‘മനസ്സിനു് വല്ലാത്ത ഭാരം… ചെറിയച്ഛനെയൊന്നു് കാണണം.’ ഉച്ചവെയിൽ കത്തിനിൽക്കുന്ന കൊയ്ത്തു് കഴിഞ്ഞ പാടത്തുകൂടി രഘു നടന്നു.
വയലിന്റെ ആകാശത്തു് നിറം മങ്ങിയ ചെങ്കൊടി പാറിക്കളിച്ചു. കുറച്ചു് മാറി കമ്മാണ്ടിപ്പുഴ വളഞ്ഞുപുളഞ്ഞൊഴുകുന്നു. നീണ്ടുകിടക്കുന്ന പാടത്തിനവസാനം വിശാലമായ തെങ്ങിൻതോപ്പു്. അതിനപ്പുറം ചെങ്കുത്തനെയുള്ള കുന്നു്. അതിനെ നെടുകെക്കീറിക്കൊണ്ടു് കറുത്ത രേഖ കണക്കെ കുന്നിൻമുനമ്പിലേക്കു് വീതി കുറഞ്ഞ ഇടവഴി.
രഘു ഇടവഴി കയറിത്തുടങ്ങി.
കയറ്റം പകുതിയായപ്പോൾ ഒന്നു നിന്നു് കിതപ്പകറ്റി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ വടിച്ചു കുടഞ്ഞു. വഴിക്കിരുവശങ്ങളിലുമായി ഇടതൂർന്നു നിൽക്കുന്ന കശുമാവുകളുടെ തണലും തണുപ്പും ആശ്വാസമേകി.
‘കുന്നിന്റെ ഏറ്റവും മുകളിലായാണു് ചെറിയച്ഛന്റെ വീടു്.—‘മുല്ലക്കശ്ശേരി’ തറവാടു്.—തന്റെ അച്ഛന്റെ സഹോദരങ്ങളിലെ അവസാനകണ്ണി. ഒരു കാലത്തു് നാട്ടിലെ പേരുകേട്ട വിപ്ലവകാരി. പ്രദേശവാസികളുടെ ഏതു് പ്രശ്നങ്ങൾക്കും മുന്നിലുണ്ടാവുമായിരുന്നയാൾ. മണലൂറ്റു്, പാടം നികത്തൽ, മലയിടിച്ചു് പാറപൊട്ടിക്കൽ, ഓട്ടുകമ്പനിയിലെയും കർഷകതൊഴിലാളികളുടെയും പ്രശ്നങ്ങൾ… അങ്ങനെ എല്ലാത്തിനും. പ്രായം പത്തറുപത്തഞ്ചു് കഴിഞ്ഞു. ഇന്നും ആരോഗ്യദൃഢഗാത്രൻ. ഭാര്യ സുമതിച്ചെറിയമ്മയും കുറെ നാൽക്കാലികളും കൃഷിയുമൊക്കെയായി മറ്റു ‘സാമൂഹ്യ ഉത്തരവിദിത്തങ്ങളിൽ’ നിന്നൊക്കെ മാറിയൊതുങ്ങി ജീവിച്ചു പോവുകയാണിപ്പോൾ. മക്കളായിട്ടാരുമില്ല.
തന്റെ ഹൃദയഭാരങ്ങൾ ഇറക്കി വെക്കുന്നതു് എവിടെയെങ്കിലുമുണ്ടെങ്കിൽ അതിവിടെ മാത്രമാണു്. അദ്ദേഹത്തോടു് കുറച്ചു് നേരം സംസാരിച്ചാൽ ഒരാശ്വസം ലഭിക്കും. ബാംഗ്ലൂരിൽ നിന്നു് വരുന്നതിനു് മുമ്പുതന്നെ കരുതിയതാണതു്.’ ഒരോന്നോർത്തു കൊണ്ടു് രഘു കുന്നു് കയറി.
ഒരു കാലത്തു് പടർന്നുപന്തലിച്ചു കിടന്നിരുന്ന മുല്ലക്കശ്ശേരി തറവാട്ടിൽ ഇന്നവശേഷിക്കുന്നതു് രഘുവിന്റെയും ചെറിയച്ഛൻ രാഘവന്റെയും വീടും വീട്ടുകാരും മാത്രമാണു്. ബാക്കിയുള്ളവരിൽ കുറെയൊക്കെ മൺമറഞ്ഞു. മറ്റുള്ളവർ ഓഹരിയായി കിട്ടിയ ഈ കുഗ്രാമത്തിലെ പാടവും പറമ്പുമെല്ലാം വിറ്റൊഴിവാക്കി നഗരപ്രദേശങ്ങളിലേക്കു് ചേക്കേറി.
കുന്നിൻമുകളിലെ ഓടിട്ട വീടിന്റെ മുറ്റം; തൊഴുത്തിലെ പശു അമറി, മുറ്റത്തും തൊടിയിലും കോഴികൾ ചിക്കിപ്പെറുക്കുന്നു. മേൽക്കൂരയിൽ ഇണകളായ മലയണ്ണാനുകൾ കുസൃതി കൂട്ടുന്നു.
രഘു ചുറ്റുമൊന്നു് കണ്ണോടിച്ചു; മനുഷ്യജീവിയായി ആരെയും കാണുന്നില്ല.
