അവർ മൂന്നുപേരും വലിയ കൂട്ടാണു്. അയൽപക്കക്കാരാണു്. സൌഹാർദ്ദത്തിന്റെ കഥ പറകയാണങ്കിൽ, അതിങ്ങനെയാണു് വളർന്നു ദൃഢമായതു്: പുക വലിക്കാൻ കുറേശ്ശ അന്യോന്യം സൽക്കാരം; അതിനെത്തുടർന്നു്,
“ഒരു കപ്പ് ചായ കഴിക്കുകയല്ലേ?”
“ഹേയ് വേണ്ടാ.”
“ആട്ടെ, വേറെ ഒന്നും വേണ്ടാ?”
“അല്ല വേണ്ടാ.”
“വരൂ മിസ്റ്റർ, ചായ കഴിക്കാൻ ഇത്ര വിശപ്പും മറ്റും വേണോ?”
ഇങ്ങനെ നിസ്സാരകായ്യങ്ങളിന്മേൽ അടിസ്ഥാനമുറപ്പിച്ചു ക്ഷണം വളരുന്ന സൌഹാർദ്ദം ക്ഷണികമാണെന്നു കരുതരുതു്. അതു വിചാരിക്കുന്നതിലധികം പക്ഷേ, വിലപ്പെട്ടതാണു്. ഏതായാലും കൃഷ്ണമേനോന്റെ കാര്യത്തിൽ ഇങ്ങനെയാണു്. ആയാൾക്കു ലോകത്തിൽ ഏറ്റവുമധികം വിലപിടിച്ചതു ശങ്കരമേനോന്റെയും ശ്രീധരക്കുറുപ്പിന്റെയും സ്നേഹമാണു്. അതിനുപുറമെയും ചിലതയാൾക്കുണ്ടെങ്കിൽ, അവ കുറേ പഴകി പൂപ്പു പിടിച്ച പുസ്തകങ്ങളും തന്റെ മുറിയിലെ ഒരു പഴയ ചാരുകസാലയും, കുറേ ബീഡി ചായ എന്നിവയുമാണു്. ഖദർ കുർത്തയും വേഷ്ടിയുമുണ്ടു്. കുർത്തയുടെ തുന്നൽപ്പണി തുന്നൽല്ക്കാരെക്കൂടി പരിഭ്രമിപ്പിക്കുന്ന മട്ടിലാണു്.
മനുഷ്യരും മനുഷ്യരല്ലാത്തവരുമായ ഈ കൂട്ടുകാർക്കു പുറമേ ആയാൾക്കയാളുടെ പ്രവൃത്തിയുണ്ടു്, കെട്ടോ. നരകംപിടിച്ച. ആ എഴുത്തുപണി. ആയാളുടെ എഴുത്തു് ഒരു നിജമല്ലാത്ത മട്ടിലാണു്. ഇടയ്ക്കു രാത്രി, ചിലപ്പോൾ പകൽ, പിന്നെ ചിലപ്പോൾ കുറെക്കാലത്തിനു ഒന്നുമില്ലാതെ. പുറമേ കണ്ടാൽ ആൾ വലിയ ജോലിയൊന്നുമില്ലാത്ത വകയാണെന്നു തോന്നും. പക്ഷേ, ധാരണ തെറ്റാണു്. ആയാൾ ധാരാളം പ്രവൃത്തിയെടുത്തിട്ടുണ്ടു്. ‘വളർത്തുപുത്രി’, ‘ഗ്രാമബന്ധു’, ‘അമ്മാമന്റെ മകൾ’ മുതലായ ആയാളുടെ പുസ്തകങ്ങൾ കുടുംബജീവിതത്തെ ഭംഗിയായി ചിത്രണം ചെയ്യുന്ന നോവലുകളാണു്. പക്ഷേ, ജന്മനാ ഒരു ലജ്ജാശീലനായതു കൊണ്ടു തന്റെ പുസ്തകങ്ങളെപ്പറ്റി അധികം സംസാരിക്കാറില്ല. ആ പണി അങ്ങനെ നടന്നുപോന്നു എന്നു മാത്രം.
ശങ്കരമേനോനു ചിത്രം വരയ്ക്കലും നായ്ക്കുട്ടികളെ വളർത്തലുമാണു് ജോലി. കളികൾ താൽപര്യപ്പെടുന്ന കൂട്ടത്തിലുമാണു്. ജോലിയിൽ വലിയ നിഷ്കർഷയൊന്നുമില്ല. ചിത്രം വരയായാലും വേണ്ടില്ല, നായ്ക്കുട്ടികളെ തീറ്റിപ്പോറ്റലായാലും വേണ്ടില്ല, രണ്ടും ആയാൾക്കൊരു പോലെയാണു്. കലയെപ്പറ്റി വലിയ വിവരമൊന്നുമില്ല. എങ്കിലും ഹാസ്യ ചിത്രങ്ങൾ വരച്ചു് അല്പാല്പം പണം സമ്പാദിച്ചിരുന്നു.
ശ്രീധരക്കുറുപ്പ് ഒരു ശീട്ടുകളിഭ്രാന്തനാണു്. അതാണു് ആയാളുടെ ജീവൻ. നല്ലവണ്ണം കളിക്കുകയും ചെയ്യും. കൂടാതെ, എവിടേയ്ക്കു പോകുമ്പോഴും കൂട്ടിനു പറ്റിയവനാണു്. നല്ലവണ്ണം നനച്ചുവളർത്തിയ ഒരു വൃക്ഷം പോലെയാണു് ശ്രീധരക്കുറുപ്പ്: നല്ല തടി ഒത്ത അവയവങ്ങൾ, സുഖമുള്ള തണൽ—ഒരു വൃക്ഷത്തിനെന്ന പോലെ, അയാൾക്കുമില്ല അഭിപ്രായങ്ങൾ.
ഇങ്ങനെ വാസനകൊണ്ടു പരസ്പരം ചേർച്ചയില്ലാത്ത മൂന്നാളുകളെ ഇത്ര മമതയിൽ കാണുക പ്രയാസമാണു്. തങ്ങൾക്കു പ്രത്യേകം ഇഷ്ടപ്പെട്ട പ്രവൃത്തി സുഖമായി ചെയ്യുന്നതിനുള്ള ഒരാവേശം ഓരോരുത്തരും പരസ്പരം എങ്ങനെയോ കൊടുത്തിരുന്നപോലെ തോന്നും. അത്ര സുഖകരമാണു് അവർ തമ്മിലുള്ള അടുപ്പം. ഇതിനു കാരണം അവരോരോരുത്തരും തങ്ങളുടെ പ്രവൃത്തിയെപ്പറ്റി അത്ര കലശലായ നിഷ്കർഷ വെയ്ക്കാത്തതാവാം.
“എന്താ, ഹേ, ഇപ്പോൾ എന്തെഴുത്തു്?” എന്നു് ഒരാൾ പറഞ്ഞാൽ മതി, എഴുത്തു നിർത്തി.
“കുറച്ചുശീട്ടു കളിക്കുക”
“ഓഹോ” പിന്നെ ശീട്ടുകളിയായി.
അങ്ങനെ അവർ രസമായി താമസിക്കുമ്പോഴാണു് ഗ്രഹപ്പിഴ വന്നുപെട്ടതു്. കൃഷ്ണമേനോന്റെ ഒരു പുസ്തകം പൊതുവിൽ പിടിച്ചു. അയാളുടെ പേർ പ്രസിദ്ധമായി. തുടർന്നു്, വായനശാലകളുടെ വാർഷികയോഗത്തിൽ പ്രസംഗിക്കാനും മറ്റുമായി ആയാൾക്കു കൂടെക്കൂടെ എഴുത്തുകൾ വന്നുതുടങ്ങി. വൈകുന്നേരം ശീട്ടു കളിക്കുവാൻ പറ്റിയ കാലമായ തുലാവർഷക്കാലത്താണു് ദൌർഭാഗ്യവശാൽ വാർഷികയോഗങ്ങൾ പലതും വരാറുള്ളതു്. കഴിഞ്ഞുകൂടുവാൻ സാമാനത്തിലധികം വകയുള്ള ശ്രീധരക്കുറുപ്പിനെ ഇതു കണക്കിലേറെ ബോറാക്കി. “വാർഷികയോഗവും, മണ്ണാങ്കട്ടയും! എന്തൊരു ശനികളാണിവർ. ഇങ്ങനെ ഒരു കാലത്തേ ഇതു വയ്ക്കൂ!” ശങ്കരമേന്നും ഈ വേർപാടു തീരെ രസിച്ചില്ല. കൃഷ്ണമേനോൻ ഇരുകൂട്ടരോടും യോജിച്ചു. പക്ഷേ, പോകാതെ നിവൃത്തിയുണ്ടോ? അതുകൊണ്ടു പോയി.
