SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/devika-kcu-cover.jpg
The Girl in a Picture Frame, an oil on canvas by Rembrandt (1606–1669).
ചരി​ത്ര​പ​ഠ​നം കൊ​ണ്ടു് എന്തു കാ​ര്യം?

ഒരു വി​ഷ​യ​മെ​ന്ന നി​ല​യ്ക്കു്, ഒരു തരം വി​ജ്ഞാ​ന​മെ​ന്ന നി​ല​യ്ക്കു്, ചരി​ത്രം നാ​മെ​ന്തി​നു പഠി​ക്ക​ണം? ഈ ചോ​ദ്യ​ത്തി​നു് ഉത്ത​രം കാ​ണാ​തെ സ്ത്രീ​ക​ളു​ടെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു് അന്വേ​ഷി​ക്കു​ന്ന​തിൽ അർ​ത്ഥ​മി​ല്ല. ചരി​ത്ര​മെ​ന്ന പഠ​ന​വി​ഷ​യ​ത്തെ​ക്കു​റി​ച്ചു് നമ്മു​ടെ​യി​ട​യിൽ സാ​ധാ​ര​ണ​യാ​യി കണ്ടു​വ​രു​ന്ന തെ​റ്റി​ദ്ധാ​ര​ണ​കൾ നീ​ക്കാ​നാ​ണു് ഈ ആമു​ഖാ​ദ്ധ്യാ​യം ശ്ര​മി​ക്കു​ന്ന​തു്. ഇന്നു പ്ര​ചാ​രം നേ​ടി​യി​രി​ക്കു​ന്ന പുതിയ ചരി​ത്ര​ര​ച​നാ​രീ​തി​ക​ളു​ടെ ഒരു ഏക​ദേ​ശ​ചി​ത്ര​വും ഇവിടെ വര​ച്ചി​ടാൻ ശ്ര​മി​ക്കു​ന്നു.

kimages/Kulasthree_Chapter01_pic01.png
മാ​റു​ന്ന ചരി​ത്ര​പ​ഠ​നം

മല​യാ​ളി​സ്ത്രീ​ക്കു് അവ​ളു​ടേ​തായ ചരി​ത്ര​മു​ണ്ടോ എന്നു് പലരും ചോ​ദി​ച്ചു​തു​ട​ങ്ങിയ കാ​ല​മാ​ണു് നമ്മു​ടേ​തു്. നാം ഇന്ന​ത്തെ അവ​സ്ഥ​യിൽ എങ്ങ​നെ​യെ​ത്തി, പു​രോ​ഗ​മ​ന​കേ​ര​ള​ത്തിൽ സ്ത്രീ​കൾ ഇത്ര​യ​ധി​കം അവ​ശ​ത​കൾ അനു​ഭ​വി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടു് മു​ത​ലായ ചോ​ദ്യ​ങ്ങൾ കഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലേ​ക്കു് ഒന്നു​കൂ​ടി ഇറ​ങ്ങി​ച്ചെ​ല്ലാ​നും പുതിയ ഉത്ത​ര​ങ്ങൾ തേ​ടാ​നും നമ്മെ പ്രേ​രി​പ്പി​ക്കു​ന്ന​വ​യാ​ണു്. ഇത്ത​രം അന്വേ​ഷ​ണ​ങ്ങൾ കേ​ര​ള​ത്തിൽ ഇന്നു പു​തു​മ​യ​ല്ല. പക്ഷേ, അവ​യു​ടെ ഉൾ​ക്കാ​ഴ്ച​കൾ കഴി​യു​ന്ന​ത്ര വാ​യ​ന​ക്കാ​രി​ലേ​ക്കു് എത്തി​ക്കേ​ണ്ട​താ​ണു്. നമു​ക്കി​ന്നു് ലഭ്യ​മായ സ്ത്രീ​ച​രി​ത്ര​ര​ച​ന​ക​ളു​ടെ ഉൾ​ക്കാ​ഴ്ച​ക​ളെ കഴി​വ​തും ചു​രു​ക്കി, ലളി​ത​മാ​യ​ഭാ​ഷ​യിൽ, വാ​യ​ന​ക്കാ​രി​കൾ​ക്കു് എത്തി​ച്ചു കൊ​ടു​ക്കു​ക​യെ​ന്ന​താ​ണു് ഈ പു​സ്ത​ക​ത്തി​ന്റെ ലക്ഷ്യം. കൂ​ടാ​തെ സ്ത്രീ​ച​രി​ത്ര​പ​ഠ​നം ആരം​ഭി​ക്കാൻ ഉദ്ദേ​ശി​ക്കു​ന്ന വി​ദ്യാർ​ത്ഥി​കൾ​ക്കും മറ്റു​ള്ള​വർ​ക്കും ഈ പു​സ്ത​കം ഗു​ണ​ക​ര​മാ​ക​ണ​മെ​ന്നും ഉദ്ദേ​ശി​ക്കു​ന്നു​ണ്ടു്.

