images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
ശംഖുവരയൻ

സിസ്റ്റർ സന്ധ്യയുടെ മുഖത്തു് അമ്പരപ്പോ ക്രോധമോ ഉണ്ടായില്ല.

ഒരു രോഗിയെ ഡോക്ടർ നോക്കുന്നതുപോലെ ഋദ്ധിയെ സിസ്റ്റർ മുന്നിലേക്കു പിടിച്ചു നിർത്തി. കാലുകളിലെ കരിഞ്ചുവപ്പു പാടുകൾ മങ്ങിയതല്ലാതെ അപ്പോഴും മാഞ്ഞിരുന്നില്ല. കണ്ണട മൂക്കിലേക്കു് ഇറക്കി കൃഷ്ണമണികൾ മേലോട്ടാക്കി, മുറ്റത്തു മാറി ഗേറ്റിൽ ചാരി കുത്തിയിരിക്കുന്ന സുശീലയെ നോക്കി.

വഴിയിൽ തലകറങ്ങിവീണ അമ്മയേയും അടുത്തിരുന്നു കരഞ്ഞ കുഞ്ഞിനേയും നാട്ടുകാരാണു് തൊട്ടടുത്ത മഠത്തിലെത്തിച്ചതു്. അപ്പോൾ രാത്രി ഒൻപതരയായി. രാവിലെ ഒൻപതിനോ പത്തിനോ തുടങ്ങിയ നടപ്പാണു്.

മുപ്പതുകിലോമീറ്റർ നടക്കാൻ നീയെന്നാ ഗാന്ധിയാ എന്നായിരുന്നു സിസ്റ്ററുടെ ആദ്യ ചോദ്യം. ഋദ്ധി ഉടുത്തിരുന്ന തോർത്തു് കയ്യിൽപിടിച്ചു സുശീല ഇരുന്നു. കുഞ്ഞിനെ ഇങ്ങനെ പിറന്നപടി നിർത്തുന്നതിൽ വല്ലായ്ക തോന്നാതിരുന്നില്ല. നനവുമാറും മുൻപു് സുശീല ഇട്ട മേലുടുപ്പ് കക്ഷമൊഴികെ ഉണങ്ങിയിരുന്നു. എളിയിൽ കുത്തിയ മുണ്ടിൻതുമ്പിൽ നിന്നുള്ള നനവു് അപ്പോഴും അരയ്ക്കുചുറ്റും അറിയുന്നതുപോലെ തോന്നി.

“ഇന്നു് മൂത്രമൊഴിച്ചില്ലേടീ പെണ്ണേ…” സിസ്റ്റർ സന്ധ്യ ശബ്ദമുയർത്തി. ഋദ്ധി ചലനങ്ങളില്ലാതെ നിൽക്കുകയാണു്.

ഇരിക്കാൻ സിസ്റ്റർ കണിശമായി ആഗ്യം കാണിച്ചു. ഋദ്ധി ഇറങ്ങി അവസാന പടിയിൽ മുറ്റത്തേക്കു് മൂത്രം വീഴാൻ പാകത്തിനു് ഇരുന്നു. ഒരു തുള്ളി, ഒരേയൊരു തുള്ളി വന്നപ്പോഴേക്കും അലറി. ചാടി എഴുനേറ്റു. വാവിട്ടു് ഏങ്ങലടിച്ചു കരയുകയാണു് ഋദ്ധി. തോർത്തു കൂട്ടിപ്പിടിച്ചു് അതിലേറെ ഉച്ചത്തിൽ സുശീല.

പെട്ടെന്നാണു് സിസ്റ്റർ പൊട്ടിത്തെറിച്ചതു്. “എന്തിനാടീ നിനിക്കിങ്ങനെയൊരു അരിവാൾ…”

വായിൽ വന്നതു സിസ്റ്റർ തിരുവസ്ത്രമോർത്തു വിഴുങ്ങി. “ചെത്തി കളഞ്ഞിട്ടു വേണ്ടേടീ ഇറങ്ങിപ്പോരാൻ…”

ശബ്ദം കേട്ടു പല വാതിലുകൾ തുറക്കുകയും ചിലർ ഇറങ്ങിവരികയും ചെയ്തു.

“ഒടുക്കത്തെയൊരു സമാധാനക്കാരി…” സിസ്റ്റർക്കു് അരിശം തീർന്നില്ല. ജനാലയ്ക്കപ്പുറത്തു നിന്നു് യുദ്ധം നടക്കുന്ന തെരുവിലേക്കെന്നതുപോലെ ഭയവിഹ്വലമായ കണ്ണുകൾ പാളി നോക്കി.

ഋദ്ധിയെ എടുത്തു് സിസ്റ്റർ കൈയെത്തുവോളം ഉയർത്തി. തൂങ്ങി നിന്ന രണ്ടുകാലുകളിലും മാറിമാറി ഉമ്മകൊടുത്തു. കണ്ണുകൾ നിറഞ്ഞൊഴുകി.

വലിയ തീൻമേശയിൽ ഇരുന്നു് ഋദ്ധി അന്നു് ജീവിതത്തിലെ ആദ്യ പാലപ്പം കഴിച്ചു. തേങ്ങാപ്പാൽ പിഴിഞ്ഞൊഴിച്ച കിഴങ്ങുകൂട്ടാൻ രുചിച്ചു. അതിന്റെ പേരു് ഇഷ്ടു എന്നാണെന്നു് പിന്നെയും എത്രയോ കഴിഞ്ഞാണു് പറയാറായതു്.

