രാജയോഗം എട്ടംഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തതു്, യമം. അതായതു് അഹിംസാ, സത്യം, അസ്തേയം (മോഷ്ടിക്കായ്ക), ബ്രഹ്മചര്യം, അപരിഗ്രഹം (ആരോടും ഒന്നിനേയും സ്വീകരിക്കായ്ക) ഇവ. രണ്ടാമത്തേതു് നിയമം. അതായതു ശൗചം, സന്തോഷം, തപസ്സു്, സ്വാദ്ധ്യായം (വേദപാഠം ജപം മുതലായതു്) ഈശ്വരപ്രണിധാനം (സകല കർമ്മങ്ങളും, ഈശ്വരാർപ്പണമായി ചെയ്യുക) ഇവ. അടുത്തതു്, ആസനം; പിന്നെ പ്രാണായാമം; അതായതു് ശരീരത്തിലെ പ്രാണശക്തികളുടെ നിയമനം. പിന്നെ ധാരണ; അതായതു്, മനസ്സിന്റെ ഏകാഗ്രീകരണം. അനന്തരം ധ്യാനം; അതായതു് ഏകാഗ്രത. ഒടുവിലത്തേതു് സമാധി അല്ലെങ്കിൽ ബോധാതീതാവസ്ഥ, ഇവയാകുന്നു. ഈ യമവും, നിയമവും, സദാചാരസംബന്ധമായ അഭ്യാസങ്ങളാണെന്നു നാം കാണുന്നുവല്ലോ; അവയോടുകൂടാതെ യോഗം ഒരിക്കലും ഫലവത്താകയില്ല. ഒരു യോഗി വിചാരം കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരുത്തനേയും ഉപദ്രവിപ്പാൻ നോക്കരുതു്. മനുഷ്യനെ മാത്രം ഉപദ്രവിക്കാതിരുന്നതു കൊണ്ടായില്ല; ഒരു ജന്തുവിനേയും ഉപദ്രവിക്കരുതു്. മനുഷ്യരുടെ നേരെ മാത്രം കാരുണ്യം ഉണ്ടായാൽ പോരാ; കാരുണ്യം അവരെ കടന്നു പോകയും, ലോകം മുഴുവൻ വ്യാപിക്കയും ചെയ്യണം.
അടുത്ത അംഗം ആസനം, അതായതു് ഇരിപ്പാണു്. ഒരു ഉദ്ദിഷ്ടമായ ഉയർന്ന പടിയിൽ എത്തുന്നതുവരെ മാനസികവും കായികവുമായ പല അഭ്യാസങ്ങൾ ദിവസം പ്രതി പരിശീലിച്ചു പോരേണ്ടതായുണ്ടു്. അതുകൊണ്ടു ഏതിരിപ്പിൽ നമുക്കു അധിക നേരമിരിപ്പാൻ കഴിയുമോ അങ്ങനെയുള്ള ഒരാസനം കണ്ടുപിടിക്കേണ്ടതു് അത്യാവശ്യമത്രേ. ഓരോരുത്തനും ഏറ്റവും സുഖകരമായിത്തോന്നുന്ന ആസനം ഏതോ അതാണു് സ്വീകരിക്കേണ്ടതു്. എന്തുകൊണ്ടെന്നാൽ ഒരുത്തനു ഒരേവിധം ഇരിപ്പിൽ ഇരുന്നു കൊണ്ടു ധ്യാനിക്കുന്നതു് എളുപ്പമായിരിക്കും. എന്നാൽ മറ്റൊരുത്തനു അതു വളരെ പ്രയാസമെന്നും വന്നേക്കും. അന്തഃകരണശാസ്ത്രീയമായ ഈ വിഷയങ്ങളുടെ അഭ്യാസത്തിൽ ശരീരത്തിൽ ഒട്ടധികം വ്യാപാരങ്ങൾ നടപ്പാൻ പോകുന്നതായി നാം വഴിയെ കാണും. പ്രാണചലനമാർഗ്ഗങ്ങൾ മാറ്റപ്പെടേണ്ടതായും പുതിയ വഴികൾ തുറക്കപ്പെടേണ്ടാതായും വരും. ഒരു പുതിയ മാതിരി വിസ്ഫുരണങ്ങൾ [1] ആരംഭിക്കുകയും ശരീരബന്ധം മുഴുവൻ നവീകരിക്കപ്പെട്ടപോലെ ആവുകയും ചെയ്യും. വ്യാപാരത്തിന്റെ പ്രധാനഭാഗം തണ്ടെല്ലുവഴിയായിട്ടാണു നടക്കുന്നതു്. അതുകൊണ്ടു ആസനത്തിന്നു സൂക്ഷിക്കേണ്ട ഒരു കാര്യം തണ്ടെല്ലിനെ നിർബാധമായി വച്ചുകൊള്ളുകയാകുന്നു. ‘അതായതു് നിവർന്നിരുന്നു ഹൃദയം, കണ്ണു്, ശിരസ്സു് ഈ മൂന്നു ഭാഗങ്ങളേയും ശരിയായി ഋജുവാക്കി വച്ചുകൊള്ളുകതന്നെ. ശരീരത്തിന്റെ മുഴുവൻ ഭാരവും വാരിയെല്ലുകൾ വഹിക്കത്തക്കവണ്ണം വിട്ടേക്കുക. അപ്പോൾ തണ്ടെല്ലു ഋജുവായിരിക്കുകയും സുഖകരവും സ്വാഭാവികവുമായ ഒരു ആസനം സിദ്ധമാകയും ചെയ്യും. നെഞ്ചിനെ അകത്തോട്ടു (കുമ്പിട്ടു്) ആക്കി ഇരുന്നിട്ടു വളരെ ഉയർന്നവിധത്തിലുള്ള വിചാരങ്ങൾ വിചാരിപ്പാൻ കഴികയില്ലെന്നു നിങ്ങൾക്കു സ്വാഭാവികമായി മനസ്സിലാകും. യോഗത്തിന്റെ ഈ ഭാഗത്തിന്നു വെറും ശാരീരമായ ഹഠയോഗത്തോടു കുറഞ്ഞൊരു സാദൃശ്യമുണ്ടു്. ഹഠയോഗത്തിന്റെ ഉദ്ദേശം ശരീരത്തെ വളരെ ബലവത്താക്കുകയാണു്. പ്രസ്താവസംഗതിയിൽ നമുക്കു അതുകൊണ്ടു കാര്യമില്ല. എന്തുകൊണ്ടെന്നാൽ അതിന്റെ അഭ്യാസങ്ങൾ കൃച്ഛ്രസാദ്ധ്യങ്ങളാണു്. അല്പദിവസംകൊണ്ടൊന്നും അതിനെ അറിഞ്ഞെന്നും വരുന്നതല്ല. ഒടുവിൽ അദ്ധ്യാത്മമായ അഭിവൃദ്ധിയിലേക്കു അതു നമ്മെ നയിക്കുന്നില്ലതാനും. ശരീരത്തെ ഓരോ ആസനങ്ങളിൽ വെയ്കുന്നതായ പല അഭ്യാസക്രമങ്ങളെ ഡൽസർട്ടി (delsarte) യുടേയും, മറ്റു ആചാര്യൻമാരുടേയും പുസ്തകങ്ങളിൽ നിങ്ങൾക്കു കാണാം. എന്നാൽ അവയുടെ ഉദ്ദേശം കായികമാകുന്നു, മാനസികമല്ല. മനുഷ്യനു തന്റെ പൂർണ്ണമായ ആജ്ഞയിൻകീഴിൽ നിറുത്താൻ കഴിയാത്തതായി ഒരു മാംസപേശിയെങ്കിലും ശരീരത്തിൽ ഇല്ല. അവൻ കൽപിച്ചാൽ ഹൃദയം സ്പന്ദിക്കാതെ നിന്നുപോകുകയോ, സ്പന്ദിച്ചുകൊണ്ടിരിക്കുകയോ ചെയ്യും. ശരീരയന്ത്രത്തിന്റെ ഏതുഭാഗവും അവന്റെ കല്പനപോലെ പ്രവർത്തിക്കും.
