images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
ചേറുമീൻ

ഈ കഥപറഞ്ഞു തുടങ്ങുമ്പോൾ എനിക്കു മുപ്പതു വയസ്സാണു്. പെണ്ണു് എന്നാണു് പത്താംക്ലാസ് പത്രികയുടെ ഒന്നാംപുറത്തു് എഴുതിയിരിക്കുന്നതു്. ബിരുദത്തിനു പഠിക്കുന്ന കാലത്തു്, പത്തുവർഷം മുൻപു്, കിടപ്പിലായതാണു്. കയ്യും കാലും അനങ്ങില്ല. കഴുത്തും തനിയെ തിരിക്കാൻ കഴിയില്ല. എനിക്കു് ഓർമകളും ചിന്തകളുമുണ്ടു്. കണ്ണു് ചലിപ്പിക്കാൻ സാധിക്കും. ആറാം വയസ്സിൽ അച്ഛൻ ബലാൽസംഗം ചെയ്തു. അതിനു കേസും കൂട്ടവുമൊന്നുമുണ്ടായില്ല. എന്നെ പീഡിപ്പിച്ച ദിവസത്തിനു ശേഷം ഞാനും അമ്മയും അയാളെ കണ്ടിട്ടില്ല.

പല്ലിയെ കഴിച്ച ദിവസമാണു്. ഇങ്ങനെയുള്ള നാഴികസൂചികകളിലൂടെയാണു് ഞാൻ ഓർമകളുടെ ഓരോ അധ്യായവും അടുക്കിവച്ചിരിക്കുന്നതു്.

ചാണകം മെഴുകിയ അടുക്കളയിലാണു് ഞാൻ നിൽക്കുന്നതു്. അവിടെ കയർത്തിരികയിൽ വച്ച മൺകുടമുണ്ടു്. പിഞ്ചിക്കീറിയുപേക്ഷിച്ച ഒറ്റമുണ്ടിന്റെ നീലനിറമുള്ള മുഷിഞ്ഞകര പിരിച്ചുണ്ടാക്കിയ രണ്ടു വള്ളികളിൽ ഊഞ്ഞാലുപോലെ തൂക്കിയിട്ട എന്റെ കൈപ്പടയുടെ മാത്രം വീതിയുള്ള പ്ലാംപലകയിൽ എട്ടോ പത്തോ തുളകളുണ്ടു്. ആ തുളകളിലൂടെ മൂന്നു കുഴിത്തവി, ഒരു ഇരുമ്പുചട്ടുകം, ഒരു ഉപ്പുകോരി, ഒരു തേയിലത്തുണി എന്നിവ താഴേക്കു കിടന്നു. കുത്തിവച്ച നിലയിൽ നിന്ന, ഉള്ളിയും പപ്പടവും മീനും ചുട്ടെടുക്കുന്ന, കമ്പിയുടെ അറ്റത്തു് ഒരു മീൻതല കണ്ണുമുതൽ മുകളിലേക്കു പൊള്ളിക്കരിഞ്ഞും താഴേക്കു മുള്ളുകൾ മാത്രമായും നിന്നു. അടുത്ത മീനിനെ ചുടാൻ എടുക്കുമ്പോഴായിരിക്കും അമ്മ ഈ അസ്ഥികൂടം കളയുക. അത്രയ്ക്കേ ഇവിടെ അടുക്കളയിലും പുറംതിണ്ണയിലും നോട്ടമുള്ളൂ. ഈ മീനിനെപ്പോലെ എന്നെയും അസ്ഥികൂടമെന്നു് വിളിക്കാറുണ്ടു് അമ്മിണിച്ചേച്ചി. മൂടിമാറ്റി കോപ്പയിൽ കയ്യിടുമ്പോൾ എത്താത്ത ഉയരത്തിലിരിക്കുന്ന ആ മീൻതലയിൽ ബാക്കിയുണ്ടാകാൻ ഇടയുള്ള പൊടിപ്പീരയിലായിരുന്നു കണ്ണു്. വറ്റു് വെള്ളത്തോടെ കോരി വായിലെത്തിച്ചു. സ്വപ്നത്തിലെന്നതുപോലെ വായിലും ഒരു പരൽമീൻ. കടിച്ചു ചവച്ചു. മീൻതല മുറിഞ്ഞു് തിരികെ കോപ്പയിലേക്കും ഉടൽ മുള്ളോടെ ഉള്ളിലേക്കും പോയി. കണ്ണു് മീൻതല തറച്ച കമ്പിയിൽ തന്നെ. അമ്മ അലറുകയാണു്; രണ്ടു ചെവിയിലും കൈവച്ചു്; കണ്ണുമിഴിച്ചു്. അമ്മയിതിപ്പോൾ എവിടെ നിന്നു വന്നു? ഇന്നെഴുന്നേറ്റപ്പോൾ മുതൽ അമ്മ എങ്ങും ഉണ്ടായിരുന്നില്ലല്ലോ. അമ്മ വീട്ടിലുണ്ടെങ്കിലും അറിയാറില്ല എന്നതു വേറേ കാര്യം. അമ്മയുടെ നോട്ടം കോപ്പയിലേക്കാണു്. ഞാനും കണ്ണു് താഴ്ത്തി. കഞ്ഞിവെള്ളത്തിനു മുകളിൽ ഒരു പല്ലിയുടെ തല. ‘തുപ്പിക്കളയ്…’ എന്നു് അമ്മ അലറി. ഞാൻ വായതുറന്നു. മീനില്ല, പല്ലിയില്ല, പലലോകങ്ങളില്ല. ശൂന്യത അമ്മ കണ്ടുകാണും.

