യോഗികളുടെ മതപ്രകാരം തണ്ടെല്ലിൽ ‘ഇഡ’യെന്നും ‘പിംഗല’യെന്നും പേരായി രണ്ടു സിരാധാരകളും തണ്ടെല്ലിന്റെ ഉള്ളിൽ സിരാപാശത്തിലൂടെ കിടക്കുന്നതായി ‘സുഷുമ്ന’ എന്നുപേരായ ഒരു ശൂന്യമായ പ്രണാളിയുമുണ്ടു്. ആ പ്രണാളിയുടെ അടിയിലത്തെ അറ്റത്തിനാണു് യോഗികൾ ‘കുണ്ഡലിനീപത്മം’ എന്നു പറയുന്നതു്. അതു ആകൃതിയിൽ ത്രികോണമാണെന്നു് അവർ വർണ്ണിക്കുന്നു. അതിൽ യോഗികളുടെ അദ്ധ്യവസായ ഭാഷയിൽ കുണ്ഡലിനി (ചുറ്റികിടക്കുന്ന) എന്നുപറയുന്ന ഒരു ശക്തിയുണ്ടു്. ആ കുണ്ഡലിനി ഉണരുമ്പോൾ ഈ ശൂന്യമായ പ്രണാളിയിൽ കൂടി കടന്നു പോകാൻ ശ്രമിക്കുകയും, പടിപടിയായി എന്നപോലെ മേൽപ്പോട്ടേയ്ക്കു കടന്നു ചെല്ലുകയും, അപ്പോൾ മനസ്സിന്റെ അടുക്കുകൾ ഓരോന്നോരോന്നായി തുറക്കപ്പെടുകയും പലവിധത്തിലുള്ള ദർശനങ്ങളും, അത്ഭുതകരങ്ങളായ സിദ്ധികളും യോഗിക്കു വരികയും ചെയ്യുന്നു. അതു തലച്ചോറിൽ എത്തുമ്പോൾ യോഗിക്കു ശരീരത്തോടും, മനസ്സോടുമുള്ള ബന്ധം അശേഷം വേർപ്പെട്ടുപോകുന്നു. ആത്മാവു് മുക്തമായിരിക്കുന്നു എന്നു അതുതന്നെത്താൻ കാണുന്നു. തണ്ടെല്ലു സിരാപാശം ഒരു വിശേഷരീതിയിൽ രചിക്കപ്പെട്ടിരിക്കയാണെന്നു നമുക്കറിയാമല്ലോ? ഇംഗ്ലീഷിൽ എട്ടു് എന്നുള്ള അക്കത്തെ വിലങ്ങത്തിൽ എഴുതുകയാണെങ്കിൽ അതിനു രണ്ടു ഭാഗങ്ങളുണ്ടു്. ആ രണ്ടുഭാഗങ്ങളുമായി മദ്ധ്യത്തിൽ സംബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ എട്ടിനെ ഒന്നിനു മേലൊന്നായി അടുക്കുകയാണെന്നു കരുതുക. അപ്പോൾ അതു തണ്ടെല്ലിലെ സിരാപാശം പോലേ ആയി. ഇടത്തേ ഭാഗം ഇഡ; വലത്തേ ഭാഗം പിംഗല; മദ്ധ്യേ കിടക്കുന്ന ശൂന്യമായ പ്രണാളി സുഷുമ്ന. ഈ സിരാപാശം കടിപ്രദേശത്തിലുള്ള തണ്ടെല്ലിന്റെ ഘടകാസ്ഥികളിൽ അവസാനിക്കുമ്പോൾ ഒരു സൂക്ഷ്മമായ തന്തു താഴോട്ടു വരുന്നു. ആ പ്രണാളി ആ തന്തുവിലുമുണ്ടു്. അധികം സൂക്ഷ്മമായിരിക്കും എന്നേയുള്ളൂ. സേക്രൽ സിരാഗ്രന്ഥി (Sacral Plexus) എന്നുപറയുന്ന സ്ഥാനത്തിനടുത്തുള്ള അടിയിലത്തെ അറ്റത്തു ഈ പ്രണാളി അവസാനിച്ചിരിക്കുന്നു. ആ സ്ഥാനം പുതിയ ശരീരശാസ്ത്രപ്രകാരം ആകൃതിയിൽ ത്രികോണമാണു്. തണ്ടെല്ലിലെ സിരാപാശത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരോ സിരാഗ്രന്ഥികളും ശരിയായും യോഗിയുടെ ഓരോ ആധാരപത്മങ്ങളായി ഗണിക്കപ്പെടാവുന്നതാകുന്നു. അടിയിലുള്ള മൂലാധാരത്തിൽനിന്നു തുടങ്ങി തലച്ചോറിലെ സഹസ്രാര (ആയിരം ദളമുള്ള) പത്മം വരെ അനേകസ്ഥലങ്ങളെ യോഗി സങ്കല്പിക്കുന്നു. അതുകൊണ്ടു നാം ഈ ഓരോ സിരാഗ്രന്ഥികളെയും ആ ആധാരച്ചക്രങ്ങളായി സ്വീകരിച്ചാൽ യോഗിയുടെ അഭിപ്രായം പുതിയ ശരീരശാസ്ത്രത്തിന്റെ ഭാഷയിൽത്തന്നെ നമുക്കു എളുപ്പത്തിൽ മനസ്സിലാകുന്നതാകുന്നു. ഈ സിരാധാരകളിൽ രണ്ടുവിധം വ്യാപാരങ്ങൾ നടക്കുന്നുണ്ടെന്നു നമുക്കറിയാമല്ലോ. ഒന്നു ഉത്സാരണം, മറ്റേതു അപസാരണം. ഒന്നു് ജ്ഞാനമയം; മറ്റേതു ക്രിയാമയം. ഒന്നു് ആരോഹകം; മറ്റേതു അവരോഹകം. ഒന്നു ഇന്ദ്രിയസാക്ഷാൽക്കാരങ്ങളെ തലച്ചോറിലേക്കു കൊണ്ടുചെല്ലുന്നു. മറ്റേതു അതിനേ തലച്ചോറിൽ നിന്നു ബാഹ്യശരീരത്തിലേക്കു് കൊണ്ടുവരുന്നു. ഈ വിസ്ഫുരണങ്ങളെല്ലാം ഒടുവിൽ തലച്ചോറോടു സംബന്ധിച്ചിരിക്കയുമാകുന്നു. വക്തവ്യയസംഗതികളുടെ ഹേതുക്കളെ വെളിവാക്കുന്നതിനായി ഇനിയും പല വസ്തുതകളെ നാം ഓർക്കേണ്ടിയുണ്ടു്. ഈ തണ്ടെല്ലിലെ സിരാപാശം തലച്ചോറിന്റെ ഉള്ളിലുള്ള ഒരുവക നീരിന്മേൽ തലയോടോടു സംബന്ധിക്കാതെ പൊങ്ങിക്കിടക്കുന്ന മജ്ജാമയമായ കന്ദത്തിൽ അവസാനിക്കുന്നു. അതുകൊണ്ടു തലയിൽ ഒരു തല്ലേൽക്കുകയാണെങ്കിൽ ആ തല്ലിന്റെ ഊക്കു് ആ നീരിൽ എത്തി ശിഥിലമായിപ്പോകയും, ആ കന്ദത്തെ ബാധിക്കാതിരിക്കയും ചെയ്യുന്നു. മേലത്തേക്കു നമുക്കിതു ഒരു പ്രധാനവസ്തുതയായിരിക്കും. രണ്ടാമതു ഈ എല്ലാ സ്ഥാനങ്ങളിലും വച്ചു മൂലാധാരം, സഹസ്രാരപത്മം, മൂലാധാരത്തിന്റെ നേരെ മുകളിലുള്ള സ്വാധിഷ്ഠാനം ഈ മൂന്നു സ്ഥാനങ്ങളെ നാം പ്രത്യേകം ഓർക്കേണ്ടതാണെന്നും അറിയണം. ഇനി ഭൗതികവിജ്ഞാനത്തിൽ നിന്നു ഒരു വസ്തുതയെ നമുക്കെടുക്കാം. വൈദ്യുതശക്തിയേയും അതിനോടു് സംബന്ധമുള്ള അനേക ശക്തികളെയും പറ്റി നാം എല്ലാം കേൾക്കുന്നുണ്ടല്ലോ? വൈദ്യുതശക്തിയെന്താണെന്നു ആർക്കും അറിഞ്ഞുകൂടാ. എന്നാൽ അറിയപ്പെട്ടിടത്തോളം ഇതൊരു ചലനം ആകുന്നു.
