‘എകാന്തത വല്ലാത്തൊരവസ്ഥയാണു്;
കാണുന്നവർക്കു് നിസ്സാരവും അനുഭവിക്കുന്നവനു്
അതിഭീകരമായും തോന്നുന്ന ഒരു ദുരവസ്ഥ…
അതിൽ കുരുങ്ങാതിരിക്കാൻ, ഒറ്റപ്പെടേണ്ട സാഹചര്യം ഒഴിവാക്കുക എന്നതു മാത്രമാണു് മാർഗ്ഗം.—നമ്മളെത്തേടി ആരും വരില്ല മറിച്ചു്, ആരെയെങ്കിലും തേടി നമ്മൾ തന്നെയിറങ്ങണം…-’
ഇതൊക്കെയും ഇക്കഴിഞ്ഞ പല പതിറ്റാണ്ടുകാലയളവിൽ നേരിട്ടും അല്ലാതെയും ഞാനനുഭവിച്ചറിഞ്ഞ ജീവിത സത്യങ്ങളിൽ ചിലതു മാത്രമാണു്!
രാത്രിയെ പകലാക്കുന്ന ജോലി.
സാഹചര്യവശാൽ വന്നുപെട്ടതാണു്.
ഒഴിവാക്കാൻ തൽക്കാലം കഴിയുകയുമില്ല.
അവളിന്നുണ്ടായിരുന്നെങ്കിൽ അത്ഭുതത്തോടെ പറഞ്ഞേക്കാം: ‘നിങ്ങൾക്കെങ്ങനെ ഇതു് ശരിയാകുന്നു…!?’
ആ ചോദ്യത്തിനവൾക്കു് വ്യക്തമായ കാരണങ്ങളുമുണ്ടു്… ‘കുടുംബങ്ങളിലെയും നാട്ടിലെയും സകല ആഘോഷപരിപാടികളിലും സജീവമായി പങ്കെടുക്കുന്നവൻ, കണ്ണിൽ കണ്ടതിനെയൊക്കെ അനുഭവിച്ചും, ആസ്വദിച്ചും വിമർശിച്ചും, എതിരഭിപ്രായങ്ങൾ പറഞ്ഞും…, കേട്ടും നടക്കുന്നവൻ, നഷ്ടപ്പെടുത്താൻ മടിച്ചു് പരമാവധി തട്ടുമുട്ടലില്ലാതെ സൗഹൃദങ്ങളെ കൈകാര്യം ചെയ്യുന്നവൻ. തരത്തിനൊരാളെ കിട്ടിയാൽ വാക്കുകൾ തോരാത്ത വായാടി… എല്ലാത്തിനുമുപരി, ഒറ്റയ്ക്കിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തവൻ.’
അങ്ങനെയുള്ളവൻ, ഇരുട്ടിനു് കൂട്ടായി തനിച്ചു്, മിണ്ടാട്ടവും ജീവനുമില്ലാത്ത അസ്ഥിക്കൂടം കണക്കെ ഉയർന്നു നിൽക്കുന്ന പണിതീരാകെട്ടിടങ്ങൾക്കു് കാവലാളായി ഇരിക്കുന്ന ജോലി തന്നെ തെരഞ്ഞെടുത്തു എങ്കിൽ അതിനു് തക്കതായ കാരണങ്ങളുമുണ്ടാവുമല്ലോ…?
എന്നാലിപ്പോൾ സത്യം മറ്റൊന്നാണു്; കൂടെ നിന്നുനിന്നു് മൂകയായ ഈ കൂരിരുട്ടിനോടു് ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു… സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ കടുത്ത വെറുപ്പുളവാക്കുന്ന ബന്ധനങ്ങളായി തോന്നുന്നു. എന്തുകൊണ്ടോ, ഈയിടെയായി ഒറ്റയ്ക്കിരിക്കാൻ ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു, ഞാനും…—ആപത്താണെന്നറിഞ്ഞു കൊണ്ടുതന്നെ!
അങ്ങനെയിരിക്കെ…
നവംബറിലെ ഒരു രാത്രി;
മഴ പെയ്തുതോർന്ന സന്ധ്യയകന്ന വേളയിലാണു് ഒരുവൾ എന്റെയടുത്തേക്കു് പമ്മിപ്പതുങ്ങി വരുന്നതു്. കെട്ടിടത്തിനു മുന്നിലായി സ്ഥാപിച്ച ഹലോജൻ വെട്ടത്തിലൂടെ അകത്തേക്കു വന്ന അരണ്ട പ്രകാശം തളം കെട്ടിക്കിടക്കുന്ന എന്റെ കൂടാരത്തിലേക്കു് അവൾ കുണുങ്ങിക്കൊണ്ടു് കയറി വരുന്നു; എല്ലുതെളിഞ്ഞു് ശോഷിച്ച, ചെമ്പിച്ച നിറമുള്ള ഒരു കുഞ്ഞിപ്പൂച്ച.
ഉള്ളതു് പറഞ്ഞാൽ, പൊതുവെ വെറുപ്പാണു് ഇവറ്റകളോടു്.
ചെറുപ്പത്തിലെപ്പോഴോ ആരോ പറഞ്ഞു കേട്ടു് മനസ്സിൽ കുറിച്ചിട്ടതാണു്,—കേട്ടു് പതിറ്റാണ്ടുകൾ പലതു കഴിഞ്ഞെങ്കിലും ആ മനോഭാവത്തിൽ ഒരല്പംപോലും ഇന്നും കുറഞ്ഞിട്ടില്ല എന്നു തോന്നുന്നു.—
അതിതാണു്…, ‘ഇവറ്റകളുടെ രോമങ്ങളിൽ ഒരെണ്ണമെങ്കിലും അറിയാതെയെങ്ങാനും വയറ്റിൽ പോയാൽ മരിക്കുന്നതു വരെ അതവിടെതന്നെ കിടക്കും. അതിലൂടെ, ജീവിതാവസാനം വരെ നമ്മൾ നിത്യരോഗിയുമാവുമത്രെ!’
എന്തെങ്കിലും അസുഖം കാരണം വീട്ടുകാർ റോഡിലുപേക്ഷിച്ചതായിരിക്കണം. അല്ലെങ്കിൽ അസമയത്തു് വീട്ടുമതിൽ കടന്നു് വഴിതെറ്റിയെത്തിയതുമാവാം. അതുമല്ലെങ്കിൽ, ആർക്കും വേണ്ടാത്ത ജാരസന്തതിയുമാവാം. എന്തു തന്നെയായാലും, കാണാൻ ഒട്ടും മെനയില്ല.
‘പ്പൊ.’ ആട്ടി നോക്കി. കാര്യമുണ്ടായില്ല.
എന്റെ കാൽവിരലുകളിൽ നക്കി മണക്കുന്നു.
‘ഈ പൂച്ച…’
കാലു കൊണ്ടു് പുറത്തേക്കു് തട്ടാനാഞ്ഞു…
ശ്ശെ, അതു് വേണ്ട…
അകറ്റുന്തോറും ടാർപാ മറച്ചു്, ഷീറ്റു മേഞ്ഞ അകത്തേക്കവൾ കൂടുതൽ കൂടുതൽ കയറി നിന്നു.
