നീണ്ടു നിവർന്നു കിടക്കുകയാണു് കല്ലു. അരുവിക്കടുത്ത പാറയിലെന്നപോലെ… അവൾക്കരികിലിരുന്ന സുധയുടെ കൈവിരലിൽ സുബ്ബുവിന്റെ പിടുത്തം മുറുകിക്കൊണ്ടിരുന്നു. അപ്പോഴും പുറത്തു് മഴ പെയ്തു കൊണ്ടേയിരുന്നു…
കല്ലുവിന്റെ മുഖത്തേക്കു് സുധ നോക്കി. അന്നാദ്യമായി കല്ലു ചിരിക്കുന്നതായി തോന്നി.
സുധയുടെ ഓർമ്മകൾ പിന്നോട്ടൊഴുകി.
ആദ്യമായി ഊരാളിക്കുന്നിലേക്കെത്തിയ നാൾ…;
വലിയൊരു ബാഗുമായി പനയോല മേഞ്ഞ ബസ്സ് സ്റ്റോപ്പിൽ സുധ ഇറങ്ങി.
എതിർവശത്തുള്ള, വെള്ളപൂശിയിട്ടു കാലങ്ങളായ വനംവകുപ്പു കെട്ടിടത്തിന്റെ ബോർഡിൽ മലയാളത്തിലും കന്നടയിലും എഴുതിയിരിക്കുന്നു; ‘പുനമ്പടിവാരം.’
സുധ വാച്ചു നോക്കി; ടൗണിൽ നിന്നുള്ള യാത്ര തുടങ്ങിയിട്ടു് ഒരു മണിക്കൂറിലേറെയായിരിക്കുന്നു.
‘തൊമ്മിച്ചോ… കോള്നീലെ പുത്യ ടീച്ചറാ…’
ബസ് തിരിച്ചു വെച്ചു വന്ന മദ്ധ്യവയസ്കനായ ഡ്രൈവർ സുധയെ ചായക്കടക്കാരനു് പരിചയപ്പെടുത്തി.
കടയിൽ നാട്ടുവർത്തമാനം പറഞ്ഞിരുന്നവർ പുതിയ ടീച്ചറിനു് വേണ്ടി ബെഞ്ചൊഴിഞ്ഞു.
‘എന്താ ടീച്ചറെ കഴിക്കാൻ…’
മുൻപല്ലുകളിലെ വിടവു് കാണെ നിഷ്കളങ്കമായി ചിരിച്ചു് തൊമ്മിച്ചൻ ചോദിച്ചു.
എണ്ണക്കറ പിടിച്ച ചില്ലലമാരിയിൽ പുട്ടും ദോശയും ഉണങ്ങി നിൽക്കുന്നുണ്ടായിരുന്നു.
ആഹാരസമയം ഏറെ പിന്നിട്ടതിനാൽ വിശപ്പു മരവിച്ചിരുന്നു.
‘ചായ മതി.’
പുലർച്ചെ തുടങ്ങിയ യാത്രയാണു്.
‘അമ്മയ്ക്കെന്തേലും പൊതിഞ്ഞ് കൊടുത്തേക്കെ’ന്നു മകളോടു് അമ്മായിയമ്മ പറഞ്ഞതാണു്.
ആ തിരക്കുകൾക്കിടയിൽ മനപ്പൂർവ്വം വേണ്ടെന്നു് വെച്ചു. അതബദ്ധമായെന്നു് യാത്രക്കിടെ മനസ്സിലായി.
ടൗണിലിറങ്ങി വല്ലതും കഴിക്കാമെന്നതീരുമാനവും തെറ്റി.
‘ഉച്ച കഴിഞ്ഞാലങ്ങോട്ട് രണ്ട് ട്രിപ്പേയൊള്ളു… രണ്ടാമത്തതെത്തുമ്പം രാത്രിയാവും… ചെലപ്പൊ ഓടത്തുമില്ല’ ടൗണിലെ ഭാഗ്യക്കുറി വിൽപ്പനക്കാരൻ പറഞ്ഞതാണു്.
ആ കേട്ടതു് സുധയുടെ വിശപ്പിനെ അകറ്റി.
‘ആ വഴി പോവണം ടീച്ചറെ, ഊരാളിക്കുന്നിലേക്ക്’ ചായക്കാശു് മേശവലിപ്പിലേക്കിട്ടു് തൊമ്മിച്ചൻ ദൂരേക്കു വിരൽ ചൂണ്ടി.
റോഡവസാനിക്കുന്നയിടത്തു് വനംവകുപ്പിന്റെ തുരുമ്പിച്ചു നിൽക്കുന്ന കരുതൽബോർഡുകൾ…;
‘ഞങ്ങളും ജീവിക്കട്ടെ…’, ‘എന്നിൽ ഔഷധഗുണമില്ല.’, ‘കാട്ടുതീ തടയുക.’…,
പരമ്പരാഗതവേഷം ധരിച്ച വൃദ്ധദമ്പതികളുടെ കൂടെ തേക്കിൻകാടിനു് നടുവിലൂടെയുള്ള ചെമ്മണ്ണമർന്ന കുന്നു കയറുമ്പോൾ സുധ കിതയ്ക്കുന്നുണ്ടായിരുന്നു.
‘വല്ലാത്ത മടുപ്പ്; മറ്റെന്തെങ്കിലും ജോലി നോക്കാമായിരുന്നു…, നിവൃത്തികേട്… അല്ലാതെന്ത്!’
സുധ സ്വയം കെറുവിച്ചു.
കയറ്റം തീർന്നതും ഒന്നു നിന്നു് കിതപ്പൊടുക്കി.
നിലപ്പുല്ലു് പുതച്ച മൈതാനത്തിൽ നാൽക്കാലികൾ മേയുന്നു. മൈതാനത്തിന്റെ ഒത്ത നടുക്കുള്ള കാട്ടുനെല്ലിയുടെ തണലിൽ ഒരാൺകുട്ടി മലർന്നു കിടന്നു് ആകാശത്തു ചിത്രം വരയ്ക്കുകയാണു്, കൈയിലെ ചൂരൽവടി കൊണ്ടു്.
‘അതാ…, ആടെ.’ വൃദ്ധൻ പുൽമൈതാനത്തിന്റെ അക്കരയുള്ള കുടിലുകളിലേക്കു് ചൂണ്ടിയ ശേഷം ഭാര്യയോടൊപ്പമെത്താൻ വേഗം നടന്നു.
അവരും അവിടേക്കാണു്.
തന്റെ നടത്തത്തിലെ മന്ദതയും, ശ്വാസംമുട്ടു കാരണം ഇടയ്ക്കിടയ്ക്കുള്ള വിശ്രമവും അവരെ അലോരസപ്പെടുത്തിക്കാണും.
അപരിചിതയെ വൃദ്ധയ്ക്കു തീരെ പിടിച്ചില്ലെന്നു തോന്നുന്നു. അങ്ങാടിയിൽ നിന്നു് ഇത്ര ദൂരം ഒരുമിച്ചു് നടന്നിട്ടും ഒരു വാക്കു് പോലും സംസാരിച്ചില്ല. താൻ നോക്കുമ്പോഴൊക്കെ അവർ മുഖം മറയ്ക്കാൻ പാടുപെട്ടു.
സുധ അവരുടെ വഴിയെ പിൻതുടർന്നു.
ബാഗിന്റെ ഭാരം അവളെ ക്ഷീണിപ്പിച്ചു.
‘വസ്ത്രങ്ങൾ ഇത്ര വേണ്ടായിരുന്നു. പോരാത്തതിനു് കുറെ പുസ്തകങ്ങളും.’
‘മോനെ… ഊരിലേക്കു് ഏതാ വഴി?’
തന്റെ ചിത്രം വരയ്ക്കു് ഭംഗം വരുത്തിയ ഇവൾ ആരെടാ…! എന്നയർത്ഥത്തിൽ പയ്യൻ സാരിയുടുത്ത സ്ത്രീയെ തല വെട്ടിച്ചു് നോക്കി. അവനും കുടിലുകളിലേക്കു് വിരൽ ചൂണ്ടി.
കുടിലുകൾ തനിക്കും കാണാം. പരിചയക്കാരനൊരുവൻ ഒപ്പമുണ്ടാവുന്നതിന്റെ ഗുണമോർത്തു് പൊടിയനെ മെരുക്കാൻ ശ്രമിച്ചതാണു്. പാഴായി.
‘ഇവൻ ആ വയസ്സിയേക്കാൾ കഷ്ടമാണു്! സമയമാവട്ടെ…, നിന്നെയെന്റെ കൈയിൽ കിട്ടും.’ സുധ മനസ്സിൽ പറഞ്ഞു.
പുല്ലു് വിളറിയ ചവിട്ടയാളത്തിലൂടെ സുധ നടത്തം തുടർന്നു; പൊടിയൻ ചിത്രം വരയും.
പനയോലയും പുല്ലും മേഞ്ഞ കൂണു കണക്കെയുള്ള കൂരകൾ.
ഒന്നൊഴികെ…,
‘അതായിരിക്കും.’
അവൾ ഉറപ്പിച്ചു.
ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ആ ചെറുകെട്ടിടം പൂട്ടിയിട്ടിരിക്കുന്നു. ചവിട്ടുപടിയിൽ ബാഗ് വെച്ചു് ഒരറ്റത്തു് സുധ ഇരുന്നു.
അല്പനേരം കഴിഞ്ഞതും രണ്ടുമൂന്നു യുവാക്കൾ അവിടേക്കെത്തി. ആരും തന്നെ ഷർട്ടിട്ടില്ല. വാരിയെല്ലു തെളിഞ്ഞു കാണുന്നയത്ര മെലിഞ്ഞവർ.
‘പുത്യെ ടീച്ചറാ…?’ ചോദിച്ചയാൾ മുറുക്കാൻനീരു് നീട്ടിത്തുപ്പി.
‘അതെ…’
അയാൾ കൂടെയുള്ള പ്രായം കുറഞ്ഞവനോടു് ഗോത്രഭാഷയിൽ എന്തോ പറഞ്ഞു.
അവൻ ‘ശെരി’ എന്നു് തലയാട്ടിക്കൊണ്ടു് ധൃതിയിൽ നടന്നു പോയി.
കുട്ടികളും സ്ത്രീപുരുഷൻമാരും വൃദ്ധജനങ്ങളുമെല്ലാം കുടിലുകളിൽ നിന്നു പുറത്തേക്കിറങ്ങി.
ശോഷിച്ച നഗ്നരായ കുട്ടികളെ ഒക്കത്തെടുത്തു നിന്ന പെണ്ണുങ്ങളുടെ ഒട്ടിത്തൂങ്ങിയ മാറിൽ മുലപ്പാൽ പറ്റെ വറ്റിയിരിക്കുന്നു. കവിളുകളിൽ മുറുക്കാൻ ഒതുക്കിയതു് മുഴച്ചു നിന്നു.