കോലായിലെ നൂറടർന്ന ചുമരിൽ മാർക്സും ലെനിനും പൊടിപിടിച്ചു് നിന്നു. താഴെ മാറി പുഞ്ചിരിച്ചുകൊണ്ടു് കാമധേനുവിൽചാരി കാർവർണ്ണൻ ഓടക്കുഴലൂതുന്നു, ചെറിയൊരു നിലവിളക്കു് വെച്ച പലകയ്ക്കു് മുകളിൽ.
ഉച്ചവെയിലിലെ നടത്തം രഘുവിനെ നന്നേ ക്ഷീണിതനാക്കി. കാവിയിട്ടു് മിനുക്കിയ പുറംതിണ്ണയിലെ തണുപ്പിലിരുന്നു് അവൻ ക്ഷീണമകറ്റി. നന്നാറിയുടെയും പറങ്കിമാങ്ങയുടെയും ചാണകത്തിന്റെയും മിശ്രിതഗന്ധമുള്ള ഉഷ്ണക്കാറ്റു് അവിടെയാകെ വീശിയടിച്ചു. അവൻ കണ്ണുകളടച്ചു് തിണ്ണയോടു് ചേർന്ന ചുമരിൽ ചാരി.
“ഇതാരാ രഘുവോ…! വന്നിട്ടു് കൊറെ നേരായോ…?” പശുവിനുള്ള പുല്ലുകെട്ടുമായി വന്ന സുമതിയുടെ ശബ്ദം രഘുവിനെ മയക്കത്തിൽ നിന്നുണർത്തി.
“ദാ… ഇപ്പം വന്നിട്ടേയൊള്ളു ചെറിയമ്മേ…”
“മോനെന്നാ ബാംഗ്ലൂരീന്ന് വന്നത്?”
“രണ്ട്മൂന്ന് ദിവസായി…, ചെറിയച്ഛനെവിടെ…?”
“സൊസൈറ്റീ പോയതാ… അമ്മയ്ക്കെങ്ങന്ണ്ട് മോനേ… ?”
“ഇപ്പം കൊഴപ്പമൊന്നൂല്ല.”
“ഞാനമ്മയെ വന്നൊന്നു് കാണാനിരുന്നതാ… അപ്പഴേക്കും പശൂനൊരു ഏനക്കേട്, ഒന്നും തിന്നുന്നില്ല. പിന്നെ നിന്റെ ചെറിയച്ഛൻ പറഞ്ഞു സൊസൈറ്റിക്ക് പോവുന്ന വഴി കയറി നോക്കാമെന്ന്… ഇതുങ്ങളെ വിട്ട് എങ്ങോട്ടും പോവാൻ പറ്റാത്ത അവസ്ഥയാ,”
അവർ ഒന്നു് നെടുവീർപ്പിട്ടു് പറഞ്ഞു:
“ചെലപ്പത്തോന്നും എല്ലാം കൂടി പെറുക്കി വിറ്റാലോന്ന്. പിന്നെ… ഇവരും ഇല്ലെങ്കി ഇവിടാരാ…”
സുമതിക്കു് പ്രായം അമ്പതു കഴിഞ്ഞിട്ടുണ്ടാവും. ഇരുനിറമുള്ള, അമിതമായ ചതയൊട്ടുമില്ലാത്ത ഒത്ത ശരീരം, യുവത്വങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ വിശ്രമമില്ലാത്ത ജോലി കാരണമാവാം. തികഞ്ഞ ഈശ്വരഭക്തയാണെന്നൊന്നും പറയാനാവില്ലെങ്കിലും അവിശ്വാസിയല്ല. ക്ഷേത്രങ്ങളിലേക്കൊക്കെ അത്യപൂർവ്വമായേ പോവാറൊള്ളു. വീട്ടിൽ വിളക്കു് വെപ്പും പ്രാർത്ഥനയുമൊക്കെയുണ്ടു്. രാഘവനെപ്പോലെയല്ല, എല്ലാവരോടും ഒരു ഇട വിട്ടേ പെരുമാറു. രഘുവിനോടു് പോലും.
അവർ വിശേഷങ്ങൾ പലതും ചോദിച്ചു. ചിലതിനെല്ലാം രഘു മറുപടി കൊടുത്തു.
ചെറിയമ്മ കൊടുത്ത സംഭാരം മൊന്തയോടെ കുടിച്ചുതീർത്തു് അവൻ വീണ്ടും ചുമരിലേക്കു് ചാരി കണ്ണുകളടച്ചു. അകത്തേക്കു് കയറിക്കിടക്കാൻ പറഞ്ഞെങ്കിലും, ‘ഇവിടെ നല്ല തണുപ്പുണ്ടെ’ന്നു് പറഞ്ഞു് രഘു അതു് നിരസിച്ചു.
തൊഴുത്തിലേക്കു് കയറുന്നതിനു് മുമ്പു് എന്തോ ഓർത്തു കൊണ്ടു് കുറച്ചു് മടിച്ചുകൊണ്ടാണെങ്കിലും അവർ ചോദിച്ചു: “മോനെ… സന്ധ്യ ഓൾടെ വീട്ടിൽ പോയെന്ന് പറഞ്ഞുകേട്ടു… കൂട്ടിക്കൊണ്ട് വരാൻ പോണില്ലേ നീ…?”
രഘു കണ്ണുകൾ തുറക്കാതെ ഒന്നു മൂളുക മാത്രം ചെയ്തു.