‘ശല്യം. എന്തെങ്കിലുമാവട്ടെ… തോന്നുമ്പോൾ പോവട്ടെ.’
റേഡിയോ തുറന്നു് എനിക്കു വേണ്ട സ്റ്റേഷൻ കൃത്യമാക്കി വെച്ചു. ടോർച്ചിന്റെ പോയിന്റ് ശരിയാക്കി ദൂരേക്കു് വെളിച്ചം പായിച്ചു നോക്കി; ‘കുഴപ്പമില്ല.’
അതുവരെ തെളിഞ്ഞു നിന്നിരുന്ന ആകാശത്തു് ഇരുട്ടു് കനത്തു തുടങ്ങി.
‘മ്യാ…’
തൊണ്ടക്കുഴി വരെ മാത്രമെത്തുന്ന കാറ്റിൽ കുരുങ്ങിയ നേർത്ത ശബ്ദം.
കണ്ണട വെച്ചു. തപ്പിപ്പിടിച്ചു് ടോർച്ചെടുത്തു് പിൻതിരിഞ്ഞു് വെളിച്ചംതെളിച്ചു് കുറച്ചു നേരം അവളെ നോക്കി നിന്നു. അലങ്കോലമായിക്കിടന്ന പണിയായുധങ്ങൾക്കിടയിൽ, നിലത്തു്, ഒരു കോണിൽ ചുരുണ്ടുകൂടിയിരിക്കുന്ന അതിനെ കണ്ടപ്പോൾ എന്താണെന്നറിയില്ല, പ്രിയപ്പെട്ടവരായിരുന്ന ആരുടെയൊക്കയോ മുഖങ്ങൾ ഓർമ്മയിൽ തെളിഞ്ഞു വന്നു.
ഏതോ സമ്പന്നഗൃഹത്തിൽ, ചങ്ങലയ്ക്കിട്ട വിദേശശ്വാനന്മാരെ പോലും കൂസാതെ ആ മണിമാളികയിലെ മധുരപ്പതിനേഴുകാരിയുടെ പൂമേനിയിൽ ചാരിയും ഉരസിയും, അവളുടെ കൊഞ്ചിക്കുഴയലിനും, ലാളനയ്ക്കും പാത്രമായി ഗമയിൽ വിലസി നടന്ന വർഗ്ഗപാരമ്പര്യത്തിൽ പിറന്നവളാണെന്നു് തോന്നുന്നു; മുമ്പെന്നോ ഉണ്ടായിരുന്ന മുഴുപ്പിന്റെ അവശേഷിപ്പോടെയുള്ള അല്പം നീളംകൂടിയ വാലു്. കഴുത്തിൽ വെള്ളിനിറമുള്ളൊരു മണിമുത്തുമാലയും. ശരീരത്തിലെ ബാക്കിയത്രയും അതിദാരിദ്ര്യത്തിൽ തന്നെ. അവിടവിടെയായി എഴുന്നു നിൽക്കുന്ന രോമങ്ങൾക്കിടയിലൂടെ ചുവന്ന നിറത്തിൽ തൊലി തെളിഞ്ഞു കാണാം.
രാത്രിയാഹാരത്തിനു ശേഷമാണു് അവൾ എത്തുന്നതു്.
കഴിച്ചാൽ കറിവേപ്പിലയടക്കം മിച്ചം വെക്കുന്ന സ്വഭാവം പണ്ടേയില്ലാത്തതാണു്. അതുകൊണ്ടുതന്നെ അതിഥിയ്ക്കു് കൊടുക്കാനായി ഈ കിഴവന്റെ പക്കൽ ഒന്നുമില്ല.
സ്വന്തം ആവശ്യങ്ങൾക്കു പോലും കടയിൽ പോകാൻ സ്വതവേ മടിയാണു്. ചളിയും ചവിട്ടി പിറുപിറുത്തു കൊണ്ടു് ഒരു കൂടു് വിലകുറഞ്ഞ ബിസ്ക്കറ്റ് വാങ്ങിക്കൊണ്ടു വരാൻ കാരണം, അവളുടെ തൊലിയൊട്ടിയ വയറിലൂടെ തെളിഞ്ഞ വാരിയെല്ലു് ടോർച്ചുവെട്ടത്തിൽ കണ്ടതുകൊണ്ടു് മാത്രമാണു്.
വിറയ്ക്കുന്നുണ്ടവൾ, എന്നെക്കാളും. മഴ കുറെ കൊണ്ടുകാണും.
പൊടിച്ചും കുതിർത്തുമൊക്കെ മുമ്പിൽ വെച്ചു നോക്കി.
എവിടെ…!
അതിലൊന്നും തൃപ്തിപ്പെടുന്നില്ല.
കഴിക്കാൻ പറ്റാത്തതിന്റെ എന്തോ ബുദ്ധിമുട്ടാണെന്നു് തോന്നുന്നു. അതോ, രാത്രിയിൽ പ്രകാശപൂരിതമായ അവളുടെ മുൻഗൃഹത്തിൽ നിന്നു ലഭിക്കുന്ന, ചുട്ടതും പൊരിച്ചതും കടലാസിൽ ചുറ്റിയതുമൊന്നും അല്ലാത്തതു കൊണ്ടോ…!? മുന്നിലുള്ളതിനെ വല്ലപ്പോഴും മണത്തുനോക്കുന്നുണ്ടെന്നെല്ലാതെ ലവലേശം തിന്നുന്നില്ല ആ ജാഡക്കാരി.
വേണമെങ്കിൽ തിന്നട്ടെ…, ‘വയറു് കാളുമ്പോൾ കുതിര പുല്ലും തിന്നും.’
ചെറുപ്പത്തിൽ കേട്ടുപഴകിയ തിരുവചനം ഓർമ്മ വന്നു. വഴക്കുണ്ടാക്കി ഭക്ഷണം കഴിക്കാതെ ഉറങ്ങിയാൽ അമ്മച്ചി പറയുന്നതാണിതു്.
എന്റെ രാത്രികൂടാരത്തിൽ മൗനിയായി ഇരിക്കുകയാണു്, അതിഥി. പാട്ടുകൾ പലതും കേട്ടു കൊണ്ടു് ഒരുഭാഗത്തു് ഞാനും.
‘മ്യാ…’
ഇടയ്ക്കിടെ അവളുടെ സ്വതസിദ്ധമായ ശബ്ദം പുറപ്പെടുവിക്കുന്നതു് വളരെ പതുക്കെ കേട്ടു…
എന്തൊ, ഒരു വൈഷമ്യം.
‘വേണ്ട. അതിലേക്കു് മനസ്സു് കൊടുക്കാൻ നിൽക്കേണ്ട.’