നൂലപ്പം എന്നൊരു പലഹാരമുണ്ടെന്നു്, ചേനയും കാച്ചിലും കപ്പയും മാത്രമല്ല, ക്യാരറ്റ് എന്നുമൊരു കിഴങ്ങുണ്ടെന്നു്, ബിറ്റ്റൂട്ട് എന്ന വേറൊന്നുണ്ടെന്നു്…

അന്നമ്മ കാബേജ് അരിയുന്നതിന്റെ കണിശത കണ്ടുനിൽക്കുന്നതു തന്നെ രസമാണു്. നെടുകെ കൊത്തി കുറുകെ മുറിച്ചു് കുനുകുനെ അരിഞ്ഞുവീഴ്ത്തിയ പുളിയിലക്കനത്തിലുള്ള എല്ലാ മുറികൾക്കും ഒരേ വലിപ്പം. കപ്പയും ചേനയും കാച്ചിലും കൊത്തിയരിയുന്നതുമാത്രം കണ്ടിട്ടുള്ള ഋദ്ധി കറിക്കരിയലും ഒരു നൃത്തമാണെന്നറിഞ്ഞു. കോപ്പയിലുള്ളതു കഴിഞ്ഞപ്പോൾ ഇനിയും കിട്ടിയാൽ കൊള്ളാമെന്നു തോന്നിയതു് കോളിഫ്ളവർ ആണു്.

അങ്ങനെയിരിക്കെ രുചിയാകെ മാറ്റി ആദ്യത്തെ പൊറോട്ടയെത്തി. മത്തായിയുടെ കടയിൽ നിന്നു് സിസ്റ്റർ സന്ധ്യ വരുത്തിച്ചതാണു്. ഓരോ പാളിയായി വിടർത്തി നുലൂപോലെ വായിലേക്കു വലിച്ചെടുത്തു് ചവച്ചും അലിയിച്ചും എത്ര നേരവും ഇരിക്കാമെന്നായി. ചാളയും അയലയും, അയക്കൂറയും നെയ്മീനും, ഇടയ്ക്കൊരു ദിവസം കരിമീനും. കുരുമുളകിട്ടു് ഉണക്കിവച്ച മാട്ടിറച്ചി, ഉലർത്തിയ കോഴി, ആദ്യത്തെ ഓംലറ്റ്. വിശപ്പുശമനമല്ല ഭക്ഷണജന്മോദ്ദേശ്യമെന്നു് ഋദ്ധി ഉള്ളാലെ പ്രഖ്യാപിച്ചു. കിട്ടിയതിൽ പങ്കു് എത്താൻ വൈകുന്നേരമാവുന്ന സുശീലയ്ക്കായി മാറ്റിവച്ചു. ഓരോ പലഹാരവും സുശീലയുടെ കുറ്റബോധം കൂട്ടി.

അവിൽ നനച്ചതും അവലോസു പൊടിയും പഴംപുഴുങ്ങിയതും കൊഴിക്കട്ടയുമൊക്കെ സ്കൂൾ വിട്ടുവരുന്ന നേരത്തു് ചിലപ്പോഴെങ്കിലും സുശീലയുടെ അമ്മ മുട്ടവിറ്റും ആട്ടിൻപാൽ വിറ്റും ഉണ്ടാക്കിവച്ചിരുന്നു. വേനൽക്കാലത്തു് ഓലമെടഞ്ഞു വിറ്റാൽ കീറ്റിനു് [1] അൻപതുപൈസ കിട്ടുമായിരുന്നു. ദിവസം നൂറു് കീറ്റുവരെ മെടഞ്ഞു. മഴവരും മുൻപു് മേയാനുള്ളവർ ഭവാനിയുടെ ഓലതേടി വന്നു. ആ പണമെല്ലാം പലഹാരമായി. അങ്ങനെയൊന്നും ഇക്കാലത്തിനിടെ ഋദ്ധിക്കു് കൊടുത്തിട്ടില്ല. മൂന്നുനേരവും കഞ്ഞി. കടവിൽ നിന്നു് മീൻകിട്ടിയാൽ വല്ലപ്പോഴും പൊരിച്ചോ കറിയായോ അതു്. ഭാർഗവൻ പിടിച്ച പരലും മുഷിയും ഷാപ്പിലെ പറ്റിൽ വരവായി.

ആദ്യദിനം മുതൽ ഋദ്ധി കിടന്നതു് സിസ്റ്റർ സന്ധ്യയുടെ മുറിയിലാണു്. പണി പുറത്തു കണ്ടെത്തണം എന്ന വ്യവസ്ഥയിൽ സുശീലയ്ക്കു കിടക്കാൻ ചായിപ്പിലും ഇടം കിട്ടി. ആദ്യദിവസം രാത്രി മുഴുവൻ കണ്ണുമിഴിച്ചു കിടന്ന സുശീലയോടു് കക്കവാരാൻ പോകാമെന്നു് പറഞ്ഞതു് അന്നമ്മയാണു്. നഴ്സിങ് പഠിക്കുന്ന മോൾക്കു് കാശുണ്ടാക്കാൻ മഠത്തിലെ കറിക്കരിഞ്ഞും പാത്രം കഴുകിയും കക്ക പെറുക്കിയും പെടാപ്പാടു് പെടുകയാണു് അന്നമ്മ. കടംമേടിച്ചു് പാട്ടക്കൃഷി നടത്തി മുടിഞ്ഞു് ഒറ്റക്കുപ്പി ഫ്യൂരിഡാനിൽ തൊമ്മൻ എളുപ്പവഴി കണ്ടതോടെ കഷ്ടപ്പാടു് മുഴുവൻ അന്നമ്മയ്ക്കായി. കടംകൊടുത്തവർ വീടു വിൽപ്പിച്ചു കാശു് വീതിച്ചെടുത്തതോടെ അന്നമ്മയ്ക്കും മഠമായി വീടു്.

