images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
പ്രാണൻ

പ്രാണായാമം പലരും വിചാരിച്ചിരിക്കാറുള്ളപോലെ ശ്വാസത്തെ സംബന്ധിച്ച ഏതെങ്കിലും ഒന്നല്ല. ശ്വാസത്തിനു ഉണ്ടെങ്കിൽ തന്നെ വളരെ അല്പമായ സംബന്ധമേ അതിനോടുള്ളു. ശ്വാസാഭ്യാസം നമുക്കു വാസ്തവമായ പ്രാണായാമത്തെ ലഭിപ്പാനുള്ള അനേകമാർഗ്ഗങ്ങളിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ. പ്രാണായാമം എന്നാൽ പ്രാണന്റെ നിയമനം എന്നർത്ഥമാകുന്നു. ഇന്ത്യൻ തത്വജ്ഞാനികളുടെ അഭിപ്രായപ്രകാരം മുഴുവൻ പ്രപഞ്ചവും രണ്ടു പദാർത്ഥങ്ങളാൽ ഘടിതമായിരിക്കുന്നു. അവയിൽ ഒന്നിനെ അവർ ആകാശം എന്നു പറയുന്നു. ഇതു എങ്ങുമുള്ളതും എല്ലാവറ്റെയും വ്യാപിച്ചു സ്ഥിതിചെയ്യുന്നതുമായ ആ ഏകതത്വം തന്നെ. രൂപമുള്ളതോ സായുക്തദ്രവ്യങ്ങളിൽ നിന്നുണ്ടായതോ ആയ ഏതും ഈ ആകാശത്തിന്റെ പരിണാമമാണു്. വായുവായിത്തീരുന്നതും ദ്രവദ്രവ്യമായും, ഘനദ്രവ്യമായും തീരുന്നതും ഈ ആകാശമാണു്. സൂര്യനായും, ഭൂമിയായും, ചന്ദ്രനായും, നക്ഷത്രങ്ങളായും, കേതുക്കളായും തീരുന്നതും ഈ ആകാശം തന്നെ. നമ്മുടെ ശരീരമായും, ജന്തുക്കളുടെ ശരീരമായും, ചെടികളായും നാം കാണുന്ന എല്ലാരൂപങ്ങളായും തീരുന്നതും, നമ്മുടെ വിഷയമാകുന്ന ഏതും, എന്നുവേണ്ട ഉള്ളതേതോ അതൊക്കെയും ആകാശം തന്നെ ആകുന്നു. അതു സ്വയം പ്രത്യക്ഷമല്ല. സാധാരണ പ്രത്യക്ഷങ്ങൾക്കു് ഒന്നിനും വിഷയമാകാതിരിക്കത്തക്കവണ്ണം അതു അത്ര സൂക്ഷ്മമാകുന്നു. സൃഷ്ടി തുടങ്ങുമ്പോൾ ഈ ആകാശം മാത്രമേ ഉള്ളൂ. കല്പത്തിന്റെ അവസാനത്തിൽ ദ്രവദ്രവ്യങ്ങൾ ഘനദ്രവ്യങ്ങൾ ആവികൾ ഈ എല്ലാം ആകാശത്തിൽ ലയിക്കയും അടുത്ത സൃഷ്ടിയും അതുപോലെ ഈ ആകാശത്തിൽ നിന്നുതന്നെ ആരംഭിക്കയും ചെയ്യുന്നു.

എന്തു ശക്തിയാലാണു് ഈ ആകാശം പ്രപഞ്ചാകാരമായ നിർമ്മിക്കപ്പെട്ടിരിക്കുന്നതു്? പ്രാണശക്തിയാലത്രെ. ആകാശം എങ്ങിനെ ഈ പ്രപഞ്ചത്തിന്റെ അഖണ്ഡവും സർവ്വവ്യാപകവുമായ ദ്രവ്യമായിരിക്കുന്നുവോ അതുപോലെതന്നെ പ്രാണൻ പ്രപഞ്ചത്തിന്റെ അഖണ്ഡവും സർവ്വവ്യാപകവുമായ നിർമ്മാപക ശക്തിയാകുന്നു. ഒരു കല്പത്തിന്റെ ആരംഭത്തിലും അവസാനത്തിലും എല്ലാ ദ്രവ്യവും ആകാശമായിത്തീരുകയും പ്രപഞ്ചത്തിലുള്ള എല്ലാ ശക്തിയും പ്രാണനിൽ തിരിയേ ലയിക്കുകയും ചെയ്യുന്നു. അടുത്ത കല്പത്തിൽ ഈ പ്രാണനിൽ നിന്നുതന്നെ നാം പ്രഭാവമെന്നോ ശക്തിയെന്നോ പറയുന്ന എല്ലാവും ആവിർഭവിക്കുന്നു. ചലനമായി പ്രത്യക്ഷപ്പെടുന്നതു ഈ പ്രാണനാണു്. ഘനാകർഷണ ശക്തിയായും അയസ്കാന്തശക്തിയായും പരിണമിക്കുന്നതും പ്രാണൻ തന്നെ, ശരീരവ്യാപാരങ്ങളായും, പ്രാണധാരകളായും, വിചാര ശക്തികളായും പരിണമിക്കുന്നതും പ്രാണൻ തന്നെ. വിചാരം മുതൽ കീഴ്പോട്ടു താണതരം ശരീരവ്യാപാരം വരേയുള്ള എല്ലാം പ്രാണന്റെ പരിണാമമല്ലാതെ മറ്റൊന്നല്ല. മാനസികമോ ശാരീരമോ ആയി ലോകത്തുള്ള എല്ലാ ശക്തികളും അവയുടെ പൂർവ്വാവസ്ഥയിലേക്കു തിരിയെ ലയിക്കുമ്പോൾ ഉള്ള അകത്തുകക്കാണു് പ്രാണൻ എന്നുപറയുന്നതു്. ‘എപ്പോൾ ഭാവമോ അഭാവമോ ഇല്ലാതിരുന്നുവോ എപ്പോൾ അന്ധകാരം അന്ധകാരത്തെ മറച്ചിരുന്നുവോ അപ്പോൾ എന്തുണ്ടായിരുന്നു? നിശ്ചലമായും ആ ആകാശം ഉണ്ടായിരുന്നു’ പ്രാണന്റെ ഭൗതികമായ ചലനം നിന്നുപോയി; എന്നാൽ പ്രാണൻ യഥാപൂർവ്വം ഉണ്ടായിരിക്കയും ചെയ്തു. പുതിയ സയൻസ് (ശാസ്ത്രം) കൊണ്ടു ലോകത്തിൽ വെളിപ്പെട്ടിരിക്കുന്ന ശക്തികൾ എല്ലാം മാറ്റമില്ലാത്തവയാണെന്നു നമുക്കറിയാമല്ലോ. ലോകത്തുള്ള ശക്തികളുടെ എല്ലാം ആകെത്തുകയായ ഒന്നു എപ്പോഴും തുല്യമായിത്തന്നെയിരിക്കുന്നു. ഒരു കലാപത്തിന്റെ അവസാനത്തിൽ മാത്രം ശക്തികൾ ശാന്തമാകയും, തിരോഹിതങ്ങളായിത്തീരുകയും ചെയ്യുന്നു. അടുത്ത കലാപാരംഭത്തിൽ അവ ആവിർഭവിച്ചു ആകാശത്തിന്റെ മേൽ വ്യാപരിക്കയും, ആകാശത്തിൽ നിന്നു ഈ വിവിധങ്ങളായ രൂപങ്ങൾ പരിണമിക്കുകയും ചെയ്യും. ആകാശം മാറുന്നതുപോലെ തന്നെ ഈ പ്രാണനും, ശക്തിയുടെ ഈ പരിണാമങ്ങളെല്ലാമായി മാറുകയും ചെയ്യുന്നു. ഈ പ്രാണനെ അറിയുകയും നിയമനം ചെയ്കയും ചെയ്യുന്നതാണു് പ്രാണായാമം എന്നു പറയുന്നതിന്റെ വാസ്തവമായ അർത്ഥം.

