ആന്റോൺ ചെഖോവ് (1860–1904) റഷ്യയിൽ ജനിച്ച ലോകോത്തര ചെറുകഥാകൃത്തും നാടകകൃത്തുമാണു്. അദ്ദേഹത്തിന്റെ ‘ദ ബെറ്റ് ’ എന്ന ഈ കഥ മഹാമാരികളുടെയും ദുരന്തങ്ങളുടെയും കാലത്തു് മനുഷ്യൻ ജീവിതത്തെ എങ്ങനെ കാണുന്നുവെന്നതിനു് ഏറ്റവും നല്ല ഉദാഹരണമാണു്. മനുഷ്യരോടു് നിരവധി ചോദ്യങ്ങൾ ചോദിക്കുന്ന ഇക്കഥ ഈ മഹാമാരിക്കാലത്തും ഏറെ പ്രസക്തമാവുന്നു.
അതൊരിരുണ്ട ശരത്കാല രാത്രിയായിരുന്നു. കിഴവൻ പണവ്യാപാരി പഠനമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയും പതിനഞ്ചു വർഷം മുൻപത്തെ ഒരു ശരത്കാല സായാഹ്നത്തിൽ താൻ എങ്ങനെയായിരുന്നു വിരുന്നുസൽക്കാരം നടത്തിയതെന്നും ഓർക്കുകയുമായിരുന്നു. അവിടെ ധാരാളം സമർത്ഥരായ ആളുകളും രസകരമായ സംഭാഷണങ്ങളും നടന്നിരുന്നു. മറ്റു കാര്യങ്ങൾക്കിടയിൽ വധശിക്ഷയെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. ധാരാളം പത്രപ്രവർത്തകരും ബുദ്ധിജീവികളും അടങ്ങുന്ന അതിഥികളിൽ ഭൂരിഭാഗം വരുന്നവരും വധശിക്ഷയെ നിരാകരിച്ചു. ആ ശിക്ഷാരീതി കാലഹരണപ്പെട്ടതും അധാർമ്മികവും ക്രിസ്ത്യൻ രാജ്യങ്ങൾക്കു് അനുചിതവുമാണെന്നു് അവർ അഭിപ്രായപ്പെട്ടു. വധശിക്ഷയ്ക്കു പകരം എല്ലായിടത്തും ജീവപര്യന്തം തടവു് ശിക്ഷ വരണമെന്നായിരുന്നു അവരിൽ ചിലരുടെ അഭിപ്രായം. “ഞാൻ നിങ്ങളുടെ അഭിപ്രായത്തോടു് യോജിക്കുന്നില്ല,” അവരുടെ ആതിഥേയനായ പണവ്യാപാരി പറഞ്ഞു. “ജീവപര്യന്തം തടവിനോ വധശിക്ഷയ്ക്കോ വേണ്ടി ഞാൻ ശ്രമിച്ചിട്ടില്ല. എന്നാൽ കാര്യകാരണസഹിതം ഒരാൾ വിധിക്കുകയാണെങ്കിൽ വധശിക്ഷ, ജീവപര്യന്തം തടവിനേക്കാൾ ധാർമ്മികവും മനുഷത്വപരവുമാണു്. വധശിക്ഷ ഒരാളെ ഒറ്റയടിക്കു് കൊല്ലുകയാണെങ്കിൽ ആജീവനാന്ത തടവു് അയാളെ ഇഞ്ചിഞ്ചായി കൊല്ലുകയാണു്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിങ്ങളെ കൊല്ലുന്ന ആളോ അതോ വളരെ വർഷങ്ങളെടുത്തു് നിങ്ങളിൽ നിന്നു് ജീവൻ വലിച്ചെടുത്തു് ഇല്ലാതാക്കുന്ന ആളോ, ആരാണു് കൂടുതൽ മനുഷ്യത്തമുള്ള ആരാച്ചാർ?” “
രണ്ടും ഒരുപോലെ അധാർമ്മികമാണു് ”, അതിഥികളിൽ ഒരാൾ അഭിപ്രായപ്പെട്ടു. “കാരണം അവയ്ക്കു് രണ്ടിനും ഒരേ ലക്ഷ്യം തന്നെയാണു്—ജീവനെടുക്കുക. രാഷ്ട്രം ദൈവമല്ല. ആവശ്യമുള്ളപ്പോൾ വീണ്ടെടുക്കാനാവാത്തതിനു് എടുത്തു മാറ്റാനും അവകാശമില്ല.”
അതിഥികൾക്കിടയിൽ ഇരുപത്തഞ്ചു് വയസുള്ള ഒരു യുവ അഭിഭാഷകൻ ഉണ്ടായിരുന്നു. അവനോടു് അഭിപ്രായം ചോദിച്ചപ്പോൾ അവൻ പറഞ്ഞു: “
വധശിക്ഷയും ജീവപര്യന്തവും ഒരുപോലെ അധാർമ്മികമാണെങ്കിലും വധശിക്ഷയ്ക്കും ജീവപര്യന്തം തടവു ശിക്ഷയ്ക്കും ഇടയിൽ ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഞാൻ തീർച്ചയായും രണ്ടാമത്തേതു് തിരഞ്ഞെടുക്കും. എങ്ങനെയെങ്കിലും ജീവനോടെ ഇരിക്കുന്നതാണല്ലോ നല്ലതു് ?”
