തീരേ സമയം കളയാനില്ലാത്തവർക്കുമാത്രം നേരിടേണ്ടിവരുന്ന അപ്രതീക്ഷിതങ്ങളായ പലേ പ്രതിബന്ധങ്ങളേയും ഒരുവിധം പിന്നിട്ടതിനുശേഷം, കൂലിവണ്ടി റയിൽവേഗയിറ്റിന്നരികേ വന്നു കാവലായി. ആ കാത്തുനില്പിന്നു അവസാനമില്ലാത്തതുപോലെ തോന്നി. തീവണ്ടിയുടെ ഇരമ്പം ദൂരത്തുനിന്നു കേട്ടിരുന്നെങ്കിലും, അതു വരുന്നതു കാണ്മാനില്ല. ഒടുവിൽ അക്ഷമമായി ദൂരം പിന്നിട്ടിരുന്ന അതു്, താവളമടുത്തതിന്റെ സൂചനയായി ഉറക്കെ ചൂളമിട്ടുകൊണ്ടു പറന്നുവന്നു. റയിൽവേ ഗയിറ്റും അവിടെ കാത്തുനിന്നിരുന്ന ആളുകളും, അതു് ഒരു മിന്നൽപ്പിണർപോലെ കടന്നുപോകുന്നതു കണ്ടു. കാവല്ക്കാരൻ ഗയിറ്റു തുറന്നു. റയിൽവേസ്റ്റേഷനിലേയ്ക്ക് ഇനിയും ദൂരം കുറേയുണ്ടു്. കാറിലിരിക്കുന്ന മി: കൃഷ്ണമേനോൻ വാച്ചുനോക്കി. കഷ്ടി ഒമ്പതു മിനിട്ടുണ്ടു്. അയാൾ മുമ്പോട്ടു കുനിഞ്ഞിരുന്നു വീണ്ടും ഡ്രൈവറുടെ കൂലി കൂട്ടി. കാർ പറപറന്നു. അതാ, ഒടുവിൽ, സ്റ്റേഷൻ പരിസരം. മുമ്പോട്ടൊരു തള്ളിച്ചയോടുകൂടി കാർ നിന്നു. ‘പ്ടെ!’ വാതിൽ മലർന്നു. ഒരു പോർട്ടർ വന്നു സാമാനം വാരി കൈക്കലാക്കി. “എടോ, രണ്ടാം ക്ലാസ്, എറണാകുളം.”
“സർ, കഷ്ടി സമയമുണ്ടു്. വേഗം എന്റെ പിന്നാലെ—”
പ്ലാറ്റുഫോറം ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. പോർട്ടർ സ്വതസ്സിദ്ധമായ സാമർത്ഥ്യത്തോടേ അതിന്നിടയിലൂടേ നീന്തി. കൃഷ്ണമേനോന്നു് അതത്രതന്നെ എളുപ്പത്തിൽ സാധിച്ചില്ല. ‘ണ്ണീം, ണ്ണീം, ണ്ണീം’ മൂന്നാംബെൽ. മുറിയുടെ വാതിൽ തുറന്നു പോട്ടർ സാമാനം അകത്തിട്ടു. ഗാർഡ് വിസിലൂതി. കൃഷ്ണമേനോൻ മുറിയിൽ ചാടിക്കയറി, മടിശ്ശീല തുറന്നു കയ്യിൽ കിട്ടിയ നാലണയുടെ ഒരു നാണ്യം പോർട്ടർക്കെറിഞ്ഞുകൊടുത്തു. ‘ത്സു, ത്സു, ത്സു!’ വണ്ടി പതുക്കെ ഇളകിത്തുടങ്ങി. ഒരു കിതപ്പോടുകൂടി കൃഷ്ണമേനോൻ മെത്തയിലിരുന്നു.
സ്റ്റേഷൻ പിന്നിട്ടു. വണ്ടിക്കു വേഗം കൂടിക്കൊണ്ടിരുന്നു. കൃഷ്ണമേനോൻ പിന്നിലേയ്ക്കു ചാഞ്ഞു. വർത്തമാന കടലാസ്സു നീർത്തിനോക്കി. ഉടനെ കണ്ടതു വാർദ്ധക്യസഹജമായ കിതപ്പിനു കാരണം ക്ഷീണിച്ച ഹൃദയമാണെന്നും, അതിന്നു കൈകണ്ട ഔഷധം തങ്ങളുടെ ‘ഒക്കാസ’യാണെന്നുമുള്ള ഒരു കമ്പനിക്കാരുടെ പരസ്യമാണു്. താൻ അതു കഴിച്ചുതുടങ്ങേണ്ട കാലം തീർച്ചയായും ആസന്നമായിരിക്കുന്നു എന്നു കൃഷ്ണമേനോന്നു തോന്നി. “വരട്ടെ, ഞാൻ മടങ്ങിവരട്ടെ. ഇനി അമാന്തിച്ചാൽ പറ്റില്ല” എന്നു്, ദേഹത്തിലാകെ ഒരു പരീക്ഷണം കഴിച്ചു്, സ്വയം പറഞ്ഞു. കടലാസ്സു താഴേ വെച്ചു പുറത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു.
നാലഞ്ചുമാസം മുമ്പു പെൻഷൻ പറ്റിപ്പിരിഞ്ഞതിന്നുശേഷം കൃഷ്ണമേനോന്നു മിക്കപ്പോഴും തന്റെ ആരോഗ്യത്തെക്കുറിച്ചു വലിയ സംഭ്രമംതന്നെയാണു്. അതില്ലേ: പത്തിരുപത്തഞ്ചു കൊല്ലം ആന്തമാനിലെ അവ്യവസ്ഥമായ കാലാവസ്ഥ അനുഭവിച്ചുകഴിഞ്ഞ ഒരാളുടെ ആരോഗ്യം, അയാൾ അതിന്നുമുമ്പു് എത്രതന്നെ അരോഗ ദൃഢഗാത്രനായിരുന്നാലും ശരി, കുറേ പരുങ്ങലിലാവാതെ തരമുണ്ടോ? ഏതാണ്ടു് ഏകാന്തമായ അവിടത്തെ ജീവിതം; കഠിനമായ ജോലിയുടെ സ്വഭാവം; തടവുകാരിൽനിന്നു് ഏതുസമയത്താണു് ഉപദ്രവം വരിക എന്ന ഭയം; എല്ലാറ്റിനുംമേലേ കഠിനമായ ചൂടും! അതുമാത്രമോ? മടങ്ങിവന്നിട്ടും മനസ്സുഖം തീരേ ഉണ്ടായിട്ടില്ല. ഒരു താസിൽദാരായിരിക്കുക എന്നതു്, ആന്തമാനിലായാൽക്കൂടി, കുറേ ഗൌരവമുള്ള പദവിയാണു്. അക്കാലങ്ങളിൽ ഒഴിവെടുത്തു നാട്ടിലേയ്ക്കു വരുക പരമാനന്ദമായിരുന്നു: “താസിൽദാർ! ആളൊരു ഭാഗ്യവാൻതന്നെ!” എന്നെല്ലാം മുഖംനോക്കിയും നോക്കാതെയും, എന്നാൽ താൻ കേൾക്കെയും, പലരും. പറയുക പതിവായിരുന്നു. ആ സന്ദർഭങ്ങളിലെല്ലാം പെൻഷൻകാലം മുഴുവൻ നാട്ടിൽ വന്നു പരമസുഖമായി കഴിക്കാമെന്നു കൃഷ്ണമേനോൻ മനസാ തീർച്ചപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആ മനോരാജ്യങ്ങളെല്ലാം യഥാർത്ഥത്തിൽ എത്ര ശൂന്യങ്ങളായിട്ടാണു് പരിണമിച്ചതു്!
ഈ സ്ഥിതി, ഒരു താസിൽദാരുടെ പദവിക്കു നല്കപ്പെടുന്ന ബഹുമാനം കൂടി കിട്ടാത്ത ഒരു കാലം, ഒരിക്കൽ വരുമെന്നു കൃഷ്ണമേനോൻ ഉദ്യോഗകാലത്തും ഇടയ്ക്കെല്ലാം ഓർക്കായ്കയില്ല. എന്നാൽ അതു് ഇത്ര നിശിതമായ പ്രതികാരബുദ്ധിയോടെ തന്നെ പിടികൂടുമെന്നു് ആയാൾ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടില്ല. തന്റെ സ്ഥിതിയുടെ ഈ നിസ്സാരത്വം, മദിരാശിയിൽ കപ്പലിറങ്ങിയ ദിവസം അയാൾക്കനുഭവപ്പെട്ടു. അത്രയും കാലം നിഴൽ പോലെ തന്റെ കൂടെയുണ്ടായിരുന്ന ശിപായി, ഇനിമേൽ തന്റെ സാമാനങ്ങളുടെ മേൽനോട്ടം വഹിക്കാൻ ഉണ്ടാവില്ലെന്ന വാസ്തവം അയാൾ അന്നു കണ്ടു. ചുങ്കം ആപ്പീസുകാരുടെ മര്യാദകെട്ട പെരുമാറ്റം, ഇതിനെ കുറേക്കൂടി വ്യക്തമാക്കി. ഗവണ്മെണ്ടുദ്യോഗസ്ഥനായിരുന്ന കൃഷ്ണമേനോൻ അന്നുമുതൽ വെറുമൊരു കൃഷ്ണമേനോനായിരിക്കുന്നു എന്നയാൾക്കു ബോധ്യപ്പെട്ടു.