ഒരു പുതുജീവിയെ എന്ന പോലെ സാരിയുടുത്ത സ്ത്രീയതിഥിയെ അവർ ഉറ്റു നോക്കി.
ഓടിപ്പോയവൻ തിരിച്ചു വന്നു. ഷർട്ടും പാന്റും ധരിച്ച ഒരാളുമുണ്ടു് കൂടെ.
‘ടീച്ചറ് നാളെയേ വരുവൊള്ളെന്ന് കര്തി… ഇല്ലെങ്കി ഞാന്തന്നെ അടിവാരത്ത്ന്ന് കൂട്ടിക്കൊണ്ടോരായ്രുന്നു.’ താക്കോലിട്ടു് വാതിൽ തുറക്കുമ്പോൾ വന്നയാൾ വിനയത്തോടെ പറഞ്ഞു.
ക്ലാസ്മുറിയിൽ ഒരു തകരക്കസേരയും മേശയുമാണുള്ളതു്. കിടപ്പുമുറിയുടെയും ക്ലാസ് മുറിയുടെയും ഇടയിലൊരു പ്ലൈവുഡിന്റെ മറയുണ്ടു്. കിടക്കാൻ ഒരു ചൂടിക്കട്ടിൽ. അടുക്കളമുറിയിൽ മണ്ണെണ്ണ സ്റ്റൗവും അത്യാവശ്യപാത്രങ്ങളുമുണ്ടു്. അയാൾ എല്ലാം പരിചയപ്പെടുത്തി.
‘കുട്ടികളൊക്കെ പല വഴിക്കാണു്. എല്ലാത്തിനേം നമുക്കു് പിടിച്ചു് കൂട്ടിലാക്കണം…,’
അയാൾ മുറ്റത്തേക്കിറങ്ങി.
‘ഒക്കെ പാവത്ത്ങ്ങളാ… ഒന്ന് മയത്തിൽ നിന്നാമ്മതി.’
പോവുന്നതിനു് മുമ്പയാൾ പേരു് പറഞ്ഞു; രാജൻ.
രാജൻ പോയതിനു പിന്നാലെ സ്കൂൾ മുറ്റത്തെ ആൾക്കൂട്ടമൊഴിഞ്ഞു. നിക്കർ മാത്രമിട്ട കുട്ടികൾ കുറച്ചു സമയം ചുറ്റിപ്പറ്റി നിന്നു. പിന്നീടെപ്പോഴോ അവരും അരങ്ങൊഴിഞ്ഞു.
വശങ്ങളിലുള്ള ജനലുകളെല്ലാം മലർക്കെ തുറന്നിട്ടു് സുധ ചൂടിക്കട്ടിലിൽ ഇരുന്നു. മലഞ്ചരിവിലൂടെ ഒഴുകി വന്ന തണുത്ത കാറ്റു് ജനലഴികളിലൂടെ അകത്തേക്കു വീശി.
സുധ കട്ടിലിലേക്കു് ചാഞ്ഞു.
ഗൗരവമല്പം കൂടിയോ…,? സുധ സംശയിച്ചു.
മയത്തിൽ നിൽക്കണമെന്നു് അയാൾ പറഞ്ഞതിന്റെ ധ്വനി അതായിരിക്കും.
എപ്പോഴോ ചെറുതായൊന്നു് മയങ്ങി.
‘ടീച്ചറേ…, ടീച്ചറേ…’
വിളി കേട്ടു് ഉണർന്ന സുധ മുറ്റത്തേക്കിറങ്ങി.
തലയിൽ ചാക്കും കൈയിൽ കന്നാസുമായി വെളുത്തു മെലിഞ്ഞൊരു പെൺകുട്ടി നിൽക്കുന്നു. നെറ്റിയിലേക്കും ചെവികളിലേക്കും വീണ എണ്ണ തൊടാത്ത അവളുടെ ചെമ്പൻമുടി കാറ്റിൽ പാറിക്കളിച്ചു. കമ്മലിനു പകരം ചെവിത്തുളകളിൽ ഈർക്കിൾ ചീന്തു് തിരുകിയിരിക്കുന്നു. മൂക്കുത്തിയുണ്ടു്. കഴുത്തിൽ ചരടിൽ കോർത്തൊരു കല്ലുമാല. സ്വതേ ചുവന്ന ചുണ്ടുകൾ വെറ്റില മുറുക്കി കൂടുതൽ ചുവന്നു. വളരെ അയഞ്ഞൊരു മുഷിഞ്ഞ ചുരിദാറാണു് വേഷം. കണ്ടാൽ ഇരുപതിലധികം വയസ്സു തോന്നിക്കില്ല.
അനുവാദത്തിനു നിൽക്കാതെ അവൾ ചാക്കുകെട്ടുമായി അകത്തേക്കു കയറി.
‘രാജനണ്ണൻ തന്നത്.’ ചാക്കിന്റെ കെട്ടഴിച്ചു് പുതിയ പുൽപ്പായ അവൾ സുധയുടെ നേരെ നീട്ടി. അവളുടെ സംസാരത്തിൽ ഗോത്രഭാഷ ചുവച്ചു.
ഇവളെയെങ്കിലും കൂട്ടു പിടിക്കണം. കറണ്ടു പോലുമില്ലാത്ത സ്ഥലമാണു്. ചുറ്റിലെവിടെയും നോക്കിയിട്ടു് കക്കൂസോ കുളിമുറിയോ കണ്ടില്ല. വന്നയാളോടു ചോദിക്കാൻ മടി തോന്നി.
‘കുളിക്കാനും മറ്റുമൊക്കെ…?’
ചാക്കിൽ നിന്നെടുത്ത പലചരക്കുപൊതികൾ ഇടുങ്ങിയ അടുക്കളയിലെ തട്ടുപലകയിൽ വെക്കുമ്പോഴാണു് അവളോടു് ടീച്ചറുടെ ചോദ്യം.
‘ഒരു ചോലയ്ണ്ട് താഴെ…’
‘മറ്റു സംഗതികൾക്കോ…’ ചോദിക്കാൻ നാവെടുത്തെങ്കിലും വേണ്ടെന്നു വെച്ചു. വഴിയെ അറിയാം.
‘എന്താ കുട്ടീന്റെ പേര്…?’
അപ്പോഴാണു് അവളൊന്നു ടീച്ചറെ നോക്കുന്നതു്; ഇരുനിറം.
തന്നെപ്പോലെ അവരും മൂക്കു കുത്തിയിട്ടുണ്ടു്. സ്വർണ്ണമാലയും കമ്മലുമിട്ടിട്ടുണ്ടു്.
വെള്ളയിൽ കറുത്ത പുള്ളികളുള്ള സാരി.
നെറ്റിയിൽ കുറിയോ കുങ്കുമമോ കാണുന്നില്ല. ഏതോ നാട്ടിൽ നിന്നു് വന്നതല്ലേ…, വിയർത്തൊലിച്ചു് പോയതാവാം.
‘കല്യാണി… കല്ലൂന്ന് വിളിക്കും…,’ ആ ശബ്ദം വളരെ നേർത്തതായിരുന്നു.
അവളുടെ വിടർന്ന കണ്ണുകളിൽ വിഷാദത്തിന്റെ കരിനിഴൽ തെളിഞ്ഞിരുന്നു. നിരയൊത്ത പല്ലുകളിൽ വെറ്റില മുറുക്കിയതിന്റെ ചുവപ്പു കറ അവയുടെ ഭംഗിയെ അപ്പാടെ കുറച്ചു കാണിച്ചു.
‘കല്ലു… ചോലയൊന്ന് കാണിച്ചു തരാമോ…?’
സ്റ്റൗവിലൊഴിച്ച ശേഷം റാന്തലിൽ മണ്ണെണ്ണ നിറയ്ക്കുകയായിരുന്നു അവൾ.
സാരി മാറ്റി മാക്സിയുടുത്തു് തോർത്തും മറ്റുമെടുത്തു് സുധ പുറത്തേക്കിറങ്ങി.
മാക്സിയിൽ ടീച്ചറിന്റെ ഭംഗിയൽപ്പം കുറഞ്ഞതായി കല്ലുവിനു് തോന്നി.
മൈതാനമെന്നു് താൻ കരുതിയ സ്ഥലം വലിയൊരു മലമുകളാന്നെന്നു് ചോലയിലേക്കു് നടക്കുമ്പോഴാണു് മനസ്സിലാവുന്നതു്. ഇവിടെ നിന്നു് നോക്കുമ്പോൾ എല്ലാം വളരെ ചെറുതായാണു് കാണുന്നതു്…,
ഒരുഭാഗത്തു് ബസ്സിറങ്ങിയ അങ്ങാടിയുടേതെന്നു തോന്നുന്ന ചില ഭാഗങ്ങൾ. മറുവശത്തു് പച്ചപുതച്ച വനഭൂമി. അതിനിടയിലൂടെ, ഇരവിഴുങ്ങി വിശ്രമിക്കുന്ന പെരുമ്പാമ്പു കണക്കെ വളഞ്ഞു കിടക്കുന്ന നിശ്ചലമായ പുഴ. അവിടവിടെയായി നീലിച്ചുകിടക്കുന്ന മലനിരകൾ.
‘അതൊക്കെ കാടാണോ…?’ ഒരു നേരംപോക്കിനു സുധ ചോദിച്ചു.
‘പിന്നേ…! കാട് തന്നെ… ഞാമ്പോയ്ട്ട്ല്ല…, അവടേമ്ണ്ട് ഊരാളികൾ…’
അവളുടെ സംസാരത്തിൽ കുട്ടിത്തം നിറഞ്ഞിരുന്നു.
‘എറങ്ങുമ്പം നോക്കണം…,’
ഇടതൂർന്ന വള്ളികളിൽ പിടിച്ചു് കാടിനുള്ളിലേക്കിറങ്ങുമ്പോൾ കല്ലു പറഞ്ഞു.
നന്നേ മെലിഞ്ഞ കാട്ടുവള്ളികളാണു്. ‘തന്റെ ഭാരത്തെ ഈ ചെറുവള്ളികൾ താങ്ങുമോ…?’ സുധ സംശയിച്ചു.
‘ടീച്ചറെ, അട്ടെയ്ണ്ടാവും…,’
‘ഈശ്വരാ!…’
സുധ അറിയാതെ വിളിച്ചു.
‘പേടിക്കണ്ട… പൊകെലനീര് തുപ്പിയാമ്മതി’
പ്രതിവിധിയും അവൾ പറഞ്ഞു.
അപ്പോഴിനി താനും മുറുക്കിത്തുടങ്ങണം!
സുധ ഉള്ളിൽ ചിരിച്ചു.
