അർത്ഥം: സിദ്ധയഃ = സിദ്ധികൾ, ജന്മൗഷധിമന്ത്രതപസ്സമാധിജാഃ = ജന്മസിദ്ധമായും ഔഷധികളിൽ നിന്നും, മന്ത്രങ്ങൾ മൂലമായും തപസ്സിൽ നിന്നും സമാധിബലം കൊണ്ടും (ഉണ്ടാകുന്നു).
ചിലപ്പോൾ ഒരാൾ ജനിക്കുമ്പോൾതന്നെ സിദ്ധിയോടുകൂടി ജനിക്കുന്നു. അതു അവശ്യമായും അവന്റെ മുജ്ജന്മത്തെ സിദ്ധികളുടെ സംസ്ക്കാരബലം കൊണ്ടായിരിക്കണം. മുജ്ജന്മത്തിൽ അഭ്യസിച്ചിരുന്നതിന്റെ ഫലം അനുഭവിക്കുന്നതിനായി ഈ ജന്മത്തിൽ അവർ ശരീരം എടുത്തതായിരിക്കണം. സാംഖ്യതത്വശാസ്ത്രത്തിന്റെ പ്രവർത്തകനായ കപിലമഹർഷി ജന്മനാ സിദ്ധനായിരുന്നുവത്രേ. സിദ്ധൻ എന്നുവച്ചാൽ കൃതാർത്ഥൻ (ഉദ്ദേശം സാധിച്ചവൻ) എന്നു് അർത്ഥമാണു്. സിദ്ധികൾ ഔഷധപ്രയോഗത്താലും ഉണ്ടാകുന്നതാണെന്നു യോഗികൾ പറയുന്നു. രസതന്ത്രത്തിന്റെ ഉത്ഭവം രസവാദവിദ്യയിൽ നിന്നാണെന്നു എല്ലാവർക്കും അറിയാമല്ലോ. രസഗുളികയ്ക്കും (സ്പർശം, Philosopher’s stone) കായകല്പങ്ങൾക്കും മറ്റുമായി ജനങ്ങൾ ആരാഞ്ഞുനടന്നിരുന്നു. ഇന്ത്യയിൽ രാസായനന്മാർ എന്നൊരു കൂട്ടം സിദ്ധാന്തികൾ ഉണ്ടായിരുന്നു. അവരുടെ അഭിപ്രായത്തിൽ പരമപുരുഷാർത്ഥവും, ജ്ഞാനവും ഈശ്വരഭക്തിയും മതവും എല്ലാം നല്ലതു തന്നെ. എന്നാൽ ഇവയെ ഒക്കെ സാധിക്കുന്നതിനുള്ള ഏകോപായം ശരീരമാണു്. ഇപ്പോൾ ശരീരത്തിനു കേടുപറ്റുകയാണെങ്കിൽ ഉദ്ദേശം സാധിക്കുന്നതിനു ഇനിയും വളരെ അധികകാലം വേണ്ടിവരും. ദൃഷ്ടാന്തം ഒരുത്തൻ യോഗം അഭ്യസിക്കാൻ അല്ലെങ്കിൽ ഈശ്വരഭക്തനാവാൻ വിചാരിക്കുന്നു. ശ്രമം പൂർണ്ണമാകുന്നതിനു മുമ്പു അവൻ മരിക്കുന്നു. പിന്നെ അവൻ വേറൊരു ശരീരമെടുത്തു വീണ്ടും ശ്രമംതുടങ്ങുന്നു. പിന്നെയും മരിക്കുന്നു. ഇങ്ങനെ ആണു്. ഈ വിധത്തിൽ ജനിച്ചും മരിച്ചും എത്രയോ അധികകാലം വെറുതെ ആയിപ്പോകുന്നു. ജനനമരണങ്ങളെ ജയിക്കത്തക്കവണ്ണം ശരീരത്തെ ദൃഢമായും അരോഗമായും സൂക്ഷിച്ചുവെച്ചുകൊള്ളാമെങ്കിൽ നമുക്കു് ആദ്ധ്യാത്മികമായ അഭ്യാസങ്ങൾക്കു വളരെ അധികം സമയം ലഭിക്കുന്നു. അതുകൊണ്ടു രസായനന്മാർ ആദ്യം ശരീരത്തെ ദൃഢമാക്കി വച്ചുകൊള്ളേണമെന്നു പറയുന്നു. ശരീരത്തെ മരണരഹിതമാക്കാൻ കഴിയുമെന്നും അവർ വാദിക്കുന്നു. അവരുടെ ഊഹം ഇതാണു്. മനസ്സാണു ശരീരത്തെ നിർമ്മിക്കുന്നതെങ്കിലും ഓരോ മനസ്സും അഖണ്ഡശക്തിയുടെ ഓരോ പ്രത്യേക വാതിലാണെന്നുള്ളതു ശരിയാണെങ്കിലും വെളിയിൽ നിന്നു ഈ ഓരോ വാതിലിൽ കൂടിയും എത്ര ശക്തികൾ ആകർഷിക്കപ്പെടാമെന്നുളളതിനു ക്ലിപ്തമില്ലെങ്കിലും നമ്മുടെ ശരീരത്തെ എന്നും സൂക്ഷിച്ചുവച്ചുകൊള്ളുക എന്നതു എങ്ങിനെ അസാദ്ധ്യമാവാം? നമുക്കു ഉണ്ടാവാനുള്ള ശരീരങ്ങളെ എപ്പോഴായാലും നാം തന്നെ ഉണ്ടാക്കേണ്ടതാകുന്നു. ഈ ശരീരം വീണാൽ നാം വേറെ ഒരു ശരീരത്തെ സൃഷ്ടിക്കേണ്ടിവരും. അങ്ങിനെ ചെയ്യാൻ കഴിയുമെങ്കിൽ ശരീരം വിട്ടുപോകാതെ ഇപ്പോഴും ഇവിടെ വെച്ചും എന്തുകൊണ്ടു നമുക്കു അങ്ങിനെ ചെയ്യാൻപാടില്ല? ഈ ഊഹം എത്രയും ശരിയായിട്ടുള്ളതാണു്.
മരണശേഷം നാം ജീവിക്കുകയും വേറെ ശരീരങ്ങളെ നിർമ്മിക്കയും ചെയ്യുന്നതു് സാദ്ധ്യമാണെങ്കിൽ ഈ ശരീരത്തെ പൂർണ്ണമായി ധ്വംസിക്കാതേ മാറിമാറി നിരന്തരമായി അതിനെ ഇവിടത്തന്നെ നിർമ്മിക്കുന്നതിനുള്ള ശക്തി നമുക്കു ഉണ്ടാകുമെന്നുള്ളതു് എങ്ങിനെ അസാദ്ധ്യമാകാം? രസത്തിലും ഗന്ധകത്തിലും അത്യത്ഭുതകരമായ ശക്തികൾ അടങ്ങിയിരിക്കുന്നു എന്നും, അവയെക്കൊണ്ടു് ചില പ്രയോഗങ്ങൾ ചെയ്താൽ മനുഷ്യൻ വിചാരിക്കുന്ന കാലംവരെ ജീവിച്ചിരിക്കാമെന്നും കൂടി അവർ കരുതിവന്നു. ആകാശഗമനം ചെയ്ക മുതലായ സിദ്ധികൾ ചില ഔഷധങ്ങളാൽ സാധിക്കാമെന്നു വേറെ ചിലരും വിശ്വസിച്ചുവന്നു. ഇന്നുള്ള ഏറ്റവും ആശ്ചര്യകരങ്ങളായ ഔഷധങ്ങൾ ഏറിയകൂറും വിശേഷിച്ചു് ഔഷധങ്ങളിൽ ധാതുക്കൾ ചേർക്കുന്ന സമ്പ്രദായവും ഇങ്ങിനെ ഉണ്ടായിട്ടുള്ളതാണു്. അതിനു നാം രാസായനന്മാർക്കു കടപ്പെട്ടിരിക്കുന്നു.