കഞ്ഞി കളയാനായി അമ്മ കോപ്പ കയ്യിലെടുത്തു. കമഴ്ത്തിവച്ച കലത്തിലേക്കു് എന്റെ കണ്ണുപോയി. അമ്മ കോപ്പ താഴെ വച്ചു. ഞാൻ പല്ലിത്തലയെടുത്തു് അടുപ്പിലെ ചാരത്തിലിട്ടു. അമ്മ മുറ്റത്തിറങ്ങി. ജാനുവിന്റെ കോഴി ഒരു ചാണകപ്പുഴുവിനെ കൊത്തിക്കുലുക്കിയും കൊക്കിയും കടന്നുപോയി. കഞ്ഞിയിലെ അവസാനവറ്റും ഞരടിയെടുത്തു വായിലിട്ടു മുറ്റത്തിറങ്ങി തൊടിയിലെ ചീനിയിൽ ചുവന്ന പെരുന്നാൾവിളക്കു പോലൊരു കാന്താരി നിന്നതു് കടിച്ചുചവച്ചിറക്കി.

സുശീല ആ ആറുവയസ്സുകാരിയെ അറപ്പോടെ നോക്കി.

അവളിന്നു് ആ പുകയിലക്കറവീണ തോർത്തു് ഉടുത്തിരിക്കുന്നു. ഉരിയാതിരിക്കാൻ ചുറ്റുമൊരു ചാക്കുനൂലും കെട്ടിയിട്ടുണ്ടു്. അവൾക്കിങ്ങനെ കെട്ടാൻ കഴിയുമോ? ഒന്നു കൂടി നോക്കി.

തോർത്തിലാകെ, ‘ശ്രീലങ്ക വന്നല്ലോ’ എന്നു് അമ്മിണി കളിയാക്കാറുള്ള, ആ കോൺവെട്ടിയ ചുവപ്പൻ വട്ടങ്ങൾ. ഓരോ ഇരുപത്തിയെട്ടാം നാളിലും പെണ്ണിനെ അറിയിക്കുന്ന ചുവപ്പു്. ഏറെ മുൻപല്ലെന്നു തോന്നുമാറു് ചുവന്നു്, നനഞ്ഞു്.

സുശീല ഒന്നു വിറങ്ങലിച്ചു. പിന്നെ ഓടി ഋദ്ധിയെ വാരിയെടുത്തു.

പതിവില്ലാത്ത ആശ്ലേഷണത്തിൽ അവൾക്കൊന്നും തോന്നിയില്ല. സുശീല ആവർത്തിച്ചു. ‘ആരാണു്, ആരാണു്…’ ഋദ്ധി തുറിച്ചുനോക്കിയിരുന്നു. കരഞ്ഞു യാചിച്ചു. ‘പറയെന്റെ കണ്ണാ…’ കണ്ണനെന്നൊക്കെ കുഞ്ഞിനെക്കുറിച്ചു് ഇതിനു മുൻപു് ഉള്ളിൽ തോന്നിയിട്ടുണ്ടോ? എന്തോ, ഇപ്പോഴിങ്ങനെയാണു് വായിൽവന്നതു്. സുശീല ശരിക്കും അമ്മയായ നിമിഷം ഇതാകും. കുഞ്ഞു് മടിയിൽ നിന്നു് പിടിവിടുവിച്ചു് ഊർന്നിറങ്ങി.

