ധനുമാസമാണു്. പ്രഭാതമാവുന്നേ ഉള്ളൂ. പുറത്തു് ഒരു തണുത്ത കാറ്റു വീശുന്നുണ്ടു്. അതു ക്രമേണ കൂടിക്കൂടി ചില സമയത്തു് ആ പഴയ ഒരുനിലമാളികയെ അടിയോടുകൂടി പുഴക്കിയിടുമോ എന്നു തോന്നത്തക്കവണ്ണം അത്ര കലശലായി പുറത്തലച്ചുകൊണ്ടിരുന്നു. നാലുപാടും നിശ്ശബ്ദമായിരുന്ന ആ വീട്ടിനുള്ളിൽ അനക്കത്തിന്റെ അടയാളങ്ങൾ കണ്ടു തുടങ്ങി. പ്രായം കൂടിയ ഒരു സ്ത്രീ ഒരു ചെറിയ നിലവിളക്കു കത്തിച്ചെടുത്തു ചെന്നു. ഉമ്മറവാതിൽ തുറന്നു. ഒരു കൈപ്പടം കൊണ്ടു വിളക്കു പൊത്തിക്കൊണ്ടു പുറത്തേയ്ക്കു വന്നു. ‘പടേ’ എന്നു സാക്ഷ നീക്കുന്നതിന്റെ ശബ്ദം നിശ്ശബ്ദമായ അകത്തേയും ഭേദിച്ചു കിടന്നുറങ്ങുന്നവരെ ഉണർത്തുവാൻ മതിയായിരുന്നു. പക്ഷേ, എന്തോ, തണുത്ത കാറ്റും പ്രഭാതത്തിലെ സുഖം പിടിച്ച രസമായ തണുപ്പും, പുതച്ചു മൂടിക്കിടക്കുവാൻ കുറേക്കൂടി സുഖം നല്കുകയാലായിരിക്കാം, ആരും ഉണരുകയുണ്ടായില്ല. പുറമേ ആരും കേൾക്കാനില്ലെങ്കിലും ആ സ്ത്രീ ‘ദീപം’ എന്നു് ഒന്നുരണ്ടു തവണ ഒരു മനസ്സമാധാനത്തിനെന്നപോലെ പറഞ്ഞു വീണ്ടും അകത്തേയ്ക്കു കടന്നു വാതിലടച്ചു. പിന്നീടു് ഒരു ദീനക്കാരിയുടെ മട്ടിൽ ഒന്നുരണ്ടു ചുമച്ചതിനുശേഷം വിളക്കു നടുമുറ്റത്തിനു നേരേ കിഴക്കോട്ടു തിരിച്ചുവെച്ചു മകളെ വിളി തുടങ്ങി,
“ഭാനു, എണീക്കൂ എന്തുറക്കമാണിത്! ഒന്നിനുമാത്രം പോന്നില്ലേ? ഒരാണ്ടറുതിയായാലും നേരത്തെ എണീറ്റൊന്നു കുളിച്ചുകൂടെന്നോ?”
വിളി കേട്ടു്, ആ സ്ത്രീ ഉദ്ദേശിച്ച ചെറുപ്പക്കാരിക്കു പകരം, അവരുടെ മരിച്ചുപോയ സഹോദരിയുടെ മകളായ ഒരു ചെറിയ കുട്ടിയാണുണർന്നതു്. അവൾ എണീറ്റിരുന്നു, കുറേ നേരം പുറംകയ്യുകൊണ്ടു കണ്ണു തിരുമ്മി, രണ്ടു കയ്യും ചമ്രം പടിഞ്ഞിരുന്ന മടിയിൽ മലർത്തിവെച്ചു് ഒരുദ്ദേശവുമില്ലാതെ കുറേ നേരം അങ്ങനെയിരുന്നു. പിന്നീടു കുറേനേരം അടുത്തു കിടക്കുന്ന യുവതിയെ വിളിച്ചു. ഉണരാനുള്ള ഭാവമില്ലെന്നു കണ്ടപ്പോൾ കുട്ടി എഴുന്നേറ്റു നിലവിളക്കിന്നരികെ ചെന്നിരുന്നു. തലേ ദിവസം മുത്തശ്ശി. മുറുക്കാൻ വെട്ടിയിരുന്ന അടയ്ക്കയുടെ തോടും തരങ്ങും വിളക്കിന്നരികെ വൃത്തിയായി കൂട്ടിവെച്ചിരുന്നു. അവൾ അതെടുത്തു എറ്റിക്കളിച്ചു. മുത്തശ്ശി അടുക്കളയിലേയ്ക്കും പോയി.
