മരിച്ചുപോയവരെ ജീവിപ്പിക്കാനുള്ള മരുന്നു കണ്ടുപിടിച്ചിട്ടുള്ള ഒരു ശാസ്ത്രജ്ഞൻ വന്നു, “മിസ്റ്റർ. ഒരാളെ ജീവിപ്പിക്കാനുള്ള മരുന്നു കേരളത്തിലേക്കു നീക്കിവെച്ചിട്ടുണ്ടു്. നിങ്ങൾക്കാരെ വേണം?” എന്നു പറയുകയാണെങ്കിൽ ഒരു നിമിഷം താമസിക്കാതെ കേരളത്തിൽനിന്നുള്ള മറുപടിവരും, “സഞ്ജയൻ, സഞ്ജയൻ” എന്നു്. ഈ മറുപടി കൊടുക്കാനുള്ള കേരളത്തിന്റെ പ്രാതിനിധ്യം എനിക്കില്ല. അതു പക്ഷേ, സാരമില്ല. ആ പ്രാതിനിധ്യം സഞ്ജയൻ സമ്പാദിച്ചുവെച്ചിട്ടുണ്ടു്. അതു മതി. ഒരു തനി മലയാളിയായിരുന്നു, സഞ്ജയൻ എന്ന രാമുണ്ണിനായർ. എന്നാൽ, മലയാളികൾ സാധാരണയായി പങ്കുകൊള്ളുന്ന യാതൊരു കാര്യത്തിലും രാമുണ്ണിനായർ പങ്കെടുത്തിരുന്നതുമില്ല. അതാണു വിശേഷം. മുനിസിപ്പൽ കൗൺസിലറാവാൻ രാമുണ്ണിനായർ ശ്രമിച്ചിട്ടില്ല. ഡിസ്ട്രിക്ട് ബോർഡിൽ ചാടിവീഴാൻ തഞ്ചം നോക്കി നിന്നിട്ടില്ല. മന്ത്രിപദം മോഹിച്ചു് രാഷ്ട്രീയപ്രവർത്തകനായി ഉയരാൻ യത്നിച്ചിട്ടില്ല. ഗവണ്മെന്റുദ്യോഗം ലാക്കാക്കി പത്രപ്രവർത്തനം നടത്തിയിട്ടില്ല. ഇങ്ങനെയൊക്കെയായിരുന്നാലും മേല്പറഞ്ഞ എല്ലാക്കാര്യങ്ങളിലും രാമുണ്ണിനായർ ഇടപെടുകയും സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ടു്. രാമുണ്ണിനായരുടെ നിസ്സംഗമായ ആ ഭാഗമാണു്, ‘സഞ്ജയ’നെന്ന പേരിൽ അദ്ദേഹം തന്റെ നാട്ടുകാരുമായി ലോഭമില്ലാതെ പങ്കിട്ടിരുന്നതു്.
ചിരിപ്പിച്ചു മണ്ണുകപ്പിക്കുന്ന രീതിയിൽ; ചിലപ്പോൾ നിർദ്ദാക്ഷിണ്യമായതരത്തിൽ; മറ്റുചിലപ്പോൾ നിരായുധരാക്കുന്ന ശാന്തസ്വരത്തിൽ; ഇനിയും ചിലപ്പോൾ ലളിതവും രസാവഹവുമായ അന്യാപദേശരീതിയിൽ—ഇങ്ങനെ പലേതരത്തിൽ പലരേയും പലതിനേയും പറ്റി സഞ്ജയൻ എഴുതിവിട്ടിരുന്ന ലേഖനങ്ങൾ ആർത്തിയോടുകൂടി വായിച്ചുരസിച്ചിരുന്ന കാലത്തു് അവയുടെ കർത്താവിനെ ചൊടിയും ചുണയും പ്രസരിപ്പുമുള്ള ഒരു സാഹിത്യകാരനായിട്ടാണു ഞാൻ മനസ്സുകൊണ്ടു ചിത്രണം ചെയ്തിരുന്നതു്. “ആട്ടെ പാലാട്ടേ നിങ്ങള് പോട്ടെ പാലാട്ടേ…’ എന്ന കുസൃതിപ്പാട്ടു സുപ്രസിദ്ധമാക്കിയ രസികനെ മറ്റെങ്ങനെ ചിത്രണംചെയ്വാൻ കഴിയും? ‘ഞാൻ കണ്ട യൂറോപ്പ്’ എന്ന പുസ്തകത്തിന്റെ പേരു പറ്റിയില്ല, ‘യൂറോപ്പ് കണ്ട ഞാൻ’ വേണ്ടതായിരുന്നു എന്നു വളരെ മര്യാദയിൽ, ആ പുസ്തകമെഴുതിയ സ്ത്രീയെ കളിയാക്കി ക്ഷോഭിപ്പിച്ച നർമ്മ വിശാരദനെ മറ്റെങ്ങനെ ഓർക്കാൻ കഴിയും?