യോഗത്തിൽ ഈ ഭാഗത്തിന്റെ ഫലം മനുഷ്യരെ ചിരഞ്ജീവികളാക്കുകയാണു്. ഹഠയോഗിയുടെ മുഖ്യ ഉദ്ദേശ്യവും ആരോഗ്യമത്രേ. തനിക്കു രോഗം പിടിപെടുകയില്ലെന്നു അയാൾക്കു ഉറപ്പുണ്ടു്, പിടിപെടുന്നുമില്ല. അയാൾ വളരെക്കാലം ജീവിക്കുന്നു. നൂറു വർഷം, അയാൾക്കു ഒരു കാര്യമേയല്ല. നൂറ്റിഅമ്പതാംവയസ്സിൽ അയാൾ വെറും നവയൗവന സമ്പന്നനായിരിക്കും; ഒറ്റ രോമം നരച്ചിട്ടുണ്ടായിരിക്കയില്ല. എന്നാൽ അത്രമാത്രമേയുള്ളു. ചിലപ്പോൾ ഒരു പേരാൽവൃക്ഷം 5000 കൊല്ലം ജീവിക്കുന്നു. എന്നാൽ അതു ഒരു പേരാൽ വൃക്ഷം തന്നെ. വിശേഷമൊന്നുമില്ല. അതുകൊണ്ടു ഒരു മനുഷ്യൻ അധികകാലം ജീവിച്ചിരിക്കയാണെങ്കിൽ അവൻ ഒരു ആരോഗ്യമുള്ള ജന്തുവായി. അത്രതന്നെ. ഹഠയോഗത്തിലെ ഒന്നോ രണ്ടോ സാധാരണ ഉപദേശങ്ങൾ വളരെ ഉപയോഗമുള്ളവയാണു്. ദൃഷ്ടാന്തം പറയാം. കാലത്തു എഴുന്നേറ്റ ഉടനെ മൂക്കിന്റെ ദ്വാരത്തിൽകൂടി കുറെ പച്ചവെള്ളം കുടിക്കുന്നതു് തലവേദനകൾക്കു് വളരെ ഗുണമുള്ളതാണെന്നു് നിങ്ങളിൽ ചിലർ പരീക്ഷിച്ചു നോക്കിയാൽ അറിയാം. ആ ദിവസം എല്ലാം നിങ്ങളുടെ തലച്ചോറു മുഴുവൻ സ്വച്ഛമായും, ശീതളമായുമിരിക്കും. ഒരിക്കലും ജലദോഷം വരുകയുമില്ല. അതു ചെയ്വാൻ വളരെ എളുപ്പമാണു്. മൂക്കിനെ വെള്ളത്തിൽ മുക്കുക. തൊണ്ടകൊണ്ടു് കുഴലിൽനിന്നു വെള്ളം വലിച്ചെടുക്കുമ്പോലെ മേല്പോട്ടു വലിക്കുക.
സ്ഥിരവും, ഋജുവുമായ ഒരു ആസനം ബന്ധിപ്പാൻ പഠിച്ച ശേഷം ഒരുവൻ ചെയ്യേണ്ടതു ചിലരുടെ അഭിപ്രായപ്രകാരം നാഡീ ശോധനം എന്നു പറയുന്ന ഒരഭ്യാസമാണു്. ഈ ഭാഗം രാജയോഗത്തിൽ ഉൾപ്പെട്ടതല്ലെന്നു പറഞ്ഞു ചിലർ ഉപേക്ഷിച്ചിരിക്കുന്നു. ആപ്തനായ ഭാഷ്യക്കാരൻ ശങ്കരാചാര്യർ ഇതിനെ ഉപദേശിക്കുന്നതുകൊണ്ടു് ഇതിനെപ്പറ്റി വിവരിക്കുന്നതു് യുക്തമാണെന്നുതന്നെ ഞാൻ വിചാരിക്കുന്നു. ശ്വേതാശ്വതരോപനിഷത്തിന്റെ ഭാഷ്യത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നതിനെത്തന്നെ ഞാൻ ഇവിടെ ഉദ്ധരിക്കുകയും ചെയ്യാം. ‘പ്രാണായാമ പരിശീലനം കൊണ്ടു് നിർമ്മലമാക്കപ്പെട്ട മനസ്സു ബ്രഹ്മധ്യാനത്തിൽ സ്ഥിരതയെ അവലംബിക്കുന്നു; ആ കാരണത്താൽ പ്രാണായാമം നിർദ്ദേശിക്കപ്പെടുന്നു. ആദ്യം നാഡികളെ ശുദ്ധീകരിക്കണം; അപ്പോൾ പ്രാണായാമം അഭ്യസിപ്പാനുള്ള ശക്തിയുണ്ടാകും. വലത്തെ മൂക്കിന്റെ ദ്വാരം പെരുവിരൽകൊണ്ടടച്ചിട്ട് ഇടത്തെ മൂക്കിന്റെ ദ്വാരത്തിൽകൂടി യഥാശക്തി വായുവിനെ അകത്തോട്ടു വലിക്കുക. എന്നിട്ടു ഇടയ്ക്കു ഒട്ടും വിളംബിക്കാതെതന്നെ ആ വായുവിനെ ഇടത്തെമൂക്കിന്റെ ദ്വാരം അടച്ചുകൊണ്ടു വലത്തേമൂക്കിന്റെ ദ്വാരത്തിൽകൂടി വെളിക്കു വിടുക. വീണ്ടും വലത്തേ മൂക്കിൽക്കൂടി വായുവിനെ അകത്തോട്ടു വലിച്ചിട്ടു ഇടത്തേതിൽകൂടി യഥാശക്തി പുറത്തേക്കു കളയുക. ഇങ്ങനെ മൂന്നോ അഞ്ചോ പ്രാവശ്യം, സൂര്യോദയത്തിന്നു മുമ്പിലും, മദ്ധ്യാഹ്നത്തിലും, സന്ധ്യക്കും, പാതിരാത്രിക്കും ആയി ദിവസം പ്രതി നാലു തവണ മുടങ്ങാതെ പരിശീലിച്ചുകൊണ്ടിരുന്നാൽ 15 ദിവസങ്ങൾക്കോ ഒരു മാസത്തിനോ ഉള്ളിൽ നാഡീശുദ്ധിയുണ്ടാകുന്നു. അനന്തരം പ്രാണായാമം ആരംഭിക്കണം.’
