images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
അവതരണിക

നമ്മുടെ എല്ലാ അറിവും അനുഭവത്തെ അടിസ്ഥാനമാക്കീട്ടുള്ളതാകുന്നു. ‘അനുമാനജ്ഞാനം’ എന്നു പറയുന്നതുതന്നെ നാം വ്യാപ്തത്തിൽനിന്നു വ്യാപകത്തേയും, സാമാന്യത്തിൽനിന്നു വിശേഷത്തേയും ഊഹിച്ചറിയുന്നതു് ആകയാൽ അതിന്റേയും അടിസ്ഥാനം അനുഭവം തന്നെ. ശരിയായ ശാസ്ത്രങ്ങളിൽ (സയൻസിൽ) ഈ പരമാർത്ഥം ജനങ്ങൾ എളുപ്പത്തിൽ കാണുന്നു. എന്തുകൊണ്ടെന്നാൽ, അവ ഓരോ മനുഷ്യന്റേയും സ്വന്ത അനുഭവങ്ങളോടു യോജിച്ചിരിക്കുന്നു. സയൻസുകാരൻ ഏതെങ്കിലും ഒരു വസ്തുവിൽ വിശ്വസിപ്പിൻ എന്നു നിങ്ങളോടു പറയുന്നില്ല. അവന്നു തന്റെ അനുഭവങ്ങളുടെ ഫലങ്ങളായ ചില വസ്തുതകൾ ഉണ്ടായിരിക്കും, അതിന്മേൽ ന്യായവാദം ചെയ്തു തന്റെ സിദ്ധാന്തങ്ങളെ വിശ്വസിപ്പാൻ പറയുന്നതാകയാൽ അതു മനുഷ്യസാധാരണമായ ഏതെങ്കിലും അനുഭവത്തിനു പറ്റുന്നതായിത്തന്നെ വരുന്നു. ഏതു ശരിയായ (സയൻസ്) ശാസ്ത്രത്തിലും മനുഷ്യർക്കുപൊതുവിൽ പറ്റുന്ന സർവ്വസാധാരണമായ ഒരു മൂലതത്വം ഉണ്ടായിരിക്കും. അതുകൊണ്ടു അതിൽനിന്നു ഊഹിച്ചറിഞ്ഞിട്ടുള്ള സിദ്ധാന്തങ്ങളുടെ അബദ്ധസുബദ്ധങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കുവാൻ നമുക്കു കഴിയും. മതത്തിന്നു അങ്ങിനെയുള്ള ഏതെങ്കിലും അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നുള്ളതാണു പ്രകൃതം. ഈ ചോദ്യത്തിനു് ഉണ്ടെന്നും, ഇല്ലെന്നും, ഞാൻ ഉത്തരം പറയേണ്ടിവരും. ലോകം മുഴുവൻ ബോദ്ധ്യപ്പെട്ടിരിക്കുന്നപ്രകാരം മതം, ഭക്തിയേയും, വിശ്വാസത്തേയും അടിസ്ഥാനമാക്കീട്ടുള്ളതാണെന്നു പറയപ്പെടുന്നു. അധികഭാഗവും, അതു് വിവിധങ്ങളായ ഓരോവക പ്രതിജ്ഞകളെക്കൊണ്ടു മാത്രം നിറയപ്പെട്ടതായും ഇരിക്കുന്നു. അതുകൊണ്ടുതന്നെയാണു് പലപ്രകാരമുള്ള മതങ്ങൾ എല്ലാം തമ്മിൽ ശണ്ഠകൂടുന്നതായി നാം കാണുന്നതു്. ഈ പ്രതിജ്ഞകൾതന്നെയും വിശ്വാസത്തെ ആസ്പദമാക്കീട്ടുള്ളവയാകുന്നു. ഒരു മനുഷ്യൻ, മേഘങ്ങളുടെ മുകളിൽ ഒരു സത്വം ഇരുന്നു ലോകം മുഴുവൻ ഭരിക്കുന്നു എന്നു പറകയും, അയാളുടെ ശപഥമാകുന്ന പ്രമാണത്തെ മാത്രം അടിസ്ഥാനമാക്കി അതിനെ വിശ്വസിപ്പാൻ എന്നോടു ആവശ്യപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ എനിക്കും എന്റെ സ്വന്ത അഭിപ്രായങ്ങൾ ഉണ്ടാവാം. അതിനെ വിശ്വസിപ്പാൻ ഞാൻ മറ്റുള്ളവരോടും പറഞ്ഞുവരുന്നു. അവർ ഏതെങ്കിലും കാരണം ചോദിച്ചാൽ ഒരു മറുപടിയും അവരോടു പറവാൻ എനിക്കില്ല. ഇതുകൊണ്ടാണു ഇക്കാലങ്ങളിൽ മതത്തിന്നും, അദ്ധ്യാത്മികശാസ്ത്രങ്ങൾക്കും അനാദരവുണ്ടാകുന്നതു്. വിദ്യാഭ്യാസം ചെയ്തിട്ടുള്ള ഏതൊരുവനും ‘ഏ! ഈ മതങ്ങൾ എന്നാൽ, പരിശോധിച്ചറിവാൻ യാതൊരു തോതുമില്ലാത്ത ഒരുവക അഭിപ്രായങ്ങളുടെ ഭാണ്ഡങ്ങൾ, ഓരോ മനുഷ്യനും, അവന്റെ പ്രിയപ്പെട്ട സ്വന്തം അഭിപ്രായങ്ങളെ പ്രസംഗിക്കുന്നു.’ ഇങ്ങിനെ പറയുമെന്നു തോന്നുന്നു. എന്നാൽ മതത്തിൽ ഈ വിവിധ സിദ്ധാന്തങ്ങൾക്കു് എല്ലാം, ഭിന്നരാജ്യങ്ങളിൽ നാനാപ്രകാരേണയുള്ള ജനസമുദായത്തിന്റെ ഭിന്നാഭിപ്രായങ്ങൾക്കു് എല്ലാറ്റിനും നിയാമകമായി, സർവസാധാരണമായ വിശ്വാസത്തിന്റെ ഒരു ആസ്പദം ഉണ്ടെന്നുകൂടി ഈ അവസരത്തിൽ എനിക്കു നിങ്ങളോടു പറഞ്ഞേ തീരൂ. ഈ ആസ്പദത്തെ ആരാഞ്ഞു ചെല്ലുമ്പോൾ ഈ മതങ്ങളും എല്ലാം സർവസാധാരണങ്ങളായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുണ്ടായിട്ടുള്ളതാണെന്നു നാം കാണും.