അകം നിശ്ശബ്ദമാണു്. പുറത്തു മാത്രം ഒരു കാറ്റു ലഹളകൂട്ടുന്നുണ്ടു്. അസ്വസ്ഥനായ ഒരു തിരുവാതിരക്കാറ്റു വിറകുപുരയിൽ സ്ഥലപരിചയമില്ലാതെ ചുറ്റി നടന്നു ശബ്ദമുണ്ടാക്കുകയും, ഭിത്തിമേൽ തട്ടിത്തടഞ്ഞു ചിലപ്പോൾ ജനലുകൾ തുറക്കാനുള്ള ശ്രമത്തിലേർപ്പെടുകയും ചെയ്തു. പക്ഷേ, ശ്രമം ഫലിക്കാതെ, ഗൃഹനായികയെ പേടിച്ചിട്ടെന്ന പോലെ പെട്ടെന്നവിടം വിട്ടു പനങ്കൊരലുകളിൽ കളിക്കുവാൻ ശ്രമിക്കുമ്പോൾ ‘കരകര’ എന്നൊരു ശബ്ദം മുഴക്കിക്കൊണ്ടിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ആ യുവതി കണ്ണു തുറന്നു; വെളിച്ചം കണ്ടു പിടഞ്ഞെഴുനേറ്റു. വസ്ത്രം വലിച്ചു നേരെയിട്ടതിനുശേഷം അഴിഞ്ഞു ചിന്നിക്കിടന്നിരുന്ന തലമുടി പിന്നിൽ ഒതുക്കിക്കെട്ടി രണ്ടു കൈ കൊണ്ടും മുഖം പൊത്തി. അതോടുകൂടി കയ്യിലെ മെഴുക്കു മുഴുവൻ മുഖത്തു തുടച്ചു കോട്ടുവായിട്ടുകൊണ്ടു പറഞ്ഞു, “രാധേ, അമ്മയെവിടെ? കുളിക്കാൻ പോയോ? ദാ, ആ അടയ്ക്കാത്തരങ്ങെടുത്തു ചിന്നിച്ചിതറണ്ട. മുത്തശ്ശി ദേഷ്യപ്പെടും.”
ശബ്ദം കേട്ടു. കുട്ടി മുഖം. തിരിച്ചു പറഞ്ഞു, “ചേച്ചിയെ ഞാൻ എത്ര വിളിച്ചൂന്നോ? മുത്തശ്ശി ദേഷ്യപ്പെട്ടു് അടുക്കളയിലേയ്ക്കു പോയി.” ഇതു പറഞ്ഞു കുട്ടി കുറച്ചിട മൌനമായിരുന്നു. ഉടനെ എന്തോ കാത്തിട്ടു വീണ്ടും പറഞ്ഞു, “ചേച്ചി, ഇന്നല്ലേ ഏട്ടൻ വരുക? അതിനുമുമ്പു് എനിക്കു കുളിച്ചു വരണം. വരൂ. നോക്കു കുളിക്കാൻ പോവാം.”
ഇതിനു മറുപടിയൊന്നും പറയാതെ ആ യുവതി ഓവറയിൽ നിന്നു കിണ്ടിയും തമലയുമെടുത്തു പുറത്തയ്ക്കുപോയി. കുട്ടിയും അവരെ അനുഗമിച്ചു.
ആ വീടു്, കുടുംബശ്രീ എന്നു പറഞ്ഞുവരുന്ന എന്തോ ഒന്നുകൊണ്ടു മാത്രമാണു്. നിലനിന്നുപോരുന്നതു്. പറയത്തക്ക സ്വത്തു പോട്ടെ, കഷ്ടിച്ചു കഴിഞ്ഞുകൂടാനുള്ള വക കൂടി, അവർക്കില്ല. അവരുടെ സ്ഥിതി നേരയാക്കാൻ പോന്ന പുരുഷന്മാരും അവിടെയില്ല. ആകപ്പാടെ ഒരു ചെറുപ്പക്കാരനുണ്ടു്. ആയാൾ ഒന്നൊന്നരക്കൊല്ലംമുമ്പു കോളേജിൽ വായിക്കുമ്പോഴാണു് ആ വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്ന കാരണവർ അന്തരിച്ചതു്. ആ മരണം ചന്ദ്രൻ പഠിപ്പു നിർത്തി. ആ കുടുംബത്തെ കഷ്ടപ്പാടിൽ വീഴ്ത്തുകയും ചെയ്തു. സ്വതേ വകയില്ലാത്ത കുടുംബം; പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻമാത്രം അതിന്നാലംബവും! ആയാൾക്കു് ഉദ്യോഗമൊന്നും ആയിട്ടില്ല. പലതും ശ്രമിച്ചു നോക്കി. ഫലിച്ചിട്ടില്ല. ഇപ്പോഴും ശ്രമിച്ചു വരുന്നു: പക്ഷേ, പിന്തുണയ്ക്കാളില്ലാതെ എവിടെ എങ്ങനെ കിട്ടാനാണു്! ആയാൾക്കച്ഛനില്ല. അമ്മയും മരിച്ചുപോയിരിക്കുന്നു. ഒരിളയ സഹോദരിയുണ്ടു്—രാധ. അവൾ ചെറിയ കുട്ടിയാണു്. പിന്നെ ഒരു ചെറിയമ്മയും, ചെറിയമ്മയ്ക്കു പ്രായം തികഞ്ഞ, ഭാനുമതി എന്നു പേരായി ഒരു മകളും.