അഭ്യാസം കൂടിയേ കഴിയു. നിങ്ങൾ ദിവസം പ്രതി എല്ലാ മണിക്കൂറിലും ഞാൻ പറയുന്നതിനെ ഇവിടെ ഇരുന്നു ശ്രദ്ധവച്ചു കേൾക്കുന്നു എന്നു വരാം. എന്നാൽ നിങ്ങൾ കേട്ടതിനെ അഭ്യസിക്കുന്നില്ലെങ്കിൽ ഒരു ചുവടു നിങ്ങൾ മുമ്പോട്ടു പോകയില്ല. എല്ലാം അഭ്യാസത്തെ ആശ്രയിച്ചാണിരിക്കുന്നതു്. ഈ സംഗതികൾ നമുക്കു അനുഭവത്തിൽ വന്നെങ്കിലല്ലാതെ ഒരിക്കലും മനസ്സിലാകുന്നില്ല. നമുക്കുവേണ്ടി നാം തന്നെ അവയെ കാണുകയും, അനുഭവിയ്ക്കയും വേണം. കേവലം വ്യാഖ്യാനങ്ങളേയും, സിദ്ധാന്തങ്ങളേയും കേട്ടു കൊണ്ടിരുന്നാൽ പോരാ. അഭ്യാസത്തിന്നു പല പ്രതിബന്ധങ്ങൾ ഉണ്ടു്. ആദ്യത്തെ പ്രതിബന്ധം ആരോഗ്യമില്ലാത്ത ശരീരം തന്നെ. ശരീരം ശരിയായ സ്ഥിതിയിൽ ഇരിക്കുന്നില്ലെങ്കിൽ അഭ്യാസത്തിന്നു വിഘ്നം നേരിടുന്നു. അതുകൊണ്ടു നാം അതിനെ നല്ല ആരോഗ്യാവസ്ഥയിൽ സൂക്ഷിക്കേണ്ടതാകുന്നു. നാം തിന്നുകയും, കുടിക്കുകയും ചെയ്യുന്ന വസ്തുക്കളെയും, ചെയ്യുന്ന പ്രവൃത്തികളെയും പറ്റി സൂക്ഷിക്കണം. (‘ക്രിസ്ത്യൻ സയൻസ്’എന്നു പറയുന്ന മാതിരിയിലുള്ള) മനസ്സിന്റെ ഒരുദ്യമം ശരീരത്തെ ബലവത്തായി വെയ്ക്കുന്ന വിഷയത്തിൽ എപ്പോഴും ഉണ്ടായിരിക്കണം. അതുമതി. ശരീരത്തെപറ്റി ഇതിലധികമൊന്നും പറവാനില്ല. ആരോഗ്യം ഒരു സാദ്ധ്യത്തിനായുള്ള സാധനം മാത്രമാണെന്നതിനെ നാം ഒരിക്കലും മറക്കരുതു്. ആരോഗ്യം അസാദ്ധ്യമായിരുന്നുവെങ്കിൽ നാം പക്ഷിമൃഗാദിജന്തുക്കളെപ്പോലെ ഇരിക്കേണ്ടതാണു്. ആ ജന്തുക്കൾക്കു് അപൂർവ്വമായേ രോഗം പിടിപെടാറുള്ളു.
രണ്ടാമത്തെ പ്രതിബന്ധം സംശയമാണു്. നാം കാണാത്ത കാര്യങ്ങളെപ്പറ്റി എപ്പോഴും നമുക്കു സംശയം തോന്നുന്നു. മനുഷ്യൻ അവൻ എത്രതന്നെ ശ്രമിച്ചാലും വാക്കുകളെ വിശ്വസിച്ചുകൊണ്ടു ജീവിപ്പാൻ കഴികയില്ല. അതുകൊണ്ടു് ഈ കാര്യങ്ങളിൽ വല്ല വാസ്തവവും ഉണ്ടോ ഇല്ലയോ എന്നുള്ള സംശയം നമുക്കുണ്ടാകുന്നു. നമ്മിൽ ഏറ്റവും ഉത്തമമായ ആൾ കൂടിയും ചിലപ്പോൾ ഇങ്ങനെ സംശയിക്കും. അഭ്യാസത്തോടുകൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ ചില അനുഭവലേശങ്ങൾ വെളിപ്പെടും. നിങ്ങൾക്കു ധൈര്യത്തേയും, ആശംസയേയും നൽകുവാൻ അവ മതിയായിരിക്കും. യോഗശാസ്ത്രത്തിന്റെ ഒരു വ്യാഖ്യാതാവു പറയുന്നതുപോലെ ‘ഒരു ദൃഷ്ടാന്തം എത്രതന്നെ നിസ്സാരമായിരുന്നാലും, അനുഭവത്തിൽ വരുമ്പോൾ അതു നമുക്കു യോഗത്തിലുള്ള മറ്റെല്ലാ ഉപദേശങ്ങളിലും വിശ്വാസത്തെ നല്കും.’ ഉദാഹരണം: ഉപദേശവും, അഭ്യാസവും ആരംഭിച്ചു് ആദ്യത്തെ ഏതാനും മാസങ്ങൾ കഴിയുമ്പോൾ നിങ്ങൾക്കു് മറ്റുള്ളവരുടെ വിചാരങ്ങളെ ഗ്രഹിപ്പാൻ കഴിയുമെന്നു നിങ്ങൾ കാണും. അവ ഒരു ചിത്രപടം പോലെ നിങ്ങളുടെ മുമ്പിൽ തോന്നും. നിങ്ങൾ മനസ്സിനെ ഏകാഗ്രപ്പെടുത്തിക്കേൾപ്പാൻ ശ്രമിക്കുമ്പോൾ വളരെ ദൂരത്തിൽ സംഭവിക്കുന്ന വല്ലതിനേയും, നിങ്ങൾ പക്ഷേ കേൾക്കും. ഈ ബോധാങ്കുരങ്ങൾ ആദ്യം വെറും ലേശമാത്രമായിരിക്കും. എങ്കിലും നിങ്ങൾക്കു് വിശ്വാസവും ധൈര്യവും ആശാബന്ധവും നൽകുന്നതിന്നു് അവ മതിയാകും. ദൃഷ്ടാന്തം പറയാം. നിങ്ങളുടെ വിചാരങ്ങളെ നിങ്ങൾ നാസാഗ്രത്തിലേക്കു ഏകാഗ്രപ്പെടുത്തുകയാണെങ്കിൽ അല്പദിവസങ്ങൾക്കുള്ളിൽ അതിമനോഹരമായ ഒരു സൗരഭ്യം അവിടെ നിങ്ങൾക്കു പ്രത്യക്ഷമായി തുടങ്ങും. ബാഹ്യവിഷയങ്ങളുടെ സന്നികർഷം കൂടാതെ തന്നെ വെളിപ്പെടാവുന്ന ചില മാനസപ്രത്യക്ഷങ്ങൾ ഉണ്ടെന്നുള്ളതിനെ നിങ്ങൾക്കു കാട്ടിത്തരാൻ അതുമതിയാകും. എന്നാൽ ഇവ കേവലം സാധനങ്ങൾ അല്ലെങ്കിൽ ഉപായങ്ങൾ (മാത്രമെ) ആകുന്നുള്ളു എന്നുള്ളതിനെ നാം എല്ലായ്പ്പോഴും ഓർത്തുകൊള്ളണം. ഈ എല്ലാ അഭ്യാസങ്ങളുടേയും ഉദ്ദേശ്യവും, അവസാനവും, പരമകാഷ്ടയും ആത്മാവിന്റെ മോക്ഷമാകുന്നു. പരമോദ്ദേശ്യം പ്രകൃതിയെ നിശ്ശേഷം കീഴടക്കുക എന്നുള്ളതല്ലാതെ അതിൽ നിന്നും ന്യൂനമായ മറ്റൊന്നും ആയിപ്പോകരുതു്. നാം നേതാക്കളാകണം. പ്രകൃതി അങ്ങനെയാകരുതു്; ശരീരമോ, മനസ്സോ നമ്മുടെ നേതാക്കളാകരുതു്; ‘ശരീരം എന്റേതാണു്, ഞാൻ ശരീരത്തിന്റേതല്ല’ എന്നുള്ളതിനെ നാം മറക്കയും അരുതു്.