ആദ്യമൊക്കെ ഋദ്ധിയും സുശീലയ്ക്കൊപ്പം കക്കപെറുക്കാൻ പോകുമായിരുന്നു. മൊയ്തീന്റെ വള്ളത്തിൽ ഋദ്ധിയെ ഇരുത്തി സുശീല വെള്ളത്തിലിറങ്ങും. സ്കൂളിൽ പോക്കു തുടങ്ങിയതോടെ അവധിദിവസം മാത്രമായി ഋദ്ധിയുടെ പോക്കു്. സുശീല ഞായറാഴ്ചയും പണിക്കിറങ്ങും. ആറുദിവസം പണിതു് ഏഴാം ദിവസം സാബത്തു് അതിനൊക്കെ പറ്റുന്നോർക്കല്ലേ എന്നു പറഞ്ഞു സിസ്റ്റർ പിന്തുണയ്ക്കുകയും ചെയ്തു.

മഴ ചാറിപ്പണിത തരിമൺകൂനയിൽ നിന്നു് ഇറങ്ങിവന്ന പഴുതാര നീലാകാശം കണ്ടു.

പഴുതാരയെ കുളമ്പടിച്ചരച്ചെന്നു തോന്നുമാറു് ഒരു പുള്ളിമാൻ പാഞ്ഞു. പൊന്തയിൽ നിന്നിറങ്ങിവന്ന മുയൽ പിൻകാലുകളിൽ നിന്നു കൈകൾ കൂട്ടിത്തിരുമ്മിയുഴിഞ്ഞു് മണ്ണു് ഉതിർത്തു കളയാൻ തുടങ്ങുമ്പോൾ പെട്ടെന്നൊരു പ്രാപ്പിടിയൻ താഴ്‌ന്നു പറന്നു. പൊന്തയിൽ നിന്നു പിന്നാലെ ഇറങ്ങിവന്ന ഇണമുയൽ നോക്കിനിൽക്കെ മണ്ണുതിർക്കുന്ന മുയലുമായി പറന്നുയർന്നു. മുയൽക്കയ്യിൽ നിന്നു വീണ മൺതരിയിലേക്കു പഴുതാര മുഖംതാഴ്ത്തി. പുള്ളിമാൻ ഇരട്ടിവേഗത്തിൽ മടങ്ങിവരവേ പഴുതാര പശപോലെ കുളമ്പിൽ ഒട്ടി. അടുത്തചുവടിൽ ഒരുമൺകട്ടയിൽ ആ പശ പറ്റിനിന്നു. ആകാശത്തുയർന്ന മുയലിൽ നിന്നു് തുള്ളിച്ചോര ആ പശിമയിലേക്കു് ഇറ്റി. ഋദ്ധിയുടെ യാനം അവസാന സംഘവുമായി കര [2] തൊട്ടു.

കപ്പലിൽ നിന്നിറങ്ങാനെന്നതുപോലെ നൗകയിൽ നിന്നു കയറാനും ഓരോരുത്തരിലും ആന്തലിന്റെ ഓരോ തിര ഋദ്ധി കണ്ടു. ഇനി കയറിച്ചെല്ലാൻ ഇടയില്ലാത്തവണ്ണം തുരുത്തിൻതുഞ്ചത്തു് ആദ്യമെത്തിയ അഞ്ചുകൂട്ടങ്ങൾ ആകാംക്ഷകൊണ്ടു നിറഞ്ഞുനിൽക്കുന്നു. കരയിൽ ഉത്കണ്ഠയില്ലെങ്കിൽ കടൽവഞ്ചി മുങ്ങുമെന്നു് ആരുടെയെങ്കിലും വചനം ഉണ്ടാകാമെന്നു് ഋദ്ധി ചിരികൊണ്ടു. ആന്തലും ആകാംക്ഷയുമില്ലാത്ത ലോകമറിയാൻ പുറപ്പെട്ടവരുടെ ഹൃദയമിടിപ്പിനു്, പിന്നിൽ ഉപേക്ഷിച്ചുപോന്ന ലോകത്തെ, തീവണ്ടി ചക്രങ്ങളേക്കാൾ വേഗം. ഏതു നിമിഷവും പാളം തെറ്റാമെന്നോർമിപ്പിച്ചു് അതു കുതിച്ചു.

തിരികെപ്പാഞ്ഞ പുള്ളിമാൻ പിടഞ്ഞുപിടഞ്ഞുവീണു. കരതൊട്ട ദ്വിജൻ എയ്ത കരിങ്കല്ലു് തറച്ച പുള്ളിമാന്റെ കഴുത്തിൽ നിന്നു തെറിച്ച ചോരയിൽ, നേരത്തെ പശയായി മാറിയ പഴുതാരയും ആകാശത്തുനിന്നിറ്റിയ മുയൽച്ചോരത്തുള്ളിയും വേർതിരിച്ചറിയാനാകാതെ ലയിച്ചു. മൂന്നു കല്ലും നാലു ചുള്ളിയുമായി അടുപ്പുകൂട്ടിനിന്നവർ തീ ചോദിച്ചു. നൗകയിൽത്തന്നെ നിന്ന ഋദ്ധിയിലേക്കു് മൊഴിമാറിച്ചെവിമാറി അതെത്തി. ‘കൊള്ളിയുരച്ചു തീയുണ്ടാക്കുന്ന ലോകം മുന്നിലുപേക്ഷിച്ചു പിന്നോട്ടു പിന്നോട്ടു വന്ന നാം ശിലായുഗത്തിനും ഇപ്പുറത്താണു്.’

ദ്വിജൻ:
‘മനുഷ്യനൊരു തുടർച്ചയാണെന്നുള്ള വകതിരിവു വല്ലപ്പോഴും നല്ലതാണു്.’

