകാത്ത വിധത്തിലുള്ള കൂലിമാത്രം മുതലാളന്മാർ കൊടുത്തുപോന്നു. അതുകാരണം അവരിൽ ദാരിദ്ര്യം വർദ്ധിച്ചുവന്നു. തൽഫലമായിട്ടു് അവരിൽ പലരും കടത്തിൽ പെടുകയാൽ മുതലാളന്മാർക്കു കുറെക്കൂടി അടിമപ്പെട്ടുവശായി. ഈ ഒരവസ്ഥയിലാണു് സഹകാരിത അല്ലെങ്കിൽ സഹകരണം എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള പരസ്പരസഹായസംഘങ്ങൾ എന്ന ഏർപ്പാടു ജനങ്ങളുടെ ഇടയിൽ അത്യാവശ്യമായിട്ടു തീർന്നതു്.

യന്ത്രശാലകൾ സ്ഥാപിച്ചു കമ്പനിയായി ചേർന്നു നാനാവ്യവസായങ്ങളെ നടത്തുക എന്ന സമ്പ്രദായം ആദ്യമായിട്ടു നടപ്പിൽവന്നതു യൂറോപ്പുരാജ്യത്താകയാൽ തൽസംബന്ധമായ മുമ്പറഞ്ഞ ദോഷങ്ങൾ ആദ്യമായിട്ടു കണ്ടുതുടങ്ങിയതും അവയ്ക്കു പരിഹാരമായി പരസ്പരസഹായസംഘങ്ങൾ ആദ്യമായിട്ടേർപ്പെടുത്തിയതും അവിടങ്ങളിൽതന്നെയാകുന്നു. എന്നാൽ മുമ്പറഞ്ഞ സമ്പ്രദായത്തിലുള്ള വ്യാവസായികമായ ഏർപ്പാടുകൾ നമ്മുടെ ഇന്ത്യാരാജ്യത്തു നടപ്പായി തുടങ്ങിവരുന്നതേയുള്ളു. അതനുസരിച്ചു തജ്ജന്യങ്ങളായ ദോഷങ്ങളും ക്രമേണ കണ്ടു തുടങ്ങിയപ്പോൾ ആ ദോഷങ്ങളുടെ നിവൃത്തിക്കുള്ള മാർഗ്ഗങ്ങളെ കണ്ടുപിടിക്കുന്നതിന്നു വിശേഷാൽ ശ്രമം ചെയ്യേണ്ടതായിട്ടു വന്നില്ല. യൂറോപ്യന്മാരെ അനുകരിക്കുക മാത്രമേ ആ കാര്യത്തിൽ വേണ്ടിവന്നുള്ളു. ഇന്ത്യാരാജ്യത്തു പല ദിക്കിലും പരസ്പരസഹായസംഘങ്ങൾ സ്ഥാപിച്ചുതുടങ്ങി എന്നർത്ഥം. ഇപ്പോൾ ആ ഏർപ്പാടു് ക്രമേണ വർദ്ധിച്ചു് ഇന്ത്യയിൽ സർവ്വത്ര വ്യാപിക്കുക എന്നമട്ടായിരിക്കുന്നു. എന്നാൽ സഹകരണം എന്ന തത്ത്വത്തിന്റെ സാരാർത്ഥം ഗ്രഹിച്ചിട്ടുള്ളവർ ഏറ്റവും ദുർല്ലഭമായിരിക്കുന്നതിനാൽ അതിനെ അടിസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ടിട്ടുള്ള സംഘങ്ങളിൽനിന്നു വളരെ കുറച്ചു മാത്രം ഫലമേ സിദ്ധിച്ചുതുടങ്ങിയിട്ടുള്ളു. എങ്കിലും കാലം കൊണ്ടു് ആ ന്യൂനത ഇല്ലാതാകുമെന്നു നിശ്ചയമായിട്ടും വിചാരിക്കാം.

സഹകരണം എന്നു വെച്ചാലെന്തു് ?

സഹകരണം—ഒത്തൊരുമിച്ചു പ്രവർത്തിക്കൽ എന്നാണു് ഇതിന്റെ ശബ്ദാർത്ഥം: എന്നുവെച്ചാൽ, തങ്ങൾക്കു പൊതുവായിട്ടുള്ള ചില ആവശ്യങ്ങളെ നിവർത്തിക്കുന്നതിന്നുവേണ്ടി കുറെ പേർ ഒന്നിച്ചു ചേർന്നു പ്രവർത്തിക്കുക എന്നർത്ഥമാകുന്നു. ജനങ്ങൾ അനുഭവിച്ചുവരുന്ന ദാരിദ്ര്യദുഃഖത്തിന്നു് ഒരു നിവൃത്തിമാർഗ്ഗം കണ്ടുപിടിക്കുന്നതിന്നുള്ള ഇച്ഛയാണു് സഹകരണസംഘങ്ങൾ എന്ന ഏർപ്പാടു് ഉണ്ടായിത്തീരുന്നതിന്നുള്ള മുഖ്യകാരണം. അങ്ങിനെ ഒരേർപ്പാടു നമ്മുടെ ഇടയിൽ, എന്നല്ലാ എല്ലാ മനുഷ്യരുടെ ഇടയിലും, ഏറക്കുറെ നടപ്പുണ്ടായിരുന്നു. എന്നാൽ അതു യൂറോപ്യന്മാരുടെ ഇടയിൽ ഇപ്പോൾ പലവ്യവസ്ഥകളോടുകൂടി ക്രമപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു സ്ഥാപനമായി തീർന്നിട്ടുള്ളതിനാൽ ഈ വിഷയത്തിൽ വിദഗ്ദ്ധന്മാരായ യൂറോപ്യന്മാർ ‘സഹകരണം’ എന്നതിന്നു് എന്തെല്ലാം വിവരണമാണു് കൊടുത്തിട്ടുള്ളതു് എന്നു നോക്കാം.

ഹോളിയോൿ എന്നാൾ ഇങ്ങിനെ പറയുന്നു:- “ഏതെങ്കിലും ഒരുദ്യമത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവർക്കും അതിൽ വ്യത്യാസംകൂടാതെ പങ്കുകൊള്ളുന്നതിന്നും അതിനെ നിയന്ത്രിക്കുന്നതിന്നുംവേണ്ടി നിർബ്ബന്ധംകൂടാതെ സ്വമനസ്സാലെ എല്ലാവരുംകൂടി ചേർന്നുനിൽക്കുക എന്നതാണു് സഹകരണം.” മിസ്റ്റർ ഹെറിൿ എന്നാളുടെ അഭിപ്രായപ്രകാരം സഹകരണം എന്നുവെച്ചാൽ “ജനങ്ങൾ സ്വമനസ്സാലെ ഒന്നിച്ചു ചേർന്നു സ്വസ്വശക്തികളേയോ സ്വത്തുക്കളേയോ അല്ലെങ്കിൽ രണ്ടിനേയുമോ പരസ്പരം ഉപയോഗപ്പെടുത്തുകയും അവയെ തങ്ങൾതന്നെ ഭരിക്കുകയും അവയിൽനിന്നുണ്ടാകുന്ന ലാഭചേതങ്ങളെ അന്യോന്യം പങ്കുകൊള്ളുകയും ചെയ്യുന്ന ഒരു പ്രവൃത്തിവിശേഷമാകുന്നു.”[1]

‘സഹകരണം’ എന്നതിനെ രണ്ടു ദശയിൽ നിന്നു നിരൂപിക്കാവുന്നതാണു്. പണത്തിന്റേയോ എന്തെങ്കിലും സാധനങ്ങളുടേയോ ആവശ്യങ്ങളെ നിവൃത്തിപ്പിക്കുന്നതിന്നു താൽക്കാലികമായിട്ടുള്ള ഒരു മാർഗ്ഗം എന്ന നിലയിൽ അതിനെ വിചാരിക്കാം. അല്ലെങ്കിൽ ഇപ്പോഴത്തെ മനുഷ്യസമുദായത്തിന്റെ സ്ഥിതിക്കു മേലിൽ ഗണ്യമായ ഒരു മാറ്റം വരുത്തുന്നതിന്നു് ഒരടിസ്ഥാനം എന്ന നിലയിലും അതിനെ വിചാരിക്കാം. ആദ്യം പറഞ്ഞ അവസ്ഥയിൽ അതിന്നു്, കുറെ പേർ ചേർന്നു് ഒരു യോഗമായിട്ടു നിന്നു് ഒത്തൊരുമിച്ചു പ്രവർത്തിപ്പാനുള്ള ഒരു രീതി എന്നർത്ഥമാകുന്നു: തങ്ങൾക്കെല്ലാവർക്കുമുള്ളതായ ചില ആവശ്യങ്ങളെ നിവൃത്തിപ്പിക്കുന്നതിന്നുവേണ്ടി കുറെ പേർ ചേർന്നു് ഒത്തൊരുമിച്ചു പ്രവൃത്തി നടത്തുന്നതിന്നുള്ള ഒരു മാർഗ്ഗം എന്നർത്ഥം. ഇപ്പോഴത്തെ മനുഷ്യസമുദായത്തിന്റെ വിഷമാവസ്ഥയെ—ധനികൻ ദരിദ്രൻ, എജമാനൻ വേലക്കാരൻ, ജന്മി കുടിയാൻ, ഉയർന്ന ജാതിക്കാരൻ താണ ജാതിക്കാരൻ എന്നിങ്ങിനെ പലപ്രകാരത്തിലും കീഴ്മേലായിട്ടിരിക്കുന്ന (സമനിലയിലല്ലാതെയിരിക്കുന്ന) സമുദായാവസ്ഥയെ—കഴിയുന്നതും സമനിലയിലാക്കിക്കൊണ്ടുവരുവാൻ ശ്രമിച്ചുകൊണ്ടു്, അല്ലെങ്കിൽ അതുകൊണ്ടുള്ള ദോഷത്തെ കഴിയുന്നതും ഇല്ലാതാക്കിക്കൊണ്ടു്, ഒരു പരിഷ്കൃതമട്ടിൽ മനുഷ്യസമുദായത്തെ ഉടച്ചുവാർക്കുന്നതിന്നു് അടിസ്ഥാനമായ ഒരു തത്ത്വം എന്നാണു് രണ്ടാമത്തെ ദശയിൽ അതിന്നു കല്പിക്കാവുന്ന അർത്ഥം.[2]

സഹകരണസംഘങ്ങളുടെ മൂലതത്ത്വങ്ങൾ
വിവരണം

സഹകരണത്തെ അടിസ്ഥാനമാക്കി ഏർപ്പെടുത്തപ്പെട്ടിട്ടുള്ള സംഘം, അതായതു പരസ്പരസഹായസംഘം, എന്നതിന്നു് എന്തൊരു വിവരണമാണു വിദഗ്ദ്ധന്മാരിൽ തന്നെ ചിലർ കൊടുത്തിട്ടുള്ളതു് എന്നു് ഇനി നോക്കാം. മിസ്റ്റർ ഫെ (Mr. Fay) എന്നാൾ ഇങ്ങിനെ പറയുന്നു:- “പരസ്പരസഹായസംഘം എന്നതു കൂട്ടായിട്ടൊരു വ്യാപാരം നടത്തുന്നതിന്നായിട്ടുള്ള ഒരു യോഗമാകുന്നു. നിർദ്ധനന്മാരിൽനിന്നാണു് അതുത്ഭവിച്ചിട്ടുള്ളതു്. എപ്പോഴും സ്വാർത്ഥരഹിതമായ ഭാവത്തോടുകൂടിയും, അതിലെ ഒരംഗം എന്ന നിലയിൽ സ്വകൃത്യങ്ങളെ നിറവേറ്റുവാൻ ഒരുങ്ങിയിട്ടുള്ള ഓരോരുത്തർക്കും ആ യോഗത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ അവസ്ഥപോലെയുള്ള മെച്ചം നേടത്തക്കവിധത്തിലും ആണു് അതു് നടത്തപ്പെടുന്നതു്.” വേറൊരാൾ താഴെ പറയുംപ്രകാരം പറയുന്നു:- “പരസ്പരസഹായസംഘം എന്നുവെച്ചാൽ എല്ലാവർക്കും സമാവകാശം എന്ന തത്ത്വത്തെ അനുസരിച്ചുകൊണ്ടു സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു യോഗമാകുന്നു. അതിലെ അംഗങ്ങളുടെ സംഖ്യക്കു കൢപ്തമില്ല. കേവലം സ്വസഹായംകൊണ്ടു മാത്രമോ അല്ലെങ്കിൽ ഗവർമ്മേണ്ടിന്റെ താങ്ങലോടു കൂടിയ സ്വസഹായംകൊണ്ടോ തങ്ങളുടെ ധനസ്ഥിതിയെ നന്നാക്കുന്നതിന്നും അല്ലെങ്കിൽ തങ്ങൾ ചെയ്തുവരുന്ന തൊഴിലുകളെ നല്ല സ്ഥിതിയിൽ കൊണ്ടുവരുന്നതിന്നും വേണ്ടി കുറെ പേർ ഒത്തുചേർന്നു് ഏർപ്പെടുത്തുന്ന ഒരു സംഘമാകുന്നു. എന്നാൽ ഈ ഏർപ്പാടിൽ മുഖ്യമായിട്ടിങ്ങിനെ ഒരു നിശ്ചയമുണ്ടു്. കൂട്ടായി പ്രവൃത്തി നടത്തിയിട്ടുണ്ടാകുന്ന അതിലെ ലാഭം മുഴുവനും അതിലെ എല്ലാ അംഗങ്ങൾക്കും, ഓരോരുത്തരും ആ വ്യാപാരത്തിൽ പങ്കുകൊണ്ടിട്ടുള്ള തോതനുസരിച്ചു്, വീതംവെച്ചു കൊടുക്കേണ്ടതാകുന്നു. അല്ലാതെ പണമിറക്കിയിട്ടുള്ള തോതനുസരിച്ചല്ല.”

വേറൊരാൾ:- “കൂട്ടുടമസ്ഥതയോടുകൂടിയ ഒരു പൊതുസ്വത്തിന്റെ കൂട്ടുഭരണം എന്ന വഴിക്കു തങ്ങളുടെ സാമുദായികമായും സാമ്പത്തികമായുമുള്ള സ്ഥിതിക്കു് ഉൽക്കർഷമുണ്ടാക്കിത്തീർക്കേണമെന്ന ഉദ്ദേശത്തോടുകൂടി കുറെപേർ സ്വമനസ്സാലെ ഒത്തുചേർന്നു് ഏർപ്പെടുത്തുന്നതായ ഒരു യോഗമാണു് സഹകരണസംഘം അല്ലെങ്കിൽ പരസ്പരസഹായസംഘം.”

സഹകരണസംഘം എന്നുവെച്ചാലെന്താണെന്നു മുൻകാണിച്ച വിവരണങ്ങളെക്കൊണ്ടു് ഒട്ടേറെ സ്പഷ്ടമാകുന്നുണ്ടല്ലോ. ദാരിദ്ര്യദുഃഖവും ആ ദുഃഖത്തിൽനിന്നു നിവൃത്തി സമ്പാദിപ്പാനുള്ള ഇച്ഛയും ആണു് അങ്ങിനെ ഒരേർപ്പാടു് ആദ്യമായിട്ടുണ്ടാകുന്നതിനുള്ള മുഖ്യകാരണമെന്നു മുമ്പു പറഞ്ഞുവല്ലോ. കൂടിച്ചേർന്നു് ഒരു യോഗമായിട്ടു നിൽക്കുവാൻ ഒരു സംഘത്തിലെ അംഗങ്ങളെ മുഖ്യമായിട്ടു പ്രേരിപ്പിച്ചിട്ടുള്ളതും ദാരിദ്ര്യംതന്നെയാകുന്നു. അങ്ങിനെയുള്ളവരുടെ ഇടയിൽ പണം വളരെ കുറവായിരിക്കുന്നതിനാൽ അവരുടെ യോഗത്തിന്റെ അടിസ്ഥാനം പണമാകുവാൻ പാടില്ല എന്നതു തീർച്ചതന്നെ. കേവലം മനുഷ്യൻ എന്ന നിലയിൽ മാത്രം പലരും കൂടിച്ചേർന്നുനിന്നു പ്രവർത്തിക്കുക എന്നൊരടിസ്ഥാനമേ ആ യോഗത്തിന്നുള്ളു. അതുഹേതുവായിട്ടു പണക്കാർ എന്ന നിലയിലല്ലാതെ കേവലം മനുഷ്യവ്യക്തികൾ എന്ന നിലയിൽ മാത്രമാണു ജനങ്ങൾ അങ്ങിനെയുള്ള ഒരു സംഘത്തിൽ അംഗങ്ങളായിട്ടു ചേരുന്നതു്. സഹകരണത്തെ സംബന്ധിച്ചു് ഒന്നാമതായിട്ടറിയേണ്ട സംഗതി ഇതാകുന്നു. തത്സംബന്ധമായിട്ടറിയേണ്ടതായ രണ്ടാമത്തെ സംഗതി ആദ്യത്തേതിൽനിന്നുതന്നെ സിദ്ധമാകുന്നുണ്ടു്. എന്തെന്നാൽ, തങ്ങൾക്കു പൊതുവെയുള്ള ഒരാവശ്യത്തെ നിറവേറ്റുന്നതിന്നായി കുറെ പേർ യോഗമായിട്ടു ചേർന്നു നിൽക്കുമ്പോൾ ആ കാര്യത്തിൽ ആ യോഗത്തിലെ അംഗങ്ങൾക്കു തമ്മിൽ വ്യത്യാസം യാതൊന്നുമുണ്ടാവാൻ പാടില്ല. എല്ലാവരും സമനിലയിൽ സമാവകാശത്തിൽ യോജിച്ചു നിൽക്കേണ്ടതാകുന്നു. പിന്നെ, കുറെ പേർ കൂടിച്ചേർന്നു് ഒരു സംഘമായിട്ടു നിൽക്കുക എന്നതു നിർബ്ബന്ധംകൂടാതെ സ്വസ്വമനസ്സാലെ വേണ്ടതാകുന്നുവെന്നതാണു് മൂന്നാമതായിട്ടറിയേണ്ട സംഗതി. നാലാമതു്, ഒരു സംഘത്തിൽ പെട്ടവരുടെ മാത്രം ധനസ്ഥിതിയെ നന്നാക്കുന്നതിന്നുവേണ്ടിയാണു ജനങ്ങൾ അതിൽ അംഗങ്ങളായിട്ടു ചേരുന്നതു് എന്നു ധരിക്കേണ്ടതാകുന്നു.

മുൻവിവരണം കൊണ്ടു വന്നുകൂടിയ അർത്ഥം

എല്ലാറ്റിന്നും പുറമെ സഹകരണം എന്നതു് ഒരു നിയതരീതിയിൽ ക്രമപ്പെടുത്തി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരേർപ്പാടാണു് എന്നു നല്ലവണ്ണം ഓർക്കേണ്ടതാകുന്നു. നിർബ്ബന്ധംകൂടാതെ സ്വയമേവ യോഗംകൂടി കാര്യങ്ങൾ ചിട്ടയിൽ നടത്തുക എന്ന ഈ സമ്പ്രദായം മാത്രമാണു് നിർദ്ധനന്മാർക്കു് ഏറ്റവുമധികം യോജിക്കുന്നതു് എന്നു് അനുഭവംകൊണ്ടു കണ്ടിരിക്കുന്നു. ഇതുവരെ പറഞ്ഞതിൽ നിന്നു പരസ്പരസഹായസംഘം എന്നതിന്റെ ആകപ്പാടെ വന്നുകൂടിയ അർത്ഥം താഴെ പറയുന്നു:

പരസ്പരസഹായസംഘം എന്നതു് ഒരു നിയതരീതിയിൽ ക്രമപ്പെടുത്തിയിട്ടുള്ള ഒരു സ്ഥാപനമാകുന്നു. അതിൽ ജനങ്ങൾ മനുഷ്യവ്യക്തികൾ എന്ന നിലയിൽ മാത്രം സ്വസ്വമനസ്സാലെ ഒരു യോഗമായിട്ടു ചേർന്നു നിൽക്കുന്നു. അതിലെ എല്ലാ അംഗങ്ങൾക്കുമുള്ള അവകാശവും അധികാരവും സമമാകുന്നു. അതിലെ അംഗങ്ങളുടെ മാത്രം ധനസ്ഥിതിയെ പുഷ്ടിപ്പെടുത്തുക എന്നതാണു് ആ സംഘത്തിന്റെ ഉദ്ദേശം.

അതിയായിട്ടുള്ള ദാരിദ്ര്യംകൊണ്ടു നിവൃത്തിയില്ലാതെ വന്ന ഘട്ടത്തിലാണു്—അതിന്നു വല്ല നിവൃത്തിമാർഗ്ഗവും കണ്ടുപിടിക്കാതെ ഗത്യന്തരമില്ലെന്നു കണ്ടപ്പോഴാണു്—ഈ വിഷയത്തെപ്പറ്റി ഗൗരവമായിട്ടുള്ള ആലോചന ജനങ്ങളുടെ ഇടയിൽ ഉണ്ടായിത്തുടങ്ങിയതു്. എന്നാൽ ഈ ഒരേർപ്പാടു് ഒട്ടു പുഷ്ടിയെ പ്രാപിച്ചപ്പോൾ സഹകരണം എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പ്രയോഗങ്ങൾ സഫലമാകുന്നതിന്നു ദാരിദ്ര്യം എന്നവസ്ഥ അവശ്യമുണ്ടായിരിക്കേണമെന്നില്ല എന്നു ക്രമേണ മനസ്സിലായിത്തുടങ്ങി. ദാരിദ്ര്യം അതിലേക്കു് ഒരു പ്രേരണതന്നെയാണു്. ദരിദ്രന്മരായവരുടെ സ്ഥിതിയെ ഭേദപ്പെടുത്തുന്നതിന്നു സഹകരണം എന്നതൊന്നല്ലാതെ വേറെ വഴിയില്ലതാനും. എന്നാൽ ആ ഏർപ്പാടുകൊണ്ടുള്ള ഗുണം കേവലം ദരിദ്രന്മാരായിട്ടുള്ളവർക്കു മാത്രമല്ല സിദ്ധിക്കപ്പെടുന്നുള്ളു. ഒരു സംഘത്തിൽ പെട്ടിട്ടുള്ള എല്ലാവർക്കും പരക്കെ സംബന്ധിക്കുന്നതായ എന്തെങ്കിലും ഒരു ലാഭകാര്യം ഉണ്ടായിരിക്കണം. എന്നാലേ സഹകരണം സഫലമാവുകയുള്ളു. സ്ഥിരമായിട്ടുള്ള ഫലം സിദ്ധിക്കേണമെങ്കിൽ അപ്രകാരമുള്ള ഒരു ലാഭകാര്യം (പൊതുവെയുള്ള ഒരാവശ്യം) ഉണ്ടു് എന്നു് അവർക്കെല്ലാവർക്കും ഒന്നുപോലെ പൂർണ്ണമായിട്ടു ബോദ്ധ്യപ്പെടുകയും വേണം. പരക്കെ ബോദ്ധ്യമായിട്ടുള്ള ഒരാവശ്യം തന്നെ ഒത്തൊരുമിച്ചുള്ള പ്രയത്നത്തിന്നു് ഒരവസരം ഉണ്ടാക്കിത്തീർക്കുന്നു. അങ്ങിനെയെല്ലാമാണെങ്കിലും ഒത്തൊരുമിച്ചു പ്രവർത്തിപ്പാനുള്ള വാസനയില്ലാത്തവർക്കു് അതുകൊണ്ടു പറയത്തക്ക ഫലമൊന്നും സിദ്ധിക്കുന്നതല്ല. കൃഷിപ്പണി കൂട്ടായിട്ടു നടത്തുക എന്നതു സഫലമാകണമെങ്കിൽ ഒത്തൊരുമിച്ചു പ്രയത്നിപ്പാനുള്ള ശീലം കൃഷിക്കാർക്കുണ്ടായിരിക്കണം. എന്നുവെച്ചാൽ, പൊതുവായിട്ടുള്ള ഒരു ലാഭകാര്യത്തിന്നായിക്കൊണ്ടു് ഒരു കൂട്ടം ജനങ്ങൾക്കു് ഒത്തൊരുമിച്ചു പ്രവർത്തിപ്പാൻ കഴിയത്തക്കവണ്ണം സ്വാഭിപ്രായങ്ങളേയും സ്വാർത്ഥലാഭങ്ങളേയും ഉപേക്ഷിപ്പാനുള്ള മനസ്സും ഇച്ഛയും അവരിൽ ഓരോരുത്തർക്കും ഉണ്ടായിരിക്കണം എന്നർത്ഥം. ഇപ്രകാരമുള്ള ഒരു മനസ്ഥിതി ക്രമേണ വർദ്ധിച്ചു് ഉൽക്കർഷത്തെ പ്രാപിക്കുമ്പോൾ മനുഷ്യർക്കു സ്വസമുദായസ്നേഹവും സ്വരാജ്യസ്നേഹവും അതിയായിട്ടുണ്ടാകുന്നതാണു്. വേണ്ടിവന്നാൽ മഹത്തായ ത്യാഗത്തിന്നുകൂടി അവർ ഒരുങ്ങുന്നതിന്നു് അതൊരു വഴിയായിട്ടു തീരുന്നു. ഒരു യോഗമായിട്ടു ചേർന്നുനിന്നു പ്രവർത്തിപ്പാനുള്ള വാസന യൂറോപ്യന്മാർക്കുണ്ടു് എന്നതു തർക്കമറ്റ സംഗതിയാകുന്നു. അതില്ലെങ്കിൽ സഹകരണം എന്ന ഏർപ്പാടു് അവരുടെ ഇടയിൽ ഇത്ര ദീർഘകാലം നിലനിൽക്കുകയില്ലായിരുന്നു.

സഹകരണം സദാചാരത്തെ വർദ്ധിപ്പിക്കുന്നു

ഒരു ദേശത്തുള്ളവർക്കു പരക്കെ സംബന്ധിക്കുന്നതായ ഒരാവശ്യം ഉണ്ടു് എന്നും അതു തദ്ദേശീയന്മാർക്കെല്ലാവർക്കും ബോദ്ധ്യമായിട്ടുണ്ടു് എന്നും വിചാരിക്കുക. ആ ആവശ്യത്തെ നിറവേറ്റുന്നതിന്നുവേണ്ടി പ്രയത്നിക്കുവാൻ അവരെല്ലാവരും ഒരുക്കമാണു് എന്നും വെക്കുക. ഈ ഘട്ടത്തിൽ കാര്യം ഫലവത്താകുന്നതിന്നു സഹകരണം എന്ന ഒരു മാർഗ്ഗം മാത്രമേ ഉള്ളു. സഹകരണം എന്നതു ക്രമപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്ഥാപനമാകുന്നു. അല്ലെങ്കിൽ കാര്യനിർവ്വണത്തിന്നുള്ള ഒരു രീതി മാത്രമാകുന്നു. അതിനെ അടിസ്ഥാനമാക്കിക്കൊണ്ടു് എല്ലാവർക്കും ഇഷ്ടംപോലെ അവരവരുടെ ഓരോ ആവശ്യങ്ങളെ നിറവേറ്റുന്നതിന്നു വേണ്ടതെല്ലാം പ്രവർത്തിക്കാവുന്നതാണു്. എന്നാൽ സഹകരണം എന്നതിന്നു് ഇതിലും വളരെ അധികം അർത്ഥം കല്പിക്കുന്നവർ പലരും ഉണ്ടു്. എന്തെന്നാൽ, ഈ ഏർപ്പാടിൽ കാര്യസിദ്ധിക്കുള്ള മുഖ്യ അംശങ്ങൾ ഉൽകൃഷ്ടസ്വഭാവഗുണങ്ങളായിട്ടാണു് വന്നുകൂടുന്നതു്. പൊതുവായിട്ടുള്ള ഒരാവശ്യത്തെ നിവൃത്തിക്കുന്നതിന്നായി സമനിലയിൽ പലരും ഒന്നിച്ചു ചേർന്നു് ഒരു യോഗമായിട്ടു നിൽക്കുക എന്ന സംഗതിതന്നെ സ്വാർത്ഥരാഹിത്യം എന്ന ഉൽക്കൃഷ്ടസ്വഭാവഗുണത്തെ വർദ്ധിപ്പിക്കുന്നതിന്നുള്ള അവസരത്തെ ഉണ്ടാക്കിത്തീർക്കുന്നു. അതിനാൽ ശ്രദ്ധാപൂർവ്വം ഒരു വ്രതമായിട്ടനുഷ്ഠിക്കത്തക്കതായിട്ടതിനെ പലരും വിചാരിക്കുന്നു. എന്നാലും കാര്യനിർവ്വഹണത്തിനുള്ള ഒരു പ്രവൃത്തിവിശേഷം എന്നല്ലാതെ അതിന്നു യഥാർത്ഥത്തിൽ കൂടുതലായിട്ടൊരർത്ഥമുണ്ടു് എന്നു പിന്നേയും വരുന്നില്ല. എന്നാൽ എല്ലാവരുടേയും—തങ്ങളുടേയും ഉൾപ്പെടെ—നന്മക്കുവേണ്ടി സ്വാർത്ഥരഹിതമായി പ്രവർത്തിക്കുന്നവർക്കു നല്ല മെച്ചം അതുണ്ടാക്കിത്തീർക്കുന്നുവെന്നുള്ള ഒരു വിശിഷ്ടഗുണം അതിന്നുണ്ടു്. പച്ചയായിട്ടു പറയുകയാണെങ്കിൽ, സത്യം മുതലായ ഉൽകൃഷ്ടസ്വഭാവഗുണങ്ങളോടുകൂടി പെരുമാറുന്നതാണു് ലാഭം എന്നു സഹകരണം നമ്മെ നല്ലവണ്ണം പഠിപ്പിക്കുന്നുണ്ടു്. അതുകാരണം അതു് ആ വക ഉൽകൃഷ്ടഗുണങ്ങളെ വർദ്ധിപ്പിക്കുന്നതിന്നു നിശ്ചയമായും ഒരു വലിയ പ്രേരകശക്തിയായിട്ടു തീരുന്നു. തന്റെ കൂട്ടാളികളേക്കാൾ തനിക്കു് അധികം മെച്ചം നേടുക എന്നതിന്നു പകരം താൻ മറ്റുള്ളവരെ സഹായിക്കുക എന്നതായിരിക്കണം ഒരു സംഘത്തിലുള്ള ഓരോ അംഗത്തിന്റേയും ഉദ്ദേശം. മറ്റുള്ളവർ അവരുടെ മുറയ്ക്കു തന്നേയും സഹായിക്കുമെന്നും ആ വഴിക്കു തന്റെ ആവശ്യം അധികം ഉറപ്പോടുകൂടി നിവൃത്തിക്കുവാൻ സാധിക്കുമെന്നും ഉള്ള ദൃഢവിശ്വാസം അതോടുകൂടിതന്നെ ഓരോരുത്തർക്കുമുണ്ടായിരിക്കുകയും വേണം.

സംഘസ്ഥാപനത്തിന്നുവേണ്ട ചില വ്യവസ്ഥകൾ

ഒരു സംഘത്തിൽപെട്ട എല്ലാ അംഗങ്ങൾക്കും പൊതുവേ ആവശ്യമുള്ള ഒരു കാര്യത്തിന്റെ സിദ്ധിക്കായിക്കൊണ്ടു് അവരിൽ ഓരോരുത്തരും എല്ലാവർക്കുവേണ്ടിയും എല്ലാവരും ഓരോരുത്തർക്കുവേണ്ടി പ്രയത്നിക്കണം എന്നതാണു സഹകരണം എന്നതിന്റെ സാരാർത്ഥം. അവനവന്റെ കൃത്യത്തെ ശരിയായിട്ടു ചെയ്യുമ്പോൾ എല്ലാവരും അതുപോലെതന്നെ സ്വസ്വകൃത്യങ്ങളെ ശരിയായിട്ടു ചെയ്യുമെന്ന ഒരു ഉറപ്പു് ഉണ്ടാകുന്നതു നല്ലതായിരിക്കും എന്നു് ഓരോരുത്തർക്കും തോന്നുന്നതു് ഒട്ടുംതന്നെ സ്വഭാവവിരുദ്ധമായിട്ടുള്ളതല്ലല്ലൊ. അതിന്നു് ആ സംഘത്തിൽപെട്ട എല്ലാവർക്കും ഒന്നുപോലെ ബാധകമാകത്തക്കവിധത്തിൽ നിയമാനുസരണമുള്ള ഒരു കരാറു് ഉണ്ടായിരിക്കുകയും അതുപ്രകാരം നടക്കുവാൻ എല്ലാവരും സമ്മതിക്കുകയും വേണം. സഹകരണസംഘം എന്നതു കാര്യനിർവ്വഹണത്തിന്നായിട്ടു്—ഏതെങ്കിലും ഒരു വ്യാപാരം സഫലമാകുംവണ്ണം നടത്തുന്നതിന്നായിട്ടു്—ചിട്ടപെടുത്തിയിട്ടുള്ള ഒരു സ്ഥാപനമാകുന്നുവെന്നു പറഞ്ഞുവല്ലൊ. അപ്പോൾ കാര്യനിർവ്വഹണസംബന്ധമായ ചില തത്ത്വങ്ങളെ—വ്യാപാരം വിധിയാംവണ്ണം നടത്തുന്ന കാര്യത്തെ സംബന്ധിച്ച ചില തത്ത്വങ്ങളെ—അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു കരാറു്—ഒരു സമ്മതപത്രം—അതിൽ പങ്കുകൊള്ളുവാൻ ഭാവിക്കുന്ന എല്ലാവരുംകൂടി എഴുതി ഒപ്പിട്ടുവെക്കണം എന്നതു നിർബന്ധമായിട്ടു തീരുന്നു. ഒരു സംഘത്തിന്നടിസ്ഥാനമായിട്ടു ചില നിയമങ്ങൾ ഉണ്ടായിരിക്കണം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായിക്കൊണ്ടു് അതിലെ ഓരോ അംഗങ്ങളും ആ വക നിയമങ്ങളെ എത്രത്തോളമനുസരിച്ചു വേലചെയ്യുന്നുവോ അത്രത്തോളമാണു് അവരുടെ ഉദ്യമം സഫലമായിത്തീരുന്നതു്. അതിനാൽ ഒരു സംഘത്തിൽ ചേരുന്നതിന്നും ചേർന്നതു തെറ്റായി എന്നു തോന്നിയാൽ അതിൽനിന്നു പിരിയുന്നതിന്നും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം. അന്യന്മാരെ സംഘത്തിൽ അംഗങ്ങളായിട്ടു ചേർക്കുന്ന കാര്യത്തിൽ സ്വാഭിപ്രായം പറയുവാൻ ഓരോ അംഗങ്ങളും ശക്തരായിരിക്കണം. അപ്രകാരംതന്നെ ഒരുവൻ ഒരു സംഘത്തിന്റെ ഒരംഗം എന്ന നിലയിൽ സ്വകൃത്യങ്ങളെ ചെയ്യുവാൻ അയോഗ്യനാണു് എന്നും അതിനാൽ അവനെ സംഘത്തിലെ ഒരംഗമല്ലാതാക്കേണ്ടതാണു് എന്നും അഭിപ്രായപ്പെടുന്നതിന്നും അതനുസരിച്ചു കാര്യം നടത്തുന്നതിന്നുമുള്ള അധികാരവും ഓരൊരുത്തർക്കുമുണ്ടായിരിക്കണം. എന്നു വെച്ചാൽ ഒരുവനെ ഒരു യോഗത്തിൽ ചേർക്കുന്നതും അതിൽനിന്നു നീക്കുന്നതും ഭൂരിപക്ഷാഭിപ്രായപ്രകാരമായിരിക്കണമെന്നർത്ഥം. അതിന്നും പുറമെ, എന്തെങ്കിലും കാരണത്താൽ മറ്റുള്ളവരൊന്നിച്ചു പ്രവൃത്തി എടുക്കുവാൻ മേലിൽ തനിക്കു സാധിക്കുന്നതല്ല എന്നു് ഒരംഗത്തിന്നു തോന്നിയാൽ അയാൾക്കു സംഘത്തിൽനിന്നു പിരിഞ്ഞുപോകുന്നതിന്നുള്ള അവസരവും നൽകപ്പെടണം. ഇങ്ങിനെ ഒരവസ്ഥയിലല്ലാതെ “ഓരൊരുത്തരും എല്ലാവർക്കുവേണ്ടിയും എല്ലാവരും ഓരോരുത്തർക്കുവേണ്ടിയും” എന്നുള്ള ആദർശവാക്യത്തെ അടിസ്ഥാനമാക്കിക്കൊണ്ടു പ്രവൃത്തിനടത്തുവാൻ സാധിക്കുന്നതല്ല.

സംഘസ്ഥാപനം സംഘാംഗങ്ങൾക്കു മാത്രംവേണ്ടി എന്ന വ്യവസ്ഥ

തങ്ങൾക്കു പൊതുവായിട്ടാവശ്യമുള്ള ഒരു കാര്യം സാധിക്കുക എന്ന സംഗതിയാണു് ജനങ്ങളെ ഒരു സംഘത്തിലേക്കാകർഷിക്കുന്നതു് എന്നു മുമ്പിൽ പറഞ്ഞുവല്ലോ. ചിലതെല്ലാം തങ്ങൾക്കു ലഭിക്കണം എന്നു കരുതീട്ടാണു് അവർ അതിൽ ചേരുന്നതു്. അവർക്കതു സാധിപ്പിച്ചുകൊടുക്കുക എന്നതാണല്ലൊ പരസ്പരസഹായസംഘത്തിന്റെ ഉദ്ദേശവും. സംഘം സംഘാംഗങ്ങൾക്കു മാത്രം വേണ്ടീട്ടാണു് സ്ഥാപിക്കപ്പെടുന്നതു്. മറ്റുള്ളവർക്കു വേണ്ടീട്ടല്ല. ഒരു സംഘത്തിലെ അംഗങ്ങൾക്കുമാത്രം വേണ്ടി എന്നു ക്ലിപ്തപ്പെടുത്തുവാൻ പാടില്ലാത്ത വിധത്തിലാണു് ഒരു വ്യവസായം സംഘംമുഖാന്തരം നടത്തപ്പെടുന്നതു് എങ്കിൽ അതു് ഒരു സഹകരണസംഘമാകുന്നതല്ല. ദൃഷ്ടാന്തമായി, ഒരു തീവണ്ടി ഏർപ്പാടു് ഒരു സഹകരണസംഘം മുഖാന്തരം നടത്തുക എന്നതു് ഒട്ടേറെ അസാദ്ധ്യമാകുന്നു. കുറെ പേർ ഒരു യോഗമായിട്ടു ചേർന്നു നില്ക്കുന്നതു് അവരുടെ ഗുണത്തിന്നുവേണ്ടി മാത്രമാണു് എന്നും മറ്റുള്ളവരുടെ ഗുണത്തിനുവേണ്ടിയല്ല എന്നും വ്യക്തമായിട്ടു ധരിക്കേണ്ടതാകുന്നു. ഇവിടെ ഇങ്ങിനെ ഒരു ശങ്കയ്ക്കു വഴിയുണ്ടു്: തങ്ങളുടെ ഗുണത്തിന്നുവേണ്ടി മാത്രം എന്നതു സ്വാർത്ഥമല്ലേ? അപ്പോൾ പിന്നെ സ്വാർത്ഥരാഹിത്യം എന്ന ഉൽകൃഷ്ടസ്വഭാവഗുണം സഹകരണംകൊണ്ടു ശീലിക്കുവാൻ തരം വരുന്നതെങ്ങിനെ?—സ്വാർത്ഥരാഹിത്യം എന്ന തത്ത്വത്തോടു് അതിനെ സംഘടിപ്പിക്കുന്നതിന്നു വേറൊരു തത്ത്വത്തെ അംഗീകരിക്കേണ്ടതായിട്ടുണ്ടു് എന്നാണു് അതിന്നു സമാധാനം. അതായതു്, സഹകരണം എന്നതു് എല്ലാവർക്കും ആവാവുന്നതാണു്. ഒരു സംഘത്തിലെ അംഗങ്ങളുടെ സംഖ്യക്കു ക്ലിപ്തമില്ല. എന്തെന്നാൽ പൊതുവായിട്ടുള്ള ഒരാവശ്യമാണു് പൊതുവായിട്ടുള്ള ചേർച്ചക്കു കാരണം. പൊതുവായിട്ടുള്ള നന്മയാണു് അതിന്റെ ഉദ്ദേശവും. അതിനാൽ ഒരു സംഘത്തിൽ ചേരുന്നവരെല്ലാവരും സ്വാർത്ഥമായിട്ടുള്ള ഭാവനകൂടാതെതന്നെയായിരിക്കണം. അതേ ആവശ്യത്തോടുകൂടിയവരും സംഘനിയമങ്ങളേയും കരാറുകളേയും അനുസരിച്ചു നടക്കുവാൻ തയ്യാറുള്ളവരുമായ എല്ലാവരേയും സംഘത്തിൽ ചേർക്കുവാൻ അവർ ഒരുങ്ങുകയും വേണം.

ഒരുവൻ ഒരു സംഘത്തിൽ ചേരുന്നതിന്റെ ഉദ്ദേശം. അതുകൊണ്ടവന്നുണ്ടാകുന്ന ഗുണം

അംഗങ്ങൾ ഒരു സംഘത്തിൽ ചേരുന്നതു പൊതുവായിട്ടു തങ്ങൾക്കാവശ്യമുള്ള എന്തെങ്കിലും ഒന്നു ലഭിക്കുന്നതിന്നുവേണ്ടിയാകയാൽ ആ ആവശ്യനിവൃത്തിതന്നെയാണു് അവർക്കു് അതിൽനിന്നു സിദ്ധിപ്പാനുള്ള ഗുണം. ആ ആവശ്യംതന്നെ ഒരുവന്റേതു മറ്റൊരുവന്റേതിനേക്കാൾ അധികമായിട്ടുള്ളതാണെങ്കിൽ അതനുസരിച്ചുള്ള അധികമെച്ചം അവന്നു സിദ്ധിക്കും. എന്നാൽ ആ മറ്റൊരുവൻ യോഗനിശ്ചയങ്ങളിൽ പെടാതെകണ്ടുള്ള എന്തെങ്കിലുമൊരു ലാഭം നേടി ആദ്യം പറഞ്ഞവന്നുള്ള അധികമെച്ചത്തോടു ശരിപ്പെടുത്തുവാൻ ഉത്സാഹിക്കരുതു്. വിശേഷിച്ചു മുൻപറഞ്ഞ അധികാവശ്യക്കാരനെ നഷ്ടപ്പെടുത്തിക്കൊണ്ടു തനിക്കു് ഒരു മെച്ചം നേടുവാൻ അവൻ ഒരു വിധത്തിലും ശ്രമിക്കരുതു്. അധികം പണമുള്ളവൻ പണം കുറഞ്ഞവന്റെ ആവശ്യത്തെ ലാക്കാക്കിക്കൊണ്ടു് അധികം മെച്ചം നേടുവാൻ ശ്രമിക്കുക എന്നതാണു് ഇങ്ങിനെയുള്ള ഘട്ടങ്ങളിൽ വന്നുകൂടുന്നതായ ഒരു വലിയ ദോഷം. അതിനെ തീരെ ഇല്ലായ്മചെയ്യേണ്ടതാകുന്നു. ഇറക്കുന്ന പണത്തിന്നു ന്യായമായിട്ടൊരു പലിശ കൊടുക്കുവാൻ സഹകരണം എന്ന ഏർപ്പാടിന്നു സമ്മതമാണു്. അതല്ലാതെ വേറെ എന്തെങ്കിലും ഒരു പ്രത്യേകാധികാരം—വിശേഷിച്ചും സംഘം മുഖാന്തരം നടത്തപ്പെടുന്ന ഏതെങ്കിലും വ്യവസായത്തിന്റെ നിയന്ത്രണത്തെ സംബന്ധിച്ചു കൂടുതലധികാരം—അധികം പണം ഇറക്കീട്ടുള്ളവന്നു കൊടുക്കുവാൻ ഒട്ടുംതന്നെ സമ്മതമല്ല. സംഘത്തിന്റെ ഉദ്യമങ്ങളിൽനിന്നു് എന്തെങ്കിലും ലാഭമുണ്ടാകുന്നുവെങ്കിൽ അതിനെ സംഘാംഗങ്ങൾക്കുതന്നെ, അതിൽ പങ്കുകൊണ്ടിട്ടുള്ള തോതനുസരിച്ചു, വീതിച്ചുകൊടുക്കേണ്ടതാകുന്നു. എന്നാൽ വിചാരിക്കാതെ വന്നേക്കാവുന്ന ചില നഷ്ടങ്ങളെ പോക്കുന്നതിന്നും മുമ്പിൽകൂട്ടി കരുതാത്തതായ വല്ല ചെലവും ചെയ്യേണ്ടതിന്നുംവേണ്ടി (അങ്ങിനെ സംഭവിക്കുക ദുർല്ലഭമാണു് എങ്കിലും ഒരു കരുതലായിട്ടു്) എന്തെങ്കിലുമൊരു വക കാണുക പതിവാണു്: സംഘം മുഖാന്തരം വിൽക്കുന്ന സാമാനങ്ങൾക്കു യഥാർത്ഥവിലയേക്കാൾ അല്പം കൂടുതൽ വിലയിടുക, സംഘംവക ചെലവുകൾക്കായി പലിശ അല്പം കൂടുതലായിട്ടു നിശ്ചയിക്കുക, സംഘാംഗങ്ങളിൽനിന്നു സാമാനങ്ങൾ വാങ്ങിക്കുമ്പോൾ അവയ്ക്കു നിരക്കുവിലയിൽനിന്നല്പം താണതായ വില കൊടുക്കുക എന്നിങ്ങിനെ സംഘവ്യാപാരത്തിന്നു ഹാനി തട്ടാത്തവിധം പലതും കരുതലായിട്ടു പ്രവൃത്തിക്കേണ്ടിവരും. എന്നാൽ ഈ വക സംഗതികളിൽ നിന്നുണ്ടാകുന്ന ലാഭം സാധാരണ ഒരു കച്ചവടവ്യാപാരത്തിൽനിന്നുണ്ടാവുന്ന ലാഭംപോലെ വിചാരിക്കപ്പെടുന്നില്ല. ആ ലാഭം സംഘാംഗങ്ങളിൽ ആരാരിൽനിന്നുണ്ടായിട്ടുള്ളതോ അതു് അവരവർക്കുതന്നെ ഉള്ളതാകുന്നു. അവർക്കതു വീതപ്രകാരം—വ്യാപാരത്തിൽ പങ്കുകൊണ്ടിട്ടുള്ള തോതനുസരിച്ചു്—മടക്കിക്കൊടുക്കേണ്ടതാകുന്നു.

സഹകരണം എന്ന ഏർപ്പാടിനെപ്പറ്റിയ പരക്കെയുള്ള തെറ്റിദ്ധാരണ

എന്തെങ്കിലും ഒരു വ്യവസായത്തിന്നായിക്കൊണ്ടു വലിയ ഒരു മൂലധനം ഇറക്കുക, അതിന്നു ക്രമാതീതമായ പലിശയും ആ വ്യാപാരത്തിൽനിന്നു് അതിയായ ലാഭവും കിട്ടുമെന്നുദ്ദേശിക്കുക മുതലായ സംഗതികളാണു് മനുഷ്യർക്കു് അധികം പരിചയമുള്ളതു്. അതു കാരണം അവർ സഹകരണം എന്ന ഏർപ്പാടിൽ പെരുമാറുമ്പോൾ മുൻപറഞ്ഞ മനസ്ഥിതിയിൽനിന്നു്—മുതലാളന്മാരുടെ ഏർപ്പാടുകളെ സംബന്ധിച്ച ചില ഭാവനകളിൽനിന്നു്—മുക്തന്മാരാകുവാൻ പ്രയാസമായിരിക്കുന്നു. സഹകരണം എന്നതു വലിയ മൂലധനം ഇറക്കി വ്യാപാരം നടത്തുന്നതായിട്ടുള്ള ഏർപ്പാടിന്റെ ഒരു വകഭേദമാണു് എന്നു് ഒരിക്കലും വിചാരിക്കരുതു്. നേരേ മറിച്ചു് അതു മൂലധനം കൂടാതെതന്നെ വിവിധവ്യാപാരങ്ങൾ നടത്തി കാര്യം സാധിക്കുന്നതിന്നുള്ള ഒരേർപ്പാടാകുന്നു. അതിനാൽ സഹകരണത്തെ സംബന്ധിച്ചേടത്തോളം ലാഭം, ഭരണരീതി, അഭിപ്രായം പറവാനുള്ള അധികാരം, അവകാശം കൈമാറ്റം ചെയ്യുക എന്നതു്, അംഗങ്ങളല്ലാത്തവരായിട്ടുള്ള എടവാടു് എന്നിങ്ങിനെയുള്ള സംഗതികളെല്ലാം വലിയ മുതലാളൻകമ്പനികളെ സംബന്ധിച്ചുള്ളവയിൽനിന്നു വ്യത്യാസപ്പെട്ടാണിരിക്കുന്നതു്. സഹകരണം എന്നതു ചെറിയവർക്കു ചെറിയ മട്ടിൽ വ്യാപാരം നടത്തുന്നതിന്നു് ഏറ്റവും യോജിച്ച ഒരു ഏർപ്പാടാണു് എന്നു പറയാം. കൃഷികാര്യത്തിൽ ഏറ്റവും പ്രയോജനകരമായിത്തീരുന്ന ഒരു സമ്പ്രദായം ഇതൊന്നു മാത്രമാകുന്നു. എന്തെന്നാൽ, കൃഷിക്കാർ മിക്കവരും സ്വത്തു കുറഞ്ഞവരാകുന്നു. അവരുടെ തൊഴിലിന്റെ സ്വഭാവംകൊണ്ടു വലിയ മൂലധനം ഇറക്കിക്കൊണ്ടുള്ള ഒരു കൂട്ടുവ്യാപാരം നടത്തുവാൻ അവർ ശക്തന്മാരല്ല. അങ്ങിനെയാണെങ്കിലും, എല്ലാ കാര്യത്തെ സംബന്ധിച്ചും നിയതരീതിയിൽ ചിട്ടപ്പെടുത്തിക്കൊണ്ടുള്ള ഏർപ്പാടാണു് കാര്യസിദ്ധിക്കു ഒരാണിക്കല്ലായിരിക്കുന്നതു് എന്നും അതനുസരിച്ചു കൃഷികാര്യവും സഫലമായിത്തീരുന്നതിന്നു കൃഷിയെ സംബന്ധിച്ചും അതേപ്രകാരമുള്ള ഏർപ്പാടു് ആവശ്യമാണു് എന്നും ഉള്ള സംഗതി ഇപ്പോൾ പരക്കെ ബോദ്ധ്യമായിട്ടുണ്ടു്. അതിനാൽ അടുത്ത കാലത്തിന്നുള്ളിൽ എല്ലാ പരിഷ്കൃതരാജ്യങ്ങളിലേയും ഗവർമ്മെണ്ടുകൾ സഹകരണം എന്ന ഏർപ്പാടിനെ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന്നായിട്ടു ശ്രമങ്ങൾ ചെയ്തുവരുന്നു.

ലോകത്തിൽ ഏറ്റവുമാവശ്യമായിട്ടുള്ളതും ഏറ്റവും പ്രധാനമായിട്ടുള്ളതും ഏറ്റവും വലിയതും ആയ വ്യവസായം കൃഷിയാകുന്നു. മനുഷ്യജീവിതത്തിൽ ഒരു പ്രധാനമായ അംശം എന്ന നിലയിലാണു് അതിനെ കണക്കാക്കിവരുന്നതു്. അത്രത്തോളം മാഹാത്മ്യമുള്ള കൃഷി ഉത്തമരീതിയിൽ നടത്തപ്പെടണമെങ്കിൽ—ഭൂമിയിൽനിന്നു കിട്ടാവുന്നേടത്തോളം കിട്ടണമെങ്കിൽ—സഹകരണം എന്ന ഏർപ്പാടു് അത്യാവശ്യമായിരിക്കുന്നുവെന്നു കണ്ടിരിക്കുന്നു. നാട്ടുപുറങ്ങളിൽ വസിക്കുന്നവരും കൃഷിക്കാരുമായവർ അനുഭവിച്ചുവരുന്ന പലവിധദുഃഖങ്ങൾക്കു് അതൊരു നിവൃത്തിമാർഗ്ഗമായിട്ടു വിചാരിക്കപ്പെടുകയും ചെയ്യുന്നു.

സഹകരണവും കമ്പനിവ്യാപാരവും തമ്മിലുള്ള വ്യത്യാസം

സഹകരണം എന്ന ഏർപ്പാടു ജനങ്ങളിൽ സമാധാനത്തേയും സ്വാർത്ഥരാഹിത്യത്തേയും വർദ്ധിപ്പിക്കുന്നു. നേരെമറിച്ചു മുതലാളന്മാരുടെ കമ്പനിവ്യാപാരസമ്പ്രദായംകൊണ്ടു മനുഷ്യരുടെ ഇടയിൽ കലഹവും സ്വാർത്ഥപരതയുമാണു് ഉണ്ടായിത്തീരുന്നതു്. ഇതാണു് ആ രണ്ടുതരം ഏർപ്പാടുകൾ തമ്മിലുള്ള വലിയ വ്യത്യാസം. രണ്ടും ധനസമ്പാദനത്തിന്നുള്ള ഏർപ്പാടുകൾതന്നെയാകുന്നു. എന്നാൽ യൂറോപ്പുരാജ്യത്തു സഹകരണം എന്ന ഏർപ്പാടിന്റെ നേതാക്കന്മാരിൽ അധികം പേരും അതിനെ കൃഷിക്കാർക്കധികം പണം സമ്പാദിപ്പാനുള്ള ഒരു മാർഗ്ഗം മാത്രമായിട്ടല്ല കണക്കാക്കുന്നതു്. അവരിൽ പലരും അതിനെ ഒരു മാതിരി സാമുദായികപരിഷ്കാരം എന്ന മട്ടിൽ കാണുന്നു. ചിലർ അതിനെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കേണ്ടതായ ഒരു ധർമ്മമായിട്ടുതന്നെയും വിചാരിക്കുന്നു. കേവലം ധനലാഭത്തിന്നായിട്ടുള്ള ഒരേർപ്പാടായിട്ടു മാത്രമല്ല സദാചാരപരിശീലനത്തിന്നായിട്ടുള്ള ഒരു കളരിയായിട്ടുമാണു് അവർ അതിനെ കണക്കാക്കുന്നതു് എന്നർത്ഥം. എന്തെന്നാൽ, സഹകരണപ്രസ്ഥാനത്തിന്നു സ്ഥിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ളേടത്തെല്ലാം ജനസമുദായത്തിന്റെ സ്ഥിതിക്കു പലപ്രകാരത്തിലും ഔന്നത്യം സിദ്ധിച്ചിട്ടുള്ളതായിട്ടു കാണുന്നുണ്ടു്. പരസ്പരസഹായദ്വാരാ സ്വസഹായം ശീലിക്കാൻ അവസരം ഉണ്ടാക്കിത്തീർക്കുന്നതായ ഈ ഏർപ്പാടിന്നു ജനങ്ങളുടെ ഇടയിൽ പ്രചാരം വന്നിട്ടുള്ളതോടുകൂടി അവരുടെ ധാർമ്മികമായ ബുദ്ധി വർദ്ധിച്ചിട്ടുണ്ടു്—അവർ അധികം സദ്വൃത്തന്മാരായിട്ടുണ്ടു്—എന്ന സംഗതിയിൽ സംശയമില്ല. എന്നാൽ ആരംഭത്തിൽ അത്രത്തോളം ഉൽകൃഷ്ടമായ ഫലം സിദ്ധിക്കുമെന്നു കണക്കാക്കുവാൻ പാടില്ല. ഓരോരുത്തരും ഒറ്റക്കു പ്രയത്നിക്കുന്നതിനേക്കാൾ കൂട്ടായി പ്രയത്നിക്കുന്നതാണു് അധികം ലാഭകരമായിരിക്കുക എന്നു മാത്രം വിചാരിച്ചാൽ മതി. പലരും കൂടിച്ചേർന്നു കണിശത്തോടുകൂടി ചിട്ടയിൽ ഒരു വ്യാപാരം നടത്തുവാൻ ആദ്യം ശീലിക്കുക. അതു സഫലമായാൽ സ്വഭാവഗുണവും ധർമ്മബുദ്ധിയും അതോടുകൂടിതന്നെ ഉണ്ടാകുന്നതാണു്. അതുകൊണ്ടു മാത്രമേ സഹകരണം എന്ന ഏർപ്പാടു നിലനിൽക്കുകയുള്ളൂ. എന്തെന്നാൽ, മനുഷ്യരുടെ ജീവിതദശയിൽ വളരെ പ്രധാനമായി ഗണിക്കപ്പെടുന്ന സത്യനിഷ്ഠ സ്വാർത്ഥപരിത്യാഗം മുതലായ സൽഗുണങ്ങളില്ലാത്തേടത്തു സഹകരണംകൊണ്ടു യാതൊരു ഫലവുമുണ്ടാകുന്നതല്ല.

പരസ്പരസഹായസംഘങ്ങളുടെ ഉദ്ദേശം

സഹകരണം അല്ലെങ്കിൽ ഉദ്ദിഷ്ടകാര്യസിദ്ധിക്കായിക്കൊണ്ടു് ഒത്തൊരുമിച്ചുള്ള പ്രവൃത്തി എന്നതിന്റെ തത്ത്വം സുഗമമായിരിക്കുന്നുവെങ്കിലും അതനുസരിച്ചു പ്രവൃത്തി നടത്തുമ്പോൾ പലപ്പോഴും പല ദുർഗ്ഘടങ്ങളും നിവൃത്തിക്കേണ്ടതായിട്ടു വന്നേക്കും. നിർദ്ധനന്മാർക്കു സ്ഥിരമായ ഗുണം സിദ്ധിക്കുന്നതിന്നു സഹകരണം എന്ന ഏർപ്പാടു മാത്രമേ ഉള്ളുവെന്നു പലരും അഭിപ്രായപ്പെടുന്നുണ്ടു്. അപ്പോൾ നിർദ്ധനന്മാർ ഇപ്പോൾ പലവിധത്തിലും അനുഭവിച്ചുവരുന്ന ദാരിദ്ര്യദുഃഖത്തിന്റെ നിവൃത്തിക്കു് അതുപയോഗപ്പെടാഞ്ഞാൽ അതുകൊണ്ടു പ്രയോജനമില്ലെന്നു വരുന്നു. അപ്രകാരംതന്നെ കൃഷിക്കാർക്കു് ഏറ്റവും ഗുണകരമായും സുലഭമായുമിരിക്കുന്ന ഒരേർപ്പാടു് ഇതൊന്നു മാത്രമാണു് എന്നും തങ്ങളുടെ ഭൂമിയിൽനിന്നു് ഏറ്റവുമധികം ഫലം സിദ്ധിക്കുന്നതിന്നു് അവർക്കു് അതു് അത്യാവശ്യമാകുന്നുവെന്നും അഭിപ്രായപ്പെടുന്നു. അപ്പോൾ അവർക്കുള്ള പല കഷ്ടപ്പാടുകളുടേയും നിവൃത്തിക്കായിട്ടു് അതുപകരിക്കപ്പെടണം എന്നു വരുന്നു. അങ്ങിനെയല്ലെങ്കിൽ കൃഷിക്കാർ താല്പര്യത്തോടുകൂടി ആ ഏർപ്പാടിനെ അനുസരിക്കുമെന്നു വിചാരിപ്പാൻ അവകാശമില്ലല്ലൊ. അതിനാൽ ഒരു സഹകരണസംഘത്തിൽപെട്ട അംഗങ്ങളുടെ ഏതെങ്കിലും ധനലാഭകാര്യമായിക്കണം അതിന്റെ ഉദ്ദേശം എന്നു സിദ്ധമാകുന്നുണ്ടു്. ആ വക കാര്യങ്ങൾ പലർക്കും പലതായിരിക്കുമല്ലൊ. കൃഷിക്കാരുടെ ന്യായമായ പലവിധ ഉദ്യമങ്ങളും അവയിൽ പെടുന്നു. ഏതൊരു തരം ജനങ്ങളുടെ ഇടയിൽ സഹകരണം എന്ന ഏർപ്പാടു നടപ്പാക്കുവാൻ വിചാരിക്കുന്നുവോ അവരുടെ വിവിധങ്ങളായ അർത്ഥലാഭകാര്യങ്ങളെ നിഷ്കർഷയോടുകൂടി മനസ്സിലാക്കുകയും അവയെ ഓരോന്നായി സാധിക്കുന്നതിന്നുതകുന്നതായ മാർഗ്ഗങ്ങൾ കണ്ടുപിടിച്ചു് അവയെ അവരുടെ ഇടയിൽ നടപ്പാക്കയും ചെയ്യുക എന്നതു സഹകരണഡിപ്പാർട്ടുമെണ്ടിലെ പ്രധാന ഉദ്യോഗസ്ഥനായ റജിസ്ട്രാരുടെ മുഖ്യജോലിയാകുന്നു.