വള്ളിക്കാടുകളവസാനിച്ചു.
വെള്ളം പതിക്കുന്നതിന്റെ ശബ്ദം നേർത്തു കേൾക്കാം.
പരന്ന വനഭൂമിയിൽ പുല്ലുകളെ പോലും വളരാൻ വിടാതെ വൻമരങ്ങൾ പന്തലിച്ചു നിന്നു. നടക്കുന്തോറും അരുവിയുടെ ആരവം കൂടിക്കൂടി വന്നു.
‘ദാ…’
ഉയരെയുള്ള പാറക്കെട്ടുകൾക്കിടയിലൂടെ കൈവഴികളായി ഒഴുകിവരുന്ന വെള്ളം ഒരുമിച്ചൊരു കുഴിയിലേക്കു് പതിക്കുന്നയിടത്തിലേക്കവൾ വിരൽ ചൂണ്ടി.
വെള്ളച്ചാട്ടത്തിന്റെ താഴെ നിൽക്കുമ്പോൾ മറ്റേതോ ലോകത്തെത്തിയതു പോലെ.
‘ഊരാളികൾക്കെന്തിനാണ് കുളിമുറിയും കക്കൂസും!’ പ്രകൃതിഭംഗിയെ സുധ ആവോളം ആസ്വദിച്ചു.
‘ടീച്ചറ്പ്പം കുളിക്ക്ണ്ടോ…?’ കല്ലു ചോദിച്ചു.
മടിയും വെച്ചിരുന്നാൽ ശരിയാവില്ല. രണ്ടും കൽപ്പിച്ചു് സുധ പറഞ്ഞു,: ‘ഉണ്ട്…, അതിനുമുമ്പ് വലിയൊരാവശ്യമുണ്ട്.’
അവൾക്കു് കാര്യം മനസ്സിലായി.
‘അവടെ ഒഴ്ഞ്ഞ സ്ഥലാണ്…,’
പാറകൾക്കു് മുകളിലൂടെ ചാടിക്കടന്നു് അരുവിക്കപ്പുറത്തെ വലിയൊരു പാറയുടെ മറവിലേക്കു് ചൂണ്ടി കല്ലു പറഞ്ഞു: ‘ഞാമ്പൊറ്ത്ത് കാത്ത്ക്കാ…’
തങ്ങളിരുവരുമല്ലാതെ ഇവിടെ ഒരു ജീവികളുമില്ല…,
എങ്കിലും ഈ കാട്ടിനകത്തു് ഒറ്റയ്ക്കു് നിൽക്കുകയെന്നാൽ…, ഓർത്തപ്പോൾ സുധയ്ക്കു് പേടി തോന്നി.
‘കല്ലു പോവല്ലെ… എനിക്കിവിടെ പരിചയമില്ലാത്തതല്ലെ.’
പരിചയക്കുറവല്ല. ടീച്ചറിനു് പേടിയാണു്. അവൾക്കതു മനസ്സിലായി.
‘ന്നാ… ഞാന് ഇവ്ടിര്ക്കാ.’ അവൾ ഒരു പരന്ന പാറയിൽ പുറംതിരിഞ്ഞിരുന്നു് എളിയിൽ തിരുകിയിരുന്ന മുറുക്കാൻപൊതി എടുത്തു.
സുധ അരുവിയിലേക്കു് കാല് വെച്ചു…,
‘ഹൂ…തണുപ്പ്!’
കണങ്കാലുകൾ നനച്ചു് അരുവിക്കപ്പുറമെത്തി.
‘ഇവർ ഇവിടെയൊന്നുമല്ല കാര്യം സാധിക്കുന്നത്.,’
സുധ ചിന്തിച്ചു.
‘അത്രയ്ക്ക് വൃത്തിയും വെടിപ്പും!’
അരുവി തിരിച്ചു കടന്നു. കരിമ്പാറയിൽ മലർന്നു കിടന്നു് മരപ്പന്തലിലേക്കു് നോക്കിക്കിടക്കുകയാണു് കല്യാണി.
‘കല്ലു കുളിക്കുന്നില്ലേ…?’
അവൾ അതേ കിടപ്പിൽ ‘ഇല്ല’ എന്നയർത്ഥത്തിൽ ചുമലു് കുലുക്കി.
സുധ അടിപ്പാവടയെ മുലക്കച്ചയാക്കി.
അരക്കെട്ടോളമുള്ള കണ്ണാടി കണക്കെയുള്ള വെള്ളത്തിലേക്കിറങ്ങി.
‘ഹൗ… വേണ്ടിയിരുന്നില്ല…, അത്രയ്ക്ക് തണുത്ത വെള്ളം!’ സുധ ക്ഷണത്തിൽ മുങ്ങി നിവർന്നു.
കുളിയും തുണിയലക്കും കഴിഞ്ഞു് കുന്നുകയറുമ്പോൾ കതിരവൻ മലനിരകൾക്കപ്പുറത്തേക്കു് വീണു തുടങ്ങിയിരുന്നു. കാടിന്റെ പച്ചപ്പിലും, പുഴയിലും കരിനിഴൽ പതിഞ്ഞു തുടങ്ങി.
ആകാശത്തോളം ഉയർന്നു നിന്ന ഊരാളിക്കുന്നിൽ മാത്രം പകലവന്റെ ചെറുകിരണങ്ങൾ അവശേഷിച്ചു.
കാലികളെ മേച്ചിരുന്ന കൊച്ചുപയ്യനെ ദൂരെ നിന്നു കണ്ടപ്പോൾ കല്ലു അവരുടെ തനതു് ഭാഷയിൽ എന്തോ ഉറക്കെ വിളിച്ചുപറഞ്ഞു.
അവൻ ‘ആ…’ എന്നു പറഞ്ഞു് കാലികളോടൊപ്പം വേഗത്തിൽ നടന്നു.
‘മകനാ…, സുബ്ബു. അവനേം ചേർക്കണം സ്കോള്ല്.’
മുന്നിൽ നടക്കുന്ന കല്ലുവിനെ സുധ ഇരുത്തിയൊന്നു നോക്കി.
‘കല്ലൂന്റെ ഭർത്താവിനെന്താ ജോലി…?’
സുധയുടെ ചോദ്യമവൾ കേട്ടില്ലെന്നു തോന്നി.
കിഴക്കു വണ്ടി പടിഞ്ഞാറും കടന്നു് അകലേക്കു് മറഞ്ഞു.
ആകാശത്തു് നക്ഷത്രങ്ങൾ മിന്നിത്തെളിഞ്ഞു. മലയിൽ മഞ്ഞു വീഴ്ച്ച തുടങ്ങി.
കഞ്ഞി തിളച്ചു വെന്തു.
രാജൻ കൊടുത്തുവിട്ടതിൽ പച്ചക്കറികളുണ്ടു്. മിനക്കെടാൻ വയ്യ.
ചൂടാറും മുമ്പേ ചമ്മന്തിപ്പൊടിയും കൂട്ടി കഞ്ഞി കുടിച്ചു. കുടിച്ചതിനു് കണക്കില്ല, അത്രയ്ക്കു വിശപ്പു്.
ജനൽപടികളിലെല്ലാം മെഴുകുതിരികളും റാന്തലുകളിലൊന്നു് കിടപ്പുമുറിയുടെ നടുവിലായും നിന്നെരിഞ്ഞു.
ചൂടിക്കട്ടിൽ ശീലമില്ലാത്തതാണു്.
സിമന്റു നിലത്തു് കിടന്നാൽ രാവിലെയായിരിക്കും ഫലമറിയുക.
അവൾ ബാഗിൽ നിന്നും കിടക്കവിരിയെടുത്തു് കട്ടിലിലെ പുൽപ്പായയിൽ വിരിച്ചു.
കാട്ടുചോലയിലെ കുളി യാത്രാക്ഷീണത്തെ അശേഷം കഴുകിക്കളഞ്ഞിരുന്നു.
പുറത്തേക്കിറങ്ങാൻ ഒരു പൂതി. കുറച്ചു് ഉൾപ്പേടിയുണ്ടായിരുന്നുവെങ്കിലും ഷാളിൽ മൂടിപ്പുതച്ചു് സുധ പുറത്തേക്കിറങ്ങി.
രാത്രിയെന്നു തോന്നാത്തവിധം നിലാവിൽ കുളിച്ചു നിൽക്കുകയാണു് കുന്നിൻമുകൾ. മൈതാന നടുവിലെ കാട്ടുനെല്ലിയുടെ ചില്ലകൾക്കിടയിലൂടെ പൂർണ്ണചന്ദ്രൻ ശോഭിച്ചു നിന്നു. കുടിലുകളിലെ മേൽക്കൂര വിടവുകളിലൂടെ ചിമ്മിനിവെട്ടം പുറത്തേക്കു് നീണ്ടു. ഏതോ കുടിലിൽ നിന്നു് വൃദ്ധസ്വരത്തിൽ ഊരാളിപ്പാട്ടുയർന്നു.
മറ്റൊന്നിൽനിന്നു് പാട്ടിനകമ്പടിയായി ഒരു കുഞ്ഞിന്റെ കരച്ചിലുയർന്നു.
‘ഇതിലേതാണാവോ കല്ലുവിന്റെ വീട്…? അവളുടെ മകന്…, സുബ്ബുവിന്, പത്തോ പന്ത്രണ്ടോ വയസ്സ് കാണും. അപ്പോൾ അവളുടെ കല്യാണം ഏതു് പ്രായത്തിൽ കഴിഞ്ഞിട്ടുണ്ടാവും!’
കോടമഞ്ഞിനെ ചേർത്തുപിടിച്ചു് തണുത്തയൊരു കാറ്റു് ആഞ്ഞു വീശി.
സുധയുടെ രോമകൂപങ്ങൾ ഉണർന്നെഴുന്നേറ്റു. കൈരണ്ടും മാറിൽ പിണച്ചുകെട്ടി സുധ അകത്തേക്കു കയറി കതകടച്ചു.
ഊരിലെ രണ്ടുമൂന്നു പെണ്ണുങ്ങളുടെ കൂടെയാണു് പിറ്റേന്നു് ചോലയിലേക്കു് പോയതു്. മുറിയിലെത്തി ചായ കുടിച്ചു കഴിഞ്ഞതും രാജൻ എത്തി.
പകൽ മുഴുവൻ രാജന്റെയൊപ്പം ഊരിൽ ചുറ്റിക്കറങ്ങി.
പരിചയപ്പെട്ടപ്പോഴറിഞ്ഞു, അയാൾ ഊരാളിവിഭാഗത്തിൽപെട്ട ആളല്ല. അവരിലെ ഒരുവളെയാണു് വിവാഹം കഴിച്ചതു്. വനംവകുപ്പിൽ താൽകാലികമായി ജോലി ചെയ്യുന്നു. മറ്റെവിടെയോ ആണു് താമസം.