സമയം ഏതാണ്ടു് എട്ടുമണിയായി. ആ ചെറിയ പെൺകുട്ടി കുളിയും പ്രാതലും കഴിഞ്ഞു് ഉമ്മറത്തു കാവലായി. ഏട്ടന്റെ വരവിൽ അവൾക്കുള്ള പ്രത്യേകൌത്സുക്യം, ആയാൾ അവൾക്കു കുപ്പായശ്ശീല കൊണ്ടു വരുമെന്നതാണു്.
അവളുടെ ആശ വിഫലമായതുമില്ല. ആയാൾ വന്ന ഉടനേ അവൾക്കുള്ള പൊതി വാത്സല്യസമേതം കയ്യിൽ വെച്ചു കൊടുത്തു. അവൾ ശീലത്തരങ്ങളുടെ വൈചിത്ര്യത്തിൽ ആഹ്ലാദിച്ചുകൊണ്ടിരിക്കെ, അവളുടെ ജ്യേഷ്ഠനും ചെറിയമ്മയും തമ്മിൽ സംഭാഷണം നടന്നു.
“കുട്ടാ, പോയ കാര്യം എന്തായി? സാധിച്ചുവോ? അദ്ദേഹം എന്തു പറഞ്ഞു? അടുത്തെങ്ങാനും ഒഴിവുണ്ടാകുമോ?”
“എന്റെ ചെറിയമ്മേ, വെറുതേ യാത്രയ്ക്കുള്ള പണം ചെലവഴിച്ചു. അല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.”
“കഷ്ടം! എത്ര തവണയായി ഒരു കൊല്ലത്തിന്നിടയ്ക്കു്, കുട്ടൻ ഇങ്ങനെ ഉദ്യോഗമന്വേഷിച്ചു് അലഞ്ഞു നടക്കുന്നു! കുറേക്കഴിഞ്ഞാലെങ്കിലും മനുഷ്യർക്കു ദയവുണ്ടാവില്ലേ? എത്ര ആളുകൾക്കു ദിവസം പ്രതി ഉദ്യോഗം കിട്ടുന്നു! നമ്മളെ മാത്രം ഇങ്ങനെ ഈശ്വരൻ ബുദ്ധിമുട്ടിക്കുന്നതെന്തിനാണു്? അല്ലെങ്കിൽ ഈശ്വരനെ കുറ്റം പറയുന്നതെന്തിനാണു്? അവനവന്റെ തലയിലെഴുത്തു്!” ഇതു പറഞ്ഞു കഴിയുമ്പോഴയ്ക്കു ചെറിയമ്മയുടെ കണ്ഠം പതറാനും കണ്ണിൽ വെള്ളം നിറയുവാനും തുടങ്ങി. അതു കണ്ടു ചന്ദ്രൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“സാരമില്ല, ചെറിയമ്മേ, ഇനിയും ശ്രമിക്കാം. അടുത്തു തന്നെ വല്ലതും കിട്ടാതിരിക്കില്ല.”
ഇതു പറഞ്ഞു ആയാൾ രാധയുടെ അടുക്കലേയ്ക്കു ചെന്നു ശീലത്തരങ്ങളെപ്പറ്റിയുള്ള അവളുടെ അഭിപ്രായം ചോദിച്ചുകൊണ്ടിരുന്നു. ചെറിയമ്മ ചുമച്ചുകൊണ്ടു് അടുക്കളയിലേയ്ക്കു പോയി.