അതുമായി ബന്ധപ്പെട്ടു് സജീവമായ ഒരു ചർച്ച ഉയർന്നു വന്നു. അക്കാലത്തു് ചെറുപ്പവും ക്ഷുഭിതനുമായ പണവ്യാപാരി ആവേശഭരിതനായി മുഷ്ടി കൊണ്ടു് പെട്ടെന്നു് മേശമേൽ ഇടിച്ചു ചെറുപ്പക്കാരനോടു് ആക്രോശിച്ചു: “
അതു ശരിയല്ല! അഞ്ചു വർഷം നിങ്ങൾക്കു് ഏകാന്ത തടവിൽ കഴിയാനാവില്ലെന്നു് ഞാൻ രണ്ടു ദശലക്ഷത്തിനു് വേണമെങ്കിൽ പന്തയം വെയ്ക്കാം”. “
നിങ്ങൾ ആത്മാർത്ഥമായി വിചാരിക്കുന്നെങ്കിൽ”, യുവാവു് പറഞ്ഞു. “ഞാൻ അതു സ്വീകരിക്കാം, അഞ്ചല്ല പതിനഞ്ചു വർഷം ഞാൻ തടവിൽ കഴിയാം.” “
പതിനഞ്ചു് ? ഉറപ്പിച്ചു!” പണവ്യാപാരി ഉറക്കെ വിളിച്ചു പറഞ്ഞു. “മാന്യരേ, ഞാൻ രണ്ടു് ദശലക്ഷത്തിനു് പന്തയം വെച്ചിരിക്കുന്നു!” “
സമ്മതിച്ചു! നിങ്ങൾ ദശലക്ഷങ്ങളും ഞാനെന്റെ സ്വാതന്ത്ര്യവും പന്തയം വെച്ചിരിക്കുന്നു” യുവാവു് പറഞ്ഞു.
ഭ്രാന്തവും വിവേകശൂന്യവുമായ പന്തയം നടപ്പിൽ വന്നു! കണക്കറ്റ ദശലക്ഷങ്ങൾ കയ്യിലുള്ള ദുഷിച്ച ബാലിശസ്വഭാവമുള്ള പണവ്യാപാരി പന്തയത്തിൽ ആഹ്ലാദിച്ചു. അത്താഴ സമയത്തു് അയാൾ യുവാവിനെ കളിയാക്കിക്കൊണ്ടു പറഞ്ഞു: “
സമയം കിട്ടുമ്പോൾ നന്നായൊന്നു ചിന്തിച്ചു നോക്കു് ചെറുപ്പക്കാരാ, എനിക്കു് രണ്ടു ദശലക്ഷം എന്നതു് നിസ്സാര കാര്യമാണു്. പക്ഷേ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല മൂന്നോ നാലോ വർഷം നഷ്ടപ്പെടുത്തുകയാണു്. നിങ്ങൾക്കു് അതിലധികം പിടിച്ചു നില്ക്കാനാവാത്തതുകൊണ്ടാണു് ഞാൻ മൂന്നോ നാലോ എന്നു പറഞ്ഞതു്. അസന്തുഷ്ടനായ മനുഷ്യാ, സ്വമേധയാലുള്ള തടവു് നിർബന്ധിത തടവിനേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണെന്നതു് മറക്കുകയും അരുതു്. ഏതു നിമിഷവും അതിൽ നിന്നു പുറത്തു കടക്കാൻ നിങ്ങൾക്കു് അവകാശമുണ്ടെന്ന ചിന്ത ജയിലിലെ നിങ്ങളുടെ നിലനില്പിനെ പൂർണ്ണമായും വിഷലിപ്തമാക്കും. ഇക്കാര്യത്തിൽ നിങ്ങളോടെനിക്കു് സഹതാപമുണ്ടു് ”.
ഇപ്പോൾ ഇതെല്ലാം ഓർത്തുകൊണ്ടു് പണവ്യാപാരി അങ്ങോട്ടുമിങ്ങോട്ടും നടന്നു് സ്വയം ചോദിച്ചു: “ആ പന്തയത്തിന്റെ ഉദ്ദേശ്യം എന്താണു് ? ആ മനുഷ്യൻ ജീവിതത്തിൽ നിന്നു് പതിനഞ്ചു വർഷം നഷ്ടപ്പെടുത്തിയതുകൊണ്ടും ഞാൻ രണ്ടു ദശലക്ഷം വലിച്ചെറിഞ്ഞതുകൊണ്ടും എന്താണു ഗുണം? അതുകൊണ്ടു് വധശിക്ഷ ജീവപര്യന്തം തടവിനേക്കാൾ മികച്ചതെന്നോ മോശമെന്നോ തെളിയിക്കാൻ പറ്റുമോ? ഇല്ലേ ഇല്ല. അതെല്ലാം ബുദ്ധിശൂന്യവും നിരർത്ഥകവും ആയിരുന്നു. എന്റെ ഭാഗത്തു നിന്നുള്ളതു് അമിതലാളനക്കാരന്റെ മന:ശ്ചാഞ്ചല്യമായിരുന്നു, അവന്റെ ഭാഗത്തു നിന്നുള്ളതു് പണത്തോടുള്ള അത്യാർത്തിയും… ”