‘ചോദ്യം നീരസമായെന്നു് തോന്നുന്നു,’ അവർ മെല്ലെ തൊഴുത്തിലേക്കു് പിൻവലിഞ്ഞു. ‘അതിനെക്കുറിച്ചു് രാഘവേട്ടൻ വന്നിട്ടു് സംസാരിച്ചോട്ടെ. അവര് തമ്മിലേ ചേരൂ’ അവർ ചിന്തിച്ചു.
കുന്നുകയറിവന്ന വയൽകാറ്റു് രഘുവിനെ തഴുകിക്കൊണ്ടിരുന്നു. ദിവസങ്ങളായി രാത്രിയിൽ ഉറക്കമില്ലാതെ. അതുകൊണ്ടാവാം, ഉറക്കത്തിലേക്കവൻ വഴുതിവീണു.
മയക്കത്തിലെപ്പോഴോ അരികത്തൊരു കാൽപ്പെരുമാറ്റം കേട്ട രഘു കണ്ണുകൾ തുറന്നു; മുറ്റത്തു് ചെറിയച്ഛൻ. തലയിലേറ്റി വന്ന ചാക്കുകെട്ടു് തിണ്ണയിലേക്കിട്ടു് അയാൾ കിതപ്പൊടുക്കി.
“അല്ലാ… ഇതാരാപ്പം… മോനെപ്പഴെത്തി,!?”
സ്വതവേ ഇറുകിയ അയാളുടെ കണ്ണുകൾ തിളങ്ങി വികസിച്ചു.
“സൊസൈറ്റിക്ക് പോകുന്ന വഴിക്ക് വീട്ടിലേക്ക് കയറിയിരുന്നു. ഏട്ടത്ത്യമ്മ പറഞ്ഞു നീ വന്നെന്ന്,”
അയാൾ ഷർട്ടഴിച്ചു് ചുഴറ്റി വീശിക്കൊണ്ടു് രഘുവിന്റെ തൊട്ടടുത്തു് വന്നിരുന്നു.
“എന്താടാ നിനക്ക് പറ്റീത്… താടിയൊക്കെ നീട്ടി…, ആകെ വാടിപ്പോയല്ലോ ന്റെ മോൻ…” പരുപരുത്ത കൈകൊണ്ടു് അവന്റെ തലയിൽ സ്നേഹത്തോടെ തലോടികൊണ്ടു് ആ ആജാനബാഹു പതുക്കെ ചോദിച്ചു.
മുഖത്തു് കൃത്രിമമായ ചിരിവരുത്തി ഒന്നുമില്ലാ എന്ന മട്ടിൽ അവൻ ചുമൽ കുലുക്കി.
“വന്നതെന്തായാലും നന്നായി… ഞാനൊരുകൂട്ടം കരുതീട്ടുണ്ട്. നീയിരിക്ക്. ഞാനൊന്ന് മേല്കഴുകീട്ട് വേഗം വെരാം… നീയെന്തെങ്കിലും കഴിച്ചോ…?”
അവൻ ‘അതെ’ എന്നു് തലയാട്ടി.
അഴയിൽ നിന്നു് തോർത്തെടുത്തു് തോളിലേക്കിട്ടു് വീടിന്റെ പിൻഭാഗത്തേക്കു് നടക്കുമ്പോൾ അയാളുടെ പുറംമസിലുകളിൽ വിയർപ്പൊഴുകി.
“എന്താ ചൂട് ആകെ വിയർത്തു… കർക്കടമാസാണ്ന്ന് പറഞ്ഞറിയണം, കലികാലം അല്ലാണ്ടെന്താ.” സ്വയമെന്നോണം അയാൾ പറഞ്ഞു.
‘ക്ഷീണം അല്പം കുറഞ്ഞതായി തോന്നുന്നു.’ രഘു വെയിൽ മങ്ങിയ മുറ്റത്തുകൂടി അലസമായി ഉലാത്തി. ഒരു വേള നിന്നു, കുന്നിനു് താഴോട്ടു് നോക്കി; പറങ്കിത്തോട്ടത്തിനിടയ്ക്കു് അങ്ങിങ്ങായി പാറക്കെട്ടുകൾ. അതിന്റെ താഴെ ഇടതൂർന്ന തെങ്ങുകളും, പരന്നുകിടക്കുന്ന പാടവും കഴിഞ്ഞു്, അങ്ങു് ദൂരെ കമ്മാണ്ടിപ്പുഴ കലങ്ങിമറിഞ്ഞൊഴുകുന്നു.
കമ്മാണ്ടിയിൽ വെള്ളം നിറയാൻ വയനാടൻ കാടുകളിൽ മഴ പെയ്യണം. അല്ലെങ്കിൽ ഉരുൾ പൊട്ടണം.
പണ്ടൊക്കെ ഉരുൾപൊട്ടലിൽ ഒലിച്ചുവരുന്ന ആടുമാടുകളെയും കോഴികളെയുമൊക്കെ പിടിക്കുന്ന പേരെടുത്ത അതിവിഗ്ദൻമാർ ഇവിടുണ്ടായിരുന്നു. രാഘവൻ അതിൽ പേരെടുത്തയാളാണു്.
‘താൻ കളിച്ചുമദിച്ചു നടന്ന ഇടങ്ങൾ… ചെറിയച്ഛന്റെ തോളിൽ കയറി അമ്പലത്തിലെ വേലയും വിപ്ലവനാടകങ്ങളുമൊക്കെ കാണാനും, കമ്മാണ്ടിക്കടവത്തു് വലവീശാനും ചൂണ്ടയിടാനും പോയ ദിനരാത്രങ്ങളും, സന്ധ്യയുമായി സല്ലപിച്ചു നടന്ന കൗമാരസായന്തനങ്ങൾ…’ രഘുവിന്റെ മനസ്സിൽ പഴയകാലവിചാരങ്ങൾ മിന്നിമറഞ്ഞു.