ഇതു് (പ്രാണായാമം) നമുക്കു അവധിയില്ലാത്ത ശക്തികളുടെ വാതലിനെത്തുറന്നു തരുന്നു. എങ്ങിനെയെന്നു പറയാം: ഒരുത്തൻ പ്രാണനെ പൂർണ്ണമായറികയും അതിനെ നിയമനം ചെയ്യാൻ അവനു സാധിക്കയും ചെയ്തു എങ്കിൽ അവനിലില്ലാത്തതായ ശക്തി ലോകത്തേതുണ്ടായിരിക്കും? പ്രാണനെ വരുതിയിൽ വെയ്പാൻ കഴിയഞ്ഞതുകൊണ്ടു സൂര്യനേയും നക്ഷത്രങ്ങളേയും അവയുടെ സ്ഥാനങ്ങളിൽനിന്നു മാറ്റി നിർത്താനും, അണുക്കൾ മുതൽ അതിമഹത്തായ സൂര്യഗോളങ്ങൾവരെ ഈ ബ്രഹ്മാണ്ഡത്തിലുള്ള ഏതിനെയും വരുതിയിൽ നിർത്താനും അവനു കഴിയുമായിരിക്കും. ഇതാണു പ്രാണായാമത്തിന്റെ അവധിയും ഉദ്ദേശവും. യോഗി പൂർണ്ണസിദ്ധനായിത്തീരുമ്പോൾ അവന്റെ അധീനതയിൽ നിൽക്കാത്തതായി പിന്നെ ഒന്നുംതന്നെ ഉണ്ടായിരിക്കയില്ല. അവൻ ദേവന്മാരെ വരാൻ ആജ്ഞാപിക്കയാണെങ്കിൽ അവൻ കല്പിച്ചപോലെ അവർ വരും. പിതൃക്കളെ അവൻ വരാൻ പറകയാണെങ്കിൽ അവന്റെ കല്പനപോലെ അവർ വരും. പ്രകൃതിയിലുള്ള എല്ലാ ശക്തികളും അടിമകളെപ്പോലെ അവന്റെ ആജ്ഞ കേൾക്കും. അറിവില്ലാത്തവർ യോഗിയുടെ ഈ ശക്തികളെ കാണുമ്പോൾ ഇവ അമാനുഷ പ്രവർത്തികളെന്നു പറയും. ഹിന്ദുക്കളുടെ മനസ്സിനുള്ള ഒരു വിശേഷം അതു് എപ്പോഴും വിശേഷങ്ങളെ എല്ലാം ഒടുവിൽ നിരൂപണം ചെയ്യുന്നതിനായി വിട്ടിട്ട് പരമസാമാന്യധർമ്മത്തെ ആദ്യം അന്വേഷിയ്ക്കുക എന്നുള്ളതാകുന്നു. “ഏതിനെ അറിയുന്നതുകൊണ്ടു് നാം എല്ലാവറ്റെയും അറിയുന്നുവോ അതു് ഏതാണു്?” എന്ന ചോദ്യം വേദങ്ങളിൽ പുറപ്പെടുവിച്ചിരിയ്ക്കുന്നു. അതിനെ അടിസ്ഥാനമാക്കിയാണു് എല്ലാ വേദങ്ങളും, എല്ലാ തത്വശാസ്ത്രങ്ങളും എഴുതപ്പെട്ടിരിക്കുന്നതു്. ഏതിനെ അറിയുന്നതു കൊണ്ടു് എല്ലാം അറിയപ്പെടുന്നുവോ അതിനെ നിർണ്ണയിക്കയാകുന്നു അവയുടെ ഉദ്ദേശം. ഒരുത്തൻ ഈ പ്രപഞ്ചത്തെ ശകലം ശകലമായി അംശിച്ചറിവാൻ ആവശ്യപ്പെടുകയാണെങ്കിൽ അവൻ ഓരോ തരിമണലിനെയും പിരുത്തുനോക്കി അറിയണം. അതിനു അവനു അവധിയില്ലാത്ത കാലം വേണ്ടി വരുന്നു. അവയെ എല്ലാം അവന്നു അറിവാൻ സാധിക്കയില്ല. എന്നാൽ ജ്ഞാനം എങ്ങിനെ ഉണ്ടാവാം? വിശേഷ (ജ്ഞാന)ങ്ങൾ വഴിയായി എങ്ങിനെ ഒരു മനുഷ്യൻ സർവജ്ഞനാകാൻ സാധിയ്ക്കും? യോഗി പറയുന്നതാവിതു്. ഈ വിശേഷ പരിണതികളുടെ എല്ലാം അടിയിലായി ഒരു സാമാന്യധർമ്മം (സത്ത) ഉണ്ടു്. എല്ലാ പ്രത്യേക ജ്ഞാനങ്ങളുടെയും അടിയിൽ സർവസാമാന്യവും കേവലവുമായ ഒരു തത്വം നിൽക്കുന്നുണ്ടു്. അതിനെ ഗ്രഹിച്ചാൽ നിങ്ങൾ എല്ലാവറ്റേയും ഗ്രഹിച്ചു. ഇതേപ്രകാരം തന്നെ മുഴുവൻ ബ്രഹ്മാണ്ഡവും വേദത്തിൽ ഒരു കേവല സത്തയായി സാമാന്യപ്പെടുത്തീട്ടുണ്ടു്. ആ സത്തയെ ആർ ഗ്രഹിച്ചിരിക്കുന്നുവോ അവൻ മുഴുവൻ ബ്രഹ്മാണ്ഡത്തെയും ഗ്രഹിച്ചിരിക്കയാകുന്നു. അതുപോലെ എല്ലാ ശക്തികളെയും ഈ പ്രാണനായിട്ടു സാമാന്യപ്പെടുത്തപ്പെട്ടിരിക്കുന്നു. ആരു പ്രാണനെ ഗ്രഹിച്ചിരിക്കുന്നുവോ പ്രപഞ്ചത്തിൽ ഉള്ള മാനസികമോ ഭൗതികമോ ആയ എല്ലാ ശക്തികളെയും അവൻ ഗ്രഹിച്ചിരിക്കയാകുന്നു. പ്രാണനെ കീഴടക്കിയവൻ അവന്റെ ആ സ്വന്ത മനസ്സിനെയും ലോകത്തു മറ്റേതു മനസ്സുകൾ എല്ലാം ഉണ്ടോ അവയെ ഒക്കെയും കീഴടക്കി കഴിഞ്ഞിരിയ്ക്കുന്നു. ആർ പ്രാണനെ സ്വാധീനമാക്കിയിരിക്കുന്നുവോ അവൻ തന്റെ സ്വന്ത ശരീരത്തെയും ലോകത്തുള്ള മറ്റെല്ലാ ശരീരങ്ങളെയും സ്വാധീനമാക്കിയിരിക്കയാകുന്നു. എന്തുകൊണ്ടെന്നാൽ പ്രാണൻ ശക്തികളുടെ സർവ സാമാന്യമായ ആവിർഭാവമത്രേ.

പ്രാണായാമഗതിയിലെ ഒറ്റ നോട്ടം പ്രാണനെ എങ്ങനെ നിയമനം ചെയ്യാമെന്നുള്ളതാണു്. ഈ അഭ്യാസങ്ങളും പരിചയങ്ങളുമെല്ലാം ആ ഒരേ കാര്യസാധ്യത്തിനായിട്ടാകുന്നു. ഓരോ മനുഷ്യനും നാം നിൽക്കുന്ന നിലയിൽ നിന്നുതന്നെ ആരംഭിക്കയും, തനിക്കു് ഏറ്റവും അടുത്തുള്ള വസ്തുക്കളെ നിയമനം ചെയ്യാൻ പഠിക്കയും വേണം. ഈ ശരീരമാകുന്നു നമുക്കു് ഏറ്റവും അടുത്തുള്ള വസ്തു. പ്രപഞ്ചത്തിലുള്ള മറ്റെതിനെയുംകാൾ ഇതു് അടുത്തുള്ളതാകുന്നു. ഈ മനസ്സും എല്ലാവറ്റേയെയുംകാൾ അടുത്തതാകുന്നു. ഈ മനസ്സിനെയും ശരീരത്തെയും വ്യാപരിക്കുന്ന പ്രാണൻ ഈ ലോകത്തിലുള്ള മറ്റെല്ലാ പ്രാണനേയും അപേക്ഷിച്ചു നമുക്കു് ഏറ്റവും അടുത്തുള്ളതാണു്. നമ്മുടെ സ്വന്തം മാനസികവും, ശാരീരികവുമായ ശക്തികളുടെ സൂചകമായ പ്രാണന്റെ ഈ ചെറിയ അല, അഖണ്ഡമായ പ്രാണസമുദ്രത്തിൽ നമുക്കു് ഏറ്റവും അടുത്തുള്ള അലയാകുന്നു. ഈ ചെറിയ അലയെ നിയമനം ചെയ്യാൻ സാധിച്ചെങ്കിൽ മാത്രമേ മുഴുവൻ പ്രാണനെയും നിയമനം ചെയ്വാൻ നമുക്കു് ആശിക്കാവു. ഇതു് സാധിച്ച യോഗിക്കാണു് പൂർണ്ണസിദ്ധിയുണ്ടാകുന്നതു്. ഇതിന്നുശേഷം അവന്നു മേലായി ഒരു ശക്തിയും ഉണ്ടായിരിക്കയില്ല. അവൻ മിക്കവാറും സർവശക്തനായും, മിക്കവാറും സർവജ്ഞനായും തീരുന്നു. ഈ പ്രാണനിയമനത്തെ സംബന്ധിച്ചു ശ്രമിച്ചിട്ടുള്ളവരായി എല്ലാ രാജ്യങ്ങളിലും ചില കൂട്ടരെ നാം കാണുന്നുണ്ടു്. ഈ രാജ്യത്തു് (അമേരിക്ക) മാനസ ചികിത്സകന്മാർ, വിശ്വാസം കൊണ്ടു് രോഗശാന്തി വരുത്തുന്നവർ, പരേതവിശ്വാസികൾ, മനോവ്യാപാരഭേദത്താൽ ആരോഗ്യത്തേ സമ്പാദിക്കുന്നവർ, മാസ്മരനിദ്രാവിദ്യക്കാർ ആദിയായി പലരും ഉണ്ടു്. ഈ വിവിധ കക്ഷികളെയും നാം പിരിത്തു നോക്കുകയാണെങ്കിൽ അവർക്കെല്ലാവർക്കും അടിസ്ഥാനമായിരിക്കുന്നതു് അവർ അറിയുന്നെങ്കിലും ഇല്ലെങ്കിലും ഈ പ്രാണന്റെ നിയമനം ഒന്നുതന്നെയാണെന്നു നമുക്കു കാണാം. അവരുടെ സിദ്ധാന്തങ്ങളെ ഒക്കെയും അപചയിച്ചു നോക്കിയാൽ പരിശേഷിക്കുന്നതെല്ലാം ഒന്നുതന്നെയായിരിക്കും. അവർ വിനിയോഗിക്കുന്ന ശക്തിയെല്ലാം കേവലം ഒന്നുതന്നെ ആകുന്നു. അവർ അറിയുന്നില്ലെന്നേയുള്ളൂ. ഒരു ശക്തിയുടെ ആവിഷ്കരണത്തിൽ അവർ യദൃച്ഛയാ സ്ഖലിച്ചു വീണു എന്നല്ലാതെ അതിന്റെ സ്വഭാവത്തെ അവർ അറിയുന്നില്ല. എന്നാൽ അവർ പ്രാണനിൽ നിന്നുണ്ടാകുന്നവയും, യോഗി ഉപയോഗിക്കുന്നവയും ആയ അതേ ശക്തികളെതന്നെ തന്നെ അറിയാതെ ഉപയോഗിക്കയും ചെയ്യുന്നു.