ഒന്നാമതു നിങ്ങളോടു ഞാൻ ലോകത്തുള്ള വിവിധമതങ്ങളെ എല്ലാം പിരിച്ചുനോക്കാൻ പറയാം. അവ രണ്ടു തരങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾക്കു കാണാം. ഒന്നു പുസ്തകമുള്ളവ, ഒന്നു പുസ്തകമില്ലാത്തവ. പുസ്തകമുള്ളവ അതിപ്രബലങ്ങളും, അധികം ജനങ്ങളാൽ അനുസരിക്കപ്പെടുന്നവയും ആണു്. പുസ്തകമില്ലാത്തവ മിക്കവാറും, നശിച്ചുകഴിഞ്ഞിരിക്കുന്നു. പുത്തനായുള്ള ചുരുക്കം ചിലതിനെ അനുസരിക്കുന്നവരും വളരെ കുറവാണു്. എങ്കിലും, അവയിൽ എല്ലാറ്റിലും, അവ നമ്മേ പഠിപ്പിക്കുന്ന തത്വങ്ങൾ എല്ലാം ചില പ്രത്യേക മനുഷ്യരുടെ അനുഭവഫലങ്ങളാണെന്നുള്ള ഒരു അഭിപ്രായസാമ്യം നാം കാണുന്നുണ്ടു്. ക്രിസ്ത്യാനി തന്റെ മതത്തെ വിശ്വസിക്കണം എന്നും, ക്രിസ്തുവിൽ വിശ്വസിക്കണം എന്നും ക്രിസ്തുവിനെ ഈശ്വരന്റെ അവതാരമായി വിശ്വസിക്കണം എന്നും, ഒരു ഈശ്വരനിലും ഒരു ആത്മാവിലും, ആ ആത്മാവിന്റെ വിശിഷ്ടതരമായ ഒരു അവസ്ഥാന്തരത്തിലും വിശ്വസിക്കണം എന്നും നിങ്ങളോടു് പറയും. കാരണം ചോദിക്കയാണെങ്കിൽ ‘ഇല്ല, അതെന്റെ വിശ്വാസമാണു്’ എന്നായിരിക്കും അയാൾ പറയുന്നതു്. എന്നാൽ ക്രിസ്തുമതത്തിന്റെ അസ്ഥിവാരത്തിലേക്കു കടന്നുചെന്നാൽ അതും അനുഭവത്തെ ആസ്പദമാക്കി ഉണ്ടായിട്ടുള്ളതാണെന്നു നിങ്ങൾക്കു കാണാം. ക്രിസ്തു താൻ ഈശ്വരനെ കണ്ടു എന്നു പറഞ്ഞു, അദ്ദേഹത്തിന്റെ ശിഷ്യന്മാർ തങ്ങൾക്കു ഈശ്വരസാക്ഷാത്കാരമുണ്ടായി എന്നു പറഞ്ഞു, എന്നും മറ്റുമുള്ളതു നോക്കുക. ഇതുപോലെതന്നെ, ബുദ്ധമതത്തിലും, അതു ബുദ്ധന്റെ അനുഭവമാകുന്നു, അദ്ദേഹം ചില തത്വങ്ങളെ അനുഭവിച്ചറിഞ്ഞു, അവയെക്കണ്ടു്, അവയുമായി പരിചയിച്ചു്, അവയെ ലോകത്തിൽ പ്രസംഗിക്കുകയും ചെയ്തു. ഹിന്ദുക്കളുടേയും മതം ഇപ്രകാരം തന്നെ. അവരുടെ പുസ്തകത്തിൽ തൽകർത്താക്കന്മാരായ ചില ഋഷികൾ തങ്ങൾ ചില തത്വങ്ങൾ അനുഭവിച്ചറിഞ്ഞതായി പ്രസ്താവിക്കുന്നു. അതിനെ അവർ പ്രസംഗിക്കുകയും ചെയ്യുന്നു. അതുകൊണ്ടു ലോകത്തുള്ള എല്ലാ മതങ്ങളും, പ്രത്യക്ഷാനുഭവമാകുന്ന, വജ്രദൃഢമായ ഒരു ആധാരശിലയിൽ സ്ഥാപിക്കപ്പെട്ടിരിക്കയാണെന്നുള്ളതു വെളിവാകുന്നു. മതാചാര്യന്മാരെല്ലാം ഈശ്വരനെക്കണ്ടു; അവരെല്ലാം തങ്ങളുടെ സ്വന്ത ആത്മാക്കളെ കണ്ടു; തങ്ങളുടെ നിത്യത്ത്വത്തെ കണ്ടു; തങ്ങളുടെ ഭാവിയെ കണ്ടു; കണ്ടവയെ അവർ ഉപദേശിക്കയും ചെയ്തു. ഒരു വ്യത്യാസം മാത്രമാണുള്ളതു്. അതായതു്, ഈ മതങ്ങളിൽ ഏറിയ കൂറിലും, വിശേഷിച്ചു് ഈ കാലങ്ങളിൽ ഒരു പ്രത്യേകവാദം പുറപ്പെടുവിച്ചുകാണുന്നു. ആ വാദം മേല്പറഞ്ഞ അനുഭവങ്ങൾ ഇക്കാലത്തു അസാദ്ധ്യങ്ങളാണെന്നാകുന്നു. ആരുടെ പേരുകളാൽ മതങ്ങൾ അറിയപ്പെട്ടിരിക്കുന്നുവോ ആദ്യത്തെ മതസ്ഥാപകന്മാരായ ആ ഏതാനും ചില മനുഷ്യർക്കു മാത്രം അതു സാദ്ധ്യമായിരുന്നു. ഇക്കാലത്തു ആ അനുഭവങ്ങളുടെ മൂലവിച്ഛേദം വന്നുപോയി. അതുകൊണ്ടു് മതത്തെ ഇപ്പോൾ, നാം വിശ്വാസത്തിന്മേൽ കൈക്കൊള്ളേണ്ടിയിരിക്കയാണത്രെ, ഞാൻ അതു് അശേഷം സമ്മതിക്കയില്ല. അറിവിന്റെ ഏതെങ്കിലും ഒരു പ്രത്യേക പിരിവിൽപ്പെട്ട ഒരനുഭവം ഈ ലോകത്തിൽ ഒരിക്കൽ ഉണ്ടായിട്ടുണ്ടെന്നുവരികിൽ ആ അനുഭവം അതിന്നുമുമ്പും എത്രയോ ലക്ഷം പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്നും, ഇനിയും, ആവർത്തിച്ച എന്നന്നേയ്ക്കും ഉണ്ടായിക്കൊണ്ടിരിക്കുമെന്നുള്ളതു് അവശ്യം സിദ്ധമാകുന്നു. ഐക്യരൂപ്യം പ്രകൃതിയുടെ സ്ഥിരമായ നിയമമാണു്. ഒരിക്കൽ സംഭവിച്ചതിനു് എല്ലായ്പ്പോഴും സംഭവിക്കാൻ കഴിയും.

അതുകൊണ്ടു യോഗശാസ്ത്രജ്ഞന്മാരായ ആചാര്യന്മാർ പ്രസ്താവിക്കുന്നതെന്തെന്നാൽ, മതം, പുരാതനകാലങ്ങളിലെ അനുഭവങ്ങളെ ആസ്പദമാക്കി മാത്രം ഉണ്ടായിട്ടുള്ളതല്ലെന്നും, ആ അനുഭവങ്ങളുടെ സാക്ഷാൽകാരമുണ്ടാകുന്നതുവരെ ഒരുത്തനും, ഒരു മതസ്ഥനായിത്തീരുന്നതല്ലെന്നും ആകുന്നു. നമുക്കു് ഈ സാക്ഷാൽകാരങ്ങൾ ഉണ്ടാവാനുള്ള വഴികളെ ഉപദേശിക്കുന്നതാണു് യോഗശാസ്ത്രം. അനുഭവിച്ചറിയുന്നതുവരെ മതത്തെപറ്റി പ്രലപിക്കുന്നതു് നിരുപയോഗമാകുന്നു. ഈശ്വരന്റെ പേരിൽ എന്തുകൊണ്ടിത്രയെല്ലാം ഉപദ്രവങ്ങളും, ഇത്രയെല്ലാം ശണ്ഠകളും, മത്സരങ്ങളും, ഉണ്ടാകണം? മറ്റേതെങ്കിലും കാരണത്താൽ ഉണ്ടായിട്ടുള്ളതിനേക്കാൾ അധികം രക്തം ചൊരിച്ചിൽ ഈശ്വരന്റെ പേരിൽ ഉണ്ടായിട്ടുണ്ടു്. അതു ജനങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശിച്ചുനോക്കാഞ്ഞിട്ടാകുന്നു. അവർ തങ്ങളുടെ മുത്തശ്ശന്മാരുടെ നടപടികളെ മനസ്സാലെ സമ്മതിച്ചു മാത്രം തൃപ്തിപ്പെട്ടു. അന്യന്മാരോടും അങ്ങനെ ചെയ്യുവാൻ ആവശ്യപ്പെട്ടു. ഒരുത്തൻ ആത്മാവുണ്ടെന്നു പറവാൻ അതിനെ അവൻ തന്നത്താൻ അനുഭവിച്ചറിയുന്നില്ലെങ്കിലും, ഈശ്വരൻ ഉണ്ടെന്നു പറവാൻ അദ്ദേഹത്തെ അവൻ കാണുന്നില്ലെങ്കിലും എന്തവകാശമാണുള്ളതു്? ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തെ നാം കാണണം, ആത്മാവുണ്ടെങ്കിൽ അതു നമുക്കു് അനുഭവ വിഷയമാകയും വേണം. അല്ലങ്കിൽ വിശ്വസിക്കാതിരിക്കുന്നതാണു് ഉത്തമം. കപടഭക്തനാകുന്നതിനേക്കാൾ പ്രസിദ്ധനാസ്തികനാകയാണുത്തമം. ഒരു പക്ഷത്തിൽ വിദ്വാന്മാരെന്നു പറയപ്പെടുന്നവരുടെ പുതിയ അഭിപ്രായം, മതവും, അദ്ധ്യാത്മശാസ്ത്രങ്ങളും, പരമാത്മാവിനെ പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും, നിരർത്ഥകം എന്നാകുന്നു. മറ്റൊരു പക്ഷത്തിൽ മുറി വിദ്വാന്മാരുടെ അഭിപ്രായം, ഇവയ്ക്കു വാസ്തവത്തിൽ ഒരു അടിസ്ഥാനവുമില്ലെന്നും, ഇവ ലോകത്തിൽ നന്മ ചെയ്യുന്നതിനുള്ള ബലമേറിയ പ്രേരകശക്തികൾ ആണെന്നുള്ള വസ്തുതയിൽ അടങ്ങിയ വില മാത്രമേ അവയ്ക്കുള്ളു എന്നും ആണെന്നു തോന്നുന്നു. മനുഷ്യർ ഈശ്വരനിൽ വിശ്വസിച്ചാൽ അവർ നല്ലവരും, നല്ല നടത്തമുള്ളവരും ആയിത്തീരും. അതുകൊണ്ടു അവർ യോഗ്യന്മാരായ പൗരന്മാരാകുമത്രേ. ഈ അഭിപ്രായം വെച്ചുകൊണ്ടിരിക്കുന്നതുകൊണ്ടു് നമുക്കു് അവരെ കുറ്റം പറഞ്ഞുകൂടാ. എന്തുകൊണ്ടെന്നാൽ അവർക്കു കിട്ടുന്ന ഉപദേശങ്ങളെല്ലാം വെറും അർത്ഥശൂന്യമായ അസംബന്ധപ്രലാപങ്ങളുടെ അവസാനമില്ലാത്ത ചർവിതചർവണത്തിൽ വിശ്വസിക്കണം എന്നു മാത്രമാകുന്നു. വെറും വാക്കുകളെ ആശ്രയിച്ചു് ജീവിപ്പാൻ അവരോടു പറയുന്നു. അവർക്കതു കഴിയുമോ? കഴിയുമായിരുന്നെങ്കിൽ മനുഷ്യസ്വഭാവത്തെ പറ്റി എനിക്കു ലവലേശം ബഹുമാനമുണ്ടാകുമായിരുന്നില്ലാ! മനുഷ്യനു സത്യം അറിയണം; തന്നത്താൻ അതിനെ അനുഭവിച്ചറിയണം; അതിനെ ഗ്രഹിക്കണം, സാക്ഷാൽക്കരിക്കണം; തന്റെ അന്തരാത്മാവുകൊണ്ടു അതിനെ സ്പർശിക്കയും വേണം. അപ്പോൾ മാത്രമെ സർവ സംശയങ്ങളും അസ്തമിക്കുകയും, അന്ധകാരം നീങ്ങുകയും, ഹൃദയത്തിന്റെ വക്രത എല്ലാം പോയി, നേരെ ആകുകയും ചെയ്യു, എന്നു വേദങ്ങൾ ഘോഷിക്കുന്നു. ‘അല്ലയോ അമർത്യപുത്രന്മാരേ! അത്യുൽകൃഷ്ടമായ സ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നവരെ! വഴി ഇതാ കാണപ്പെട്ടു! ഈ എല്ലാ ഇരുട്ടുകളുടേയും ഇടയിൽ കൂടി ഒരു വഴിയാണുള്ളതു്. അതായതു് എല്ലാ ഇരുട്ടുകളുടേയും അപ്പുറത്തുള്ള അവനെ പ്രത്യക്ഷീകരിക്കുകയാകുന്നു, വേറെ വഴിയില്ല.’