ഓരോന്നു് ചിന്തിച്ചു് നിൽക്കുമ്പോൾ പുറകിൽ നിന്നൊരു വിളി,
“രഘൂ… വാ.”
ചെറിയച്ഛൻ കുളികഴിഞ്ഞു വന്നു. കൈയിൽ ഒരു ജെഗ്ഗും സഞ്ചിയുമുണ്ടു്.
മുറ്റത്തു്, തെക്കു്-കിഴക്കേ മൂലയിലെ മാവിൻചോട്ടിൽ ഒരു ടീപോയ്ക്കു് ഇരുവശത്തുമായി രണ്ടു് കസേരകളിട്ടു് അവർ ഇരുന്നു.
സഞ്ചിയിൽ നിന്നു് ചില്ലുകുപ്പിയെടുത്തു് ടീപോയ്ക്കു് മുകളിൽ വെച്ചു:
“നമ്മടെ പറമ്പിലെ കശുമാങ്ങ മാത്രമിട്ട് വാറ്റിയെടുത്തതാ… ഏകദേശം രണ്ട്മൂന്ന് മാസമായി, ഞാനിതുവരെ തൊട്ടു നോക്കിയിട്ടില്ല. ഒറ്റയ്ക്കടിക്കുന്നതിൽ ഒരു രസമില്ല… പിന്നെ, ഇങ്ങോട്ട് വേറാരും വരാനുമില്ലല്ലോ…,”
അയാൾ കുപ്പിയുടെ കാർക്ക് തുറന്നു് ഗ്ലാസുകളിലേക്കു് മദ്യം പകർന്നുകൊണ്ടു് പറഞ്ഞു.
“നീ ഓണത്തിന് വരൂന്നറിയാം… അപ്പഴെടുക്കാന്ന് കരുതീതാ.”
മദ്യം നിറച്ച ഗ്ലാസുയർത്തി വലതു കൈയിലെ മോതിരവിരൽ കൊണ്ടു് രണ്ടുമൂന്നു തുള്ളി പുറത്തേക്കു് കുടഞ്ഞു് അയാൾ അവനെ നോക്കി ചിരിച്ചു:
“ഇപ്പം ഇങ്ങനെയൊക്കെയാ… കൊറച്ച് അന്ധവിശ്വാസൊക്കെ തലക്ക് പിടിച്ചിട്ട്ണ്ട്. നിന്റെ ചെറിയമ്മേന്റട്ത്ത്ന്നാവും.”
രഘു ചിരിച്ചു.
അവൻ ടീപോയിലെ ഗ്ലാസിലേക്കു് ജഗ്ഗിലെ വെള്ളം ചേർത്തു.
“നാടനിൽ വെള്ളമൊഴിക്കര്തെന്നാണ് പഴമക്കാർ പറയാറ്, നീ നിന്റെയിഷ്ടത്തിന് കഴിച്ചൊ.”
‘ഞാൻ തുടങ്ങി’യെന്നു് പറഞ്ഞു് വെള്ളം തൊടാതെ ഒറ്റ വലിക്കു് അയാൾ കൈയിലെ ഗ്ലാസ് കാലിയാക്കി.
“ഹാ…! നല്ല സൊയമ്പൻ സാധനം…”
അയാൾ കൈകൊണ്ടു് വിസ്താരമാർന്ന നെഞ്ചിലെ വെളുത്ത രോമക്കാടിലൂടെ താഴോട്ടുഴിഞ്ഞു.
രഘു ഗ്ലാസ് ചുണ്ടിലേക്കടുപ്പിച്ചു് അൽപാൽപ്പമായി നുണഞ്ഞു.
അയാൾ അകത്തേക്കു് വിളിച്ചു പറഞ്ഞപ്രകാരം സുമതി ഒരു പാത്രത്തിൽ കടുമാങ്ങയച്ചാറു് കൊണ്ടുവന്നു് ടീപോയിൽ വെച്ചു.
“മനുഷ്യാ… അവൻ ചെറിയ ചെക്കനാ… അധികം കുടിപ്പിക്കണ്ട.” ചിരിച്ചു കൊണ്ടവർ ഭർത്താവിനെ താക്കീതു് ചെയ്തു.
“മുല്ലക്കശ്ശേരീല് ആരെങ്കിലും കള്ളുകുടിയൻമാരാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ടോ സുമതീ… വല്ലപ്പോഴുമല്ലേ ന്റെ മോൻ കുടിക്കണത്… മൊടക്ക് പറയല്ലെ ന്റെ പൊന്നു സുമതിക്കുട്ടീ…”
ഒതുക്കമില്ലാത്ത സാരിയുലഞ്ഞ അവരുടെ വിസ്തൃതമാർന്ന പുറംഭാഗത്തു് മെല്ലെയൊന്നു് തട്ടിത്തഴുകിയാണു് അയാളതു് പറഞ്ഞതു്.