യോഗികളിൽ ചില മാർഗ്ഗക്കാർ തങ്ങളുടെ പ്രധാന ആചാര്യന്മാരിൽ അധികം പേരും ഇപ്പോഴും അവരുടെ ആദ്യശരീരത്തോടുകൂടിത്തന്നെ ജീവിച്ചിരിക്കുന്നുണ്ടെന്നും വാദിക്കുന്നു. യോഗമതത്തിലെ പ്രധാന പ്രാമാണികനായ പതഞ്ജലിമഹർഷി അതിനെ വിസമ്മതിക്കുന്നില്ല. മന്ത്രസിദ്ധി എന്നാൽ മന്ത്രങ്ങൾ എന്നു പറയുന്ന ഒരു കൂട്ടം മാഹാത്മ്യമുള്ള ശബ്ദങ്ങൾ ഉണ്ടു്. അവയെ വിധിപ്രകാരം ജപിച്ചാൽ അവയ്ക്കു ഈ അസാധാരണ സിദ്ധികൾ നൽകാൻ ശക്തിയുണ്ടു്. സാധാരണമായി നമുക്കു വിശേഷിച്ചു ഒന്നും തോന്നാതിരിക്കത്തക്കവണ്ണം അത്രയധികം അമാനുഷ ശക്തികളുടേ ഇടയിലാണു നാം രാവും പകലും ജീവിച്ചു പോരുന്നതു്. മനുഷ്യന്റെ ശക്തിക്കു വാക്കിന്റേയും, മനസ്സിന്റേയും ശക്തിക്കു് അതിരില്ല. തപസ്സു് എല്ലാ മതങ്ങളിലും തപസ്സും സന്യാസവും സ്വീകരിച്ചിരിക്കുന്നതായി കാണുന്നു. ഈ വക മതസംബന്ധമായ നിശ്ചയങ്ങളിൽ ഹിന്ദുക്കൾ എപ്പോഴും പരമ കാഷ്ഠയിൽ എത്തിയിരിക്കും. അവരിൽ ജീവിതകാലം മുഴുവൻ കൈപൊക്കിപ്പിടിച്ചു അതു് ശോഷിച്ച്, സ്പർശമില്ലാതാകുന്നതുവരെ ഒരേനിലയിൽ വെച്ചുകൊണ്ടിരിക്കുന്നവരെ കാണാം. രാവും പകലും നിന്നുകൊണ്ടുതന്നെ ഉറങ്ങുന്നവരുണ്ടു്. ഒടുവിൽ അവരുടെ കാലിൽ നീരു (വീക്കം) വരും. പിന്നെയും അവർ ജീവിക്കയാണെങ്കിൽ കാലു ഒരിക്കലും മടങ്ങാതെ മരവിച്ചു പോകയും, ജീവിതകാലം മുഴുവൻ അവർ ആ നിലയിൽതന്നെ നിൽക്കേണ്ടി വരികയുംചെയ്യും. മേൽപറഞ്ഞ വണ്ണം കൈ പൊക്കിപ്പിടിച്ചിരിക്കുന്ന ഒരാളെ ഞാൻ ഒരിക്കൽ കണ്ടു. ആദ്യം അതു തുടങ്ങിയപ്പോൾ എങ്ങിനെ ഇരുന്നു എന്നു ഞാൻ ചോദിച്ചു. ഭയങ്കരമായ വേദനയുണ്ടായിരുന്നു എന്നു് അയാൾ പറഞ്ഞു. അയാൾ ഓടി പുഴയിൽ ചാടി മുങ്ങിക്കിടന്നു സ്വല്പനേരം വേദന ആറ്റി. അതിഭയങ്കരമായ വേദന ഉണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞതിൽ പിന്നെ അധികം ബുദ്ധിമുട്ടുണ്ടായില്ലത്രേ. അങ്ങനേയുള്ള തപസ്സുകളാൽ സിദ്ധി ഉണ്ടാകാറുണ്ടു്. സമാധി, മനസ്സിന്റെ ഏകാഗ്രത; യോഗം എന്നുപറഞ്ഞാൽ തന്നെ അതാണു്. അതാണു് ഈ ശാസ്ത്രത്തിന്റെ പ്രധാന വിഷയം. സിദ്ധിക്കുള്ള ഏറ്റവും ഉൽകൃഷ്ടമായ ഉപായവും അതുതന്നെ. മുമ്പുമുമ്പു പറഞ്ഞിട്ടുള്ളവ അപ്രധാനങ്ങളാകുന്നു. ഏറ്റവും ഉയർന്ന ലക്ഷ്യത്തെ നമുക്കു അവയാൽ പ്രാപിക്കവുന്നതുമല്ല. മാനസികമോ ധാർമ്മികമോ ദൈവികമോ ആയ ഏതിനേയും സാധിക്കുന്നതിനുള്ള ഏകോപായം സമാധി തന്നെ.
അർത്ഥം: ജാത്യന്തരപരിണാമഃ = ഒരു ജാതി വസ്തു മറ്റൊന്നായി മാറുന്നതു്, പ്രകൃത്യാപൂരാൽ = പ്രക്യതി (തത്വങ്ങൾ) മേൽവരാനുള്ള വികാരങ്ങളെ ഇപ്പോൾതന്നെ പൂരിപ്പിക്കുന്നതുകൊണ്ടു (നിറവേറ്റുന്നതു കൊണ്ടു) (വരുന്നു).
സിദ്ധികൾ ജന്മത്താലും ചിലപ്പോൾ ഔഷധങ്ങളെക്കൊണ്ടും, അല്ലെങ്കിൽ തപോബലം കൊണ്ടും ഉണ്ടാകുമെന്നും, ശരീരം എത്രകാലം വേണമെങ്കിലും നശിക്കാതെ വച്ചേക്കാമെന്നും പതഞ്ജലി മഹർഷി പ്രതിജ്ഞ ചെയ്തു. ഇപ്പോൾ ഒരു ശരീരം മറ്റൊരു ജാതി ശരീരമായി മാറുന്നതിനുള്ള കാരണമെന്താണെന്നു അദ്ദേഹം വിചാരിപ്പാൻ പോകുന്നു. ആ കാരണത്തെ അദ്ദേഹം പ്രകൃതിയുടെ ആപൂരണം എന്നു പറയുന്നു. അടുത്ത സൂത്രത്തിൽ അദ്ദേഹം തന്നെ അതിനെ വിസ്തരിച്ചു പറയും.
അർത്ഥം: നിമിത്തം = ധർമ്മാദികളായ കാരണങ്ങൾ, പ്രകൃതീനാം = പ്രകൃതിതത്വങ്ങളെ സംബന്ധിച്ചിടത്തോളം, അപ്രയോജകം = അപേക്ഷിതമല്ല, തതഃ = അവയാൽ, വരണഭേദഃ = തടവു (മറവു) മാറുന്നു; ക്ഷേത്രികവൽ = വയലിൽ കൃഷിചെയ്യുന്നവൻ എന്ന പോലെ (തടവുമാറുന്നതുകൊണ്ടുമാത്രം വെള്ളം കണ്ടങ്ങളിൽ ഒന്നുപോലെ പരന്നുകൊള്ളുന്നപോലെ എന്നു താല്പര്യം).
കൃഷിക്കാരൻ തന്റെ നിലത്തിൽ വെള്ളം വിടാൻ തുടങ്ങുന്നു. വെള്ളം തോട്ടിലാണുള്ളതു്. ഇടയ്ക്കു ചീപ്പുകൾ ഉണ്ട്; അവ വെള്ളത്തെ തോട്ടിൽത്തന്നെ തടഞ്ഞു വെച്ചുകൊണ്ടിരിക്കും. കൃഷിക്കാരൻ ചീപ്പുകൾ തുറക്കുക മാത്രം ചെയ്താൽമതി. വെള്ളം തനിയെ ഓടി അതിന്റെ പ്രസരണശക്തിയാൽ കണ്ടത്തിനകത്തു പരന്നുകൊള്ളുന്നു. അതുപോലെ മനുഷ്യന്റെ എല്ലാ അഭ്യുദയവും ശക്തിയും പണ്ടേതന്നെ എല്ലാറ്റിലും വ്യാപിച്ചുകൊണ്ടു സ്ഥിതിചെയ്യുന്നു. എല്ലാ മനുഷ്യന്റേയും സ്വരൂപം തന്നെ ഈ പൂർണ്ണതയാകുന്നു. അതു് ഉള്ളിൽ തടയപ്പെട്ടും, അതിന്റെ വഴിക്കു് ഒഴുകിപ്പോകാൻ വിടാതെ തടുക്കപ്പെട്ടും ഇരിക്കയാകുന്നു. ആർക്കെങ്കിലും ആ തടവു നീക്കിക്കളയാൻ കഴിഞ്ഞാൽ പ്രകൃതി ഉടനെ ഉള്ളിലേക്കു ഓടിക്കൊള്ളുന്നു. ഉടൻ ആ മനുഷ്യനു സിദ്ധികൾ ഉണ്ടാകുന്നു. ആ സിദ്ധികൾ അതിനുമുമ്പിലും അവനുള്ളവതന്നെയാണു്. നാം ദുഷ്ടനെന്നു പറയുന്ന ഒരുവൻ കൂടിയും ഈ തടവുനീങ്ങി പ്രകൃതി ഉള്ളിലേക്കു് പ്രവേശിക്കുമ്പോൾ ഋഷിയായിത്തീരുന്നു. പ്രകൃതിതന്നെയാണു് നമ്മെ പൂർണ്ണതയിലേക്കു് തെളിച്ചുകൊണ്ടുപോകുന്നതു്. ഒടുവിൽ എല്ലാവരേയും പ്രകൃതി ആ സ്ഥാനത്തിൽ എത്തിക്കയും ചെയ്യും. ധാർമ്മികന്മാരാവാൻ ഉദ്ദേശിച്ചുള്ള എല്ലാ അഭ്യാസങ്ങളും