ചരി​ത്ര​മെ​ന്നാൽ അറു​മു​ഷി​പ്പൻ വി​ഷ​യ​മാ​ണെ​ന്ന അഭി​പ്രാ​യം നമ്മു​ടെ​യി​ട​യിൽ പര​ക്കെ​യു​ണ്ടു്. കാ​ണാ​പ്പാ​ഠം പഠി​ക്കേ​ണ്ടി​വ​രു​ന്ന​തു​കൊ​ണ്ടു് സ്കൂൾ വി​ദ്യാർ​ത്ഥി​ക​ളിൽ വലി​യൊ​രു വി​ഭാ​ഗ​ത്തി​നു് ചരി​ത്ര​ത്തോ​ടു് അകൽ​ച്ച​യാ​ണു്. പൊ​തു​വേ ബു​ദ്ധി​യി​ല്ലാ​ത്ത​വർ പഠി​ക്കു​ന്ന വി​ഷ​യ​മാ​ണു് ചരി​ത്ര​മെ​ന്നു​പോ​ലും പല മി​ടു​മി​ടു​ക്കി​ക​ളും മി​ടു​ക്ക​ന്മാ​രും പറ​ഞ്ഞു​കേ​ട്ടി​ട്ടു​ണ്ടു്. ചരി​ത്ര​ത്തി​നു് ഇത്ര​യും ചീ​ത്ത​പ്പേ​രു് എങ്ങ​നെ കി​ട്ടി?

ഇതി​നു് പല കാ​ര​ണ​ങ്ങ​ളു​ണ്ടു്. ഒന്നാ​മ​താ​യി, ചരി​ത്ര​മെ​ന്നാൽ എന്താ​ണെ​ന്ന ചോ​ദ്യ​ത്തി​നു് ‘കഴി​ഞ്ഞു​പോ​യ​കാ​ല​ത്തി​ന്റെ കലർ​പ്പി​ല്ലാ​ത്ത ചി​ത്രം’ എന്ന ഉത്ത​ര​മാ​ണു് നമു​ക്കു് സാ​ധാ​രണ കി​ട്ടാ​റു​ള്ള​തു്. അപ്പോൾ സ്വ​ഭാ​വി​ക​മാ​യും നമ്മു​ടെ സാ​മാ​ന്യ​ബു​ദ്ധി​യിൽ ഒരു ചോ​ദ്യ​മു​ദി​ക്കു​ന്നു. കഴി​ഞ്ഞു​പോ​യ​തി​നെ​പ്പ​റ്റി പഠി​ച്ചി​ട്ടു് എന്തു​കാ​ര്യം? രണ്ടാ​മ​താ​യി, ചരി​ത്ര​ത്തിൽ നാം പഠി​ക്കു​ന്ന​തു് എന്തി​നെ​പ്പ​റ്റി​യാ​ണു്? രാ​ജാ​ക്ക​ന്മാർ, മഹാ​ന്മാർ എന്നി​വ​രെ​പ്പ​റ്റി, (റാ​ണി​മാ​രും മഹ​തി​ക​ളും അധി​ക​മൊ​ന്നും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റി​ല്ല) യു​ദ്ധ​ങ്ങൾ, പട​യോ​ട്ട​ങ്ങൾ, വി​പ്ല​വ​ങ്ങൾ മു​ത​ലായ മഹാ​സം​ഭ​വ​ങ്ങ​ളെ​പ്പ​റ്റി, ഇതു​കൂ​ടാ​തെ സമൂ​ഹ​ത്തി​ലെ ഏറ്റ​വും ഉയർ​ന്ന തട്ടി​ലു​ള്ള​വർ​ക്കു് ആസ്വ​ദി​ക്കാ​വു​ന്ന കല, സാ​ഹി​ത്യം, സം​സ്ക്കാ​രം തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി, സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​ധാ​രണ ജീ​വി​ത​ത്തി​നു് ചരി​ത്ര​മി​ല്ലേ​യെ​ന്നു് നമ്മൾ ചോ​ദി​ച്ചു​പോ​കും. അതോ കൃ​ഷി​ക്കും വീ​ട്ടു​ജോ​ലി​ക്കും കൈ​വേ​ല​കൾ​ക്കും ഫാ​ക്ട​റി​പ്പ​ണി​കൾ​ക്കും കു​ട്ടി​ക​ളെ പ്ര​സ​വി​ക്ക​ലി​നും വളർ​ത്ത​ലി​നു​മൊ​ന്നും ചരി​ത്ര​മേ​യി​ല്ല എന്നാ​ണോ? ഈ ചോ​ദ്യ​ത്തി​നു് കാ​ര്യ​മായ ഉത്ത​ര​മൊ​ന്നും ക്ലാ​സ്മു​റി​ക​ളിൽ​നി​ന്നു് കി​ട്ടാ​റി​ല്ല. പല​പ്പോ​ഴും പാ​ഠ​പു​സ്ത​ക​ങ്ങൾ മെ​ച്ച​മാ​ണെ​ങ്കി​ലും പഠി​പ്പി​ക്കു​ന്ന രീതി ലവ​ലേ​ശം മാ​റി​യി​ട്ടി​ല്ല. ഫലമോ, ഇന്നും സ്കൂ​ളു​ക​ളിൽ (കലാ​ല​യ​ങ്ങ​ളി​ലും) ചരി​ത്ര​പ​ഠ​നം കാ​ണാ​പ്പാ​ഠം​പ​ഠി​ത്ത​വും “തീ​യ​തി​വി​ഴു​ങ്ങ​ലും” മാ​ത്ര​മാ​യി തു​ട​രു​ന്നു. ഈ പരാ​തി​കൾ ഗൗ​ര​വ​ത്തോ​ടു​കൂ​ടി കാ​ണേ​ണ്ട​വ​യാ​ണു്. നമു​ക്കു് ഏറ്റ​വും ആവ​ശ്യ​മായ ഒരു വി​ജ്ഞാ​ന​ശാ​ഖ​യാ​ണു് ചരി​ത്രം. അതു നമ്മ​ളിൽ​നി​ന്നു് വളരെ അക​ലെ​യാ​ണെ​ന്നാ​ണു് ഈ പരാ​തി​കൾ സൂ​ചി​പ്പി​ക്കു​ന്ന​തു്. ഇതി​നു് എങ്ങ​നെ സമാ​ധാ​നം കാണാം?