മേശയിലിരുന്നു് ഫിലിപ്സ് പാട്ടുപെട്ടി പാട്ടുകൾ പലതും മാറിമാറി ഇരുട്ടിലേക്കൊഴുക്കി. ഭീമൻഗെയ്റ്റിന്റെ അഴികളിലൂടെ വാഹനവെളിച്ചം കടന്നെത്തി എന്റെ മുഖത്തു് നിഴലുകൾ കൊണ്ടു് ഹാജർ രേഖപ്പെടുത്തി പതിയെ നീങ്ങിയകലുന്നു. രാത്രി വൈകുന്തോറും വാഹനങ്ങളുടെ പോക്കുവരവു് കുറഞ്ഞു.
മുഴുവനായി മൂടിക്കെട്ടി അടച്ചുറപ്പുള്ള ഒരു ലോറി പോവാനുണ്ടു്, പുലർച്ചെ ഒരു മൂന്നു് മൂന്നരയാവുമ്പോൾ.
‘എന്റെ കർത്താവേ…!’
ഉണക്കമീൻ വണ്ടിയാണത്രെ.
നാറിയിട്ടു് രക്ഷയില്ല!
‘ദൈവമേ… പൊറുക്കുക.’ പുച്ഛിക്കുകയല്ല.
നാളെയുടെ സാധാരണക്കാരന്റെ അന്നമാണു്.
പക്ഷേ, ആ മണം…
ലോറി പോയിക്കഴിഞ്ഞു് പത്തുപതിനഞ്ചു് മിനുട്ടു് നേരം അതിവിടെക്കിടന്നു് ചുഴലും.
‘ചെറുതായി മയങ്ങിപ്പോയോ…,’
നെറ്റിയൊന്നു് മേശയിൽ മുട്ടി. ‘ഇല്ല. കണ്ണൊന്നു് കൂമ്പിയടഞ്ഞതാവാം, ഒന്നോ രണ്ടോ നിമിഷത്തേക്കു്.’
നേരം പുലർന്നിരിക്കുന്നു.
‘ഹാവൂ…’
അങ്ങനെ, ഇന്നത്തെ ജോലി കഴിഞ്ഞിരിക്കുന്നു, അല്ല… അങ്ങനെ ഇന്നത്തെ പ്രഭാതം കാണാനും ഭാഗ്യമുണ്ടായിരിക്കുന്നു!
‘പ്രപഞ്ചനാഥാ… സ്തുതി’
എന്റെ ജംഗമവസ്തുക്കളടങ്ങിയ സഞ്ചിയുമെടുത്തു് താമസസ്ഥലത്തേക്കു് നടക്കാൻ തുടങ്ങുമ്പോൾ…, ‘മ്യാ…’ പിൻതിരിഞ്ഞു നോക്കിയപ്പോൾ അവൾ എന്നെ നോക്കി ഒച്ചവെക്കുകയാണു്. ശബ്ദം വലുതായി പുറത്തു് കേൾക്കുന്നില്ല എന്നു മാത്രം.
‘എന്തെങ്കിലുമാവട്ടെ, പകലെപ്പോഴെങ്കിലും അതിന്റെ പാട്ടിനു പൊക്കോട്ടെ.’
വ്യായാമത്തിനായി നടക്കാനിറങ്ങുന്ന യുവതീയുവാക്കൾ ശ്രദ്ധിക്കുമെന്ന മൂഢവിചാരത്തിൽ ആഞ്ഞു നടന്നു. പണിപ്പെട്ടു്; വാർദ്ധക്യത്തെ പുറത്തു് കാണിക്കാതെ.
ഉറങ്ങിയും, ഉറക്കം ഞെട്ടിയും അന്നത്തെ പകലും കഴിഞ്ഞു, സ്ഥിരം സംഭവിക്കാറുള്ളതുപോലെ.
വൈകുന്നേരമായപ്പോൾ, അത്താഴത്തിനുള്ളതും, ഫ്ലാസ്കിൽ കട്ടൻചായയും, ചിന്തകൾക്കു് കടിഞ്ഞാണിടാൻ ഇടയ്ക്കെപ്പോഴെങ്കിലും പുകയാറുള്ള ദിനേശ്ബീഡിയും, നേരംപോക്കിനുള്ള ഒരു പഴഞ്ചൻ റേഡിയോയും, പിന്നെ, എന്റെ പ്രധാന ആയുധമായ ടോർച്ചും. ഇവയൊക്കെ നിറച്ച സഞ്ചിയുമായി പതിവുപോലെ വന്നു.
കൂടാരത്തിൽ ചാരി വെച്ച താൽക്കാലികവാതിൽ മാറ്റിയപ്പോൾ ആ ശബ്ദം:
‘മ്യാ…’
അതാ… അവൾ അവിടെത്തന്നെ തണുത്തു് വിറങ്ങലിച്ചു് ചുരുണ്ട്കൂടി ഇരിക്കുന്നു. ഇന്നലത്തെ നിശാവിരുന്നുകാരി!
‘ഇവൾ പോയില്ലേ…!?’
എന്നെ കണ്ടതും ഓടിവന്നു് ശരീരവും വാലുമൊക്കെ വെച്ചു് കാലിൽ ഉരക്കാൻ തുടങ്ങി.
‘ച്ചെ.’
കാലു് എടുത്തു മാറ്റിയപ്പോൾ ചെറുതായി തട്ടിയെന്നു തോന്നുന്നു.
അവൾ പഴയപടി അവിടെത്തന്നെ പോയി ഇരുന്നു. പേടിച്ചെന്നു തോന്നുന്നു.
‘വേണ്ടായിരുന്നു.’
പകൽ സന്ധ്യയ്ക്കും, സന്ധ്യ രാവിനും, അറിയാത്തമട്ടിൽ തമ്മിലുരസിക്കൊണ്ടു് വഴിമാറിക്കൊടുത്തു.
ഇരുട്ടിനെ അവൾക്കു് വലിയ ഇഷ്ടമൊന്നുമില്ലെന്നു് തോന്നുന്നു, ഇടയ്ക്കിടെ ഒച്ചയുണ്ടാക്കുന്നുണ്ടു്.
“ഓ… ദുനിയാ കെ റഖ്-വാലെ…
സുനു് ദറ്ദ് ബറേ മെരെ-നാലെ…
സുനു് ദറദ് ബറേ മെരെ-നാ…ലെ…”
എന്റെ ഇഷ്ടക്കാരിയായ രാത്രിയെ വീണ്ടും വീണ്ടും വിഷാദത്തിലാഴ്ത്തുകയാണു് മുഹമ്മദ് റാഫി. ക്രൂരൻ!
ഇടയ്ക്കെപ്പോഴോ ഒരു, ‘മ്യാവു…’ കേട്ടു. നോക്കിയപ്പോൾ അവൾ ബെഞ്ചിന്റെ കാലിൽ തൂങ്ങിപ്പിടിച്ചു് കയറാൻ വല്ലാതെ പരിശ്രമിക്കുകയാണു്. അവൾ ഇരുന്നിരുന്ന നിലം നനഞ്ഞുകുതിർന്നു കിടക്കുകയാണു്. അറച്ചറച്ചു് അവളുടെ പുറം കഴുത്തിലെ തൊലിയിൽ പിടിച്ചു് എന്റെ ഇരിപ്പിടമായ നീളമുള്ള ബെഞ്ചിന്റെ മറുവശത്തു് എടുത്തു വിട്ടു.