അന്നു വൈകുന്നേരം തുടർന്നു് എന്താണു സംഭവിച്ചതെന്നു് അയാൾ ഓർത്തുനോക്കി. പണവ്യാപാരിയുടെ ഉദ്യാനഗൃഹങ്ങളിലൊന്നിൽ കർക്കശമായ മേൽനോട്ടത്തിൽ യുവാവു് വർഷങ്ങളോളം നീളുന്ന തടവിൽ കഴിയാമെന്നു തീരുമാനിച്ചു. പതിനഞ്ചു വർഷത്തേക്കു് ഉദ്യാനഗൃഹത്തിന്റെ ഉമ്മറപ്പടി കടക്കാനോ മനുഷ്യരെ കാണാനോ മനുഷ്യശബ്ദം കേൾക്കാനോ കത്തുകളും പത്രങ്ങളും സ്വീകരിക്കാനോ സ്വാതന്ത്ര്യമില്ലെന്ന കാര്യം അവൻ സമ്മതിച്ചു. അവനു് ഒരു സംഗീതോപകരണവും പുസ്തകങ്ങളും അനുവദിച്ചു കൊടുത്തു. കത്തുകൾ എഴുതാനും വീഞ്ഞു കുടിക്കാനും പുകവലിക്കാനുമുള്ള അനുവാദം നൽകി. കരാറിലെ നിബന്ധന പ്രകാരം, പുറം ലോകവുമായി അവനുണ്ടായിരുന്ന ഒരേയൊരു ബന്ധം അതിനുവേണ്ടി മാത്രമുണ്ടാക്കിയ ഒരു കൊച്ചു ജനാലയായിരുന്നു. പുസ്തകങ്ങൾ, സംഗീതം, വീഞ്ഞു് അങ്ങനെ അവൻ ആഗ്രഹിക്കുന്നതെന്തും വ്യവസ്ഥ പ്രകാരം എഴുതിക്കൊടുത്താൽ ഏതളവിലും ലഭ്യമാക്കുമായിരുന്നു. പക്ഷേ, അവ ജനലിലൂടെ മാത്രമേ സ്വീകരിക്കാൻ ആകുമായിരുന്നുള്ളു. 1870 നവംബർ 14 പന്ത്രണ്ടു മണി മുതൽ 1885 നവംബർ 14 പന്ത്രണ്ടു മണി അവസാനിക്കും വരെ കൃത്യമായി 15 വർഷം യുവാവു് അവിടെ ഏകാന്ത തടവിൽ തുടരുന്നതു് ഉറപ്പാക്കുന്ന ഓരോ വിശദാംശവും നിസാരകാര്യങ്ങളും കൂടി കരാറിൽ പ്രസ്താവിച്ചിരുന്നു. കാലാവധി തീരുന്നതിനു രണ്ടു നിമിഷം മുൻപു് ഈ നിബന്ധനകൾ ലംഘിക്കാനുള്ള ചെറിയ ശ്രമം പോലും അവന്റെ ഭാഗത്തു നിന്നുണ്ടായാൽ രണ്ടു് ദശലക്ഷം രൂപ നൽകാനുള്ള കരാറിൽ നിന്നു് പണവ്യാപാരി മുക്തനാകും.
തടവിലാക്കപ്പെട്ട ആദ്യ വർഷത്തെ അവന്റെ ചെറിയ കുറിപ്പുകളിൽ നിന്നു് തടവുകാരൻ ഏകാന്തതയും വിഷാദവും അനുഭവിച്ചിരുന്നുവെന്നു് ഒരാൾക്കു് വിലയിരുത്താനാവും. അവന്റെ ഉദ്യാനഗൃഹത്തിൽ നിന്നു് രാവും പകലും തുടർച്ചയായി പിയാനോ സംഗീതം കേൾക്കാമായിരുന്നു. അവൻ വീഞ്ഞും പുകയിലയും നിരസിച്ചു. വീഞ്ഞു് ആഗ്രഹങ്ങളെ ഉത്തേജിപ്പിക്കുന്നു, ആഗ്രഹങ്ങൾ തടവുകാരന്റെ ഏറ്റവും മോശം ശത്രുവാകുന്നു; കൂടാതെ നല്ല വീഞ്ഞു് കുടിച്ചിട്ടു് ആരെയും കാണാതിരിക്കുന്നതിനേക്കാൾ ഭയാനകമായി യാതൊന്നും തന്നെ ഇല്ലെന്നും അവനെഴുതി. പുകയില അവന്റെ മുറിയിലെ അന്തരീക്ഷം മലിനമാക്കി. ആദ്യവർഷം അവൻ ആവശ്യപ്പെട്ട പുസ്തകങ്ങൾ പ്രധാനമായും തരള സ്വഭാവമുള്ളവയായിരുന്നു; സങ്കീർണമായ പ്രണയം വിഷയമായ നോവലുകളും ഉദ്വേഗജനകവും വിസ്മയകരവുമായ കഥകളും മറ്റും.
രണ്ടാം വർഷം ഉദ്യാനഗൃഹത്തിൽ പിയാനോ നിശ്ശബ്ദമായിരുന്നു, തടവുകാരൻ ക്ലാസിക്കുകൾ മാത്രം ആവശ്യപ്പെട്ടു. അഞ്ചാം വർഷം സംഗീതം വീണ്ടും കേൾക്കുകയും വീഞ്ഞു് ആവശ്യപ്പെടുകയും ചെയ്തു. ആ വർഷം മുഴുവൻ സമയവും അവൻ തിന്നുകയും കുടിക്കുകയും കിടക്കയിൽ കിടക്കുകയും ഇടയ്ക്കിടെ കോട്ടുവായിടുകയും ദേഷ്യത്തോടെ സ്വയം സംസാരിക്കുകയും മാത്രമായിരുന്നു ചെയ്തിരുന്നതെന്നു് ജനലിലൂടെ അവനെ നിരീക്ഷിച്ചവർ പറഞ്ഞു. അവൻ പുസ്തകങ്ങൾ വായിച്ചതേയില്ല. രാത്രിയിൽ ചിലപ്പോൾ എഴുതാനിരിക്കും. മണിക്കൂറുകളോളം അവനങ്ങനെ എഴുതും. രാവിലെ എഴുതിയതെല്ലാം കീറിക്കളയും. ഒന്നിലധികം തവണ അവൻ കരയുന്നതും കേട്ടിരുന്നു.