ഈ തത്വത്തെ പ്രാപിപ്പാൻ പ്രവൃത്തിയോഗ്യവും, ശാസ്ത്രീയ രീതിയിൽ നിർമ്മിതവും ആയ ഒരു മാർഗ്ഗം മനുഷ്യവർഗ്ഗത്തിനു കാട്ടികൊടുക്കുന്നതാണു്, രാജയോഗശാസ്ത്രത്തിന്റെ ഉദ്ദേശ്യം. ഒന്നാമതുതന്നെ ഏതു ശാസ്ത്രത്തിന്നും ഒരു പ്രത്യേക തത്വാന്വേഷണക്രമം ഉണ്ടായിരിക്കും. നിങ്ങൾക്കു ഒരു ജ്യോതി ശാസ്ത്രജ്ഞനാകണമെങ്കിൽ കുത്തിയിരുന്നുകൊണ്ടു് ‘ജ്യോതിശാസ്ത്രമേ! ജ്യോതിശാസ്ത്രമേ!’ എന്നു നിലവിളിച്ചാൽ അതു ഒരിക്കലും നിങ്ങളുടെ അടുക്കൽ വരുന്നതല്ല. അതുപോലെതന്നെ, രസതന്ത്രവും ഒരു പ്രത്യേകക്രമം അനുസരിക്കേണ്ടതുണ്ടു്. നിങ്ങൾ പ്രയോഗശാലയിൽപോയി പല ദ്രവ്യങ്ങളേയും എടുത്തു അവയെ തമ്മിൽ കൂട്ടിച്ചേർക്കണം, ഒന്നാക്കണം, പരിശോധിച്ചു നോക്കണം. അതിൽനിന്നു രസതന്ത്രത്തിന്റെ ജ്ഞാനം നിങ്ങൾക്കു ലഭിക്കും. ജ്യോതിശാസ്ത്രജ്ഞനാകണമെങ്കിൽ നക്ഷത്രബംഗ്ലാവിൽ (Observatory) പോയി ദൂരദർശിനി (തുലകണ്ണാടി) എടുത്തു നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥിതിഗതികളെ നോക്കി പഠിക്കണം; അപ്പോൾ നിങ്ങൾ ജ്യോതിശാസ്ത്രജ്ഞനാകും. ഓരോ ശാസ്ത്രത്തിന്നും അതിന്റെ സ്വന്തം അഭ്യാസക്രമങ്ങൾ ഉണ്ടായിരിക്കും. എത്രയോ ആയിരം മതപ്രസംഗങ്ങൾ ഞാൻ നിങ്ങളുടെ മുൻപിൽ ചെയ്യാം, എന്നാൽ അഭ്യാസക്രമത്തെ നിങ്ങൾ ആദ്യം പരിചയിച്ചെങ്കിലല്ലാതെ, അവയ്ക്കു നിങ്ങളെ മതവിശ്വാസിയാക്കാൻ കഴികയില്ല. എല്ലാക്കാലങ്ങളിലും ഉണ്ടായിട്ടുള്ള ഋഷീശ്വരന്മാരെ സംബന്ധിച്ച സത്യം ഇതാണു്; അവർ പരിശുദ്ധന്മാരും, സ്വാർത്ഥത്യാഗികളും, ലോകത്തിന്നു നന്മ ചെയ്യണം എന്നല്ലാതെ മറ്റു യാതൊരുദ്ദേശ്യവും ഇല്ലാത്തവരും ആയിരുന്നു. ഇന്ദ്രിയജ്ഞാനം കൊണ്ടെത്താവുന്നതിനേക്കാൾ ഉയർന്നതായ സത്യം തങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു എന്നു അവർ വിളിച്ചുപറകയും, അതിനെ തെളിയിക്കാമെന്നു ശപഥം ചെയ്യുകയും ചെയ്യുന്നു. അവർ നിങ്ങളോടു പറയുന്നതാവിതു് ഈ ക്രമത്തെ അനുസരിക്കയും താൽപര്യപൂർവം അഭ്യസിക്കുകയും ചെയ്യുവിൻ, അപ്പോൾ നിങ്ങൾ അതീതമായ സത്യത്തെ കാണുന്നില്ലെങ്കിൽ ഈ വാദത്തിൽ വാസ്തവമില്ലെന്നു പറവാൻ നിങ്ങൾക്കു അർഹതയുണ്ടു്. അങ്ങിനെ ചെയ്യുന്നതിനു മുൻപു് ഈ ശപഥങ്ങളിൽ ഉള്ള സത്യത്തെ വിസമ്മതിച്ചാൽ അതു ന്യായമായിരിക്കയില്ല.’ അതുകൊണ്ടു വിധിപ്രകാരമുള്ള ക്രമങ്ങളെ അനുസരിച്ചു് വിശ്വാസപൂർവ്വം നാം അഭ്യസിക്കണം. അപ്പോൾ സംഗതി വെളിവാകും.

അറിവു സമ്പാദിക്കുന്നതിൽ നാം സാധർമ്മജ്ഞാനത്തെ ഉപയോഗിക്കുന്നു. സാധർമ്മജ്ഞാനം നിരീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ആദ്യം നാം വസ്തുതകളെ നിരീക്ഷിക്കുന്നു. പിന്നെ അവയുടെ സാധർമ്മ്യം നിർണ്ണയിക്കുന്നു. അനന്തരം നമ്മുടെ നിഗമനങ്ങളെ അല്ലങ്കിൽ സിദ്ധാന്തങ്ങളെ ഊഹിച്ചറികയും ചെയ്യുന്നു. മനസ്സിനെ, മനുഷ്യന്റെ അന്തരംഗപ്രകൃതിയെ അല്ലെങ്കിൽ വിചാരത്തെപറ്റിയുള്ള ജ്ഞാനം ഉള്ളിൽ നടന്നു കൊണ്ടിരിക്കുന്ന വസ്തുതകളെ നിരീക്ഷിച്ചറിയാനുള്ള ശക്തി ഉണ്ടാകുന്നതുവരെ നമുക്കു ലഭിക്കുന്നില്ല. പുറത്തുള്ള സംഗതികളെ നിരീക്ഷിച്ചറിയുന്നതു വളരെ എളുപ്പം; വെളിയിലെ പ്രകൃതിയുടെ ഓരോ സൂക്ഷ്മാംശങ്ങളേയും നിരീക്ഷിച്ചറിവാൻ അനേകായിരം ഉപകരണങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടും ഉണ്ടു്. എന്നാൽ ഉള്ളിലെ ലോകത്തിൽ നമ്മെ സഹായിപ്പാൻ ഒരുപകരണവും കാണുന്നില്ല. എങ്കിലും ഒരു ശരിയായ ശാന്തം ഉണ്ടാകണമെങ്കിൽ നാം നിരീക്ഷണം ചെയ്തേ തീരൂ എന്നു നമുക്കറിയാം. ശരിയായ തത്വവിവേചനത്തോടുകൂടാതെ ഒരു ശാസ്ത്രവും സംഭാവ്യമല്ല. അങ്ങനെയുള്ളതു് വെറും ഊഹമത്രെ. അതുകൊണ്ടുതന്നെയാണു എല്ലാ അന്തഃകരണശാസ്ത്രജ്ഞന്മാരും ആദ്യകാലം മുതല്ക്കു പരസ്പരവിരുദ്ധമായി അഭിപ്രായങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നതു്. ചുരുക്കം ചിലർ മാത്രമെ അങ്ങനെ അല്ലാതെയുള്ളു. അവർ നിരീക്ഷണം ചെയ്യാനുള്ള ഉപായങ്ങളെ കണ്ടുപിടിച്ചിട്ടുള്ളവരും ആണു്.