വീണ്ടുമവൾ ഒച്ചവെച്ചു.
ടോർച്ചടിച്ചു മുഖത്തേക്കു് സൂക്ഷിച്ചു നോക്കി;
‘എന്തോ… ഒരു വല്ലായ്ക.’
വേച്ചു വിറച്ചു് എഴുന്നേറ്റു് ചെന്നു് അവിടെക്കണ്ട ഒരു തുണിക്കഷ്ണമെടുത്തു് തളംകെട്ടിക്കിടന്ന അവളുടെ കണ്ണിലെ പഴക്കംചെന്ന പീളയെല്ലാം കുറച്ചു് അറപ്പോടെയെങ്കിലും നീക്കിയ ശേഷം കൈകഴുകി.
ഇടയ്ക്കിടെ ആംബുലൻസുകൾ സൈറൺ മുഴക്കി ചീറുന്നു. അസഹനീയം!
‘അതിൽ കിടക്കുന്ന രോഗി ഈ ശബ്ദത്തെയെങ്ങനെയാണാവോ അതിജീവിക്കുന്നതു്!’
ആംഗലേയത്തിലുള്ള ലോകവാർത്തയ്ക്കു പിന്നാലെ സ്ഥിരമായുള്ള എന്റെ അത്താഴസമയം റേഡിയോ ഓർമ്മപ്പെടുത്തി. പൊതി തുറന്നു് മീൻകറി കൂട്ടിക്കുഴച്ചു് രണ്ടുമൂന്നു പിടി ചോറു് ഒരു പ്ലാസ്റ്റിക് കൂടു് നിവർത്തി അതിലിട്ടു് അവളുടെ മുന്നിലേക്കു് നീക്കി വെച്ചു. എന്റെ ഓഹരി ഞാനും കഴിക്കാൻ തുടങ്ങി.
പലപ്പോഴായി നാലോ അഞ്ചോ വറ്റു് കഴിക്കുന്നുണ്ടു്, ശേഷം എന്നെയൊന്നു് നോക്കും.
കിട്ടിയ ഒരു പ്ലാസ്റ്റിക്പാത്രത്തിൽ വെള്ളം ഒഴിച്ചു കൊടുത്തതു് കുടിക്കാൻ പരിശ്രമിക്കുന്നുമുണ്ടു് പുള്ളിക്കാരി.
ടോർച്ചു വെളിച്ചത്തിൽ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു് പർവ്വതാകാരനായ കെട്ടിടത്തിന്റെ ചുറ്റും ഇടയ്ക്കൊക്കെ റോന്തു ചുറ്റി. സത്യം പറയട്ടെ… അതു് തസ്കരന്മാരെ പേടിച്ചല്ല, ‘ഞാൻ വെറുതെയിരുന്നു് കാശു് വാങ്ങുകയല്ല മൂരാച്ചി മുതലാളീ…’ എന്ന പ്രഹസനാർഹമായ വെറും അഭിനയം!
ഒന്നുരണ്ടു തവണ ചുറ്റിനടന്നു് മുട്ടുകാലു് തളരുമ്പോൾ, ശ്വാസം ദ്രുതഗതിയിലാവുമ്പോൾ, വീണ്ടും വന്നു് എന്റെ ബെഞ്ചിലിരിക്കും. തോന്നിയാൽ ഒരു ദിനേശിനു് തിരികൊളുത്തും.
അമിതോപയോഗമോ അതോ പഴക്കംകൊണ്ടോ… അറിയില്ല. എന്തു തന്നെയായാലും, ഇടതടവില്ലാതെ പലജാതി പാട്ടുകൾ പുറപ്പെടുവിച്ചു് അർദ്ധരാത്രിക്കു് ശേഷം റേഡിയോയിലെ ചാർജ്ജ് കുറേശ്ശെയായി തീരുന്നതായി മനസ്സിലായി; ഗായകർക്കൊക്കെ ഒരു ഉത്സാഹക്കുറവു്.
മരണാസന്നനായി ഊർദ്ധശ്വാസം വലിച്ചുവിടുന്ന റേഡിയോയുടെ നോബ് ഇടത്തോട്ടു തിരിച്ചു് മാറ്റിവെച്ചു.
ഇരുട്ടിന്റെ കരിങ്കൽകോട്ടയ്ക്കകത്തകപ്പെട്ടതു പോലെ ചുറ്റും രാത്രിയുടെ മൂകത അണ കെട്ടി നിന്നു. പണി തീരാത്ത കെട്ടിടം എന്നെയും ഉറ്റുനോക്കി അങ്ങനെ നിൽക്കുകയാണു്, ചാരനിറമുള്ളൊരു രാക്ഷസിയെപ്പോലെ.
ഇനിയാണു് ചിന്തകൾ!; അനാവശ്യങ്ങളും, മാനസികോപദ്രവങ്ങളുമായ അനേകായിരം ചിന്തകൾ…!
പാതി വഴിയിൽ തനിച്ചാക്കി വിട്ടുപോയ പ്രിയതമ. ഏഴാം കടലിന്റെയും അക്കരെ, പേരു പോലുമറിയാത്ത പാശ്ചാത്യലോകത്തേക്കു് പറന്നകന്ന മകൻ… മരുമകൾ… പേരമക്കൾ…
‘അവർ ഓർക്കുന്നുണ്ടാവുമോ തന്നെ…?’ എവിടെയോർക്കാൻ! ഒരെഴുത്തു വന്നിട്ടു തന്നെ മാസങ്ങളായി. നേരിൽ കണ്ടിട്ടു് വർഷങ്ങൾ പലതു കഴിഞ്ഞു.
ആരോർക്കാനാണീ പടുകിഴവനെ!
ഭാര്യയുടെ ചികിത്സയ്ക്കും, മകന്റെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമൊക്കെയായി ഉണ്ടായിരുന്നതു് മുഴുവൻ വിറ്റും പണയപ്പെടുത്തിയും തുലച്ചു് ഗ്രാമത്തിലെ ആ വീട്ടിൽ നിന്നിറങ്ങിയ ദിവസം മുതൽ ഒറ്റയ്ക്കായതാണു് താൻ.
‘ദേ… നിങ്ങൾക്കെന്നു പറയാൻ എന്നതേലും നീക്കിവെച്ചേക്കണം… കേട്ടോ മനുഷ്യാ…’ വെള്ളം നിറച്ച കിടക്കയിൽ കിടന്നു് ചുമച്ചു കൊണ്ടു് ഇടയ്ക്കിടെ പറയും. അവൾ പറഞ്ഞതിൽ അനുസരിക്കാതിരുന്നതു് അതു മാത്രമായിരുന്നു.
ഒടുക്കം, അന്തിയുറങ്ങാൻ അടച്ചിട്ട കടത്തിണ്ണയന്വേഷിച്ചു് നടക്കുമ്പോഴാണു് നഗരത്തിലെ മകന്റെ കൂട്ടുകാരൻ ഇവിടെയെത്തിച്ചതു്.
