images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
പള്ളത്തി

സിസ്റ്റർ സന്ധ്യ മരിച്ചു് ഇരുപതാം ദിവസമാണു് പുതിയ സൂപ്രണ്ടായി സിസ്റ്റർ മാർഗലീത്ത എത്തിയതു്.

ക്ലാര സിസ്റ്റർ തലേന്നു് മുറി ഒരുക്കുകയാണു്. സിസ്റ്റർ സന്ധ്യ ഉപയോഗിച്ചിരുന്നതെല്ലാം മാറ്റി. കട്ടിലിൽ പുതിയ വിരിയിട്ടു. മേശ വരിപ്പിലെ അസംഖ്യം ഡയറികൾ ഹോർളിക്സ് എന്നെഴുതിയ കാർഡ്ബോർഡ് പെട്ടിയിലാക്കി. നൂറിനടുത്തു ജപമാലകൾ ഒരു പെട്ടിയിലുണ്ടായിരുന്നു. അതിലേറെ പേനകളും. കണ്ണട നാലെണ്ണം. ചെരുപ്പു് തേഞ്ഞുതീരാറായ ഒരു പാരഗൺ ആയിരുന്നു. വള്ളിച്ചെരുപ്പു് ബ്ലേഡ് പോലായാലല്ലാതെ സിസ്റ്റർ സന്ധ്യ മാറ്റിയിരുന്നില്ല. സ്റ്റീൽ സ്ട്രാപ്പുള്ള എച്ച്. എം. ടി. വാച്ച് നാല്പതു വർഷം മുൻപു് സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നയന്നു് തൊട്ടിളയതും ഭർത്താവും കൂടി വന്നു് കെട്ടി തന്നതാണെന്നു് എപ്പോഴും പറയുമായിരുന്നു. അതൊക്കെ ഇനി സഭയുടെ സ്വത്താണു്.

അത്രയും എടുത്തുവച്ച സിസ്റ്റർ ക്ലാര നിർനിമേഷം നിന്നു. അതേ മുറിയിൽ പന്ത്രണ്ടു വർഷമായി ഒരു കട്ടിൽ കൂടിയുണ്ടു്. അതിനു താഴെ നിരവധി പ്ലാസ്റ്റിക് പെട്ടികൾ നിറയെ ഉടുപ്പുകളും പാഠപുസ്തകങ്ങളും. അലമാരയുടെ രണ്ടു തട്ടു നിറയെ വേറെയും ഉടുപ്പുകളും അടിയുടുപ്പുകളും തൊപ്പിയും കുടയും മഴക്കോട്ടുമുണ്ടു്.

ഋദ്ധിയോടു് ഒന്നും പറയേണ്ടി വന്നില്ല. അവൾ ഓരോന്നായി എടുക്കാൻ തുടങ്ങി. അമ്മയും അന്നമ്മയും കിടക്കുന്ന ചായ്പ്പിലേക്കാണു് കൊണ്ടുപോയതു്. രണ്ടുപേരും ഒപ്പം ചെല്ലുകയോ ഒരു പെട്ടിയെങ്കിലും എടുക്കാൻ സഹായിക്കുകയോ ചെയ്തില്ല. മരണവീട്ടിലേക്കു ശവപ്പെട്ടി കൊണ്ടുവരുന്നതുപോലെ സ്വാഭാവികമായതു് എന്തോ നടക്കുന്നതായാണു് അവർക്കു തോന്നിയതു്. ചത്തവീട്ടിലേക്കു വരുന്ന കാലിപ്പെട്ടിയെടുക്കാൻ ജീപ്പ്ഡ്രൈവർ മാത്രമേ കാണുകയുള്ളൂ.

മുറിയൊഴിയൽ കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി. സൈക്കിൾ എടുത്തു് ഋദ്ധിയിറങ്ങി.

മഴ ചാറാൻ തുടങ്ങി. മഴക്കോട്ടോ കുടയോ എടുത്തിട്ടില്ല. പെയ്യട്ടെ, ആർത്തുപെയ്യട്ടെ എന്നു മനസ്സു പറയുകയാണു്. വേണ്ടപ്പോൾ അതങ്ങനെ പെയ്യില്ല. നനയ്ക്കാനുള്ള ചാറൽ പോലും ഇല്ല. ഉടുപ്പിൽ അങ്ങിങ്ങ് ഒരോ പാടുകൾ. ജീൻസിൽ അത്രയ്ക്കു് പോലും അറിയാത്ത ഒന്നോ രണ്ടോ തുള്ളി. ആഞ്ഞുചവിട്ടാൻ തുടങ്ങി. കടൽത്തീരത്തുകൂടി സമാന്തരമായി പോവുകയാണു് സൈക്കിൾ.