സഹകരിക്കുവാൻ ഒരുക്കമുള്ള ജനങ്ങളുടെ ധനസ്ഥിതിയെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വർദ്ധിപ്പിക്കുക എന്നതായിരിക്കണം ഒരു പരസ്പരസഹായസംഘത്തിന്റെ ഉദ്ദേശം എന്ന സംഗതികൊണ്ടു നിഷ്കർഷയോടുകൂടിയ ധനശാസ്ത്രജ്ഞാനം തൽപ്രവർത്തകന്മാർക്കു് ആവശ്യമാണു് എന്ന അർത്ഥം നല്ലവണ്ണം ധ്വനിക്കുന്നുണ്ടു്.

സഹകരണം ജനസാമാന്യത്തിന്റെ ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നതിന്നുള്ള ഒരുപായം അല്ലെങ്കിൽ മാർഗ്ഗം ആകുന്നു. എന്നാൽ അവരുടെ ധനസ്ഥിതിക്കു് ഉൽക്കർഷമുണ്ടാക്കിത്തീർക്കുവാൻ ശ്രമിക്കുന്നതിന്നു മുമ്പായി അതിന്റെ ഇപ്പോഴത്തെ ഏറ്റവും മോശമായ അവസ്ഥക്കുള്ള കാരണങ്ങളെ കണ്ടുപിടിക്കുകയും അവയ്ക്കുള്ള നിവൃത്തിമാർഗ്ഗം കാണുകയും ചെയ്യുന്നതാവശ്യമാകുന്നു.

ഒരു ജനസമുദായത്തിന്റെ ധനം വർദ്ധിപ്പിക്കുന്നതിന്നു രണ്ടേ രണ്ടു മാർഗ്ഗമേ ഉള്ളു. ആവശ്യമുള്ള സാധനങ്ങളെ അധികം ഉണ്ടാക്കിത്തീർക്കുക എന്നതൊന്നു്. അവയുടെ ചെലവു കുറയ്ക്കുക എന്നതു മറ്റേതു്. ധനം വർദ്ധിക്കേണമെങ്കിൽ നിർമ്മിതസാധനങ്ങൾ ഉപയോഗത്തിന്നു വേണ്ടതിലധികമായിരിക്കണം. ഈ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടു ജനങ്ങളുടെ—വിശേഷിച്ചും കൃഷിക്കാരുടെ—ധനസ്ഥിതി താഴെ പറയുന്ന ഏതെങ്കിലും പ്രകാരത്തിൽ വർദ്ധിപ്പിക്കാവുന്നതാണു്:

  1. ശാസ്ത്രീയമായ രീതികൾകൊണ്ടും പരിഷ്കൃതമായ കൃഷിപ്പണിയായുധങ്ങൾകൊണ്ടും നല്ലതരം വിത്തുകൾ കൊണ്ടും പുതിയ വിളവുകളിറക്കുക എന്ന പ്രയോഗംകൊണ്ടും ഇപ്പോൾ തങ്ങൾ ഏർപ്പെട്ടിട്ടുള്ള കൃഷിവ്യവസായത്തിൽനിന്നു ധാന്യാദിപദാർത്ഥങ്ങളെ അധികം ഉണ്ടാക്കിത്തീർക്കുവാൻ കൃഷിക്കാരെ പഠിപ്പിക്കുക.
  2. ജോലിയില്ലാത്ത കാലങ്ങളിൽ പട്ടുനൂൽപുഴുവിന്റെ കൃഷി, നൂൽപരത്തിക്കൃഷി, നൂലുണ്ടാക്കുക, കൊട്ടനെയ്ത്തു്, പായ് നെയ്ത്തു് മുതലായ വീട്ടുവ്യവസായങ്ങൾ എന്നിങ്ങിനെയുള്ള തൊഴിലുകൾ പലതും കൃഷിക്കാരെ ശീലിപ്പിച്ചു തദ്വാരാ അവരുടെ ധനം വർദ്ധിപ്പിക്കുക.
  3. ധനവർദ്ധനക്കായിട്ടു യാതൊന്നും പ്രവർത്തിക്കാത്തവരുടെ എണ്ണം കുറക്കുകയും അതിലേക്കുദ്യമിക്കുന്നവരുടെ തുക വർദ്ധിപ്പിക്കുകയും ചെയ്യുക. ഇടയ്ക്കുനിന്നു കച്ചവടം നടത്തുന്നവരുടെ—അനാവശ്യമായിട്ടുള്ള ചില ഇടത്തട്ടുകാരുടെ—എണ്ണവും കഴിയുന്നതും കുറയ്ക്കുക.
  4. സാമാന്യേനയുള്ള നാശകാരണങ്ങളെ കുറയ്ക്കുക—ഓരോ സാധനങ്ങൾക്കു് അതിക്രമിച്ച വില, കന്നുകാലികളുടെ അതിയായിട്ടുള്ള ചാക്കു്, പരിഹരിക്കത്തക്കരോഗങ്ങൾ, വേലക്കാരുടെ സാമർത്ഥ്യക്കുറവു്, വളരെ താണനിലയിലുള്ള കൂലിവേല എന്നിവയെല്ലാം സാമാന്യേനയുള്ള നാശകാരണങ്ങളാകുന്നു.
  5. വിശേഷിച്ചുള്ള നാശകാരണങ്ങളെ കുറയ്ക്കുക—കോടതിവ്യവഹാരം, കൃഷിചെയ്യുവാനുള്ള ഭൂമികൾ തുണ്ടുതുണ്ടായി അവിടവിടെ ചിന്നിച്ചിതറിക്കിടക്കുക എന്നവസ്ഥ, ചാഴി മുതലായ പ്രാണികളെക്കൊണ്ടുള്ള നാശം ഇത്യാദിയെല്ലാം വിശേഷാലുള്ള നാശകാരണങ്ങളാകുന്നു.
  6. ധനോൽപാദകസാമഗ്രികളെ നിഷ്ഫലമാക്കിക്കളയാതെ അവയെ ധനോൽപാദകകാര്യങ്ങൾക്കായിട്ടുതന്നെ വിനിയോഗിക്കുക—എന്നുവെച്ചാൽ, ബുദ്ധിസംസ്കാരം സിദ്ധിച്ചിട്ടുള്ളവരുടെ ഉദ്യമങ്ങളെ ഇപ്പോഴത്തെപ്പോലെ വക്കീൽപണിക്കായിട്ടുപയോഗപ്പെടുത്തുന്നതിന്നു പകരം രാജ്യത്തെ ധനപുഷ്ടിക്കുള്ള മാർഗ്ഗങ്ങളിലേക്കു തിരിക്കുക, അല്ലെങ്കിൽ പലിശ മുടക്കി കെട്ടിവെച്ചിട്ടുള്ള പണം ധനപുഷ്ടികരമായിട്ടുള്ള ഏർപ്പാടുകളിലേക്കുപയോഗപ്പെടുത്തുക എന്നർത്ഥം.

മുൻപറഞ്ഞതുകൊണ്ടു് ഒരു രാജ്യത്തെ ധനം വർദ്ധിപ്പിക്കുന്നതിന്നുള്ള മാർഗ്ഗങ്ങൾ എല്ലാം പറഞ്ഞുകഴിഞ്ഞുവെന്നഭിമാനിക്കുന്നില്ല. സഹകരണസംഘങ്ങളുടെ ഉദ്ദേശങ്ങളെ തരംതിരിക്കേണ്ടതു് ഇന്നപ്രകാരമാണു് എന്നതിന്നുള്ള വഴി തിരിച്ചുകാണിച്ചുവെന്നു മാത്രം വിചാരിച്ചാൽ മതി. ഇവയെത്തന്നെ ഭൂമി, ദേഹപ്രയത്നം, മൂലദ്രവ്യം, വിവിധവ്യവസായങ്ങൾ എന്നീ നാലിലേതെങ്കിലും പെടത്തക്കവണ്ണം ഒന്നുകൂടി തരംതിരിക്കുക എന്നതു പിന്നെ എളുപ്പമായിരിക്കും. ഇവയെല്ലാം ധനോൽപാദകവിഷയങ്ങളാകുന്നു. എന്നാൽ ഓരോ പദാർത്ഥങ്ങളെ ഉണ്ടാക്കുന്നവർക്കു കരകൗശലവും കൈത്തഴക്കവും പോരാഞ്ഞിട്ടു സാധനങ്ങൾ ഒന്നിനും കൊള്ളരുതാതെ കേടുവന്നുപോവുക എന്നതു് ഇന്ത്യയിൽ ദാരിദ്ര്യത്തിനു് ഒരു കാരണമാകുന്നു. അപ്രകാരംതന്നെ ഓരോ സാധനങ്ങളെ കുറേശ്ശെയായിട്ടും മോശമായിട്ടും ഉണ്ടാക്കുക എന്നതും ദാരിദ്ര്യത്തിന്നു കാരണമായിട്ടു കണ്ടിരിക്കുന്നു.

ധനവർദ്ധകങ്ങളായ വ്യവസായങ്ങൾക്കും അത്യാവശ്യമായ വേറെ കാര്യങ്ങൾക്കുമായി അംഗങ്ങൾക്കു പണം സഹായിക്കുക, കൃഷിക്കാരാണെങ്കിൽ അവർക്കു നല്ല വിത്തു് പരിഷ്കൃതങ്ങളായ കൃഷിപ്പണിക്കോപ്പുകൾ വളപദാർത്ഥങ്ങൾ മുതലായവയെ ശേഖരിച്ചു് ആവശ്യംപോലെ വീതിച്ചുകൊടുക്കുക, പിന്നെ ഭക്ഷണം ഉടുപ്പു് എന്നിങ്ങിനെയുള്ള നിത്യം വേണ്ടതായ കാര്യങ്ങൾക്കുപയോഗപ്പെടുത്തുന്ന അരി അങ്ങാടിസാമാനങ്ങൾ തുണിച്ചരക്കു മുതലായവയെ നല്ലതായി ശേഖരിച്ചു തൂക്കത്തിലും അളവിലും കുറവുകൂടാതെ അംഗങ്ങൾക്കു സഹായവിലയ്ക്കു വിൽക്കുക—ഇവയെല്ലാം സഹകരണസംഘങ്ങളുടെ പ്രധാന ഉദ്ദേശങ്ങളിൽ ചിലതാകുന്നു. എന്നാൽ ഒരു സംഘം സ്ഥാപിക്കുവാൻ ഭാവിക്കുമ്പോൾ എന്തൊരുദ്ദേശമാണു് അതുകൊണ്ടു സാധിക്കുവാൻ—എന്തൊരു ഫലപ്രാപ്തിയാണു് അതുകൊണ്ടുണ്ടാകുവാൻ—വിചാരിക്കുന്നതു് എന്ന സംഗതി ആദ്യംതന്നെ വ്യക്തമാക്കണം. ഒരു സംഘത്തിലെ അംഗങ്ങൾക്കു് അത്യാവശ്യമായിട്ടുള്ളവയും അവരാൽ സാദ്ധ്യമായിട്ടുള്ളവയും ആയ ചില ഉദ്ദേശങ്ങളെ മാത്രം തിരഞ്ഞെടുത്തു് അവയെ മുന്നിർത്തിക്കൊണ്ടു പ്രവൃത്തി നടത്തേണ്ടതാകുന്നു. ആ ഉദ്ദേശങ്ങളെ സംഘത്തിന്റെ ഉപനിയമങ്ങളിൽ പെടുത്തെണ്ടതുമാണു്. ഉപനിയമങ്ങളിൽ വ്യക്തമായി കാണിച്ചിട്ടുള്ളവയല്ലാതെ വേറെ ഉദ്ദേശങ്ങൾ ഒരു സംഘത്തിന്നു സാധിക്കേണ്ടതായിട്ടുണ്ടാവാൻ പാടില്ല. അവയ്ക്കായിട്ടല്ലാതെ സംഘസ്വത്തു് ഉപയോഗിക്കുവാനും പാടില്ല. എന്നാൽ, നേരെമറിച്ചു്, ഒരു വ്യവസ്ഥയും കൂടാതെ പലതും വാരിപ്പിടിച്ചു പ്രവർത്തിക്കുവാൻ ശ്രമിച്ചാൽ ഫലമൊന്നുമുണ്ടാവുകയില്ല എന്നു മാത്രമല്ല പല നഷ്ടങ്ങളും കൂടി സംഭവിച്ചേക്കും. സംഘനിയമത്തിൽ പെടാതെയുള്ള വല്ല ഉദ്ദേശത്തിന്റെ സിദ്ധിക്കായിക്കൊണ്ടു സംഘപ്രവർത്തകന്മാർ പ്രവൃത്തി നടത്തുന്നതായാൽ അതു സംഘാംഗങ്ങൾക്കു ബാധകമാകുന്നതല്ല. അതുകൊണ്ടുണ്ടാകുന്ന നഷ്ടത്തിന്നു പ്രവർത്തകന്മാർതന്നെ ഉത്തരവാദികളാകേണ്ടിവരും.

എന്തൊരുദ്ദേശത്തോടുകൂടി ആരംഭിക്കപ്പെടുന്നതായാലും എല്ലാത്തരം സഹകരണസംഘങ്ങളിൽനിന്നും ധനലാഭത്തിന്നു പുറമെ മഹത്തായ വേറെ ചില ഗുണങ്ങൾകൂടി സിദ്ധിപ്പാനുണ്ടു്. ഓരോരുത്തരുടേയും സ്വാതന്ത്ര്യത്തിന്നും ഉത്സാഹത്തിന്നും ഭംഗംവരുത്താതെതന്നെ സ്വയമേവ സഹായിച്ചുകൊണ്ടു് അന്യന്മാരേയും സഹായിക്കുന്നതിന്നുള്ള ശക്തി വർദ്ധിപ്പിപ്പാൻ സംഘാംഗങ്ങളെ അവ പഠിപ്പിക്കുന്നു. ധനസമ്പാദനത്തിന്നുള്ള ഉത്സാഹത്തിന്റെ പരമപ്രയോജനം അവരവരുടെ ആവശ്യങ്ങളെ നിറവേറ്റുന്നതാണു് എന്നും അല്ലാതെ ലാഭം നേടുക എന്നതല്ലെന്നും അവ പഠിപ്പിക്കുന്നു. ഭ്രമിപ്പിക്കത്തക്കതായ പരസ്യങ്ങളെക്കൊണ്ടു മോഹിപ്പിക്കുക, ഭക്ഷണപദാർത്ഥങ്ങളിലും മറ്റു സാധനങ്ങളിലും കൂട്ടുകൂട്ടി വഷളാക്കുക എന്നുതുടങ്ങി മനുഷ്യർ സ്വസഹോദരതുല്യന്മാരായവരെ പലപ്രകാരത്തിൽ വഞ്ചിച്ചു മെച്ചം നേടുന്നതായ എല്ലാ രീതികളേയും ഇല്ലായ്മചെയ്കനിമിത്തം അവരുടെ ധാർമ്മികമായ ബുദ്ധിക്കു് ഉന്നതി ഉണ്ടാക്കിത്തീർക്കുവാനും അവ പഠിപ്പിക്കുന്നു.

ഈ ഏർപ്പാടിന്നുള്ള ഈ ഒരു മാഹാത്മ്യമാണു്—സത്യനിഷ്ഠ, സ്വാർത്ഥപരിത്യാഗം, പരസ്പരസഹായതല്പരത മുതലായ ഉൽകൃഷ്ടഗുണങ്ങളെ ശീലിക്കുവാൻ ജനങ്ങളെ പഠിപ്പിക്കുകയും അവരെ സദ്വൃത്തന്മാരാക്കുകയും ചെയ്യുക എന്ന മാഹാത്മ്യമാണു്—ദേശാഭിമാനികളും ലോകാനുഗ്രഹതല്പരന്മാരുമായവരെ ഇതിലേക്കാകർഷിക്കുന്നതു്. സഹകരണം എന്ന ഏർപ്പാടു കൃഷിക്കാരിൽ ലയിച്ചുകിടക്കുന്ന കാര്യക്ഷമതയേയും ഉദ്യമശക്തികളേയും പ്രകാശിപ്പിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നുതന്നെയുമല്ല, പല പ്രമാണികളും അവരുടെ ഇടയിൽ ഉണ്ടായിത്തീരുന്നതിന്നു് അതു കാരണമായി ഭവിക്കുന്നു. സാമുദായപരിഷ്കരണങ്ങളേയും മനുഷ്യരുടെ ഇടയിൽ അതു വർദ്ധിപ്പിക്കുന്നു. നിഷ്കാപട്യം അനുസരണബുദ്ധി എന്നിവ അവശ്യം വേണ്ടതാണെന്ന ബോധം ഉണ്ടാക്കിത്തീർക്കുന്നു. ഒത്തൊരുമിച്ചുള്ള പ്രയത്നംകൊണ്ടു സിദ്ധിക്കാവുന്ന കുറേക്കൂടി നല്ലതായ ഒരു ജീവിതം ദൃഷ്ടിഗോചരമാകത്തക്കവണ്ണം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. കേവലം ഭൗതികപദാർത്ഥങ്ങളുടെ ലാഭത്തിന്നു പുറമെ തങ്ങൾക്കു വേറേയും ചിലതു ലഭിക്കത്തക്കതായിട്ടുണ്ടു് എന്ന ബോധം ഓരോരുത്തർക്കും ഉണ്ടായിത്തീരുന്നു. സഹകരണം ജനങ്ങളിൽ ആശയെ ജനിപ്പിക്കുന്നു; അവർക്കാശ്വാസത്തെ ഉണ്ടാക്കുന്നു. പല പ്രകാരത്തിലും അഭിവൃദ്ധിയെ പ്രാപിപ്പാൻ തങ്ങൾക്കും കഴിയുമെന്ന വിചാരം അവരിൽ ഉദിപ്പിക്കുന്നു; ഈ വിധം അവരുടെ ജീവിതദശക്കു പെട്ടെന്നൊരു മാറ്റം വരുത്തിക്കൂട്ടുകയും ചെയ്യുന്നു: അതേവരെ നിരാശപ്പെട്ടു കുണ്ഠിതത്തോടുകൂടി കാലക്ഷേപം ചെയ്തുപോന്നവർതന്നെ സഹകരണം എന്ന ഏർപ്പാടിൽ പങ്കുകൊള്ളുകനിമിത്തം ഉത്സാഹശീലന്മാരും സന്തുഷ്ടചിത്തന്മാരുമായിത്തീരുന്നുവെന്നർത്ഥം. ആരംഭത്തിൽ ഒന്നുകിൽ ധനലാഭം അല്ലെങ്കിൽ ദാരിദ്ര്യത്തിന്നു കാരണഭൂതങ്ങളായ വിഷയങ്ങളിൽ ചിലതിനെ ഇല്ലായ്മചെയ്യൽ എന്നതായിരിക്കണം ഒരു സഹകരണസംഘത്തിന്റെ ഉദ്ദേശം. മിതവ്യയം ശീലിക്കുന്നതിന്നുള്ള അവസരം ഉണ്ടാക്കിത്തീർക്കുക എന്നതും ഒരു സംഘത്തിന്റെ മുഖ്യ ഉദ്ദേശമായിരിക്കണം.

[H. Calvert I. C. S.]

പരസ്പരസഹായസംഘങ്ങളും കൂട്ടുകച്ചവടക്കമ്പനികളും തമ്മിലുള്ള വ്യത്യാസം

പരസ്പരസഹായസംഘങ്ങൾ ജായിന്റു്സ്റ്റാൿകമ്പനികളിൽനിന്നു് (മുതലാളന്മാരുടെ കൂട്ടുകച്ചവടക്കമ്പനികളിൽനിന്നു്) എങ്ങിനെയാണു് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നു് ഇനി നിരൂപിക്കാം. അവ രണ്ടു പ്രധാനസംഗതികളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്നാമതു് അവയുടെ ഉദ്ദേശം. രണ്ടാമതു് അവയുടെ നിയന്ത്രണം. രണ്ടിന്റേയും ഉദ്ദേശങ്ങൾ അത്യന്തം ഭിന്നങ്ങളാകുന്നു. അപ്രകാരംതന്നെ അവയുടെ നിയന്ത്രണരീതിയും തീരെ വ്യത്യാസപ്പെട്ടാണിരിക്കുന്നതു്. കമ്പനികളിൽ ഓഹരിക്കാർക്കുള്ള നിയന്ത്രാണാധികാരം തങ്ങൾ എടുത്തിട്ടുള്ള ഓഹരികളുടെ എണ്ണമനുസരിച്ചു കൂടുതൽകുറവായിരിക്കുന്നു. പത്തു് ഓഹരി ചേർന്നിട്ടുള്ള ഒരുവന്നു് ഒരു ഓഹരി ചേർന്നിട്ടുള്ളവനേക്കാൾ പത്തിരട്ടിച്ച വോട്ടിന്നു (സമ്മതിദാനത്തിന്നു്) അധികാരമുണ്ടു്. കമ്പനിഏർപ്പാടിൽ മൂലദ്രവ്യത്തിന്നാണു് പ്രാധാന്യം കല്പിച്ചിട്ടുള്ളതു്. എന്നാൽ ഒരു സഹകരണസംഘത്തിൽ ‘ഒരാൾക്കൊരു വോട്ടു്’ എന്നതാണു് നിയമം. അതിൽ ഒരു ധനികനും ഒരു ദരിദ്രനും തുല്യമാകുന്നു. പിന്നെ, കമ്പനിഏർപ്പാടിന്റെ മുഖ്യോദ്ദേശം ലാഭമാകുന്നു. ഓഹരികളുടെ എണ്ണമനുസരിച്ചു് ആ ലാഭം ഓഹരിക്കാർക്കു വീതിക്കപ്പെടുകയും ചെയ്യുന്നു. നേരെമറിച്ചു്, ഒരു പരസ്പരസഹായസംഘത്തിന്റെ ഉദ്ദേശം പരസ്പരസഹായംതന്നെയാകുന്നു. ഒരു സംഘം ഗൃഹാവശ്യങ്ങൾക്കു വേണ്ട സാധനങ്ങളെ ശേഖരിച്ചു സംഘാംഗങ്ങൾക്കു് ആവശ്യംപോലെ വീതിച്ചുകൊടുക്കുക എന്ന പരസ്പരസഹായമാണു് ഉദ്ദേശിക്കുന്നതെങ്കിൽ അതു് ഒരു ശേഖരസംഘം എന്നു പറയുന്നു. സംഘാംഗങ്ങൾക്കു ചുരുങ്ങിയ പലിശക്കു വാങ്ങിക്കുക മുതലായ സഹായമാണു് ഒരു സംഘമുദ്ദേശിക്കുന്നതെങ്കിൽ അതു കൊടുത്തുവാങ്ങലിന്നുള്ള സംഘം എന്നും സഹകരണബാങ്കെന്നും പറയപ്പെടുന്നു. സംഘാംഗങ്ങൾ ഉണ്ടാക്കീട്ടുള്ള സാധനങ്ങളെ—കൃഷിപ്രയത്നംകൊണ്ടോ ശില്പവേലകൊണ്ടോ വേറെ കൈവേലകൊണ്ടോ അവർ ഉണ്ടാക്കീട്ടുള്ള സാധനങ്ങളെ—ചില ഇടത്തട്ടുകാർ ഇടക്കുനിന്നു് അതിലാഭം പറ്റുവാൻ സമ്മതിക്കാതെ സംഘംമുഖാന്തരംതന്നെ വിൽക്കുക എന്നതാണു് ഒരു സംഘത്തിന്റെ ഉദ്ദേശമെങ്കിൽ അതിന്നു വില്പനസംഘം എന്നു പേരു പറയുന്നു. ഇങ്ങിനെ ഓരോ ഉദ്ദേശം പ്രധാനമാക്കിക്കൊണ്ടേർപ്പെടുത്തുന്ന ഓരോ സംഘത്തിന്നു് ഓരോ പേരു കൊടുക്കുന്നു. ഉദ്ദേശസിദ്ധിക്കായിക്കൊണ്ടു് അംഗങ്ങൾ ഓഹരിസംഖ്യയായി സംഘത്തിൽ ഇറക്കുന്നതോ അല്ലെങ്കിൽ അതിന്നായിട്ടു സംഘം വായ്പ വാങ്ങിക്കുന്നതോ ആയ പണത്തിന്നു് ഒരു സ്ഥിരപലിശ കൊടുക്കുന്നു. നൂറ്റുക്കു് 5 അല്ലെങ്കിൽ 6 വീതമേ പലിശയായിട്ടു കൊടുക്കാറുള്ളൂ. എല്ലാ ചെലവുകളും കഴിച്ചുബാക്കിയുണ്ടാകുന്ന സംഖ്യയിൽനിന്നു് ഒരംശം ഒരു കരുതൽധനമായിട്ടു സൂക്ഷിക്കുന്നു. ശേഷമുള്ളതു് ഓഹരിക്കാർക്കുതന്നെ വീതിച്ചുകൊടുക്കുകയും ചെയ്യുന്നു. ഓരോ അംഗം എത്രത്തോളം എടവാടു സംഘമായിട്ടു നടത്തീട്ടുണ്ടോ—സംഘത്തിൽ എത്രത്തോളം വ്യാപാരം ചെയ്തിട്ടുണ്ടോ—അത്രത്തോളം അംശം അവനവന്നു വീതിച്ചു കിട്ടുന്നു. എന്നു വെച്ചാൽ, ഒരംഗം ഒരു ശേഖരിപ്പുസംഘത്തിൽനിന്നു പത്തു രൂപയ്ക്കു സാമാനം വാങ്ങീട്ടുണ്ടെങ്കിൽ ഒരു രൂപയ്ക്കു വാങ്ങീട്ടുള്ള മറ്റൊരംഗത്തിന്നു കിട്ടുന്നതിനേക്കാൾ അയാൾക്കു പത്തിരട്ടിച്ചു കിട്ടുന്നുവെന്നർത്ഥം. ഈ വിധം വീതം വെയ്ക്കുന്നതിന്റെ തത്ത്വം കമ്പനികളിൽ എന്നപോലെ ലാഭം വീതിക്കുക എന്നതല്ല. ഓരോ സാധനങ്ങൾക്കും ഒരുവൻ മുൻകൊടുത്ത വിലയുടെ ഒരംശം വീണ്ടും അവന്നുതന്നെ വസൂലാക്കുവാൻ തരമാവുക എന്നതാകുന്നു. അധികം മൂലധനം ഇറക്കീട്ടു മനുഷ്യരുടെ ആവശ്യങ്ങളെ—അവരുടെ പണത്തിന്നുള്ള മുട്ടിനെ—ലാക്കാക്കിക്കൊണ്ടു് അധികലാഭം നേടണം എന്നതാണു് കമ്പനിഏർപ്പാടിന്റെ ഉദ്ദേശം. തദ്വിപരീതമായിട്ടു്, മൂലധനമെന്നതു മനുഷ്യരുടെ ആവശ്യങ്ങളെ നിറവേറ്റുന്നതിന്നു സഹായമായി ഭവിക്കണമെന്ന ഉദ്ദേശമാണു് പരസ്പരസഹായസംഘം എന്ന ഏർപ്പാടിന്നുള്ളതു്. അതിനാൽ ഒരു കമ്പനി ഏർപ്പാടിന്റെ ആദർശവാക്യം “ലാഭം, അധികലാഭം, പിന്നേയും ലാഭം” എന്നതാകുന്നു. എന്നാൽ യഥാർത്ഥമായിട്ടുള്ള ഒരു പരസ്പരസഹായസംഘത്തിന്റെ ആദർശവാക്യം അതിൽനിന്നു വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ‘ഓരോരുത്തനും എല്ലാവർക്കുവേണ്ടിയും എല്ലാവരും ഓരോരുത്തന്നുവേണ്ടിയും’ എന്നതാണു് അതിന്റെ ആദർശവാക്യം. ഈ വ്യത്യാസം ഏറ്റവും സാരമായിട്ടുള്ളതാകുന്നു. എന്തെന്നാൽ സൂത്രസ്ഥാനീയങ്ങളായ ഈ രണ്ടു വാക്യങ്ങളേയും വ്യാഖ്യാനിച്ചു് അവയുടെ അർത്ഥം ചിന്തിച്ചുനോക്കുന്നതായാൽ കമ്പനിഏർപ്പാടിന്റെ ഉദ്ദേശം മുഴുവനും ആദ്യം പറഞ്ഞ വാക്യത്തിലും സഹകരണം എന്ന ഏർപ്പാടിന്റെ ഉൽകൃഷ്ടങ്ങളായ സകല ഉദ്ദേശങ്ങളും രണ്ടമതു പറഞ്ഞ വാക്യത്തിലും അന്തർഭവിച്ചിട്ടുണ്ടെന്നു മനസ്സിലാകുന്നതാണു്.

അതിന്നും പുറമെ, പരസ്പരസഹായസംഘങ്ങൾ പ്രജാപ്രഭുത്വത്തിൻകീഴിലുള്ള ചെറിയ രാജ്യങ്ങൾ എന്നപോലെയാകുന്നു. അവയിലെ അംഗങ്ങൾ അല്ലെങ്കിൽ മെമ്പർമാരെല്ലാവരും സമന്മാരാകുന്നുവെന്നതാണു് ആ ഏർപ്പാടിന്റെ പ്രധാനതത്വം. സമത്വം എന്ന ഈ തത്വത്തെ ഉറപ്പിക്കുന്നതിന്നുവേണ്ടി ഓരോ അംഗത്തിന്നും—അധികം ഓഹരികൾ എടുത്തിട്ടുള്ള ഒരുവന്നും കുടി—ഒരു വോട്ടുമാത്രം എന്ന നിയമം സ്വീകരിക്കപ്പെട്ടിരിക്കുന്നു. മുതലാളൻകമ്പനികളിലെ സമ്പ്രദായത്തിൽനിന്നു് ഇതു തീരെ വ്യത്യസ്തമാകുന്നു. ആ വക കമ്പനികളിൽ, മുമ്പു പറഞ്ഞപ്രകാരം, ഒരുവൻ ഓഹരികൾ എടുത്തിട്ടുള്ളതിന്റെ തോതനുസരിച്ചാണു് അവന്നു വോട്ടുചെയ്വാനുള്ള അധികാരം ഏറക്കുറെ ലഭിക്കുന്നതു്. അധികം ഓഹരികൾ എടുത്തിട്ടുള്ളവർക്കു മാത്രമേ ഭരണസംഘത്തിൽ ചേരുവാനും അധികാരമുള്ളു. എന്നാൽ ഇറക്കിയ പണത്തിന്നു ന്യായമായ പലിശയല്ലാതെ കൂടുതൽ ലാഭം അവകാശപ്പെടുക എന്നതും, അപ്രകാരംതന്നെ നിയന്ത്രണകാര്യത്തിൽ അധികം പണമിറക്കീട്ടുള്ളവർ അധികം ‘കയ്യു്’ ആവശ്യപ്പെടുക എന്നതും സഹകരണം എന്ന ഏർപ്പാടിൽ അത്യന്തം നിഷേധിക്കപ്പെട്ടിരിക്കുന്നു. പരസ്പരസഹായസംഘങ്ങളിലെ മെമ്പർമാർക്കുള്ള സമത്വം വേറൊരുസംഗതികൊണ്ടുംകുടി വെളിപ്പെടുത്തുന്നുണ്ടു്. ഒരു സംഘത്തിൽ പിന്നീടു ചേരുന്ന അംഗങ്ങൾക്കും ആദ്യം ചേർന്നിട്ടുള്ളവർക്കും അധികാരവും അവകാശവും സമമാകുന്നു. അതിൽനിന്നുണ്ടാവുന്ന ഗുണങ്ങളും അവർക്കു ശേഷമുള്ളവരോടൊപ്പംതന്നെ അനുഭവിക്കാം. എന്നാൽ കൂട്ടുകച്ചവടക്കമ്പനിയേർപ്പാടിൽ ആദ്യം ഓഹരികൾ എടുത്തിട്ടുള്ളവരോടൊപ്പംതന്നെ പിന്നീടു ചേരുന്നവർക്കു മെച്ചം കിട്ടിക്കൊള്ളണമെന്നില്ല. ഈ കാര്യത്തിലും കമ്പനിഏർപ്പാടിന്നും ഇതിന്നും തമ്മിൽ വലിയ അന്തരമുണ്ടു്.

ശേഖരിപ്പുസംഘങ്ങൾ

ഗ്രേറ്റ് ബ്രിട്ടൺ, ജർമ്മനി, ഹോളന്റു് (ലന്തരാജ്യം) മുതലായ യൂറോപ്പുരാജ്യങ്ങളിൽ സഹകരണം എന്ന ഏർപ്പാടുകൊണ്ടു തദ്ദേശീയന്മാർക്കു് എത്രത്തോളമാണു് ഗുണം സിദ്ധിച്ചിട്ടുള്ളതു് എന്ന സംഗതി ഇന്ത്യയിൽ കുറച്ചുപേർ മാത്രമേ ധരിച്ചിട്ടുള്ളു. ഇന്ത്യാരാജ്യത്തു പണം ചുരുങ്ങിയ പലിശയ്ക്കു കടംകൊടുക്കുന്നതിന്നുവേണ്ടിയാണു് പ്രധാനമായിട്ടു പരസ്പരസഹായസംഘങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതു്. സഹകരണം എന്ന ഏർപ്പാടിൽതന്നെ വളരെ പ്രധാനമായ വേറെ രണ്ടുതരം ഉള്ളതു്—അതായതു്, വിവിധപദാർത്ഥങ്ങളെ നിർമ്മിക്കുന്നതിന്നും അവയെ സംഘാംഗങ്ങൾക്കു വിഭജിച്ചുകൊടുക്കുന്നതിന്നും ഉള്ള പരസ്പരസഹായസംഘങ്ങൾ—നമ്മുടെ ഇന്ത്യാരാജ്യത്തു് അത്ര പ്രചാരമായി വന്നിട്ടില്ല. കടംവായ്പസംഘങ്ങൾ മുഖ്യമായിട്ടു ദരിദ്രന്മാരായ കൃഷിക്കാരുടെ ഉപയോഗത്തിന്നുവേണ്ടിയാകുന്നു. ആ ഏർപ്പാടുകൊണ്ടു ചുരുങ്ങിയ പലിശയ്ക്കു പണം കടം വാങ്ങുവാൻ തരമാകുന്നതിനാൽ പണക്കച്ചവടക്കാരുടെ പിടിയിൽനിന്നു രക്ഷപ്പെടുവാൻ അവർക്കു സാധിക്കുന്നു. അതിനാൽ അതു കൃഷിപ്രധാനവും ദാരിദ്ര്യഗ്രസ്തവുമായ നമ്മുടെ രാജ്യത്തേയ്ക്കു വളരെ ആവശ്യമായിട്ടുള്ളതുതന്നെ. അതിനെ മേലിൽ വിസ്തരിച്ചു വിവരിക്കുന്നതുമാണു്.

സംഘാംഗങ്ങൾക്കു നിത്യകാലക്ഷേപത്തിന്നു വേണ്ടതായ സാധനങ്ങളെ സംഘംമുഖാന്തരം ശേഖരിച്ചു് അവയെ അവർക്കു് ആവശ്യംപോലെ വിൽക്കുക എന്നതാണു് ശേഖരിപ്പും വിൽപനയും നടത്തുന്ന സംഘങ്ങളുടെ ഉദ്ദേശം. ആവക സാധനങ്ങളെ സംഘംമുഖാന്തരംതന്നെ ഉണ്ടാക്കുക എന്നതു് ഉത്തമമായിട്ടുള്ളതാണു്. എന്നാൽ ആരംഭത്തിൽ അതിന്നു ശ്രമിക്കേണമെന്നില്ല. ആവശ്യമുള്ള സാധനങ്ങളെ ശേഖരിച്ചു് ഒരു കച്ചവടക്കാരന്റെ നിലയിൽ അവയെ അംഗങ്ങൾക്കു വിൽക്കുക എന്നൊരേർപ്പാടായാലും തൽക്കാലം മതിയാകുന്നതാണു്. ദരിദ്രന്മാരായ ചില ബുദ്ധിശാലികൾ, ദാരിദ്രംകൊണ്ടു പല കഷ്ടപ്പാടുകളും അനുഭവിച്ചതിന്റെ ശേഷം ബുദ്ധിമുട്ടിക്കണ്ടുപിടിച്ചിട്ടുള്ളതാകയാൽ ഈ ഏർപ്പാടു ദരിദ്രന്മാർക്കും കേവലം കൂലിവേലക്കാർക്കും അത്യധികമായിട്ടുള്ള ഗുണത്തെ സിദ്ധിപ്പിക്കും എന്നതിന്നു വാദമില്ല. എങ്ങിനെ എന്നു നോക്കുക: നമ്മുടെ രാജ്യത്തെ കൂലിക്കാർക്കു ദിവസവൃത്തിക്കു് ആവശ്യം വേണ്ടതായ സാധനങ്ങളെ വാങ്ങിക്കത്തക്ക കൂലിപോലും സാധാരണയായി കിട്ടുന്നില്ല. അങ്ങിനെയുള്ള ഒരു കൂലിക്കാരൻ കിട്ടിയ പണംകൊണ്ടു സാമാനങ്ങൾ വാങ്ങിക്കുവാൻ ചെല്ലുമ്പോൾ അവൻ കൊടുക്കുന്നവിലയ്ക്കു തക്കതായ സാമാനങ്ങൾ അവന്നു കിട്ടുന്നതുമില്ല. ഇതിന്നൊരു ദൃഷ്ടാന്തം പറയാം. ചില്ലറയായിട്ടു വിൽക്കുന്ന ചില ചെറിയ പീടികയിൽ ചെന്നായിരിക്കും അവൻ അരിയും ഉപ്പും മുളകു മുതലായ സാമാനങ്ങളും വാങ്ങിക്കുക. അപ്പോൾ ആവക സാമാനങ്ങൾക്കു് അങ്ങാടി നിരക്കുവിലയേക്കാൾ അധികം കൊടുക്കേണ്ടതായിട്ടു വരുന്നു. എന്നാൽതന്നെ കിട്ടുന്ന സാധനങ്ങൾ വളരെ മോശമായിട്ടിരിക്കുകയും ചെയ്യും. അതിന്നുംപുറമെ, തൂക്കത്തിലും അളവിലും വളരെ കുറവുമുണ്ടായിരിക്കും. എന്നാൽ ഒരു ദേശത്തുള്ളവർ ഒത്തുചേർന്നു് ഒരു ശേഖരിപ്പുസംഘം (Consumer’s Society) സ്ഥാപിക്കുന്നതായാൽ അവർക്കു മുമ്പറഞ്ഞപ്രകാരത്തിലുള്ള നഷ്ടങ്ങൾ കൂടാതെ കഴിക്കാം. ലാഭംതന്നെ വേണമെങ്കിൽ അങ്ങാടിവിലയിൽ അല്പം കുറച്ചും വിൽക്കുവാൻ സാധിക്കും. അതല്ല അങ്ങാടിനിരക്കോളംതന്നെ വില കൊടുക്കേണ്ടിവന്നാലും സംഘാംഗങ്ങൾക്കു നല്ല സാധനങ്ങൾ തൂക്കത്തിലും അളവിലും കുറവുകൂടാതെ വാങ്ങുവാൻ തരമാകും. എന്നുവെച്ചാൽ, സംഘസ്ഥാപനത്തിന്നു മുമ്പു തങ്ങളുടെ പണത്തിന്നു കിട്ടിയിരുന്നതിനേക്കാൾ കൂടുതലായും അധികം നല്ലതായുമുള്ള സാധനങ്ങൾ അവർക്കു കിട്ടുന്നുവെന്നർത്ഥം. ഭക്ഷണസാധനങ്ങൾക്കു പുറമേ വസ്ത്രധാരണത്തിന്നു വേണ്ടുന്ന തുണിച്ചരക്കുകളേയും പലതരം വീട്ടുസാമാനങ്ങളേയും സഹകരണം എന്ന ഏർപ്പാടുവഴിക്കു ശേഖരിച്ചു വിൽക്കാം. എന്നുതന്നെയുമല്ല ഭവനങ്ങൾ ലാഭത്തിൽ പണിയിക്കുന്നതിന്നും പരസ്പരസഹായസംഘങ്ങൾ സ്ഥാപിക്കപ്പെടുന്നു. കേവലം ഭൗതികപദാർത്ഥങ്ങളുടെ ആവശ്യങ്ങളെ നിവൃത്തിപ്പിക്കുന്നതിന്നു മാത്രമല്ല ആദ്ധ്യാത്മികമായും ബുദ്ധിസംസ്കാരവിഷയകമായും സദാചാരസംബന്ധമായും ഉള്ള കാര്യങ്ങളുടെ നിർവ്വഹണത്തിന്നുകൂടി സഹകരണം എന്ന ഏർപ്പാടിനെ ഇപ്പോൾ ഉപയോഗപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. സഹകരണക്ലബ്ബുകൾ, സഹകരണവായനശാലകൾ, സഹകരണനാടകശാലകൾ, സഹകരണവർത്തമാനപത്രങ്ങൾ മുതലായ പലേ സ്ഥാപനങ്ങളും ഇപ്പോൾ ഉണ്ടു്. അവയെപ്പറ്റിമേലിൽ പ്രസ്താവിക്കാം.

പരസ്പരസഹായസംഘങ്ങൾ മുഖാന്തരം സാമാനങ്ങൾ ശേഖരിച്ചുവിൽക്കുക എന്ന കാര്യത്തിൽ ചില സംഗതികൾ മനസ്സിരുത്തി നോക്കുവാനുണ്ടു്. സംഘാംഗങ്ങളുടെ ദിവസവൃത്തിക്കു നിർബ്ബന്ധേന വേണ്ടതായ സാധനങ്ങളെ—സാമാന്യേന പരക്കെ ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ, ഉടുപ്പിന്നുവേണ്ട തുണിച്ചരക്കുകൾ, വീട്ടുസാമാനങ്ങൾ മുതലായവയെ—മാത്രമേ പ്രധാനമായി ശേഖരിക്കാവൂ. അങ്ങിനെയാവുമ്പോൾ സാമാനങ്ങൾ വിറ്റഴിയുമോ എന്ന ശങ്കയ്ക്കിടവരുന്നതല്ല. ഈ സംഗതിയിൽ മനസ്സിരുത്തുകനിമിത്തമാണു ഗ്രേറ്റ് ബിട്ടണിൽ (ഇംഗ്ലീഷുകാരുടെ രാജ്യത്തു്) ഈ ഏർപ്പാടു് ഏറ്റവും ഫലവത്തായിത്തീർന്നിട്ടുള്ളതു്. വേറെ ഒരു സംഗതികൂടി അതിന്റെ വിജയത്തിനു കാരണമായിട്ടുണ്ടു്. അതായതു ലാഭം വീതിക്കപ്പെടുന്ന രീതി. ഗ്രേറ്റുബ്രിട്ടണിൽ സഹകരണം എന്ന ഏർപ്പാടിൽ 25 ലക്ഷം ഓഹരിക്കാരുണ്ടു്. ഓഹരിസംഖ്യക്കു 100-ക്കു 30 വീതം ലാഭം വ്യാപാരം കൊണ്ടുണ്ടാകുന്നു. അതിൽനിന്നു 100-ക്കു 5 വീതം മാത്രമേ ഓഹരിസംഖ്യയുടെ പലിശക്കായിട്ടു വീതിച്ചുകൊടുക്കുന്നുള്ളു. ബാക്കി സംഖ്യ സംഘാംഗങ്ങൾ ശേഖരിപ്പിൽ (സ്റ്റോറിൽ) നിന്നു സാമാനങ്ങൾ വാങ്ങിച്ച തോതനുസരിച്ചു് അവർക്കുതന്നെ വീതിച്ചുകൊടുക്കുകയാകുന്നു.

സംഘാംഗങ്ങൾക്കു നിത്യം ആവശ്യമുള്ള സാധനങ്ങൾ മാത്രമേ പ്രധാനമായി സ്റ്റോറിൽ ശേഖരിക്കപ്പെടുന്നുള്ളുവെന്നു വരുമ്പോൾ സാമാനങ്ങൾ വിറ്റഴിയാതെ ഇരിപ്പുവരിക എന്നതു് ഒരിക്കലും ഉണ്ടാവുകയില്ല. മുൻപറഞ്ഞപ്രകാരമാണു് അതിൽനിന്നുണ്ടാകുന്ന ആദായം വീതിക്കപ്പെടുന്നതു് എന്നു വരുമ്പോൾ സംഘാംഗങ്ങൾ സ്റ്റോറിൽനിന്നല്ലാതെ സാമാനങ്ങൾ വാങ്ങിക്കുകയുമില്ല. ഇങ്ങിനെ സഹകരണദ്വാരാ നടത്തപ്പെടുന്ന ആവക വ്യാപാരങ്ങൾക്കു് ഇടിച്ചൽ ഒരിക്കലും ഒരുവിധത്തിലും വരുന്നതല്ല.

ഒരു സ്റ്റോർ ലാഭകരമാകുംവണ്ണം നടത്തപ്പെടണമെങ്കിൽ തൽപ്രവർത്തകന്മാർക്കു കണിശമായി വ്യാപാരം നടത്തുന്നതിന്നുള്ള ശേഷിയുണ്ടായിരിക്കണമെന്ന സംഗതിസിദ്ധമാണല്ലോ. ഒത്തൊരുമിച്ചു പ്രവർത്തിപ്പാനുള്ള വാസന, പരോപകാരതൽപരത, ഉത്സാഹം, ധൈര്യം, സ്ഥൈര്യം, സത്യസന്ധത, കൃത്യനിഷ്ഠ ഇത്യാദി ഗുണങ്ങളാണു് സംഘാംഗങ്ങൾക്കു്—തൽഭരണകർത്താക്കന്മാർക്കു വിശേഷിച്ചും—വേണ്ടതു്. അത്രത്തോളം ഉൽകൃഷ്ടമായ നില തൽക്കാലം അസാദ്ധ്യമായിരിക്കും. എങ്കിലും മുമ്പറഞ്ഞപ്രകാരമുള്ള ഒരു സഹകരണസംഘം അതിലെ അംഗങ്ങൾക്കു മേപ്പടി ഗുണങ്ങൾ ശീലിക്കുന്നതിന്നുള്ള അവസരം ഉണ്ടാക്കിത്തീർക്കുന്നുവെന്നതു തർക്കമറ്റ സംഗതിയാകുന്നു. ഒരു ദേശത്തുള്ളവർക്കെല്ലാം ഒരുപോലെ വിശ്വാസമുള്ളവരും മുമ്പറഞ്ഞ ഏതാനും ചില ഗുണങ്ങൾ ഉള്ളവരുമായ ഒന്നുരണ്ടുപേർ അതാതു ദേശത്തുണ്ടായാൽ അവർമുഖാന്തരം ദേശംപ്രതി ഓരോ സംഘം അനായാസേന നടത്താവുന്നതാണു്. എങ്ങിനെയെന്നാൽ, മതഭേദമോ ജാതിഭേദമോ നോക്കാതെ ഒരു ദേശത്തുള്ളവരെല്ലാവരും കൂടിച്ചേർന്നു് ഒരു ശേഖരിപ്പുസഹകരണസംഘം സ്ഥാപിക്കുക. അതിൽ അംഗങ്ങളായിട്ടു ചേരുന്നവർ ഒന്നോ രണ്ടോ മൂന്നോ ഏറിയതു് അഞ്ചോ രൂപവീതമുള്ള ഷെയറുകൾ (ഓഹരികൾ) യഥാശക്തി എടുത്തു് ഒരു മൂലധനം ഉണ്ടാക്കുക. അതുകൊണ്ടു് അവർക്കു ദിവസേന വേണ്ടതായ സാമാനങ്ങളെ തുകപ്പടിയായി ലാഭം നോക്കി വാങ്ങി ശേഖരിച്ചു് അംഗങ്ങൾക്കു് ആവശ്യംപോലെ വിൽക്കുക. സ്റ്റോർ നടത്തുന്നവർ കണിശമായിട്ടു കണക്കുവെയ്ക്കുകയും പണം പിരിക്കുകയും ചെയ്യുക. കൊല്ലാവസാനത്തിൽ കണക്കു നോക്കി ലാഭം തിട്ടപ്പെടുത്തിക്കാണുക. അതിൽനിന്നു് ഓഹരിപ്പണത്തിന്നു 100-ക്കു 6 വീതം പലിശ കൊടുക്കുക. ബാക്കിയുള്ളതിൽനിന്നു് ഒരംശം കരുതൽധനമായിട്ടു സൂക്ഷിക്കുക. പിന്നെ ശേഷിക്കുന്നതു് അംഗങ്ങൾക്കുതന്നെ വീതിച്ചുകൊടുക്കുക. വീതിക്കുന്നതു 100 രൂപയ്ക്കു സാമാനം വാങ്ങീട്ടുള്ളതിന്നിത്രവീതം എന്ന തോതിലായിരിക്കണം. ഈ ഏർപ്പാടു സഫലമായിത്തീരുന്നതിന്റെ രഹസ്യം സത്യനിഷ്ഠയാകുന്നുവെന്നു വീണ്ടും പറഞ്ഞുകൊള്ളുന്നു. സംഘപ്രവർത്തകന്മാരും സംഘാംഗങ്ങളും ഒരുപോലെ സത്യവാന്മാരായിരിക്കണം. വേറെ ഗുണങ്ങൾ തൽക്കാലം ഇല്ലെങ്കിലും സത്യവും കരാറുമുണ്ടെങ്കിൽ ഈ കാര്യം എളുപ്പത്തിൽ സാധിക്കാം.

[Charles Gide]

ഇംഗ്ലീഷുരാജ്യത്തു ശേഖരിപ്പും വില്പനയുമുള്ള സംഘങ്ങളുടെ ഉത്ഭവം

ഇംഗ്ലണ്ടു്, സ്കോട്ട്ലന്റു്, വേത്സ് എന്നീ മൂന്നു രാജ്യങ്ങൾ കൂടിയ ഗ്രേറ്റ് ബ്രിട്ടൺ എന്ന ഇംഗ്ലീഷുരാജ്യത്തു പ്രധാനമായിട്ടുള്ള സഹകരണംഏർപ്പാടു ശേഖരിപ്പും വിൽപനയുമാകുന്നു. ഇംഗ്ലണ്ടിൽ 1844-മാണ്ടു ഡിസംബർ മാസം 21-ാംനു മഞ്ചെസ്റ്റർ എന്ന പട്ടണത്തിനു സമീപമുള്ള ‘റോൿഡേൽ’ എന്ന സ്ഥലത്തു് അതു് ആദ്യമായി ആരംഭിക്കപ്പെട്ടു. ബുദ്ധിശാലികളും ഉത്സാഹശീലന്മാരുമായ 28 നെയ്ത്തുകാർ ഒത്തുചേർന്നാണു് അതു് ഒന്നാമതായി തുടങ്ങിവെച്ചതു്. അവർ ആൾവീതം ഓരോ പവൻ ഓഹരിയായിട്ടെടുത്തു് 28 പവൻ അതിലേയ്ക്കൊരു മൂലധനമായിട്ടിറക്കി വ്യാപാരം നടത്തിത്തുടങ്ങി. അവരുടെ പ്രയത്നം ഏറ്റവും ഫലവത്തായിത്തീർന്നുവെന്നുള്ളതു ലോകപ്രസിദ്ധമായിട്ടുണ്ടല്ലോ. എന്നുതന്നെയുമല്ല പിന്നീടു് ആ 28 നെയ്ത്തുകാർ ‘റോൿഡേയിലെ മാർഗ്ഗപ്രദർശികൾ’ എന്ന നാമധേയത്താൽ പ്രഖ്യാതന്മാരായിട്ടുതീർന്നു.

images/Robert_Owen.jpg
റോബർട്ടു് ഒവൻ

എന്നാൽ സഹകരണം എന്ന ഏർപ്പാടിന്റെ പിതൃസ്ഥാനം ‘റോബർട്ടു് ഒവൻ’ എന്ന മഹാനാണു് അർഹിക്കുന്നതു് എന്നു പലരും പറയാറുണ്ടു്. മുമ്പറഞ്ഞ റോൿഡേൽമാർഗ്ഗപ്രദർശികളിൽ പലരും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമായിരുന്നു. “നിങ്ങൾക്കു വേണ്ടുന്ന സാധനങ്ങളെ നിർമ്മിക്കുന്ന കൈവേലക്കാരും അവയെ നിങ്ങൾക്കു വിഭജിച്ചുതരുന്ന കച്ചവടക്കാരും നിങ്ങൾതന്നെയായിരിക്കണം. എന്നാലേ ഒന്നാന്തരം സാധനങ്ങൾ ചുരുങ്ങിയ വിലയ്ക്കു നിങ്ങൾക്കു കിട്ടുവാൻ സാധിക്കുകയുള്ളു” എന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. ‘സഹകരണം’ (Co-operation) എന്ന ശബ്ദത്തിന്നു പ്രചാരം വരുത്തിയതും മിസ്റ്റർ ഒവൻതന്നെയാണു്. പക്ഷേ, അദ്ദേഹത്തിന്റെ പോക്കു മറ്റൊരു വിധത്തിലായിരുന്നതിനാൽ ആ ഭാഗം ഇവിടെ വിസ്തരിക്കുന്നില്ല.

images/Charles_Howarth.jpg
ചാൾസ് ഹോവർത്ത്

വാസ്തവത്തിൽ റോൿഡേൽസംഘമാണു് ആദ്യമുണ്ടായതു് എന്നും പറഞ്ഞുകൂടാ. 18-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തിൽ തന്നെ പരസ്പരസഹായസംഘങ്ങൾ പലതും സ്ഥാപിക്കപ്പെട്ടതായിട്ടു കാണുന്നുണ്ടു്. 1820-മാണ്ടിൽ പരസ്പരസഹായസംഘങ്ങൾക്കു പ്രചാരം വരുത്തുന്നതിന്നുവേണ്ടിത്തന്നെ ഒരു സംഘം സ്ഥാപിക്കുകയുണ്ടായി. പിന്നെ മിസ്റ്റർ ഒവന്റെ ഉത്സാഹത്തിന്മേലും അവയെ പ്രചരിപ്പിക്കുന്നതിന്നായിട്ടു പലതും ചെയ്തു. തൽഫലമായിട്ടു ശേഖരിപ്പിന്നും വില്പനയ്ക്കുമായിട്ടുള്ള സംഘങ്ങൾ അസംഖ്യം സ്ഥാപിക്കപ്പെടുകയും ചെയ്തു. എന്നാൽ അവയെ ഭരിച്ചിരുന്ന രീതി ശരിയാകാഞ്ഞതിനാൽ അവയൊന്നുംതന്നെ ഫലവത്തായിട്ടു തീർന്നില്ല. അതിന്നുള്ള കാരണം താഴെ വിവരിക്കുന്നു:- ഇംഗ്ലണ്ടിൽ നെയ്ത്തു മുതലായ വേലകൾ യന്ത്രങ്ങളെക്കൊണ്ടു നടത്തിത്തുടങ്ങുകയും അതിലേയ്ക്കായി വലിയ യന്ത്രശാലകൾ സ്ഥാപിക്കുകയും ചെയ്തുതുടങ്ങിയപ്പോൾ തൊഴിലാളികളുടെ തൊഴിലുകൾക്കു മുടക്കം വന്നു. അവരിൽ ദാരിദ്ര്യം അതുകാരണം അതിയായിട്ടു വ്യാപിക്കുകയുംചെയ്തു. ഈവിധം ദുഃഖിതന്മാരായ തൊഴിലാളികളുടെ ദയനീയാവസ്ഥ കണ്ടു ദയ തോന്നീട്ടു പണക്കാരായ ചിലർ ധർമ്മബുദ്ധിയോടുകൂടി അവരുടെ ഇടയിൽ പലസംഘങ്ങളും സ്ഥാപിച്ചു. എന്നാൽ തൽസ്ഥാപകന്മാർ ആ സംഘങ്ങളിൽ ചേരുകയുണ്ടായില്ല. അവയിൽനിന്നുണ്ടായ ആദായം ഓഹരിക്കാർക്കുതന്നെ വീതിച്ചുകൊടുക്കുകയോ അല്ലെങ്കിൽ ഭാവിയിലേയ്ക്കു് ഒരു കരുതൽധനമായിട്ടു സൂക്ഷിക്കുകയോ ആണു ചെയ്തതു്. അതുകാരണം ആ വക സംഘങ്ങളിലേയ്ക്കു് അധികം പേരെ ആകർഷിച്ചില്ല. പിന്നെ ആ സമ്പ്രദായം മാറ്റി എല്ലാ മെമ്പർമാർക്കും ആദായം ഒപ്പം വീതിച്ചുകൊടുത്തുതുടങ്ങി. അതും ഫലവത്തായിത്തീർന്നില്ല. എന്തെന്നാൽ സംഘംസംബന്ധമായി അധികം വ്യാപാരം ചെയ്തവന്നും ഒട്ടും ചെയ്യാത്തവന്നും ലാഭം ഒപ്പം കിട്ടുക എന്നു വന്നപ്പോൾ സംഘത്തിന്റെ അഭിവൃദ്ധിക്കായിക്കൊണ്ടു നിഷ്കളങ്കമായി പ്രവർത്തിക്കുന്നവർക്കുള്ള ഉത്സാഹം പ്രായേണ കുറയുമല്ലോ. ഒടുക്കം റോൿഡേൽമാർഗ്ഗപ്രദർശികളിൽ ഒരാളായ ചാൾസ് ഹോവർത്ത് എന്നാളുടെ മനോധർമ്മപ്രകാരമുള്ള പ്രയോഗമാണു് എറ്റവുമധികം ഫലവത്തായിട്ടു തീർന്നതു്. അധികം ഓഹരികൾ എടുത്തിട്ടുള്ളവർക്കു് അധികം ലാഭം എന്നതിന്നു പകരം സ്റ്റോറിൽനിന്നു് അധികം സാമാനങ്ങൾ വാങ്ങീട്ടുള്ളവന്നു് അധികം ലാഭം എന്ന തോതാണു് അദ്ദേഹം നിശ്ചയിച്ചതു്.

ആദായത്തെ ഈവിധം വിഭജിക്കുക എന്ന സമ്പ്രദായം നടപ്പായപ്പോൾ സഹകരണം എന്ന ഏർപ്പാടിന്റെ സ്വഭാവത്തിന്നുതന്നെ പെട്ടെന്നൊരു മാറ്റം വന്നു വശായി.[3] എങ്ങിനെയെന്നാൽ, എല്ലാവർക്കും സമാവകാശം എന്ന നില വിട്ടു് സംഘം മുഖാന്തരം നടത്തുന്ന വ്യാപാരത്തിൽ അധികം പങ്കുകൊള്ളുകയും സംഘത്തിന്റെ അഭിവൃദ്ധിക്കായി അധികം പരിശ്രമിക്കുകയും ചെയ്യുന്നവർക്കു് അധികം ലാഭം കിട്ടും എന്നു വന്നപ്പോൾ അധികം ഉത്സാഹത്തോടുകൂടി ജനങ്ങൾ ആവക സംഘങ്ങളിൽ ചേർന്നുതുടങ്ങി. പരസ്പരസഹായസംഘങ്ങൾ കാലതാമസംകൂടാതെ പലേടങ്ങളിലും സ്ഥാപിക്കപ്പെട്ടു. ഇങ്ങിനെ അത്യധികമായ ഒരു ഉൽക്കർഷം സഹകരണപ്രസ്ഥാനത്തിന്നു് അചിരേണ സിദ്ധിപ്പാനിടയായി.