ഒന്നാ​മ​ത്തെ പ്ര​ശ്നം നോ​ക്കാം. ചരി​ത്ര​മെ​ന്നാൽ കഴി​ഞ്ഞ​കാ​ല​ത്തി​ന്റെ കലർ​പ്പി​ല്ലാ​ത്ത ചി​ത്രം​മാ​ത്ര​മാ​ണോ? രണ്ടു​കാ​ര്യ​ങ്ങൾ തു​ട​ക്ക​ത്തിൽ​ത്ത​ന്നെ വ്യ​ക്ത​മാ​കു​ന്നു​ണ്ടു്:

  1. കഴി​ഞ്ഞ​കാ​ല​ത്തെ സമ്പൂർ​ണ്ണ​മാ​യി വീ​ണ്ടെ​ടു​ക്കാൻ നമു​ക്കൊ​രി​ക്ക​ലും കഴി​യി​ല്ല,
  2. ചരി​ത്രം സമീ​പ​കാ​ലം​വ​രെ​യും സമൂ​ഹ​ത്തി​ലെ മേ​ലാ​ള​വി​ഭാ​ഗ​ങ്ങ​ളു​ടെ കു​ത്ത​ക​യാ​യി​രു​ന്നു.
ചരി​ത്ര​ര​ച​ന​യ്ക്കും ചരി​ത്ര​മോ?