ഒരു ദേവനും, ഒരു അസുരനും, ആത്മാവിനെപറ്റി പഠിപ്പാനായി ഒരു വല്യ ഋഷിയുടെ അടുക്കൽ പോയി. അവർ അദ്ദേഹത്തിന്റെ അടുക്കൽ വളരെക്കാലം പഠിച്ചു. ഒടുവിൽ ഋഷി അവരോടു പറഞ്ഞു. ‘നിങ്ങൾ അറിവാൻ ആഗ്രഹിക്കുന്ന തത്വം നിങ്ങൾ തന്നെയാണു്’ അവരുടെ ശരീരങ്ങൾ തന്നെ ആത്മാവാണെന്നു രണ്ടുപേരും വിചാരിച്ചു. ‘നമുക്കു് എല്ലാം ആയി’ എന്നു അവർ പറഞ്ഞു. രണ്ടുപേരും, തങ്ങളുടെ കൂട്ടരുടെ അടുക്കൽ മടങ്ങി എത്തി ഇങ്ങനെ പ്രസ്താവിച്ചു. ‘നാം പഠിക്കാനുള്ളതെല്ലാം പഠിച്ചു; തിന്നുക, കുടിക്കുക, ഉല്ലാസമായിരിക്കുക, ആത്മാവു് നാം തന്നെയാണു്; ഇതിന്നപ്പുറമായി യാതൊന്നും തന്നെയില്ല. അസുരന്റെ സ്വഭാവം അജ്ഞാനവും, മൗഢ്യവും കൊണ്ടു് ആവൃതമായിരുന്നു. അതുകൊണ്ടു ഒരിക്കലും, അവൻ അപ്പുറം ഒന്നും അന്വേഷിപ്പാൻ പോയില്ല. എന്നാൽ താൻ തന്നെ ഈശ്വരനാണെന്നും ആത്മാവെന്നു പറഞ്ഞാൽ ശരീരമെന്നർത്ഥമാണെന്നുമുള്ള അഭിപ്രായം കൊണ്ടു് സംപൂർണ്ണമാംവണ്ണം തൃപ്തിപ്പെട്ടിരുന്നു. ദേവന്റെ സ്വഭാവം കുറേകൂടി ശുദ്ധമായിരുന്നു. അതുകൊണ്ടു് ആദ്യം അവൻ ഞാൻ അതായതു് ഈ ശരീരം ആത്മാവാകുന്നു എന്നും, അതുകൊണ്ടു് അതിനെ അരോഗമായും ദൃഡമായും വെക്കുകയും, വസ്ത്രാദികൾകൊണ്ടു് നല്ലവണ്ണം അലങ്കരിക്കയും, ശാരീരികമായ എല്ലാ സുഖഭോഗങ്ങളും അതിന്നു നൽകുകയും ചെയ്യണമെന്നും’ അബദ്ധമായി വിചാരിച്ചുപോയി. എന്നാൽ അല്പദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ ഗുരുവായ ഋഷി വിചാരിച്ച അർത്ഥം ഇതായിരിപ്പാൻ തരമില്ലെന്നു അയാൾ കണ്ടുപിടിച്ചു. ഇതിനേക്കാൾ ഉയർന്നതായ എന്തെങ്കിലും ആയിരിക്കണം. അതുകൊണ്ടു് അയാൾ തിരിയെ ചെന്നു പറഞ്ഞു. “സ്വാമി അവിടെന്നു എനിക്കുപദേശിച്ചതു് ശരീരം ആത്മാവാണെന്നാണോ? അങ്ങനെ ആണെങ്കിൽ ശരീരങ്ങൾ എല്ലാം നശിക്കുന്നതായി ഞാൻ കാണുന്നു. ആത്മാവു് നശിപ്പാൻ പാടില്ലല്ലോ.” “നീയാണിതു് ”, “കണ്ടുപിടിക്കുക” എന്നു ഋഷി പറഞ്ഞു. അപ്പോൾ ദേവൻ ശരീരത്തെ വ്യാപരിപ്പിക്കുന്ന പ്രാണൻ ആയിരിക്കണം ഋഷി പറഞ്ഞതിന്റെ അർത്ഥം എന്നും വിചാരിച്ചു. എന്നാൽ കുറച്ചുകൂടി കഴിഞ്ഞപ്പോൾ ആ ദേവൻ താൻ ഭക്ഷിക്കുന്നു എങ്കിൽ ഈ പ്രാണൻ ബലവത്തായും, ഉപവസിച്ചെങ്കിൽ ദുർബലമായും ഇരിക്കുന്നതായി കണ്ടു. വീണ്ടും ദേവൻ ഋഷിയുടെ അടുക്കൽ പോയി. സ്വാമി, “പ്രാണൻ ആത്മാവാണെന്നാണോ അവിടുന്നർത്ഥമാക്കുന്നതു്?” എന്നു ചോദിച്ചു. നിനക്കുവേണ്ടി, നീ തന്നെ അതു കണ്ടുപിടിച്ചുകൊൾക, “നീയാണിതു്” എന്നു ഋഷി പറഞ്ഞു. ദേവൻ വീണ്ടും, മടങ്ങിപ്പോയി. മനസ്സാണു് അതു്; പക്ഷേ, അതു തന്നെയായിരിക്കും ആത്മാവു് എന്നു വിചാരിച്ചു. എന്നാൽ രണ്ടുദിവസം കഴിഞ്ഞു് അയാൾ ഇങ്ങനെ ചിന്തിച്ചു, ‘വിചാരങ്ങൾ ഏറ്റവും വിഭിന്നങ്ങളായിരിക്കുന്നു. ചിലപ്പോൾ നല്ലവ, ചിലപ്പോൾ ചീത്തയായുള്ളവ, അതുകൊണ്ടു ആത്മാവായിരിക്കുവാൻ പാടില്ലാത്തവണ്ണം മനസ്സു അത്ര വികാരമുള്ളതായിരിക്കുന്നു.’ തിരിയെ ഋഷിയുടെ അടുക്കൽ ചെന്നു. “സ്വാമി! ആത്മാവു് മനസ്സാണെന്നു ഞാൻ വിചാരിക്കുന്നില്ല. അങ്ങനെയാണോ അവിടുന്നു അർത്ഥമാക്കുന്നതു്?” എന്നു ചോദിച്ചു. “അല്ല, നീയാണു് അതു്. തന്നത്താൻ കണ്ടുപിടിച്ചുകൊൾക” എന്നു ഋഷി മറുപടി പറഞ്ഞു. ദേവൻ മടങ്ങിപ്പോയി. ഒടുവിൽ വിചാരങ്ങൾക്കെല്ലാം അതീതമായ ആത്മചൈതന്യം അവൻ തന്നെ എന്നു കണ്ടു. ഏകമായി, ജനിമരണങ്ങളില്ലാത്തതായി, വാളിന്നു ഛേദിക്കുകയോ, അഗ്നിക്കു ദഹിക്കുകയോ, കാറ്റിന്നു ഉണക്കുകയോ, വെള്ളത്തിന്നു അലിക്കുകയോ ചെയ്വാൻ കഴിയാത്തതായി, ആരംഭമോ ഉത്ഭവമോ ഇല്ലാത്തതായി, നിസ്സംഗമായി, സർവജ്ഞനായും, സർവ്വശക്തിമത്തായും, ഉള്ള ആ സത്തു് ആണു താൻ എന്നും, അതു ശരീരമോ, മനസ്സോ അല്ലെന്നും അവയ്ക്കെല്ലാറ്റിനും അതീതമായിട്ടുള്ളതാണെന്നും കണ്ടു. അതുകൊണ്ടു് ദേവൻ കൃതാർത്ഥനായി. സാധുവായ ആ അസുരനാകട്ടെ, ശരീരത്തിൽ തനിക്കുള്ള അതിപ്രേമം കൊണ്ടു വാസ്തവം മനസ്സിലായില്ല.