അതുകൊണ്ടു സഹകരണം എന്ന ഏർപ്പാടിന്റെ യഥാർത്ഥമായിട്ടുള്ള പിതൃസ്ഥാനം റോൿഡേൽമാർഗ്ഗപ്രദർശികളായ 28 നെയ്ത്തുകാർക്കുതന്നെയാണു് കൊടുക്കേണ്ടതു് എന്നതിന്നു സംശയമില്ല. രണ്ടു മുഖ്യസംഗതികളിൽ അവർ ആ സ്ഥാനത്തെ വിശേഷിച്ചും അർഹിക്കുന്നുണ്ടു്. പരസ്പരസഹായസംഘങ്ങൾ എന്തുദ്ദേശത്തോടുകൂടി എങ്ങിനെ നടത്തപ്പെടണം എന്നതിലേയ്ക്കു് അവർ ദീർഗ്ഘദർശനത്തോടുകൂടി ഒരു കാര്യപരിപാടി (programme) തൽക്കാലത്തേയ്ക്കു് എന്നല്ല എന്നേന്നയ്ക്കുമായി തയ്യാറാക്കി എന്നതാണു് ഒന്നാമത്തെ സംഗതി. അവരുടെ തത്സംബന്ധമായിട്ടുള്ള പ്രസിദ്ധവിജ്ഞാപനത്തെ താഴെ ചേർക്കുന്നു:

“ഈ സംഘത്തിന്റെ ഉദ്ദേശങ്ങൾ—സംഘാംഗങ്ങൾക്കു ദ്രവ്യസംബന്ധമായ പല മെച്ചങ്ങളും ഉണ്ടാക്കിക്കൊടുക്കുകയും അവരുടെ കുടുംബസംബന്ധമായും സമുദായസംബന്ധമായുമുള്ള സ്ഥിതിയെ നന്നാക്കുകയും ചെയ്യുക. ഈ ഉദ്ദേശത്തിന്റെ സിദ്ധിക്കായിക്കൊണ്ടു താഴെ പറയുന്ന ഏർപ്പാടുകളെ നടപ്പിൽ വരുത്തുവാൻവേണ്ടി തക്കതായ ഒരു മൂലധനം—ഓഹരിക്കു് ഒരു പവൻ വീതമുള്ള ഒരു മൂലധനം—പിരിച്ചുണ്ടാക്കുക.”

“തങ്ങളുടെ കുഡുംബസംബന്ധമായും സമുദായസംബന്ധമായുമുള്ള സ്ഥിതിയെ നന്നാക്കുന്നതിന്നു പരസ്പരം സഹായിപ്പാനിച്ഛിക്കുന്ന മെമ്പർമാർക്കു താമസിപ്പാനായി കുറെ ഭവനങ്ങൾ പണിയിക്കുകയോ വിലയ്ക്കു വാങ്ങിക്കുകയോ ചെയ്ക.”

“ജോലിയില്ലാതെകണ്ടുള്ള മെമ്പർമാർക്കും അല്ലെങ്കിൽ തങ്ങൾക്കു കിട്ടിവരുന്ന കൂലിയിൽതന്നെ പലപ്പോഴുമുള്ള കിഴിവു നിമിത്തം വളരെ ക്ലേശത്തോടുകൂടി കാലക്ഷേപം ചെയ്യുന്ന മെമ്പർമാർക്കും ജോലിയുണ്ടാക്കിക്കൊടുക്കുന്നതിന്നുവേണ്ടി സംഘം നിശ്ചയിക്കുന്ന ചില സാധനങ്ങളെ സംഘം മുഖാന്തരം ഉണ്ടാക്കുവാനാരംഭിക്കുക.”

“ഈ സംഘത്തിലെ മെമ്പർമാരുടെ അധികരക്ഷയ്ക്കും ഗുണത്തിന്നുംവേണ്ടി സംഘം മുഖാന്തരം ഒരു വസ്തുവിലയ്ക്കു വാങ്ങുകയോ പാട്ടത്തിന്നു വാങ്ങുകയോ ചെയ്യുക. ജോലിയില്ലാത്തവരും തക്കതായ കൂലി കിട്ടാത്തവരുമായ മെമ്പർമാർ അതു കൃഷിചെയ്യുക.”

“വിവിധ പദാർത്ഥങ്ങളുടെ നിർമ്മാണം, അവയുടെ വിഭജനം, മെമ്പർമാരുടെ ഇടയിലുള്ള വിദ്യാഭ്യാസം, സംഘഭരണം ഇത്യാദി കാര്യങ്ങളെ സംബന്ധിച്ച അധികാരങ്ങളെ സംഘം മുഖാന്തരം വ്യവസ്ഥപ്പെടുത്തുക. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ—മെമ്പർമാർക്കെല്ലാവർക്കും ഒരുപോലെ ക്ഷേമകരമായ കാര്യങ്ങളെ അന്യസഹായംകൂടാതെ സ്വയമേവ നിർവ്വഹിക്കുന്നതിന്നായിട്ടു പ്രത്യേകം ഒരു കുഡുംബസമൂഹത്തെ (Home colony) സ്ഥാപിക്കുക. അല്ലെങ്കിൽ അപ്രകാരമുള്ള ഒരു സമൂഹസ്ഥാപനത്തിന്നു് അന്യസംഘങ്ങളെ സഹായിക്കുക.”

“മദ്യപാനം മെമ്പർമാരുടെ ഇടയിൽ ക്രമേണ ഇല്ലാതാക്കുന്നതിന്നുവേണ്ടി സംഘത്തിന്റെ അദ്ധ്യക്ഷതയിൽ മിതപാനത്തിന്നായിക്കൊണ്ടുള്ള ഒരു ഹോട്ടൽ സംഘംവക ഒരു സ്ഥലത്തു സൗകര്യംപോലെ കഴിയുന്നത്ര വേഗത്തിൽ സ്ഥാപിക്കുക.”

രണ്ടാമത്തെ സംഗതി:- ഇങ്ങിനെ ഒരു കാര്യപരിപാടിയുണ്ടാക്കി പ്രസിദ്ധംചെയ്തതുകൊണ്ടുമാത്രം അവർ തൃപ്തിപ്പെട്ടില്ല. അതിൽ പറഞ്ഞപ്രകാരമുള്ള കാര്യങ്ങളെ സാധിക്കുന്നതിന്നുള്ള മാർഗ്ഗവും അവർ കണ്ടുപിടിച്ചു. ഈവക നിയമങ്ങൾ മുമ്പറഞ്ഞ കുറച്ചു ചില നെയ്ത്തുകാർ ഒത്തുചേർന്നു് അന്നത്തെ ആവശ്യത്തിന്നായിക്കൊണ്ടേർപ്പെടുത്തിയവയാണു് എന്നും മുക്കാൽ ശതവർഷം കഴിഞ്ഞിട്ടും അവയിൽ എന്തെങ്കിലും ഭേദഗതിചെയ്വാൻ ആർക്കും സാധിച്ചിട്ടില്ല എന്നും പിന്നീടു് സ്ഥാപിക്കപ്പെട്ട അനേകായിരം സംഘങ്ങൾ ഈ നിയമങ്ങളെ യാതൊരുമാറ്റവും വരുത്താതെ അക്ഷരംപ്രതി പകർത്തുകമാത്രമാണു് ചെയ്തിട്ടുള്ളതു് എന്നും ഉള്ള സംഗതി ഓർക്കുമ്പോൾ മനുഷ്യരുടെ ധനസ്ഥിതിയെപ്പറ്റിയും അവരുടെ മിതവ്യയശീലത്തെപ്പറ്റിയും ധനവർദ്ധകങ്ങളായ കാര്യങ്ങളെപ്പറ്റിയും എഴുതുന്ന ചരിത്രത്തിൽ ഇതു് ഒരു അത്ഭുതകരമായ സംഭവമായിട്ടുതന്നെ ഗണിക്കപ്പെടും എന്നു സമ്മതിക്കാതെ കഴികയില്ല.

സഹകരണം എന്ന ഏർപ്പാടു് ഒരു വിദ്വാന്റേയൊ വിവേകിയുടെയൊ തലച്ചോറിൽനിന്നു പുറപ്പെട്ടതല്ല. അതു ജനങ്ങളുടെ ജീവിതത്തിൽനിന്നുതന്നെ താനേ പുറപ്പെട്ടതാകുന്നു.

പരസ്പരസഹായസംഘങ്ങൾമുഖാന്തരമുള്ള ശേഖരിപ്പും വില്പനയും ആദ്യമായി തുടങ്ങിവെച്ചതും പിന്നീടു് ആ ഏർപ്പാടു് ഏറ്റവുമധികം വിസ്താരത്തേയും പുഷ്ടിയേയും പ്രാപിച്ചിട്ടുള്ളതും ഇംഗ്ലീഷുരാജ്യത്താകുന്നു. അവിടെ പതിനായിരത്തിലധികം മെമ്പർമാരുള്ളതായിട്ടു് 70 സംഘങ്ങളുണ്ടു്. അവയിൽ ഒന്നിൽതന്നെ 70,000 മെമ്പർമാരോളം കാണും. അതിൽ 24 ലക്ഷം പവൻ ഇറക്കി വ്യാപാരം നടത്തിവരുന്നു.

[C. Gide Con: Co: Societies ch. 3]

റോൿഡേൽമാർഗ്ഗപ്രദർശികൾ ചെറിയ ശേഖരിപ്പുസംഘങ്ങളെ സഹായിപ്പാൻവേണ്ടി ആദ്യം ഒരു സ്റ്റോർ സ്ഥാപിച്ചു. എന്നാൽ യഥാർത്ഥമായിട്ടുള്ള തുകപ്പടി ശേഖരിപ്പുസംഘം അല്ലെങ്കിൽ സമസ്ത വിക്രയസംഘം (Co-operative wholesale society, or, more familiarly the C. W. S.) 1864-മാണ്ടിൽ മാത്രമാണു് സ്ഥാപിക്കപ്പെട്ടതു്. 50 ചെറിയ സംഘങ്ങൾ ആരംഭത്തിൽ അതിൽ അംഗങ്ങളായിട്ടു ചേർന്നു. അതിന്റെ മൂലധനം തുടക്കത്തിൽ 1000 പവൻ മാത്രമായിരുന്നു. ഇപ്പോൾ അതിൽ 1200 സംഘങ്ങൾ മെമ്പർമാരായി ചേർന്നിട്ടുണ്ടു്. 2,131,000 പവൻ ഓഹരി പിരിച്ചിട്ടുള്ളതായിട്ടും 4,000,000 പവൻ വായ്പ വാങ്ങീട്ടുള്ളതായിട്ടുമുള്ള സ്വത്തു സംഘംവകയായിട്ടിപ്പോൾ ഉണ്ടു്. ആ സംഘത്തിൽ 21,000 പേർ ശമ്പളക്കാർ കൂലിവേലക്കാരായിട്ടും ഗുമസ്ഥന്മാരായിട്ടും വേലചെയ്തുവരുന്നു. സംഘം വക വലിയ കച്ചവടസ്ഥലങ്ങളിൽ 35,000,000 പവൻ വിലയ്ക്കുള്ള സാമാനങ്ങൾ ശേഖരിച്ചു വ്യാപാരം നടത്തിവരുന്നു. 70 നിർമ്മാണശാലകൾ (Factories) സംഘം വകയായിട്ടുണ്ടു്. അവയിലെല്ലാംകൂടി 9,000,000 പവൻ വിലയ്ക്കുള്ള നാനാവിധ സാധനങ്ങൾ ഉണ്ടാക്കപ്പെടുന്നു. സ്വന്തം കപ്പലുകളിൽ 8,000,000 പവൻ വിലയ്ക്കുള്ള സാമാനങ്ങൾ അന്യരാജ്യങ്ങളിൽനിന്നു് ഇറക്കുമതി ചെയ്തുവരുന്നു. 50,000 പവൻ വിലയ്ക്കുള്ള ഭൂമി സംഘം വകയായിട്ടു വാങ്ങിച്ചിട്ടുണ്ടു്. അതിന്നു പുറമേ മഞ്ചസ്റ്റർ പട്ടണത്തിൽ കപ്പലുകൾ സ്വന്തം കച്ചവടസ്ഥലങ്ങളിലേയ്ക്കു് അടുത്തുവരുന്നതിന്നു് ഒരു കപ്പച്ചാലും കപ്പക്കുളവും സംഘം വകയായിട്ടുതന്നെയുണ്ടു്. സംഘംവക മൂന്നുസ്ഥാപനങ്ങൾ ഡെന്മാർക്ക് രാജ്യത്തുണ്ടു്. അവിടെനിന്നു 4,000,000 പവൻ വിലയ്ക്കുള്ള വെണ്ണയും പന്നിമാംസവും വാങ്ങിക്കുന്നു. അപ്രകാരംതന്നെ അതിന്റെ ഒരു ബ്രാഞ്ച് ജർമ്മനിയിലും (ഹാമ്പർഗ്ഗിലും) ഒന്നു ‘സ്വീഡൻ’ എന്ന രാജ്യത്തും ഒന്നു ‘കാനഡ’രാജ്യത്തും ഒന്നു് ആസ്ട്രേലിയാരാജ്യത്തും ഉണ്ടു്. അന്യരാജ്യങ്ങളായിട്ടു വ്യാപാരം നടത്തുന്നതിനുള്ള മുമ്പറഞ്ഞ സ്ഥാപനങ്ങൾക്കു പുറമേ ആസ്ത്രേലിയായിൽ മെഴുതിരി മുതലായതുണ്ടാക്കുന്നതിന്നുള്ള കൊഴുപ്പു് എടുക്കുന്നതിന്നു് ഒരു ശാലയും ഇന്ത്യയിലും സിലോണിലും ചായത്തോട്ടങ്ങളും ഉണ്ടു്. ഇംഗ്ലണ്ടിൽതന്നെ 18,000 ഏക്രവിസ്താരത്തിൽ 6 തോട്ടങ്ങൾ സംഘം വകയായിട്ടുണ്ടു്. അവയിൽ സ്റ്റ്റാബറി, ടൊമറ്റൊ (തക്കാളിച്ചെടി) മുതലായവ കൃഷിചെയ്തുവരുന്നു. യുദ്ധകാലത്തു ഗവർമ്മേണ്ടുമുഖാന്തരം അനവധി ഭക്ഷണപദാർത്ഥങ്ങളും തുണിച്ചരക്കുകളും സംഘംഏർപ്പാടിൽനിന്നു വാങ്ങിച്ചു. റഷ്യാഗവർമ്മേണ്ടുകൂടി അനേകായിരം പവൻ വിലയ്ക്കുള്ള ബൂട്ട്സ് മേപ്പടി ഏർപ്പാടിൽനിന്നുതന്നെ വാങ്ങിക്കുകയുണ്ടായി.

ഇപ്രകാരമുള്ള പരസ്പരസഹായസംഘങ്ങളുടെ ആവിർഭാവത്തോടുകൂടി ഇംഗ്ലീഷുരാജ്യത്തു് അനേകായിരം കുഡുംബങ്ങളിൽനിന്നു ദാരിദ്ര്യം പറപറന്നിരിക്കുന്നു. ആ തരം സംഘങ്ങൾ ആ രാജ്യത്തിപ്പോൾ 1600 ഓളമുണ്ടു്. ഇംഗ്ലീഷുകാർ സംഘനിയമങ്ങളേയും നടപടികളേയും അനുസരിച്ചു നടക്കുന്ന കാര്യത്തിൽ വലിയ നിഷ്കർഷയുള്ളവരാകുന്നു. അതാണു് ഈ ഏർപ്പാടു് ആ രാജ്യത്തു് ഇത്രത്തോളം ഫലവത്തായിത്തീരുവാനുള്ള കാരണം.[4]

[C. Gide Con: Co: Soceities chap. X.]

യൂറോപ്പുരാജ്യങ്ങളിൽ ശേഖരിപ്പും വില്പനയുമുള്ള പരസ്പരസഹായസംഘങ്ങൾ

സംഘാംഗങ്ങൾക്കു ചുരുങ്ങിയ പലിശയ്ക്കു പണം കടം കൊടുക്കുന്നതിന്നായിട്ടേർപ്പെടുത്തീട്ടുള്ള സഹകരണസംഘങ്ങൾ ഏറ്റവുമധികം വെടിപ്പായിനടക്കുന്നതു ജർമ്മനിരാജ്യത്താകുന്നു. ആ ഏർപ്പാടിന്റെ ഉത്ഭവവും അവിടുന്നുതന്നെയാണെന്നു പറയാം. എന്നാൽ ശേഖരിപ്പുസംഘങ്ങളും വില്പനസംഘങ്ങളും ഇംഗ്ലീഷുരാജ്യത്തുള്ളവയോളംതന്നെ ആ രാജ്യത്തു പുഷ്ടമായിട്ടില്ല. എങ്കിലും ആതരം ചില സംഘങ്ങൾ അവിടങ്ങളിൽ ഉള്ളതു് അതിഗംഭീരങ്ങളാണുതാനും. ഹാമ്പർഗ്ഗു് എന്ന പട്ടണത്തിലെ ഒരു സംഘത്തിൽ 80,000 മെമ്പർമാരും ലീപ്സിഗ്ഗു് എന്ന പട്ടണത്തിലെ സംഘത്തിൽ 65,000 മെമ്പർമാരും ബ്രാസ്ലു എന്ന പട്ടണത്തിലെ സംഘത്തിൽ 100,000 മെമ്പർമാരും ഉണ്ടു്.

ഫ്രാൺസ് രാജ്യത്തു ശേഖരിപ്പും വില്പനയുമുള്ള സംഘങ്ങളുടേയും അവയിൽ ചേർന്നിട്ടുള്ള മെമ്പർമാരുടേയും എണ്ണം മുൻപറഞ്ഞ രണ്ടു രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കുറവാകുന്നുവെന്നു പറയാം. അതനുസരിച്ചു് അതിലേയ്ക്കു മുതലിറക്കീട്ടുള്ളതും കുറവായിരിക്കുന്നു. സഹകരണത്തിന്നുള്ള വാസന തദ്ദേശീയന്മാർക്കു കുറവാണു് എന്നതിലേയ്ക്കു് അതൊരു ലക്ഷണമാകുന്നു. അതിന്നും പുറമേ വെറൊരു കാരണം കൂടിയുണ്ടു്. അവിടങ്ങളിൽ ഉള്ള ശേഖരിപ്പുസംഘങ്ങൾ ചില പ്രത്യേകസാധനങ്ങൾ മാത്രമേ ശേഖരിച്ചു വിൽക്കുന്നുള്ളു. അപ്പോൾ സംഘാംഗങ്ങൾക്കു് ആ വക സാധനങ്ങൾ മാത്രമേ സ്റ്റോറിൽനിന്നു വാങ്ങിക്കുവാൻ തരമാകുന്നുള്ളു. സംഘാംഗങ്ങൾക്കാവശ്യമുള്ള എല്ലാ സാധനങ്ങളും ശേഖരിച്ചിട്ടുള്ള സ്റ്റോറുകൾ ആ രാജ്യത്തു് അതിദുർല്ലഭമാകുന്നു.

നന്നെ ചെറിയതായ സ്വിറ്റ്സർലന്റു് എന്ന രാജ്യത്തു് സഹകരണം എന്ന ഏർപ്പാടിന്നു വളരെ അധികം പ്രചാരം സിദ്ധിച്ചിട്ടുണ്ടു്. 40 ലക്ഷം ജനം മാത്രമുള്ള ആ ചെറിയ രാജ്യത്തു് 400 വില്പനസംഘങ്ങളുണ്ടു്. അവയിലെല്ലാംകൂടി 30,000 മെമ്പർമാരുമുണ്ടു്. പതിനായിരത്തിലധികം മെമ്പർമാരുള്ളതായിട്ടവിടെ അഞ്ചു സംഘങ്ങളുണ്ടു്. അവയിൽ ബേൽ എന്നു പേരായ ഒരു സംഘത്തിൽ തന്നെ 37,000 മെമ്പർമാരുണ്ടു്. അതിൽ 1,080,000 പവൻ വിലയ്ക്കുള്ള സാമാനങ്ങളുടെ വ്യാപാരം നടത്തിവരുന്നു. ഈ രാജ്യത്തു് ഈ ഏർപ്പാടു തുടങ്ങീട്ടധികം കാലമായില്ല. 1890-മാണ്ടിൽ “യൂണിയൻ കോ-ഓപ്പറേറ്റീവ് ഡെ ബേൽ” എന്ന നാമധേയത്തിൽ ഒരു പ്രധാനസംഘം സ്ഥാപിച്ചു യഥാർത്ഥത്തിൽ അന്നുമുതൽക്കാണു ‘സഹകരണം’ ഏർപ്പാടു അവിടെ ആരംഭിച്ചതു്. ആ പ്രധാനസംഘത്തിൽ ഇപ്പോൾ 400 സംഘങ്ങൾ അംഗങ്ങളായിട്ടു ചേർന്നിട്ടുണ്ടു്. അതിൽ 20 ലക്ഷം പവൻ വിലയ്ക്കുള്ള സാമാനങ്ങളുടെ വ്യാപാരവും നടത്തിവരുന്നു. മുമ്പറഞ്ഞ 400 സംഘങ്ങളും പ്രധാനസംഘത്തിന്റെ അംഗങ്ങൾ എന്ന നിലയിൽ അതിനെ സർവ്വപ്രകാരേണ പോഷിപ്പിപ്പാൻ ഉത്സാഹിക്കുന്നു. സ്വിറ്റ്സർലന്റു് എന്ന രാജ്യം അനേകം ചെറിയ ഖണ്ഡങ്ങൾ കൂടിച്ചേർന്നതാകുന്നു. ഓരോ ഖണ്ഡവും പ്രജാപ്രഭുത്വദ്വാരാ സ്വതന്ത്രമായിട്ടുതന്നെ ഭരിക്കപ്പെടുന്നു. എങ്കിലും “ഓരോരുത്തരും എല്ലാവർക്കുവേണ്ടിയും എല്ലാവരും ഓരോരുത്തർക്കുവേണ്ടിയും” എന്ന സഹകരണതത്വത്തെ അടിസ്ഥാനമാക്കിക്കൊണ്ടു തദ്ദേശീയന്മാർ ആ ഖണ്ഡാങ്ങളെയെല്ലാം കൂട്ടി യോജിപ്പിച്ചു് ഒരു “ഫെഡറേഷൻ” ആയി ഭരണം നടത്തിവരുന്നു. രാജ്യഭരണകാര്യങ്ങളിലും കൂടി സഹകരണം അനുഷ്ഠിപ്പാൻ ശീലിച്ചിട്ടുള്ളവർക്കു്, മിതവ്യയം, ധനസമ്പാദനം, ദിവസവൃത്തിക്കവശ്യം വേണ്ടവയും ജീവിതത്തെ സുഖമാക്കിത്തീർക്കുന്നതിന്നു വേണ്ടവയും ആയ വിവിധപദാർത്ഥങ്ങളെ സമ്പാദിക്കൽ മുതലായ കാര്യങ്ങളുടെ സിദ്ധിക്കായിക്കൊണ്ടു സഹകരിപ്പാൻ മറ്റുള്ളവരേക്കാൾ എളുപ്പമാണു് എന്നതു സ്പഷ്ടമാണല്ലൊ.

‘ഇറ്റലി’ രാജ്യത്തും സഹകരണം എന്ന ഏർപ്പാടിന്നു പ്രചാരം സിദ്ധിച്ചിട്ടുണ്ടു്. അവിടെ വേലക്കാരുടെ വക ചിലതൊഴിച്ചു വലിയ സംഘങ്ങൾ ദുർല്ലഭമാണു്. വേലക്കാരുടെ ഒരു സംഘത്തിൽ 16,000 മെമ്പർമാരുണ്ടു്. അതു തൊഴിലാളികൾ ഒത്തുചേർന്നു സ്ഥാപിച്ചിട്ടുള്ള ഒരു സംഘമാകുന്നു. അതു കൂടാതെ ഇടമട്ടുകാരായ പലരും ചേർന്നു് ഒരു സംഘം സ്ഥാപിച്ചിട്ടുണ്ടു്. അതിൽ 15,000 മെമ്പർമാർ ഉണ്ടു്. ഇംഗ്ലന്റു്, സ്വിറ്റ്സർലന്റു് എന്നീ രാജ്യങ്ങളിലെന്നപോലെ അനേകം വില്പനസംഘങ്ങൾ കൂടി ചേർന്ന ഒരു പ്രധാനസംഘം (General Wholesale Federation) സ്ഥാപിച്ചു വലിയ മട്ടിൽ വ്യാപാരം നടത്തുന്നതിന്നുള്ള സാമർത്ഥ്യം തദ്ദേശീയന്മാർക്കു കുറവാണു്. ഇറ്റലിയിൽ രാജ്യഭരണകാര്യങ്ങളിൽ ഉണ്ടായിട്ടുള്ള പരിഷ്ക്കാരം പോലെ സഹകരണം എന്ന ഏർപ്പാടിൽ പരിഷ്കാരം വന്നിട്ടില്ല.

‘ബെൽജിയം’ എന്ന രാജ്യത്താണു് സഹകരണം ഒരു പുതിയ പദ്ധതിയിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ളതു്. അവിടെ രാജകീയമായും സാമുദായികമായും ഉള്ള കാര്യങ്ങളേയും കൂട്ടിക്കലർത്തീട്ടാണു് സഹകരണസംഘങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതു്. അപ്പോൾ മത്സരം സ്വഭാവേന വന്നുകൂടുമല്ലോ. മത്സരം സംഘങ്ങൾക്കു് ഓജസ്സും ഉണർവ്വും ഉത്സാഹവും വിശേഷാലായിട്ടു് ഉണ്ടാക്കിത്തീർക്കുന്നു. പക്ഷേ, സഹകരണം എന്ന തത്വത്തിന്റെ സാരത്തെ വിസ്മരിച്ചുകൊണ്ടാണു് ആ വക സംഘങ്ങൾ പ്രവൃത്തിക്കുന്നതു്. അതിനാൽ യഥാർത്ഥമായിട്ടുള്ള പരസ്പരസഹായസംഘങ്ങൾ എന്ന നാമധേയം അവ അർഹിക്കുന്നുണ്ടോ എന്നു സംശയമാകുന്നു.

സഹകരണം എന്ന ഏർപ്പാടു മറ്റെല്ലാ രാജ്യങ്ങളേക്കാളും എറ്റവുമധികം പുഷ്ടിയെ പ്രാപിച്ചിട്ടുള്ളതായിട്ടു യൂറോപ്പിൽ തന്നെ ഒരു ചെറിയ രാജ്യമുണ്ടു്. അതു ‘ഡെന്മാർക്കു്’ എന്ന രാജ്യമാകുന്നു. അവിടെ 1500 വില്പനസംഘങ്ങൾ (Consumers’ societies) ഉണ്ടു്. കേവലം 30 ലക്ഷം മാത്രം ജനമുള്ള ഒരു രാജ്യത്തു് അതൊരു വലിയ തുകതന്നെയാകുന്നു. അവിടെ അതിന്റെ വ്യാപ്തി അധികവും നാട്ടുപുറങ്ങളിലുള്ള കൃഷിക്കാരിലാകുന്നു. അതിനാൽ ആ ഏർപ്പാടിനെ സംബന്ധിച്ചു് ആ നാട്ടിൽ നടപ്പുള്ള പല സമ്പ്രദായങ്ങളും നമുക്കു് അനുകരിക്കേണ്ടതായിട്ടുണ്ടു്.

യൂറോപ്പിൽവെച്ചു് ഏറ്റവും ചെറിയ രാജ്യം വിട്ടു് ഏറ്റവും വലിയ രാജ്യത്തേക്കു തിരിഞ്ഞാൽ നാം കാണുന്നതു ‘റഷ്യ’ രാജ്യമാകുന്നു. ആദ്യകാലങ്ങളിൽ അവിടെ സഹകരണം എന്ന ഏർപ്പാടിന്റെ പ്രചരണം വളരെ സാവധാനത്തിൽ മാത്രമായിരുന്നു. എങ്കിലും പത്തുകൊല്ലം മുമ്പു മുതൽക്കിങ്ങോട്ടു വിചാരിക്കാതെകണ്ടു് ഒരു കയറ്റം അതിന്നുണ്ടായിട്ടുണ്ടു്. റഷ്യക്കാരുടെ ഇടയിൽ ‘മിർ’ എന്നും ‘ആർത്തൽസു്’ എന്നും രണ്ടു പഴയ സമ്പ്രദായങ്ങൾ നടപ്പുള്ളതു ഒത്തൊരുമിച്ചു പ്രവൃത്തിപ്പാനുള്ള വാസന അവരിൽ സഹജമായിട്ടുണ്ടു് എന്ന സംഗതിയെ നല്ലവണ്ണം വെളിപ്പെടുത്തുന്നു. അതിനാൽ ആ പഴയ രൂപത്തിന്റെ തിരോഭാവത്തോടുകൂടി മേപ്പടി വാസന സഹകരണം എന്ന പുതിയ രൂപത്തിൽ ആവിർഭവിക്കുന്നതിൽ ആശ്ചര്യമില്ലല്ലോ. അവിടെ വിക്രയസംഘങ്ങൾതന്നെ 13,000-ത്തോളമുണ്ടു്. അവ മിക്കതും നാട്ടുപുറങ്ങളിലാണു സ്ഥാപിക്കപ്പെട്ടിട്ടുള്ളതു്. കടംവായ്പസംഘങ്ങൾ 15,000-ത്തിൽ മീതെ കാണും. യുദ്ധകാലത്തു റഷ്യയിൽ പരസ്പരസഹായസംഘങ്ങൾക്കു് അത്യധികമായ വർദ്ധനയുണ്ടായിട്ടുണ്ടു്. അവിടെ മാസ്കോ എന്ന പട്ടണത്തിൽ ഒരു സംഘത്തിൽ തന്നെ 2,10,000 മെമ്പർമാരുണ്ടു്. ഇത്രയുമധികം മെമ്പർമാരുള്ളതായിട്ടു ലോകത്തിൽ വേറെ ഒരു സംഘവുമില്ല. റഷ്യയിൽ യുദ്ധശേഷമുണ്ടായ ക്ഷാമത്തിൽ തദ്ദേശീയന്മാർ അടച്ചു ചത്തുപോകാഞ്ഞതു് ഈ ഒരേർപ്പാടുനിമിത്തമാകുന്നു. അവിടത്തെ പുതിയ ഗവർമ്മേണ്ടും അതിനെ ആദ്യംമുതൽക്കുതന്നെ ആദരിച്ചിരുന്നു.

യൂറോപ്പിലുള്ള മറ്റു രാജ്യങ്ങളിൽ സഹകരണത്തിന്നു പ്രചാരം ക്രമേണ ഉണ്ടായിവരുന്നതേയുള്ളു.

ഈ വിഷയത്തിൽ ഒട്ടുംതന്നെ ഒരു പ്രധാനസ്ഥാനം വഹിക്കാതേകണ്ടു യൂറോപ്പിന്നു പുറത്തായിട്ടൊരു വലിയ രാജ്യം—ഏറ്റവും പരിഷ്കാരത്തെ പ്രാപിച്ചിരിക്കുന്ന ഒരു വലിയ രാജ്യം—ഉണ്ടു്. അതു് അമേരിക്കയിൽ പ്രസിദ്ധ “യുണൈറ്റഡ് സ്റ്റേറ്റ്സു്” എന്ന രാജ്യമാകുന്നു. അവിടെ ഈ ഏർപ്പാടു് ഇല്ലെന്നുതന്നെ ആശ്ചര്യത്തോടുകൂടി പറയേണ്ടിയിരിക്കുന്നു. എങ്കിലും ഇയ്യിടയിൽവെച്ചു് ആ സമ്പ്രദായം കൃഷിക്കാരുടെ ഇടയിൽ കുറേശ്ശ നടപ്പായിത്തുടങ്ങീട്ടുണ്ടു്. അതിന്നും പുറമെ ജർമ്മനി ഇറ്റലി മുതലായ യൂറോപ്പുരാജ്യങ്ങളിൽനിന്നു പോയി അവിടെ താമസമുറപ്പിച്ചിട്ടുള്ള വകക്കാരുടെ ഇടയിൽ അതിന്നു പ്രചാരം ഉണ്ടാകുന്നതിന്നു് അധികം എളുപ്പമുള്ളതായിട്ടു കാണുന്നു.

[C. Gide. chap 4.]

ഓരോ രാജ്യത്തുമുള്ള പരസ്പരസഹായസംഘങ്ങളുടെ തുക (A list of the Consumers’ Co: Societies.)

താഴെ കാണിക്കുന്ന ലിസ്റ്റുകൊണ്ടു് ഓരോ സ്ഥലത്തും ഈ ഏർപ്പാടിന്നു് എത്രത്തോളം പ്രചാരം വന്നിട്ടുണ്ടു് എന്നു മനസ്സിലാക്കാം.

images/vkkunjan-sahakarana-1.jpg
images/Stuart_Mill.jpg
ജാൺ സ്റ്റുവർട്ട് മിൽ

മുൻ കാണിച്ച ലിസ്റ്റിൽ യൂറോപ്പിൽ ചില രാജ്യങ്ങളെ മാത്രമേ ചേർത്തിട്ടുള്ളു. അവയ്ക്കു പുറമെ യൂറോപ്പിൽതന്നെ ബാൾക്കൻസ്റ്റേറ്റ്സ്, പോർട്ടുഗൽ (പറങ്കിരാജ്യം) മുതലായ രാജ്യങ്ങളിലും, പിന്നെ, കാനഡ, ജപ്പാൻ, ഇന്ത്യാ, ആസ്ത്രേലിയാ, അമേരിക്കാ മുതലായ രാജ്യങ്ങളിലും ഉള്ള അനേകായിരം സഹകരണസംഘങ്ങളേക്കൂടി ലിസ്റ്റിൽ പെടുത്തേണ്ടതായിട്ടുണ്ടു്. എന്നാൽ മുൻകാണിച്ച ലിസ്റ്റിൽ പെടുത്തിക്കാണുന്നവയും ഇനിയും പെടുത്തുവാനുണ്ടു് എന്നു പറഞ്ഞിട്ടുള്ളവയും എല്ലാം ശേഖരിപ്പും വില്പനയും നടത്തുന്ന സംഘങ്ങൾ മാത്രമാകുന്നു. കടംവായ്പസംഘങ്ങളേയും, കൃഷിക്കാര്യങ്ങൾക്കായി വളം വിത്തു കൃഷിപ്പണിആയുധങ്ങൾ മുതലായ കൃഷിസാമാനങ്ങൾ ശേഖരിക്കുന്നതിന്നും, പിന്നെ ഭവനംപണി മുതലായതു നടത്തുന്നതിന്നും മറ്റനേകകാര്യങ്ങൾക്കുമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള അസംഖ്യം പരസ്പരസഹായസംഘങ്ങങ്ങളേയും അതിൽ പെടുത്തീട്ടില്ല. 1919-മാണ്ടിൽ മരിച്ചുപോയ റഷ്യക്കാരനായ ഒരു ധനശാസ്ത്രജ്ഞൻ (Tugan Baranowski) അന്നെടുത്ത കണക്കുപ്രകാരം ഭൂലോകത്തിൽ ആകെ 160,000 സംഘങ്ങളും അവയിൽ പങ്കു കൊണ്ടിട്ടു മൂന്നു കോടി മെമ്പർമാരും ഉണ്ടെന്നു കണ്ടിരിക്കുന്നു. മുൻ കാണിച്ച തുകകളെല്ലാം പന്ത്രണ്ടുകൊല്ലം മുമ്പു (1918-മാണ്ടിൽ) എടുത്തിട്ടുള്ളവയാകയാൽ ഇപ്പോൾ അവയെല്ലാം കുറെക്കൂടി വർദ്ധിച്ചു കാണുമെന്നതിന്നു സംശയമില്ല. കുറച്ചു കാലത്തിന്നിടയ്ക്കു മാത്രമായിട്ടുണ്ടായിട്ടുള്ള ഈ ഏർപ്പാടിന്റെ വ്യാപ്തി എത്രത്തോളമാണുണ്ടായിരിക്കുന്നതു് എന്ന സംഗതി മുൻകാണിച്ച തുകകളിൽനിന്നുതന്നെ ധാരാളം മനസ്സിലാക്കാമല്ലോ. അങ്ങിനെ ഒരു ലിസ്റ്റ് ഇവിടെ എടുത്തുകാണിച്ചതിന്റെ ഉദ്ദേശവും അതുതന്നെയാണു്.

[C. Gide. chap 4.]

വില്പനസംഘങ്ങളുടെ ജയാപജയങ്ങൾക്കുള്ള കാരണങ്ങൾ
  1. ഭരണം—ഒരു സംഘം പൊളിഞ്ഞുപോകുന്നതിന്നു പല കാരണങ്ങളുമുള്ളവയിൽ ഭരണദൂഷ്യം എന്നതു് ഒട്ടേറേ മുഖ്യമായിട്ടുള്ളതാകുന്നു. സംഘംവക ഒരു സ്റ്റോർ കൊണ്ടുനടത്തുന്നവർക്കു സാമാനങ്ങളെ വേണ്ട ദിക്കിൽ നിന്നു വേണ്ട സമയത്തു വാങ്ങിക്കുവാൻ ശീലമുണ്ടാവില്ല. സാമാനങ്ങളുടെ വിലയിടുന്ന രീതി അവർക്കറിഞ്ഞുകൂടാ. സാമാനങ്ങളെ പരിശോധിപ്പാനും ‘ചെക്കു’ചെയ്വാനും അവർ പരിചയിച്ചിട്ടില്ല. ഇങ്ങിനെ വരുമ്പോൾ ഷാപ്പു പൊളിഞ്ഞുപോകാതെ യാതൊരു നിവൃത്തിയുമില്ല. ശമ്പളംകൊടുത്തു് ഒരു മനേജരെ സംഘം നിയമിക്കുമായിരിക്കും. പക്ഷേ, പ്രാപ്തനും വിശ്വസ്തനുമായിട്ടൊരാളെ—ആരംഭകാലത്തിൽ വിശേഷിച്ചും—കിട്ടിക്കൊൾവാൻ വളരെ പ്രയാസമാകുന്നു. സാധാരണ കച്ചവടത്തിന്നു കൊള്ളരുതാത്തവരായിരിക്കും സാമാന്യേന ഈ ജോലിക്കു വരിക. നേരെമറിച്ചു. കാര്യം കണിശമായിട്ടു നടത്തുവാനുള്ള വാസന, വിശ്വസ്തത, പരോപകാരതൽപരത മുതലായ ഗുണങ്ങൾ കൂടിച്ചേർന്നിട്ടുള്ള ഒരുവനെയാണു് മാനേജരായിട്ടു കിട്ടേണ്ടതു്. അങ്ങിനെയുള്ളവർ ദുർല്ലഭമാണുതാനും. വേണ്ടുന്ന യോഗ്യതകളോടുകൂടിയ ഒരു മാനേജരെ കിട്ടിയാലും അയാളുടെ ജോലിയിൽ സംഘഭരണകർത്താക്കന്മാർ ഇടക്കിടയ്ക്കു അനാവശ്യമായി പ്രവേശിക്കുക എന്നൊരു ദോഷം പറ്റിപ്പോകാനിടയുണ്ടു്. ശേഷികൊണ്ടും പരിചയംകൊണ്ടും സംഘാഭിവൃദ്ധിക്കുവേണ്ടി ചെയ്തിട്ടുള്ള പരിശ്രമങ്ങൾകൊണ്ടും ഒരു മാനേജരുടെ യോഗ്യത വെളിപ്പെട്ടുകണ്ടാൽ ഉടനെ അയാൾക്കെതിരായി പലരും സംഘത്തിലുണ്ടാവുകയും അവർ അയാളെ സംഘത്തിൽനിന്നു പുറത്താക്കുവാനുത്സാഹിക്കുകയും ചെയ്യുന്നു. എന്തെന്നാൽ പരസ്പരസഹായസംഘങ്ങളിലുംകൂടി അങ്ങിനെയുള്ള കൂട്ടർ ഉണ്ടു്! അതിനാൽ ഒരു വില്പനസംഘത്തിന്റെ ജയത്തിന്നു മുൻപറഞ്ഞ ദോഷങ്ങളെ കഴിയുന്നതും പരിഹരിക്കേണ്ടതാകുന്നു. പ്രജാപ്രഭുത്വദ്വാരാ രാജ്യഭാരം എന്ന വിഷയത്തെ പ്രതിപാദിയ്ക്കുന്ന ഒരു ഘട്ടത്തിൽ ജാൺ സ്റ്റുവർട്ട് മിൽ എന്ന മഹാൻ ഇങ്ങിനെ എഴുതിയിരിക്കുന്നു: “ജനങ്ങൾതന്നെയാണു് എജമാനന്മാരായിരിക്കേണ്ടതു്. എന്നാലും തങ്ങളെക്കാളുമധികം ശേഷിയുള്ളവരെ അവർ ഉദ്യോഗസ്ഥന്മാരായിട്ടു നിയമിക്കുകയും വേണം. ഇതാണു് ഉത്തമമായിട്ടുള്ള അവസ്ഥ.” ശേഖരിപ്പും വില്പനയും ഉദ്ദേശിക്കുന്ന ഒരു പരസ്പരസഹായസംഘത്തിന്റെ പരമകാഷ്ഠയും ഇതു തന്നെയായിരിക്കണം. ഒരു സംഘത്തിൽപെട്ട എല്ലാ മെമ്പർമാരും—ഭരണകർത്താക്കന്മാരും ബാക്കി അംഗങ്ങളും എല്ലാവരും—അത്യുത്സാഹത്തോടുകൂടി അതിൽ പങ്കുകൊള്ളണം. അതാണു് ഒന്നാമതായിട്ടു വേണ്ടതു്. പിന്നെ സഭ കൂടുന്ന ദിവസങ്ങളിലെല്ലാം എല്ലാവരും ഹാജരാവുകയും തങ്ങൾക്കു പറയുവാനുള്ളതു തുറന്നു പറയുകയും വേണം. സംഘം തങ്ങളുടെ സ്വന്തമാണു് എന്ന ബോധം എല്ലാവർക്കും പ്രത്യേകമുണ്ടായിരിക്കണം. എങ്കിലും ഭരണകർത്താക്കന്മാരുടെ പ്രവൃത്തികളിൽ അനാവശ്യമായി കടന്നു പ്രവേശിച്ചു കാര്യങ്ങൾ ദുർഘടത്തിലാക്കുവാൻ പാടില്ലതാനും.
  2. സ്വഭാവം—ഒരു പരസ്പരസഹായസംഘത്തിലെ മെമ്പർമാരുടെ സ്വഭാവഗുണത്തിന്റെ ഏറ്റക്കുറച്ചിലിനെ അനുസരിച്ചാണു് തത്സംബന്ധമായ ഒരു സ്റ്റോർ (ശേഖരിപ്പും വില്പനയുമുള്ള ഒരു ഷാപ്പു്) ജയാപജയത്തെ പ്രാപിക്കുന്നതു്. എന്നു വെച്ചാൽ ഒരു സംഘത്തിലെ അംഗങ്ങൾ സദ്വൃത്തന്മാരായിരുന്നാൽ മാത്രമേ ആ സംഘം മുഖാന്തരം നടത്തുന്ന സ്റ്റോർ ഫലവത്തായിത്തീരുകയുള്ളുവെന്നർത്ഥം. സദാചാരം അല്ലെങ്കിൽ ധർമ്മാചരണം കമ്മിറ്റിമെമ്പർമാർക്കു് ഏറ്റവും ആവശ്യമാകുന്നു. എന്തെന്നാൽ കോഴ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുക എന്ന ആകർഷണത്തിൽനിന്നു സദാചാരം മാത്രമേ അവരെ മോചിപ്പിക്കുന്നുള്ളു. സാധാരണമെമ്പർമാർക്കും അതു് അവശ്യം വേണ്ടതാകുന്നു. എന്തുകൊണ്ടെന്നാൽ അവർ സത്യവാന്മാരായിരുന്നാൽ മാത്രമേ സത്യവാന്മാരായ ഭരണകർത്താക്കന്മാരെ തിരഞ്ഞെടുക്കുവാൻ അവർക്കു സാധിക്കുകയുള്ളു. എന്നു മാത്രമല്ല, അന്തഃഛിദ്രം കൂടാതെ കഴിപ്പാനും അവരുടെ സൽബുദ്ധി അവരെ സഹായിക്കുന്നതാണു്. എല്ലാറ്റിന്നും പുറമെ അനുസരണത്തോടുകൂടി നടക്കുന്ന ഒരു മെമ്പരുടെ കർത്തവ്യകർമ്മം ഇന്നതാണു് എന്ന ബോധം അവർക്കു് അതുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. അടുത്തുതന്നെ വേറെ കച്ചവടപ്പീടികകൾ ഉണ്ടെങ്കിലും അവിടെനിന്നു സാമാനങ്ങൾ കുറച്ചു ലാഭത്തിൽ കിട്ടുമെങ്കിലും അതൊന്നും കണക്കാതെ സ്റ്റോറിൽനിന്നു തന്നെ സാമാനങ്ങൾ വാങ്ങിക്കുകയും സംഘംവക എല്ലാകാര്യങ്ങളിലും ഉത്സാഹത്തോടുകൂടി പങ്കുകൊള്ളുകയും ചെയ്യുക മുതലായതാണു് പ്രകൃതത്തിലുള്ള കർത്തവ്യകർമ്മം.
  3. വർഗ്ഗം—സഹകരിപ്പാനുള്ള വാസന ചിലവർഗ്ഗക്കാർക്കു മറ്റു ചിലരേക്കാൾ അധികമുള്ളതായി കാണുന്നുണ്ടു്. ദൃഷ്ടാന്തമായി, സഹകരണം ഫലവത്തായിത്തീരുന്നതിന്നു വേണ്ടത്തക്ക ഗുണങ്ങൾ—അതായതു്, എല്ലാം ക്രമമായി നടക്കണമെന്ന ഇച്ഛ, ശാസനയെ ആദരവോടുകൂടി കീഴ്‌വണങ്ങണമെന്ന ബുദ്ധി, ഒരു കെട്ടായിട്ടു നില്ക്കുന്നതിന്നുള്ള വാസന, ഒരുദ്ദിഷ്ടകാര്യത്തിന്റെ സിദ്ധിക്കായിക്കൊണ്ടു് അസംഖ്യം മനുഷ്യരെ കൂട്ടിയോജിപ്പിച്ചു് ഒരു വ്യൂഹമായിട്ടു നിർത്തുവാനുള്ള സാമർത്ഥ്യം മുതലായ ഗുണങ്ങൾ—ഇംഗ്ലീഷുകാർക്കും ജർമ്മൻകാർക്കും പ്രത്യേകമായിട്ടുണ്ടു്. ഇറ്റലിക്കാർക്കും ഉണ്ടെന്നു പറയാം. എന്നൽ ഫ്രഞ്ചുരാജ്യക്കാർക്കാണു് അവ കുറവായി കാണപ്പെടുന്നതു്. ഈ ഏറ്റക്കുറച്ചിൽ അനുസരിച്ചുതന്നെ ഇംഗ്ലണ്ടിലും ജർമ്മനിയിലുമാണു് സഹകരണം ഏറ്റവുമധികം ഫലവത്തായിത്തീർന്നിട്ടുള്ളതും.
  4. പരിതഃസ്ഥിതി—ഒരു വില്പനസംഘത്തിന്റെ ജയാപജയം അതിന്നു ചുറ്റുമുള്ള അവസ്ഥയെ ആശ്രയിച്ചുമിരിക്കുന്നു. വിവിധവ്യവസായങ്ങൾ നടത്തുന്ന യന്ത്രശാലകൾ ധാരാളമുള്ള ജില്ലകളിൽ ആണു് കൃഷിപ്രധാനമായ ജില്ലകളിലേക്കാൾ അതു് അധികം ഫലിച്ചുകാണപ്പെടുന്നതു്. എന്തെന്നാൽ യന്ത്രശാലകളിൽ വേലചെയ്യുന്ന വേലക്കാർക്കു നിർബ്ബന്ധേന അടുത്തടുത്തു താമസിക്കേണ്ടതായിട്ടു വരുന്നു. അവരുടെ വാസം പട്ടണത്തിലോ തത്സമീപത്തിലോ ആയിരിക്കുന്നതിനാൽ നിത്യകാലക്ഷേപത്തിന്നു വേണ്ടുന്ന സാധനങ്ങളെ അവർക്കു് അധികവില കൊടുത്തു വാങ്ങിക്കേണ്ടതായിട്ടും വരുന്നു. അതിന്നും പുറമെ, അവർ അനേകംപേർ ഒന്നിച്ചു് ഒരു സ്ഥലത്തു വേല ചെയ്തു ശീലിച്ചിട്ടുള്ളതിനാൽ പരസ്പരം സഹായമായിത്തീരുന്ന സഹകരണസംഘങ്ങൾ സ്ഥാപിക്കുവാൻ അവർക്കു എളുപ്പം സാധിക്കുന്നു. എന്നാൽ കൃഷിക്കാരുടെ അവസ്ഥ അതിന്നു തീരെ വിപരീതമാകുന്നു. അവർ വളരെ അകന്നാണു് കുടിപാർത്തുവരുന്നതു്. അവരുടെ ആവശ്യങ്ങൾ പട്ടണവാസികളുടെ ആവശ്യങ്ങളേക്കാൾ കുറഞ്ഞിരിക്കുന്നു. മിക്ക സാധനങ്ങളും അവർതന്നെ കൃഷിചെയ്തുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടു് കോ-ഓപ്പറേറ്റീവ് സ്റ്റോർ പട്ടണങ്ങളിലാണു് നാട്ടുപുറങ്ങളിലേക്കാൾ അധികം ഫലവത്താകുന്നതു് എന്നു സ്പഷ്ടമാകുന്നുണ്ടു്. സാമാന്യേന അങ്ങിനെയാണെങ്കിലും ഡെന്മാർക്കു് എന്ന രാജ്യത്തു് അപ്രകാരമുള്ള സ്റ്റോറുകൾ നാട്ടുപുറങ്ങളിൽതന്നെ അതിധാരാളമായിട്ടുണ്ടു്. അതിനാൽ കൃഷിക്കാർക്കു വേണ്ടുന്ന സാധനങ്ങൾ—നിത്യകാലക്ഷേപത്തിന്നും കൃഷിക്കാര്യങ്ങൾക്കും വേണ്ടുന്ന സാധനങ്ങൾ—എന്തെല്ലാമാണു് എന്നു നോക്കി അവയെ ശേഖരിച്ചു സംഘാംഗങ്ങൾക്കു വില്ക്കത്തക്കവണ്ണം ഏർപ്പാടുചെയ്യുന്നതായാൽ നാട്ടുപുറങ്ങളിലും അതു നല്ലവണ്ണം ഫലിക്കും എന്നതിന്നു ഡെന്മാർക്കു് രാജ്യംതന്നെ ദൃഷ്ടാന്തമാകുന്നു.