അതേ! Historiography എന്ന ആശ​യ​ത്തെ ‘ചരി​ത്ര​ശാ​സ്ത്രം’ എന്നു പരി​ഭാ​ഷ​പ്പെ​ടു​ത്തി​ക്കാ​ണാ​റു​ണ്ടു്. എന്നാൽ ‘ചരി​ത്ര​ര​ച​ന​യു​ടെ ചരി​ത്രം’ എന്നു പറ​യു​ന്ന​താ​വും കൂ​ടു​തൽ ഉചിതം. മറ്റേ​തൊ​രു ജ്ഞാ​ന​ശാ​ഖ​യേ​യും​പോ​ലെ ചരി​ത്ര​വി​ജ്ഞാ​ന​വും കാ​ല​ത്തി​ന്റെ ഒഴു​ക്കിൽ രൂ​പ​പ്പെ​ട്ട​താ​ണു്. സാമൂഹ്യ-​രാഷ്ട്രീയ-സാംസ്ക്കാരിക മണ്ഡ​ല​ങ്ങ​ളി​ലു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങൾ ചരി​ത്ര​ര​ച​ന​യെ​ക്കു​റി​ച്ചു​ള്ള ആശ​യ​ങ്ങ​ളെ​യും ചരി​ത്ര​പ​ഠ​ന​രീ​തി​ക​ളെ​യും സ്വാ​ധീ​നി​ക്കു​ന്നു. ഇങ്ങ​നെ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അറി​വി​നെ​യാ​ണു് ഹി​സ്റ്റോ​റി​യോ​ഗ്ര​ഫി എന്നു വി​ളി​ക്കാ​റു​ള്ള​തു്. മിക്ക ചരി​ത്ര​പ​ഠന കോ​ഴ്സു​ക​ളി​ലും ഹി​സ്റ്റോ​റി​യോ​ഗ്ര​ഫി പ്രാ​ധാ​ന്യ​ത്തോ​ടു​കൂ​ടി പഠിപ്പിക്കുന്നുണ്ടു്-​ആ പേ​രി​ലും അല്ലാ​തെ​യും.

ഏറ്റ​വും വി​ശാ​ല​മാ​യി ആലോ​ചി​ച്ചാൽ കഴിഞ്ഞുപോയ-​അതായതു്, ഇനി ഒരി​ക്ക​ലും മടങ്ങിവരാത്ത-​കാലത്തെക്കുറിച്ചു് പൂർ​ണ്ണ​മായ അറി​വു് മനു​ഷ്യർ​ക്കു കി​ട്ടി​ല്ലെ​ന്ന സത്യം അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രും. കഴി​ഞ്ഞു​പോയ കാ​ല​ത്തേ​ക്കു് മട​ങ്ങി​പ്പോ​യി അന്ന​ത്തെ അവ​സ്ഥ​കൾ എന്തൊ​ക്കെ​യാ​യി​രു​ന്നു​വെ​ന്നു് നേ​രിൽ​ക്ക​ണ്ടു് മന​സ്സി​ലാ​ക്കാ​നു​ള്ള വി​ദ്യ​യൊ​ന്നും മനു​ഷ്യ​രു​ടെ പക്ക​ലി​ല്ല​ല്ലോ. അതു​കൊ​ണ്ടു് പൊ​യ്പ്പോ​യ​കാ​ലം ബാ​ക്കി​വ​ച്ചി​ട്ടു​ള്ള അവ​ശി​ഷ്ട​ങ്ങൾ തി​ര​ഞ്ഞു​പി​ടി​ച്ചു് പഠി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണു് ഗവേ​ഷ​കർ ചരി​ത്ര​വി​ജ്ഞാ​നം ഉണ്ടാ​ക്കു​ന്ന​തു്. പഴ​യ​കാ​ല​ത്തെ താ​ളി​യോ​ല​ഗ്ര​ന്ഥ​ങ്ങൾ, ശി​ലാ​ലി​ഖി​ത​ങ്ങൾ, പണ്ടു​കാ​ല​ത്തു​ള്ള​വർ ഉപ​യോ​ഗി​ച്ചി​രു​ന്ന വസ്തു​ക്കൾ മു​ത​ലാ​യ​വ​യാ​ണു് അവയിൽ ചി​ല​തു്. കു​റേ​ക്കൂ​ടി സമീ​പ​മായ ഭൂതകാലം-​അതായതു്, ഒരിരുനൂറു-​മുന്നൂറു വർഷം മു​മ്പു മു​ത​ലു​ള്ള കാലം-​പഠിക്കുന്നവർക്കു് കു​റേ​ക്കൂ​ടി സൗ​ക​ര്യ​മു​ണ്ടു്. കാരണം ഈ കാ​ല​ത്തെ​പ്പ​റ്റി പഠി​ക്കാ​നാ​വ​ശ്യ​മായ സാ​മ​ഗ്രി​കൾ കു​റേ​ക്കൂ​ടി ലഭി​ക്കാൻ സാ​ദ്ധ്യ​ത​യു​ണ്ടു്. അപ്പോൾ നമു​ക്കു തോ​ന്നും കൂ​ടു​തൽ​ക്കൂ​ടു​തൽ അവ​ശി​ഷ്ട​ങ്ങൾ കണ്ടെ​ത്തി​യ​ങ്ങ​നെ വരു​മ്പോൾ ഒരു​സ​മ​യ​ത്തു് പഴ​യ​കാ​ല​ത്തി​ന്റെ പരി​പൂർ​ണ്ണ​ചി​ത്രം നമു​ക്കു് കി​ട്ടു​മാ​യി​രി​ക്കും. പക്ഷേ, ഇങ്ങ​നെ പ്ര​തീ​ക്ഷി​ക്കു​ന്ന​തിൽ കാ​ര്യ​മി​ല്ല. കാരണം പഴയകാലത്തിന്റെ-​ഭൂതകാലത്തിന്റെ-എന്തെല്ലാം അം​ശ​ങ്ങ​ളാ​ണു് നഷ്ട​പ്പെ​ട്ടു​പോ​യ​തെ​ന്നു് കൃ​ത്യ​മാ​യി തി​ട്ട​പ്പെ​ടു​ത്താൻ നമു​ക്കു് വഴി​യൊ​ന്നു​മി​ല്ല​ല്ലോ.