‘അച്ചായാ… ഉറക്കമൊഴിയേണ്ടി വരും,’
ഉറക്കം എന്നേ നഷ്ടപ്പെട്ടവനോടാണു് ചെറുക്കന്റെ ചോദ്യം!
‘കിടക്കാൻ കമ്പനി വക മുറിയുണ്ടാവും.’ പിന്നെ എന്താലോചിക്കാൻ!
മകനെക്കൊണ്ടില്ലെങ്കിലും കൂട്ടുകാരനെക്കൊണ്ടു് ലഭിച്ച ഉപകാരം. ഈ ജോലി.
‘മകനേ… നിനക്കു നന്ദി.’
‘ശ്ശെ!,’
എല്ലാ അസത്തുക്കളായ ഓർമ്മകളും ചിന്തകളും ഇനി കടന്നു കൂടും.
അരുതു്.
“ബഹാരോൻ ഫൂലു് ബറ്സാവൊ… മെരാ മെഹബൂബ്…” ഒരു പാട്ടു് മൂളട്ടെ ഞാൻ.
ഈ ഇരുട്ടിനും, മഴയ്ക്കും, ചന്ദ്രനും, നിലാവിനും, രാത്രിമേഘങ്ങൾക്കും, നക്ഷത്രങ്ങൾക്കും, രാത്രിയിലെ നേർത്ത കാറ്റിനും മാത്രമറിയുന്ന പല രഹസ്യങ്ങളുമുണ്ടു് പ്രപഞ്ചത്തിൽ. അതിലൊന്നാണു്, ഞാൻ പാടുമെന്നതു്. ചിലപ്പോഴൊക്കെ ഒറ്റയ്ക്കിരുന്നു് സംസാരിക്കുകയും ചെയ്യും!
ബാല്യകാലത്തിലൊരു അധ്യാപിക പറഞ്ഞതു് ഓർമ്മയിൽ വരുന്നു… ‘ഒറ്റയ്ക്കു് ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും സംസാരിക്കുന്നതുമൊക്കെ ഭ്രാന്തിന്റെ ലക്ഷണമാണു്.’
എന്നാൽ, രാത്രിയിലെ ഈ മൂന്നാംയാമത്തിൽ ഞാനാ ഗുരുനാഥയുടെ നിഗമനത്തെ മുച്ചൂടും ഖണ്ഡിച്ചുകളയുകയാണു്, ‘ക്ഷമിക്കുക ഗുരുനാഥേ…’ എഴുപതു് വർഷം നീണ്ട ജീവിതയാത്രയിൽ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു, അതു് ഭ്രാന്തന്മാരുടെ ലക്ഷണമല്ല. മറിച്ചു്, ഒറ്റപ്പെടുന്നവരുടെ അവസ്ഥയാണെന്നു്!
അർദ്ധരാത്രി പിന്നിട്ടിരിക്കുന്നു.
ഇടയ്ക്കെപ്പോഴെങ്കിലും റോഡിലൂടെ തിങ്ങിനിറഞ്ഞു് ഇഴഞ്ഞു പോകുന്ന ഭീമൻ കണ്ടയ്നർ ലോറികളൊഴികെ വാഹനങ്ങളുടെ ഇരമ്പലുകളും, കണ്ണിൽ തറയ്ക്കുന്ന മഞ്ഞവെളിച്ചവുമെല്ലാം ക്രമേണ നിലച്ചു വന്നു.
ദൂരെ, കൂരിരുട്ടു് മൂടിക്കെട്ടിയ ആകാശമേൽക്കൂരയിൽ നിന്നും വല്ലപ്പോഴുമൊക്കെ നേർത്ത കൊള്ളിയാൻ മിന്നി, സ്വർണ്ണനൂൽ താഴേക്കിടുന്ന പോലെ.
കാറ്റനക്കമില്ല. ചീവീടുകളുടെ കോലാഹല ശബ്ദമില്ല. മണ്ഡൂകങ്ങളുടെ കൂട്ടക്കരച്ചിലുകളില്ല…
സർവ്വം ശാന്തം.
മനുഷ്യജാതികളടക്കം സകല ഇണജീവികളും സർവ്വക്ലേശങ്ങളും മറന്നു് ഇണഞ്ഞുപിണഞ്ഞു് ചാറ്റൽതണുപ്പിൽ ഞെരിഞ്ഞമർന്നു് ചേർന്നുറങ്ങുന്ന വേള.
രാത്രിവേട്ടയ്ക്കു് ശേഷം ഇഴജാതികൾ കണ്ണുകളടച്ചു വിശ്രമിക്കുന്ന വേള. പകൽ മുഴുവൻ തിരതല്ലിത്തിമിർത്ത കടൽ അലയൊലിയില്ലാതെ ശാന്തമാവുന്ന വേള.
മനസ്സും ശരീരവും ഉറങ്ങാൻ കൊതിക്കുമ്പൊഴും ഉറക്കത്തെ അകറ്റിമാറ്റിക്കൊണ്ടു് ഞാനും പിന്നെ, ഇവളും മാത്രം അങ്ങനെയിരിക്കുകയാണു്, കണ്ണുകളടയ്ക്കാതെ, തണുത്ത ഇരുട്ടിനെ പുതച്ചു് കൊണ്ടു്.
ഇഷ്ടമാവില്ലായിരിക്കാം, അറിയാം. എങ്കിലുമൊരു കുസൃതി; അവളുടെ മുഖത്തേക്കൊന്നു ടോർച്ചടിച്ചു. അതാ… ഇപ്പോഴും എന്നെ നോക്കിയിരിക്കുകയാണവൾ. തലമാത്രം പുറത്തേക്കിട്ടു് ചുരുണ്ടുകൂടി.
വെളിച്ചമേറ്റതിന്റെ പരാതിയോ പരിഭവമോ തെല്ലുമില്ല. പിന്നെയോ, ദയയും യാചനയും തിരയുകയാണു്, വെളിച്ചം തട്ടി തിളങ്ങുന്ന അവളുടെ വൈഡൂര്യം കണക്കെയുള്ള കണ്ണുകൾ.
ആദ്യം കുറച്ചു് ജാള ്യത തോന്നിയെങ്കിലും ഗൗരവമുഖംമൂടി പതുക്കെ അഴിച്ചു് മാറ്റിവെച്ചു് അവളോടു് തല കൊണ്ടു്, ‘എന്തേ…’ എന്നു് ആംഗ്യം കാണിച്ചു.
അല്പം നാണത്തോടെ, ‘ഒന്നുമില്ല.’ എന്നയർത്ഥത്തിൽ അവൾ തല താഴ്ത്തി.
സാവധാനം ചെറിയ ചില വർത്തമാനങ്ങൾ പറഞ്ഞു് തുടങ്ങി വെച്ചു.
വലിയൊരു കാറ്റു വീശി. കൂടാരം ആടിയുലഞ്ഞു. കൂടെത്തന്നെ നേർത്ത മഴയും.
മഴ നീണ്ടുനിൽക്കുകയാണു്.