അവൾ ഒരു കല്ലെടുത്തു. മുന്നിറയത്തെ ഭിത്തിയായി നിന്ന വീഞ്ഞപ്പലകയിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു നാലുവശത്തും മുള്ളാണി അടിച്ചുറപ്പിച്ചുവച്ച ചിത്രത്തിൽ ആ കല്ലു പതിച്ചു; പൊട്ടുതൊട്ടതുപോലെ കൃത്യം നെറ്റിയിൽ.

സുശീല നിർത്താതെ വാവിട്ടു. ഋദ്ധി തോർത്തു വലിച്ചൂരി അമ്മയുടെ മടിയിലിട്ടു. ചോരയൊഴുകി ചാലായ കാലുകളിലേക്കു് ഒരേയൊരു വട്ടം സുശീല നോക്കി. പിന്നെ, കണ്ണുപൊത്തി. പത്തോ പതിനഞ്ചോ മിനിറ്റ് ഏങ്ങലടിയിൽ കഴിഞ്ഞുപോയി.

സുശീല എഴുനേറ്റു് കഴുക്കോലിൽ നിന്നു് അരിവാൾ എടുത്തു. ഇറയത്തെ ഒറ്റയാൾകട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു ചുമർചിത്രത്തിലെ അതേ ഭാവത്തിൽ ഭാർഗവൻ. കട്ടിലിനു ചുറ്റും രണ്ടുവട്ടം ചവിട്ടിത്തുള്ളി നടന്ന സുശീല കുഞ്ഞിന്റെ അടുത്തെത്തി. ഋദ്ധിയെ എളിയിലെടുത്തു. പുല്ലിനുപോകുമ്പോൾ പതിവില്ലാത്തതാണു്.

കണ്ടത്തിൻകരേലെ പള്ള രണ്ടുകൈ വെട്ടിക്കഴിഞ്ഞതേയുള്ളു. അരിവാൾ മൂന്നാംകൈക്കു നീട്ടുമ്പോൾ മുന്നിൽ പത്തിവിരിച്ചൊരു മുർഖൻ. കൊത്തുന്നതു കാത്തു് സുശീല ഇരുന്നു. പിന്നിൽ മരക്കുറ്റിയിൽ ഇരുന്ന ഋദ്ധി പരന്നു വാളുപോലായ കല്ലെടുത്തു് തെറ്റിച്ചു. അവിടെ പാമ്പു് ഉണ്ടെന്നറിഞ്ഞാണോ ആവോ? പാമ്പു് മറ്റെന്തിനോ തലതാഴ്ത്തി. കല്ലു് പുല്ലിനിടയിലേക്കു വീണു. പാമ്പു് എന്തോ മറന്നതുപോലെ കുറ്റിക്കാട്ടിലേക്കു് ഇഴഞ്ഞുപോയി. ഇങ്ങനെ എത്ര മരണങ്ങളാണു് ഓരോ ദിവസവും കൊത്താതെ വിടുന്നതു്. സുശീല ഋദ്ധിയെ എടുത്തു് നെറുകയിൽ ചുണ്ടുചേർത്തു നടക്കാൻ തുടങ്ങി.

ഓരോ ചുവടിലും ഒരോ ഏങ്ങൽ ആവർത്തിക്കുന്നതു ഋദ്ധി വിരൽകുടിച്ചറിഞ്ഞു.

പാടത്തെ മൂന്നു വെളിരുകൾ അമ്മയെ തലചെരിച്ചു നോക്കി പറന്നുയർന്നു. കതിരുവെട്ടാൻ വന്ന നാലു പനംതത്തകളെ മറച്ചു മൈനകളുടെ വലിയൊരു മേഘം ചിറകടിച്ചുപൊങ്ങി. പാടത്തു നിഴൽവീണു.