ലോകത്തിൽ വേറേയും പല പ്രകാരത്തിൽ ചലനങ്ങളുണ്ടു്. അവയ്ക്കും വിദ്യുച്ഛക്തിക്കുമായി വ്യത്യാസമെന്തു്? ഈ മേശ ചലിക്കുന്നു. (അതായതു ഈ മേശയുടെ അവയവാണുക്കൾ എല്ലാ ഭിന്നമാർഗ്ഗങ്ങളിലായി ചലിച്ചുകൊണ്ടിരിക്കുന്നു എന്നിരിക്കട്ടെ. അവയെ എല്ലാം ഒരേ വഴിക്കു ചലിപ്പിക്കയാണെങ്കിൽ ആ ചലനം വിദ്യുച്ഛക്തിയായി. അണുക്കൾ എല്ലാം ഒരേ വഴിക്കു് ചലിക്കുമ്പോഴാണു് വൈദ്യുതചലനമെന്നു പറയുന്നതു്. ഒരു മുറിക്കകത്തുള്ള വായവീയാണുക്കളെ എല്ലാം ഒരേ വഴിക്കു ചലിപ്പിക്കാമെങ്കിൽ അതു് ആ മുറിയിലുള്ള വിദ്യുച്ഛക്തിയുടെ അതിശക്തിമത്തായ ഒരു വൈദ്യുതകോശം (Battery) ആയിത്തീരുന്നതാണു്. ശരീരശാസ്ത്രത്തിൽ നിന്നു വേറൊരു തത്വം കൂടി നാം ഓർക്കേണ്ടിയുണ്ടു്. ശ്വാസകോശാവയവച്ചക്രത്തെ ക്രമീകരിക്കുന്ന പ്രധാനസ്ഥാനത്തിനു സിരാചക്രത്തിന്റെ മേൽ ഒരുവിധം നിയാമക വ്യാപാരമുണ്ടു്. ശ്വാസകോശാവയവചക്രത്തിന്റെ നിയാമകസ്ഥാനം ഹൃദയപഞ്ജരത്തിന്റെ പിൻഭാഗത്തു തണ്ടല്ലിലും ആണു്. ഈ സ്ഥാനം ശ്വാസകോശാവയവങ്ങളെ ക്രമീകരിക്കയും, മറ്റു അപ്രധാനസ്ഥാനങ്ങളുടെ മേൽ ഒരുവിധം നിയമനശക്തിയെ പ്രയോഗിക്കയും ചെയ്യുന്നുണ്ടു്.
ശ്വാസാഭ്യാസം എന്തിനായി പരിശീലിക്കപ്പെടുന്നു എന്നു ഇനി നമുക്കു നോക്കാം. ഒന്നാമതു തന്നെ ശ്വാസോച്ഛ ്വാസക്രമത്തെ സമീകരിക്കുന്നതു കൊണ്ടു ശരീരത്തിലുള്ള എല്ലാ അവയവാണുക്കൾക്കും ഒരേവഴിക്കു ചലിപ്പാനുള്ള താല്പര്യമുണ്ടാകും. മനസ്സു് ഇച്ഛയായി പരിണമിക്കുമ്പോൾ ആ ചലനങ്ങൾ വിദ്യുച്ഛക്തിക്കു തുല്യമായ ഒരു ചലനമായിത്തീരും. എന്തുകൊണ്ടെന്നാൽ വൈദ്യുത ചലനധാരയുടെ വ്യാപാരത്താൽ സിരകൾക്കു് എക പ്രവണത (ഒരു വശത്തോട്ടു തിരിയുന്ന സ്വഭാവം) വരുന്നു എന്നുള്ളതു് ശാസ്ത്രജ്ഞന്മാരാൽ സിദ്ധാന്തിക്കപ്പെട്ടിട്ടുള്ളതാകുന്നു. ഇച്ഛ സിരാചലനമായി പരിണമിക്കുമ്പോൾ അതു വിദ്യുച്ഛക്തി പോലുള്ള ഏതാണ്ടായിത്തീരുന്നു എന്നു് ഇതു കാണിക്കുന്നു. ശരീരത്തിലുള്ള എല്ലാ ചലനങ്ങളും പൂർണ്ണമായി ഒരേ കണക്കിൽ നിൽക്കുമ്പോൾ ശരീരം മനഃശ്ശക്തിയുടെ (ഇച്ഛയുടെ) ഒരു അതിമഹത്തായ ബാറ്ററി (വൈദ്യുതകോശം) ആയിത്തീരുന്നു. ഈ മഹത്തായ മനഃശ്ശക്തിയാണു വാസ്തവത്തിൽ യോഗിക്കു വേണ്ടതു്. അതുകൊണ്ടു ഇതു് ശ്വാസാഭ്യാസത്തിന്റെ ഒരു ശരീരശാസ്ത്രപരമായ വിവരണമാകുന്നു. ശ്വാസാഭ്യാസം ശരീരത്തിൽ ഒരു സമസ്ഥിതിയിലുള്ള വ്യാപാരത്തെ ഉണ്ടാക്കുകയും, ശ്വാസസ്ഥാനം വഴിയായി മറ്റുള്ള സ്ഥാനങ്ങളെ നിയമനം ചെയ്യുന്നതിൽ നമ്മെ സഹായിക്കയും ചെയ്യുന്നു. ഇവിടെ പ്രാണായാമത്തിന്റെ ഉദ്ദേശ്യം കുണ്ഡലിനി എന്നു പറയുന്ന മൂലാധാരത്തിൽ ചുറ്റിക്കിടക്കുന്ന ശക്തിയെ ഉൽബോധിപ്പിക്കയാകുന്നു.
നാം കാണുകയൊ, ഊഹിക്കയൊ, സങ്കൽപിക്കയൊ ചെയ്യുന്ന എല്ലാവും ഒരു ഇടത്തിൽ അതായതു ആകാശത്തിൽവെച്ചു ഗ്രഹിക്കേണ്ടിയിരിക്കുന്നു. ഇതു മഹാകാശം എന്നുപറയുന്ന സാധാരണ ഇടമാകുന്നു. ഒരു യോഗി മറ്റുള്ളവരുടെ വിചാരങ്ങളെ കാണുകയോ അല്ലെങ്കിൽ അതീന്ദ്രിയവിഷയങ്ങളെ ഗ്രഹിക്കയൊ ചെയ്യുമ്പോൾ അയാൾ അവയെ ചിത്താകാശം എന്നുപറയുന്ന മറ്റൊരു ഇടത്തിൽ വച്ചു കാണുകയാകുന്നു. ഗ്രഹണം അല്ലങ്കിൽ സാക്ഷാൽക്കാരം വിഷയരഹിതമായിത്തീരുകയും ആ ആത്മാവു് അതിന്റെ സഹജസ്ഥിതിയിൽതന്നെ പ്രകാശിക്കുകയും ചെയ്യുമ്പോൾ അതിനു ചിദാകാശം അല്ലങ്കിൽ ജ്ഞാനാകാശം എന്നു പറയുന്നു. കുണ്ഡലിനി ഉൽബോധിച്ചു സുഷുമ്നാമാർഗ്ഗത്തിൽ പ്രവേശിക്കുമ്പോൾ ഉള്ള സാക്ഷാൽക്കാരങ്ങൾ എല്ലാം ചിത്താകാശത്തിൽ ഉള്ളവയാകുന്നു. അതു തലച്ചോറിനുള്ളിലേക്കു തുറക്കപെട്ടിരിക്കുന്ന ആ പ്രണാളിയുടെ അറ്റത്തു എത്തുമ്പോൾ ഉള്ള വിഷയരഹിതമായ സാക്ഷാത്ക്കാരം ചിദാകാശത്തിലുള്ളതാകുന്നു. വിദ്യുച്ഛക്തിയുടെ സാദൃശ്യത്തെ എടുക്കുമ്പോൾ മനുഷ്യനു കമ്പിയിൽക്കൂടിമാത്രമേ ചലനധാരയെ അയയ്ക്കാവു എന്നു കാണുന്നു. എന്നാൽ പ്രകൃതിക്കു തന്റെ ശക്തിയേറിയ ചലന ധാരകളെ കടത്തിക്കൊണ്ടുപോവാൻ കമ്പികളുടെ ആവശ്യമേ ഇല്ല. ഇതുകൊണ്ടു വാസ്തവത്തിൽ കമ്പിയുടെ ആവശ്യകതയില്ലെന്നും എന്നാൽ നമുക്കു അതിനെ വിട്ടുകളയാനുള്ള ശക്തി ഇല്ലാത്തതിനാൽ നാം അതിനെ ഉപയോഗിപ്പാൻ നിർബന്ധിതരായതാണെന്നും ഇതിനാൽ വിശദമാകുന്നു.