ഋദ്ധി കയറി വന്നു. പിടച്ചുകിടന്ന മാനിന്റെ കഴുത്തിൽ കൈ അമർത്തി. മുറിവിലൂടെ ചീറ്റിത്തെറിച്ച ചോര മൊത്തിക്കുടിച്ചു. കഴുത്തിലെ മുറിവിനുചുറ്റുമുള്ള തുകൽ തെറ്റിച്ചു. നിമിഷനേരം മുൻപുമാത്രം ചലനമറ്റ ആ മാംസം കല്ലുകൊണ്ടു് ഇടിച്ചു വിടുവിച്ചെടുത്തു ചവച്ചുതിന്നാൻ തുടങ്ങി. ഇണമുയലിനെ ചെവിയിൽ തൂക്കിയെടുത്തു് പൊന്തക്കാട്ടിൽ നിന്നു് ത്രയ വന്നു. പിടയ്ക്കുന്ന മുയലിന്റെ കഴുത്തിൽ പല്ലമർത്തി ചോരകുടിച്ചു ചിറി തുടച്ചു. ഋദ്ധി ഉപേക്ഷിച്ച മാനിന്റെ തുകൽമേലറ്റം ദ്വിജൻ കല്ലുകൊണ്ടു വേർപ്പെടുത്തി. പിന്നെ നവമിക്കൊപ്പം തിരകളിലേക്കു് എടുത്തു പിടിച്ചു. തുകൽ വിട്ടു മാറാൻ ആറു തിരയടിക്കുകയേ വേണ്ടിവന്നുള്ളു. കടലുപ്പു രുചിക്കുന്ന പച്ചമാംസം അവർ കുത്തിയിരുന്നു കഴിച്ചു.

കല്ലുകൊണ്ടു മറ്റൊരു മാൻ ഞരങ്ങി വീണിടത്തേക്കു്, എറിഞ്ഞതു് ആരെന്നുപോലും നോക്കാതെ, സപ്തയും ചതുരയും ഓടി. മാനിനെ മരക്കൊമ്പിൽ കെട്ടിത്തൂക്കി തുകലൂരി. ആറേഴുപേർ ചുറ്റും നിന്നു കടിച്ചെടുക്കുമ്പോൾ ഹരം കയറിയ ദ്വിജൻ വിരണ്ടു നിന്ന ഒരുമുയലിനെ കണ്ണിൽനോക്കി വിറപ്പിച്ചു് തലയ്ക്കൊരു കിഴുക്കുകൊടുത്തു് കടിച്ചുതൂക്കിയെടുത്തു.

ഋദ്ധി കൊട്ടാരവാതിൽ കടന്നു. മഴ ഇരച്ചു. ഒരു കരിനാഗം ഫണം വിടർത്തി, പിന്നെ താഴ്ത്തി, ഇഴഞ്ഞുപോയി. അപരാഹ്നപ്പെയ്ത്തിൽ മിന്നൽ ആവർത്തിച്ചുകൊണ്ടിരുന്നു. മാൻചോരകുടിച്ച സഹസ്രാബ്ദത്തിൽ നിന്നു് പീരങ്കിപ്പടയുടെ നൂറ്റാണ്ടിലേക്കു് എടുത്തെറിയപ്പെട്ടതുപോലെ ഋദ്ധി ഒന്നു കിതച്ചു. കൊടുംചുഴലി വീശിയ പതിറ്റാണ്ടിനെ അറിയിച്ചു് മേലാപ്പുപറന്നുപോയ ഭിത്തികൂടം നിന്നു. അവിടവിടെ പല പതിറ്റാണ്ടുകളിൽ ചാരിവച്ച മരയേണികൾ. ലോകം ഭരിക്കാൻ വന്നവർ ഇട്ടെറിഞ്ഞുപോയ വഴിയിൽ ആൾപ്പൊക്കം കിളിർത്ത പുല്ലിൻതലപ്പിലൊന്നിറുത്തു് ഋദ്ധി ചവച്ചു. പന്തലിച്ചും പട്ടുപോയും തളിർത്തും തളർന്നും വളഞ്ഞും കിടക്കുന്ന മുളങ്കാടുകൾ മരയേണിയുടെ തുഞ്ചത്തുനിന്നു ഋദ്ധി കണ്ടു.

മറ്റെങ്ങോ ഉള്ള പെയ്ത്തിന്റെ തണുപ്പുംപേറി കാറ്റുവന്നു. ഏകൻ നടന്നു് മുളയേണിക്കു താഴെയെത്തി.

ഏണിയിൽ നിൽക്കുന്ന ഋദ്ധിയുടെ മൂക്കിൻതുമ്പിൽ വീണ ഒരു മഴത്തുള്ളി തെറിച്ചു് ഏകന്റെ ചുണ്ടുകളിലേക്കു് ഇറ്റു. ഏകൻ പായ് വഞ്ചിയായി താഴെ ഇളകി. ഋദ്ധി ആകാശമായി ഇറങ്ങിവന്നു. നൗക ഇടംവലം ഉലഞ്ഞു. ആൾപ്പൊക്കത്തിരയിൽ ഉയർന്നു, താഴ്‌ന്നു. ഋദ്ധി പായ്മരമേറി കയറിൽ തൂങ്ങി നൗക വട്ടംതിരിക്കുകയാണു്. ഏകനു് ശാന്തസമുദ്രം തോന്നി. ഓരോ തിരയടിക്കുമ്പോഴും ഉന്മാദത്തിന്റെ പലരസാലിംഗനങ്ങൾ.