ഈ സമയത്തെല്ലാം ഭാനു അവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടു് ഉമ്മറവാതില്ക്കൽ നിന്നിരുന്നു. വിചാരങ്ങളെയെല്ലാം ഒരടക്കവുമില്ലാതെ പൊട്ടിപ്പുറപ്പെടുവിക്കുന്ന അമ്മയുടെ ശീലം, എന്തുകൊണ്ടോ, ഭാനുവിനു കിട്ടിയിട്ടില്ല. പറയുന്നതിലധികം വിചാരിക്കുകയണു് അവളുടെ ശീലം. എന്തായാലും അവൾ മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കുകൊണ്ടിരുന്നതു് ഒരു പ്രത്യേക മട്ടിലാണു്. അതു മറ്റാരും അറിയില്ല. അത്ര മൌനമായിട്ടാണു്. ചന്ദ്രന്റെ ഉദ്ദ്യോഗാന്വേഷണങ്ങളും അതിൽ ഇടവിടാതെയുണ്ടാകുന്ന തോൽവിയും അവൾ കണ്ടിരുന്നു. എന്നാൽ അമ്മയെപ്പോലെ ക്ഷോഭത്തോടു കൂടിയല്ല അവളതിനെ നേരിട്ടതു്. ഇത്തവണയും അവൾ അതിനെപ്പറ്റി ഒന്നും ശബ്ദിക്കാതെ ഉമ്മറത്തേയ്ക്കു വന്നു് അനുജത്തിയുടെ ആഹ്ലാദത്തിൽ പങ്കുകൊണ്ടു. അനുജത്തിയുടെ ഉത്സാഹത്തിനു തുണയായി ഭാനു വന്നപ്പോൾ ചന്ദ്രൻ അവിടെനിന്നെഴുനേറ്റു. ബലാല്ക്കാരേണ സന്തോഷമഭിനയിച്ചു് അനുജത്തിയെ സന്തോഷിപ്പിച്ചിരുന്ന ആയാൾക്കതു വലിയൊരാശ്വാസമായി. ആയാൾ ഉള്ളിലെ അസ്വസ്ഥത അടക്കിക്കൊണ്ടു് ആ കോലായിൽ പതുക്കെ നടക്കുകയായി. നാലഞ്ചാളുകളടങ്ങിയ ആ കുടുംബം ഇവിടന്നങ്ങോട്ടു് എങ്ങനെയാണു് പുലർത്തേണ്ടതു് എന്നു വിചാരിച്ചു് ആയാൾ വിഷണ്ണനായി: “അവർക്കു് ഉണ്ണാനും ഉടുക്കാനും ഉണ്ടാക്കിക്കൊടുക്കണം. കൂടാതെ, താമസിക്കാതെ ചികിത്സിച്ചില്ലെങ്കിൽ ചെറിയമ്മ അടുത്തു കിടപ്പിലാവും. രാധയെ സ്കൂളിൽ ചേർക്കണം. തലപൊളിയുന്ന നികുതി എവിടന്നെങ്കിലും ഉണ്ടാക്കിക്കൊടുക്കണം. ഇതൊക്കെ എങ്ങനെയാണു് നടത്താൻ കണ്ടിരിക്കുന്നതു്!” ആയാൾക്കുള്ളിൽ കരച്ചിൽ വന്നു. അതു് ഒരു നെടുവീർപ്പോടുകൂടി പുറത്തേയ്ക്കുവന്നു. തിരിഞ്ഞുനോക്കിയപ്പോൾ ആയാൾ കണ്ടതു്, തന്നെ അനുകമ്പയോടെ നോക്കി നില്ക്കുന്ന ഭാനുവിന്റെ മുഖമാണു്. അവരൊരുനിമിഷം പരസ്പരം നോക്കിനിന്നു. ഉടനെ ഒരു ചിരി വരുത്തി, അടുക്കലേയ്ക്കു ചെന്നു് ആയാൾ പറഞ്ഞു, “രാധേ, അതിൽനിന്നു ചിലതു ചേച്ചിക്കും കൊടുക്കണം. അല്ലെങ്കിൽ ഇനി ഞാനൊന്നും കൊണ്ടു വരില്ല.” ഇതു പറഞ്ഞു് ആയാൾ അവിടെനിന്നു. നടന്നു;
കുളിയും പ്രാതലും കഴിഞ്ഞു ചന്ദ്രൻ പുറത്തിരിക്കുകയാണു്. ദീനക്കാരിയായ ചെറിയമ്മ ചുമച്ചുകൊണ്ടു് ഉമ്മറത്തേയ്ക്കു വന്നു. അന്നു കാലത്തെ കുളികാരണം അവരുടെ ചുമ അധികമായിരുന്നു. ചന്ദ്രനു ജോലി കിട്ടാത്ത കുണ്ഠിതം അതു കുറേക്കൂടി അധികമാക്കി. നേരിട്ടില്ലാത്ത മറ്റൊരു വഴിക്കു് ഒരുദ്യോഗം കിട്ടാനുള്ള മാർഗ്ഗമുണ്ടു്. അതവർക്കു കുളക്കടവിൽനിന്നു കിട്ടീട്ടു കുറച്ചു ദിവസമായി. നല്ലൊരവസരം നോക്കി അതു ചന്ദ്രനെ ധരിപ്പിക്കണമെന്നു വിചാരിച്ചു് അവർ ക്ഷമയറ്റിരിക്കയാണു്. ഇന്നു നല്ലൊരവസരമാണെന്നു കരുതി അവർ അതു പുറത്തു പറയാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു. പലവഴിക്കും നടന്നു മടുത്തു ക്ഷീണിച്ച ചന്ദ്രൻ ഇനി അതിനു വിസമ്മതം പറയില്ലെന്നു് ആയമ്മ ഉറച്ചു. ഇനി പറഞ്ഞാൽത്തന്നെ, ഭാനുവിന്റെ കാര്യം കൂടി വരുമ്പോൾ അയാളതു് ഉപേക്ഷിക്കില്ലെന്നു് ആയമ്മയ്ക്കു നിശ്ചയമുണ്ടു്.