ആറാം വർഷത്തിന്റെ രണ്ടാം പകുതിയിൽ തടവുകാരൻ ഭാഷകളും തത്വചിന്തയും ചരിത്രവും തീഷ്ണമായി പഠിക്കാൻ തുടങ്ങി. അവൻ ഇത്തരം പഠനങ്ങളിലേക്കു് ആകാംക്ഷയോടെ കടന്നതിനാൽ, ഓർഡർ ചെയ്ത പുസ്തകങ്ങൾ ലഭിക്കാൻ വേണ്ടി പണവ്യാപാരിക്കു് ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. അവന്റെ അഭ്യർത്ഥന പ്രകാരം നാലു വർഷത്തിനിടയിൽ അറുന്നൂറോളം വാല്യങ്ങൾ വാങ്ങിക്കൂട്ടി. ഈ കാലയളവിലാണു് തടവുകാരനിൽ നിന്നു് പണവ്യാപാരിയ്ക്കു് ഇനിപ്പറയുന്ന കത്തു് ലഭിച്ചതു്:
“
എന്റെ പ്രിയപ്പെട്ട തടവറ സൂക്ഷിപ്പുകാരാ, ഈ വരികൾ ഞാൻ നിങ്ങൾക്കു് ആറു ഭാഷകളിൽ എഴുതുന്നു. ആ ഭാഷകൾ അറിയാവുന്നവർക്കു് അവ കാട്ടിക്കൊടുക്കുക. അവർ അവ വായിക്കട്ടെ. അവർ ഒരു തെറ്റു പോലും കണ്ടെത്തിയില്ലെങ്കിൽ ഉദ്യാനത്തിൽ ഒരു വെടി ഉതിർക്കണമെന്നു് ഞാൻ നിങ്ങളോടു് അഭ്യർത്ഥിക്കുന്നു. ആ വെടിയൊച്ച എന്റെ പരിശ്രമങ്ങൾ വൃഥാവിലായില്ലെന്നു കാണിക്കും. എല്ലാ പ്രായത്തിലും എല്ലാ ദേശങ്ങളിലുമുള്ള പ്രതിഭാശാലികൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നുണ്ടെങ്കിലും അവരിലെല്ലാം ജ്വലിക്കുന്നതു് ഒരേ ജ്വാലയാണു്. ഓ, അവരെ മനസിലാക്കാനാകുന്നതിൽ എന്റെ ആത്മാവു് അനുഭവിക്കുന്ന അഭൗമമായ ആനന്ദം എന്താണെന്നു് നിങ്ങൾക്കിപ്പോൾ അറിയാനായെങ്കിൽ!” തടവുകാരന്റെ ആഗ്രഹം സഫലമായി. ഉദ്യാനത്തിൽ രണ്ടു വെടി ഉതിർക്കാൻ പണവ്യാപാരി ഉത്തരവിട്ടു.
പത്താം വർഷത്തിനു ശേഷം തടവുകാരൻ നിശ്ചലം മേശയ്ക്കരികിൽ ഇരുന്നു. സുവിശേഷമല്ലാതെ മറ്റൊന്നും വായിച്ചില്ല. നാലു വർഷം കൊണ്ടു് അറുന്നൂറു് വിജ്ഞാന വാല്യങ്ങൾ പഠിച്ചെടുത്ത ഒരാൾ എളുപ്പം മനസ്സിലാക്കാവുന്ന ഒരു കൊച്ചു പുസ്തകത്തിനു മേൽ ഒരു വർഷത്തോളം നഷ്ടപ്പെടുത്തിയതു് പണവ്യാപാരിക്കു് വിചിത്രമായി തോന്നി. സുവിശേഷങ്ങളെ പിൻതുടരുകയായിരുന്നു ദൈവശാസ്ത്രവും മത ചരിത്രങ്ങളും…
തടവിൽകഴിഞ്ഞിരുന്ന അവസാനത്തെ രണ്ടു വർഷം തടവുകാരൻ ധാരാളം പുസ്തകങ്ങൾ വിവേചനരഹിതമായി വായിച്ചു. ഒരേസമയം പ്രകൃതി ശാസ്ത്രം ഏറെ തിരക്കിട്ടു വായിച്ചു. പിന്നെ അവൻ ബൈറണേയും ഷേക്സ്പിയറേയും ആവശ്യപ്പെട്ടു. രസതന്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും വൈദ്യശാസ്ത്ര സഹായ ഗ്രന്ഥവും നോവലും തത്വചിന്തയും വൈദ്യശാസ്ത്രസംബന്ധിയായ ചില പ്രബന്ധങ്ങളും അവൻ അതേ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പുകളും നൽകിയിരുന്നു. ആദ്യം ഒരു മരത്തടിയിലും പിന്നെ മറ്റൊന്നിലും അത്യാർത്തിയോടെ പിടിച്ചു് തന്റെ ജീവൻ രക്ഷിക്കും വിധം തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഒരാൾ കടലിൽ നീന്തുന്നതുപോലെയാണു് അവന്റെ വായന ഓർമ്മപ്പെടുത്തിയതു്.
കിഴവൻ പണവ്യാപാരി ഇതെല്ലാം ഓർത്തെടുത്തു് ചിന്തിച്ചു:
“നാളെ പന്ത്രണ്ടു മണിക്കു് അവൻ സ്വാതന്ത്ര്യം വീണ്ടെടുക്കും. ഞങ്ങളുടെ കരാർ പ്രകാരം ഞാൻ അവനു് രണ്ടു് ദശലക്ഷം നല്കണം. ഞാൻ അവനു് പണം നൽകിയാൽ എന്റെ കഥ കഴിഞ്ഞു, ഞാൻ പൂർണമായും നശിക്കും”.