ഈ അസുരസ്വഭാവമുള്ളവരായി ലോകത്തു വളരെ ആളുകൾ ഉണ്ടു്. എന്നാൽ ദേവന്മാരായും ചിലരൊക്കെ ഇല്ലെന്നില്ല. ഇന്ദ്രിയ സുഖാനുഭവ ശക്തിയെ ഉദ്ദീപിപ്പിക്കുന്ന ഒരു വിദ്യ പഠിപ്പിപ്പാനായി ഒരുവൻ പുറപ്പെടുകയാണെങ്കിൽ അതിനുവേണ്ടി ജനങ്ങൾ തിക്കിതിരക്കിക്കൂടുന്നതു കാണാം. മനുഷ്യവർഗ്ഗത്തിന്നു പരമഗതിയെ കാണിച്ചുകൊടുപ്പാൻ ഒരുവൻ ഒരുങ്ങുകയാണെങ്കിൽ അവർ അതിനെ അശേഷം ഗണ്യമാക്കാറേ ഇല്ല. സർവോപരിഷ്ടമായ ആ തത്വത്തെ ഗ്രഹിപ്പാൻ ശക്തിയുള്ളവർ വളരെ ചുരുക്കമാണു്. അതിനെ പ്രാപിപ്പാൻ വേണ്ട ക്ഷമയുള്ളവർ അതിനേക്കാൾ ചുരുക്കമത്രെ. എന്നാൽ ശരീരം ഒരായിരം കൊല്ലത്തേക്കു സൂക്ഷിച്ചു വെച്ചിരുന്നാലും അവസാനത്തെ ഫലം എല്ലാം തുല്യം തന്നെ എന്നും ഏതാനും ചിലർ അറിയുന്നുണ്ടു്. ശരീരത്തെ ഒന്നായി ധരിച്ചുകൊണ്ടിരിക്കുന്ന ഘടകശക്തികൾ എപ്പോൾ പൊയ്പോകുന്നുവോ അപ്പോൾ ശരീരം വീഴുക തന്നെ ചെയ്യും. ശരീരത്തെ അതിന്റെ മാറ്റത്തിൽനിന്നും ഒരു നിമിഷം തടുത്തുവെയ്ക്കാൻ കഴിഞ്ഞിട്ടുള്ള ഒരു മനുഷ്യൻ ഇതുവരെ ജനിച്ചിട്ടില്ല. ശരീരം എന്നതു മാറ്റങ്ങളുടെ ധാരണയ്ക്കുള്ള പേരാകുന്നു. ‘ഒരു നദിയുടെ പ്രവാഹങ്ങൾ ക്ഷണം തോറും നിങ്ങളുടെ മുമ്പിൽ മാറിക്കൊണ്ടിരിക്കുകയും, പുതിയ പ്രവാഹങ്ങൾ വന്നുകൊണ്ടിരിക്കുകയും എങ്കിലും നദി തുല്യരൂപത്തെ വഹിച്ചിരിക്കയും ചെയ്യുന്നതെങ്ങനേയോ ശരീരത്തിന്റേയും സ്ഥിതി അങ്ങിനെ ആകുന്നു.’ എന്നാലും, ശരീരത്തെ ബലവത്തായും, അരോഗമായും വച്ചുകൊള്ളേണ്ടതുതന്നെ. അതു നമുക്കുള്ള മുഖ്യമായ സാധനമാണു്.
ഈ മനുഷ്യശരീരം ലോകത്തിൽവെച്ചു് ഉൽകൃഷ്ടമായ ശരീരമാകുന്നു. മനുഷ്യജീവി, ലോകത്തിൽവെച്ചു് ഉൽകൃഷ്ടജീവിയുമാണു്. എല്ലാ ജന്തുക്കളേയുംകാൾ മനുഷ്യൻ ശ്രേഷ്ഠനാകുന്നു. മനുഷ്യനെക്കാൾ ശ്രേഷ്ഠനായി ആരും തന്നെ ഇല്ല. ദേവന്മാർ പോലും അവതരിച്ചു ഒരു മനുഷ്യശരീരത്തെ കൈക്കൊണ്ടിട്ടു വേണം മോക്ഷം പ്രാപിപ്പാൻ. മനുഷ്യൻ മാത്രമേ പരിപൂർണ്ണതയെ പ്രാപിക്കുന്നുള്ളു, ദേവന്മാർകൂടിയും പ്രാപിക്കുന്നില്ല. യഹൂദന്മാരുടേയും, മുഹമ്മദീയരുടേയും മതപ്രകാരം ഈശ്വരൻ ദേവന്മാരേയും, മറ്റെല്ലാവരേയും സൃഷ്ടിച്ചശേഷമാണു മനുഷ്യനെ സൃഷ്ടിച്ചതു്. മനുഷ്യനെ സൃഷ്ടിച്ചിട്ട് ഈശ്വരൻ, ദേവന്മാരെ വിളിച്ചു അവനു സലാം കൊടുപ്പാൻ കൽപിച്ചു. ഇബിലീസിനെ ഒഴിച്ചു് മറ്റെല്ലാവരും അപ്രകാരം ചെയ്തു. അതുകൊണ്ടു ഈശ്വരൻ ഇബിലീസിനെ ശപിക്കയും അവൻ സാത്താൻ അല്ലെങ്കിൽ പിശാചു് ആയിത്തീരുകയും ചെയ്തു. നമുക്കു ലഭിപ്പാൻ കഴിയുന്ന ജന്മങ്ങളിൽ മുഖ്യമായിട്ടുള്ളതു് മനുഷ്യജന്മം ആണെന്നുള്ളതാകുന്നു് ഈ അന്യാപദേശത്തിന്റെ അടിയിലുള്ള മഹത്തായ പരമാർത്ഥം. താണതരം സൃഷ്ടികൾ, അതായതു് ജന്തുക്കൾ ജഡബുദ്ധികളാണു്. പ്രായേണ അവ താമസഗുണത്തിൽനിന്നും സൃഷ്ടിക്കപ്പെട്ടവയും ആകുന്നു. ജന്തുക്കൾക്കു ഉയർന്നതരം വിചാരങ്ങൾ ഒന്നും വിചാരിപ്പാൻ കഴികയില്ല. മനുഷ്യസമുദായത്തിലും അതുപോലെ തന്നെ അതിമാത്രമായ ധനവും അതിമാത്രമായ ദാരിദ്ര്യവും ആത്മാവിന്റെ ഉത്കൃഷ്ടതരമായ അഭിവൃദ്ധിക്കു പ്രതിബന്ധവുമാകുന്നു. ഇടത്തരം ജനങ്ങളുടെ ഇടയിൽനിന്നാണു് ലോകത്തിലെ മഹാത്മാക്കൾ എല്ലാം ഉണ്ടാകുന്നതു്. ഇവരിലാണു് ശക്തികൾ തുല്യമായി ഘടിപ്പിക്കപ്പെട്ടും സമീകരിക്കപ്പെട്ടും ഇരിക്കുന്നതു്.