മെല്ലെ മെല്ലെയാണതു് സംഭവിച്ചതു്; സംസാരിക്കാൻ ജീവനുള്ള ഒന്നിനെ കിട്ടിയപ്പോൾ, സത്യത്തിൽ അതിനെ മുതലെടുക്കുകയാണെന്നു് തോന്നുന്നു. ഒരുപാടു് കാലത്തിനു ശേഷം ഉള്ളു് തുറക്കുന്നു, ഞാനറിയാതെ തന്നെ…!
ഭക്ഷണം കഴിക്കാത്തതിന്റെ കാരണം ചോദിച്ചു. എന്തിനാണു് ഇവിടെത്തന്നെ ഇരിക്കുന്നതു്… മറ്റെവിടേക്കെങ്കിലും പോയിക്കൂടെ എന്നു് ചോദിച്ചു. അമ്മ എവിടെയാണെന്നു് അന്വേഷിച്ചു. ഇവിടെ ഒറ്റയ്ക്കിരിക്കുന്ന കൊമ്പൻ മീശക്കാരനായ, പരുക്കനായ, ഒരു മൊരടനുണ്ടെന്നു് പറഞ്ഞു് ഇങ്ങോട്ടു പറഞ്ഞു വിട്ടതാരാണെന്നു് ചോദിച്ചു…
എല്ലാത്തിനും ഒറ്റ മറുപടി മാത്രം…; ദയനീയമായ നോട്ടം…
ഇടയ്ക്കെപ്പോഴോ എന്റെ മുഖത്തേക്കു് നോക്കി തൊണ്ടയിടറി പതറിയ ശബ്ദത്തിൽ, ‘മ്യാ…’ എന്നു് കരഞ്ഞു…
കരഞ്ഞതോ…, ചിരിച്ചതോ? അതോ, വേറെന്തെങ്കിലും പറഞ്ഞതോ? വ്യക്തമാവുന്നില്ല. ഇജ്ജാതികളുമായുള്ള സംവാദം ആദ്യമായായതുകൊണ്ടാവാം.
ഇതിനിടയിൽകൂടി, നേരത്തെ ഉരുട്ടിവെച്ച ചോറു് അല്പാല്പം കഴിക്കുന്നുണ്ടു്. അത്രനേരം പതുങ്ങിയിരുന്ന അവൾ പതിയെ പതിയെ ഉത്സാഹവതിയായി മാറിത്തുടങ്ങി.
എപ്പോഴാണെന്നറിയില്ല, മഴ ശമിച്ചു.
കറുത്ത-വെളുത്ത മേഘങ്ങൾക്കിടയിലൂടെ ഇടയ്ക്കിടെ മാത്രം താഴോട്ടു് എത്തി നോക്കിക്കൊണ്ടു് തിങ്കൾകല ക്ഷണത്തിൽ ഒഴുകിനീങ്ങി. ചിലപ്പോഴൊക്കെ മഞ്ഞു പെയ്യുന്ന കണക്കെ നേരിയ മഴച്ചാറ്റൽ പൊടിഞ്ഞു. മറ്റുചിലപ്പോൾ കൂടാരത്തെയാകെ പിഴുതു കൊണ്ടുപോവുമെന്നു് തോന്നുമാറുള്ള കാറ്റു്, ഞങ്ങളെ പേടിപ്പിച്ചു് വിറപ്പിക്കാനാവാം; ഒരു പടുകിഴവനെയും. ഈ സാധുജീവിയെയും.
സംവാദം ചില വേളകളിൽ മുറുകി. മഴയുടെ ശബ്ദം ഏറുമ്പോൾ സംസാരവും ഉച്ചത്തിലായി. തുടക്കംപോലെയല്ല ഇപ്പോൾ, സംഭാഷണം പരസ്പരം മനസ്സിലാവുന്നുണ്ടു്.
ചോദ്യത്തിനു് ഉത്തരവും മറുചോദ്യവുമെല്ലാം ഉയർന്നു വന്നു. അവളുടെ ചില സമയത്തെ ശബ്ദവീചികകൾ മാത്രം വ്യക്തമല്ല; ചിലപ്പോൾ ഈ വയസ്സന്റെ കേൾവിക്കുറവിന്റെ പ്രശ്നമാവാം.
എന്നും വൈകി എഴുന്നേറ്റു വരുന്ന പകലവൻ അന്നല്പം നേരത്തെ ഉണർന്നുവെന്നു തോന്നുന്നു. സമയം പോയതറിഞ്ഞില്ല.
ഇന്നൊരു മിനിട്ട് പോലും കണ്ണടച്ചില്ല!
‘ഇതൊന്നും, കെട്ടിടമുതലാളിയോ, മേൽനോട്ടക്കാരോ കാണില്ല. അറിയാതെയൊന്നു് മയങ്ങിപ്പോയാൽ അവരറിയും, എങ്ങനെയെങ്കിലും. ലോകത്തിലെ സകല വാച്ച്മാൻമാരുടെയും ദുർവിധി!’
താമസസ്ഥലലേക്കു് പോകുമ്പോൾ അവിടെക്കണ്ട പഴയ ഒരു കുട്ടയിൽ അവളെ എടുത്തിട്ടു.
‘ഇനി ചിലപ്പോൾ എങ്ങോട്ടെങ്കിലും പോയാലോ…!?’
ഞാൻ വ്യാകുലനായി.
‘വൈകീട്ടു് കാണാം കേട്ടോ… എവിടേക്കും പോവരുതു്…’
സഞ്ചിയും കുടയുമായി ഞാൻ യാത്രയായി.
നടന്നകലുമ്പോൾ ആവുന്നത്ര ശക്തിയിൽ അവൾ ഒച്ചവെക്കുന്നുണ്ടായിരുന്നു. പതുക്കെ പുറകോട്ടു് തിരിഞ്ഞു് വീണ്ടും പറഞ്ഞു: ‘വൈകീട്ടു് കാണാം…’
മുറിയിലെത്തി പതിവുപോലെ ഉറങ്ങാൻ കിടന്നു. ഉറക്കം എന്നോ പിണങ്ങിപ്പിരിഞ്ഞു പോയതാണു്. എങ്കിലും കിടന്നേ പറ്റു.
‘മനുഷ്യജീവനു് അത്യന്താപേക്ഷിതമാണു് ഉറക്കം’ ഗുരുവചനങ്ങൾ.
അതു പറഞ്ഞപ്പോഴാണു്…,
‘പണ്ടു് ആ അധ്യാപിക പറഞ്ഞതു് സത്യമാണോ…? ഇന്നലെ കുറെ ഒറ്റയ്ക്കു് സംസാരിച്ചുവല്ലോ…!’
ഞാൻ സംശയാലുവായി.
അല്ല, ഒറ്റയ്ക്കല്ല. അവളോടായിരുന്നല്ലോ വർത്തമാനം മുഴുവൻ. എന്റെ അതിഥിയോടു്, അല്ല…, ‘എന്റെ രാത്രിസുഹൃത്തിനോടു്!’
‘അപ്പോൾ ഭ്രാന്തല്ല.’ ഞാൻ സ്വയം ആശ്വസിച്ചു.