കുറച്ചാണെങ്കിലും കുടിച്ചുകഴിഞ്ഞാൽ ലേശം കൊഞ്ചിക്കുഴയല് കൂടും തന്റെ ഭർത്താവിനു്, പണ്ടേ അതെ. ഇനിയും ഇവിടെ നിന്നാൽ രഘുവിന്റെ മുന്നിൽ വെച്ചു് വേറെന്തെങ്കിലുമൊക്കെ കേൾക്കേണ്ടിയും വരും. അവർ തർക്കിക്കാൻ നിൽക്കാതെ ചിരിച്ചുകൊണ്ടു് അകത്തേക്കു് കയറിപ്പോയി.
സമയം നീങ്ങിക്കൊണ്ടിരുന്നു. സൂര്യൻ കുന്നിനെ താണ്ടി മറയാൻ തുടങ്ങി. പുഴയെ കറുപ്പു് ബാധിച്ചു. പാടത്തു് കുന്നിന്റെ നിഴലു പതിച്ചു. പുഴയിലെ നേർത്ത തണുപ്പിനെയും പേറി കിഴക്കൻകാറ്റു് കുന്നിനെയാകെ വാരിപ്പുണർന്നു. പറങ്കിമരങ്ങൾ തണുത്ത കാറ്റുകൊണ്ടു് ലജ്ജയോടെ ആടിയുലഞ്ഞു.
ടീപോയിലെ ഗ്ലാസുകൾ പലകുറി നിറഞ്ഞൊഴിഞ്ഞു. രഘുവിന്റെ മനസ്സു് കലുഷിതമായിത്തന്നെ തുടർന്നു.
കൃഷ്ണന്റെ മുന്നിലെ ചെറിയ വിളക്കുതിരി പാളിക്കത്തി. മുറ്റത്തെ ലൈറ്റുകൾ തെളിഞ്ഞു. സുമതി കോലായിൽ നിന്നു് മാവിൻചുവട്ടിലേക്കെത്തിനോക്കി.
‘തല കുനിച്ചിരിക്കുന്നു രഘു. ലഹരിയിലല്ല. തന്റെ ഭർത്താവിനു് കുറച്ചു് ഏശിയിട്ടുണ്ടെന്നു് തീർച്ച. അദ്ദേഹം തോൽക്കുന്നതു് മദ്യത്തിനു് മുന്നിൽ മാത്രമാണു്.’
അവർ ഓർമ്മിച്ചു.
‘ഒന്നങ്ങോട്ടു് പോയാലോ… അല്ലെങ്കിൽ വേണ്ട, അവരെന്തെങ്കിലുമാവട്ടെ.’
കാലിയായ ഗ്ലാസുകളിലേക്കു് മദ്യം പകർന്നുകൊണ്ടു് രാഘവൻ പറഞ്ഞു:
“രഘൂ… വീട്ടിപ്പോയപ്പം അമ്മ കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. എന്താ മോന്റെ പ്രശ്നം… ചെറിയച്ഛനോട് പോലും പറയാൻ പറ്റാത്ത എന്ത് പ്രശ്നാണ്ന്റെ കുട്ടിക്ക്?”
രഘു നീരാവിവെള്ളമെടുത്തു് പകുതിയോളം കുടിച്ചു് ഗ്ലാസ് ടീപോയിൽ വെച്ചു. തന്റെ പ്രശ്നങ്ങൾ തുറന്നുപറയണമെന്നു് എപ്പോഴോ തീരുമാനിച്ചതാണു്. ഇന്നാണൊന്നു് സമയം കിട്ടിയതു്. അവൻ തന്റെ ചെറിയച്ഛനു മുന്നിൽ ഉള്ളു് തുറന്നു;
“മനസ്സു് കൈവിട്ടു പോകുന്നു ചെറിയച്ഛാ… മേലുദ്യോഗസ്ഥരുടെ ചില ചെയ്തികൾ കണ്ടില്ലെന്നു് നടിക്കാനാവുന്നില്ല. അതിനെതിരെ എന്തുചെയ്താലും പറഞ്ഞാലും ഒടുക്കമത് എന്റെ മാത്രം തെറ്റായി മാറുന്നു. മടുത്തു തുടങ്ങി… ജോലി രാജിവച്ച് നാട്ടിലേക്ക് തിരിച്ച് വന്നാലോ എന്ന് ആലോചിക്കുന്നു…”
അവൻ മനോഭാരങ്ങളോരോന്നായി അയാളുടെ മുന്നിൽ ഇറക്കിവെച്ചു.
എല്ലാം മൗനത്തോടെ കേട്ടുകഴിഞ്ഞു് കുറച്ചു് നേരം ആലോചിച്ചുകൊണ്ടയാൾ പറഞ്ഞു തുടങ്ങി:
“രഘൂ… മോന്റെ പ്രായത്തിൽ ഞാനും ഇങ്ങനെയൊക്കെയായിരുന്നു, എന്ത് കണ്ടാലും പ്രതികരിക്കും. എതിരെ എത്ര വലിയവനാണെങ്കിലും എനിക്കൊരു പ്രശ്നവുമില്ലായിരുന്നു,”
ഗ്ലാസിൽ ബാക്കിയായതിനെ ചുണ്ടു തൊടാതെ വായിലേക്കൊഴിച്ചു കൊണ്ടു് അയാൾ തുടർന്നു.