ശ്രമങ്ങളും നമ്മുടെ ജന്മാവകാശവും സ്വപ്രകൃതീയമായ ആ പൂർണ്ണതയുടെ തടവുകൾ നീക്കുകയും വാതിൽ തുറക്കുകയും ചെയ്യുന്നതിനുള്ള പ്രതിലോമ പ്രയത്നങ്ങളാകുന്നു. ഇപ്പോൾ നവീന തത്വാന്വേഷകന്മാരുടെ വിജ്ഞാനദീപ്തിയിൽ പണ്ടത്തെ യോഗികളുടെ പരിണാമസിദ്ധാന്തം അധികംവെളിവായി മനസ്സിലാകും. എന്നാലും യോഗികളുടെ സിദ്ധാന്തമാണു് അധികം യുക്തിയുക്തമായിരിക്കുന്നതു്. നവീനശാസ്ത്രജ്ഞന്മാർ പരിണാമത്തിന്നു പറയുന്ന കാരണങ്ങൾ അതായതു ഇണതേടുക (Sexual Selection), ഏററവും നല്ലതു ശേഷിച്ചിരിക്കുക (Survival of the fittest) എന്നുള്ള കാരണങ്ങൾ മതിയായവയല്ല. ശരീരപോഷണത്തിനും ദാമ്പത്യസുഖത്തിനുമായുള്ള പോരാട്ടം മനുഷ്യവർഗ്ഗത്തിൽ നിന്നു ഒഴിഞ്ഞുപോകത്തക്കവണ്ണം അവർക്കു ജ്ഞാനാഭിവൃദ്ധിയുണ്ടായിയെന്നു വിചാരിക്കുക. അപ്പോൾ നവീനന്മാരുടെ അഭിപ്രായപ്രകാരം നോക്കുന്നതായാൽ മനുഷ്യന്റെ മുമ്പോട്ടുള്ള ഗതി അവിടെ അവസാനിച്ചുപോകയും മനുഷ്യ സമുദായം നശിക്കുകയും ചെയും. ഈ സിദ്ധാന്തത്തിന്റെ ഫലം, ഏതു അക്രമിക്കും അന്തരാത്മാവിൽ ശങ്ക തോന്നാതിരിപ്പാനായി ഒരു യുക്തികാണിച്ചുകൊടുക്കുക മാത്രമാകുന്നു. തത്വജ്ഞാനികൾ എന്നു തന്നത്താൻ വിചാരിച്ചുകൊണ്ടു്, ദുഷ്ടരും അയോഗ്യരുമായ ആളുകളെ ഒക്കെ കൊന്നൊടുക്കി, മനുഷ്യവംശത്തെ രക്ഷിച്ചുകൊൾവാൻ വിചാരിക്കുന്ന ആളുകളും ഇല്ലാതില്ല; യോഗ്യതായോഗ്യതകളെ നിർണ്ണയിക്കുന്നതിനുള്ള ന്യായാധിപന്മാർ അവശ്യമായും അവർ തന്നത്താൻ ആയിരിക്കും. എന്നാൽ പണ്ടത്തെ വലിയ പരിണാമവാദിയായ പതഞ്ജലിമഹർഷി ഘോഷിക്കുന്നതെന്തെന്നാൽ, പരിണാമത്തിന്റെ ശരിയായ രഹസ്യം പണ്ടേതന്നെ എല്ലാ ജീവികളിലും അടങ്ങിയിരിക്കുന്ന പൂർണ്ണതയെ പ്രത്യക്ഷീകരിക്കയാണെന്നും, ആ പൂർണ്ണത ആച്ഛാദിക്കപ്പെട്ടിരിക്കയും ഉള്ളിൽനിന്നു അപാരമായ പ്രവാഹം സ്വയം പ്രത്യക്ഷമാവാൻ ഞെരുങ്ങിക്കൊണ്ടിരിക്കയും ആണെന്നും ആകുന്നു. ഈ ഞെരുക്കങ്ങളും മത്സരങ്ങളും എല്ലാം അജ്ഞാനംകൊണ്ടുണ്ടാകുന്നതാണു്. എന്തുകൊണ്ടെന്നാൽ ചീപ്പു തുറന്നു് അകത്തേക്കു വെള്ളം വിടുന്നതിനുള്ള ശരിയായ വഴി നമുക്കു അറിഞ്ഞുകൂടാ. നമ്മുടെ അടിയിലുള്ള അപാരമായ പ്രവാഹം സ്വയം പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും. ഇതത്രേ എല്ലാ ആവിർഭാവത്തിന്റെ അല്ലെങ്കിൽ പരിണാമത്തിന്റേയും കാരണം. ജീവിതമത്സരമോ കാമസംതൃപ്തിയോ അല്ല. അവ കേവലം ക്ഷണികങ്ങളും അനാവശ്യങ്ങളും ബാഹ്യങ്ങളുമായ അജ്ഞാനകാര്യങ്ങളാകുന്നു. മത്സരങ്ങൾ എല്ലാം അവസാനിച്ചാൽ തന്നെയും നമ്മുടെ ഈ പൂർണ്ണമായ പ്രകൃതിഉള്ളിൽനിന്നുകൊണ്ടു് അശേഷം പേരും പൂർത്തിയെ പ്രാപിക്കുന്നതുവരെ മുമ്പോട്ടുപോവാൻ തള്ളിവിട്ടുകൊണ്ടിരിക്കും. അതുകൊണ്ടു് അഭിവൃദ്ധിക്കു കാരണം മത്സരമാണെന്നു വിശ്വസിപ്പാൻ ന്യായമില്ല. മൃഗത്തിൽ മനുഷ്യൻ അടച്ചുവയ്ക്കപ്പെട്ടിരുന്നു; വാതിൽതുറന്ന ഉടൻ മനുഷ്യൻ ചാടി പുറത്തുവന്നു. അതുപോലെ മനുഷ്യനിൽ ദേവൻ മറഞ്ഞു് അടങ്ങിയിരിക്കുന്നു. അജ്ഞാനമാകുന്ന കവാടവും പൂട്ടും കൊണ്ടു അടച്ചുസൂക്ഷിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനം കവാടത്തെ ഭഞ്ജിക്കുമ്പോൾ ദേവൻ പ്രത്യക്ഷനാകും.
അർത്ഥം: നിർമ്മാണചിത്താനി = (ഏകകാലത്തിൽ അനേക ശരീരങ്ങൾ എടുക്കുന്ന സിദ്ധന്മാരുടെ) സ്വയനിർമ്മിതമായ മനസ്സുകൾ; അസ്മിതാമാത്രാൽ = മൂലമായ ഒരു അഹന്തയിൽ നിന്നുതന്നെ (ഉണ്ടാകുന്നു).
കർമ്മസിദ്ധാന്തപ്രകാരം, നമ്മുടെ സൽപ്രവൃത്തിയുടേയും ദുഷ്പ്രവൃത്തിയുടേയും ഫലം നാം അനുഭവിക്കണം. തത്വശാസ്ത്രത്തിന്റെ മുഴുവൻ നോട്ടം മനുഷ്യൻ തന്റെ മാഹത്മ്യത്തിൽ എത്തേണമെന്നാകുന്നു. വേദശാസ്ത്രങ്ങൾ എല്ലാം മനുഷ്യന്റെ അതായതു് ആത്മാവിന്റെ മാഹാത്മ്യത്തെ ഗാനംചെയ്യുന്നു. അതുപോലെതന്നെ അവ കർമ്മത്തെപ്പറ്റിയും പ്രസംഗിക്കുന്നു. സൽക്കർമ്മം അതിനു തക്കതായ ഫലം കൊടുക്കും. ദുഷ്ക്കർമ്മവും അതിനുതക്കതായ ഫലം നൽകും. എന്നാൽ ആത്മാവു് സൽക്കർമ്മത്താലോ ദുഷ്ക്കർമ്മത്താലോ ബന്ധിക്കപ്പെടുന്നു എങ്കിൽ അതു നിസാരമത്രേ. ദുഷ്കർമ്മം നമ്മുടെ ആത്മസ്വരൂപത്തിന്റെ ആവിർഭാവത്തെ തടയുന്നു. സൽക്കർമ്മം ആ തടവുകൾ നീക്കിക്കളയും. അപ്പോൾ ആത്മാവിന്റെ മാഹാത്മ്യം പ്രത്യക്ഷപ്പെടും. പുരുഷൻ സ്വതേ എപ്പോഴും നിർവികാരനാകുന്നു. കർമ്മങ്ങളൊന്നും നമ്മുടെ സ്വന്തമാഹാത്മ്യത്തെ സ്വസ്വരൂപത്തെ നശിപ്പിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, പുരുഷൻ, ഒന്നിനാലും ബാധിക്കപ്പെടുന്നില്ല. അവന്റെ പൂർണ്ണതയെ മറച്ചുകൊണ്ടു് പുറമേ മൂടുപടം പോലെ ഒരു ആവരണം വ്യാപിച്ചിരിക്കുന്നു എന്നേയുള്ളു.
അർത്ഥം: അനേകേഷാം = ബഹുക്കളായ നിർമ്മാണചിത്തങ്ങളുടെ, പ്രവൃത്തിഭേദേ = ഭിന്നവ്യാപാരങ്ങളിൽ, ഏകം = ഒരു, ചിത്തം = മനസ്സു, പ്രയോജകം = മറ്റെല്ലാറ്റിന്റെയും നേതൃത്വം വഹിക്കുന്നതു് (ആയിരിക്കും).