തന്റെ സ്ഥിതിക്കു വന്ന ദയനീയമായ പ്രാധാന്യമില്ലായ്മ അയാളെ എല്ലാ ദിക്കിലും പിടികൂടി. അയാൾ നാട്ടിൽ നിന്നു കോഴിക്കോട്ടേയ്ക്കു താമസം മാറ്റി. അവിടേയും അതേ അനുഭവംതന്നെ! ആ ഉദ്യോഗകാലത്തെ അവധിക്കാലങ്ങളിൽ കോഴിക്കോട്ടുണ്ടായ താമസത്തെപ്പറ്റി അയാളോർത്തു. എന്തൊരു വ്യത്യാസം! ഗവർമ്മേണ്ടു വക വഴിച്ചെലവു്; കൂടാതെ ധൂർത്തടിക്കാൻ വേണ്ടതിലധികം പണം; പോകുന്നേടത്തൊക്കെ ഒരുയർന്ന ഉദ്യോഗസ്ഥന്റെ പദവിയുടെ ഗൌരവം. കൂടെക്കൂടെ കണ്ടു പോകുവാൻ വരുന്ന പരിചയക്കാരാണെങ്കിൽ അനവധി. അവധിക്കാലം ഒരു നിമിഷംപോലെ കഴിഞ്ഞു പോയിരുന്നു. ലഹളമയം. പണമോ? അന്നെല്ലാം പണം പുല്ല്. ഇന്നു് അതെല്ലാം വ്യത്യാസപ്പെട്ടു. ഒരു ചെറിയ പെൻഷനേ തനിക്കുള്ളു. ഇനിമേൽ രണ്ടാംക്ലാസിൽ സഞ്ചരിക്കുവാൻ തനിക്കു ത്രാണിയില്ലെന്നു കൃഷ്ണ മേനോൻ കണ്ടു. കൂലിയുടെ ഇരട്ടി പോർട്ടർക്കു സമ്മാനം കൊടുക്കാനും വകയില്ല. ഇവയെല്ലാം ഇനിമേൽ നിർത്തണം. പോർട്ടർക്കു് ആവശ്യത്തിലധികം സമ്മാനമായി കൊടുത്ത ആ രണ്ടണയുടെ കാര്യം അയാളെ അപ്പോഴും അലട്ടിക്കൊണ്ടിരുന്നു.
ഇതിലെല്ലാം ഭയങ്കരം, അയാളുടെ കഠിനമായ ഏകാന്തവാസമാണു്. ദൂരേ, ആന്തമാനിൽ, ഒറ്റയ്ക്കു താമസിച്ച കാലം വ്യത്യസ്തമാണു്. അവിടെ ഈ ഏകാന്തത അയാൾ തീരെ അനുഭവിച്ചില്ലെന്നുതന്നെ പറയാം. നാട്ടിലേയ്ക്കു മടക്കത്തിന്റെ പ്രതീക്ഷ ക്ഷമകേടോടേ അതിൽ ഒരുതരം ആസ്വാദ്യത വീശിപ്പോന്നു. അന്നു വർത്തമാനക്കടലാസ്സിൽ കണ്ട നാടു് എത്ര മനോഹരവും പ്രബുദ്ധവുമായിരുന്നു. ‘എന്റെ നാടു്’ എന്നു ദൂരദിക്കിൽ ഒറ്റക്കിരുന്നു സ്വപ്നം കാണുന്നതു് ഏതു് ഏകാന്തതയേയും ആശ്വാസപ്പെടുത്തും. ഈ സ്വപ്നദീക്ഷയുടെ ഫലമായി, പെൻഷൻകാലം ഓടിവന്നതു് അയാളറിഞ്ഞില്ല. ഉന്മേഷത്തോടും, സുഖമൂർച്ഛയുടെ നാന്ദിയായിക്കരുതിയ ഒരുതരം അകാരണമായ മനോവേദനയോടും കൂടിയാണു് അയാൾ നാട്ടിലേയ്ക്കു മടങ്ങിയതു്. എന്നാൽ ആ നാടു് എത്ര ശൂന്യം! താൻ അത്രയും കാലം ആശ്ലേഷിച്ചു പിടിച്ചിരുന്ന പ്രതീക്ഷകൾ, ഒന്നൊഴിയാതെ, നിഷ്പ്രഭങ്ങളും ശുഷ്കങ്ങളുമായി അനുഭവപ്പെട്ടു. ബന്ധുക്കൾ എന്നു പറയത്തക്കവണ്ണം തനിക്കാരുമില്ല. തനിക്കു സ്നേഹമോ താല്പര്യമോ ഉണ്ടായിരുന്നവരിൽ ചിലർ ഒന്നുകിൽ മരിച്ചുപോയി; ബാക്കിയുള്ളവർ അന്യദിക്കുകളിൽ താമസമുറപ്പിച്ചു. വന്ന ഉടനെ ആ താല്പര്യക്കാർക്കു കത്തെഴുതി. എന്നാൽ അവരിലാരും അയാളുടെ മടക്കം അത്ര കാര്യമായിഗ്ഗണിച്ചില്ല. കത്തുകൾക്കെല്ലാം വളരെ താമസിച്ചേ മറുപടി കിട്ടിയുള്ളൂ. അവർ മറുപടി അയയ്ക്കുകയേ ചെയ്തില്ലായിരുന്നുവെങ്കിൽ, പക്ഷേ, അതു് അയാളെ അത്രതന്നെ വേദനിപ്പിക്കുകയില്ലായിരുന്നു. സ്നേഹിതന്മാരുടെ കാര്യമാണെങ്കിൽ, പത്തിരുപത്തഞ്ചു കൊല്ലത്തിനു ശേഷം, ആരു ശേഷിക്കാനാണു്! ഇനി ആരെങ്കിലും ഉണ്ടെങ്കിൽത്തന്നെ അവരെല്ലാം, വരുന്ന വഴിക്കു കപ്പലിൽ വെച്ചു പരിചയപ്പെട്ടവരേക്കാൾ അടുപ്പം കുറഞ്ഞവരായും തോന്നി.
അതുകൊണ്ടാണു്, വഴിക്കു കപ്പലിൽവെച്ചു പരിചയപ്പെട്ട ഇടപ്പള്ളിക്കാരനായ ഒരു സ്നേഹിതനു അയാൾ എഴുത്തയച്ചതും അയാളുടെ ക്ഷണനപ്രകാരം രണ്ടു ദിവസം അവിടെ താമസിക്കുവാൻവേണ്ടി അങ്ങോട്ടു പുറപ്പെട്ടതും. ആ പരിചയക്കാരനും, ആന്തമാനിൽ ഒരിടത്തു ജോലിക്കാരനായിരുന്നു. പെൻഷൻപറ്റി വന്നിരിക്കുകയാണു്. അതുകൊണ്ടു് അവർക്കു തമ്മിൽ ഒരു സാമാന്യബന്ധവും ഉളവായിരുന്നു. മറ്റൊന്നും സംസാരിക്കുവാനില്ലെങ്കിൽ, ആന്തമാനിലെ മേലുദ്യോഗസ്ഥന്മാരുടെ സ്വഭാവവൈപരീത്യങ്ങളെപ്പറ്റിയും അവിടത്തെ കാലാവസ്ഥയെപ്പറ്റിയും അവർക്കു ധാരാളം സംസാരിച്ചിരിക്കാമല്ലോ. ഇടപ്പള്ളിയിലെ സ്നേഹിതൻ അത്ര വലിയൊരു താല്പര്യക്കാരനായിരുന്നു എന്നു് ഇതിന്നർത്ഥമില്ല. ഒരേ സ്ഥലത്തു്, സ്വദേശത്തുനിന്നു വളരെ ദൂരത്തു്, പ്രവൃത്തിയെടുത്തിരുന്ന രണ്ടാളുകൾക്കു തമ്മിൽ സ്വദേശത്തു വന്നാൽക്കൂടി വിട്ടുപോകാത്ത, പൂർവ്വസ്മരണകളെപ്പറ്റി ഉണ്ടാകാവുന്ന, ഒരു സാമാന്യബന്ധം മാത്രമേ അവർ തമ്മിലുള്ളൂ. എങ്കിലും ഈ ബന്ധം കൃഷ്ണമേനോന്നു് ഇപ്പോൾ വളരെ ആശ്വാസകരമായി. രണ്ടു ദിവസമെങ്കിലും കോഴിക്കോടു വിട്ടു താമസിക്കാമല്ലോ. കോഴിക്കോട്ടു താമസം തുടങ്ങിയതുതന്നെ തെറ്റായി. പണ്ടു് താനൊരു നാടനാണു്. പട്ടണത്തിൽ അത്രവളരെ താമസിച്ചിട്ടില്ല. ഒരു ശുദ്ധ നാടൻ ഗ്രാമത്തിലെ പശ്ചാത്തലത്തിലാണു് അയാളുടെ ജീവിതം അധികവും ഉണ്ടായിട്ടുള്ളതു്. കോളേജിൽ പഠിച്ചിരുന്ന കാലത്തു് എറണാകുളത്തുകൂടി ഈ ഗ്രാമസാമീപ്യം—വിസ്തൃതങ്ങളായ പാടങ്ങളും, പറമ്പുകളും, തുറന്ന മൈതാനങ്ങളും, കുന്നിൻ ചെരുവുകളും മറ്റും—അയാൾക്കുണ്ടായിട്ടുണ്ടു്.