“ഇഷ്ടമല്ലാത്തതെന്തെങ്കിലും കണ്ടാൽ രക്തം തെളച്ച് മറിയും. അന്നൊക്കെ ഉപദേശങ്ങളുമായി വരുന്നത് ഏട്ടനായിരുന്നു, നിന്റെ അച്ഛൻ. വല്യേട്ടൻ പറഞ്ഞാൽ മാത്രായ്രുന്നു കൊറച്ചെങ്കിലും ഞാൻ അനുസരിക്കാറ്. ഞങ്ങള്ടെ അച്ഛനെ മക്കൾക്കെല്ലാർക്കും പേടിയായായിരുന്നു…, എനിക്കൊഴികെ,”
തൊട്ടടുത്തുള്ള രണ്ടാൾ കൈവട്ടത്തിലുള്ള വലിയ മരത്തിലേക്കയാൾ വിരൽ ചൂണ്ടി:
“ഈ മാവിൽ കെട്ടിയിട്ട് അച്ഛനെന്നെ എത്ര പ്രാവ്ശ്യം തല്ലീട്ട്ണ്ടെന്നോ! എന്നിട്ടൊന്നും എന്റെ സ്വഭാവത്തിന് ഒര് മാറ്റോം വന്നില്ല. ഒടുക്കം, അച്ഛന്റെ കാലശേഷം…,—അന്നെനിക്ക് ഒര് മുപ്പത്തഞ്ച് നാൽപത് വയസ്സ് കഴിഞ്ഞുകാണും…—നിന്റെ ചെറിയമ്മ കേറി വന്ന് ഒരു രണ്ട്മൂന്ന് കൊല്ലം കഴിഞ്ഞ്…, പിന്നീടാണ് ജീവിതസത്യങ്ങൾ പലതുംഞാൻ തിരിച്ചറിയാൻ തൊടങ്ങീത്…,”
മദ്യം രഘുവിന്റെ ശിരസ്സിനെ പെരുപ്പിച്ചു. തന്നിലെ ഭാരം അല്പമൊന്നു് കുറഞ്ഞു വരുന്നതായി തോന്നി. അവൻ ചെറിയച്ഛനെ നോക്കിക്കൊണ്ടു്, അയാളുടെ വാക്കുകൾ സശ്രദ്ധം കേട്ടിരുന്നു.
“എനിക്കന്ന് ആവേശമായിരുന്നു, തണ്ടുംതടീമുണ്ടെന്ന ഊറ്റം. പക്ഷേ, അന്നത്തെ എന്നെപ്പോലെയല്ല നീ, നിനക്ക് നീതിയും അനീതിയും വേർതിരിച്ചറിയാം. ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട്… അരുതാത്തത് കാണുമ്പഴാണ് നിന്റെ പ്രതികരണം… പക്ഷേ…,”
ഒന്നു നിർത്തി അവന്റെ കണ്ണുകളിലേക്കു് സ്നേഹത്തോടെ നോക്കി.
“പ്രതികരിക്കേണ്ട പ്രായം കഴിഞ്ഞിരിക്കുന്നു മോനേ… ഇനിയുള്ള കാലം മിണ്ടാതിരിക്കാൻ പഠിക്കണം, ജോലിസ്ഥലത്തായാലും സമൂഹത്തിലായാലും.”
അയാൾ ഒന്നെഴുന്നേറ്റു് രഘുവിന്റെ അടുത്തേക്കു് കസേര നീക്കിയിട്ടിരുന്നു. അവന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു: “അതൊക്കെ പോട്ടെ… സന്ധ്യയുമായിട്ട് എന്താ പ്രശ്നം?… അവളെന്തിനാ വീട്ടിൽ പോയത്?”
രഘു അല്പസമയത്തെ മൗനത്തിനു് ശേഷം പറഞ്ഞു: “യഥാർത്ഥത്തിൽ അവളുമായി ഒന്നുമില്ല ചെറിയച്ഛാ… ചുറ്റുമുള്ള പ്രശ്നങ്ങളുടെയൊക്കെ സമ്മർദ്ദം തലയ്ക്കു കയറുമ്പോൾ ഞാനതൊക്കെ കൊണ്ടുപോയി തീർത്തത് അവളിലേക്കാണ്…”
രഘുവിന്റെ വാക്കുകളിൽ കുറ്റബോധം നിഴലിച്ചു.
“അവളൊരു പാവം കുട്ട്യല്ലേടാ… അച്ഛനേം അമ്മയെയുമൊക്കെ ധിക്കരിച്ച്, ഒന്നുമല്ലാതിരുന്ന കാലത്ത് നിന്റെ കൂടെ ഇറങ്ങി വന്നവൾ… പ്രത്യേകിച്ച് ഈ വിശേഷസമയത്ത്…” അയാൾ ഇടയ്ക്കു കയറി.
അതു് കേട്ടപ്പോൾ അവന്റെ ഹൃദയം ആർദ്രമായി. അയാളെ അഭിമുഖീകരിക്കാനാവാതെ അവൻ താഴേക്കു് നോക്കി.
“അറിയാം… ചെറിയച്ഛാ… എന്നാലും എല്ലായിടത്തും തോറ്റുകൊടുക്കാൻ മടി… അഹംഭാവമാവാം. പ്രശ്നങ്ങൾ കൂടുതൽ വഷളാവുമെന്ന് തോന്നിയപ്പോൾ അവളെ മനപ്പൂർവ്വം അകറ്റി നിർത്തി. കുറച്ച് നാള് വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞു. തമ്മിൽ മിണ്ടിയിട്ട് ആഴ്ച്ചകളായി… മറ്റുള്ളവരോടൊക്കെയുള്ള വെറുപ്പിൽ ഞാനവളെ ഒരുപാട്…” അവന്റെ വാക്കുകൾ മുറിഞ്ഞു. കണ്ണുകളിൽ നനവു് പടർന്നു.