മെമ്പറെയും കണ്ടു. ഒരു സ്ത്രീയാണു്.
ഏകാധ്യപകനായി കുറെക്കാലം മുമ്പു് ഒരാൾ ഇവിടെ വന്നിരുന്നതായി പറഞ്ഞു. അതിനെക്കുറിച്ചു് കൂടുതൽ പറയാൻ ഇരുവരും താൽപര്യം കാണിച്ചില്ല. താൻ ചോദിച്ചതുമില്ല.
ഊരാളിക്കുന്നിൽ മൊത്തം നാൽപ്പത്തിയാറു് കുടംബങ്ങളാണു്.
സ്കൂളിലേക്കു് ചേർക്കാൻ തക്ക പ്രായക്കാർ നാൽപ്പതു് കുട്ടികൾ.
‘വയസ്സ് നോക്കണ്ട ടീച്ചറെ… പറ്റുന്നവരെയൊക്കെ രജിസ്റ്ററിൽ ചേർത്തോളൂ… ബാക്കി ഞങ്ങള് നോക്കിക്കോളാം…’ മെമ്പറും കൂട്ടരും പറഞ്ഞതാണു്.
കല്ലുവിനെ കണ്ടതേയില്ല. വീടു് കണ്ടു. നാൽക്കാലികളൊന്നും അവരുടെയല്ല. സുബ്ബുവിനെ പരിസരത്തെങ്ങും കണ്ടില്ല. വേറെയേതെങ്കിലും മേച്ചിൽപുറം തേടിയിട്ടുണ്ടാവും.
ജോലിക്കു കയറി രണ്ടാഴ്ചയായി. അന്തേവാസികൾക്കു് തന്നെ കുറച്ചൊക്കെ ബോധിച്ചതായി തോന്നുന്നു. പെട്ടെന്നാരെയും അടുപ്പിക്കുന്നവരല്ല ഊരിലുള്ളർ.
കാട്ടിലും മേട്ടിലും അലഞ്ഞുതിരിഞ്ഞ കുട്ടികളിൽ പകുതിയോളം പേരെ സ്കൂളിലെത്തിക്കാൻ കഴിഞ്ഞു; സുബ്ബുവിനെയും മറ്റു ചിലരെയും ഒഴികെ.
അവനും രജിസ്റ്ററിലുണ്ടു്; മുഴുവൻ പേരു് സുബ്രഹ്മണ്യൻ.
കുണ്ടും കുഴിയും താണ്ടി സർക്കാർ ബസ്സ് പതുക്കെ നീങ്ങിക്കൊണ്ടിരുന്നു.
‘നാട്ടിലേക്കാണോ…?’
പരിചിതമായ ശബ്ദം.
സുധ തിരിഞ്ഞു നോക്കി. മെമ്പറാണു്.
‘അതെ…, രണ്ടാഴ്ചയായില്ലേ…, മെമ്പറെങ്ങോട്ടാ?’ സുധ ചോദിച്ചു.
മെമ്പർ സുധയ്ക്കരികിലായി കയറിയിരുന്നു.
‘ടൗൺ വരെ പോണം…,’ അവർ പറഞ്ഞു. ‘എങ്ങനെ… ഊരാളിമാരെക്കൊണ്ട് ബുദ്ധിമുട്ടുണ്ടോ…?’
ചോദ്യം സുധയ്ക്കത്ര ദഹിച്ചില്ല.
‘നല്ല കുട്ടികളാ…, നല്ല ആളുകളും. സാഹചര്യമല്ലേ മെമ്പറേ അവരേം നമ്മളെയുമൊക്കെ ഇങ്ങനെയാക്കിയത്.’
മെമ്പറുടെ പുഞ്ചിരി മെല്ലെ മാഞ്ഞു.
‘ഇതിലേ ആദ്യമൊന്നും വാഹനങ്ങളേ ഇല്ലായിരുന്നു… ഞങ്ങടെ ഇടപെടലിലാ രണ്ട് ബസ്സ് ഓടിത്തുടങ്ങിയത്…,’ മെമ്പർ സ്വയം ഉയർന്നു.
‘…ഇനി റോഡും നന്നാവും… പുതിയ റിസോർട്ടുകളുടെ പണി തീരുന്നുണ്ട് ഊരാളിക്കുന്നിനടുത്ത്.’
‘നല്ല കാര്യം…, ഇന്നാട്ടില് ഇവിടുത്തെ റോഡുകളുടെ കാര്യമാണ് കഷ്ടം.’
ബസ്സ്റ്റാന്റിലിറങ്ങി മെമ്പറുടെ ചായക്കുള്ള ക്ഷണം സ്നേഹത്തോടെ നിരസിച്ചു് യാത്രയും പറഞ്ഞു് അടുത്ത ബസ്സിൽ സുധ ചുരമിറങ്ങി.
‘അമ്മയ്ക്ക് ഇങ്ങോട്ടെവിടെയെങ്കിലും സ്ഥലംമാറ്റം വാങ്ങി വന്നൂടെ…?’ മകളുടെ പരാതിയാണു്.
‘അതൊന്നും നടക്കുന്ന കാര്യമല്ല. ഇതു തന്നെ സ്ഥിരമല്ല. വലിയ സ്കൂളിന് സൗകര്യമില്ലാത്തിടത്തേ ഏകാധ്യാപക വിദ്യാലയമുണ്ടാവൂ…’ പറഞ്ഞു മടുത്ത കാര്യങ്ങളാണു്.
‘മോൾക്കവിടെ ബുദ്ധിമുട്ട് കാണുംല്ലേ…?’
രാത്രിയിൽ തന്റെ കാൽമുട്ടുകളിൽ തൈലം പുരട്ടുന്ന സുധയോടു് അമ്മായിയമ്മ ചോദിച്ചു.
‘ഏയ്… ഇല്ലമ്മേ…, ഒക്കെ നല്ലയാളുകളാ… പാവങ്ങൾ. തണുപ്പിത്തിരി കൂടുതലാന്നുള്ള പ്രശ്നമേയുള്ളു.’
ആ വൃദ്ധ വ്യസനിച്ചു.
കല്യാണം കഴിഞ്ഞ സമയത്തേ ശ്വാസംമുട്ടലിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. അതിന്റെ പേരിൽ താൻ മകനോടു് ഒരുപാടു് വഴക്കിട്ടിട്ടുണ്ടു്.
‘ഒരു ദീനക്കാരീനെയാണല്ലോടാ നെനക്ക് കിട്ടീത്…’
എല്ലാം കേട്ടിട്ടും സുധ മറുത്തൊന്നും മിണ്ടിയില്ല.
‘ആ ദീനക്കാരിയാണ് തനിക്കിപ്പോൾ ആശ്രയം.’
ചുമരിലെ ഫോട്ടോയിലേക്കു് കുറേ നേരം നോക്കി നിന്നപ്പോൾ അവരുടെ പാട മൂടിയ കണ്ണുകളിൽ നനവു് പടർന്നു. സുധയുടെ ഉള്ളിലും സങ്കടമുണർന്നു. പക്ഷേ, കണ്ണു നിറഞ്ഞില്ല.
‘അമ്മയ്ക്ക് ഞാനില്ലേ…, എന്നെയേൽപ്പിച്ചല്ലേ മോൻ പോയത്.’…
ആഴ്ചകൾ മാസങ്ങളായി.
സുധ പല തവണ ചുരം കയറിയിറങ്ങി.
‘എന്നതൊക്കെയുണ്ട് ടീച്ചറെ നാട്ടില് വിശേഷം…?’
ബസിറങ്ങി വന്ന സുധയോടു് തൊമ്മിച്ചൻ സുഖാന്വേഷണം നടത്തി.
‘നല്ല വിശേഷം ചേട്ടാ.’ ചായ കുടിക്കുന്നതിനിടെ അവൾ മറുപടി പറഞ്ഞു.
പുനമ്പടിവാരത്തു് തൊമ്മിച്ചന്റെ ചായക്കടയും രണ്ടു പലചരക്കുകടകളും റേഷൻകടയും പാൽസൊസൈറ്റിയും പിന്നെയൊരു പലവ്യഞ്ജനവ്യാപാരം നടത്തുന്ന കടയുമാണു് കാര്യമായിട്ടുള്ളതു്. കുറച്ചു മാറി വനംവകുപ്പിന്റെ സാമാന്യം വലിയൊരു കെട്ടിടവും.
സുധ എല്ലാവരോടും ഒരു അകലം സൂക്ഷിച്ചെങ്കിലും ആളുകളെയെല്ലാം പരിചിതരാക്കിയെടുത്തു.
ബാഗുമായി ഊരാളിക്കുന്നിലേക്കുള്ള കയറ്റം കയറുമ്പോൾ പഴയ പോലെയല്ല, കിതപ്പു് നന്നേ കുറഞ്ഞിരിക്കുന്നു. പല പല ആവശ്യങ്ങൾക്കായി ആഴ്ചയിൽ മൂന്നോ നാലോ തവണ കയറിയിറങ്ങി ഈ കുന്നുമായി പൊരുത്തപ്പെട്ടതാവാം.
പിന്നിലൊരു കാൽപ്പെരുമാറ്റം. തിരിഞ്ഞു നോക്കി;
സുബ്ബുവാണു്.
ക്ലാസിലേക്കവൻ സ്ഥിരമായി വരാറില്ല. പുറത്തു നിന്നുള്ള പരിചയമാണു് കൂടുതൽ.
‘ഡാ…, കാലിമേയ്ക്കാൻ പോയില്ലേ?’
അവൻ ടീച്ചറുടെ മുഖത്തു് നോക്കാതെ ‘ഇല്ല’ എന്നു് ചുമൽ കുലുക്കി.
കല്ലുവിന്റെ അതേ മുഖഛായ. അത്ര വെളുപ്പില്ല, കാർവർണ്ണനാണു്.
അവന്റെ കൂമ്പി മയങ്ങിയ കണ്ണുകൾ കണ്ടപ്പോൾ സുധ തന്റെ മകളെ ഓർമ്മിച്ചു.
‘അമ്മയെവിടെപ്പോയതാടാ…’
ക്ലാസ്സിൽ വരുന്ന കുട്ടികളെയൊന്നും സുധ എടായെന്നു് വിളിക്കാറില്ല. സുബ്ബുവിനെ ഒഴികെ. പാടുള്ളതല്ല, എന്നാലും അവനോടു് മാത്രം എന്തോ ഒരു താൽപ്പര്യക്കൂടുതൽ.
‘അമ്മക്കി സൊഗില്ല…, പനി.’ ചോദ്യങ്ങളിൽ നിന്നു് രക്ഷപ്പെടാനെന്ന പോലെ ഊർന്നു വീഴുന്ന നിക്കറും താങ്ങി സുബ്ബു കയറ്റം ഓടിക്കയറി.