കോളേജിൽ പഠിച്ചിരുന്ന കാലത്തു്!—ഈ സമയത്തു വണ്ടി ആലുവാ സ്റ്റേഷൻ വിട്ടിരുന്നെങ്കിലും, അതു് ഒടുവിൽ എറണാകുളത്തുചെന്നു നില്ക്കുമെന്നു് അയാൾ തീരേ ഓർത്തിരുന്നില്ല. വീണ്ടും എറണാകുളം സന്ദർശിക്കാമെന്ന ആശയല്ല അയാളെ അങ്ങോട്ടാകർഷിച്ചതു്. ഉദ്യോഗമൊഴിയുന്നതിന്നു മുമ്പു് അവധിക്കാലത്തും ഒരിക്കൽ അയാൾ അവിടെ പോവുകയുണ്ടായി; അന്നു പഴയ ഗുരുനാഥന്മാരിൽ ചിലർ ക്ഷണിച്ചു സൽക്കരിക്കുകയുമുണ്ടായി. എന്നിരിക്കിലും കോളേജും അതിനെസ്സംബന്ധിച്ച സകലതും അയാളിൽ വെറുപ്പാണു് ഉളവാക്കിയിരുന്നതു്. നിഷ്ഫലങ്ങളായിപ്പരിണമിച്ച ഒരായിരം ആശകളുടേയും പരിശ്രമങ്ങളുടേയും പിതാവായ ആ സ്ഥലത്തു് ഇനിയൊരിക്കലും പോവാൻ അയാൾ താല്പര്യപ്പെട്ടിട്ടില്ല. വിദ്യാഭ്യാസകാലത്തെ ഒരു സംഭവത്തെക്കുറിച്ചു മാത്രമേ, അയാൾക്കു തൃപ്തിയോടുകൂടി ആലോചിക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. അതു് എറണാകുളത്തെസ്സംബന്ധിച്ചതല്ലതാനും. അവിടെനിന്നു കുറേ വടക്കു കിഴക്കോട്ടു നീങ്ങിയ ഒരു പ്രശാന്തമായ ഗ്രാമത്തിനെസ്സംബന്ധിച്ചതാണു് ആ ഓർമ്മ. അതു് ഇപ്പോൾ വണ്ടി എറണാകുളം സമീപിക്കുന്നതോടൊപ്പം അയാളെ പിന്തുടർന്നുവന്നു. സുഖതരമായ ഒരുതരം മൂർച്ചയോടുകൂടി ഓർമ്മയിൽ ഇടവിടാതെ സ്ഥലം പിടിച്ചു, നിശിതമായി മുമ്പോട്ടുയർന്നുതുടങ്ങി.
ഇതിന്നു് ഏറെക്കുറെ ഉത്തരവാദി, ആ തീവണ്ടി യാത്രയും, പാടത്തു മൂർച്ഛിച്ചുവീണ ആ മദ്ധ്യാഹ്നവുമാണെന്നു പറയാം. പട്ടണത്തിലെ അനുസ്യൂതമായ തിരക്കു വിട്ടു്, പടർന്നുപിടിച്ച അഴകോടുകൂടിയ ആകർഷകമായ നാട്ടിൻപുറത്തൂടേ ഓടിപ്പോകുന്ന വണ്ടി, പ്രായം കൂടിയവർക്കു കൂടി അല്പം ഉദ്വേഗജനകമാണു്. വെള്ളം മുഴുവൻ വറ്റാതെ കിടക്കുന്ന പുഞ്ചക്കുളങ്ങൾ; കൊയ്തു കഴിഞ്ഞതും കഴിയാത്തതുമായ പാടങ്ങൾ; ദൂരെ ഒരുഭാഗത്തു വയലുകൾക്കു് അതിരിട്ടു്, ചക്രവാളവുമായി മുട്ടിനില്ക്കുന്ന ഹരിതവർണ്ണമായ പ്രകൃതി; അവിടെ തല പൊക്കി നോക്കുന്ന മങ്ങിയ കുന്നുകൾ: അയാൾ കടന്നുപോകുന്ന ഭൂഭാഗങ്ങൾ അയാളെ യൌവനദശയിലേയ്ക്കു താലോലിച്ചു കൊണ്ടുവരുകയും, സ്വപ്നം കാണിക്കുകയും ചെയ്തു.
ആ സ്വപ്നം പ്രഥമാനുരാഗത്തിനെസ്സംബന്ധിച്ചതത്രേ. കൃഷ്ണമേനോന്നു പെൻഷൻ പ്രായമായി. അതിനിടയ്ക്കു സംഭവങ്ങൾ പലതു നടന്നുകഴിഞ്ഞു. എന്നിരിക്കിലും ആ ഒരു സംഭവം മാത്രമേ, സ്നേഹത്തെസ്സംബന്ധിച്ചേടത്തോളം അയാളിൽ സ്ഥായിയായി സ്ഥലംപിടിച്ചിട്ടുള്ളു. കോളേജിൽ പഠിച്ചിരുന്ന ഒടുവിലത്തെ കൊല്ലത്തെ അയാളോർമ്മിച്ചു: മാധവനെന്ന ഒരു പരിചയക്കാരനുമൊന്നിച്ചു് ഒരു ശനിയാഴ്ച ഇടനേരം തൃക്കാക്കരയ്ക്കു സൈക്കിൾ ചവിട്ടി പോകുന്നതു് അയാൾ മനസ്സിൽ ചിത്രീകരിച്ചു. മാധവൻ അയാളുടെ പ്രത്യേക സ്നേഹിതനായിരുന്നില്ല; സ്നേഹിതൻ തന്നെയായിരുന്നില്ലെന്നുവേണം പറയുക. രണ്ടാളെ തമ്മിലടുപ്പിക്കാൻ വേണ്ടുന്ന ഒരു സാമാന്യസ്വഭാവംപോലും അവരിൽ ഉണ്ടായിരുന്നില്ല. ഒന്നും ചെയ്യാൻ തോന്നിക്കാത്ത ഉന്മേഷരഹിതമായ, ഒരു ശനിയാഴ്ച ദിവസം ഇടനേരം മാധവൻ അയാളെ വീട്ടിലേയ്ക്കു ക്ഷണിച്ചു. കൃഷ്ണമേനോൻ അതു സ്വീകരിച്ചു് അയാളുടെ കൂടെ പോവുകയും ചെയ്തു. താൻ വിചാരിച്ചിരുന്നപോലെ മുഷിപ്പനല്ല മാധവൻ എന്നു കൃഷ്ണമേനോന്നു വഴിക്കു മനസ്സിലായി. അവർ തൃക്കാക്കരെ എത്താറായെങ്കിലും, സ്വതസ്സിദ്ധമായ ലജ്ജയും ഭീരുത്വവും കൃഷ്ണമേനോനെ മടങ്ങുവാൻ പ്രേരിപ്പിച്ചു. ഒരന്യന്റെ വീട്ടിൽ ആദ്യമായി എങ്ങനെയാണു് കടന്നുചെല്ലുക എന്ന പ്രശ്നം അയാളെ വിഷമിപ്പിച്ചു; മടങ്ങിയാലോ എന്നയാൾ വളരെ സംശയിച്ചു. എന്നാൽ മടക്കത്തിനു മതിയായ ഒരൊഴികഴിവു കണ്ടുപിടിക്കാൻ സാധിക്കാത്തവണ്ണം അയാൾ അത്ര ഭീരുവാണു്. എന്നു മാത്രമല്ല, വീടടുക്കുന്തോറും വർദ്ധിച്ചുവന്ന മാധവന്റെ സൌഹാർദ്ദ ഭാവത്തെ പെട്ടെന്നു യാതൊരു കാരണവുമില്ലാതെ തച്ചുടയ്ക്കുന്നതു മര്യാദകേടല്ലേ എന്നും ആ സാധു വാസ്തവത്തിൽ ഭയപ്പെട്ടു.
“നമുക്കു, മെല്ലെ, ആരുമറിയാതെ വീട്ടിൽ ചെല്ലണം?” എന്നു വഴിക്കു മാധവൻ പറഞ്ഞു.
“ഏയ്, അതു മോശമല്ലേ? മറ്റൊരാൾ കൂടി ഉണ്ടെന്ന് അവരെ മുൻകൂട്ടി അറിയിച്ചില്ലെങ്കിൽ അവർക്കു ബുദ്ധിമുട്ടാവില്ലേ?”
“അതു സാരമില്ല. എന്തു വന്നാലും അമ്മയും നാണിക്കുട്ടിയും മാത്രമേ വീട്ടിലുള്ളു. അതുകൊണ്ടു പേടിക്കാനില്ല.”
പാടം കഴിഞ്ഞു്, അവർ ഒരു കയറ്റത്തിലെത്തി. രണ്ടു വരിക്കും നില്ക്കുന്ന കുറേ കുടിലുകൾ പിന്നിട്ടു, ഒരഞ്ചൽപ്പെട്ടി തൂങ്ങുന്ന ഒരു ചെറിയ എടുപ്പിനെ സമീപിച്ചു. അതിൽ ഒരു ചായപ്പീടികയും പലചരക്കു പീടികയുമുണ്ടു്. ആ എടുപ്പു കഴിഞ്ഞു്, അതിന്റെ എതിർവശത്തായി, അല്പം ദൂരേ ഒരാലും, അതിന്റെ നേർക്കു് ഒരു ചെറിയ ഇടവഴിയും. അവർ ഇടവഴിയിലൂടേ പോയി ഒരു പടിക്കലെത്തി. അവിടെനിന്നു്, സാമാന്യം വലിയൊരു വീടു കാണായി. അകത്തുനിന്നു. ഒച്ചയനക്കങ്ങളൊന്നും കേൾക്കുന്നില്ല. അവർ പതുക്കെ അകത്തു കടന്നു് ഉമ്മറത്തെത്തി. മാധവൻ മെല്ലെ ഉമ്മറവാതിൽ മുട്ടി, “അമ്മേ, അ—മ്മേ” എന്നു വിളിച്ചു.
വാതിൽ തുറന്നു പ്രായം കൂടിയ ഒരു സ്ത്രീ പ്രത്യക്ഷയായി. തനി നാടൻവേഷം. തലമുടി അമ്പേ നിറം മാറി ചില ഭാഗം വെള്ളിക്കമ്പിപോലെ വെളുത്തിരിക്കുന്നു. അപ്പോഴും പുരികങ്ങളുടെ കറുപ്പുനിറം തീരേ വിട്ടിട്ടില്ല. അവയ്ക്കു താഴേ ശാന്തമായി പ്രകാശിക്കുന്ന കണ്ണുകൾ, അവർക്കു് അസാധാരണമായ ഒരു തേജസ്സു നല്കി. അനക്കമറ്റു് ഒതുങ്ങിക്കിടക്കുന്ന തടാകങ്ങളിൽ നിന്നു പുറപ്പെടുന്നുണ്ടെന്നു തോന്നാറുള്ള ഒരുവക തീക്ഷ്ണമായ തേജസ്സു്, ആ കണ്ണുകളിൽനിന്നു ശാന്തമായി പുറത്തേയ്ക്കു വന്നിരുന്നു. മകനെ കണ്ടമാത്രയിൽ അവരുടെ മുഖം വികസിച്ചു.
“എന്തേ, ഇത്തവണ ഇങ്ങനെ അറിയിക്കാതെ വരാൻ തോന്നിയതു്? ഇതാരാണു്?”
“അമ്മ കൃഷ്ണമേന്നെ അറിയില്ലല്ലോ. എന്റെ ക്ലാസ്സിലാണു്. കുറേ വടക്കാണ് സ്വദേശം. വിസ്തരിച്ചു പിന്നെ പറയാം. ഞങ്ങൾക്കിത്തിരി ചായ വേണം. നാണിക്കുട്ടി എവിടെ?”
“അവൾ കല്യാണിയമ്മയുടെ വീട്ടിലോളം പോയിരിക്കയാണു്. ഇപ്പോൾ വരും. ഞാൻ ചായ ഉണ്ടാക്കിക്കൊണ്ടുവരാം.”
ഇങ്ങനെയാണു് അന്നതു് ആരംഭിച്ചതു്. ഇന്നു്, തീവണ്ടി പതുക്കെ പരിചിതങ്ങളായ ആ വയലുകളുടെ നടുവിലൂടേ പോകുമ്പോൾ, ആവക ഓർമ്മകളെല്ലാം പണ്ടുണ്ടായിട്ടില്ലാത്ത സ്പഷ്ടതയോടെ അയാളുടെ ഓർമ്മയിൽ തെളിഞ്ഞുവന്നു. ഇതു പക്ഷേ, പ്രായാധിക്യം കൊണ്ടുമാവാം. എങ്ങനെയായാലും, ആ ഭൂവിഭാഗത്തിന്റെ കാഴ്ച അതിന്നു സഹായമായി നിന്നു. വണ്ടിയുടെ ജനലിലൂടേ അയാൾ പുറത്തേയ്ക്കു നോക്കി. തൃക്കാക്കരയ്ക്കുള്ള പാത കാണാൻ സാധിച്ചില്ലെങ്കിലും, അതു കിഴക്കു ഭാഗത്തു കാണുന്ന വൃക്ഷങ്ങളുടെ ഇടയിലെവിടെയോ ഉണ്ടെന്നും, അവിടേയ്ക്കു് അധികം ദൂരമില്ലെന്നും അയാൾ ഊഹിച്ചു.
അങ്ങനെ ആ തീവണ്ടിമുറിയിലിരുന്നു കൃഷ്ണമേനോൻ വീണ്ടും കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചാലോചിച്ചു. തന്നെ മാധവൻ വീട്ടിന്റെ മുകളിലേയ്ക്കു കൊണ്ടുപോയതും, താൻ അവിടെനിന്നു ചുറ്റുപാടും കണ്ട കാഴ്ചയും മറ്റും അനുസ്മരിച്ചു: ചുറ്റും ധാരാളം വാഴകൾ; അവ ആ വീട്ടിന്റെ പരിസരത്തിന്നു നല്ല ‘ശ്രീത്വം’ നല്കുന്നു. അവർ താഴത്തിറങ്ങി. ദൂരംകൊണ്ടു ക്ഷണത്തിൽ സുദൃഢമായ ഒരു തരം ബന്ധം നിമിത്തം അവർ പണ്ടുണ്ടാവാത്തവിധം തുറന്നു സംസാരിച്ചുതുടങ്ങി; കോളേജിലും പുറത്തുമുള്ള പലരെക്കുറിച്ചും നേരമ്പോക്കു പറഞ്ഞു ചിരിച്ചു. വെളിച്ചം മങ്ങിത്തുടങ്ങിയിരുന്ന തളത്തിലേയ്ക്കു പാറുക്കുട്ടിയമ്മ ചായയുംകൊണ്ടുവന്നു. ആ മുറിയിലെ നിശ്ശബ്ദമായ അന്തരീക്ഷം കൃഷ്ണമേനോനെ വശീകരിച്ചു. അന്നേവരെ കൃഷ്ണമേനോൻ സ്ത്രീകളുമായി അധികം ഇടപെട്ടിട്ടില്ല. സ്കൂളിൽ പഠിച്ചിരുന്ന കാലത്തുതന്നെ അമ്മ മരിച്ചുപോയിരുന്നു. സഹോദരിമാരാരും ഉണ്ടായിരുന്നുമില്ല. അങ്ങനെ ആ മുറിയിൽ മാധവന്റ അമ്മയോടുകൂടി ഇരിക്കുമ്പോൾ, താൻ പതിവിലധികം സുരക്ഷിതമായ ഒരു സ്ഥലത്താണു് എന്നൊരു തോന്നൽ അയാൾക്കുണ്ടായി. പണ്ടനുഭവിച്ചിട്ടില്ലാത്ത അകാരണമായ സുഖാനുഭൂതിയും, അവ്യക്തമായ ഒരു ഗൃഹജ്വരവും, അയാളെ ബാധിച്ചു. അയാൾക്കു മാധവനോടു് അസൂയ തോന്നി. അത്രയും കാലം തനിക്കു് ഈ അനുഭവം ചേതപ്പെട്ടതിൽ അയാൾ ഖേദിച്ചു. പുറത്തു് ഉമ്മറക്കോലായിൽ, വീട്ടിലെ നായ പതുക്കെ നിലം മാന്തുന്ന ഒച്ച അകത്തേയ്ക്കു കേട്ടിരുന്നു. ഒരു പാണ്ടൻ പൂച്ച അവരിരിക്കുന്നേടത്തു വന്നു കുറച്ചുനേരം നിന്നു. പിന്നീടു വാൽ പൊന്തിച്ചു നിവർന്നുനിന്നു കണ്ണടച്ചു കോട്ടുവാ ഇട്ടതിനുശേഷം, കൃഷ്ണമേനോന്റെ കാലിന്മേൽ സസ്നേഹം കഴുത്തു വെച്ചുരച്ചുതുടങ്ങി. ആ മുറിയിലെ അന്തരീക്ഷം മുഴുക്കെ സ്നേഹമയം. ആ വീട്ടിനോടും അവിടത്തെ ആളുകളോടും താൻ വളരെക്കാലമായി പരിചയമാണെന്നും, തനിക്കും, അവർക്കും തമ്മിൽ മുജ്ജന്മം വഴിയായി സുദൃഢമായ എന്തോ ഒരു ബന്ധമുണ്ടായിട്ടുണ്ടെന്നും അയാൾ വിചാരിച്ചു.
ചായകുടി പകുതിയായപ്പോഴയ്ക്കും നാണിക്കുട്ടി വന്നു. അവൾ വരുന്ന ശബ്ദം കൃഷ്ണമേനോൻ കേട്ടില്ല. നാണിക്കുട്ടി പതുക്കെ വാതിൽ തള്ളിത്തുറന്നു. ഒരു മൂളിപ്പാട്ടുമായി അകത്തു കടന്നപ്പോൾ, അപരിചിതമായ ഒരു മുഖം കണ്ടു് ഒന്നു നിന്നുവെങ്കിലും, അകത്തു കടന്ന സ്ഥിതിക്കു് ഇനി പിന്നോക്കം വെക്കുന്നതു നന്നല്ലെന്നു തോന്നിയിട്ടോ, എന്തോ, അതിലേതന്നെ അകത്തയ്ക്കു പോയി. ആ സംഭവം അപ്പോഴും ആ തീവണ്ടിമുറിയിൽവെച്ചും—നടക്കുന്നതുപോലെ കൃഷ്ണമേനോന്നു തോന്നി. താൻ ഉത്സുകനായി അതു നോക്കിയിരിക്കുന്നതായി കൃഷ്ണമേനോൻ സങ്കല്പിച്ചു. നാണിക്കുട്ടി, പാറുക്കുട്ടിയമ്മയുടെ ചെറുപ്പത്തിലെ രൂപത്തിന്റെ നേർപകർപ്പാണെന്നു കൃഷ്ണമേനോന്നു തോന്നി. ആ കണ്ണുകൾ: അവ, അവതന്നെ!
മകളുടെ പിമ്പേ അമ്മയും അകത്തേയ്ക്കു പോയി. അകത്തുനിന്നു താഴ്‌ന്ന സ്വരത്തിൽ സംഭാഷണം കേട്ടുതുടങ്ങി. അവൾ അതിഥിയെ, തന്നെ, ചോദിച്ചു മനസ്സിലാക്കുകയാണെന്നു കൃഷ്ണമേനോൻ ഊഹിച്ചു. പിന്നീടു സംഭാഷണത്തിന്റെ സ്വരം പൊന്തി: “അമ്മേ, കല്യാണിയമ്മയുടെ മകളില്ലേ, പിന്നെപ്പിന്നെ വായാടിയായിത്തീരുകയാണു്. അയ്യോ, കുട്ടികളായാൽ ഇത്രയൊന്നും വയ്യ… അല്ലാ, അമ്മ അവർക്കു പഴംകൊണ്ടുകൊടുത്തുവോ? ഇല്ലെങ്കിൽ കൊടുക്കൂ. നമ്മുടെ തോട്ടത്തിലെ പഴമാണെന്നറിഞ്ഞാൽ മാധേട്ടനു് അമൃതാവും!”