[C. Gide chap. 12]

കടംവായ്പസംഘം അല്ലെങ്കിൽ വില്ലേജ് ബാങ്കു്
അവതാരിക
images/Luigi_Luzzatti.jpg
ലൂസട്ടി

ചുരുങ്ങിയ പലിശയ്ക്കു പണം കടം കൊടുക്കുന്നതിന്നുള്ള കടംവായ്പ സഹകരണസംഘങ്ങൾ അല്ലെങ്കിൽ വില്ലേജുബാങ്കുകൾ ജർമ്മനിരാജ്യത്തു് ‘റൈഫീസൻ’ എന്നു പേരായ ഒരാളാണു് ആദ്യമായിട്ടു സ്ഥാപിച്ചതു്. ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സഹകരണസംഘങ്ങളിൽ അധികവും കടംവായ്പസംഘങ്ങളാകുന്നു. ജർമ്മനിയിലുള്ള റൈഫീസൻ സമ്പ്രദായത്തെ ഒട്ടേറെ അടിസ്ഥാനപ്പെടുത്തികൊണ്ടാണു് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളതും. അതിനാൽ ഇന്ത്യാക്കാരായ നമുക്കു വിശേഷിച്ചും രസകരവും ജ്ഞാതവ്യവുമായ ആ റൈഫീസർസമ്പ്രദായത്തെ മേലിൽ വിസതരിച്ചു പറയുന്നതാണു്. എന്നാൽ ഇപ്പോൾ ഇവിടെ സഹകരണകടംവായ്പ സംഘത്തിന്നാവശ്യമായ ചില സംഗതികളെ ഒരവതാരികയായിട്ടു താഴെ പറയുന്നു:

  1. സഹകരണം യഥാർത്ഥമായിട്ടു തീരണമെങ്കിൽ അതിന്റെ സാരം ഒരു സംഘത്തിലെ എല്ലാ അംഗങ്ങളും മനസ്സിലാക്കീട്ടുണ്ടായിരിക്കണം. വേണ്ടതുപോലെ അതു മനസ്സിലാക്കാഞ്ഞിട്ടാണു് അധികം സംഘങ്ങൾക്കും ദോഷം പറ്റുന്നതു്. “ധനശാസ്ത്രം, കച്ചവടത്തിന്റെ സ്വഭാവം, ഈ രാജ്യത്തിന്റേയും അന്യരാജ്യങ്ങളുടേയും അവസ്ഥാവിശേഷങ്ങൾ, കച്ചവടത്തെ സംബന്ധിച്ച പൂർവ്വചരിത്രം, സാമാന്യമായിട്ടുള്ള ലോകതത്ത്വങ്ങൾ, ഉദ്ദിഷ്ടകാര്യത്തിന്റെ സ്വഭാവം, അതു സാധിപ്പാനുള്ള മാർഗ്ഗം—ഈവക വിഷയങ്ങളെ ഒരു സംഘത്തിൽ പെട്ട അംഗങ്ങൾ വേണ്ടതുപോലെ മനസ്സിലാക്കീട്ടില്ല എങ്കിൽ ആ അംഗങ്ങൾ തന്നെ ആ സംഘത്തിന്റെ ഉൽക്കർഷത്തിന്നു പ്രതിബന്ധമായിട്ടു നിൽക്കുന്നതാണു്. അതിലെ സ്വത്തു് അപകടത്തിലാവുകയും അതേവരെയുള്ള തത്സംബന്ധമായ പരിശ്രമങ്ങളെല്ലാം നിഷ്ഫലമായിട്ടു തീരുകയും ചെയ്യും. അതിനാൽ ഒന്നമതായിട്ടു വേണ്ടതു സഹകരണം എന്ന തത്ത്വത്തിന്റെ സാരം എല്ലാവരേയും മനസ്സിലാക്കുവാൻ ശ്രമംചെയ്യുകയാകുന്നു.” സഹകരണസംഘങ്ങൾ മനുഷ്യരുടെ സന്മാർഗ്ഗനിലയെ ഉയർത്തുകയും അവരുടെ സ്വഭാവത്തെ സംസ്ക്കരിക്കുകയും ചെയ്യുന്നുവെന്നൊരു വിശേഷഗുണം അവയ്ക്കുണ്ടു്. ആ ഗുണംകൊണ്ടാണു് കടംവായ്പയ്ക്കായിട്ടുള്ള മറ്റുചില ഏർപ്പാടുകളിൽനിന്നു് അവ വ്യത്യാസപ്പെട്ടിരിക്കുന്നതു്. അതിനാൽ
  2. ഒരു സംഘം സ്ഥാപിക്കുമ്പോൾ ആദ്യമായിട്ടു വേണ്ടതു സത്യവാന്മാരായിട്ടുള്ളവരെ, അല്ലെങ്കിൽ മേലിൽ നിഷ്കപടമായി കാലക്ഷേപം ചെയ്യുമെന്ന ഉറപ്പുള്ളവരെ, മാത്രം അതിലെ അംഗങ്ങളായിട്ടു തിരഞ്ഞെടുക്കുക എന്നതാകുന്നു. “ഒരു സഹകരണസംഘത്തിന്റെ നിലനില്പിന്നുള്ള മുഖ്യസംഗതി അതിലുള്ള അംഗങ്ങളുടെ സ്വഭാവഗുണം അല്ലെങ്കിൽ സന്മാർഗ്ഗനിഷ്ഠ ആകുന്നു.” എന്നു ‘ലൂസട്ടി’ (Luzatti) എന്നാൾ പറയുന്നു. വിശ്വസ്തന്മാരായ കുറെ പേരെ അംഗങ്ങളായിട്ടു കിട്ടുകയാണു് ഒരു സംഘത്തിന്റെ മുഖ്യആവശ്യം എന്നു ‘വൂൾഫ്’ (Wolff) എന്നാൾ അഭിപ്രായപ്പെടുന്നു. ഇതു സഹകരണത്തിന്നു പ്രത്യേകമായിട്ടുള്ളതല്ല. ഇതു സാധാരണ ബാങ്കു് ഏർപ്പാടിന്റെ ഒരു നിയമമാകുന്നു. “ബാങ്കു് ഏർപ്പാടിൽ ഒരുവൻ കുറെ അധികം പണക്കാരനാണു് എന്നോ പൂജ്യനാണു് എന്നോ വെച്ചു് അവനെ അധികം ബഹുമാനിക്കാറില്ല. എല്ലാ സ്ഥിതിയിലും തരത്തിലുമുള്ളവർക്കു് അതിൽ പ്രവേശമുണ്ടു്. കപടം പ്രയോഗിക്കുന്നവരെ മാത്രമേ വിലക്കംചെയ്യുന്നുള്ളൂ.” എന്നു ‘റെ’ (Rae) എന്നാൾ പറയുന്നു. എടവാട്ടുകാരുടെ മിതവ്യയിത, കഴിവു്, ഉത്സാഹം, നിഷ്കാപട്യം മുതലായ ഗുണങ്ങളെപ്പറ്റിയുള്ള ശരിയായ അറിവു സമ്പാദിക്കുക എന്നതു് ബാങ്കു നടത്തുന്നവരുടെ ചുമതലയാകുന്നു. ഒരുവൻ കപടം പ്രവർത്തിക്കുന്നവനാണു് എന്നറിഞ്ഞുംകൊണ്ടു് ഒരു ബാങ്കർ അവന്നു പണം കടം കൊടുക്കുവാൻ പാടില്ല. പ്രാഥമികമായിട്ടുള്ള ഈ ഒരു നിശ്ചയം വളരെ സ്പഷ്ടമായിട്ടുള്ളതാണു് എങ്കിലും സത്യവിരോധമായിട്ടുള്ള പ്രവൃത്തിനിമിത്തം അംഗങ്ങളെ സംഘനിയമപ്രകാരംതന്നെ സംഘത്തിൽ നിന്നു തള്ളിക്കളയുന്ന കാര്യത്തിൽ ചിലർ ആക്ഷേപിക്കുന്നതായിട്ടും ദുർമ്മാർഗികളായവരെ സംഘത്തിൽ പലപ്പോഴും ചേർക്കുന്നതായിട്ടും കണ്ടുവരുന്നുണ്ടു്. അതു തെറ്റാകുന്നു.
  3. ഒരു സംഘത്തിലെ എടവാടുകൾ എല്ലാം അതിലെ അംഗങ്ങളായിട്ടു മാത്രമേ ചെയ്വാൻ പാടുള്ളൂ.
  4. അതിലാഭം ഇച്ഛിച്ചുകൊണ്ടുള്ള പ്രവൃത്തികൾക്കായിക്കൊണ്ടു പണം കടം കൊടുക്കുവാൻ പാടില്ല. മിതവ്യയശീലം ആർജ്ജവം എന്നീ ഗുണങ്ങളെ അതു് (അങ്ങിനെയുള്ള കടംവായ്പ) വർദ്ധിപ്പിക്കുകയില്ല എന്നു മാത്രമല്ല വിപരീതഫലംതന്നെ അതുകൊണ്ടു വന്നുകൂടുന്നതാണു്. ധനവർദ്ധകങ്ങളായ വിവിധപദാർത്ഥനിർമ്മാണങ്ങൾക്കു, അല്ലെങ്കിൽ ഒരുവന്റെ ജീവിതത്തിന്നു് അത്യാവശ്യമായിട്ടുള്ള കാര്യങ്ങൾക്കു്, മാത്രമേ പണം കടം കൊടുക്കുവാൻ പാടുള്ളു. കടം വാങ്ങുന്നവൻ കടം വാങ്ങിയ പണം നിമിത്തം അധികമായിട്ടുണ്ടാകുന്ന തന്റെ പ്രയത്നഫലത്തിൽനിന്നെടുത്തു് ആ കടം വീട്ടുവാൻ സാധിക്കുമെന്നു് തന്റെ സഹകാരികളെ ബോദ്ധ്യപ്പെടുത്തേണ്ടതാകുന്നു. അല്ലെങ്കിൽ, തന്റെ മിതവ്യയംകൊണ്ടു ചെലവു ചുരുക്കി മിച്ചമുണ്ടാക്കി അതാതു ഗഡുവിൽ കുറേശ്ശയായിട്ടു കടം വീട്ടുവാൻ അവന്നു കഴിയുമെന്നു മറ്റുള്ളവർക്കു ബോദ്ധ്യപ്പെട്ടാലും മതി. ഈ ഒരു നിശ്ചയം ബാങ്കു നടത്തിപ്പിനെ സംബന്ധിച്ച സാധാരണ നിയമത്തിൽനിന്നെടുത്തിട്ടുള്ളതാകുന്നു. ബാങ്കു നടത്തുന്ന ആൾ തന്റെ എടവാട്ടുകാരന്റെ സ്വഭാവവും തൊഴിലും ആവശ്യങ്ങളും നിശ്ചയമായിട്ടും അറിഞ്ഞിരിക്കണം. ഇതിനെപ്പറ്റി ‘റേ’ (Rae) എന്നാൾ ഇങ്ങിനെ പറയുന്നു: “ബാങ്കിലെ പണം കൈവിടുന്നതിന്നു മുമ്പായി അതു (വായ്പയായി കൊടുക്കുവാൻ ഭാവിക്കുന്ന പണം) ന്യായമായ ഒരു വ്യാപാരത്തിന്നുവേണ്ടിത്തന്നെയാണു് ആവശ്യപ്പെടുന്നതു് എന്നും അല്ലാതെ അതിലാഭേച്ഛയോടുകൂടിയ വല്ല സാഹസപ്രവൃത്തി ചെയ്വാൻ വേണ്ടിയല്ല എന്നും ഉള്ള സംഗതി നിങ്ങൾക്കു പൂർണ്ണമായി ബോദ്ധ്യപ്പെടണം. ബാങ്കിൽനിന്നു് ആരെങ്കിലും വായ്പയായിട്ടു പണമാവശ്യപ്പെട്ടാൽ ആ വായ്പ വീട്ടുവാനുള്ള വക അയാൾക്കു സുലഭമായിട്ടുണ്ടു് എന്നു നല്ലവണ്ണം ബോദ്ധ്യം വന്നല്ലാതെ ബാങ്കിലെ പണം കൈവിടുകയില്ല എന്ന നിശ്ചയം ചെയ്യുന്നതു നല്ലതായിരിക്കും. ഒരുവൻ കടം വാങ്ങിക്കുന്നതു് അവന്റെ തൊഴിലിനെ സംബന്ധിച്ച കാര്യങ്ങൾക്കല്ല എങ്കിൽ പിന്നെ എന്തൊരാവശ്യത്തിന്നാണു് അവൻ കടം വാങ്ങിക്കുന്നതു് എന്നറിവാനുള്ള അവകാശം നിങ്ങൾക്കുണ്ടു്.” അതിനാൽ ഈ ഒരു സംഗതി അതിയായിട്ടു നിഷ്കർഷിക്കുന്ന കാര്യത്തിൽ സംശയം ലവലേശം പാടില്ല. തന്റെ ക്ഷേമം മാത്രം കാംക്ഷിക്കുന്ന ഒരു ബാങ്കർ ഇതിനെ നീക്കുപോക്കില്ലാത്ത ഒരു നിയമമായിട്ടു പിടിക്കുമ്പോൾ സംഘാംഗങ്ങൾ പലരുടേയും യോഗക്ഷേമത്തെ വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി തുടങ്ങീട്ടുള്ള ഒരു സഹകരണസംഘം അതിലേറെ കണിശമായിട്ടും കൃത്യമായിട്ടും പ്രവർത്തിക്കണം എന്നതു സുവ്യക്തമാണല്ലോ. പണം വായ്പയായിട്ടു വാങ്ങിക്കുക എന്നതിന്റെ തത്ത്വം എന്താകുന്നു? കടം വാങ്ങിയ പണത്തെ ഇന്നാവശ്യത്തിന്നായിട്ടുപയോഗപ്പെടുത്തുക എന്ന പ്രവൃത്തിതന്നെ ആ സംഖ്യയ്ക്കു് ഈടായിട്ടു തീരുക എന്നതാകുന്നു. ഈ തത്ത്വം എപ്പോഴും മനസ്സിലുണ്ടായിരിക്കണം. കേവലം വായ്പ കൊടുക്കുക എന്നു മാത്രമുള്ള ഉദ്ദേശത്തോടുകൂടിയല്ല ഒരു ബാങ്കു സ്ഥാപിക്കപ്പെടുന്നതു്. പരക്കെ സമ്മതമായിട്ടുള്ളതും മുതലും പലിശയും തിരിയെ കിട്ടത്തക്കവണ്ണമുള്ളതും ആയ എന്തെങ്കിലും വ്യാപാരം നടത്തുവാൻ വേണ്ടി—കടം വാങ്ങിക്കുന്നവന്റെ ധനസ്ഥിതിയെ നന്നാക്കുന്നതും അവന്നു യോജിക്കുന്നതുമായ എന്തെങ്കിലും വ്യാപാരം നടത്തുവാൻവേണ്ടി—മാത്രം പണം കടം കൊടുക്കുക എന്നതാണു് അതിന്റെ ഉദ്ദേശം.
  5. കടംവായ്പയ്ക്കുള്ള സഹകരണസംഘത്തിൽ നിന്നു കടം കൊടുക്കുന്ന പണത്തിന്നുള്ള ഉറപ്പു സംഘാംഗങ്ങളുടെ ഭൗതികമായിട്ടുള്ള സ്വത്തുക്കൾ ഒന്നുതന്നെയല്ല. കടം വാങ്ങിച്ച പണത്തെ എന്തെങ്കിലും വ്യവസായത്തിന്നായിട്ടുപയോഗിക്കുന്നതിന്നും അതിൽനിന്നു കിട്ടുന്ന ആദായംകൊണ്ടു കടം വീട്ടുന്നതിന്നും ഉള്ള കടക്കാരന്റെ താൽപര്യവും ശേഷിയും (കഴിവും) ആണു് ആ വായ്പസംഖ്യയ്ക്കു് ഈടായിട്ടു ഗണിക്കപ്പെടുന്നതു്. ഓരോ സന്ദർഭത്തിൽ വാങ്ങിക്കുന്ന ഓരോ വായ്പസംഖ്യയും കടം വാങ്ങിക്കുന്നവന്റെ ധനസമ്പാദനത്തിന്നുള്ള അത്രയും ശക്തി എന്നർത്ഥമാകുന്നു. വായ്പസംഖ്യയെ വർദ്ധിപ്പിക്കത്തക്കവണ്ണം അതിനെ എന്തെങ്കിലും വ്യവസായത്തിന്നായിക്കൊണ്ടു വിനിയോഗിക്കുക എന്നതുതന്നെയാണു് വാസ്തവത്തിൽ അതിന്നുള്ള ഈടു. ഇന്ത്യാഗവർമ്മേണ്ടും ഒരു ഘട്ടത്തിൽ ഈ സംഗതിയെപ്പറ്റി ഇപ്രകാരം തീരുമാനിച്ചു പറയുന്നുണ്ടു്: “കടംവായ്പ സഹകരണസംഘങ്ങളിൽ നിന്നു ധനവർദ്ധകമായ എന്തെങ്കിലും ഏർപ്പാടിലേയ്ക്കു മാത്രമേ പണം കടം കൊടുക്കുവാൻ പാടുള്ളു. അല്ലാതെ കടം ചോദിക്കുന്നവർക്കെല്ലാം പണം കൊടുക്കുവാൻ ഒരിക്കലും പാടില്ല. കൃഷി കുറേക്കൂടി ആദായകരമാക്കുവാൻ വേണ്ടി കൃഷികാര്യങ്ങൾക്കായി പണം കടം കൊടുക്കുക എന്നതാണു് ആവക സംഘങ്ങളുടെ മുഖ്യഉദ്ദേശം. വായ്പയായി കൊടുക്കപ്പെടുന്ന പണം വർദ്ധനയോടുകൂടി വീണ്ടും തിരിയേ വരുമെന്ന വിശ്വാസം നല്ലവണ്ണമുണ്ടായിരിക്കണം.” വായ്പ വാങ്ങിക്കുന്നതിന്റെ ഉദ്ദേശത്തെപ്പറ്റി ബാങ്കുകാർ അന്വേഷണം നിർബ്ബന്ധമായിട്ടു നടത്താറില്ല. എങ്കിലും തങ്ങടെ കക്ഷികളുടെ ധനസ്ഥിതി എപ്രകാരമാണിരിക്കുന്നതു് എന്നറിയേണ്ട ഭാരം ബാങ്കുമാനേജർമാർക്കുണ്ടു് ന്യായമായ എന്തെങ്കിലും വ്യവസായകാര്യത്തിന്നാണു് വായ്പസംഖ്യ ഉപയോഗപ്പെടുത്തുന്നതു് എന്നു് അവർക്കു് ബോദ്ധ്യപ്പെടുകയും വേണം. ഇവിടെയാണു് ബാങ്കുകളും കേവലം പണക്കച്ചവടക്കാരും തമ്മിലുള്ള വ്യത്യാസം. പണവ്യാപാരികൾ ഈ നിയമത്തെ വകവയ്ക്കാതെ ചോദിച്ചവർക്കെല്ലാം കടം കൊടുക്കുന്നു. അതുകൊണ്ടാണു് അവർ സമുദായത്തിലേയ്ക്കു് ദ്രോഹികളായിട്ടു വിചാരിക്കപ്പെടുന്നതു്.
  6. അതിനാൽ ഏതെങ്കിലും ഒരു മെമ്പർക്കു പണം കടം കൊടുക്കുമ്പോൾ ആ പണം ഏതൊരു കാര്യത്തിന്നായിട്ടാവശ്യപ്പെടുന്നുവോ ആ കാര്യത്തിന്നു മാത്രമേ ചെലവു ചെയ്യുവാൻ പാടുള്ളുവെന്ന സംഗതി സംഘഭരണകർത്താക്കന്മാരും മറ്റംഗങ്ങളും അതിയായ നിഷ്കർഷയോടുകൂടി നോക്കേണ്ടതാകുന്നു. ഇതു സാമാന്യമായിട്ടൊരു മുൻകരുതൽ മാത്രമാകുന്നു. “നിങ്ങളുടെ പണം മറ്റുള്ളവർക്കു വിശ്വസിച്ചു കൊടുക്കുമ്പോൾ അവർ ആ പണംകൊണ്ടു് എന്താണു് കാട്ടുന്നതു് എന്നറിവാനുള്ള അവകാശം നിങ്ങൾക്കുണ്ടു്” എന്നു ‘റേ’ എന്നാൾ പറയുന്നു. പരക്കെ സമ്മതമായിട്ടുള്ള ഒരു കാര്യത്തിന്നുതന്നെയാണു് വാസ്തവത്തിൽ ആ പണം ഉപയോഗപ്പെടുത്തുന്നതു് എന്നന്വേഷിച്ചറിയുന്ന കാര്യത്തിൽ ഭരണകർത്താക്കന്മാരും മറ്റംഗങ്ങളും ഉദാസീനന്മാരായിരിക്കുന്നുവെങ്കിൽ പിന്നെ വായ്പ കൊടുക്കേണ്ടതിന്നു നിയമങ്ങൾ എത്രതന്നെ ഉണ്ടാക്കിയാലും പ്രയോജനമില്ല. സംഘഭരണകർത്താക്കന്മാരുടെ മേലന്വേഷണം ഏറ്റവും ജാഗ്രതയോടുകൂടി ഉണ്ടായിരിക്കണം എന്ന സംഗതിയിൽ നിർബന്ധം സഹകരണകടംവായ്പസംഘങ്ങളുടെ ഒരു പ്രത്യേകചിഹ്നമാകുന്നു.
  7. കടംവാങ്ങുന്ന പണം വേണ്ടവിധത്തിലല്ലാതെയാണുപയോഗപ്പെടുത്തുന്നതു എന്നു കണ്ടാൽ ഉടനെതന്നെ അതു മടക്കിത്തരുവാനാവശ്യപ്പെടണം. മി:‘വൂൾഫ്’ ഇപ്രകാരം പറയുന്നു: “കടം വാങ്ങിയ പണം ദുർവ്യയം ചെയ്യുന്ന ഒരുവന്നു പിന്നെ ഒരിക്കലും കടം കൊടുക്കുവാൻ പാടില്ല എന്നതു തീർച്ചതന്നെ. വാസ്തവത്തിൽ അവിശ്വാസ്യൻ എന്നനിലയിൽ അവൻ ബഹിഷ്ക്കരിക്കപ്പെടേണ്ടതാകുന്നു” സംഘാംഗങ്ങൾ ഓരോരുത്തരും സംഘനിയമങ്ങളെ അനുസരിക്കുകയും സംഘത്തെ കീഴ്‌വണങ്ങുകയും ചെയ്തുകൊണ്ടു സംഘത്തിന്റെ പേരും പെരുമയും നിലനിർത്തിപ്പോരുന്ന കാര്യത്തിൽ സർവ്വദാ ജാഗരൂകന്മാരായിരിക്കേണ്ടതാണു്. സംഘാംഗങ്ങൾ പരസ്പരം എഴുതിവെയ്ക്കുന്ന ഒരു കരാറിൽ ഈ സംഗതികൂടി ചേർക്കുക ആവശ്യമാകുന്നു. നിയമത്തിൽ ഒരു വകുപ്പായിട്ടുതന്നെ അതിനെ ചേർക്കാം.
  8. സംഘത്തിന്റെ സാമാന്യമായ മേൽനോട്ടത്തിന്നുപുറമെ ഓരോ മെമ്പർമാരുടേയും പ്രത്യേകമയിട്ടുള്ള മേൽനോട്ടവും ഉണ്ടായിരിക്കണം. കൊടുക്കുന്ന ഓരോ വായ്പസംഖ്യക്കും ഉറപ്പായിട്ടു് ആൾജാമ്യം വേണമെന്നർത്ഥം. കടം വാങ്ങിയവൻ പണം അവധിക്കു തിരിയെ അടക്കാഞ്ഞാൽ ജാമ്യക്കാരന്റെ കയ്യിൽനിന്നു് അതു് ഉടനെ വസൂലാക്കേണ്ടതാകുന്നു. തക്കതായ ഉറപ്പുകൂടാതെ ഏതൊരു ബാങ്കും പണം കടംകൊടുക്കുവാൻ വിചാരിക്കുകയില്ല എന്നതു തീർച്ചയാണല്ലൊ. എന്നാൽ പരസ്പരസഹായസംഘങ്ങളിൽ ഒന്നാമതായിട്ടുള്ള ഉറപ്പു് ആൾജാമ്യമാകുന്നു. ‘റേ’ ഇങ്ങിനെ പറയുന്നു. “തക്കതായ ജാമ്യം കൂടാതെ പണം ഒരിക്കലും കൈവിടരുതു്. ഇടവാടു തുടങ്ങുന്നതിന്നു മുമ്പുതന്നെ ജാമ്യത്തിന്റെ കാര്യം ഉറപ്പിക്കണം. പിന്നീടായാലും മതി എന്നു വെക്കരുതു്. ജാമ്യത്തിന്റെ കാര്യത്തിൽ വിരോധം പറയുന്നവർ അധികവും ജാമ്യംകൊടുക്കുവാൻ തരമില്ലാത്തവരായിരിക്കും. കടം വാങ്ങിക്കുന്നവന്റെ സത്യബോധപ്പെടുത്തിക്കൊണ്ടുള്ള ഉദ്ദേശംതന്നെ ഒരുവിധം ഈടാണു്. പക്ഷേ, വിചാരിക്കാതെകണ്ടുള്ള ആപത്തുകൾ വരുമ്പോൾ സത്യനിഷ്ഠയും സദുദ്ദേശവും എല്ലാം പറപറക്കുന്നതാണു്.”

മുമ്പറഞ്ഞ സംഗതികളെല്ലാം കടംവായ്പ എടവാടു നടത്തുന്നതിന്നാവശ്യമായിട്ടുള്ളവയാകുന്നു. അവയെല്ലാം ഒരു ബാങ്കു ശരിയായിട്ടു നടത്തേണ്ടതിലേയ്ക്കു വേണ്ടുന്ന പ്രാഥമികതത്ത്വങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിഷയങ്ങളാണു്. അതിൽ എന്തെങ്കിലും വിട്ടുവീഴ്ച കാണിക്കുക എന്നുവെച്ചാൽ അതിയായിട്ടുള്ള ചുമതല ഭരണകർത്താക്കന്മാർ കയ്യേൽക്കുക എന്നർത്ഥമാകുന്നു. പണം സംഘത്തിൽ സൂക്ഷിപ്പിന്നിട്ടിരിക്കുന്നവരുടെ (ഡേപ്പോസിറ്റുചെയ്തിരിക്കുന്നവരുടെ) ക്ഷേമം മാത്രം നോക്കുന്നതായാൽതന്നെയും വിട്ടുവീഴ്ച ലേശംപോലും കൂടാതെ മുമ്പറഞ്ഞ പ്രകാരമുള്ള മുൻകരുതലുകൾ ആവശ്യമാണു് എന്നു വരുന്നുണ്ടു്.

സംഘഭരണം—സംഘകാര്യങ്ങളെ നടത്തുന്നതിന്നു് ഒരു കമ്മറ്റി അല്ലെങ്കിൽ ഭരണസംഘം ഉണ്ടായിരിക്കണം. അതിൽ ഒരദ്ധ്യക്ഷനും ഒരു കാര്യദർശിയും വേണം. കേവലം എഴുത്തുവേലയ്ക്കായിട്ടു നിയമിക്കപ്പെടുന്ന ശമ്പളക്കാരൊഴിച്ചു ബാക്കി എല്ലാവരും സംഘാംഗങ്ങളായിരിക്കണമെന്നതു നിർബന്ധമാകുന്നു. എന്തെന്നാൽ ഒരു സംഘത്തിന്റെ നിയന്ത്രണം അതിലെ മെമ്പർമാരിൽതന്നെയായിരിക്കണം. അതുകൊണ്ടാണു് കമ്മറ്റിമെമ്പർമാർ സംഘാംഗങ്ങളാൽതന്നെ തിരഞ്ഞെടുക്കപ്പെടണം എന്നുവെച്ചിരിക്കുന്നതു്.

ഭരണാധികാരം സമാന്യേന കമ്മറ്റിക്കാകുന്നു. എന്നാലും ഒടുക്കത്തെ കയ്യു പ്രവർത്തിപ്പാനുള്ള അധികാരം സംഘാംഗങ്ങൾക്കുതന്നെയായിരിക്കണം. അവർ ഓരോരുത്തരും സംഘകാര്യങ്ങളിൽ എപ്പോഴും തൽപരന്മാരായിരിക്കുകയും വേണം.

സംഘകാര്യങ്ങളെല്ലാം കഴിയുന്നതും സംഘാംഗങ്ങൾ അറിയത്തക്ക വിധത്തിൽതന്നെ നടത്തപ്പെടണം. ദൃഷ്ടാന്തമായി, സംഘംവക ആപ്പീസിൽ എവിടേയെങ്കിലും ഒരു സ്ഥലത്തു് എല്ലാ അംഗങ്ങൾക്കും നോക്കി പരിശോധിക്കത്തക്കവണ്ണം താഴെ പറയുന്ന വിവരങ്ങൾ അടങ്ങിയ ഒരു ലിസ്റ്റ് എഴുതി തൂക്കീട്ടുണ്ടായിരിക്കണം:- 1. ഓരോ അംഗങ്ങൾക്കും കൊടുത്തിട്ടുള്ള വായ്പസംഖ്യകൾ. 2. അവയ്ക്കുള്ള ജാമ്യക്കാർ. 3. ഇനി ബാക്കി തീർപ്പാനുള്ള സംഖ്യകൾ മുതലായ സംഗതികൾ.

ഇടയ്ക്കിടയ്ക്കു സാധാരണ യോഗങ്ങൾ വിളിച്ചുകൂട്ടുകയും അവയിൽവെച്ചു സംഘകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുകയും കാര്യങ്ങൾ എല്ലാ അംഗങ്ങളേയും പറഞ്ഞു മനസ്സിലാക്കുകയും ചെയ്യേണ്ടതാകുന്നു. പരസ്പരസഹായത്തിന്നായിട്ടേർപ്പെടുത്തുന്ന സംഘങ്ങൾക്കൊന്നാമതായിട്ടു വേണ്ടതു് അവയിലെ കാര്യങ്ങൾ എല്ലാം എല്ലാവരും അറിയത്തക്കവണ്ണം നടത്തുക എന്നതാകുന്നു. എല്ലാം പരസ്യമാക്കിത്തന്നെ വെക്കണം. ഒരു സംഘം വെടിപ്പായി നടത്തപ്പെടുന്നുവെങ്കിൽ—അതിലെ അംഗങ്ങൾ സത്യവാന്മാരും പണം തിരിയെ അടയ്ക്കുന്ന കാര്യത്തിൽ വളരെ കൃത്യമുള്ളവരുമാണു് എങ്കിൽ—അപ്രകാരമുള്ള പരസ്യപ്രകടനം സംഘത്തിന്റെ ഖ്യാതിയേയും വിശ്വാസ്യതയേയും വർദ്ധിപ്പിക്കുകതന്നെയാണു് ചെയ്യുക.

കടം വായ്പസംഘങ്ങളുടെ ഉദ്ദേശം

സംഘാംഗങ്ങളുടെ ഇടയിൽ മിതവ്യയം വർദ്ധിപ്പിക്കുക എന്നതായിരിക്കണം ഒരു കടംവായ്പ സംഘത്തിന്റെ സ്പഷ്ടമായ ഉദ്ദേശം. സംഘാംഗങ്ങളല്ലാതെയുള്ള സമീപസ്ഥന്മാരുടെ ഇടയിലുംകൂടി മിതവ്യയം വ്യാപിക്കുമാറാകണം. ഈ ഉദ്ദേശം സാധിക്കണമെങ്കിൽ അത്യാവശ്യമായിട്ടുള്ള കാര്യങ്ങൾക്കു മാത്രമേ കടം കൊടുക്കുകയുള്ളുവെന്നു വെയ്ക്കണം. അതിന്നും പുറമെ, മിതവ്യയം വർദ്ധിപ്പിക്കുകയും സംഘത്തിൽ അംഗങ്ങൾക്കുള്ള സ്വത്ത്വബുദ്ധിയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന്നു സഹായമായിട്ടു സംഘവ്യാപാരത്തിൽനിന്നുണ്ടാവുന്ന ലാഭത്തിൽനിന്നു ഗണ്യമായ ഒരു കരുതൽധനം കഴിയുന്നതും വേഗത്തിൽ ഉണ്ടാക്കിത്തീർക്കണം. സംഘത്തിന്റെ മൂലധനം കഴിയുന്നതും മെമ്പർമാരുടെ സമ്പാദ്യത്തിൽനിന്നുതന്നെ—ഉപദേശംകൊണ്ടും ദൃഷ്ടാന്തംകൊണ്ടുമുള്ള മിതവ്യയശീലനംനിമിത്തം അവർക്കുണ്ടായിട്ടുള്ള സമ്പാദ്യത്തിൽ നിന്നുതന്നെ—സംഗ്രഹിക്കുവാൻ നോക്കേണ്ടതാകുന്നു.

സംഘാംഗങ്ങൾക്കു ചുരുങ്ങിയ പലിശക്കു കടം കൊടുക്കുക എന്നതു് ഒരു കടംവായ്പസഹകരണസംഘത്തിന്റെ മുഖ്യ ഉദ്ദേശമാകുന്നുവെന്നു മുമ്പു പറഞ്ഞുവല്ലൊ. മിതവ്യയപരിശീലനംകൊണ്ടു സമ്പാദ്യമുണ്ടാക്കുവാൻ സംഘാംഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതും അതിന്റെ ഒട്ടും അപ്രധാനമല്ലാത്തതായ ഒരു ഉദ്ദേശമാകുന്നു. മിതവ്യയം ശീലിക്കായ്ക നമ്മുടെ രാജ്യത്തെ ദാരിദ്ര്യത്തിന്നു് ഒരു പ്രധാന കാരണമാകുന്നു. മുൻകരുതൽ, താൽക്കാലികമായ സുഖവൃത്തിയുടെ ത്യാഗം മുതലായതുകൊണ്ടുമാത്രമേ മിതവ്യയം സാദ്ധ്യമാവുകയുള്ളു. മിതവ്യയം ശീലിക്കാഞ്ഞാൽ വേറേ ഒന്നുകൊണ്ടും ദാരിദ്ര്യദുഃഖത്തിന്നു ശമനം കിട്ടുന്നതല്ല.

എല്ലാറ്റിന്നും പുറമെ, സത്യസന്ധത, കൃത്യനിഷ്ഠ, ശരിയായ കണക്കുവെയ്ക്കൽ, അവധിക്കു പണം മടക്കിക്കൊടുക്കൽ മുതലായ വ്യാപാരസംബന്ധമായ ചില പ്രാഥമികതത്ത്വങ്ങൾ ഒരു സംഘത്തിന്റെ ശരിയായ നടത്തിപ്പിന്നു് അത്യാവശ്യമാകുന്നു. ഇതെല്ലാം വേണമെങ്കിൽ ഭരണകർത്താക്കന്മാരുടെ അതിനിഷ്കർഷയോടുകൂടിയും നിഷ്കളങ്കമായുമുള്ള മേൽനോട്ടം ഉണ്ടായിരിക്കണം. അത്രമാത്രം പോര. സംഘാംഗങ്ങൾ എല്ലാവരും സഹകരണം എന്നതിന്റെ തത്ത്വങ്ങൾ മനസ്സിലാക്കുവാൻ ഇടവിടാതെ ശ്രമം ചെയ്തുകൊണ്ടിരിക്കണം. അവർ ഇടക്കിടയ്ക്കു യോഗം കൂടണം. മറ്റുള്ളവരുടെ പ്രവൃത്തികളിൽ മനസ്സുവെക്കണം. തങ്ങളും താല്പര്യത്തോടുകൂടി സംഘകാര്യങ്ങൾക്കായി പരിശ്രമിക്കണം. മിതവ്യയം ശീലിക്കണം. അവധിക്കു തങ്ങളുടെ വായ്പസംഖ്യകൾ തിരിയെ അടക്കുന്ന കാര്യത്തിൽ എല്ലാവരും സമയനിഷ്ഠയുള്ളവരായിരിക്കുകയും വേണം.

മുമ്പറഞ്ഞതിൽനിന്നു ദൃഢനിശ്ചയം ഏറ്റവുമാവശ്യമാണെന്നു മനസ്സിലാക്കാമല്ലൊ. മി:‘വൂൾഫ’ ഇങ്ങിനെ പറയുന്നു: “വായ്പസംഖ്യ തിരിയെ അടയ്ക്കുന്ന കാര്യത്തിൽ മാത്രമല്ല സംഘനിയമങ്ങളെ അനുസരിച്ചു നടക്കുന്ന കാര്യത്തിലും മറ്റുപ്രവൃത്തികളിലും വിട്ടുവീഴ്ച കൂടാതെ കണ്ടുള്ള നിശ്ചയം ഉണ്ടായിരിക്കണം. അവധിക്കു പണമടയ്ക്കുന്ന കാര്യത്തിൽ കഠിനമായ നിർബന്ധം വേണം. ഇപ്രകാരം എടവാടുചെയ്തു ശീലമില്ലാത്തവർക്കു് ഇതെല്ലാം കുറെ അധികം കഠിനമായിട്ടു തോന്നിയേക്കാം. എങ്കിലും അതു് അത്യാവശ്യമാകുന്നു. ഈ ഒരു നയമാണു നിർദുഷ്ടമായിരിക്കുന്നതു. ശരിയായിട്ടുള്ള കണക്കുവെയ്ക്കലും വേണ്ടതുപോലെയുള്ള നിയന്ത്രണവുമാണു് ഈ ഏർപ്പാടിന്റെ ജീവൻ.

റൈഫീസൻ സമ്പ്രദായം

ജർമ്മനിയിൽ ‘റൈഫീസൻ’ സാമ്പ്രദായികളായ സംഘങ്ങൾ ഇപ്പോൾ അനുഷ്ഠിച്ചുവരുന്ന ചില തത്ത്വങ്ങളെ താഴെ ചേർക്കുന്നു:

  1. സംഘത്തിലുള്ള എല്ലാ അംഗങ്ങളും തമ്മിൽ തമ്മിൽ അറിഞ്ഞിരിക്കുന്നതിന്നുവേണ്ടി ഒരു നിയതസങ്കേതത്തിന്നുള്ളിൽ പെട്ടവരെ മാത്രമേ സംഘത്തിൽ ചേർക്കുകയുള്ളുവെന്ന വ്യവസ്ഥ.
  2. ഓഹരിസംഖ്യകൾ വളരെ ചുരുങ്ങിയതായിരിക്കണം എന്ന നിശ്ചയം.[5]
  3. വിഭജിക്കത്തക്കതല്ലാതെകണ്ടു സ്ഥിരമായിട്ടുള്ള ഒരു കരുതൽധനം.
  4. ക്ലിപ്തമല്ലാത്ത ബാദ്ധ്യത.
  5. ധനാഭിവൃദ്ധിക്കുവേണ്ടിയോ അല്ലെങ്കിൽ മേലിൽ ക്ഷേമകരമായിത്തീരുന്ന വല്ല കാര്യങ്ങൾക്കുവേണ്ടിയോ മാത്രമേ കടം കൊടുക്കുകയുള്ളുവെന്ന നിശ്ചയം.
  6. സംഘാംഗങ്ങൾക്കു മാത്രമേ വായ്പ കൊടുക്കുകയുള്ളുവെന്ന വെപ്പു്.
  7. പല തവണയായിട്ടു വസൂലാക്കത്തക്കവണ്ണം വായ്പ ഒട്ടുദീർഗ്ഘകാലം നിലനിൽക്കത്തക്കതായിരിക്കുക എന്നതു്.
  8. ഓരോരുത്തന്നും ഇന്ന സംഖ്യയേ കടം കൊടുക്കുകയുള്ളുവെന്നും ഒരു കൊല്ലത്തിൽ ആകെ ഇന്ന സംഖ്യയേ സംഘത്തിൽ സൂക്ഷിപ്പിന്നായി (deposit) സ്വീകരിക്കുകയുള്ളുവെന്നും സംഘത്തിൽനിന്നു കടംവായ്പയായിട്ടാകെ ഇന്നതേ കൊടുക്കുകയുള്ളുവെന്നും ഉള്ള സംഗതികളെപ്പറ്റി അതാതു കൊല്ലത്തിൽ എല്ലാവരുംകൂടി ചെയ്യുന്ന നിശ്ചയം.
  9. ലാഭം വീതിക്കൽ പ്രധാന ഉദ്ദേശമായിട്ടു കരുതായ്ക. ഡിവിഡണ്ടു കൊടുക്കുകയാണെങ്കിൽതന്നെ കടംവായ്പസംഖ്യയ്ക്കു മെമ്പർമാരിൽനിന്നു് എന്തു പലിശ വസൂലാക്കുന്നുവോ ഏറിയതു് അത്രയും സംഖ്യ ഡിവിഡണ്ടായി കൊടുക്കാം.[6]
  10. ഭരണസംഘത്തിന്റെ അംഗങ്ങൾ പ്രതിഫലം കൂടാതെ പ്രവൃത്തി എടുക്കണമെന്ന നിശ്ചയം.
  11. സംഘാംഗങ്ങളുടെ സമ്പത്തിനേയും സൽസ്വഭാവത്തേയും വർദ്ധിപ്പിക്കുന്നതിന്നു വേണ്ടത്തക്ക പ്രവൃത്തികൾ.
[Mr. Cahil]
റോൿഡേൽസംഘത്തിന്റെ തദംഗങ്ങളോടുള്ള ഉപദേശം

റോൿഡേൽസംഘത്തിന്റെ ഉപദേശങ്ങളും എല്ലാസംഘാംഗങ്ങളും മനസ്സിലാക്കി അതുപ്രകാരം അനുഷ്ഠിക്കുന്നതു് അത്യാവശ്യമാകയാൽ അവയെ ഇവിടെ ചേർത്തുകൊള്ളുന്നു:

  1. നിയമാനുസരണമുള്ള അധികാരവും രക്ഷയും കിട്ടുന്നതിന്നു് ആദ്യംതന്നെ സംഘം റജിസ്ട്ര് ചെയ്യണം.
  2. സ്ഥൈര്യം, ധൈര്യം, ബുദ്ധി, ശേഷി എന്നീ ഗുണങ്ങളാണു് സംഘത്തിലെ ഭരണഉദ്യോഗസ്ഥന്മാർക്കു് അവശ്യം വേണ്ടതു് അല്ലാതെ സ്വത്തോ സ്ഥാനമാനങ്ങളോ അല്ല.
  3. ഒരു മെമ്പർക്കു് ഒരു വോട്ടു് എന്നതായിരിക്കണം നിയമം. അധികം സംഖ്യ എടുത്തിട്ടുള്ളവർക്കു് വിശേഷമൊന്നും പാടില്ല.
  4. ഭരണകാര്യങ്ങൾ ഭൂരിപക്ഷാഭിപ്രായപ്രകാരം നടത്തേണ്ടതാകുന്നു.
  5. പണമിടപെട്ട കാര്യത്തിൽ നല്ല നോട്ടമുണ്ടായിരിക്കണം. ഒരുവന്റെ പ്രവൃത്തിയിൽ ചതിയുണ്ടെന്നു തെളിഞ്ഞാൽ ആ മെമ്പറെ ഉടനെ തള്ളിക്കളയണം.
  6. സംഘാവശ്യമായ സാധനങ്ങൾ കഴിയുന്നതും ആദ്യത്തെ ചന്തകളിൽനിന്നു വാങ്ങിക്കണം. (?) സംഘാംഗങ്ങളുടെ വക സാമാനങ്ങൾ വില്ക്കുവാനുണ്ടെങ്കിൽ അവ ഒടുക്കത്തെ ചന്തകളിൽ വില്ക്കുകയുംവേണം. (?)
  7. റൊക്കം വിലയ്ക്കുമാത്രമേ സാമാനങ്ങളെ കൊള്ളുകയും കൊടുക്കുകയും ചെയ്യാവൂ.
  8. ശേഖരിപ്പുസാമാനങ്ങൾക്കു് അങ്ങാടിവിലയേക്കാൾ കുറച്ചുമാത്രമേ—ഒരു കരുതലായിട്ടു്— എപ്പോഴും വില കണക്കാക്കുവാൻ പാടുള്ളു.
  9. തങ്ങളുടെ ബോദ്ധ്യപ്രകാരം തങ്ങൾതന്നെ തിരഞ്ഞെടുത്തിട്ടുള്ളവരേക്കൊണ്ടു കണക്കുകൾ വെടിപ്പായി പരിശോധിപ്പിക്കുക എന്ന കാര്യത്തിൽ മെമ്പർമാർ പ്രത്യേകം മനസ്സുവെയ്ക്കണം.
  10. ഭരണസംഘം എപ്പോഴും സംഘാംഗങ്ങളുടെ അനുവാദത്തോടുകൂടി മാത്രമേ അധികം ചെലവുള്ള കാര്യങ്ങൾ ചെയ്വാൻ പാടുള്ളു.
  11. പ്രസിദ്ധിക്കായിട്ടൊന്നും ചെയ്യരുതു്. മറ്റൊരുവനായിട്ടു മല്ലിടുവാനും പോകരുതു്. വേണ്ടിവന്നാൽ ഭയപ്പെട്ടു പിൻവലിക്കുകയുമരുതു്.
  12. നിങ്ങൾക്കു വിശ്വാസമുള്ളവരെ മാത്രമേ നിങ്ങളുടെ നേതാക്കന്മാരായിട്ടു തിരഞ്ഞെടുക്കാവൂ. അപ്രകാരം തിരഞ്ഞെടുത്താൽ പിന്നെ അവരെ വിശ്വസിക്കുകയും വേണം.
റൈഫീസൻ സമ്പ്രദായത്തിന്നും റോൿഡേൽ സമ്പ്രദായത്തിന്നും തമ്മിലുള്ള വ്യത്യാസം

റോൿഡേൽസമ്പ്രദായം മുഖ്യമായി ശേഖരിപ്പും വില്പനയും നടത്തുന്ന സംഘങ്ങളെ സംബന്ധിച്ചാകുന്നു. ആ സമ്പ്രദായത്തെപ്പറ്റി മിസ്റ്റർ ‘ഹോളിയോൿ’ ഇങ്ങിനെ പറയുന്നു:- “ശേഖരിപ്പും വില്പനയുമുള്ള ഒരു സംഘത്തിലെ ലാഭം സ്റ്റോറിൽനിന്നു സാമാനങ്ങൾ വാങ്ങീട്ടുള്ള മെമ്പർമാർക്കുതന്നെ വീതിക്കപ്പെടുന്നു. അധികം സംഖ്യയ്ക്കു സാമാനങ്ങൾ വാങ്ങീട്ടുള്ളവർക്കു് അധികം എന്ന തോതിലാണു ലാഭം വീതിക്കപ്പെടുന്നതു്. ഓരോ മെമ്പർക്കും ലാഭമായി കിട്ടുന്ന അംശത്തെ അവരവർ സംഘത്തിൽതന്നെ നിർത്തണം എന്നാണു് നിശ്ചയം. ഓരോരുത്തരാലും അങ്ങിനെ നിർത്തപ്പെട്ട സംഖ്യ 5 പവൻ തികയുമ്പോൾ ആ സംഖ്യക്കുള്ള ഓഹരിക്കാരായി അവർ രജിസ്ട്രിൽ ചേർക്കപെടുന്നു. ഈവിധത്തിൽ ശേഖരിപ്പു സംഘം അതിലെ അംഗങ്ങൾക്കു് ഓഹരിസംഖ്യ സമ്പാദിച്ചുകൊടുക്കുകയും തന്നിമിത്തം ഒരു കാശുപോലും മുമ്പിൽക്കൂട്ടി ചെലവു ചെയ്യാതെതന്നെ അവർ അംഗങ്ങളായിട്ടു തീരുകയും ചെയ്യുന്നു. ഇങ്ങിനെയാകുമ്പോൾ ഒരു സംഘം ഒരുവേള പൊളിയുന്നതായാൽ തന്നെയും അതിലെ മെമ്പർമാർക്കു കയ്യിനാലെ നഷ്ടമൊന്നും പറ്റേണ്ടതായിട്ടു വരികയില്ലല്ലൊ. അവർ സംഘത്തിൽ സ്ഥിരമായിട്ടു നിൽക്കുന്നപക്ഷം അവർക്കു മുമ്പറഞ്ഞപോലെ വേറെ ഒരഞ്ചുപവൻ സമ്പാദിക്കാം. അതു് അവർക്കിഷ്ടംപോലെ വേണ്ടപ്പോൾ വാങ്ങിക്കുകയും ചെയ്യാം. ഈ സമ്പ്രദായത്തിന്റെ മുഖ്യഗുണമെന്തെന്നാൽ ഒരു പൈപോലും മുമ്പിൽകൂട്ടി ഇറക്കാത്തവരുടെ ഇടയിൽ അനായാസേന ഒരു മൂലധനമുണ്ടായിത്തീരുക എന്നതാകുന്നു. മുമ്മൂന്നു മാസം കൂടുമ്പോൾ ലാഭം വീതിക്കുമെന്നുകൂടി വരുമ്പോൾ സ്റ്റോറിൽ നിന്നുതന്നെ സാമാനങ്ങൾ വാങ്ങിക്കുന്നതിന്നു പലരേയും ആകർഷിക്കുകയുംചെയ്യും.”

റൈഫീസൻ സമ്പ്രദായം ഇതിൽനിന്നു് അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. ആ സമ്പ്രദായപ്രകാരം ലാഭമെല്ലാം വിഭാഗിക്കുവാൻ പാടില്ലാത്തതായ ഒരു സ്ഥിരകരുതൽധനമായിട്ടു സംഘത്തിൽതന്നെ സൂക്ഷിക്കപ്പെടുന്നു. ആ സമ്പ്രദായവും മുമ്പു പണമില്ലാത്തവരുടെ ഇടയിൽ ഒരു മൂലധനം ഉണ്ടാക്കിത്തീർക്കുകതന്നെയാണു്. പക്ഷേ, ആ പണം സംഘം വകയായിട്ടിരിക്കുന്നതേയുള്ളു. എന്നാൽ റോൿഡേൽസമ്പ്രദായപ്രകാരം ആ സ്വത്തു മെമ്പർമാർ ഓരോരുത്തരുടേയും സ്വകാര്യസ്വത്തായിട്ടുതന്നെയിരിക്കുന്നതാണു്.

[H. Calvert I. C. S.]

വില്ലേജ് ബാങ്കു്
ജർമ്മൻസമ്പ്രദായത്തിന്നുള്ള വിശേഷം

ജർമ്മനിയിലുള്ള സഹകരണഏർപ്പാടിൽ ഇന്ത്യാരാജ്യത്തെയ്ക്കു് ഏറ്റവും ശ്രദ്ധാർഹമായിട്ടുള്ള അംശം അവിടത്തെ വില്ലേജ് ബാങ്കു് ആകുന്നു. അവിടേയും ഇവിടേയും പലതരം പരസ്പരസഹായസംഘങ്ങൾ ഉള്ളതിൽവെച്ചു് അധികം പ്രധാനമായിട്ടു നിൽക്കുന്നതു വില്ലേജ് ബാങ്കുകൾ അല്ലെങ്കിൽ സഹകരണ കടംവായ്പസംഘങ്ങൾ (Co-operative credit societies) ആകുന്നു. ഇന്ത്യയിൽ ആകെയുള്ള പരസ്പരസഹായസംഘങ്ങളിൽ 100-ക്കു 90 വീതവും കടംവായ്പസംഘങ്ങളാണു്. ഇപ്പോഴും ഏറ്റവും മുഖ്യമായിട്ടിരിക്കുന്നതും ആവക സംഘങ്ങൾതന്നെയാകുന്നു. അതിനാൽ ഇന്ത്യയിൽ സഹകരണം സഫലമായിരിക്കുന്നുവോ ഇല്ലയോ എന്ന സംഗതി തീരുമാനിക്കപ്പെടുന്നതു വില്ലേജ് ബാങ്കുകളെക്കൊണ്ടാകുന്നു. അവയുടെ നടത്തിപ്പിന്നു പ്രമാണമായിട്ടു പിടിക്കുവാൻ ജർമ്മൻസമ്പ്രദായത്തോളം നന്നായിട്ടു വേറെ ഒന്നുമില്ല. വില്ലേജ് ബാങ്കു് എന്ന ഏർപ്പാടിന്റെ ഉൽപത്തിസ്ഥാനംതന്നെ ജർമ്മനിയാകുന്നു. അതു് ഏറ്റവുമധികം പുഷ്ടിയെ പ്രാപിച്ചിട്ടുള്ളതും അവിടെത്തന്നെയാണു്. അതിന്റെ കർത്താവു് റൈഫീസൻ (Raiffeisen) എന്നു പേരായ ഒരാളാകുന്നു.

ഫാദർ ‘റൈഫീസൻ’ എന്നാൾ ‘റൈൻ’ നദീതീരത്തുള്ള ‘ന്യൂവീഡു്’എന്ന കുഗ്രാമത്തിലെ ഒരു ‘പാസ്റ്റോർ’ (വൈദികകർമ്മങ്ങൾ നടത്തുന്ന അച്ചൻ) ആയിരുന്നു. അവിടത്തെ നിവാസികൾ മഹാദരിദ്രന്മാരും അതിമൂഢന്മാരുമായ കൃഷിവേലക്കാരായിരുന്നു. അവരെല്ലാവരും പണക്കച്ചവടക്കാർക്കടികപ്പെട്ടുകിടന്നിരുന്നു. ആ സാധുജനങ്ങളെ കടക്കാരിൽനിന്നു രക്ഷപ്പെടുത്തുന്നതിന്നുവേണ്ടി അദ്ദേഹം ചെറിയ സഹകരണകടംവായ്പസംഘങ്ങൾ ആദ്യമായിട്ടവിടെ സ്ഥാപിച്ചു. ഏറ്റവും ഒതുങ്ങിയ മട്ടിൽ തുടങ്ങിവെച്ച ഈ ഏർപ്പാടു മുമ്പറഞ്ഞ കുഗ്രാമത്തിലെ കൃഷിവേലക്കാരെ കടക്കാരിൽനിന്നു മോചിപ്പിച്ചുവെന്നു മാത്രമല്ല ലോകത്തിൽ അനേകം രാജ്യങ്ങളിലുള്ള അസംഖ്യം ലക്ഷം കൃഷിക്കാരെ അപ്രകാരം രക്ഷപ്പെടുത്തിയിരിക്കുന്നു. അതുനിമിത്തം അവർ സ്വതന്ത്രന്മാരായിട്ടു പല പ്രകാരേണ ഐശ്വര്യത്തെ പ്രാപിക്കുകയും ചെയ്തിട്ടുണ്ടു്.

കൃഷിസംബന്ധമായ സഹകരണത്തെപ്പറ്റി കുറച്ചെങ്കിലും അറിവുള്ളവർക്കെല്ലാം ‘റൈഫീസൻ’ സമ്പ്രദായത്തിന്റെ മുഖ്യലക്ഷണങ്ങളെന്തെല്ലാമാണെന്നറിയാം. അതായതു്—ക്ലിപ്തമല്ലാത്ത ബാദ്ധ്യത, ഒന്നോ രണ്ടോ വില്ലേജ്കളുടെ അതിർത്തിക്കുള്ളിൽ മാത്രം ഒരു സംഘത്തിന്റെ വ്യാപ്തി, ചെറിയ ഓഹരികൾ, കുറച്ചുമാത്രം ഡിവിഡണ്ടു കൊടുക്കുക അല്ലെങ്കിൽ ഒട്ടുംതന്നെ കൊടുക്കാതിരിക്കുക, വിഭാഗിക്കുവാൻ പാടില്ലാത്തതായ ഒരു കരുതൽധനം, സംഘാംഗങ്ങൾക്കു മാത്രമേ കടം കൊടുക്കുകയുള്ളുവെന്ന നിശ്ചയം, ചുരുങ്ങിയ പലിശ, സംഘഭരണം പ്രതിഫലം കൂടാതെ നടത്തുക എന്നതു്, ആ ഭരണംതന്നെ എല്ലാ അംഗങ്ങളും കൂടിച്ചേർന്നിട്ടുള്ള പൊതുയോഗത്താൽ നിയന്ത്രിതമായിരിക്കുക എന്നതു്, ഓരോ മെമ്പർക്കും ഓരോ വോട്ടു് എന്ന വ്യവസ്ഥ—ഇവയാണു് ആവക ലക്ഷണങ്ങൾ. ഒരു രാജ്യം മറ്റൊന്നിൽനിന്നു ചില സംഗതികളിൽ വ്യത്യാസപ്പെട്ടിരിക്കുമെന്നതു സ്പഷ്ടമാണല്ലൊ. എന്നാലും ഈ സമ്പ്രദായത്തിന്നടിസ്ഥാനമായ മുമ്പറഞ്ഞ തത്ത്വങ്ങൾ എല്ലാ ദിക്കിലും തുല്യമായിത്തന്നെയിരിക്കുന്നു. അതിനാൽ ഇന്ത്യാനിവാസികൾ ജർമ്മൻസമ്പ്രദായത്തെ നിഷ്കർഷയോടുകൂടി പഠിക്കേണ്ടതാകുന്നു. നാട്ടുപുറങ്ങളിൽ കടംവായ്പസംഘങ്ങളെ നടത്തീട്ടുള്ള ശീലവും അനുഭവജ്ഞാനവും ജർമ്മൻകാർക്കു് മറ്റുള്ളവരേക്കാൾ അധികമുള്ളതിനാൽ അവരുടെ സമ്പ്രദായം പഠിക്കുന്നതുകൊണ്ടു നമുക്കു വലിയ ഗുണം സിദ്ധിക്കുവാനുണ്ടു്.

ജർമ്മൻകാർക്കു് ഈ വിഷയത്തിൽ അറുപതിൽമീതെ കൊല്ലത്തെ പരിചയം സിദ്ധിച്ചിട്ടുണ്ടു്. എന്തെന്നാൽ ഇപ്പോൾ നടക്കുന്ന രീതിയിലുള്ള ആദ്യത്തെ വില്ലേജ് ബാങ്കു ‘റൈഫീസൻ’ എന്നാൾ 1862-മാണ്ടിലാണു് സ്ഥാപിച്ചതു്. ഇപ്പോൾ (1921-ആമാണ്ടയ്ക്കു) അവിടെ ആ തരം 18,740 സംഘങ്ങളും അവയിലെല്ലാംകൂടി ഉദ്ദേശം 18 ലക്ഷം മെമ്പർമാരും ഉണ്ടു്. ഇന്ത്യയിൽ ഈ ഏർപ്പാടിന്റെ പ്രചാരം അതിലേറെയാണെന്നു പറയാം. പതിനഞ്ചുകൊല്ലംകൊണ്ടു് ഏകദേശം 42,000 സംഘങ്ങൾ സ്ഥാപിക്കപ്പെട്ടു. അവയിൽ ആകെ 14 ലക്ഷത്തോളം മെമ്പർമാരുമുണ്ടു്. ഇന്ത്യയിൽ ഈ ഏർപ്പാടിന്നു പ്രചാരം വരുന്നതു പോര എന്നു വിചാരിക്കുന്നവർ ഈ സംഗതി ആലോചിച്ചാൽ നന്നായിരിക്കും. വാസ്തവത്തിൽ സംഘങ്ങളുടെ എണ്ണം ക്രമാതീതമായിട്ടു വർദ്ധിക്കുകയാൽ അവയുടെ ഭരണം വെടിപ്പാകുന്നില്ല എന്നുതന്നെ പലർക്കും തോന്നിത്തുടങ്ങീട്ടുണ്ടു്. അത്ര വേഗത്തിലാണു് അവയുടെ വർദ്ധന. എന്നാൽ പഞ്ചാബുരാജ്യത്തെ സംബന്ധിച്ചേടത്തോളം മുമ്പറഞ്ഞ ദോഷം അവിടയ്ക്കു പറ്റീട്ടില്ലെന്നു് ഉറച്ചു പറയാം. എന്തെന്നാൽ വിധിയാംവണ്ണം ശരിയായ മട്ടിൽ ആണു് അവിടെ ഈ ഏർപ്പാടിന്റെ അടിസ്ഥാനം ഉറപ്പിച്ചിട്ടുള്ളതു്. എന്നുതന്നെയുമല്ല. ചില സംഗതികളിൽ പഞ്ചാബു ജർമ്മനിയെക്കാളും അധികം നിഷ്കർഷയോടുകൂടിയാണു് റൈഫീസന്റെ ഉപദേശങ്ങൾ അനുഷ്ഠിക്കുന്നതു്. ആൾജാമ്യത്തെ പ്രധാനമായിട്ടു വിചാരിക്കുക, സംഘഭരണം പ്രതിഫലം കൂടാതെ നടത്തുക, ഇടയ്ക്കിടയ്ക്കു പൊതുയോഗം കൂടുക, സംഘത്തെപ്പറ്റി എല്ലാ അംഗങ്ങൾക്കും അതിയായ അഭിമാനമുണ്ടാവുക മുതലായ സംഗതികളിൽ പഞ്ചാബു് ജർമ്മനിയേക്കാളുംതന്നെ മുന്നിട്ടു നിൽക്കുന്നുവെന്നു പറയേണ്ടിയിരിക്കുന്നു.

ഒരു വില്ലേജ് ബാങ്കു കേവലം കടം കൊടുക്കുന്നതിന്നുള്ള ഒരു സംഘം എന്നു മാത്രമല്ല അതു സംഘാംഗങ്ങളുടെ പണം സൂക്ഷിപ്പിന്നായി പലിശയ്ക്കു വാങ്ങുന്ന ഒരു ബാങ്കുകൂടിയാകുന്നു. അത്രയുമല്ല, നാട്ടുപുറങ്ങളിൽ സഹകരണം എന്ന ഏർപ്പാടിന്റെ ഏറ്റവും നല്ല അടിസ്ഥാനം വില്ലേജ് ബാങ്കാകുന്നുവെന്നും മറ്റു പലതരം പരസ്പരസഹായസംഘങ്ങളെക്കാൾ വില്ലേജ് ബാങ്കുകൾ സഹകരണസംബന്ധമായ ചില പ്രാഥമികതത്ത്വങ്ങളേയും സഹകരണം അനുഷ്ഠിക്കേണ്ട സമ്പ്രദായത്തേയും സംഘാംഗങ്ങളെ അധികം നല്ലവണ്ണം പഠിപ്പിക്കുന്നുവെന്നും ജർമ്മൻകാർക്കു ബോദ്ധ്യമായിരിക്കുന്നു. ഈ അഭിപ്രായം ഇന്ത്യയിലും സമ്മതമാണു്. എന്തെന്നാൽ കടം കൊണ്ടു ബന്ധിക്കപ്പെട്ടിട്ടുള്ളവരും അക്ഷരജ്ഞാനമില്ലാത്തവരും ഏതെങ്കിലും ഉദ്യമത്തിൽ കണിശമായിട്ടു പ്രവർത്തിച്ചു ശീലമില്ലാത്തവരും ആയ ജനങ്ങൾക്കു സഹകരണം അഭ്യസിക്കുവാൻ വില്ലേജ് ബാങ്കിനോളം നന്നായിട്ടു വേറെ ഒന്നുമില്ല.

വില്ലേജ് ബാങ്കു കടം കൊടുക്കുന്നതിന്നായിട്ടുള്ള ഒരു സംഘം എന്നതിന്നു പുറമെ സംഘാംഗങ്ങളുടെ ചെറിയ സമ്പാദ്യങ്ങളെ സൂക്ഷിപ്പിന്നായി വാങ്ങുന്ന (ഡെപ്പോസിറ്റു ചെയ്യുന്നതിന്നുള്ള) ഒരു സ്ഥലവും കൂടിയാണെന്നു മുമ്പു പറഞ്ഞുവല്ലൊ. ജർമ്മനിയിൽ 60 കൊല്ലത്തെ അനുഭവത്തിൽ അപ്രകാരം ഡെപ്പോസിറ്റുചെയ്ത ഒരുവന്റെയും പണം പോയതായിട്ടൊരു സംഗതിയും ഉണ്ടായിട്ടില്ലത്രേ. വാസ്തവത്തിൽ നല്ലവണ്ണം നടത്തപ്പെടുന്ന ഒരു വില്ലേജ് ബാങ്കിൽ പണം പലിശക്കിടുന്നതാണു് ഉള്ളതിലധികം രക്ഷ. യുദ്ധകാലത്തു ജർമ്മനിയിൽ വലിയ ബാങ്കുകളിൽ ഇട്ടിരുന്ന പണം വാങ്ങിച്ചു പലരും വില്ലേജു ബാങ്കുകളിൽ കൊടുക്കുകയുണ്ടായി. വില്ലേജ് ബാങ്കുകൾ ജനങ്ങൾതന്നെ ഭരിക്കുന്നു, അവ അവരുടെ സ്വന്തവുമാണു് എന്നതുകൊണ്ടുള്ള അധികവിശ്വാസംതന്നെയാണു അതിന്നുള്ള കാരണം.

വില്ലേജ് ബാങ്കുകളിൽ പണമിടപെട്ട കാര്യങ്ങൾ മാത്രമല്ല നടത്തപ്പെടുന്നുള്ളു. കൃഷിപ്പണിക്കാവശ്യമുള്ള സകല സാധനങ്ങളും കൃഷിക്കാരുടെ കുടുംബാവശ്യത്തിന്നുള്ള എല്ലാ പദാർത്ഥങ്ങളും ബാങ്കുമുഖാന്തരം ശേഖരിക്കപ്പെടണം എന്നാണു ‘റൈഫീസൻ’ അഭിപ്രായപ്പെടുന്നതു്. എല്ലാറ്റിന്നും വേറെ വേറെ സംഘങ്ങളുണ്ടായിരിക്കുന്നതാണു് ഉത്തമം. പക്ഷേ, നാട്ടുപുറങ്ങളിൽ അതു സാധിക്കുവാൻ പ്രയാസമാണു്. ചെലവും വളരെ അധികമായിട്ടു തീരും. കൃഷിക്കാർ കൃഷിചെയ്തുണ്ടാക്കുന്ന സാധനങ്ങളെ സംഘംമുഖാന്തരം ശേഖരിച്ചു വിൽക്കുക എന്ന ഏർപ്പാടു് ആദ്യം തുടങ്ങുവാൻ പാടില്ല. തുകപ്പടിയായിട്ടുള്ള ശേഖരിപ്പും വില്പനയും നടത്തുവാനുള്ള വലിയ സംഘങ്ങൾ (Wholesale Societies) സ്ഥാപിക്കപ്പെടുന്നതുവരെ വില്പനഏർപ്പാടു നടത്തുവാനസാദ്ധ്യമായിരിക്കും. ആദ്യം പണം കൊടുത്തു വാങ്ങുന്നതിന്നും കൃഷിക്കാർക്കാവശ്യമുള്ള കൃഷിക്കോപ്പുകളും പണിയായുധങ്ങളും അവരുടെ കുടുംബാവശ്യത്തിന്നുവേണ്ടുന്ന സാധനങ്ങളും ശേഖരിക്കുന്നതിന്നും ആയിട്ടൊരു സംഘം സ്ഥാപിച്ചാൽ മതി. സംഘം മുഖാന്തരം സംഘാംഗങ്ങൾക്കു പണം കടം കൊടുക്കുകയും അവരുടെ സമ്പാദ്യമായിട്ടുള്ള പണം സൂക്ഷിപ്പിന്നെടുക്കുകയും ചെയ്യാം. എത്രയും ലഘുവായിട്ടുള്ള സംഖ്യപോലും—ഒരണ മുതൽക്കുള്ള തുകകൂടി—സൂക്ഷിപ്പിന്നെടുക്കേണ്ടതാകുന്നു. ഈ ഒരേർപ്പാടു കൃഷിക്കാർക്കു സമ്പാദ്യമുണ്ടാക്കിത്തീർക്കുന്നതിന്നും മിതവ്യയം ശീലിക്കുന്നതിന്നും ദുർവ്യയം കൂടാതെ കഴിക്കുന്നതിന്നും കാരണമായിത്തീരുന്നതാണു്. മിക്ക സംഗതികളിലും ആൾജാമ്യത്തിന്മേൽ കടം കൊടുക്കാം. എന്നാൽ കടം അഞ്ചോ പത്തോ കൊല്ലത്തോളം നിൽക്കേണ്ടതായ ഘട്ടത്തിൽ വസ്തുജാമ്യം തന്നെ വേണ്ടിവരും. സാമാന്യേന വസ്തുവിന്റെ വിലയിൽ പകുതി സംഖ്യ വായ്പകൊടുക്കാം. കടക്കാരൻ വിശ്വാസ്യനാണെന്നുകണ്ടാൽ മുക്കാൽ വീതവും കൊടുക്കാം. എന്നാൽ സഹകരണസമ്പ്രദായത്തിന്റെ അടിസ്ഥാനം കറകളഞ്ഞ മര്യാദയാകുന്നു. ജർമ്മനിയിൽ ഒരു സംഘത്തിലെ പ്രസിഡേണ്ടു് ഇങ്ങിനെ പറയുന്നു:- “എനിക്കു വിശേഷിച്ചു പഠിപ്പും അറിവുമൊന്നുമില്ല. എങ്കിലും ഈ കാര്യത്തിൽ അനവധി കാലത്തെ പരിചയം കൊണ്ടു് എനിക്കു് ഒരഭിപ്രായം പറയുവാനുള്ള അധികാരമുണ്ടു്. മര്യാദയാണു് മറ്റെല്ലാറ്റിനേക്കാളും അധികം മുഖ്യമായിട്ടുള്ളതു്. ഈ ഒരു പ്രധാനതത്ത്വത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണു് ജർമ്മനിയിൽ പരസ്പരസഹായസംഘങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതും.” അതുകാരണം ആ രാജ്യത്തെ കൃഷിക്കാർ മിതവ്യയം ശീലിക്കുകയും തദ്വാരാ അവർ പലവിധത്തിലും അഭിവൃദ്ധിയെ പ്രാപിക്കുകയും ചെയ്തിട്ടുണ്ടു്. എന്നാൽ നമ്മുടെ നാട്ടുകാരുടെ ഇടയിൽ സത്യസന്ധതയും കൃത്യനിഷ്ഠയും അത്രത്തോളമൊന്നുമില്ല എന്നു നമുക്കെല്ലാവർക്കും അറിയാമല്ലൊ. അതുകൊണ്ടു പണം കടം കൊടുക്കുന്ന കാര്യത്തിൽ മര്യാദയ്ക്കു പുറമേ തക്കതായ ഉറപ്പുകൂടി ഉണ്ടായിരിക്കണം എന്നുവെയ്ക്കുന്നതാണു് അധികം രക്ഷ.

