images/rajayogam-cover.jpg
Agni Yoga, an oil on canvas painting by Nicholas Roerich (1874–1947).
പ്രാണനിയമനം

ഇനി നമുക്കു് പ്രാണായാമത്തിലുള്ള അഭ്യാസങ്ങളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. യോഗികളുടെ അഭിപ്രായപ്രകാരം ആദ്യത്തെ പടി ശ്വാസകോശചലനത്തെ നിയമനം ചെയ്കയാണെന്നുള്ളതു് നാം കണ്ടുവല്ലോ. ശരീരത്തിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന സൂക്ഷ്മചലനങ്ങളുടെ അറിവാണു് നമുക്കു ഈ വിഷയത്തിൽ സമ്പാദിക്കേണ്ടതായിരിക്കുന്നതു്. നമ്മുടെ മനസ്സു ബഹിർമ്മുഖമായിപ്പോകയും അതുകൊണ്ടു് ഉള്ളിലത്തെ സൂക്ഷ്മവ്യാപാരങ്ങളുടെ ജ്ഞാനം മറഞ്ഞുപോകയും ചെയ്തു. നമുക്കു് അവയെ അറിയുവാൻ സാധിച്ചാൽ നിയമനം ചെയ്യുവാനും സാധിക്കും. സിരാചലനങ്ങൾ ശരീരം മുഴുവൻ വ്യാപിച്ചുകൊണ്ടു സഞ്ചരിക്കുകയും ഓരോ മാംസപേശിയിലും ജീവചൈതന്യം നൽകുകയും ചെയ്യുന്നു. എന്നാൽ നാം അവയെ അറിയുന്നില്ല. അവയെ അറിവാൻ നമുക്കു് ശീലിക്കാമെന്നു യോഗി പറയുന്നു. എങ്ങനെ? ശ്വാസകോശചലനത്തിൽനിന്നു് തുടങ്ങി പ്രാണന്റെ ഈ ചലനങ്ങളെ എല്ലാം ക്രമേണ നിമയനം ചെയ്തു പഴകുന്നതുകൊണ്ടു്. അങ്ങനെ നാം വേണ്ടിടത്തോളംകാലം ചെയ്തുകഴിഞ്ഞാൽ ആ സൂക്ഷ്മചലനങ്ങളെയും നിയമനം ചെയ്യുന്നതിനു നാം ശക്തരായിത്തീരുന്നതാണു്.

ഇനി പ്രാണായാമത്തിന്റെ അഭ്യാസക്രമങ്ങളെപ്പറ്റി പറയാം. നിവർന്നിരിക്കുക. ശരീരം ഋജുവാക്കി വച്ചുകൊള്ളുക. തണ്ടെല്ലിലെ സിരാപാശം അതിന്റെ ഘടകാസ്ഥിപാക്തികളുടെ ഉള്ളിൽ ഇരിക്കുകയാണെങ്കിലും അതിനോടു ചേർന്നിരിക്കുകയല്ല. നിങ്ങൾ കുനിഞ്ഞിരുന്നാൽ ആ സിരാപാശത്തിനുപ്രദവം തട്ടും, അതു കൊണ്ടു അതിനെ നിർബാധമായി വച്ചുകൊള്ളുക, കുനിഞ്ഞിരുന്നു ധ്യാനിപ്പാൻ ശ്രമിക്കുമ്പോളൊക്കെ നിങ്ങൾ നിങ്ങളെത്തന്നെ ഉപദ്രവിക്കുകയാകുന്നു. ശരീരത്തിൽ ഹൃദയം, കണ്ഠം, ശിരസ്സു് ഈ മൂന്നു ഭാഗങ്ങളെയും എപ്പോഴും ഒരേ നിരപ്പിൽ ഋജുവാക്കി വച്ചുകൊള്ളണം. അല്പം പരിചയിച്ചാൽ ഇതു നിങ്ങൾക്കു ശ്വാസോച്ഛ ്വാസം ചെയ്യുന്നപോലെ സ്വാധീനമായി വരുന്നതാണു്. രണ്ടാമത്തെ സംഗതി സിരകളെ സ്വാധീനമാക്കുകയാകുന്നു. ശ്വാസകോശാവയവങ്ങളെ നിയമനം ചെയ്യുന്ന സിരാസ്ഥാനങ്ങൾക്കു മറ്റുള്ള സിരകളുടെ മേലും ഒരുവിധം നിയമകശക്തിയുണ്ടെന്നു നാം കണ്ടുവല്ലോ. അതുകൊണ്ടു ശ്വാസോച്ഛാസങ്ങളുടെ സമീകരണം ആവശ്യമായിരിക്കുന്നു. നാം സാധാരണ ചെയ്തു വരുന്ന ശ്വാസോച്ഛ ്വാസത്തെ ശ്വാസോച്ഛ ്വാസമെന്നു പറവാൻ തന്നെ പാടില്ലാത്തതാണു്. അതു തീരെ വ്യവസ്ഥയില്ലാത്തതാണു്. കൂടാതെ സ്ത്രീകളുടെയും പുരിഷന്മാരെയുടെയും ശ്വാസോച്ഛ ്വാസങ്ങൾക്കു തമ്മിൽ സ്വാഭാവികമായി ചില വ്യത്യാസങ്ങളുമുണ്ടു്.