പട്ടണവുമായി അധികം പരിചയമില്ലാത്ത കൃഷ്ണമേനോനെ കോഴിക്കോടു് കുറച്ചു പരിഭ്രമിപ്പിക്കാതിരുന്നില്ല. കൂടെ സഹായത്തിനൊരാളില്ലാതെ, എവിടെ, എങ്ങനെ പോവാനാണു്? ഭാഗ്യംകൊണ്ടു് ആയാളുടെ ഒരകന്ന അമ്മാമൻ പട്ടണത്തിലാണു് താമസം. ആയാൾ കൃഷ്ണമേന്നെ അതേവരെ അത്ര സാരമായി ഗണിച്ചിരുന്നില്ല. ഈ പ്രസിദ്ധി അമ്മാമനെ ആകർഷിച്ചു. അതു കൊണ്ടു് അമ്മാമൻ ആയാളെ വീട്ടിലേയ്ക്കു കൊണ്ടു പോയി.
വീടു ഭേദപ്പെട്ട ഒന്നാണു്. സാമാന്യം കേസ്സുള്ള വക്കീലായതുകൊണ്ടും വീട്ടിൽ കുട്ടികളധികമില്ലാഞ്ഞതു കൊണ്ടും ആയാൾക്കു സുഖമായി കഴിഞ്ഞുകൂടുവാൻ മുട്ടുണ്ടായിരുന്നില്ല. രണ്ടു കുട്ടികളേ ഉള്ളു. ബാലൻ ചെറിയ കുട്ടിയാണു്. പിന്നെയൊരു മകളാണു്, മീനാക്ഷി. മീനു എന്നാണു് പതിവായി വിളി. ഉയർന്ന ക്ലാസ്സിൽ പഠിക്കുകയാണു്. ആകപ്പാടെ കണ്ടാൽ ‘കണ്ട്രി’യാണെന്നു തോന്നിക്കുന്ന ഒരു പുരുഷൻ അച്ഛന്റെകൂടെ വരുന്നതു കണ്ടപ്പോൾ മീനുവിനു് അത്ര പിടിച്ചില്ല. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്കു നോക്കിച്ചിരിക്കാൻ അധികം വേണോ? അല്പം വൈരൂപ്യം, വികൃതമായ വേഷം അല്ലെങ്കിൽ നടത്തം, ‘ഭ്രൂ’ എന്നു കിടക്കുന്ന തലമുടി, കീറിമുഷിഞ്ഞ കുപ്പായം ഇങ്ങനെ നിസ്സാരമായ എന്തെങ്കിലും മതി. മീനുവിനു ചിരി വന്നു. പക്ഷേ, അധികം താമസിയാതെ അതു് ഒരുതരം ഭയവും വെറുപ്പുമായി മാറി. വന്ന ആൾ ആരാണെന്നു് അമ്മ പറഞ്ഞുകൊടുത്തു. അച്ഛന്റെ മരുമകനാണത്രേ! ഇനി അവളുടെ ആ സ്നേഹിതന്മാരെല്ലാം വീട്ടിലേയ്ക്കു വിരുന്നിനു വരുമ്പോൾ ഈ പരിഷ്ക്കാരമില്ലാത്ത ആളെ കാണില്ലേ? ആരാണെന്നന്വേഷിച്ചാൽ മറുപടി പറയണ്ടേ, അച്ഛന്റെ മരുമകനാണെന്നു്! അപ്പോൾ അവരുടെ മുഖത്തുണ്ടാവുന്ന ആ ഭാവഭേദങ്ങൾ എങ്ങനെയാണു് കാണുക! “ഛേ, വേഗം പോയാൽ നന്നായിരുന്നു, വിദ്വാൻ!” ഇങ്ങനെ പലതും മനസ്സിൽ വിചാരിക്കുക കാരണം കൃഷ്ണമേന്നെ ഒരു ശത്രുഭാവത്തോടുകൂടിയാണു് മീനു കണക്കാക്കിയതു്. അമ്മാമന്റെ പരിഷ്കാരിയും പഠിപ്പുള്ളവളുമായ മകളെ, സ്വതേ ലജ്ജാശീലനായ കൃഷ്ണ മേനോൻ സമീപിക്കുകയുണ്ടായില്ല.
പ്രതീക്ഷിച്ചപോലെതന്നെ സഖികൾ വന്നു. പക്ഷേ, അവരെല്ലാം കൃഷ്ണ മേനോന്റെ വരവിനെപ്പറ്റി മുൻകൂട്ടി അറിഞ്ഞിരുന്നതായി കണ്ടു. അതുകൊണ്ടാരും, ആയാളുടെ പേരിനെപ്പറ്റി വിസ്തരിച്ചന്വേഷിക്കുന്നതായി കണ്ടില്ല. ആയാളുടെ പേരും വരവും അത്രയ്ക്കു പ്രസിദ്ധമാണോ? മീനു അത്ഭുതപ്പെട്ടു. തന്റെ സഖിമാർക്കു് ആയാളുടെ നേരേ അസ്പഷ്ടമായ ബഹുമാനം ദ്യോതിപ്പിക്കുന്ന ഒരൊതുക്കമുള്ളതായി മീനു കണ്ടു. ഇതു ക്രമത്തിൽ, സ്വാഭാവികമായി, അവളേയും ബാധിക്കാതിരുന്നില്ല. ആയാളോടുള്ള തന്റെ ആ ശത്രുഭാവം എന്തിനാണെന്നവൾ സ്വയം ആലോചിച്ചു. അച്ഛന്നങ്ങനെ പരിഷ്കാരിയല്ലാത്ത ഒരു മരുമകനുള്ളതായിക്കണ്ടു് ആരും അവളെ പരിഹസിക്കുന്നില്ല. മാത്രമല്ല ആയാളുടെ നേർക്കു് എല്ലാവർക്കും ഇഷ്ടവും ഒരുവക ആദരവും ഉണ്ടുതാനും. “ശരിയാണു്, വലിയ പരിഷ്കാരിയല്ലെന്നല്ലേ ഉള്ളു” അവൾ വിചാരിച്ചു, “അറിവിനു കുറവുണ്ടോ? ഇല്ലെന്നുള്ളതിനു് ആയാളുടെ പുസ്തകങ്ങൾ തെളിവല്ലേ?” അവൾ അവ വായിക്കാൻ തീർച്ചപ്പെടുത്തി. സ്വതവേ സ്വഭാഷയോടു് അല്പം പുച്ഛമായിരുന്ന മീനുവിന്റെ ഈ സംരംഭം സഖിമാരെ രസിപ്പിച്ചു. അവരോരോ കൊള്ളിവാക്കു പറയാൻ തുടങ്ങി. ഒരു നേരമ്പോക്കുകാരി ഗൌരവം നടിച്ചു പറഞ്ഞു, “എന്തിനാണു് കുട്ടീ, മീനുവിനെ കളിയാക്കുന്നതു് ആ കുട്ടീടെ അച്ഛന്റെ മരുമകന്റെ പുസ്തകമല്ലേ?” ഇതു പറഞ്ഞു് ആ വായാടി അർത്ഥഗർഭമായി മറ്റുള്ളവരുടെ മുഖത്തേയ്ക്കു നോക്കി. അതിനെത്തുടർന്നു ഒരു പൊട്ടിച്ചിരിയും. തുടർന്നു കൊണ്ടു് അവരുടെ ആ വഴിക്കുള്ള പരിഹാസം മൂത്തു. മീനുവിനു് അവരുടെ അഭിപ്രായഗതി ഏതാണ്ടു മനസ്സിലായി.
അവിചാരിതമായ ഈ അഭിപ്രായഗതി മീനുവിനെ അല്പം പരിഭ്രമിപ്പിച്ചു. അച്ഛന്റെ മരുമകനുമായി സാധാരണമായുണ്ടാകാനിടയുള്ള ആ കൂട്ടുകെട്ടിന്റെ കഥ അവൾക്കത്രതന്നെ പരിചിതമല്ല. അതിനു കാരണവുമുണ്ടു്. അങ്ങനെയൊരാളെ തന്റെ വീട്ടിൽ അവൾ ഇതിനിടെ കണ്ടിട്ടില്ല. ഏതായാലും ആദ്യം അല്പം ഈർഷ്യ നടിച്ചുവെങ്കിലും, അവളതു സഹിച്ചു. ആയാളുടെ പുസ്തകങ്ങളിൽ അവൾക്കുള്ള പ്രതിപത്തി കൂടിക്കൂടി വന്നു. ക്രമേണ ആയാളെയും ആയാളുടെ കഴിവുകളേയുംപറ്റി രഹസ്യമായ ഒരാദരവും സ്നേഹവും അവളിൽ വേരൂന്നുകയും ചെയ്തു. ഇതിനെ വർദ്ധിപ്പിക്കാൻ വീണ്ടും കാരണങ്ങളുണ്ടായി.