രാജയോഗശാസ്ത്രം ഒന്നാമതായി ഉദ്ദേശിക്കുന്നതു്, മനുഷ്യനു തന്റെ അന്തരംഗാവസ്ഥകളെ നിരീക്ഷിപ്പാനുള്ള ഉപായങ്ങളെ കാട്ടികൊടുക്കുന്നതിന്നാകുന്നു. ഉപകരണം സാക്ഷാൽ മനസ്സു തന്നെ. മനസ്സിന്റെ ഏകാഗ്രതാശക്തിയെ വേണ്ടുംവണ്ണം നിയന്ത്രിക്കുകയും, ഉള്ളിലെ ലോകത്തിലേക്കു തിരിച്ചുവിടുകയും ചെയ്താൽ അതു മനസ്സിനെ പിരുത്തുനോക്കുകയും, നമുക്കു തത്വങ്ങളെ വെളിപ്പെടുത്തിത്തരുകയും ചെയ്യും. മനസ്സിന്റെ ശക്തികൾ പ്രഭയുടെ വേർതിരിക്കപ്പെട്ട കിരണങ്ങൾ പോലെ ആകുന്നു. അവയെ ഏകാഗ്രപ്പെടുത്തിയാൽ അവ എല്ലാവറ്റെയും പ്രകാശിപ്പിക്കുന്നു. അറിവിന്നാധാരമായി നമുക്കുള്ളതു് ഇതൊന്നു മാത്രം തന്നെ. ഓരോരുത്തനും, അഭ്യന്തരവും, ബാഹ്യവുമായ ലോകത്തിൽ ഇതിനെ ഉപയോഗിക്കുന്നു. എന്നാൽ ഭൗതിക വിജ്ഞാനി ബാഹ്യലോകത്തിൽ പ്രയോഗിക്കുന്ന ഈ സൂക്ഷ്മ നിരീക്ഷണത്തെ അന്തഃകരണശാസ്ത്രജ്ഞൻ ഉള്ളിലേക്കു പ്രയോഗിക്കേണ്ടിയിരിക്കുന്നു. അതിന്നു് ഒട്ടേറെ പരിചയം ആവശ്യമാണു്. നമ്മുടെ കുട്ടികാലം മുതൽക്കു നാം വെളിയിലുള്ള പദാർത്ഥങ്ങളെ നോക്കിയറിവാനേ പഠിപ്പിച്ചിട്ടുള്ളു. ഒരിക്കലും, ഉള്ളിലേക്കു നോക്കി ശീലിച്ചിട്ടില്ല. നമ്മളിൽ അധികംപേർക്കും ഉള്ളിലെ യന്ത്രകൗശലങ്ങളെ നോക്കിയറിവാനുള്ള ശക്തി മിക്കവാറും നശിച്ചുപോയിട്ടുമുണ്ടു്. മനസ്സിനെ ഉള്ളിലേക്കു് തിരിച്ചുവിടുന്നപോലെ ചെയ്യുകയും; വെളിയിലേക്കു പോകാതെ തടുക്കുകയും, പിന്നെ അതിന്റെ ശക്തികളെ ഏകാഗ്രപ്പെടുത്തി അതിന്റെ സ്വഭാവത്തെ അതുതന്നെ കണ്ടറിയുന്നതിന്നായി അവയെ അതിന്റെ മേൽ തന്നെ വിടുകയും, അതിനെ സ്വയമേവ പിരുത്തുനോക്കുകയും ചെയ്യുന്നതു് വളരെ ക്ലേശമുള്ള കാര്യമാകുന്നു. എങ്കിലും പ്രസ്തുത വിഷയത്തിൽ ശാസ്ത്രീയമായ ഏതെങ്കിലും പ്രവേശനത്തിനു് ഇതൊരു വഴിയെ ഉള്ളുതാനും.

അങ്ങിനെയുള്ള അറിവു കൊണ്ടു് ഉപയോഗം എന്താണു്? എന്നാൽ, ഒന്നമതു് അറിവിന്റെ ഏറ്റവും വലുതായ പ്രതിഫലം തന്നെ അറിവാകുന്നു. രണ്ടാമതു, അതിന്നു വേറേ പ്രയോജനമുണ്ടു്. അതു നമ്മുടെ സകല ദുഃഖങ്ങളേയും ഒഴിക്കും; തന്റെ സ്വന്തം മനസ്സിനെ പിരുത്തുനോക്കീട്ടു്, മനുഷ്യൻ ഒരിക്കലും നാശമില്ലാത്തതും, സ്വഭാവേന പരിശുദ്ധവും, പരിപൂർണ്ണവുമായ ഏതാണ്ടൊന്നിനെ മുഖത്തോടുമുഖമായി എന്നപോലെ കാണുമ്പോൾ പിന്നെ ഒരിക്കലും, അവൻ ദുഃഖിയോ ദുർഭാഗ്യവാനോ ആയിരിക്കയില്ല. ദുഃഖമെല്ലാം ഭയത്തിൽ അല്ലെങ്കിൽ പൂർത്തിയാകാത്ത ആഗ്രഹത്തിൽ നിന്നാകുന്നു. മനുഷ്യൻ താൻ ഒരിക്കലും മരിക്കുന്നില്ലെന്നു കാണും, അപ്പോൾ മരണഭയം അവന്നു് ഒരിക്കലും ഉണ്ടാകയില്ല. എപ്പോൾ അവൻ തന്നെ പരിപൂർണ്ണനാണെന്നറിയുന്നുവോ പിന്നെ മിഥ്യയായ ആഗ്രഹങ്ങൾ അവന്നു് ഒരിക്കലും ഉണ്ടാകയില്ല. ഈ രണ്ടു കാരണങ്ങളുടെ അഭാവത്താൽ ഒരു കാലത്തും, പിന്നെ അവന്നു ദുഃഖമുണ്ടാകുന്നില്ല. ശരീരത്തോടു കൂടിയിരിക്കുമ്പോൾ തന്നെയും പരിപൂർണ്ണമായ പരമാനന്ദാനുഭവം ഉണ്ടാകയും ചെയ്യുന്നു.

ഈ ജ്ഞാനം സമ്പാദിക്കുന്നതിന്നു ഒരു മാർഗ്ഗം തന്നെയുള്ളു. അതു ഏകാഗ്രത അല്ലെങ്കിൽ സമാധി ആകുന്നു. രസായന ശാസ്ത്രജ്ഞൻ തന്റെ പ്രയോഗശാലയിൽ ഇരുന്നു, മനസ്സിന്റെ എല്ലാ ശക്തികളേയും, ഒരു ക്രേന്ദസ്ഥാനത്തിലേക്കു് ഏകാഗ്രപ്പെടുത്തുകയും, പിരിച്ചുനോക്കുന്ന വസ്തുക്കളുടെ മേൽ അവയെ വിടുകയും അപ്രകാരം അവയുടെ രഹസ്യം കണ്ടുപിടിക്കുകയും ചെയ്യുന്നു. ജ്യോതിശാസ്ത്രജ്ഞൻ മനസ്സിന്റെ എല്ലാ ശക്തികളേയും ഏകാഗ്രപ്പെടുത്തി, തുലകണ്ണാടിയിൽകൂടി അവയെ ആകാശമണ്ഡലത്തിലേക്കു അയയ്ക്കുകയും നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ ഇവയെല്ലാം തങ്ങളുടെ രഹസ്യത്തെ അവന്നു കാട്ടികൊടുക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിലേക്കു എന്റെ വിചാരങ്ങളെ എനിക്കു എത്രയധികം ഏകാഗ്രപ്പെടുത്തുവാൻ കഴിയുമോ അത്രയധികം അതിനെ വെളിവാകാൻ എനിക്കു കഴിയുന്നതാകുന്നു. നിങ്ങൾ ഞാൻ പറയുന്നതിനെ കേട്ടുകൊണ്ടിരിക്കുന്നു. നിങ്ങളുടെ വിചാരങ്ങളെ നിങ്ങൾക്കു എത്രയധികം ഏകാഗ്രപ്പെടുത്തുവാൻ കഴിയുമോ അത്രയധികം സ്പഷ്ടമായി ഞാൻ പറയുന്ന വിഷയത്തെ നിങ്ങൾക്കു ഗ്രഹിപ്പാൻ കഴിയും.

ലോകത്തിൽ കാണുന്ന ഈ വിജ്ഞാനങ്ങളെല്ലാം മനഃശ്ശക്തിയുടെ ഏകാഗ്രതക്കൊണ്ടല്ലാതെ എങ്ങനെയുണ്ടാവാം? പ്രകൃതി തന്റെ രഹസ്യത്തെ തുറന്നു കാട്ടിത്തരുവാൻ എപ്പോഴും സന്നദ്ധയാകുന്നു. മർദ്ദിപ്പാൻ മാത്രം നാം അറിഞ്ഞിരുന്നാൽ മതി. ആവശ്യമുള്ള മർദ്ദനം പ്രകൃതിക്കു നല്കണം. മർദ്ദനത്തിന്നു് ഊക്കും, ശക്തിയും ഉണ്ടാകേണ്ടതു ഏകാഗ്രതയിൽനിന്നാണു്. മനുഷ്യന്റെ മനസ്സിൽ അടങ്ങികിടക്കുന്ന ശക്തിക്കു അതിരില്ല. മനസ്സു് എത്ര അധികം ഏകാഗ്രമാകുന്നുവോ അത്രയധികം ശക്തി അതിന്റെ ഒരു ഭാഗത്തു വന്നുകൂടുന്നു. അതാണു രഹസ്യം.