ആദ്യത്തെ പാഠം മാത്രകൾ അനുസരിച്ചു് ഒരു രീതിയിൽ ശ്വസിക്കുകയും ഉച്ഛ ്വസിക്കുകയും ചെയ്യുകയാകുന്നു. അതു ശരീരബന്ധത്തെ മുഴുവൻ അനുലോമിപ്പിക്കുന്നതാണു്. അതിനെ സ്വല്പകാലം പരിശീലിച്ചുശേഷം അതോടുചേർത്തു ഒരു ശബ്ദത്തെ ഉരുവിട്ടു കൊണ്ടാൽ നന്നു്. ഓം എന്നോ വേറെ ഏതെങ്കിലും മന്ത്രമോ ആയാൽമതി. ആ ശബ്ദം ശ്വാസത്തോടുകൂടി ഉള്ളിലേക്കും വെളിയിലേയ്ക്കും സമമായും അനുലോമമായും പ്രവഹിക്കട്ടെ. അപ്പോൾ ശരീരം മുഴുവൻ ഒരു സമസ്ഥിതിയെ പ്രാപിക്കുന്നതായി നിങ്ങൾ കാണും. വിശ്രമം എന്നാൽ എന്താണെന്നു അപ്പോൾ നിങ്ങൾക്കു മനസ്സിലാകും. അതോടു താരതമ്യപ്പെടുത്തിയാൽ ഉറക്കം വിശ്രമമല്ല. ഈ വിശ്രമത്തെ ഒരിക്കൽ അനുഭവിച്ചാൽ ഏറ്റവും പരിശ്രാന്തമായ സിരകൾക്കുപോലും ആശ്വാസമുണ്ടാകയും അതിന്നുമുമ്പൊരിക്കലും നിങ്ങൾ വാസ്തവത്തിൽ വിശ്രമിച്ചിട്ടില്ലെന്നു തോന്നുകയും ചെയ്യും. ഒന്നു്, രണ്ടു്, മൂന്നു്, നാൽ എന്ന ശബ്ദത്തിനുപകരം ഇന്ത്യയിൽ ഞങ്ങൾ ചില അർത്ഥവത്തുക്കളായ ശബ്ദങ്ങളെ ഉപയോഗിക്കുന്നു. അതുകൊണ്ടാണു് പ്രാണായാമത്തോടു ചേർത്തു ഓം എന്നോ മറ്റോ ഉള്ള മന്ത്രാക്ഷരങ്ങളെ ഉരുവിട്ടുകൊള്ളുവാൻ ഞാൻ നിങ്ങളോടുപദേശിക്കുന്നതു്.