അതുപോലെ ശരീരത്തിലുള്ള എല്ലാ ഇന്ദ്രിയബോധങ്ങളും ചലനങ്ങളും തലച്ചോറിലേക്കും അവിടെനിന്നും വെളിയിലേക്കും ഈ സിരാതന്തുക്കളാകുന്ന കമ്പികൾ വഴി അടക്കപ്പെടുകയാകുന്നു. തണ്ടെല്ലിലെ സിരാപാശത്തിലുള്ള ജ്ഞാനവാഹിനികളും ക്രിയാ വാഹിനികളുമായ തന്തുസംഹതികളാണു് യോഗികളുടെ ഇഡയും പിംഗലയും. ആരോഹികങ്ങളും അവരോഹികങ്ങളുമായ ചലനധാരകൾക്കു ഗതാഗതം ചെയ്യുവാനുള്ള പ്രധാനപ്രണാളികൾ ഇവയാണു്. എന്നാൽ എന്തുകൊണ്ടു മനസ്സു കമ്പികൂടാതെ തന്നെ സമാചാരങ്ങളെ ആനയിക്കയോ പ്രത്യാനയിക്കയോ ചെയ്കയില്ല? പ്രകൃതിയിൽ അതു അപ്രകാരം തന്നെ ചെയ്യപ്പെടുന്നതായി നാം കാണുന്നു. ‘നിങ്ങൾക്കു അങ്ങനെ ചെയ്യാൻ സാധിച്ചു എങ്കിൽ നിങ്ങൾ ജഡപദാർത്ഥബന്ധത്തിൽനിന്നു മുക്തരായി’ എന്നാണു് യോഗി പറയുന്നതു്. അതെങ്ങനെ സാധിക്കും? ഈ ചലനധാരയെ തണ്ടെല്ലിന്റെ മദ്ധ്യത്തുള്ള പ്രണാളിയായ സുഷുമ്നയിലൂടെ കടത്തിവിടാമെങ്കിൽ ഈ സന്ദേശം ഉടനേ തീരും. മനസ്സാണു് സിരാചക്രങ്ങളെക്കൊണ്ടു ഊടും പാവുമായി വലകൾ കെട്ടിയുണ്ടാക്കിയതു്. തനിക്കു വ്യാപരിക്കാൻ കമ്പികളുടെ അപേക്ഷ ഉണ്ടാവാതിരിക്കത്തക്കവണ്ണം അതു തന്നെ ആ വലയെ പൊട്ടിച്ചു കളയേണ്ടതുമാണു്. അപ്പോൾ മാത്രമേ എല്ലാ ജ്ഞാനങ്ങളും നമുക്കുണ്ടാവൂ. പിന്നെ ശരീരബന്ധമില്ല, അതുകൊണ്ടാണു് സുഷുമ്നയെ സ്വാധീനമാക്കണം എന്നുള്ളതു അത്ര പ്രധാനമായിരിക്കുന്നതു്. മാനസ ചലനധാരയെ ആ അന്തഃശൂന്യമായ പ്രണാളിയിൽകൂടി കമ്പിയുടെ സ്ഥാനത്തിലുള്ള ഒരു സിരാതന്തുവിന്റെയും സഹായംകൂടാതെ അയപ്പാൻ കഴിഞ്ഞു എങ്കിൽ സന്ദേശം നിവൃത്തിച്ചുകഴിഞ്ഞു എന്നു യോഗി പറയുന്നു. അതുസാദ്ധ്യമാണെന്നും യോഗി പറയുന്നു.
സാധാരണ മനുഷ്യർക്കു് സുഷുമ്നയുടെ അടിയിലത്തെ അറ്റം മൂടപ്പെട്ടിരിക്കുന്നു. അതു വഴിയായി ഒരു വ്യാപാരവും നടക്കുന്നില്ല. യോഗി ഒരു അഭ്യാസത്തെ ഉപദേശിക്കുന്നു. അതുകൊണ്ടു് അതു തുറക്കപ്പെടും. സിരാചലനധാരകൾ അതുവഴി അതു സഞ്ചരിക്കുകയും ഇന്ദ്രിയബോധം ഒരു സ്ഥാനത്തേക്കുനയിക്കപ്പെടുമ്പോൾ ആ സ്ഥാനം പ്രതികരിക്കുന്നു. ഈ പ്രതിക്രിയയെ സ്വയം ചലിതമായ സ്ഥാനങ്ങളിൽ ചലനം പിന്തുടരുന്നു. സബോധമായ സ്ഥാനങ്ങളിൽ ആദ്യം പ്രത്യക്ഷജ്ഞാനവും രണ്ടാമതു ചലനവും പിന്തുടരുന്നു. പ്രത്യക്ഷജ്ഞാനങ്ങൾ എല്ലാം വെളിയിലിൽനിന്നുള്ള ക്രിയകളുടെ പ്രതിക്രിയകളത്രെ. എന്നാൽ സ്വപ്നത്തിൽ പ്രത്യക്ഷം എങ്ങനെ ഉണ്ടാവും? അപ്പോൾ വെളിയിൽനിന്നും ക്രിയകൾ വരുന്നില്ലല്ലോ. ക്രിയവാഹങ്ങളായ ചലനങ്ങൾ പല സ്ഥാനങ്ങളിലും ചുറ്റിക്കെട്ടികിടക്കുന്നതായായി അറിയപ്പെട്ടിരിക്കുന്നതു പോലെ ജ്ഞാനവാഹചലനങ്ങളും ഏതോ ഒരു ദിക്കിൽ ചുറ്റിക്കെട്ടിക്കിടക്കുന്നുണ്ടു്. ദൃഷ്ടാന്തം പറയാം, ഞാൻ ഒരു നഗരം കാണുന്നു. ആ നഗരത്തിന്റെ പ്രത്യക്ഷം, ആ നഗരമായി പരിണമിച്ച ബാഹ്യവിഷയങ്ങളിൽനിന്നു ആനയിക്കപ്പെട്ട ഇന്ദ്രിയ സാക്ഷാൽക്കാരങ്ങളുടെ പ്രതിക്രിയയിൽനിന്നുണ്ടായതാണു്. അതായതു സാക്ഷാൽ കാരണങ്ങളെ ഉള്ളിലേക്കു കൊണ്ടുവരുന്ന സിരകൾ തലച്ചോറിന്റെ അണുക്കളിൽ ഒരു ചലനത്തെഉണ്ടാക്കുന്നു. ആ സിരകൾ നഗരത്തിലുള്ള ബാഹ്യവിഷയങ്ങളാൽ ചലിപ്പിക്കപ്പെട്ടും ഇരിക്കുന്നു. എന്നാൽ ദീർഘകാലം കഴിഞ്ഞ ശേഷവും ആ നഗരത്തെ എനിക്കു ഓർമ്മിക്കുവാൻ കഴിയുന്നല്ലോ. ഈ ഓർമ്മ ശക്തിയായും ആ വ്യാപാരം തന്നെ ആകുന്നു. കുറേക്കൂടി മന്ദമായി ഇരിക്കുന്നു എന്നേയുള്ളു. ഈ മന്ദതരമായ വ്യാപാരത്തെ ആവിഷ്ക്കരിച്ച തുല്യമായ വിസ്ഫുരണങ്ങളെ തലച്ചോറിൽ ഉണ്ടാക്കിയ ക്രിയ എവിടെ നിന്നുത്ഭവിച്ചു? നിശ്ചയമായും ആദ്യത്തെ ഇന്ദ്രിയ സന്നികർഷങ്ങളിൽ നിന്നല്ല. അതുകൊണ്ടു ഇന്ദ്രിയ സാക്ഷാൽകാരങ്ങൾ ഏതോ ഒരു ദിക്കിൽ ലയിച്ചു കിടക്കുകയും അവയുടെ ക്രിയയിൽനിന്നു സ്വപ്നപ്രത്യക്ഷം എന്നു പറയുന്ന മന്ദതരമായ പ്രതിക്രിയയെ ഉത്ഭവിപ്പിക്കയും ചെയ്യുന്നതായിരിക്കണം. സ്ഥായിയായ ഇന്ദ്രിയ സാക്ഷാത്ക്കാരങ്ങൾ എല്ലാം എവിടെ സംഭരിച്ചു കൂട്ടപ്പെട്ടപോലെ ഇരിക്കുന്നുവോ ആ സ്ഥാനത്തിനു മൂലാധാരമെന്നും ചുറ്റിക്കെട്ടി ലയിച്ചുകിടക്കുന്ന ക്രിയാശക്തിക്കു് (ചുറ്റിക്കെട്ടിക്കിടക്കുന്ന) കുണ്ഡലിനി എന്നും പറയുന്നു. അടങ്ങിയിരിക്കുന്ന ക്രിയാശക്തിയും, ആ സ്ഥാനത്തിൽ തന്നെ സാഭ്യതമായിരിക്കും എന്നുള്ളതു വളരെ സംഭാവ്യമാണു്. എന്തുകൊണ്ടെന്നാൽ വളരെ ബുദ്ധിപതിച്ചിട്ടു വായിക്കുകയോ ബാഹ്യപദാർത്ഥങ്ങളെപ്പറ്റി വളരെനേരം ചിന്തിക്കുകയോ ചെയ്താൽ മൂലാധാരസ്ഥാനം സ്ഥിതി ചെയ്യുന്നതായ ഭാഗത്തുള്ള സിരാഗ്രന്ഥിയിൽ (ആയിരിക്കാം) ചൂടുപിടിക്കുന്നുണ്ടു്. എന്നാൽ ഈ കുണ്ഡലിനി (ചുറ്റിക്കിടക്കുന്ന) ശക്തിയെ ഉൽബോധിപ്പിച്ചു വ്യാപരിക്കുകയും, എന്നിട്ടു ബുദ്ധിപൂർവ്വമായി സുഷുമ്നാപ്രണാളിയിലേക്കു സഞ്ചരിപ്പാൻ അയക്കയും ചെയ്താൽ അതു സ്ഥാനങ്ങൾ തോറും എത്തി വ്യാപരിക്കുമ്പോൾ ഒരു ശക്തിയേറിയ പ്രതിക്രിയ ഉള്ളിൽ സംഭവിക്കും. ക്രിയാശക്തിയുടെ അല്പമായ ഒരംശം ഒരു സിരാതന്തുവിൽകൂടി സഞ്ചരിക്കുകയും അതാതു സ്ഥാനങ്ങളിൽ (ആധാരങ്ങളിൽ) നിന്നു പ്രതിക്രിയയെ ഉത്ഭവിപ്പിക്കയും ചെയ്യുമ്പോൾ ആ പ്രത്യക്ഷം സ്വപ്നമോ അല്ലെങ്കിൽ മനോരാജ്യമോ ആകുന്നു എന്നാൽ ദീർഘകാലത്തെ അദ്ധ്യാത്മധ്യാന ബലത്താൽ സഞ്ചയിക്കപ്പെട്ട ഈ ശക്തിയുടെ മഹത്തായ സംഘാതം സുഷുമ്നാമാർഗ്ഗമായി സഞ്ചരിക്കുകയും, ആ സ്ഥാനങ്ങളെ സമ്മർദ്ദിക്കുകയും ചെയ്യുമ്പോൾ പ്രതിക്രിയ വളരെ ശക്തിയേറിയതാകുന്നു. സ്വപ്നത്തിന്റെയോ മനോരാജ്യത്തിന്റെയോ പ്രതിക്രിയയേക്കാൾ എത്രയോ അധികം ഉൽകൃഷ്ടമായിരിക്കുന്നു. ഇന്ദ്രിയപ്രത്യക്ഷത്തിന്റെ പ്രതിക്രിയയേക്കാൾ എത്രയോ അധികം തീക്ഷ്ണമായും ഇരിക്കുന്നു. അതു അതിന്ദ്രീയ പ്രത്യക്ഷമാകുന്നു. ആ സ്ഥിതിയിൽ ഉള്ള മനസ്സിനു സ്വബോധാതീതം എന്നും പറയുന്നു. അതു് എല്ലാ ഇന്ദ്രിയബോധങ്ങളുടെയും തലസ്ഥാനമായ തലച്ചോറിൽ എത്തുമ്പോൾ തലച്ചോറു മുഴുവൻ പ്രതികരിക്കുന്നതു പോലെ ആകുകയും ശരീരത്തിലുള്ള ജ്ഞാനജനകങ്ങളായ എല്ലാ അണുക്കളും പ്രതികരിക്കുന്നപോലെ ആകുകയും അതിന്റെ ഫലമായ ജ്ഞാനത്തിന്റെ പൂർണ്ണമായ പ്രകാശധോരണി അതായതു ആത്മപ്രത്യക്ഷം ഉണ്ടാകുകയും ചെയ്യുന്നു. ഈ കുണ്ഡലിനീശക്തി സഞ്ചരിച്ചു് ഓരോ സ്ഥാനങ്ങളെ (ആധാരങ്ങളെ) കടന്നുചെല്ലുമ്പോൾ മനസ്സിന്റെ അടുക്കുകൾ ഒന്നിനുശേഷം ഒന്നായി തുറക്കപ്പെട്ടതുപോലെ ആകുകയും യോഗിക്കു ഈ മുഴുവൻ ബ്രഹ്മാണ്ഡവും അതിന്റെ സൂക്ഷ്മമോ സ്ഥൂലമോ ആയ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഈ പ്രപഞ്ചത്തിന്റെ കാരണങ്ങളായ ഇന്ദ്രിയ സാക്ഷാത്ക്കാരം, പ്രതിക്രിയ എന്നീ രണ്ടും അപ്പോൾമാത്രം അവയുടെ പരമാർത്ഥരൂപത്തിൽ അറിയപ്പെടും, അതിൽനിന്നും എല്ലാ ജ്ഞാനവും ഉണ്ടാവുകയും ചെയ്യും. കാരണങ്ങൾ അറിയപ്പെട്ടാൽ കാര്യങ്ങളെപ്പറ്റിയ അറിവു നിശ്ചയമായും അതിനെ പിന്തുടരുന്നതാണല്ലോ.