ഋദ്ധി മെല്ലെ എഴുനേറ്റു. ഏകനു് എഴുനേൽക്കാൻ തോന്നാത്ത സുഷുപ്തി. ഋദ്ധി ഒറ്റയ്ക്കു നിലവറയിലേക്കുള്ള വഴിത്താര തെളിക്കാൻ തുടങ്ങി.

തെളിഞ്ഞ പാതയിലൂടെ ത്രയ പിൻതുടർന്നെത്തി ചെവികടിക്കും പോലെ ചോദിച്ചു: ‘നമുക്കു് ഒന്നിച്ചുപോകാൻ പറ്റിയ നൂറ്റാണ്ടു് എവിടെയാണു്?’

ഋദ്ധി:
“കഴിഞ്ഞ സഹസ്രാബ്ദങ്ങളിലൊക്കെ നമ്മളെ കല്ലെറിഞ്ഞു് ഓടിച്ചതല്ലേ?”

ത്രയ ഒരു പീരങ്കിത്തലപ്പിലേക്കു കൈ എത്തിച്ചു. “യുദ്ധം ചെയ്യാൻ വന്നവരുടെ ഈ ദ്വീപിൽ അവരിൽ ചിലർ ഇങ്ങനെ ചേർന്നു നിന്നിട്ടുണ്ടാവില്ലേ?”

ഋദ്ധി:
“ഓരോ യുദ്ധവീരനും നൂറു ബലയാരതികളാടിയിട്ടുണ്ടാകും; പീരങ്കിയിൽ നിന്നു് നിറയൊഴിക്കും പോലെ.”

ലോകം ജയിക്കാനുള്ള അവസാന യുദ്ധത്തിനായി ജപ്പാൻ ചക്രവർത്തി കണ്ടെത്തിയ ഈ ഇടത്താവളത്തിൽ സ്ഫോടനാത്മകമായ കയറ്റിറക്കങ്ങളല്ലാതെ എന്തുനടക്കാൻ? കോട്ടകൾ, വഴിത്താരകൾ, നിലവറകൾ, പിന്നെ മണിയറകളും. ഇതു പണിതുകൂട്ടിയ ബ്രട്ടീഷുകാർ വന്നതും വികാരശമനത്തിനല്ല, ക്ഷോഭസംയോഗങ്ങൾക്കാണെന്നു് ഋദ്ധി ആദ്യവരവിൽ തന്നെ തീർപ്പാക്കിയിരുന്നു. വൻകരയിലെ കുറ്റവാളികളെ അടുത്തടുത്ത ദ്വീപുകളിലെ തടവറകളിൽപ്പൂട്ടി ചാവാൻ വിട്ടു് അവരിവിടെ വന്നു് അടച്ചുപൂട്ടിയ മണിയറകളിൽ കയറി ആനന്ദസമുദ്രമാണെന്നു കരുതി തുഴഞ്ഞു. അവർ വളർത്താൻ കൊണ്ടുവന്ന പുള്ളിമാനുകൾ കടൽ കണ്ടും മഴ നനഞ്ഞും സംഭോഗിച്ചു് പെറ്റു് കടൽപോക്കർക്കു് വേണ്ട ഇരകളായി. കൊടുങ്കാറ്റുവന്നപ്പോൾ, എല്ലാം ഇട്ടെറിഞ്ഞുപോയ ബ്രട്ടീഷുകാരുടെ അടുക്കളയിൽ നിന്നു് ഇറങ്ങിയോടി കാറ്റുകണ്ടും മഴനനഞ്ഞും പെരുകിയ ഇണമുയലുകൾ പ്രാപ്പിടിയന്മാരുടെ വംശത്തെ കാത്തു.

ഋദ്ധി:
“പലസഹസ്രം ആണ്ടുകൾ പഴകിയ മനുഷ്യകഥയോർക്കാതെ ഒരു പതിറ്റാണ്ടിന്റെ മദ്ധ്യേ വന്നു ലോകം വെന്നുവെന്നു ധരിച്ചവരെ പുഴുവരിച്ചു. പുഴുക്കളെ കോഴികൾ കൊത്തി. കോഴികളെ മനുഷ്യരും.”

വിൽഫ്രഡിന്റെ നൗകയുമായി ഇന്ത്യയുടെ മുനമ്പു് ചുറ്റി ആദ്യയാത്രയിൽ തന്നെ ഋദ്ധി വന്നടുത്തതു് ഈ ദ്വീപിലായിരുന്നു. മനുഷ്യരില്ലാതെ മാനുകളും മുയലുകളും ഉരഗങ്ങളും വാഴുന്ന തുരുത്തു്. ബ്രട്ടീഷുകാർ റോസ് ദ്വീപെന്നു വിളിച്ച മുറിത്തുരുത്തിനു് ഋദ്ധി വേറൊരു പേരിട്ടു—ശംഖുവരയൻ.

ത്രയ:
“പേരുമാറ്റിയാൽ ദ്വീപ് മാറുമോ?”
ഋദ്ധി:
“കമ്പിയും തപാലുമില്ലാത്ത ദ്വീപിനെ എന്തുപേരു വിളിച്ചാലെന്തു്?”
ത്രയ:
“ഇതു ചരിത്രം കണ്ടറിയാനുള്ള വിനോദയാത്രയായിരുന്നോ?”
ഋദ്ധി:
“ഇതിലെന്തിത്ര കാണാൻ? നമുക്കു വേണ്ടതു് തച്ചന്മാർ തായ്മരങ്ങൾ കടഞ്ഞു് പണിക്കുറ്റം തീർത്ത നൗകകൾ, പങ്കായങ്ങൾ, പിന്നെയീ കടലും.”
ത്രയ:
“നീ കൂടെയുള്ളപ്പോൾ ഞാൻ ആകാശമാകും.”
ഋദ്ധി:
“എന്റെ ആകാശത്തിലേക്കു് നീ ശീതക്കാറ്റു് അയയ്ക്കുന്നു.”
ത്രയ:
“എന്റെ ആകാശത്തിൽ ഒരു സൂര്യൻ.”
ഋദ്ധി:
“എന്റെ ആകാശം നിറയെ പൂത്തമന്ദാരങ്ങൾ.”
ത്രയ:
“എന്റെ ആകാശം നിറയെ കനകാംബരം.”
ഋദ്ധി:
“നമ്മുടെ പ്രപഞ്ചങ്ങൾ ഇതാ ക്ഷീരപഥങ്ങൾ തെറ്റിയെത്തുന്നു.”
ത്രയ:
“പ്രപഞ്ചപ്പിറവിയുടെ ഉഗ്രവിസ്ഫോടനം.”