ഈ അഭ്യാസത്തിന്റെ ആദ്യത്തെ ഫലം മുഖത്തു മാറ്റമുണ്ടാക്കുക എന്നുള്ളതാണു്. പരുഷമായ ചുളികൾ മാഞ്ഞു പോകും. ഈ ശാന്തമായ വികാരത്തോടുകൂടി മുഖത്തിൽ ശാന്തത പ്രത്യക്ഷമാകും. പിന്നെ സ്വരം മധുരമായിത്തീരും. പരുഷസ്വരമുള്ള ഒരു യോഗിയെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഏതാനും മാസങ്ങളിലെ അഭ്യാസം കൊണ്ടു ഈ ലക്ഷണങ്ങൾ ഉണ്ടാകും. ആ ആദ്യത്തെ ശ്വാസാഭ്യാസം ഏതാനും ദിവസങ്ങൾ അഭ്യാസിച്ച ശേഷം ഇതിനേക്കാൾ ഉൽകൃഷ്ടതരമായ ഒന്നിനെ ആരംഭിക്കണം. ശ്വാസത്തെ കൊണ്ടു് ഇഡയിൽ അതായതു് ഇടത്തെ മൂക്കിന്റെ ദ്വാരത്തിൽക്കൂടി ശ്വാസകോശത്തെ മന്ദമായി പൂരിപ്പിക്കുയും, അതോടൊന്നിച്ചു തന്നെ മനസ്സിനെ സിരാചലനധാരയിന്മേൽ ഏകാഗ്രപ്പെടുത്തുകയും ചെയ്യണം. നിങ്ങൾ അപ്പോൾ സിരാചലനധാരയെ തണ്ടെല്ലിന്റെ അടിയിലേക്കു നയിക്കുകയും കുണ്ഡലിനിയുടെ ഇരിപ്പിടവും ആകൃതിയിൽ ത്രികോണവുമായ മൂലധാരപത്മത്തെ താഡിക്കുകയും ചെയ്യുമാറാകുന്നു. എന്നിട്ടും ആ ചലനധാരയെ കുറെ നേരത്തേക്കു അവിടത്തന്നെ നിർത്തിക്കൊള്ളണം. പിന്നെ മറ്റെ വശത്തുകൂടെ ആ ചലനധാരയെ ആകർഷിക്കുന്നു എന്നു സങ്കൽപിക്കയും എന്നിട്ടു അതിനെ വലത്തേമൂക്കിന്റെ ദ്വാരത്തിൽകൂടി പുറത്തേക്കുകളയുകയും ചെയ്യുവിൻ. ഇതിനെ ശീലിപ്പാൻ സ്വല്പം പ്രയാസമുള്ളതായി തോന്നാം. ഏറ്റവും എളുപ്പമായ സംവിധാനം ഇതാണു്. വലത്തേ മൂക്കിന്റെ ദ്വാരത്തെ പെരുവിരൽ കൊണ്ടടച്ചിട്ട് ഇടത്തെ ദ്വാരത്തിൽക്കൂടി ശ്വാസത്തെ വലിക്കുക. എന്നിട്ടു രണ്ടു ദ്വാരവും പെരുവിരലും ചൂണ്ടുവിരലും കൊണ്ടടച്ചിട്ട് ആ ചലനധാരയെ താഴേത്തേക്കു നയിക്കുകയും സുഷുമ്നയുടെ അറ്റത്തെ താഡിക്കുകയാണെന്നു സങ്കൽപിക്കുകയും ചെയ്യുക. പിന്നെ തള്ളവിരൽ എടുത്തിട്ടു വലത്തെ ദ്വാരത്തിൽക്കൂടി ശ്വാസത്തെ പുറത്തേക്കു വിട്ടുകളയുക, ഉടനേ മറ്റേ ദ്വാരത്തെ വിരൽകൊണ്ടു് അടച്ചു് ആ ദ്വാരത്തിൽകൂടി ശ്വാസത്തെ മന്ദമായി അകത്തേക്കു വലിച്ചു മുമ്പിലത്തേപ്പോലെ രണ്ടു