വരമ്പിൽ നിന്നിറങ്ങി പുഴയിൽ ചെന്നുചേരുന്ന കയ്യാണിത്തോട്ടിലൂടെയായി നടപ്പു്. കുളിക്കാൻ പോകുമ്പോൾ അങ്ങനെയാണു്. ഞാൻ വെള്ളത്തിലേക്കു നോക്കി. അമ്മയുടെ ഒട്ടും തിടുക്കപ്പെടാത്ത കാലുകൾക്കടുത്തുകൂടി ഒരു നീർക്കോലി പോകുന്നു. മുഷി പൊത്തിൽ നിന്നു തലയിട്ടു. ഇരുകാലുകളിലേയും തള്ളവിരലുകൾക്കിടയിലൂടെ രണ്ടു പരലുകൾ ഒന്നിനു പിന്നാലെ ഒന്നായി തെന്നിപ്പോയി. കുഞ്ഞിനെ വായിലിട്ടു് ഒരു ചേറുമീൻ പായലുകൾക്കിടയിൽ നിന്നു് തലപൊക്കിനോക്കി, അതുപോലെ താഴ്‌ന്നു. കുഞ്ഞിനെ വായിലിട്ടു നടക്കുന്ന അമ്മച്ചേറുമീനെ ആദ്യമായി കാണുകയാണു്. ഊത്തപിടിക്കാൻ ഉടുമുണ്ടിന്റെ ഒരറ്റം കഴുത്തിൽക്കെട്ടി മറ്റേയറ്റം ഇരുകൈകളിലും വിടർത്തിപ്പിടിച്ചു ഭാർഗവൻ ഇറങ്ങേണ്ട സമയാണു്. അമ്മ വേഗം കൂട്ടി.

പുഴയെത്തി. ആറ്റെറുമ്പിലൂടെ സുശീല താഴേക്കു് ഊർന്നിറങ്ങി.

അരിവാൾ എളിയിൽ തിരുകി. ഋദ്ധിയെ എളിയിൽ നിന്നെടുത്തു് തോളിലേറ്റി. കഴുത്തോളമേ ഉണ്ടായിരുന്നുള്ളൂ കയത്തിലും ആഴം. മറുകരയേറി തലയിൽ കെട്ടിയിരുന്ന തോർത്തു് കക്ഷത്തിനിടയിലൂടെ ഉടുത്തു് ഉടുമുണ്ടും മേലുടുപ്പും അഴിച്ചുപിഴിഞ്ഞു് മണൽപ്പരപ്പിൽ വിരിച്ചു. അമ്മ വെള്ളത്തിലിറങ്ങിക്കിടക്കുമ്പോൾ ഋദ്ധി ഒരു ചകിരിച്ചോറെടുത്തു് പാറയിലാരോ പറ്റിച്ചുവച്ച അലക്കുസോപ്പിൽ ഉരച്ചു കാലുകളിൽ തേച്ചു. മുഴുവനായി അലിയാത്ത തവിട്ടുവരകളെ കാലിൽ തുടരാൻ വിട്ടു് വെള്ളത്തിലിറങ്ങി. ആദ്യം പെരുവിരൽ, പിന്നെ ഉപ്പൂറ്റി. മുട്ടും കഴിഞ്ഞു് മെല്ലെമെല്ലെ അരയോളം മുങ്ങി. പെട്ടെന്നൊരു നീർന്നായയെ കണ്ടതുപോലെ ‘ആ…’ എന്നു് അലറി ഒറ്റച്ചാട്ടത്തിനു കരയിൽ കയറി. വെള്ളംതൊട്ടപ്പോൾ ചോരപ്പാടുകളുടെ ഉറവിടം നീറി. ഇതു കണ്ടുകിടന്ന സുശീലയ്ക്കു തികട്ടിവന്നു. പുഴയിൽ ആറോഏഴോ വറ്റും, ഒരു തേങ്ങാക്കൊത്തും, ചുട്ടവറ്റൽമുളകിന്റെ രണ്ടു പുറംതൊണ്ടും വീണു.

ഇനി വെള്ളത്തിലിറങ്ങുകയേയില്ലെന്നു തീർപ്പാക്കിയതുപോലെ ഋദ്ധി അലക്കുകല്ലിൽ കുത്തിയിരുന്നു. ചേർത്തുപിടിച്ച രണ്ടുകൈകൾക്കുള്ളിൽ ചകിരിത്തുണ്ടു്. രണ്ടു കാലുകളും വിറകൊള്ളുകയും തണുത്തകാറ്റിലെന്നതുപോലെ ചുണ്ടു കോടുകയും ചെയ്തു. ഒരു യാത്രയേക്കുറിച്ചും അതുവരെ ആലോചിച്ചില്ലെങ്കിലും വണ്ടിപോയാലോ എന്നൊരു ആന്തലായി സുശീലയ്ക്കു്. ചാടിക്കയറി ഈറൻമുണ്ടും ഉടുപ്പുമിട്ടു് നനതോർത്തു് മേൽമുണ്ടാക്കി ഋദ്ധിയുടെ വിരൽപിടിച്ചു. മാറ്റത്തുണിയില്ലാത്തവരെ ഇട്ടുണക്കിക്കൊടുക്കുന്ന വെയിലു കാളി. പുഴയും പാടവും പുൽക്കാടും ഭാർഗവനും എന്നെങ്കിലും പെറുമെന്നു കരുതി വളർത്തിയ പശുക്കുട്ടിയും പിന്നിലായി.