ബാഹ്യവസ്തുക്കളിൽ മനസ്സിനെ ഏകാഗ്രപ്പെടുത്തുന്നതു് എളുപ്പമാകുന്നു. മനസ്സിന്റെ ഗതി സ്വഭാവേനതന്നെ വെളിക്കോട്ടാണു്. എന്നാൽ മതത്തിന്റേയും അന്തഃകരണശാസ്ത്രത്തിന്റേയും തത്വശാസ്ത്രത്തിന്റേയും വിഷയത്തിലാകട്ടെ, ജ്ഞാതാവും, ജ്ഞേയവും ഒന്നുതന്നെ ആയിരിക്കുന്നു. ജ്ഞേയം ആന്തരമാകുന്നു. മനസ്സു തന്നെയാണു ജ്ഞേയം. മനസ്സിനെത്തന്നെ നോക്കിയറിയുന്നതു് അവശ്യമായിവരുന്നു. മനസ്സു, മനസ്സിനെ നോക്കിയറിയുന്നു. ചിന്തനം എന്നു പറയപ്പെടുന്ന ഒരു ശക്തി മനസ്സിന്നുണ്ടെന്നു നമുക്കറിയാമല്ലോ. ഞാൻ നിങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കുന്നു; അതേ സമയം തന്നെ രണ്ടാമതൊരാളോ എന്നു തോന്നുമാറു മാറിനിന്നിട്ടു് സ്വയമേവ ഞാൻ സംസാരിക്കുന്നതിനെ അറികയും, കേൾക്കുകയുംകൂടി ചെയ്യുന്നു. നിങ്ങൾ പ്രവർത്തിക്കുകയും, അതേ സമയം തന്നെ എന്തെങ്കിലും വിചാരിക്കയും ചെയ്യുന്നു. നിങ്ങളുടെ മനസ്സിന്റെ മറ്റൊരു ഭാഗം മാറിനില്ക്കയും നിങ്ങൾ വിചാരിക്കുന്നതിനെ കാണുകയും ചെയ്യുന്നു. മനസ്സിന്റെ ശക്തികളെ ഏകാഗ്രപ്പെടുത്തുകയും, അതിൻമേൽതന്നെ അവയെ തിരിച്ചുവിടുകയും ചെയ്യണം. സൂര്യന്റെ പ്രസൃമരമായ [1] കിരണങ്ങൾ കടന്നുചെന്നു ഏറ്റവും അന്ധകാരമയമായ പ്രദേശങ്ങളിലെ വസ്തുതകളെക്കൂടി വെളിവാക്കുന്നതുപോലെ ഏകാഗ്രീകരിക്കപ്പെട്ട മനസ്സു് അതിന്റെതന്നെ ഏറ്റവും ഉള്ളിലുള്ള രഹസ്യങ്ങളിലേക്കും ചെല്ലുന്നു. വാസ്തവവും, അദൃഷ്ടവുമായ വിശ്വാസത്തിന്റെ അല്ലെങ്കിൽ മതത്തിന്റെ അടിസ്ഥാനത്തിൽ നാം ഇങ്ങനെ വന്നെത്തണം. നമുക്കു ആത്മാക്കളുണ്ടോ, ജീവിതം അഞ്ചുനിമിഷത്തേക്കു മാത്രമുള്ളതോ അല്ല, നിത്യമോ, ഈ പ്രപഞ്ചത്തിൽ ഒരീശ്വരുണ്ടോ, ഒന്നുമില്ലയോ എന്നൊക്കെ നമുക്കുവേണ്ടി നാം തന്നെ നോക്കിയറിയണം. അതെല്ലാം നമുക്കു വെളിപ്പെടും. ഇതാകുന്നു രാജയോഗശാസ്ത്രം നമ്മെ പഠിപ്പിപ്പാൻ പോകുന്നതു്. അതിലെ മുഴുവൻ ഉപദേശങ്ങളുടേയും ഉദ്ദേശ്യം, മനസ്സിനെ ഏകാഗ്രപ്പെടുത്തുന്നതും, നമ്മുടെ മനസ്സുകളിൽ ഉള്ള വസ്തുക്കളെ ആവിഷ്കരിക്കുന്നതും, പിന്നെ ആ വസ്തുക്കളുടെ സാധർമ്യ നിർണ്ണയം ചെയ്തു് അവയിൽനിന്നു നമ്മുടെ സിദ്ധാന്തങ്ങളെ സ്വരൂപിക്കുന്നതും ആകുന്നു. അതുകൊണ്ടു, നമ്മുടെ മതം എന്താണെന്നോ, നാം ആസ്തികരോ, നാസ്തികരോ, ക്രിസ്ത്യാനികളോ, യഹൂദന്മാരോ, ബുദ്ധമതക്കാരോ ആരാണെന്നോ ഉള്ള ചോദ്യങ്ങൾ അതു ഒരിക്കലും ചോദിക്കുന്നില്ല. നാം മനുഷ്യജീവികൾ, അത്രമാത്രം മതി. ഓരോ മനുഷ്യജീവിക്കും മതത്തെപറ്റി അന്വേഷിപ്പാനുള്ള അധികാരവും, ശക്തിയും ഉണ്ടു്. ഓരോ മനുഷ്യനും കാരണം എന്താണെന്നു ചോദിപ്പാനും തന്റെ ഈ ചോദ്യത്തിനു തന്നത്താൻ ഉത്തരം പറവാനും അധികാരമുണ്ടു്. അവൻ അതിന്നായി ശ്രമിക്കേണം അത്രേ വേണ്ടു.

ഇത്രയുംകൊണ്ടു രാജയോഗം അഭ്യസിക്കുന്നതിന്നു ഭക്തിയോ, വിശ്വാസമോ ആവശ്യമില്ലെന്നു നാം കാണുന്നുവല്ലോ. ‘നിങ്ങൾക്കുവേണ്ടി നിങ്ങൾ തന്നെ അതിനെ കണ്ടറിയുന്നതുവരെ ഒന്നിനേയും നിങ്ങൾ വിശ്വസിക്കരുതു്’ എന്നാണു അതു നമ്മളോടുപദേശിക്കുന്നതു്. സത്യത്തിന്നു താങ്ങി നില്പാൻ ഒരു ഊന്നു വേണ്ടാ. നാം ജാഗ്രദവസ്ഥയിൽ കാണുന്ന സംഗതികളെ ശരിയാണെന്നു സ്ഥാപിപ്പാൻ വല്ല സ്വപ്നങ്ങളോ മനോരാജ്യങ്ങളോ ആവശ്യമാണെന്നു നിങ്ങൾ കരുതുന്നുവോ? നിശ്ചയമായും ഇല്ല. രാജയോഗം അഭ്യസിക്കുന്നതിന്നു് അധികകാലവും ഇടവിടാത്ത പരിചയവും വേണം. ഈ അഭ്യാസത്തിന്റെ ഒരു ഭാഗം കായികമാണു്. എന്നാൽ ഇതിന്റെ പ്രധാനഭാഗം മാനസികമാകുന്നു. മനസ്സു ശരീരത്തോടു എത്ര അവ്യവഹിതമായി സംബന്ധിക്കപ്പെട്ടിരിക്കുന്നു എന്നു നമുക്കു് യോഗം അഭ്യസിച്ചുവരുമ്പോൾ കാണാം. മനസ്സു, ശരീരത്തിന്റെ സൂക്ഷ്മതരമായ അംശം മാത്രമാണെന്നും, മനസ്സു് ശരീരത്തിന്മേൽ വ്യാപരിക്കുന്നുണ്ടെന്നും നാം വിശ്വസിക്കയാണെങ്കിൽ അതുപോലെതന്നെ ശരീരത്തിന്റെ വ്യാപാരം മനസ്സിനേയും ബാധിക്കുന്നതു തന്നെ. ശരീരം അസ്വസ്ഥമാകുമ്പോൾ മനസ്സും അസ്വസ്ഥമായിതീരുന്നു. ശരീരത്തിന്നാരോഗ്യമുണ്ടെങ്കിൽ, മനസ്സും ആരോഗ്യവും, ശക്തിയും ഉള്ളതായിത്തന്നെയിരിക്കുന്നു. ഒരുത്തന്നു കോപമുണ്ടാകുമ്പോൾ അവന്റെ മനസ്സിൽ ഉപദ്രവം നേരിടുന്നു. അതുപോലെ, മനസ്സിനു ഉപദ്രവം നേരിട്ടാൽ അപ്പോൾ ശരീരത്തിന്നും ഉപദ്രവമുണ്ടാകുന്നു. മനുഷ്യരിൽ ഭൂരിഭാഗത്തിന്നു് മനസ്സു് കേവലം ശരീരത്തിനു കീഴടങ്ങിയാണിരിക്കുന്നതു്. മനസ്സിനു വളരെ കുറഞ്ഞ പ്രൗഢതയേ വന്നിട്ടുള്ളു.