അയാൾ അവന്റെ തോളിൽ കൈവച്ചു.
“സാരല്യ മോനെ… നിന്നെ എനിക്ക് മനസ്സിലാവും. പക്ഷേ, ശ്രദ്ധിക്കണം… ഭാര്യാഭർതൃബന്ധങ്ങളിൽ വിദ്വേഷത്തിന്റെ നേരിയ കനൽതരി വീണാൽ മതി, ആളിക്കത്തും, പിന്നീട് കെടുത്താൻ കഴിയാത്തവിധത്തിൽ.”
അയാൾ വാക്കുകളിൽ അല്പം ജാഗ്രത കലർത്തി ആശ്വസിപ്പിച്ചു.
“നീയെന്തായാലും ഓണത്തിന് മുമ്പ് അവളെ പോയിക്കണ്ട് സംസാരിച്ച് കൂട്ടിക്കൊണ്ട് വരണം. പഴയ പോലെയല്ല നീയൊരു അച്ഛനാവാൻ പോവാണ്. ഉത്തരവാദിത്തങ്ങൾ ഒരുപാട് കൂടുകയാണിനി.”
ഓരോന്നു് കൂടി ഗ്ലാസുകളിലേക്കൊഴിച്ചു് അയാൾ തത്വങ്ങളുടെ കെട്ടഴിച്ചു;
“തെറ്റിനെതിരെ വിരൽ ചൂണ്ടുന്നതാണ് ആണത്തം എന്നൊക്കെ പലരും പറയും. ഒടുക്കം വിരൽ ചൂണ്ടുന്നവൻ ഒറ്റപ്പെടും, വിഡ്ഢിയാവും. ചുറ്റിലും എന്തൊക്കെ കൊള്ളരുതായ്മകൾ ദിവസവും നടക്കുന്നു? ആരെങ്കിലും മിണ്ടുന്നുണ്ടോ? ഇല്ല…,”
പറമ്പിൽ പടർന്ന ഇരുട്ടിലേക്കു് മൂർച്ചയോടെ നോക്കിക്കൊണ്ടു് അയാൾ തുടർന്നു:
“ശബ്ദമുയർത്തിയവരൊക്കെ കുരിശിലും വെടിയുണ്ടയിലും തൂക്കുകയറിലും ഒടുങ്ങിത്തീരും. അതുവരെ ഒന്നും മിണ്ടാതെ മൂലയിലിരുന്നവർ അധികാരക്കസേരയിലിരിക്കും… അതാണ് ഇന്നുവരെയുള്ള ചരിത്രം. ഇത് കലികാലാണ് കുഞ്ഞേ… ഇവിടെ സമാധാനത്തോടെ ജീവിക്കണെങ്കിൽ ചുറ്റും നടക്കുന്ന സകല തോന്ന്യാസങ്ങളെയും കണ്ടില്ലെന്നു നടിച്ച് മിണ്ടാതിരിക്കണം,”
ഗ്ലാസെടുത്തു് ഒറ്റ വലിക്കു് കുടിച്ചുതീർത്തു് പുറംകൈകൊണ്ടു് കട്ടിയേറിയ നരച്ചുചെമ്പിച്ച മീശയെ അയാൾ അമർത്തിത്തുടച്ചു.
“സമൂഹത്തെ നന്നാക്കാനും തിരുത്താനുമൊന്നും നമുക്ക് കഴിയില്ല രഘൂ… പ്രത്യേകിച്ച് മനക്കട്ടിയില്ലാത്തവർക്ക്. അതൊക്കെ അധികാരവും സ്വാധീനവുമുള്ളവർക്കൊക്കെ പറഞ്ഞിട്ടുള്ളതാണ്… എന്നാലോ, അവരൊന്നും അനങ്ങുകയുമില്ല. എല്ലാർക്കും നെലനിൽപ്പാണ് പ്രധാനം.”
അയാൾ ഒന്നു നിർത്തി ദീർഘശ്വാസമെടുത്തു:
“നീ വെറും പാവമാണ് കുഞ്ഞേ… നിന്റച്ഛനെപ്പോലെ ഒരു പച്ചപ്പാവം…,” അയാളുടെ വാക്കുകളിൽ വാത്സല്യം തുളുമ്പി.
“നിന്റെ ലക്ഷ്യം നിന്റെ കുടുംബം മാത്രമാവണം… അതു കഴിഞ്ഞ് സമയമുണ്ടെങ്കിൽ മാത്രം മതി രാഷ്ട്രീയവും, സാമൂഹ്യപ്രവർത്തനവും മറ്റെന്തും. അനുഭവം കൊണ്ടു പറയുകയാണ്… സ്വാർത്ഥനാവാൻ പഠിക്ക് രഘൂ…”
അവന്റെ സിരകളിലെ രക്തയോട്ടത്തിന്റെ വേഗത സാവധാനം കുറഞ്ഞു. ഹൃദയമിടിപ്പു് താളത്തിലായി. മനസ്സു് ലാഘവമായി, കണ്ണുകളിൽ പടർന്ന നനവു് അയാൾ കാണാതെ അവൻ പുറംകൈകൊണ്ടു് ഒപ്പി.
“വാ… എഴുന്നേൽക്ക്. മതി.” അയാൾ എഴുന്നേറ്റു് നിന്നു് അവന്റെ തോളിൽ പിടിച്ചു.