വീട്ടിലുണ്ടായിരുന്ന അനേകം കോഴികളോടും, പട്ടിയോടും, തറയിലെ തുളസിച്ചെടിയോടും, കാച്ചിലിന്റെ വള്ളിയോടുമൊക്കെ ഭാര്യ പിറുപിറുക്കുന്നതു് കണ്ടിട്ടുണ്ടു്. മക്കളും പേരക്കിടാങ്ങളും മാറിനിന്നു് കളിയാക്കും. ചിലപ്പോൾ താനും. എന്നാൽ, അവയൊന്നുംതന്നെ ഒരിക്കലും അവളെ നിരാശപ്പെടുത്തിയിരുന്നില്ല;
കോഴികൾ ധാരാളം മുട്ടകളും, കുഞ്ഞുങ്ങളെയും. വളർത്തുപട്ടി ശരിക്കുള്ള കാവൽക്കാരനായും. കടുംവേനലിലും തുളസി അതിന്റെ പരിമളതയും. കാച്ചിലും ചേനയും അതിനെക്കൊണ്ടു് ആവുന്നതിലധികം കിഴങ്ങും, ഒരു ലാഭേച്ഛയും കൂടാതെ അവൾക്കു് തിരിച്ചു് കൊടുക്കുമായിരുന്നു.
അവരുമായുള്ള ആത്മബന്ധം കാരണമാവാം, കീമോയ്ക്കിടയിൽ, മുടിയെല്ലാം കൊഴിഞ്ഞു്, ഒട്ടും വയ്യാതെയിരിക്കുമ്പോഴും, തപ്പിപ്പിടിച്ചു് എഴുന്നേറ്റു് ആരും കാണാതെ അവയെ പരിപാലിക്കാൻ നടന്നുപോകുന്ന തന്റെ പാതിയായിരുന്നവളെ ഇന്നും മറക്കാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ അവളോടു് ചെറുതായി ദേഷ്യവും തോന്നിയിട്ടുണ്ടു്, ‘എന്നോടുള്ളതിനെക്കാളും സ്നേഹം ഇവൾക്കു് ഇവറ്റകളോടാണല്ലോ’ എന്നോർത്തു്!
അയൽക്കാരനായ ഒരു പയ്യൻ മൂന്നുമുഴം കയറിൽ ജീവനൊടുക്കിയ വിവരമറിഞ്ഞു് പണ്ടവൾ പറഞ്ഞതോർക്കുന്നു: ‘അവന്റെ വീട്ടിലൊരു പട്ടിയോ പ്രാവോ പൂച്ചയോ ഉണ്ടായിരുന്നെങ്കിൽ അവൻ ഇന്നും ജീവനോടെ ഉണ്ടാവുമായിരുന്നു.’
‘എന്നു കരുതി ഈ വീട്ടിലേക്കതിനെയൊന്നും കയറ്റണ്ട.’ താനന്നു് പറഞ്ഞതാണു്. ആ പറഞ്ഞതിൽ കൂടുതൽ തരം ജന്തുജീവികളെ അവൾ ആ വീട്ടിൽ കയറ്റി പോറ്റിയെടുത്തു!
ആരും പറഞ്ഞാൽ അനുസരിക്കാത്ത ഈ ധാർഷ്ട്യനെ ഒന്നര മുഴം നാരിൽ കെട്ടി അരഞ്ഞാണച്ചരടിൽ കൊരുത്തിട്ടു അവൾ, വെളുത്തു, കൊലുന്നനെയുള്ള ആ സാമർത്ഥ്യക്കാരി!
പിന്നീടെന്നോ ഒരുനാൾ എന്നെയൊറ്റയ്ക്കാക്കി, കൊഞ്ഞനംകുത്തി കളിയാക്കിക്കൊണ്ടു് പിരിഞ്ഞുപോയ, നല്ലൊരു പെൺസുഹൃത്തു് കൂടിയായിരുന്ന അവൾ അന്നു പറഞ്ഞതു് സത്യമാണെന്നു് ഇപ്പോൾ തോന്നുന്നു…;
‘നമുക്കെന്നു് പറയാൻ ആരെങ്കിലുമുണ്ടെങ്കിൽ, നമ്മളിലേക്കൊതുങ്ങിപ്പോവുന്ന ഏതെങ്കിലും നിമിഷങ്ങളിൽ, അരുതാത്തതെന്തെങ്കിലും ചെയ്യാൻ പോയിട്ടു് ചിന്തിക്കാൻ പോലും സാധിക്കില്ല.’
ഇടയ്ക്കിടെ ഉണരുന്ന പകലുറക്കത്തിൽ പഴയ പലതും തെളിഞ്ഞു വന്നു.
‘ഇനി ഉറക്കം കണക്കു തന്നെ.’
എഴുന്നേറ്റു് പതിവു് കർമ്മങ്ങളെല്ലാം കഴിച്ചു. വീണ്ടും ജോലിയിലേക്കു്, എന്നത്തെയും പോലെ.
മൂന്നുനാലു് ദിവസംകൊണ്ടു് അവളും ഞാനും വളരെ സൗഹൃദത്തിലായെന്നു തോന്നുന്നു. ഭക്ഷണമൊക്കെ ബുദ്ധിമുട്ടില്ലാതെ കഴിക്കാൻ തുടങ്ങിയിട്ടുണ്ടു്. അതിന്റെ ഫലമെന്നോണം തെളിഞ്ഞു നിന്നിരുന്ന അവളുടെ വാരിയസ്ഥി കുറേശ്ശെ മാഞ്ഞു വരുന്നുണ്ടു്.
അവൾക്കിടാനായി ഒരു പേരു് തിരഞ്ഞു…
കിട്ടുന്നില്ല. ആവട്ടെ, സമയമുണ്ടല്ലോ.
കെട്ടിടത്തിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യക്കാരൻ രമൺധായോടു് അവൾക്കു് പകൽ ഭക്ഷണം കൊടുക്കണമെന്നു് പറഞ്ഞേൽപ്പിച്ചു. ‘ടീക്ക് ഹെ’ എന്നു പറഞ്ഞപ്പോൾ ആശ്വാസം തോന്നി.
‘ധന്യവാത് വാച്ച്മാൻ ജീ…’ ഒരു പാക്കറ്റ് പുകയിലപ്പൊടിയും ചുണ്ണാമ്പും വാങ്ങി കൊടുത്തപ്പോൾ നന്ദിയോടെ ചിരിച്ചുകൊണ്ടു് അയാൾ പറഞ്ഞു.
ജോലിയ്ക്കെത്താൻ എനിക്കും ഒരുത്സാഹമൊക്കെ, മിണ്ടാനും പറയാനും ഇവളുള്ളതുകൊണ്ടാണെന്നു് തോന്നുന്നു.
കിടപ്പുമുറിയിലേക്കു് കൊണ്ടുപോവാൻ പലകുറി കരുതി. ‘വേണ്ട, രാത്രിയിൽ തനിച്ചാവും… താനും അവളും.’
ഏകദേശം ഒരാഴ്ച്ച കഴിഞ്ഞു കാണും; ഒരു വൈകുന്നേരം.