സുശീല കയറിവന്നു കട്ടിലിനു താഴെ ഋദ്ധിയോടു ചേർന്നു കൊരണ്ടിപ്പലകയിൽ കുത്തിയിരുന്നു.

വല്ലം താഴെ വച്ചു്, മുറുക്കാൻ പൊതി വിടർത്തി. പേനാക്കത്തിയിൽ ചുണ്ണാമ്പു് കോരി വെറ്റയിൽ തേച്ചു. വടക്കൻപുകയിലയുടെ രണ്ടു തരി കയ്യിൽത്തടഞ്ഞു. പാക്കു് കൊത്തിവിടർത്തി, ചുരണ്ടി, തരിയായരിഞ്ഞു വായിലിട്ടു. ഋദ്ധി കിടപ്പായപ്പോഴാണു് ചെറുപുഷ്പം ഇടവക സംരക്ഷണ സമിതി ഒന്നര സെന്റിൽ ഈ വീടു് പണിതുകൊടുത്തതു്.

ഇന്നു് ചന്തമുതൽ ചാളക്കാരികോളനി വരെയെത്താൻ മണിക്കൂർ രണ്ടെടുത്തു. ആറാകുമ്പോൾ ബാക്കിയുള്ളതു പിടിയാവിലയ്ക്കു വിറ്റു കാലിൽ യന്ത്രംപിടിപ്പിച്ചപോലെ വീട്ടിലേക്കു് എത്താറുള്ളതാണു്. ആറു പത്തിന്റെ ‘ദൈവസഹായം’ ബസ് ചന്തവിട്ടു് മൂന്നു കവലയിലെ വിളിച്ചുകയറ്റലും കഴിഞ്ഞു കോളനിപ്പടിയെത്തുന്നതു് ആറു് ഇരുപത്തിയഞ്ചിനാണു്. അപ്പോഴേക്കും സുശീല വീട്ടിലെത്തി കതകടച്ചിട്ടുണ്ടാകും. ഇന്നു വഴിയിലൂടെ ഒരു പട്ടാളക്കൂട്ടം ആകാശത്തേക്കു വെടിവച്ചു കടന്നുപോയി. വഴിയുടത്ര വീതിയുള്ള ടാങ്കുകളാണു്. മിനിയാന്നു മിസൈൽ വീണു നിലംപറ്റിയ, സൗമിനിവിലാസം ആശുപത്രിയുടെ, പത്തുനില കെട്ടിടത്തിനു ചുറ്റും ബറ്റാലിയൻ വട്ടംവച്ചു് പോകുന്നതുവരെ പൊലീസുകാരു് കാൽനടക്കാരേയും വണ്ടികളേയും തടഞ്ഞുനിർത്തി.

ചവച്ചു ജനാല വഴി തുപ്പിയപ്പോൾ ക്രാസിയിൽ രക്തച്ചുവപ്പു്. എന്നുമോർക്കും ഒരു കോളാമ്പി വാങ്ങാമെന്നു്. മേൽത്തോർത്തുകൊണ്ടു് ജനലഴി തുടച്ചു്, പരുക്കനിട്ട നിലത്തുവീണ രണ്ടു തുള്ളി കാലിന്റെ പെരുവിരൽകൊണ്ടു് തേച്ചുപരത്തി അതിന്റെ കടുംചുവപ്പു് മയപ്പെടുത്തി. മെല്ലേ കട്ടിലിനിടുത്തേക്കു ചെന്നു.

സുശീലയ്ക്കു് മുറുക്കു് ഉണ്ടായിരുന്നില്ല. ഋദ്ധി ആശുപത്രിയിലായ രാത്രികളിൽ ഉറക്കം വരാതിരിക്കാൻ അന്നമ്മ പഠിപ്പിച്ച സൂത്രമാണു്. അതു പത്തുവർഷമായി ശീലമായി. നീയിനി സുശീലയല്ല നൂറ്റൊന്നാമത്തെ കൗരവത്തി ദുശ്ശീലയാണെന്നു് അമ്മ അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞേനെ.

“ഇന്നമ്മേട പിള്ളയാകെ ഒഴിച്ചുനിറച്ചല്ലോ…” ഋദ്ധി നിർനിമേഷം കിടന്നു. സുശീല താഴ്‌ന്നു കിടന്ന ട്യൂബ് വിടുവിച്ചു് മൂത്രസഞ്ചിയെടുത്തു് പടിയിറങ്ങി മുന്നിലെ ഓടയിലേക്കു ചെരിച്ചു.

“ആ കൊച്ചു് കെടന്നു മുള്ളി നിറയ്ക്കണ കൊണ്ടു് കാനയിലെ കൂത്താടി തീരും, കോപ്പറേഷനും ലാഭം.” കാർത്ത്യായനി വേലിയിൽ പിടിച്ചു നിന്നു് ചിരിച്ചു.