ഋദ്ധി കണ്ണടച്ചു നന്ദിനിയുടെ മടിയിൽ തലവച്ചു കിടക്കുകയാണു്. അവൾ അന്നു് കോഴിക്കോട്ടെ ഹോസ്റ്റൽ വരാന്തയിൽ ഇരുന്നു് മതഗ്രന്ഥം വായിക്കുന്നതു പോലെ നിർവികാരമായി പറയുകയാണു്.

ഇരുട്ടായിരുന്നു. ഒൻപതാം ക്ലാസിലെ പൂക്കളം തകർത്തെറിഞ്ഞ രാത്രിയാണു്. ബാങ്ക് മാനേജറുടെ വീട്ടിൽ നിന്നു് വന്നു് അഞ്ചാം ദിവസം. ഇതിനിടെ അരമണിക്കൂർ തികച്ചു് ഉറങ്ങിയിട്ടേയില്ല. വെള്ളവും ചോറും തൊട്ടിട്ടില്ല. ഇടയ്ക്കൊരു ഇഡലി, രണ്ടു് ബിസ്ക്കറ്റ്, പനിയായിരിക്കും എന്നു പറഞ്ഞു് അമ്മ മേശമേൽ വച്ച മൂന്നോ നാലോ റെസ്കു്. നൂറു മണിക്കൂറിനിടെ കഴിച്ചതു് ഇതുമാത്രമാണു്. ഉറങ്ങാൻ കഴിഞ്ഞതു പോലും ഇപ്പോഴാണു്. കുഞ്ഞുണ്ണി കരയുന്നു. ഞെട്ടി ഉണർന്നു. ശരീരത്തിൽ നല്ല ഭാരമായിരുന്നു. പിതൃഹസ്തം പുത്രിയുടെ വായടച്ചിട്ടുണ്ടു്. പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു് ഏതൊരു പീഡകനേയും പോലെ അയാൾ ചെവിയിൽ. ഞെട്ടിയില്ല. അയാൾ സാഷ്ടാംഗ നമസ്കാരം കഴിഞ്ഞതുപോലെ ഇരുവശത്തും കൈകുത്തി എഴുനേറ്റു.

രണ്ടാം ദിവസം ഉച്ചയ്ക്കാണു് കസ്റ്റംസ് പിടിച്ചിട്ടിരിക്കുന്ന വഞ്ചിയുടെ പാമരം വീണു കിടക്കുന്നതു് അലോഷി ശ്രദ്ധിച്ചതു്.

എത്ര തുരുമ്പെടുത്താലും നിന്ന നിൽപിൽ അതു വീഴില്ലെന്നു് അലോഷിയ്ക്കുറപ്പായിരുന്നു. ഋദ്ധിയുടെ സൈക്കിൾ കണ്ടെത്തിയ തീരത്തും അടുത്ത വീടുകളിലുമെല്ലാം തെരഞ്ഞു് നിരാശരായി നിൽക്കുകയായിരുന്നു ബിനോയിയും അന്നമ്മയും സുശീലയും. ചുമതലയേറ്റയന്നു തന്നെ അന്തേവാസിയെ കാണാതായ വിമ്മിഷ്ടവുമായി സിസ്റ്റർ മാർഗലീത്തയുമുണ്ടു്. അലോഷി അതു പറഞ്ഞപ്പോൾ പാവഞ്ചിയിൽ കയറാനുള്ള ഋദ്ധിയുടെ മോഹം ബിനോയി ഓർത്തു. കോസ്റ്റൽ പൊലീസ് ബോട്ട് ഇറക്കി. വഞ്ചിയിൽ ഋദ്ധി കമഴ്‌ന്നു കിടപ്പുണ്ടായിരുന്നു. കഴുത്തിൽ വട്ടംവീണു് പാമരവും. അനക്കം തോന്നുന്നില്ലെന്നേയുള്ളു. നെഞ്ചു മിടിക്കുന്നുണ്ടു്.