താൻ അറിയുന്നവരെല്ലാം കൃഷ്ണമേനോനെ പ്രശംസിക്കുന്നതായി അവൾ കണ്ടു. അവളുടേയും കൃഷ്ണമേനോന്റെയും പേരുകൾ ഘടിപ്പിച്ചു കളിയാക്കുകയാണു് അവളുടെ സഖിമാർ പുറമേ ചെയ്തുപോന്നതെങ്കിലും, രഹസ്യമായി അവർക്കും ആയാളെ വലിയ താൽപര്യമാണെന്നവൾ സ്ത്രീസഹജമായ ബുദ്ധികൌശലംകൊണ്ടു കണ്ടു പിടിച്ചു. ഇതു സ്വാഭാവികമായി അവളുടെ ആഗ്രഹത്തെ തട്ടിയുണർത്തി. കൃഷ്ണമേനോൻ തനിക്കവകാശപ്പെട്ടതാണെന്ന ഒരവകാശബോധവും അവളിലുണ്ടാക്കി.
ഇടനേരം അവളുടെ അച്ഛനമ്മമാരുടെ സംഭാഷണവിഷയം കൃഷ്ണമേനോനായിരുന്നു.
“കുറേ പഠിപ്പും കൂടി അവന്നുണ്ടായിരുന്നെങ്കിൽ…” ഭർത്താവു ഭാര്യയോടു പറഞ്ഞു.
“അതില്ലാതെതന്നെ എന്താ ദോഷം? പ്രായമായ പെൺകുട്ടികളുള്ള വീട്ടിലെല്ലാം മരുമകനെപ്പറ്റിയാണു് സംസാരം.”
“നമ്മൾക്കുമില്ലേ ഒരു കുട്ടി…?”
“ഓഹോ, ഇത്രയ്ക്കായോ നാണിക്കുട്ടിയുടെ ആലോചന! ഞാൻ ഇതു ധരിച്ചില്ല. അവൻ പഠിപ്പും പാസ്സും മറ്റുമില്ലാത്തവനാണെന്നു്, നാണിക്കുട്ടിക്കറിഞ്ഞുകൂടേ?”
“ഓ, മതി, മതി, കളിയാക്കിയതു്. ഇങ്ങനെ മിണ്ടാതിരുന്നാൽ ഒടുക്കത്തെ ഫലം…!! ഞാനിപ്പോളൊന്നും പറയുന്നില്ല,” ആയമ്മയുടെ കണ്ണിൽ വെള്ളം നിറഞ്ഞു.
“മീനുവിനിഷ്ടമാണോ എന്നറിയണ്ടേ, നാണിക്കുട്ടീ. ഒരു മകളല്ലേ ഉള്ളൂ. അവളെ മുഷിപ്പിക്കാതെ കഴിക്കണ്ടേ?”
“അവൾക്കിഷ്ടമാവാതെയെന്താ…?”
“ആണെങ്കിൽ നന്നായിരുന്നു എന്നു ഞാനും ആലോചിക്കായ്മയില്ല. നാട്ടിലവൻ അധികവും തെണ്ടി നടക്കുകയാണു്. തോന്നുമ്പോൾ പണിയെടുക്കും. പിന്നെയൊക്കെ ശീട്ടുകളിയും കൂട്ടുകാരുമായി കഴിയുമെന്നാണു കേട്ടതു്. അതില്ലാതെ ശരിക്കൊരാൾ നിയന്ത്രിക്കാനുണ്ടായാൽ പക്ഷേ, നന്നായേനേ. മീനുവിനു സമ്മതമാണെങ്കിൽ…”
ഈ സമയത്തു് എന്തോ പതുക്കെ മൂളിക്കൊണ്ടു മീനു ആ മുറിയിലേയ്ക്കു വന്നു. അവർ വിഷയം മാറ്റി. പക്ഷേ, സംഭാഷണത്തിന്റെ കുറേ ഭാഗം അവൾ കേട്ടുകഴിഞ്ഞിരുന്നു. അച്ഛനേയും അമ്മയേയും അസ്വസ്ഥരാക്കണ്ട എന്നു കരുതി അതിലൊന്നും കേട്ട ഭാവം നടിക്കാതെ അവൾ അളമാറ തുറന്നു് ഒരു പുസ്തകവുമെടുത്തു പുറത്തേയ്ക്കു പോയി.
അച്ഛനമ്മമാരുടെ അഭിമതംകൂടി ഇങ്ങനെയറിഞ്ഞപ്പോൾ പിന്നെ കൃഷ്ണമേനോനുമായുള്ള മീനുവിന്റെ പെരുമാറ്റം, ക്രമത്തിൽ, അമ്പേ മാറി. അവൾ പെരുമാറ്റത്തിൽ അകലിച്ച കാണിക്കാതായി. താൻ വായിച്ച പുസ്തകങ്ങളെപ്പറ്റി ആയാളോടു് അഭിപ്രായം പറയുകയും ചോദിക്കുകയും ചെയ്തു. അതിനെത്തുടർന്നു അതിലും അടുപ്പം കാണിച്ചു് ആയാളുടെ അപരിചിതങ്ങളായ ഇഷ്ടാനിഷ്ടങ്ങളിലേയ്ക്കു കടന്നു.
“പട്ടണം ഇഷ്ടമാണോ? അതായതു്, ഈ ലഹളയും കാറും ബസ്സും പൊടിയുമൊക്കെ?”
“കലശലായ വെറുപ്പാണെനിക്കു്”
അവളെ കണ്ണിമയ്ക്കാതെ നോക്കിയിരുന്ന കൃഷ്ണമേനോൻ, അവളുടെ അഭിപ്രായത്തിൽ, ഒരു ‘കണ്ട്റിത്ത’മാണു് കാണിച്ചിരുന്നതെങ്കിലും, ആയാളെ ആകർഷിക്കാനുള്ള രൂപലാവണ്യം തനിക്കുണ്ടെന്നറിഞ്ഞു് അവൾ സന്തോഷിച്ചു.
“പുസ്തകങ്ങളെക്കുറിച്ചൊന്നും ചോദിച്ചു ഞാൻ ബോറാക്കുന്നില്ല,” അവൾ പറഞ്ഞു, “ഒന്നു പറഞ്ഞുതന്നുകൂടേ, എങ്ങനെയാണു് എഴുതാറു്?”
ഈ ചോദ്യം അയാളെ കുഴക്കി. “വല്ലതും വല്ലപ്പോഴൊക്കെ തോന്നും. അപ്പോൾ എഴുതും.” ആയാളുടെ സമാധാനം തൃപ്തികരമായിരുന്നില്ല.
“അതല്ല, വലിയ ഗ്രന്ഥകാരന്മാർ വെളിച്ചാവാൻ കാലത്തും വൈകുന്നേരവും മറ്റും നടക്കാൻ പോകുമ്പോഴാണു് ‘പ്ലോട്ടാ’ലോചിച്ചുവെയ്ക്കുകയെന്നും പിന്നെയാണു് എഴുതുകയെന്നും മറ്റും കേട്ടിട്ടുണ്ടു്. ഇങ്ങനെ പതിവുണ്ടോ? നടക്കാൻ പോകലില്ലേ?”
“ഓഹോ, ധാരാളം.” മറുപടി താൻ അന്വേഷിച്ച മാർഗ്ഗത്തിലേയ്ക്കു തിരിഞ്ഞതു കണ്ടു് അവൾക്കുന്മേഷം വർദ്ധിച്ചു.
“എന്നിട്ടു്?”
“ഞങ്ങൾ ഒരു മൊട്ടപ്പറമ്പിലിരുന്നു ശീട്ടുകളിക്കും—ഞാനും ശങ്കരമേന്നും ശ്രീധരക്കുറുപ്പും.”
അവളുടെ മുഖം മങ്ങി. മൊട്ടപ്പറമ്പുകൾ അവൾക്കൊരിക്കലും ആകർഷകമായി തോന്നീട്ടില്ല. വിശേഷിച്ചു പ്രതിഭയെ തട്ടിയുണർത്തുവാൻ അവ ഒട്ടും പറ്റിയതല്ലെന്നു് അവൾക്കുറപ്പുണ്ടു്. എങ്കിലും ആയാളെ മുഷിപ്പിക്കുന്നതിൽ അവൾക്കു വൈമനസ്യമുണ്ടായിരുന്നു. അതുകൊണ്ടു പറഞ്ഞു:
“ചില മൊട്ടപ്പറമ്പുകൾ വൈകുന്നേരം കാണാൻ നല്ല ഭംഗിയുണ്ടു്.”
“ഹയ്, ഞങ്ങൾ കളിക്കാനിരിക്കുന്ന പറമ്പു കാണേണ്ടതാണു്.”
ഇതിനെത്തുടർന്നു അസ്തമനസമയത്തുള്ള ആ പറമ്പിന്റെ സൌന്ദര്യം ഒന്നു വർണ്ണിച്ചുകൊടുക്കുവാൻ ആയാൾക്കാഗ്രഹം ജനിച്ചു. ഒരു വലിയ മഞ്ചാടിക്കുരു താഴത്തേയ്ക്കു വീഴുന്ന പോലെ ചുകന്നു് ആ കുന്നിന്റെ ചെരുവിൽ കാണുന്ന അസ്തമയ സൂര്യൻ; സിന്ദൂരപ്പാത്രം തട്ടിമറിഞ്ഞപോലെ അങ്ങിങ്ങു ചുകപ്പു നിറം കലർന്ന ആകാശം; മഷി തൂളിച്ചപോലെ ദൂരേ ഉയരത്തിൽ പറന്നു പോകുന്ന പക്ഷികൾ; വീർപ്പുമുട്ടിനില്ക്കുന്ന കാറ്റു്; ആ നിശ്ശബ്ദതയ്ക്കിടയ്ക്കു്, അകലെനിന്നു കേൾക്കുന്ന കന്നുകാലികളുടെ മുക്കുറയിടൽ—ഇങ്ങനെ പലതും വർണ്ണിച്ചു് ആ പ്രദേശത്തിന്റെ ഭംഗിയെ അവൾക്കു മനസ്സിലാക്കിക്കൊടുക്കുവാൻ ആയാൾക്കു കലശലായ മോഹമുദിച്ചു. പക്ഷേ, ഒരൊറ്റ വാക്കെങ്കിലും പുറത്തേയ്ക്കു വന്നില്ല.