അപ്രകാരമുള്ള പല ശരീരങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്ന, അപ്രകാരമുള്ള പല മനസ്സുകൾക്കു ‘നിർമ്മാണചിത്തങ്ങൾ’ എന്നും ആ ശരീരങ്ങൾക്കു “നിർമ്മാണകായങ്ങൾ” എന്നും പറയുന്നു. എന്നുവച്ചാൽ നിർമ്മിക്കപ്പെട്ട മനസ്സുകൾ എന്നും നിർമ്മിക്കപ്പെട്ട ശരീരങ്ങൾ എന്നും അർത്ഥം. ജഡപദാർത്ഥവും മനസ്സും രണ്ടു് അക്ഷയമായ സംഭാരശാലകൾ പോലെ ആകുന്നു. യോഗിയായിത്തീർന്നാൽ അവയെ സ്വാധീനതയിൽ വയ്ക്കുന്നതിനുള്ള രഹസ്യം മനസ്സിലാകും. ഏതുകാലത്തും അവ നിങ്ങളുടെ കൈവശം തന്നെ ആയിരുന്നു. പക്ഷേ, നിങ്ങൾ അതു ഓാർമ്മിക്കുന്നില്ലെന്നേയുള്ളു.യോഗിയായിത്തീർന്നാൽ അതു ഓർമ്മയിൽ വരുന്നു. അപ്പോൾ അവയെക്കൊണ്ടു് എന്തും ചെയ്യാം, ആഗ്രഹിക്കുന്ന മാതിരിയിൽ എല്ലാം അവയെ ഉപയോഗിക്കാം. മനസ്സായി പരിണമിച്ചിരിക്കുന്ന പദാർത്ഥം കൊണ്ടുതന്നെയാണു് ഈ ലോകവും ഉണ്ടാക്കപ്പെട്ടിരിക്കുന്നതു്. മനസ്സു് ഒരു പദാർത്ഥമെന്നും ജഡവസ്തു മറ്റൊരു പദാർത്ഥമെന്നും പറഞ്ഞുകൂടാ. അവ ഒരേ വസ്തുവിന്റെ ഭിന്നമായ പരിണാമങ്ങളത്രേ. അസ്മിത അല്ലെങ്കിൽ അഹങ്കാരം ആണു് സൂക്ഷ്മമായ അവസ്ഥ. അതിൽനിന്നാണു് യോഗിയുടെ നിർമ്മാണചിത്തങ്ങളും നിർമ്മാണകായങ്ങളും നിർമ്മിക്കപ്പെടുന്നതു്. അതുകൊണ്ടു യോഗിക്കു പ്രകൃതിശക്തികളുടെ രഹസ്യം കണ്ടുപിടിച്ചാൽ എത്ര എങ്കിലും മനസ്സുകളും ശരീരങ്ങളും ഉണ്ടാക്കാൻ കഴിയും. എന്നാൽ അവയെ ഒക്കെ നിർമ്മിക്കുന്നതു്, അഹങ്കാരം എന്ന ഒരു പദാർത്ഥത്തിൽ നിന്നും ആയിരിക്കും.
അർത്ഥം: തത്ര = നിർമ്മാണചിത്തങ്ങളിൽവെച്ചു്, ധ്യാനജം = ധ്യാനത്താൽ നിർമ്മിതമായ ചിത്തം, അനാശയം = ആശയില്ലാത്തതു് (ആയിരിക്കുന്നു).
പല പ്രകാരമുള്ള ജനങ്ങളിൽ നാം കാണുന്ന പല പ്രകാരമുള്ള മനസ്സുകളിൽ ഒക്കെയുംവച്ചു ഏറ്റവും ഉൽകൃഷ്ടമായതു് ‘സമാധി’ സാധിച്ചിട്ടുള്ള മനസ്സാണു്. ഔഷധികൊണ്ടൊ മന്ത്രംകൊണ്ടൊ തപസ്സുകൊണ്ടോ ഏതെങ്കിലും ചില സിദ്ധികൾ സമ്പാദിച്ച മനുഷ്യനു പിന്നെയും ആശകൾ ഉണ്ടായിരിക്കും. എന്നാൽ ധ്യാനംകൊണ്ടു് സമാധി സാധിച്ചിട്ടുളള ആൾ സർവ ആശകളിൽനിന്നും മുക്തനായിരിക്കും.
അർത്ഥം: യോഗിനഃ = യോഗിയുടെ കർമ്മ = കർമ്മം, അശുക്ലാകൃഷ്ണം = വെളുപ്പും കറുപ്പുമില്ലാത്തതു്, ഇതരേഷാം = മറ്റുള്ളവരുടേതു്, ത്രിവിധം = മൂന്നുപ്രകാരം (മുന്നു വർണ്ണത്തോടു കുടിയതു്).
യോഗി മേല്പറഞ്ഞ സിദ്ധിയെ പ്രാപിച്ചാൽ തന്റെ പ്രവൃത്തികളും അവയിൽ നിന്നുണ്ടാകുന്ന വാസനകളും തന്നെ ബന്ധിക്കുകയില്ല. എന്തുകൊണ്ടെന്നാൽ, അയാൾ അവയെ ആഗ്രഹിക്കുന്നില്ല. അയാൾക്കു കേവലം പ്രവൃത്തിമാത്രം ചെയ്യണം. നന്മചെയ്വാനായി പ്രവർത്തിക്കുന്നു; നന്മചെയ്യുന്നു, എന്നാൽ ഫലത്തെപ്പറ്റി ചിന്തിക്കുന്നില്ല. അതുകൊണ്ടു അയാൾക്കു ഫലം അനുഭവമാകുന്നില്ല. എന്നാൽ ആ ഉൽകൃഷ്ടാവസ്ഥയിൽ എത്താത്ത സാധാരണ അളുകൾ ചെയ്യുന്ന പ്രവൃത്തി, അതായതു് കർമ്മം, കറുത്തതു് (പാപം), വെളുത്തതു് (പുണ്യം), മിശ്രം ഇങ്ങനെ മൂന്നുവിധമായിരിക്കുന്നു.
അർത്ഥം: തതഃ = മൂന്നുപ്രകാരമുള്ള ആ കർമ്മത്തിൽനിന്നു, തദ്വിപാകാനുഗുണാനാം = അതാതിന്റെ പരിപാകത്തിനു തുല്യങ്ങളായ, വാസനാനാം = വാസനകളുടെ അഭിവ്യക്തിഃ = പ്രത്യക്ഷ പരിണാമം, എവ = തന്നെ (ഉണ്ടാകുന്നു) (മറ്റൊന്നും ഉണ്ടാകുന്നില്ല).
ഞാൻ പുണ്യം പാപം മിശ്രം ഈമൂന്നുവിധ കർമ്മവും ചെയ്തു എന്നിരിക്കട്ടെ. മരിച്ചു് ഒരു ദേവനായി സ്വർഗ്ഗത്തിൽ എത്തി എന്നുമിരിക്കട്ടെ. ദേവശരീരത്തിലുള്ള ആഗ്രഹങ്ങളല്ല മനുഷ്യശരീരത്തിലുള്ളതു്. ദേവശരീരം ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുന്നില്ല. തിന്നാനും കുടിക്കാനുമുള്ള ആഗ്രഹങ്ങളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന എന്റെ അനുഭവിച്ചു തീരാത്ത പഴയ കർമ്മങ്ങളുടെ സ്ഥിതി എന്തായിത്തീരും? ഞാൻ ദേവനായാൽ ഈ കർമ്മങ്ങൾ എവിടെപ്പോകും? ആഗ്രഹങ്ങൾക്കു, തക്ക അവസ്ഥകളിൽ മാത്രമേ പ്രത്യക്ഷപ്പെടാൻ കഴിയൂ എന്നുള്ളതാണു് ഉത്തരം. അവസ്ഥക്കു അനുരൂപമായ ആഗ്രഹങ്ങൾ മാത്രമേ പുറത്തുവരൂ. മറ്റവ സ്വരൂപിച്ചു അടിയിൽ കിടക്കും. ഈ ജന്മത്തിൽ നമുക്കു അനേകം ദൈവികമായ ആഗ്രഹങ്ങളും അനേകം മാനുഷമായ ആഗ്രഹങ്ങളും അനേകം മൃഗസാധാരണമായ ആഗ്രഹങ്ങളും ഉണ്ടു്. ഞാൻ ഒരു ദേവശരീരം എടുക്കുകയാണെങ്കിൽ ദൈവികാഗ്രഹങ്ങൾ മാത്രമേ എനിക്കു മനസ്സിൽ പൊങ്ങിവരൂ. കാരണം, അവസ്ഥ അവയ്ക്കനുകൂലിച്ചിരിക്കുന്നു. ഞാൻ ഒരു മൃഗശരീരം എടുത്താൽ എനിക്കു മൃഗസാധാരണമായ ആഗ്രഹങ്ങൾ മാത്രമേ പൊങ്ങി നിൽക്കൂ. ദൈവികാഗ്രഹങ്ങൾ അടങ്ങി കാത്തിരിക്കും. ഇതു് എന്തിനെ സൂചിപ്പിക്കുന്നു? അവസ്ഥകളെ അനുസരിച്ചു നമുക്കു ആഗ്രഹങ്ങളെ നിയമനം ചെയ്യാമെന്നുള്ളതിനെ സൂചിപ്പിക്കുന്നു. അവസ്ഥകൾക്കു അനുരൂപവും സമുചിതവുമായ കർമ്മവാസനകൾ മാത്രമേ പുറത്തുവരൂ. പര്യന്താവസ്ഥകൾക്കു കർമ്മത്തെത്തന്നെയും തടുക്കാൻ ശക്തിയുണ്ടെന്നു ഇതു തെളിയിക്കുന്നു.
അർത്ഥം: ജാതിദേശകാലവ്യവഹിതാനാം = ജാതി ദേശം കാലം ഇതുകളാൽ അകറ്റപ്പെട്ടിരിക്കുന്ന വാസനകൾക്കു് അപി = കൂടിയും, ആനന്തര്യം = അടുപ്പം (ഉണ്ടു്), സ്മൃതിസംസ്ക്കാരയോഃ = സ്മൃതിയുടേയും സംസ്ക്കാരത്തിന്റെയും, ഏകരൂപത്വാൽ = ഏകരുപത്വം (അഭേദം) കൊണ്ട്
അനുഭവങ്ങൾ സൂക്ഷ്മമായിതീർന്നിട്ടു സംസ്ക്കാരങ്ങളായി ഭവിക്കുന്നു. സംസ്ക്കാരങ്ങൾ ഉൽബുദ്ധങ്ങളായിട്ടു സ്മൃതികളായും ഭവിക്കുന്നു. ഇവിടെ സ്മൃതി എന്ന പദം സംസ്ക്കാരങ്ങളായിത്തീർന്നിരിക്കുന്ന പൂർവാനുഭവങ്ങൾക്കു ഇപ്പോൾ ബുദ്ധിപൂർവമായി ചെയ്യുന്ന കർമ്മങ്ങളോടു് അറിയാതെയുള്ള സാജാത്യത്തെക്കൂടി അർത്ഥമാക്കുന്നു. ഓരോ ശരീരത്തിലും അതിന്റെ സജാതീയ ശരീരത്തിൽ സമ്പാദിച്ച അനുഭവപരമ്പരകൾ മാത്രമേ കാര്യകാരികളായിത്തീരുന്നുള്ളു. വിജാതീയ ശരീരത്തിലെ അനുഭവങ്ങൾ അവയ്ക്കു കീഴ്പ്പെട്ടു ഇരുന്നുകൊള്ളും. ഓരോ ശരീരവും അതിന്റെ സജാതീയ ശരീര പരമ്പരകളുടെ സന്താനങ്ങൾ എന്നപോലെ പ്രവർത്തിക്കും. അതുകൊണ്ടു ഇച്ഛകളുടെ അവ്യവധാന (അടുപ്പ) ത്തിനു ഭംഗം വരുന്നില്ല.