ജർമ്മനിയിലും തക്കതായ ഉറപ്പു കൂടാതെ പണം കടം കൊടുക്കാറില്ല. ഏറ്റവും സാധാരണയായ ഉറപ്പു് ആൾജാമ്യമാണെന്നു മുമ്പു പറഞ്ഞുവല്ലോ. ഒരാൾ ജാമ്യത്തിന്നുണ്ടായാൽ മതി. എന്നാലും രണ്ടാളുണ്ടായിരിക്കുന്നതു് അധികം നല്ലതാണു് എന്നൊരഭിപ്രായമുണ്ടു്. ഒരാൾ മരിച്ചുപോയാലത്തെ കഥ വിചാരിച്ചിട്ടുള്ള ഒരു കരുതൽ മാത്രമാണു്. ചില ദിക്കിൽ സംഘാംഗങ്ങളെ മാത്രമേ ജാമ്യത്തിനെടുക്കാറുള്ളു. എന്നാൽ വേറെ ചില ദിക്കിൽ മെമ്പർമാരല്ലാത്തവരേയും എടുക്കാറുണ്ടു്. ജാമ്യക്കാരൻ സമീപസ്ഥനും പരിചിതനും ആയിരിക്കണം എന്നേയുള്ളു. ഇന്ത്യയിൽ വില്ലേജ് ബാങ്കുകൾക്കു കഷ്ടിച്ചു 25 കൊല്ലത്തെ പഴക്കമേ ഉള്ളു. എന്നാൽ ജർമ്മനിയിൽ അയ്മ്പതിലധികം സംവത്സരത്തെ പഴക്കമുള്ള സംഘങ്ങൾ ഉണ്ടു്. അവിടെ ‘ബുള്ളർ’ എന്നു പേരായ ഒരു വില്ലേജിലെ സംഘത്തിൽ 51 കൊല്ലത്തിന്നകത്തു രണ്ടു് അദ്ധ്യക്ഷന്മാരും രണ്ടു കാര്യദർശികളും മാത്രമേ ഉണ്ടായിട്ടുള്ളു. അദ്ധ്യക്ഷന്മാർ അച്ഛനും മകനും ആകുന്നു. ഇപ്പോഴത്തെ കാര്യദർശിക്കു നാല്പതു കൊല്ലത്തെ പഴക്കമുണ്ടു്. ഒരു വില്ലേജ് ബാങ്കിന്റെ നടത്തിപ്പിനെപ്പറ്റി അയാൾ അഭിപ്രായപ്പെട്ടിട്ടുള്ള ചില സംഗതികളെ താഴേ ചേർക്കുന്നു:- പണക്കച്ചവടക്കാരായ ജൂതന്മാരുടെ പിടിപാടിൽനിന്നു കൃഷിക്കാരെ വേർപെടുത്തുന്നതിന്നാണു് സംഘം സ്ഥാപിക്കപ്പെട്ടതു്. ജൂതന്മാർ കൃഷിക്കാർക്കു കന്നുകാലികളെ അത്യധികമായ വിലയ്ക്കു കൊടുത്തിരുന്നു. വില റൊക്കം വാങ്ങിക്കുന്നതിന്നു പകരം പ്രോനോട്ടെഴുതി വാങ്ങിക്കുകയായിരുന്നു അവരുടെ പതിവു്. എന്നാലല്ലേ ആ സാധുക്കൾ കുടുക്കിൽ പെടുകയുള്ളു. അവർ വേറെ ഒരു സൂത്രം കൂടിപ്രയോഗിച്ചിരുന്നു. വേനക്കാലത്തു തീറ്റയില്ലാതെ ചടച്ചു ക്ഷീണിച്ച കന്നുകാലികളെ ക്ഷീണിച്ച ഒരു കൃഷിക്കാരന്നു വിറ്റു് അവന്റെ കയ്യിൽനിന്നു പ്രോനോട്ടെഴുതി വാങ്ങിക്കും. ദരിദ്രനായ ആ കൃഷിക്കാരൻ അവയെ വളരെ ശ്രദ്ധിച്ചുനോക്കിത്തീറ്റിപ്പോറ്റി നല്ലവണ്ണം പുഷ്ടിപ്പെടുത്തും. അപ്പോഴേയ്ക്കും കൊല്ലം ഒന്നോ രണ്ടോ കഴിയും. ആ സാധുവിന്നു കടംവീട്ടുവാൻ സാധിക്കുന്നില്ല. ജൂതൻ അന്യായം കൊടുത്തു വിധിസമ്പാദിച്ചു് ആ കന്നുകാലികളെത്തന്നെ ജപ്തിയാക്കുന്നു. ഒരു കാശുപോലും ചെലവാക്കാതെ ചടച്ചു ക്ഷീണിച്ച കന്നുകാലികളെ തീറ്റി പുഷ്ടിപ്പെടുത്തുവാനുള്ള സൂത്രം നന്നായില്ലേ! അല്ലെങ്കിൽ ഏതെങ്കിലും ഒരു വസ്തു ലേലത്തിന്നു വെച്ചാൽ പണവ്യാപാരി അവിടെ ചാടിവീണു് എന്തെങ്കിലും ഒരംശം ലാഭം പറ്റുന്നു. ഇപ്രകാരമുള്ള നടപടികളെല്ലാം പണ്ടു സാധാരണയായിരുന്നു. പരസ്പരസഹായസംഘങ്ങൾ സ്ഥാപിക്കപ്പെട്ടതോടുകൂടി അവയെല്ലാം ഇല്ലാതായി. ആ സംഘത്തിൽ ഇപ്പോൾ 148 മെമ്പർമാരുണ്ടു്. അവർ അധികംപേരും ചില്ലറ കൃഷിക്കാരാകുന്നു. ഓരോ മെമ്പറും 100 ‘മാർക്സ്’[7] വിലയുള്ള ഓരോ ഓഹരി എടുക്കുന്നു. ബാദ്ധ്യത ക്ലിപ്തമല്ലാത്തതാകയാൽ ഒരാൾക്കു് ഒരു ഷെയർ മാത്രമേ എടുക്കുവാൻ പാടുള്ളു.

100-ക്കു് 4 12 വീതം പലിശക്കാണു് പണം കടം കൊടുത്തുവരുന്നതു്. സാമാന്യേന ജർമ്മനിയിലെ വില്ലേജ് ബാങ്കുകളിലെ തോതു് 100-ക്കു് 5 വീതമാകുന്നു. ആദ്യകാലങ്ങളിൽതന്നെ 100-ക്കു് 6 14 -ൽ അധികം പലിശ വാങ്ങിയിരുന്നില്ല. അധികം പണം ഒരാൾ തന്നെ കടം വാങ്ങിക്കൊണ്ടു പോകാതിരിപ്പാൻ ഒരാൾക്കു് ഏറിയതു് ഇന്ന സംഖ്യയേ കടം കൊടുക്കുവാൻ പാടുള്ളുവെന്ന നിശ്ചയമുണ്ടു്. അതു് അതാതുകൊല്ലത്തിൽ പൊതുയോഗത്തിൽവെച്ചു തീർച്ചപ്പെടുത്തുന്നു. അതാതുസംഘത്തിന്റെ ധനസ്ഥിതിയെ അപേക്ഷിച്ചാണു് വായ്പസംഖ്യ ക്ലിപ്തപ്പെടുത്തുന്നതു്.

ബുള്ളർസംഘത്തിൽ സൂക്ഷിപ്പിന്നു (ഡിപ്പോസിറ്റ്റു്) വന്നതായിട്ടു് ഉദ്ദേശം 3000 പവനോളം (6 ലക്ഷം മാർക്സ്) ഉണ്ടു്. സൂക്ഷിപ്പുപണത്തിന്നു 100-ക്കു 3 14 വീതവും 3 34 വീതവും പലിശ കൊടുക്കുന്നു. ആവശ്യപ്പെടുമ്പോൾ കൊടുക്കുവാൻ നിശ്ചയമുള്ള സൂക്ഷിപ്പുപണത്തിന്നു 100-ക്കു 3 14 വീതവും ഒരു നിയതകലത്തിൽ മാത്രം കൊടുക്കുവാൻ നിശ്ചയമുള്ളതിന്നു 100-ക്കു 3 34 വീതവും പലിശ കൊടുക്കുന്നു.

നാല്പതു കൊല്ലത്തിന്നകത്തു ബുള്ളർസംഘത്തിൽ നിന്നു് ആരേയും ബഹിഷ്ക്കരിച്ചിട്ടില്ലത്രേ. പണം അവധിക്കു അടയ്ക്കായ്കനിമിത്തം ആരുടെ പേരിലും അന്യായപ്പെടേണ്ടതായിട്ടും വന്നിട്ടില്ല. നേരേ മറിച്ചു്, ഇന്ത്യയിലെ സംഘങ്ങളിൽ അവധി തെറ്റിക്കുന്നവരുടെ സംഖ്യ വളരെ അധികമാകുന്നു. ഇതാണു് ഈ രാജ്യത്തെ സംഘങ്ങൾക്കുള്ള വലിയ ദോഷം. ജർമ്മനിയിൽ കടം കൊടുക്കുന്ന പണത്തിന്നു വാങ്ങുന്ന പലിശയും സൂക്ഷിപ്പുപണത്തിന്നു കൊടുക്കുന്ന പലിശയും തമ്മിൽ കുറച്ചുമാത്രം—100-ക്കു് ഒന്നോ ഒന്നരയോ മാത്രം—അന്തരമേ ഉള്ളുവെങ്കിലും തദ്ദേശീയന്മാരുടെ സത്യസന്ധതകൊണ്ടും കൃത്യനിഷ്ഠകൊണ്ടും അപ്രകാരമുള്ള നേരിയ ആദായംകൊണ്ടുതന്നെ ചെലവുകഴിച്ചു ലാഭമുണ്ടാകുന്നു. എന്തെന്നാൽ കെടുപുള്ളി എന്ന ഇനത്തിൽ ചെലവെഴുതിത്തള്ളേണ്ടതായിട്ടുള്ള തുക അവർക്കു വളരെ കുറച്ചുമാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ പണം അവധിയ്ക്കു തിരിയെ അടയ്ക്കുക എന്ന കാര്യത്തിൽ നമ്മുടെ രാജ്യത്തുള്ളവർ ഉദാസീനന്മാരാകയാൽ കടം കൊടുക്കുന്ന പണത്തിന്നു പലിശ വസൂലാക്കുന്ന സംഗതിയിൽ ജർമ്മനിയിലെ തോതെടുത്താൽ മുതലാവുന്നതല്ല. അതിന്നുംപുറമെ, പല തരത്തിലുമുള്ള സഹകരണഏർപ്പാടുകളിൽ ജർമ്മൻകാർ വിജയം പ്രാപിച്ചിട്ടുള്ളതോർക്കുമ്പോൾ ഇന്ത്യാക്കാരായ നമുക്കു് ആ കാര്യത്തിൽ ഒരു വിധത്തിലും അവരോടു കിടപിടിക്കുവാൻ സാധിക്കുകയില്ല എന്നു സമ്മതിക്കാതെ തരമില്ല. എന്തെന്നാൽ ഇന്നുള്ള സകല ഉദ്യോഗങ്ങളുടേയും നാരായവേരു്, വാങ്ങിച്ച പണം നിശ്ചിതസമയത്തു മടക്കിക്കൊടുക്കുന്നതിലുള്ള നിഷ്ഠയാകുന്നു. ആ കാര്യം നൊമ്മളെ സംബന്ധിച്ചേടത്തോളം കുറെ പരുങ്ങലാണുതാനും.

[M. L. Darling I. C. S]

‘അർബൻ’ ബാങ്കു് അല്ലെങ്കിൽ നഗരബാങ്കു് (Urban Bank)

ഇന്ത്യയിൽ 100-ക്കു് 90 വീതം ജനങ്ങളും വില്ലേജുകളിൽ വാസം ചെയ്യുന്നവരാകയാൽ സ്വഭാവേന വില്ലേജ് ബാങ്കു് എന്ന ഏർപ്പാടിലേക്കാണു് ഇന്ത്യാരാജ്യം ഇതേവരെ ശ്രദ്ധവെച്ചിട്ടുള്ളതു്. എന്നാൽ ഇപ്പോൾ സഹകരണപ്രസ്ഥാനം പട്ടണങ്ങളിലും വ്യാപിച്ചുതുടങ്ങിയതിനാൽ അതനുസരിച്ചു് അർബൻബാങ്കു’കളും (സഹകരണ നഗരബാങ്കുകളും) ഉണ്ടായിത്തുടങ്ങീട്ടുണ്ടു്. പട്ടണങ്ങളിൽ വസിക്കുന്ന ഇടമട്ടുകാരായ പൗരന്മാരുടേയും വിവിധ തൊഴിലാളികളുടേയും ആവശ്യത്തിന്നാണു് ആ തരം ബാങ്കുകൾ മുഖ്യമായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതു്. ഒരു വക്കീലിന്നു് അല്ലെങ്കിൽ ഒരു കൺട്രൿറ്റർക്കു തന്റെ പണം അടുത്തൊരു സ്ഥലത്തു പലിശക്കീടുന്നതിന്നു സൗകര്യം ഇല്ല. അപ്രകാരംതന്നെ ഒരു ചെറിയ ഷാപ്പുക്കാരന്നു് അല്ലെങ്കിൽ ഏതെങ്കിലും വീട്ടുവ്യവസായം നടത്തിവരുന്ന ഒരു തൊഴിലാളിക്കു സ്വസ്വവ്യാപാരങ്ങളെ നടത്തുന്നതിന്നു ചെറിയ ഒരു തുക ന്യായമായ പലിശക്കു വായ്പ കിട്ടുവാനും അത്ര എളുപ്പമല്ല. ഈ മാതിരിയിലുള്ള ആവശ്യങ്ങൾ നിവൃത്തിക്കുന്നതിന്നാണു് സഹകരണ അർബൻ ബാങ്കുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളതു്. ഈ ബാങ്കുകളിൽ എത്രയും ചെറിയ ഡെപ്പോസിറ്റുകളും സ്വീകരിക്കും. അപ്രകാരംതന്നെ ചെറിയ സംഖ്യകൾ വായ്പ കൊടുക്കുകയും ചെയ്യും. അവയുടെ ഉദ്ദേശം ലാഭം നേടുക എന്നതിന്നുപകരം പരോപകാരമാകയാൽ ജനങ്ങൾക്കു് അവയിൽ വിശ്വാസം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു.

സഹകരണ അർബർ ബാങ്കുകളും ആദ്യമായിട്ടു ജർമ്മനിയിൽതന്നെയാണു് ഉത്ഭവിച്ചിട്ടുള്ളതു്. 1850-മാണ്ടിൽ ജർമ്മനിയിൽ ഡെലിഷ് (Delitzch) എന്ന ദിക്കിലെ നിവാസിയായ ഴ്ഷൂൾസ് (Schulze) എന്നു പേരായ ഒരാളാണു “ജർമ്മൻ സഹകരണ നഗര ബാങ്കു്” (German co-operative Urban Bank) എന്ന പേരോടുകൂടി ആദ്യം ഒരു ബാങ്കു സ്ഥാപിച്ചതു്. കൈത്തൊഴിൽക്കാർക്കും ശില്പവേലക്കാർക്കും മറ്റും ചുരുങ്ങിയ പലിശക്കു പണം കടം കിട്ടാറാകണമെന്ന ഉദ്ദേശത്തിന്മേലാണു ആദ്യം ആ വക ബാങ്കുകൾ സ്ഥാപിച്ചുതുടങ്ങിയതു്. ഇപ്പോൾ ജർമ്മനിയിൽ ആ തരത്തിൽ 1900 ബാങ്കുകൾ ഉണ്ടു. അവ ആ രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. വില്ലേജ് ബാങ്കുകളെപ്പോലെ അവ മിക്കതും സ്ഥലത്തെ ‘ആഡിറ്റുയൂണിയ’നോടു സംഘടിപ്പിച്ചിരിക്കുന്നു. ഈ ‘ആഡിറ്റുയൂണിയൻസു’തന്നെ 47 എണ്ണമുണ്ടു്. അവ ബർല്ലിൻ പട്ടണത്തു സ്ഥാപിക്കപ്പെട്ടിട്ടുള്ള ഴ്ഷൂൾസ് ഡേലിഷ് ഫഡറേഷനോടു (Schulze Delitzch Fedaration) ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ആ ബാങ്കുകൾക്കാവശ്യമുള്ള പണം ഡ്രെസ്ഡൻബാങ്കിൽനിന്നോ പ്രഷ്യൻ സെൻട്രൽ കൊ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നോ കിട്ടത്തക്കവണ്ണം സൗകര്യപ്പെടുത്തീട്ടുണ്ടു്. ഇവയുടെ രചനയും ഘടനയും വില്ലേജ് ബാങ്കുകളെപ്പോലെ തന്നെ സുസ്ഥിരമായിരിക്കുന്നു. ഴ്ഷൂൾസ് എന്നാളുടെ സമ്പ്രദായത്തെ മുഖ്യമായിട്ടനുകരിക്കുന്ന ‘ലൂസാട്ടി’ (Luzzatti) എന്നു പേരായ ഒരു ഇറ്റലിക്കാരൻ മേപ്പടി സമ്പ്രദായത്തെത്തന്നെ പ്രമാണമാക്കിക്കൊണ്ടു് ഇറ്റലിയിൽ ‘പൊതുജനബാങ്കു്’ (People’s Bank) എന്ന പേരോടുകൂടിയ ബാങ്കുകൾ പല ദിക്കുകളിലായി സ്ഥാപിച്ചു. ഇറ്റലിയിൽ ഇപ്പോൾ ആ മാതിരി ബാങ്കുകൾ പലതും വെടിപ്പായി നടത്തപ്പെടുന്നുണ്ടെങ്കിലും അവയെല്ലാം ഒറ്റക്കായിത്തന്നെ ഇരിക്കുന്നതേയുള്ളു. ജർമ്മനിയിലെപ്പോലെ ഒരു ഫഡറേഷനോടു ചേർന്നു് എല്ലാം ഒരു കെട്ടായി നില്ക്കുന്നില്ല.

ബാദ്ധ്യത

പരസ്പരസഹായത്തിന്നായിക്കൊണ്ടു് ഒരു സംഘം സ്ഥാപിക്കുമ്പോൾ അതിന്റെ ബാദ്ധ്യത അല്ലെങ്കിൽ ചുമതല. പണമിടപെട്ട കാര്യത്തിൽ സംഘം മറ്റുള്ളവരോടു് ഏതു വിധത്തിൽ എത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന സംഗതി—മുഖ്യമായിട്ടാലോചിക്കേണ്ടതായിട്ടുണ്ടു്. ഒരു സംഘത്തെ സംബന്ധിച്ചേടത്തോളമുള്ള ഈ ബാദ്ധ്യത അല്ലെങ്കിൽ ചുമതല അല്ലെങ്കിൽ കടപ്പാടു് ഇപ്പോൾ രണ്ടു വിധമായിട്ടു വിചാരിക്കപ്പെടുന്നു. ഒന്നു ക്ലിപ്തമല്ലാത്തതായ ബാദ്ധ്യത. മറ്റേതു ക്ലിപ്തമായിട്ടുള്ള ബാദ്ധ്യത. ക്ലിപ്തമല്ലാത്ത അല്ലെങ്കിൽ ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യത എന്നു വെച്ചാൽ ബാദ്ധ്യതയ്ക്കു് ഇത്രത്തോളം എന്നു് ഒരതിരു കല്പിച്ചിട്ടില്ല എന്നർത്ഥം. മറിച്ചു്, ക്ലിപ്തമായിട്ടുള്ള അല്ലെങ്കിൽ ക്ലിപ്തപ്പെടുത്തീട്ടുള്ള ബാദ്ധ്യത എന്നതിന്നു ഇത്രത്തോളം എന്നു് ഒരതിരു കല്പിച്ചിട്ടില്ല എന്നർത്ഥം. മറിച്ചു്, ക്ലിപ്തമായിട്ടുള്ള അല്ലെങ്കിൽ ക്ലിപ്തപ്പെടുത്തീട്ടുള്ള ബാദ്ധ്യത എന്നതിന്നു ഇത്രത്തോളം എന്നു് ഒരതിരു കല്പിക്കപ്പെട്ടിട്ടുള്ള ബാദ്ധ്യത എന്നർത്ഥമാകുന്നു. ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതയോടുകൂടിയാണു് ഒരു സംഘം സ്ഥാപിക്കപ്പെട്ടിട്ടുള്ളതു് എങ്കിൽ ആ സംഘത്തിലെ ഓരോ അംഗങ്ങളുടേയും സകലസ്വത്തും കടപ്പെട്ടിരിക്കുന്നതാണു്. സംഘഭരണത്തിൽ ഉദാസീനതയോ നോട്ടക്കുറവോ നിമിത്തം സംഘം കടത്തിൽ പെടുന്നുവെങ്കിൽ കടക്കാർക്കു കടസംഖ്യ വസൂലാക്കാവുന്നതുവരെ എല്ലാ സംഘാംഗങ്ങളുടേയും എല്ലാ സ്വത്തിന്മേലും പ്രവേശിപ്പാനുള്ള അധികാരമുണ്ടു്. എല്ലാ അംഗങ്ങളുടേയും എല്ലാ സ്വത്തും കടക്കാർക്കു പണയപ്പെട്ടാണിരിക്കുന്നതു് എന്നു താല്പര്യം. എന്നാൽ ക്ലിപ്തപ്പെടുത്തീട്ടുള്ള ബാദ്ധ്യതയോടുകൂടി സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സംഘത്തിന്റെ ചുമതല അല്ലെങ്കിൽ കടപ്പാടു് അത്രത്തോളമൊന്നുമില്ല. സംഘാംഗങ്ങൾ ഓരോരുത്തരും എത്രയെത്ര ഓഹരികൾ എടുത്തിട്ടുണ്ടോ അതാതു സംഖ്യക്കു മാത്രമേ സംഘത്തിന്റെ കടത്തിന്നു അവരവർ ചുമതല പറയേണ്ടതുള്ളൂ.

[H. Calvert]

പരസ്പരസഹായസംഘങ്ങളിലെ അംഗങ്ങളുടെ ബാദ്ധ്യത ഏതുവിധമാണു് വേണ്ടതു് എന്ന വിഷയത്തിൽ പല വാദങ്ങളും പുറപ്പെടുവിച്ചു കാണുന്നുണ്ടു്. നാട്ടുപുറങ്ങളിൽ സ്ഥാപിക്കപ്പെടുന്ന ചെറിയ കടംവായ്പസംഘങ്ങളെ സംബന്ധിച്ചേടത്തോളം ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതയാണു് അധികം ഗുണകരമായിരിക്കുക എന്നതിന്നു വാദമില്ല. അതുകൊണ്ടുണ്ടാകുന്ന പല ഗുണങ്ങളേയും മുമ്പിൽകൂട്ടി കണ്ടിട്ടാണു് ആ വക സംഘങ്ങളിൽ ആ വിധമുള്ള ബാദ്ധ്യത ഏർപ്പെടുത്തിയതു് എന്നുകൂടി പലരും ധരിച്ചിട്ടുണ്ടു്. എന്നാൽ ഇംഗ്ലണ്ടിലും അമേരിക്കയിലും സഹകരണസംഘങ്ങളുടെ സ്ഥാപനത്തിന്നും പ്രചാരത്തിന്നും ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യത ഒരു പ്രതിബന്ധമായിട്ടുതന്നെ വിചാരിക്കപ്പെടുന്നു. വാസ്തവമെങ്ങിനെയെന്നാൽ, ജർമ്മനിയിൽ സഹകരണപ്രസ്ഥാനത്തിന്റെ ആവിർഭാവത്തിൽ ക്ലിപ്തപ്പെടുത്തീട്ടുള്ള ബാദ്ധ്യതക്കു വേണ്ട നിയമം പാസ്സാക്കീട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാണു് ‘ഫാദർ റൈഫീസൻ’ അന്നു് അവിടെ ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതയോടുകൂടിയ സംഘങ്ങൾ സ്ഥാപിച്ചതു്. ആ ഏർപ്പാടു പിന്നീടു് ഏറ്റവും ഗുണകരമായിട്ടു തീരുകയും ചെയ്തു. എന്നാൽ ഒട്ടു നല്ല സ്ഥിതിയിലിരിക്കുന്നവരും ഭൂമി ഉടമസ്ഥന്മാരുമായ അമേരിക്കയിലെ കൃഷിക്കാർ ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതയെപ്പറ്റി ഗൗരവമായിട്ടു വിചാരിക്കുകപോലും ചെയ്യുന്നില്ല. അതു് അവർക്കു് അത്രയ്ക്കു സമ്മതമല്ലാത്തതാകുന്നു.

സാമുദായികമായ പല സ്ഥാപനങ്ങളിലും സാധാരണനടപ്പു ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതയാകുന്നു. പ്രത്യേക അവസ്ഥയിൽ പ്രത്യേകനിയമംകൊണ്ടു പിന്നീടു് അതിനെ ക്ലിപ്തപ്പെടുത്തിയ ബാദ്ധ്യതയാക്കിത്തീർക്കുക മാത്രമാകുന്നു. വിവേകത്തോടുകൂടിയും തക്കതായ നിയന്ത്രണത്തോടുകൂടിയും ഒരു സംഘം നടത്തപ്പെടുന്നുവെങ്കിൽ ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതകൊണ്ടു വൈഷമ്യമൊന്നുമുണ്ടാകുന്നതല്ല.

ഒരു ജായിന്റു സ്റ്റാക്ക് കമ്പനി (കൂട്ടുകച്ചവടക്കമ്പനി) എന്നു വെച്ചാൽ, ഒരു കുടുംബത്തിലെ തന്നെ ഏതാനും ചില അംഗങ്ങൾ അല്ലെങ്കിൽ അടുത്തു പെരുമാറുന്ന സമീപസ്ഥന്മാരായ കുറെ പേർ ഒത്തുചേർന്നു് ഏതെങ്കിലും ഒരു വ്യവസായത്തിന്നായിക്കൊണ്ടു തങ്ങളുടെ സ്വത്തുക്കൾ മുഴുവനുമോ ഏതാനുമോ ഇറക്കുക എന്നർത്ഥമേ പണ്ടുണ്ടായിരുന്നുള്ളുവെന്നു പ്രൊഫ്സർ ആൽഫ്രെഡ് മാർഷൽ പറയുന്നു. അപ്രകാരമുള്ള ഉദ്യമം ഒരാളെക്കൊണ്ടു സാധിക്കുവാൻ പ്രയാസമായവിധത്തിൽ വലുതായിരുന്നതിനാലും അതിനാൽ അതിന്നുള്ള ചെലവും അതു നടത്തുന്നതിന്നുള്ള ഭാരവും താങ്ങുവാൻ ഒരോരുത്തർക്കും ഒറ്റക്കു ശേഷി പോരാത്തതിനാലും ആണു് അവർ കൂട്ടായിട്ടു ചേർന്നുനിന്നതു്. ദൂരദേശങ്ങളിൽ കച്ചവടം നടത്തുന്നതിന്നായിരുന്നു ആദ്യം ഇംഗ്ലണ്ടിൽ ജായിന്റു് സ്റ്റാക്ക് കമ്പനികൾ സ്ഥാപിക്കപ്പെട്ടതു്. ഈസ്റ്റ് ഇന്ത്യാകമ്പനി അതിന്നൊരു ദൃഷ്ടാന്തമാകുന്നു. 1700-മാണ്ടുമുതൽ 1720-മാണ്ടുവരെയുള്ള കാലങ്ങളിൽ പല കമ്പനികളും പൊളിഞ്ഞു് അസംഖ്യംപേർക്കു വലിയ നഷ്ടങ്ങൾ പറ്റിയതിനാൽ പ്രത്യേകലൈസൻസു് അല്ലെങ്കിൽ ‘ചാർട്ടർ’ ഉള്ളവർക്കു മാത്രമേ ജായിന്റു് സ്റ്റാക്ക് കമ്പനിയായിട്ടു വ്യാപാരം നടത്തുവാൻ പാടുള്ളുവെന്ന നിയമം ഇംഗ്ലണ്ടിൽ പാസ്സാക്കി. എന്നാലും ഒരു കമ്പനിയിൽപെട്ട അംഗങ്ങൾ ഓരോരുത്തരും കമ്പനിയുടെ എല്ലാ കടത്തിന്നും ബാദ്ധ്യതയുള്ളവരായിരുന്നതിനാൽ മറ്റോരോ വിധത്തിൽ ചുമതലപ്പെട്ടവരും കൃത്യബോധമുള്ളവരും മിതവ്യയശീലമുള്ളവരും ആയവർ അങ്ങിനെയുള്ള ഒരേർപ്പാടിൽ—അതു് എത്രതന്നെ ലാഭകരമായതായിരുന്നുവെങ്കിലും—ഓഹരികൾ എടുത്തു് അംഗങ്ങളായിട്ടു ചേരുവാൻ മടിച്ചിരുന്നു. കമ്പനി പൊളിയുന്ന പക്ഷം ബാദ്ധ്യത അതിലെ എല്ലാ അംഗങ്ങളും ഒപ്പം വഹിച്ചുകൊള്ളും എന്ന പൂർണ്ണബോദ്ധ്യം വന്നല്ലാതെ അങ്ങിനെയുള്ളവർ ചേർന്നിരുന്നില്ല. അതിനാൽ ആ ഒരു ന്യൂനതയെ പരിഹരിപ്പാൻ വേണ്ടിയാണു് ക്ലിപ്തബാദ്ധ്യത നിയമാനുസരണം നടപ്പാക്കിയതു്. ഇംഗ്ലണ്ടിൽ ആദ്യം ഒട്ടു സംശയത്തോടുകൂടിയാണു് അതിന്നുള്ള നിയമം പാസ്സാക്കിയതു്. 1862-മാണ്ടിൽ മാത്രമേ ആ നിയമം ബലമായിട്ടു നടപ്പിൽ വന്നുള്ളു. പിന്നീടു വേഗത്തിൽ തീവണ്ടിപ്പണി, ബാങ്കു് ഏർപ്പാടു, വിവിധപദാർത്ഥനിർമ്മാണം എന്നിങ്ങിനെ പലതരം വ്യവസായങ്ങളിൽ ക്ലിപ്തപ്പെടുത്തീട്ടുള്ള ബാദ്ധ്യതതന്നെ നടപ്പായി. ക്ലിപ്തബാദ്ധ്യതയുള്ള കമ്പനികൾക്കു കമ്പനിനിയമപ്രകാരം അതികഠിനമായിട്ടുള്ള നിബന്ധനകൾ പലതും അനുസരിച്ചു നടക്കേണ്ടതായിട്ടുണ്ടു്. എന്നാൽ ആ വക നിബന്ധനകൾ നാട്ടുപുറങ്ങളിലുള്ള ചെറിയ കർഷകസംഘങ്ങൾക്കു യോജിക്കുകയില്ല.

ഏതെങ്കിലും ഒരു മഹത്തായ ഉദ്യമം നടത്തുന്നതിലേക്കു വലിയൊരുസംഖ്യ ഇറക്കണമെന്നു വരുമ്പോൾ തമ്മിൽതമ്മിൽ പരിചയമുള്ള ചിലരിൽനിന്നു മാത്രം ഓഹരികൾ പിരിക്കുക എന്ന വ്യവസ്ഥ തീരെ അസാദ്ധ്യമായിരിക്കും. അതിനാൽ ആ വലിയ കാര്യത്തിന്റെ സിദ്ധിക്കു് ഏവനിൽനിന്നും എവിടെനിന്നും ഓഹരികൾ പിരിക്കേണ്ടതായിട്ടു വരുന്നു. അങ്ങിനെയുള്ള ഒരവസ്ഥയിൽ ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യത വളരെ വൈഷമ്യത്തോടുകൂടിയതായിട്ടു ഭവിക്കും. അതുകൊണ്ടു് ആ വക ഘട്ടങ്ങളിൽ ക്ലിപ്തപ്പെടുത്തിക്കൊണ്ടുള്ള ബാദ്ധ്യതതന്നെയാണു ഗുണകരമായിരിക്കുക.

എന്നാൽ സഹകരണസംഘങ്ങളിൽ ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതകൊണ്ടു ഗണ്യമായ ചില മെച്ചങ്ങൾ ഉണ്ടാകുന്നതായിട്ടു കാണപ്പെടുന്നു. ഒന്നാമതു, അധികവും നിർദ്ധനന്മാരായിട്ടുള്ളവർ അടങ്ങിയ ഒരു സമുദായത്തിൽ എന്തെങ്കിലും കൂട്ടായി ഒരു വ്യവസായം നടത്തുന്നതിന്നുവേണ്ടി ഒരു മൂലധനം ഉണ്ടാക്കുന്നതിന്നു് ഉറപ്പായിട്ടു ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യത മാത്രമേ ഉള്ളു. പിന്നെ, പണമിടപെട്ട കാര്യത്തിൽ വേണ്ടത്തക്ക മുൻകരുതലുകൾ ചെയ്തു ശീലിക്കാത്തവർ ഒന്നിച്ചു ചേർന്നു് ഒരു സംഘമായി നിന്നു പ്രവർത്തിക്കുന്ന അവസരത്തിൽ അതിലെ ഓരോ അംഗങ്ങളും മനസ്സിരുത്തി ശുഷ്കാന്തിയോടുകൂടിയിരിക്കുന്നതിന്നു ക്ലിപ്തമല്ലാത്ത ബാദ്ധ്യത മാത്രമേ ഉള്ളൂ. പിന്നെ, പണമിടപെട്ട കാര്യത്തിൽ വേണ്ടത്തക്ക മുൻകരുതലുകൾ ചെയ്തു ശീലിക്കാത്തവർ ഒന്നിച്ചു ചേർന്നു് ഒരു സംഘമായി നിന്നു പ്രവർത്തിക്കുന്ന അവസരത്തിൽ അതിലെ ഓരോ അംഗങ്ങളും മനസ്സിരുത്തി ശുഷ്കാന്തിയോടുകൂടിയിരിക്കുന്നതിന്നു ക്ലിപ്തമല്ലാത്ത ബാദ്ധ്യത ആദ്യകാലങ്ങളിൽ അത്യാവശ്യമാണു് എന്നു ഴ്ഷൂൾസ് (Schulze) അഭിപ്രായപ്പെടുന്നു. ആ അവസ്ഥയിൽ ഓരോ അംഗങ്ങളും അവരവരുടേയും മറ്റുള്ളവരുടേയും പ്രവൃത്തികളിൽ നിർബന്ധേന അതിയായിട്ടു മനസ്സിരുത്തേണ്ടതായിട്ടു വരുന്നു. ഇങ്ങിനെ കുറെ കാലത്തെ പരിശീലനംകൊണ്ടു് എല്ലാ അംഗങ്ങളും തമ്മിൽ തമ്മിൽ നല്ലവണ്ണം പരിചയപ്പെടുകയും കൃത്യബോധത്തോടുകൂടിയും കണിശമായും പെരുമാറുവാൻ എല്ലാവർക്കും വശമാവുകയും ചെയ്താൽ പിന്നെ അവർക്കു തങ്ങളുടെ ബാദ്ധ്യതയെ വേണമെങ്കിൽ ക്ലിപ്തപ്പെടുത്താം.

മുമ്പറഞ്ഞ ഴ്ഷൂൾസ് എന്ന ജർമ്മൻകാരനും വേറെയും പല മഹാന്മാരും ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതതന്നെയാണു് പരസ്പരസഹായസംഘങ്ങൾക്കു് അധികം ഗുണകരമായിരിക്കുന്നതു് എന്നഭിപ്രായപ്പെടുന്നു. സംഘത്തിൽ പണം സൂക്ഷിപ്പിന്നിടുവാൻ വിചാരിക്കുന്നവർക്കു് അതു് അധികം വിശ്വാസത്തെ ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ.

സംഘംവക പണം വായ്പവാങ്ങുന്നവന്റെ ധനസ്ഥിതിയും സ്വഭാവവും നല്ലവണ്ണം പരിശോധിച്ചറിഞ്ഞതിന്റെ ശേഷമേ ഭരണസംഘം അയാൾക്കു കടം കൊടുക്കുവാൻ പാടുള്ളു. കടം വാങ്ങിക്കുന്ന പണം എന്തൊരാവശ്യത്തിന്നായിട്ടു വാങ്ങിക്കുന്നുവോ ആ ആവശ്യത്തിലേക്കുതന്നെയാണു് ചെലവുചെയ്യുന്നതു് എന്ന ബോദ്ധ്യവും സംഘത്തിന്നുണ്ടാകണം.

ദരിദ്രനായ ഒരുവന്റെ ക്ലിപ്തമല്ലാത്ത ബാദ്ധ്യതക്കു എത്രത്തോളം വിലയുണ്ടു് എന്ന സംഗതി അനുഭവംകൊണ്ടേ അറിഞ്ഞുകൂടു. അവന്റെ ഭൗതികസ്വത്തുക്കളെ സംബന്ധിച്ചെടത്തോളം വിലയൊന്നുമില്ല എന്നു മിസ്റ്റർ ‘വൂൾഫ’തന്നെ അഭിപ്രായപ്പെടുന്നു. കൃത്യബോധം, സത്യനിഷ്ഠ, മര്യാദ, പ്രയത്നശീലം മുതലായ ഗുണങ്ങളാണു് അങ്ങിനെയുള്ള ഒരുവന്റെ പ്രധാനസ്വത്തായിട്ടു സഹകരണപ്രസ്ഥാനത്തിൽ ഗണിക്കപ്പെടുന്നതു്. അതുകൊണ്ടാണു് അനുഭവംകൊണ്ടു മാത്രമേ അറിഞ്ഞുകൂടു എന്നുപറഞ്ഞതു്.

ക്ലിപ്തമല്ലാത്ത ബാദ്ധ്യതയോടുകൂടിയ ഒരു സംഘത്തിൽ ജന്മികളോ വേറെ പണക്കാരോ ചേർന്നിട്ടുണ്ടെങ്കിൽ അവരുടെ ബാദ്ധ്യതക്കു മാത്രമേ വിലയുള്ളുവെന്നു ‘വൂൾഫ്’ സമ്മതിക്കുന്നു. ഈ വാസ്തവമറിഞ്ഞുകൊണ്ടാണു് ഫാദർ റൈഫീസൻ ജന്മിയേയും സംഘത്തിൽ ചേർക്കുവാൻ ശ്രമിച്ചിരുന്നതു്. എന്നാൽ സ്വത്തുള്ളവർ ആ വക കടംവായ്പസംഘങ്ങളിൽ ചേരുവാൻ മടിച്ചിരുന്നു. എന്തെന്നാൽ ഒരു സംഘത്തിലേക്കു പണം കടം കൊടുത്തിട്ടുള്ളവന്നു സംഘാംഗങ്ങളിൽ ആരുടെയെങ്കിലും കയ്യിൽനിന്നു സംഖ്യ വസൂലാക്കുവാനുള്ള അധികാരമുണ്ടു്. ആരിൽനിന്നു പണം വസൂലാക്കപ്പെട്ടുവോ ആ അംഗത്തിന്നു പിന്നീടു മറ്റംഗങ്ങളുടെ കയ്യിൽനിന്നും വസൂൽചെയ്യുവാനുള്ള കയ്യുണ്ടു എന്നു മാത്രം. അങ്ങിനെയാകുമ്പോൾ പണക്കാരായ കൃഷിക്കാർ സംഘത്തിൽ ചേരുവാൻ മടിക്കുമെന്നതിൽ ആശ്ചര്യമില്ലല്ലോ. പരിഷ്കാരം തികച്ചുമുള്ള യൂറോപ്പുരാജ്യങ്ങളിൽതന്നെ ആ കാര്യത്തിൽ ജനങ്ങൾ ശങ്കിക്കുമ്പോൾ ഇന്ത്യാരാജ്യനിവാസികളുടെ കാര്യം പറവാനുണ്ടോ.

ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതയോടുകൂടിയ സംഘങ്ങളാണു് നാട്ടുപുറങ്ങളിലുള്ള കൃഷിക്കാർക്കു് അധികം യോജിക്കുന്നതും ഗുണകരമായിരിക്കുന്നതും എന്ന കാരണത്താൽ ക്ലിപ്തമല്ലാത്ത ബാദ്ധ്യതയിൽ ജനങ്ങൾക്കു വിശ്വാസമുണ്ടാകുന്നതിന്നും കടക്കാർക്കു വേണ്ടത്തക്ക ഉറപ്പു തോന്നുന്നതിന്നുംവേണ്ടി താഴെ പറയുന്ന സംഗതികളിൽ നിഷ്കർഷ ചെയ്യേണ്ടതാകുന്നു:

  1. അംഗങ്ങളെ നല്ലവണ്ണം പരിശോധിച്ചതിന്റെ ശേഷം മാത്രമേ തിരഞ്ഞെടുക്കാവു. പുതിയതായി ചേരുന്ന ഒരംഗം എല്ലാവരെപ്പോലെതന്നെ സംഘബാദ്ധ്യതകളെ വഹിപ്പാൻ തയ്യാറാണു് എന്നു ബാക്കി എല്ലാ അംഗങ്ങൾക്കും ബോദ്ധ്യപ്പെടണം എന്നു സാരം.
  2. ഒരു പുതിയ അംഗത്തിന്റെ പ്രവേശദിവസം സംഘബാദ്ധ്യതകൾ ഏതു സ്ഥിതിയിലിരിക്കുന്നുവോ ആ സ്ഥിതിയിൽ അവയെ താൻ പങ്കുകൊള്ളുവാനൊരുക്കമാണു് എന്നു അയാൾ സഭ മുമ്പാകെ സമ്മതിച്ചതിന്റെ ശേഷമേ അയാളെ ഒരു മെമ്പറായിട്ടു സ്വീകരിക്കുവാൻ പാടുള്ളു.
  3. തങ്ങൾക്കു സമ്മതമല്ലാത്ത വിധത്തിലുള്ള ബാദ്ധ്യതയിൽ സംഘത്തെ പെടുത്തുന്നുവെന്നു തോന്നിയാൽ സംഘാംഗങ്ങൾക്കു സംഘത്തിൽനിന്നൊഴിയുവാൻ അനുവാദം കൊടുക്കേണ്ടതാകുന്നു.
  4. ഒഴിഞ്ഞുപോകുന്ന അംഗങ്ങളുടെ ബാദ്ധ്യത ഒരു നിയതകാലംവരെ നിലനിൽക്കുന്നതാണു് എന്ന നിശ്ചയമുണ്ടായിരിക്കണം.
  5. സംഘാംഗങ്ങളുടെ ഓഹരികൾ സംഘത്തിന്റെ അനുവാദത്തോടുകൂടി മറുപേരിലാക്കുവാൻ അനുവദിക്കണം.
  6. ബാദ്ധ്യതയ്ക്കു യാതൊരു വിലയുമില്ലാത്തവനെ സംഘത്തിൽനിന്നു ബഹിഷ്കരിക്കേണ്ടാകുന്നു.
  7. മെമ്പർമാരുടെ ലിസ്റ്റു് എന്നതും ബാദ്ധ്യതപ്പെട്ടവരുടെ ലിസ്റ്റു് എന്നതും ഒന്നുതന്നെയാകയാൽ എല്ലാ മെമ്പർമാരേയും പെടുത്തിക്കൊണ്ടുള്ള ശരിയായ ഒരു ലിസ്റ്റു് വെക്കേണ്ടതാകുന്നു. ഒരു മെമ്പർ ഒഴിഞ്ഞുപോയാൽ പോയ തിയ്യതിയും ശരിയായിട്ടു ചേർത്തുവെക്കണം. എന്തെന്നാൽ അന്നു മുതൽക്കാണു് ഒരു നിശ്ചിതകാലംവരെ അയാളുടെ ബാദ്ധ്യത നിലനിൽക്കുക.
  8. കണക്കുകൾ ബഹു കൃത്യമായിട്ടു വെക്കണം. വെടിപ്പായിട്ടു പരിശോധിക്കുകയും വേണം. ബാദ്ധ്യത എത്രത്തോളമാണുള്ളതു് എന്ന സംഗതി എപ്പോഴും വ്യക്തമായിട്ടിരിക്കണം. കണക്കുകൾ പരിശോധിപ്പാനുള്ള അവകാശം എല്ലാ മെമ്പർമാർക്കുമുണ്ടായിരിക്കുകയും വേണം.
  9. നിയമത്തിൽ ഭേദഗതി ചെയ്യണമെങ്കിൽ ഭൂരിപക്ഷം മെമ്പർമാർ അഭിപ്രായപ്പെടേണ്ടതാകുന്നു.
  10. ഒരു സംഘം എത്രത്തോളം ബാദ്ധ്യത വഹിപ്പാനൊരുക്കമുണ്ടു് എന്ന സംഗതി പൊതുയോഗത്തിൽവെച്ചു തീർച്ചപ്പെടുത്തേണ്ടതാകുന്നു.
  11. സംഘസ്വത്തു് ഏതുവിധമാണു് വിനിയോഗിക്കേണ്ടതു് എന്നു തീർച്ചയാക്കുവാൻ അംഗങ്ങൾക്കു പൂർണ്ണസ്വാതന്ത്ര്യമുണ്ടു്.
  12. ബാദ്ധ്യതയ്ക്കു താങ്ങലായിട്ടൊരു കരുതൽധനം ശേഖരിക്കേണ്ടതാകുന്നു.
  13. കരുതൽധനത്തിലേക്കു് അധികം സംഖ്യ നീക്കിവെയ്ക്കുവാൻവേണ്ടി കഴിയുന്നതും ചുരുങ്ങിയ ഡിവിഡണ്ടുമാത്രമേ കൊടുക്കുകയുള്ളുവെന്ന വ്യവസ്ഥ നന്നായിരിക്കും.
  14. കണക്കുകൾ പരിശോധിക്കുന്നതിന്നും പിന്നീടു് എപ്പോഴെങ്കിലും വേണ്ടിവന്നാൽ സംഘം ഉടച്ചുകളയുന്നതിന്നും തങ്ങളുടെ ബാദ്ധ്യതകളെ ഒഴിവാക്കുന്നതിന്നും അംഗങ്ങൾക്കു സ്വാതന്ത്ര്യമുണ്ടായിരിക്കണം.

ബാദ്ധ്യത ക്ലിപ്തപ്പെടുത്താത്തതാണെങ്കിൽ സംഘാംഗങ്ങൾ എല്ലാവരും തമ്മിൽ തമ്മിൽ നല്ലവണ്ണം അറിയുന്നവരായിരിക്കണം. അതു സാദ്ധ്യമാകണമെങ്കിൽ ഒരു ചുരുങ്ങിയ പ്രദേശത്തിന്നുള്ളിൽനിന്നു മാത്രമേ സംഘാംഗങ്ങളെ തിരഞ്ഞെടുക്കുവാൻ പാടുള്ളു. ബാദ്ധ്യത ക്ലിപ്തപ്പെടുത്തിയതാണെങ്കിൽ അംഗങ്ങൾ പരസ്പരം അറിഞ്ഞേ കഴിയൂ എന്നില്ല. അകലംദിക്കുകളിലുള്ളവരേയും സംഘത്തിൽ അംഗങ്ങളായിട്ടു ചേർക്കാം. സംഘവ്യാപാരങ്ങളെ കുറെ അധികം വലിപ്പത്തിലും കേമമായിട്ടും നടത്തുകയും ചെയ്യാം. പക്ഷേ, സംഘങ്ങൾ ആ വിധത്തിൽ നടത്തപ്പെടുമ്പോൾ സഹകാരിത എന്ന തത്വത്തിന്റെ സാരം വിസ്മരിക്കപ്പെടുന്നു. സ്വാർത്ഥരഹിതമായിട്ടുള്ള ഒരു ഭാവം ആ അവസ്ഥയിൽ തീരെ ഇല്ലാതാകുന്നു. കൂട്ടിക്കെട്ടു ധനസമ്പാദനാർത്ഥം മാത്രമായിട്ടു കലാശിക്കുകയും ചെയ്യുന്നു.

ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതയ്ക്കു വരാവുന്ന ദോഷങ്ങൾക്കു പ്രതിവിധിയായി പല സംഗതികളും മുമ്പു പറഞ്ഞിട്ടുള്ളവയ്ക്കു പുറമെ താഴെ പറയുന്ന രക്ഷകൾകൂടി ചെയ്തുവെച്ചിട്ടുണ്ടു്:

  1. ധനവർദ്ധകമായ എന്തെങ്കിലും ഒരു വ്യവസായത്തിന്നു മാത്രമേ ഒരു കടംവായ്പസംഘത്തിൽനിന്നു പണം കടം കൊടുക്കുകയുള്ളുവെന്ന വെപ്പു്.
  2. നിയതസമയത്തു കണിശമായി പണം തിരിയെ അടയ്ക്കുമെന്ന നിശ്ചയത്തിന്മേലും തക്ക ജാമ്യത്തിന്മേലും മാത്രമേ കടം കൊടുക്കുകയുള്ളുവെന്ന നിശ്ചയം.
  3. കൊടുത്ത പണം ഉദ്ദിഷ്ടകാര്യത്തിന്നുതന്നെയാണു് ചെലവുചെയ്യുന്നതെന്നറിയുന്നതിന്നു ഭരണസംഘത്തിന്റെ ഒരു മേൽനോട്ടം. അപ്രകാരമല്ലെന്നുകണ്ടാൽ പണം ഉടനെ തിരിയെ ആവശ്യപ്പെടുവാനുള്ള അധികാരം.
  4. സംഘം പൊളിയുന്നതായാൽകൂടി വിഭജിക്കത്തക്കതല്ലാത്ത ഒരു കരുതൽധനം നിർബന്ധമായിട്ടുതന്നെ സംഗ്രഹിക്കപ്പെടുക എന്ന നിശ്ചയം.

ഈ വിധം മുൻകരുതലുകളോടുകൂടി പ്രവൃത്തി നടത്തിക്കൊണ്ടിരിക്കെ ഒരു സംഘത്തിന്നു ദൈവഗത്യാ നഷ്ടമാണു വന്നതെങ്കിൽ—സംഘംമുഖാന്തരം വാങ്ങിച്ച കടങ്ങൾ വീട്ടുവാൻ സംഘത്തിന്നു വക പോരാതെയാണു് വന്നതെങ്കിൽ—ഒന്നാമതായിട്ടു കടം വാങ്ങിച്ച അംഗങ്ങൾക്കും രണ്ടാമതായിട്ടു ജാമ്യക്കാർക്കും മൂന്നാമതായിട്ടു കരുതൽ ധനത്തിന്മേലും നാലാമതായിട്ടു ഓഹരിസംഖ്യമേലും അഞ്ചാമതായിട്ടു അംഗങ്ങളുടെ ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതമേലും ഒടുക്കംമാത്രം സംഘത്തിലേക്കു പണം കടം കൊടുത്ത ആൾക്കും നഷ്ടം കൊള്ളേണ്ടതായിട്ടു വരും. എന്നാൽ കിഴുക്കടത്തെ പല ദിക്കിലേയും അനുഭവംകൊണ്ടു കടം കൊടുത്തവന്റെ പണത്തിന്നു ഒരു വിധത്തിലും പോക്കില്ലെന്നുതന്നെ കണ്ടിരിക്കുന്നു.

[H. Calvert]

സഹകരണപ്രസ്ഥാനത്തിൽ ക്ലിപ്തബാദ്ധ്യതയോടുകൂടിയ സംഘങ്ങൾക്കുള്ള ദോഷങ്ങളെപ്പറ്റി മിസ്റ്റർ എം. എൽ. ഡാർലിങ്ങ് പറയുന്നതിനെ താഴെ ചേർക്കുന്നു:

images/Malcolm_Lyall_Darling.jpg
എം. എൽ. ഡാർലിങ്ങ്

“റൈഫീസൻസമ്പ്രദായത്തിന്റെ അടിസ്ഥാനം ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യതയാകുന്നു. ജർമ്മനിയിൽ സഹകരണവില്ലേജ് ബാങ്കുകൾ സ്ഥാപിക്കപ്പെട്ടയിടങ്ങളിലെല്ലാം ഈ സമ്പ്രദായത്തെയാണു് അനുവർത്തിച്ചിട്ടുള്ളതു്. എന്നാൽ ചില വില്ലേജുകളിൽ ക്ലിപ്തബാദ്ധ്യതയുള്ള സംഘങ്ങളുമുണ്ടു്. ആ വക പ്രദേശങ്ങളിൽ ജന്മികളുംകൂടി മെമ്പർമാരായിട്ടു ചേർന്നിട്ടുണ്ടു് എന്നതാണു് അതിന്നുള്ള മുഖ്യകാരണം. ജന്മിക്കു ക്ലിപ്തമില്ലാത്ത ബാദ്ധ്യത ഇഷ്ടമില്ല. എന്തെന്നാൽ തന്റെ സകല സ്വത്തും പണയപ്പെടുത്തുക എന്ന കാര്യത്തിൽ ജന്മിക്കത്ര സമ്മതമില്ല. കുടിയാനായിട്ടുള്ളുവെന്നും ക്ലിപ്തപ്പെടുത്താത്ത ബാദ്ധ്യത സമ്മതമുള്ളതായിട്ടു കാണുന്നില്ല. ഒന്നോ രണ്ടോ ജന്മികളുടെ ഉദാസീനതനിമിത്തം തനിക്കുള്ളതു മുഴുവൻ പോയെങ്കിലോ എന്ന ഭയമാണു് അതിന്നുള്ള കാരണം. അതിനാൽ ജന്മിയും കുടിയാനും സംഘത്തിൽ അംഗങ്ങളായിട്ടു ചേരുന്നതാണെങ്കിൽ ക്ലിപ്തബാദ്ധ്യത ആവശ്യമായിരിക്കും. വാസ്തവത്തിൽ രണ്ടു ബാദ്ധ്യതകൾക്കും തമ്മിൽ അനുഭവത്തിൽ വലിയ വ്യത്യാസമൊന്നുമില്ല എന്നാണു് സഹകരണപ്രസ്ഥാനവിഷയത്തിൽ വിദഗ്ദ്ധനായ ഡാക്ടർ റാബി എന്നാളുടെ അഭിപ്രായം. ജർമ്മനിയിൽ “പോമറേനിയാ” എന്നും “സാക്സനി” എന്നും പേരായ രണ്ടു ജില്ലകളിലാണു് ക്ലിപ്തബാദ്ധ്യതയോടുകൂടിയ സംഘങ്ങൾക്കു് അധികം പ്രചാരം. അവിടങ്ങളിൽ അവ വെടിപ്പായിട്ടു നടത്തപ്പെടുന്നുമുണ്ടു്. എന്നാലും ക്ലിപ്തമില്ലാത്ത ബാദ്ധ്യതയാണു് പരസ്പരസഹായസംഘങ്ങളുടെ ഉദ്ദേശത്തിന്നധികം യോജിക്കുന്നതു് എന്നാണു് ആ കാര്യത്തിൽ ഏർപ്പെട്ടു പരിചയമുള്ള അധികംപേരുടേയും അഭിപ്രായം. എന്തെന്നാൽ, ക്ലിപ്തബാദ്ധ്യത എന്നു വരുമ്പോൾ സംഘത്തിലംഗങ്ങളായിട്ടു ദൂരസ്ഥന്മാരേയുംകൂടി ചേർക്കുവാനുള്ള വാസനയുണ്ടാകുന്നു. അപ്പോൾ ഭരണാധികാരികൾക്കു ജോലി വർദ്ധിക്കുന്നു. ജോലി വർദ്ധിക്കുമ്പോൾ ശമ്പളക്കാരെ നിയമിക്കുക എന്നാകും. മെമ്പർമാർ അകലത്തുകാരാകുമ്പോൾ സാധാരണ പൊതുയോഗത്തിന്നു കോറംതികയുവാൻപോലും പ്രയാസമായിട്ടുതീരും. അതിന്നു പുറമെ, ജന്മിക്കു കുടിയാനോളംതന്നെ സംഘംകൊണ്ടുള്ളാവശ്യമില്ലാത്തതിനാൽ അയാൾക്കു സംഘകാര്യങ്ങളിൽ താല്പര്യവും കുറയും. ആകപ്പാടെ സംഘാംഗങ്ങളുടെ ധാർമ്മികമായിട്ടുള്ള കാര്യങ്ങളിലേക്കാൾ ധനാഭിവൃദ്ധിക്കു വേണ്ട കാര്യങ്ങളിലായിരിക്കും പ്രായേണ അധികം ശ്രദ്ധ വെയ്ക്കുക. അതു പരസ്പരസഹായസംഘങ്ങളുടെ ഉദ്ദേശത്തിന്നു തീരെ വിരോധമാകുന്നു.”