അങ്ങനെയിരിക്കുന്ന ഒരവസരത്തിലാണു്. മാതൃഭൂമി ആഫീസിൽവെച്ചു് എഛ്… എനിക്കു പരിചയ പ്പെടുത്തിത്തന്നതു്: “സഞ്ജയനെന്ന എം. ആർ. നായർ…” തൊട്ട കസാലയിൽ ഒരു കോട്ടുകാരൻ ഇരിപ്പുണ്ടു്. ഞാൻ തൊഴുതു; ഔത്സുക്യത്തോടുകൂടി നോക്കി. ആളുകളെ കളിപ്പിക്കുന്ന സമ്പ്രദായക്കാരനല്ല എഛ് എന്നു് എനിക്കു നല്ല തീർച്ചയുണ്ടായിരുന്നില്ലെങ്കിൽ നാലപ്പാടന്റെ തർജ്ജമഭാഷയിൽ, “അതെന്റെ കാലുപിടിച്ചു വലിക്കാനുള്ള” ഒരു ശ്രമമായിരുന്നു എഛ് നടത്തിയിരുന്നതു് എന്നു ഞാൻ കരുതിയേനെ. എഛിനു് ആ പതിവില്ല അതുകൊണ്ടു് വീണ്ടും ഞാൻ മുഖത്തേക്കു നോക്കി. മങ്ങിക്കരുവാളിച്ച, പുകപിടിച്ച എന്നുകൂടി പറയാൻ തോന്നിപ്പോകുന്ന, ഒരു മുഖം. മുഴുവൻ മാഞ്ഞു പോകാത്ത കുറെ വസൂരിക്കലകൾ. വലിയ ശ്രദ്ധയൊന്നും കൂടാതെ ഒതുക്കിവെച്ച തലമുടി. വിശേഷിച്ചു ശക്തിയൊന്നും കാണിക്കാത്ത കണ്ണുകൾ. സാധാരണ മൂക്കു്. വായയ്ക്കു മാത്രം അല്പം വിശേഷമുണ്ടെന്നും, ആ ആദ്യത്തെ കൂടിക്കാഴ്ചയെപ്പറ്റി വളരെ ഓർമ്മവെച്ചു് ആലോചിച്ചു നോക്കുന്ന ഈ അവസരത്തിൽ തോന്നുന്നുണ്ടെന്നു് വേണമെങ്കിൽ പറയാം. പരിഹാസത്തിന്റെയും നേരമ്പോക്കിന്റെയും നിരുപദ്രവമായ നേർത്ത രശ്മികൾ, ബീഡി വലിച്ചു് കറുത്ത ആ ചുണ്ടുകൾക്കു ചുറ്റും ഒരു മന്ദസ്മിതമായി ഉരുണ്ടുകൂടാൻ ശ്രമം നടത്തുന്നുണ്ടോ എന്നു തോന്നിപ്പോകും. ശരിക്കെങ്ങനെയാണു് ഇതു പറഞ്ഞു ഫലിപ്പിക്കേണ്ടതു് എന്നും എനിക്കു നിശ്ചയമില്ല. കറുത്ത മേഘങ്ങളുടെ ഇടയിൽ സഞ്ചരിക്കുന്ന ചന്ദ്രൻ, ആ യാത്ര കഴിഞ്ഞു പുറത്തുവരുന്നതിന്നു അല്പം മുമ്പു് മേഘത്തിന്റെ അരുകിൽ കസവിട്ടപോലെ നിഴലിച്ചുകാണുന്ന മങ്ങിയ വെളിച്ചം പരത്തുന്നതു സൂക്ഷിച്ചട്ടുണ്ടോ? ഏതാണ്ടു് അതുപോലെയാണെന്നു