കാണുന്നവർക്കു ചീത്തവിളിയാണെന്നു തോന്നുമാറു് സുശീല ശബ്ദം പുറത്തുവരാതെ ചുണ്ടു പലവട്ടം അനക്കി അകത്തുകയറി.

“ന്റെ പൊന്നെന്തൊക്കെ കണ്ടോ ഇന്നു്… എവിടൊക്കെ് പോയ്യോ ആവോ…”

സുശീല ഋദ്ധിയെ പിടിച്ചുയർത്തി. “മാള് കപ്പല് കണ്ടാ…”

ഒരു വിറകുകൊള്ളിപോലെ ഋദ്ധി പൊങ്ങിവന്നു. കിടക്കയിൽ അരയ്ക്കു താഴെ വച്ച പാൻ സുശീല എടുത്തു.

“ഇന്നേ… പുതിയ പാവഞ്ചിയൊണ്ടു് തേക്കേത്തുരുത്തില്… കടൽക്കൊള്ളക്കാരുടെ ബാക്കിയാ… ആസ്ട്രേലിയേന്നേ…”

നനച്ച തോർത്തുകൊണ്ടു് ഋദ്ധിയുടെ കാൽവെള്ളയും കൈപ്പത്തിയും സുശീല തുടച്ചു.

“ഞാനൊന്നു ചിരിച്ചു… ഞാമ്പറഞ്ഞാ അവർക്കുണ്ടോ തിരിയാൻ… നമ്മുടെ പാവഞ്ചി കാണിച്ചിട്ടു് വില്ല്ഫ്രഡ്, വില്ല്ഫ്രഡ് എന്നു് ഞാമ്പറഞ്ഞു… അയ്യാളു ചിരിക്കണു…”

അടുക്കളയിലേക്കു പോകുമ്പോൾ പലപ്പോഴും പറയാറുള്ളതു് സുശീല ആവർത്തിച്ചു.

“ഞാനീ പറേണ കഥയൊക്കെ കേക്കണൂന്നെങ്കിലും നമ്മളൊരാള് തീരും മുൻപേ പറയണേ നീയ്യ്…”

കൊതുമ്പു് അടുപ്പിൽവച്ചു് സുശീല തീപ്പെട്ടിയുരച്ചു. ഇടംകയ്യിൽ കൊള്ളി കത്തി നിൽക്കുമ്പോൾ മണ്ണെണ്ണവിളക്കു ചെരിച്ചു് അടുപ്പിലേക്കൊന്നു കാണിച്ചു. നാലഞ്ചു തുള്ളി മണ്ണെണ്ണ വിറകിലേക്കു് ഇറ്റി. കത്തിയ കൊള്ളിയിട്ടതേ കൊതുമ്പു് ആളി. മേലേ രണ്ടു് കശുമാവിൻ ചുള്ളി വച്ചു്, കലത്തിലരിയെടുത്തു് കഴുകാൻ പോയി.

മിണ്ടാട്ടം മുട്ടിയ പെണ്ണെന്നായിരുന്നു സുശീലയ്ക്കുള്ള പേരു്. എല്ലാം ഒരു മൂളലിൽ നിർത്തുന്ന ശീലം തെറ്റിയതു് ഋദ്ധി കിടപ്പായപ്പോൾ മുതലാണു്. അപകടം വരുമ്പോൾ പറയാനുള്ള വാക്കൊക്കെ തന്നെ വരുമെന്നു് സുശീല സ്വയമറിഞ്ഞു. എന്നിട്ടും ഋദ്ധിയുടെ അപകടാവസ്ഥയ്ക്കു് ഡോക്ടർ പറഞ്ഞ ക്വാഡ്രിപ്ലീജിയ എന്ന പേരുമാത്രം ഇതുവരെ പറയാൻ കിട്ടിയിട്ടില്ല. ‘നാലു കാലും ചത്തു’ എന്നാണു് ക്വാഡ്രിപ്ലീജിയയുടെ മലയാളമെന്നു് ചന്തേല് വച്ചു് മസ്ക്കറ്റ് കൃഷ്ണനാണു് പറഞ്ഞുകൊടുത്തതു്. പാമരം പൊട്ടിവീണു നട്ടെല്ലിന്റെ കഴുത്തിലെ കശേരു തകർന്ന അന്നുമുതൽ ഋദ്ധിയുടെ കൈകാലുകൾ അനങ്ങിയിട്ടില്ല. നാവു ചലിച്ചിട്ടില്ല. ‘ഋദ്ധി എല്ലാം കേൾക്കുന്നുണ്ടു്, പറഞ്ഞുകൊണ്ടേ ഇരിക്കണം’ എന്നു് ഉപദേശിച്ചു് ഡോക്ടർ വീട്ടിലേക്കു വിട്ടയന്നാണു് സുശീല മിണ്ടാട്ടക്കാരിയായതു്.

ഋദ്ധി അതേ കിടപ്പാണു്. സുശീല പൊടിയരി ചിരട്ടത്തവികൊണ്ടു കുത്തിയിടിച്ചു് ചമ്മന്തി പോലെയാക്കി. ഒരുപപ്പടം കനലിൽ കാണിച്ചു പൊടിച്ചു വിതറി. കമ്പിയിൽ കോർത്തുചുട്ട നാലുള്ളി ചതച്ചുചേർത്തു. കുളിക്കാൻ പോയപ്പോൾ കടവീന്നു കിട്ടിയ കൂരിയെ അപ്പോഴേക്കും പൊള്ളിവന്ന ദോശക്കല്ലേൽ മറിച്ചിട്ടു. വെന്തുവരുന്നതിനിടെ കാന്താരി കുത്തിച്ചതച്ചതും ഉപ്പും തേച്ചുപിടിപ്പിച്ചു.