[M. L. Darling]

ഇന്ത്യയിൽ പരസ്പരസഹായസംഘങ്ങൾ അവയുടെ ഉത്ഭവം
1904-ലെ പത്താം ആൿറ്റു്

1904-മാണ്ടിന്നു മുമ്പു് ഇന്ത്യയിൽ കമ്പനി ആൿറ്റു് എന്ന നിയമമനുസരിച്ചല്ലാതെ പരസ്പരസഹായസംഘങ്ങളെ സ്വതന്ത്രമായി സ്ഥാപിക്കുന്നതിന്നു നിയമമുണ്ടായിരുന്നില്ല. കച്ചവടക്കമ്പനികൾക്കുള്ളതുപോലെയുള്ള വിലയും നിലയും അവകാശങ്ങളും അവയ്ക്കുണ്ടായിരുന്നതുമില്ല. അതിന്നുംപുറമേ, റജിസ്ട്രുചെയ്യാത്ത ഒരു സംഘത്തിന്റെ നിയമങ്ങൾ സംഘാംഗങ്ങൾക്കു് അത്രതന്നെ ബാധകമല്ലാത്തതുകൊണ്ടു നിയമാനുസരണം നടക്കുവാൻ അംഗങ്ങളെ ശാസിപ്പാനുള്ള കയ്യും പോരായിരുന്നു. അത്രയുമല്ല, കമ്പനി ആൿറ്റുപ്രകാരം റജിസ്റ്റ്ര് ചെയ്യാതെ പത്തുപേർ കൂടിച്ചേർന്നു കമ്പനിയായി ഒരു ബാങ്കുവ്യാപാരം നടത്തുക എന്നതു നിയമവിരോധമാകയാൽ റജിസ്ട്ര് ചെയ്യാതെകണ്ടുള്ള സംഘങ്ങളെ സ്ഥാപിക്കുന്ന കാര്യവും ആലോചിപ്പാൻതന്നെ വയ്യായിരുന്നു. അതിനാൽ യൂറോപ്പുരാജ്യത്തു കുറെ കാലമായിട്ടു നടപ്പിൽ വന്നിരിക്കുന്ന പരസ്പരസഹായസംഘങ്ങൾപോലെയുള്ള സംഘങ്ങൾ ഇന്ത്യയിലും നടപ്പാക്കുവാൻ തരമുണ്ടോ എന്നാലോചിച്ചു റിപ്പോർട്ടുചെയ്യുവാൻ ഇന്ത്യാഗവർമ്മേണ്ടു “സർ എഡ്വർഡ് ല” എന്നാളുടെ അദ്ധ്യക്ഷതയിൽ ഒരു കമ്മിറ്റി നിയമിച്ചു. ആ കമ്മറ്റിയുടെ ശിപാർശിപ്രകാരമാണു് ഇന്ത്യാഗവർമ്മേണ്ടു് 1904-ലെ 10-ാം ആൿറ്റു് എന്ന നിയമം പാസ്സാക്കിയതു്.

സഹകരണസംഘങ്ങൾ സാധാരണ കമ്പനിനിയമപ്രകാരമുള്ള കമ്പനികൾതന്നെയാണു് എന്നോർക്കേണ്ടതാകുന്നു. എങ്കിലും അവ കമ്പനി ആൿറ്റിൽ പെടുന്നില്ല. എന്തെന്നാൽ ആവക സംഘങ്ങളുടെ ഉദ്ദേശം അവയ്ക്കോ അവയിൽ പെട്ട അംഗങ്ങൾക്കോ ലാഭം നേടുക എന്നതല്ല. ഇന്ത്യയിൽ സഹകരണസംഘങ്ങളുടെ സ്ഥാപനത്തിന്നു നിയമസംബന്ധമായി വേണ്ടവിധത്തിലുള്ള അടിസ്ഥാനം ഉണ്ടാക്കിത്തീർക്കുന്നതിന്നാണു് 1904-ലെ ആൿറ്റു് പാസ്സാക്കീട്ടുള്ളതു് എന്നു് ഇന്ത്യാഗവർമ്മെണ്ടു് പറയുന്നുണ്ടു്.[8] കമ്പനി ആൿറ്റുപ്രകാരമുള്ള പല ചടങ്ങുകളും കൂടാതെതന്നെ പരസ്പരസഹായസംഘങ്ങൾക്കു നിയമാനുസരണം ഒരു സ്ഥാനം കല്പിക്കുന്നതിന്നുവേണ്ടിയാണു് അതിലേയ്ക്കു പ്രത്യേകം നിയമമുണ്ടാക്കീട്ടുള്ളതു്.

1912-ലെ 2-ാം ആൿറ്റു്

ഈ നിയമം പാസ്സാക്കീട്ടധികം താമസംകൂടാതെതന്നെ ഇന്ത്യയിലുള്ള എല്ലാ സംസ്ഥാനങ്ങളിലും വളരെ സംഘങ്ങൾ സ്ഥാപിക്കപ്പെട്ടു. പ്രസ്തുത നിയമമനുസരിച്ചു സംഘങ്ങൾ നടത്തിത്തുടങ്ങിയപ്പോൾ പല ന്യൂനതകളും അതിലുള്ളതായിട്ടു കണ്ടു. അതിനാൽ 1904-ലെ ആൿറ്റു കുറെക്കൂടി പരിഷ്കരിച്ചു 1912-ലെ 2-ാം ആൿറ്റു് എന്നു പേരോടുകൂടിയ ഒരു നിയമം പാസ്സാക്കി. അതാണിപ്പോൾ പ്രബലപ്പെട്ടിരിക്കുന്നതു്.

മക്ലഗൻ കമ്മറ്റി റിപ്പോർട്ടു്

അതിന്റെ ശേഷം ഈ ഏർപ്പാടു ജനങ്ങളുടെ ഇടയിൽ എത്രത്തോളം പ്രചരിച്ചിട്ടുണ്ടു് എന്നും മേലിൽ ഏതെല്ലാംവിധത്തിൽ അതിന്നു് അഭിവൃദ്ധിയുണ്ടാക്കുവാൻ കഴിയുമെന്നും മറ്റുമുള്ള സംഗതികളെ പരിശോധിച്ചറിഞ്ഞു റിപ്പോർട്ടുചെയ്വാനായി 1915-ൽ ഇന്ത്യാഗവർമ്മേണ്ടു് ‘സർ ആൽഫ്രഡ് മക്ലഗൻ’ എന്നാളുടെ അദ്ധ്യക്ഷതയിൽ രണ്ടാമതൊരു കമ്മറ്റി നിയമിച്ചു. ആ കമ്മറ്റി എല്ലാ സംസ്ഥാനങ്ങളിലുമുള്ള സകലസംഘങ്ങളേയും കൂലങ്കഷമായി പരിശോധിച്ചതിന്റെ ശേഷം അവയുടെ നടത്തിപ്പിലുള്ള പല ന്യൂനതകളേയും ചൂണ്ടിക്കാണിക്കുകയും അവയെ പരിഹരിപ്പാനുള്ള മാർഗ്ഗങ്ങളേയും സഹകരണപ്രസ്ഥാനത്തിന്റെ പ്രചാരത്തിന്നും അഭിവൃദ്ധിക്കും വേണ്ടുന്ന വഴികളേയും ശിപാർശിചെയ്യുകയും ചെയ്തുകൊണ്ടു് അതിവിസ്താരമായ ഒരു റിപ്പോർട്ടു തയ്യാറാക്കി.

മക്ലഗൻ കമ്മറ്റി ശിപാർശിചെയ്ത സംഗതികൾ

1094-ലെ ആക്റ്റു പാസ്സാക്കിയതിന്റെ ശേഷം ഇന്ത്യയിൽ പല ദിക്കുകളിലും സഹകരണസംഘങ്ങൾ സ്ഥാപിക്കപ്പെട്ടു. മിക്കതും മുഖ്യമായിട്ടു കൃഷിക്കാർക്കു ചുരുങ്ങിയ പലിശയ്ക്കു പണം കടംകൊടുക്കുന്നതിന്നുള്ളവ മാത്രമായിരുന്നു. സഹകരണപ്രസ്ഥാനത്തിന്റെ വ്യാപ്തി അത്രമാത്രംകൊണ്ടു മതിയാകയില്ലെന്നും വേറെയും പലതരത്തിലുമുള്ള സംഘങ്ങൾ സ്ഥാപിക്കേണ്ടതാണെന്നും കാണുകയാൽ മുമ്പറഞ്ഞ മാക്ലഗൻകമ്മറ്റി താഴെ പറയുന്നവിധം ശിപാർശിചെയ്തു:

  1. കടംവായ്പസംഘങ്ങൾക്കു പുറമേ വേറേയും പലതരം സംഘങ്ങൾക്കു പണം ആവശ്യംപോലെ സഹായിച്ചുകൊടുക്കുന്നതിന്നു സെൻട്രൽ ബാങ്കുകൾ സ്ഥാപിക്കുക. അവയിലെ അംഗങ്ങളിൽനിന്നും പണം കെട്ടിയിരിപ്പുള്ളവരുടെ കയ്യിൽനിന്നും പണം സൂക്ഷിപ്പിന്നു വാങ്ങിയും (deposits) മറ്റുവിധത്തിലും ആ ബാങ്കുകളിൽ മൂലധനമുണ്ടാക്കുക.
  2. കൃഷിക്കാർ കൃഷിചെയ്തുണ്ടാക്കുന്ന സാധനങ്ങളെ തക്ക വിലയ്ക്കു കൊടുപ്പിക്കുന്നതിന്നുവേണ്ടി വില്പനസംഘങ്ങൾ ഏർപ്പെടുത്തുക. (ഗവർമ്മേണ്ടു നികുതി കൊടുക്കുന്നതിന്നും മറ്റുമായി അവർക്കു് അവയെ പെട്ടാപ്പെട്ടവിലയ്ക്കു കൊടുത്തു നഷ്ടപ്പെടേണ്ടിവരുന്നു. അതു കൂടാതെ കഴിപ്പാനാണു് വില്പനസംഘങ്ങളുടെ സ്ഥാപനം.)
  3. ചില കച്ചവടക്കാർ വിവിധപദാർത്ഥങ്ങളെ ഉണ്ടാക്കുന്നവരുടേയും അവയെ വാങ്ങി അനുഭവിക്കുന്നവരുടേയും ഇടയിൽ ചാടിവീണു് അതിലാഭം പറ്റിപ്പോരുന്നതിനെ ഇല്ലാതാക്കുവാൻവേണ്ടി ആ രണ്ടു കൂട്ടരും ചേർന്നു പ്രവർത്തിപ്പാനുള്ള സൗകര്യമുണ്ടാക്കിത്തീർക്കുക.
  4. കടത്തിൽ പെട്ടു് ഒരു മോചനവുമില്ലാതെ കുഴങ്ങുന്ന കൃഷിക്കാർക്കു ചുരുങ്ങിയ പലിശയ്ക്കു ദീർഗ്ഘകാലം കൊണ്ടു വീട്ടത്തക്കവിധത്തിൽ പണം കടംകൊടുത്തു് അവരെ ഋണത്തിൽ നിന്നു മുക്തന്മാരാക്കിത്തീർക്കുക.

കമ്മറ്റി ശിപാർശിചെയ്തപ്രകാരമുള്ള എല്ലാ സംഗതികളേയും അതാതു സംസ്ഥാനങ്ങളിലുള്ള ഗവർമ്മേണ്ടുവക സഹകരണ ഡിപ്പാർട്ടുമെണ്ടുകൾ സ്വീകരിക്കുകയും കഴിയുന്നതും അവയെ ഓരോന്നായി നടപ്പിൽ കൊണ്ടുവരുവാൻ ശ്രമിക്കുകയും ചെയ്തുവരുന്നു.

സഹകരണസംഘങ്ങളുടെ പ്രചാരം

ഇന്ത്യയിൽ ഇപ്പോൾ ആകെ പരസ്പരസഹായസംഘങ്ങൾ 60,000-ത്തിൽ മീതെ കാണുന്നതാണു്. കൃഷിക്കാർക്കുള്ള കടബാദ്ധ്യതകളെ കുറയ്ക്കുന്നതിന്നു സഹകരണപ്രസ്ഥാനം ഏറ്റവും നല്ലതായ ഒരു മാർഗ്ഗമാണു് എന്നു കാണുകയാൽ പ്രധാനപ്പെട്ട നാട്ടുരാജാക്കന്മാരും തങ്ങളുടെ രാജ്യങ്ങളിൽ അതിന്നു പ്രചാരം വരുത്തുവാൻവേണ്ടി പലതും ചെയ്തുവരുന്നുണ്ടു്.

ആവക സംഘങ്ങളെക്കൊണ്ടു ജനങ്ങൾക്കുണ്ടായിട്ടുള്ള ഗുണങ്ങൾ

പരസ്പരസഹായസംഘങ്ങൾ ജനങ്ങൾക്കു പല ഗുണങ്ങളും ഉണ്ടാക്കിത്തീർക്കുന്നുണ്ടു് എന്നതിന്നു വാദമില്ല. കൃഷിക്കാർക്കു താൽക്കാലികങ്ങളായ കൃഷികാര്യങ്ങൾക്കുവേണ്ടി ചുരുങ്ങിയ പലിശയ്ക്കു പണം കടം കിട്ടുവാൻ അവ വളരെ സൗകര്യപ്പെടുത്തീട്ടുണ്ടു്. എന്നുമാത്രമല്ല, ആ വക സംഘങ്ങൾ കാരണം പണക്കച്ചവടക്കാരുടെ പലിശതന്നെ കുറഞ്ഞുവശായിരിക്കുന്നു. അതിന്നുംപുറമേ തങ്ങളുടെ ധനസ്ഥിതിയെപ്പറ്റിയ സ്വരൂപജ്ഞാനം കൃഷിക്കാർക്കുണ്ടായിത്തുടങ്ങീട്ടുണ്ടു്. ചുരുക്കി പറയുന്നതായാൽ ആവക സംഘങ്ങൾ മനുഷ്യർക്കു പലവിധത്തിലും പല കാര്യങ്ങളും ചെയ്തു ശീലിക്കുന്നതിന്നുള്ള അഭ്യാസസ്ഥലങ്ങളായിത്തീർന്നിട്ടുണ്ടു്. അവ അവരെ അധികം നല്ലവരാക്കിത്തീർത്തിട്ടുമുണ്ടു്. ഈ പ്രസ്ഥാനം ഗവർമ്മേണ്ടിനോടു സംബന്ധപ്പെട്ടാണു് ഇപ്പോൾ ഇരിക്കുന്നതു് എങ്കിലും ഗവർമ്മേണ്ടിന്റെ സഹായം കൂടാതെ പൊതുജനങ്ങളുടെ സ്വന്തം ഏർപ്പാടായിട്ടുതന്നെ തീരേണ്ടതാകുന്നു. അ നിലയിൽതന്നെയാണു് അതു റൈഫീസൻ മുതലായ പ്രമാണികളാൽ ഗണിക്കപ്പെട്ടിട്ടുള്ളതും.

ഇന്ത്യയിൽ പരസ്പരസഹായസംഘങ്ങളുടെ രചനാരീതിയും ഘടനാചാതുര്യവും
സഹകരണഡിപ്പാർട്ടുമെണ്ടും അതിലെ ഉദ്യോഗസ്ഥന്മാരും

ഇന്ത്യയിൽ അധികവും കടംവായ്പസംഘങ്ങളാണു് സ്ഥാപിക്കപ്പെട്ടിട്ടുള്ളതു് എന്നു മുമ്പു പറഞ്ഞുവല്ലോ. എന്നാൽ അവയുടെ സ്ഥാപനം ആരുമുഖാന്തരം ഏതുവിധത്തിലാണു് എന്നും അവ തമ്മിലുള്ള ഘടന എപ്രകാരമാകുന്നുവെന്നും താഴെ വിവരിക്കുന്നു:- ഈ പ്രസ്ഥാനത്തിന്റെ പ്രചാരത്തിന്നുവേണ്ടി അതാതു സംസ്ഥാനത്തെ ഗവർമ്മേണ്ടു് ഒന്നാമതായിട്ടു് ഒരു സഹകരണഡിപ്പാർട്ടുമെണ്ടു സ്ഥാപിച്ചു. അതിലെ പ്രധാന ഉദ്യോഗസ്ഥൻ റജിസ്ട്രാർ എന്നു വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കീഴിൽ ഡിപ്യൂട്ടി റജിസ്ട്രാരും അസിസ്റ്റന്റു റജിസ്ട്രാരും ഇൻസ്പെക്റ്റർമാരും സൂപ്പർവൈസർമാരും മറ്റുദ്യോഗസ്ഥന്മാരുമുണ്ടു്. അതാതു ദേശങ്ങളിൽ ചെന്നു തത്തദ്ദേശനിവാസികളെ സഹകരണം എന്ന തത്ത്വത്തിന്റെ സാരം എന്താണെന്നും ആ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഏർപ്പാടുകൊണ്ടു് എന്തെല്ലാം ഗുണങ്ങൾ സിദ്ധിക്കുമെന്നും മറ്റുമുള്ള സംഗതികളെ പറഞ്ഞു മനസ്സിലാക്കുക, അവിടവിടെ കടംവായ്പസംഘങ്ങൾ സ്ഥാപിക്കുക, അവയ്ക്കു വേണ്ട നിയമങ്ങൾ ഉണ്ടാക്കുന്നതിലും സംഘങ്ങളെ വേണ്ടതുപോലെ നടത്തിക്കുന്നതിലും വേണ്ടത്തക്ക സഹായം ചെയ്തുകൊടുക്കുക, സംഘങ്ങളുടെ കണക്കുകൾ ഇടക്കിടയ്ക്കു പരിശോധിക്കുക മുതലായ പല ജോലികളും ആ ഉദ്യോഗസ്ഥന്മാർ ചെയ്തുവരുന്നു. വാസ്തവം നോക്കുന്നതായാൽ ഈവക കാര്യങ്ങൾ ഗവർമ്മേണ്ടു മുഖാന്തരം ചെയ്യേണ്ടതല്ല. എന്നാൽ ഈ രാജ്യത്തുള്ളവർക്കു് ഈ ഏർപ്പാടിനെപ്പറ്റിയ അറിവു കുറവായതുകൊണ്ടും അധികം പേരും ദരിദ്രന്മാരും പഠിപ്പില്ലാത്തവരുമാകകൊണ്ടും ആരംഭകാലങ്ങളിൽ ഗവർമ്മേണ്ടുസഹായം അത്യാവശ്യമാണു് എന്നുവെച്ചാകുന്നു ഗവർമ്മേണ്ടു് അതിൽ പ്രവേശിച്ചിട്ടുള്ളതു്. ഇയ്യിടയിൽവെച്ചു പഠിപ്പുള്ളവരും പരോപകാരതല്പരന്മാരുമായ അനുദ്യോഗസ്ഥന്മാർ പലരും ഈ വിഷയത്തിലേയ്ക്കു ശ്രദ്ധവെച്ചു തുടങ്ങീട്ടുള്ളതിനാൽ ഗവർമ്മെണ്ടിന്റെ ഏതദ്വിഷയകമായ ചുമതലയ്ക്കു് അല്പം കുറവു വന്നിട്ടുണ്ടു്. ഇപ്പോൾ ബ്രിട്ടീഷു് ഇന്ത്യയിൽ വലിയ സംസ്ഥാനങ്ങളിലെല്ലാം ഗവർമ്മെണ്ടുദ്യോഗസ്ഥന്മാരും നാട്ടുകാരായ അനുദ്യോഗസ്ഥപ്രമാണികളും ഒത്തുചേർന്നാണു ഈ കാര്യത്തിൽ വേല ചെയ്തുവരുന്നതു്.

സംഘസ്ഥാപനസമ്പ്രദായം

സഹകരണഡിപ്പാർട്ടുമെണ്ടിലെ മേലുദ്യോഗസ്ഥനായ റജിസ്ട്രാരുടെ അനുമതിയോടുകൂടി ഒരു ദേശത്തുള്ളവർ കൂടിച്ചേർന്നു ഒരു കടംവായ്പസംഘം അല്ലെങ്കിൽ വില്ലേജ് ബാങ്കു സ്ഥാപിക്കുകയും നിയമാനുസരണം അതു റജിസ്ട്രാക്കുകയും ചെയ്യുന്നു. സംഘനിർമ്മാണം, ഭരണരീതി, അംഗങ്ങളുടെ ചുമതലകൾ മുതലായ വിഷയങ്ങൾ മുമ്പു പലസന്ദർഭങ്ങളിലും ഒട്ടു വിശദമായി വിവരിക്കപ്പെട്ടിട്ടുള്ളതിനാൽ ആ ഭാഗം ഇവിടെ വിസ്തരിക്കുന്നില്ല. അടുത്തുള്ള ദേശങ്ങളിലും അതാതു ദേശനിവാസികൾ അതുപോലെയുള്ള സംഘങ്ങൾ സ്ഥാപിക്കുന്നു.

സെൻട്രൽ ബാങ്കിന്റെ സ്ഥാപനം

എന്നാൽ ആവക സംഘങ്ങളിലെ അംഗങ്ങൾ പ്രായേണ നിർദ്ധനന്മാരും ആ കാരണത്താൽതന്നെ അവരിൽനിന്നു പിരിച്ചുണ്ടാക്കുന്ന ഓഹരിസംഖ്യ വളരെ ലഘുവും ആയിരിക്കുന്നതിനാൽ അതാതു ദേശത്തുള്ള സംഘങ്ങളിലെ അംഗങ്ങൾക്കു് അവിടവിടെ പിരിയുന്ന സംഖ്യകൊണ്ടു് ആവശ്യം നിവൃത്തിക്കുവാൻ മതിയാകുന്നില്ല. അതിനാൽ അപ്രകാരമുള്ള പല സംഘങ്ങളും കൂടിച്ചേർന്നു് ഒരു സെൻട്രൽ ബാങ്കു സ്ഥാപിക്കുന്നു. ആ ബാങ്കിലെ അംഗങ്ങൾ അധികവും മേപ്പടി സംഘങ്ങൾതന്നെയായിരിക്കും. പുറമേയുള്ളവർക്കും അതിൽ അംഗങ്ങളായിട്ടു ചേരാം. പണമുള്ളവർ ആ ബാങ്കിൽ ഡെപ്പോസിറ്റുചെയ്യുന്നതും സാധാരണയാണു്. സെൻട്രൽ ബാങ്കിന്റെ ഭരണം അതിലെ അംഗങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന കുറെ പേരാൽ നടത്തപ്പെടുന്നതിനാലും ദേശസംഘങ്ങൾതന്നെ അതിലെ അംഗങ്ങളായിട്ടിരിക്കുന്നതിനാലും ദേശസംഘങ്ങൾക്കു് അതിന്റെ ഭരണത്തിൽ പങ്കുകൊള്ളുവാൻ സാധിക്കുന്നു. അതുകാരണം അവ അതിന്റെ ഭരണകാര്യത്തിൽ മമതാബുദ്ധിയോടും ശ്രദ്ധയോടുംകൂടി പ്രവർത്തിക്കുന്നു. ഈ സെൻട്രൽ ബാങ്കിൽനിന്നു പണമാവശ്യമുള്ള ദേശസംഘങ്ങൾ ആവശ്യംപോലെ കടംവാങ്ങിക്കുകയും ചെലവില്ലാതെ കെട്ടിരിപ്പുള്ള ദേശസംഘങ്ങൾ തങ്ങളുടെ പണം അതിൽ ഡെപ്പോസിറ്റുചെയ്യുകയും ചെയ്യുന്നു. ഇങ്ങിനെയാകുമ്പോൾ പണം അധികമുള്ള പ്രദേശത്തിൽനിന്നു പുറപ്പെടുവിച്ചു ക്ഷാമമുള്ള പ്രദേശങ്ങളിൽ വിഭജിച്ചുകൊടുക്കുവാൻ സൗകര്യമുണ്ടാകുന്നു.

എല്ലാറ്റിന്നും പ്രധാനമായ ഒരു ബാങ്കിന്റെ സ്ഥാപനം

മുൻപറഞ്ഞ രീതിയിൽതന്നെ സെൻട്രൽബാങ്കുകൾ പലതുംകൂടി ചേർന്നു് എല്ലാറ്റിന്നും തലവനായിട്ടൊരു ബാങ്കു (Apex Bank) സ്ഥാപിക്കുന്നു. ആ ബാങ്കു ഗവർമ്മേണ്ടുസഹായത്തോടുകൂടി സ്ഥാപിക്കപ്പെട്ടതായിരിക്കും. ആ കാരണത്താൽ അതിൽ പണക്കാരായ പലരും വലിയ വലിയ സംഖ്യകൾ ഡെപ്പോസിറ്റുചെയ്യുന്നു. അപ്പോൾ ലക്ഷക്കണക്കിന്നുള്ള സംഖ്യകൾ അതിലിട്ടു പെരുമാറുവാൻ സാധിക്കുന്നു.

എല്ലാറ്റിന്റേയും ഘടന

എല്ലാറ്റിന്നും തലവനായിട്ടുള്ള പ്രധാനബാങ്കു സെൻട്രൽബാങ്കുകളായിട്ടും ആ ബാങ്കുകൾ ദേശസംഘങ്ങൾ അല്ലെങ്കിൽ വില്ലേജ് ബാങ്കുകൾ ആയിട്ടും പണമിടപാടു ചെയ്യുന്നു. ഇങ്ങിനെ ഏറ്റവും നിസ്സാരമായ വില്ലേജ് ബാങ്കിനേയും മഹാഗംഭീരമായ പ്രധാന (Apex) ബാങ്കിനേയും കൂട്ടിയിണക്കിക്കൊണ്ടു ഈ പ്രസ്ഥാനം പടർന്നുപിടിച്ചു സർവ്വത്ര വ്യാപിച്ചുകിടക്കുന്നു. മുൻപറഞ്ഞ സ്ഥാപനങ്ങളെല്ലാം സഹകരണഡിപ്പാർട്ടുമേണ്ടിലെ റജിസ്ട്രാർ മുതലായ ഉദ്യോഗസ്ഥന്മാരുടെ ഉപദേശത്താലും മേൽനോട്ടത്താലുമാണു് നടത്തപ്പെടുന്നതു്. പ്രധാനബാങ്കിന്നു് (ആരംഭകാലത്തിൽ നിശ്ചയമായിട്ടും) ഗവർമ്മേണ്ടുസഹായമുണ്ടായിരിക്കുന്നതിനാൽ അതിന്റെ കണക്കുപരിശോധനയിലും മറ്റും ഗവർമ്മേണ്ടിന്റെ മേൽ നോട്ടമുണ്ടായിരിക്കും. അതുപോലെതന്നെ പ്രധാനബാങ്കിന്റെ മേൽനോട്ടം സെൻട്രൽബാങ്കുകളെ സംബന്ധിച്ചും ഉണ്ടാകും. ചെറിയ വില്ലേജ്ബാങ്കുകളുടെ കണക്കുകൾ പരിശോധിക്കുന്ന കാര്യത്തിൽ സെൻട്രൽബാങ്കുകളും പ്രധാനബാങ്കും ശ്രദ്ധവെയ്ക്കുന്നു. അങ്ങിനെയെല്ലാമായിട്ടും സംഘങ്ങളുടെ ആദ്ധ്യക്ഷ്യം വഹിക്കുന്നതു മതിയാകുന്നില്ല എന്നു കാണുകയാൽ സഹകരണപ്രവർത്തകന്മാർ അദ്ധ്യക്ഷസംഘങ്ങൾ (Supervising Unions) ഏർപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. പത്തോ ഇരുപതോ കടം വായ്പസംഘങ്ങൾ ഒത്തുചേർന്നു് ഒരു അദ്ധ്യക്ഷസംഘം സ്ഥാപിക്കുന്നു. അതിലെ അംഗങ്ങൾ മേപ്പടി സംഘങ്ങൾതന്നെയായിരിക്കും. ആ സംഘം യോഗ്യനായ ഒരു സൂപ്പർവൈസരെ നിയമിക്കുന്നു. അയാൾ മേപ്പടി സംഘങ്ങളുടെ അദ്ധ്യക്ഷത വഹിക്കുകയും ചെയ്യുന്നു. ഈ ഏർപ്പാടു് അനുദ്യോഗസ്ഥന്മാരായ പ്രമാണികളുടെ ഉത്സാഹത്തിന്റെ ഫലമാകുന്നു.

കൊ-ഓപ്പറേറ്റീവ് യൂണിയൻസു്

സംഘങ്ങൾ എല്ലാം ഒരു കെട്ടായിട്ടു് ഒന്നായിരിക്കുന്നുവെന്ന ഭാവം ഉണ്ടാക്കിത്തീർക്കുന്നതിന്നും, ജനസംഖ്യ മുതലായ കണക്കുകൾ, ജനങ്ങളുടെ ധനസ്ഥിതിയേയും തൊഴിൽവിഭാഗങ്ങളേയും വിവിധ അവസ്ഥാഭേദങ്ങളേയും സംബന്ധിച്ച പല വിവരങ്ങൾ, നിയമസംബന്ധമായ പല സംഗതികൾ എന്നിങ്ങിനെയുള്ള നാനാവിഷയങ്ങളുടേയും ജ്ഞാനം സമ്പാദിക്കുന്നതിന്നും, സഹകരണസംബന്ധമായ പുസ്തകങ്ങൾ മാസികകൾ ലഘുപത്രികകൾ മുതലായവയെ പ്രസിദ്ധപ്പെടുത്തുന്നതിന്നും, ഈ ഏർപ്പാടിനെ സംബന്ധിച്ച പ്രചാരവേലകൾ പലതും നടത്തുന്നതിന്നും, സാമാന്യേന എല്ലാ സംഘങ്ങളും നടത്തേണ്ടതായ പ്രവൃത്തികൾക്കു് ഒരു കാര്യപരിപാടി (Programme) തയ്യാറാക്കുന്നതിന്നും ഓരോ സംഘങ്ങളുടേയും അധികാരസീമയെ വ്യവസ്ഥപ്പെടുത്തുന്നതിന്നുംവേണ്ടി ഒരു രാജ്യത്തെ പല ജില്ലകളാക്കിത്തിരികുന്നതിന്നും—ചുരുക്കിപ്പറയുന്നതായാൽ ഒരു ഗവർമ്മേണ്ടു ചെയ്യേണ്ടതായ സകലപ്രവൃത്തികളേയും ചെയ്യുന്നതിന്നും—ആണു് കൊ-ഓപ്പറേറ്റീവ് യൂണിയൻസു സ്ഥാപിക്കപ്പെടുന്നതു്. ഈവക സംഘങ്ങളുടെ പ്രവൃത്തി വളരെ പ്രധാനമായിട്ടുള്ളതാകുന്നു. ഇംഗ്ലണ്ടിൽ മാഞ്ചെസ്റ്റർ പട്ടണത്തിൽ 1864-മാണ്ടിലാണു് കൊ-ഓപ്പറേറ്റീവ് യൂണിയൻ ആദ്യമായിട്ടു സ്ഥാപിച്ചതു്. ഇംഗ്ലണ്ടിൽ സഹകരണപ്രസ്ഥാനത്തിന്നു് ആ യൂണിയൻവഴിക്കു് അത്യധികമായ ഗുണം സിദ്ധിച്ചിട്ടുണ്ടു്. സഹകരണസംഘങ്ങൾക്കു പ്രചാരം സിദ്ധിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും ആവക സംഘവിശേഷങ്ങൾ കാണപ്പെടുന്നു.

ഇന്ത്യയിൽ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളിൽ ആ തരം സംഘങ്ങൾ (കൊ: യൂണിയൻസ്) സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. മദ്രാശിയിൽ “മദ്രാസ് പ്രൊവിൻഷ്യൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ക്ലിപ്തം” (Madras Provincial Co-operative Union Ltd.) എന്നും, ബോമ്പയിൽ “ബോമ്പ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടു് ” (Bombay Co-operative Institute) എന്നും, ബങ്കാളത്തു “ബെങ്കാൾ കൊ-ഓപ്പറേറ്റീവു് ഓർഗ്ഗണൈസേഷൻ” (Bengal Co-operative Organisation) എന്നും പേരോടുകൂടി അവ അറിയപ്പെടുന്നു. സഹകരണഏർപ്പാടിൽ തൽപരന്മാരായിട്ടുള്ള അനുദ്യോഗസ്ഥന്മാരായ ചില മഹാന്മാരുടെ ഉത്സാഹത്തിന്മേൽതന്നെയാണു് ആവക സംഘവിശേഷങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുള്ളതു്. അതാതു ഗവർമ്മേണ്ടുകളുടെ ഒത്താശയും അവയ്ക്കു ധാരാളമുണ്ടു്. സഹകരണം എന്നുവെച്ചാലെന്താണു് എന്നു ജനങ്ങളെ മനസ്സിലാക്കുക, അവരുടെ ഇടയിൽ ആ ഏർപ്പാടിന്നു പ്രചാരമുണ്ടാക്കിത്തീർക്കുക മുതലായതാണു് അവയുടെ മുഖ്യ ഉദ്ദേശങ്ങൾ. സഹകാരിത എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുണ്ടായിട്ടുള്ള ഈ ഏർപ്പാടിന്റെ ശരിയായ ജ്ഞാനം ഉണ്ടാക്കിക്കൊടുക്കുന്നതിന്നും പരസ്പരസഹായസംഘങ്ങളെ ഭരിക്കുന്ന സമ്പ്രദായത്തേയും കണക്കുകൾ വെയ്ക്കുന്ന രീതിയേയും തൽസംബന്ധമായ മറ്റു പല കാര്യങ്ങളേയും പഠിപ്പിക്കുന്നതിന്നുമായിട്ടോരേപ്പാർടു മേപ്പടി സ്ഥാപനങ്ങളുടെ ഒരംഗമായിട്ടു ചെയ്തുവെച്ചിട്ടുണ്ടു്. സഹകരണം എന്ന ഏർപ്പാടിന്നു് അതാതു സംസ്ഥാനങ്ങളിൽ എല്ലാ മനുഷ്യരുടെ ഇടയിലും പ്രചാരമുണ്ടാക്കുന്നതിന്നുവേണ്ടി ആവക സ്ഥാപനങ്ങൾ മുഖാന്തരംതന്നെ ആ വിഷയത്തെപ്പറ്റി പല മാസികകളും ത്രൈമാസികകളും ലഘുപത്രികകളും ഇംഗ്ലീഷിലും നാട്ടുഭാഷകളിലുമായി അച്ചടിച്ചു പ്രസിദ്ധം ചെയ്തുവരുന്നു. അത്രയുമല്ല, ഈ പ്രസ്ഥാനത്തിന്റെ പ്രകർഷേണയുള്ള ഉൽക്കർഷത്തിന്നായിക്കൊണ്ടു് ഏതത്സംബന്ധമായ കാര്യങ്ങളെപ്പറ്റി കൂടിയാലോചന നടത്തുവാൻ വേണ്ടി അവിടവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള എല്ലാ സംഘങ്ങളേയും ഈ വിഷയത്തിൽ പ്രമാണികളും താൽപര്യമുള്ളവരുമായ പല മഹാന്മാരേയും ക്ഷണിച്ചുവരുത്തി മഹായോഗങ്ങൾ (Conferences) കൂട്ടുകയും അവയിൽ വെച്ചു പല പ്രസംഗങ്ങൾ നടത്തിക്കുകയും ചെയ്യുന്നു. അനുദ്യോഗസ്ഥന്മാരായ നാട്ടുപ്രമാണികളുടെ ഈവിധമുള്ള പരിശ്രമങ്ങൾ സഹകരണ ഡിപ്പാർട്ടുമെണ്ടുദ്യോഗസ്ഥന്മാർക്കു വളരെ സഹായമായിത്തീർന്നിട്ടുണ്ടു്.

ജർമ്മൻസമ്പ്രദായം

വില്ലേജ് ബാങ്കുകളുടെ ഉൽപത്തിയും അഭിവൃദ്ധിയും ജർമ്മനിയിലാകയാൽ അവിടെയുള്ള വില്ലേജ് ബാങ്കുകളും സെൻട്രൽ ബാങ്കുകളും മറ്റും ഘടനാവിശേഷത്തെപ്പറ്റി സംക്ഷേപമായി താഴെ പറയുന്നു:- ജർമ്മനിയിൽ ആവക ബാങ്കുകൾതന്നെ രണ്ടു തരമുണ്ടു്. ഒന്നു ഗവർമ്മേണ്ടുസഹായത്തോടുകൂടി നടത്തപ്പെടുന്നവ. മറ്റേതു റൈഫീസൻസമ്പ്രദായപ്രകാരമുള്ളവ. ജർമ്മനിയുടെ തലസ്ഥാനമായ ബർലിൻപട്ടണത്തിൽ മേപ്പടി രണ്ടുതരം സംഘങ്ങളുടേയും തലസ്ഥാനമായിട്ടു രണ്ടു സ്ഥാപനങ്ങൾ ഉണ്ടു്. ഒന്നു് “ഇംപീരിയൽ ഫ്ഡറേഷൻ”[9] എന്നും മറ്റേതു “റൈഫീസൻ ഫ്ഡറേഷൻ” എന്നും പറയപ്പെടുന്നു. റൈഫീസൻസമ്പ്രദായികൾ ഗവർമ്മേണ്ടുസഹായത്തെ തീരെ നിഷേധിക്കുന്നവരാകുന്നു. അവിടെ ഒരു വില്ലേജ് ബാങ്കു് ആദ്യമായിട്ടു സ്ഥാപിക്കുമ്പോൾ അതിനെ ഉടനെതന്നെ മൂന്നു സഹകരണസ്ഥാപനങ്ങളോടു സംഘടിപ്പിക്കുന്നു. പണമെടവാടു നടത്തുന്നതിന്നു് ഒരു സെൻട്രൽബാങ്കിനോടും കൃഷികാര്യങ്ങൾക്കും ഗൃഹാവശ്യങ്ങൾക്കും വേണ്ടുന്ന സാമാനങ്ങൾ ആവശ്യംപോലെ കിട്ടുന്നതിന്നു തുകപ്പടിയായി ശേഖരിപ്പും വില്പനയും നടത്തുന്ന ഒരു സംഘത്തോടും (Wholesale Society) പിന്നെ കണക്കുകൾ ആഡിറ്റുചെയ്യുക പരിശോധന നടത്തുക മുതലായ കാര്യങ്ങൾക്കു സ്ഥലത്തുള്ള പ്രൊവിഷ്യൽ യൂണിയനോടും സംഘടിപ്പിക്കുന്നു. റൈഫീസൻ ഫ്ഡറേഷൻ 1877-മാണ്ടിലാണു സ്ഥാപിക്കപ്പെട്ടതു്. 1920-മാണ്ടക്കു് അതിൽ ചേർന്നുനിൽക്കുന്നതായി 7192 സംഘങ്ങൾ ഉണ്ടായിരുന്നു. 1883-മാണ്ടിൽ ‘ഡാക്ടർ ഹാസു്’ (Dr. Haas) എന്നൊരാളാണു് ഇംപീരിയൽ ഫ്ഡറേഷൻ സ്ഥാപിച്ചതു്. അതു മറ്റേതിനേക്കാൾ വളരെ അധികം വലിയതായ ഒരേർപ്പാടാകുന്നു. 1920-ാമാണ്ടിൽ അതിൽ 21,297 സംഘങ്ങൾ ഉൾപ്പെട്ടിരുന്നു. 1919-മാണ്ടിൽ 24 സെൻട്രൽബാങ്കുകൾ ഇംപീരിയൽ ഫ്ഡറേഷനോടു യോജിപ്പിച്ചിരുന്നു. വലിയതായിട്ടൊരു സെൻട്രൽബാങ്കു മാത്രമേ റൈഫീസൻ ഫെഡറേഷനോടു ചേർന്നുനിൽക്കുന്നുള്ളു.

ഓരോ ജില്ലയിലും ഇംപീരിയൽ ഫഡറേഷൻ സമ്പ്രദായപ്രകാരമുള്ള ഓരോ സെൻട്രൽബാങ്കും ഓരോ യൂണിയനും സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. സെൻട്രൽബാങ്കുകൾക്കെല്ലാം തലവനായിട്ടു തലസ്ഥാനമായ ബർലിനിൽ ഒരു പ്രധാന (Apex) ബാങ്കും സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. മറ്റേ സമ്പ്രദായപ്രകാരമുള്ള ഒരൊറ്റ സെൻട്രൽബാങ്കിന്റെ ശാഖകൾ പല ജില്ലകളിലും സ്ഥാപിക്കപ്പെട്ടിരിക്കുകയാണു്. ജർമ്മനിയിലെ ഇംപീരിയൽ ഫ്ഡറേഷൻ സമ്പ്രദായത്തോടാണു് ഇന്ത്യൻ സമ്പ്രദായത്തിന്നധികം സാമ്യമുള്ളതു്.

ജർമ്മനിയിൽ (1922-മാണ്ടിൽ) ആകെ പലതരത്തിലുംകൂടി 47,000 സംഘങ്ങൾ ഉണ്ടു്. അവയെ കണക്കുപരിശോധനനിയന്ത്രണം മുതലായ കാര്യങ്ങൾക്കുവേണ്ടി നാലു തരമായി വിഭാഗിക്കപ്പെട്ടിരിക്കുന്നു. 1. ഹാമ്പർഗ്ഗു് എന്ന പട്ടണത്തിൽ ശേഖരിപ്പും വില്പനയും നടത്തുന്ന സംഘങ്ങളുടെ ഒരു ഫ്ഡറേഷൻ (Consumers’ Federation at Hamburg) 13000 സ്റ്റോർസംഘങ്ങൾ അതിൽ ചേർന്നു നിൽക്കുന്നു. 2. ജർമ്മൻ സഹകരണസംഘങ്ങളുടെ ഫ്ഡറേഷൻ (German Federation of Co-operative Societies). പട്ടണങ്ങളിലുള്ള പലവിധ സഹകരണസംഘങ്ങളും അതോടു ചേർന്നു നിൽക്കുന്നു. സ്റ്റോർസംഘങ്ങൾ ശില്പികളുടെ സംഘങ്ങൾ വീട്ടുപണിസംഘങ്ങൾ ഴ്ഷൂൽ ഡേലിഷ് (Schulze Delitzch) അല്ലെങ്കിൽ ചെറിയ വ്യവസായബാങ്കുകൾ എന്നീ പലവക സംഘങ്ങളും അതിൽ ഉൾപ്പെടുന്നു. പിന്നെ കൃഷിക്കാരുടെ വില്ലേജ് സംഘങ്ങൾ. അവതന്നെ മുൻപറഞ്ഞപ്രകാരം (3) റൈഫീസൽ ഫ്ഡറേഷനിൽ ചേർന്നുനിൽക്കുന്നവ. (4) ഇംപീരിയൽ ഫഡറേഷനിൽ പെട്ടവ. ഇവയെല്ലാം ഒത്തുചേർന്നു പ്രവർത്തിപ്പാനുള്ള ശ്രമമുണ്ടു്. [M. L. Darling I. C. S.]

പണമെടവാടു ചെയ്യുന്നതിന്നുള്ള ഏറ്റവും ചെറിയതും നിസ്സാരവുമായ വില്ലേജ്ബാങ്കു മുതൽ ഏറ്റവും വലിയതും പ്രധാനവുമായ തലവൻ (Apex) ബാങ്കുവരെയുള്ള സംഘങ്ങളുടെ രചനയും ഘടനയുമാണു് ഇതേവരെ നിരൂപിക്കപ്പെട്ടതു്. സഹകരണപ്രസ്ഥാനത്തിൽ ഒട്ടുംതന്നെ അപ്രധാനമല്ലാത്ത മറ്റൊരു തരം സംഘങ്ങളുടെ—ശേഖരിപ്പും വില്പനയും നടത്തുന്ന സംഘങ്ങൾ (സ്റ്റോറുകൾ) നിർമ്മാണസംഘങ്ങൾ, വിതരണസംഘങ്ങൾ ( Distribution Societies) എന്നിങ്ങിനെ പല പ്രകാരേണ പറയപ്പെടുന്ന സംഘവിശേഷങ്ങളുടെ—രചനയേയും ഘടനയേയും പറ്റി മുമ്പു അവിടവിടെ സൂചിപ്പിയ്ക്കുകയുണ്ടായിട്ടുണ്ടു്. ഈ തരം സംഘങ്ങൾക്കു് ഇന്ത്യയിൽ പ്രചാരമുണ്ടായി വരുന്നതേയുള്ളു. അവയുടെ രചനയും ഘടനയും ഏറക്കുറെ പണമെടവാടു നടത്തുന്ന സംഘങ്ങളുടേതുപോലെതന്നെയാകുന്നു. അതായതു്: ദേശംപ്രതി ഓരോ ശേഖരിപ്പുസംഘങ്ങൾ. ആ തരം പല സംഘങ്ങളുടെ മദ്ധ്യത്തിലായി തുകപ്പടിയായി ശേഖരിപ്പും വില്പനയും നടത്തുന്ന ഒരു വലിയ സംഘം (Wholesale Society) അങ്ങിനെയുള്ള വലിയ സംഘങ്ങൾ പലതും കൂടിച്ചേർന്നു് ഒരു ‘ഫഡറേഷൻ.’ ചെറിയ സംഘങ്ങളുടെ ആദ്ധ്യക്ഷ്യം വഹിക്കുന്നതിന്നും കണക്കു തിട്ടപ്പെടുത്തുന്നതിന്നുമായി അദ്ധ്യക്ഷസംഘങ്ങളും ആഡിറ്റുസംഘങ്ങളും ഏർപ്പെടുത്തുകയും ചെറിയ സംഘങ്ങളെ അവയോടു യോജിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരിക്കും. ഇങ്ങിനെ എല്ലാസംഘങ്ങളേയും യഥാക്രമം കൂട്ടി യോജിപ്പിച്ചു് എല്ലാംകൂടി ഒരു പ്രധാനസ്ഥലത്തു സ്ഥാപിക്കപ്പെട്ടിരിക്കുന്ന ‘ഫ്ഡറേഷ’നോടു സംഘടിപ്പിക്കുകയും ചെയ്യുന്നു.

വസ്തു പണയത്തിന്മേൽ ദീർഗ്ഘ്കാലംകൊണ്ടു കുറേശ്ശയായി വീട്ടത്തക്കവണ്ണം കടം കൊടുക്കുന്ന ബാങ്കുകൾ (Land Mortgage Banks)

കൃഷിക്കാരുടെ താൽക്കാലികമായ ചില ആവശ്യങ്ങളെ നിവൃത്തിക്കുന്നതിന്നു മാത്രമുള്ള സംഖ്യയേ നാട്ടുപുറങ്ങളിലുള്ള ചെറിയ കടംവായ്പസംഘങ്ങൾക്കു കൊടുക്കുവാൻ സാധിക്കുകയുള്ളു. തങ്ങളുടെ സർവ്വസ്വവും പണയപ്പെടുത്തി ദീർഗ്ഘ്കാലമായിട്ടു കടത്തിൽ പെട്ടു ക്ലേശിക്കുന്ന കൃഷിക്കാർക്കു ഋണമോചനമുണ്ടാക്കിക്കൊടുക്കുവാൻ അവയെക്കൊണ്ടു കഴിയുന്നതല്ല. അതിനാൽ അതിലേക്കൊരു നിവൃത്തിമാർഗ്ഗമായിട്ടാണു് “ലാന്റ് മോർട്ട്ഗേജ് ബാങ്കു”കളുടെ ആവിർഭാവം. കൃഷിക്കാരെ—വിശേഷിച്ചും ചെറിയ വസ്തുടമസ്ഥന്മാരെ—കടത്തിൽനിന്നു മോചിപ്പിക്കുന്നതിന്നും അവരുടെ വസ്തുക്കളെ നന്നാക്കുന്നതിന്നും കൃഷി പരിഷ്കൃതരീതിയിൽ ചെയ്യിക്കുന്നതിന്നും മറ്റുമായി അവർക്കു വസ്തു പണയത്തിന്മേൽ ദീർഗ്ഘ്കാലംകൊണ്ടു കുറേശ്ശയായി വീട്ടത്തക്കവണ്ണം ആവശ്യമുള്ള പണം കടംകൊടുക്കുക എന്നതാണു് മേപ്പടി ബാങ്കുകളുടെ പ്രയോജനം. 1925-മാണ്ടിലാണു് മദ്രാസ് ഗവർമ്മേണ്ടു അങ്ങിനെ ഒരു സ്ഥാപനത്തിന്നനുവാദം കൊടുത്തതു്. ഇപ്പോൾ മദ്രാസ് സംസ്ഥാനത്തു് ആകെ അപ്രകാരമുള്ള ബാങ്കുകൾ ഇരുപതോളം അവിടവിടെയായി സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. ഈ ബാങ്കുകൾക്കു പണം സുലഭമായിട്ടു കിട്ടുന്നതിന്നുവേണ്ടി ഇയ്യിടയിൽ (1929 ഒക്ടോബർ 25-ാംനു) മദ്രാസ് ഗവർമ്മേണ്ടു് ആ തരത്തിലുള്ള ഒരു സെൻട്രൽബാങ്കു് മദ്രാശിയിൽ സ്ഥാപിക്കുവാനനുവദിച്ചു. ഓഹരിസംഖ്യ, സൂക്ഷിപ്പുപണം (Deposits), ഡിബെഞ്ചർലോൺ എന്നീ മൂന്നു വിധത്തിലാണു് ആ ബാങ്കിലേക്കു പണമുണ്ടാക്കുന്നതു്. അതാതു ജില്ലകളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആ തരം ബാങ്കുകൾ മേപ്പടി സെൻട്രൽബാങ്കിൽ അംഗങ്ങളാകുന്നു. പുറമെ ഒറ്റയ്ക്കുള്ളവർക്കാർക്കെങ്കിലും ഓഹരി എടുത്തു അതിൽ അംഗങ്ങളായിട്ടു ചേരാം. ബാങ്കിൽനിന്നു പുറപ്പെടുവിക്കുന്ന ഡിബെഞ്ചർ വാങ്ങി ബാങ്കിലേക്കു പണം കടംകൊടുക്കുന്നതിന്നും ബാങ്കിൽ പണം സൂക്ഷിപ്പിന്നിടുന്നതിന്നും ബാങ്കിൽ ഓഹരി ചേരുന്നതിന്നും ജനങ്ങൾക്കു വിശ്വാസം ഉണ്ടാകുവാൻവേണ്ടി ഗവർമ്മേണ്ടുതന്നെ ഡിബെഞ്ചർ വാങ്ങിക്കുകയും ആരെങ്കിലും ഡിപ്പോസിറ്റുചെയ്യുന്ന പണത്തിന്നു 100-ക്കു് 6 വീതം പലിശ മുട്ടിച്ചുതന്നുകൊള്ളാമെന്നു വാഗ്ദത്തം ചെയ്കയും ചെയ്തിട്ടുണ്ടു്.

ഈ ഒരേർപ്പാടു കൃഷിക്കാർക്കു്—ഇന്ത്യയിലുള്ള കൃഷിക്കാർക്കു വിശേഷിച്ചും—ഒരനുഗ്രഹമായിട്ടു തീരുന്നതാണു്. എന്തെന്നാൽ കൃഷിക്കാർ സാധാരണയായി തങ്ങളുടെ വസ്തു പണയംകൊടുത്തു 100-ക്കു് പന്ത്രണ്ടും പതിനഞ്ചും വീതം പലിശക്കാണു് പണം പണക്കച്ചവടക്കാരുടെ കയ്യിൽനിന്നും മറ്റും കടംവാങ്ങിക്കുന്നതു്. അതു കാരണം ഒരു കാലത്തും അവർക്കു് ആ വകക്കാരുടെ പിടിയിൽ നിന്നു വിട്ടുപോരുവാൻ സാധിക്കുന്നില്ല. അവരുടെ ധനസ്ഥിതിയെ ഒരു വിധത്തിലും നന്നാക്കുവാനും അവർക്കു തരം കിട്ടുന്നില്ല. എന്തെന്നാൽ ആണ്ടുതോറുമുള്ള അവരുടെ ആദായം നിത്യച്ചെലവിന്നും കടപ്പലിശക്കുംതന്നെ കഷ്ടിയായിട്ടേ മതിയാകുന്നുള്ളു. അപ്പോൾ പിന്നെ വസ്തു നന്നാക്കുന്നതിന്നോ ധനവർദ്ധകങ്ങളായ മറ്റു കാര്യങ്ങൾ ചെയ്വാനോ അവർക്കെങ്ങിനെ സാധിക്കും. അതുകൊണ്ടു മുൻപറഞ്ഞ മാതിരിയിലുള്ള ബാങ്കുകൾ അവർക്കു വളരെ സഹായമായിത്തന്നെ തീരുന്നു. ആ വക ബാങ്കുകളിൽനിന്നും വസ്തുപണയത്തിന്മേൽതന്നെയാണു് കടം കിട്ടുന്നതു് എങ്കിലും ഒരു കൃഷിക്കാരന്നു് അതു ഗുണകരമായിട്ടുതന്നെയാണു് തീരുക. എങ്ങിനെയെന്നാൽ, ബാങ്കിൽ 100-ക്കു് ഏഴര അല്ലെങ്കിൽ ഏറിയതു് 9 വീതം പലിശയേ കൊടുക്കേണ്ടിവരികയുള്ളു. മുതൽ ദീർഗ്ഘ്കാലം (പതിനഞ്ചോ ഇരുപതോ) കൊല്ലംകൊണ്ടു കുറേശ്ശയായിട്ടു കൊടുത്തുതീർത്താൽ മതിതാനും. അപ്പോൾ താൻ കടക്കാരനാണു് എന്ന വിചാരവും തന്നിമിത്തമുള്ള ബുദ്ധിക്ഷയവും കൂടാതെ ഉത്സാഹത്തോടുകൂടി വേലചെയ്യുവാൻ അങ്ങിനെയുള്ള കൃഷിക്കാരന്നു സാധിക്കുന്നു. അധികപലിശക്കു നിന്നിരുന്ന കടംവീട്ടി ചുരുങ്ങിയ പലിശക്കു കടം വാങ്ങുവാൻ തരം വന്നതിൽ നിന്നു കൊല്ലംതോറുമുണ്ടാകുന്ന കൂടുതലാദായംകൊണ്ടു് അവന്നു തന്റെ വസ്തു നന്നാക്കുന്നതിന്നും അപ്രകാരം നന്നാക്കിയ വസ്തുവിൽനിന്നു് അധികം മുതലെടുപ്പുണ്ടാക്കുന്നതിന്നും ആ അധികാദായം കൊണ്ടു കടപ്പലിശയും കടത്തിന്റെ ഒരംശംതന്നെയും കൊല്ലന്തോറും കൊടുത്തു തീർപ്പാനും അവന്നു കഴിയുന്നു.

ഇന്ത്യയിൽ ഈ മാതിരി ബാങ്കുകൾ വളരെ ദുർല്ലഭമാകുന്നു. അടുത്ത കാലം മുതൽക്കു മാത്രമേ അവ ഓരോ പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ടുതുടങ്ങീട്ടുള്ളു. എന്നാൽ ജർമ്മനിയിൽ ഈ ഏർപ്പാടിന്നു നൂറു നൂറ്റമ്പതു കൊല്ലത്തെ പഴക്കമുണ്ടു്. ഈ സമ്പ്രദായപ്രകാരമുള്ള ഒരു ബാങ്കിന്റെ നടത്തിപ്പു കേവലം വില്ലേജ് ബാങ്കുകളുടേതുപോലെ അത്ര എളുപ്പമല്ല. എത്രതന്നെ അതിനെ വിവരിച്ചാലും സാധാരണന്മാർക്കു് അതു നടത്തുന്ന രീതിയെപ്പറ്റിയ സ്വരൂപജ്ഞാനമുണ്ടാക്കുവാൻ പ്രയാസമായിരിക്കും.

കൃഷിക്കാർക്കു്
കടംവായ്പയ്ക്കല്ലാതെകണ്ടുള്ള ഇതരപരസ്പരസഹായസംഘങ്ങൾ

കൃഷിക്കാർക്കു കടം കൊടുക്കുന്നതിന്നുള്ള സംഘങ്ങൾക്കു പുറമെ അവരുടെ മറ്റു പല കാര്യങ്ങളും സാധിക്കുന്നതിന്നുള്ള പരസ്പരസഹായസംഘങ്ങളെപ്പറ്റി ഇനി നിരൂപിക്കാം.

കൃഷിക്കാരുടെ നിത്യകാലക്ഷേപത്തിന്നുവേണ്ടുന്ന പദാർത്ഥങ്ങളെ ഇപ്പോഴത്തെക്കാൾ വളരെ അധികം ലാഭത്തിൽ അവർക്കു കിട്ടാറാക്കിക്കൊണ്ടു് അവരുടെ ധനസ്ഥിതിക്കു് ഉന്നതിയുണ്ടാക്കിത്തീർക്കുവാനുള്ള ഒരു എളുപ്പവഴി സഹകരണം എന്ന ഏർപ്പാടു് അവർക്കു കാണിച്ചുകൊടുക്കുന്നു. അതാതു പുവ്വിൽ കൃഷി നടത്തുന്നതിന്നുവേണ്ട പണം ചുരുങ്ങിയ പലിശക്കു കിട്ടിയതുകൊണ്ടു മാത്രം കൃഷിക്കാരുടെ സകല ആവശ്യങ്ങളും നിവൃത്തിച്ചുവെന്നു പറവാൻ പാടില്ല. മറ്റനേകകാര്യങ്ങൾ അവർക്കു സാധിക്കേണ്ടതായിട്ടു പിന്നേയുമുണ്ടു്. സഹകരണം എന്ന ഏർപ്പാടിനെത്തന്നെ ആ വക കാര്യങ്ങളുടെ സിദ്ധിക്കായിട്ടും ഉപയോഗപ്പെടുത്തേണ്ടതാകുന്നു. എന്നാൽ മാത്രമേ ഉദ്ദിഷ്ടകാര്യം—കൃഷിക്കാരുടെ ആകമാനമുള്ള ധനസ്ഥിതിക്കു പൂർവ്വാധികം ഉൽക്കർഷമുണ്ടാക്കിത്തീർക്കുക എന്ന കാര്യം—പൂർണ്ണമായിട്ടു ഫലവത്തായിത്തീരുകയുള്ളു.