പ്രകൃതത്തിലേക്കു തിരിഞ്ഞാൽ നമ്മുടെ അടുത്ത വിഷയം പ്രാണായാമം അല്ലെങ്കിൽ ശ്വാസനിയമനം ആകുന്നു. മനഃശക്തികളെ ഏകാഗ്രീകരിക്കുന്നതിനോടു് ഇതിനു് എന്തു സംബന്ധമാണുള്ളതു്? ശ്വാസം ശരീരയന്ത്രത്തിന്റെ പ്രഥമചക്രമാണു്. ഒരു വല്യ യന്ത്രത്തിൽ (engine) അതിന്റെ പ്രഥമചക്രം ആദ്യം തിരിയുന്നതായി നാം കാണുന്നു. ആ ചലനം ചെറിയ, ചെറിയ ചക്രങ്ങളിലേക്കു നയിക്കപ്പെടുകയും, ഒടുവിൽ യന്ത്രത്തിന്റെ അതിസൂക്ഷ്മമായ അവയവങ്ങൾ കൂടി അതിന്നനുസരിച്ചു് ചലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ശ്വാസം ആ പ്രഥമചക്രമത്രെ: ഇതു ശരീരത്തിലുള്ള എല്ലാറ്റിന്നും ചലന ശക്തിയെ നൽകുകയും എലാറ്റിനേയും നിയമനം ചെയ്കയും ചെയ്യുന്നു.
ഒരിക്കൽ ഒരു മഹാരാജാവിനു് ഒരു മന്ത്രിയുണ്ടായിരുന്നു. അയാളുടെ പേരിൽ രാജാവിന്നു തിരുവുള്ളക്കേടുണ്ടായി. അതിന്റെ ശിക്ഷയായി അയാളെ ഒരു പൊക്കമേറിയ ഗോപുരത്തിന്റെ മുകളിൽ അടച്ചുപൂട്ടിയിടാൻ കൽപന കൊടുത്തു. കല്പനപ്രകാരം, അയാളെ അവിടെ കിടന്നു ചാവാനായി ഇട്ടിരുന്നു. അയാൾക്കു ഒരു വിശ്വസ്തയായ ഭാര്യയുണ്ടായിരുന്നു. രാത്രി അവൾ ആ ഗോപുരത്തിന്റെ ചുവട്ടിലേക്കുവന്നു മുകളിലുള്ള ഭർത്താവിനോടു അദ്ദേഹത്തിനു സഹായമായി എന്തുചെയ്താൽ കൊള്ളാമെന്നറിവാൻ ആവശ്യപ്പെട്ടു. അയാൾ അവളോടു പിറ്റെന്നു രാത്രി വീണ്ടും ആ ഗോപുരത്തിന്റെ അടിക്കുവരാനും, ഒരു നീണ്ട വടവും, ഒരു കനത്ത ചരടും, ഒരു ചീപ്പുനൂലും, ഒരു പട്ടുനൂലും, ഒരു വണ്ടും, സ്വല്പം തേനുംകൂടി വരുമ്പോൾ ഒന്നിച്ചുകൊണ്ടുപോരാനും പറഞ്ഞു. വളരെ കൗതുകത്തോടുകൂടി ആ സാധ്വി ഭർത്താവിന്റെ ശാസനയെ അനുസരിക്കുകയും, ആഗ്രഹിച്ച ആ സാധനങ്ങളെല്ലാം കൊണ്ടുചെല്ലുകയും ചെയ്തു. ഭർത്താവു് പട്ടുനൂൽ വണ്ടിന്റെമേൽ ദൃഢമായി കെട്ടാനും, എന്നിട്ടു അതിന്റെ കൊമ്പിൽ ഒരു തുള്ളിതേൻ തടവി തല മേല്പ്പോട്ടുതിരിച്ചുവച്ചു അതിനെ ഗോപുരത്തിന്റെ ചുവരിന്മേൽ വിട്ടേപ്പാനും അവളോടു പറഞ്ഞു. ഈ എല്ലാ ഉപദേശങ്ങളെയും അവൾ അപ്രകാരംതന്നെ അനുഷ്ഠിച്ചു; വണ്ടു് തന്റെ ദീർഘയാത്രയും ആരംഭിച്ചു. മുമ്പിൽ ഇരിക്കുന്ന തേനിന്റെ മണം പിടിച്ചു് അതിനെ ലഭിപ്പാൻ ആശിച്ചുകൊണ്ടു് അതു മെല്ലെ മെല്ലെ മേല്പ്പോട്ടേക്കു ഇഴഞ്ഞുതുടങ്ങി. ഒടുവിൽ വണ്ടു് ഗോപുരത്തിന്റെ മുകളിൽ എത്തുകയും, ഉടൻ മന്ത്രി അതിനെ പിടിച്ചു് ആ പട്ടുനൂൽ കരസ്ഥമാക്കുകയും ചെയ്തു. എന്നിട്ടു അയാൾ ഭാര്യയോടു പട്ടുനൂലിന്റെ മറ്റേ അറ്റം ചീപ്പുനൂലോടു തിരുകിച്ചേർക്കാൻ പറകയും, ചിപ്പുനൂലിനെ അപ്രകാരം മേൽപ്പോട്ടു വലിച്ചെടുത്തിട്ടു ആ സമ്പ്രദായം തന്നെ കനത്ത ചരടിലും ഒടുവിൽ വടത്തിലും ആവർത്തിക്കുകയും ചെയ്തു. പിന്നെയുള്ളതെല്ലാം എളുപ്പത്തിൽ കഴിഞ്ഞു. ആ വടം വഴിയായി മന്ത്രി ഗോപുരത്തിൽ നിന്നു താഴത്തിറങ്ങുകയും, പോയി രക്ഷപ്പെടുകയും ചെയ്തു. നമ്മുടെ ഈ ശരീരത്തിൽ ശ്വാസചലനം ആ പട്ടുനൂൽ ആകുന്നു. അതിനെ പിടിക്കുകയും അതിനെ നിയമനം ചെയ്വാൻ പഠിക്കുകയുംചെയ്താൽ പ്രാണധാരയാകുന്ന ചീപ്പുനൂലിനെ നമുക്കു പിടുത്തം കിട്ടുന്നു. അതിൽനിന്നു നമ്മുടെ വിചാരങ്ങളാവുന്ന കനത്ത ചരടും ഒടുവിൽ പ്രാണനാകുന്ന വടവും നമുക്കു സ്വാധീനമാകുന്നു. പ്രാണനെ നിയമനം ചെയ്താൽ നാം മുക്തിയേയും പ്രാപിക്കുന്നു.