kimages/Kulasthree_Chapter01_pic02.png

‘ചരി​ത്രം’ എന്ന വാ​ക്കി​നു് രണ്ടു പ്ര​ത്യേക അർ​ത്ഥ​ങ്ങ​ളാ​ണു് നാം കല്പി​ക്കാ​റു്.

ഒന്നു്, കഴി​ഞ്ഞു​പോ​യ​കാ​ലം അഥവാ ഭൂ​ത​കാ​ലം.

രണ്ടു്, ആ കഴി​ഞ്ഞ കാ​ല​ത്തെ​ക്കു​റി​ച്ചു് പഠ​ന​ത്തി​ലൂ​ടെ, ഗവേ​ഷ​ണ​ത്തി​ലൂ​ടെ നാം ഉണ്ടാ​ക്കി​യെ​ടു​ക്കു​ന്ന അറി​വു്. ഈ ഒന്നാ​മ​ത്തെ അർ​ത്ഥ​ത്തി​ലു​ള്ള ചരിത്രത്തെ-​ഭൂതകാലത്തെ-രണ്ടാമത്തെ അർ​ത്ഥ​ത്തി​ലു​ള്ള ചരി​ത്ര​ത്തി​ലൂ​ടെ​യ​ല്ലാ​തെ തി​രി​ച്ച​റി​യാ​നാ​വി​ല്ലെ​ന്ന​താ​ണു് വാ​സ്ത​വം. ചരി​ത്ര​ഗ​വേ​ഷ​ണ​ത്തിൽ അവ​ശ്യം പാ​ലി​ക്ക​പ്പെ​ടേ​ണ്ട നി​ബ​ന്ധ​ന​കൾ​ക്കു് (ഇവ​യ്ക്കു് പൊ​തു​വിൽ പറ​യു​ന്ന പേ​രാ​ണു് ‘രീ​തി​ശാ​സ്ത്രം’) വി​ധേ​യ​മാ​യി ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചു് നാം തയ്യാ​റാ​ക്കു​ന്ന വി​ജ്ഞാ​ന​ത്തി​നു മാ​ത്ര​മേ ‘ചരി​ത്ര​വി​ജ്ഞാ​നം’ എന്ന അം​ഗീ​കാ​രം കൈവരൂ. എന്നാൽ ചരി​ത്ര​പ​ഠ​ന​വ​സ്തു​ക്കൾ എല്ലാ​യ്പ്പോ​ഴും അപൂർ​ണ്ണ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന​തു​കൊ​ണ്ടു് ഈ വി​ജ്ഞാ​ന​വും ഭാ​ഗി​ക​മാ​യി​രി​ക്കും. മാ​ത്ര​മ​ല്ല, ചരി​ത്രം രചി​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ളി​ലും പല മാ​റ്റ​ങ്ങ​ളും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കും. അതു​കൊ​ണ്ടു്, “ഇതാ​ണു് നമ്മു​ടെ ചരി​ത്ര​പാ​ര​മ്പ​ര്യം” എന്നു് ആരെ​ങ്കി​ലും ഉറ​പ്പി​ച്ചു പ്ര​സ്താ​വി​ക്കു​ന്ന​തു കേ​ട്ടാൽ നാം ഉടനെ ചോ​ദി​ക്ക​ണം: “ഇന്ന​ത്തെ നി​ല​യ്ക്കു​ള്ള ചരി​ത്ര​ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ നി​ബ​ന്ധ​ന​കൾ​ക്ക​നു​സ​രി​ച്ചു് ഉണ്ടാ​ക്കി​യെ​ടു​ത്തി​രി​ക്കു​ന്ന അറി​വാ​ണോ ഇതു്? ചരി​ത്ര​ഗ​വേ​ഷ​ണ​ത്തി​നു സഹാ​യ​ക​മായ തെ​ളി​വു​ക​ളു​ടെ അടി​സ്ഥാ​ന​ത്തിൽ സ്ഥാ​പി​ക്ക​പ്പെ​ട്ട അറി​വാ​ണോ ഇതു്?”