ഇന്നത്തെ അത്താഴപ്പൊതിയിൽ ഞങ്ങൾക്കു രണ്ടു പേർക്കും വേണ്ടി ഒരു കൂട്ടം പ്രത്യേകവിഭവമുണ്ടു്; രണ്ടു് മുഴുവൻ മീൻ വറുത്തതു്!
അവളുടെ പേരിൽ എനിക്കുമൊന്നിരിക്കട്ടെ.
വർജ്ജ്യമാണു്. അറിയാം. എങ്കിലും സാരമില്ല, ഒരു ദിവസം ഇങ്ങനെയും പോട്ടെ. കൊളസ്ട്രോളുള്ളവൻ എന്നെങ്കിലും ഒരു വറുത്ത മീൻ കഴിച്ചെന്നു കരുതി ഒന്നും ഉണ്ടാവാനിടയില്ല.
സഞ്ചി അകത്തെ മേശയിൽ വെച്ചു് കുറെ നോക്കി, ആളെ അവിടെയെങ്ങും കാണാനില്ല. കൂടാരത്തിന്റെ അകവും ചുറ്റുഭാഗവും മുഴുവൻ തിരഞ്ഞു. പലവട്ടം. നിരാശയായിരുന്നു ഫലം.
കമ്പനി വാഹനത്തിന്റെ ഹോൺ മുഴങ്ങി. പണി കഴിഞ്ഞു് ജോലിക്കാരെ ക്യാമ്പിലേക്കു് കൊണ്ടുപോവുന്ന വാനിനു് ഗെയ്റ്റ് തുറന്നുകൊടുത്തു.
വാൻ എന്നെയും കടന്നു് ഇരമ്പിക്കൊണ്ടു് പതുക്കെ നീങ്ങി. ‘എന്നാലും ഇവളിതെവിടെപ്പോയി…! കെട്ടിടത്തിനു ചുറ്റുമൊന്നു് തിരയണം.’ ഗെയ്റ്റ് തള്ളിയടയ്ക്കുമ്പോൾ ചിന്തിച്ചു. ‘ഈ വൃദ്ധനെ കളിപ്പിക്കുകയാവും. കുറുമ്പി!’
കുറച്ചു മുന്നിലേക്കെത്തിയ വാനിന്റെ വേഗതയല്പം കുറഞ്ഞു. ഒരു നിമിഷം വാഹനം നിന്നു. വാഹനത്തിന്റെ ജാലകത്തിലൂടെ തല പുറത്തേക്കിട്ടു് എന്തോ ഉറക്കെ വിളിച്ചു പറയുന്നുണ്ടു് രമൺധാഭായ്…
ചെവി വട്ടം പിടിച്ചു… ഇപ്പോൾ കേൾക്കാം:
‘അരേ, വാച്ച്മാൻ ബുഡ്ഡേ ജീ…, തേരാ ദോസ്ത് മർഗ്ഗയാ… ആജ്…’
………!!!
കുറച്ചു് ഉൾക്കിടിലത്തോടെയാണതു് കേട്ടതു്. രമൺധാ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും കേട്ടില്ല.
ഉള്ളിൽ എവിടെയോ ഒരു നീറ്റൽ. ഉണങ്ങിയുറച്ച മുറിവു് വിണ്ടുകീറി വീണ്ടും വ്രണപ്പെട്ടപോലെ…:
‘ഈ വൃദ്ധന്റെ രാത്രിസുഹൃത്തു് ഇന്നെപ്പോഴോ മരിച്ചിരിക്കുന്നുവത്രെ………!’
കൂടെയുണ്ടാവുമെന്നു് കരുതിയ വേണ്ടപ്പെട്ട ഒരുവൾകൂടി ഈ പടുകിഴവനെ വിട്ടുപിരിഞ്ഞു പോയിരിക്കുന്നു, എന്നെന്നേക്കുമായി…
അവൾ വന്നു കൂടിയ ആ നിമിഷത്തെ ശപിച്ചു.
ഞാൻ വീണ്ടും പഴയ ഞാൻ തന്നെയായി. ആർക്കും വേണ്ടാത്ത മൊരടൻ…
കൂടാരത്തിനകത്തേക്കു കയറി മേശക്കരികിലെ ബെഞ്ചിലിരുന്നു. അവൾ ഇന്നലെവരെ ഇരുന്നയിടത്തേക്കു് നോക്കി…, അവിടെ ശൂന്യമായി കിടക്കുന്നു. അവൾക്കു കുടിക്കാനായി വെച്ച പാത്രം കുറച്ചപ്പുറത്തു് മറിഞ്ഞു വീണു കിടക്കുന്നു.
ഞാനോർത്തു; ‘ഇവറ്റകളെയൊക്കെ വെറുക്കുന്നതു് തന്നെയാണു് നല്ലതു്… കിട്ടിയതെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവനു് വീണ്ടും ഇങ്ങനെയൊരു അനുഭവം വരാതിരിക്കാൻ അതുതന്നെയാണു് നല്ലതു്… സകലതിനെയും വെറുക്കുക…’
വല്ലാത്ത ഒരവസ്ഥ. തല വേദനിക്കുന്നു. ഒരു നിമിഷം മയങ്ങിക്കിട്ടിയാൽ ഒരാശ്വാസം കിട്ടും.
കൈത്തലത്തിൽ മുഖമമർത്തി തല മേശയിൽ ചാരി.
‘സ്നേഹിക്കുന്നവർ വേദന മാത്രമേ തിരിച്ചു തരു…’ അവസാനാളുകളിൽ അവൾ പറഞ്ഞതാണു്.
തളർച്ചയും വാർദ്ധക്യവും ബാധിച്ചു് നിറംമങ്ങിയ എന്റെ കൺകോണിലെവിടെയോ ഒരു ഉറവ പൊടിഞ്ഞു നീറി. കൈപ്പടം കണ്ണീരിൽ നനയുന്നു.
സത്യമാണു് ! ‘സ്നേഹിക്കുന്നവർ വേദന മാത്രമേ തരു…’
എങ്കിലും…,
കാത്തിരിക്കുകയാണു് ഞാൻ, അടുത്ത രാത്രിസുഹൃത്തിനു് വേണ്ടി…
അതുവരെ ഇനിയുള്ള രാത്രികളിൽ ഒറ്റയ്ക്കിരുന്നു് സംസാരിക്കട്ടെ ഞാൻ…
1986-ൽ കോഴിക്കോട്, ഫറോക്കിലെ കൊടക്കല്ലുപറമ്പിൽ ജനനം. കോഴിക്കോടും തുടർന്നു്, വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുമായി സ്കൂൾപഠനം. നിലവിൽ കോഴിക്കോട്, കുന്ദമംഗലത്തിനടുത്തു് പിലാശ്ശേരിയിൽ സകുടുംബം സ്ഥിരതാമസം. ULCCS എന്ന കമ്പനിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു.
മാതാപിതാക്കൾ: ബാലൻ, തങ്കമണി.
ഭാര്യ: ജിഷ.
മകൻ: ശിവതേജ്.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.