ദ്വാരങ്ങളും അടയ്ക്കണം. ഹിന്ദുക്കൾ ഇതിനെ അഭ്യാസിക്കുന്ന ക്രമം ഈ രാജ്യത്തിൽ (അമേരിക്കയിൽ) വളരെ കഷ്ടമായിത്തോന്നും. എന്തുകൊണ്ടെന്നാൽ അവർ ഇതിനെ തങ്ങളുടെ ശൈശവം മുതൽ പരിചയിക്കുന്നു. അവരുടെ ശ്വാസകോശം ഇതിനു സന്നദ്ധമായിരിക്കുന്നു. ഇവിടെ നാലുമാത്രകൾ (സെക്കണ്ടുകൾ) കൊണ്ടു തുടങ്ങി ക്രമേണ വർദ്ധിപ്പിക്കുന്നതു് ഉത്തമമായിരിക്കും. നാലുമാത്രകൾ കൊണ്ടു ശ്വാസത്തെ വലിക്കുകയും പതിനാലുമാത്രകൾ ഉള്ളിൽനിർത്തുകയും എന്നിട്ടു എട്ടു മാത്രകൾകൊണ്ടു പുറത്തേക്കു വിടുകയും ചെയ്യുവിൻ. ഇതു ഒരു പ്രാണയാമമായി. അതോടുകൂടിത്തന്നെ ആ ത്രികോണസ്ഥാനത്തെ വിചാരിക്കുകയും, ആ സ്ഥാനത്തിൽ മനസ്സിലെ ഏകാഗ്രീകരിക്കയും ചെയ്യുവിൻ. ഈ സങ്കല്പം വളരെ ഉപയുക്തമായിരിക്കുന്നതാണു്. അടുത്ത ശ്വാസാഭ്യാസം, മന്ദമായി ശ്വാസത്തെ ഉള്ളിലേക്കു വലിച്ചു, ഉടനേ തന്നെ മന്ദമായി പുറത്തേക്കുവിട്ട ശ്വാസത്തെ വെളിയിൽ തടഞ്ഞുനിർത്തിക്കൊള്ളുകയാകുന്നു. മാത്രകൾ എല്ലാം മുമ്പിലത്തേതുതന്നെ, ഒരു വ്യത്യാസമേയുള്ളൂ. എന്തെന്നാൽ മുമ്പിലത്തേ സമ്പ്രദായത്തിൽ ശ്വാസത്തെ ഉള്ളിൽ തടഞ്ഞു നിർത്തിയിരുന്നു. ഇപ്പോഴത്തേതിൽ വെളിയിൽ തടഞ്ഞു നിർത്തുന്നു. ഒടുവിൽ പറഞ്ഞതാണു് ഏറ്റവും എളുപ്പമുള്ളതായിട്ടുള്ളതു്. ശ്വാസകോശത്തിന്റെ ശ്വാസനത്തെ തടഞ്ഞുനിർത്തുന്ന പ്രാണായാമം ക്രമത്തിലധികമായി ശീലിപ്പാൻ പാടില്ല. അതിനെ കാലത്തു് നാലാവർത്തിയും വൈകുന്നേരം നാലാവർത്തിയും മാത്രം ശീലിക്കുക. എന്നിട്ടു, ക്രമേണ മാത്രയേയും ആവർത്തിയേയും വർദ്ധിപ്പിക്കാം. അപ്പോൾ നിങ്ങൾക്കു് അങ്ങനെ ചെയ്യുവാൻ ശക്തിയുണ്ടെന്നും, നിങ്ങൾക്കതിൽ സന്തോഷമുണ്ടെന്നും നിങ്ങൾ കാണുന്നതായിരിക്കും. അതുകൊണ്ടു വളരെ സാവധാനമായും സൂക്ഷ്മമായും സൂക്ഷിച്ചിട്ടു, നിങ്ങൾക്കു ശക്തിയുണ്ടെന്നു കാണുമ്പോൾ നാലിനുപകരം ആറുമാത്രയായി വർദ്ധിപ്പിച്ചുകൊള്ളാം. ക്രമം തെറ്റി അഭ്യസിച്ചാൽ അതു ഉപദ്രവത്തെ ഉണ്ടാക്കി എന്നും