മാർ​ക്സി​സ്റ്റ് ചരിത്രം-​ മാർ​ക്സി​യൻ ചരി​ത്രം

കാൾ മാർ​ക്സി​ന്റെ ചി​ന്ത​യോ​ടു് കട​പ്പെ​ട്ടി​രി​ക്കു​ക​യും മാർ​ക്സി​സ്റ്റ് രാ​ഷ്ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളെ​യോ ലക്ഷ്യ​ത്തെ​യോ പി​ന്താ​ങ്ങു​ക​യും ചെ​യ്യു​ന്ന ചരി​ത്ര​പ​ഠ​ന​ങ്ങ​ളെ Marxist history എന്നു വി​ളി​ക്കാ​റു​ണ്ടെ​ങ്കിൽ, മാർ​ക്സി​സ്റ്റ് ആശ​യ​ങ്ങ​ളെ ആശ്ര​യി​ക്കു​ന്ന, എന്നാൽ മാർ​ക്സി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളോ​ടോ രാ​ഷ്ട്രീ​യ​ത്തോ​ടോ പൂർ​ണ്ണ​വി​ധേ​യ​ത്വ​മി​ല്ലാ​ത്ത, ചരി​ത്ര​ര​ച​ന​യെ​യാ​ണു് Marxian history എന്നു് വി​ളി​ക്കു​ന്ന​തു്. മനു​ഷ്യ​രു​ടെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള​നു​സ​രി​ച്ചാ​ണു് അവ​രു​ടെ ചരി​ത്ര​ത്തി​ന്റെ​യും ഗതി​മാ​റു​ന്ന​തെ​ന്ന ആശ​യ​ത്തി​നു് മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​ന​യിൽ സർ​വ്വ​പ്രാ​ധാ​ന്യ​മു​ണ്ടു്. ഒപ്പം, ഭി​ന്ന​താൽ​പ​ര്യ​ങ്ങ​ളു​ളള സാമ്പത്തിക-​സാമൂഹ്യവർഗ്ഗങ്ങളുടെ ഏറ്റു​മു​ട്ട​ലു​ക​ളാ​ണു് ചരി​ത്ര​ത്തി​ന്റെ ഗതി​നിർ​ണ്ണ​യി​ക്കു​ന്ന​തെ​ന്നു് മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ചന അവ​കാ​ശ​പ്പെ​ടു​ന്നു. ഈ രണ്ടു ശക്തി​ക​ളു​ടെ​യും പരി​ണാ​മം, പര​സ്പ​ര​ബ​ന്ധം, പ്ര​തി​പ്ര​വർ​ത്ത​നം മു​ത​ലാ​യ​വ​യാ​ണു് മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​ന​യു​ടെ വി​ഷ​യ​ങ്ങൾ. നി​ല​വി​ലു​ളള അസ​മ​വ്യ​വ​സ്ഥ​ക​ളു​ടെ രൂ​പീ​ക​ര​ണ​പ്ര​ക്രി​യ​യി​ലേ​ക്കു് വെ​ളി​ച്ചം​വീ​ശു​ന്ന​തു​കൊ​ണ്ടു​ത​ന്നെ മാർ​ക്സി​സ്റ്റ്ച​രി​ത്രം വി​മർ​ശ​നാ​ത്മ​ക​വി​ജ്ഞാ​ന​മാ​കാൻ ശ്ര​മി​ക്കു​ന്ന ജ്ഞാ​ന​ശാ​ഖ​യാ​ണു്. ചരി​ത്ര​പ​ര​മായ ഭൗ​തി​ക​വാ​ദ​മാ​ണു് (historical materialism) മാർ​ക്സി​സ്റ്റ് ചരി​ത്ര​വീ​ക്ഷ​ണ​ത്തി​ന്റെ അന്തഃ​സ​ത്ത എന്നു പറ​യാ​റു​ണ്ടെ​ങ്കി​ലും ആ സങ്ക​ല്പ​ത്തെ യാ​ന്ത്രി​ക​മാ​യി പ്ര​യോ​ഗി​ക്കാൻ സമീ​പ​കാല മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​യി​താ​ക്കൾ അധി​ക​വും തയ്യാ​റ​ല്ല.