കൈയിലെ പ്ലാസ്റ്റിക് കൂടിൽ റൊട്ടിയാന്നെന്നു് തോന്നുന്നു. ട്രൗസർ താങ്ങിയ മറുകൈയിൽ അവന്റെ കൂടപ്പിറപ്പായ ചൂരൽവടിയും.
‘ടാ… ഓടല്ലെ…, ടീച്ചറിന് ശ്വാസം മുട്ടുന്നു… ഇതൊന്ന് പിടിക്ക്…’
അവൻ ഒന്നു ശങ്കിച്ചുവെങ്കിലും തിരിഞ്ഞു നോക്കി. ടീച്ചർ അവിടെത്തന്നെ നിൽക്കുകയാണു്, കാൽമുട്ടിനു് കൈയ്യും കൊടുത്തു്.
അവൻ അതേ വേഗത്തിൽ ഓടി വന്നു.
സുധ ചിരിയടക്കി.
സുബ്ബുവിനു് പോവാനുള്ള വഴിയെത്തിയതും ബാഗ് തലയിൽനിന്നു് ഇറക്കി സുധയെ ഏൽപ്പിച്ചു.
‘നിൽക്കെടാ… ഞാനും വരുന്നുണ്ട്…’
അവൻ മറുത്തൊന്നും മിണ്ടിയില്ല. ചൂരൽവടി വീശി വേലിച്ചെടികളുടെ തലകളറുത്തുകൊണ്ടു് സുബ്ബു മുന്നിൽ നടന്നു.
ചാണകം തളിച്ചു് ഉണങ്ങിയ കണക്കെ മുറുക്കിത്തുപ്പി വെച്ചിരിക്കുന്ന മുറ്റത്തു നിന്നു് അകത്തേക്കു് കയറുമ്പോൾ സുധ ചോദിച്ചു:
‘ടാ… അച്ഛനിവിടെ ഉണ്ടോ?’
അവന്റെ മുഖം വല്ലാതെ വാടി.
നിലത്തേക്കു നോക്കി, ‘ഇല്ലാ…’ എന്നു് ചുമൽ കുലുക്കി.
സുധ പുറംതിണ്ണയിൽ ബാഗ് വെച്ചു് തല കുമ്പിട്ടു് കുടിലിലേക്കു് കയറി.
ഇരുട്ടു് തളം കെട്ടിക്കിടന്ന മുറിയിൽ തെല്ലിട കഴിഞ്ഞപ്പോൾ കാഴ്ചകൾ തെളിഞ്ഞു.
വീതി കുറഞ്ഞൊരു പലകകട്ടിലിൽ പുതച്ചുമൂടിക്കിടക്കുകയാണു് കല്ലു. ഓരോ തവന്ന ശ്വാസമെടുത്തു് വിടുമ്പോഴും ഞെരങ്ങി മൂളുന്നുണ്ടു്.
സുധ കട്ടിലിനടുത്തേക്കു ചെന്നു.
പുതപ്പു് തലയിൽ നിന്നു മാറ്റി നെറ്റിയിൽ കൈയ്യമർത്തി. പൊള്ളുന്ന ചൂടു്…, വല്ലാതെ വിറയ്ക്കുന്നുമുണ്ടു്.
‘കല്ലൂ…, കല്ലൂ…’
കല്ലു പതുക്കെ കണ്ണുകൾ തുറന്നു. ടീച്ചറാണു് വിളിക്കുന്നതെന്നറിയാൻ കുറച്ചു സമയമെടുത്തു. അവൾ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി.
‘കിടന്നോ… ഞാനിപ്പം വരാം,’
സുധ അവളെ പുതപ്പിച്ചു.
‘സുബ്ബൂ…, വാ…’
സുധ എടുക്കുന്നതിനു് മുന്നേ ബാഗെടുത്തു തലയിൽ വെച്ചു് അവൻ നടന്നു.
പൂട്ടു് തുറന്നു് സ്കൂളിനകത്തു് കയറിയ സുധ, ഉടുത്തിരുന്ന സാരി മാറ്റാൻ നിൽക്കാതെ ചുക്കുകാപ്പി തിളപ്പിച്ചു. മേശയിലുണ്ടായിരുന്ന ചെറിയ ബോട്ടിലുകളിൽ നിന്നു് രണ്ടുമൂന്നു് ഗുളികകളുമെടുത്തു് തൂക്കുപാത്രത്തിൽ കാപ്പിയുമായി കല്ലുവിന്റെ വീടു് ലക്ഷ്യമാക്കി നടന്നു.
മുതിർന്ന ഒരാളുടെ മുഖഭാവവുമായി പുറകെ സുബ്ബുവും.
കല്ലുവിനെ എഴുന്നേൽപ്പിച്ചു് കാപ്പിയും റൊട്ടിയും നിർബന്ധിച്ചു് തീറ്റിച്ച ശേഷം ഗുളികകളിൽ നിന്നു് രണ്ടെണ്ണം കഴിപ്പിച്ചു.
‘കിടന്നോ… ഞാനുച്ചയ്ക്ക് വരാം…’
അടുക്കളയിൽ നിന്നു് കിട്ടിയ വക്കു ചീന്തിയ തൂക്കുപാത്രത്തിൽ ബാക്കി വന്ന ചുക്ക്കാപ്പി ഒഴിച്ചു വെച്ചു് സുബ്ബുവിനോടു് പറഞ്ഞു: ‘ഇടയ്ക്കിടയ്ക്ക് അമ്മയെ കാപ്പി കുടിപ്പിക്കണം.’ അവൻ തലയാട്ടി.
അന്നു് ക്ലാസിൽ ഇരുപതിനടുത്തു് കുട്ടികളുണ്ടാവും. കഞ്ഞി തിളക്കുന്നതു് വരെ സുധ കുട്ടികളെ അവരുടെ പാട്ടിനു വിട്ടു.
സ്വരാക്ഷരത്തിലെ ‘ഇ’ ആയിരുന്നു എഴുതിച്ചതു്. എന്നത്തേയും പോലെ തിരുത്താനൊന്നും നിന്നില്ല, സ്ലെയ്റ്റിലെ പല കോലങ്ങളിലുള്ള ‘ഇ’കൾക്കെല്ലാം സുധ ശരിയിട്ടു കൊടുത്തു.
പതിവിനു വിപരീതമായി കുട്ടികളോടന്നു്, ‘പോയി ഭക്ഷണം കഴിച്ചോളൂ…, ഉച്ചകഴിഞ്ഞ് ക്ലാസ്സില്ല’ എന്നു പറഞ്ഞാണു് വിട്ടതു്.
സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള ഏർപ്പാടു് ചെയ്യാമെന്നു് മെമ്പറും രാജനുമൊക്കെ പറഞ്ഞതാണു്. അതുവരേക്കുള്ള അരിയും പയറും അവരവരുടെ വീടുകളിൽ ഏൽപ്പിച്ചിരുന്നു.
തൂക്കുപാത്രത്തിൽ കഞ്ഞി നിറയ്ക്കുന്നതിനിടെ ക്ലാസ്മുറിയിൽ ആളനക്കം;
സുബ്ബുവായിരുന്നു.
ഉപേക്ഷിച്ചു കിട്ടിയ ചോക്കു കഷ്ണം കൊണ്ടു് ബോർഡിൽ എന്തോ വരയ്ക്കുന്നു.
സുധ ഒന്നും പറയാൻ പോയില്ല.
അടുക്കളമുറ്റത്തു നിന്നു് ചീന്തിക്കൊണ്ടുവന്ന ഒരു വാഴയിലക്കീറിൽ അച്ചാറും ചമ്മന്തിയും പൊതിഞ്ഞെടുത്തു് ക്ലാസ് മുറിയിലെത്തുമ്പോൾ സുബ്ബുവില്ല. പുറത്തേക്കെത്തി നോക്കിയപ്പോൾ ചവിട്ടുപടിയിലിരിക്കുന്നു, വായുവിൽ എന്തോ എഴുതിക്കൊണ്ടു്.
സുധ ബോർഡിലേക്കു് നോക്കി. താനെഴുതിയതിന്റെ താഴെ അവൻ വൃത്തിയായി എഴുതി വെച്ചിരിക്കുന്നു; ‘ഇ’.
‘രണ്ടു ദിവസം കഞ്ഞീം ചോറുമൊന്നും വെക്കണ്ട…, പൊകലേം ചവയ്ക്കര്ത്…’ സുധയുടെ ആജ്ഞയ്ക്കു് കഞ്ഞി കുടിക്കുന്നതിനിടെ കല്ലു സമ്മതം മൂളി.
കഞ്ഞിപ്പാത്രം കഴുകി വെച്ചു് ബാക്കിയായതു തൂക്കുപാത്രത്തിലേക്കൊഴിച്ച ശേഷം സുധ സുബ്ബുവിനെ നോക്കി.
‘എടയ്ക്കെട്ക്കി കൊട്ക്കാ…’ അവൻ പറഞ്ഞു.
‘അമ്പട വിരുതാ…!’ അവൾ ചിരിച്ചു കൊണ്ടു് അവന്റെ കവിളിൽ നുള്ളി.
സന്ധ്യയ്ക്കു മുമ്പു് ചെന്നു നോക്കിയപ്പോൾ രാവിലെ ഉണ്ടായിരുന്നത്ര പനിച്ചൂടില്ല.
‘നാളെക്കൊണ്ട് മാറിക്കോളും…,’ കല്ലുവിന്റെ നെറ്റിയിൽ കൈപ്പുറം വെച്ചു് സുധ പറഞ്ഞു, ‘ ഒന്നു വിയർക്കട്ടെ…, നാളെയും ഇതേ കിടപ്പ് കിടക്കണം.’
നാളുകൾ വീണ്ടും കൊഴിഞ്ഞു.
സ്കൂളിലിപ്പോൾ സ്ഥിരമായി മുപ്പതിനടുത്തു് കുട്ടികളുണ്ടു്.
സുബ്ബു ക്ലാസിൽ മിടുക്കനാണു്, ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമേ ഹാജരാവൂ എന്നതൊഴിച്ചാൽ.
എല്ലാവരും പോയിക്കഴിഞ്ഞേ അവൻ പോവൂ. കുട്ടികൾ ഇരിക്കുന്ന പായ മടക്കിവെക്കുന്ന ജോലി അവൻ സ്വയം ഏറ്റെടുത്തു.
തൊട്ടപ്പുറത്തെ ആൾതാമസമില്ലാത്ത വീട്ടുമുറ്റത്തു വെച്ചു് കുട്ടികൾക്കുള്ള കഞ്ഞിയും പയറും ഉണ്ടാക്കിക്കൊടുക്കുന്നതു് കല്ലുവാണു്.
രാജന്റെ ശുപാർശയിലാണു് ജോലിക്കെടുത്തതു്.