വന്നേക്കാം. നാഡിശോധനം, അന്തഃകുംഭകം (ശ്വാസത്തെ ഉള്ളിൽ തടുത്തുവയ്ക്കുക) ബാഹ്യകുംഭകം (ശ്വാസത്തെ പുറത്തു തടുത്തു നിർത്തുക) ഈ മൂന്നു അഭ്യാസങ്ങളിൽ ആദ്യത്തേതും ഒടുവിലത്തേതും പ്രയാസമുള്ളതോ ആപൽക്കരമോ ആയിരിക്കുന്നില്ല. ആദ്യത്തേതു നിങ്ങൾ എത്രയധികം അഭ്യസിക്കുന്നുവോ അത്രയധികം നിങ്ങൾക്കു് ശാന്തതയുണ്ടാകും. ഓം എന്നു ധ്യാനിച്ചു കൊണ്ടു പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുമ്പോൾകൂടി നിങ്ങൾക്കു് അതിനെ ശീലിക്കാം. അതുകൊണ്ടു ഗുണമുള്ളതായി നിങ്ങൾ കാണും. തീവ്രമായി അഭ്യസിക്കുകയാണെങ്കിൽ ഒരു ദിവസം കുണ്ഡലിനിയുടെ ഉത്ബോധമുണ്ടാകും. ദിവസം ഒരിക്കലോ രണ്ടുപ്രാവശ്യമോ അഭ്യസിച്ചുകൊണ്ടിരിക്കുന്നവർക്കു് ശരീരത്തിനും മനസ്സിനും സ്വല്പമായ സ്വാസ്ഥ്യവും ശാന്തതയും സ്വരമാധുര്യവുമുണ്ടാകും. അതിനേക്കാൾ അധികം അഭ്യസിക്കുന്നവർക്കു മാത്രമേ കുണ്ഡലിനിയുടെ ഉൽബോധനമുണ്ടാവു. അപ്പോൾ മുഴുവൻ ലോകത്തിലും മാറ്റം സംഭവിക്കയും സകല തത്വങ്ങളും വെളിപ്പെടുകയും ചെയ്യും. അതിനുശേഷം ജ്ഞാനസമ്പാദനത്തിനായി നിങ്ങൾ പുസ്തകമന്വേഷിച്ചു പോകേണ്ട ആവശ്യകതയില്ല. അപരിമേയജ്ഞാനത്തിന്നിരിപ്പടമായ നിങ്ങളുടെ സ്വന്തം മനസ്സുതന്നെ നിങ്ങളുടെ പുസ്തകമായിത്തീരും. തണ്ടെല്ലിന്റെ ഇരുപാശങ്ങളിലായി പ്രവഹിക്കുന്ന ഇഡ, പിംഗല ഈ ചലന ധാരകളെയും, സിരാപാശത്തിന്റെ മധ്യത്തിലൂടെയുള്ള പ്രണാളികയായ സുഷുമ്നയെയും പറ്റി ഇതിനു മുമ്പുതന്നെ പറഞ്ഞിട്ടുല്ലോ. ഇതു മൂന്നും എല്ലാ ജന്തുക്കൾക്കുമുണ്ടു്. തണ്ടെല്ല് ഏതിനെല്ലാമുണ്ടോ അതിന്നൊക്കെയും ക്രിയാർത്ഥമായുള്ള ഈ മൂന്നു പാന്ഥാക്കളുമുണ്ടു്. സാധാരണ മനുഷ്യർക്കു സുഷുമ്ന അടഞ്ഞിരിക്കുകയാണെന്നും അതിന്റെ വ്യാപാരം പ്രത്യക്ഷമല്ലെന്നും എന്നാൽ മറ്റേ രണ്ടിലും ശക്തികളെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും വ്യാപിപ്പിക്കുന്നതായ ക്രിയ നടന്നുകൊണ്ടിരിക്കുന്നതു പ്രത്യക്ഷമാണെന്നും യോഗി പറയുന്നു.