സ്വന്തം തോട്ടത്തിലെ പഴമാണെന്ന മുഖവുരയുമായി പാറുക്കുട്ടിയമ്മ പഴം കൊണ്ടുവന്നു. എന്തു മാധുര്യം! കൃഷ്ണമേനോൻ പിശുക്കില്ലാതെ സ്തുതിച്ചു. അടിയിലോളം നോക്കിയാൽ, പഴത്തിന്റെ പ്രസ്താവം വരുമ്പോഴെല്ലാം കൃഷ്ണമേനോൻ ഈ സംഭവം ഓർക്കുക പതിവാണു്. അതിലെവിടെയോ ഒരു മധുരസ്മരണയുടെ ലേശം പറ്റിയിരിക്കുന്നതായി അയാൾക്കനുഭവമുണ്ടു്; അതിന്റെ മാധുര്യത്തിലാണോ? ആവാം. അഥവാ, അതിന്റെ വർണ്ണത്തിലായിരിക്കുമോ? അതുമാവാം.
അങ്ങനെ ആ സന്ദർശനം, പിന്നീടു വന്നിരുന്ന സന്ദർശനങ്ങളുടെ ഒരു നാന്ദിമാത്രമായി. മാധവൻ എത്ര നല്ലൊരു കൂട്ടുകാരനാണു്! അയാളുടെ നോക്കിലും നടപ്പിലും നിഴലിച്ചുകണ്ടിരുന്ന നാണിക്കുട്ടിയുടെ രൂപമാവാം, പക്ഷേ, കൃഷ്ണമേനോനെ അയാളുമായുള്ള നിരന്തരമായ കൂട്ടുകെട്ടിന്നു പ്രേരിപ്പിച്ചതു്. അതെന്തായാലും, തൃക്കാക്കരയ്ക്കുണ്ടായ ആദ്യത്തെ യാത്രകൊണ്ടുമാത്രം കൃഷ്ണമേനോൻ തൃപ്തിപ്പെട്ടില്ല. തളത്തിലിരിക്കുമ്പോൾ, ആളെക്കാണാതെ അകത്തുനിന്നു കേട്ട കാല്പെരുമാറ്റം ഇനിയും ഇനിയും കേൾക്കാൻ അയാളാഗ്രഹിച്ചു. ഇടയ്ക്കു മിന്നൽപ്പിണർ പോലെ കണ്ടിരുന്ന ആൾപ്പെരുമാറ്റവും വീണ്ടും വീണ്ടും കാണുവാൻ അയാളാഗ്രഹിച്ചു.
തുടരെത്തുടരെയുണ്ടായ ഈ സന്ദർശനങ്ങൾ, ആളെക്കാണാതെ കേട്ടിരുന്ന കാല്പെരുമാറ്റത്തിനു പകരം, ആളെത്തന്നെ കൂടെക്കൂടെ കാണുവാൻ സഹായിച്ചു. അതിലും കവിഞ്ഞു, ക്രമത്തിൽ സ്വതന്ത്രമായി സംസാരിക്കുവാനും നിർബ്ബാധം പെരുമാറുവാനും ധൈര്യപ്പെടുത്തി. ചില ദിവസങ്ങളിൽ ഇടനേരം മറ്റു രണ്ടുപേരും കിടന്നുറങ്ങുമ്പോൾ, കൃഷ്ണമേനോനും നാണിക്കുട്ടിയും ഉറങ്ങാതെ ഓരോന്നു സംസാരിച്ചുകൊണ്ടിരിക്കുന്നതു് ഒരു സാധാരണ സംഭവമെന്ന നിലയിൽ, ആരെയും ആശ്ചര്യപ്പെടുത്തിയില്ല. ഈ അടുപ്പം ഇങ്ങനെ വളർന്നു വരുന്നതിനെ ആരും ഒരസാധാരണസംഭവമായി ഗണിക്കുന്നതായും കൃഷ്ണമേനോന്നനുഭവപ്പെട്ടില്ല.
ഇതിലെല്ലാമുള്ള ഒരത്ഭുതം, ഇത്രയധികം സന്ദർഭങ്ങൾ കിട്ടിയിട്ടും കൃഷ്ണമേനോൻ നാണിക്കുട്ടിയോടു തന്റെ സ്നേഹം വെളിപ്പെടുത്തിയില്ലെന്നുള്ളതാകുന്നു. ഇതിൽ, പക്ഷേ, വിചാരിക്കുന്നമാതിരി ആശ്ചര്യപ്പെടുവാൻ ഒന്നുമില്ലെന്നും പറയാം: അയാൾ സ്വതേ ഒട്ടു ലജ്ജാശീലനാണു്. അതിനും പുറമേ, ഈ ഏകമുഖമായ ആകർഷണംതന്നെ അയാളെ മൂകനാക്കിത്തീർത്തു. പ്രഥമാനുരാഗത്തിൽ അത്ര അസാധാരണമെന്നു കരുതിക്കൂടാത്ത, ഈശ്വരവിശ്വാസത്തോടുകൂടിയ ഒരുവക ആത്മദമനവും, അയാളെ അതു വെളിപ്പെടുത്തുന്നതിൽ നിന്നു തടഞ്ഞു. ആ പരിശുദ്ധമായ വികാരത്തെ ശാരീരികമാക്കി മലിനപ്പെടുത്തുകയോ? എന്നാൽ ഈശ്വരന്നു മാത്രമറിയാം, അയാളതിനു കലശലായി ആഗ്രഹിച്ചിരുന്നു എന്നു്. അയാളതു പുറമേ കാണിച്ചില്ല. ഈ ആത്മദമനത്തിൽ അഥവാ ത്യാഗത്തിൽ, മിക്ക മതങ്ങളിലും ഉണ്ടെന്നു പറയപ്പെടുന്ന അരൂപമായ ഒരു സംതൃപ്തിയും മനോഗുണവും കൂടി വെളിപ്പെടുന്നുണ്ടെന്നു പറയണം. ഇതിനെല്ലാം പുറമേ, അയാളെ മാത്രം സംബന്ധിച്ച ഒരു വിനയശീലവും തടസ്ഥമായി: അയാൾക്കു് ഇരുപത്തൊന്നു വയസ്സേ ആയിട്ടുള്ളു; കാഴ്ചയിൽ അത്ര തോന്നിയിരുന്നതുമില്ല. തന്റെ ധനസംബന്ധിയായ നിലയെ സുരക്ഷിതമാക്കാതെ ധൃതിയിൽ വിവാഹബന്ധത്തിൽ ചെന്നണയുന്നതു ബുദ്ധിപൂർവ്വകമാണോ എന്നയാൾ സംശയിച്ചു. മാത്രമല്ല, ചില സന്ദർഭങ്ങളിൽ, നിസ്സഹായയും വിധവയുമായ പാറുക്കുട്ടിയമ്മയുടെ സാധുത്വം കാണുമ്പോൾ, അവരിൽനിന്നു നാണിക്കുട്ടിയെ വേർപെടുത്തുന്നതു പാപമാവില്ലേ എന്നും ആ ശുദ്ധാത്മാവു വിചാരിച്ചു. ഇതുകൊണ്ടൊക്കെ അയാൾ തന്റെ സ്നേഹം വ്യക്തമായി പറഞ്ഞില്ല. പാറുക്കുട്ടിയമ്മയ്ക്കും മകൾക്കും മനസ്സിലാകായ്മയില്ല; ഇതു സ്വാഭാവികമായി അവരെ വ്യാകുലപ്പെടുത്തുകയും ചെയ്തു.
അങ്ങനെ, ആ കൊല്ലം അവസാനിക്കുകയും, പരീക്ഷ കഴിഞ്ഞു് അയാൾ നാട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. ജയിച്ചതിനുശേഷം ചില സ്കൂൾപ്പണി നോക്കി, മടുത്തു്, ഒടുവിൽ, ഒരു പരിചയക്കാരനൊന്നിച്ചു് ആന്തമാനിലേയ്ക്കു പോകുവാൻ തീർച്ചപ്പെടുത്തി. ആ വിവരത്തിനു നാണിക്കുട്ടിക്കു് ഒരു കത്തെഴുതണമെന്നും, അതിൽ നേരിട്ടു തുറന്നു പറയാത്ത പലേ കാര്യങ്ങളും എഴുതണമെന്നും അയാൾ മനസ്സിൽ വിചാരിച്ചുവെച്ചു. എന്നാൽ എഴുത്തെഴുതാനിരുന്നപ്പോൾ, അതൊന്നെങ്കിലും എഴുതാതെ പോകയും, എഴുത്തുതന്നെ ഒടുവിൽ പാറുക്കുട്ടിയമ്മയ്ക്കായിത്തീരുകയും ചെയ്തു. നാണിക്കുട്ടിയോടു സ്നേഹാന്വേഷണവും വിവരങ്ങളും പറയണമെന്ന സാധാരണ സൌഹാർദ്ദ പ്രകടനമല്ലാതെ, അവളെപ്പറ്റി വിശേഷിച്ചൊന്നും എഴുതിയതുമില്ല.
ആന്തമാനിലേയ്ക്കു പോകുമ്പോഴും അവിടെവെച്ചും ആയാൾക്കു സ്ത്രീകളുമായി, അയാളുടെ ലജ്ജാശീലം അനുവദിക്കുമെന്നു പ്രതീക്ഷിക്കാവുന്നതിലുമധികം, അടുത്തു പരിചയമാവാനും ഇടപെടുവാനും സംഗതിവന്നു… സ്ത്രീകൾ അയാളെ ഭയപ്പെടുത്തി; അതിലധികം, പക്ഷേ, ലജ്ജിപ്പിക്കുകയും ചെയ്തു. ഇടയ്ക്കു് ഏകാന്തത്തിലിരിക്കുമ്പോൾ അയാളുടെ ചിന്ത ചിറകുവിരുത്തി തൃക്കാക്കരയ്ക്കു ചുറ്റും പറക്കുവാൻ ശ്രമിക്കായ്മയില്ല. എന്നാൽ അതു് ആ വിനഷ്ടമായ സന്ദർഭത്തെ വീണ്ടെടുക്കണമെന്ന ആഗ്രഹത്താലായിരുന്നില്ല. പിന്നീടു ക്രമത്തിൽ ആ ഓർമ്മ ചടച്ചുചടച്ചു്, ദുർബ്ബലമാവുകയും, പെൻഷൻകാലമായപ്പോഴയ്ക്കും തീരേ അവ്യക്തമായ ഒരു പ്രേതരേഖയായിത്തീർന്നു നല്ലവണ്ണം മടങ്ങുകയും ചെയ്തു.