രാജനോ മെമ്പറോ ഇപ്പോൾ സ്കൂളിലേക്കു് വരാറില്ലെന്നു തന്നെ പറയാം.
അരിയും പയറും കൃത്യമായി എത്തുന്നുണ്ടു്.
രാജന്റെ ജോലി സ്ഥിരപ്പെടാൻ സാധ്യതയുണ്ടത്രെ.
സുധ വന്നതിനു ശേഷം ഊരിൽ മൂന്നു മരണങ്ങൾ നടന്നു. രണ്ടു് ആത്മഹത്യ, ഒന്നു പ്രസവസംബന്ധവും. മരണവീടുകളിലേക്കു് അത്യാവശ്യം വേണ്ട അരിയും പയറും സുധയുടെ അറിവോടെ രാജൻ എത്തിച്ചു.
‘ടീച്ചറെ… റെജിസ്റ്ററൊക്കെ ക്ലിയർ ചെയ്യണം…, ഇൻസ്പക്ടർ വരുന്നുണ്ടെന്നു വിവരം കിട്ടി.’ രാവിലെ അടിവാരത്തു വെച്ചു് സുധയെ കണ്ടപ്പോൾ മെമ്പർ പറഞ്ഞതാണു്.
ചെമ്പും പാത്രങ്ങളും കഴുകിക്കഴിഞ്ഞു് ടീച്ചറെ കാണാനായി കല്ലു എത്തിയപ്പോൾ കുട്ടികളൊക്കെ പിരിഞ്ഞു പോയിരുന്നു. സുബ്ബു മാത്രം അവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടു്.
സുധ എന്തോ എഴുത്തുപണികളിലായിരുന്നു.
‘ടീച്ചറ് വരാമ്പറ്ഞ്ഞാ…?’ അവൾ മുറ്റത്തു നിന്നു് ചോദിച്ചു.
‘അകത്തേക്ക് വാ…’
കല്ലു ഇപ്പോൾ പഴയ പോലെയല്ല. ശരീരം ഒന്നു് പുഷ്ടിപ്പെട്ടിരിക്കുന്നു. വൃത്തിയുള്ള വേഷം. മുറുക്കാൻ കറ വായിൽ നിന്നു് അകന്നു. രണ്ടു നേരവും ചോലയിൽ ചെന്നു് കുളിച്ചു തിരുമ്പും. ‘കുട്ടികൾക്ക് ആഹാരമുണ്ടാക്കി കൊടുക്കുന്നവർക്ക് നല്ല അടുക്കും വൃത്തിയും വേണം.’ തക്കത്തിനു് കിട്ടിയപ്പോൾ സുധ പറഞ്ഞതാണു്.
‘മേലാഫീസീന്ന് ആള് വരുന്നുണ്ട്…, അടുക്കളേം പരിസരവുമൊക്കെ പരിശോധിക്കും…,’ ഒന്നു നിർത്തിയ ശേഷം സുധ അവളുടെ മുഖത്തു നിന്നു് കണ്ണെടുത്തു് രജിസ്റ്ററിലേക്കു് തിരിഞ്ഞു.
‘സുബ്രഹ്മണ്യന്റെ അച്ഛന്റെ പേര്…?’
അങ്ങനെയൊരാളെക്കുറിച്ചു് സുധ ഒന്നുരണ്ടു് പ്രാവശ്യം സുബ്ബുവിനോടു് അന്വേഷിച്ചിരുന്നു. മറുപടിയായി അവൻ തല കുനിക്കും.
കുടുംബം ഉപേക്ഷിച്ചു കഴിയുന്ന ഭർത്താക്കന്മാർ ഊരിൽ പലർക്കുമുണ്ടു്. അങ്ങനെയാവാം ഇതും എന്നു് സുധ കരുതി.
കല്ലുവിൽ നിന്നു് മറുപടിയൊന്നുമില്ലായെന്നു കണ്ടപ്പോൾ സുധ മുഖമുയർത്തി.
തലകുനിച്ചു നിൽക്കുകയാണു് കല്ലു.
സുധ കുറച്ചധികാരത്തോടെ തന്നെ കല്ലുവിന്റെ താടിയിൽ പിടിച്ചുയർത്തി…, അവളുടെ നീണ്ടു തെളിഞ്ഞ കണ്ണുകളിൽനിന്നു് ഉതിർന്ന കണ്ണുനീർ സുധയുടെ വിരലുകളെ നനയിച്ചു.
സുധ ഒന്നു പരുങ്ങി.
ടീച്ചറെന്തെങ്കിലും പറയുന്നതിനു് മുമ്പു് കല്ലു പുറത്തേക്കിറങ്ങി വേഗത്തിൽ നടന്നു…, പിന്നാലെ സുബ്ബുവും…
ഇൻസ്പെക്ടർ പുറത്തു നിന്നു തന്നെ ക്ലാസിലേക്കൊന്നു് എത്തി നോക്കി.
മെമ്പറും ഒരു കൂട്ടം ആളുകളും കൂടെയുണ്ടായിരുന്നു. രജിസ്റ്റർ വളരെ ലാഘവമായി പരിശോധിച്ചു് ഒപ്പുവെച്ചു് സുധയെ തിരിച്ചേൽപ്പിച്ചു.
‘കുറച്ചുകൂടി കുട്ടികളെ സംഘടിപ്പിക്കണം.’ എന്നു മാത്രം പറഞ്ഞു് അധികനേരം നിൽക്കാതെ അയാൾ സ്ഥലം വിട്ടു. കൂടെ പരിവാരങ്ങളും.
ഊരിലെ ആളുകൾക്കു് സുധയെ നന്നായി ബോധിച്ചുതുടങ്ങിയിരിക്കുന്നു. അവളിപ്പോൾ നീർച്ചോലയിലേക്കു് തനിച്ചു പോയി വരും. കുരങ്ങന്മാരെയും മലയണ്ണാന്മാരെയുമല്ലാതെ മറ്റൊരു കാട്ടുജീവികളെയും അവിടെയെങ്ങും കണ്ടില്ല.
കയറിയിറങ്ങുമ്പോഴുള്ള പിടിവള്ളി ചൂരലാണെന്നു് അവൾ കണ്ടെത്തി. വെള്ളക്കാരുടെ കാലത്തു് ഉൾകാട്ടിൽ നിന്നു് മാറ്റിത്താമസിപ്പിച്ച ഗിരിജനങ്ങളുടെ തലമുറകളാണു് ഇവിടെയുള്ളവർ.
അന്നിവിടെ നിറയെ ചൂരൽക്കാടായിരുന്നു. ഊരാളിക്കുന്നിന്റെ പഴയ പേരു് ‘പുനമ്പു മല’ എന്നായിരുന്നത്രെ.
കെണിവെച്ചും വേട്ടയാടിയും പിടിക്കുന്ന കാട്ടിരകളിൽ ഒരു പങ്കു് ഊരാളികൾ കുട്ടികളുടെ കൈയിൽ ടീച്ചറിനു വേണ്ടി പൊതിഞ്ഞു കൊടുക്കുന്നതു് പതിവായി.
ആദ്യമൊക്കെ അവരറിയാതെ കാട്ടിൽ കളഞ്ഞു. ഒരിക്കൽ വേവിച്ചു കഴിച്ചു നോക്കിയപ്പോൾ അരുചിയൊന്നും തോന്നിയില്ല. മുയലിറച്ചിയൊഴികെ ബാക്കിയെല്ലാം സുധ വാങ്ങിവെച്ചു.
അന്നൊരു മഴക്കോളുള്ള ഞായറാഴ്ച്ചയായിരുന്നു. കുറെ വൈകിയാണന്നു് സുധ എഴുന്നേറ്റതു്.
അലക്കാനുള്ള തുണികളുമായി സുധ പുറത്തേക്കിറങ്ങുമ്പോൾ കല്ലു ഒരു ബക്കറ്റുമായി വരുന്നു. ‘ടീച്ചറേ… നിക്ക് ഞാനൂണ്ട്…’
അന്നത്തെ സംഭവത്തിനു ശേഷം അവളെ ഒറ്റയ്ക്കു് കിട്ടിയിട്ടില്ല. മനപ്പൂർവ്വം ഒഴിഞ്ഞുമാറുന്നതാണെന്നു് സുധയ്ക്കു് തോന്നി. അതിനെക്കുറിച്ചു് മറ്റാരോടും ഇതുവരെ ചോദിച്ചിട്ടില്ല. എല്ലാ കാര്യങ്ങളിലും കയറി ഇടപെടേണ്ടതില്ല എന്നു് കരുതി.
‘എത്ര ദെവസാ സ്കോള് പൂട്ടാ…’ ചോലയിലേക്കു് നടക്കുമ്പോൾ കല്ലു ചോദിച്ചു.
‘പതിനഞ്ച് ദിവസം.’
ഉത്തരം കേട്ടതും അവൾ മൗനിയായി.
‘നീ അലക്കുന്നില്ലേ…?’ നനഞ്ഞൊട്ടിയ മാക്സിക്കു മുകളിലൂടെ ഈരിഴത്തോർത്തുടുത്തു് അരുവിയിലേക്കിറങ്ങുമ്പോൾ സുധ ചോദിച്ചു.
അവളൊന്നു് മൂളുക മാത്രം ചെയ്തു.
പരന്ന പാറയ്ക്കു് മുകളിൽ കാൽമുട്ടു മടക്കി മലർന്നു കിടക്കുകയാണു് കല്ലു.
അവൾ കാടിന്റെ മേൽക്കൂരയിലേക്കു് നോക്കി.
പൊഴിച്ചിട്ട ഇലകൾക്കു പകരം തളിരിലകളെ കണക്കില്ലാതെ പെറ്റു കൂട്ടുന്നു കാട്ടുമരം. മരക്കൊമ്പുകളെ ഇറുക്കി ചുറ്റിപ്പിണഞ്ഞു് കാട്ടുവള്ളികൾ സഞ്ചരിക്കുന്നു. അവയ്ക്കിടയിലൂടെ അരിച്ചിറങ്ങിയ പ്രഭാതകിരണങ്ങൾ കല്ലുവിന്റെ ചുവന്ന മൂക്കുത്തിക്കല്ലിനെ തിളക്കി. ഇക്കിളികൊണ്ടപ്പോൾ അവൾ കണ്ണുകളടച്ചു…
‘ടീച്ചറന്ന് ചോദിച്ചില്ലേ…,?’
അരുവിയൊഴുക്കിൽ സാരി ഉലമ്പിയെടുക്കുന്നതിനിടെ സുധ തലയുയർത്തി.
‘എന്ത്…?’
‘സുബ്ബൂന്റെ അപ്പന്റെ കാര്യം…’
‘മ്ം…’ സുധ സാരിയുമായി നിവർന്നു.