പഠിപ്പും ബുദ്ധിയുമുള്ള ഒരു കൃഷിക്കാരന്നു പണം ആവശ്യംപോലെ കടം കിട്ടുവാനുള്ള സൗകര്യമുണ്ടായാൽതന്നെ ധാരാളം മതി. എന്തെന്നാൽ ആ പണംകൊണ്ടു് അയാൾ തനിക്കാവശ്യമുള്ള പണിയായുധങ്ങളേയും കൃഷിപ്പണിക്കോപ്പുകളേയും വിത്തു വളം മുതലായവയേയും നല്ലതുനോക്കി ലാഭത്തിനു വാങ്ങിക്കുന്നു വേണ്ടതുപോലെ കൃഷിപ്പണി നടത്തുന്നു. കൃഷി ചെയ്തുണ്ടാക്കിയ പദാർത്ഥങ്ങളെ നല്ല വിലക്കു വിൽക്കുകയും ചെയ്യുന്നു. തനിക്കു വേണ്ട സാധനങ്ങളെ ലാഭംനോക്കി വാങ്ങിപ്പാനും താൻ കൃഷിചെയ്തുണ്ടാക്കിയവയെ നല്ല വിലക്കു വിൽക്കുവാനും അയാൾക്കു സാമർത്ഥ്യമുണ്ടു്. എന്നാൽ യാതൊരു പഠിപ്പുമില്ലാത്ത മൂഢനായ ഒരു കൃഷിക്കാരന്റെ കഥ അങ്ങിനെയല്ല. ചുരുങ്ങിയ പലിശക്കു പണം സുലഭമായിട്ടു തന്റെ കയ്യിൽ കിട്ടിയാൽതന്നെയും അയാൾ അതു വേണ്ടവിധത്തിൽ ഉപയോഗിക്കുന്ന കാര്യം സംശയമാണു്. താൻ കൃഷിചെയ്തുണ്ടാക്കിയ സാധനങ്ങളെ നല്ല വിലയ്ക്കു വിൽക്കുവാനുള്ള സാമർത്ഥ്യവും അയാൾക്കില്ല. ഈ വിധമുള്ള കൃഷിക്കാർക്കു പണം ലാഭത്തിൽ കടം കിട്ടുവാനുള്ള സൗകര്യംകൊണ്ടു മാത്രം മതിയാകുന്നതല്ല. പണം കടം കൊടുപ്പാൻവേണ്ടി മാത്രമേ സഹകരണസംഘങ്ങൾ സ്ഥാപിക്കപ്പെടുന്നുള്ളുവെങ്കിൽ സഹകരണം എന്ന ഏർപ്പാടു നിഷ്ഫലമായിത്തന്നെ ഭവിക്കും. അതിന്നു് അതിലും വളരെ അധികം വ്യാപ്തിയുണ്ടാക്കിത്തീർക്കേണ്ടതാകുന്നു. വിത്തു്, കന്നാലി, കൃഷിപ്പണിക്കുള്ള ആയുധങ്ങൾ, വളം, വെള്ളം എന്നിവയെല്ലാം ഒരു കൃഷിക്കാരന്നു് അത്യാവശ്യകങ്ങളാകുന്നു. നിലം ഉഴുതു വെടിപ്പാക്കുക, വളം ചേർക്കുക, വിത്തു വിതയ്ക്കുക, വെള്ളം വേണ്ട സമയത്തു തിരിച്ചുകൂട്ടുക മുതലായി വിളവു കൊയ്തെടുക്കുന്നതുവരെ പല പ്രവൃത്തികളും ഒരു കൃഷിക്കാരന്നു നടത്തേണ്ടതായിട്ടുണ്ടു്. കൊയ്തെടുത്ത സാധനം നല്ല വിലയ്ക്കു വില്ക്കുകയും വേണം. ഇങ്ങിനെ നോക്കുമ്പോൾ കൃഷിക്കാരുടെ ആവശ്യങ്ങളെ മൂന്നു തരമായിട്ടു വിഭജിക്കാം. 1. വാങ്ങൽ—അതായതു് ആവശ്യമുള്ള സാധനങ്ങളെ നല്ലതായിട്ടു ലാഭം നോക്കി വാങ്ങിക്കുക എന്നതു്. 2. ഉണ്ടാക്കൽ—ധാന്യാദിപദാർത്ഥങ്ങളെ കൃഷിചെയ്തുണ്ടാക്കുക എന്നതു്. 3. വില്പന—കൃഷിചെയ്തുണ്ടാക്കിയ സാധനങ്ങളെ തക്ക വിലയ്ക്കു വിൽക്കുക എന്നതു സഹകരണം എന്ന ഏർപ്പാടിന്റെ പ്രയോഗം ഈ മൂന്നുതരം ആവശ്യങ്ങളിലും വ്യാപിക്കേണ്ടതാകുന്നു. എന്നാൽ മാത്രമേ അതു യഥാർത്ഥത്തിൽ കൃഷിക്കാർക്കു പ്രയോജനകരമായിട്ടു തീരുകയുള്ളു. അതുകൊണ്ടു കൃഷിക്കാര്യങ്ങൾക്കു വേണ്ടുന്ന സാധനങ്ങളേയും ഗൃഹാവശ്യങ്ങൾക്കു വേണ്ടുന്നവയേയും വാങ്ങി ശേഖരിച്ചു കൃഷിക്കാർക്കു് ആവശ്യംപോലെ വിൽക്കുന്നതിന്നുവേണ്ടി ശേഖരിപ്പും വില്പനയും നടത്തുന്ന സംഘങ്ങളുടെ സ്ഥാപനം വളരെ മുഖ്യമായിട്ടു വിചാരിക്കപ്പെടുന്നു. ഒരു വില്ലേജിൽ ഒരു കടംവായ്പസംഘമുണ്ടെങ്കിൽ അവിടെ മുൻ വിവരിച്ചപോലെയുള്ള ഒരു ശേഖരിപ്പുസംഘവും (ഒരു സ്റ്റോർ) നിശ്ചയമായിട്ടും വേണ്ടതാണു്. അതുപോലെ കൂട്ടായി കൃഷി ചെയ്യുന്നതിന്നും അപ്രകാരം കൃഷിചെയ്തുണ്ടാക്കുന്ന സാധനങ്ങളെ കൂട്ടായിത്തന്നെ വിൽക്കുന്നതിന്നും സംഘങ്ങൾ ആവശ്യമുണ്ടായിരിക്കണം. എന്നാൽ മുമ്പറഞ്ഞ മൂന്നു കാര്യങ്ങൾക്കും പ്രത്യേകം മൂന്നു സംഘങ്ങൾ ഒരു വില്ലേജിൽതന്നെ സ്ഥാപിക്കുന്നതു ഗുണകരമായിരിക്കുമോ എന്നും അല്ലെങ്കിൽ അതു സാദ്ധ്യമോ എന്നും ബലമായിട്ടു സംശയിക്കുന്നു. അപ്രകാരമുള്ള സംഘങ്ങളെ വേണ്ട വിധത്തിൽ നടത്തുന്നതിന്നു പ്രാപ്തന്മാരായവർ ചുരുക്കമാകുന്നുവെന്ന സംഗതിയാണു് ആ ശങ്കക്കുള്ള മുഖ്യകാരണം. എങ്കിലും കാര്യം സാധിക്കുകയും വേണം. അതിന്നുള്ള എളുപ്പവഴിയാണു കാണേണ്ടതു്. ശേഖരിപ്പുസംഘങ്ങളെ സ്ഥാപിക്കുന്ന കാര്യത്തിൽ ദുർഘടംകൂടാതെതന്നെ കഴിക്കാം. എങ്ങിനെയെന്നാൽ ആ ഏർപ്പാടു കടംവായ്പസംഘം മുഖാന്തരം നടത്താവുന്നതാണു്. അങ്ങിനെയാകുമ്പോൾ ആ ഒരു സംഘം മുഖാന്തരംതന്നെ കൃഷിക്കാർക്കു കടംവായ്പ പണമായിട്ടും സാധനങ്ങളായിട്ടും കൊടുക്കുക എന്ന നിലയിലായിട്ടു തീരും.

കൂട്ടായിട്ടു കൃഷി നടത്തുന്നതിന്നുള്ള സംഘങ്ങളെപ്പറ്റിയാണു് ഇനി നിരൂപിയ്ക്കുവാനുള്ളതു്. പലരുംകൂടി ചേർന്നിട്ടുള്ള ഒരു സംഘം മുഖാന്തരം അധികം നിലങ്ങൾ ഒന്നിച്ചുചേർത്തു വലിയ പടവാക്കി വലിയ മട്ടിൽ കൃഷിനടത്തുന്നതുതന്നെയാണു് അധികം ലാഭകരമായിരിക്കുക എന്നതു തർക്കമറ്റ സംഗതിയാകുന്നു. എങ്ങിനെയെന്നാൽ, അപ്രകാരമുള്ള കൂട്ടുകൃഷിയിൽ പ്രതിബന്ധങ്ങൾ കൂടാതെ ആവശ്യംപോലെ വെള്ളം തിരിച്ചുകൂട്ടുന്നതിന്നും അധികം വെള്ളം ചേർത്തു പണിയുന്നതിന്നും മറ്റും സൗകര്യം വളരെ അധികമുണ്ടാകും. അതനുസരിച്ചു വിളവും അധികം കാണും. മേപ്പടി കൃഷിയിൽനിന്നുണ്ടാകുന്ന ധാന്യാദിപദാർത്ഥങ്ങൾ തുകപ്പടിയായിട്ടധികമുണ്ടാകുന്നതിനാൽ കുറച്ചു വെച്ചത്തിൽതന്നെ അവയെ വിറ്റഴിക്കുവാൻ സാധിക്കുകയും ചെയ്യും. അങ്ങിനെയെല്ലാമാണെങ്കിലും ആ വിധമുള്ള ഒരേർപ്പാടു നമ്മുടെ കൃഷിക്കാരുടെ ഇടയിൽ ഇപ്പോൾ സാധിക്കുകയില്ല. അതിനാൽ അത്രത്തോളം പോകാതെ ആദ്യം ഒതുങ്ങിയ ഒരു മട്ടിൽ പ്രവൃത്തി നടത്തുവാനാണു് ശ്രമിക്കേണ്ടതു്. ചിറ കെട്ടി വെള്ളം തിരിച്ചുകൊണ്ടു വരിക, യന്ത്രംവെച്ചു വെള്ളം ചാമ്പുക, പരിഷ്കൃതരീതിയിലുള്ള കൃഷിപ്പണിക്കോപ്പുകളും മറ്റും വരുത്തുക, നല്ല വിത്തുകൾ ശേഖരിക്കുക, വേലി കെട്ടുക മുതലായ കാര്യങ്ങൾ പലതും കൂട്ടായി നടത്തുന്നതിന്നുവേണ്ടി സംഘങ്ങൾ സ്ഥാപിക്കുക എന്ന ചുരുങ്ങിയ ഒരു നിലകൊണ്ടു തൽക്കാലം തൃപ്തിപ്പെടേണ്ടതായിട്ടിരിക്കുന്നു.

ഇനി പറയുവാനുള്ളതു വില്പനസംഘങ്ങളെപ്പറ്റിയാകുന്നു. ഈ തരം സംഘങ്ങൾ കടംവായ്പസംഘങ്ങളേക്കാളും അധികം മുഖ്യമായിട്ടുള്ളവയാകുന്നു. എന്തെന്നാൽ, താൻ കൃഷിചെയ്തുണ്ടാക്കുന്ന ധാന്യാദിപദാർത്ഥങ്ങളെ ഒരു സംഘംമുഖാന്തരം തക്കതായ വിലയ്ക്കു വില്ക്കുന്നതുകൊണ്ടുണ്ടാകുന്ന ലാഭമാണു് ചുരുങ്ങിയ പലിശക്കു പണം കടം കിട്ടുന്നതുകൊണ്ടുണ്ടാകുന്ന ലാഭത്തേക്കാൾ ഒരു കൃഷിക്കാരന്നു് അധികം മെച്ചമായിട്ടു തീരുന്നതു്.

മുൻ പറഞ്ഞ മൂന്നു തരം ആവശ്യങ്ങൾക്കും പ്രത്യേകം സംഘങ്ങൾ ഉണ്ടായിരിക്കുന്നതാണു് ഉത്തമം. എന്നാൽ ഇപ്പോഴത്തെ സ്ഥിതിക്കു് അതു എളുപ്പത്തിൽ സാധിക്കുന്നതല്ല. അതിനാൽ അപ്രകാരമുള്ള സ്ഥാപനങ്ങൾ കാലക്രമേണ സുലഭമായിട്ടു തീരുന്നതുവരെ മറ്റൊരു വിധത്തിൽ കാര്യം സാധിക്കുവാൻ നോക്കണം. വില്പനയും കടംവായ്പസംഘങ്ങൾമുഖാന്തരംതന്നെ നടത്തുക എന്നതായിരിക്കും തൽക്കാലം അധികം സൗകര്യം. സംഘാംഗങ്ങൾ കൃഷിചെയ്തുണ്ടാക്കുന്ന ധാന്യാദിപദാർത്ഥങ്ങളെ നല്ല വിലക്കു വില്പിക്കുവാൻ തരപ്പെടുത്തുക, അവയുടെ നിരക്കുവില അന്വേഷിച്ചറിയുക, അവയെ കൃത്യമായിട്ടു് അളക്കുകയും തൂക്കുകയും ചെയ്യുക, ദല്ലാളൻകമ്മീഷൻ തീർച്ചപ്പെടുത്തുക മുതലായ സകലകാര്യങ്ങളും ആരംഭത്തിൽ കടംവായ്പസംഘംതന്നെ നടത്തുന്നതായിരിക്കും നല്ലതു്.

[H. L. Kaji]

കൃഷിക്കാർക്കു യോജിക്കുന്ന വീട്ടുവ്യവസായങ്ങൾ

നമ്മുടെ രാജ്യത്തു കൃഷിക്കാർക്കു സാധാരണയായി ആറു മാസത്തേക്കു മാത്രമേ കൃഷിപ്പണിയുള്ളു. ശേഷം ആറുമാസം അവർ അധികംപേരും വിശേഷിച്ചു ജോലികൾ ഒന്നുമില്ലാതേയും അതിനാൽ സമ്പാദ്യമില്ലാതേയുമാണു് കഴിഞ്ഞുകൂടുന്നതു്. കൃഷിചെയ്തുണ്ടാക്കുന്ന സമ്പാദ്യം സാമാന്യേന സ്വല്പവും അസ്ഥിരവുമായിരിക്കുന്നു. അതുതന്നെ ആറുമാസകാലത്തേയ്ക്കു ഉള്ളുതാനും. ഈ നിലയിൽ അവരുടെ ധനസ്ഥിതി നന്നായിരിപ്പാൻ എത്രത്തോളം തരമുണ്ടെന്നൂഹിക്കാവുന്നതാണു്. വാസ്തവത്തിൽ അവരുടെ സ്ഥിതി വളരെ മോശത്തിലാണു എന്നുതന്നെ പറയണം. അതിനാൽ കൃഷിപണിയില്ലാത്ത ആറുമാസകാലത്തേക്കു് അവർക്കു സമ്പാദ്യത്തിന്നുള്ള മാർഗ്ഗം അവശ്യം കാണിച്ചുകൊടുക്കേണ്ടതാകുന്നു. ജീവിതയുദ്ധം പിന്നപ്പിന്നെ കഠിനമായിട്ടു തീരുന്നതിനാൽ അതിന്നുള്ള കാലം അതിക്രമിച്ചിരിക്കുന്നുവെന്നുതന്നെ പറയാം. സ്വസ്വഭവനങ്ങളിൽ ഇരുന്നു ജോലി ചെയ്യത്തക്കവണ്ണം ഓരോ വീട്ടുവ്യവസായങ്ങളെ ശീലിപ്പിക്കുക എന്നതാണു് അതിന്നുള്ള മുഖ്യമായ ഒരുപായം. മുളയും ഈറ്റയും പൊളിച്ചു പരമ്പു കൊട്ട മുതലായതുണ്ടാക്കുക, കൈതയോലകൊണ്ടും മറ്റും പായ വട്ടി മുതലായതുണ്ടാക്കുക, പുൽപായ നെയ്യുക, ചൂരൽകൊണ്ടു വിശേഷതരത്തിൽ കൈപെട്ടികൾ കസേലകൾ മുതലായതുണ്ടാക്കുകയും മെടച്ചിൽവേല നടത്തുകയും ചെയ്യുക, പനയോലകൊണ്ടു കുട കെട്ടുക, പഞ്ഞിപ്പരത്തി കൃഷിചെയ്തുണ്ടാക്കി പഞ്ഞിയെടുത്തു നൂൽനൂൽക്കുകയും തോർത്തു മുതലായ മുണ്ടുകൾ നെയ്യുകയും ചെയ്യുക എന്നിങ്ങിനെ ഉപയോഗമുള്ള പല കൈത്തൊഴിലുകളും വീട്ടുവ്യവസായമായിട്ടു നടത്തത്തക്കവണ്ണം എല്ലാ കൃഷിക്കാരേയും ശീലിപ്പിയ്ക്കാവുന്നതാണു്. എന്നാൽ അതു ക്രമേണ മാത്രമേ സാധിക്കുകയുള്ളു. അവർക്കു് അതിന്നു മുമ്പായിട്ടു വേണ്ടതു വിദ്യാഭ്യാസമാകുന്നു. അതാകുന്നു സർവ്വാനർത്ഥങ്ങൾക്കും പരിഹാരം. കർഷകന്മാരുടെ ഇടയിലുള്ള എല്ലാ ബാലന്മാരുടേയും ബാലികമാരുടേയും പ്രാഥമികവിദ്യാഭ്യാസം നിർബന്ധമാക്കിത്തീർക്കണം. എന്നാൽ അതു് ഇപ്പോഴത്തെ സമ്പ്രദായത്തിൽ നടത്തുന്നതുകൊണ്ടു യാതൊരു ഫലവും സിദ്ധിക്കുന്നതല്ല. വില്ലേജ്സ്കൂളുകളിൽ എഴുതുവാനും വായിപ്പാനും കണക്കുകൂട്ടുവാനും പഠിപ്പിക്കുന്നതോടുകൂടി കൃഷിപ്പണിയെ സംബന്ധിച്ച പല സംഗതികളും മുൻപറഞ്ഞ വിവിധവ്യവസായങ്ങളും കുട്ടികളെ പഠിപ്പിക്കേണ്ടതാകുന്നു. അങ്ങിനെ ഒരു തലമുറക്കാലം കഴിഞ്ഞാൽ മാത്രമേ കൃഷിക്കാരുടെ ഇടയിൽ മേപ്പടി വ്യവസായങ്ങൾ കുറേശ്ശയായിട്ടെങ്കിലും നടപ്പാവുകയുള്ളു. എന്നാൽ തൽക്കാലം വേണ്ടതു് ആ വക വ്യവസായങ്ങൾ പരമ്പരയായി നടത്തിവരുന്ന ജാതിക്കാരുടെ ഏറ്റവും ശോചനീയമായ അവസ്ഥയെ ഭേദപ്പെടുത്തുവാൻ വേണ്ട ശ്രമം ചെയ്യുകയാകുന്നു. ദൃഷ്ടാന്തമായിട്ടു പറയൻ എന്ന ജാതിയെ എടുക്കുക. പരമ്പു കൊട്ട തൊട്ടി മുതലായവയുണ്ടാക്കുന്നതു പറയന്മാരാണു്. അവരുടെ സ്ഥിതി മഹാകഷ്ടത്തിലാകുന്നു. നമ്മുടെ സമുദായത്തിൽ അവർക്കുള്ള സ്ഥാനം ഏറ്റവും താണ പതനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്നതിനാൽ അവർ സർവ്വരാലും വർജ്ജിക്കപ്പെട്ടിരിക്കുന്ന ഒരു കൂട്ടരാകുന്നു. അവർ ഉണ്ടാക്കുന്ന സാധനങ്ങൾ എല്ലാവർക്കും എപ്പോഴുമാവശ്യമായിട്ടുള്ളവയാണു് എങ്കിലും അവരുടെ ഏറ്റവും നികൃഷ്ടമായ അവസ്ഥയെ ഭേദപ്പെടുത്തുന്നതിന്നുള്ള ശ്രമം ആരുംതന്നെ ചെയ്യുന്നില്ല. മലഡിപ്പാർട്ടുമേണ്ടിലെ പല നിബന്ധനകൾനിമിത്തം മുള ഈറ്റ മുതലായ സാധനങ്ങൾ കാട്ടിൽനിന്നു കൊണ്ടുവരുവാൻ അവർക്കു വളരെ പ്രയാസമായിരത്തീർന്നിരിക്കുന്നു. അവരിൽ നല്ല വേലക്കാർ പലരുമുണ്ടെങ്കിലും നല്ല വേല ചെയ്യിച്ചു നല്ല കൂലി കൊടുത്തു് അവരെ പ്രോത്സാഹിപ്പിക്കുക എന്ന നടപ്പു നാട്ടുകാരുടെ ഇടയിൽ തീരെയില്ല. എന്നുതന്നെയുമല്ല, നിത്യവൃത്തി ഏറ്റവും ക്ലേശത്തോടുകൂടി മാത്രം കഴിഞ്ഞുകൂടുന്നവരും യാതൊരുവിധത്തിലുമുള്ള പഠിപ്പും ഇല്ലാത്ത മൂഢതമന്മാരും ആകയാൽ ആ പാവങ്ങൾ അനായാസേന വഞ്ചിക്കപ്പെടുകതന്നെ ചെയ്യുന്നു. എങ്ങിനെയെന്നാൽ, ഒരു കൂട്ടം ഇടത്തട്ടുകാർ സ്വല്പമായിട്ടൊരു സംഖ്യവായ്പയായി മുമ്പിന്നു കൊടുത്തു അതിലാഭത്തിൽ ഓരോ സാധനങ്ങൾ അവരെക്കൊണ്ടുണ്ടാക്കിച്ചു വാങ്ങുന്നു. നഷ്ടമാണു് എന്ന ബോധം അവർക്കുണ്ടായാൽതന്നെയും നിത്യകാലക്ഷേപത്തിന്നു മാർഗ്ഗാന്തരം കാണായ്കയാൽ അവർക്കങ്ങിനെ നിർബ്ബന്ധേന ചെയ്യേണ്ടിവരുന്നു. വന്നുകൂടുന്ന ഫലമെന്തെന്നാൽ അവർ നിത്യവേല മുറക്കു ചെയ്തിട്ടും രണ്ടു നേരം കഞ്ഞിക്കുള്ള വകപോലും അവർക്കു മുട്ടുന്നില്ല. അവരുടെ പ്രയത്നംകൊണ്ടുണ്ടാകുന്ന ലാഭം വേറെ ചിലർ കൊണ്ടുപോവുകയും ചെയ്യുന്നു.

നമ്മുടെ രാജ്യത്തു പലതരം വീട്ടുവ്യവസായങ്ങൾ നടത്തിപ്പോരുന്ന എല്ലാ വകക്കാരുടേയും സ്ഥിതി ഏറക്കുറെ മുൻപറഞ്ഞപ്രകാരംതന്നെയാകുന്നു. ആദ്യംതന്നെ പണക്കച്ചവടക്കാരുടെ പിടിയിൽപെട്ടു വലയുന്ന ആ കൂട്ടരെ കടബാദ്ധ്യതയിൽനിന്നു മോചിപ്പിക്കണം. പിന്നെ അവരവർക്കാവശ്യമുള്ള സാധകപദാർത്ഥങ്ങളെ (Raw Materials) സുലഭമായിട്ടവർക്കു കിട്ടാറാക്കണം. അതിന്റെശേഷം അവർ ഉണ്ടാക്കുന്ന സാധനങ്ങളെ നല്ല വിലയ്ക്കു വിൽക്കുന്നതിന്നു സൗകര്യപ്പെടുത്തിക്കൊടുക്കുകയും വേണം. ഇതെല്ലാം അതാതു തൊഴിൽക്കാരുടെ ഇടയിൽ പരസ്പരസഹായസംഘങ്ങളുടെ സ്ഥാപനംകൊണ്ടു സാധിക്കാവുന്നതാണു്. എന്നാൽ ആ കൂട്ടർ മഹാമൂഢതയിലിരിക്കുന്നവരാകയാൽ സഹകരണഡിപ്പാർട്ടിന്റേയും ലോകോപകാരതൽപരന്മാരായിട്ടുള്ളവരുടേയും സഹകരണം കാര്യസിദ്ധിക്കു് ആദ്യവസാനം അത്യന്തം ആവശ്യമായിട്ടുതന്നെയിരിക്കുന്നു. ഒന്നാമതായിട്ടു സഹകരണം എന്നുവെച്ചാലെന്താണെന്നും സഹകരണത്തെ അടിസ്ഥാനമാക്കി സ്ഥാപിക്കപ്പെടുന്ന പരസ്പരസഹായസംഘങ്ങൾകൊണ്ടു് എപ്രകാരമാണു തങ്ങളുടെ ധനസ്ഥിതിക്കും മറ്റും കയറ്റമുണ്ടാക്കുന്നതെന്നും മറ്റുമുള്ള സംഗതികളെ ആ തൊഴിൽക്കാരെ പറഞ്ഞു മനസ്സിലാക്കണം. ദേശംതോറും സഞ്ചരിച്ചു് ഇപ്രകാരമുള്ള പ്രചാരവേല നടത്തിക്കുന്നതിന്നുള്ള ചുമതല സഹകരണഡിപ്പാർട്ടുമേണ്ടിലെ ഉദ്യോഗസ്ഥന്മാർ വഹിക്കേണ്ടതാകുന്നു. ഇങ്ങിനെ ഏറ്റവും ജാഗ്രതയോടും താൽപര്യത്തോടുംകൂടി പ്രവൃത്തി നടത്തുന്നതായാൽമാത്രമേ ആ ഡിപ്പാർട്ടുമെണ്ടിന്റെ സ്ഥാപനം സപ്രയോജനമായിരിക്കുന്നുവെന്നു പറവാൻ തരമുള്ളൂ.

പട്ടണങ്ങളിൽ പരസ്പരസഹായസംഘങ്ങൾ

പട്ടണങ്ങളിൽ കടംവായ്പസംഘങ്ങളേക്കാൾ സംഘാംഗങ്ങളുടെ നിത്യകാലക്ഷേപത്തിന്നാവശ്യമുള്ള സാധനങ്ങളെ ശേഖരിച്ചുകൊണ്ടുള്ള ശേഖരിപ്പുസംഘങ്ങളും പലതരം പദാർത്ഥങ്ങളെ ഉണ്ടാക്കുന്ന തൊഴിലാളികളുടെ സംഘങ്ങളും ആണു് അധികം ആവശ്യമായിരിക്കുന്നതു്. എല്ലാ വലിയ പട്ടണങ്ങളിലും അസംഖ്യം ശില്പികളും കരകൗശലക്കാരും മറ്റു തൊഴിലാളികളും ഉണ്ടായിരിക്കുന്നതാണു്. അവർ ഓരോകൂട്ടരും അവരവരുടെ ഭവനങ്ങളിൽ സ്വസ്വവ്യവസായങ്ങളെ ഒതുങ്ങിയ മട്ടിൽ ചെയ്തുവരുന്നു. വിചിത്രപ്പണിത്തരങ്ങളോടുകൂടിയ വിശേഷമായിട്ടുള്ള വസ്ത്രങ്ങൾ നെയ്യുന്ന നെയ്ത്തുകാർ, തങ്കപ്പണിക്കാർ, തട്ടാന്മാർ, ചെമ്പുപണിക്കാർ, ആശാരിമാർ, ചെരിപ്പുതുന്നുന്ന കൊല്ലന്മാർ, ലേസ്സുണ്ടാക്കുന്നവർ, കസവുണ്ടാക്കുന്നവർ, ചുരുങ്ങിയമട്ടിൽ സോപ്പുണ്ടാക്കുന്നവർ എന്നിങ്ങിനെ അസംഖ്യംതരം ശില്പികളും കൈത്തൊഴിൽക്കാരും ഏറ്റവും ഉപയോഗമുള്ള തങ്ങളുടെ വിവിധവ്യവസായങ്ങളെ സ്വസ്വഭവനങ്ങളിൽവെച്ചു നടത്തിപ്പോരുന്നു. നമ്മുടെ ഇന്ത്യാരാജ്യത്തു പാശ്ചാത്യസമ്പ്രദായപ്രകാരമുള്ള യന്ത്രശാലകൾ എത്രതന്നെ സ്ഥാപിക്കപ്പെടുന്നതായാലും അവയിൽ നാനാവിധ പദാർത്ഥങ്ങൾ തുകപ്പടിയായി എത്രതന്നെ നിർമ്മിക്കപ്പെടുന്നതായാലും ഇന്ത്യയിലെ വ്യാവസായിമായ വിവിധസ്ഥാപനങ്ങളുടെ ഘടനയിൽ വീട്ടുവ്യവസായം പ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നുണ്ടു് എന്നതിന്നു വാദമില്ല. പലതരത്തിലുമുള്ള പദാർത്ഥങ്ങളുടെ നിർമ്മാണത്തിന്നായിക്കൊണ്ടു് അസംഖ്യം യന്ത്രശാലകൾ സർവ്വത്ര വ്യാപിക്കുക കഴിഞ്ഞിട്ടും മുൻപറഞ്ഞ തരത്തിലുള്ള വിവിധവീട്ടുവ്യവസായങ്ങൾ നശിക്കാതെ ഇപ്പോഴും ഓജസ്സോടുകൂടിത്തന്നെ വർത്തിക്കുന്നുവെന്നറിയുന്നതിൽ പലർക്കും ആശ്ചര്യമുണ്ടായേക്കാം. എന്നാൽ ഏതദ്ദേശീയന്മാരുടെ ആവശ്യങ്ങളെ നിറവേറ്റിപ്പോരുന്ന കാര്യത്തിൽ മുൻപറഞ്ഞ നാനാവിധങ്ങളായ വീട്ടുവ്യവസായങ്ങൾ എത്രത്തോളമാണു മുന്നണിയിൽ നിന്നു പ്രവർത്തിച്ചിട്ടുള്ളതു് എന്നതിനെപ്പറ്റി സൂക്ഷ്മത്തോളം അറിയുമ്പോഴേ അവർക്കു് അവയുടെ മാഹാത്മ്യം പൂർണ്ണമായിട്ടു മനസ്സിലാവുകയുള്ളു. ഒരേ പദാർത്ഥത്തെത്തന്നെ തുകപ്പടിയായിട്ടു് അസംഖ്യം ഉണ്ടാക്കിക്കൂട്ടുന്ന വലിയ വ്യവസായശാലകൾക്കു തത്തദ്ദേശനിവാസികൾക്കു പ്രത്യേകമായിട്ടുള്ള ചില ചെറിയ ആവശ്യങ്ങളെ—വിവിധാകൃതികളിൽ വിചിത്രവേലകളോടുകൂടി നിർമ്മിക്കപ്പെടുന്ന ചില വിശേഷപദാർത്ഥങ്ങളുടെ ആവശ്യങ്ങളെ നിവൃത്തിപ്പിക്കുന്നതിന്നു ഒരിക്കലും സാധിക്കുന്നതല്ല. സ്വല്പം ചില ആയുധങ്ങളുടേയും കരുക്കളുടേയും സഹായത്തോടുകൂടി അവരവരുടെ വീടുകളിൽ ഇരുന്നു വേലചെയ്യുന്ന ചില്ലറ തൊഴിലാളികളെക്കൊണ്ടു മാത്രമേ ആവക ആവശ്യങ്ങൾ നിവൃത്തിക്കപ്പെടുന്നുള്ളു. അങ്ങിനെയുള്ള തൊഴിൽക്കാരുടെ ഉത്സാഹത്തെ നശിപ്പിച്ചു് അവരുടെ പ്രയത്നങ്ങളെ വലിയ വ്യവസായശാലകളിൽ ലയിപ്പിക്കുന്നതിന്നു പകരം അവർ ഓരോ കൂട്ടരും സ്വസ്വവ്യസായങ്ങളെ താന്താങ്ങളുടെ ഭവനങ്ങളിൽ ഇരുന്നുതന്നെ നടത്തുന്നതിന്നു് അവർക്കു അധികം സൗകര്യമുണ്ടാക്കിക്കൊടുക്കുകയും ജനസമുദായത്തിന്നു് അവരെക്കൊണ്ടുള്ള ഉപകാരം അധികമാക്കിത്തീർക്കുകയും ചെയ്യുകയാണു് ഇന്ത്യാരാജ്യത്തേക്കു് അധികം ഗുണകരമായിരിക്കുക. വീട്ടുവ്യവസായങ്ങളെ ഉദ്ധരിപ്പിക്കുന്നതിന്നു് ഏറ്റവുമാവശ്യമായിട്ടുള്ളതു ശില്പികളും കൈത്തൊഴിൽകാരുമായിട്ടുള്ള പല ജാതിക്കാരുടേയും കുട്ടികൾക്കു സമുചിതമായ വ്യാവസായികവിദ്യാഭ്യാസം നൽകുകതന്നെയാകുന്നു. പരിഷ്കൃതങ്ങളായ ആയുധങ്ങളുടേയും കരുക്കളുടേയും സഹായംകൊണ്ടു പുതിയ മാതിരിയിൽ വെടിപ്പായിട്ടുള്ള സാധനങ്ങളെ ഉണ്ടാക്കുന്നതിന്നു് അവരെ കുശലന്മാരാക്കിത്തീർക്കുകയും വേണം. വീട്ടുവ്യവസായങ്ങളുടെ മാഹാത്മ്യമറിഞ്ഞു് അവയെ വേണ്ടതുപോലെ പ്രോത്സാഹിപ്പിക്കുന്നതിന്നുവേണ്ടി ഇന്ത്യയിൽ ഇപ്പോൾ പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും വ്യവസായ ഡിപ്പാർട്ടുമേണ്ടു സ്ഥാപിക്കപ്പെട്ടിട്ടുണ്ടു്. എന്നാൽ അതുകൊണ്ടു മുൻകരുതിയിരുന്ന ഫലമൊന്നുംതന്നെ സിദ്ധിച്ചിട്ടില്ല എന്നു് വ്യസനപൂർവ്വം പറയേണ്ടിയിരിക്കുന്നു. ഈ വിഷയത്തിൽ നാട്ടുകാരുടെ ഇടയിൽ പലവിധത്തിലുള്ള പ്രചാരവേലകൾ (Propogandist Work) നടത്തേണ്ടതായിട്ടുണ്ടു്. അതിന്റെ ശേഷം ഓരോ പ്രദേശങ്ങളിലുമുള്ള വ്യവസായങ്ങളെപ്പറ്റി കൂലങ്കഷമായിട്ടുള്ള ഒരു പരിശോധന നടത്തണം. മുമ്പിൽകൂട്ടി ഈവക പ്രവൃത്തികൾ ഡിപ്പാർട്ടുമേണ്ടുമുഖാന്തരം നടത്തുന്നതായാൽ മാത്രമേ വീട്ടുവ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്കനുകൂലമായിട്ടെന്തെങ്കിലും പ്രവർത്തിപ്പാൻ സാധിക്കുകയുള്ളു. ഈ കാര്യത്തിൽ വ്യവസായഡിപ്പാർട്ടുമേണ്ടും സഹകരണഡിപ്പാർട്ടുമേണ്ടും ഒത്തൊരുമിച്ചു വേല ചെയ്യേണ്ടതാകുന്നു. എന്നാലേ ഉദ്ദിഷ്ടകാര്യം ഫലവത്തായിത്തീരുകയുള്ളു. എന്തെന്നാൽ ചെറിയ തോതിൽ വീട്ടുവ്യവസായങ്ങൾ ചെയ്യുന്ന തൊഴിലാളികൾക്കു് അവരവർക്കു വേണ്ടുന്ന പരിഷ്കൃതങ്ങളായ ആയുധങ്ങളും കരുക്കളും സാധകപദാർത്ഥങ്ങളും (Raw materials) കൂട്ടായി വാങ്ങിക്കണം. പിന്നെ ഓരോ സാധനങ്ങളേയും കൂട്ടായിത്തന്നെ നിർമ്മിക്കണം. അതിന്റെ ശേഷം അവയെ കൂട്ടായിത്തന്നെ വിൽക്കുകയും വേണം. എന്നാലേ ലാഭമുണ്ടാവുകയുള്ളു. അപ്പോൾ മാത്രമേ തൊഴിലാളികളുടെ ധനസ്ഥിതിക്കു് ഉന്നതിയും സിദ്ധിക്കുകയുള്ളു. അതിന്നു് അതാതു തൊഴിൽക്കാരുടെ ഇടയിൽ അതാതു കാര്യത്തിന്നു പരസ്പരസഹായങ്ങൾ സ്ഥാപിക്കണം. എന്നുവെച്ചാൽ അവരുടെ ഇടയിൽ കടംവായ്പസംഘങ്ങൾ, ശേഖരിപ്പും വില്പനയും നടത്തുന്ന സംഘങ്ങൾ, പദാർത്ഥനിർമ്മാണത്തിന്നുള്ള സംഘങ്ങൾ, അവയുടെ വില്പനയ്ക്കുള്ള സംഘങ്ങൾ എന്നിവയെല്ലാം ഏർപ്പെടുത്തണമെന്നു താൽപര്യം. ഇതെല്ലാം സഹകരണഡിപ്പാർട്ടുമേണ്ടു ചെയ്യേണ്ട പ്രവൃത്തികളാകുന്നു.

കടംവായ്പസംഘങ്ങളുടെ ഉത്ഭവം ജർമ്മനിയിലും സ്റ്റോർസംഘങ്ങളുടെ ഉത്ഭവം ഇംഗ്ലണ്ടിലും എന്നതുപോലെ വിവിധവ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സംഘങ്ങളുടെ ഉത്ഭവം മുഖ്യമായിട്ടു ഫ്രാൻസിലും അതിൽ താഴെയായി ഇറ്റലിയിലും ആകുന്നു. ഇത്രയും വലിയ നഗരമായ ബോമ്പയിൽ, എന്നല്ല ഇന്ത്യയിൽ ആസകലംതന്നെ, തൊഴിലാളികളുടെ ഇടയിൽ പരസ്പരസഹായസംഘങ്ങൾക്കു പറയത്തക്ക പ്രചാരം ഉണ്ടായിട്ടില്ല. ഇന്ത്യയിലുള്ള നഗരങ്ങളിൽ പല തരത്തിലുമുള്ള തൊഴിൽകാർ അസംഖ്യമുള്ള അവസ്ഥയ്ക്കു പലവിധത്തിലുള്ള സഹകരണഏർപ്പാടുകൾക്കു വക ധാരാളമുണ്ടു് എന്നതു തർക്കമറ്റ സംഗതിയാകുന്നു. കടംവായ്പസംഘങ്ങളാണു് ഇപ്പോൾ അവരിൽ ചിലരുടെ ഇടയിൽ ദുർല്ലഭമായിട്ടുള്ളതു്. അവതന്നെ തൃപ്തികരമാകുംവണ്ണം നടത്തപ്പെടുന്നതുമില്ല. സ്റ്റോർസംഘങ്ങളും വില്പനസംഘങ്ങളും അവരുടെ ഇടയിൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും അവയിൽ ദുർല്ലഭം ചിലതുമാത്രം വെടിപ്പായിട്ടു നടന്നുവരുന്നുണ്ടു് എന്നല്ലാതെ ഒട്ടുമിക്കതും അത്ര ഫലവത്തായിത്തീരുകയുണ്ടായില്ല.

[H. L. Kaji]

മദ്രാസ് ട്രിപ്ലിക്കേൻ അർബ്ബൻ കോ-ഓപ്പറേറ്റീവ് സൊസയറ്റി ക്ലിപ്തം (Madras Triplicane Urban Co-operative Society Ltd.)

ഇന്ത്യയിൽ സ്റ്റോർസംഘങ്ങൾ ആദ്യമായിട്ടു സ്ഥാപിക്കപ്പെട്ടിട്ടുള്ളതും പിന്നീടു് അവ നല്ലസ്ഥിതിയിലെത്തിട്ടുള്ളതും മദ്രാശിയിലാകുന്നു. തലവാചകമായി ചേർത്തുകാണുന്ന പേരോടുകൂടിയ സംഘം 1904-മാണ്ടിൽതന്നെ—സഹകരണസംഘങ്ങളുടെ സ്ഥാപനത്തിന്നുവേണ്ടി നിയമം പാസ്സാക്കിയ കൊല്ലത്തിൽതന്നെ—മദ്രാസ് നഗരത്തിൽ ‘ട്രിപ്ലിക്കേൻ’ അല്ലെങ്കിൽ ‘തിരുവളക്കണ്ണി’ എന്ന ഭാഗത്തു മഹാന്മാരായ പതിന്നാലു പൗരപ്രമാണികളുടെ ഉത്സാഹത്തിന്മേൽ സ്ഥാപിക്കപ്പെട്ടു. ആ മഹാന്മാർ ഇപ്പോൾ “പതിന്നാലു മാർഗ്ഗപ്രദർശികൾ” എന്ന പേരോടുകൂടി അറിയപ്പെടുന്നു. സംഘത്തിന്റെ ഉദ്ദേശങ്ങൾ താഴെ ചേർക്കുന്നു. 1. മിതവ്യയം, സ്വസഹായം മുതലായ ഗുണങ്ങളെ ശീലിപ്പാൻ വേണ്ടത്തക്ക പ്രോത്സാഹനം ചെയ്യുന്നതിന്നും പരസ്പരസഹായംവഴിക്കു സംഘാംഗങ്ങൾക്കു പണം ന്യായമായ പലിശയ്ക്കു വായ്പ വാങ്ങുന്നതിന്നും സംഘാംഗങ്ങളുടെ സമ്പാദ്യങ്ങൾ ഡെപ്പോസിറ്റു ചെയ്യുന്നതിന്നും വേണ്ടുന്ന സൗകര്യങ്ങൾ ഉണ്ടാക്കിത്തീർക്കുക. 2. സംഘാംഗങ്ങളുടെ നിത്യകാലക്ഷേപത്തിന്നാവശ്യമുള്ള സാധനങ്ങളെ അവർക്കാവശ്യംപോലെ വിൽക്കുന്നതിന്നു അവയെ തുകപ്പടിയായിട്ടു വാങ്ങി ശേഖരിക്കുക. 3. സംഘാംഗങ്ങളുടെ ഗുണത്തിന്നുവേണ്ടിതന്നെ കച്ചവടക്കാർ സാമാന്യമായി നടത്തുന്ന സകല വ്യാപാരങ്ങളും മൊത്തമായും ചില്ലറയായും നടത്തുക. പൊതുയോഗം അപ്പപ്പോൾ നിശ്ചയിക്കുന്നപ്രകാരം സഹകരണതത്വത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള മറ്റേതെങ്കിലും പ്രവൃത്തികൾ നടത്തുക.

സംഘം ക്ലിപ്തബാദ്ധ്യതയോടുകൂടിയാണു നടത്തപ്പെടുന്നതു്. സംഘാംഗങ്ങളുടെ ഓരോരുത്തരുടേയും ബാദ്ധ്യത അവരവർ എടുത്തിട്ടുള്ള ഓഹരിസംഖ്യയെ കവിഞ്ഞുപോകുന്നതല്ല എന്നർത്ഥം. സംഘത്തിലെ പ്രവൃത്തികൾ രണ്ടു വകുപ്പായിട്ടു വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഒന്നാമതു ഒരു സ്റ്റോർ. അവിടെ സംഘാംഗങ്ങൾക്കാവശ്യമുള്ള സകല പദാർത്ഥങ്ങളേയും ശേഖരിച്ചുവിൽക്കുന്നു. മറ്റേതു പണം കടം കൊടുക്കുവാനുള്ള ഒരു വകുപ്പു്.

‘ടി. യു. സി. എസ്സ്.’ (T. U. C. S.) എന്ന സംജ്ഞകൊണ്ടറിയപ്പെടുന്ന മേപ്പടി സംഘത്തിന്റെ മുഖ്യ ഉദ്ദേശം സംഘാംഗങ്ങൾക്കാവശ്യമുള്ള സാധനങ്ങൾ ശേഖരിച്ചു് അവർക്കു വിൽക്കുന്നതിന്നായി ഒരു സ്റ്റോർ ഏർപ്പെടുത്തുക എന്നതായിരുന്നുവെങ്കിലും സംഘാംഗങ്ങൾക്കു പണം കടംകൊടുക്കുന്നതിന്നുള്ള ഒരേർപ്പാടുകൂടി ആരംഭത്തിൽതന്നെ ചെയ്യേണ്ടതായിട്ടു വന്നു. വാസ്തവത്തിൽ 1904-ലെ ആൿറ്റു് പ്രകാരം 1905-ൽ ഈ സംഘം റജിസ്ട്ര് ചെയ്വാൻ സാധിച്ചതുതന്നെ കടംവായ്പയ്ക്കുള്ള ഏർപ്പാടുകൂടി അതിന്റെ ഒരംഗമായിട്ടുണ്ടായതുകൊണ്ടാകുന്നു. എന്തെന്നാൽ 1904-ലെ പത്താംആൿറ്റു് കടം വായ്പയ്ക്കല്ലാതെകണ്ടുള്ള സംഘങ്ങളെ റജിസ്ട്ര് ചെയ്വാനനുവദിച്ചിരുന്നില്ല.

സംഘത്തിന്റെ പ്രഥമപ്രവർത്തകന്മാരായ പതിന്നാലു പൗരപ്രമാണികൾ ഒന്നിച്ചുചേർന്നു് ഏറ്റവും ഒതുങ്ങിയ മട്ടിൽ കേവലം 310 ക. മാത്രം മൂലധനമിറക്കിക്കൊണ്ടാണു് ആദ്യമായിട്ടു പ്രവൃത്തിയാരംഭിച്ചതു്. എങ്കിലും ആദ്യത്തെ കൊല്ലത്തിൽതന്നെ സംഘം 20,000 കക്കു വ്യാപാരം നടത്തുകയുണ്ടായി.

ഈ സംഘം ഇരുപത്തഞ്ചു ശാഖകളായിട്ടു പിരിഞ്ഞു മദ്രാസ് നഗരമാസകലം വ്യാപിച്ചുകിടക്കുന്നു. അതിൽ ഇപ്പോൾ ആകെ 6000 മെമ്പർമാരുണ്ടു്. ഓഹരി ഒന്നുക്കു 5 ക യാകുന്നു. ഓഹരിസംഖ്യതന്നെ ലക്ഷത്തിൽ മീതെ കാണുന്നതാണു്. അതിന്നുപുറമേ 85,000 ക. കരുതൽധനവും ധർമ്മവിഷയത്തിലേക്കു 37,000 കയും സംഘംവകയായിട്ടുണ്ടു്.

സംഘഭരണം 25 ഡയറൿടർമാർ അടങ്ങിയ ഒരു ബോർഡിന്റെ കീഴിലാണു് നടത്തപ്പെടുന്നതു്. സംഘത്തിന്റെ എല്ലാ ശാഖകളിൽനിന്നും ഓരോ ഡയറൿടർമാർ ബോർഡിന്റെ അംഗങ്ങളായിട്ടു തിരഞ്ഞെടുക്കപ്പെടുന്നു. ബോർഡ് പിന്നെ കാര്യം നടത്തുന്നതിന്നായി തങ്ങളിൽനിന്നു 5 പേരെ തിരഞ്ഞെടുത്തു് ഒരു പ്രവർത്തകസംഘത്തെ നിയമിക്കുന്നു.

[The Hindu Jan: 25-1939]

സ്റ്റോർ വളരെ വെടിപ്പായി നടത്തപ്പെടുന്നുണ്ടു് അനുസരണബുദ്ധിയോടുകൂടി ഒത്തൊരുമിച്ചു പ്രവർത്തിപ്പാനുള്ള മെമ്പർമാരുടെ വാസനതന്നെയാണു മദ്രാശിയിൽ അതിത്ര അഭിവൃദ്ധിയിൽ വരുവാനുള്ള മുഖ്യകാരണം. വ്യാപാരമെല്ലാം റൊക്കം വിലയ്ക്കാണു നടത്തിപ്പോരുന്നതു്. കടം കൊടുക്കുവാൻ പാടില്ല എന്നതു് അതിനിർബന്ധമാകുന്നു. ലാഭം ആറാറു മാസം കൂടുമ്പോൾ വീതിക്കപ്പെടുന്നു. ഒരു കൊല്ലത്തിൽ ഉദ്ദേശം 12 ലക്ഷം രൂപ വിലക്കുള്ള സാധനങ്ങളുടെ വ്യാപാരം സംഘംമുഖാന്തരം നടത്തിവരുന്നു. സാധനങ്ങൾ കൃഷിക്കാരുടേയും തൊഴിലാളികളുടേയും കയ്യിൽനിന്നു നേരിട്ടുവാങ്ങി ശേഖരിക്കേണ്ട കാര്യം സംഘത്തിന്റെ ആലോചനയിലിരിക്കുന്നു. എന്തെന്നാൽ ദല്ലാളന്മാർ മദ്ധ്യത്തിൽ നിന്നു കൊണ്ടു് അതിയായ ലാഭം ഇപ്പോഴും പറ്റുന്നുണ്ടു്.

നഗരം വിട്ടു പല വില്ലേജ്കളിലും തത്തദ്ദേശനിവാസികളുടെ ആവശ്യങ്ങൾക്കു വേണ്ട സാധനങ്ങൾ ശേഖരിച്ചുകൊണ്ടുള്ള ഷാപ്പുകൾ മേപ്പടി സംഘം വകയായിട്ടവിടവിടെ സ്ഥാപിക്കണമെന്നു വിചാരമുണ്ടു്. ആ വക ഷാപ്പുകൾ വഴിക്കുതന്നെ അതാതു ദേശത്തുകാരുടെ വക വില്പനസാധനങ്ങളെ വാങ്ങി മദ്രാശിയിൽ കൊണ്ടു വന്നു വിൽക്കണമെന്നും അവർ ഉദ്ദേശിക്കുന്നു.

[J. L. Raina B. A.]

കഴിഞ്ഞ കുറച്ചു കൊല്ലങ്ങൾക്കിടക്കു സംഘംവക വ്യാപാരങ്ങൾ അത്യധികമായിട്ടു വർദ്ധിച്ചിട്ടുള്ളതിനാൽ മദ്രാശിയിൽ സംഘം ഹേഡാപ്പീസിൽ സ്ഥലം പോരാഞ്ഞിട്ടു സാമാനങ്ങൾ പലേടത്തുമായി കൂലിക്കു വാങ്ങിയ സ്ഥലങ്ങളിലാണു ശേഖരിക്കപ്പെട്ടിരിക്കുന്നതു്. അതുകാരണം പല അസൗകര്യങ്ങളും നോട്ടക്കുറവു മുതലായ പല ദോഷങ്ങളും ഉണ്ടാവുന്നു. അതിനാൽ അവയെ പരിഹരിക്കുന്നതിന്നുവേണ്ടി ഇപ്പോഴത്തെ ഹേഡാപ്പീസിന്റെ പിന്നിലായി വലിയ ഒരു കെട്ടിടം പണിയിക്കാനായി നിശ്ചയിച്ചു. എന്നുതന്നെയല്ല, സ്ഥലംപണിക്കു കല്ലിടുക എന്ന ക്രിയ ഈ (1930) ജനവരി 25-നു മദ്രാസ് ഗവർണ്ണർതന്നെ നടത്തിക്കഴിഞ്ഞിരിക്കുന്നു.[10]

[The Hindu Jan: 25-27-1930]

മദ്രാസ് സംസ്ഥാനത്തു് ഇപ്പോൾ ആകെ 85 സ്റ്റോറുകൾ ഉണ്ടു്. അവയിൽ മദ്രാസ്, മധുര, രാമനാടു്, നീലഗിരി എന്നീ പ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളവ വളരെ തൃപ്തികരമാകുംവണ്ണം നടത്തപ്പെടുന്നു. സാധനങ്ങൾ കടം കൊടുക്കുകയില്ല എന്ന ആ സംഘങ്ങളുടെ നിശ്ചയം നല്ലതാകുന്നു. അതുകൊണ്ടാണു് അവ അഭിവൃദ്ധിയെ പ്രാപിച്ചിട്ടുള്ളതു്.

മദ്രാസ്സ് ട്രിപ്ലിക്കേൻ സ്റ്റോറിന്റെ ഓരോ ശാഖകളിലും ഓരോ ലൈബ്രറിയും ഓരോ വായനശാലയും സ്ഥാപിച്ചിട്ടുണ്ടു്. മെമ്പർമാരുടെ ആവശ്യത്തിന്നായി ഒരു ഡിസ്പെൻസറികൂടി സ്ഥാപിക്കണമെന്നാലോചിച്ചുവരുന്നു. സംഘാംഗങ്ങളുടെ നിത്യകാലക്ഷേപത്തിന്നാവശ്യമുള്ള സാധനങ്ങളെ ശേഖരിക്കുകയും അവർക്കാവശ്യംപോലെ പണം കടംകൊടുക്കുകയും മാത്രമല്ലായിരുന്നു ആ സംഘത്തിന്റെ പ്രഥമപ്രവർത്തകന്മാരുടെ ഉദ്ദേശം എന്നും അതിന്നു് അതിലേറെ വ്യാപ്തിയുണ്ടായിരുന്നുവെന്നും മുൻപറഞ്ഞ സംഗതി സ്പഷ്ടമായി വെളിപ്പെടുത്തുന്നുണ്ടു്.

[The Hindu Jan 25. 27. 1930]

വിദ്യാർത്ഥികളും പരസ്പരസഹായസംഘങ്ങളും

വിദ്യാർത്ഥികൾക്കു സ്കൂൾസംബന്ധമായ പദാർത്ഥങ്ങൾ സുലഭമായി ലാഭത്തിൽ കിട്ടുവാൻ സൗകര്യപ്പെടുത്തിക്കൊണ്ടുള്ള പരസ്പരസഹായസംഘങ്ങൾ അവരുടെ ഇടയിൽ ഏർപ്പെടുത്തുന്നതു നല്ലതായിരിക്കും. പുസ്തകങ്ങൾ, കടലാസ്സ്, പേന മഷി പെൻസിൽ മുതലായതു, വിനോദത്തിന്നുവേണ്ട പദാർത്ഥങ്ങൾ മുതലായ നാനാവിധ പദാർത്ഥങ്ങളെ ശേഖരിച്ചുകൊണ്ടുള്ള സ്റ്റോറുകൾ സ്ക്കൂളുകളിൽ സ്ഥാപിക്കുകയാണു് ഒന്നാമതായിട്ടു വേണ്ടതു്. അവയിലെ മെമ്പർമാരെല്ലാം കുട്ടികൾതന്നെയായിരിക്കണം. അവയുടെ മരണവും കുട്ടികൾ മുഖാന്തരം തന്നെ നടത്തേണ്ടതാകുന്നു. ഉപാദ്ധ്യായന്മാർ ആ കാര്യത്തിൽ അവർക്കു ഒത്താശ ചെയ്തുകൊടുക്കുകയും വേണം. ഇപ്രകാരമുള്ള സംഘങ്ങൾ ഹൈസ്കൂൾക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇടയിലും കാളജ്ക്ലാസ്സുകാരുടെ ഇടയിലും സ്ഥാപിക്കേണ്ടതാണു്. എന്നുതന്നെയുമല്ല, ഹൈസ്കൂൾക്ലാസ്സുകളിൽ സഹകരണം ഒരു നിർബന്ധപാഠവിഷയമായിട്ടേർപ്പെടുത്തുകയും വേണം.[11] ഇങ്ങിനെ ചെയ്യുന്നതായാൽ ചെറുപ്പംമുതൽക്കുതന്നെ വിദ്യാർത്ഥികൾക്കു സഹകരണം ശീലിപ്പാൻ തരം കിട്ടുന്നു. അതിന്നുപുറമേ സ്വസഹായം, സാർത്ഥരാഹിത്യം, സത്യസന്ധത, കൃത്യനിഷ്ഠ, പരോപകാരതൽപരത മുതലായ അനേകം ഉൽക്കൃഷ്ടസ്വഭാവഗുണങ്ങളെ അനുഷ്ഠിച്ചു ശീലിപ്പാനും കണിശമായി പ്രവർത്തിക്കുക, കൃത്യമായി കണക്കു വെക്കുക മുതലായി മേലിൽ വേണ്ട പല കാര്യങ്ങളേയും ചെയ്തുശീലിപ്പാനും ഇടവരുന്നു. ഇതെല്ലാം വിദ്യാഭ്യാസത്തിന്റെ ഏറ്റവും മുഖ്യമായ അംശങ്ങൾതന്നെയാണല്ലോ.

പുനാപട്ടണത്തിൽ വിദ്യാർത്ഥികളുടെ ഒരു സഹകരണസംഘമുണ്ടത്രെ. സ്കൂളാവശ്യത്തിന്നു വേണ്ട സകലസാധനങ്ങളും ആ സംഘംമുഖാന്തരം തുകപ്പടിയായിട്ടു വാങ്ങി ചില്ലറയായിട്ടു വിൽക്കുന്നു. ആ സംഘത്തിന്നു ചെറിയതായിട്ടൊരു കരുതൽധനവുമുണ്ടു്. പക്ഷേ, അതിന്റെ നടത്തിപ്പു കുറച്ചൊരുദാസീനമട്ടിലാണെന്നറിയുന്നു. സ്കൂൾമാസ്റ്റർമാർ ശ്രദ്ധവെക്കുന്നപക്ഷം അതു വെടിപ്പായിട്ടു നടത്താൻ പ്രയാസമുണ്ടാവുകയില്ല.

[Raina]

മദ്രാസ്, കോയമ്പത്തൂരു്, മുതലായ പട്ടണങ്ങളിൽ സഹകരണസംഘങ്ങളെ നടത്തേണ്ട സമ്പ്രദായത്തേയും അവയിൽ കണക്കുകൾ വെക്കേണ്ട രീതിയേയും മറ്റും പഠിപ്പിക്കുന്നതിന്നായി പാഠശാലകൾ സ്ഥാപിച്ചിട്ടുണ്ടു്. ‘എക്കൊണൊമിക്സ്’ എന്ന ശാസ്ത്രം പഠിച്ചു ബി. എ. പാസ്സായിട്ടുള്ള മാസ്റ്റർമാരിൽ ചിലരെ ഓരോ സ്കൂളുകളിൽനിന്നും ആ വക സ്ഥലങ്ങളിലേക്കയച്ചു സഹകരണസംബന്ധമായ മുൻപറഞ്ഞ കാര്യങ്ങളെ ശീലിപ്പിച്ചുവരുത്തുന്നതു് ഏറ്റവുമാവശ്യമാണു്. എന്തെന്നാൽ സഹകരണം എന്ന വിഷയത്തിലും അതിന്റെ പ്രയോഗത്തിലും വൈദഗ്ദ്ധ്യം സമ്പാദിച്ചിട്ടുള്ള ആ മാസ്റ്റർമാർക്കു വിദ്യാർത്ഥികളെ ആ വിഷയം പഠിപ്പിക്കുന്നതിന്നും പഠിച്ച വിഷയത്തെ സഹകരണസംഘങ്ങൾവഴിക്കു അവരെക്കൊണ്ടു പ്രയോഗിച്ചു ശീലിപ്പിക്കുന്നതിന്നും അനായാസേന സാധിക്കുന്നതാണു്.[12]

ഗൃഹനിർമ്മാണസംഘങ്ങൾ

ഇടത്തരക്കാർക്കും വേലക്കാർക്കും ചുരുങ്ങിയ വാടകയ്ക്കു ഭവനങ്ങൾ പണിയിച്ചുകൊടുക്കുന്നതിന്നു സഹകരണസംഘങ്ങൾ സ്ഥാപിക്കുക എന്ന കാര്യത്തിൽ ബമ്പാനഗരമാണു് ഇന്ത്യയിൽ എല്ലാറ്റിലുമധികം മുമ്പിട്ടുനിൽക്കുന്നതു്. അതിയായിട്ടുള്ള ജനബാഹുല്യംനിമിത്തം ആ നഗരത്തിൽ ദരിദ്രന്മാരായവർക്കു ചുരുങ്ങിയ വാടകയ്ക്കു വീടുകൾ കിട്ടുവാൻ തീരെ അസാദ്ധ്യമായിരുന്നു. അതുകൊണ്ടു പലരും പലവിധത്തിലും കഷ്ടപ്പാടനുഭവിച്ചിരുന്നു. റാവുബഹദൂർ തലമങ്കി (Rao Bahadur Talmanki) എന്ന മഹാനാണു് അവിടെ ഈ കാര്യത്തിൽ ഒരു മാർഗ്ഗപ്രദർശി. ബമ്പായിൽ സാരസ്വതഗൃഹനിർമ്മാണസംഘം എന്നതാണു് ഇന്ത്യയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ആ തരത്തിലുള്ള ഒരു സംഘം. ഈ സംഘം 1915-മാണ്ടിൽ റജിസ്ട്ര് ചെയ്തു. കൂട്ടുകൂടിയായ്മസമ്പ്രദായത്തിലാണു് ഇതു നടത്തപ്പെടുന്നതു്. കഷ്ടിക്കാരായവർക്കു് ഈമാതിരി സംഘങ്ങൾ വളരെ ഉപകാരമായിത്തീർന്നിട്ടുണ്ടു്. ഭവനങ്ങളുടെ ഉടമസ്ഥത സംഘത്തിന്നാണു്. സംഘാംഗങ്ങൾക്കു് അവയെവാടകയ്ക്കു കൊടുക്കുന്നു. സംഘാംഗങ്ങൾക്കു മാത്രമേ കൊടുക്കുകയുള്ളുവെന്നു നിശ്ചയമുണ്ടു്. അതിദരിദ്രനുംകൂടി അതിൽ ഒരംഗമായിട്ടു ചേരാം. കെട്ടിടങ്ങൾ പണിയിക്കുന്നതിന്നു വേണ്ടിവരുന്ന സംഖ്യയുടെ നാലിലൊന്നു മെമ്പർമാരുടെ കയ്യിൽനിന്നു ഓഹരികളായിട്ടു പിരിക്കുന്നു. ബാക്കി ഡിബെഞ്ചർവഴിക്കും മറ്റു വിധത്തിലും വായ്പ വാങ്ങിയിരിക്കുന്നു. കെട്ടിടങ്ങൾ പണിയിക്കുന്നതിന്നു മുമ്പിൽകൂട്ടി എഴുതിക്കണ്ട ആകെ സംഖ്യയിൽ മുക്കാൽഭാഗവും ബമ്പാഗവർമ്മെണ്ടു സംഘത്തിന്നു നൂറ്റുക്കു 5 12 മുതൽ 6 വരെ വീതം പലിശയ്ക്കു കടം കൊടുത്തിരിക്കുകയാണു്. കെട്ടിടങ്ങൾ ഓരോ ബ്ലാക്കുകളായിട്ടുവിഭാഗിക്കപ്പെട്ടിരിക്കുന്നു. അവയ്ക്കു വാടകയും ക്ലിപ്തപ്പെടുത്തീട്ടുണ്ടു്. അതേമാതിരിയിലുള്ള വീടുകൾക്കു സാധാരണകൊടുത്തുവരാറുള്ളതിൽ അല്പമെങ്കിലും കുറച്ചു വാടകയേ മെമ്പർമാർക്കു കൊടുക്കേണ്ടിവരുന്നുള്ളു.