ഈ പ്രാണനാണു് എല്ലാ ജീവികൾക്കും ജീവശക്തിയായിരിക്കുന്നതു്. പ്രാണന്റെ ഏറ്റവും നേർത്തതും അത്യന്തം ഉയർന്നതുമായ വ്യാപാരം വിചാരമാകുന്നു. എന്നുതന്നെയല്ല ഈ വിചാരം മാത്രവുമല്ല നാം കാണുന്നതായുള്ളതു്. സ്വബോധരഹിതമായ വിചാരമെന്നോ, സഹജബോധമെന്നോ നാം പറയുന്നതായ ഒരു വക വിചാരവും ഉണ്ടു്. അതു് വിചാരത്തിന്റെ ഏറ്റവും അടിയിലത്തെ പടിയാണു്. ഒരു കൊതുക് നമ്മെ കടിക്കുകയാണെങ്കിൽ വിചാരിക്കാതെ തന്നെ നമ്മുടെ കൈ തനിയെ അല്ലങ്കിൽ സഹജമായി അതിനെ അടിക്കുന്നു. ഇതു് വിചാരത്തിന്റെ ഒരു പരിണാമമാണു്. ശരീരത്തിന്റെ പ്രതിക്രിയാരൂപമായ പ്രവൃത്തികൾ എല്ലാം ഈ സ്ഥാനത്തിലുള്ള വിചാരത്തിലുൾപ്പെടുന്നു. പിന്നെ സ്വബോധം എന്നു് പറയുന്ന ഇതിനേക്കാൾ ഉയർന്ന തരമായ വിചാരമുണ്ടു്. ഞാൻ ഊഹിക്കുന്നു, ഞാൻ നിർണ്ണയിക്കുന്നു, ഞാൻ വിചാരിക്കുന്നു, ഞാൻ ചില കാര്യങ്ങളുടെ അനുകൂല പ്രതികൂല ഭാഗങ്ങൾ എല്ലാം കാണുന്നു. എന്നാൽ അത്രമാത്രം തന്നെയുമല്ല ഉള്ളതു്. ഊഹത്തിനു അതിരുണ്ടെന്നു നമുക്കറിയാം. ഏതാനും ദൂരത്തോളം മാത്രമേ ഊഹത്തിനു ചെല്ലാൻ കഴിയൂ. അതിനപ്പുറം എത്താൻ അതിനു കഴികയില്ല. ഊഹത്തിനു ഓടിനടക്കാൻ കഴിയുന്നതായ ചക്രവാളം വാസ്തവത്തിൽ വളരെ വളരെ ചെറുതാകുന്നു. അങ്ങിനെയാണെങ്കിൽക്കൂടിയും ഈ ചക്രവാളത്തിൽ വസ്തുതകൾ ഓടി വന്നു കയറുന്നതായി നാം കാണുന്നുണ്ടു്. കേതുക്കളുടെ ഉദയം പോലെ ഈ ചക്രവാളത്തിൽ ചില വസ്തുതകൾ വന്നു കേറുന്നു. നമ്മുടെ ഊഹത്തിനു ഈ ചക്രവാളത്തിന്റെ അതൃത്തികടന്നുപോകാൻ കഴിയില്ലെങ്കിലും അവ ആ അതൃത്തിക്കു് പുറത്തു് നിന്നു വരികയാണെന്നുള്ളതു് നിശ്ചയമാകുന്നു. ഈ ചെറിയ അതൃത്തിക്കുള്ളിൽ ബലാൽ വന്നു കയറുന്ന ആ സംഭവങ്ങളുടെ കാരണങ്ങൾ ഈ അതൃത്തിക്കു പുറത്തുള്ളവയാണു്. ഊഹത്തിനും ബുദ്ധിക്കും അവിടെ എത്താൻ കഴികയില്ല. എന്നാൽ അത്രമാത്രവും തന്നെയല്ല ഉള്ളതെന്നാണു യോഗി പറയുന്നതു്. മനസ്സിനു്, ബോധാതീതാവസ്ഥയെന്നു പറയുന്നതായി ഇതിലും അധികം ഉയർന്നതായ ഒരു സ്ഥാനത്തിലും ഇരിപ്പാൻ കഴിയും. സമാധി അതായതു് പൂർണമായ ഏകാഗ്രത അല്ലെങ്കിൽ ബോധാതീതഭാവം എന്നു പറയുന്ന ആ അവസ്ഥയെ മനസ്സു് പ്രാപിക്കുമ്പോൾ അതു് ഊഹത്തിന്റെ അതിരിനെ ലംഘിക്കയും സഹജബോധത്തിനോ, ഊഹത്തിനോ ഒരിക്കലും അറിവാൻ കഴിയാത്ത വസ്തുതകളോടു് സമ്മുഖമായി എതിരിടുകയും ചെയ്യുന്നു. സൂക്ഷ്മമായ ശാരീര ശക്തികളുടെ ഈ എല്ലാ രൂപപരിഗ്രഹങ്ങളും, അതായതു് പ്രാണന്റെ വിവിധമായ എല്ലാ പരിണാമങ്ങളും അഭ്യസിപ്പിക്കപ്പെട്ടാൽ മനസ്സിനെ ഉന്തുകയും മനസ്സു് ഉയർന്നു ബോധാതീതാവസ്ഥയെ പ്രാപിക്കയും ആ സ്ഥാനത്തിൽ നിന്നു് അതു് വ്യാപരിക്കയും ചെയ്യുന്നതാണു്.

ഈ പ്രപഞ്ചത്തിൽ എല്ലാത്തരം ജീവിതാവസ്ഥയിലും അനുസ്യൂതമായി വ്യാപിച്ചിരിക്കുന്ന ഒരു ഭൂതസംഘാതമുണ്ടു്. ഭൗതികവിജ്ഞാന പ്രകാരം ഈ പ്രപഞ്ചം ഏകവസ്തുവാണു്. സൂര്യനും, നിങ്ങൾക്കുമായി യാതൊരു വ്യത്യാസവുമില്ല. മറിച്ചു പറഞ്ഞാൽ അതു് കള്ളമാണെന്നേ ഭൗതികവിജ്ഞാനികൾ പറയൂ. ഈ മേശക്കും എനിക്കുമായി വാസ്തവത്തിൽ ഒരു വ്യത്യാസവുമില്ല. മേശ ഭൂതസംഘാതത്തിലെ ഒരു സ്ഥാനം. ഞാൻ മറ്റൊരു സ്ഥാനം. ഓരോ വസ്തുവും അഖണ്ഡമായ ഭൂതസമുദ്രത്തിലെ ഓരോ നീർച്ചുഴി പോലെ ആകുന്നു. അവ സ്ഥിരമായി നിൽക്കുന്നവയുമല്ല. ഊക്കോടെ തള്ളിക്കയറിവരുന്ന ഒരു ജലപ്രവാഹത്തിൽ എത്രയോ കോടി നീർച്ചുഴികൾ ഉണ്ടായിരിക്കും. ഓരോ നീർച്ചുഴിയിലും ഉള്ള വെള്ളം ക്ഷണം തോറും പുത്തൻ പുത്തനായിരിക്കുന്നു. ഏതാനും നിമിഷം ചുറ്റിത്തിരിഞ്ഞു നിന്നിട്ടു ഉടൻ മറ്റൊരു സ്ഥാനത്തിലേക്കു് പാഞ്ഞു പോകയും പുതിയ ജലാവയവങ്ങൾ തൽസ്ഥാനത്തു വന്നു കയറുകയും ചെയ്യുന്നു. അതുപോലെ ഈ പ്രപഞ്ചം മുഴുവൻ ഇടവിടാതെ മാറിക്കൊണ്ടിരിക്കുന്ന ഒരു ഭൂതസംഘാതവും, നാം അതിലെ ചെറിയ നീർച്ചുഴികളും ആകുന്നു. ഒരു ഭൂതസംഘാതം പ്രപഞ്ചത്തിൽ കടന്നു ചുറ്റിത്തിരിഞ്ഞു തിരിഞ്ഞു ഏതാനും സംവത്സരം കൊണ്ടു് ഒരു മനുഷ്യശരീരമായി മാറുന്നു. അതിൽ നിന്നു് മാറി തിരിഞ്ഞു തിരിഞ്ഞു പക്ഷേ, ഒരു ജന്തുവായും അതിൽനിന്നും ചുറ്റിപ്പാഞ്ഞു ഏതാനും കൊല്ലം കൊണ്ടു് ഒരു ധാതുഖണ്ഡം ആകുന്ന മറ്റൊരു നീർച്ചുഴിയായും തീരുന്നു. ഇതു് ഒരു എടവിടാത്ത മാറ്റമാകുന്നു. ഒരു ശരീരവും സ്ഥിരമായിരിക്കുന്നില്ല. വെറും വാക്കല്ലാതെ എന്റെ ശരീരമെന്നോ നിങ്ങളുടെ ശരീരമെന്നോ പറയുന്ന ഒരു വസ്തുവുമില്ല. ഇതു് ഒരു മഹാമഹത്തായ ഭൂതസംഘാതം. ഒരു സ്ഥാനം ചന്ദ്രൻ എന്നും, മറ്റൊന്നു് സൂര്യനെന്നും, വേറൊന്നു മനുഷ്യനെന്നും, പിന്നൊന്നു ഭൂമിയെന്നും, പിന്നെയുമൊന്നു് ഒരു ചെടിയെന്നും, വേറെയൊന്നു് ഒരു ധാതുവെന്നും വിളിക്കപ്പെടുന്നു. ഒന്നും സ്ഥിരമായിരിക്കുന്നില്ല. ഓരോന്നും മാറിക്കൊണ്ടേയിരിക്കുന്നു. അനാദികാലം മുതൽക്കേ ഈ ഭൂതം സംഘടിച്ചു അവയവിയാകയും, വിഘടിച്ചു് അവയവങ്ങളായി പിരിഞ്ഞുപോകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതുപോലെത്തന്നെയാണു് മനസ്സും. ഭൂതപദാർത്ഥം ആകാശത്തിന്റെ രൂപാന്തരമാകുന്നു. പ്രാണന്റെ വ്യാപാരം സൂക്ഷ്മതമമായിരിക്കുമ്പോൾ ഈ ആകാശം തന്നെ സൂക്ഷ്മതരമായ വിസ്ഫുരണാവസ്ഥയിൽ മനസ്സായിത്തീരുന്നു. എന്നാലും അതെല്ലാം അപരിച്ഛിന്നമായ ഒരു ഭൂതസംഘാതമായും ഇരിക്കുന്നു. നിങ്ങൾക്കു് കേവലം ആ സൂക്ഷ്മവിസ്ഫുരണത്തിൽ എത്താൻ കഴിയുമെങ്കിൽ ഈ മുഴുവൻ പ്രപഞ്ചവും ആ സൂഷ്മവിസ്ഫുരണങ്ങളാൽ നിർമ്മിതമാണെന്നു് നിങ്ങൾ കാണുകയും, അറികയും ചെയ്യും. ചിലപ്പോൾ ചില ഔഷധങ്ങൾക്കു് നമ്മെ ഇന്ദ്രിയങ്ങൾ വഴിയായി ആ സ്ഥാനത്തിലേക്കു് എത്തിക്കുന്നതു പോലെ ചെയ്വാനും നമ്മിൽ ആ അവസ്ഥാന്തരത്തെ ഉണ്ടാക്കാനും കഴിയുമാറുണ്ടു്. സർ ഹംഫ്രി ഡേവി എന്ന പണ്ഡിതന്റെ പ്രസിദ്ധപ്പെട്ട പരീക്ഷണത്തെപ്പറ്റി നിങ്ങളിൽ വളരെപ്പേർക്കു് ഓർമ്മയുണ്ടാവാം. പ്രസംഗം ചെയ്തു കൊണ്ടിരിക്കുന്ന മദ്ധ്യേ ഹാസ-ജനകവാതകം ഏറ്റു ബോധം കെട്ടുപോയപ്പോൾ അദ്ദേഹം നിശ്ചലനായും, സ്തബ്ധനായും ഇരുന്നുപോകയും, അതിനു ശേഷം ലോകം മുഴുവൻ അഭിപ്രായങ്ങളാൽ നിർമ്മിതമാണെന്നു് അദ്ദേഹം പറയുകയും ചെയ്തു. അത്രയും സമയത്തേക്കു് സ്ഥൂല വിസ്ഫുരണങ്ങൾ നിന്നുപോയപോലെ ആകുകയും മനസ്സെന്നു പറയുന്നതായ സൂക്ഷ്മവിസ്ഫുരണങ്ങൾ മാത്രം അദ്ദേഹത്തിനു് ഉണ്ടായിരിക്കുകയും ചെയ്തു. തനിക്കുചുറ്റും സൂക്ഷ്മ വിസ്ഫുരണങ്ങൾ മാത്രം അദ്ദേഹത്തിനു് കാണാമായിരുന്നു. എല്ലാവും വിചാരമയമായിത്തീർന്നിരുന്നു. പ്രപഞ്ചം മുഴുവൻ ഒരു വിചാരസമുദ്രമായി, അദ്ദേഹവും മറ്റുള്ള എല്ലാവും അതിലെ വിചാരനീർച്ചുഴികളായും തീർന്നു.