ഇന്നു്, പരിചിതങ്ങളായ ആ വയലുകളെ പിന്നിട്ടു വണ്ടി സ്റ്റേഷനോടടുക്കുന്തോറും, പ്രേതരൂപം പൂണ്ടിരുന്ന ആ ഓർമ്മയ്ക്കു് അത്ഭുതകരമായ ഒരു യാഥാർത്ഥ്യമുണ്ടായിവരുന്നതുപോലെ തോന്നി. തന്റെ അഭിലാഷങ്ങളുടെ അസ്തമയത്തോടുകൂടി ആ വയലുകളും വിസ്മരിക്കപ്പെട്ടുപോയിരുന്നു; ഇന്നു്, അവ ഓരോന്നോരോന്നായി, വഴിക്കു വഴി, പ്രത്യക്ഷമായിത്തുടങ്ങി. അടുത്തുള്ള വയലുകൾക്കപ്പുറം കിഴക്കോട്ടു നോക്കുന്തോറും, അതുവരെ അവ്യക്തമായിരുന്ന ഒരസ്വസ്ഥത സ്പഷ്ടമായ ഉദ്വേഗമായി മാറുന്നതു് കൃഷ്ണമേനോന്നനുഭവപ്പെട്ടു. ആഭൂ വിഭാഗത്തിന്റെ കാഴ്ച, യൌവനത്തിലെ പല ആഗ്രഹങ്ങളേയും അനുസ്മരിപ്പിക്കുകയും, വലിയ വലിയ പ്രതീക്ഷകളോടുകൂടിയിരുന്ന തന്റെ ജീവിതത്തെ, അവയിലൊന്നും കൈവരുത്താതെ അങ്ങനെ അവസാനിപ്പിച്ചതിനെച്ചൊല്ലി കലശലായി വ്യാകുലപ്പെടുത്തുകയും ചെയ്തു.
വണ്ടി സ്റ്റേഷനിൽ നിന്നു. ഇടപ്പള്ളിയിലിറങ്ങിയാൽ നാലഞ്ചു നാഴിക നടക്കുകയല്ലാതെ ഗത്യന്തരമില്ലെന്നോർത്താണു്, കൃഷ്ണമേനോൻ എറണാകുളത്തിറങ്ങി, ആലുവാ ബസ്സിനു സ്നേഹിതന്റെ വീട്ടിലേയ്ക്കു പോകാൻ തീർച്ചയാക്കിയതു്. ബസ്സിൽക്കയറുമ്പോൾ അയാളുടെ മനസ്സു് അസ്വസ്ഥതപ്പെട്ടു. വീട്ടിൽച്ചെല്ലുന്ന സമയത്തും, സ്നേഹിതൻ അവിടെ ഉണ്ടായില്ലെങ്കിലോ? അതോടുകൂടി മറ്റൊരു വികാരവും ഉണർന്നുവന്നു; സന്തോഷം. ആകപ്പാടെ വിചാരിക്കാനും വിശ്വസിക്കാനും വയ്യാത്തവിധത്തിലാണു് സംഭവങ്ങൾ നടക്കുന്നതെന്നു് അയാൾക്കു തോന്നി. വിധി ആളുകളെ പരസ്പരം കൂട്ടി മുട്ടിക്കുന്ന സമ്പ്രദായമോർത്തു് അയാൾ അത്ഭുതപ്പെടുകയും ചെയ്തു.
ബസ്സു സ്നേഹിതന്റെ പടിക്കൽ നിന്നു. കൃഷ്ണമേനോൻ താഴത്തിറങ്ങി, കൂലി കൊടുത്തു, പടി കടന്നു ഉമ്മറത്തെത്തി. രണ്ടുമൂന്നു കുട്ടികൾ ഉടനെ ഉമ്മറത്തേയ്ക്കു് ഓടിവന്നു; പെൺകുട്ടി അകത്തേയ്ക്കുതന്നെ ഓടി; അല്പം പ്രായം ചെന്നൊരു സ്ത്രീ ഉമ്മറത്തേയ്ക്കു വന്നു്, ‘അദ്ദേഹം’ ആലുവാ വരെ പോയിരിക്കയാണെന്നും, രാത്രി എട്ടുമണിയോടുകൂടി മടങ്ങിവരുമെന്നും സാവധാനത്തിൽ പറഞ്ഞയച്ചു. കൃഷ്ണമേനോൻ കുറച്ചുനേരം അവിടെ അങ്ങനെ ഇരുന്നതിനുശേഷം, പുറത്തു പോയി ഒന്നു നടന്നുവരാമെന്നുവെച്ചു് അവിടെനിന്നിറങ്ങി. പതുക്കെ കിഴക്കോട്ടു നടന്നു. ഒരു ചെറിയ മഴച്ചാറൽ കഴിഞ്ഞു്, പോക്കുവെയിൽ പ്രകാശിക്കാൻ തുടങ്ങുകയാണു്. കറുത്ത മേഘങ്ങളിൽ കുടുങ്ങിയിരുന്ന സൂര്യൻ, ശാന്തനായി പുറത്തേയ്ക്കു വന്നു പ്രകാശിച്ചു. സൂര്യൻ പ്രകാശിച്ചുവരുന്തോറും, ദൂരത്തു കണ്ടിരുന്ന മങ്ങൽ ക്രമേണ നീങ്ങിനീങ്ങിപ്പോകുന്ന കാഴ്ച കൃഷ്ണമേനോനെ അത്യന്തം ആകർഷിച്ചു.
അതാ, ആ പഴയ കയറ്റം. കൃഷ്ണമേനോൻ അറിയാതെ ഒന്നു ഞെട്ടി. ആ സ്ഥലം ഇത്ര അടുത്തോ! അതു കാണുവാൻ അയാൾ ആഗ്രഹിച്ചിരുന്നു; എന്നാൽ അവിടെ പോകണമെന്നു വിചാരിച്ചിരുന്നില്ല. അല്ലെങ്കിൽ അവിടെ പോയാലെന്താണു്? ഒരു പഴയ പരിചയത്തെ പുതുതാക്കാമെന്നല്ലാതെ, അതിനെക്കുറിച്ചു് അത്ര വിചാരപ്പെടാനെന്തുണ്ടു്? കഴിഞ്ഞുപോയ കാലങ്ങളെക്കുറിച്ചു് ആ വീട്ടുകാരുമായി സോത്സാഹം കുറച്ചു സംസാരിക്കുകയും, അവരുടെ കുശലമന്വേഷിച്ചു മടങ്ങിപ്പോരുകയും ചെയ്യാം. അതിലെന്താണു് ദോഷം? എന്നല്ല, അത്രയും അടുത്തു വന്ന സ്ഥിതിക്കു്, അതു ചെയ്യേണ്ടതുമല്ലേ? എന്തായാലും തന്റെ കാര്യങ്ങൾ കൊണ്ടുനടക്കുന്നതിൽ തന്നെക്കാളധികം സ്വാധീനതയുള്ള ഏതോ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ടെന്നു കൃഷ്ണമേനോന്നു ബോധപ്പെട്ടു. എന്നാൽ, ആ കൂടിക്കാഴ്ചയെ അത്ര പൊടുന്നനെ നേരിടുവാൻ അയാള്‍ക്കു ശേഷിയില്ല. അയാളുടെ നാഡികൾക്കു് അത്ഭുതകരമായ ഒരു തളര്‍ച്ചയും ഉന്മേഷക്കുറവും പിടിപെട്ടു.
ആ പഴേ പീടികകൾ അങ്ങനെതന്നെ നില്ക്കുന്നു; മഴക്കാലത്തിനുശേഷം വെള്ളയടിച്ചിട്ടില്ലാത്തതുകൊണ്ടു ചുമരുകൾക്കു പായൽ കയറിയിട്ടുള്ളതല്ലാതെ മറ്റൊരു മാറ്റവുമില്ല. അഞ്ചൽപ്പെട്ടിയുടെ നിറം പഴകി നരച്ചിരിക്കുന്നു. അയാൾ ചായ കഴിക്കാൻ തീർച്ചപ്പെടുത്തി, അവിടെക്കയറി ഒരു ബഞ്ചിന്മേലിരുന്നു. ചായക്കാരൻ ക്ഷണത്തിൽ ചായ കൊണ്ടു വന്നു വെച്ചു; കൂടെ കുറെ പഴവും. “ഇതാവശ്യമില്ല” എന്നു കൃഷ്ണമേനോൻ പറഞ്ഞെങ്കിലും, “നല്ല പഴമാണു്” എന്നു ശിപാർശി ചെയ്തു് അയാൾ അതു തിന്നുവാൻ നിർബ്ബന്ധിച്ചു.
“ഇവിടങ്ങളിലെ പഴം നല്ലതാണെന്ന് എനിക്കറിയാം; ഞാൻ ഇതിനു മുമ്പും ഇവിടെ വരുകയും ഇതു തിന്നുകയും ചെയ്തിട്ടുണ്ട്” എന്നു കൃഷ്ണമേനോൻ പറഞ്ഞു.
“ഇതിനു മുമ്പു വന്നിട്ടുണ്ടോ? അപ്പോൾ പുതുതായി വരുകയല്ലാ! എത്ര കാലം മുമ്പാണു്”
“വളരെ മുമ്പു്; ഒരു മുപ്പതു കൊല്ലത്തിന്നപ്പുറം.”