പായ്വഞ്ചിയിൽ മലർന്നു കിടന്നു് ഋദ്ധി ത്രയയോടു്: “തിമിംഗലങ്ങൾ പായ്മരങ്ങൾ ഇറുത്തെടുത്തു് പല്ലിനിടകുത്തി അസ്ഥികൂടങ്ങൾ പുറത്തിടും.”

എട്ടാംദിനം സന്ധ്യ. ഋദ്ധിയും നൗകയും വീടണഞ്ഞതുപോലെ ശാന്തരായി. ഏതാണ്ടു് പത്തു് കപ്പൽപ്പാടു് അകലെ കിടന്ന യാനത്തിന്റെ മേൽത്തട്ടിൽ നിന്നു് കപ്പിത്താൻ സമുദ്ര ഋദ്ധിയുടെ നൗകയെ ഒരു ചോണോനുറുമ്പായി കണ്ടു. തീരത്തോടു് അടുക്കുന്ന തിര ആർത്തിയോടെ പൊയ്ക്കൊണ്ടിരിക്കുന്നു. സമുദ്ര ഒരു കുപ്പിയിൽ നിന്നു് ദ്രാവകം മോന്തി കടലിലേക്കു ധാരപോലെ ചീറ്റി. പാനീയത്തുള്ളി കുടിച്ചു് മദിക്കാൻ പോകുന്ന കൊടിവാലൻതിരണ്ടിയെ കപ്പലിൽ ഉണ്ടായിരുന്ന അവർ എഴുപത്തിയെട്ടു പേർ ഉള്ളാലെ കണ്ടു.

ഋദ്ധിയുടെ നൗകയായിരുന്നു അവരുടെ ദിശ. തടങ്കൽച്ചുമരു് തോട്ടവച്ചു തകർത്തു് ആഞ്ചലോ കോട്ടയിൽ നിന്നു് ഇറങ്ങുമ്പോൾ ദൂരെക്കാണാമായിരുന്നു കരിങ്കൊടി പാറുന്ന യാനം. കടൽനീന്തി ബോട്ടിൽ, പിന്നെ ബോട്ടിൽ നിന്നു് കയറേണിവഴി മുകളിൽ. എല്ലാവരും കയറിയതേ കപ്പിത്താൻ സമുദ്ര മേലോട്ടു് നിറയൊഴിച്ചു. നാൽപ്പതുതിര തീരുംവരെ അതു നിന്നു പൊട്ടി. രക്ഷ ഭീരുവിനെപ്പോലെ പാടില്ലെന്നു് ഓർമിപ്പിക്കുകയായിരുന്നു സമുദ്ര.

കടൽപ്പാതയിൽ നാഴിക മുപ്പതു കടന്ന നിമിഷം, പറഞ്ഞതുപോലെ ഋദ്ധി വഴികാട്ടി മുന്നിലേത്തി. കൊലയും ബലാൽസംഗവും മോഷണവും. ഭൂമിതട്ടിപ്പും വെട്ടിപ്പും. ഇതൊക്കെ നടത്തിയവർക്കൊപ്പം നാലഞ്ചു രാജ്യദ്രോഹക്കുറ്റവാളികളും. രണ്ടു മുതൽ എഴുപതു വർഷം വരെ ശിക്ഷയേറ്റുവാങ്ങുന്നവരും വർഷങ്ങളായി വിചാരണയെന്ന പേരിൽ തുടരുന്നവരുമുണ്ടു്. ജയിലിലായിരുന്നവരുടെ നടുവിലേക്കു് ചെല്ലുമ്പോൾ ഋദ്ധി സ്കൂൾ കഴിഞ്ഞു കോളജിൽ ചേർന്നതുപോലെ ഉൽസാഹത്തിലായിരുന്നു. തടവിലുള്ളവരെ ജീവിതച്ചട്ടം പഠിപ്പിക്കാൻ സോഷ്യൽ വർക്കിലെ ബിരുദത്തിന്റെ ബലത്തിൽകിട്ടിയ കരാർ നിയമനം. അന്നവർക്കു കൊടുത്ത വാക്കാണു് നിയമങ്ങളില്ലാത്ത രാജ്യത്തെ പൗരത്വം.

സമുദ്ര കുലുക്കുഴിഞ്ഞ ലഹരിപോലെ ഒരു മഴ ചാറിപ്പോയി.