ബലാൽസംഗം നടന്നിട്ടില്ലെന്നു് ഡോക്ടർ ഗീതാകുമാരി. പുരുഷബീജങ്ങളൊന്നും വസ്ത്രത്തിലോ ശരീരത്തിലോ ഉണ്ടായിരുന്നില്ലെന്നു് ഫോറൻസിക് ഇൻസ്പെക്ടർ സ്മിതാ ഫിലിപ്. കെട്ടിത്തൂങ്ങിയപ്പോൾ പാമരം ഒടിഞ്ഞതായിരിക്കാമെന്നു് അടുത്തു കിടന്ന മൊയ്തീന്റെ വള്ളത്തിലെ പ്ലാസ്റ്റിക് കയർ ചൂണ്ടി ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ. പരിചയമില്ലാത്ത ആരും ആ വഴിക്കൊന്നും വന്നില്ലെന്നു് തുറക്കാർ ബിനോയിയോടു് പറഞ്ഞിരുന്നു. മൊയ്തീൻ കാശൊന്നും വേണ്ട, മീൻപിടിച്ചോന്നു പറഞ്ഞു സുശീലയ്ക്കു കൊടുത്ത ആ വള്ളം പാവഞ്ചിയുടെ അറ്റത്തു് ചെറുവടം കൊണ്ടു കെട്ടിക്കിടപ്പുണ്ടായിരുന്നു.

ഇതുവരെ ഒരു തെളിവും ഇല്ലാത്തതിനാൽ ആരും സംശയിക്കുക പോലും ചെയ്യാത്ത അക്കഥ ഓളത്തിലെ വള്ളം പോലെ ഋദ്ധിയുടെ ഉള്ളിൽ മാത്രം കിടന്നു.

സിസ്റ്ററുടെ മുറിയിൽ നിന്നു് എടുത്തു മാറ്റുകയായിരുന്ന നനവുമാറാത്ത അടിവസ്ത്രങ്ങൾ പൊതിയാൻ വിടർത്തിയിട്ടതു് മൂന്നു ദിവസം മാത്രം പഴകിയ ദിനപ്പത്രമായിരുന്നു. കോഴിക്കോടു് റയിൽവേ ട്രാക്കിൽ നിന്നു് കണ്ടെത്തിയ അജ്ഞാത ജഡം സെക്സ് റാക്കറ്റിലെ കണ്ണിയുടേതു് എന്നു സ്ഥിരീകരിച്ച ഒറ്റക്കോളം വാർത്ത. അതു കണ്ടുനിൽക്കെ വളർന്നു വലുതായി പല കോളങ്ങൾ കടന്നു. മുറി നിറഞ്ഞു. സൈക്കിളെടുത്തു് അതിവേഗം പോകുമ്പോൾ തീരത്തെ മണലുകൾ മുഴുവൻ ആ അക്ഷരങ്ങളാണു്. ഒത്താശ ചെയ്തയാൾ മാത്രമായതിനാൽ മൂന്നു വർഷത്തെ ശിക്ഷ കഴിഞ്ഞ പീഡകപിതാവു് ഒറ്റമുറി വാടകവീട്ടിൽ വന്നു കൂടിയെന്നു് അന്നു് അവൾ പറഞ്ഞിരുന്നു. പണം ചോദിച്ചു് വിളിച്ചിരുന്നെന്നും. എന്റെ കയ്യിൽ ഉണ്ടാകുന്ന പണം എങ്ങനെയാണെന്നു് അറിയാതെയല്ലല്ലോ എന്നാണു് അവൾ അവസാനമായി പറഞ്ഞതു്.

എന്റെ മുട്ടിവിളിയിൽ അയാൾ പരിഭ്രമിച്ചു് വാതിൽ തുറന്നു. ഞാൻ സുശീലയുടെ കുന്നത്തമ്മയായി. അയാൾ മൊയ്തീന്റെ ചെറുവള്ളത്തിൽ ഇരിക്കപ്പൊറുതിയില്ലാതെ നിന്നു് ആടി. ഞാൻ അയാളുടെ മുഖത്തു തന്നെ നോക്കി കടലിലേക്കു പങ്കായമെറിഞ്ഞു. അതു കൊമ്പൻ മീശയില്ലാത്ത ഭാർഗവൻ ആണെന്നു് എനിക്കു തോന്നി. അയാൾ ഓളങ്ങളിൽ ആടി വന്നു് എന്റെ മുടിയിഴകൾ തഴുകി. ഉച്ചിയിൽ വെള്ളിക്കെട്ടൻ കൊത്തിയതു പോലെ എനിക്കു് കരിനീല നിറം വച്ചു. ഞരമ്പുകളിൽ തിരയടിക്കുന്ന കടൽ.