അർത്ഥം: താസാം = ആ വാസനകൾക്ക്, അനാദിത്വം = ആദിയില്ലായ്മ (ഭവിക്കുന്നു), ആശിഷഃ = സുഖാശയുടെ, നിത്വത്വാൽ = നിത്യത്വം (എന്നുമുള്ളതാവൂ എന്നുള്ള അവസ്ഥ) കൊണ്ടു്.
അനുഭവങ്ങൾ എല്ലാം ‘എനിക്കു സുഖം വേണം’ എന്നുള്ള ഇച്ഛയെ പിന്തുടർന്നാണു് വരുന്നതു്. അനുഭവത്തിനു ആദി ഉണ്ടായിരിപ്പാൻ പാടില്ല. എന്തുകൊണ്ടെന്നാൽ ഓരോ പുതിയ അനുഭവവും കഴിഞ്ഞ അനുഭവങ്ങളിൽനിന്നു ജനിച്ച അഭിരുചിയിൽ നിന്നുണ്ടാകുന്നു. അതുകൊണ്ടു ഇച്ഛക്കു ആദിയില്ല.
അർത്ഥം: ഹേതുഫലാശ്രയാലംബനൈഃ = ഹേതു (കാരണം), ഫലം, ആശ്രയം, ആലംബനം ഇവകളാൽ (വാസനകൾ), സംഗൃഹീതത്വാൽ = ധരിക്കപ്പെട്ടിരിക്കയാൽ, ഏഷാം = ഈ ഹേതു മുതലായവയുടെ, അഭാവേ = അഭാവത്തിൽ (അസാന്നിദ്ധ്യത്തിൽ), തദഭാവഃ = അവയുടെ (വാസനകളുടെ) അഭാവം (നാശം വരുന്നു).
ഇച്ഛകൾ കാര്യകാരണനിയമത്താൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു ഇച്ഛ ജനിച്ചാൽ അതിന്റെ കാര്യത്തെ ഉത്ഭവിപ്പിക്കാതെ അതു നശിക്കുന്നില്ല എന്നു മാത്രമല്ല, ഹൃദയം വലിയ സംഭാരശാലയാകുന്നു. സംസ്ക്കാരമായിതീർന്നിരിക്കുന്ന പഴയ ആശകളുടെ എല്ലാം ആശ്രയസ്ഥാനമാകുന്നു. ആ ആശകൾ എല്ലാം സ്വയം അനുഭവിച്ചു കഴിഞ്ഞെങ്കിലല്ലാതെ വിരമിക്കുന്നതല്ല. വിശേഷിച്ചു് ഇന്ദ്രിയങ്ങൾ ബാഹ്യവിഷയങ്ങളെ ഗ്രഹിക്കുന്ന കാലം എല്ലാം പുതിയ ഇച്ഛകൾ ഉണ്ടായിക്കൊണ്ടിരിക്കയും ചെയ്യും. അവയെ ജയിപ്പാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഇച്ഛ നശിക്കൂ.
അർത്ഥം: അതീതാനാഗതം = ഭൂതവും ഭാവിയും, സ്വരൂപതഃ = അതാതിന്റെ സ്വഭാവത്തിൽ, അസ്തി = സ്ഥിതിചെയ്യുന്നു, ധർമ്മാണാം = വീശേഷങ്ങളുടെ, അദ്ധ്വഭേദാൽ = നാനാമാർഗ്ഗത്വാൽ (പലവഴിയായിരിക്കുക) ഹേതുവായിട്ടു്.
അർത്ഥം: തേ = അവ, വ്യക്തസൂക്ഷ്മാ = സ്ഥൂലങ്ങളം സൂക്ഷ്മങ്ങളും ആയിരിക്കും ഗുണാത്മാനഃ (സ്വഭാവേന) ത്രിഗുണങ്ങളുടെ പരിണാമരൂപങ്ങളും (ആകുന്നു).
ഗുണങ്ങൾ സത്വം, രജസ്സു്, തമസ്സു് എന്ന മൂന്നു പദാർത്ഥങ്ങൾ ആകുന്നു. അവയുടെ സ്ഥൂലാവസ്ഥയാണു് ഇന്ദ്രിയഗോചരമായ ഈ പ്രപഞ്ചം. ഭൂതവും ഭാവിയും ഈ ഗുണങ്ങളുടെ പലവിധത്തിലുള്ള പരിണാമങ്ങളാൽ ഉണ്ടാകുന്നു.
അർത്ഥം: പരിണാമൈകത്വാൽ = പരിണാമങ്ങളുടെ (വികാരങ്ങളുടെ) ഏകത്വം (ഏകരൂപത്വം) കൊണ്ടു്, വസ്തുതത്വം = വസ്തുവിന്റെ (ധർമ്മിയുടേ) ഏകത്വം (സിദ്ധിക്കുന്നു).
അർത്ഥം: വസ്തുസാമ്യേ = വിഷയം ഒന്നായിരിക്കുമ്പോൾ, ചിത്തഭേദാൽ = ചിത്തം പലതാകയാൽ, തയോഃ = വിഷയ ചിത്തങ്ങൾക്കു (വിഷയത്തിനും ജ്ഞാനത്തിനും) പന്ഥാഃ = മാർഗ്ഗം, വിഭക്ത = ഭിന്നമായിരിക്കുന്നു.
അർത്ഥം: ചിത്തസ്യ = മനസ്സിനു്, തദുപരാഗാപേക്ഷിതത്വാതു് = അതിന്റെ (വിഷയത്തിന്റെ) സംബന്ധാപേക്ഷയുള്ളതുകൊണ്ടു്, വസ്തു = വിഷയം, ജ്ഞതാജ്ഞാതം = ജ്ഞാതമായും, അജ്ഞാതമായുമിരിക്കുന്നു.
അർത്ഥം: ചിത്തവൃത്തയഃ = ചിത്തവൃത്തികൾ, സദാ = എല്ലായ്പ്പോഴും, ജ്ഞാതാഃ = അറിയപ്പെട്ടവ (അറിവിനു വിഷയമായിത്തീരുന്നു), തൽപ്രഭോഃ = അവയുടെ അധിപനായ, പുരുഷസ്യ = ആത്മാവിന്റെ അപരിണാമിത്വാൽ = നിർവികാരത്വം (പരിണാമമില്ലായ്മ) കൊണ്ടു്.
