images//Kokotte_auf_der_Strasse.jpg
Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938)
സ്രാവ്

വേഗം കൂട്ടി നടക്കുമ്പോൾ ഋദ്ധി തേക്കിൻ ചുവട്ടിൽ നിന്നു പറന്നുപോകുന്ന കൊഴിഞ്ഞ ഇലയാകും.

കാറ്റടിക്കുമ്പോൾ തേക്കിന്റെ ചുവട്ടിൽ നിന്നു് ആദ്യം ചേർന്നുകിടക്കുന്ന പാടത്തേക്കു് ഒന്നു വീണു് അടുത്തകാറ്റിൽ തെറ്റിത്തെറിച്ചു് പിന്നെയും കുറച്ചു മാറി വീണു കഴിഞ്ഞാൽ ഒറ്റപ്പറക്കലാണു്. അങ്ങനെ പറന്നുപോകുന്ന തേക്കില അതിന്റെ സാമ്രാജ്യങ്ങളെല്ലാം മറികടക്കും. ചിലപ്പോൾ നഗരമധ്യത്തിലെ ഗാന്ധിപ്രതിമയുടെ തലയിൽ വന്നു് തലോടി താഴേക്കു വീഴും. തേക്കിലയ്ക്കു മാത്രമാണു് കാറ്റിൽ ഇങ്ങനെ ഇത്രദൂരം സഞ്ചരിക്കാനുള്ള പത്രശേഷി.

ഓരോദിവസവും സെയ്ന്റ് തോമസ് കോളജിൽ നിന്നു മഠത്തിലേക്കുള്ള വഴിയിലൂടെ ഒന്നോ രണ്ടോ അടിമാത്രമായിരിക്കും ഞാൻ നടക്കുക. ബാക്കി സമയത്തെല്ലാം പാറിപ്പറന്നു് മറ്റേതെങ്കിലും ദേശത്തെത്തി ഗാന്ധി, ബുദ്ധൻ, അംബേദ്കർ ശിൽപങ്ങളിലേക്കു ചെന്നു വീഴും. എപ്പോഴും അതു സമാധാന വഴിയിൽ ആയിരിക്കണമെന്നില്ല. തേക്കില്ലാത്ത നഗരത്തിൽ ഇല വരാൻ വേറെയുമുണ്ടു് വഴി. മാട്ടിറച്ചി പൊതിയാൻ അറവുകാർ കൊണ്ടുവരുന്ന തേക്കിലകളുണ്ടു്. ഹോട്ടലുകളും വീടുകളും വാഴനാരിന്റെ കെട്ടഴിച്ചു് ചവറ്റുകൊട്ടയിലേക്കിടുന്നവ പറന്നു മൃഗശാലയിൽ വന്നുവീഴും. പേടമാൻ ആ ഇലയിൽ രക്തമണമറിഞ്ഞു വിഷാദംകൊള്ളും. പുള്ളിപ്പുലി മത്തുപിടിപ്പിക്കുന്ന ഗന്ധത്തിന്റെ ഉറവിടം തേടി ഉന്മത്തനാകും.

നടപ്പു തുടങ്ങി നാലോ അഞ്ചോ ദിവസം കഴിഞ്ഞു. കാലുകൾ റോഡിലാണെങ്കിലും മനസ്സു് കടലിലാണു്. പെട്ടെന്നു് ഒരുപെൺകുട്ടി തോളിലെ ഷാൾ തലയിലേക്കു കയറ്റുകയും മുഖം പൂർണമായി മറച്ചു് രണ്ടു സ്ത്രീകളുടെ മധ്യത്തിലേക്കു തിക്കിത്തിരക്കി നിൽക്കുകയും ചെയ്തു. അവരെ കടന്നു നടന്നുപോകുമ്പോൾ ഒരു ഓട്ടോ വന്നു നിൽക്കുന്നു. ‘ഇന്നെവിടാണാവോ…’ എന്നു് ഓട്ടോ ഡൈവർ ചോദിക്കുന്നതു കേട്ടാണു് ആ ഷാൾ ഓർത്തെടുത്തതു്. മൂന്നാമത്തെ ബഞ്ചിൽ ഇരുന്നയാൾ. ഇതുവരെ മിണ്ടുകയോ ചിരിക്കുകയോ പോലും ചെയ്യാത്തയാൾ. നാൽപതുപേർമാത്രമുള്ള ക്ലാസിൽ ഇപ്പോഴും പേരു് അറിയാവുന്നതു് മൂന്നോ നാലോ പേരുടെയാണു്. സ്കൂളിലെപ്പോലെ പാറിപ്പറന്നു നടക്കാൻ തോന്നിയതേയില്ല. ഇംഗ്ലീഷ് സാഹിത്യം എന്റെ കോപ്പയിലെ കാപ്പിയല്ല എന്നൊരു തോന്നൽ ആദ്യദിവസം മുതൽ ഉണ്ടായിരുന്നു. പെട്ടെന്നു പറന്നുകൊണ്ടിരുന്ന കരിയിലയ്ക്കു ഭാരം കൂടി കുത്തനെ താഴേക്കു വീണതുപോലെ ഞാൻ നിലത്തെത്തി. ആ പെൺകുട്ടിയുടെ അപ്പുറവും ഇപ്പുറവും നിന്നവരിൽ ഒരാൾ ആ സ്ത്രീയാണു്. ഷീല. നന്ദിനിയുടെ വീട്ടിൽ അധികാരഭാവത്തിൽ വന്നു താമസിച്ചവൾ. അവളുടെ അച്ഛനിൽ നിന്നു പണംപിഴിഞ്ഞു വാങ്ങിയിരുന്നവൾ. പിന്നെ എനിക്കു വേഗം തീരെയില്ലാതായി. അവരുടെ ഫോട്ടോ എന്നെ പലവട്ടം നന്ദിനി കാണിച്ചിട്ടുണ്ടു്. മൂന്നരയ്ക്കു കോളജിൽ നിന്നിറങ്ങിയാൽ നാലരയ്ക്കു് എത്തിയിരുന്നതാണു് മഠത്തിൽ. അന്നു് മഠത്തിൽ കയറി അഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴേ ക്ലോക്കിൽ അഞ്ചുമണി അടിച്ചു.

പിറ്റേന്നു രാവിലെയുള്ള നടപ്പിൽ നല്ല വേഗമായിരുന്നു. അതു് ഭാരമില്ലാതെയുള്ള പതിവു് പറക്കൽ ആയിരുന്നില്ല. പെരുമഴ വരും മുൻപെന്നതുപോലെ കനംവച്ച നെഞ്ചുമായുള്ള പോക്കായിരുന്നു.

ഒൻപതരയ്ക്കാണു ക്ലാസ് തുടങ്ങുന്നതു്. ഒൻപതുമണികഴിഞ്ഞപ്പോഴേ അന്നു് കവാടത്തിലെത്തി. ഗേറ്റുകടന്നു് രണ്ടോ മൂന്നോ കുട്ടികൾ വീതം നടക്കുന്നുണ്ടു്. സാധാരണ ഒൻപതരയ്ക്കു വരുമ്പോഴുള്ള തിരക്കില്ല. ക്ലാസിൽ കയറി. അവൾ മാത്രം അവിടെയുണ്ടു്. പെട്ടെന്നു് എവിടെ നിന്നോ ഒരു ധൈര്യം എന്നിലേക്കു് ആവേശിച്ചു. ബാഗ് ഡെസ്കിലെറിഞ്ഞു് അവളുടെ അടുത്തു ചെന്നു. അവൾ തല ഉയർത്തി മെല്ലെ ചിരിച്ചു. അവളുടെ നോട്ടുബുക്കിൽ ഒരു സ്ത്രീ ചിത്രം പകുതിയായി ഇരിക്കുന്നു. പെൻസിൽ കയ്യിലുണ്ടു്.

“ഒരു ചായകുടിക്കാൻ കൂട്ടുവരാമോ?”