ഇങ്ങിനെ ഈ വിചാരപ്രപഞ്ചത്തിൽ കൂടിയും നാം ഈ ഏകത്വത്തെ കാണുന്നു. ഒടുവിൽ ആത്മാവിനോടടുക്കുമ്പോൾ ആ ആത്മാവു് കേവലം ഏകമായിരിപ്പാനേ പാടുള്ളൂ എന്നും നാം അറിയുന്നു. വികാരത്തിനതീതമായി ഒന്നു് തന്നെയുള്ളൂ. പ്രത്യക്ഷമായ വികാരത്തിൽ കൂടിയും കേവലം ഒരു ഏകത്വമാണുള്ളതു്. പുതിയ പ്രകൃതിശാസ്ത്രങ്ങൾ നല്ലവണ്ണം ഈ വസ്തുതകളെ വെളിപ്പെടുത്തിയിരിക്കുന്നതുകൊണ്ടു് അവയെ ഇനി വിസമ്മതിപ്പാൻ തരമില്ല. പ്രപഞ്ചത്തിലുള്ള ശക്തികളുടെ എല്ലാം ആകത്തുക എപ്പോഴും, എവിടെയും ഒന്നുതന്നെയാണെന്നു് പുതിയ ഭൗതിക വിജ്ഞാനികൾ തെളിയിച്ചിരിക്കുന്നു. ഈ ശക്തിയുടെ ആകത്തുക രണ്ടുവിധത്തിൽ ഇരിക്കയാണെന്നുള്ളതും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതു് ലീനവും, ശാന്തവുമായി അടങ്ങുകയും പിന്നെ പലപ്രകാരമുള്ള ഈ എല്ലാ ശക്തികളുമായി വെളിപ്പെട്ടു പുറത്തുവരികയും ചെയ്യുന്നു. വീണ്ടും ഇതു് അശാന്താവസ്ഥയിലേക്കു് മടങ്ങുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഇതു് ആവിർഭവിച്ചും, തിരോഭവിച്ചും എന്നെന്നേക്കും ഇരുന്നു കൊണ്ടേ ഇരിക്കുന്നു. മേൽപറഞ്ഞ പ്രകാരമുള്ള ഈ പ്രാണന്റെ നിയമനത്തെയാണു് പ്രാണായാമം എന്നു് പറയുന്നതു്.

ശ്വാസാഭ്യാസത്തിനു ഒരു പരിശീലനം എന്നുള്ളതല്ലാതെ ഈ പ്രാണായാമത്തോടു് വേറെ വലുതായ സംബന്ധമൊന്നുമില്ല. മനുഷ്യശരീരത്തിൽ ഈ പ്രാണന്റെ ഏറ്റവും സ്പഷ്ടമായ ആവിർഭാവം ശ്വാസകോശത്തിന്റെ ചലനമാകുന്നു. അതു് നിന്നു പോയാൽ ശരീരം നിന്നു. ശരീരത്തിലെ ശക്തിയുടെ മറ്റെല്ലാ പരിണാമങ്ങളും ഇതു് തടുക്കപ്പെട്ടാൽ ഉടനെ നിന്നു. ഈ ചലനം നിന്നുപോയാലും ജീവിച്ചിരിക്കത്തക്കവണ്ണം അഭ്യസിക്കാൻ കഴിയുന്ന ആളുകളും ഉണ്ടു്. ഏതാനും മാസങ്ങൾ ഭൂമിയിൽ കുഴിച്ചു മൂടിയിരുന്നാൽ കൂടിയും ശ്വാസം വിടാതെ ജീവിച്ചിരിപ്പാൻ കഴിയുന്നവരായും ചിലരുണ്ടു്. എന്നാൽ സാധാരണയാളുകൾക്കൊക്കെ ഈ ശ്വാസചലനം തന്നെയാണു് ശരീരത്തിലെ പ്രധാനമായ സ്ഥൂലചലനമായിരിക്കുന്നതു്. അധികം സൂക്ഷ്മമായുള്ളതിൽ എത്തുന്നതിനു നാം അതിനേക്കാൾ സ്ഥൂലമായത്തിന്റെ സഹായത്തെ അപേക്ഷിക്കണം. അപ്രകാരം ക്രമേണ നാം ഏറ്റവും സൂക്ഷ്മമായതിനെ ലക്ഷ്യമാക്കി ചെല്ലുകയും ഒടുവിൽ നമ്മുടെ ഉദ്ദിഷ്ടഭൂമിയിൽ എത്തുകയും വേണം. ശരീരത്തിലുള്ള എല്ലാ ചലനങ്ങളിലും വച്ചു് ഏറ്റവും സ്പഷ്ടമായിരിക്കുന്നതു് ശ്വാസകോശ ചലനമാണു്. അതാണു് ശാരീരമായ മറ്റെല്ലാ ശക്തികളേയും വലിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രഥമചക്രം. പ്രാണായാമം എന്നതിന്റെ വാസ്തവമായ അർത്ഥം ഈ ശ്വാസകോശചലനത്തിന്റെ നിയമനം എന്നാണു്. ഈ ചലനത്തിൻ ശ്വാസോച്ഛ ്വാസത്തോടു സംബന്ധമുണ്ടു്. ശ്വാസോച്ഛ ്വാസം കൊണ്ടു് ഈ ചലനം ഉണ്ടാകുന്നു എന്നുവച്ചല്ല. നേരെമറിച്ചു് ഈ ചലനം കൊണ്ടാണു് ശ്വാസോച്ഛ ്വാസങ്ങൾ ഉണ്ടാകുന്നതു്. ഈ ചലനം വായുവിനെ പീച്ചാങ്കുഴലിന്റെ ആകർഷണരീതിപോലെ ഉള്ളിലേക്കു് വലിക്കുന്നു. പ്രാണൻ ശ്വാസകോശത്തെ ചലിപ്പിക്കുന്നു. ശ്വാസകോശത്തിന്റെ ആ ചലനം വായുവിനെ ഉള്ളിലേക്കു് വലിക്കയും ചെയ്യുന്നു. അതുകൊണ്ടു് പ്രാണായാമം ശ്വാസാഭ്യാസമല്ല. പിന്നയോ ശ്വാസകോശത്തെ ചലിപ്പിക്കുന്ന മാംസലീനമായ ആ ശക്തിയുടെ നിയമനമത്രേ. ആ മാംസലീനശക്തി സിരകൾ വഴിയായി കടന്നുചെന്നു മാംസപേശികളിലേക്കും, അവിടെ നിന്നു ശ്വാസകോശത്തിലേക്കും എത്തി അവയെ ഒരു ക്രമം അനുസരിച്ചു ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ ശക്തിയാകുന്നു പ്രാണൻ. പ്രാണായാമപരിശീശലനത്തിൽ അതിനെയാണു് നമുക്കു് നിയമനം ചെയ്യേണ്ടിയുള്ളതു്. ഈ പ്രാണനെ നിയമനം ചെയ്തുകഴിഞ്ഞാൽ ഉടനെ ശരീരത്തിലുള്ള പ്രാണന്റെ മറ്റെല്ലാ വ്യാപാരങ്ങളും ക്രമേണ നമ്മുടെ ആജ്ഞയിൻകീഴിൽ വരുന്നതായി നമുക്കു് കാണാം. ശരീരത്തിലെ മിക്കവാറും എല്ലാ മാംസപേശികളേയും വശംവദമാക്കീട്ടുള്ള ചിലയാളുകളെ ഞാൻ തന്നെ കണ്ടിട്ടുണ്ടു്. എന്തു കൊണ്ടുപാടില്ല? ഏതാനും മാംസപേശികളെ എനിക്കു് നിയന്ത്രിപ്പാൻ കഴിയുമെങ്കിൽ എന്തുകൊണ്ടു് എല്ലാ മാംസപേശികളേയും സിരകളെയും നിയന്ത്രിപ്പാൻ കഴികയില്ല? എന്തശക്യതയാണുള്ളതു്? തൽക്കാലം നിയന്ത്രണം വിട്ടുപോകയും ചലനം സ്വയം സിദ്ധമായിത്തീരുകയും ചെയ്തിരിക്കുന്നു. നമുക്കു് കാതുകളെ ഇഷ്ടം പോലെ ചലിപ്പിപ്പാൻ കഴികയില്ല. എന്നാൽ മൃഗങ്ങൾക്കു് അതു് കഴിയുമെന്നു് നാം അറിയുന്നു. നമുക്കു് ആ ശക്തിയില്ല. എന്തുകൊണ്ടെന്നാൽ നാം അതിനെ പരിശീലിക്കുന്നില്ല. ഇങ്ങിനെ വരുന്നതിനു് പാരമ്പര്യസിദ്ധിയെന്നു പറയുന്നു.