പതിനഞ്ചു വർഷം മുൻപു് അയാൾക്കു് കണക്കു കൂട്ടാനാകുന്നതിലും അധികം ദശലക്ഷങ്ങളുണ്ടായിരുന്നു; തന്റെ കടങ്ങളോ ആസ്തികളോ ഏതാണു് വലുതെന്നു് സ്വയം ചോദിക്കാൻ അയാൾ ഇന്നു് ഭയപ്പെട്ടു. സ്റ്റോക് എക്സ്ചേഞ്ചിലെ നിരാശാജനകമായ ചൂതാട്ടവും വന്യമായ ഊഹക്കച്ചവടവും പ്രായം ഇത്രയായിട്ടും മറികടക്കാനാവാത്ത അമിതാവേശവും ക്രമേണ അയാളുടെ സമ്പത്തു് ക്ഷയിപ്പിച്ചു. കൂടാതെ അഭിമാനിയും നിർഭയനും ആത്മവിശ്വാസവുമുള്ളവനുമായിരുന്ന കോടീശ്വരനെ നിക്ഷേപങ്ങളിലെ ഉയർച്ചതാഴ്ചകൾ വിറകൊള്ളിക്കുന്ന മൂന്നാംകിട പണവ്യാപാരി ആക്കി മാറ്റുകയും ചെയ്തു. “ശപിക്കപ്പെട്ട പന്തയം!” കിഴവൻ നിരാശയോടെ തലയിൽ കൈവച്ചു് പിറുപിറുത്തു, “എന്തുകൊണ്ടു് ആ മനുഷ്യൻ മരിച്ചില്ല?” അവനിപ്പോൾ നാല്പതു വയസ്സേയുള്ളൂ. അവൻ എന്റെ കൈവശമുള്ള അവസാന ചില്ലിക്കാശും കൈക്കലാക്കും, അവൻ വിവാഹം കഴിക്കും, ജീവിതം ആസ്വദിക്കും. എക്സ്ചേഞ്ചിൽ പോയി ചൂതാട്ടം നടത്തും. ഒരു യാചകനെപ്പോലെ അസൂയയോടെ ഞാൻ അവനെ നോക്കും, എല്ലാ ദിവസവും ഒരേ വാക്കു് അവനിൽ നിന്നു് കേൾക്കേണ്ടിയും വരും: ‘എന്റെ ജീവിതത്തിലെ സന്തോഷത്തിനു് ഞാൻ നിങ്ങളോടു് കടപ്പെട്ടിരിക്കുന്നു. ഞാൻ നിങ്ങളെ സഹായിക്കട്ടെ!’ ഇല്ല, ഇതു് താങ്ങാനാവുന്നതിലും അധികമാണു് ! പാപ്പരത്തത്തിൽ നിന്നും അപമാനത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗം ആ മനുഷ്യന്റെ മരണമാണു് !
മണി മൂന്നടിച്ചതു് പണവ്യാപാരി ശ്രദ്ധിച്ചു. വീട്ടിലുള്ളവരെല്ലാം ഉറങ്ങുകയായിരുന്നു. തണുത്തുറഞ്ഞ മരങ്ങളുടെ മർമ്മരമല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല. ശബ്ദമുണ്ടാക്കാതിരിക്കാൻ ശ്രമിച്ചു് അയാൾ പതിനഞ്ചു് വർഷമായി തുറക്കാത്ത വാതിലിന്റെ താക്കോൽ തീപിടിക്കാത്ത ഇരുമ്പുപെട്ടിയിൽ നിന്നെടുത്തു് ഓവർ കോട്ടുമിട്ടു്, വീടിനു പുറത്തേക്കു പോയി.
ഉദ്യാനത്തിലെ ഇരുട്ടിനും തണുപ്പിനും പുറമെ മഴ പെയ്യുന്നുണ്ടായിരുന്നു. മരങ്ങൾക്കു് വിശ്രമം കൊടുക്കാതെ മുരണ്ടു കൊണ്ടു് നനഞ്ഞു് മരവിച്ച കാറ്റു് ഉദ്യാനത്തെ ചുറ്റി അലയുന്നുമുണ്ടായിരുന്നു. പണവ്യാപാരി കണ്ണുകളെ ആയാസപ്പെടുത്തിയെങ്കിലും മണ്ണോ വെളുത്ത പ്രതിമകളോ ഉദ്യാന ഗൃഹമോ മരങ്ങളോ അയാൾക്കു് കാണാനായില്ല. ഉദ്യാനഗൃഹം സ്ഥിതി ചെയ്യുന്നിടത്തെത്തി അയാൾ രണ്ടു തവണ കാവൽക്കാരനെ വിളിച്ചു. മറുപടി ഉണ്ടായില്ല. ആ കാലാവസ്ഥയിൽ നിന്നു് അഭയം തേടി കാവൽക്കാരൻ അടുക്കളയിലോ ലതാഗൃഹത്തിലോ ഉറപ്പായും ഉറങ്ങുകയായിരിക്കണം അപ്പോൾ. “
എന്റെ ലക്ഷ്യം നിറവേറ്റാൻ എനിക്കു് ധൈര്യം വരികയാണെങ്കിൽ,” കിഴവൻ വിചാരിച്ചു, “സംശയം ആദ്യം കാവൽക്കാരനുമേൽ പതിയും”.
പടികളും വാതിലും ഇരുട്ടിൽ തൊട്ടറിഞ്ഞു് അയാൾ ഉദ്യാനഗൃഹത്തിന്റെ പ്രവേശനകവാടത്തിലേക്കു പോയി. പിന്നെ അയാൾ തപ്പിത്തടഞ്ഞു് ഒരു ചെറിയ ഇടനാഴിയിൽ പ്രവേശിച്ചു് തീപ്പെട്ടി കമ്പെടുത്തു കത്തിച്ചു. അവിടെ ആരും ഉണ്ടായിരുന്നില്ല. കിടക്ക ഇല്ലാത്ത ഒരു കട്ടിലും മൂലയിൽ ഇരുണ്ട ഒരു വാർപ്പിരുമ്പു് സ്റ്റൗവും ഉണ്ടായിരുന്നു. തടവുകാരന്റെ മുറിയിലേക്കുള്ള വാതിലിന്റെ മുദ്രകൾക്കു് ഊനം തട്ടിയിരുന്നില്ല.