ചെറിയമ്മ ഉമ്മറത്തേയ്ക്കു ചെന്നപ്പോൾ ചന്ദ്രൻ ചാരുകസേലയിൽ ഒരു പുസ്തകവും നിവർത്തിപ്പിടിച്ചു കിടക്കുകയാണു്. ആയാൾ എഴുന്നേറ്റിരുന്നു. ചെറിയമ്മ സംഭാഷണത്തിന്നുള്ള ചില്ലറ പ്രാരംഭങ്ങൾ തുടങ്ങി.
“ഹാവൂ, എന്തൊരു ചൂടാണു്! ഇനി എങ്ങനെയാണു് നാലഞ്ചു മാസം കഴിച്ചുകൂട്ടുക. ചന്ദ്രനു വിയർക്കുന്നില്ലേ? ഇതാ വിശറി വീശിക്കോളു വേണമെങ്കിൽ.”
“ഇവിടെ കുറച്ചു കാറ്റുണ്ടു്. അതാണു് ഞാനിവിടെ കിടന്നതു്. മുറ്റത്തൊരു പന്തലിട്ടാൽ ഉഷ്ണത്തിനു കുറേ ആശ്വാസം കിട്ടുമെന്നു തോന്നുന്നു. പക്ഷേ, അതിനു്…”
“അതേ, പണം വേണ്ടേ! എന്താ ചെയ്യുക! കുട്ടനു് ഒരു ജോലിയുണ്ടായിരുന്നെങ്കിൽ ഈ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലായിരുന്നു.”
ഇതു പറഞ്ഞു് അവർ കുറേ നേരം മൌനമായിരുന്നു. അതിനുശേഷം വളരെ സ്വകാര്യമായിട്ടു കാര്യം പറയാൻ ധൈര്യപ്പെട്ടു. “കുട്ടാ, ഞാനൊരു കാര്യം പറയട്ടെ; രസിക്കുമോ എന്നെനിക്കു നിശ്ചയമില്ല. പക്ഷേ, കാര്യം നല്ലതാണു്. ഇരുകൂട്ടർക്കും നല്ലതാണു്. കുട്ടനു് അതു സമ്മതമാണോ?”
ആയാൾക്കു ചിരി വന്നു. കാര്യം സ്വകാര്യമാണെങ്കിൽ തുറന്നു പറയാതെ, അതു മറ്റുള്ളവർക്കു മനസ്സിലായി എന്ന മട്ടിൽ, അവർക്കതു സമ്മതമാണോ എന്നു ചോദിക്കുന്ന ചെറിയമ്മയുടെ സ്വഭാവം അന്നാദ്യമായിട്ടല്ല ആയാൾ നേരിടുന്നതു്. കാര്യമെന്താണെന്നു് ആയാൾ ചിരിച്ചുകൊണ്ടു ചോദിച്ചു. പ്രോത്സാഹനസൂചകമായ ചിരി കണ്ടപ്പോൾ ചെറിയമ്മയ്ക്കു് ഉത്സാഹം വന്നു. അവർ കാര്യം തുറന്നു പറഞ്ഞു:
“ആ ശേഖരൻ നായരില്ലേ? ആയാളുടെ മകൾക്കൊരാളു വേണം. ഉദ്യോഗമില്ലാത്താളാണെങ്കിൽ ആയാൾക്കുദ്യോഗം കൊടുക്കാൻ കഴിയും. അതു കേട്ടപ്പോൾ എനിക്കു കുട്ടന്റെ ഓർമ്മ വന്നു. അങ്ങനെയായാൽ ഈ അലഞ്ഞുനടക്കലും മറ്റും ഇനി വേണ്ടി വരില്ലല്ലോ. മറ്റൊരു മെച്ചമുണ്ടു്: ഭാനുവിനു് ഇങ്ങോട്ടു നമുക്കും ഒരാളെക്കിട്ടും. ആ പെണ്ണിനു പ്രായം കവിഞ്ഞുതുടങ്ങിയില്ലേ? ഇപ്പോൾ ഒരാളുണ്ടായിട്ടില്ലെങ്കിൽ, ഇനി അവൾക്കൊരാൾ ഉണ്ടായിക്കാണാൻ എനിക്കു യോഗമുണ്ടാവില്ലെന്നാണു് തോന്നുന്നതു്!” തൊണ്ട ഇടറുക കാരണം ചെറിയമ്മ സംസാരം നിർത്തി. മേൽമുണ്ടുകൊണ്ടു കണ്ണുതുടച്ചുകൊണ്ടു് ആയാളുടെ മറുപടി കാത്തിരുന്നു. ആയാൾ മറുപടി ഒന്നും പറഞ്ഞില്ല. ചെറിയമ്മ പിന്നീടു പ്രാരബ്ധങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി…
ആയാളുടെ മനസ്സിലൂടെ ഒരു പതിനായിരം ആലോചനകൾ പാഞ്ഞു. അവിടെ സ്ഥലം പിടിച്ചിരുന്ന പല മനോരാജ്യങ്ങളും സ്ഥലം വിട്ടു പോയി. ആദ്യം കുറേ ദേഷ്യം വന്നെങ്കിലും ചെറിയമ്മയുടെ പ്രായോഗിക മനസ്ഥിതിയെ ആയാൾക്കു് അഭിനന്ദിക്കാതിരിപ്പാൻ കഴിഞ്ഞില്ല. പരിതസ്ഥിതികൾക്കു കീഴടങ്ങി ആയാൾ ആലോചിച്ചു: “അതു നന്നു്: എനിക്കുദ്യോഗം. ഭാനുവിനു് ഒരാൾ: അവൾക്കു പ്രായം കവിഞ്ഞു തുടങ്ങി. ഇനിയും താമസിച്ചാൽ പക്ഷേ, ആജീവനാന്തം അവൾ കന്യകയായി കഴിയേണ്ടി വരും. ഈശ്വരാ, എങ്ങനെയാണതു് അറിഞ്ഞു കൊണ്ടു ചെയ്യുക! പാവം! സാധുക്കുട്ടി! അവൾക്കൊരൊറ്റ ആക്ഷേപവും ആവലാതിയുമില്ല. എല്ലാം നിശ്ശബ്ദമായി സഹിക്കുന്നു!” ഒടുവിൽ ആയാൾ ചെറിയമ്മയെ സമാധാനിപ്പിക്കാനായി പറഞ്ഞു: “ആവാം, ചെറിയമ്മേ, പക്ഷേ, ബദ്ധപ്പെടാറായോ? കുറച്ചുകൂടി ക്ഷമിച്ചുനോക്കിക്കൂടേ?”
ചെറിയമ്മയ്ക്കു സന്തോഷമായി. അവർ വ്യസനവും സന്തോഷവും ഇടകലർത്തിയ സ്വരത്തിൽ പറഞ്ഞു, “കുട്ടന്റെ സ്ഥിതി കണ്ടാണു് ഞാനിതു പറഞ്ഞതു്. ആർക്കും തോന്നില്ലേ സങ്കടം! എത്ര കാലമായി, പാവം, ഒരു ജോലിക്കു വേണ്ടി അലഞ്ഞു തിരിയുന്നു. ഇനിയും എത്ര കാലമാണു് കാത്തിരിക്കുക?” കുറച്ചു ചുമച്ചു നിർത്തിയതിനു ശേഷം, അവർ ഒരാത്മഗതത്തെ തുടർന്നു കുറച്ചുറക്കെ ഇങ്ങനെ തന്നോടെന്ന പോലെ പറഞ്ഞു: “അതോടുകൂടി ആ പെണ്ണിനും ഒരാളെ കിട്ടുകയാണെങ്കിൽ വലിയൊരു ഭാരം കുറഞ്ഞില്ലേ? പിന്നെ രാധ വലുതാവുമ്പോഴയ്ക്കല്ലേ ഒരാളെ നോക്കേണ്ടു. അന്നേയ്ക്കു് ആരു കണ്ടു! ദൈവകൃപയുണ്ടെങ്കിൽ കുട്ടനും ശേഖരൻ നായരെപ്പോലെ നല്ലൊരു സ്ഥിതിയിലായിത്തീരും. ഒരാളെ കിട്ടാൻ വിഷമിക്കയുമില്ല.”