ഈ സിദ്ധാന്തത്തിന്റെ മുഴുവൻ സാരം, പ്രപഞ്ചം ചിത്തു്, ജഡം ഇങ്ങിനെ രണ്ടായിട്ടിരിക്കുന്നു എന്നാകുന്നു. ചിത്തും ജഡവുമായ ലോകങ്ങൾ രണ്ടും നിരന്തരമായി കലർന്നു പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഈ പുസ്തകം എന്താണു്? ഇടവില്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഭൂതാണുക്കളുടെ സംഘാതം. ഒരു സംഘാതം പോയിക്കൊണ്ടും, മറ്റൊരു സംഘാതം വന്നുകൊണ്ടുമിരിക്കുന്നു. പുസ്തകം ആ പ്രവാഹത്തിന്റെ ചുഴിയത്രേ. അതിന്റെ ഏകത്വത്തെ അല്ലെങ്കിൽ താദാത്മ്യത്തെ നിലനിർത്തുന്നതു എന്താണു്? ആ പുസ്തകമാണിതു് എന്നുള്ളതിനു കാരണമായിരിക്കുന്നതു് ഏതാണു്? മാറ്റങ്ങൾ ഒരു ക്രമം അനുസരിച്ചു തടസ്സംകൂടാതെ നടന്നു കൊണ്ടിരിക്കുന്നു. ആ വ്യവസ്ഥിതമായ ക്രമം അനുസരിച്ചു അവ വിഷയങ്ങളെ മനസ്സിൽ പ്രതിഫലിപ്പിച്ചുകൊണ്ടുമിരിക്കുന്നു. ഖണ്ഡംഖണ്ഡമായ അവയെ എല്ലാം കൂടി ചേർത്താൽ തുടർച്ചയായ ഒരു രൂപം കിട്ടുന്നു. അതിന്റെ അംശങ്ങൾ എല്ലം നിരന്തരമായി മാറിക്കൊണ്ടിരിയ്ക്കുയുമാണു്. മനസ്സുതന്നെയും സദാ മാറിക്കൊണ്ടിരിക്കുന്നു. മനസ്സും ശരീരവും രണ്ടു പ്രത്യേകവേഗക്രമം അനുസരിച്ചു ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ദ്രവ്യത്തിന്റെ രണ്ടു അടുക്കുകൾ പോലെ ആണു്. ഒഴുക്കുകളിൽ ഒന്നു മന്ദമായും അതിനെ അപേക്ഷിച്ചു മറ്റേതു ശീഘ്രമായുമിരിക്കുന്നതുകൊണ്ടു നമുക്കു അവയെ വേർതിരിച്ചറിയാം. ദൃഷ്ടാന്തം: ഒരു തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നു. മറ്റൊരു വണ്ടിയും മന്ദമായി അതിന്റെ ഒരുവശത്തുകൂടി പോകുന്നു. രണ്ടിന്റെയും ഗതിയെ ഒരുവിധമൊക്കെ നമുക്കു കണ്ടറിവാൻ സാധിക്കും. എങ്കിലും വേറൊന്നു അപേക്ഷിതമായിരിക്കുന്നു. ഗമിക്കാതെ സ്ഥിരമായി നിൽക്കുന്ന മറ്റൊരു വസ്തുകൂടി ഉണ്ടായിരുന്നെങ്കിലല്ലാതെ ഒന്നിന്റേയും ഗതിവേഗം പ്രത്യക്ഷമാകുന്നതല്ല. എന്നാൽ രണ്ടോ അധികമോ സാധനങ്ങൾ ഭിന്നവേഗത്തിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ആദ്യം നാം അധികം ശീഘ്രത്തിൽ ഓടുന്നതിന്റേയും ഒടുവിൽ അധികം മന്ദമായി ഓടുന്നതിന്റെയും ഗതിവേഗങ്ങൾ കണ്ടറിയുന്നു. എങ്ങിനെ ആണു് മനസ്സു കാണുന്നതു്? അതും ഓടിക്കൊണ്ടിരിക്കയല്ലേ? അതുകൊണ്ടു അതിനേക്കാൾ മന്ദമായി ഓടുന്ന വേറൊരു വസ്തു വേണ്ടിവരുന്നു. അങ്ങിനെ ആയാൽ അതിനേക്കാൾ മന്ദമായ മറ്റൊന്നും, അതിനേക്കാൾ മന്ദമായ വേറൊന്നും ഇങ്ങിനെ അവസാനമില്ലാതെ ‘അനവസ്ഥ’യിൽ ചെന്നുചാടും. അതുകൊണ്ടു തർക്കശാസ്ത്രപ്രകാരം ഒരിടത്തു് അവസാനിപ്പിക്കേണ്ടതായി നേരിടുന്നു. ചലനമില്ലാത്ത ഒന്നിനെ അറിഞ്ഞിട്ടു ഈ വേഗക്രമധാരയേ അവിടെ വിശ്രമിപ്പിക്കേണ്ടി വരുന്നു. ഈ അവസാനമില്ലാത്ത ചലനശ്രംഖലയുടെ അപ്പുറത്താണു് നിശ്ചലനും, നിഷ്കളങ്കനും നിർമ്മലനുമായ പുരുഷൻ വർത്തിക്കുന്നതു്. നമുക്കു് തോന്നുന്ന തോന്നൽ എല്ലാം ആ പുരുഷന്റെ മേൽ പ്രതിഫലിക്കുന്ന ഛായകൾ മാത്രമാകുന്നു. അതു ഛായാഗ്രഹണയന്ത്രത്തിൽ നിന്നു പുറപ്പെടുന്ന പ്രകാശത്തിന്റെ കിരണങ്ങൾ വെള്ളക്കടലാസ്സിൽ പ്രതിഫലിക്കും പോലെ തന്നെ. അതിന്മേൽ അവ എത്രയോ രൂപങ്ങളെ പ്രതിഫലിപ്പിക്കുന്നു. അതിനെ അശേഷം മലിനപ്പെടുത്തുന്നുമില്ല.
അർത്ഥം: തൽ = അതു് (മനസ്സു്), സ്വാഭാസം = സ്വയം പ്രകാശം, ന = അല്ല, ദൃശ്യത്വാൽ = ദൃശ്യമായിരിക്കുന്നതുകൊണ്ടു്.
പ്രകൃതിയിൽ എവിടെ നോക്കിയാലും അതിമഹത്തായ ശക്തികൾ ആവിർഭവിച്ചു കൊണ്ടിരിക്കുന്നതായി കാണാം അങ്ങിനെ ആണെങ്കിലും പ്രകൃതിക്കു സ്വയം പ്രകാശമില്ല; തന്നത്താൻ പ്രകാശിക്കുക എന്നുള്ളതില്ല; എന്നും, സാരനിരൂപണത്തിൽ അതു ജ്ഞാനസ്വരൂപമല്ലെന്നും ഏതാണ്ടു് നമ്മോടു പറയുന്നുണ്ടു്. പുരുഷൻ മാത്രമാണു് സ്വയംപ്രകാശൻ; അവൻ തന്റെ പ്രകാശത്തെ മറ്റെല്ലാറ്റിനും നൽകിക്കൊണ്ടിരിക്കുന്നു. അവന്റെ ചൈതന്യമാണു് എല്ലാ ജഡപദാർത്ഥങ്ങളിലും ശക്തികളിലും കൂടി അരിഞ്ഞുവീണു കൊണ്ടിരിക്കുന്നതു്.
അർത്ഥം: ഏകസമയേ = ഒരുക്ഷണത്തിൽ, ഉഭയാനവധാരണം = (മനസ്സു്) രണ്ടുവിഷയങ്ങളെ ഗ്രഹിക്കായ്മ, ച = അതുകൊണ്ടും.
മനസ്സു് സ്വയം പ്രകാശമായിരുന്നു എങ്കിൽ ഏകകാലത്തിൽ എല്ലാറ്റിനെയും ഗ്രഹിപ്പാൻ അതിനു കഴിയുമായിരുന്നു. അതു അതിനു കഴിയുന്നില്ല. ഒരു വിഷയത്തിൽ ബലമായി മനസ്സിനെ ഊന്നുമ്പോൾ മറ്റൊന്നിൽ നിന്നു അതു വിട്ടുപോകുന്നു. മനസ്സു് സ്വയംപ്രകാശമായിരുന്നു എങ്കിൽ അതിനു ഗ്രഹിപ്പാൻ കഴിയുന്ന വിഷയങ്ങൾക്കു ക്ലിപ്തമുണ്ടായിരിക്കയില്ല. പുരുഷനു എല്ലാ വിഷയങ്ങളെയും ഒരു നിമിഷത്തിനു ഗ്രഹിപ്പാൻ കഴിയുന്നു. ആതു കൊണ്ടു് പുരുഷൻ സ്വയം പ്രകാശനാണു്. മനസ്സു് അങ്ങിനെയല്ല.
അർത്ഥം: ചിത്താന്തരദ്യശ്യേ = ഒരു ചിത്തം (ബുദ്ധി) മറ്റൊരു ചിത്തത്താൽ അറിയപ്പെട്ടുന്നു എന്നു പറഞ്ഞാൽ ബുദ്ധിബുദ്ധേഃ = ചിത്തത്തെ അറിയുന്ന വേറൊരു ചിത്തത്തിന്റെ, അതിപ്രസംഗം = അതികല്പന (അനവസ്ഥ) സംഭവിക്കും, സ്മൃതിസങ്കരശ്ച = സ്മൃതിസാങ്കര്യവുമുണ്ടാകും.
മനസ്സിനെ അറിയുന്നതിനായി വേറൊരു മനസ്സുണ്ടെന്നു വിചാരിക്കുക; എന്നാൽ ആ മനസ്സിനേയും അറിയുന്ന മറ്റൊന്നുണ്ടാകേണ്ടിവരും. അങ്ങിനെ പറഞ്ഞാൽ അവസാനമില്ല. അനവസ്ഥ ആയിത്തീരും. അതു സ്മൃതിക്കു കലർച്ചയെ ഉണ്ടാക്കും. ഓർമ്മകൾ ശേഖരിച്ചു വെപ്പാൻ ഇടമില്ലാതാകും.
അർത്ഥം: അപ്രതിസംക്രമായാഃ = മറ്റൊന്നിൽ കലരുന്ന സ്വഭാവമില്ലാത്ത, ചിതേ = ജ്ഞാനസാരരൂപനായ പുരുഷന്റെ, തദാകാരാപത്തൗ = താദാത്മ്യം പ്രാപിച്ചിട്ടു, സ്വബുദ്ധിസംവേദനം = (ബുദ്ധിക്കു) തന്നെ വിഷയമാക്കിയുള്ള അറിവു്, അനുവ്യാവസായം, സ്വബോധം ഉണ്ടാകുന്നു.
പതഞ്ജലി മഹർഷി ഇങ്ങിനെ പറയുന്നതു ബുദ്ധി (ജ്ഞാനം) പുരുഷന്റെ ഗുണമല്ലെന്നുള്ള തത്വത്തെ അധികം സ്പഷ്ടമായി കാണിപ്പാൻ വേണ്ടി ആകുന്നു. ബുദ്ധി പുരുഷനോടു വളരെ അടുത്തു ചെല്ലുമ്പോൾ പുരുഷന്റെ സ്വരൂപം അതിൽ പ്രതിഫലിച്ചപോലെ ആയിട്ടു ആ ക്ഷണത്തിൽ അതു ജ്ഞാനമുള്ളതായി തീർന്നു സ്വയം പുരുഷനാണെന്നു തോന്നുമാറാകുന്നു.