kimages/Kulasthree_Chapter01_pic03.png

പഴ​യ​കാ​ല​ത്തി​ന്റെ അവ​ശി​ഷ്ട​ങ്ങ​ളിൽ​നി​ന്നു് ഒരു​കാ​ര്യം വ്യക്തമാണു്-​ഇവ അധി​ക​വും പറ​യു​ന്ന​തു് അന്ന​ത്തെ സമൂ​ഹ​ത്തിൽ അധി​കാ​ര​വും പണവും പ്ര​താ​പ​വും ഉണ്ടാ​യി​രു​ന്ന കൂ​ട്ട​രെ​ക്കു​റി​ച്ചാ​ണു്. അതു് പ്ര​തീ​ക്ഷി​ക്കേ​ണ്ട​തു​ത​ന്നെ. ഇന്ന​ത്തെ​പ്പോ​ലെ അന്നും ഈടും ഉറ​പ്പു​മു​ള്ള വസ്തു​ക്കൾ, വി​ല​പി​ടി​പ്പു​ള്ള ലോ​ഹ​ങ്ങൾ, എഴു​ത്തും വായനയും-​ഇതെല്ലാം അധി​കാ​രി​വർ​ഗ്ഗ​ങ്ങ​ളു​ടെ കൈ​വ​ശ​മാ​യി​രു​ന്നു​വെ​ന്ന​തു് നേ​രാ​ണു്. ഇതി​നി​ട​യിൽ​ക്കൂ​ടെ അന്ന​ത്തെ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ജീ​വി​ത​ത്തെ​ക്കു​റി​ച്ചു് വള​രെ​ക്കു​റ​ച്ചു വി​വ​ര​മേ നമു​ക്കു് കി​ട്ടു​ന്നു​ള്ളു. അതു​ത​ന്നെ അധി​കാ​രി​വർ​ഗ്ഗ​ങ്ങ​ളു​ടെ കണ്ണി​ലൂ​ടെ​യാ​ണു് നമ്മ​ളി​ലേ​ക്കു് എത്തു​ന്ന​തു്. ഇങ്ങ​നെ മേ​ലാ​ള​രു​ടെ ഭൂ​ത​കാ​ല​ത്തി​ലേ​ക്കു് വെ​ളി​ച്ചം​വീ​ശു​ന്ന ചരി​ത്ര​സാ​മ​ഗ്രി​കൾ​ക്ക​പ്പു​റം സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്റെ ചരി​ത്രം പഠി​ക്കാ​നു​ത​കു​ന്ന സാ​മ​ഗ്രി​ക​ളെ​ക്കു​റി​ച്ചു് ആരാ​യേ​ണ്ട​താ​ണെ​ന്ന ബോ​ധം​പോ​ലും താ​ര​ത​മ്യേന സമീ​പ​കാ​ല​ത്തു​മാ​ത്ര​മു​ണ്ടാ​യ​താ​ണു്. പു​രാ​ത​ന​സ​മു​ദാ​യ​ങ്ങ​ളു​ടെ ഉത്ഖ​ന​ന​ങ്ങ​ളിൽ​നി​ന്നു് വൈ​വി​ദ്ധ്യ​മാർ​ന്ന വസ്തു​ക്കൾ കണ്ടെ​ത്തി​യി​ട്ടു​ണ്ടു്. എന്നാൽ സം​സ്കൃ​തി​ക​ളു​ടെ സവി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ച​റി​യാ​നു​ള്ള ആവേ​ശ​ത്തി​നു​പ​രി​യാ​യി സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ജി​ജ്ഞാസ ചരി​ത്ര​ര​ച​നാ​രം​ഗ​ത്തു് സാർ​വ്വ​ത്രി​ക​മാ​യ​തു് താ​ര​ത​മ്യേന സമീ​പ​കാ​ല​ത്താ​ണു്. അടു​ത്ത​കാ​ലം​വ​രെ​യും മേ​ലാ​ള​വർ​ഗ്ഗ​ക്കാ​രു​ടെ ചരി​ത്ര​ത്തെ​യാ​ണു് ഇന്ത്യാ​ച​രി​ത്രം, കേ​ര​ള​ച​രി​ത്രം, ലോ​ക​ച​രി​ത്രം എന്നൊ​ക്കെ​യു​ള്ള വി​ശാ​ല​മായ തല​ക്കെ​ട്ടു​ക​ളി​ലൂ​ടെ അവ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​തു്. ഈ ചരി​ത്ര​ത്തെ ‘നി​ഷ്പ​ക്ഷ​ച​രി​ത്രം’ എന്ന ലേ​ബ​ലോ​ടു​കൂ​ടി​യാ​ണു് മിക്ക പാ​ഠ​പു​സ്ത​ക​ങ്ങ​ളും അവ​ത​രി​പ്പി​ക്കു​ന്ന​തു്.