അവൻ എഴുന്നേറ്റു.
നാളെ പോകാമെന്നു് സുമതി പറഞ്ഞിട്ടും അവനതു് നിരസിച്ചു. രാഘവൻ അതു് ശരിവെച്ചു, ‘അവിടെ ഏട്ടത്തിയമ്മ ഒറ്റയ്ക്കല്ലേ… പൊയ്ക്കോട്ടെ.’
ആ കുന്നിനെയാകെ ഇരുട്ടു് വിഴുങ്ങിയിരുന്നു. മേഘങ്ങൾക്കിടയിൽ പാതി മറഞ്ഞ ചന്ദ്രനെ നോക്കി ദൂരെയെവിടെയോ കുറുക്കൻമാർ ഓരിയിട്ടു. പറങ്കിത്തോട്ടത്തിൽ വാവലുകൾ നിർബാധം പറന്നു വിലസി. അവയുടെ ചിറകടി കുന്നാകെ അലയടിച്ചു. കുന്നിൻചരിവിലെ ഉരുളൻപാറകൾക്കിടയിൽ ഇഴജാതികൾ ക്ഷമയോടെ ഇരയെ കാത്തിരുന്നു.
രഘു ഇടവഴിയിറങ്ങി.
കനലുകൾ നടവഴിയിലെ ചരലുകളിൽ വീണു് മിന്നിത്തിളങ്ങി, അല്പം കഴിഞ്ഞു് കെട്ടടങ്ങി. ചൂട്ടിൽ നിന്നുയർന്ന കറുത്ത പുക പറങ്കിയിലകളിൽതട്ടി അന്തരീക്ഷത്തിൽ ലയിച്ചു.
‘നാളെ സന്ധ്യയെ ചെന്നു കാണണം,’ പാടത്തുകൂടി നടക്കുമ്പോൾ രഘു ചിന്തിച്ചുറപ്പിച്ചു. ‘ഓഫീസിലേക്കു് വിളിച്ചു് ഓണം കഴിഞ്ഞു് വരാമെന്നു് പറയണം.’
കാലുകളൊന്നിടറിയപ്പോൾ രഘു വരമ്പിൽ നിന്നിറങ്ങി പാടത്തെ നെൽകുറ്റികളിൽ ചവിട്ടി നടന്നു.
“പ്രതികരിക്കാൻ പഠിച്ചു കഴിഞ്ഞു… ഇനി പഠിക്കേണ്ടത്, എവിടെ എന്തു കണ്ടാലും കേട്ടാലും മിണ്ടാതെ, കേൾക്കാതെ ഒതുങ്ങിയിരിക്കാനാണ്. കുറച്ച് കഷ്ടമാണ് പക്ഷേ, ജീവിക്കണമെങ്കിൽ അത് പരിശീലിച്ചേ തീരൂ കുഞ്ഞേ…” ചെറിയച്ഛന്റെ വാക്കുകൾ അവന്റെ കാതിൽ അശരീരിയായി അലയടിച്ചു.
അവൻ ആഴത്തിൽ നിശ്ചയിച്ചുറപ്പിച്ചു; ‘ഇനി ഞാൻ മിണ്ടാതിരിക്കാം, എന്റെ ചുറ്റും നടക്കുന്നതൊന്നുംതന്നെ എന്നെ ബാധിക്കുന്നതേയല്ല. അല്ലെങ്കിലും മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ അർഹതയും അധികാരവും ഇല്ലാത്ത താനെന്തിനു് തലയിടണം!’
ഉച്ചയ്ക്കു് കുന്നു് കയറിപ്പോകുമ്പോൾ അവന്റെ മനസ്സിലും തലയിലുമുണ്ടായിരുന്ന ഭാരിച്ച കനം ഇപ്പോഴില്ല. അവയെല്ലാം അവൻ അതുവരെ ഇരുന്ന, കുന്നിലെ മാവിൻചുവട്ടിൽ നിന്നു് താഴോട്ടു് പതിച്ചു് പാറക്കെട്ടുകളിൽ തട്ടി ശിഥിലങ്ങളായി എവിടേക്കെന്നറിയാതെ മാഞ്ഞു പോയിരിക്കുന്നു.
കമ്മാണ്ടിക്കടവിലെ പൂഴിവഞ്ചികളിലിരിക്കുന്ന മദ്യലഹരിയിലമർന്ന ചീട്ടുകളിക്കാർക്കിടയിൽപോലും മൗനം തളംകെട്ടി. പാടത്തിന്റെ ദൂരെ വശങ്ങളിൽ അങ്ങിങ്ങായുള്ള കുടിലുകളിൽ റാന്തൽ മങ്ങിയെരിഞ്ഞു. തെരുവുവിളക്കു് ഒന്നു മാത്രം പ്രകാശിച്ചു, മാഞ്ഞാ ഭഗവതിക്കാവിന്റെ മുന്നിലെ ചായക്കടയോടു് ചേർന്ന മുക്കവലയിൽ. ഉയർന്നുനിന്ന ചെങ്കൊടി കാറ്റനക്കമില്ലാതെ തളർന്നു കിടന്നു. കൊടിമരത്തിനരികിലൂടെ ചൂട്ടുവെളിച്ചത്തിൽ രഘു നടന്നകന്നു.
1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
മാതാപിതാക്കൾ: ബാലൻ, തങ്കമണി.
ഭാര്യ: ജിഷ.
മകൻ: ശിവതേജ്.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.