‘ന്റപ്പനും അമ്മേമൊക്കെ ചെറുപ്പത്തിലേ എന്തോ ദീനം വന്ന് മരിച്ചതാ…, വകേയില്ള്ള ഒര് ചെറിയപ്പന്റെ വീട്ട്ന്നാ ഞാവ്വളർന്നത്…,’
അതു പറയുമ്പോൾ അവളുടെ കണ്ണുകൾ തുറന്നിട്ടില്ലായിരുന്നു.
‘എന്ത് ചെയ്താലും പറഞ്ഞാലും ചീത്ത വിളിക്കും ചെറിയമ്മ…,’
കല്ലുവിനൊപ്പം സുധയുടെ മനസ്സും അരുവിയെന്ന പോലെ ഒഴുകി…,
സ്കൂൾ കെട്ടിടം പണിതു് കഴിഞ്ഞിട്ടേയൊള്ളു. ആരൊക്കെയോ വന്നു് നാട മുറിച്ചു.
ഊരിലെ ചിലർ സന്തോഷിച്ചു; ‘മക്കളെ പഠിപ്പിച്ച് ജോലിക്കാരാക്കാം!’
ചിലർക്കു് അരിശം മൂത്തു; ‘പഠിച്ചിട്ടെന്ത് കിട്ടാൻ, പശി മാറാൻ കാട്ടിലെറങ്ങണം…!’
ഒരു ദിവസം കോളനിയിലേക്കെത്തിയ പ്രമുഖരുടെ കൂടെ ഒരാളുമുണ്ട്…, സുന്ദരനായൊരു ചെറുപ്പക്കാരൻ. പുതിയ മാഷായിരുന്നു. ഇരുനിറമുള്ള വട്ട മുഖം. കട്ടി മീശ. ഷേവ് ചെയ്തു് മിനുക്കിയ താടി. കൈയിൽ സ്വർണ്ണച്ചങ്ങലയുള്ള വാച്ച്. ലെതറിന്റെ ചെരുപ്പ്. ഇസ്തിരിട്ട വെളുത്ത ഷർട്ടും മുണ്ടും.
ഊരിലെ സകല കുടിലുകളിലും അയാളും കൂട്ടരും കയറിയിറങ്ങി. കുറെ കുട്ടികളെ സംഘടിപ്പിച്ചു് പഠനം തുടങ്ങി.
ചെറിയപ്പനെപ്പോലെ ചിലർ കുട്ടികളെ സ്കൂളിലേക്കു് വിട്ടില്ല.
‘ചൂര്ല് മുറ്ച്ചും തേനെട്ത്തും ബിറ്റാലേ തിന്നാങ്കിട്ടൂ…’
ഒരിക്കൽ, മൈതാനത്തു് ചൂരലുഴിയുമ്പോൾ കല്ലുവിനേക്കാൾ പ്രായം കുറഞ്ഞ ചെറിയപ്പന്റെ മകൾ നിലത്തു് അവളുടെ പേരെഴുതി.
കല്ലുവിനു് സങ്കടമായി.
ചെറിയമ്മ സ്വന്തം മകളെ മാത്രം സ്കൂളിലേക്കു് പറഞ്ഞയക്കുന്നുണ്ടു്.
എതിർത്ത ചെറിയപ്പനെ അവർ വിരട്ടി: ‘ഒരാളെങ്ക്ലും പഠിക്കട്ടെ…’
ഒരു വർഷം കഴിഞ്ഞു കാണും…, നാട്ടിലെയും പുറംനാട്ടിലെയും പലരുമായും മാഷ് ചങ്ങാത്തത്തിലായി. വൈകുന്നേരങ്ങളിൽ എല്ലാവരും കുന്നു കയറി വരും. ചിലരൊക്കെ പാതിരാത്രി വരെ സ്കൂളിനകത്തും പരിസരത്തും ചുറ്റിത്തിരിഞ്ഞു. മലഞ്ചെരുവിൽ തീ കൂട്ടി ചുറ്റും പാട്ടും തുള്ളലും പാതിരാവോളം തുടർന്നു.
പരാതിയുമായി പോയ ഊരിലെ ചെറുപ്പക്കാർ ഉറയ്ക്കാത്ത കാലുകളുമായി തിരിച്ചു വന്നു.
ഒരു അവധി ദിവസം…;
സ്കൂളിന്റെ ജാലകത്തിൽ തൂങ്ങിവലിഞ്ഞു് രണ്ടു് കണ്ണുകൾ എത്തി നോക്കി. കട്ടിയുള്ളൊരു പുസ്തകം വായിക്കുകയായിരുന്നു മാഷ്.
ജനലഴികളിലെ വെളുത്ത കൈകൾ അയാൾ കണ്ടു: ‘അകത്തേക്ക് വാ…, പേടിക്കണ്ട…’
അഴികളിലെ കൈകൾ അപ്രത്യക്ഷമായി…, വാതിൽപടിയിൽ രണ്ടു കാലുകൾ പ്രത്യക്ഷപ്പെട്ടു. കഷ്ടിച്ചു് മുട്ടോളമെത്തുന്ന പിഞ്ഞിക്കീറിയ പാവാടയുടെയും കുപ്പായത്തിന്റെയും വിടവുകളിലൂടെ തെളിഞ്ഞ വെളുത്ത തൊലിനിറത്തിൽ അയാളുടെ കണ്ണുകളുടക്കി.
‘ഇങ്ങടുത്ത് വാ…, ചോദിക്കട്ടെ…’
അയാൾക്കരികിലേക്കു് അഴുക്കു് പുരണ്ട കാൽപത്തികൾ നിലത്തുരഞ്ഞു് മടിയോടെ നീങ്ങി.
‘എന്താ മോൾടെ പേര്…?’ അവളുടെ താടി പിടിച്ചുയർത്തിക്കൊണ്ടു് അയാൾ ചോദിച്ചു.
‘കല്യാണി.’
അയാളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.
‘എന്താ വന്നത്?’ മറുകൈ അവളുടെ ചുമലിൽ വെച്ചു് അയാൾ ചോദിച്ചു.
‘പടിക്കണം…’
‘എന്ത്?.’
‘പേരെയ്താന്.’
‘ഇയാൾക്കെത്ര വയസ്സായി?.’
‘അറിയൂല…’ അവൾ പറഞ്ഞു.
അയാളുടെ നോട്ടം അവളുടെ വിടർന്ന കണ്ണുകൾക്കും താഴെ പുറത്തേക്കു് മലർന്ന ചെഞ്ചുണ്ടുകളും താടിയും കടന്നു് കൊളുത്തു് പൊട്ടിയ കുപ്പായവിടവുകളിലേക്കു് നീങ്ങി…,
‘ഇത്ര വലിയ കുട്ടികളെ ഇവിടുന്നല്ല പഠിപ്പിക്ക്യാ…,’ അയാളുടെ വിരലുകൾ കഴുത്തിൽ ചിത്രം വരച്ചപ്പോൾ അവൾക്കു് ആദ്യമായി എന്തോ വല്ലായ്മ അനുഭവപ്പെട്ടു.
‘അരുവിക്കടുത്തേക്ക് വാ… സന്ധ്യയ്ക്ക്…, പഠിപ്പിച്ച് തരാം…’
അവൾ സന്തോഷത്തോടെ തലയാട്ടി തിരിച്ചു നടന്നു. പിന്നിലുഴിഞ്ഞിരുന്ന അയാളുടെ കൈകളിൽനിന്നു് അവളുടെ ഉടുപ്പു് വഴുതിയകന്നു…
സുധയുടെ ഉപ്പൂറ്റി വിണ്ട കാലുകളെ കാട്ടുപരലുകൾ കൊത്തിപ്പറിച്ചു. കൈയിലിരുന്ന സാരിത്തുണി പാറയിലേക്കിട്ടു. തരിച്ച കാലുകൾ വലിച്ചു് സുധ കല്ലുവിന്റെയടുത്തു് ഇരുന്നു പോയി.
കണ്ണുകൾ തുറന്നു് ചിമ്മിയടച്ചപ്പോൾ കല്ലുവിന്റെ കവിളിലൂടെ രണ്ടു് തുള്ളി ചുടുകണ്ണീർ ചെവിയിലേക്കു് വീണൊഴുകി.
‘ഈ പാറേല് വെച്ചാ ടീച്ചറേ…, എനക്കൊന്നും അറിയില്ലായ്ര്ന്ന്…, എല്ലാം മനസ്സിലായ പ്പേക്കും…’
സുധയാകെ മരവിച്ചിരുന്നു.
‘ചെറിയമ്മയല്ലാതെ ആര് ചോദിച്ചിട്ടും ഞാനയാളെ…, കാണിച്ച് കൊട്ത്തില്ല…, പറഞ്ഞാ കൊല്ലൂന്നാ പറഞ്ഞെ…, സമ്ദായത്തിന്റെ പൊറത്ത്ള്ള ആളാന്നറിഞ്ഞാല് ഊര്ന്ന് പൊറ്ത്താക്കും…,’
സുധ അവളുടെ പിണച്ചിട്ട കൈകളിൽ തന്റെ വിറയ്ക്കുന്ന കൈ വച്ചു.
‘ഞാനെവിടെപ്പോവും ടീച്ചറെ… നിക്കാരാള്ള്ത്…,’ അവളുടെ വാക്കുകൾ മുറിഞ്ഞു.
‘പോവണേയ്ന് മുമ്പ് അയാള് ചെറിയമ്മക്ക് പൈസ കൊട്ത്തൂന്നറഞ്ഞു…, ആ മഴക്കാലം കൈഞ്ഞ് അയാള് വന്നില്ല…, സുബ്ബൂനെ വിചാരിച്ചാണ്…, അല്ലെങ്കി…’ അവളുടെ കവിളിലൂടെയിറങ്ങിയ ഉപ്പുനീർ പാറയിൽ വീണു വറ്റി…
പരീക്ഷയ്ക്കു മുമ്പു് ഒരു ദിവസം സുധ ടൗണിലേക്കു് പോയിരുന്നു. കുട്ടികൾക്കോരോരുത്തർക്കായി പെൻസിലും മറ്റും സമ്മാനമായി കൊടുക്കണമെന്നു് എന്നോ കരുതിയതാണു്. പരീക്ഷയുടെ അവസാനദിവസം, മറ്റെല്ലാവരും പോയിക്കഴിഞ്ഞു് സുധ കല്ലുവിനെയും സുബ്ബുവിനെയും ക്ലാസിലേക്കു് വിളിച്ചു വരുത്തി. ഒരു പൊതി അവരെ ഏൽപ്പിച്ചു:
‘ഓണത്തിന് രണ്ടാളും ഇതിടണം…, നല്ല ഭക്ഷണമുണ്ടാക്കിക്കഴിക്കണം…,’
സുധ തലയിൽ തഴുകിയപ്പോൾ കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ സുധയുടെ ചുമലിലേക്കു് ചാഞ്ഞു…
‘പെണ്ണുങ്ങൾ കരയരുത്…’ സുധ അവളുടെ ചുമലിൽ തട്ടി.