മനുഷ്യവർഗ്ഗത്തിന്റെ വലിയൊരു ഭാഗവും (നിങ്ങൾ ദയവുചെയ്തു ക്ഷമിക്കുമെങ്കിൽ ഞാൻ പറയാം). മൃഗങ്ങളിൽനിന്നു അധികദൂരമൊന്നും എത്തീട്ടില്ല, അത്രതന്നെയല്ല, പലസംഗതികളിലും നിയമനശക്തി താഴ്‌ന്നതരം ജന്തുക്കൾക്കുള്ളതിൽനിന്നധികമൊന്നും വർദ്ധിച്ചിട്ടുമില്ല. നമ്മുടെ മനസ്സുകളുടെമേൽ നമുക്കു സ്വാതന്ത്ര്യം ചുരുക്കമാണു്. അതുകൊണ്ടു സ്വാതന്ത്ര്യത്തെ ഉണ്ടാക്കാനും, ശരീരത്തേയും, മനസ്സിനേയും, സ്വാധീനമാകാനും ചില ശാരീരമായ സഹായങ്ങളെ നാം ആശ്രയിക്കണം. ശരീരം വേണ്ടുംവണ്ണം സ്വാധീനമായെന്നു കണ്ടാൽ അപ്പോൾ മനസ്സിനെ വശപ്പെടുത്തുവാൻ നമുക്കു ശ്രമിക്കാം. അങ്ങനെ വശപ്പെടുത്തുന്നതുകൊണ്ടു്, നമുക്കു മനസ്സിനെ ആജ്ഞയിൽ നിറുത്താൻ കഴിയും. നമുക്കിഷ്ടമായവിധം അതിനെക്കൊണ്ടു പ്രവർത്തിപ്പാനും, നാം ആഗ്രഹിക്കും വണ്ണം അതിന്റെ ശക്തികളെ ഏകാഗ്രപ്പെടുത്തുവാൻ അതിനെ നിർബ്ബന്ധിപ്പാനും കഴിയും.

രാജയോഗശാസ്ത്രപ്രകാരം, ബാഹ്യപ്രപഞ്ചം മുഴുവനും, ആഭ്യന്തരമായ അല്ലെങ്കിൽ സൂക്ഷ്മമായ ലോകത്തിന്റെ സ്ഥൂല പരിണാമം അല്ലാതെ മറ്റൊന്നല്ല. സൂക്ഷ്മം എല്ലായ്പ്പോഴും, കാരണവും, സ്ഥൂലം കാര്യവും ആയിരിക്കും. അതുകൊണ്ടു ബാഹ്യപ്രപഞ്ചം കാര്യവും, ആഭ്യന്തരം കാരണവും ആണു്. അതുപോലെ വെളിയിലുള്ള ശക്തികളും സൂക്ഷ്മമായ ആന്തരശക്തികളുടെ സ്ഥൂലമായ ഭാഗങ്ങൾ തന്നെ ആകുന്നു. ആന്തര ശക്തികളെ വശപ്പെടുത്തേണ്ട ക്രമം കണ്ടു പിടിക്കയും, പഠിക്കയും ചെയിട്ടുള്ള ഒരുവൻ പ്രകൃതിയെ മുഴുവൻ തനിക്കധീനയാക്കും. മുഴുവൻ പ്രപഞ്ചത്തേയും വശംവദമാക്കുകയും, പ്രകൃതിയെ കീഴടക്കുകയും ചെയ്യുന്നതിനേക്കാൾ ലഘുവായ ഒരു ശ്രമത്തെയല്ല, യോഗി തന്റെ കൃത്യമായുദ്ദേശിക്കുന്നതു്. നാം ‘പ്രകൃതി നിയമങ്ങൾ’ എന്നു പറയുന്നവയുടെ പ്രേരണകൾ ഒന്നും എത്താത്തതും, അവയിൽ നിന്നെല്ലാം തനിക്കു് അകന്നു നിൽക്കാവുന്നതുമായ സ്ഥാനത്തിൽ എത്താനാണു യോഗി ആഗ്രഹിക്കുന്നതു്. അയാൾ ആന്തരവും, ബാഹ്യവുമായ മുഴുവൻ പ്രകൃതിയുടേയും അധിപനായിതീരും. മനുഷ്യവർഗ്ഗത്തിന്റെ അഭിവൃദ്ധിയും പരിഷ്കാരവും എല്ലാം ഈ പ്രകൃതിയെ കീഴടക്കുക എന്നുള്ളതു തന്നെ.

പല വർഗ്ഗക്കാരുടേയും അഭ്യാസസമ്പ്രദായങ്ങൾക്കു വ്യത്യാസമുണ്ടു്. ഒരു സമുദായത്തിൽതന്നെയുള്ള ചില പ്രത്യേക ആളുകൾ ബാഹ്യനിയമനത്തേയും, മറ്റു ചിലർ അന്തർനിയമനത്തേയും ആഗ്രഹിക്കുന്നതുപോലെ ഭിന്നവർഗ്ഗക്കാരുടെ ഇടയിലും ചിലർ ബാഹ്യനിയമനം ചെയ്വാനും, ചിലർ അന്തർനിയമനം ചെയ്വാനും ആവശ്യപ്പെടുന്നു. ആന്തരമായ നിയമനം കൊണ്ടു് നമുക്കു എല്ലാവറ്റേയും നിയമനം ചെയ്യാമെന്നു ചിലരും, ബാഹ്യ നിയമനം കൊണ്ടു് എല്ലാവറ്റേയും നിയമനം ചെയ്യാമെന്നു മറ്റുചിലരും പറയും. പരമാവധിയിൽ രണ്ടു് കക്ഷികളുടേയും വാദം ശരിയാണു്. എന്തുകൊണ്ടെന്നാൽ ആഭ്യന്തരമാകട്ടെ, ബാഹ്യമാകട്ടെ ഇല്ല. അതു്, ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കല്പിതമായ വ്യവച്ഛേദമത്രെ. ബാഹ്യവാദി, ആഭ്യന്തരവാദി എന്നു് ഈ രണ്ടു് കക്ഷികളും തങ്ങളുടെ ജ്ഞാനത്തിന്റെ പരമാവധിയെ പ്രാപിക്കുമ്പോൾ ഒരേ സ്ഥാനത്തിൽ തന്നെ വന്നെത്തിയേ കഴിയൂ. ശരീരശാസ്ത്രജ്ഞൻ തന്റെ ജ്ഞാനത്തെ അതിന്റെ പൂർണ്ണതയിലേക്കു നയിക്കുമ്പോൾ അതു് അദ്ധ്യാത്മശാസ്ത്രത്തിൽ ലയിച്ചുപോകുന്നതായി കാണുന്നപോലെ അദ്ധ്യാത്മശാസ്ത്രജ്ഞൻ താൻ മനസ്സെന്നും, ജഡപദാർത്ഥമെന്നും പറയുന്നതെല്ലാം ഒരിക്കലുമില്ലാത്തവണ്ണം മറഞ്ഞു പോകേണ്ട ഭ്രമജന്യമായ ഭേദങ്ങളാണെന്നും കാണും.

എല്ലാ ശാസ്ത്രങ്ങളുടേയും, അവധിയും, ഉദ്ദേശ്യവും ഒരു ഏകവസ്തുവിനെ കണ്ടുപിടിക്കുകയെന്നുള്ളതാണു്. ഈ നാനാവസ്തുക്കൾ എല്ലാം ഏതിൽ നിന്നു രൂപീകരിക്കപ്പെടുന്നുവോ ആ ഏകവസ്തുവിനെ അനേകമായി തോന്നിക്കൊണ്ടിരിക്കുന്ന ആ ഏകവസ്തുവിനെ രാജയോഗശാസ്ത്രം ഉദ്ദേശിക്കുന്നതു് ഉള്ളിൽ നിന്നു തുടങ്ങി അതായതു്, ആഭ്യന്തരപ്രകൃതിയെ ആരാഞ്ഞറിഞ്ഞു അതു മാർഗ്ഗമായി ആഭ്യന്തരവും, ബാഹ്യവുമായ മുഴുവൻ ലോകത്തേയും നിയമനം ചെയ്വാനാകുന്നു. ഈ ശ്രമം വളരെ പുരാതനമാണു്. ഇതിന്റെ പ്രത്യേക സങ്കേതഭൂമിയായിരിക്കുന്നതു് ഇൻഡ്യ തന്നെ. എന്നാൽ മറ്റു രാജ്യക്കാരും, ഇതിൽ ശ്രമിച്ചു് നോക്കീട്ടുണ്ടു്. പാശ്ചാത്യരാജ്യങ്ങളിൽ ഇതു ഗൂഢവിദ്യയായി കരുതപ്പെട്ടിരുന്നു. ഇതിനെ അഭ്യസിക്കാൻ ശ്രമിച്ച ജനങ്ങളെ ചുട്ടുകളകയോ ആഭിചാരവിദ്യക്കാരേയും, മന്ത്രവാദികളേയും പോലെ കൊല്ലുകയോ ചെയ്തു വന്നിരുന്നു. ഇന്ത്യയിൽ ഇതു പല കാരണങ്ങളാൽ ഇതിനെ സംബന്ധിച്ച അറിവുകളിൽ നൂറ്റിന്നു തൊണ്ണൂറ്റും നശിപ്പിക്കയും, ബാക്കിയുള്ളതിനെ മഹാ രഹസ്യമാക്കുവാൻ ശ്രമിക്കയും ചെയ്ത ചില കൂട്ടരുടെ കൈയ്യിലുമാണകപ്പെട്ടതു്. ഈ കാലങ്ങളിൽ (ഈ പാശ്ചാത്യദേശത്തു്) ഉപദേഷ്ടാക്കന്മാരെന്നു പറഞ്ഞു പല ആളുകളും പുറപ്പെട്ടിട്ടുണ്ടു്. അവർ ഇന്ത്യയിലെ മേല്പറഞ്ഞ കൂട്ടരേക്കാൾ മോശക്കാരാണു്. എന്തുകൊണ്ടെന്നാൽ അവർക്കു വല്ലതെങ്കിലും അറിയാം. ഈ പുതിയ ഉപദേഷ്ടാക്കന്മാർക്കു ഒന്നുമറിഞ്ഞുകൂടാ.