അവൾ:
“ഞാൻ കുടിച്ചു.”
ഞാൻ:
“അതല്ലേ, കൂട്ടുവരാമോ എന്നു ചോദിച്ചതു്.”

അവൾക്കു് എന്റെ നീക്കം പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഇടനാഴിയിൽ ദൂരെ ഒന്നോ രണ്ടോ കുട്ടികൾ മാത്രം. നാടകീയതയ്ക്കൊന്നും കാത്തുനിന്നില്ല.

ഞാൻ:
“ഷീലയെ എത്ര കാലമായി അറിയാം.”

അവൾ മിണ്ടിയില്ല.

ഞാൻ:
“ആരായിരുന്നു ഷീലയുടെ കൂടെ.”

അതിനും ഉത്തരമില്ല.

ഞാൻ:
“എനിക്കെങ്ങനെയാണു് ഷീലയെ അറിയാവുന്നതെന്നു ചോദിക്കാത്തതെന്താണു്.”

അവളൊന്നും പറയാതെ നടന്നു. ഞാൻ നോക്കി. അവളുടെ കണ്ണുനിറയുകയോ പരിഭ്രാന്തിയുണ്ടാവുകയോ ചെയ്തില്ല.

അവൾ:
“ഇന്നലെ ഞാൻ നിന്നെ കണ്ടിരുന്നു.”
ഞാൻ:
“ഞാൻ റിദ്ധി.”
അവൾ:
“സമര.”

ഞാൻ രണ്ടു ചായ പറഞ്ഞു. അവൾ വേണ്ടെന്നു പറഞ്ഞില്ല. ഞാനോ അവളോ അഞ്ചുമിനിറ്റായിട്ടും ചായയിൽ തൊട്ടില്ല. ചില്ലുഗ്ലാസിന്റെ വക്കിൽ വന്നിരുന്ന ഈച്ചയെ അവൾ കൈവീശി ആട്ടി. അതു പറന്നു് മേശയിൽ വീണുകിടന്ന ചമ്മന്തിത്തുള്ളിയിൽ ഇരുന്നു.

തിരികെ നടക്കുമ്പോൾ ഞാനോ അവളോ സംസാരിച്ചില്ല. ക്ളാസ് തുടങ്ങി. ഞാൻ അവളെ ശ്രദ്ധിക്കാതിരിക്കാൻ പാടുപെട്ടു. ആംഗ്ലോ സാക്സൺ ചരിത്രം ഏഴാം നൂറ്റാണ്ടിലെ ക്രൈസ്തവീകരണത്തിൽ നിന്നാണു് നാരയണ വാര്യർ സർ തുടങ്ങുന്നതു്. അവിടെ നിന്നു മുന്നോട്ടും പിന്നോട്ടും പോവുകയാണു്. നോക്കരുതെന്നു കരുതി ഇരുന്നിട്ടും ആ സമയത്തു് ഉറക്കംതൂങ്ങുന്ന സമരയെ കണ്ടു. ഉച്ചയ്ക്കു് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അവൾ ഒപ്പം വരുമോ എന്നു നോക്കി ഞാൻ നിന്നു. അവൾ നടന്നു് എന്റെ അടുത്തുവന്നു. ഞങ്ങൾ ഒന്നിച്ചു നടന്നു. ഞാൻ കൈകഴുകുമ്പോൾ അവൾ മൂത്രപ്പുരയിലേക്കു പോയി. എനിക്കിത്ര ദിവസമായിട്ടും കോളജിലെ മൂത്രപ്പുരയിൽ കയറിയാൽ മൂത്രം പോകില്ല. പതുക്കെ ശരിയാവുമായിരിക്കും.

അവൾ എന്റെ ഒപ്പം ഊണുകഴിക്കുന്ന ഹാളിലേക്കു വന്നു. ഞാൻ പാത്രത്തിന്റെ അടപ്പിലേക്കു് ആദ്യം ഒരു ചപ്പാത്തിയിട്ടു. പിന്നെ ഒരെണ്ണത്തിന്റെ പകുതിയും. അത്താഴത്തിനുണ്ടാക്കി ബാക്കിവന്ന മൂന്നു ചപ്പാത്തിയും ഇന്നലത്തെ മീൻചാറുമാണു് ഞാൻ കൊണ്ടുവന്നിരുന്നതു്. അവൾ എനിക്കുവേണ്ട എന്നോ, ഇത്രയും വേണ്ട എന്നോ പറഞ്ഞില്ല. പാത്രം കഴുകി വരുമ്പോൾ എവിടെയാണു് താമസമെന്നോ, വീടെവിടെയാണെന്നോ ചോദിക്കേണ്ടതായിരുന്നു. എനിക്കു് ഷീലയെ അറിയാമെന്നു് അവൾക്കു മനസ്സിലായതിനാൽ ഇനി ചോദ്യം ചെയ്യലുകൾ വേണ്ട എന്നു തീരുമാനിച്ചിരുന്നു.

വൈകിട്ടു് വഴിയിൽ ഇരുവശവും നോക്കിയാണു് നടന്നതു്. അവളെയോ ഷീലയേയോ കണ്ടില്ല. കൂടെയുണ്ടായിരുന്ന മൂന്നാമത്തെയാളെ ഇനി കണ്ടാൽ തിരിച്ചറിയാം എന്നു് ഉറപ്പുണ്ടായിരുന്നു.

പിറ്റേന്നു് അവൾ ഉച്ചയ്ക്കു ചോറുപാത്രവുമായി ഒപ്പം വന്നു. അതിൽ രണ്ടു ചിക്കൻ മുറികൾ ഉണ്ടായിരുന്നു. അതു തുറക്കുമ്പോഴേ ഞാൻ ഒരു പങ്കുവയ്ക്കൽ പ്രതീക്ഷിച്ചു. ചിക്കനെന്നല്ല ഒരു വിധപ്പെട്ട ഭക്ഷണങ്ങളൊന്നും കൊതിപിടിപ്പിക്കാത്തവണ്ണം ഞാൻ നിർവാണാവസ്ഥയിലേക്കു പോയിക്കൊണ്ടിരുന്ന സമയമാണു്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ സമയം മുതലാണു് എപ്പോഴും ഒരു ഭാരം ഉള്ളിൽ കയറിയതു്.

അവൾ:
“അമ്മ വച്ചതാണു്.”

ഞാൻ നോക്കുക മാത്രം ചെയ്തു.

അവൾ:
“അമ്മയും ഞാനും ഇവിടെ വാടക വീട്ടിലാണു്.”

എന്റെ മൗനം അവൾക്കു് പറയാനുള്ള സമ്മതമാണെന്നു് അവൾ അറിയുന്നുണ്ടു്.

അവൾ:
“അമ്മയായിരുന്നു അന്നു കൂടെ.”

എനിക്കു് ഒരമ്പരപ്പും ഉണ്ടായില്ല.

അവൾ:
“പന്ത്രണ്ടുവരെ ഹൈറേഞ്ചിലായിരുന്നു. അമ്മയ്ക്കു് ഇവിടെ ടൗണിൽ വീട്ടുജോലിയാണു് എന്നാണു് പറഞ്ഞിരുന്നതു്. മാസത്തിൽ ഒരിക്കലൊക്കെ വരുമായിരുന്നു. അച്ഛൻ തെങ്ങിൽ നിന്നു വീണു കിടപ്പാണു്. അമ്മയാണു് വീടു നോക്കിയിരുന്നതു്.”

അത്രയും വരെയുള്ള കഥയിൽ നിന്നു് എനിക്കു് ബാക്കി ഊഹിക്കാമായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ പാത്രം കഴുകാൻ പോയി. എനിക്കു് അന്നു ക്ളാസിൽ കയറാൻ തോന്നിയില്ല.