അർത്ഥം: ദൃഷ്ടൃദൃശ്യോപരക്തം = പുരുഷനോടും വിഷയങ്ങളോടും സംബന്ധിച്ചിട്ടു്, ചിത്തം = ബുദ്ധി സർവാർത്ഥം = എല്ലാരെയും അറിവാൻ സാമർത്ഥ്യമുളളതായിത്തീരുന്നു.
ഒരു ഭാഗത്തു ദൃശ്യമായ ബാഹ്യപ്രപഞ്ചവും മറുഭാഗത്തു ദ്രഷ്ടാവായ പുരുഷനും പ്രതിഫലിച്ചു നിൽക്കുന്നതുകൊണ്ടു മനസ്സു എല്ലാം അറിവാൻ ശക്തിയുള്ളതായിത്തീരുന്നു.
അർത്ഥം: തൽ = അതു് (ചിത്തം), അസംഖ്യേയവാസനാഭിഃ = എണ്ണമില്ലാത്ത വാസനകളാൽ, ചിത്രം = സങ്കലിതം, അപി = ആണെങ്കിലും, സംഹത്യകാരിത്വാൽ = ഒന്നായിച്ചേർന്നു പ്രവർത്തിക്കുന്നതാകയാൽ, പരാർത്ഥം = പരനു് (പുരുഷനു്) കാര്യസാധകമായിരിക്കുന്നു.
മനസ്സു് അനേകവാസനകൾ കൂടിച്ചേർന്നുണ്ടായിരിക്കുന്നതാകയാൽ അതിന്റെ പ്രവൃത്തി സ്വപ്രയോജനമായിരിപ്പാൻ തരമുള്ളതല്ല. ലോകത്തിൽ കൂടിച്ചേർന്നു പ്രവർത്തിക്കുന്ന വസ്തുക്കൾ എല്ലാം മറ്റൊന്നിന്റെ ഉപയോഗത്തിനായി ഉദ്ദേശിക്കപ്പെടിട്ടുള്ളവയായിരിക്കും. അതിനുവേണ്ടി ആയിരിക്കും അവ കൂടിച്ചേരുന്നതു്; അതുകൊണ്ടു വാസനകൾ കൂടിച്ചേർന്നു മനസ്സുണ്ടായിട്ടുള്ളതു് പുരുഷന്റെ ഉപയോഗത്തിന്നായിട്ടാകുന്നു.
അർത്ഥം: വിശേഷദർശിനഃ = പുരുഷനും ചിത്തത്തിനുമുള്ള ഭേദത്തെ തിരിച്ചറിയുന്നവനു്, ആത്മഭാവഭാവനാനിവൃത്തിഃ = മനസ്സിൽ ആത്മാവെന്നുള്ള അഭിമാനം നീങ്ങുന്നു.
വിവേകം കൊണ്ടു യോഗി, ആത്മാവു് മനസ്സല്ല എന്നറിയുന്നു.
അർത്ഥം: തദാ = അപ്പോൾ, ചിത്തം = മനസ്സു്, വിവേകനിമ്നം = വിവേകജ്ഞാനത്താൽ അഗാധവും കൈവല്യപ്രാഗ്ഭാരം = കൈവല്യത്താൽ (മുക്തിയാൽ) വ്യാപ്തിമത്തും ആയിത്തീരുന്നു.
ഇപ്രകാരം, യോഗാഭ്യാസം കൊണ്ടു വിവേകം അല്ലെങ്കിൽ ജ്ഞാനത്തിന്റെ സ്ഫുടത സിദ്ധിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങളുടെ ആവരണം നീങ്ങി വിഷയങ്ങൾ അവയുടെ യഥാർത്ഥസ്വരൂപത്തിൽ നമുക്കു വെളിപ്പെടുത്തുന്നു. അപ്പോൾ പ്രകൃതി മിശ്രവസ്തുവാണെന്നും സാക്ഷിമാത്രനായ പുരുഷന്റെ മുമ്പാകെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണെന്നും, പ്രകൃതിയും അധിപനായ പുരുഷനും ഒന്നല്ലെന്നും, പ്രകൃതിയുടെ വികൃതികൾ എല്ലാം ഉള്ളിൽ സിംഹാസനാരൂഢനായ പുരുഷനാകുന്ന മഹാരാജാവിനു സംഭവങ്ങളെ പ്രദർശിപ്പിപ്പാൻവേണ്ടി മാത്രമാണെന്നും നമുക്കു കാണാറാവും. ദീർഘകാലത്തെ അഭ്യാസംകൊണ്ടു് ഈ വിവേകം സിദ്ധിക്കുമ്പോൾ ഭയം നീങ്ങുകയും മനസ്സിനു മുക്തി (കൈവല്യം) ലഭിക്കയും ചെയ്യുന്നു.
അർത്ഥം: തച്ഛിദ്രേഷു = ആ സമാധിയിൽ അവസരം ലഭിക്കുമ്പോൾ എല്ലാം, സംസ്കാരേഭ്യഃ = വ്യുത്ഥാനസംസ്ക്കാരങ്ങളിൽ (സമാധിവിട്ടു ബഹിർമ്മുഖാവസ്ഥയിൽ വന്നിട്ടുളള പരിചയത്തിൽ നിന്നു്, പ്രത്യയാന്തരാണി = (സമാധിപ്രതിബന്ധങ്ങളായ) മറ്റു ജ്ഞാനങ്ങൾ (ഉണ്ടാകുന്നു).
‘സുഖമായിരിക്കണമെങ്കിൽ ബാഹ്യമായ വിഷയങ്ങളോടു സംബന്ധിക്കണ’മെന്നു നമുക്കു വിശ്വാസം തോന്നിപ്പിക്കുന്നതായി ഉള്ളിൽ ഉണ്ടാകുന്ന വിചാരങ്ങൾ എല്ലാം മുക്തിക്കു പ്രതിബന്ധങ്ങളാണു്. പുരുഷൻ സ്വഭവേനതന്നെ സുഖസ്വരൂപനും ഭാഗ്യസ്വരൂപനുമാകുന്നു. ആ ബോധം പഴയ സംസ്ക്കാരങ്ങളാൽ ആവൃതമായിപ്പോയി. ആ സംസ്ക്കാരങ്ങൾ സ്വയമേവ അനുഭവത്തിൽ വന്നു തീരേണ്ടിയും ഇരിക്കുന്നു.
അർത്ഥം: ഏഷാം = ഇതുകളുടെ, ഹാനം = നാശം, ക്ലേശവൽ = മുൻപ്രസ്താവിച്ചിട്ടുളള അവിദ്യാദികളായ പഞ്ചക്ലേശങ്ങളുടേ (നാശം) എന്നപോലെ, ഉക്തം = പറയപ്പെട്ടിരിക്കുന്നു.
അർത്ഥം: പ്രസംഖ്യാനേ = എല്ലാ തത്വങ്ങളേയും യഥാസ്ഥിതി തിരിച്ചറിയുമ്പോൾ, അപി = കുടിയും, അകുസീദസ്യ = ഫലസിദ്ധികളിൽ ഇച്ഛയില്ലാത്തവനു്, സർവഥാ വിവേകഖ്യാതേഃ = എല്ലാ പ്രകാരത്തിലുള്ള വിവേകശക്തിയുമുണ്ടായ ശേഷം, ധർമ്മമേഘഃ = ധർമ്മമേഘം എന്ന (ധർമ്മത്തെ വർഷിക്കുന്നതു് എന്നർത്ഥമുള്ള, സമാധിഃ = സമാധി (ലഭിക്കുന്നു).
വിവേകജ്ഞാനം സിദ്ധമാകുമ്പോൾ കഴിഞ്ഞ പാദത്തിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ സിദ്ധികളും യോഗിക്കുണ്ടാകുന്നു. എന്നാൽ ശരിയായ യോഗി അവയെ എല്ലാം ത്യജിച്ചുകളയും. ആ യോഗിക്കു സമാധിയിൽ വിലക്ഷണമായ ഒരു ബോധം ഉണ്ടാകുന്നു. അതിനു ധർമ്മമേഘം എന്നു പറയുന്നു. ചരിത്രപ്രസിദ്ധന്മാരായി ലോകത്തിലുണ്ടായിട്ടുള്ള എല്ലാ വലിയ ദീർഘദർശികൾക്കും അതു സിദ്ധിച്ചിരുന്നു. അവർ എല്ലാവരും ജ്ഞാനത്തിന്റെ അടിസ്ഥാനം മുഴുവൻ തങ്ങളുടെ ഉള്ളിൽതന്നെ ആണെന്നു കണ്ടിരുന്നു. സത്യം അവർക്കു പ്രത്യക്ഷമായിരുന്നു. സിദ്ധികളെപ്പറ്റിയ അഭിമാനം അശേഷം അവർ കളഞ്ഞു. സമാധാനവും, ശാന്തിയും പൂർണ്ണമായ പരിശുദ്ധിയും അവരുടെ സ്വന്തസ്വഭാവമായിരുന്നു.
അർത്ഥം: തതഃ = അതിൽനിന്നു്, ക്ലേശകർമ്മനിവൃത്തിഃ = അവിദ്യാദികളായ ക്ലേശങ്ങളുടേയും കർമ്മത്തിന്റേയും നിവൃത്തിയുണ്ടാകുന്നു.
‘ധർമ്മമേഘസമാധി’ ഉണ്ടായാൽ പിന്നെ ഒരിക്കലും അധഃപതന ഭയമുണ്ടാകുന്നില്ല. ഒന്നിനും യോഗിയെ അധഃപതിപ്പിപ്പാൻ കഴിയുകയില്ല. അയാൾക്കു പിന്നെ ഒരിക്കലും ദോഷശങ്കപോലും വേണ്ട; ദുഃഖവും ഉണ്ടാകുകയില്ല.