രഹസ്യവും, ഗൂഢവുമായി എന്തെല്ലാമുണ്ടോ ഈ യോഗസമ്പ്രദായപ്രകാരം അവയെ ഉടനെ ഉപേക്ഷിച്ചു് കളയേണ്ടതാണു്. ബലമാണു ജീവിതത്തിന്റെ ഉത്തമനേതൃസ്ഥാനം വഹിക്കുന്നതു്. മതത്തിൽ മറ്റുള്ള സർവവിഷയങ്ങളിലും എന്നപോലെതന്നെ നിങ്ങളെ ദുർബലരാക്കുന്ന ഏതെല്ലാമുണ്ടോ, അവയെ തള്ളിക്കളയുകയുകയും അവയുമായി ഇടപെടാതിരിക്കയും ചെയ്യുവിൻ. ഗൂഢവിദ്യാവ്യാപാരങ്ങൾ എല്ലാം മനുഷ്യബുദ്ധിയെ ബലഹീനമാക്കുന്നതാണു്. അതുനിമിത്തം ഈ യോഗശാസ്ത്രം മിക്കവാറും നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, വാസ്തവത്തിൽ ഇതു അതിമഹത്തുകളായ ശാസ്ത്രങ്ങളിൽ ഒന്നാണു്. നാലായിരത്തിൽപരം കൊല്ലങ്ങൾക്കുമുൻപ്, ഇന്ത്യയിൽ ഇതു കണ്ടുപിടിച്ച കാലം തുടങ്ങി പൂർത്തിയാംവണ്ണം ഇതിനെ നിർവചിക്കുകയും, നിരൂപണം ചെയ്കയും, പ്രസംഗിക്കയും ചെയ്തിട്ടുണ്ടു്. ഇതിന്റെ പുതിയ, പുതിയ വ്യാഖ്യാതാക്കന്മാർ എല്ലാം അധികമധികം അബദ്ധങ്ങൾ വരുത്തിക്കൂട്ടുന്നവരാണെന്നുള്ളതു് ഒരു സ്മരണീയമായ വാസ്തവമാകുന്നു. ഈ വിഷയത്തിൽ ഒരു ഗ്രന്ഥകാരൻ എത്ര പുരാതന കാലീയനായിരിക്കുന്നുവോ അത്രയധികം ആ ഗ്രന്ഥം യുക്തിയുക്തമായിരിക്കുന്നു. പുതിയ ഗ്രന്ഥകാരിൽ ഭൂരിഭാഗവും, പലപ്രകാരത്തിലുള്ള ഗൂഢതത്വങ്ങളെ പറ്റി ജല്പിക്കുന്നു. ഇപ്രകാരം, സൂര്യന്റെയും ന്യായവാദത്തിന്റേയും പൂർണ്ണമായ വെളിച്ചം അതിന്മേൽ വീഴാൻ അനുവദിക്കുന്നതിനു പകരം അതിനെ ഒരു രഹസ്യമാക്കിത്തീർത്ത ഏതാനും ചിലരുടെ കൈയ്യിലാണിതകപ്പെട്ടതു്. അവർ അങ്ങനെ ചെയ്തതു് സിദ്ധികൾ എല്ലാം അവർക്കേ ഉണ്ടാകാവു എന്നുദ്ദേശിച്ചുമായിരിക്കാം.

ഞാൻ പ്രസംഗിക്കുന്നതിൽ ഒന്നാമതായിതന്നെ ഗൂഢതത്വങ്ങൾ ഒന്നും ഉണ്ടായിരിക്കയില്ല. എനിക്കു സ്വല്പം ഏതെങ്കിലും അറിയാവുന്നതിനെ ഞാൻ നിങ്ങളോടു പറയും; യുക്തികൊണ്ടു നിർണ്ണയിക്കാവുന്നതിനെ ഞാൻ അങ്ങിനേയും ചെയ്യും; എനിക്കു അറിഞ്ഞുകൂടാത്തതിനെയാകട്ടെ പുസ്തകങ്ങളിൽ അങ്ങനെ പറഞ്ഞിരിക്കുന്നു എന്നുതന്നെ നിങ്ങളോടു ഞാൻ പറഞ്ഞേക്കും. കണ്ണും പൂട്ടി വിശ്വസിക്കുന്നതു അബദ്ധമാണു്. നിങ്ങളുടെ സ്വന്തം ബുദ്ധിയേയും, ന്യായദൃഷ്ടിയേയും തന്നെ നിങ്ങൾ ഉപയോഗിക്കണം. ഈ സംഗതികൾ സംഭവിക്കുമോ ഇല്ലയോ എന്നു നിങ്ങൾ ശ്രമിച്ചുനോക്കിതന്നെ അറിയണം. മറ്റേതെങ്കിലും, ജഢപ്രകൃതി ശാസ്ത്രങ്ങളെ എങ്ങനെ നിങ്ങൾ പഠനവിഷയമായെടുക്കുന്നുവോ അതേവിധം തന്നെ ഈ ശാസ്ത്രത്തേയും പഠിപ്പാൻ എടുക്കണം. ഇതിൽ രഹസ്യമോ അപകടമോ ഒന്നുമില്ല. ഇതിന്റെ പരമാർത്ഥമായ ഭാഗമുള്ളതെല്ലാം തുറന്നു രാജവീഥിയിൽ നട്ടുച്ചയ്ക്കു് വിളിച്ചു പ്രസംഗിക്കേണ്ടതാകുന്നു. ഈ സംഗതികളെ ഗൂഢമാക്കാനുള്ള ഏതുദ്യമവും വലിയ അപായകരമായിട്ടുള്ളതാണു്.

ഇതിന്നപ്പുറം പ്രതിപാദിക്കുന്നതിന്നുമുമ്പു രാജയോഗത്തിന്നു മുഴുവൻ ആധാരമായിനില്ക്കുന്ന സാംഖ്യതത്വശാസ്ത്രത്തെപ്പറ്റി എനിക്കു കുറഞ്ഞൊന്നു നിങ്ങളോടു വിവരിക്കണം. ഈ തത്വശാസ്ത്രപ്രകാരം, പ്രത്യക്ഷം ഉണ്ടാകുന്നതു്; കരണങ്ങൾ അതായതു് അക്ഷങ്ങൾ വഴിയാകുന്നു. അക്ഷങ്ങൾ അതിനെ ഇന്ദ്രിയങ്ങളിലേക്കും, ഇന്ദ്രിയങ്ങൾ മനസ്സിലേക്കും, മനസ്സു നിശ്ചയാത്മികയായ ബുദ്ധിയിലേക്കും കൊണ്ടുചെല്ലുന്നു. ഇതിൽ നിന്നു പുരുഷൻ അല്ലെങ്കിൽ ആത്മാവു് അതിനെ സ്വീകരിക്കുകയും, തിരിയെ പോവാൻ ആജ്ഞാപിക്കുകയോ എന്നു തോന്നുമാറ് ആ എല്ലാ സ്ഥാനങ്ങളിലൂടേയും അതിനെ മടക്കി അയയ്ക്കുകയും ചെയ്യുന്നു. ഇങ്ങിനെയാണു് ഇന്ദ്രിയജന്യജ്ഞാനങ്ങൾ ഗ്രഹിക്കപ്പെടുന്നതു്. പുരുഷനെയൊഴിച്ചുള്ള ഇതെല്ലാം ജഡപദാർത്ഥമാകുന്നു. എന്നാൽ, മനസ്സാകട്ടെ, ബഹിരിന്ദ്രിയങ്ങളേക്കാൾ തുലോം സൂക്ഷ്മമായ ജഡവസ്തുവാണു്. മനസ്സിന്നുപാദാനമായ ജഡപദാർത്ഥം തടിക്കുമ്പോൾ തന്മാത്രകൾ എന്നു പറയപ്പെടുന്ന വസ്തുവായിതീരുന്നു. അതു പിന്നേയും തടിച്ചിട്ടു്, ബാഹ്യഭൂതങ്ങളായിതീരുന്നു. ഇതാണു സാംഖ്യസിദ്ധാന്തം. അതുകൊണ്ടു്, ബുദ്ധിക്കും, വെളിയിലുള്ള സ്ഥൂലഭൂതങ്ങൾക്കും തമ്മിൽ മാത്രയിൽ ഉള്ള ഒരു വ്യത്യാസം മാത്രമെ ഉള്ളു. അജഡമായിട്ടുള്ളതു് പുരുഷൻ ഒന്നുതന്നെ. മനസ്സു വെളിയിലുള്ള വിഷയങ്ങളെ തന്മാർഗ്ഗേണ ഗ്രഹിപ്പാനായി ആത്മാവിന്റെ കൈകളിലുള്ള ഒരുപകരണം പോലെയിരിക്കുന്നു. ഈ മനസ്സു ഇടവിടാതെ മാറുകയും അങ്ങോട്ടുമിങ്ങോട്ടും ആടികൊണ്ടു നിൽക്കയും ചെയ്യുന്നു. ഇതിന്നു ഇന്ദ്രിയങ്ങളിൽ പലതിനോടോ, ഒന്നിനോടോ മാത്രമോ സംബന്ധിച്ചുകൊള്ളുന്നതിന്നും, ഒന്നിനോടും, സംബന്ധിക്കാതിരിപ്പാനും കഴിയും. ദൃഷ്ടാന്തം പറയാം. നാഴികമണി അടിക്കുന്നതു് വളരെ ശ്രദ്ധ പതിച്ചു് ഞാൻ കേൾക്കുകയാണെങ്കിൽ ഒരു സമയം എന്റെ കണ്ണുകൾ തുറന്നിരുന്നാൽ തന്നെയും ഒരു വസ്തുവിനേയും ഞാൻ കാണുകയില്ല. അതു്, മനസ്സു നേത്രേന്ദ്രിയത്തോടു സംബന്ധിച്ചിരുന്നില്ലെന്നും ശ്രോതേന്ദ്രിയത്തോടു് സംബന്ധിച്ചിരുന്നുവെന്നും കാട്ടിത്തരുന്നു. ഇതേവിധത്തിൽ എല്ലാ ഇന്ദ്രിയങ്ങളോടും ഏകകാലത്തിൽത്തന്നെ സംബന്ധിച്ചിരുപ്പാനും മനസ്സിനു കഴിയും. ഈ മനസ്സിനു തന്റെ സ്വന്തം അഗാധതയിലേക്കു തിരിഞ്ഞു നോക്കുന്ന ചിന്തന അല്ലെങ്കിൽ പ്രണിധാനശക്തിയുണ്ടു്. ഈ ചിന്താശക്തിയെ ലഭിപ്പാനാണു് യോഗി ആവശ്യപ്പെടുന്നതു്. മനഃശ്ശക്തികളെ ഏകാഗ്രപ്പെടുത്തി അവയെ അന്തർമുഖമാക്കി തിരിച്ചുവിട്ടു് ഉള്ളിൽ നടക്കുന്ന സംഭവങ്ങളെ അറിവാൻ അയാൾ അന്വേഷിക്കുന്നു. ഇതിൽ വെറും വിശ്വാസത്തെ സംബന്ധിച്ച ചോദ്യം ഒന്നുമില്ല. ഇതു ഒരുവക തത്വജ്ഞാനികളുടെ തത്വവിവേചനാക്രമമത്രേ. പുതിയ ശരീരശാസ്ത്രജ്ഞന്മാർ പറയുന്നതു് കണ്ണുകളല്ല കാഴ്ചയുടെ ഇന്ദ്രിയങ്ങളെന്നും ഇന്ദ്രിയങ്ങളിരിക്കുന്നതു് തലച്ചോറിലുള്ള സിരാബന്ധങ്ങളിലാണെന്നുമാകുന്നു. മറ്റു ജ്ഞാനേന്ദ്രിയങ്ങളും, അതുപോലെ തന്നെ. ഈ സിരാബന്ധ സ്ഥാനങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നതു് തലച്ചോറുണ്ടാക്കപ്പെട്ടിരിക്കുന്ന അതേ ഭൂതങ്ങൾ കൊണ്ടുതന്നെയാണെന്നും അവർ പറയുന്നു. അതുപോലെതന്നെ സംഖ്യാ ശാസ്ത്രജ്ഞനും പറയും. എന്നാൽ ഈ പ്രസ്താവത്തിൽ ഒന്നു് പ്രകൃതിവിജ്ഞാനവിഷയമായും, മറ്റതു അന്തഃകരണ ശാസ്ത്രവിഷയമായും ഇരിക്കുന്നു. എങ്കിലും രണ്ടും ഒന്നു തന്നെ. ഇനി ഇതിനപ്പുറമാണു നമുക്കു തെളിയിക്കേണ്ടിയുള്ളതു്.