ഞാൻ അവളോടു ചോദിച്ചു വായനശാലയിൽ പോരുന്നോ എന്നു്. അവൾ വന്നു. പറഞ്ഞു:

“പത്താംക്ളാസിലെ പരീക്ഷ കഴിഞ്ഞ സമയത്താണു് ഷീല അമ്മയ്ക്കൊപ്പം വന്നതു്. ജോലി വാങ്ങി നൽകിയ ആൾ എന്നാണു് പരിചയപ്പെടുത്തിയതു്. പക്ഷേ, അമ്മ ശരിക്കും പേടിക്കുന്നതുപോലെ നടക്കുന്നുണ്ടായിരുന്നു. ഒരാഴ്ചയൊക്കെ സാധാരണ നിൽക്കാറുണ്ടു്. ഇതു രണ്ടാംദിവസം തന്നെ പോകാൻ തിരക്കുകൂട്ടി. അവർ പക്ഷേ, ഇപ്പോൾ പോകേണ്ട, പകരം ആളെ നിർത്തിയിട്ടില്ലേ എന്നൊക്കെ നിരുത്സാഹപ്പെടുത്തി. അല്ലെങ്കിലും നിന്നെപ്പോലെ പണിയെടുക്കാനുള്ള ഉത്സാഹം വേറാർക്കുമില്ല എന്നു ചിരിച്ചു. അമ്മയുടെ മുഖം മാറുന്നതു കണ്ടു. നാലു ദിവസത്തിനു ശേഷം ഇരുവരും പോയി.

പെട്ടെന്നു് ഒരു ദിവസം ഷീല തനിച്ചു വരികയായിരുന്നു. അമ്മ ആശുപത്രിയിലാണു്. കൂടെ നിൽക്കാൻ മകൾ ചെല്ലണം എന്നാണു പറഞ്ഞതു്. ഞാൻ ആർത്തലച്ചു് ഒപ്പം ഇറങ്ങി. ഇവിടെ ഒരു ആശുപത്രി മുറിയിലേക്കാണു് വന്നതു്. അവിടെ അമ്മ ഉണ്ടായിരുന്നില്ല. ഒരു ചെറുപ്പക്കാരനായിരുന്നു. പിന്നെ സിനിമയിലൊക്കെ കാണുന്നതുപോലെ സംഭവിച്ചു. അവർ വിഡിയോ പകർത്തി. അമ്മയ്ക്കു് എന്റെ വിഡിയോ അവിടെ നിന്നു തന്നെ അയച്ചു. എല്ലാവരും കരുതുന്നതുപോലെ ഹോട്ടൽ മുറികളല്ല ചതികൾ കൂടുതൽ നടക്കുന്ന ഇടം. അതു് ആശുപത്രി മുറികളാണു്.

പന്ത്രണ്ടാം ക്ലാസിലെ അവധി ദിവസങ്ങളിൽ പലതിലും അവർ എന്നെ നഗരത്തിൽ വരുത്തി. ഞാൻ അനുസരിച്ചു. മടക്കത്തിൽ ആയിരമോ രണ്ടായിരമോ തന്നു. അമ്മയ്ക്കു കിട്ടിയിരുന്ന പണവും അങ്ങനെയാണെന്നു് ഞാൻ അറിഞ്ഞു. ഇപ്പോൾ അമ്മയ്ക്കോ എനിക്കോ ഒറ്റയ്ക്കോ ഒന്നിച്ചോ പിന്മാറാൻ കഴിയില്ല. ആത്മഹത്യ ചെയ്യാമെന്നേയുള്ളു. എനിക്കു പതിനെട്ടു കഴിഞ്ഞു. അവർ പതിനേഴു് എന്നാണു് പറയുന്നതു്. അതിനു വില കൂടും. ഈ കോളജിലെ കുട്ടി എന്നു പറഞ്ഞാൽ പിന്നെയും വില പേശാം. ഇവിടെ കിട്ടാൻ മാത്രമുള്ള മാർക്കൊന്നും ഉണ്ടായിരുന്നില്ല. ഈ കോളജിലെ വിലാസത്തിനു വേണ്ടി ഷീല ആരെയോ സ്വാധീനിച്ചു നേടിയ പ്രവേശനമാണു്. ചിലപ്പോൾ അയാൾ ഏതെങ്കിലും ദിവസം എന്റെ അതിഥിയായി വന്നിട്ടുമുണ്ടാകും. ഞാനിപ്പോൾ ആരുടേയും മുഖത്തു നോക്കാറില്ല. രണ്ടുവർഷത്തിനിടെ നൂറിലധികം ആളുകളായി.”

ഋദ്ധി വായനശാലയിൽ നിന്നു് ആദ്യത്തെ പുസ്തകം എടുത്തു: ലൈഫ് ഈസ് എൽസ് വെയർ—മിലൻ കുന്ദേര.

നന്ദിനി എട്ടാം ക്ളാസിലെ ആദ്യ ആഴ്ചകളിൽ വന്നു പന്ത്രണ്ടാം ക്ളാസിന്റെ വേനലവധിക്കു പിരിയുമ്പോൾ ഉണ്ടായിരുന്നതിന്റെ പല മടങ്ങു തീവ്രതയിലാണു് സമര എന്നിലേക്കു കയറാൻ ശ്രമിച്ചതു്. അതും മൂന്നുനാലു് ആഴ്ചകൊണ്ടു്. രാവിലെകളിൽ അവൾ എനിക്കുവേണ്ടി കോളജ് കവാടത്തിൽ കാത്തുനിന്നു. ഉച്ചയ്ക്കു് പങ്കിടാതെ ഒന്നും കഴിക്കില്ല എന്ന നിലയായി. അവൾ എന്നെ കൂടെപ്പിറപ്പായി കരുതി. ഒരുവേള അമ്പിളിയുടെ കുട്ടിയെ നോക്കേണ്ടി വന്ന സുശീലയെപ്പോലെയോ തിരിച്ചോ ഞങ്ങളിലൊരാൾ മാറുന്നതുപോലെ.

സമരയുടേതും എന്റേതും വ്യത്യസ്തമായ വഴികൾ ആയിരുന്നു. മഠത്തിൽ താമസിക്കുന്നു, വിലാസമില്ല എന്നീ രണ്ടു കാര്യങ്ങൾ മാറ്റി നിർത്തിയാൽ ഞാൻ ഭാഗ്യം ചെയ്ത കുട്ടിയാണു്. എനിക്കു് വലിയൊരു മഠവും അവിടുത്തെ നാൽപതോളം അന്തേവാസികളും കുടുംബക്കാരായുണ്ടു്. ആറാം വയസ്സിലെ അതിക്രമം ഒഴികെ മറ്റൊന്നും എന്നിൽ വന്നു തറച്ചിട്ടില്ല. അതിനൊട്ടു സിസ്റ്റർ സമ്മതിച്ചിട്ടുമില്ല. അതുപോലെയല്ല നന്ദിനിയും സമരയും. തിരിച്ചറിവു വരുന്ന പ്രായത്തിൽ അനുഭവിക്കേണ്ടി വന്നവരാണു്. എന്റെ മേലുണ്ടായതിനു് ശരീരത്തിൽ അടയാളങ്ങളില്ല. പക്ഷേ, കനലിലിട്ട ചട്ടുകംപോലെ ഉള്ളിലതു പഴുത്തുകിടക്കുന്നുണ്ടു്. തൊട്ടാൽ ആ നിമിഷം തൊലിയും മാംസവും ഉരുകിപ്പോകും. അവർ രണ്ടുപേരും അകവും പുറവും പൊള്ളിയവരാണു്. ഓരോ നിമിഷവും വെന്തവെളിച്ചെണ്ണയ്ക്കെന്നതുപോലെ ഓട്ടുരുളിയിൽ കിടന്നുരുകുന്ന പീരപോലെയാണു്. എണ്ണയും തരിയുമായി പിരിഞ്ഞുതന്നെ തീരേണ്ടവർ.