യോഗിക്കുമാത്രമേ സുഷുമ്ന തുറന്നിരിക്കുന്നുള്ളു. സുഷുമ്നാമാർഗ്ഗം തുറക്കുകയും വിചാരം അതുവഴി ഉന്നമിക്കയും ചെയ്യുമ്പോൾ നാം ഇന്ദ്രിയങ്ങളെ അതിക്രമിക്കയും, നമ്മുടെ മനസ്സു ഇന്ദ്രിയാതീതമായും, ബോധാതീതമായും തീരുകയും നാം ബുദ്ധിയെയും ഊഹം എത്താത്ത ദിക്കിനേയുംകൂടി അതിക്രമിച്ചു ചെല്ലുകയും ചെയ്യുന്നു. ആ സുഷുമ്നയെ തുറക്കുക എന്നതാണു് യോഗിയുടെ മുഖ്യോദ്ദേശ്യം. യോഗിയുടെ മതപ്രകാരം ഈ സുഷുമ്നാമാർഗ്ഗത്തിലാണു് ശക്തിവിഭാഗസ്ഥാനങ്ങൾ അല്ലങ്കിൽ കുറേക്കൂടി രൂപകഭാഷയിൽ പറഞ്ഞാൽ ആധാരപത്മങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതു്. ഏറ്റവും അടിയിലത്തേതു് തണ്ടെല്ലിലെ സിരാപാശത്തിന്റെ താഴത്തെ അറ്റത്താണു്. അതിനു മൂലാധാരം എന്നു പറയുന്നു. അടുത്തതിനു് സ്വാധിഷ്ഠാനം എന്നു പറയുന്നു. അതിന്നടുത്തതു മണിപൂരവും അതിന്നടുത്തതു അനാഹതവും അതിന്നടുത്തതു് വിശുദ്ധിയും അതിന്നടുത്തതു് ആജ്ഞയും ഒടുവിലത്തേതു തലച്ചോറിലുള്ള സഹസ്രാരം അല്ലെങ്കിൽ ആയിരം ഇതളുള്ള പത്മവുമാകുന്നു. ഇവയിൽ നമുക്കു് ഇപ്പോൾ അറിയേണ്ടതു് അടിയിലുള്ള മൂലാധരവും മുകളിലത്തേ സഹ്രസാരവുമാകുന്നു ഈ രണ്ടു സ്ഥാനങ്ങളെ മാത്രമാണു്. അടിയിലത്തേ സ്ഥാനത്തിലാണു് എല്ലാ ശക്തികളും സംഭരിക്കപ്പെട്ടിരിക്കുന്നതു്. ആ ശക്തികളെ അവിടെനിന്നും ഉദ്ധരിച്ചു ഒടുവിലത്തെ ആധാരമായ തലച്ചോറിലേക്കു കൊണ്ടുവരേണ്ടതാണു്. മനുഷ്യശരീരത്തിൽ അടങ്ങിയ എല്ലാ ശക്തികളിലുംവച്ചു ഏറ്റവും ഉൽകൃഷ്ടമായ ഓജസു് എന്ന ഒന്നാണെന്നു യോഗിപറയുന്നു. ഓജസു് തലച്ചോറിലാണു് സംഭരിക്കപ്പെട്ടിരിക്കുന്നതു്. ഒരു മനുഷ്യന്റെ തലയിൽ എത്രയധികം ഓജസ്സുണ്ടോ അവൻ അത്രയധികം ശക്തിയും അത്രയധികം ബുദ്ധിയും അത്രയധികം മതവിഷയത്തിൽ ദാർഢ്യവും ഉള്ളവനായിരിക്കുന്നു. അതാണു് ഓജസ്സിന്റെ പ്രവൃത്തി. ഒരുത്തൻ രമണീയമായ ഭാഷയിലും രമണീയമായ അർത്ഥങ്ങളോടുംകൂടി പ്രസംഗിക്കാം. എന്നാൽ അതു ജനങ്ങളിൽ പ്രതിഫലിക്കുന്നില്ല. മറ്റൊരുത്തൻ രമണീയമായ ഭാഷയിലാകട്ടെ രമണീയമായ അർത്ഥത്തിലാകട്ടെ അല്ല പ്രസംഗം ചെയ്യുന്നതു് എങ്കിലും അവന്റെ വാക്കുകൾ ജനങ്ങളെ ആകർഷിക്കുന്നു. അതു വെളിയിലേക്കു പുറപ്പെടുന്ന ഓജസ്സിന്റെ ശക്തിയാണു്. അങ്ങനെയുള്ളവനിൽനിന്നുണ്ടാകുന്ന ഏതു പ്രവൃത്തിയും ശക്തിമത്തായിരിക്കും.