“അപ്പോൾ ഇവിടെയൊക്കെ പരിചയമുണ്ടാവും”
“ആ, ഇല്ലെന്നു പറയാൻ വയ്യ. പുത്തൻ വീട്ടുകാരെ അറിയും.”
“അവരുടെ വീടാണല്ലോ ആ കാണുന്നതു്. ഇതിനു നേരേ മുമ്പിൽത്തന്നെ.”
“മനസ്സിലായി. അവിടെ ഇപ്പോൾ ആരെല്ലാമുണ്ടു്?”
“ആരൂല്യ; നാണിക്കുട്ടിയമ്മമാത്രം. അവരുടെ അമ്മ ഒരഞ്ചാറു കൊല്ലം മുമ്പു മരിച്ചു. ഒരാങ്ങള ഉണ്ടായിരുന്നതു സിങ്കപ്പൂരോ മറ്റോ ആണത്രേ. പക്ഷേ, മൂപ്പര് പണം അയച്ചുകൊടുക്കാറുണ്ടു്. അതുകൊണ്ടു ബുദ്ധിമുട്ടൊന്നുമില്ല. സുഖമാണ്. അവിടെ പോണില്ലേ, ആവോ?”
“പോകണം.”
ചായകുടി കഴിഞ്ഞു കൃഷ്ണമേനോൻ പതുക്കെ പുറത്തേയ്ക്കിറങ്ങി. എങ്ങോട്ടാണു് പോകേണ്ടതെന്നു സംശയിക്കാനില്ല. എങ്കിലും അയാളുടെ കാലുകൾ വിറയ്ക്കുകയും ഹൃദയം ക്രമാധികമായി മിടിക്കുകയും ചെയ്തു. അയാൾ പടിവാതില്ക്കൽച്ചെന്നു സംശയിച്ചു നിന്നു. അകത്തെ സ്ഥിതിയറിയുവാൻ പൊറുത്തുകൂടാത്ത ഔത്സുക്യവും, അവിടെനിന്നു മടങ്ങുവാൻ അത്യധികമായ ആഗ്രഹവുമുണ്ടായി. എന്നാൽ മടക്കത്തെക്കുറിച്ചു വിചാരിക്കുകയേ വേണ്ടായിരുന്നു. വരാൻപോകുന്നതു മുഴുവൻ സഹിക്കാൻ അയാൾ തയ്യാറായിക്കൊള്ളേണ്ടിയിരുന്നു.
പടി തുറന്നു. കണ്ണു കെട്ടിയിരുന്നെങ്കിൽക്കൂടി അയാൾക്കവിടെ വഴി തെറ്റില്ല. പൂമുഖത്തേയ്ക്കു നടന്നു. മുറ്റത്തു കിടക്കുന്ന ഒരു ചൊക്ലിപ്പട്ടി എഴുന്നേറ്റു്, ഉടലൊന്നു കുടഞ്ഞു്, വടക്കു പുറത്തേയ്ക്കോടിപ്പോയി. അയാൾ ഉമ്മറത്തു കയറി. വാതിൽ അടച്ചിട്ടിരുന്നു. അതു മുട്ടുവാനുള്ള ധൈര്യം അയാള്‍ക്കില്ല. അല്പം സംശയിച്ചു് അയാൾ ഒന്നു ചുമച്ചു. ഇതെല്ലാം തന്നെ, പണ്ടു കഴിഞ്ഞതിന്റെ അവിശ്വസനീയമായ ഒരാവർത്തനമാണെന്നു അയാൾ വിചാരിച്ചു കൊണ്ടിരിക്കേ, വാതിൽ തുറക്കപ്പെടുകയും ഒരു പ്രായം കൂടിയ സ്ത്രീ പുറത്തേയ്ക്കു വരുകയും ചെയ്തു. പാറുക്കുട്ടിയമ്മ മരിച്ചുപോയിരിക്കുന്നു എന്നു മുൻകൂട്ടി അറിഞ്ഞില്ലായിരുന്നുവെങ്കിൽ, വളരെ വേഗത്തില്‍ അവരാണെന്നു തെറ്റിദ്ധരിച്ചേക്കാവുന്ന നാണിക്കുട്ടിയമ്മയുടെ വാർദ്ധക്യംകയറിയ രൂപമാണിതു്. രണ്ടുപേരും അല്പം സംശയിച്ചു നോക്കിനിന്നു. എന്നിട്ടു കൃഷ്ണമേനോൻ പറഞ്ഞു: ഞാൻ ഇവിടെ അടുത്തൊരിടത്തു വന്നു. അപ്പോൾ ഇവിടെയും ഒന്നു കയറണമെന്നുവെച്ചു പോന്നു. പക്ഷേ, നിങ്ങൾ എന്നെ മറന്നിട്ടുണ്ടാവാം: പണ്ടു മാധവന്റെകൂടെ വന്നിരുന്ന കൃഷ്ണമേനോനെ ഓർക്കുന്നുണ്ടോ?”
“ഓഹോ, കൃഷ്ണമേനോനോ? എന്തത്ഭുതം! ഇന്നലെയാണു് ഞാൻ നിങ്ങളെപ്പറ്റി വിചാരിച്ചതു്. അകത്തു കടന്നിരിക്കു.”
അയാൾ അകത്തു കടന്നു. ആ തളം അന്നു കണ്ട പോലെത്തന്നെ ഇരുളടഞ്ഞിരിക്കുന്നു. ഇരുട്ടു കുറേക്കൂടി വർദ്ധിച്ചിട്ടുണ്ടോ എന്നു കൃഷ്ണമേനോൻ സംശയിച്ചു. അയാൾ ഒരു കസേലയിലിരുന്നു. അതിന്റെ ചുവട്ടിൽക്കിടക്കുന്ന ഒരു പെൺപൂച്ച ‘മ്യാം, മ്യാം’ എന്നു്, തന്റെ സമാധാനത്തെ ഭഞ്ജിച്ചതിന്നു പരിഭവപ്പെട്ടിട്ടെന്നോണം, നിലവിളിച്ചു അകത്തേയ്ക്കു കടന്നുപോയി.
ഗൃഹനായിക കുറെ ചായ കൊണ്ടുവന്നു. അവർ വാതില്ക്കലേയ്ക്കു് ഒതുങ്ങി നിന്നുകൊണ്ടു പറഞ്ഞു: “അവിടെ നല്ല വെളിച്ചമില്ല. അതുകൊണ്ടാണു് ആദ്യം ആളെ മനസ്സിലാവാഞ്ഞതു്. നല്ല വെളിച്ചത്താണെങ്കിൽ, എനിക്കു നിങ്ങളെ ആരും പറഞ്ഞു മനസ്സിലാക്കിത്തരേണ്ട. അത്രയ്ക്കൊന്നും നിങ്ങൾ മാറിയിട്ടില്ല.”
ഇതേ അഭിനന്ദനം മടക്കിക്കൊടുക്കുവാൻ തനിക്കു കഴിവില്ലെന്നു് അയാൾക്കു നിശ്ചയമുണ്ടു്.
കുറച്ചുനേരം മൌനമവലംബിച്ചതിനു ശേഷം നാണിക്കുട്ടിയമ്മ വീണ്ടും പറഞ്ഞു:
“അപ്പോൾ, കിഴക്കേടത്ത് വന്നിട്ടില്ലായിരുന്നെങ്കിൽ ഇവിടെയും വരില്ലായിരുന്നു.”
കൃഷ്ണമേനോൻ മറുപടിയൊന്നും പറഞ്ഞില്ല. ഈ സങ്കോചമില്ലാത്ത സംഭാഷണാരംഭവും, ‘നിങ്ങൾ’ എന്ന മടികൂടാത്ത സംബോധനയും അയാളെ അസ്വാസ്ഥ്യപ്പെടുത്തി. താൻ കണ്ടുവെച്ചിരുന്ന മനോരാജ്യക്കോട്ടയുടെ അടിക്കല്ലു് ഓരോന്നായി പുഴങ്ങുന്നതുപോലെ അയാൾക്കു തോന്നി.
അങ്ങനെ സംഭാഷണം നീണ്ടു. തന്റെ സാന്നിദ്ധ്യം ഗൃഹനായികയെ അല്പം പോലും സങ്കോചപ്പെടുത്തുന്നതായി കണ്ടില്ല. അവർ മാധവനെക്കുറിച്ചും അയാളുടെ സ്ഥിതിഗതികളെക്കുറിച്ചും സംസാരിച്ചു. മറ്റു പലതിനെപ്പറ്റിയും സംസാരിച്ചു. മുറിയിൽ കൂടെക്കൂടെ ഇരുട്ടു കൂടിത്തുടങ്ങി. സംഭാഷണത്തിന്നുള്ള വിഷയങ്ങളും. തീർന്നു. ഇതിനെക്കാളെല്ലാം വൈഷമ്യം, തന്റെ മുമ്പിൽ നില്ക്കുന്നതു പാറുക്കുട്ടിയമ്മയല്ല, നാണിക്കുട്ടിയാണെന്നു സങ്കല്പിക്കുവാനാണു്. ഒടുവിൽ, സംസാരിക്കുവാൻ ഒന്നുമില്ലാതായപ്പോൾ അയാൾ പോകുവാൻ എഴുന്നേറ്റു. ഗൃഹനായിക ചിരിച്ചു കൊണ്ടു പറഞ്ഞു: “ഇനി എന്നാണാവോ കാണാൻ തരപ്പെടുക. പക്ഷേ, ഇനിയും ഒരു മുപ്പതു കൊല്ലം കഴിഞ്ഞതിനുശേഷമായിരിക്കും!”
ആ സ്വരത്തിൽ ലേശം പോലും പരിഹാസമില്ലെങ്കിലും, ആ ചോദ്യത്തിന്റെ ആകപ്പാടെയുള്ള നഗ്നത കൃഷ്ണമേനോനെ വേദനിപ്പിച്ചു: “ഇല്ല, നാളെക്കാണാം.”