ജനന സർട്ടിഫിക്കറ്റ് അനുസരിച്ചു് സമരയ്ക്കു് പതിനെട്ടു കഴിഞ്ഞു രണ്ടുമാസം കൂടിയായി. എനിക്കു് പതിനെട്ടു കഴിഞ്ഞു മാസം മൂന്നും. നാലാംക്ലാസു തുടങ്ങുന്ന സമയത്താണു് ഇനി ജനന സർട്ടിഫിക്കറ്റ് ഇല്ലാതെ പറ്റില്ല എന്നു് ഹെഡമിസ്ട്രസ് കട്ടായം പറഞ്ഞതു്. അതൊക്കെ പിന്നെ എത്തിച്ചോളാം എന്നു് സിസ്റ്റർ പറഞ്ഞതു വിശ്വസിച്ചു് ഒന്നാം ക്ളാസിൽ ചേർത്തതാണു് ഹെഡ്മിസ്ട്രസ് സാറാമ്മ ടീച്ചർ. ജനനത്തീയതി ഒഴിച്ചിട്ടിരിക്കുകയായിരുന്നു കടലാസിൽ. പെങ്ങളുടെ വീട്ടിൽ പോകുമ്പോൾ ശ്രമിക്കാം എന്നു പറഞ്ഞു് കപ്യാരുചേട്ടൻ ദൗത്യം ഏറ്റെടുത്തു. രണ്ടുവട്ടം അവിടെ പഞ്ചായത്തു് ഓഫിസിൽ കയറിയിട്ടും നടക്കാത്ത കാര്യം പ്രസിഡന്റിനെ കൊണ്ടു വിളിച്ചു പറയിച്ചാണു് സാധിച്ചെടുത്തതു്. അതു വാങ്ങാൻ അമ്മയും കപ്യാരുചേട്ടനും കൂടി ഒരു ദിവസം പോവുകയും ചെയ്തു. അതിൽ എനിക്കു് ഒട്ടും അറിയാത്ത പേരാണു് അമ്മയുടെ സ്ഥാനത്തു്. അമ്പിളി എന്ന എന്റെ ചിന്തകളുമായി ഒരു ബന്ധവും ഇല്ലാത്ത പേര്. പിതാവിന്റെ സ്ഥാനത്തെ പേരു് ഓർക്കുമ്പോഴൊക്കെ തൊട്ടാവാടിയുടെ ഇല പോലെ ഞാൻ കൂമ്പി. സ്വന്തം മുള്ളിൽ എന്റെ ഇലകൾ മുറിഞ്ഞു. ആ ജനനസർട്ടിഫിക്കറ്റും പത്താം ക്ളാസ് സർട്ടിഫിക്കറ്റുമാണു് ഞാൻ ജീവച്ചിരിക്കുന്നതിന്റെ ഏക തെളിവു്. അമ്മയ്ക്കു് ഇതു രണ്ടുമില്ല. അമ്മ സ്കൂളിൽ ചേരുമ്പോൾ ജനന സർട്ടിഫിക്കറ്റ് ഒന്നും ആവശ്യം ഉണ്ടായിരുന്നില്ല. ചെല്ലുന്ന കുട്ടികൾക്കെല്ലാം ഏപ്രിൽ, മേയ് മാസത്തെ ഏതെങ്കിലും തീയതി ഹെഡ്മാസ്റ്റർ പതിച്ചു നൽകുകകയായിരുന്നു. പത്താം ക്ളാസിൽ പഠിക്കാത്തതുകൊണ്ടു് ആ സർട്ടിഫിക്കറ്റുമില്ല. ആധാരങ്ങളിലോ ഭാഗപത്രങ്ങളിലോ പേരില്ലാത്തവരാണു് അമ്മയും ഞാനും.

സമരയോടു് കേസുകൊടുക്കാം എന്നു് ഞാൻ മയത്തിൽ പറഞ്ഞിരുന്നു. അവൾക്കു് അതു് ഉൾക്കൊള്ളാനായില്ല. അവൾ അപ്പോഴും എന്തെങ്കിലും ജോലി കിട്ടുന്നതും ഇതിൽ നിന്നു രക്ഷപ്പെടുന്നതും കാത്തു് ഇരിക്കുകയാണു്. കഠിനമായി പഠിക്കാൻ ശ്രമിക്കുന്നുണ്ടു്. നിനക്കു് അതിനു കഴിയില്ല കുട്ടീ എന്നു് പറയണമെന്നുണ്ടായിരുന്നു.

എന്നും എന്നതുപോലെയല്ല അവളുടെ നില്പു് എന്നു് ദൂരെ നിന്നു തന്നെ മനസ്സിലായി. രാവിലെ തന്നെ വെയിലുമൂത്ത ദിവസമാണു്. അഞ്ചര കിലോമീറ്ററിന്റെ നടത്തത്തിൽ ഞാൻ വിയർത്തു കുളിച്ചു. അവളെക്കൂട്ടി ഉപ്പിട്ട സോഡാ നാരങ്ങാവെള്ളം കുടിക്കണം എന്നു കരുതിയാണു് ചെന്നതു്. അവൾ പിടിച്ചുവലിച്ചു് ഭക്ഷണം കഴിക്കുന്ന ഹാളിലേക്കു കൊണ്ടുപോയി. രാവിലെ ആയതുകൊണ്ടു് അവിടെ ഞങ്ങൾ രണ്ടാൾ മാത്രം.

അവൾ ചുറ്റും നോക്കി ഫോൺ പുറത്തെടുത്തു. അവൾക്കു ഫോൺ ഉണ്ടെന്നു പോലും അറിയില്ലായിരുന്നു. എനിക്കു് ഫോൺ ഉണ്ടായിരുന്നില്ല. വാങ്ങിത്തരാൻ വഴിയുണ്ടാക്കാം എന്നു സിസ്റ്റർ പറഞ്ഞപ്പോൾ അതു വേണ്ടെന്നു പറയുകയും ചെയ്തിരുന്നു. അവൾ ഫോൺ തുറന്നു് ഒരു വിഡിയോ കാണിച്ചു. അവളാണു്, കൂടെ ആ ചെറുപ്പക്കാരനും. അവൾ അതിൽ വിങ്ങിവിങ്ങി കരയുന്നുണ്ടു്. മുഖം പൊത്തുന്നുണ്ടു്. ഇടയ്ക്കു പിടിച്ചു കിടത്തി കൊടുക്കുന്ന വളയിട്ട കൈകളും കാണാനുണ്ടു്. ആ കൈകൊണ്ടു് അവളുടെ തലയിൽ ഇടയ്ക്കു് ഇടിയ്ക്കുന്നുമുണ്ടു്. ആശുപത്രിയുടെ കട്ടിലും കുത്തിവയ്പ്പിനു കുപ്പി തൂക്കിയിടാനുള്ള ഉയർന്നു നിൽക്കുന്ന കാലും ഒക്കെ കാണാം. അവൾ പിന്നെ മറ്റൊരു വിഡിയോ കാണിച്ചു. അതിൽ അവളുടെ അമ്മയാണു്. അമ്മയുടെ അഞ്ചോ ആറോ വിഡിയോ ഉണ്ടു്. പലർക്കൊപ്പമുള്ളതു്. അവളുടേതും മൂന്നെണ്ണമുണ്ടു്. ആദ്യത്തെ പരിഭ്രമമൊന്നുമില്ലാതെ നിർവികാരയായി കിടക്കുകയാണു് രണ്ടെണ്ണത്തിൽ അവൾ. ഞാൻ ബോർഡിൽ മാർഗരറ്റ് ടീച്ചർ വരച്ച പൂജ്യമായി. അപ്പുറവും ഇപ്പുറവും പൂജ്യങ്ങൾ മാത്രം വന്നു വീഴുകയാണു്. ഒരക്കമെങ്കിലും ഇടത്തു വന്നു വീണിരുന്നെങ്കിലെന്നു് ഒരു പൂജ്യവും മോഹിക്കില്ല. അങ്ങിനെ വന്നാൽ ശൂന്യതയിൽ ശൂന്യയായി എങ്ങനെ പറക്കും. ഞാൻ അവളുടെ തോളിൽ പിടിച്ചു. സമരയും എനിക്കു് നന്ദിനിയായി.