ഒടുവിൽ ആയാൾ ഉള്ളിൽ വിചാരിച്ചു, ‘ഈ കുട്ടി ഇങ്ങനെ ചോദ്യങ്ങളൊന്നും ചോദിച്ചു ബുദ്ധിമുട്ടിക്കില്ലെങ്കിൽ എനിക്കു വളരെ ഇഷ്ടമായിരുന്നു.’
കുറച്ചുനേരം മിണ്ടാതിരുന്നതിനുശേഷം അവൾ വീണ്ടും ചോദിച്ചു, “ധാരാളം ആളുകളായി പരിചയമാവുന്നതു് ഇഷ്ടമാണോ?”
“പിന്നെ; എനിക്കു നാട്ടിൽത്തന്നെ ധാരാളം സ്നേഹിതന്മാരുണ്ടു്. രണ്ടുണ്ടു്, തീർച്ച: ശങ്കരമേന്നും ശ്രീധരക്കുറുപ്പും. എനിക്കവർ ധാരാളം മതി.”
ഈ മറുപടി അവളെ അല്പം വെറുപ്പിച്ചു. ഇങ്ങനെ ഒരിടുങ്ങിയ മനസ്ഥിതി സൂചിപ്പിക്കുന്ന സംതൃപ്തി അവൾക്കു ബോധിച്ചില്ല. ഇതു സാധാരണമായി ചില വലിയ ആളുകൾ അഭിനയിക്കുന്ന ഒരു ചില്ലറ ധാടിയാണോ എന്നുകൂടി അവൾ സംശയിച്ചു. ഏതെങ്കിലും വിടാൻ തീർച്ചപ്പെടുത്തീട്ടില്ല. നല്ലവണ്ണം പരീക്ഷിക്കാൻ തന്നെ നിശ്ചയിച്ചു. സ്ത്രീസഹജമായ ആ ഒരു പുച്ഛരസം അവൾ പ്രകടിപ്പിച്ചു. “ഇതു വെറും ഒരു ധാടിയാണു്.”
“അയ്യോ, ഞാനതു തീരെ ഉദ്ദേശിച്ചിട്ടില്ല. മനസ്സിലുള്ളതു പറഞ്ഞു എന്നുമാത്രം.”
ആയാളുടെ മുഖഭാവവും സ്വരവും ആയാൾ കളവു പറയുകയല്ലെന്നു് അവളെ ബോധപ്പെടുത്തി. അതു ചോദിക്കേണ്ടിയിരുന്നില്ലെന്നു് അപ്പോളവൾ വിചാരിച്ചു. അവർ മൌനമായിരുന്നു.
ആ സമയത്തു് അവളുടെ അനുജൻ വന്നു പറഞ്ഞു, “ചേച്ചി, ഇന്നു നമുക്കു സിനിമ കാണാൻ പോവുക?”
“ആരുടെകൂടെ?” എന്നു ചോദിച്ചു, സ്വാഭാവികമായി അവളുടെ ദൃഷ്ടി കൃഷ്ണമേനോന്റെ നേർക്കു തിരിഞ്ഞു. അനുജനും ആ വഴിക്കു നോക്കി. കൃഷ്ണമേനോൻ അല്പമൊന്നു പരുങ്ങിയതിന്നുശേഷം പറഞ്ഞു: “എന്റെ കൂടെ വരാമെങ്കിൽ…”
“ഉം, എന്താ വന്നാൽ?”
അങ്ങനെ ആ പരിചയം വർദ്ധിച്ചു.
കൃഷ്ണമേനോൻ മടങ്ങി നാട്ടിൽച്ചെന്നപ്പോൾ വിവരങ്ങൾ പറഞ്ഞു. താൻ വിവാഹംകഴിക്കാൻ വിചാരിക്കുന്നുണ്ടെന്നും ധരിപ്പിച്ചു.
“ഓഹോ, മൂപ്പരുടെ കളി മുഴുവൻ തകരാറാവുന്നതു് ഇപ്പോൾ അതു വിചാരിച്ചാണു്.”
“അല്ലാ, കുട്ടി എങ്ങനെ?”
“അതു പറയാനുണ്ടോ? ഏട്ടത്തിയമ്മയെക്കാണാൻ വൈകി.”
“ഇനി നമ്മളൊക്കെ പുറംതള്ള്! നമ്മൾക്കു കളിക്കാൻ വേറെ ആളെ തിരയേണ്ടിവരും, കുറുപ്പേ.”
“ഹേയ്, നമ്മുടെ ബന്ധത്തിനു്, ഇതല്ല ഇതിലപ്പുറം സംഭവിച്ചാൽത്തന്നെ ഒരു മാറ്റവും വരില്ല,” എന്നു കൃഷ്ണമേനോൻ ഉറപ്പിച്ചുപറഞ്ഞു് അവരെ സമാധാനപ്പെടുത്തി.
പ്രതീക്ഷിച്ചവിധം ആ വിവാഹവും നടന്നു. വിവാഹം കഴിഞ്ഞതിനുശേഷം കുറേ ദിവസം കൃഷ്ണമേനോൻ ഭാര്യവീട്ടിൽത്തന്നെയായിരുന്നു. പലരുമായുള്ള സമ്പർക്കംകൊണ്ടു് ആയാൾ ക്ഷണത്തിൽ ആ ലജ്ജാശീലം വിടുവാനും സംസാരിക്കുവാനും പഠിച്ചു. വിവാഹം കഴിക്കുക കാരണം താൻ ഭാഗ്യവാനായിരിക്കുന്നു എന്നയാൾ ഭാര്യയോടു പറഞ്ഞു. അവൾക്കതു് ആയാളുടെ മുഖഭാവത്തിൽനിന്നു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. എങ്കിലും പെണ്ണുങ്ങൾക്കു് ഇത്തരം കാര്യങ്ങൾ പുരുഷന്മാരുടെ മുഖത്തുനിന്നു കേട്ടേ കഴിയൂ എന്നൊരു വാശിയുണ്ടു്.
ആയാൾ അങ്ങനെ ആ വീട്ടിൽ എത്രകാലം വേണമെങ്കിലും താമസിച്ചേനേ. പക്ഷേ, മീനുവിനു സമ്മതമായില്ല. പെണ്ണുങ്ങളുടെ സ്വഭാവമാണിതു്. അവർക്കു പുരുഷന്മാരെ തങ്ങളിൽ അത്യധികം ആസക്തരാക്കിത്തീർക്കണം. സാധിച്ചുകഴിഞ്ഞാൽ, അതു നിർത്താൻ അവർക്കു തിടുക്കമായി. ഇനി സ്വന്തം വീട്ടിൽപ്പോയി പഴയ പടി സാഹിത്യപരിശ്രമങ്ങൾ തുടരണമെന്നു മീനു ഉപദേശിച്ചു. ഇതേവരെ തന്റെ പ്രവൃത്തി ഒരു ദുർഘടമായി കൃഷ്ണമേനോൻ കരുതിയിരുന്നില്ല. ആയാൾ പോവുന്നതിൽ വിരോധം പറഞ്ഞു.
“ഞാൻ ഇവിടെയിരിക്കുമ്പോൾത്തന്നെ ധാരാളം പ്രവൃത്തിയെടുക്കുന്നുണ്ടു്.”
“എനിക്കു മനസ്സിലാവുന്നില്ല പറയുന്നതു്.”
ആയാൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു: “എന്റെ പ്രവൃത്തി അങ്ങനെയാണു്. മറ്റു വല്ലതും ചെയ്തു കൊണ്ടിരിക്കുമ്പോളാണു് എനിക്കെന്തെങ്കിലും എഴുതാൻ തോന്നുക.”
ഇതു കേട്ടു് അവൾക്കു ശുണ്ഠിവന്നു. “ഓ, പിന്നെ!” തന്നെ ലാളിക്കുന്ന സമയത്തെല്ലാം ആയാളുടെ മനസ്സു മറ്റുതരത്തിൽ പ്രവർത്തിക്കുകയാണെന്നല്ലേ ഇതിന്റെ അർത്ഥം? അതു പറ്റില്ല. എല്ലാറ്റിനും അതാതിന്റെ സമയം വേണം.