പറഞ്ഞാൽ അതു് അതിശയോക്തിയായിത്തീരുമോ, എന്തോ! ഏതായാലും ഇതു സഞ്ജയൻ കേട്ടാൽ എഴുതിയ ആൾക്കു് ചങ്ങമ്പുഴക്കവിത ഒരു ഡോസ് അധികം ചെന്നിട്ടുണ്ടെന്നേ കരുതൂ. അതെന്തായാലും ആ വായയ്ക്കു് ചുറ്റും ഒരു സവിശേഷതയുണ്ടു്. അതു കൂടുതൽ തെളിഞ്ഞുവരിക നിങ്ങളറിയാതെ നിങ്ങളെ ശ്രദ്ധിക്കാൻ സഞ്ജയൻ ശ്രമിക്കുന്ന വേളകളിലാണുതാനും. ആ സമയത്തു് ആ കണ്ണുകൾക്കും ഒരു ചെറിയ പ്രത്യേകത കാണും; അവ പ്രകാശിക്കും. ആൾക്കൂട്ടത്തിലാണെങ്കിൽ സഞ്ജയൻ നിങ്ങളുടെ ശ്രദ്ധയെ ആകർഷിക്കാതെ പോയേക്കും. പക്ഷേ, നിങ്ങൾ ആ രസികന്റെ ശ്രദ്ധയിൽപ്പെടാതെ പോവില്ലതന്നെ.
അല്പനേരത്തെ ആ മൗനം അസഹ്യമായിത്തോന്നി; എന്റെ ഭാവന വിഷാദിച്ചപോലെയും. “കഷ്ടം! ഇങ്ങനെ ഒരു സ്വരൂപമാണോ കുടുകുടുപ്പാണ്ടിയെ വർണ്ണിച്ച മനുഷ്യൻ? കാണേണ്ടിയിരു…” കടക്കണ്ണിൽ ചിരി നിർത്തിക്കൊണ്ടുള്ള എഛിന്റെ മുഖം ഞങ്ങളെ മാറി നോക്കിക്കൊണ്ടിരുന്നു. ഉടനെ സഞ്ജയൻ മൗനം ഭഞ്ജിച്ചു പറഞ്ഞു: “എഛ്, ഇന്നല്ലേ സത്യമൂർത്തി വരുന്നതു്? പറ്റിപ്പോയില്ലേ! ‘സഞ്ജയ’ന്റെ ഇത്തവണത്തെ ലക്കം പുറത്തിറങ്ങിക്കഴിഞ്ഞില്ലേ? അല്ലെങ്കിൽ വലിയ വെണ്ടക്കാ അക്ഷരത്തിൽ പുറം ചട്ടയിൽ പരസ്യംചെയ്യാമായിരുന്നു: ‘ഇതാ വരുന്നു! ഇന്നു രാത്രി കോഴിക്കോട്ടു കടപ്പുറത്തുവെച്ചു! നടന്നു സംസാരിക്കുന്ന സിനിമ! ശബ്ദക്കുഴലിന്നു യാതൊരു കേടും ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത ഇന്ത്യയിലെ ഒന്നാമത്തെ സിനിമ!’ വരുവിൻ, കാണുവിൻ, രസിപ്പിൻ” കോൺഗ്രസ്സിലെ വായാടി എന്നു പ്രസിദ്ധനായ സത്യമൂർത്തിയുടെ വരവിനെയും പ്രസംഗത്തെയും ലക്ഷ്യമാക്കിക്കൊണ്ടുള്ള ആ പരിഹാസധാര, അങ്ങനെ, ഞങ്ങളുടെ ചിരിക്കു ചിറകുമുളപ്പിച്ചുകൊണ്ടു തുടർന്നുപോയി. ഉടനെ അതു നിർത്തി സഞ്ജയൻ എഛിനോടു പറഞ്ഞു: “എഛ്, ഇന്നു പോണ്ടാ. നമുക്കു കടപ്പുറത്തു പോകാം. സത്യമൂർത്തിയുടെ പ്രസംഗം കേൾക്കാം.” എച്ഛിനു സമ്മതമായിരുന്നില്ല. വൈകുന്നേരത്തെ വണ്ടിക്കു പോകണം. കൂടിയേ കഴിയൂ. ഉടനെ സഞ്ജയന്റെ അടവു മാറി. നിലാവുള്ള രാത്രിയായിരുന്നു അന്നു്. ആ രാത്രിയിലെ കടപ്പുറം വർണ്ണിച്ചു സ്നേഹിതന്റെ മനസ്സിളക്കുവാൻ സഞ്ജയൻ ഉദ്യമിച്ചു: “എഛ്, ഇന്നു കടപ്പുറം എത്ര മനോഹരമായിരിക്കും! പൂവുപോലുള്ള നിലാവും; ഉണങ്ങാൻ വിരിച്ചിട്ട വെളുത്ത വസ്ത്രം പോലെ കടപ്പുറം അങ്ങിങ്ങു ചുളിഞ്ഞു കിടക്കുന്നുണ്ടായിരിക്കും. ചന്ദ്രനെ നോക്കി നെടുവീർപ്പിടുന്ന കടൽ, വള്ളത്തോൾ പറഞ്ഞ,
‘ആഴിവീചികളനുവേലം വെൺനുരകളാൽ
തോഴികൾപോലേ തവ ചാരുതൃപ്പാദങ്ങളിൽ
തൂവെള്ളിച്ചിലങ്കകളിടുവിക്കുന്നൂ, തൃപ്തി
കൈവരാഞ്ഞഴിക്കുന്നു, പിന്നെയും തുടരുന്നൂ’
എന്ന പ്രവൃത്തി ഉദാസീനമായി ചെയ്തുകൊണ്ടിരിക്കും. ദൂരെ കടലിൽ നിഴൽച്ചിത്രം പോലെ കാണുന്ന കപ്പൽ, ടാഗൂറിന്റെ കവിതയെ ഓർമ്മിപ്പിക്കും. ഹാ! എത്ര മനോഹരമായിരിക്കും ഇന്നത്തെ കടപ്പുറം! എഛ്, നിങ്ങൾക്കൊരു കവിഹൃദയമുണ്ടെങ്കിൽ നിങ്ങളിന്നു പോവരുതു്.” ഈ അർത്ഥത്തിൽ സംസാരിച്ചുകൊണ്ടു് സ്നേഹിതനെ പ്രലോഭിപ്പിക്കാൻ സഞ്ജയൻ ശ്രമിച്ചു. പക്ഷേ, എഛിന്റെ കൃത്യനിഷ്ഠ അചഞ്ചലമായിത്തന്നെ കണ്ടു. അതു കണ്ടു മടുത്ത സഞ്ജയൻ, അബദ്ധത്തിൽ നരിമടയിൽ ചെന്നുപെട്ട കുറുക്കൻ “ഇവിടെ എന്തു നാറ്റം മുനിസിപ്പാലിറ്റിയിൽക്കൂടി ഇത്ര നാറ്റമില്ല,” എന്നു പറഞ്ഞു മടങ്ങിയതായി പണ്ടാരോ പറഞ്ഞതിനെ ഓർമ്മിപ്പിക്കുന്നപോലെ, എഛിനെ വിട്ടു് എന്റെനേക്കു തിരിഞ്ഞു ചോദിച്ചു: “എപ്പൊഴേ വന്നതു്?”