അയാൾ എനിക്കു മുൻപേ വിൽഫ്രഡിന്റെ പാവഞ്ചിയിലേക്കു് വള്ളത്തിലെ കയർ എടുത്തെറിഞ്ഞു് തൂങ്ങിക്കയറി. ഒറ്റമുണ്ടും ഷർട്ടും ഊരിയെറിഞ്ഞു. അതു് അപ്പോൾ തന്നെ കാറ്റെടുത്തു തിരയ്ക്കു കൊടുത്തു. പങ്കായവുമായി കയറിയ എന്നോടു് അയാൾ ചോദിച്ചു പാവഞ്ചിയിലെന്തിനു് ഈ ചട്ടുകമെന്നു്. ഞാൻ വെളുക്കെ ചിരിച്ചു. ഉത്തരം കാക്കാതെ തന്നെ അയാൾ പറഞ്ഞു: എന്റെ കയ്യിൽ ഇപ്പോൾ പണമില്ല.

ഞാൻ പിന്നെയും കുന്നത്തമ്മയായി. അയാൾ ആദ്യമായി ചിരിക്കാൻ തുടങ്ങി. അതു കണ്ടു നിന്ന ഞാൻ തിരമേലേ ഉയർന്നുപൊങ്ങി. പങ്കായം നിലംതല്ലി പോലെ താഴ്‌ന്നു. അയാൾ ചവിട്ടുകൊണ്ട അട്ടയായി പാമരത്തിൽ വട്ടംചുരുണ്ടു. പങ്കായത്തിൽ പിന്നെയും കാറ്റുപിടിച്ചു. അയാൾ പന്തു് പോലെ ഉയർന്നു് കടലിലേക്കു താഴ്‌ന്നു. പുത്രിയോളി, പുത്രിയോളി എന്നാർത്തു തിര വന്നു ചുരുട്ടിയെടുത്തു. പാമരം ആ ആക്കം കഴിഞ്ഞു് തിരികെ വരുമ്പോൾ അയാൾ തിമിംഗല വയറിലേക്കു് ജീവനോടെ പോകണേ എന്നു് സുശീലയായിരുന്നെങ്കിൽ അത്തിക്കാവിലമ്മയ്ക്കു് നൂറും പാലും നേരുമായിരുന്നു.

ഇതു [1] മാതൃഹന്താവാം ഋഷിയുടെ മഴുവല്ല, പിതൃ ഹന്താവാം ഋദ്ധിയുടെ പങ്കായമെന്നു് താഴെ വീണു് ആ പലക ചിരിച്ചു. പാമരം പിന്നാലെ വീണു. മഴ പെയ്യാൻ തുടങ്ങി.

സുശീലയെ കുഴിച്ചിട്ടാൽ മതിയെന്നു് അന്നമ്മയാണു് പറഞ്ഞതു്.

ജാതീം മതോം ഒന്നുമില്ലാതിരുന്ന ഇനമല്ലേ. മണ്ണിനെങ്കിലും ഇത്തിരി എല്ലുപൊടി കിട്ടട്ടെ. പെട്ടിയൊന്നും വരുത്താൻ നിന്നില്ല. വെള്ളത്തുണിയിൽ പൊതിഞ്ഞതു് ആൻസിയാണു്. ബിനോയി മുണ്ടിന്റെ അറ്റം വരിഞ്ഞുമുറുക്കാനായി പിടിച്ചുകൊടുത്തു. സ്കൂളിനു് പുതിയ കെട്ടിടം പണിയാനെന്നു പറഞ്ഞു് ഇരുപതാണ്ടു മുമ്പു് വാങ്ങിയിട്ട പറമ്പുണ്ടായിരുന്നു. കാടുകയറിയതല്ലാതെ അവിടെ കെട്ടിടമൊന്നും വന്നില്ല. അതിന്റെ മൂലയ്ക്കു് നന്നായി താഴ്ത്തി കുഴിച്ചിട്ടേക്കണേ എന്നേ ഫാ. പോൾ പറഞ്ഞുള്ളൂ. പട്ടിയെങ്ങാനും മാന്തിയാൽ പണികിട്ടും.