ആയാൾ തുടർന്നു പറഞ്ഞു, “ഞാൻ എഴുതിയിട്ടുള്ളവയിൽ ഏറ്റവും നല്ലതു്, കുറുപ്പും മേന്നുമായി ശീട്ടു കളിക്കുന്നതിനിടയ്ക്കു തോന്നിയിട്ടുള്ളതാണു്.”
“അല്ലെന്നിപ്പോൾ ഞാൻ പറഞ്ഞുവോ?” ഒരു പരിഭവസ്വരത്തിൽ അവൾ പറഞ്ഞു: “അങ്ങനെയല്ല വേണ്ടതു്. ചെയ്യുന്ന കാര്യത്തിൽ അവനവന്റെ മുഴുവൻ ശ്രദ്ധയും വേണം.”
“മീനു പറഞ്ഞതു ശരിയാണു്. പക്ഷേ, എന്റെ സ്വഭാവം ഇങ്ങനെയാണു്. ഓരോരുത്തരുടെ സ്വഭാവമല്ലേ? അതു മാറ്റാൻ കഴിയുമോ?”
ഭർത്താവിന്റെ സ്വഭാവം മാറ്റാൻ കഴിയുമോ എന്ന കാര്യം മീനുവിന്നു് അത്ര സാരമുള്ളതായി തോന്നിയില്ല; ചുരുക്കം ഭാര്യമാർക്കേ തോന്നൂ. ഭാര്യമാരുടെ പ്രവൃത്തിതന്നെ ഭർത്താക്കന്മാരുടെ സ്വഭാവം മാറ്റലാണു്. ഇടക്കിതു കുറേ കവിഞ്ഞുപോവും. ഒരു സ്ത്രീക്കു് ഒരു പ്രത്യേക പുരുഷനിൽ അഭിനിവേശം ജനിക്കുവാൻ കാരണമായ ആ പ്രത്യേകസ്വഭാവംതന്നെ അവൾ ആയാളിൽ നിന്നകറ്റിക്കളയും. എന്നിട്ടു്, അങ്ങനെ സംഭവിച്ചു കഴിഞ്ഞതിനുശേഷം, ഇടയ്ക്കുവൾ, അത്ഭുതപ്പെടുകയും ചെയ്യും. “എന്തു കണ്ടിട്ടാണു് ഞാൻ ഇയ്യാളെ ഭ്രമിച്ചതു്?” എന്നു്. ഏതായാലും മീനു ഒഴിച്ചില്ല.
“ഞാനതല്ല പറഞ്ഞതു്. നമ്മളൊന്നിച്ചു താമസമാക്കിയാൽപ്പിന്നെ സുഖസൌകര്യങ്ങൾ നോക്കാൻ ഞാനുണ്ടല്ലോ. അപ്പോൾ പ്രവൃത്തിയെടുക്കുന്നതിന്നു കുറേക്കൂടി ഉന്മേഷവും സമയവും കിട്ടും.”
കൃഷ്ണമേനോൻ എതിർത്തില്ല. അവൾ പറഞ്ഞതു ശരിയായിരിക്കാം.
പിറ്റേദിവസം അവർ കൃഷ്ണമേനോന്റെ വീട്ടിലേയ്ക്കു പോയി. ആ പറമ്പും പാടങ്ങളും കുന്നും കുഴികളുമെല്ലാം വളരെ മനോഹരമാണു്. അതു കഴിഞ്ഞു് അവർ വീട്ടിലെത്തി. “വീട്ടിൽ ചില മാറ്റങ്ങളെല്ലാം വരുത്താൻ ഞാനേർപ്പാടു ചെയ്തിട്ടുണ്ടു്. പിടിക്കുമോ ആവോ?” മീനു പറഞ്ഞു.
പറഞ്ഞതു വാസ്തവമാണു്. ആ വീട്ടിന്റെ ആകൃതി മാറിയിട്ടില്ല എന്നല്ലാതെ മുറികളൊന്നും പണ്ടത്തെപ്പോലെയായിരുന്നില്ല. എല്ലാം വൃത്തിയാക്കി മോടിപിടിപ്പിച്ചിട്ടുണ്ടു്. ആ പഴയ ചാരുകസാലയും ശീലകളും മറ്റും നീക്കം ചെയ്തിരുന്നു. മുറിക്കെല്ലാം പണ്ടു് ഒരു പൂപ്പുപിടിച്ച മണമുണ്ടായിരുന്നതും മാറിയിരിക്കുന്നു. അവൾ ഭർത്താവിന്റെ മുഖത്തു നോക്കി.
“മീനു, എല്ലാം ഭംഗിയായിരിക്കുന്നു.”
“മാറ്റങ്ങൾ വരുത്താമെന്നു ബോധപ്പെട്ടില്ലേ?” അവൾ വിജയസൂചകമായി പറഞ്ഞു.
ആ മുറി ആസകലം മാറിയിരിക്കുന്നു. കൃഷ്ണമേനോൻ സിഗററ്റു വായിൽ നിന്നെടുത്തു. പണ്ടു് അതു കുത്തിക്കെടുത്തിയിരുന്ന ഭാഗത്തെ ചുമരിന്മേലേയ്ക്കു നോക്കി. അവിടെ ഒരു കറുത്ത പാടു കാണ്മാനുണ്ടു്. പക്ഷേ, നല്ലവണ്ണം വെള്ളയടിച്ചു് ആ പാടും നീക്കം ചെയ്യാനുള്ള ശ്രമം കഴിച്ചിട്ടുണ്ടെന്നു് ആ ഭാഗം വിളിച്ചുപറഞ്ഞു. ഇനി സിഗററ്റ് അവിടെ ഉരച്ചു കെടുത്താൻ പാടില്ലെന്നു കൃഷ്ണമേനോന്നു തോന്നി. അയാൾ പുറത്തുപോയി അതു കെടുത്തി വലിച്ചെറിഞ്ഞു. പറമ്പിൽ അല്പം അകലെ ഒരു തെങ്ങിൻതടത്തിൽ അയാൾ പണ്ടു ധരിച്ചിരുന്ന ഒരു സില്ക്കു ഷർട്ടും ലുങ്കിയും കിടക്കുന്നു. പഴക്കം കണ്ടു മീനു വലിച്ചെറിഞ്ഞതാണു്. അതു വീണ്ടെടുക്കുവാനൊരു മോഹം ആയാൾക്കുണ്ടായി. പക്ഷേ, അതടക്കി. ആ സാധനങ്ങളുടെ കാലം, കഴിഞ്ഞതായി ആയാൾക്കു് മനസ്സിലായി. മുറിയിലേയ്ക്കു തിരിച്ചു വന്നു.
അധികം കഴിയുന്നതിന്നു മുമ്പു പടിവാതിൽ ‘പ്ടെ’ എന്നു ഭയങ്കരമായി തുറന്നടച്ചു രണ്ടുപേർ ലഹള കൂട്ടി, ചൂളംവിളിച്ചു, മൂളിപ്പാട്ടുംപാടി ചടുചടുന്നനെ ചവിട്ടുപടി കയറി തളത്തിലെത്തി. അവർക്കു് ‘ഏട്ടത്തിയമ്മയെ’ കണ്ടു പരിചയമാവണം. തുടച്ചുമിനുപ്പാക്കിയ ആ തളവും അതിൽ വളരെ ശ്രദ്ധിച്ചു വൃത്തിയിലൊരുക്കിയ കസാലകളും അവരുടെ മനസ്സിൽ അല്പം ഭീതി ജനിപ്പിച്ചു. അവർ മെല്ലെ പിൻതിരിഞ്ഞു് ഉമ്മറവാതിലിന്നു പുറത്തു ചെരുപ്പഴിച്ചുവെച്ചു. ശങ്കരമേനോൻ മെല്ലെ കൈവിരലുകൾ ചീപ്പാക്കി തലമിനുക്കി വെയ്ക്കുവാനും ഷർട്ടിന്റെ തലപ്പു പിടിച്ചുവലിച്ചു് അതിലെ ചുളിവുകൾ തീർത്തു പൊടി തട്ടിക്കളയുവാനും ശ്രമിച്ചു. ശ്രീധരക്കുറുപ്പ് ഒരു സ്കൂൾക്കുട്ടി അബദ്ധത്തിലായാലത്തെ നിലയിൽ നിന്നു.
‘എട്ടത്തിയമ്മ’ അവർ വിചാരിച്ചപോലെ നാണം കുണുങ്ങിയൊന്നുമല്ല. ഭർത്താവും സ്നേഹിതന്മാരുംകൂടി ഇരുന്നപ്പോൾ മീനുവും മുറിയിലേയ്ക്കു വന്നു. അവൾ സൌന്ദര്യവതിയാണെന്നു ഒരൊറ്റ നോട്ടത്തിന്നു മേനോനും കുറുപ്പും തീർച്ചപ്പെടുത്തി. സംസാരിക്കുന്നതിലിടയ്ക്കു ഭൃത്യനെ വിളിച്ചു ചായയുണ്ടാക്കാൻ പറയാൻ അവൾ പുറത്തേയ്ക്കു പോയി.
“പാലുണ്ടോ മീനു?” ഭർത്താവു ചോദിച്ചു.