നിലത്തേക്കു് കുത്തിയിരുന്നു് സുബ്ബുവിന്റെ മുഖം സുധ കോരിയെടുത്തു.
‘ടീച്ചറ് വേം വെരണം…, ഞാന് ഇന്യെന്നും സ്കോളിലിക്കി വെരും…, ഞാനും പഠിച്ച് വെല്ല്യാളാവും.’
അവന്റെ കണ്ണുകളിലേക്കു് നോക്കിയപ്പോൾ അത്രനേരം പിടിച്ചു നിന്ന സുധയുടെ കണ്ണുകളിൽ ഉറവ പൊട്ടി.
‘വരാം…’
ഊരാളിക്കുന്നിറങ്ങുമ്പോൾ തുടങ്ങിയ മഴ ചുരമിറങ്ങുന്നതു വരെ സുധയെ വേട്ടയാടി.
ഓണത്തിന്റെ പിറ്റേന്നാണത്; ‘അമ്മേ… അമ്മയുടെ ജോലിസ്ഥലമല്ലേയിത്…, പുനമ്പടിവാരം…?’
മകൾ ടിവിയിലെ പ്രധാന തലക്കെട്ടു് കാണിച്ചു. സുധ വാർത്തയിലേക്കു് കണ്ണോടിച്ചു.…
സുധയുടെ തലയിലൊരു കൊള്ളിയാൻ മിന്നി. അങ്ങു് ദൂരെ പുനമ്പുമലയുടെ മുകളിലെയെന്ന പോലെ.
ബസ്സു കയറിയാൽ ഉടനെ ഉറങ്ങുന്ന സുധ അന്നു് ഒട്ടും മയങ്ങിയില്ല.
അത്ര ദിവസവും തന്നെ കാത്തിരുന്നപോലെ മഴ പെയ്തു കൊണ്ടേയിരിക്കുകയായിരുന്നു ചുരത്തിൽ. ടൗണിലിറങ്ങുമ്പോഴും പേമാരി കൂടെത്തന്നെയുണ്ടു്.
‘അഞ്ചാറ് ദിവസായി നിക്കാണ്ട് പെയ്യാണ്… അങ്ങോട്ടുള്ള ബസ്സ് ഓട്ടം നിർത്തി…,’
ബസ്റ്റാന്റിൽ നിന്നു കേട്ടു, ‘ജംഗ്ഷനീപ്പോയാച്ചെലപ്പൊ ജീപ്പ് കിട്ടും.’
അറിഞ്ഞതു് തെറ്റല്ല. ആളുകളെ കുത്തിനിറച്ചു വന്ന ഒരു ജീപ്പിൽ സുധയും ഇടം പിടിച്ചു.
അടിവാരമെത്തുന്നതിന്റെ മുമ്പായി നിർത്തി വണ്ടിക്കാരൻ പറഞ്ഞു: ‘ഇനിയങ്ങോട്ട് പോവില്ല.’
സുധ കുട നിവർത്തി നടന്നു.
പുനമ്പടിവാരം പ്രളയഭൂമിയായി കഴിഞ്ഞിരിക്കുന്നു…,
ഉരുളൻകല്ലുകളടക്കം കാട്ടുമരങ്ങൾ കടപുഴകി വന്നു് റോഡിൽ അടിഞ്ഞുകൂടിയിരിക്കുന്നു.
തകർന്നു കിടക്കുന്ന കടമുറികൾ.
റോഡിലേക്കിറങ്ങിയ ചളിമണ്ണു് ചെറുപ്പക്കാർ കൊത്തി മാറ്റാൻ ശ്രമിക്കുന്നുണ്ടു്.
ആരും ആരെയും ശ്രദ്ധിക്കുന്നില്ല. പരിചിതമായ മുഖങ്ങളിൽ ഒന്നു് തൊമ്മിച്ചന്റേതായിരുന്നു. നിലം പൊത്തിയ ചായക്കടയുടെ അസ്ഥികൂടത്തിൽ നിന്നും അയാളും ഭാര്യയും എന്തൊക്കെയോ തിരയുന്നു.
ആളുകളുടെ മുഖത്തു് പരിക്കുകളുടെ കൂടെ നിർവ്വികാരതയും തളം കെട്ടി നിന്നു.
‘ടീച്ചറെ…,’ സുധ തിരിഞ്ഞു നോക്കി. രാജനാണു്.
‘എല്ലാം പോയി ടീച്ചറേ…,’ അയാളിൽ സങ്കടമില്ല. മറിച്ചു് അളക്കാനാവാത്ത മറ്റെന്തോ വികാരമായിരുന്നു.
‘കുറേപ്പേര് പോയി…, കുറച്ചാളെ കിട്ടി… എല്ലാരും ഫോറസ്റ്റ് ഓഫീസിലാണ്…’
സുധ അങ്ങോട്ടു നടക്കുന്നതിനിടയിൽ ഊരാളിക്കുന്നിലേക്കു് കണ്ണെറിഞ്ഞു…, ആ വലിയ മലയുടെ പകുതിയും ഉരുൾപൊട്ടലിൽ അടർന്നു് കാണാതായിരിക്കുന്നു…!!
ആർപ്പുവിളികൾക്കിടയിലൂടെ അവൾ ആരെയോ തിരഞ്ഞു നടന്നു. വെറുംനിലത്തും പായകളിലും ചളിയിൽ കുളിച്ച മനുഷ്യർ ഞരങ്ങുന്നു. ചിലർ നെഞ്ചടിച്ചു് നിലവിളിക്കുന്നു.
‘ആർക്കെങ്കിലും തിരിച്ചറിയാൻ പറ്റുന്നുണ്ടോ…’ കെട്ടിടത്തിന്റെ പിൻഭാഗത്തു നിന്നും ഒരാൾ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു.
സുധ അങ്ങോട്ടു നടന്നു. മണ്ണിൽ കുളിച്ച അനക്കമറ്റ മനുഷ്യശരീരങ്ങൾ പനമ്പായകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും നിരത്തി വെച്ചിരിക്കുന്നു.…,
ഓരോ മുഖങ്ങൾ കാണുമ്പോഴും സുധയുടെ ഹൃദയം നീറി…;
അവസാന കാഴ്ച്ചയിൽ മുറുക്കിച്ചുവപ്പിച്ച വാ തുറന്നു് നിഷ്കളങ്കമായി ചിരിച്ചവർ…,
‘ടീച്ചറിന്ന് കറിക്കൊന്നും വാങ്ങണ്ടാട്ടോ… വീട്ട്കാരൻ കാട്ട്പ്പോയ്ട്ട്ണ്ട്…’ മക്കളുടെ ഗുരുനാഥയെ സന്തോഷിപ്പിക്കാൻ മത്സരിച്ച കാടിന്റെ മക്കൾ…,
‘ടീച്ചറെ… ലേശം അരി തെരോ…’ ഇരുട്ടിൽ ജനലഴികളിലൂടെ മുറവുമായി യാചിച്ചവർ…,
‘ടീച്ചറെ… ന്റെ പേരക്കുട്ടീനെ പട്പ്പിച്ച് വെല്യ ഡോട്ടറാക്കണം…’ ആദ്യമായി ഊരാളിക്കുന്നിലേക്കു വഴികാണിച്ച വൃദ്ധദമ്പതികൾ…, അവരിതാ… ഇന്നും തൊട്ടുരുമ്മിക്കിടക്കുകയാണു്…
യാന്ത്രികമായി നീങ്ങിയ സുധയുടെ കൈകളിൽ ആരോ പിടുത്തമിട്ടു. താഴേക്കു് നോക്കി…,
‘സുബ്ബൂ…’ അവന്റെ കുഞ്ഞുകണ്ണുകളിൽ നിറഞ്ഞു തുളുമ്പാനായി നിൽക്കുന്നതു് ഭീതിയോ യാചനയോ…
‘അമ്മയെവിടെ മോനേ…?’ ചളിപുരണ്ട അവന്റെ നഗ്നമായ തോളുകളിൽ പിടിച്ചു് സുധ ചോദിച്ചു.
ആൾക്കൂട്ടമില്ലാത്ത മൂലയിലേക്കവൻ കുഞ്ഞുവിരൽ ചൂണ്ടി.
സുധ ആ ഭാഗത്തേക്കു് നടന്നു. അവളുടെ കൈവിരലിൽ പിടിച്ചു് സുബ്ബുവും.
കല്ലു…!
പനമ്പായയിൽ നീണ്ടു മലർന്നു കിടക്കുകയാണവൾ…; കാട്ടരുവിക്കടുത്ത പരന്ന പാറയിലെന്ന പോലെ.
താൻ വാങ്ങിക്കൊടുത്ത ഓണക്കോടിയാണവൾ ധരിച്ചിരുന്നതു്. തന്റെ മകൾക്കു വേണ്ടി വാങ്ങിയ വെള്ളിപ്പാദസരമാണു് അവളുടെ ചളി പുതഞ്ഞ കാലുകളിൽ…
‘പൈക്കളെ മേക്കാൻ പോയതോണ്ട് കുട്ടി രക്ഷപ്പെട്ടു…’ ആരോ പറയുന്നതു് കേട്ടു.
സുധ കല്ലുവിന്റെ അടുത്തിരുന്നു. മരക്കൊമ്പു് കൊണ്ടു് കീറിയ അവളുടെ നഗ്നമായ തുടഭാഗം മറച്ചു.
ആ മുഖത്തേക്കു് തന്നെ നോക്കിയിരുന്നു…, അന്നാദ്യമായി കല്ലു ചിരിക്കുന്നതായി തോന്നി.
സുധയുടെ ഇടതുകൈയിലെ പിടുത്തം കൂടുതൽ കൂടുതൽ മുറുകിക്കൊണ്ടിരുന്നു…
സുബ്ബുവിന്റെ മങ്ങിയ കണ്ണുകളിൽ നീരു വറ്റിയിരുന്നു…
ആ കണ്ണുകളിലേക്കു നോക്കിയപ്പോൾ വീട്ടിലെ ചുമരിൽ തൂക്കിയ ഫോട്ടോയിലെ കണ്ണുകൾ സുധയുടെ ഓർമ്മയിൽ വീണ്ടും തെളിഞ്ഞു വന്നു…;
ഏകാധ്യാപകനായിരുന്ന രവിമാഷിന്റെ കണ്ണുകൾ…
1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
മാതാപിതാക്കൾ: ബാലൻ, തങ്കമണി.
ഭാര്യ: ജിഷ.
മകൻ: ശിവതേജ്.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.