നമ്മുടെ സ്വന്ത ശരീരങ്ങളെപ്പറ്റി നാം യാതൊന്നും അറിയുന്നില്ല. നമുക്കു് അറിഞ്ഞുകൂടാ. കൂടിയപക്ഷം നമുക്കു് ഒരു ശവത്തെ എടുത്തു അറുത്തുനോക്കാൻ കഴിയും, ജീവിക്കുന്ന ജന്തുവിനെത്തന്നെ ശരീരത്തിന്റെ ഉള്ളിലുള്ള സ്ഥിതിയെ നോക്കി അറിവാനായി അറുത്തു നോക്കുന്നവരും ചിലരുണ്ടു്. എന്നാലും അതിനും നമ്മുടെ സ്വന്ത ശരീരങ്ങൾക്കുമായി ഒരു സംബന്ധവുമില്ല. നമുക്കതിനെക്കുറിച്ചു തീരെ ചുരുക്കമായെ അറിയാവു. എന്തുകൊണ്ടു് നാം അറിയുന്നില്ല? കാരണം ഉള്ളിൽ നടന്നുകൊണ്ടിരിക്കുന്ന അതിസൂഷ്മങ്ങളായ വ്യാപാരങ്ങളെ തിരിച്ചറിവാൻ മതിയായ വിവേചനാശക്തി നമ്മുടെ നോട്ടത്തിനില്ല. നമുക്കവയെപറ്റിയറിയാവുന്നതു മനസ്സു് ശരീരത്തിൽ കടക്കുകയും അതു സൂക്ഷ്മതരമായിത്തീരുകയും ചെയ്യുമ്പോൾ മാത്രമാവുന്നു. ആ സൂക്ഷ്മസാക്ഷാല്ക്കാരം ഉണ്ടാകുന്നതിനു നാം സ്ഥൂലസാക്ഷാൽക്കാരങ്ങളിൽ പരിചയിച്ചു തുടങ്ങേണ്ടതാകുന്നു. അതുകൊണ്ടു ഈ ശരീരയന്ത്രത്തെ മുഴുവൻ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ആ വസ്തുവിനെ നമുക്കു് ആദ്യം കരസ്ഥമാക്കണം. അതു പ്രാണനത്രേ. അതിന്റെ ഏറ്റവും പ്രത്യക്ഷമായ പരിണാമമാണു് ശ്വാസവായു. അതുകൊണ്ടു ഈ ശ്വാസംവഴിയായി നാം പയ്യെ ശരീരത്തിനുള്ളിൽ പ്രവേശിക്കണം. അപ്പോൾ ആ സൂക്ഷ്മശക്തികൾ അതായതു പ്രാണധാരകൾ ശരീരം മുഴുവൻ സഞ്ചരിക്കുന്നതിന്റെ ക്രമത്തെ നമുക്കു കണ്ടുപിടിക്കാൻ കഴിയും. അതു നാം കാണുകയും അവയെ അനുഭവിച്ചറിവാൻ പഠിക്കയും ചെയ്ത ഉടൻ അവയുടേയും ശരീരത്തിന്റേയും മേൽ നമ്മുടെ ആജ്ഞയെ സ്ഥാപിപ്പാൻ നമുക്കു ആരംഭിക്കാം. മനസ്സും ഈ വിധമായ പ്രാണധാരകളാൽ ചലിക്കപ്പെട്ടുകൊണ്ടിരിക്കയാകുന്നു. അതുകൊണ്ടു് ഒടുവിൽ മനശ്ശരീരങ്ങൾ രണ്ടിനേയും നാം കിങ്കരരാക്കി അവരണ്ടും നമ്മളുടെ പൂർണ്ണമായ അധീനതയിൽ നില്ക്കുന്നതായ അവസ്ഥയെ പ്രാപിക്കും. ജ്ഞാനമാകുന്നു ശക്തി; നമുക്കു ആ ശക്തിയുണ്ടാകണം. ഈ പ്രാണായാമം എന്നതു ഒരു വല്യ വിഷയമാകുന്നു. ഇതിനെ പൂർത്തിയായുദാഹരിപ്പാൻ അനേക പാഠങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. നമുക്കതിനെ അല്പാല്പമായി എടുത്തുപറയാം.
ഒരോ അഭ്യാസവും ശീലിക്കുന്നതിന്റെ കാരണങ്ങളും ശരീരത്തിനുള്ളിൽ ഏതെല്ലാം ശക്തികളാണു വ്യാപരിച്ചുകൊണ്ടിരിക്കുന്നതെന്നും നമുക്കു ക്രമേണ കാണാം. ഇതെല്ലാം നമ്മുക്കനുഭവമാകും. എന്നാൽ ഇതിനു ഇടവിടാത്ത പരിശീലനം ആവശ്യമാണു്. പരിശീലനം കൊണ്ടു ചില അനുഭവങ്ങൾ വെളിപ്പെടും. ഞാൻ എന്നാൽ കഴിയുന്നത്ര യുക്തിവാദങ്ങൾ ചെയ്താലും നിങ്ങൾ സ്വയമേവ അനുഭവസാക്ഷിയായറിയുന്നതുവരെ അതു നിങ്ങൾക്കു അനുഭവമാകുന്നതല്ല. ഈ പ്രാണധാരകൾ ശരീരം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായി നിങ്ങൾക്കനുഭവപ്പെട്ടു തുടങ്ങിയ ഉടൻ സംശയങ്ങൾ തീർന്നുപോകും. എന്നാൽ അതിന്നു ദിവസം പ്രതി വളരെ ക്ലേശിച്ചു അഭ്യസിക്കേണ്ടിയുണ്ടു്. ചുരുങ്ങിയപക്ഷം ദിവസം രണ്ടുപ്രാവശ്യമെങ്കിലും അഭ്യസിക്കണം, അതിന്നു അത്യുത്തമമായ സമയം രാവിലേയും, വൈകുന്നേരവുമാകുന്നു. രാവു പകലൊടും പകൽ രാവൊടും സന്ധിക്കുമ്പോൾ അതു ആ രണ്ടുകാലത്തെയും അപേക്ഷിച്ചു അധികം ശാന്തമായ ഓരോ സമയത്തേ ഉണ്ടാക്കുന്നു. പ്രഭാതവും സന്ധ്യയും ആണു് ആ രണ്ടു സമയങ്ങൾ. ആ സമയങ്ങളിൽ ശരീരങ്ങൾക്കും അവയെപ്പോലെ ശാന്തമാവാനുള്ള ഒരു താല്പര്യം ഉണ്ടാകും. ആ സ്വാഭാവിക സ്ഥിതിയെ ഉപയോഗപ്പെടുത്തിക്കൊള്ളുകയും അപ്പോൾ തന്നെ അഭ്യാസം ആരംഭിക്കയും ചെയ്യണം. അഭ്യാസം കഴിഞ്ഞല്ലാതെ ആഹാരം കഴിക്കയില്ലെന്നു ഒരു നിശ്ചയമായി വച്ചുകൊള്ളണം. അങ്ങിനെ ചെയ്യുമെങ്കിൽ വിശപ്പിന്റെ ശക്തിതന്നെ അലസതയെ ഭക്ഷിച്ചുകളയും. ഇന്ത്യയിൽ ജനങ്ങൾ നിഷ്ഠയും പൂജയും കഴിഞ്ഞല്ലാതെ ഭക്ഷിക്കരുതെന്നു കുട്ടികളെ പഠിപ്പിക്കുന്നു. അതുകൊണ്ടു കുറേ കഴിയുമ്പോൾ അതവർക്കു ശീലമായിത്തീരുന്നു. കുളിച്ചു നിഷ്ഠകഴിയാതെ ഒരു കുട്ടിക്കും വിശക്കുമാറില്ല.