അവൾ മറ്റു ചില വിഡിയോകൾ കൂടി പെട്ടെന്നു പെട്ടെന്നു കാണിച്ചു. നാൽപതിലേറെ വിഡിയോകളുണ്ടു്. ഷീല ഉറങ്ങിയപ്പോൾ കഴിഞ്ഞദിവസം രാത്രി അവൾ ആ ഫോണിൽ നിന്നു സ്വന്തം ഫോണിലേക്കു പകർത്തിയതാണു്.

അവൾ ഫോൺ അടയ്ക്കാൻ തുടങ്ങുമ്പോൾ എനിക്കുള്ളിൽ വെള്ളിടി. ഒന്നുകൂടി തുറക്കാൻ അവളോടു പറഞ്ഞു. അവസാനം കണ്ട വിഡിയോ ഒന്നു കൂടി കാണണം. അവൾ അതു് തെരഞ്ഞെടുത്തു. ആ മുഖം കാണേണ്ട കാര്യം എനിക്കില്ലായിരുന്നു. ആ കാലുകളും കൈകളും കണ്ടാൽത്തന്നെ അറിയാം. കാലിലെ നേർത്ത ആ രോമങ്ങളിലൊന്നു് മാത്രമായി കണ്ടാൽ പോലും നന്ദിനിയെ തിരിച്ചറിയും. എനിക്കു് മേലാകെ വിറച്ചു. കാലിൽ നിന്നു് നെറുകയിലേക്കു് വൈദ്യുതി കടന്നു പോവുകയാണു്. ഹൃദയത്തിലേക്കു് പ്രവാഹമെത്തിയപ്പോൾ എന്റെ മാംസങ്ങൾ കത്തി. ഞാൻ ചിതയായി. അവളുടെ മേൽ അറുപതിലേറെ പ്രായമുള്ള ഒരാളാണു്. ഞാൻ ആ വിഡിയോകളെല്ലാം ഒന്നു കൂടി കാണിക്കാൻ അവളോടു പറഞ്ഞു. വീണ്ടും നന്ദിനിയുണ്ടു്. സമര ആശുപത്രി മുറിയിൽ ആയിരുന്നെങ്കിൽ ഇതു് ഏതോ ഹോട്ടൽ മുറിപോലെ തോന്നിച്ചു. സമരയിൽ ആദ്യം അതിക്രമിച്ചു കയറിയ അതേ ചെറുപ്പക്കാരൻ തന്നെ നന്ദിനിയിലും. അവൾ കരയുന്നില്ല. മേൽക്കൂരയിലേക്കു് തുറിച്ചു നോക്കി കിടപ്പാണു്.

എന്റെ പെണ്ണേ എന്നു ഞാൻ ആർത്തു… എത്രയോ വർഷം കൂടിയാണു് ഇങ്ങനെയൊരു കരച്ചിൽ. ആറാം വയസ്സിനു ശേഷം എനിക്കൊരു പെൻസിലിനു വേണ്ടി പോലും കരയേണ്ടി വന്നിട്ടില്ല. എനിക്കു വേണ്ടതെല്ലാം ഉണ്ടെന്നായിരുന്നു മനസ്സിൽ. എന്തെങ്കിലും കൂടുതൽ വേണമെന്നു തോന്നിയിട്ടേയില്ല. സമര തോളിൽ പിടിച്ചിട്ടും എനിക്കു നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അന്നു ക്ലാസിൽ കയറുന്നില്ല എന്നു തീരുമാനിക്കുകയല്ലാതെ വഴിയെന്തു്. പിന്നിലെ ഗേറ്റിലൂടെ പുറത്തിറങ്ങുമ്പോൾ നേപ്പാളുകാരൻ സൈമണങ്കിൾ എന്താണു് പോകുന്നതു് എന്നു ചോദിച്ചു. സമര പെട്ടെന്നു് നിയന്ത്രണം ഏറ്റെടുത്തു. ‘ഇവൾക്കു വയ്യ, വീട്ടിലാക്കുന്നു.’ ഞങ്ങൾ പുറത്തിറങ്ങി.

എനിക്കു നന്ദിനിയെ കാണണം എന്നു് അവളോടു പറഞ്ഞു. കണ്ടെത്തണമെങ്കിൽ ഷീല തന്നെ കനിയണം. സമരയുടെ സങ്കടമറിഞ്ഞു പോയ ഞാൻ അവളെ രക്ഷിക്കാനല്ല ആലോചിക്കുന്നതു്. നന്ദിനിയെയാണു തെരയുന്നതു്. മുൻപായിരുന്നെങ്കിൽ എല്ലാം സിസ്റ്റർ സന്ധ്യയോടു പറയാമായിരുന്നു. ഇപ്പോൾ അതിനുള്ള നിലയിലല്ല സിസ്റ്റർ. രണ്ടാഴ്ച മുൻപു് തലചുറ്റി വീണ ശേഷം കിടപ്പുതന്നെയാണു്. ഡോക്ടർമാർ ക്യാൻസർ സംശയിക്കുന്നുണ്ടു് എന്നു് ക്ലാര സിസ്റ്റർ എന്നോടു മാത്രമായി പറഞ്ഞതു് ഇന്നലെയാണു്. പരിശോധനാ ഫലം ഇന്നോ നാളെയോ വരും. എനിക്കു പെട്ടെന്നു് ഒരു വഴി തോന്നി. ഞാൻ അവളുടെ ഫോൺ വാങ്ങി. നോട്ടുബുക്കിന്റെ പിന്നിലെ താളിൽ രണ്ടു ഫോൺ നമ്പറുകൾ എഴുതി ഇട്ടിരുന്നു. ഒന്നു മഠത്തിലെ നമ്പർ. രണ്ടാമത്തേതു് കപ്യാരു ചേട്ടന്റെ നമ്പർ. രണ്ടാമത്തെ നമ്പറിൽ വിളിച്ചു് അടിയന്തരമായി കാണണം എന്നേ പറഞ്ഞുള്ളു. മുക്കാൽ മണിക്കൂറിൽ ആൾ ബൈക്കിലെത്തി.

എല്ലാം കേട്ടുനിന്നു് ഒരു ശങ്കയുമില്ലാതെ സ്വന്തം ഫോൺ എടുത്തു. മറുതലയ്ക്കൽ സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ. സഹപാഠിയാണു്. ക്രൈംബ്രാഞ്ചിലാണു്. അവരുടെ സംസാരം അരമണിക്കൂറിലേറെ നീണ്ടു. ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. കപ്യാരുചേട്ടൻ കട്ലറ്റും പപ്പായ ഷേക്കുമാണു് പറഞ്ഞതു്. അതുകഴിച്ചിരിക്കുമ്പോൾ ഒരു പൊലീസ് ജീപ്പ് വന്നു നിന്നു. അവർ ഞങ്ങളെ സ്റ്റേഷൻ എന്നു തോന്നിക്കാത്ത ഒരു കെട്ടിടത്തിലേക്കു കൊണ്ടുപോയി. അതു ക്രൈംബ്രാഞ്ച് ഓഫിസ് ആയിരുന്നു. ഞങ്ങൾക്കു് അറിയാവുന്നതെല്ലാം പറഞ്ഞു.

നന്ദിനി കോഴിക്കോടു് ആയിരുന്നു. ആവശ്യക്കാരനെപ്പോലെ സമീപിച്ച പൊലീസുകാരനു് ഷീല കാണിച്ചുകൊടുത്ത ഫോട്ടോകളിൽ നന്ദിനിയും സമരയും ഉണ്ടായിരുന്നു. നന്ദിനിയെ ചോദിച്ചു. മൂത്തജാതിയാണു്, കാശു കൂടുതലാകും എന്നു് ഷീല.