“വർത്തമാനം പറഞ്ഞാൽ മതി. അതൊക്കെ ഇവിടെ ശരിയാക്കിക്കൊള്ളാം” എന്നൊരു ചെറിയ ശകാരം സമ്മാനിച്ചു് അവൾ അകത്തേയ്ക്കു പോയി.
‘അതു ശരിയാണു്’ കൃഷ്ണമേനോൻ ഉള്ളിൽ വിചാരിച്ചു. പക്ഷേ, പണ്ടിതൊന്നും പതിവില്ലായിരുന്നു. സ്നേഹിതന്മാർ വന്നാൽ അവരെല്ലാവരുംകൂടി, “ചായണ്ടോ ഗോപാല? പാലുണ്ടോ ഗോപാല?” എന്നൊക്കെ, ഉറക്കെ, ഉമ്മറത്തുനിന്നു് അടുക്കളയിലേയ്ക്കു വിളിച്ചുചോദിക്കലായിരുന്നു പതിവു്; ഇനി അതൊന്നും പാടില്ല.
ചായ കൊണ്ടുവന്നു. അതു കുടിക്കുന്നതോടുകൂടി സംഭാഷണവും നീണ്ടു. സാധാരണമായി അവർ സൊള്ളുന്ന വിഷയങ്ങളായിരുന്നില്ല. ശങ്കരമേന്നും ശ്രീധരക്കുറുപ്പിനും സംഭാഷണാവസരത്തിൽ അസാമാന്യമായ അസ്വസ്ഥതയുണ്ടായി. അവർക്കു പറഞ്ഞുശീലമില്ലാത്ത വിഷയങ്ങളെപ്പറ്റിയാണു് സംഭാഷണം. കായ്കറികളുടെ വിലകയറ്റത്തെപ്പറ്റി പറയുമ്പോൾ, മേനോൻ, താൻ പണ്ടു് അച്ഛന്റെ നിർബ്ബന്ധപ്രകാരം ചന്തയിലേയ്ക്കു പോയതും അന്നത്തെ കായ്കറികളുടെ വിലയും ഓർമ്മിച്ചു. ശ്രീധരക്കുറുപ്പ് ഒമ്പതാംക്ലാസ്സിൽ പഠിക്കേണ്ടി വന്ന പാഠപുസ്തകത്തിലെ കവിതകൾ ഓർമ്മിച്ചു് എഴുത്തച്ഛനേയും ആശാനേയുംപറ്റി അഭിപ്രായം പറഞ്ഞു. അങ്ങനെ ആ വൈകുന്നേരം അസാധാരണമായ മന്ദതയിൽ അവസാനിക്കുകയും അവർ പോവാൻ പുറപ്പെടുകയും ചെയ്തു. പണ്ടു പോവുക, അല്ലെങ്കിൽ യാത്ര ചോദിക്കുക, എന്നൊരു ചടങ്ങേ ഉണ്ടായിരുന്നില്ല. ഇതു് ഒരു പുതുമയായിരുന്നു. “ഹയ് പോവ്വേ?” കൃഷ്ണമേനോൻ അത്ഭുതപ്പെട്ടു ചോദിച്ചു.
“ഇവിടെ നമ്മളെല്ലാം ഒരുങ്ങിക്കഴിഞ്ഞതിനുശേഷം അവരെ ഒരുദിവസം ഉണ്ണാൻ ക്ഷണിക്കാ”മെന്നു ഭാര്യ പറഞ്ഞു. പിന്നെ അതിന്നു വിപരീതം പാടില്ലല്ലോ. അവർ പിരിഞ്ഞു. കൃഷ്ണമേനോൻ അതിയായ വൈമനസ്യത്തോടേ ഒന്നും മിണ്ടാതെ കഴിച്ചു.
പുരുഷന്മാർ വല്ലാത്ത സ്വഭാവക്കാരാണു്. എന്തെങ്കിലും നിസ്സാര സംഗതികളെപ്പറ്റി വിചാരിച്ചു് അവർ മനസ്സുഖമില്ലാതാക്കുന്നു. കൃഷ്ണമേനോന്റെ കാര്യത്തിൽ ഇങ്ങനെയാണുണ്ടായതു്: അത്താഴത്തിന്റെ സമയത്തു ആയാൾ വലിയ മനോരാജ്യക്കാരനായിട്ടു കണ്ടു. തെങ്ങിൻ തടത്തിൽ കണ്ട തന്റെ പഴയ വസ്ത്രങ്ങളെയും, ഊണുകഴിക്കാതെ ഇരുട്ടത്തു പോകേണ്ടി വന്ന സ്നേഹിതന്മാരേയും പറ്റി വിചാരിച്ചു് ആയാൾ ഖേദിക്കുകയായിരുന്നു. ‘ഇനി അവരൊന്നിച്ചു ശീട്ടുകളിക്കാനും മറ്റും തരപ്പെടില്ലെന്നുണ്ടോ?’ ആയാൾ തന്നിൽത്തന്നെ വിശ്വാസമില്ലാതെ സങ്കല്പിച്ച ‘ഈ മട്ടൊന്നും എന്നെക്കൊണ്ടു കഴിയില്ല. മീനുവിനെ ധരിപ്പിക്കാതെ പറ്റില്ല.’
സ്വതേ വളരെയധികം സ്വാതന്ത്ര്യത്തിൽ വളർന്ന ഒരാൾ ഇങ്ങനെയെല്ലാം സ്വയം ആവലാതിപ്പെടുക അസാധാരണമല്ല. തന്നിഷ്ടം പോലെ എന്തും ചെയ്തിരുന്ന ആൾക്കു മറ്റൊരാളാൽ ഭരിക്കപ്പെടുക എന്നതു പ്രാണസങ്കടമാണു്. മീനുവിനു ഭർത്താവിന്റെ മനസ്സിൽ നടക്കുന്നതെന്തെല്ലാമാണെന്നു മനസ്സിലാകായ്കയല്ല. പരിചയംകൊണ്ടു് ഈ വേണ്ടാത്ത ദൌർബ്ബല്യങ്ങളെല്ലാം വിട്ടുമാറിക്കൊള്ളുമെന്നു് അവൾ സമാധാനിച്ചു. എങ്കിലും അല്പം തന്റേടമില്ലായ്മയാണു്, “എന്തിനെപ്പറ്റിയാണു് ആലോചിക്കുന്നതു്?” എന്നവൾ ഭർത്താവിനോടു ചോദിച്ചപ്പോൾ കാണിച്ചതു്.
“വിശേഷിച്ചൊന്നുമില്ല.”
“എന്നാലും; എനിക്കു കേട്ടൂടേ?”
“ശങ്കരമേന്നേയും കുറുപ്പിനേയുംപറ്റി ആലോചിക്കുകയായിരുന്നു.”
“നല്ല ആളുകളാണവർ. എനിക്കു പിടിച്ചു. ഞാൻ വരുന്നതിനുമുമ്പു് അവർ ഇവിടം വിട്ടൊഴിഞ്ഞ സമയമുണ്ടായിരുന്നിരിക്കില്ല.”
“ഇല്ല.” അവരെപ്പറ്റി ഇങ്ങനെ ഒരകന്ന രീതിയിൽ മറ്റൊരാളോടു സംസാരിക്കുന്നതു് ആയാൾക്കു രസിച്ചില്ല.
“സംഭാഷണത്തിനു പറ്റിയ കൂട്ടരാണു്,” ഭാര്യ തുടർന്നുപറഞ്ഞു.
“എന്തു്! ഇന്നത്തെ തീരെ രസമായില്ല. മീനു കാരണമാണതു്.”
അവളുടെ മുഖം മങ്ങി. “ഞാൻ കാരണമാണു് സ്നേഹിതന്മാർ ബുദ്ധിമുട്ടുന്നതു്, അല്ലേ?” എന്നു ചോദിക്കലും കണ്ണിൽ വെള്ളം നിറയലും ഒന്നിച്ചു കഴിഞ്ഞു. ഒരു ചെറിയ പിണക്കമുണ്ടായി. പക്ഷേ, അധികനേരം നില്ക്കുന്നതിനുമുമ്പു് അതു സമാധാനത്തിലും കൂടുതൽ സ്നേഹപ്രകടനങ്ങളിലും അവസാനിച്ചു.