തീക്കമ്പിലെ വെളിച്ചം അണഞ്ഞപ്പോൾ വികാരം കൊണ്ടു വിറച്ച കിഴവൻ ചെറിയ ജനലിലൂടെ ഒളിഞ്ഞു നോക്കി. തടവറമുറിയിൽ ഒരു മെഴുകുതിരി മങ്ങിക്കത്തുന്നുണ്ടായിരുന്നു. അവൻ മേശയ്ക്കരികിൽ ഇരിക്കുന്നുണ്ടായിരുന്നു. അവന്റെ പുറവും തലയിലെ മുടിയും കൈകളുമല്ലാതെ മറ്റൊന്നും കാണാനായില്ല. മേശപ്പുറത്തും രണ്ടു ചാരുകസേരകളിലും മേശയ്ക്കടുത്തുള്ള പരവതാനിയിലും തുറന്ന പുസ്തകങ്ങൾ കിടന്നിരുന്നു.
അഞ്ചു നിമിഷത്തിനു ശേഷവും തടവുകാരൻ ഒരിക്കൽ പോലും അനങ്ങിയില്ല. പതിനഞ്ചു വർഷത്തെ തടവു് അവനെ അനങ്ങാതിരിക്കാൻ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. പണവ്യാപാരി വിരലുകൾ കൊണ്ടു് ജനലിൽ തട്ടി. തടവുകാരനിൽ നിന്നും പ്രതികരണമായി യാതൊരു അനക്കവുമുണ്ടായില്ല. അയാൾ ശ്രദ്ധാപൂർവ്വം വാതിലിലെ മുദ്രകൾ പൊളിച്ചു് താക്കോൽ പഴുതിൽ താക്കോലിട്ടു. തുരുമ്പിച്ച പൂട്ടു് ഒരു ഇടർച്ച ശബ്ദം പുറപ്പെടുവിച്ചു് വാതിൽ കിരുകിരുത്തു. കാലൊച്ചയും അമ്പരപ്പിക്കുന്ന നിലവിളിയും കേൾക്കുമെന്നു് പണവ്യാപാരി പ്രതീക്ഷിച്ചെങ്കിലും മൂന്നു നിമിഷത്തിനു ശേഷവും ഉദ്യാനഗൃഹം എന്നത്തേയും പോലെ നിശബ്ദമായിരുന്നു. അയാൾ അകത്തു കടക്കാൻ തീരുമാനിച്ചു.
മേശയ്ക്കരികിൽ സാധാരണ മനുഷ്യരിൽ നിന്നു് വ്യത്യസ്തമായി ഒരാൾ അനങ്ങാതിരുന്നിരുന്നു. ഒരു സ്ത്രീയുടേതു പോലെ നീണ്ടു ചുരുണ്ട മുടിയും ഒതുക്കമറ്റ താടിയുമായി എല്ലിന്മേൽ തൊലി ചുറ്റിയ അസ്ഥികൂടമായി അവൻ മാറിയിരുന്നു. അവന്റെ മുഖം മൺനിറം കലർന്നു് മഞ്ഞയായിരുന്നു. അവന്റെ കവിളുകൾ പൊള്ളയും പിൻഭാഗം ഇടുങ്ങി മെലിഞ്ഞതുമായിരുന്നു, രോമം നിറഞ്ഞ അവന്റെ ശിരസു് താങ്ങിയ കൈ ഏറെ മെലിഞ്ഞതും മൃദുവുമായതിനാൽ കാഴ്ചയിൽ ഭയാനകമായിരുന്നു അതു്. അവന്റെ തലമുടിയിൽ ഇതിനകം തന്നെ വെള്ളിവര വീണിരുന്നു. ശോഷിച്ചതും പ്രായം തോന്നിക്കുന്നതുമായ മുഖം കണ്ടാൽ, അവനു് നാല്പതു വയസു മാത്രമാണുള്ളതെന്നു് ആരും വിശ്വസിക്കുമായിരുന്നില്ല. അവൻ മയക്കത്തിലായിരുന്നു… അവന്റെ കുനിഞ്ഞ ശിരസിനു മുന്നിൽ മേശപ്പുറത്തു് ഒരു കടലാസുകഷ്ണം കിടന്നിരുന്നു. അതിൽ മനോഹരമായ കയ്യക്ഷരത്തിൽ എന്തോ എഴുതിയിരുന്നു. “
പാവം ജന്തു!” പണവ്യാപാരി വിചാരിച്ചു, “അവൻ ഉറങ്ങുകയാണു്, മിക്കവാറും ദശലക്ഷങ്ങളെക്കുറിച്ചു് സ്വപ്നം കാണുകയുമാണു്. ആ പാതി മരിച്ച മനുഷ്യനെ എടുത്തു കട്ടിലിലേയ്ക്കിട്ടു്, തലയിണ കൊണ്ടമർത്തി ചെറുതായി ഒന്നു ശ്വാസം മുട്ടിച്ചാൽ ഹിംസാത്മകമായ മരണത്തിന്റെ യാതൊരു സൂചനയും ഏറ്റവും സത്യസന്ധനായ ഒരു വിദഗ്ദ്ധനു പോലും കണ്ടെത്താനാവില്ല. എങ്കിലും അവൻ ഇവിടെ എഴുതിവച്ചതു് ആദ്യം വായിക്കാം… ”
പണവ്യാപാരി മേശപ്പുറത്തു നിന്നു് കടലാസെടുത്തു് ഇനിപ്പറയും വിധം വായിച്ചു:
“
നാളെ പന്ത്രണ്ടു മണിക്കു് ഞാനെന്റെ സ്വാതന്ത്ര്യവും മറ്റുള്ളവരുമായി സഹവസിക്കാനുള്ള അവകാശവും വീണ്ടെടുക്കും. എന്നാൽ ഞാൻ ഈ മുറി വിട്ടു് സൂര്യപ്രകാശം കാണുന്നതിനു മുൻപു് നിങ്ങളോടു് ഏതാനും വാക്കുകൾ പറയേണ്ടതു് ആവശ്യമാണെന്നു തോന്നുന്നു. ശുദ്ധമായ മന:സാക്ഷിയോടെ എന്നെ കാണുന്ന ദൈവത്തിനു മുന്നിലെന്ന പോലെ നിങ്ങളോടു പറയുന്നു; സ്വാതന്ത്ര്യവും ജീവിതവും ആരോഗ്യവും നിങ്ങളുടെ പുസ്തകങ്ങളിലുള്ള ലോകത്തിലെ എല്ലാ നല്ല കാര്യങ്ങളും അവജ്ഞയോടെ ഞാൻ തള്ളിക്കളയുന്നു.