സിസ്റ്റർ സന്ധ്യക്കും അമ്മയ്ക്കും എന്റെ നീക്കങ്ങളിലും പെരുമാറ്റത്തിലും സംശയം തോന്നിയിരുന്നു. പക്ഷേ, എപ്പോഴും മഠത്തിലെ ഫോണിൽ നിന്നു ഞാൻ സംസാരിക്കുമ്പോൾ മറുവശത്തു് കപ്യാരുചേട്ടൻ ആണു് എന്നു് അറിയുന്നതോടെ അവർ സമാധാനിക്കുന്നതു ഞാൻ കണ്ടു. സിസ്റ്റർ എപ്പോഴും കിടപ്പു തന്നെ ആയിരുന്നു.

എനിക്കു് ഒരു ആധിയും പ്രത്യേകതയും തോന്നിയില്ല. അന്നു പത്രം വായിച്ചവർക്കും പുതുമ തോന്നിയില്ല. വർഷങ്ങളായി പെൺവാണിഭം നടത്തിയിരുന്ന അൻപത്തിയാറുകാരി ഷീലയും സഹായി രത്നമ്മയും പൊലീസ് പിടിയിൽ. രത്നമ്മയുടെ മകളും സംഘത്തിലെ അംഗമായിരുന്നു. കോളജ് വിദ്യാർത്ഥിനികളെ ഉപയോഗിച്ചു് നടത്തിയിരുന്ന റാക്കറ്റ് പൊലീസ് കണ്ടെത്തി. കണ്ടെത്തിയവർക്കും വായിച്ചവർക്കും അതു സാധാരണ സംഭവമായിരുന്നു.

കോഴിക്കോടു് നന്ദിനിയുടെ അടുത്തു് ചെല്ലുമ്പോൽ അവൾ ഒട്ടും വിവശത ഭാവിച്ചില്ല. കപ്യാരു ചേട്ടൻ അടുത്തേക്കു വരാതെ മാറി ഇരുന്നു. അവൾ അടുത്തുവന്നു കയ്യിൽ പിടിച്ചു. അമ്മാവന്റെ മകൻ ആ വീട്ടിലേക്കാണു് കൊണ്ടുപോയതു് എന്നു് അവൾ പറഞ്ഞു. അവിടെ ഷീല ഉണ്ടായിരുന്നു. ഞാനയച്ച മെയിൽപോലും അവൾ കണ്ടിരുന്നില്ല. അന്നു് മറുപടി അയച്ചതും അമ്മാവന്റെ ആ മകൻ ആകണം.

ഇനി നീ എന്നെ എന്തുചെയ്യാൻ പോകുന്നു എന്നു് അവൾ തീർത്തുമൊരു അപരിചിതയെപ്പോലെ ചോദിച്ചു. എനിക്കു് അവളും അവൾക്കു ഞാനും അന്യയാണു്. അവൾ എന്റെ വിരലുകളിൽ തൊട്ടു. ഞാൻ കരഞ്ഞു് അവളുടെ മടിയിലേക്കു വീണു. അവൾ ഋദ്ധിയായി നന്ദിനിയുടെ മുടിയിൽ വിരലോടിച്ചു. അവൾ പറയാൻ തുടങ്ങി. ഇത്രയും കാലം മറച്ചുവച്ച ആ കഥ. കേട്ടു കഴിഞ്ഞ നിമിഷം എന്റെ കണ്ണുകൾ വറ്റി. ഞങ്ങൾ ഒരേ ഇരുട്ടിലാണു്. ഒരുമിച്ചു് നിഴലുകൾക്കായി പരതുകയാണു്.

വിളിക്കാമെന്നോ ഇനിയും വരാമെന്നോ പോലും പറയാതെ ഞാൻ ഇറങ്ങി. മടക്കത്തീവണ്ടിയിൽ കപ്യാരു ചേട്ടന്റെ ചുമരിൽ ഞാൻ എന്റെ രക്ഷകർത്താവിനെ കണ്ടു. അയാൾ പറഞ്ഞു, ‘നന്ദിനിക്കു മാസാമാസം പഠിക്കാനുള്ള പണം കൊടുക്കാം, ഹോസ്റ്റൽ വാടകയും നൽകാം’.

സമരയെ, എന്നെ, നന്ദിനിയെ ഒക്കെ പഠിപ്പിച്ചെടുത്തു് ബിനോയിച്ചേട്ടനു് എന്തുകിട്ടാനാണു്?

ട്രെയിനിനു് വല്ലാത്ത വേഗമാണു്. എതിർ വശത്തിരിക്കുന്ന മധ്യവയസ്കൻ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നുണ്ടു്. അയാൾ എന്റെ കരച്ചിൽ കണ്ടു് എന്തൊക്കെ കഥകൾ ഇപ്പോൾ ഉള്ളിൽ മെനഞ്ഞിട്ടുണ്ടാകും. ഞങ്ങളെ അച്ഛനും മകളും ആക്കിയിട്ടുണ്ടാകും.

എതിർ സീറ്റിൽ ഒറ്റയ്ക്കൊരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടു്. അയാൾ എന്നെത്തന്നെ നോക്കുന്നുണ്ടു്. അയാൾക്കു് എന്നെ പ്രേമിക്കാൻ കഴിയുമോ? ഞാൻ ആ കണ്ണിലേക്കു നോക്കി. അവിടെ പ്രണയമില്ല, കാമമില്ല, ആർത്തിയില്ല. ഒന്നുകൂടി നോക്കി, കരുണയുമില്ല. അയാളുടെ കണ്ണിൽ നിസ്സഹായതയാണു്. ഇന്നാട്ടിലെ ആണുങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെയാണു്.

ഇപ്പോഴാണു് ശ്രദ്ധിച്ചതു്. ആ മധ്യവയസ്കനൊപ്പം ഒരു പെൺകുട്ടിയുണ്ടു്. അയാൾ എന്നെക്കുറിച്ചു കരുതിയിട്ടുള്ളതുപോലെ അയാളുടെ മകളാകും അതെന്നു ഞാനും കരുതി. അവളുടെ കണ്ണുകളിൽ അസ്വസ്ഥതയുണ്ടായിരുന്നില്ല. വീറില്ല, വാശിയുമില്ല. പതിനെട്ടു കഴിഞ്ഞ പ്രായത്തിലൊക്കെ ഒരു ആകാംക്ഷയെങ്കിലും വേണ്ടേ. അതു തീരെയില്ല. ഈ ട്രെയിൻ ചെന്നു് അടുത്ത സ്റ്റോപ്പിൽ നിൽക്കുന്നതിനു മുൻപു മരിച്ചുപോയാലും കുഴപ്പമില്ല എന്നൊരു ഭാവമാണു് അതിനു്.

ഞാൻ എന്നിലേക്കു നോക്കി. നന്ദിനിയിലേക്കു നോക്കി. സമരയിലേക്കും. ഞങ്ങളൊക്കെ അങ്ങനെയാണു്. ഓ ഈ ട്രെയിനിനു മുന്നിൽ വീണു മരിച്ചു പോയാലെന്തു്.

ഋദ്ധി ഉണർന്നു കിടക്കാൻ തുടങ്ങിയിട്ടു നേരം കുറെ ആയി.