അതിനുശേഷം പലതവണ ഞങ്ങൾ കണ്ടിട്ടുണ്ടു്. മാതൃഭൂമി ആപ്പീസിൽവെച്ചാണു മിക്കപ്പോഴും. പകുതി പിന്നിലേക്കു ചാഞ്ഞ ഒരു മരക്കസാലയിൽ, റേഡിയോവിനു സമീപം, അല്പം പുറകോട്ടു ചാഞ്ഞിരിക്കുന്ന ആ ശാന്തസ്വരൂപനെ മറക്കാൻ കഴിയുന്നതല്ല. വായിച്ചുകൊണ്ടിരിക്കുന്ന അവസരമാണെങ്കിൽ, കാൽപ്പെരുമാറ്റം കേട്ട ഉടനെ, മുഖമുയർത്താതെ നെറ്റി ചുളിച്ചുകൊണ്ടുള്ള ആ പ്രത്യേകനോട്ടം നിങ്ങളുടെ മുഖത്തേക്കുയരും. കടന്നു വന്ന ആൾ പരിചിതനാണെങ്കിൽ, ഉടനെ പുസ്തകം മടക്കി കസാലയുടെ കൈയിന്മേൽ വെക്കും; പിന്നീടു വെടിപറയാൻ സന്നദ്ധനാവും. എഴുതാൻ വശമുള്ളവരാരും സംസാരിക്കാൻ പ്രത്യേകവൈദഗ്ദ്ധ്യമുള്ളവരായി കണ്ടിട്ടില്ല. സഞ്ജയൻ ആ നിയമത്തിൽ മറക്കാൻവയ്യാത്ത ഒരു വ്യതിയാനമാണു്. അദ്ദേഹം എഴുതിയതിന്റെ രസം പറഞ്ഞറിയിക്കാൻ വയ്യാത്തതാണു്. സംഭാഷണത്തിന്റെ രസമാകട്ടെ അതിനെത്രയോ ഉപരിയാണു്! നോട്ടം പോലെത്തന്നെ ഒരു പ്രത്യേകകോണിൽക്കൂടെയാണു സഞ്ജയൻ കാര്യങ്ങൾ നോക്കിക്കാണുന്നതും. അതു കൊണ്ടാണു് അതു പറയുന്നതിന്നും ഒരു പ്രത്യേകപുതുമ ലഭിക്കുന്നതു്. ആ പുതുമ സൃഷ്ടിക്കുന്ന രസത്തിൽ അസൂയയുടെയോ പരദ്വേഷത്തിന്റെയോ കണികകൂടി കാണില്ല. പറയുന്ന ആളിന്റെ മിടുക്കു കാണിക്കാനുള്ള ശ്രമം അത്രപോലും അതിൽ പ്രത്യക്ഷമായിരിക്കയുമില്ല. സഞ്ജയൻ അറിയാതെകൂടി തന്റെ മിടുക്കു പ്രകടിപ്പിക്കുവാനുള്ള ശ്രമം അതിൽ സ്ഥലം പിടിച്ചിട്ടില്ലെന്നാണു് എന്റെ ഊഹം. അതുകൊണ്ടു്, രസകരമായ പ്രത്യേകവീക്ഷണ കോണിൽക്കൂടി കാര്യങ്ങൾ നോക്കിക്കാണുന്നതിൽനിന്നുണ്ടാകുന്ന രസികത്തത്തിന്റെ നൂറുശതമാനവും കേൾക്കുന്നവരിലേക്കും ഇടതടവില്ലാതെ സംക്രമിക്കുന്നു. തൽഫലമായി സഞ്ജയന്റെ സംഭാഷണം അദ്ദേഹത്തിന്റെ സാഹിത്യത്തേക്കാൾ പതിന്മടങ്ങു രസാവഹമായി അദ്ദേഹത്തിന്റെ സ്നേഹിതന്മാർക്കും അനുഭവപ്പെട്ടിരുന്നു. ആ കസാലയ്ക്കു ചുറ്റും കൂടിയിട്ടുള്ള നേരമ്പോക്കുരംഗങ്ങൾക്കും അറ്റമില്ല. ഒരാൾ, സഞ്ജയൻ, സംസാരിച്ചാൽ മതി, മറ്റെല്ലാവർക്കും ജോലി ചിരിയായിരിക്കും. അതിനിടയ്ക്ക് കേട്ടുനില്ക്കുന്നവരിൽ ഒരാൾക്കു് അഭിപ്രായം പറയണമെന്നിരിക്കട്ടെ; ഓഹോ! എത്ര വേണമെങ്കിലും പറയാം. അതു സശ്രദ്ധം സഞ്ജയൻ കേൾക്കുകയും ചെയ്യും—പക്ഷേ, ആ പറഞ്ഞ അഭിപ്രായം അപകടം പിടിച്ചതാണെങ്കിൽ അതു പറഞ്ഞ ആളെ ഒന്നു പിടിച്ചുകുടയാൻ കിട്ടിയ അവസരം ആ രസികശിരോമണി വെറുതെവിടില്ല. ഒരു നല്ല അവസരം പാഴാക്കിക്കളയാനുള്ള വൈമനസ്യം ഒന്നുകൊണ്ടുമാത്രമാണു് അങ്ങനെ ചെയ്യുന്നതു്; അല്ലാതെ ആ അഭിപ്രായം പറഞ്ഞ ആളോടു് സഞ്ജയനു് വൈരാഗ്യം തോന്നിയിട്ടല്ല ആ കളിയാക്കൽ ശുദ്ധമായരീതിയിലായിരിക്കയും ചെയ്യും. പരിഹാസം അതിലുണ്ടാവും, തീർച്ച. എന്നാൽ, ദ്വേഷത്തിന്റെ അംശം അതിൽ കാണാൻ കൂടി കിട്ടില്ല.