പതിനഞ്ചു് വർഷമായി ഞാൻ ഭൂമിയിലെ ജീവിതം ശ്രദ്ധാപൂർവ്വം പഠിക്കുകയാണു്. ഞാൻ ഭൂമിയേയോ മനുഷ്യരേയോ കണ്ടിട്ടില്ല എന്നതു് സത്യമാണെങ്കിലും നിങ്ങളുടെ പുസ്തകങ്ങളിൽ നിന്നു് ഞാൻ സുഗന്ധമുള്ള വീഞ്ഞു് കുടിച്ചു. ഞാൻ പാട്ടുകൾ പാടി, കാടുകളിൽ കലമാനുകളെയും കാട്ടുപന്നികളെയും വേട്ടയാടി, സ്ത്രീകളെ പ്രണയിച്ചു… നിങ്ങളുടെ കവികളുടെയും പ്രതിഭാശാലികളുടെയും മാന്ത്രികതയാൽ സൃഷ്ടിക്കപ്പെട്ട മേഘങ്ങളെപ്പോലെയുള്ള സ്വർഗ്ഗീയ സൗന്ദര്യങ്ങൾ രാത്രിയിൽ എന്നെ സന്ദർശിച്ചു്, തലച്ചോറിനെ ചുഴലിക്കാറ്റിലാക്കുന്ന അത്ഭുതകരമായ കഥകൾ എന്റെ ചെവിയിൽ മന്ത്രിച്ചിട്ടുണ്ടു്. നിങ്ങളുടെ പുസ്തകങ്ങളിലൂടെ ഞാൻ എൽബൂർസ്, മോണ്ട് ബ്ലാങ്ക് കൊടുമുടികൾ കയറിയിട്ടുണ്ടു്. അവിടെ നിന്നു് സൂര്യോദയവും സന്ധ്യയിൽ സൂര്യൻ ആകാശം നിറഞ്ഞു തുളുമ്പുന്നതും, കടലും സമുദ്രവും, സ്വർണ്ണവും സിന്ദൂരവുമണിയുന്ന പർവ്വതശിഖരങ്ങളും ഞാൻ കണ്ടിട്ടുണ്ടു്. എന്റെ ശിരസിനുമേലെ മിന്നൽ പ്രകാശിക്കുന്നതും കൊടുങ്കാറ്റുപിടിച്ച മേഘങ്ങളെ പിളർത്തുന്നതും ഞാൻ കണ്ടിട്ടുണ്ടു്. ഹരിത വനങ്ങളും വയലുകളും പുഴകളും തടാകങ്ങളും നഗരങ്ങളും ഞാൻ കണ്ടിട്ടുണ്ടു്. സാഗര മോഹിനിമാരുടെ ഗീതങ്ങളും, ഇടയന്മാർ പുല്ലാങ്കുഴലിൽ പാടുന്നതും ഞാൻ കേട്ടിട്ടുണ്ടു്. ദൈവത്തെക്കുറിച്ചു് എന്നോടു സംവദിക്കാൻ താഴേക്കു പറന്നു വന്ന അഴകാർന്ന പിശാചുക്കളുടെ ചിറകുകൾ ഞാൻ തൊട്ടിട്ടുണ്ടു്… നിങ്ങളുടെ പുസ്തകങ്ങളുടെ അഗാധമായ കുഴിയിലേക്കു ഞാൻ എന്നെ തള്ളിയിട്ടു. അത്ഭുതങ്ങൾ കാണിച്ചു, കൊന്നു, പട്ടണങ്ങൾ കത്തിച്ചു, പുതിയ മതങ്ങളെക്കുറിച്ചു പ്രസംഗിച്ചു, എല്ലാ സാമ്രാജ്യങ്ങളും കീഴടക്കി…
നിങ്ങളുടെ പുസ്തകങ്ങൾ എനിക്കു് ജ്ഞാനം നൽകി. മനുഷ്യന്റെ അസ്വസ്ഥ ചിന്തകൾ യുഗങ്ങളായി സൃഷ്ടിച്ചതെല്ലാം എന്റെ തലച്ചോറിലെ ഒരു ചെറിയ മണ്ഡലത്തിൽ ഞാൻ സമാഹരിച്ചിരിക്കുന്നു. നിങ്ങളെല്ലാവരേക്കാളും ജ്ഞാനിയാണു് ഞാനെന്നു് എനിക്കറിയാം.