സുശീലയെ കുഴിച്ചിട്ടു് വന്നു് അന്നമ്മ അലവാങ്കും പിക്കാസും അരമതിലിൽ ചാരി. മഠത്തിൻമുറ്റത്തെ താമസക്കാരിയായ കൊടിച്ചി വേണ്ടപ്പെട്ട ആരോ ചത്തതുപോലെ സ്കൂൾ മുറ്റത്തു കിടന്നു് പടിയിലേക്കു് തലവച്ചു. ബിനോയി നടന്നിറങ്ങി വന്നിട്ടും അതു് അനങ്ങിയില്ല.

അന്നമ്മയോടു് ബിനോയി:
“കൊച്ചു് കഴിച്ചോ ചേച്ചിയേ…”

അന്നമ്മ ആ… എന്നു മൂളി അകത്തോട്ടു പോയി. വ്യാഴത്തിനു വ്യാഴം എട്ടു്, വെള്ളി ഒൻപതു്, ശനി പത്തു്, ഞായർ പതിനൊന്നു്. ഋദ്ധി ഒരിക്കൽപോലും കണ്ണുതുറക്കാതെ കിടക്കാൻ തുടങ്ങിയിട്ടു് ദിവസം പതിനൊന്നായെന്നു് ആ പോക്കിൽ അന്നമ്മ കണക്കുകൂട്ടി.

ആൻസി ഒപ്പം ചെന്നു് നിലത്തിരുന്നു. അന്നമ്മ സുശീലയുടെ തകരപ്പെട്ടി വലിച്ചെടുത്തു. നിലത്തെഴുത്താശാന്റെ മകൾ ഭവാനിക്കു് ആനക്കാരനിൽ ഉണ്ടായ മകൾ സുശീല ഊട്ടുകയും സന്ധ്യസിസ്റ്റർ വളർത്തുകയും ചെയ്ത ഋദ്ധിയെന്ന അമ്പിളിയുടെ മകളുടെ കഥ എന്ന ആമുഖമുള്ള എഴുത്തുപുസ്തകം പെട്ടിയിൽ നിന്നെടുത്തു് ആൻസി എന്ന കപ്യാരുടെ ഭാര്യ സൂക്ഷിച്ചു നോക്കുമ്പോൾ ഫ്യൂരിഡാൻ അടിച്ചു ചത്തുകെട്ടുപോയ കെട്ട്യോനെ പിന്നൊരിക്കലും ഓർക്കാത്ത അന്നമ്മയെന്ന വൃദ്ധ ഉറക്കെ വായിക്കാൻ പറഞ്ഞു.

ആൻസി സുശീലയുടെ മനോഹരമായ കയ്യക്ഷരത്തിനു് ശബ്ദം കൊടുത്തു.

“പല്ലിയെ കഴിച്ച ദിവസമാണു്. ഇങ്ങനെയുള്ള നാഴികസൂചികകളിലൂടെയാണു് ഞാൻ ഓർമകളുടെ ഓരോ അധ്യായവും അടുക്കിവച്ചിരിക്കുന്നതു്…”

ഋദ്ധി കണ്ണടച്ചു കിടന്നു. അന്നമ്മയുടെ തുറന്ന കണ്ണുകൾ ഇടയ്ക്കൊക്കെ അടഞ്ഞു് പോയി. ആൻസി വായിച്ചുകൊണ്ടിരുന്നു.

കുറിപ്പുകൾ
[1]

മന്ത്രിച്ചു മമാത്മാവിൽ, മാതൃഹന്താവിൻ മഴു പൊന്താത്തതെന്തീസ്സുഖോന്മത്തർതൻ നേർക്കെന്നാരോ! മഴുവിന്റെ കഥയിൽ ബാലാമണിയമ്മ പരശുരാമന്റെ മഴുവിനെക്കുറിച്ചു പറയുന്ന ഭാഗം.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.