അമാവാസിയിലും ആകാശവും ആഴിയും വേർപിരിഞ്ഞു ചക്രവാളം ഒരു വെള്ളിവരയായി. ഉഷ്ണരാശിയിലും ഒരു തണുത്തകാറ്റു് പടിഞ്ഞാറു നിന്നു് വീശി. ഋദ്ധി ഒറ്റയ്ക്കു നൗകയിലെ അഴിച്ചിട്ട പായയിൽ കിടന്നു. ചെറിയ അരിപ്പല്ലുകൾ കാട്ടിച്ചിരിച്ചു് ഒരു കടൽപ്പന്നി [1] കുതിച്ചുയർന്നു തിരികെ വെള്ളംതൊടുമ്പോൾ നീണ്ട ചുണ്ടുയർത്തി കാത്തുനിൽപ്പുണ്ടൊരാൾ. ചുണ്ടുകൾ ഉരുമ്മി, ചിറകുകൊണ്ടു കെട്ടിപ്പുണർന്നു് പോകുന്നവയിൽ ആണേതു്, പെണ്ണേതു്? ഋദ്ധി പകലെയ്ത ചോദ്യമുന തറച്ചു് കപ്പലിൽ അവരുറക്കമില്ലാതെ കിടന്നു.

രാവിൻ നിഴലിലവർ കണ്ടു, പായ്മരമേലെ ഏറിയും ഇറങ്ങിയും ഋദ്ധി. തീരാത്ത ഉന്മാദച്ചിരിയുമായി വിടർത്തിയിട്ട പായയിൽ അനന്തരം കിതച്ചു കിടക്കുന്നു. അടുത്ത കേറ്റത്തിന്റെ ആക്കം തുളുമ്പുന്ന പെരുവിരൽ തുമ്പത്തു് തിരയേറിവന്ന ചെറുവരയൻ [2] മുട്ടിയുരുമ്മിപ്പോയി. ആണാകിലും പെണ്ണാകിലും ആ മീൻ പൂവായ് വിടർന്നു. ഋദ്ധി വീണ്ടും പായ്മരത്തിലേക്കു് ആകാശമായി ഇറങ്ങി വിറകൊണ്ടു.

സുശീല കഴുത്തോളം കായലിൽ കിടന്നു.

തലയിൽവച്ച വല്ലത്തിലേക്കു് കക്കകൾ പെറുക്കിയിട്ടു. ആ കാലുകൾക്കിടയിലൂടെ ചിറ്റുളിപ്പാമ്പുകൾ ഇഴഞ്ഞുപോയി. വരാലുകൾ പുളച്ചു. സുശീല കക്കമാത്രം പെറുക്കി. ഋദ്ധി കരയിൽ കെട്ടിയിട്ട മൊയ്തീന്റെ ചെറുവള്ളത്തിലിരുന്നാടി കായൽപ്പരപ്പിലേക്കു് വീതിക്കല്ലുകൾ തെറ്റിച്ചു.

തിരയെടുത്തു് പതിനെട്ടു് അടി ഉയർത്തിയ നൗകയുടെ പായ്മരത്തിലേക്കു് ആദ്യം ഓടിക്കയറുമ്പോൾ ഋദ്ധിക്കു വയസ്സും പതിനെട്ടു്.

ഇന്നേപ്പോലെ അന്നും പായ് നിമിഷാർദ്ധേ അഴിഞ്ഞു നിലംതൊട്ടു. ഓസ്ട്രേലിയക്കാരൻ വിൽഫ്രഡ് ഗോൺസാഗ അടുപ്പിച്ച നൗകയിലേക്കു് ചാടിക്കയറുമ്പോൾ മൊയ്തീന്റെ വള്ളം തുഴഞ്ഞ കരുത്തായിരുന്നു കൈമുതൽ. ഋദ്ധി എത്തിച്ച കൊഞ്ചും കഞ്ഞിയും കുടിച്ചു് കയ്യിൽ ഡോളറില്ലാത്ത വിൽഫ്രഡ് ആറുമാസം ആ തുറമുഖത്തു കിടന്നു. കായലിലൂടെ തുഴഞ്ഞും പായ്കെട്ടിയും ഋദ്ധി കപ്പലോട്ടം പഠിച്ചു. പെർമിറ്റ് കിട്ടാതെ വിൽഫ്രഡ് കരയിലൂടെ നടന്ന ഒരു ദിവസം പൊലീസ് പിടിച്ചുകൊണ്ടുപോയി. ചാരനെന്ന വിസ പതിപ്പിച്ചു് വിൽഫ്രഡിനെ പ്രവേശിപ്പിച്ച തടവറ തുറന്നു് പിന്നൊരിക്കലും അയാൾ നൗക തേടി വന്നില്ല.