ഋദ്ധിയുടെ മിഴിഞ്ഞ കണ്ണിനു മുന്നിലേക്കു് സുശീല പൊള്ളിച്ച കൂരി പിടിച്ചു. കീഴ്ത്താടി മെല്ലേ വലിച്ചുതാഴ്ത്തി വായിലേക്കു് ഒരു സ്പൂൺ ചരിച്ചു തിരുകി. തവിയിൽ കഞ്ഞി കോരി ആ വിടവിലൂടെ പകർന്നു. പൊള്ളിയ കൂരിയുടെ നടുമുറി നാലാക്കി പിളർത്തിയതു് വിരലിൽ ഞരടി ചമ്മന്തിയാക്കി നാവിൽ തേച്ചുകൊടുത്തു. അടുത്ത കഞ്ഞിക്കൊപ്പം അതു് ഇറങ്ങിപ്പോയി. ഋദ്ധി കണ്ണു തുറന്നു കിടന്നു.

സുശീല ചുണ്ടു ചെവിയോടു ചേർത്തു. “കണ്ണു കണ്ടാലറിയാം ഇന്നു് എന്തൊരു പോക്കാരുന്നെന്നു്. രാത്രീലും തൊറന്നു കെടക്കല്ലേ പെണ്ണേ…”

സുശീല അരിക്കലം ചാരം തേച്ചു് മിനുക്കി കമഴ്ത്തി. കുഴിത്തവി പിരികയറിന്റെ ഇടയിൽ തൂക്കി. തിരിയുമ്പോഴുണ്ടു് ഋദ്ധി കണ്ണടച്ചിരിക്കുന്നു.

ഒരു കല്ലെടുത്തു താഴെയിട്ടതാണു് ദ്വിജൻ. കാലുകൾ രണ്ടും വലംകയ്യും അറ്റുകിടന്നു പിടയ്ക്കുന്നു.

ജപ്പാൻ [3] ചക്രവർത്തി പാകിയിട്ട കുഴിബോംബുകളിൽ ഒന്നു് പതിറ്റാണ്ടുകൾക്കിപ്പുറവും വീര്യം തെളിയിച്ചു് പൊട്ടിച്ചിതറി.

ഋദ്ധി അടുത്തു ചെന്നു. ദ്വിജൻ മരണം യാചിച്ചു. ഋദ്ധി മാനിന്റെ കഴുത്തിലെന്നതുപോലെ അമർത്തുമെന്നു് ത്രയ ഭയന്നു. ഋദ്ധി ദ്വിജന്റെ നെറുകയിൽ തൊട്ടു. തല മടിയിലേക്കു വച്ചു. പാളമാറാപ്പിൽ നിന്നു് വെള്ളം ഇറ്റിച്ചു. ദ്വിജന്റെ വായിൽ നിന്നു് ആ വെള്ളം നുരയായി പുറത്തുവന്നു. ചുണ്ടിൻകോണിലൂടെ അതൊഴുകി. ഋദ്ധി ആ കണ്ണു് അടയ്ക്കാനാഞ്ഞു് കൈ പിൻവലിച്ചു. ഈ യാത്രയിലും കാണട്ടെ കാഴ്ചകൾ.

ത്രയ പിന്നിൽ ഋദ്ധിയോടു ചേർന്നു. ഋദ്ധി ഒരു കല്ലു് വലംകൈകൊണ്ടെടുത്തു നൊടിയിടയിൽ പിന്നിലേക്കു തെറ്റിച്ചു. പിന്നിലെ മരക്കൊമ്പിൽ നിന്നു് ഏകന്റെ കഴുത്തോളം ഞാന്ന കരിനാഗത്തിന്റെ പത്തിവീണു. ചോരയും പിടയ്ക്കുന്ന ഉരഗവും നിലംപതിച്ചു.

ഏകൻ ഒരു അറവുമാലിന്യം എടുക്കുന്ന നിർവികാരതയോടെ മൃതദ്വിജനെ തോളിലേറ്റി. തുരുത്തിൻ തുഞ്ചത്തെത്തി അനായാസം വീശിയെറിഞ്ഞു. തള്ളി നിൽക്കുന്ന ശിലാമുനമ്പുകളിൽ തട്ടാതെ വെള്ളത്തിലേക്കു പതിച്ച ദ്വിജശരീരം ഒന്നു പിടച്ചതായി അവർക്കു തോന്നി. അതു സ്വീകരിക്കാൻ എത്തുന്ന തിമിംഗലങ്ങൾക്കായി ത്രയ കാത്തുനിന്നു. ചെറുമീനുകൾ വളയുന്നതും ദ്വിജദേഹം കുമിളകളുയർത്തി താഴുന്നതും അവർ കണ്ടു.

ത്രയ:
“മരിച്ചാൽ തിമിംഗല ഉദരത്തിൽ നമ്മൾ കാഴ്ചകൾ കണ്ടു മോക്ഷം തേടും എന്നതു നിന്റെ നുണ. ചെറുമീനുകൾ കൊത്തിത്തിന്നും നമ്മളെ.”

ഋദ്ധി കടലിലേക്കു തന്നെ കണ്ണയച്ചു നിന്നു.

കുറിപ്പുകൾ
[1]

നെടുകെ കീറിയ തെങ്ങോലയിൽ നിന്നു് മെടഞ്ഞെടുത്ത പകുതിഓല.

[2]

റോസ് ദ്വീപു്, ആൻഡമാൻ നിക്കോബാർ.

[3]

രണ്ടാം ലോക മഹായുദ്ധകാലത്തു് ബ്രിട്ടൻ കൈവിട്ട ദ്വീപ് ജപ്പാൻ സ്വന്തമാക്കി.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.