ഞാൻ നിങ്ങളുടെ പുസ്തകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നു, ജ്ഞാനത്തേയും ഈ ലോകത്തിന്റെ ആഗ്രഹങ്ങളേയും ഞാൻ പുച്ഛത്തോടെ തള്ളിക്കളയുന്നു. അതെല്ലാം മരീചിക പോലെ വിലയില്ലാത്തതും ക്ഷണികവും മായികവും മോഹിപ്പിക്കുന്നതുമാണു്. നിങ്ങൾ അഭിമാനിയും ജ്ഞാനിയും ശ്രേഷ്ഠനുമായിരിക്കാം, പക്ഷേ, തറയുടെ ഉള്ളു് തുരക്കുന്ന ചുണ്ടെലികളേക്കാൾ ഒട്ടും മെച്ചമല്ലാത്ത രീതിയിൽ മരണം നിങ്ങളെ ഭൂമുഖത്തു നിന്നു് തുടച്ചു നീക്കും. നിങ്ങളുടെ പിൻഗാമികളും നിങ്ങളുടെ ചരിത്രവും നിങ്ങളുടെ അനശ്വര പ്രതിഭകളും ഭൂഗോളത്തിനൊപ്പം ഒന്നിച്ചു് കത്തി നശിക്കുകയോ മരവിക്കുകയോ ചെയ്യും.
നിങ്ങൾ യുക്തി നഷ്ടപ്പെട്ടു്, തെറ്റായ വഴി സ്വീകരിച്ചു. സത്യത്തിനു പകരം നുണയും സൗന്ദര്യത്തിനു പകരം ബീഭത്സതയും സ്വീകരിച്ചു. ചിലതരം വിചിത്രമായ സംഭവങ്ങൾ കൊണ്ടു് ആപ്പിൾ മരങ്ങളുടെയും ഓറഞ്ചു മരങ്ങളുടെയും ഫലങ്ങൾക്കു പകരം തവളകളും പല്ലികളും വേഗത്തിൽ വളർന്നാൽ നിങ്ങൾ അത്ഭുതപ്പെടും, അല്ലെങ്കിൽ റോസപ്പൂക്കൾക്കു് വിയർക്കുന്ന കുതിരയുടെ ഗന്ധം അനുഭവപ്പെടാൻ തുടങ്ങിയാൽ; അതുപോലെ സ്വർഗ്ഗത്തിനു പകരം ഭൂമി കൈമാറി വാങ്ങുന്ന നിങ്ങളെ ഓർത്തു് ഞാൻ അത്ഭുതപ്പെടുന്നു… എനിക്കു് നിങ്ങളെ മനസ്സിലാക്കാൻ ആഗ്രഹമില്ല.
നിങ്ങൾ ജീവിക്കുന്നതെല്ലാം ഞാൻ പുച്ഛത്തോടെ എങ്ങനെ ആണു് കാണുന്നതെന്നു് തെളിയിക്കാൻ വേണ്ടി ഞാൻ ഒരിക്കൽ സ്വർ്ഗഗമായി സ്വപ്നം കണ്ടതും ഇപ്പോൾ അവജ്ഞയോടെ കാണുന്നതുമായ ആ രണ്ടു് ദശലക്ഷം ഉപേക്ഷിക്കുന്നു. പണത്തിനുള്ള അവകാശം നിഷേധിക്കുന്നതിന്റെ ഭാഗമായി ഞാൻ നിശ്ചയിച്ച സമയത്തിനു അഞ്ചു് മണിക്കൂർ മുൻപു് ഇവിടം വിട്ടു പോകും. അങ്ങനെ ആ കരാർ തകർക്കും… ”
പണവ്യാപാരി ഇതു വായിച്ചതിനു ശേഷം ആ കടലാസു് മേശപ്പുറത്തു വച്ചു്, അപരിചിതന്റെ ശിരസിൽ ചുംബിച്ചു കരഞ്ഞുകൊണ്ടു് ഉദ്യാന ഗൃഹത്തിനു പുറത്തേക്കു് പോയി. മുമ്പൊരിക്കലും, സ്റ്റോക്ക് എക്സ്ചേഞ്ചിൽ കനത്ത നഷ്ടം സംഭവിച്ചപ്പോൾ പോലും, തോന്നാത്തത്രയും വലിയ ആത്മനിന്ദ അയാൾക്കപ്പോൾ തോന്നി. വീട്ടിലെത്തി കിടക്കയിൽ കിടന്നപ്പോൾ, കണ്ണീരും വികാര തള്ളിച്ചയും മണിക്കൂറുകളോളം അയാളുടെ ഉറക്കം തടഞ്ഞു.
പിറ്റേന്നു് രാവിലെ കാവൽക്കാർ വിളറിയ മുഖത്തോടെ ഓടി വന്നു് ഉദ്യാനഗൃഹത്തിൽ താമസിച്ചിരുന്ന മനുഷ്യൻ ജനലവഴി പുറത്തേക്കു ചാടിക്കടന്നു് ഉദ്യാനത്തിലൂടെ പ്രവേശന കവാടത്തിലേക്കു പോയി അപ്രത്യക്ഷനായതു അവർ കണ്ടതായി അയാളോടു പറഞ്ഞു. പണവ്യാപാരി ഉടൻ തന്നെ സേവകരോടൊപ്പം ഉദ്യാനഗൃഹത്തിലെത്തി, തടവുകാരന്റെ പലായനം ഉറപ്പുവരുത്തി. അനാവശ്യ സംസാരം ഉയരാതിരിക്കാൻ ദശലക്ഷങ്ങൾ ഉപേക്ഷിച്ചു കൊണ്ടുള്ള കത്തു് മേശപ്പുറത്തു് നിന്നെടുത്തു് അയാൾ വീട്ടിലെത്തി തീ പിടിക്കാത്ത ഇരുമ്പു പെട്ടിയിൽ വച്ചു പൂട്ടി.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഓഫീസറായി ജോലി ചെയ്യുന്നു. അഞ്ചു് കവിതാ സമാഹാരങ്ങൾ, ഒരു ചിത്രകലാനിരൂപണ ഗ്രന്ഥം, 25 വിവർത്തന പുസ്തകങ്ങൾ.
ചിത്രീകരണം: വി. ആർ. സന്തോഷ്.