എല്ലാ മനുഷ്യരിലും ഏറക്കുറേ ഈ ഓജസു് സംഭരിക്കപ്പെട്ടിരിക്കുന്നുണ്ടു്. ശരീരത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന എല്ലാ ശക്തികളും അതിന്റെ ഉയർന്നതരമായ രൂപത്തിൽ ഓജസ്സായി പരിണമിക്കുന്നു. ഇതെല്ലാം കേവലം ഒരു രൂപാന്തരിഭാവം മാത്രമാണെന്നുള്ള സംഗതി നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കുമല്ലോ, വിദ്യുച്ഛക്തിയായോ അയസ്കാന്തശക്തിയായോ വെളിയിൽ കാണുന്ന അതേ ശക്തികൾതന്നെ അകത്തുള്ള ശരീരശക്തികളായി മാറും. മാംസികശക്തികളായി വ്യാപരിക്കുന്ന അതേ ശക്തികൾ തന്നെ ഓജസ്സായിട്ടും മാറും. സ്ത്രീപുരുഷസംയോഗങ്ങളിലും തത്സംബന്ധമായ വിചാരം മുതലായലതിലും വെളിപ്പെട്ടു കാണുന്ന മനുഷ്യശക്തിയുടെ ആ ഭാഗത്തെ തടുക്കയും നിയമിക്കയും ചെയ്താൽ അതു എളുപ്പത്തിൽ ഓജസ്സായി പരിണമിക്കുമെന്നു യോഗി പറയുന്നു. അടിയിലുള്ള ആധാരം ഈ വ്യാപാരങ്ങളെ പ്രവർത്തിപ്പിക്കുന്ന ഒന്നാണു്. അതുകൊണ്ടു ആ സ്ഥാനത്തെപ്പറ്റി യോഗി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. ഈ എല്ലാ മൈഥുനികശക്തിയേയും ഉദ്ധരിച്ചു ഓജസ്സാക്കാൻ യോഗി ശ്രമിക്കുന്നു. ചാരിത്രനിഷ്ഠയുള്ള പുരുഷനോ സ്ത്രീക്കോ മാത്രമേ ഈ ഓജസ്സിനെ ഉദ്ധരിച്ചു തലച്ചോറിൽ സംഭരിക്കാൻ കഴിയൂ. അതുകൊണ്ടാണു് ചാരിത്രനിഷ്ഠ അത്യുത്തമമായ സദാചാരമായ ഗണിക്കപ്പെടുന്നതു്. മനുഷ്യൻ ബ്രഹ്മചര്യം തെറ്റിയാൽ തനിക്കു വ്രതഭംഗം വന്നു എന്നു വിചാരിക്കുന്നു. അവനു തന്റെ മാനസികമായ ബലത്തിനും സദാചാരസംബന്ധമായ ദൃഢനിഷ്ഠകൾക്കും ശൈഥില്യമുണ്ടാആകുന്നു. അതുകൊണ്ടാണു് ലോകത്തിൽ ദൈവിക മഹാപുരുഷന്മാരുടെ അവതാരത്തിൽ വിശ്വാസമുള്ള എല്ലാ മതങ്ങളിലും തീവ്രമായ ബ്രഹ്മചര്യവ്രതം നിർബ്ബന്ധമാക്കപ്പെട്ടിരിക്കുന്നതായി കാണുന്നതു്. അതുകൊണ്ടാണു് വിവാഹം ചെയ്യാത്ത സന്യാസിമാർ ലോകത്തുണ്ടായതു്. വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും പൂർത്തിയായ ചാരിത്രനിഷ്ഠ ഉണ്ടായിരിക്കണം. അതു കൂടാതെ രാജയോഗാഭ്യാസം ആപൽക്കരവും ഉന്മാദത്തെ ഉണ്ടാക്കാവുന്നതും ആകുന്നു. ജനങ്ങൾ രാജയോഗം അഭ്യസിക്കയും എന്നാൽ അശുദ്ധമായ ജീവിതം നയിക്കയും ചെയ്താൽ എങ്ങനെ അവർക്കു യോഗികളാവാൻ കഴിയും.

Colophon

Title: Rājayōgam (ml: രാജയോഗം).

Author(s): Swami Vivekanandan.

First publication details: ; Trivandrum, Kerala; 1914.

Deafult language: ml, Malayalam.

Keywords: Novel, Swami Vivekanandan, Rajayogam, trans: Kumaran Asan, സ്വാമി വിവേകാനന്ദൻ (വിവ: കുമാരൻ ആശാൻ), രാജയോഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 21, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Agni Yoga, an oil on canvas painting by Nicholas Roerich (1874–1947). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: River Valley; Proofing: KB Sujith; Typesetter: Sayahna Foundation; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.