എന്നുതന്നെയല്ല, ലീനമായിരിക്കുന്ന ചലനത്തെ പ്രത്യക്ഷമാക്കി കൊണ്ടുവരാൻ കഴിയുമെന്നും നമുക്കറിയാം. തീവ്രമായ യത്നവും, അഭ്യാസവും കൊണ്ടു് ശരീരത്തിൽ ഏറ്റവും അന്തർലീനമായിക്കിടക്കുന്ന ചില ചലനങ്ങളെക്കൂടിയും പൂർണ്ണമായ നിയന്ത്രണത്തിൻകീഴു് കൊണ്ടുവരാൻ സാധിക്കുന്നതാണു്. ഇങ്ങിനെ ഊഹിച്ചു നോക്കിയാൽ ശരീരത്തിന്റെ ഓരോ ഭാഗത്തേയും പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുന്നതു് ഒന്നുകൊണ്ടും അശക്യമല്ലെന്നും നേരെമറിച്ചു് സംഭാവ്യമാണെന്നും നാം കാണുന്നു. യോഗി ഇതിനെ പ്രാണായാമം കൊണ്ടു സാധിക്കുന്നു. പ്രാണായാമത്തിൽ ശ്വാസത്തെ ഉള്ളിലേക്കു് വലിക്കുമ്പോൾ നിങ്ങളുടെ ശരീരത്തെ മുഴുവൻ പ്രാണനെക്കൊണ്ടു് പൂരിക്കണമെന്നു് പക്ഷേ, നിങ്ങളിൽ ചിലർ യോഗശാസ്ത്രങ്ങളിൽ വായിച്ചിരിക്കാം. ഇംഗ്ലീഷ് തർജ്ജിമകളിൽ പ്രാണൻ എന്ന പദം ശ്വാസം എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു. അതുകൊണ്ടു് നിങ്ങൾക്കു് അതു് എങ്ങിനെ സാധിക്കുമെന്നു് സംശയം തോന്നുന്നതാണു്. അതു് തർജ്ജിമക്കാരുടെ തെറ്റാകുന്നു. ജീവശക്തിരൂപമായ പ്രാണനെകൊണ്ടു് ശരീരത്തിന്റെ എല്ലാ ഭാഗവും പൂരിപ്പിക്കാം. അങ്ങിനെ ചെയ്വാൻ നിങ്ങൾക്കു എപ്പോൾ കഴിയുമോ അപ്പോൾ നിങ്ങൾക്കു മുഴുവൻ ശരീരത്തേയും നിയന്ത്രിപ്പാൻ കഴിയും. ശരീരത്തിൽ തോന്നുന്ന എല്ലാ ഉപദ്രവത്തെയും, അസ്വാസ്ഥ്യത്തെയും പൂർണ്ണമായും നിയന്ത്രിപ്പാൻ കഴിയും. അത്ര മാത്രമല്ല മറ്റുള്ളവരുടെ ശരീരത്തേയും കൂടി നിങ്ങൾക്കു് നിയന്ത്രിപ്പാൻ കഴിയും. നല്ലതാകട്ടെ, ചീത്തയാകട്ടെ ഈ ലോകത്തിലുള്ളതെല്ലാം പകർച്ചയുള്ളതാണു്. നിങ്ങളുടെ ശരീരത്തിൽ ഒരു വേഗം ഉണ്ടാകുമ്പോൾ ആ വേഗത്തെ മറ്റുള്ളവരിൽ അങ്കുരിപ്പാനുള്ള ഒരു താൽപര്യം കൂടി അതിനുണ്ടാകുന്നു. നിങ്ങൾക്കു ബലവും, ആരോഗ്യവും ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തു താമസിക്കുന്നവർക്കും ബലവാന്മാരും, അരോഗികളും ആയിരിപ്പാനുള്ള ഒരു താൽപര്യം ഉണ്ടാകുന്നു. എന്നാൽ നിങ്ങൾ രോഗികളും, ബലഹീനരുമാണെങ്കിൽ നിങ്ങളുടെ സമീപസ്ഥന്മാർക്കും അപ്രകാരമായിത്തീരാനുള്ള ഒരു താൽപര്യം ജനിക്കുന്നതാകുന്നു. ഈ വേഗജനകമായ വിസ്ഫുരണം മറ്റൊരു ശരീരത്തിലേക്കു് നയിക്കപ്പെട്ട പോലെ ആയിത്തീരുകയാണു്. ഒരാളിന്റെ രോഗം ശമിപ്പിപ്പാൻ മറ്റൊരാൾ ശ്രമിക്കുന്ന വിഷയത്തിൽ ആദ്യ അഭിപ്രായം കേവലം തന്റെ ആരോഗ്യത്തെ താൻ മറ്റവനിൽ പകർത്തുന്നു എന്നുള്ളതാകുന്നു. ചികിത്സയുടെ പൂർവ്വസമ്പ്രദായം ഇതാണു്. അറിഞ്ഞിട്ടോ, അറിയാതേയോ ആരോഗ്യത്തെ പകർത്താൻ കഴിയും. ബലിഷ്ഠനായ മനുഷ്യൻ തന്നോടൊത്തു താമസിക്കുന്ന ബലഹീനനെ പൂർവാധികം ബലവാനാക്കിത്തീർക്കും. താൻ അറിഞ്ഞെന്നോ, അറിഞ്ഞില്ലെന്നോ വരാം. അറിവോടുകൂടി ചെയ്യുമ്പോൾ ഇതു് കുറേക്കൂടി ശീഘ്രതരമായും ക്രിയയിൽ കുറേക്കൂടി ഫലവത്തായും തീരുന്നു. പിന്നെ അടുത്തതു താൻ അത്ര ആരോഗ്യശാലിയായി ഇരിക്കുന്നില്ലെങ്കിൽ കൂടിയും ഒരു മനുഷ്യനു മറ്റൊരു മനുഷ്യനു ആരോഗ്യം നൽകുവാൻ സാധിച്ചു വരുന്നതായി നാം അറിയുന്നെല്ലോ എന്നുള്ള സംഗതിയാണു്. അങ്ങിനേയുള്ള സംഗതിയിൽ ആദ്യത്തെ മനുഷ്യനു പ്രാണൻ കുറേക്കൂടി സ്വാധീനമായിരിക്കയും തൽക്കാലം ഒരു പ്രത്യേക വിസ്ഫുരണക്രമത്തിലേക്കു എന്നപോലെ ഉയർത്തിക്കൊണ്ടുവരുന്നതിനും അതിനെ മറ്റവനിൽ പകർത്തുന്നതിനും സാധിക്കയും ചെയ്യുക ആകുന്നു.

ഈ സമ്പ്രദായം ദൂരത്തിൽ നടത്താൻ സാധിച്ചിരിക്കുന്നതായും ദൃഷ്ടാന്തങ്ങളുണ്ടു്. എന്നാൽ വാസ്തവത്തിൽ ഒരു പഴുതു (ശൂന്യമായ ഒരു അന്തരാളം) എന്ന അർത്ഥനത്തിൽ ദൂരം തന്നെ ഇല്ലാത്തതാകുന്നു. ഒരു പഴുതുള്ള ദൂരം എവിടെയുണ്ടു്? നിങ്ങൾക്കും, സൂര്യനും മദ്ധ്യേ ഏതെങ്കിലും ഒരു പഴുതുണ്ടോ? ഇതു് അനുസ്യൂതമായി വ്യാപിച്ചുകിടക്കുന്ന ഒരു ഭൂതസംഘാതം; സൂര്യൻ അതിന്റെ ഒരു ഭാഗം, നിങ്ങൾ മറ്റൊരു ഭാഗം. ഒരു നദീ പ്രവാഹത്തിന്റെ ഒരു ഭാഗത്തിനും, മറ്റൊരു ഭാഗത്തിനും മദ്ധ്യേ ഒരു പഴുതുണ്ടോ? അപ്പോൾ എന്തുകൊണ്ടു് ഏതു ശക്തിക്കും സഞ്ചരിച്ചു കൂടാ? ഇതിനെ ഖണ്ഡിപ്പാൻ യുക്തിയില്ല. ഈ ദൃഷ്ടാന്തങ്ങൾ പൂർണ്ണമായും വാസ്തവമത്രേ? ഈ പ്രാണനെ വളരെ ദൂരത്തിൽ സംക്രമിപ്പിച്ചു കൊണ്ടുപോവാൻ കഴിയും. എന്നാൽ ഈ ദൃഷ്ടാന്തങ്ങളിൽ ഒരു വാസ്തവ സംഭവത്തിൻ എത്രയോ നൂറുകണ്ടു വ്യാജങ്ങളും ഉണ്ടായിരിക്കും. ഇതു് വിചാരിച്ചുവരും വണ്ണം അത്ര എളുപ്പമായ സംഗതിയല്ല. ഈ ചികിത്സയുടെ ഏറ്റവും സാധാരണമായ ദൃഷ്ടാന്തങ്ങളിൽ തന്നെ ചികിത്സകന്മാർ കേവലം മനുഷ്യ ശരീരത്തിന്റെ സ്വാഭാവികമായ ആരോഗ്യാവസ്ഥയെ ഉപായമായി പിടിച്ചു കൊള്ളുമാറുണ്ടെന്നു് നിങ്ങൾക്കു കാണാം. പിടിപെട്ടവരിൽ ഭൂരിഭാഗത്തേയും കൊല്ലുന്നതായ രോഗം ലോകത്തിലില്ല. സാംക്രമികമായ വിഷൂചികയിൽ തന്നെ ഏതാനും ദിവസത്തേക്കു് നൂറ്റിനു അറുപതു കണ്ടു മരിക്കുമെങ്കിൽ പിന്നീടു മരണത്തിന്റെ നിരക്കു് കുറഞ്ഞുകുറഞ്ഞു നൂറ്റിനു മുപ്പതും ഇരുപതും വീതമായിത്തീരുകയും ശേഷം പേർ രക്ഷപ്പെടുകയും ചെയ്യും. ഒരു ‘ആലോപ്പതി’ വൈദ്യൻ (Allopath) വന്നു വിഷൂചികയ്ക്കു മരുന്നു കൊടുക്കുന്നു. ഒരു ഹോമിയോ വൈദ്യനും (Homeopath) വന്നു മരുന്നു കൊടുക്കുന്നു. ഈ ഒടുവിൽ പറഞ്ഞ വൈദ്യന്റെ ചികിത്സയിൽ പക്ഷേ, അധികപേർക്കു സുഖം കിട്ടിയെന്നു വരാം. എന്തുകൊണ്ടെന്നാൽ അയാൾ രോഗിയുടെ ശരീരത്തിൽ ഉപദ്രവമൊന്നും ചെയ്യുന്നില്ല. പ്രകൃതിയെ അതിൽ ഇഷ്ടം പോലെ പ്രവർത്തിച്ചുകൊള്ളുവാൻ അനുവദിക്കുന്നു. എന്നാൽ വിശ്വാസം കൊണ്ടു് തന്നെ ചികിത്സിപ്പാൻ ശീലിച്ചിട്ടുള്ളവർ ഇതിലും അധികം പേരെ സുഖപ്പെടുത്തുന്നതാണു്. കാരണം, അവർ മനഃശ്ശക്തിയെ എകാഗ്രീകരിച്ചു അതിനെ വിശ്വാസം വഴിയായി രോഗിയുടെ മങ്ങിക്കിടക്കുന്ന പ്രാണശക്തിയിലേക്കു് പ്രയോഗിച്ചു ആ പ്രാണശക്തിയെ ഉന്മേഷപ്പെടുത്തുകയാകുന്നു.