പ്രത്യേകിച്ചൊരു പഠിപ്പുമില്ലാത്ത ചെറിയമ്മയുടെ ലോക പരിചയവും ദീർഘദൃഷ്ടിയും ചന്ദ്രനെ ആശ്ചര്യപ്പെടുത്തി. വരാനുള്ള സംഭവങ്ങൾകൂടി അവർ അളന്നുമുറിച്ചു വെച്ചിരിക്കുന്നു. തന്റെ അടുക്കൽത്തന്നെ, ഇതിനു മുമ്പു്, ഇതുപോലെ രണ്ടുമൂന്നാലോചനകൾ വന്നിട്ടുണ്ടു്. അതെല്ലാം നിരസിക്കുമ്പോൾ താൻ ഇത്ര ദീർഘദർശനം ചെയ്തിരുന്നില്ല. തനിക്കിഷ്ടമില്ലാത്ത ഒരു കാര്യം വേണ്ടെന്നുവെച്ചു എന്നേ കരുതിയിട്ടുള്ളൂ. തന്റെ വിവാഹ സംഗതിക്കു് ആ കുടുംബത്തിലെ മറ്റു ചിലരോടു് ഇത്രയധികം ബന്ധമുള്ള കാര്യം ആയാളുടെ ആലോചനയിൽ കടന്നിട്ടേ ഇല്ല. തന്റെ ഉത്തരവാദിത്വമോർത്തു് ആയാളൊന്നു ഞെട്ടി. “ആട്ടെ, നിവൃത്തിയുണ്ടെങ്കിൽ ഇതു കൂടാതെ കഴിക്കണം” എന്നു് അയാൾ മനസ്സിലുറപ്പിച്ചു! പക്ഷേ, തീരെ മനസ്സമാധാനമില്ലാതെ വീണ്ടും ആലോചിച്ചു: ‘അതല്ലാതെ ഗതിയില്ലെന്നു വരുമോ, ഈശ്വരാ!’
അകത്തു നിന്നു ഭാനുവിന്റെ വിളി കേട്ടു, “അമ്മേ, ഉണ്ണാറായിരിക്കുന്നു.”
“എനിക്കിന്നൊന്നും വേണ്ടാ, മോളേ.”
“ഉം?” കസാലയിൽ നിന്നെഴുനേറ്റു ചന്ദ്രൻ ചോദിച്ചു.
“ഒന്നൂല്യ.” അവർ ചുമച്ചുകൊണ്ടു് മറുപടി പറഞ്ഞു.
ചന്ദ്രൻ അടുത്തു ചെന്നു ചെറിയമ്മയെ തൊട്ടുനോക്കി. അവർക്കു നല്ലവണ്ണം പനിച്ചിരുന്നു. സ്വതവേ ദീനക്കാരിയായ അവർക്കന്നു കാലത്തെ കുളി തീരെ പന്തിയായില്ല. കൂടാതെ വിശേഷദിവസമാകകൊണ്ടു ദേഹമനങ്ങി അടുക്കളയിൽ മകളെ സഹായിക്കുകയുമുണ്ടായി.
“ചെറിയമ്മയ്ക്കു നല്ല പനിയുണ്ടല്ലോ. പോയി കിടക്കൂ. എന്തിനാണു് കാലത്തു കുളിച്ചതും ദേഹമനക്കിയതും?” അല്പം പരിഭവത്തോടും വ്യസനത്തോടുംകൂടി ചന്ദ്രൻ ചോദിച്ചു.
“എന്റെ കുട്ടാ, ആ പെണ്ണൊരുത്തിയല്ലേ ഉള്ളു അടുക്കളയിൽ! എങ്ങനെയാണു് അതു കണ്ടുംകൊണ്ടു ഒരു ദിക്കിൽ അടങ്ങിയൊതുങ്ങിക്കിടക്കുക?”
“എന്തു പനിയാണു് പനിക്കുന്നതു്! മഞ്ഞത്തു പോയി പച്ചവെള്ളത്തിൽ കുളിയും കഴിച്ചു. ഇങ്ങനെ അന്തമില്ലാതെ ചെയ്യരുതു്, കേട്ടോ.”