സഞ്ജയന്റെ ഫലിതത്തിന്റെ മർമ്മം, ഈ വ്യക്തി വിദ്വേഷത്തിന്റെ വ്യക്തമായ അഭാവമായിരുന്നു. ആളുകളെ ചിരിപ്പിക്കാനുള്ളതു പറയുക മാത്രമായിരുന്നില്ല അതിന്റെ ഉദ്ദേശം. ചിരിപ്പിക്കാനുള്ളതു പറയാൻ ആർക്കും അറിയും. പക്ഷേ, അതു ആഭാസമാവാതെ, നിഷ്കലുഷമായരീതിയിൽ, നിസ്സംഗനായി, വ്യക്തിവിദ്വേഷം കലരാതെ പറയുന്നതും ഒരു വ്രതമായി വെക്കുകയും അതിൽ സർവഥാ വിജയിക്കുകയും ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. മലയാളത്തിൽ ഫലിതസാഹിത്യത്തിൽ അങ്ങനെ ആരെങ്കിലും ജയിച്ചിട്ടുണ്ടെങ്കിൽ അതു സഞ്ജയനാണു്.
ശരിയാണു്. സഞ്ജയൻ മുനിസിപ്പൽ കമ്മീഷണരെ പരിഹസിച്ചിട്ടുണ്ടു്; ആക്ഷേപിച്ചിട്ടുണ്ടു്; നിർത്തി തൊലിപൊളിക്കുന്നരീതിയിൽ ചീത്തപറഞ്ഞിട്ടുണ്ടു്. പക്ഷേ, കമ്മീഷണർ എന്ന ‘ഗവണ്മെന്റ് സത്വത്തെ’യാണു് അങ്ങനെ ചെയ്തിട്ടുള്ളതു്. ആ വേഷം കെട്ടേണ്ടിവന്ന രാമകൃഷ്ണനെയോ രാമൻ നായരെയോ അല്ല; അവർ സാധുക്കൾ! സഞ്ജയന്റെ ദൃഷ്ടിയിൽ പെട്ടിട്ടേയില്ല. മറ്റുള്ളവരെപ്പോലെ കുടുംബം പുലർത്താനുള്ള ഭാരം വഹിക്കുന്ന ആ പൗരന്മാരോടു് സഞ്ജയനു യാതൊരു കലഹവുമില്ല. പക്ഷേ. അവർ അണിഞ്ഞിട്ടുള്ള വേഷം അങ്ങനെയല്ല. അതു കാര്യം മാറി…
ഈ ഒരു പ്രത്യേകത സഞ്ജയന്റെ ഫലിതസാഹിത്യത്തിൽ ഉടനീളം കാണാൻ കഴിയും. വായനക്കാർ അതു കരുതി സഞ്ജയൻ മനസ്സിലാക്കാതെപോകരുതെന്നു കരുതി സഞ്ജയൻ തന്നെ എത്രയോതവണ അതു് എടുത്തെടുത്തു പറഞ്ഞിട്ടുമുണ്ടു്. എന്നിട്ടും സഞ്ജയന്റെ ഉദ്ദേശശുദ്ധിയിൽ വിശ്വസിക്കാതിരുന്നവരുണ്ടു്. അവരെ അവരുടെ വിശ്വാസമില്ലായ്മ നശിപ്പിക്കാതിരിക്കട്ടെ!