എന്നാൽ അവർക്കു സാധാരണയായി ഒരബദ്ധം പറ്റാറുണ്ടു്. കേവലം വിശ്വാസമാണു് രോഗശാന്തി വരുത്തുന്നതെന്നു അവർ വിചാരിക്കുന്നു. വിശ്വാസം കൊണ്ടു് മാത്രം എല്ലാ രോഗങ്ങളും ശമിച്ചുകാണുന്നില്ല. ചില രോഗങ്ങളുണ്ട്; അവ പിടിപെട്ടാൽ രോഗികൾ ഒരിക്കലും തങ്ങൾക്കു രോഗം പിടിപെട്ടെന്നു അശേഷം വിചാരിക്കുന്നില്ല. ആ ദൃഡവിശ്വാസം തന്നെയാണു് ആ രോഗങ്ങളുടെ ഏറ്റവും വലുതായ ദുർലക്ഷണവും. ആ ലക്ഷണം കണ്ടു തുടങ്ങിയാൽ രോഗിക്കു് മരണം അടുത്തു എന്നു് സാധാരണയായി ഊഹിച്ചു കൊള്ളാം. വിശ്വാസചികിത്സകന്റെ ഊഹത്തിന്നു ഈ മാതിരിയുള്ള സംഗതികളിൽ വ്യാപ്തിയില്ലാതെ പോകുന്നു. വിശ്വാസമാണു് രോഗത്തെ ശമിപ്പിക്കുന്നതെങ്കിൽ ഇങ്ങിനെയുള്ള രോഗികൾക്കും രോഗമില്ലെന്നുള്ള വിശ്വാസം കൊണ്ടു് സുഖം കിട്ടേണ്ടി വരുന്നു. വാസ്തവ രോഗശാന്തി പ്രാണശക്തി മൂലമായിട്ടാണുണ്ടാകുന്നതു്. ഈ പ്രാണനെ സ്വാധീനമാക്കീട്ടുള്ള പരിശുദ്ധ പുരുഷൻ അതിനെ മറ്റുള്ളവരിൽ നയിക്കത്തക്ക ഒരു വിസ്ഫുരണാവസ്ഥയിൽ കൊണ്ടുവരികയും അവരിലും അപ്രകാരം തന്നെയുള്ള വിസ്ഫുരണത്തെ ഉല്പാദിപ്പിക്കയും ചെയ്വാൻ ശക്തിയുണ്ടു്. ദിവസംപ്രതിയുള്ള നമ്മുടെ പ്രവൃത്തികളിൽ നിങ്ങൾക്കു് അതിനെ കാണാം. ഞാൻ നിങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്തു ചെയ്യാനാണു് ഞാൻ ശ്രമിക്കുന്നതു്? എന്റെ മനസ്സിനെ ഞാൻ ഒരു പ്രത്യേക വിസ്ഫുരണാവസ്ഥയിലേക്കു് കൊണ്ടുവരികയാകുന്നു. ആ അവസ്ഥയിൽ അതിനെ കൊണ്ടുവരാൻ എനിക്കു് എത്രയധികം സാധിക്കുമോ അത്രയധികം ഞാൻ പറയുന്നതു് നിങ്ങളിൽ ഫലിക്കുന്നതാണു്. അതു് നിങ്ങൾക്കു് എല്ലാവർക്കുമറിയാവുന്നതാണല്ലോ? ഞാൻ അധികം ഉത്സാഹത്തോടുകൂടി പ്രസംഗിക്കുന്ന ദിവസം പ്രസംഗം നിങ്ങൾക്കു് അധികം രുചിക്കയും, എന്റെ ഉത്സാഹാതിശയം കുറയുമ്പോൾ നിങ്ങൾക്കു രസക്കുറവു തോന്നുകയും ചെയ്യുന്നില്ലേ?

ലോകത്തിന്റെ അതിമഹത്തായ മനഃശ്ശക്തികൾ മൂർത്തീഭവിച്ച ലോകപ്രേരകന്മാരായ മഹാന്മാർക്കു് അവരുടെ പ്രാണനെ ഒരു ഉയർന്ന വിസ്ഫുരണാവസ്ഥയിൽ കൊണ്ടുവരാൻ കഴിയും. അതു് ഒരു ക്ഷണത്തിൽ മറ്റുള്ളവരിൽ പ്രതിഫലിക്കും. അനേകായിരം പേർ അവരാൽ ആകർഷിക്കപ്പെടുകയും, ലോകത്തുള്ള ഒന്നുപാതി ജനങ്ങളും അവർ വിചാരിക്കുന്നതുപോലെ വിചാരിക്കുകയും ചെയ്യും. അതിനു അത്ര മാഹാത്മ്യവും, ശക്തിയുമുണ്ടു്. ലോകത്തിലെ മഹാന്മാരായ ദീർഘദർശികൾക്കു് ഏറ്റവും അത്ഭുതകരമായ പ്രാണനിയമനം സിദ്ധിച്ചിരുന്നു. അതവർക്കു് ഗംഭീരമായ മനഃശ്ശക്തിയെ നൽകി. അവർ തങ്ങളുടെ പ്രാണനെ അത്യന്തം ഉയർന്ന നിലയിലുള്ള ചലനാവസ്ഥയിൽ എത്തിച്ചു. അതാണു് അവർക്കു ലോകത്തെ ഭരിപ്പാനുള്ള ശക്തിയെ നൽകിയതു്. ഈ നിയമനത്തിൽ നിന്നാണു് എല്ലാ സിദ്ധികളും ഉണ്ടാകുന്നതു്. മനുഷ്യർക്കു് ആ രഹസ്യം അറിഞ്ഞുകൂടെന്നുവരാം. എന്നാൽ അതിന്നു് ഇതൊന്നേ കാരണമായി പറവാൻ കാണുന്നുള്ളൂ. നിങ്ങളുടെ സ്വന്തശരീരത്തിൽ തന്നെ ചിലപ്പോൾ പ്രാണന്റെ സംഭാരം ഒരുഭാഗത്തു അധികമായോ ന്യൂനമായോ ആകർഷിക്കപ്പെടുന്നു. അപ്പോൾ സമത തെറ്റുന്നു. എപ്പോൾ പ്രാണന്റെ സമത തെറ്റിയോ അപ്പോൾ നാം രോഗമെന്നു് പറയുന്നതായ അവസ്ഥ അതിൽ നിന്നു സംഭവിക്കുന്നു. അധികപ്പെട്ട പ്രാണനെ എടുത്തുകളകയോ കുറവുള്ള പ്രാണനെ സംഭരിച്ചുകൊടുക്കുകയോ ചെയ്യുന്നതാണു് രോഗത്തെ ശമിപ്പിക്കുക എന്നുള്ളതു്. കൂടാതെയും ശരീരത്തിന്റെ ഒരു ഭാഗത്തിൽ പ്രാണൻ അധികമായോ കുറവായോ ഇരിക്കുമ്പോൾ അതിനെ അറിയുന്നതും പ്രാണായാമം തന്നെ. ഗ്രഹണശക്തി അഭ്യാസത്താൽ വളരെ സൂക്ഷ്മങ്ങളായിത്തീരും; അതുകൊണ്ടു് കാലിന്റെ പെരുവിരലിലോ, തള്ളവിരലിലോ വേണ്ടതിൽ കുറവായേ പ്രാണനുള്ളൂവെങ്കിൽ അതിനെ മനസ്സു് ഗ്രഹിക്കും. അതിനെ സംഭരിച്ചുകൊടുപ്പാനുള്ള ശക്തിയും അതിനുണ്ടായിരിക്കും. ഇവ പ്രാണായാമത്തിന്റെ വിവിധ വ്യാപാരങ്ങളിൽ ചിലതാകുന്നു. അവയെ സാവധാനമായും, ക്രമമായും അഭ്യസിക്കണം. വാസ്തവത്തിൽ രാജയോഗത്തിന്റെ മുഴുവൻ നോട്ടവും പ്രാണനെ അതിന്റെ നാനാ പ്രകാരമുള്ള സ്ഥാനങ്ങളിലെല്ലാം നയിക്കയും, നിയമനം ചെയ്കയും ചെയ്വാൻ പഠിപ്പിക്കയാണെന്നുള്ളതു് നിങ്ങൾക്കു് ഇപ്പോൾ മനസ്സിലായിരിക്കുമല്ലോ? ഒരുത്തൻ തന്റെ ജീവശക്തികളെ എല്ലാം എകാഗ്രപ്പെടുത്തിയിരിക്കുന്നു എങ്കിൽ അവൻ തന്റെ ശരീരത്തിലുള്ള പ്രാണനെ വശമാക്കിയിരിക്കുകയാകുന്നു. ഒരുത്തൻ ധ്യാനിക്കുമ്പോൾ അവൻ തന്റെ പ്രാണനെ എകാഗ്രപ്പെടുത്തുകയും ആകുന്നു.

ഒരു മഹാസമുദ്രത്തിൽ പർവ്വതം പോലെ വമ്പിച്ച തിരമാലകളും, അതിൽ ചെറിയതും അതിലും ചെറിയതുമായ അലകളും ഇങ്ങേയറ്റം നീർപ്പോളകൾ വരേയും ഉണ്ടു്. എന്നാൽ ഇവയ്ക്കെല്ലാം ആധാരമായിരിക്കുന്നതു് ആ അപാരമായ സമുദ്രം തന്നെ. നീർപ്പോള ആ അപാരമഹാസമുദ്രത്തിന്റെ ഒരറ്റത്തും, വമ്പിച്ച തിരമാല മറ്റേ അറ്റത്തും അതിനോടു സംബന്ധിച്ചിരിക്കുന്നു. അതുപോലെ ഒരുത്തൻ ഒരു മഹാപുരുഷനും, മറ്റൊരുത്തൻ ഒരു നീർപ്പോള പോലെ നിസ്സാരനും ആയിരിക്കാം. എന്നാൽ ഓരോരുത്തനും ആ അപാരമായ ശക്തിസമുദ്രത്തോടു സംബന്ധിച്ചിരിക്കയാണു്. അതു് ജീവിച്ചിരിക്കുന്ന എല്ലാ പ്രാണികൾക്കും ഒന്നുപോലെയുള്ള ജന്മാവകാശവുമാകുന്നു. എവിടെയെങ്കിലും ഒരു ജീവിതമുണ്ടെങ്കിൽ ആ അഖണ്ഡശക്തിയുടെ സംഭാരശാല അതിനടിയിൽ ഉണ്ടു്. ഒരു ജീവൻ ഒരു പൂപ്പിൽ (പൊടിക്കുമിളിൽ) അല്ലെങ്കിൽ ഭൂതക്കണ്ണാടി കൊണ്ടു് നോക്കിയറിയത്തക്ക അതികൃശമായ ഒരു നീർപ്പോളയിൽ നിന്നു പുറപ്പെട്ടു അതുമുതൽ ആ അപരിച്ഛിന്നമായ സംഭാരശാലയിൽ നിന്നു ജീവശക്തിയെ ആകർഷിച്ചുകൊണ്ടു് മന്ദമന്ദമായി ശരീരം മാറി കാലാന്തരത്തിൽ ഒരു ചെടിയായും, പിന്നെ ഒരു ജന്തുവായും, അനന്തരം മനുഷ്യനായും, അവസാനം ഈശ്വരനായും തീരുന്നു. ഇതു് എത്രയോ കോടി പുരുഷാന്തരങ്ങൾ കൊണ്ടു് സാധിക്കുന്നതാകുന്നു. എന്നാൽ കാലം എന്നുവച്ചാൽ എന്താണു്? അധികതരമായ വേഗത്തിനും, അധികതരമായ ശ്രമത്തിനും കാലത്തിന്റെ ദൈർഘ്യത്തെ ലഘൂകരിപ്പാൻ കഴിയും. സ്വഭാവേനയായാൽ ദീർഘകാലം കൊണ്ടു് സാധിക്കാവുന്ന സംഗതിയെ തീവ്രപ്രയത്നം കൊണ്ടു വേഗത്തിൽ സാധിക്കാമെന്നു് യോഗി പറയുന്നു. ഒരു മനുഷ്യൻ പ്രപഞ്ചത്തിലുള്ള അഖണ്ഡമായ ഭൂതസംഘാതത്തിൽ നിന്നു ജീവശക്തിയെ ഉള്ളിലേക്കു് ആകർഷിച്ചു കൊണ്ടു് മന്ദമായി കയറിവരാം! അവനു പക്ഷേ, ഒരു ദേവനാകണമെങ്കിൽ ഒരു ലക്ഷം വർഷവും, പിന്നെയും അതിനേക്കാൾ ഉയർന്ന സ്ഥാനത്തേയ്ക്കു് അഞ്ചുലക്ഷം വർഷവും, പൂർണ്ണനാകുന്നതിനു് പക്ഷേ, അമ്പതുലക്ഷം വർഷവും വേണ്ടിവന്നു എന്നു വരാം. വളർച്ചയെ ശീലമാക്കിയാൽ സമയത്തെക്കുറയ്ക്കാം. എന്തുകൊണ്ടു് ഈ പൂർണ്ണാവസ്ഥയെത്തന്നെ ആറു മാസം കൊണ്ടോ ആറു വർഷംകൊണ്ടോ പ്രാപിക്കുന്നതു് ശക്യമല്ല? ക്ലിപ്തമായ അവധി ഉണ്ടായിരിപ്പാൻ പാടില്ല. ഊഹിച്ചാൽ അങ്ങിനെയാണു് കാണുന്നതു്. ഒരു ആവിയന്ത്രം ഏതാനും കൽക്കരികൊണ്ടു് ഒരു മണിക്കൂറിൽ രണ്ടു മൈൽ ഓടുന്നു എങ്കിൽ അധികം കൽക്കരിയിടുക, അതിനേക്കാൾ വേഗത്തിൽ അതോടിയെത്തും. അതുപോലെ ആത്മാവും അതിന്റെ യത്നത്തെ തീവ്രമാക്കിയാൽ ആ ലക്ഷ്യത്തെ ഈ ജീവിതത്തിൽ എന്തുകൊണ്ടു് പ്രാപിക്കയില്ല? എല്ലാ ജീവികളും ഒടുവിൽ ആ പൂർണ്ണാവസ്ഥയെ പ്രാപിക്കുമെന്നു് നമുക്കറിയാമല്ലോ? പിന്നെ ഈ അനേകകോടി പുരുഷാന്തരങ്ങൾ വരെ കാത്തിരിപ്പാൻ ആരു കരുതും? എന്തുകൊണ്ടു് അതിനെ ഈ ശരീരത്തിൽ ഈ മനുഷ്യരൂപത്തിൽ ഇരുന്നുകൊണ്ടുതന്നെ ഉടനെ പ്രാപിച്ചുകൂടാ? എന്തുകൊണ്ടെനിക്കു ആ അഖണ്ഡമായ ജ്ഞാനവും അഖണ്ഡമായ ശക്തിയും ഇപ്പോൾ തന്നെ ലഭിച്ചുകൂടാ?

അതാണു് യോഗിയുടെ ലക്ഷ്യം. യോഗശാസ്ത്രം മുഴുവൻ ഈ ഒരു ലക്ഷ്യത്തെ നോക്കിയാണു് പുറപ്പെട്ടിരിക്കുന്നതു്. അതു് പഠിപ്പിക്കുന്നതു്, മന്ദമായി കയറിച്ചെന്നു ഓരോരോ സ്ഥാനം കടന്നു മനുഷ്യവർഗ്ഗം മുഴുവൻ വെളിയിൽവന്നു പൂർണ്ണാവസ്ഥയെ പ്രാപിക്കുന്നതുവരെ കാത്തിരിക്കുന്നതിനു പകരം ശക്തിയെ അധികപ്പെടുത്തി സമയത്തെ എങ്ങിനെ ചുരുക്കാമെന്നും, സ്വരൂപീകരണശക്തിയെ എങ്ങനെ തീവ്രമാക്കിചെയ്യാമെന്നും, അതുകൊണ്ടു് പൂർണ്ണതയെ പ്രാപിക്കുന്നതിനുള്ള കാലത്തെ എങ്ങനെ ചുരുക്കാമെന്നും ആകുന്നു. ലോകത്തിലെ മഹാത്മാക്കളായ ദീർഘദർശികളും, തപസ്വികളും, ഋഷിമാരും എല്ലാം എങ്ങനെയുള്ളവരാണു്? തങ്ങൾ ജീവിച്ച പരിമിതമായ ഒരു കാലം കൊണ്ടു അവർ മനുഷ്യസന്തതിയുടെ മുഴുവൻ ജീവിതകാലമത്രയും ജീവിച്ച ഫലം സ്വാനുഭവത്തിൽ വരുത്തിയിരുന്നു. സാധാരണ മനുഷ്യവർഗ്ഗത്തിനു പൂർണ്ണതയെ പ്രാപിപ്പാനുള്ള കാലത്തിന്റെ മുഴുവൻ ദൈർഘ്യത്തെയും ചുരുക്കിക്കളഞ്ഞു. ഈ ജീവിതത്തിൽത്തന്നെ അവർ അവരെ പൂർണ്ണന്മാർ (മുക്തന്മാർ) ആക്കിചെയ്യുന്നു. അവർക്കു മറ്റൊന്നിനെക്കുറിച്ചും ചിന്തയില്ല. ഒന്നിനെയും ആശിക്കുന്നില്ല. ഒരു ക്ഷണംപോലും വേറൊരുദ്ദേശത്തിനു വേണ്ടി അവർ ജീവിക്കുന്നില്ല. അതുകൊണ്ടു് അവരുടെ വഴിയുടെ ദൂരം ചുരുങ്ങിപ്പോകുന്നു. പ്രവൃത്തിയെ അതായതു് സ്വരൂപീകരണത്തെ തീവ്രമാക്കി അതു കൊണ്ടു് സമയത്തെ ചുരുക്കുന്നതിനാണു് ഏകാഗ്രത എന്നു പറയുന്നതു്. നമുക്കു് ഏകാഗ്രതാസിദ്ധിയെ സമ്പാദിപ്പാനുള്ള ഉപായത്തെ ഉപദേശിക്കുന്ന ശാസ്ത്രം രാജയോഗവുമാണു്.

പരേതവിശ്വാസത്തോടു് ഈ പ്രാണായാമത്തിനു എന്തു സംബന്ധമുണ്ടു്? അതും പ്രാണായാമത്തിന്റെ ഒരു പരിണാമമത്രെ. ‘പരേതന്മാരായ ആത്മാക്കൾ ഉണ്ട്; നമുക്കു അവരെ കാണാൻ കഴിയില്ലെന്നു് മാത്രമേ ഉള്ളൂ’ എന്നുള്ളതു ശരിയാണെങ്കിൽ നമുക്കു കാണുകയോ, അറികയോ, തൊടുകയോ ചെയ്വാൻ പാടില്ലാത്ത വണ്ണം എത്രയോ കോടി ആത്മാക്കൾ ഇവിടെ ജീവിക്കുന്നുണ്ടെന്നുള്ളതു് നിശ്ചയമായും സാംഭാവ്യമാണു്. നാം അവരുടെ ശരീരങ്ങളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും നിരന്തരമായി ഗതാഗതം ചെയ്യുണ്ടാവാം. നമ്മേ അവർ കാണുകയും, അറികയും ചെയ്യുന്നില്ലെന്നുള്ളതും സംഭാവ്യമായി വരാം. ഇതു് ഒരു വൃത്തരേഖക്കുള്ളിൽ ഒരു വൃത്തരേഖ, അതായതു പ്രപഞ്ചത്തിനുള്ളിൽ പ്രപഞ്ചം ആയിരിക്കുന്നു. ഒരേ നിലയിൽ ഉള്ളവർ മാത്രം അങ്ങോട്ടുമിങ്ങോട്ടും കാണുന്നു. നമുക്കഞ്ചന്ദ്രിയങ്ങൾ ഉണ്ടു്. നാം പ്രാണന്റെ ഒരു പ്രത്യേക വിസ്ഫുരണാവസ്ഥയുടെ സന്തതികളാണു്. ഒരേ വിസ്ഫുരണാവസ്ഥയിലുള്ള ആത്മാക്കൾ എല്ലാം അന്യോന്യം കാണും. എന്നാൽ പ്രാണന്റെ അതിനേക്കാൾ ഉയർന്നതരം വിസ്ഫുരണാവസ്ഥയുടെ സന്തതികളായി ആത്മാക്കൾ ഉണ്ടെങ്കിൽ അവർ ദൃഷ്ടിക്കു വിഷയമാകുന്നില്ല. പ്രകാശത്തിന്റെ തീവ്രതയെ നമുക്കു തീരേപ്രകാശം കാണാതാകത്തക്ക സ്ഥിതി വരെ വർദ്ധിപ്പിക്കാൻ കഴിയും. എന്നാൽ അങ്ങിനെയുള്ള പ്രകാശത്തെ കാണുന്നതിനു് വേണ്ടത്ര ശക്തിമത്തായ കണ്ണുകളുള്ള ജീവികളും ഉണ്ടാവാം. തീരേ വിസ്ഫുരണങ്ങൾ മന്ദമായിരിക്കുമ്പോഴും നാം പ്രകാശത്തെ കാണുന്നില്ല. എന്നാൽ പൂച്ച, മൂങ്ങ മുതലായ ജന്തുക്കൾ അതു കാണുന്നു. ഈ പ്രാണവിസ്ഫുരണത്തിന്റെ ഒരു പ്രത്യേകാവസ്ഥ മാത്രമേ നമ്മുടെ ദൃഷ്ടിക്കു വിഷയമാകുന്നുള്ളൂ. ഈ വായുമണ്ഡലത്തെത്തന്നെ ദൃഷ്ടാന്തമായെടുക്കുക. ഇതു് ഒന്നിനൊന്നു മേൽമേൽ അടുക്കടുക്കായി സ്വരൂപിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭൂമിയോടു് ഏറ്റവും ഏറ്റവും അടുത്തുള്ള അടുക്കു അതിനു മുകളിലുള്ളതിനെ അപേക്ഷിച്ചു അധികം ഞെരുക്കമുള്ളതായിരിക്കുന്നു. മേല്പോട്ടു മേല്പോട്ടു പോകുന്തോറും വായു അധികമധികം സൂക്ഷ്മമായിത്തീരുകയും ചെയ്യുന്നു. അല്ലെങ്കിൽ സമുദ്രത്തെ ദൃഷ്ടാന്തമായെടുക്കുക. അടിയിലടിയിൽ പോകുന്തോറും വെള്ളത്തിന്റെ ഞെരുക്കം വർദ്ധിക്കുന്നു. സമുദ്രത്തിന്റെ അടിയിൽ ജീവിക്കുന്ന ജന്തുക്കൾക്കു് ഒരിക്കലും മുകളിൽ വരാൻ കഴിയുന്നില്ല. വരികയാണെങ്കിൽ അവ ശകലങ്ങളായി നുറുങ്ങിപ്പോകും.