യോഗി ഉദ്ദേശിക്കുന്നതു്, ഏതിനാൽ ഇതെല്ലാം പ്രത്യക്ഷീകരിപ്പാൻ കഴിയുമോ ആ സൂക്ഷ്മപ്രത്യക്ഷാവസ്ഥയെ സമ്പാദിപ്പാനാകുന്നു. ഈ എല്ലാ ഭിന്നാവസ്ഥകളിലും, മാനസപ്രത്യക്ഷം ഉണ്ടായിരിക്കും. ഇന്ദ്രിയജ്ഞാനം എങ്ങനെ സഞ്ചരിക്കുന്നു എന്നും, മനസ്സു അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നും, ബുദ്ധിയിലേക്കു് അതു എങ്ങനെ പോകുന്നുവെന്നും, ആത്മാവിന്നു അതു എങ്ങനെ നല്കുന്നു എന്നും നമുക്കു കാണാറാകും. ഓരോ ശാസ്ത്രത്തിനും, ചില പ്രത്യേക ഒരുക്കങ്ങൾ ആവശ്യമുള്ളതിനാലും, ഓരോ ശാസ്ത്രത്തിനും, അതിന്റെ പ്രത്യേകക്രമം ഉള്ളതുകോണ്ടും, ആ ക്രമത്തെ അനുസരിക്കുന്നതുവരെ ആ ശാസ്ത്രത്തെ നമുക്കു ഒരിക്കലും മനസ്സിലാക്കാൻ കഴികയില്ല. രാജയോഗശാസ്ത്രവും അതുപൊലെതന്നെ.

ആഹാരത്തെ സംബന്ധിച്ചു ചില നിയമങ്ങൾ ആവശ്യമാണു്. മനസ്സിനെ ഏറ്റവും പരിശുദ്ധമാക്കിചെയ്യത്തക്ക ആഹാരം വേണം ഉപയോഗിപ്പാൻ. ഒരു മൃഗശാലയിൽ ചെന്നാൽ ഇതിന്റെ ദൃഷ്ടാന്തം നിങ്ങൾക്കു ഉടനെകാണാം. ആനകളെ നിങ്ങൾ കാണുന്നു. മഹാവലിയ ജന്തുക്കൾ; എങ്കിലും ശാന്തരായും മൃദുസ്വഭാവികളായും ഇരിക്കുന്നു. സിംഹത്തിന്റേയും, കടുവയുടേയും കൂടുകളുടെ അടുക്കലേക്കു ചെന്നാൽ അവ പൊറുതിയില്ലാതെ നിൽക്കുന്നതു നിങ്ങൾ കാണും. ആഹാരം കൊണ്ടുണ്ടായ ഭേദം എത്രമാത്രമാണെന്നു അതു നിങ്ങൾക്കു് കാണിക്കും. നാം അതു ദിവസേന കണ്ടുവരുന്നു. നിങ്ങൾ ഉപവാസം ചെയ്കയാണെങ്കിൽ, ആദ്യം നിങ്ങളുടെ ശരീരം ബലഹീനമായിത്തീരുന്നു. ശാരീരമായ ശക്തികൾക്കു ഹാനി തട്ടുന്നു. പിന്നെ ഏതാനും ചില ദിവസങ്ങൾ കഴിഞ്ഞാൽ മനഃശക്തികൾക്കും കേടു തട്ടും. ആദ്യം ഓർമിപ്പാൻ വഹിയാതെയാകും. പിന്നെ ഒരു ഘട്ടമുണ്ടു്. അപ്പോൾ നിങ്ങൾക്കു ചിന്തിപ്പാൻ കഴികയില്ലെന്നു വരും. ഏതെങ്കിലും യുക്തിവാദം ചെയ്യുന്നതിനെ യഥാക്രമം മനസ്സിലാക്കാൻ അതിനേക്കാളും, കഴിയാതെയാവും. അതുകൊണ്ടു ആരംഭത്തിൽ ഏതുമാതിരി ആഹാരങ്ങളാണു ഭക്ഷിക്കേണ്ടതെന്നുള്ള വിഷയത്തിൽ നാം ശ്രദ്ധവെയ്ക്കണം. നമുക്കു ധാരാളം ശക്തി ലഭിക്കയും, നമ്മുടെ അഭ്യാസം ഉയർന്നപടിയിൽ എത്തുകയും ചെയ്തുകഴിഞ്ഞാൽ പിന്നെ ഈ വിഷയത്തിൽ നാം അത്ര ശ്രദ്ധവച്ചേകഴിയു എന്നില്ല. ഒരു തൈ നട്ടു, വളർന്നുവരുമ്പോൾ അതിനു ഹാനി തട്ടാതിരിപ്പാനായി ചുറ്റും വേലി കെട്ടുക പതിവാണു്. എന്നാൽ അതു ഒരു വൃക്ഷമായിത്തീരുമ്പോൾ വേലികളെല്ലാം എടുത്തുകളയുന്നു. അതിനു അപ്പോൾ എല്ലാ ഉപദ്രവങ്ങളേയും സഹിപ്പാൻ കഴിയും.

ഒരു യോഗി അമിതമായ ഭോഗവും, അമിതമായ വ്രതവും ആയ രണ്ടിനേയും വർജ്ജിക്കണം; അയാൾ ഉപവസിക്കയും ശരീരത്തെ പീഢിപ്പിക്കയും ചെയ്യരുതു്. ആരു അങ്ങനെ ചെയ്യുന്നുവോ അവൻ ഒരു യോഗിയാവാൻ കഴികയില്ലെന്നു ഗീതയിൽ പറയുന്നു. ഉപവസിക്കുന്നവനും, ഉറങ്ങാതിരിക്കുന്നവനും, അധികമുറങ്ങുന്നവനും, അമിതമായി അദ്ധ്വാനിക്കുന്നവനും, ഒരു പ്രവൃത്തിയും ചെയ്യാത്തവനും ആയ ഇവർക്കാർക്കും യോഗിയായിരിപ്പാൻ കഴികയില്ല.

കുറിപ്പുകൾ
[1]

പ്രവഹിക്കുന്ന

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.