നിങ്ങളിൽ കഴിയുമെന്നുള്ളവർക്കു, ഈ അഭ്യാസത്തിനായി മാത്രം പ്രത്യേകം ഒരു മുറിയുണ്ടായിരിക്കുന്നതു നല്ലതാണു്. ആ മുറിക്കകത്തു ഉറങ്ങരുതു്. അതിനെ പരിശുദ്ധമായി വച്ചുകൊള്ളണം. കുളിച്ചു ശരീരത്തിലും മനസ്സിലും പൂർണ്ണമായ ശുദ്ധിയോടുകൂടിയല്ലാതെ നിങ്ങൾ ആ മുറിക്കകത്തു കടക്കരുതു്. പുഷ്പങ്ങൾ ആ മുറിക്കകത്തു എപ്പോഴും വച്ചിരിക്കണം. ഒരു യോഗിക്കു അത്യുത്തമങ്ങളായ പാർശ്വവർത്തികൾ അവയാണു്. സന്തോഷകരങ്ങളായ ഛായാപടങ്ങളെയും വച്ചേക്കാം. കാലത്തും വൈകുന്നേരവും സുഗന്ധദ്രവ്യങ്ങൾ ഇട്ടു പുകക്കണം. ആ മുറിക്കകത്തുവച്ചു കലഹമോ കോപമോ അശുദ്ധവിചാരങ്ങളോ ഉണ്ടാകരുതു്. നിങ്ങളെപ്പോലുള്ള വിചാരമുള്ളവരെമാത്രമേ ആ മുറിയിൽ കടപ്പാൻ അനുവദിക്കുകയും ചെയ്യാവൂ. ഇങ്ങിനെ ക്രമേണ ഒരു പുണ്യസ്ഥലത്തിന്റെ മാഹാത്മ്യം ആ മുറിക്കകത്തുണ്ടാകും. നിങ്ങൾക്കു വല്ല അരിഷ്ടതയോ, ദുഃഖമോ, സംശയമോ ഉണ്ടാകുകയോ മനസ്സിന്നു ക്ലേശം തോന്നുകയോ ചെയ്യുമ്പോൾ ആ മുറിയിൽ കടക്കുന്നതുതന്നെ ആശ്വാസപ്രദമായി തോന്നുകയും ചെയ്യും. ക്ഷേത്രത്തിന്റെയും പള്ളിയുടേയും ഒക്കെ രഹസ്യം ഇതായിരുന്നു. ചില ക്ഷേത്രങ്ങളിലും പള്ളികളിലും അതു ഇപ്പോഴും പ്രത്യക്ഷമാണു്. എന്നാൽ അധിക ദേവാലയങ്ങളിലും ഇപ്പോൾ ആ ഉദ്ദേശംതന്നെ വിസ്മൃതമായിപ്പോയിട്ടുണ്ടു്. ഇതിന്റെ താല്പര്യം എന്തെന്നാൽ പരിശുദ്ധമായ വിസ്ഫുരണങ്ങളെ സൂക്ഷിക്കുന്നതിനാൽ ആ സ്ഥലം ദിവ്യത്വമുള്ളതായിത്തീരുന്നു എന്നുള്ളതു തന്നെ. പ്രത്യേകം ഒരുമുറി വച്ചുകൊള്ളാൻ സാധിക്കാത്തവർക്കു ഇഷ്ടമുള്ള എവിടെ എങ്കിലും ഇരുന്നു അഭ്യാസം ചെയ്യാം. നിവർന്നു ആസനം ബന്ധിച്ചു് ഇരിക്കണം. എന്നിട്ടു ആദ്യം ചെയ്യേണ്ടതു സകല ചരാചരങ്ങളുടേയും നേർക്കു ഒരു പരിശുദ്ധമായ വിചാരധാരയെ പ്രവഹിപ്പിക്കയാകുന്നു. എല്ലാറ്റിനും സ്വസ്തി ഭവിക്കട്ടെ! എല്ലാറ്റിനും ശാന്തിഭവിക്കട്ടെ! എല്ലാറ്റിനും ആനന്ദം ഭവിക്കട്ടെ! ഇങ്ങനെ മനസ്സുകൊണ്ടു ഉരുവിടണം. ഇതുപോലെ കിഴക്കു, തെക്കു, വടക്കു, പടിഞ്ഞാറു ഈ നാലു ദിക്കിനെ ഉദ്ദേശിച്ചും ചെയ്യണം. എത്രയധികം നിങ്ങൾ അങ്ങിനെ ചെയ്യുന്നുവോ അത്രയധികം ഹൃദയത്തിൽ സുഖം തോന്നും. ഒടുവിൽ നിങ്ങൾക്കു ആരോഗ്യമുണ്ടാവാൻ ഏറ്റവും എളുപ്പമായ ഉപായം അന്യന്മാരെ ആരോഗ്യമുള്ളവരായിക്കാണുകയാണെന്നും, നിങ്ങൾക്കു സുഖമുണ്ടാവാൻ ഏറ്റവും എളുപ്പമായ മാർഗം അന്യന്മാരെ സുഖികളായിക്കാണുകയാണെന്നും സ്വയമേവ മനസ്സിലാകും. ഇങ്ങിനെ ചെയ്തിട്ടു ഈശ്വരനിൽ വിശ്വാസമുള്ളവർ പ്രാർത്ഥിക്കണം. പ്രാർത്ഥന ധനത്തിനോ, ആരോഗ്യത്തിനോ, സ്വർഗ്ഗപ്രാപ്തിക്കോ മറ്റോ ആയിരിക്കരുതു്. ജ്ഞാനവും ആത്മപ്രകാശവും ഉണ്ടാവാൻ വേണ്ടി മാത്രമായിരിക്കണം. മറ്റുള്ള പ്രാർത്ഥന എല്ലാം സ്വാർത്ഥ പരമാണു്. അതിനു ശേഷം ചെയ്യേണ്ടതു് സ്വന്തശരീരത്തെക്കുറിച്ചു ചിന്തിക്കയും ശരീരം ബലവത്തായും ആരോഗമായും ഇരിക്കുന്നോ എന്നു നോക്കുകയും ആകുന്നു. നമ്മളുടെ ഏറ്റവും മുഖ്യമായ ഉപകരണം അതാണു്. അതിനെപ്പറ്റി ഈ ശരീരം വജ്രം പോലെ ദൃഢമായിരിക്കുന്നു എന്നും ഇതിന്റെ സഹായത്താൽ നിങ്ങൾ ഈ സംസാരസമുദ്രത്തിന്റെ മറുകരകാണുമെന്നും വിചാരിക്കുവിൻ സ്വാതന്ത്ര്യം അതായതു മുക്തി ദുർബലന്മാരാൽ ഒരിക്കലും പ്രാപ്യമല്ല. എല്ലാ ദൗർബല്യത്തേയും അകലെക്കളയുവിൻ നിങ്ങളുടെ ശരീരത്തോടു അതു ബലവത്താണെന്നു പറയുവിൻ നിങ്ങളുടെ മനസ്സിനോടും അതു ബലവത്താണെന്നു പറയുവിൻ നിങ്ങളിൽ തന്നെ നിങ്ങൾ അവധിയില്ലാത്ത വിശ്വാസത്തേയും ആശാബന്ധത്തേയും വെക്കയും ചെയ്യുവിൻ.
vibrations