“ഒരാണ്ടറുതിയല്ലേ കുട്ടാ, ഒന്നു മുങ്ങിക്കുളിക്കാഞ്ഞാലോ എന്നു കരുതി ചെയ്തതാണു്. ഹാവൂ! എനിക്കു വയ്യേന്റമ്മേ. ആ പെണ്ണു മാത്രമേയുള്ളു അടുക്കളയിൽ! രാധ എവിടെയാണാവോ. അടങ്ങിയൊതുങ്ങിയിരിക്കാതെ വികൃതി കാണിച്ചു വല്ല ദിക്കിലും പൊളിഞ്ഞു വീഴും.” ഇങ്ങനെ അവർ ഏക്കത്തിനും ചുമയ്ക്കുമിടയ്ക്കു് ആവലാതികളും മനസ്സമാധാനമില്ലായ്മയും കാട്ടി ഒടുവിലൊരുവിധം ചെന്നു കിടന്നു. ചന്ദ്രൻ ഒരു പുതപ്പുകൊണ്ടു് അവരെ നല്ലവണ്ണം മൂടി ചില സമാധാനവാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു.
“കുട്ടൻ പോയി ഉണ്ണൂ. ഇലയും പലകയും വെച്ചിട്ടുണ്ടാവും. നേരമെത്രയായി!”
“ചെറിയമ്മയ്ക്കു കഞ്ഞി കാലമാവട്ടെ. ഒന്നിച്ചിരിക്കാം.”
അതിലിടയ്ക്കു് ഉമ്മറത്തു നിന്നു ‘പ്ടേ’ എന്നൊരൊച്ചയും അതിനെത്തുടർന്നു് ഉറക്കെ ഒരു കരച്ചിലും കേട്ടു.
“അതാ, ഞാൻ പറഞ്ഞില്ലേ, ആ പെണ്ണതാ വികൃതി കാട്ടിക്കാട്ടി എവിടെയോ പൊളിഞ്ഞുവീണു. എവിടെയൊക്കെയാണാവോ പൊട്ടിയതു്! വേഗം പോയി നോക്കൂ. ഇതാണു് നോക്കാനൊരാളില്ലാഞ്ഞാൽ,” എന്നു പറഞ്ഞു ചെറിയമ്മ കിടന്നിടത്തുനിന്നെഴുനേല്ക്കാൻ ഭാവിച്ചുകൊണ്ടു തുടർന്നു: “ഒരാണ്ടറുതിയായിട്ടു് എല്ലാവരും. കിടപ്പിലാവണം. അങ്ങനെയാണു് വേണ്ടതു്. എന്റയീശ്വരാ, ഞാനെന്തൊരു പാപമാണു്. മുജ്ജന്മം ചെയ്തതു്, ഇതൊക്കെ കണ്ടനുഭവിക്കാൻ!”
ചെറിയമ്മയുടെ ഭയം അസ്ഥാനത്തായിരുന്നില്ല. രാധ ഉമ്മറത്തുനിന്നു് അകത്തേയ്ക്കോടുമ്പോൾ ഉമ്മറപ്പടി തട്ടി വീണു നെറ്റി പൊട്ടി. രക്തം ധാരയായി ഒലിച്ചിരുന്നു. കുട്ടി പരിഭ്രമിച്ചു വളരെയുറക്കെ കരഞ്ഞു. ചോര പോകുന്നതു കണ്ടു മറ്റുള്ളവരും പരിഭ്രമിച്ചു. ഒടുവിൽ ഒരുവിധം മുറിവുകെട്ടി ശരിയാക്കി. അപ്പോഴേയ്ക്കും കരഞ്ഞു ക്ഷീണിച്ചു കുട്ടി ഭക്ഷണം കഴിക്കാതെ ക്ഷണത്തിലുറങ്ങി. ചെറിയമ്മ തന്റെ വിധിയെ ശപിച്ചുകൊണ്ടു കരഞ്ഞു കഞ്ഞി കുടിക്കാൻ കൂട്ടാക്കാതെ കട്ടിലിൽ കമിഴ്‌ന്നുകിടന്നു. ഇതെല്ലാം കണ്ടു മറ്റുള്ളവർ എങ്ങനെ ഭക്ഷണം കഴിക്കും? ഭാനു അമ്മ കിടക്കുന്ന മുറിയിൽ ചുമരുചാരിയിരുന്നു നിശ്ശബ്ദമായി കരഞ്ഞു.
അടക്കവയ്യാത്ത വ്യസനത്തോടും ദേഷ്യത്തോടും നൈരാശ്യത്തോടുംകൂടി ചന്ദ്രൻ ഏകാന്തത്തിലിരുന്നു പലതും ആലോചിച്ചു. ആ ഒരിടനേരത്തിനകം ആയാൾക്കു് പത്തു വയസ്സുകൂടി. അതിനുള്ള ലോകചരിചയവും കിട്ടിയിരിക്കണം. അയാൾ ചെറിയമ്മയുടെ ഉപദേശം സ്വീകരിച്ചു് അവരെ സാന്ത്വനപ്പെടുത്തി.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)