കൃഷ്ണമേനോനു് ഇരുന്നെഴുതുവാനുള്ള മുറി സുഖ സൌകര്യങ്ങളുടെ ഒരു കലവറയായിരുന്നു. ഒന്നിനും പുറത്തു പോയി അന്വേഷിക്കേണ്ട. ഒന്നാന്തരം ഒരു ചാരുകസാല. അതിന്മേൽ ചിത്രപ്പണികളോടുകൂടി തുന്നി വെച്ചിട്ടുള്ള ഒരു ‘കുഷൻ’, പുതിയ മേശവിരി! ഭംഗിയുള്ള ജനൽ മറകൾ. ചുമരിനെ അലങ്കരിക്കുവാൻ നല്ല നല്ല ചിത്രങ്ങൾ. കൃഷ്ണമേനോന്റെ ശ്രദ്ധ മറ്റൊന്നിനും പോവരുതെന്നു കരുതി എല്ലാം ഭംഗിയായി ഒരുക്കി വെച്ചിരിക്കുന്നു! പക്ഷേ, കൃഷ്ണമേനോന്റെ ശ്രദ്ധ, നേരേ മറിച്ചു്, പ്രവൃത്തിയിൽച്ചെല്ലാതെ ഈ പുതിയ സാധനങ്ങളിന്മേലാണു് സ്ഥാനമുറപ്പിച്ചതു്. ഇടയ്ക്കു മേശവിരിയിന്മേൽ; ഇടയ്ക്കു ചിത്രങ്ങളിന്മേൽ; മറ്റു ചിലപ്പോൾ പുതിയതരം മഷിക്കുപ്പിയിന്മേൽ ഇങ്ങനെ ഇടവിടാതെ അതു് അപരിചിതങ്ങളായ ആ സാമഗ്രികളാൽ ആകർഷിക്കപ്പെട്ടു. അതിപരിചിതങ്ങളായ പണ്ടത്തെ ആ ചില്ലറസ്സാധനങ്ങളുടെ ഇടയ്ക്കു് ആയാൾക്കൊരു പുതുമയും തോന്നാനുണ്ടായിരുന്നില്ല. അതുകൊണ്ടു് എഴുതാനിരിക്കുമ്പോൾ ശ്രദ്ധയ്ക്കു മറ്റൊരിടത്തും തങ്ങാനില്ല. ബീഡി വലിച്ചു സ്വാഭാവികമായി ആ ചാരുകസാലയുടെ അടുത്ത ചുമരിന്മേൽ കുത്തിക്കെടുത്തിയിരുന്നതുകൂടി ആയാൾ അറിഞ്ഞിരുന്നില്ല. ഇപ്പോഴാകട്ടേ ആ പരിചിതമായ അന്തരീക്ഷം ആ മുറിയ്ക്കില്ല. അതുകൊണ്ടു ശ്രദ്ധ അതിന്റെ പാട്ടിനു ലാത്താൻ പോകും. ഭാര്യയോടു് ഇതൊക്കെ പറയാൻ നിവൃത്തിയുണ്ടോ? അവൾ സ്നേഹപൂർവ്വം ഒരുക്കിവെച്ചിട്ടുള്ളതൊന്നും ആയാൾ ഇഷ്ടപ്പെടുന്നില്ലെന്നല്ലേ അവൾക്കു തോന്നുക! അതുകൊണ്ടു് അവൾ ചെയ്യുന്നതെല്ലാം ഇഷ്ടമാണെന്നു നടിക്കുവാൻ തന്നെ ആയാൾ തീർച്ചപ്പെടുത്തി.
ഭർത്താവു പ്രസിദ്ധനാവണമെന്ന മോഹംകൊണ്ടു്, മീനു വളരെ ശ്രദ്ധാപൂർവ്വം ആയാളുടെ ദിനചര്യ നിയന്ത്രിച്ചു. കാലത്തെ പ്രാതൽ കഴിഞ്ഞാൽ അവൾ സ്നേഹപൂർവ്വം പലതും സരസമായി സംസാരിച്ചു്, അയാളെ ആ മുറിയിൽ കൊണ്ടുപോയാക്കും. എന്നിട്ടു മെല്ലെ തന്റെ പണിക്കു പോവും. ആയാളുടെ പ്രവൃത്തിയുടെ ഉത്തരവാദിത്വത്തിൽ താനും പങ്കുകൂടേണ്ടതാണെന്നവൾ നിശ്ചയിച്ചു. എഴുതേണ്ടതു് ആയാളുടെ ചുമതല. അതിനു പ്രേരിപ്പിക്കേണ്ടതു തന്റെയും; അല്ലാതെ അതു കണ്ട ശങ്കരമേന്റെയും ശ്രീധരക്കുറുപ്പിന്റെയുമല്ല.
ശങ്കരമേനോനും ശ്രീധരക്കുറുപ്പും ആദ്യമൊരു ഭാരം തന്നെയായിത്തീർന്നു. അവർ ഇടയ്ക്കിടയ്ക്കു്, “കൃഷ്ണമേനോനില്ലേ?” എന്നു ചോദിച്ചു ചാടിവീഴും.
“ഉണ്ടു്, മുകളിലിരുന്നെഴുതുകയാണു്.”
ഒന്നു സംശയിച്ചുനിന്നു്, “എന്നാൽ ഉപദ്രവിക്കേണ്ട” എന്നു പറഞ്ഞു് അവർ തിരിച്ചുപോവുകയും ചെയ്യും.
“മുകളിൽ ഇരുന്നെഴുതുകയാണു്” എന്നതു മുഴുവൻ ശരിയായിരുന്നില്ല. കൃഷ്ണമേനോൻ കടലാസ്സും പേനയും എടുത്തു് എഴുതാനിരിക്കുകയാണു് എന്നുള്ളടത്തോളം വാസ്തവമാണു്. ചില മാസികകൾക്കു ലേഖനങ്ങൾ കൊടുക്കാമെന്നയാൾ ഏറ്റിരുന്നു. രണ്ടു മാസത്തിന്നുള്ളിൽ ഒരു നോവലും എഴുതിത്തീർക്കാമെന്നു് ഒരു കമ്പനിക്കാരോടേറ്റിരുന്നു. പക്ഷേ, ആ മുറിയിൽ, കടലാസ്സും പേനയും മുമ്പിൽവെച്ചു്, ആയാൾ മേൽപ്പോട്ടു നോക്കി ഇരുന്നു. മനസ്സിൽനിന്നു വിചാരവും പേനയിൽനിന്നു മഷിയും വരുന്നില്ല. അതിലിടയ്ക്കു് ഈ മേശവിരിയുടെ നൂൽ നല്ല ഭംഗിയുള്ളതാണു് എന്നു തോന്നി അതിന്മേൽ തിരുപ്പിടിച്ചിരിക്കും. ഉടനെ എഴുത്തിന്റെ ഓർമ്മ വന്നു് എഴുതാൻ തുടങ്ങും. വീണ്ടും ശ്രദ്ധ മറ്റെവിടെയെങ്കിലും തിരിയും. ആയാൾക്കു ഭാര്യയെ വലിയ ഇഷ്ടമാണു്. സംശയമില്ല: “മീനു എനിക്കുവേണ്ടി എന്തൊക്കെ ചെയ്യുന്നു! നല്ലവണ്ണം ബുദ്ധിമുട്ടുന്നുണ്ടു്, പാവം!!” പക്ഷേ, ഉടനെ പുതുതായി വിവാഹം കഴിഞ്ഞിട്ടുള്ളവർക്കെല്ലാം തോന്നാറുള്ള ഈ മനോരാജ്യം വരും; ‘ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിനു കുറേക്കൂടി സാധാരണത്വമുണ്ടെങ്കിൽ നന്നായിരുന്നു. എന്തു ഗ്രഹപ്പിഴയാണു്; പണ്ടു ചെയ്തിരുന്നതെല്ലാം ഇവരുടെ ഇഷ്ടത്തിനുവേണ്ടി വേണ്ടെന്നുവെയ്ക്കുകയോ?’
അതിലിടയ്ക്കു് ഒരു ദിവസം പുറത്തു പോയ വഴിക്കു കൃഷ്ണമേനോൻ ശങ്കരമേനോന്റെ വീട്ടിൽ കയറി. ആയാൾ ചിത്രംവരയിൽ സഗൌരവം ഏർപ്പെട്ടിരിക്കുകയാണു്. കൃഷ്ണമേനോൻ ആശ്ചര്യപ്പെട്ടു. “ഹാസ്യ ചിത്രങ്ങൾ വരയ്ക്കുന്ന ഏർപ്പാടു വിട്ടു ബങ്കാളിചിത്രങ്ങൾ വരയ്ക്കുന്ന ഏർപ്പാടു തുടങ്ങിയതെന്നാണു്, ചങ്ങാതി?” ചിത്രത്തിനെപ്പറ്റി യാതൊന്നും മനസ്സിലാവാതെ കൃഷ്ണമേനോൻ ചോദിച്ചു, “എടോ, ഇതെന്തു മണ്ണാങ്കട്ടയാണു്?”
“ഇതു് ഇംപ്രഷണിസ്റ്റ് രീതിയിലുള്ള ഒരു ചിത്രമാണു്. ഒരു ഭാവന പകർത്തിയിരിക്കുകയാണു്. ബാഹ്യമായ മോടിപിടിപ്പിക്കൽ ഇതിൽ കാണില്ല.”
“എടാ കൃക്കാ, എന്നാണീ ജാതി വരയ്ക്കാൻ തുടങ്ങിയതു്? താൻ വല്ല നേരമ്പോക്കുള്ള ചിത്രങ്ങളും വരച്ചാൽ മതി. ഈ ജാതിക്കൊന്നും പറ്റില്ല. ഇതാരാണു്. തന്റെ തലയിൽക്കയറിയതു്?”