അർത്ഥം: തദാ = അപ്പോൾ സർവാവരണമലാപേതസ്യ = അവിദ്യാദികളായ മലങ്ങളുടെ മൂടൽ എല്ലാം നീങ്ങിയിരിക്കുന്ന, ജ്ഞാനസ്യ = ജ്ഞാനത്തിനു്, ആനന്ത്യാൽ = അഖണ്ഡത്വം സിദ്ധിക്കുന്നതുകൊണ്ടു്, ജ്ഞേയം = ജേഞയമായ ബ്രഹ്മാണ്ഡം മുഴുവൻ, അല്പം = കൃശമായിപ്പോകുന്നു.
ജ്ഞാനം മാത്രം ശേഷിക്കും, അതിനേ മൂടിമറച്ചിരുന്ന മലങ്ങൾ എല്ലാം നീങ്ങിപ്പോകും. ഒരു ബുദ്ധാഗമഗ്രന്ഥത്തിൽ ബുദ്ധൻ എന്ന പദത്തിന്റെ അർത്ഥം പറഞ്ഞിരിക്കുന്നതു്, അതു് ഒരു അവസ്ഥയുടെ പേരെന്നാണു്; ആ അവസ്ഥയുടെ ലക്ഷണത്തെ ആ ഗ്രന്ഥം നിർവചിക്കുന്നതു്, അതു ആകാശംപോലെ അഖണ്ഡാകാരമായ ബോധം എന്നാണു്. യേശു ആ അവസ്ഥയെ പ്രാപിച്ചിട്ടാണു് ക്രിസ്തു ആയിത്തീർന്നതു്. നിങ്ങൾ എല്ലാവരും ആ അവസ്ഥയെ പ്രാപിക്കും. അപ്പോൾ ബോധം അഖണ്ഡപരിപൂർണ്ണമായി പ്രകാശിക്കുകയും വിഷയമായ പ്രപഞ്ചം ചെറുതായി തോന്നുകയും ചെയ്യും. ഈ ബ്രഹ്മാണ്ഡവും അതിൽ അടങ്ങിയ ദൃശ്യങ്ങളായ സകല വിഷയങ്ങളും പുരുഷന്റെ മുമ്പിൽ കേവലം നിസ്സാരമായ അണുവായിപ്പോകും. ഒരു സാധാരണ മനുഷ്യൻ തന്നെ കൃശനാണെന്നു വിചാരിക്കുന്നു; എന്തുകൊണ്ടെന്നാൽ ദൃശ്യമായ പ്രപഞ്ചം അവനു അഖണ്ഡമെന്നു തോന്നുന്നു.
അർത്ഥം: തതഃ = അനന്തരം, കൃതാർഥാനാം = കാര്യം സാധിച്ചുതീർന്ന, ഗുണാനാം = സത്വാദിഗുണങ്ങളുടെ, പരിണാമ ക്രമസമാപ്തിഃ = പരിണാമക്രമം (താഴെപറയും) നിന്നുപോകുന്നു.
അപ്പോൾ ഗുണങ്ങളുടെ ഒരു ജാതിയിൽ നിന്നു മറ്റൊരു ജാതിയിലേക്കു ഇടവിടാതെ മാറിക്കൊണ്ടിരിക്കുന്ന നാനാപ്രകാരേണയുള്ള മാറ്റങ്ങൾ അശേഷം അവസാനിക്കും.
അർത്ഥം: ക്ഷണപ്രതിയോഗീ = അനുഭൂതക്ഷണത്തിന്റെ നേരെ അടുത്ത ഉത്തരക്ഷണവൃത്തിയായി, പരിണാമാപരാന്തനിർഗ്രാഹ്യം = പരിണാമത്തിന്റെ (മാറ്റത്തിന്റെ) അവസാനത്തിൽ ഗ്രഹിക്കപ്പെടുന്നതുമായ (ആനന്തര്യം ആണു്), ക്രമഃ = ക്രമം എന്നതു്.
പതഞ്ജലിമഹർഷി ഇവിടെ ‘ക്രമ’ത്തിന്റെ ലക്ഷണം നിർവചിക്കുന്നു. ക്രമം എന്നാൽ ക്ഷണംപ്രതി ഭിന്നമായി ഉണ്ടാകുന്ന മാറ്റങ്ങൾ അത്രേ. ഞാൻ എന്തെങ്കിലും വിചാരിച്ചുകൊണ്ടിരിക്കുന്നതിനിടക്കു അനേകക്ഷണങ്ങൾ കഴിഞ്ഞുപോകുന്നു. ഓരോ ക്ഷണത്തിലും വിചാരത്തിനു മാറ്റവുമുണ്ടാകുന്നുണ്ടു്. എന്നാൽ ആ വിചാരപ്രവാഹം അവസാനിച്ച ശേഷം മാത്രമേ ആ മാറ്റങ്ങളെ നാം കാണുന്നുള്ളു. അതുകൊണ്ടു കാലത്തിന്റെ സാക്ഷാൽകാരം എപ്പോഴും ഓർമ്മയിൽ നിന്നു മാത്രമേ ഉണ്ടാകുന്നുള്ളു. ഇതിനാണു് ക്രമം എന്നു പറയുന്നതു്. എന്നാൽ നിത്യത്വം സാധിച്ച മനസ്സിനു് അതെല്ലാം നിന്നുപോയിരിക്കുന്നു. അതിന്നു എല്ലാം വർത്തമാനകാലം തന്നെ. വർത്തമാനം മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു. ഭൂതവും ഭാവിയും നശിച്ചുപോയി. ആ മനസ്സു് നിയന്ത്രിതമായി നിൽക്കുന്നു. ഒരു ക്ഷണത്തിൽ സകല ജ്ഞാനവും അതിന്റെ മുമ്പിൽ ഉണ്ടാകുന്നു. മിന്നൽ എന്നപോലെ അതു ഒരു ക്ഷണത്തിൽ എല്ലാറ്റിനേയും കാണുന്നു.
അർത്ഥം: പുരുഷാർത്ഥശൂന്യാനാം = പുരുഷനായ്കൊണ്ടുള്ള ഉപയോഗങ്ങൾ കഴിഞ്ഞു ശേഷിച്ച, ഗുണാനാം = സത്വരജസ്തമോ ഗുണങ്ങളുടെ, പ്രതിപ്രസവഃ = തിരികെ പ്രകൃതിയിലുള്ള ലയം, കൈവല്യം = മുക്തി (ആകുന്നു), സ്വരൂപപ്രതിഷ്ഠ = വൃത്തിസാരൂപ്യം കുടാതെ സ്വസ്വരൂപമാത്രമായി സ്ഥിതിചെയ്യുന്ന, ചിതിശക്തിഃ = ചിച്ഛക്തിഃ (പുരുഷജ്ഞാനശക്തി) കൈവല്യം ആകുന്നു. ഇതി = സമാപ്തം.
പ്രകൃതിയുടേ ചുമതല തീർന്നു. നമ്മുടെ കനിവേറിയ വളർത്തമ്മയായ പ്രകൃതി സ്വാർത്ഥലേശം കൂടാതെ തന്നത്താൻ ഏറ്റുഭരിച്ചുവന്ന തന്റെ ആ ചുമതലതീർന്നു. തന്നത്താൻ മറന്ന ആത്മാവിനെ അവൾ മെല്ലേ കൈക്കുപിടിച്ചുകൊണ്ടു പ്രപഞ്ചത്തിലുള്ള പരിണാമങ്ങളാകുന്ന അനുഭവവിശേഷങ്ങൾ എല്ലാം കാട്ടിക്കൊടുത്തു. പലപല ശരീരങ്ങൾ വഴിയായി അവനെ ഉയർന്ന ഉയർന്ന സ്ഥാനങ്ങളിലേക്കു കൊണ്ടുവരുന്നു. അങ്ങനെ ഒടുവിൽ അവന്റെ മാഹാത്മ്യം അവനു തിരികെ ലഭിക്കുകയും അവൻ സ്വസ്വരൂപത്തെ ഉള്ളപോലെ കണ്ടറികയും ചെയ്യുന്നു. എന്നിട്ടു് ആ ദയാലുവായ അമ്മ ജീവിതമാകുന്ന അതിരില്ലാത്ത വലിയ മണൽക്കാട്ടിൽ വഴിയറിയാതെ കുഴങ്ങുന്ന മറ്റ് ആത്മാക്കളേയും അപ്രകാരം രക്ഷിപ്പാനായി വന്നപോലെതന്നെ മടങ്ങിപ്പോകുന്നു. ഇപ്രകാരം അവൾ ആദിയും, അന്തവുമില്ലാതെ ഗുണങ്ങളിലും ദോഷങ്ങളിലും കൂടി അന്തമില്ലാത്ത ആത്മപ്രവാഹം സ്വാത്മാനുഭവം അല്ലെങ്കിൽ കൈവല്യമാകുന്ന മഹാസമുദ്രത്തിലേക്കു ഒഴുകിക്കൊണ്ടേ ഇരിക്കുന്നു.
സ്വസ്വരൂപത്തെ അനുഭവിച്ചറിഞ്ഞ മഹാപുരുഷന്മാർ സർവോൽകർഷേണ വർത്തിക്കട്ടെ. നമ്മേ എല്ലാവരെയും അവർ അനുഗ്രഹിക്കുമാറാകട്ടെ. കൈവല്യപാദം കഴിഞ്ഞു. സമാപ്തം.