ഇടയ്ക്കു കണ്ണടയ്ക്കുന്നു എന്നേയുള്ളു, ഉണർവിൽ തന്നെയാണു്. ഇങ്ങനെ പതിവില്ല, ആരെങ്കിലുമൊക്കെ തലയ്ക്കു മുകളിലെത്തി നോക്കേണ്ടതാണു്. അമ്മ കാൽച്ചുവട്ടിലുണ്ടാകുമോ. അതോ എഴുനേറ്റു് നടക്കുകയാകുമോ. സത്യം പറയാമല്ലോ. കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ കരുതുന്നതു് അമ്മ ഇനി രക്ഷപെടില്ല എന്നു തന്നെയാണു്. അമ്മ മരിക്കാൻ പോവുകയാണു് എന്ന തോന്നലാണു്. ഈ അസുഖമൊക്കെ കടന്നു് അവർ വരില്ല എന്നു തന്നെ തോന്നി. രക്ഷപെട്ടിട്ടുതന്നെ എന്തുചെയ്യാനാണു് എന്നു തോന്നിയാൽ പിന്നെ ജീവിതം ആത്മഹത്യപോലെയാണു്. പെട്ടെന്നൊരു കയർ എടുത്തു തൂങ്ങുന്നില്ല എന്നേയുള്ളു, ചാവാനായി കുരുക്കിൽ കിടക്കുന്ന ആ നിമിഷമാണു് പിന്നത്തെ ജീവിതം. അല്ലെങ്കിൽ ഫ്യൂരിഡാൻ തൊണ്ടമുതൽ കുടൽവരെയെത്തി പ്രവർത്തിക്കുന്ന സമയമാണു് ആയുസ്സു്. എത്രകാലം ജീവിച്ചാലും ചത്തുകൊണ്ടിരിക്കുകയാണെന്ന തോന്നലാണു്.

എനിക്കു് അമ്മയെ കാണണം എന്നു തോന്നി. അമ്മ ഇനി മരിച്ചുപോയിക്കാണുമോ. ഞാൻ എന്നിലേക്കു നോക്കി. എനിക്കിപ്പോൾ ഇല്ലാത്തതു് മരണഭയമാണു്. മരണത്തെ ഞാൻ പേടിക്കുന്നതേയില്ല. അതു ജീവിച്ചിരുന്നിട്ടു് എന്തുചെയ്യാനാണു് എന്ന നിസ്സഹായത കൊണ്ടല്ല. ഞാൻ ജീവിച്ചിരുന്നാൽ മാത്രം ലോകത്തോടു പറയാനുള്ള എത്ര കാര്യങ്ങളുണ്ടു്. ഈ നിമിഷം ഞാൻ മരിച്ചുപോയാൽ നിങ്ങളെങ്ങനെ അറിയും ഞാനെങ്ങനെയാണു് കിടപ്പിലായതെന്നു്? നന്ദിനിക്കു് എന്തുപറ്റിയെന്നു്? എന്റെ പാവഞ്ചിയിപ്പോൾ ഏതു കടലിലുണ്ടെന്നു്? ഓ മറന്നു കിടക്കുകയായിരുന്നു. പാവഞ്ചി അറ്റ്ലാന്റിക്കിലുണ്ടു്. ത്രയയേയും ദ്വാദശിയേയും എന്നേയും കാറ്റുകൊണ്ടുപോവുകയാണു്.

ദ്വാദശി:
“ഈ യുദ്ധം കഴിഞ്ഞാൽ അടുത്തതു് വരും.”
ത്രയ:
കെട്ടടങ്ങയില്ലീക്കനലുകൾ, കാന്താരങ്ങൾ
കന്മദമിറ്റുപൊള്ളട്ടെയെന്നുടലും ഉടപ്പിറപ്പും
ഋദ്ധി:
വെൺനിലാശയ്യയിൽ
തൂവെണ്ണമേൽ വീഴട്ടെ നീ
കനകനൂലിനാൽ നെയ്തൊരീ
മോഹകമ്പളക്കീറ്
ദ്വാദശി:
എന്നാത്മസംഗീതത്തെ
വീണയാൽ മീട്ടി നീ
പാടണം പരമാത്മ
ജീവിത മഹാകാവ്യം
ത്രയ:
എൻനെഞ്ചിൽ തുടിക്കുന്നു
കാലമേ നീ തന്ന
തനിക്കുതാൻപോരിമയും
പഞ്ചമപ്പെരുക്കവും
ഋദ്ധി:
ഒട്ടുമേ കനിയാത്ത ലോകമേ തരുമോ നീ
പാട്ടുകേൾക്കാനൊരു ചെവിയും ശ്രുതിപാഠവും
ദ്വാദശി:
ഒട്ടുമേ കനിയാത്ത ലോകമേ തരുമോ നീ
നൃത്തമാടാനൊരു പാദവും ചിൽക്കാതലും

ഋദ്ധി ഉണർന്നു കിടക്കുക തന്നെയാണു്. എത്രനേരമായി ആരെയെങ്കിലും കണ്ടിട്ടു്. എന്താണു് ശബ്ദമൊന്നും കേൾക്കാത്തതു്. എന്താണു് ആരും മിണ്ടാത്തതു്. മുന്നിൽ വന്ന മുഖം കപ്യാരു ചേട്ടന്റെയാണു്. ആ ചുണ്ടു് അനങ്ങുന്നുണ്ടു്. എന്നെയാണു് നോക്കുന്നതു്. ഞാനൊന്നും കേൾക്കുന്നില്ല. ഇവർക്കൊക്കെ ശബ്ദമില്ലാതായോ?

ബിനോയിക്കു് വലിയ ആധിയൊന്നും തോന്നിയില്ല.

ഡോ. സന്തോഷ് കുമാർ പറഞ്ഞിരുന്നു ഋദ്ധിക്കു് കേൾവി ശക്തി പൂർണമായി നഷ്ടമായെന്നു്. അല്ലെങ്കിൽ തന്നെ രണ്ടു മൂന്നുവർഷത്തിലധികമായി ഏതെങ്കിലും ഡോക്ടർ വന്നു നോക്കിയിട്ടു്. ഇതിപ്പോൾ യുദ്ധമായതുകൊണ്ടും കിടപ്പു് ക്യാംപിലായതുകൊണ്ടും നോക്കിയതാണു്. ഇനി ഋദ്ധിയോടു സംസാരംകൊണ്ടു കാര്യമില്ല. സുശീലയെ വീണ്ടും ആശുപത്രിയിലേക്കു കൊണ്ടുപോകണം എന്നു് ആൻസി നിർബന്ധിച്ചതാണു്. പട്ടാളം ഒട്ടും വഴങ്ങിയില്ല. അത്രയ്ക്കു കുഴപ്പമാണു് പുറത്തു്. മാത്രമല്ല, ആശുപത്രിയിൽ എത്തിച്ചാലും രക്ഷിക്കാൻ കഴിയുമോ എന്ന സംശയം നേരിട്ടല്ലാതെ അവർ പറയുകയും ചെയ്തു. നമ്മളെന്തിനാണു് ആ കൊണ്ടുപോകുന്ന വണ്ടിയേയും ഡ്രൈവറേയും കൂടി അപകടത്തിലാക്കുന്നതു് എന്നായിരുന്നു ചോദ്യം. അല്ലെങ്കിൽ തന്നെ കാർത്ത്യായനിയുമായി പോയ ഓട്ടോ മിസൈലിനൊപ്പം പാലവുമായി പുഴയിൽ പോയിട്ടും കോഴിയെ കുറുക്കൻ പിടിച്ചെന്നേ എല്ലാവർക്കും തോന്നിയുള്ളൂ. ആനക്കാലിനു് അടിയിൽപ്പെടുന്ന ഞാഞ്ഞൂലു പോലെയാണു് യുദ്ധകാലത്തെ മനുഷ്യൻ.

സുശീലയെ ഒരു ക്ലാസ് മുറിയിലേക്കു മാറ്റിക്കിടത്തിയിരിക്കുകയാണു്. പട്ടാളം എത്തിച്ചുകൊടുത്ത ഓക്സിജൻ സിലിണ്ടറിൽ നിന്നു് ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടു്. അന്നമ്മ പതംപറഞ്ഞു് പുറത്തൊരു ബെഞ്ചിൽ ഇരിപ്പുണ്ടു്. ആൻസി ഇടയ്ക്കൊക്കെ പോയി നോക്കും.

നന്ദിനിയെ കണ്ടു മടങ്ങുമ്പോൾ ട്രെയിനിൽ നിന്നിറങ്ങിയ ഋദ്ധി ഒന്നു വേച്ചുപോയതു് ബിനോയി ശ്രദ്ധിച്ചിരുന്നു.

ഞാൻ താങ്ങിയിരുന്നില്ലെങ്കിൽ പാളത്തിൽ വണ്ടിയുടെ അടിയിലേക്കു് അവൾ വീണുപോയേനേ. എനിക്കു് അന്നു രാത്രി വന്നപ്പോൾ മുതൽ തോന്നിയിരുന്നു അവൾ വേച്ചുപോയതാണോ, അതോ മനപൂർവം ചാടാൻ ശ്രമിച്ചതാണോയെന്നു്. ആരോടാണു് സംശയം പറയുക. നാല്പതാം വയസ്സിൽ കിട്ടിയ ഇരുപത്തിയാറുകാരി അടുത്ത മുറിയിലുണ്ടു്.

വന്നിട്ടു് ആറുമാസമേ ആയിട്ടുള്ളു. ആൻസിയോടു് പറഞ്ഞിട്ടു പുറപ്പെട്ട യാത്രയാണു്. അവൾ വേണ്ടെന്നു പറഞ്ഞാൽ ചിലപ്പോൾ പോകില്ലായിരുന്നു. പക്ഷേ, അവൾ അങ്ങനെ പറയുന്ന കൂട്ടത്തിലല്ല. നഴ്സിങ് കഴിഞ്ഞതാണു്. റബർഷീറ്റു കട നടത്തിയിരുന്ന കൊച്ചൗതയുടെ കച്ചവടം പൂട്ടിയതു മകളെ പഠിപ്പിച്ചു കഴിഞ്ഞ കാലത്താണു്. വില കൂടുമ്പോൾ വിൽക്കാനായി നാട്ടുകാരിൽ നിന്നു മേടിച്ചുവച്ച റബറൊക്കെ അഞ്ചിലൊന്നു വിലയ്ക്കു വിൽക്കേണ്ടി വന്നു. ഇരുന്നൂറ്റിയൻപതു രൂപയ്ക്കു വാങ്ങിയ ചരക്കാണു് കിലോയ്ക്കു് അൻപതിനു കൊടുത്തതു്. പന്ത്രണ്ടു ടൺ റബറ് ഏതാണ്ടു് ആ മട്ടിൽ ഇറക്കിവിടേണ്ടി വന്നതോടെ കടയും പിന്നെ സ്വന്തമായുണ്ടായിരുന്ന ഒന്നരയേക്കർ പുരയിടവും വിറ്റു. പൊറുതി വാടക വീട്ടിലായി.

ചത്താലും ചമഞ്ഞുകിടക്കുന്ന സമുദായക്കാരും പിന്നെ തിരിഞ്ഞുനോക്കിയില്ലെന്നാണു് ആൻസി തമാശപോലെ പറഞ്ഞതു്. ആൻസീടെ കണക്കിൽ നാൽപ്പത്തിരണ്ടു ചെക്കന്മാർ ഇരുപതാം വയസ്സുമുതൽ കണ്ടുപോയിട്ടുണ്ടു്. ദല്ലാളുമാരു് കൊണ്ടുവന്ന എണ്ണമെടുത്താൽ നൂറ്റമ്പതെങ്കിലും ആയിട്ടുണ്ടാകും. പിന്നെ വരുന്നതൊന്നും അപ്പച്ചൻ അവളോടു പറയാറില്ല. നടക്കുമെന്നു തോന്നാത്തതുതന്നെ കാരണം.

എനിക്കും ആൻസിക്കും ഒരു പ്രതീക്ഷയുമില്ലാത്ത സമയത്താണു് കാണാൻ പോയതു്. അന്നേ നരച്ചുതുടങ്ങിയ മുടി കറുപ്പിക്കാതെയും രണ്ടുദിവസമായി ഷേവ് ചെയ്യാത്ത കുറ്റിരോമങ്ങൾ അതുപോലെ നിർത്തിയുമാണു് ചെന്നതു്. ഇട്ടിരുന്ന ഉടുപ്പിനും മുണ്ടിനും കഞ്ഞിപിഴിഞ്ഞ വടിവുണ്ടായിരുന്നു.

നല്ല മുല്ലപ്പുപോലത്തെ പല്ലുകളാണു്. മുറുക്കോ വലിയോ ഇല്ലെന്നു് ചുണ്ടു കണ്ടാലറിയാം. കണ്ണിനു താഴെ നല്ല തെളിച്ചമുണ്ടു്. കവിളുകൾ ഒട്ടിയാണു്. കുടിച്ചുവീർക്കാത്ത കൺപോളയും ഒട്ടിയ വയറുമാണു്, എനിക്കിതു മതി അപ്പച്ചാ എന്നു് ആൻസി പറഞ്ഞതോടെ വിളിച്ചുചൊല്ലലും കെട്ടും ഛടപടേന്നു കഴിഞ്ഞു. അവൾക്കേതായാലും പി. എസ്. സി. വഴി പണിയാകുന്ന ലക്ഷണമുണ്ടു്. ബിനോയിയെ കിട്ടിയതിന്റെ ഭാഗ്യമാണെന്നു് അവളുടെ അമ്മച്ചി പറഞ്ഞപ്പോൾ ഞാൻ പരീക്ഷയെഴുതിയേന്റെ മെച്ചമാണെന്നു് അവൾ ഒരു മയവുമില്ലാതെ തിരുത്തി.

ഞാൻ ആൻസിയെ വിളിച്ചു. ഋദ്ധിക്കുണ്ടായതു പറഞ്ഞു.

ആൻസി:
“നിങ്ങളൊന്നു പോയി നോക്കീട്ടു പോരേ…”

മഠത്തിലേക്കു കയറുമ്പോൾ മുറ്റത്തു് നാലോ അഞ്ചോ കന്യാസ്ത്രീമാർ കൂടിയാലോചിച്ചു നിൽക്കുന്നു. ചിലർ തിരക്കിട്ടു് അകത്തേക്കു പോവുകയും വരികയും ചെയ്യുന്നു. പെട്ടെന്നു് ഒരു കാർ വരികയും അതിൽ നിന്നു് സ്കറിയാ ഡോക്ടർ അകത്തേക്കു പോവുകയും ചെയ്തു. ബിനോയി പടി കയറുമ്പോൾ അന്നമ്മ ഇറങ്ങിവന്നു.

‘കഴിഞ്ഞു.’ അത്രയേ അന്നമ്മ പറഞ്ഞുള്ളു.

അകത്തുകയറുമ്പോൾ ഋദ്ധി ഒരു സ്റ്റൂളിൽ മേലോട്ടു നോക്കി ഭിത്തിയിൽ താങ്ങി ഇരിക്കുന്നു. സുശീല കട്ടിൽ കാൽക്കൽ ചാരിയിരിപ്പുണ്ടു്. എന്നെ കണ്ടതോടെ സാരി വലിച്ചു താഴ്ത്തി കാൽപ്പാദം മൂടി. സാരിയുടുത്തു് സുശീലയെ കണ്ടിട്ടേയില്ല. സിസ്റ്റർ സന്ധ്യയുടെ താടി വെള്ളത്തുണികൊണ്ടു കൂട്ടികെട്ടുകയാണു് ക്രിസ്തുജ്യോതി ആശുപത്രിയിലെ സൂപ്രണ്ട് സിസ്റ്റർ ടെസ്സ.

Colophon

Title: Śayyātala sañcāri nī (ml: ശയ്യാതല സഞ്ചാരി നീ).

Author(s): Anoop Parameswaran.

First publication details: Sayahna Foundation; Trivandrum, Kerala;; 2024.

Deafult language: ml, Malayalam.

Keywords: Novel, Fiction, Anoop Parameswaran, അനൂപ് പരമേശ്വരൻ, ശയ്യാതല സഞ്ചാരി നീ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 4, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under the terms of Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: Cocotte on the street, a watercolor paintingErnst Ludwig Kirchner (1880-1938) The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: The author; Data tagging: The staffers at River Valley; Typesetter: CVR; Editor: PK Ashok; Digitizer: JN Jamuna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.