മുഴുവൻ ബ്രഹ്മാണ്ഡവും, പ്രാണന്റെ വ്യാപാരത്താൽ വിസ്ഫുരിച്ചുകൊണ്ടിരിക്കുന്ന ആകാശമയമായ സമുദ്രമാണെന്നും, അതു് വിവിധ മാത്രയിലുള്ള വിസ്ഫുരണങ്ങളോടു് കൂടിയ അടുക്കുകളാൽ ഒന്നിനുശേഷം ഒന്നായി ഘടിപ്പിക്കപ്പെട്ടിരിക്കയാണെന്നും വിചാരിക്കുക. അധികം പുറത്തുള്ള അടുക്കുകളിൽ വിസ്ഫുരണം അധികം കുറഞ്ഞിരിക്കും. മദ്ധ്യത്തോടു് അധികമധികം അടുക്കുന്തോറും വിസ്ഫുരണം അധികമധികം വേഗവത്തായുമിരിക്കും. വിസ്ഫുരണത്തിന്റെ ഓരോ അവസ്ഥയെ ഓരോ ഭൂമി ആയി വിചാരിക്കാം. എല്ലാം കൂടി ഒരു വൃത്തരേഖയാണെന്നും അതിന്റെ മദ്ധ്യം പൂർണ്ണതയാണെന്നും വിചാരിക്കുക. മദ്ധ്യത്തിൽ നിന്നു് എത്രയോ അകന്നുപോകുന്നുവോ വിസ്ഫുരണങ്ങൾ അത്ര മന്ദമായിത്തീരുന്നു. ഭൂതങ്ങൾ എല്ലാറ്റിനും പുറമെയുള്ള തൊണ്ടാണു്. അതിനുള്ളിലാണു് മനസ്സു്; ശരിയായ മദ്ധ്യം ആത്മാവുമാകുന്നു. ഇനി നമ്മുടെ ദർശനത്തിന്റെ വ്യാപ്തിസീമകൾ ഓരോ ഭൂമികളായി വേർതിരിക്കപ്പെട്ടിരിക്കുന്നു എന്നും വിചാരിക്കുക. എത്രയോ കോടി മൈൽ പര്യന്തം ഒരുതരം വിസ്ഫുരണം വ്യാപിച്ചിരിക്കുന്നു. എത്രയോ കോടി മൈൽ പര്യന്തം അതിനേക്കാൾ ഉയർന്നന്തരം വിസ്ഫുരണമായിരിക്കും; ഇങ്ങനെ മേല്പോട്ടു പോകുന്നു. അപ്പോൾ ഒരുതരം വിസ്ഫുരണത്തിന്റെ ഭൂമിയിൽ ജീവിക്കുന്നവർക്കു തങ്ങളിൽ കണ്ടറിയുന്നതിനുള്ള ശക്തിയുണ്ടാകുമെന്നും, എന്നാൽ ആ ഭൂമിക്കു മുകളിലോ താഴേയോ ഉള്ളവരെ അവർ കണ്ടറികയില്ലെന്നും ഉള്ളതു് പൂർത്തിയായും സമ്മതിക്കത്തക്കതാകുന്നു. എന്നാലും ദൂരദർശിനിയും, ഭൂതക്കണ്ണാടിയുംകൊണ്ടു് നമ്മുടെ ദർശനവ്യാപ്തിയെ നമുക്കു വർദ്ധിപ്പിക്കയും, അധികം ഉയർന്നതോ താണതോ ആയ വിസ്ഫുരണങ്ങളെ വിഷയീകരിക്കയും ചെയ്യാവുന്നതുപോലെ ഓരോ മനുഷ്യനും അടുത്തഭൂമിയിലുള്ള വിസ്ഫുരണത്തിന്റെ സ്ഥിതിയേ സ്വയമേവ പ്രാപിക്കയും അതുകൊണ്ടു അവിടെ നടക്കുന്ന വസ്തുതകളെ കണ്ടറികയും ചെയ്വാൻ കഴിയുന്നതാകുന്നു. ഈ മുറി മുഴുവൻ കാണാൻ കഴിയാത്ത ജീവികളെക്കൊണ്ടു നിറഞ്ഞിരിക്കയാണെന്നു വച്ചു കൊള്ളുക. അവർ പ്രാണന്റെ ഒരുതരം വിസ്ഫുരണങ്ങളെയും നാം മറ്റൊരുതരം വിസ്ഫുരണങ്ങളെയും വഹിക്കുന്നു. അവർ ശീഘ്രമായും, നാം മന്ദമായുമുള്ള വിസ്ഫുരണങ്ങളെ വഹിക്കുന്നു എന്നിരിക്കട്ടെ. പ്രാണനാകുന്ന ഉപാദാനവസ്തുവിനാലാണു് അവർ നിർമ്മിക്കപ്പെട്ടിരിക്കുന്നതു്. അതുകൊണ്ടുതന്നെയാണു് നാമും നിർമ്മിക്കപ്പെട്ടിരിക്കുന്നതു്. എല്ലാം പ്രാണസമുദ്രത്തിന്റെ ഓരോ ഭാഗങ്ങളാകുന്നു. വിസ്ഫുരണത്തിന്റെ മാത്രകളിലുള്ള ഭേദമേയുള്ളൂ. എനിക്കു തന്നത്താൻ ശീഘ്രതരമായ വിസ്ഫുരണാവസ്ഥയെ പ്രാപിപ്പാൻ കഴിയുമെങ്കിൽ ഉടനേ എനിക്കു ഈ ഭൂമിമാറിപ്പോകും. ഞാൻ പിന്നെ ഒരിക്കലും നിങ്ങളെ കാണുകയില്ല. നിങ്ങൾ മറഞ്ഞുപോകുന്നു. ആ ഭൂമിയിലുള്ളവർ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതു് ശരിയാണെന്നു പക്ഷേ, നിങ്ങളിൽ ചിലർക്കു അറിയാമായിരിക്കും. മനസ്സിനെ ഒരു ഉയർന്ന തരം വിസ്ഫുരണാവസ്ഥയിൽ നയിക്കുന്ന ഈ എല്ലാം കൂടി യോഗശാസ്ത്രത്തിൽ ‘സമാധി’ എന്ന ഒറ്റവാക്കിൽ അന്തർഭവിക്കുന്നു. ഉയർന്നതരമായ ഈ എല്ലാ വിസ്ഫുരണങ്ങളും, അതായതു് മനസ്സിന്റെ ബോധാതീതദശയിലുള്ള ഏല്ലാ വിസ്ഫുരണങ്ങളും കൂടി സമാധി എന്ന ആ ഒരു വാക്കിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു. താഴ്‌ന്നതരം സമാധി നമുക്കു മേൽപറഞ്ഞ തരം ആത്മാക്കളുടെ ദർശനത്തെ നൽകുകയും ചെയ്യുന്നു. എപ്പോൾ നാം സാക്ഷാൽ പരമാർത്ഥവസ്തുവിനെ കാണുന്നുവോ അപ്പോളാണു് ഏറ്റവും ഉയർന്നതായ സമാധി. ആ മൃൽപിപണ്ഡത്തെ അറിഞ്ഞാൽ ബ്രഹ്മാണ്ഡത്തിലുള്ള എല്ലാ മൃത്തികളെയും നാം അറിഞ്ഞു.

ഇപ്രകാരം ഈ പ്രാണായാമത്തിൽ പരേതവിശ്വാസത്തിലെയും വാസ്തവമായുള്ള ഭാഗം എല്ലാം അടങ്ങുന്നു എന്നു നാം കാണുന്നു. ഇതുപോലെത്തന്നെ ജനങ്ങളുടെ ഒരു സമുദായമോ, സംഘമോ ഗൂഡമായോ, രഹസ്യമായോ മറയ്ക്കപ്പെട്ടതായോ ഉള്ള ഏതിനേ എങ്കിലും ആരാഞ്ഞറിവാൻ ശ്രമിക്കയാണെങ്കിൽ നിശ്ചയമായും അതു ഈ യോഗമാണു്. പ്രാണനെ നിയമനം ചെയ്വാനുള്ള ഈ ഉദ്യമമാണു്. എവിടെ എങ്കിലും ശക്തിയുടെ അസാധാരണമായ വിലാസം കണ്ടാൽ അതു് ഈ പ്രാണന്റെ ആവിർഭാവമാണെന്നു നിങ്ങൾക്കു കാണാവുന്നതാണു്. ഭൗതികവിജ്ഞാനങ്ങളെപ്പോലും പ്രാണായാമത്തിൽ അന്തർഭവിപ്പിക്കാം. ആവിയന്ത്രത്തെ ചലിപ്പിക്കുന്നതെന്താണു്? ആവിയിൽക്കൂടി വ്യാപരിക്കുന്ന പ്രാണനത്രേ. വിദ്യുച്ഛക്തി ആദിയായ ഭാവങ്ങൾ എല്ലാം പ്രാണനല്ലാതെ മറ്റെന്താണു്? ഭൗതികവിജ്ഞാനശാസ്ത്രം തന്നെ എന്താണു്? ബാഹ്വോപായങ്ങളെക്കൊണ്ടുള്ള പ്രാണായാമം തന്നെ. മാനസ ശക്തിയായി പരിണമിച്ചിരിക്കുന്ന പ്രാണനെ മാനസികമായ ഉപായങ്ങൾ കൊണ്ടു മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. പ്രാണന്റെ ഭൗതികമായ പരിണാമങ്ങളെ ഭൗതികമായ ഉപായങ്ങളെക്കൊണ്ടു് നിയമനം ചെയ്വാൻ ശ്രമിക്കുന്ന പ്രാണായാമത്തിന്റെ ആ ഭാഗത്തിനു ഭൗതികവിജ്ഞാനമെന്നും, പ്രാണന്റെ മാനസശക്തികളായ പരിണാമങ്ങളെ മാനസികമായ ഉപായങ്ങളെക്കൊണ്ടു നിയമനം ചെയ്വാൻ ശ്രമിക്കുന്ന ഭാഗത്തിനു രാജയോഗമെന്നും പറയുന്നു.

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.