ഇപ്രകാരം കുണ്ഡലിനിയെ ഉൽബോധിപ്പിക്കുന്നതാണു് ദിവ്യജ്ഞാനത്തേയും തുരീയപ്രത്യക്ഷം അല്ലെങ്കിൽ ആത്മസാക്ഷാൽക്കാരത്തെയും സമ്പാദിക്കുന്നതിനുള്ള ഏകോപായം. ഇതു പല മാർഗ്ഗത്തിൽ സിദ്ധിച്ചെന്നുവരാം. ഈശ്വരഭക്തികൊണ്ടും സിദ്ധന്മാരായ ഋഷികളുടെ കാരുണ്യം കൊണ്ടും തത്വശാസ്ത്രജ്ഞന്മാരുടെ പദാർത്ഥവിവേചനശക്തികൊണ്ടും സിദ്ധിക്കാം. എവിടെയെങ്കിലും അതിമാനുഷമായി പറയപ്പെടുന്ന ശക്തിയുടെയോ വിജ്ഞാനത്തിന്റെയോ ആവിർഭാവം കണ്ടാൽ അതു് സുഷുമ്നാ മാർഗ്ഗത്തിൽ കടന്ന കുണ്ഡലിനീശക്തിയുടെ ചെറിയ പ്രഭാവം അവിടെ ഉണ്ടായി എന്നു ഊഹിച്ചുകൊള്ളാം. അലൗകിക ശക്തികളെ സംബന്ധിച്ചു് സംഗതികളിൽ മുക്കാലും സംഭവിക്കുന്നതു് കുണ്ഡലിനിയുടെ കെട്ടിനെ അല്പം അഴിച്ചുവിടുന്ന ഏതോ അഭ്യാസത്തിന്മേൽ അറിയാതെ വല്ലവരും കാൽതെറ്റി വീഴേണ്ടി വരുമ്പോളാകുന്നു. ബുദ്ധിപൂർവ്വമായോ അബുദ്ധിപൂർവ്വമായോ ഉള്ള എല്ലാ ആരാധനകളും ഈ സ്ഥാനത്തിൽ എത്തിക്കുന്നതാണു്. പ്രാർത്ഥനകൾക്കും ഫലം കിട്ടിവരുന്നു എന്നു വിചാരിക്കുന്ന മനുഷ്യൻ ആ ഫലസിദ്ധികൾ വന്നതു തന്നിൽനിന്നു തന്നെയാണെന്നും പ്രാർത്ഥിക്കുന്ന മനസ്സിന്റെ സ്ഥിതിഭേദത്താൽ തന്നിൽതന്നെ കുണ്ഡലിതയായി കിടക്കുന്ന അവധിയില്ലാത്ത ശക്തിയുടെ ഒരു ലേശം ഉൽബോധിപ്പിക്കാൻ തനിക്കു സാധിച്ചതാണെന്നും അറിയുന്നില്ല. അതുകൊണ്ടു മനുഷ്യൻ ഭയം ഹേതുവായിട്ടും അരിഷ്ടത ഹേതുവായിട്ടും പലേ നാമങ്ങളിൽ ആരെ ആരാധിക്കുന്നുവോ അതെല്ലാം എല്ലാ ജീവികളിലും കുണ്ഡലിതയായി കിടക്കുന്നതും വഴിപോലെ ഉപാസിപ്പാൻ അറിയാമെങ്കിൽ നിത്യസൗഖ്യത്തിന്റെ ജനയിത്രിയും ആയ ആ വാസ്തവശക്തിയെ ആണെന്നു യോഗി ലോകസമക്ഷം പ്രസ്താവിക്കുന്നു. മതത്തിന്റെ ശാസ്ത്രം അതായതു എല്ലാ ആരാധനകളുടെയും, എല്ലാ പ്രാർത്ഥനകളുടെയും പ്രതിമകളുടെയും ഉപചാരചര്യകളുടെയും സിദ്ധികളുടെയും തത്വപ്രതിപാദക പ്രമാണം രാജയോഗം തന്നെ വേണം.