കസ്റ്റംസ് കെട്ടിയിട്ട നൗക അഴിച്ചെടുത്തു് ഋദ്ധി പതിവുപോലെ കടലിലേക്കു് പൊയുംവന്നുമിരുന്നു. അതു് ഋദ്ധിയുടെ അവകാശമാണെന്നു് കടപ്പുറം കരുതി. കാറ്റടിക്കുമ്പോൾ മരത്തിൽ ഞാന്നുകിടന്ന വടത്തിൽ പമ്പരംപോലെ സ്വയം തിരിഞ്ഞു്, സൂര്യനെച്ചുറ്റുന്ന പൃഥ്വിയായി പായ്മരത്തെ പ്രദക്ഷിണം ചെയ്തു. അമരം അപ്പോഴൊക്കെ വട്ടംതിരിഞ്ഞു തെക്കുനിന്നു വടക്കോട്ടായി. ഓരോ തവണയും ഇരമ്പൽ നിർത്തി കടൽ നിവർന്നു കിടന്നു.

കണ്ണുതുറക്കുമ്പോൾ സമുദ്രയ്ക്കു് തലയിലൊരു കടലിരമ്പി.

എഴുപത്തിയെട്ടു കള്ളരും തട്ടിൽ അടുക്കിയിട്ട ചാളപോലെ പുലരിവെയിലേറ്റു കിടന്നു. ദൂരെ പായ്വഞ്ചിത്തുഞ്ചത്തു് ഋദ്ധി കുത്തിയിരിക്കാൻ തുടങ്ങിയിരുന്നു. കപ്പലോട്ടത്തിന്റെ പ്രഭാത പ്രകൃതി നിയമം പാലിച്ചു് ആദ്യം മുന്നോട്ടു തിരിഞ്ഞു്, പിന്നെ പിന്നോട്ടും. തിര പാപനാശിനിയായി നൗകത്തുഞ്ചത്തു് കഴുകിത്തുടച്ചു. ഒന്നാമതും രണ്ടാമതും ഋദ്ധി വെളിയിൽ കളഞ്ഞതു് വീണിടത്തു് പിന്നെയും തളിച്ചു ശുദ്ധമാക്കി കൊണ്ടേ ഇരുന്നു തിര.

സമുദ്ര ഒരു വൈകാരിക വിക്ഷോഭത്തിൽ സമ്മതിച്ചതാണു് ആ യാത്ര. അടുക്കാൻ അനുമതിയില്ലാത്ത തീരത്തു നിന്നു് അരിയും ഗോതമ്പും മൂന്നുവട്ടമായി പുറങ്കടലിലെത്തിച്ച ഋദ്ധി ചോദിച്ചതു് ഒരേയൊരു പ്രതിഫലമായിരുന്നു. പറയുന്നത്ര ആളുകളെ ദൂരെയൊരു തീരത്തു് എത്തിക്കണം. ജയിൽ ചാടിച്ചു കൊണ്ടുവരുന്നവരാണു്. അതും ബോംബ് പൊട്ടിച്ചു തകർത്തു്. ഋദ്ധി പറഞ്ഞതിലെ സത്യസന്ധതയിൽ സമ്മതിച്ചു. അല്ലെങ്കിലും പുറങ്കടലുകളിലൂടെ മാത്രമോടുന്ന ഈ കപ്പൽ കൊണ്ടു് നല്ലതൊന്നുമല്ലല്ലോ ഇതുവരെ ചെയ്തതു്.

പാവഞ്ചിത്തുഞ്ചത്തു് ഇരിക്കുന്ന ഋദ്ധിക്കും പായ്മരത്തിനും ഇടയിലൂടെ ആ തിരകളെ ഒരു ചതുരക്കൂട്ടിലാക്കി സമുദ്ര. ചലച്ചിത്രം പോലെ നടുവിൽ തിരയിളക്കം. ആ സങ്കൽപ ചത്വരത്തിന്റെ മേലറ്റത്തു വന്നിടിച്ചു് മടങ്ങിവരികയാണു് തിര. കരിഞ്ചുവപ്പാർന്ന ഒരു പൊട്ടാണു് തീരം. അല്ല, ആ ചുവപ്പിലേക്കു് പച്ചപ്പു് വന്നുചേരുന്നുണ്ടെന്നു് ഏകൻ ഉറപ്പിച്ചു. അവിടെ വെയിൽ ചിന്നി നിന്നു.