“എന്നാൽ അങ്ങനെയാകട്ടെ.?”
അയാൾ തന്റെ സ്നേഹിതന്റെ വീട്ടിലേയ്ക്കു നടന്നു. അന്നു മുഴുവനും പിറ്റേന്നു വൈകുന്നേരംവരേയും, അയാളുടെ മനസ്സിൽ ഒരു ചോദ്യം എപ്പോഴും വന്നുകൊണ്ടിരുന്നു: താനതു പറയണമോ, വേണ്ടയോ?…
ഒന്നു തീർച്ച; അയാൾ അപ്പോൾ നാണിക്കുട്ടിയമ്മയിൽ അനുരക്തനല്ലതന്നെ. പാറുക്കുട്ടിയമ്മ എന്നു പറയുകയാണു്. ഭേദം. എന്തോ: ചില ഭൂതകാലസ്മരണകൾ അവരെ രണ്ടുപേരേയുംകൂടി ബന്ധിച്ചിരുന്നു എന്നതു് വാസ്തവമാണു്. എന്നാൽ അവയെ ഇനി സ്മരിക്കുന്നതിലേക്കാൾ സന്തോഷം വിസ്മരിച്ചുകളയുന്നതിലാണു്. അങ്ങനെയാണെങ്കിലും, ഒന്നയാൾക്കു ബോധപ്പെട്ടു: ഇരുട്ടടഞ്ഞ ആ തളത്തിൽ അപ്രകാരം ഇരുന്നപ്പോൾ, തനിക്കു മറ്റെല്ലാ സ്ഥലത്തും അനുഭവപ്പെട്ടു പോന്ന ആ ഏകാന്തത, തീരേ അനുഭവപ്പെട്ടില്ല. പുറമെയുള്ള ആ ഏകാന്തതയോ, ഭയങ്കരവും! അതുകൊണ്ടു പിറ്റേന്നു വൈകുന്നേരം സംഭാഷണത്തിനിടയ്ക്കു് അയാൾ പെട്ടെന്നു നാണിക്കുട്ടിയമ്മയോടു വിവാഹത്തിന്നു സമ്മതമാണോ എന്നു ചോദിച്ചു.
കുറച്ചുനേരത്തേയ്ക്കു് അവർ ഒന്നും മിണ്ടിയില്ല. ആ മൌനത്തെ അയാൾ സ്വാഭാവികമായിഗ്ഗണിച്ചുവെങ്കിലും, തളത്തിലെ ഇരുട്ടിനു് ഇഴുക്കം കൂടുന്നതായും, മടങ്ങിപ്പോകേണ്ടുന്ന സമയം അതിക്രമിക്കുന്നതായും അയാൾക്കു തോന്നിത്തുടങ്ങി. മിന്നലിന്നുശേഷം, ഇടിമുഴക്കത്തിന്നുള്ള നിശ്ശബ്ദതയുടെ ഭയങ്കരത്വം, ആ മുറിയിലെ നിശ്ശബ്ദതയ്ക്കുമുണ്ടായി. ഒടുവിൽ അതു ഭഞ്ജിക്കപ്പെട്ടു. ആ ശബ്ദത്തിൽ, അയാൾ അതേവരെ അറിഞ്ഞിട്ടില്ലാത്ത മൂർച്ചയും സ്വരഭേദവും ഉണ്ടായിരുന്നു. അതിലധികം അയാളെ ഭയപ്പെടുത്തിയതു്, സ്വരം നാണിക്കുട്ടിയമ്മയുടേതല്ലായിരുന്നു എന്നതാണു്. മുപ്പതു കൊല്ലം അയാൾ കേട്ട ഒരു സ്വരമായിരുന്നു അതു്.
“ഇതാലോചിച്ചു തീർച്ചപ്പെടുത്താൻ വളരെക്കാലം എടുത്തു ഇല്ലേ?”
“…ഞാൻ ഇന്നലെയല്ലേ ഇവിടെ വന്നുള്ളു?”
“ഇന്നലെയോ? കഷ്ടം! മുപ്പതു കൊല്ലം…?”
“ആ പഴയ കഥ എടുക്കുവാൻ തുടങ്ങിയാൽ…”
“ഇല്ല, ഞാനതെടുക്കാൻ തുനിയുന്നില്ല; എനിക്കതിനിഷ്ടവുമില്ല. പക്ഷേ, ഒന്നെനിക്കു മനസ്സിലായിരിക്കുന്നു: ഞാൻ തന്നെയാണു് വിഡ്ഢി… അന്നു നിങ്ങൾ ഒടുവിൽ അമ്മയ്ക്കയച്ച എഴുത്തു കണ്ടപ്പോൾക്കൂടി ഞാൻ ആശിച്ചു കൊണ്ടിരുന്നു: കുറച്ചു കാലത്തിനിടയ്ക്കു നിങ്ങൾ മടങ്ങിവരും. എന്തോ പുറത്തേയ്ക്കു പറയാൻ നിവൃത്തിയില്ലാത്ത കാരണം കൊണ്ടാണ്, നിങ്ങൾ ഒന്നും പറയാതെ പെട്ടെന്നു പോയത് എന്നു ഞാൻ തീർച്ചപ്പെടുത്തി. എന്റെ മോഹം അപ്പോഴും ഞാൻ വിട്ടിരുന്നില്ല. എന്നിട്ടോ, ഞാൻ ഇരുപതു കൊല്ലം കാത്തു. ഇരുപതു കൊല്ലം, ഒരു സ്ത്രീയുടെ ജീവിതത്തിൽ എന്തൊരു കഥയാണ് എഴുതുക എന്നു നിങ്ങൾക്കറിയാമോ? ഒരു ദിവസം കാലത്തു കുളി കഴിഞ്ഞു കുറി തൊടുമ്പോൾ ഞാൻ എന്നെ ആകെയൊന്നു നോക്കി. എനിക്കെന്നെ മനസ്സിലായില്ല. ഞാൻ അത്രയ്ക്കു മാറിയതായി കണ്ടു. ഇതു നിങ്ങൾ പക്ഷേ, വിശ്വസിക്കില്ലായിരിക്കാം. അന്നുമുതല്ക്കു ഞാൻ നിങ്ങളെ വെറുക്കുവാൻ തുടങ്ങി. മനസ്സു കൊണ്ടു വെറുത്തതു പോരാഞ്ഞിട്ട്, ഞാൻ വിവാഹം കഴിച്ചു. പക്ഷേ, എന്റെ ഭാഗ്യം. കുട്ടികളുണ്ടാവുന്നതിന്നുമുമ്പുതന്നെ അയാൾ മരിച്ചു. അതിന്നുശേഷവും കൊല്ലം അഞ്ചെട്ടു കഴിഞ്ഞു. ഒരാൾക്ക് എത്ര കാലം മനസ്സുകൊണ്ട് ഒരാളെ ചെറുത്തുകൊണ്ടിരിക്കാം! ഒടുവിൽ ഞാൻ നിങ്ങളെ സ്നേഹിക്കാനോ വെറുക്കാനോ നിന്നില്ല. ആ സംഭവം തന്നെ തീരേ മറന്നു കളഞ്ഞു. എന്നാൽ ഇന്നലെ, എന്തോ, പെട്ടെന്നു നിങ്ങളെ ഓർക്കുകയുണ്ടായി. ഇപ്പോൾ എനിക്കു നിങ്ങളുടെ നേരേ വെറുപ്പോ സ്നേഹമോ ഒന്നുമില്ല. പക്ഷേ, നിങ്ങളൊരുപകാരം ചെയ്യണം: ഒരു വിധവയുടെ അവസാനിക്കാൻ കാലത്തെ മനസ്സമാധാനത്തെ ഭംഗപ്പെടുത്താൻ മിനക്കെടരുത്. എനിക്കു നിങ്ങളോട് ഒരു വിരോധവുമില്ല, എന്നു മാത്രമല്ല, ഇവിടങ്ങളിൽ വരുന്ന സമയത്ത് ഇത്രത്തോളം വരണമെന്ന് അപേക്ഷയുമുണ്ടു്?”
“ഞാൻ ആദ്യമിവിടെ വന്ന ദിവസം തന്നെ ആട്ടിപ്പുറത്താക്കിയിരുന്നെങ്കിൽ എനിക്കിത്ര ദണ്ഡമുണ്ടാവില്ലായിരുന്നു. അതു കുറേക്കൂടി ദയയുള്ള പെരുമാറ്റമാകും”
“നിങ്ങളോടു ദയയോ? ദയ! എന്തിനു്, എന്നെ മുപ്പതു കൊല്ലം ഇരുത്തി വ്യസനിപ്പിച്ചതിന്നോ? കൃഷ്ണമേന്നേ, നിങ്ങളെ ഒരിക്കൽ കാണണമെന്ന് എനിക്കു മോഹമുണ്ടായിരുന്നു. ഇനിയും കാണുന്നതിന്നു വിരോധവുമില്ല. എന്നാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ദയ എന്നിൽ നിന്നുണ്ടാവില്ല.”
“ഇതിലേ ഇനിയെപ്പോഴാണ് ബസ്സ്?”
“ബസ്സോ? എനിക്കതിന്റെ വിവരമൊന്നുമില്ല. എനിക്കെങ്ങും പോവാനില്ല; പിന്നെ ഞാനെങ്ങനെ അതൊക്കെ അറിയും? പടിക്കലേയ്ക്കിറങ്ങി ആ പീടികയിലെങ്ങാനും അന്വേഷിച്ചാൽ അറിയാം.”
“എന്നാൽ ഞാൻ പോകട്ടെ.”
“അങ്ങനെയാവട്ടെ. ഇനി ഈ ഭാഗത്തെയെങ്ങാനും വരുന്നുണ്ടെങ്കിൽ, ഇവിടെ വരാതെ പോവില്ലല്ലോ. ഒരു കോപ്പ ചായ കഴിച്ചു പോവാം.”
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)