രാഷ്ട്രീയമായ വിഷയങ്ങളിലും സഞ്ജയന്റെ നില ഇതായിരുന്നുവെന്നു ഞാൻ കരുതുന്നു. നമുക്കൊക്കെ പൊതുവിൽ ചില ദൗർബ്ബല്യങ്ങൾ, അല്ലെങ്കിൽ തെറ്റിദ്ധാരണകൾ, ഉണ്ടു്. വേലക്കാരി മുറി അടിച്ചുവാരി വൃത്തികേടുകളെല്ലാം അളമാരിയുടെ പിന്നിൽ കൂട്ടിവെച്ചുപോയാൽ അകം വൃത്തിയായി എന്നു നാം കരുതുന്നു. ആ വൃത്തികേടുകൾ വല്ലവരും പുറത്തു വലിച്ചിട്ടാൽ നമുക്കു ദേഷ്യമായി. “നോക്കിൻ, ഈ മുറി വൃത്തിയായിട്ടുണ്ടോ?” എന്നു ചോദിക്കാൻ വല്ലവർക്കും ധാർഷ്ട്യമുണ്ടായാലത്തെ കഥ പറയുകയും വേണ്ടാ നമ്മുടെ വിശ്വാസത്തെ പ്രത്യക്ഷമായും അനിഷേദ്ധ്യമായരീതിയിലും നിഷേധിക്കാനുള്ള ഒരു സംരംഭം നടത്തുന്നതുകൊണ്ടാവാം പക്ഷേ, ഇങ്ങനെ സംഭവിക്കുന്നതു്. ഏതായാലും പല സ്ഥലത്തും കൂട്ടിവെച്ചിട്ടുള്ള സാമുദായികവും രാഷ്ട്രീയവും കലാസംബന്ധിയുമായ വൃത്തികേടുകളെ, അവയുടെ മൂലയിൽനിന്നു പുറത്തേക്കു വലിച്ചിടുന്ന കർമ്മമാണു സഞ്ജയൻ നിവഹിച്ചിരുന്നതു്. സ്വാഭാവികമായി ഒരു പ്രതിപക്ഷത്തെ അതു് അദ്ദേഹത്തിന്നു സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ പ്രതിഭയെ മന്ദിപ്പിച്ചിരുന്നില്ല. പ്രത്യുത, തട്ടിയുണർത്തുകയേ ചെയ്തിരുന്നുള്ളൂ.
എന്നാൽ, ജന്മസിദ്ധമായ ആ പ്രതിഭയേയും മന്ദീഭവിപ്പിക്കുന്ന മറ്റൊരു ശക്തി സഞ്ജയനെ വലയം ചെയ്തിരുന്നു: മടി. അതിന്റെ വ്യാമർദ്ദം നിമിത്തം ‘സഞ്ജയൻ’ മാസികയുടെ പ്രസിദ്ധീകരണം നിലച്ചു; പിന്നീടു തുടങ്ങിവെച്ച ‘വിശ്വരൂപ’ത്തിന്റെ വരവും അതു വിലക്കി. വാസ്തവം പറയുകയാണെങ്കിൽ ‘മടി’ എന്ന സ്വഭാവം സഞ്ജയന്റേതായിരുന്നില്ല, രാമുണ്ണിനായരുടേതായിരുന്നു. അങ്ങനെ സഞ്ജയനും രാമുണ്ണിനായരും തമ്മിൽ നിരന്തരമായൊരു യുദ്ധം നടന്നുപോന്നിരുന്നു. അതിൽ ഒടുവിൽ രാമുണ്ണിനായർ ജയിച്ചു. അതുകാരണം സഞ്ജയൻ ക്രമേണ മലയാളസാഹിത്യത്തിൽനിന്നും അപ്രത്യക്ഷനാവുകയും ചെയ്തു.