“പോകാം.” കയറിൽ തൂങ്ങി മുകളിലെത്തിയ ഋദ്ധിയുടെ ഒറ്റവാക്കിൽ എല്ലാവരും കൊടുങ്കാറ്റിനു മുൻപെന്നതുപോലെ പരക്കംപായാൻ തുടങ്ങി. നിയമങ്ങളില്ലാത്ത രാജ്യം തേടി പുറപ്പെട്ടവരുടെ സംഭ്രമം ഇമയാടാതെ കണ്ടുനിൽക്കുകയായിരുന്നു ഋദ്ധി. സമുദ്രയുടെ കപ്പലിലെ യാത്ര അവസാനിക്കുകയാണു്. ഋദ്ധി അടുത്ത കര കണ്ടെത്തിക്കഴിഞ്ഞു.

സമുദ്ര അടുത്തെത്തി: “ഇവരെ ചാവേറുകൾ ആക്കാനോ, അതോ ബലിചെയ്തു ചോര കുടിക്കാനോ?”

ഋദ്ധി കടലിലേക്കു ചൂണ്ടി: “തിരകളെ തോൽപ്പിച്ചു വരാൻ കപ്പൽ വേണ്ട, ഒരു കട്ടമരം മതി എന്നു തോന്നുന്ന നിമിഷം നിങ്ങൾക്കും വരാം.”

‘എത്രപേർക്കു് ഒരുസമയം കയറാം’ എന്ന വാഗ്വാദം നടക്കുകയാണു്.

“വാശിയും ആവേശവും ശമിച്ചവർ പിന്നോട്ടു പിന്നോട്ടു്…” എന്ന ഋദ്ധിയുടെ തീർപ്പിനൊടുവിൽ അവർ ആറു സംഘങ്ങളായി. മുന്നിൽ ശേഷിച്ച പതിനെട്ടു പേരുമായി നൗക നീങ്ങി. ശേഷിച്ച അഞ്ചു സംഘങ്ങൾ ഇനി ഋദ്ധി കബളിപ്പിക്കുമോ എന്നു് തിരതല്ലി നിന്നു.

ആറാം സംഘത്തിലെ അവസാന യാത്രക്കാരൻ യാനത്തിൽ നിന്നു നൗകയിലേക്കു് ഇറങ്ങുമ്പോൾ സമുദ്ര കൈകൊടുത്തു. തിരിഞ്ഞുനോക്കാതെ ഋദ്ധി നൗക തിരിച്ചു.

എത്രസമയമെടുക്കുമെന്നു് ഏകൻ. ഇനിമുതൽ സമയമില്ലെന്നു് ഋദ്ധി.

രാവും പകലുമോ എന്നു് ദ്വിജൻ. ഇരുട്ടും വെളിച്ചവുമേ ഉള്ളൂ എന്നു് ഋദ്ധി.

ദിവസവും ആഴ്ചയുമോയെന്നു് ത്രയ. ഇന്നലെ ഇന്നാകുന്നതുകൊണ്ടു് പണമിടപാടുകാരനു് പലിശ കിട്ടുന്നതു മാത്രമാണു് നേട്ടമെന്നു് ഋദ്ധി.

വയസ്സാകുന്നതു് എങ്ങനെയെന്നു് ചതുര.

ജനനം മുതൽ മരണംവരെ ഒരേവയസ്സെന്നു് ഋദ്ധി.

എങ്കിൽ മരണമെപ്പോഴെന്നു് ദശ. മരണം ഒരു നുണയാണെന്നു ഋദ്ധി.

മരിച്ചുകിടക്കുന്നവരെ കണ്ടിട്ടുണ്ടല്ലോ എന്നു് ദ്വാദശി.

നമ്മൾ തിമിംഗല ഉദരങ്ങളിൽ ജീവിച്ചുകൊണ്ടേ ഇരിക്കുമെന്നു് ഋദ്ധി.

പെട്ടെന്നു നൗക ഉലഞ്ഞു. അടിയിലൂടെ തിമിംഗലം പാഞ്ഞുപോകുന്നെന്നു് അവർ അലറി.

കരയായതിന്റെ അടയാളമെന്നു് ഋദ്ധി ചിരിച്ചു.

അതു നുണച്ചി ഋദ്ധിയുടെ മറ്റൊരു കള്ളമാണെന്നു് അവരുറപ്പിച്ചു.

കുറിപ്പുകൾ
[1]

ഡോൾഫിൻ.

[2]

അയക്കൂറ എന്നും അറിയപ്പെടുന്ന സീർ ഫിഷ്.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.