വീടുകളിൽനിന്നു പിരിച്ചുണ്ടാക്കുന്ന വാടക ഭരണസംഘം പല ആവശ്യങ്ങൾ നിറവേറ്റുന്നതിന്നുവേണ്ടി പല ഫ്ണ്ടുകളായിട്ടു വിഭാഗിക്കുന്നു. ഒരംശം കേടുതീർക്കലിന്നും വേണ്ടിവന്നാൽ പുതിയ കെട്ടിടങ്ങൾ പണിയിക്കുന്നതിന്നുമായി കരുതുന്നു. ഒരു തുക ഇറക്കിയ പണത്തിന്റെ പലിശയ്ക്കായിട്ടു നീക്കിവെക്കുന്നു. ഇറക്കീട്ടുള്ള സ്വത്തുതന്നെ മൂന്നു വിധത്തിലാകുന്നു. 1. മെമ്പർമാരുടെ ഓഹരിസംഖ്യ 2. ഗവർമ്മേണ്ടിൽനിന്നു വാങ്ങീട്ടുള്ള വായ്പ സംഖ്യ 3. സിബെഞ്ചർലോൺ; ഈ മൂന്നു ഇനം സംഖ്യകൾക്കും പലിശ കൊടുക്കുന്നതിലേക്കു വേണ്ട പണം നീക്കിവെക്കുന്നു. അതിന്റെശേഷം മുൻസിപ്പൽനികുതി, ഇൻഷ്വറൺസ്, ഭരണച്ചെലവ്, തോട്ടസംരക്ഷ മുതലായ പലവക കാര്യങ്ങൾക്കായിട്ടൊരു തുകയും കരുതിപ്പോരുന്നു എല്ലാറ്റിന്നുംപുറമെ ഇരുപത്തഞ്ചോ മുപ്പതോ കൊല്ലംകൊണ്ടു വീട്ടുവാൻ നിശ്ചയമുള്ള കടസംഖ്യ നിശ്ചിതകാലത്തേക്കു തയ്യാറാക്കി വെക്കുന്നതിന്നു വേണ്ടി കൊല്ലംതോറും ഒരു ‘സിങ്കിങ്ങ് ഫ്ണ്ടും’ സംഗ്രഹിക്കപ്പെടുന്നു. എന്നാൽ മെമ്പർമാർ എടുത്തിട്ടുള്ള ഓഹരിസംഖ്യകൾ മാത്രം മടക്കിക്കൊടുക്കുന്നതല്ല. വീട്ടുവാടക മുതലായ സംഖ്യകൾ അതാതവസരങ്ങളിൽ കൃത്യമായിട്ടടയ്ക്കുന്ന, കാര്യത്തിൽ ഉദാസീനത കാണിക്കുന്ന മെമ്പർമാരുടെ പേരിൽ സംഘത്തിന്നു ഒരു പിടിപാടുണ്ടാകുന്നതിന്നുവേണ്ടിയാണു് അങ്ങിനെ ചെയ്യുന്നതു്. അതിന്നും പുറമെ ഭവനങ്ങൾ വൃത്തിയായും ശുചിയായും വെക്കുന്നതിന്നുള്ള ചുമതല തങ്ങൾക്കാണു് എന്ന ബോധം സംഘാംഗങ്ങൾക്കു് അതുനിമിത്തമുണ്ടാവുകയും ചെയ്യുന്നു.

സാരസ്വതഗൃഹനിർമ്മാണസംഘം ആരംഭത്തിൽ ഗവർമ്മേണ്ടിൽനിന്നു കടം വാങ്ങുകയുണ്ടായില്ല. തുടക്കത്തിൽതന്നെ കടം കൊടുക്കുവാൻ ഗവർമ്മേണ്ടിന്നത്ര മനസ്സുണ്ടായിരുന്നില്ല എന്നതാണു് അതിന്നുള്ള കാരണം. ഒരു കൂട്ടം സാരസ്വതന്മാർ ഒത്തുചേർന്നു് ആദ്യമായിട്ടീസംഘം സ്ഥാപിച്ചു. ആ കൂട്ടർതന്നെ സ്ഥാപിച്ചിട്ടുണ്ടായിരുന്ന ‘സാരസ്വതബാങ്ക്’ എന്നു പേരായ ബാങ്കിൽനിന്നു് ആവശ്യമുള്ള പണം കടം വാങ്ങിപ്പാനും അവർക്കു തരമായി.

ബമ്പായിലും പുനായിലും വേറെയും പലതരം ഗൃഹനിർമ്മാണസംഘങ്ങൾ ഉണ്ടു്. കൂട്ടുടമസ്ഥത എന്ന വിഷയത്തെ സംബന്ധിച്ചു് സംഘത്തിന്റെ അവകാശം എത്രത്തോളമുണ്ടു് എന്നും ഓരോ അംഗങ്ങൾക്കും പ്രത്യേകമുള്ള അവകാശം എത്രത്തോളമുണ്ടു് എന്നും ഉള്ള കാര്യത്തിൽ നിയമസംബന്ധമായിട്ടു വലിയ വാദമുണ്ടായി. ഒടുക്കം ബമ്പാഗവർമ്മേണ്ടുതന്നെ ഇംഗ്ലണ്ടിലെ ചില നിയമപണ്ഡിതന്മാരെക്കൊണ്ടു് ഇതിലേക്കു വേണ്ട ഉപനിയമങ്ങളെല്ലാം ഉണ്ടാക്കിവച്ചു. ഈ നിയമങ്ങൾ ഇപ്പോൾ യൂറോപ്പിലുള്ളവയേക്കാളുമധികം നല്ലതായിട്ടു വിചാരിക്കപ്പെടുന്നു.

മദ്രാശിയിൽ 75 ഗൃഹനിർമ്മാണസംഘങ്ങളുണ്ടു്. ആ സംഘങ്ങൾക്കു ഗവർമ്മേണ്ടു 100ക്കു 6 12 വീതം പലിശയ്ക്കു് 8 ലക്ഷം രൂപ കടം കൊടുത്തിട്ടുണ്ടു്. കടസംഖ്യ ഇരുപതു ഗഡുവായിട്ടടയ്ക്കണമെന്നാണു നിശ്ചയം. 10,82,923 രൂപ ചെലവു ചെയ്തു 372 വീടുകൾ പണിചെയ്തുകഴിഞ്ഞിരിക്കുന്നു. 272 വീടുകൾ പണി ചെയ്തുവരികയും ചെയ്യുന്നു. ഒറ്റയ്ക്കുള്ള ഉടമസ്ഥതാവകാശം എന്ന സമ്പ്രദായപ്രകാരമാണു മേപ്പടി സംഘങ്ങൾ എല്ലാം പ്രവൃത്തിനടത്തിപ്പോരുന്നതു്. കൂട്ടുടമസ്ഥതാവകാശസമ്പ്രദായപ്രകാരമുള്ള സംഘങ്ങൾ മദ്രാശിയിലില്ല. ആ വക ഏർപ്പാടുകൾ പലതും ബമ്പായിൽനിന്നു പഠിക്കുവാനുണ്ടു്.

മദ്രാശിയിൽ ഗൃഹനിർമ്മാണത്തിന്നായിക്കൊണ്ടു ഗവർമ്മേണ്ടുദ്യോഗസ്ഥന്മാരുടെ ഒരു സഹകരണസംഘമുണ്ടു്. ഇതു മദ്രാശിയിൽ അഭിവൃദ്ധിയെ പ്രാപിച്ചിട്ടുള്ള ഗൃഹനിർമ്മാണസംഘങ്ങളിൽ ഒന്നാകുന്നു. അടി ഉറപ്പിച്ചു വേലചെയ്യുന്ന സംഘം ഇതൊന്നു മാത്രമാകുന്നു. ഇതിൽ 103 മെമ്പർമാരോളമുണ്ടു്. പിരിഞ്ഞ ഓഹരിസംഖ്യ 38,000 രൂപയാകുന്നു. ഗോപാലപുരം എന്നൊരുപ്രദേശത്താണു് സംഘം ഭൂമി വാങ്ങിച്ചിട്ടുള്ളതു്. സംഘത്തിന്നു ഗവർമ്മേണ്ടിൽനിന്നു മാത്രമേ കടം വാങ്ങുവാൻ പാടുള്ളു. ഇതുവരെ ആകെ 86,850 ക. വായ്പവാങ്ങീട്ടുണ്ടു്. സംഘം ഗവർമ്മേണ്ടിന്നു 100-ക്കു് 6 12 വീതം പലിശ കൊടുക്കുകയും സംഘാംഗങ്ങൾക്കു 100-ക്കു 7 12 വീതം പലിശയ്ക്കു കടംകൊടുക്കുകയും ചെയ്യുന്നു.

ആ പ്രദേശം ഇപ്പോൾ ഒരു ഗ്രാമംപോലെയായിരിക്കുന്നു. അതിൽ നല്ല റോഡുകൾ സംഘം മുഖാന്തരം വെട്ടിക്കുന്നു. ശുചീകരണം മുതലായതും മറ്റു കാര്യങ്ങളും സൗകര്യംപോലെ ചെയ്യുന്നതിന്നു മുൻസിപ്പാലിറ്റി ഈ സംഘത്തിന്നു് അധികാരം കൊടുത്തിട്ടുണ്ടു്. അവിടെ ഭവനങ്ങൾക്കു ചുറ്റും നല്ല തോട്ടങ്ങളും ഇടയ്ക്കു നല്ല റോഡുകളും ഉണ്ടു്.

[J. L. Raina]

പാൽശേഖരസംഘങ്ങൾ

ഇന്ത്യയിൽ പരസ്പരസഹായസംഘങ്ങൾ മുഖാന്തരം പാൽ ശേഖരിച്ചു പട്ടണവാസികൾക്കു വിൽക്കുക എന്ന ഏർപ്പാടു കൽക്കട്ടയിലാണു് അധികം പുഷ്ടിയായിട്ടു നടക്കുന്നതു്. അവിടെ പാൽശേഖരമേർപ്പാടു രണ്ടു വകുപ്പായിട്ടു വിഭാഗിക്കപ്പെട്ടിരിക്കുന്നു. 1. വില്ലേജ് സംഘങ്ങൾ. അതിലെ അംഗങ്ങൾ കൃഷിക്കാരും പാലു മോരു നെയ്യു മുതലായതു വ്യാപാരം ചെയ്യുന്നവരുമായ കൂട്ടരാകുന്നു. 2. “മിൽക്ക് യൂണിയൻ” എന്നു പേരായി കൽക്കട്ടായിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരു സെൻട്രൽ സംഘം. വില്ലേജ് സംഘങ്ങളെല്ലാം മേപ്പടി മിൽക്ക് യൂണിയനോടു സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സംഘം മുഖാന്തരമാണു് പട്ടണത്തുള്ളവർക്കു പാൽ ശേഖരിക്കപ്പെടുന്നതു്. ഈ യൂണിയൻ 1919-മാണ്ടിൽ റജിസ്ട്ര് ചെയ്തു. ഇതു ശരിയായ ലക്ഷണത്തോടുകൂടിയ ഒരു ‘സെൻട്രൽ സൊസയറ്റി’ ആകുന്നു. എന്തെന്നാൽ ഈ സംഘത്തിൽ ഒറ്റയ്ക്കുള്ള മെമ്പർമാർ ആരുംതന്നെയില്ല. വില്ലേജിലുള്ള പാൽ ശേഖരസംഘങ്ങളിലെ അംഗങ്ങൾ പാൽവ്യാപാരം ചെയ്യുന്ന കൃഷിക്കാരാകുന്നു. കൽക്കട്ടയിലുള്ള സെൻട്രൽ സംഘമായ “മിൽക്ക് യൂണിയ”നിലെ അംഗങ്ങൾ മുൻപറഞ്ഞ പാൽശേഖരസംഘങ്ങളുമാണു്. വില്ലേജ് സംഘങ്ങളെല്ലാം പല ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പിലും ഓരോ ഡപ്പൊ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. വില്ലേജ് സംഘങ്ങളിൽനിന്നു വരുന്ന പാൽ എല്ലാം ആവക ഡപ്പോകളിൽ ശേഖരിക്കപ്പെടുന്നു. ഡപ്പൊ സൂപ്പർവൈസർമാർ അവയെ അളന്നു വൃത്തിയായ പാത്രങ്ങളിലാക്കി അടച്ചുകെട്ടി റെയിൽവഴിക്കു കൽക്കട്ടയിൽ സെൻട്രൽ യൂണിയനിലേക്കയയ്ക്കുന്നു. അവയെ അവിടെ ചുമതലക്കാരനായ ഒരുദ്യോഗസ്ഥൻ ഏറ്റുവാങ്ങി പട്ടണവാസികൾക്കു് എത്തിച്ചുകൊടുക്കുന്നു.

ഡപ്പൊ സൂപ്പർവൈസർമാരുടെ മേലെ ഡപ്പൊ മാനേജർമാരും സംഘംമാനേജർമാരുമുണ്ടു്. അവർ കൂടാതെ മൃഗചികിത്സയ്ക്കുള്ള ഒരു വൈദ്യനുംകൂടിയുണ്ടു്. ആ ഉദ്യോഗസ്ഥൻ കറക്കുന്ന പശുക്കളെല്ലാം ആരോഗ്യത്തോടുകൂടിതന്നെയിരിക്കുന്നില്ലെ എന്നു പരിശോധിക്കുന്നു. അതിന്നും പുറമെ, പാൽ കറക്കുന്ന ഏർപ്പാടു്, പശുക്കളെ മുളയ്ക്കുന്ന സമ്പ്രദായം, തൊഴുത്തിന്റെ ശുചീകരണം ഇത്യാദി കാര്യങ്ങളെല്ലാം ആരോഗ്യരക്ഷയ്ക്കനുകൂലമായ വിധത്തിൽത്തന്നെയല്ലെ എന്നുകൂടി അയാൾ പരിശോധിക്കുന്നു.

ഈ തരം പാൽശേഖരസംഘങ്ങൾ അവിടെ വർദ്ധിച്ചുതന്നെ വരുന്നു. ഇപ്പോൾ ആകെ 65 സംഘങ്ങളുണ്ടു്. അവയിൽ എല്ലാംകൂടി 3000 മെമ്പർമാരുമുണ്ടു്. എല്ലാം കൽക്കട്ടയിലുള്ള ‘മിൽക്ക് യൂണിയ’നോടു സംഘടിപ്പിച്ചിരിക്കുന്നു.

ഈ മാതിരിയിലുള്ള പാൽശേഖരസംഘങ്ങൾ എല്ലാ പട്ടണങ്ങളിലും അത്യാവശ്യമായിട്ടു തീർന്നിരിക്കുന്നു.

[J. L. Raina]

പലവക സംഘങ്ങൾ

ജർമ്മനിയിൽ ഇരുപതു കൊല്ലം മുമ്പുതന്നെ “കൈത്തൊഴിൽക്കാരുടെ സംഘങ്ങൾ” എന്ന നാമധേയത്തിൽ പല ദിക്കുകളിലായി ഴ്ഷൂൾസ് ഡേലിഷ് (Schulze Delitzech) സമ്പ്രദായപ്രകാരം പല സംഘങ്ങളും സ്ഥാപിക്കപ്പെട്ടു. 1920-മാണ്ടിന്റെ അവസാനത്തിൽ ആ തരത്തിൽ 4215 സംഘങ്ങൾ ഉണ്ടായി. ‘ബവേറിയ’ എന്ന ജില്ലയിൽതന്നെ 34[13] വിധം തൊഴിലുകൾ ചെയ്തുവരുന്ന തൊഴിൽക്കാരുടെ വക 300 സംഘങ്ങളുണ്ടു്. വിവിധങ്ങളായ ഈ തൊഴിലുകൾക്കെല്ലാം വെവ്വേറെ സംഘങ്ങളുണ്ടു്. ഈ സംഘങ്ങൾ രണ്ടുതരമാകുന്നു. 1.ശേഖരിപ്പുസംഘങ്ങൾ—ആ സംഘങ്ങൾ അതാതു തൊഴിൽക്കാർക്കുവേണ്ട സാധകപദാർത്ഥങ്ങളേയും (Raw materials) മറ്റും ശേഖരിക്കുന്നു. 2. നിർമ്മാണസംഘങ്ങൾ—ഈ സംഘങ്ങൾ മുഖാന്തരം അതാതു സാധനങ്ങളുടെ നിർമ്മാണം കൂട്ടായി നടത്തപ്പെടുന്നു. ഗ്രന്ഥവിസ്തരഭയത്താൽ ആ വക സംഘങ്ങളുടെ രചനയേയും ഘടനയേയും പറ്റി വിസ്തരിക്കുന്നില്ല.

[M. L. Darling I. C. S.]

കൊച്ചിരാജ്യത്തു സഹകരണസംഘങ്ങൾ
images/Albion_Rajkumar.jpg
എ. ആർ. ബാനർജ്ജി

1088-മാണ്ടിൽ മിസ്റ്റർ (ഇപ്പോൾ സർ) എ. ആർ. ബാനർജ്ജി അവർകൾ ദിവാനായിരുന്ന കാലത്താണു് കൊച്ചിരാജ്യത്തു പരസ്പരസഹായസംഘങ്ങളെ സംബന്ധിച്ച റഗുലേഷൻ പാസ്സാക്കിയതു്. കൃഷികാര്യങ്ങളെ സംബന്ധിച്ചേടത്തോളം ബ്രിട്ടീഷ് ഇന്ത്യയിലേയും ഈ രാജ്യത്തേയും അവസ്ഥ ഒട്ടു തുല്യമായിരിക്കുന്നതിനാൽ ബ്രിട്ടീഷ് ഇന്ത്യയിലുള്ള നിയമങ്ങളെ അനുസരിച്ചുകൊണ്ടുതന്നെയാണു് ഇവിടേയും നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളതു്. ആരംഭത്തിൽ സഹകരണം എന്ന ഏർപ്പാടു കുറച്ചു കാലം അനുദ്യോഗസ്ഥനായ ഒരു പ്രമാണിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. പിന്നെ കുറെ കാലം അതു റജിസ്ട്രേഷൻ സൂപ്രേണ്ടിന്റെ കീഴിലായിരുന്നു. എന്നാൽ പ്രസ്തുത ഏർപ്പാടുകൊണ്ടു ജനങ്ങൾക്കു ഗുണങ്ങൾ പലതും സിദ്ധിപ്പാനുണ്ടു് എന്നു കാണുകയാലും, അതിന്നും പുറമെ, ആദ്യകാലങ്ങളിൽ ഭരണദൂഷ്യം നിമിത്തം അതിന്നു ദുഷ്കീർത്തിയും അതേ കാരണത്താൽതന്നെ ജനങ്ങൾക്കതിൽ അവിശ്വാസവും ഉണ്ടായേക്കാമെന്ന ഭയത്താലും ഈ ഏർപ്പാടിനെ നിയമാനുസരണം നടപ്പിൽ കൊണ്ടുവരേണ്ട ഭാരം ആ വിഷയത്തിൽ വിദഗ്ദ്ധനായ ഒരാളെത്തന്നെ ഏല്പിക്കേണമെന്നു നിശ്ചയിച്ചു് “സഹകരണസൂപ്രേണ്ട്” എന്ന സ്ഥാനത്തോടുകൂടി ഒരു ഉദ്യോഗസ്ഥനെ ഗവർമ്മേണ്ടു് 1089-മാണ്ടിലെ അവസാനത്തിൽ നിയമിച്ചു. ഇപ്പോൾ ആ ഉദ്യോഗസ്ഥൻ “പരസ്പരസഹായസംഘം റജിസ്ട്രാർ” എന്ന പേരൊടുകൂടി അറിയപ്പെടുന്നു. ഇപ്പോഴത്തെ റജിസ്ട്രാറായ മ. രാ. ര. ആർ. എ. ഗായത്രിനാഥയ്യർ അവർകൾ തന്നെയാണു് ആദ്യത്തെ റജിസ്ട്രാറായിട്ടു നിയമിക്കപ്പെട്ടതു്.

റജിസ്ട്രാറെ നിയമിക്കുന്നതിന്നു മുമ്പായി സ്ഥാപിക്കപ്പെട്ട സഹകരണസംഘങ്ങളുടെ പല ന്യൂനതകളെ പരിഹരിച്ചു് അവയെ ശരിയായ മട്ടിൽ നടത്തിക്കുന്നതിന്നുള്ള ശ്രമമാണു് മിസ്റ്റർ അയ്യർ ഒന്നാമതായിട്ടു ചെയ്തതു്. സംഘങ്ങൾ റജിസ്ട്ര്ചെയ്യുന്നതിന്നുള്ള അപേക്ഷകൾ വന്നുതുടങ്ങിയപ്പോൾ റജിസ്ട്രാർതന്നെ സ്ഥലത്തുപോയി ജനങ്ങളുടെ ധനസ്ഥിതി മുതലായ പലേ അവസ്ഥകളേയും പരിശോധിച്ചു തൃപ്തിപ്പെട്ടതിന്റെ ശേഷമേ പുതിയ സംഘങ്ങൾ റജിസ്ട്ര്ചെയ്യുവാൻ അനുവദിച്ചിരുന്നുള്ളു. ആദ്യകാലങ്ങളിൽ സംഘങ്ങളുടെ നടത്തിപ്പിന്നു വേണ്ടേടത്തോളം പണമുണ്ടായിരുന്നില്ല. ഈ ന്യൂനത ഗവർമ്മേണ്ടുതന്നെ പരിഹരിച്ചുകൊടുത്തു. എങ്ങിനെയെന്നാൽ, കൊല്ലത്തിൽ 2500 ക-യിൽ കവിയാതെ ഗവർമ്മേണ്ടിൽനിന്നു വാങ്ങി നൂറ്റുക്കു് ആറുവീതം പലിശയ്ക്കു റജിസ്ട്രാർ അവർകളുടെ യുക്തംപോലേയും സംഘങ്ങളുടെ ആവശ്യമനുസരിച്ചും അവയ്ക്കു വായ്പയായി അനുവദിച്ചുകൊടുക്കുന്നതിന്നു ഗവർമ്മേണ്ടു റജിസ്ട്രാർ അവർകളെ അധികാരപ്പെടുത്തി. അതിന്നുപുറമെ, അതാതു ദേശത്തുള്ള സംഘങ്ങളിലേക്കു് അതാതു ദിക്കിൽനിന്നു ഡെപ്പോസിറ്റുകളും വന്നിരുന്നു. സർക്കാരുദ്യോഗസ്ഥന്മാർ ജാമ്യത്തിന്നായി കെട്ടിവെക്കുന്ന പണവും ഡെപ്പോസിറ്റായിട്ടു വാങ്ങിക്കുവാൻ ഗവർമ്മേണ്ടു ചില പ്രത്യേകസംഘങ്ങൾക്കു, റജിസ്ട്രാരുടെ ശിപാർശിപ്രകാരം, അനുവാദം കൊടുത്തു.

ഇങ്ങിനെ ഗവർമ്മേണ്ടുരക്ഷയിൽ സഹകരണസംഘങ്ങൾ ക്രമേണ വർദ്ധിച്ചുവന്നു് 1093-മാണ്ടിലേക്കു അവയുടെ എണ്ണം അയ്മ്പത്തെട്ടോളമായിട്ടു വർദ്ധിച്ചു. എണ്ണത്തിലും വണ്ണത്തിലും അഭിവൃദ്ധിയെ പ്രാപിച്ചുവന്ന മേപ്പടി സംഘങ്ങളുടെ നടത്തിപ്പിന്നാവശ്യമുള്ള പണത്തിന്റെ ക്ഷാമം തീർക്കുന്നതെങ്ങിനെ എന്ന കാര്യം ഗൗരവമായിട്ടു വിചാരിക്കണം എന്ന ദിക്കായി. അതിനാൽ ആ വിഷയം ആലോചിക്കുന്നതിന്നായി ഈ രാജ്യത്തെ സഹകരണപ്രവർത്തകന്മാർ എല്ലാവരുംകൂടി അന്നത്തെ ദിവാനായ മിസ്റ്റർ (ഇപ്പോൾ ബഹുമാനപ്പെട്ട) ബോറിന്റെ അദ്ധ്യക്ഷതയിൽ ഒരു മഹായോഗം കൂടി. മുൻപറഞ്ഞ 58 സംഘങ്ങൾക്കു പണം ആവശ്യംപോലെ കടംകൊടുക്കുന്നതിന്നുവേണ്ടി ഒരു സ്ഥാപനം വേണമെന്നു യോഗത്തിൽ തീർച്ചപ്പെടുത്തി. തൽഫലമായിട്ടാണു “കൊച്ചി സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക്” സ്ഥാപിക്കപ്പെട്ടതു്. ഈ ബാങ്കിലെ മെമ്പർമാരെല്ലാം മുമ്പു പറഞ്ഞ ദേശസംഘങ്ങൾ അല്ലെങ്കിൽ വില്ലേജ് ബാങ്കുകൾതന്നെയാകുന്നു. അവയ്ക്കെല്ലാം തലവനായിട്ടാണു ഈ ബാങ്കിന്റെ നില. അവയുടെയെല്ലാം അദ്ധ്യക്ഷതയും ഈ ബാങ്കുതന്നെ വഹിക്കുന്നു.

സെൻട്രൽ ബാങ്കിന്റെ സ്ഥാപനംകൊണ്ടു ദേശസംഘങ്ങളുടെ പണത്തിന്നുള്ള മുട്ടു തീർന്നുവെങ്കിലും ‘സഹകരണം’ എന്നതിന്റെ സാരം, ആ തത്വത്തെ അടിസ്ഥാനപ്പെടുത്തി സ്ഥാപിക്കപ്പെടുന്ന സംഘങ്ങളുടെ ഉദ്ദേശം, പ്രയോജനം, അവയെ ഭരിക്കുന്ന രീതി എന്നീ പല വിഷയങ്ങളേയുംപറ്റി ജനങ്ങൾക്കു വേണ്ട വിധത്തിലുള്ള അറിവു് ഉണ്ടാക്കിക്കൊടുക്കുന്നതിന്നും ജനങ്ങളുടെ ഇടയിൽ ആ ഏർപ്പാടിന്നു പ്രചാരമുണ്ടാക്കിത്തീർക്കുന്നതിന്നും ആയിട്ടുള്ള ഒരു സ്ഥാപനത്തിന്റെ ആവശ്യമാണു് പിന്നെ ഉണ്ടായതു്. ഈ കാര്യമാലോചിക്കുവാനായി ഒല്ലൂക്കരെ ഗവർമ്മെണ്ടുവക കൃഷിഫാറത്തിൽവെച്ചു് ഒരു മഹായോഗം കൂടി. ബോംബാ സംസ്ഥാനത്തെ സഹകരണപ്രസ്ഥാനപ്രവർത്തകപ്രമാണികളിൽ ഒരാളായ മിസ്റ്റർ ജി.കെ. ദേവധാർ എന്നു പേരായ ഒരു മഹാന്റെ അദ്ധ്യക്ഷതയിലാണു് ആ യോഗം നടന്നതു്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം “കൊച്ചി സെൻട്രൽ കൊ-ഓപ്പറേറ്റീവു് ഇൻസ്റ്റിട്യൂട്ടു്” എന്നൊരു സംഘം 1099 മിഥുനം 22-നു സ്ഥാപിക്കപ്പെട്ടു. ആ സംഘത്തിന്റെ രക്ഷകൻ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടുതന്നെയും സ്ഥിരാദ്ധ്യക്ഷൻ ദിവാൻജിയുമാകുന്നു. 17-ാംകൂറു കുട്ടൻ തമ്പുരാൻ തിരുമനസ്സുകൊണ്ടു് അതിന്റെ ഉപാദ്ധ്യക്ഷനായിരിപ്പാനും സദയം സമ്മതിച്ചു.

മേപ്പടി സംഘം സഹകരണം എന്ന ഏർപ്പാടിന്നു ഈ രാജ്യത്തു പല പ്രകാരത്തിലും പ്രചാരം വരുത്തുന്നതിന്നുവേണ്ടിയ ഒരു സ്ഥാപനമാകയാൽ അതിന്നു സർക്കാരിൽനിന്നു തക്കതായ ദ്രവ്യസഹായം ചെയ്തുകൊടുക്കേണ്ടതാണു് എന്നു മിസ്റ്റർ ദേവധാർ, ആ സ്ഥാപനം റജിസ്ട്ര് ചെയ്യുന്ന അവസരത്തിൽ, ശിപായിചെയ്യുകയുണ്ടായി. ആ ശിപായിയെ അടിസ്ഥാനമാക്കിക്കൊണ്ടു നിയമനിർമ്മാണസഭയും ഒരു പ്രമേയം പാസ്സാക്കി. ഗവർമ്മെണ്ടു് അതു സ്വീകരിക്കുകയും മേപ്പടി സംഘത്തിന്റെ നടത്തിപ്പിന്നായിക്കൊണ്ടു 5000 ക. അനുവദിച്ചുകൊടുക്കുകയും ചെയ്തു.

സഹകരണപ്രസ്ഥാനസംബന്ധമായിട്ടു കൊച്ചിരാജ്യത്തു് ഇപ്പോൾ മൂന്നു സ്ഥാപനങ്ങൾ ഉണ്ടു്. 1. ഗവർമ്മെണ്ടുവക സഹകരണഡിപ്പാർട്ടുമെണ്ടു്. 2. കൊച്ചി സെൻട്രൽ കൊ-ഓപ്പറേറ്റീവ് ബാങ്ക്. 3. കൊച്ചി സെൻട്രൽ കൊ-ഒപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട്. സഹകരണഡിപ്പാർട്ടുമേണ്ടു സഹകരണസംബന്ധമായ നിയമങ്ങളെ അനുസരിച്ചുള്ള പ്രവൃത്തികൾ നടത്തുന്നു. സെൻട്രൽബാങ്കു് ദേശസംഘങ്ങൾക്കുവേണ്ടി ധനശേഖരംചെയ്തു് ആവശ്യംപോലെ അവയ്ക്കു പണം കടംകൊടുക്കുന്നു മൂന്നാമതായി പറഞ്ഞ ‘സെൻട്രൽ ഇൻസ്റ്റിട്യൂട്ടു്’ എന്ന സ്ഥാപനം ഈ ഏർപ്പാടിൽ പ്രവേശിച്ചിട്ടുള്ളവർക്കു് അതിനെപ്പറ്റി ശരിയായ ജ്ഞാനമുണ്ടാക്കിക്കൊടുക്കുകയും, സഹകരണസംഘങ്ങളെ വേണ്ടതുപോലെ നടത്തുവാൻ ശീലിപ്പിയ്ക്കുകയും ചെയ്യുന്നു. ഈ മൂന്നു സ്ഥാപനങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഈ രാജ്യത്തു് സഹകരണം എന്ന ഏർപ്പാടു് അഭിവൃദ്ധിയെ പ്രാപിക്കുകയുള്ളു.

കൊച്ചിരാജ്യത്തു് ആകെ 179[14] പരസ്പരസഹായസംഘങ്ങൾ ഉണ്ടു്. അവയിൽ 123 എണ്ണം റൈഫീസൻ സമ്പ്രദായപ്രകാരം കൃഷിക്കാർക്കായി സ്ഥാപിക്കപ്പെട്ടിട്ടുള്ള കടംവായ്പാസംഘങ്ങൾ ആകുന്നു. പിന്നെ 16 പട്ടണം ബാങ്കുകൾ, 9 വേലക്കാരുടെ സംഘങ്ങൾ, 11 അധഃകൃതജാതിക്കാരുടെ വക സംഘങ്ങൾ. ഒടുക്കം പറഞ്ഞ 11 സംഘങ്ങളിലെ അംഗങ്ങൾ അധികവും പുലയന്മാരാകുന്നു. അവയ്ക്കു പുറമെ വാലന്മാരുടെ വകയായിട്ടു 7 സംഘങ്ങൾ ഉണ്ടു്. ശില്പികളുടെ വക സംഘങ്ങളും വ്യാവസായികസംഘങ്ങളും ദുർല്ലഭമായിട്ടുണ്ടു്. എല്ലാ സംഘങ്ങളിലുംകൂടി ആകെ 17,577 മെമ്പർമാരുണ്ടു്. എല്ലാറ്റിലുംകൂടി പെരുമാറിവരുന്ന സംഖ്യ 15,92,065 രൂപയും കരുതൽധനമായി സൂക്ഷിച്ചിട്ടുള്ളതു് 1,68,023 രൂപയുമാകുന്നു.

സെൻട്രൽബാങ്കു്

വലിയതമ്പുരാൻ തിരുമനസ്സിലെ ഷഷ്ടിപൂർത്തിദിവസമാണു് ഈ ബാങ്കിൽ ശരിയായിട്ടുള്ള പ്രവൃത്തി ആരംഭിച്ചതു്. ഇതിൽ മെമ്പർമാരായിട്ടു ദേശസംഘങ്ങൾ മാത്രമേ ഉള്ളു. ബാങ്കുഭരണം 9 ഡയറക്ടർമാരിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു. അതിലെ കാര്യദർശി സഹകരണറജിസ്ട്രാരുടെ ശിപാർശിപ്രകാരം ദിവാൻജി അവർകളാൽ നിയമിക്കപ്പെടുന്നു. സ്ഥലത്തെ തഹസീൽദാർ എക്സ് ഒഫിഷ്യൊ ഖജാൻജിയുമാകുന്നു. ഗവർമ്മേണ്ടു ഈ സ്ഥാപനത്തിന്നു വേണ്ടത്തക്ക ഒത്താശകൾ ചെയ്തുകൊടുക്കുന്നുണ്ടു്. ആദ്യംതന്നെ 7 കൊല്ലത്തെ കാലംവെച്ച ചുരുങ്ങിയ പലിശക്കു 25,000 രൂപ വായ്പ കൊടുപ്പാനനുവദിച്ചു. പിന്നീടു് ആ വായ്പയുടെ കാലാവധി മൂന്നു കൊല്ലത്തേക്കു കൂടി നീട്ടിക്കൊടുത്തു. ഗവർമ്മെണ്ടുദ്യോഗസ്ഥന്മാർ ജാമ്യത്തിന്നായി കെട്ടിവെയ്ക്കുന്ന സംഖ്യകളെ മുമ്പു ചില ദേശസംഘങ്ങളിലാണു് ഡിപ്പോസിറ്റു ചെയ്തിരുന്നതു്. അവയെ അവിടങ്ങളിൽനിന്നു പിൻവലിപ്പിച്ചു് എല്ലാം സെൻട്രൽ ബാങ്കിലേക്കു മാറ്റിച്ചു. ആ വക സംഖ്യകൾക്കു് ഇപ്രകാരമുള്ള കൈമാറ്റംകൊണ്ടു് ഉറപ്പുണ്ടാകുന്നുവെന്ന കാര്യത്തിൽ സംശയമില്ല. അതിന്നു പുറമെ അബ്കാരിഡിപ്പാർട്ടുമേണ്ടിലേയും റവന്യൂ ഡിപ്പാർട്ടുമേണ്ടിലേയും കുത്തകക്കാർ (കൺട്രാക്ടർമാർ) മുമ്പേറായി കെട്ടിവെയ്ക്കുന്ന സംഖ്യകളെ ഡെപ്പോസിറ്റായിട്ടു സ്വീകരിച്ചുകൊള്ളുവാനും ഗവർമ്മേണ്ടു് അനുവാദം കൊടുത്തു. ഗവർമ്മേണ്ടുദ്യോഗസ്ഥന്മാരുടെ ഏറെക്കുറെ സ്ഥിരമായ ഡെപ്പോസിറ്റുകളും ഗവർമ്മേണ്ടു വായ്പകൊടുത്ത സംഖ്യയും കൂടിയപ്പോൾ ഗണ്യമായ ഒരു കരുതൽധനം ബാങ്കുവകയായിട്ടു സംഗ്രഹിക്കുവാൻ തരമായി. കരുതൽധനമുൾപ്പെടെ ഇപ്പോൾ (1103-മാണ്ടിലെ അവസാനത്തേക്കു) ബാങ്കുവക സ്വത്തായിട്ടു 37,999 രൂപയുണ്ടു്. യാദൃച്ഛികമായ എന്തെങ്കിലും ചെലവുകളുടെ നിവൃത്തിക്കായി തക്കതായ ഒരു സംഖ്യ ബാങ്കിൽ കരുതീട്ടുണ്ടാകും. അതിന്നു പുറമെ ഇംപീരിയൽബാങ്കു്, നെടുങ്ങാടി ബാങ്ക്, മദ്രാസ് അർബൻ കൊ-ഓപ്പറേറ്റീവ് ബാങ്കു് എന്നീ ബാങ്കുകളായിട്ടു പണമെടവാടുകൾ നടത്തിവരുന്നു. സ്ഥലത്തെ ഖജനാവുമായിട്ടെടവാടു നടത്തുവാനും ഗവർമ്മേണ്ടു് അനുവദിച്ചിട്ടുണ്ടു്.

ദേശസംഘങ്ങൾക്കു പണം ആവശ്യംപോലെ കടം കൊടുക്കുക എന്നതിന്നു പുറമെ സെൻട്രൽബാങ്കു് ആ വക സംഘങ്ങളുടെ ഒരു മേൽനോട്ടവും (supervision) നടത്തിവരുന്നു. തൽക്കാലം ആ പ്രവൃത്തി ഡയറക്ടർമാർതന്നെയാണു ചെയ്തുവരുന്നതു്. അവർക്കു പുറമേ ദേശസംഘങ്ങളിൽനിന്നു ചില അംഗങ്ങളും സൂപ്പർ വൈസർമാരായിട്ടു തിരഞ്ഞെടുക്കപ്പെടുന്നു. ഇന്ത്യയിൽ മറ്റുള്ള ദിക്കുകളിൽ എന്നപോലെ ഈ രാജ്യത്തും അധികവും കടംവായ്പസംഘങ്ങളാണു് സ്ഥാപിക്കപ്പെട്ടിട്ടുള്ളതു്. വ്യാവസായികസംഘങ്ങളും ശേഖരിപ്പും വില്പനയുമുള്ള സംഘങ്ങളും ദുർല്ലഭമായിട്ടവിടവിടെ സ്ഥാപിച്ചുവരുന്നുണ്ടു്.

സഹകരണം എന്ന ഏർപ്പാടു നമ്മുടെ രാജ്യത്തു വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നതിന്നു വിദ്യാഭ്യാസ ഡയറൿടർ വേണ്ടത്തക്ക ശ്രമം ചെയ്തുവരുന്നു. പലേ ഹൈസ്കൂളുകളിലുമായിട്ടിപ്പോൾ വിദ്യാർത്ഥികളുടെ വകയായിട്ടു 25 സംഘങ്ങളുണ്ടു്. അവയ്ക്കു പുറമേ എറണാകുളത്തു കോളേജ് വിദ്യാർത്ഥികൾ ഒത്തുചേർന്നു് ഒരു സഹകരണസംഘം ഇയ്യിടയിൽ സ്ഥാപിയ്ക്കുകയുണ്ടായി.[15]

മുമ്പറഞ്ഞ ദേശസംഘങ്ങളിൽ ചിലതിന്നു സ്വന്തസ്ഥലങ്ങളുമുണ്ടു്. ചില സംഘങ്ങൾ സംഘാംഗങ്ങളുടെ ആവശ്യത്തിന്നായി പുസ്തകശാലകളും വായനശാലകളും സ്ഥാപിച്ചിരിക്കുന്നു. ദുർല്ലഭം ചിലതു സ്വന്തമായി സ്കൂളുകളും വൈദ്യശാലകളും സ്ഥാപിച്ചു നടത്തിപ്പോരുന്നു.

[Administration Reports of the Cochin Co-operative Department from the year 1092 to 1104]

കുറിപ്പുകൾ

[1] “The Law and Principles of Co-operation” by H. Calvert I. C. S.

[2] “Studies in European Co-operation” by C. F. Strickland I. C. S.

[3] ഒരു സമുദായത്തിൽ ഭൂസ്വത്തുൾപ്പടെയുള്ള സകല സ്വത്തിന്നും ആ സമുദായത്തിലുള്ള എല്ലാവരും തുല്യാവകാശികളാണു് എന്നു വാദിക്കുന്ന ഒരു മതക്കാരുണ്ടു്. മുൻപറഞ്ഞ മിസ്റ്റർ ഒവൻ ആ മതക്കാരനാകുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്തിന്മേൽ സ്ഥാപിക്കപ്പെട്ട സഹകരണസംഘങ്ങൾ ആ മതപ്രകാരമാണു നടത്തിപ്പോന്നിരുന്നതു്. ആ സമ്പ്രദായം ജനങ്ങൾക്കു രുചിക്കാഞ്ഞതിനാൽ അതിന്നു് അധികം പ്രചാരം സിദ്ധിച്ചില്ല.

[4] ഇംഗ്ലണ്ടിൽ 1893-മാണ്ടിൽപാസ്സാക്കിയ ഒരു ആൿട് അനുസരിച്ചാണു് പരസ്പരസഹായ സംഘങ്ങൾ നടത്തിപ്പോരുന്നതു്. ആ നിയമം പാസ്സാക്കിയമുതൽക്കിങ്ങോട്ടു് ഏറ്റവും ആശ്ചര്യകരമായ വിധത്തിൽ അതു് അവിടെ അഭിവൃദ്ധിയെ പ്രാപിച്ചിരിക്കുന്നു. ഇപ്പോൾ ആകെ 50 ലക്ഷം ജനം ആ ഏർപ്പാടിൽ അംഗങ്ങളായി ചേർന്നിട്ടുണ്ടു്. 2500 ലക്ഷം പവൻ കൊണ്ടുള്ള വ്യാപാരം ഒരു കൊല്ലത്തിൽ നടത്തിവരുന്നു. 1000 ലക്ഷം പവൻ ലാഭവുമുണ്ടാകുന്നുണ്ടു്. എന്നാൽ മേപ്പടി ആൿട്പ്രകാരമുള്ള അതിന്റെ നടത്തിപ്പിൽ പലന്യൂനതകളും വെളിപ്പെട്ടുകണ്ടതിനാൽ അവയെ ഇല്ലാതാക്കിക്കൊണ്ടു് ഒരു പുതിയ നിയമം ഉണ്ടാകുന്നതിന്നു വേണ്ടി ഒരു ബിൽ ഇയ്യിടയിൽ പാർലിമേണ്ടിൽകൊണ്ടുവന്നിട്ടുണ്ടു്. (The Hindu January 1. 1930) ഉടനെ അതു പാസ്സാക്കുകയും ചെയ്തു.

[5] ഒരു കടംവായ്പസംഘത്തിൽ ഓഹരികൾ വേണൊ വേണ്ടയൊ എന്നു നിയമംകൊണ്ടു കാണുന്നില്ല. റൈഫീസൻ വേണ്ടെന്നപക്ഷക്കാരനാണു്. അംഗങ്ങൾക്കു് അധികം ഡിവിഡണ്ടു കിട്ടുവാനുള്ള ആഗ്രഹം അതുകൊണ്ടുണ്ടാകുമെന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. എങ്കിലും ഓഹരികൾ വേണമെന്ന പക്ഷക്കാർ അധികമായിത്തുടങ്ങീട്ടുണ്ടു്. സംഘത്തിൽ സൂക്ഷിപ്പിന്നായി പണം ഇടുന്ന (deposit) അന്യന്മാർക്കു് അധികം വിശ്വാസമുണ്ടാകുന്നതിന്നും സംഘാംഗങ്ങളിൽ മിതവ്യയം വർദ്ധിപ്പിക്കുന്നതിന്നും അതു കാരണമാകുമെന്നാണു് ആ കൂട്ടർ അഭിപ്രായപ്പെടുന്നതു്. ജർമ്മനിയിൽ ഓഹരികൾ വേണമെന്നതിലേയ്ക്കു് ഇപ്പോൾ നിയമമുണ്ടു്. പക്ഷേ, ഓഹരിസംഖ്യ പത്തു കൊല്ലംകൊണ്ടു് അടച്ചാൽ മതി.

[6] റൈഫീസൻ ഡിവിഡണ്ടു കൊടുക്കുവാൻ പാടില്ലെന്നുതന്നെ അഭിപ്രായപ്പെടുന്നു. എന്നാൽ ഇപ്പോൾ പല സംഘങ്ങളിലും ഡിവിഡണ്ടു് കൊടുത്തുവരുന്നുണ്ടു്.

[7] യുദ്ധത്തിന്നു മുമ്പു 100 മാർക്സിന്നു 5 പവൻ വിലയുണ്ടായിരുന്നു. ഇപ്പോൾ (1922) 10 ഷില്ലിങ്ങു മാത്രം.

[8] ഈ പുതിയ നിയമത്തിന്റെ ഉദ്ദേശത്തേയും പ്രയോജനത്തേയും അതിന്റെ വ്യാപ്തിയേയും മറ്റും ബഹുജനങ്ങൾക്കു വിശദമായിട്ടു മനസ്സിലാകത്തക്കവണ്ണം വിവരിച്ചുകൊണ്ടു സർ. ഡെൻസിൽ ഇബറ്റ്സൻ എന്നാൾ ഒരു പ്രമേയം (Resolution) രൂപേണ അതിനെ ഇന്ത്യാഗവർമ്മേണ്ടു നിയമനിർമ്മാണസഭയിൽ 1904 ഏപ്രിൽ 29-നു അവതരിപ്പിച്ചു. അതാണു 1904-ലെ 10-ആം ആൿറ്റു്.

[9] ഒരു രാജ്യത്തു സഹകരണം എന്ന ഏർപ്പാടു് ഒരു ഘട്ടംവരെ പുഷ്ടിപ്പെട്ടുവന്നാൽ സഹകരണസംഘങ്ങൾ ഒന്നിച്ചു ചേർന്നു പലതരം “ഫ്ഡറേഷൻ” ആയിത്തീരുവാനാരംഭിക്കുന്നു. എല്ലാം ഒന്നാണു് എന്ന ഭാവവും തമ്മിൽ കൂട്ടിക്കെട്ടും ഉണ്ടാക്കിത്തീർക്കുകയും സഹകരണസംഘങ്ങളെ വേണ്ടവഴിക്കു തിരിച്ചുകൊണ്ടുപോവുകയും മറ്റും ആണു് ഒരു “ഫ്ഡറേഷ”ന്റെ കൃത്യങ്ങൾ. കോ-ഓപ്പറേറ്റീവ് യൂണിയന്റെ കൃത്യങ്ങളും “ഫ്ഡറേഷ”ന്റെ കൃത്യങ്ങളും ഒട്ടേറെ ഒന്നുതന്നെയാകുന്നു.

[10] “ട്രിപ്ലിക്കേൻ അർബൻ കൊ-ഓപ്പറേറ്റീവ് സൊസയിറ്റി” എന്നു പേരായ പ്രസ്തുത സംഘത്തിന്റെ വെള്ളി ജൂബിലി മഹോത്സവം (സംഘത്തിന്റെ 25-മത്തെ വയസ്സു തികയുന്ന സന്തോഷാവസരം) സംഘം ഹെഡാപ്പീസിൽവെച്ചു് 1930 ജനവരി 25-ാംനു അനുദ്യോഗസ്ഥന്മാരും ഉദ്യോഗസ്ഥന്മാരുമായ അസംഖ്യം മഹാന്മാരാൽ അതികേമമായിട്ടു കൊണ്ടാടപ്പെട്ടു. ആ അവസരത്തിൽ മദ്രാസ് ഗവർണ്ണരും സംഘപ്രവർത്തകന്മാരുടെ ക്ഷണനമനുസരിച്ചു് ആ സദസ്സിൽ സന്നിഹിതനായിരുന്നു. സംഘം വകയായിട്ടു പണിയുവാൻ വിചാരിക്കുന്ന ‘സിൽവർ ജൂബിലി ഹാൾ’ എന്ന പേരോടുകൂടിയ കെട്ടിടത്തിന്റെ കല്ലിടുക എന്ന ക്രിയ ഈ സന്ദർഭത്തിലാണു് നടത്തപ്പെട്ടതു്. അതിന്റെ ശേഷം സംഘത്തിന്റെ പ്രഥമപ്രവർത്തകന്മാരായ ‘14 മാർഗ്ഗദർശികൾ’ എന്നു പിന്നീടു പ്രസിദ്ധന്മാരായിത്തീർന്നവരുടെ ഛായാപടങ്ങളും ആപ്പീസിൽ തൂക്കുകയുണ്ടായി. പതിന്നാലു പേരിൽപെട്ട ഒരാളാണു് ലോകവിശ്രുതനായ റൈറ്റ് ആണറബിൾ വി. എസ്സ്. ശ്രീനിവാസശാസ്ത്രി എന്നു് ഈ ഘട്ടത്തിൽ പ്രത്യേകം എടുത്തുപറയുന്നു.

[11] കൊച്ചിരാജ്യത്തു 1106-മാണ്ടു മുതൽക്കു ‘സഹകരണം’ എന്നതു ഹൈസ്കൂൾ ക്ലാസ്സുകളിൽ ഒട്ടുനിർബന്ധമായ ഒരു പാഠ്യവിഷയമായി നിശ്ചയിച്ചിരിക്കുന്നുവെന്നറിയുന്നു.

[12] കഴിഞ്ഞ (1105-ലെ) മദ്ധ്യവേനൽപ്രമാണിച്ചുള്ള വെക്കേഷൻകാലത്തു സഹകരണസംബന്ധമായ തത്ത്വങ്ങളേയും അവയെ അടിസ്ഥാനമാക്കി സ്ഥാപിക്കപ്പെട്ടിട്ടുള്ള സംഘങ്ങൾ പ്രവൃത്തി നടത്തിവരുന്ന സമ്പ്രദായത്തേയും കൊച്ചിരാജ്യത്തുള്ള ടീച്ചർമാരെ പഠിപ്പിക്കുന്നതിന്നുവേണ്ടി ഒരു ക്ലാസ്സു് ഏർപ്പെടുത്തുവാനായിട്ടു “സഹകരണപരിശീലനക്കമ്മിറ്റി” എന്നു പേരായ ഒരു കമ്മിറ്റി സ്ഥാപിക്കപ്പെട്ടു. ഈ സംസ്ഥാനത്തെ വിദ്യാഭ്യാസഡയറൿടർ അതിലെ പ്രസിഡേണ്ടും ഇൻഡസ്ട്രിയൽ സ്കൂൾ ഹെഡ്മാസ്റ്റർ സിക്രട്ടറിയും സഹകരണസംഘം റജിസ്ട്രാർ ഒരംഗവുമായിരുന്നു. സഹകരണസംബന്ധമായ പല വിഷയങ്ങളെപ്പറ്റിയ പാഠങ്ങൾ പഠിപ്പിക്കുന്നതിന്നു ഹെഡ്മാസ്റ്റരേയും റജിസ്ട്രാരേയും ചുമതലപ്പെടുത്തിയതിന്നു പുറമെ കമ്മിറ്റി ജോസഫ് പേട്ട എം. എ. അവർകളേയും പി. കൃഷ്ണൻനമ്പ്യാർ ബി. എ. അവർകളേയും ആ കാര്യത്തിലേക്കു നിയമിച്ചു. സ്ത്രീപുരുഷന്മാർ ഉൾപ്പടെ ആകെ നാല്പതിൽ ചില്വാനം ടീച്ചർമാർ പ്രസ്തുത പാഠത്തിന്നു ഹാജരുണ്ടായിരുന്നു. ഒരു മാസത്തിലധികം കാലം ക്ലാസ്സും നടത്തുകയുണ്ടായി.

[13] സഹകരണപ്രസ്ഥാനത്തിന്റെ വ്യാപ്തി എത്രത്തോളമാവാം എന്നതിലേക്കു് ഒരു ദൃഷ്ടാന്തമായിട്ടു് ആ 34 വിധം തൊഴിൽക്കാരുടെ ഒരു ലിസ്റ്റ് താഴെ ചേർക്കുന്നു—1. റൊട്ടി ചുടുന്നവർ, 2. കശാപ്പുകാർ, 3. ഹോട്ടൽകാർ, 4. പാൽകച്ചവടക്കാർ, 5. വണ്ണാന്മാർ, 6. ക്ഷൗരക്കാർ, 7. പുകലക്കച്ചവടക്കാർ, 8. പലചരക്കുകച്ചവടക്കാർ, 9. വാച്ച് ഉണ്ടാക്കുന്നവർ, 10. ബുക്കു ബൈണ്ടുചെയ്യുന്നവർ, 11. ബ്രഷ് ഉണ്ടാക്കുന്നവർ, 12. വൈദ്യുതയന്ത്രം നിർമ്മിക്കുന്നവർ, 13. ചെരിപ്പു തുന്നുന്നവർ, 14. തുന്നക്കാർ, 15. നെയ്ത്തുകാർ, 16. ആശാരിമാർ, 17. ചായപ്പണിക്കാർ, 18. കസേര മേശ മുതലായതുണ്ടാക്കുന്നവർ, 19. കടം കലം മുതലായതുണ്ടാക്കുന്നവർ, 20. കടച്ചൽപണിക്കാർ—കസേര മേശ മുതലായതു വില്ക്കുന്നവർ, 21. ജനൽവാതിൽ കഴുകി വൃത്തിയാക്കുന്നവർ, 22. ഗ്ലേസ് ചെയ്യുന്നവർ, 23. ജനലിൽ വലക്കണ്ണിപോലെയുള്ള പണിത്തരം ചെയ്യുന്നവർ, 24. തോലു കൂറക്കിടുന്നവർ, 25. ജീനിപ്പണിക്കാർ, 26. കല്ലുവെട്ടുകാർ, 27. കെട്ടിടം പണിയുന്നവർക്കു നിന്നുപണിയുവാനുള്ള നിലകളും കോണികളും മറ്റും കെട്ടിയുണ്ടാക്കുന്നവർ, 28. തുത്തനാങ്ക് പണിക്കാർ, 29. ചെമ്പുപണിക്കാർ, 30. കരുവാന്മാർ, 31. വിറകുകച്ചവടക്കാർ, 32. വണ്ടിപ്പണിക്കാർ, 33. കയറു പിരിക്കുന്നവർ, 34. തട്ടാന്മാർ.

[14] ഇതു 1103-മാണ്ടു് അവസാനത്തിലെടുത്ത കണക്കാകുന്നു. ഇതിൽ സെൻട്രൽ ബാങ്കും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടും ഒരു അദ്ധ്യക്ഷസംഘവും (Supervising Union) പെടുത്തിട്ടില്ല. 1104-മാണ്ടിന്റെ അവസാനത്തോടുകൂടി സംഘങ്ങൾ 179 എണ്ണത്തിൽനിന്നു 181 എണ്ണത്തോളമായി വർദ്ധിച്ചു. ആകെ മെമ്പർമാരുടെ സംഖ്യ 1103-ൽ 17,577 ആയിരുന്നതു 1104-ലേക്കു്‌ 19,518 ആയിട്ടു വർദ്ധിച്ചു. 1103-ൽ എല്ലാ സംഘങ്ങളിൽകൂടി പെരുമാറിയിരുന്ന സംഖ്യ 15,92,065 രൂപയായിരുന്നു. 1104-ലേക്കു് അതു വർദ്ധിച്ചു് 17,74,593 രൂപയോളമായി. കരുതൽ ധനം 1,68,023 രൂപയായിരുന്നതു് ഒരു കൊല്ലംകൊണ്ടു് 1,98,894 രൂപയായിട്ടു വർദ്ധിച്ചു. സംഘങ്ങളിൽ 119 എണ്ണം കൃഷിസംബന്ധമായവയും മൂന്നെണ്ണം സെൻട്രൽ സംഘങ്ങളും ബാക്കി ഇതരവ്യവസായങ്ങളെ സംബന്ധിച്ചവയും ആകുന്നു.

[15] മദ്രാസ് സംസ്ഥാനത്തെ പരസ്പരസഹായസംഘം റജിസ്ട്രാരുടെ 1928--29 ലെ റിപ്പോർട്ടിൽനിന്നു കഴിഞ്ഞ (29-മാണ്ടിലെ) ജൂൺമാസാവസാനത്തിലേക്കു വിദ്യാർത്ഥികളുടെ വക സഹകരണസംഘങ്ങൾ ടി. സംസ്ഥാനത്തിൽ ആകെ 64 എണ്ണമുണ്ടെന്നറിയുന്നു. ആ കാര്യത്തെപ്പറ്റി റജിസ്ട്രാർ ഇങ്ങിനെ പറയുന്നു:- ഈ സംഘങ്ങളിലെല്ലാംകൂടി ആകെ 2,943 വിദ്യാർത്ഥികളും 757 അദ്ധ്യാപകന്മാരും 3,054 കൂറ്റുകാരും[16] (associates) ഉണ്ടു്. ആകെ പിരിഞ്ഞ ഓഹരിസംഖ്യ 4510 രൂപയാകുന്നു. കൊല്ലാരംഭത്തിൽ അവയുടെ ശേഖരിപ്പിൽ 7673 രൂപക്കു സാമാനങ്ങൾ ഉണ്ടായിരുന്നു. 16,491 രൂപ വിലയ്ക്കുള്ള സാമാനങ്ങൾ അംഗങ്ങളുടെ ആവശ്യപ്രകാരവും (on indent) പിന്നെ 42,415 രൂപ വിലയ്ക്കുള്ള സാമാനങ്ങൾ സംഘങ്ങളുടെ ചുമതലയിന്മേലും വാങ്ങിക്കുകയുണ്ടായി. 52,700 രൂപ വിലയ്ക്കുള്ള സാമാനങ്ങൾ വിറ്റഴിഞ്ഞുപോയി. കൊല്ലാവസാനത്തിൽ സ്റ്റോക്കിൽ 13,879 രൂപ വിലയ്ക്കുള്ള സാമാനങ്ങൾ ഉണ്ടായിരുന്നു. 380 രൂപ ബോണസ്സായിട്ടു കൊടുത്തു. അംഗങ്ങൾക്കറ്റുകാർക്കും (associates) ഉള്ള ലാഭം 4,559 രൂപയാകുന്നു. ``വളരെ ഒതുങ്ങിയ മട്ടിൽ ഉള്ള ഒരു വ്യാപാരം മാത്രമേ ടി സംഘങ്ങൾ നടത്തുന്നുള്ളു. എങ്കിലും മിതവ്യയം, സമ്പാദിപ്പാനുള്ള വാസന, സഹകരണതത്ത്വത്തിന്റെ പരിജ്ഞാനം, അതിന്റെ പരിശീലനം എന്നിവയെല്ലാം വിദ്യാർത്ഥികൾക്കുണ്ടാക്കിത്തീർക്കുന്നതിന്നു്‌ അവ വളരെ നല്ലതാകുന്നു. ഈ സംസ്ഥാനത്തു 64 സ്ഥലങ്ങൾ എന്നതു സമുദ്രത്തിലെ ഒരു തുള്ളി എന്നതുപോലെ മാത്രമാകുന്നു. എങ്കിലും അദ്ധ്യാപകന്മാർ അവയെ വേണ്ടതുപോലെ നടത്തുകയും സഹകരണതത്വത്തിന്റെ പ്രചാരത്തിന്നു തദ്വാരാ വേണ്ടി ചെയ്യുകയും ചെയ്താൽ ആ ഏർപ്പാടു നല്ലവണ്ണം പുഷ്ടിയെ പ്രാപിക്കുന്നതാണു്‌."

[The Hindu]

[16] സംഘങ്ങളിൽ അംഗങ്ങളായി ചേരാതെ അവയിലെ കൂറ്റുകാരായി ചേർന്നു നില്ക്കുന്നവർ.

Colophon

Title: Sahakaranaprasthanam (ml: സഹകരണപ്രസ്ഥാനം).

Author(s): V. K. Kunjanmenon.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. K. Kunjanmenon, Sahakaranaprasthanam, വി. കെ. കുഞ്ഞൻമേനോൻ, സഹകരണപ്രസ്ഥാനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 9, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hot water seller, a painting by Unknown author . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.