ഈ തിരോധാനം കൊണ്ടു്, ചിരിമാത്രമല്ലാ മലയാളത്തിൽനിന്നു പോയുള്ളു. അഴിമതി പുറത്തു വലിച്ചിട്ടു് അതിനെ നിർദ്ദാക്ഷിണ്യം അടിച്ചമർത്താൻ കെൽപ്പുള്ള മലയാളത്തിലെ ഒരു പേന നഷ്ടമായി; പല നികൃഷ്ട സാമുദായികാചാരങ്ങളോടും അനവരതം മല്ലിട്ടുപോന്നിരുന്ന നിസ്വാർത്ഥിയായ ഒരു സമുദായസേവകൻ ഇല്ലാതായി. സാഹിത്യത്തിലെ മൂടുപടമിട്ട അത്ഥമില്ലായ്മകളെ നോക്കി പരിഹസിച്ചിരുന്ന ഒരു സാഹിത്യനായകൻ രംഗത്തുനിന്നു മറഞ്ഞു; ശാലീനത പഠിപ്പിച്ചിരുന്ന ഒരു രാഷ്ട്രീയസേവകന്റെ അഭാവം രാഷ്ട്രീയമണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട വിസ്മൃതങ്ങളായ പല പുരാണ കഥകളും മനോഹരങ്ങളായ പുതിയ ഉടുപ്പിൽ പൊതിഞ്ഞു് കുട്ടികൾക്കു സമ്മാനിച്ചിരുന്ന ഒരു മുതിർന്ന അമ്മാമന്റെ ശബ്ദം മൂകമായി…
‘സഞ്ജയനെ’ നഷ്ടപ്പെടുത്തിയതിനു മലയാളഭാഷയ്ക്കു് വേണമെങ്കിൽ രാമുണ്ണിനായരോടു നഷ്ടം ചോദിക്കാം. പക്ഷേ, ആ രാമുണ്ണിനായർ, എന്തെല്ലാം മനഃക്ലേശങ്ങളും ത്യാഗങ്ങളും അനുഭവിച്ചാണു് ‘സഞ്ജയ’നെ നിലനിർത്തിപ്പോന്നിരുന്നതെന്നോ! രാമുണ്ണിനായരുടെ ശോകസങ്കുലമായ ആ ജീവിതവശത്തേക്കു് എത്തിനോക്കുന്നതു് അദ്ദേഹത്തെ അടുത്തു പരിചയമുള്ളവർക്കും വേദനാജനകമാണു്. ‘സഞ്ജയൻ’ നിങ്ങളെ ചിരിപ്പിച്ചിരുന്ന കാലമത്രയും രാമുണ്ണിനായർ മാനസികവും കായികവുമായ ക്ലേശങ്ങൾ അനുഭവിച്ചുവരുകയായിരുന്നു. അദ്ദേഹത്തിന്റെ പത്നി അകാലചരമമടഞ്ഞു; അതിന്റെ ദുഃഖം ആറുന്നതിന്നുമുമ്പു് അദ്ദേഹത്തിന്റെ ഏകസന്താനവും അമ്മയെ പിൻതുടർന്നു; രാമുണ്ണിനായർതന്നെയും രോഗബാധിതനായി… അല്ലെങ്കിൽ ഇതൊക്കെ എണ്ണിയെണ്ണിപ്പറയുന്നതു്, ചിരിപ്പിക്കാൻ മാത്രം പഠിപ്പിച്ച, ദിവംഗതനായ, ആ കർമ്മയോഗിക്കും ഇഷ്ടമാവില്ല. ഏതു തീവ്രമായ ദുഃഖത്തേയും വിസ്മരിപ്പിച്ചു ചിരിപ്പിക്കാനേ അദ്ദേഹം പഠിപ്പിച്ചിട്ടുള്ളു.
“കരകാണാക്കണ്ണീർക്കരിങ്കടലിൽ
ഒരു ചിരിത്തോണിയിറക്കുവോൻ ഞാൻ,”
എന്ന തത്വജ്ഞാനമാണു് അദ്ദേഹം തന്റെ നാട്ടുകാർക്കു എഴുതിവെച്ചിട്ടുള്ള സന്ദേശം. അങ്ങനെ അദ്ദേഹത്തെ ഓർക്കാനേ ആർക്കും അധികാരമുള്ളു. സഞ്ജയന്റെ ചിരി പഠിച്ചാൽ മതി; അദ്ദേഹത്തിന്നു തൃപ്തിയാവും; രാമുണ്ണി നായർ മറ്റൊരാളാണു്.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)