“ചിത്രംവരയിലെ പുതിയ പ്രസ്ഥാനമാണിതു്. ഏടത്തിയമ്മയാണിതു് ആദ്യമായി എനിക്കു പറഞ്ഞു തന്നതു്. ഇതു വരയ്ക്കാനാണു് ഞാനധികം പറ്റുക എന്നും മനസ്സിലായിരിക്കുന്നു. നോക്കിക്കോളൂ, ഞാനടുത്തു പ്രസിദ്ധനാവും.” തനിക്കൊരു പ്രാധാന്യം കിട്ടിയ മട്ടിൽ ആയാൾ പറഞ്ഞു.
കൃഷ്ണമേനോനു കണക്കിലേറെ ശുണ്ഠി വന്നു. മീനു തന്റെ സ്നേഹിതന്മാരെക്കൂടി വഴിതെറ്റിക്കുന്നുണ്ടോ? ഇതു വലിയ മാരണമായല്ലോ. കണ്ടില്ലേ, പെണ്ണുങ്ങളുടെ ഒരു മട്ടു്! ഒരായുഷ്കാലം മുഴുവൻ ഒരു പ്രവൃത്തി സ്വയം ചെയ്തു ശീലിച്ചുവന്നവരോടാണു് അവരുടെ പ്രവൃത്തിയെപ്പറ്റി ഒന്നുമറിയാത്ത ഈ പെണ്ണുങ്ങളുടെ ഉപദേശം!! ഇതു പറ്റില്ല.
കൃഷ്ണമേനോൻ നേരിട്ടു വീട്ടിലേയ്ക്കു പോയി. പടി കയറിച്ചെല്ലുമ്പോൾ പതിവായി വാലാട്ടി വരുന്ന ‘കൈസർ’ വരാതിരുന്നതു കണ്ടപ്പോൾ ആയാൾ, വാലിയക്കാരനെ വിളിച്ചു നായ്ക്കുട്ടിയെവിടെ എന്നന്വേഷിച്ചു. അതിനെ വേണ്ടെന്നു പറഞ്ഞു് അമ്മ ആർക്കോ കൊടുത്തു എന്നവൻ പറഞ്ഞു.
ഇതുകൂടിയായപ്പോൾ അന്നെയ്ക്കു സഹിക്കാവുന്നതിലധികമായി കൃഷ്ണമേനോനു്. നായ്ക്കുട്ടി വളരെ നല്ലതൊന്നുമായിരുന്നില്ല, വാസ്തവമാണു്. ഒരു വൃത്തികെട്ട ജന്തുവായിരുന്നു. ഇതു ഭാര്യ ഇടയ്ക്കിടയ്ക്കു പറയാറുമുണ്ടായിരുന്നു. പക്ഷേ, സ്നേഹിതൻ കൊടുത്തതാകകൊണ്ടു കൃഷ്ണ മേനോനും അതിനെ വലിയ കാര്യമായിരുന്നു. കലശലായ ഈറയോടുകൂടി മേനോൻ ഭാര്യയുടെ വരവും കാത്തു മുറിയിലിരുന്നു. മീനു കുളത്തിലേയ്ക്കു പോയിരുന്നു.
ഭാര്യ മടങ്ങിവന്നു് അടുക്കൽ ചെന്നപ്പോൾ, ആയാൾ ആദ്യം കണ്ടഭാവമേ നടിച്ചില്ല. അവൾ ഒരു ചെറുമന്ദസ്മിതം ചെയ്തു. അതും ആയാൾ കണ്ടതായി നടിച്ചില്ല. ഗൌരവത്തിലിരുന്നു, കുറച്ചുകഴിഞ്ഞിട്ടയാൾ പറഞ്ഞു, “എനിക്കു ചിലതു പറയാനുണ്ടു്.”
“ഇന്നെന്താ ഇങ്ങിനെയൊരു മട്ടു്? പറയാനുള്ളതു പറയാം.”
വാലിയക്കാരൻ വന്നു ചായ കാലമായി എന്നറിയിച്ചു. ഇപ്പോൾ വരാമെന്നു പറഞ്ഞു് അവനെ അയച്ചു. ആ വാതിലടയ്ക്കു് എന്നു കൃഷ്ണമേനോൻ ഭാര്യയോടു പറഞ്ഞു. ഭാര്യ വാതിലടച്ചു പറഞ്ഞു: “ആ ചായ മുഴുവൻ ആറിത്തണുത്തു ചീത്തയാവും.”
“അതിലും വലുതു ചീത്തയാവുന്നുണ്ടു്, അറിയുമോ?”
“എന്താണു് കാര്യം? അതു പറയൂ. എനിക്കിങ്ങനെ പറഞ്ഞാൽ. മനസ്സിലാവില്ല.”
കവിതക്കാരായിട്ടുള്ളവർക്കു കാര്യം നേരിട്ടു പറയാൻ അധികം പരിചയമുണ്ടായിരിക്കില്ല. കൃഷ്ണമേനോൻ പറഞ്ഞു: “എന്റെ ഗുണത്തിനുവേണ്ടിയല്ല, മീനുവിന്റെ ഗുണത്തിനുവേണ്ടിയാണു് ഞാനിതു പറയുന്നതു്. എന്തൊക്കെ വേണ്ടാത്ത കാര്യങ്ങളാണു് ചെയ്യുന്നതു്?”
“പറഞ്ഞു നന്നാക്കാൻ വയ്യാത്തവണ്ണം ചീത്തയായിക്കഴിഞ്ഞുവോ ഞാൻ?”
ഈ വിനയ പ്രകടനം ആയാൾ ശ്രദ്ധിച്ചില്ല. തുടർന്നുപറഞ്ഞു: “എന്റെ കാര്യം മാത്രമല്ല, മീനു തകരാറാക്കുന്നുള്ളൂ. എന്റെ സ്നേഹിതന്മാരെക്കൂടി ചീത്തയാക്കുന്നുണ്ടു്. ആ നായ്ക്കുട്ടിയെ എന്തിനാണു് കൊടുത്തയച്ചതു് ? എന്റെ കാര്യം നോക്കാൻ എനിക്കറിയാം. എന്റെ പ്രവൃത്തികൾ മറ്റൊരാൾ പറഞ്ഞുതരേണ്ട ആവശ്യമില്ല. മീനുവിന്റെ വല്ല കാര്യത്തിലും, ഞാനിടപെടുന്നുണ്ടോ?”
“എന്റെ കാര്യം എന്താ? ഒരു ഭാര്യയുടെ കാര്യം, ഭർത്താവിന്റെ സുഖസൌകര്യങ്ങൾ നോക്കലാണെന്നാണു ഞാൻ ധരിച്ചിട്ടുള്ളതു്. ഞാനതേ ചെയ്തിട്ടുള്ളു. ഇതിഷ്ടമല്ലെങ്കിൽ, കുറേ മുമ്പു പറഞ്ഞാൽ മതിയായിരുന്നു. എന്നാൽ ഈ തകരാറൊന്നും കൂടാതെകഴിക്കാമായിരുന്നു.”
അപ്പോഴും ഒടുക്കത്തെ വാചകം പറയാൻ അവൾക്കാണു് തരമായതു്. എങ്കിലും ആയാൾ വിടാതെ പറഞ്ഞു: “ഇഷ്ടമുള്ളതൊക്കെ ചെയ്തോളു. എനിക്കുവേണ്ടി ഒന്നും ഒരുക്കാഞ്ഞാൽ മതി. ഞാൻ പണ്ടത്തെ മട്ടിനു നടന്നുകൊള്ളാം. അതിനു സ്വൈരം തന്നാൽ മതി.”
ഇങ്ങനെ ആയാൾക്കു പറയാനുള്ളതു പറഞ്ഞുകഴിഞ്ഞു്, ദേഷ്യപ്പെട്ടു്, ചായ കുടിക്കാൻ താമസിക്കാതെ, സ്വന്തം മുറിയിൽപ്പോയി വാതിൽ കൊട്ടിയടച്ചു. അവിടെ ഭയങ്കരമായ കോലാഹലത്തോടുകൂടി ഒരു കസാല വലിച്ചിടുന്നതും മറ്റും മീനു പുറത്തു നിന്നു കേട്ടു. വാതിൽപൊളിയിലൂടെ അവൾ നോക്കി. ആയാൾ കലശലായ ധൃതിയിൽ എഴുതുകയായിരുന്നു.
“ഇപ്പോൾ സ്വന്തം ഇഷ്ടപ്രകാരമായല്ലോ. പറയേണ്ടതു പറഞ്ഞുകഴിഞ്ഞു. ഇനി കാര്യങ്ങൾ ശരിക്കു നടന്നുകൊള്ളും.” എന്നവൾ മനസ്സിൽ വിചാരിച്ചൊന്നു ചിരിച്ചു. ഇങ്ങനെയാണു് പെണ്ണുങ്ങൾ. എത്ര വിപരീതം പറഞ്ഞാലും, ഒടുക്കം കാര്യം നടക്കുക അവരുടെ ചിട്ടപ്രകാരമാണു്.
കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വി വി. കേസരി ബാലകഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്നകഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)