ലോ​ക​ത്തെ​മ്പാ​ടും അധി​കാ​ര​മി​ല്ലാ​ത്ത ജന​ങ്ങൾ​ക്കു​വേ​ണ്ടി സമ​രം​ചെ​യ്ത ഇട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ങ്ങൾ വളർ​ന്ന​തി​നൊ​പ്പം, പണി​യെ​ടു​ക്കു​ന്ന വർ​ഗ്ഗ​ങ്ങ​ളു​ടെ ചരി​ത്ര​വും രൂ​പ​പ്പെ​ട്ടു​തു​ട​ങ്ങി​യെ​ന്ന​തു് നേ​രു​ത​ന്നെ. മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​ന​യിൽ കർഷകർ, തൊ​ഴി​ലാ​ളി​കൾ, അടി​മ​കൾ, മേ​ലാ​ളർ​ക്കെ​തി​രെ സമ​രം​ചെ​യ്ത അടി​യാ​ളർ മു​ത​ലാ​യ​വ​രു​ടെ ചരി​ത്രാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അന്വേ​ഷ​ണം സജീ​വ​മാ​യി. മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​ന​യിൽ മഹാ​ന്മാ​രു​ടെ ചെ​യ്തി​കൾ​ക്ക​പ്പു​റം മു​ത​ലാ​ളി​ത്ത​വ്യ​വ​സ്ഥ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന്റെ ഫല​മാ​യി ശക്തി​പ്രാ​പി​ച്ച അധി​കാ​ര​രൂ​പ​ങ്ങൾ, ആശ​യ​സ​മു​ച്ച​യ​ങ്ങൾ, സാ​മ്പ​ത്തി​ക​പ്ര​യോ​ഗ​ങ്ങൾ, രാ​ഷ്ട്രീയ സം​ഘർ​ഷ​ങ്ങൾ, പുതിയ സ്ഥാ​പ​ന​ങ്ങൾ എന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഗവേ​ഷ​ണ​ത്തി​നു് പ്രാ​ധാ​ന്യം കൈ​വ​ന്നു. എങ്കി​ലും പണി​യെ​ടു​ക്കു​ന്ന​വ​രു​ടെ ചരി​ത്ര​ങ്ങൾ എഴു​തി​യ​വർ എല്ലാ തൊ​ഴി​ലാ​ളി​കൾ​ക്കും ഒരേ പ്രാ​ധാ​ന്യം കൊ​ടു​ത്തി​ല്ല. സമൂ​ഹ​ത്തെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തു് തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന ബോ​ധ​മാ​യി​രു​ന്നു ഇട​തു​പ​ക്ഷ​ച​രി​ത്ര​ര​ച​ന​യ്ക്കു് പല​പ്പോ​ഴും പ്ര​ചോ​ദ​ന​മാ​യ​തു്. എന്നാൽ ഇവി​ടെ​യും സം​ഘ​ട​ന​ക​ളി​ലൂ​ടെ ശക്ത​രാ​യി​ത്തീർ​ന്ന തൊ​ഴി​ലാ​ളി​കൾ​ക്കാ​ണു് പ്രാ​ധാ​ന്യം​കി​ട്ടി​യ​തു്. തൊ​ഴി​ലാ​ളി​ക​ളിൽ വലി​യൊ​രു വി​ഭാ​ഗം സ്ത്രീ​ക​ളാ​യി​രു​ന്നി​ട്ടും അവർ അപ്പോ​ഴും അദൃ​ശ്യ​രാ​യി​ത്ത​ന്നെ​യി​രു​ന്നു. എന്നാൽ ഇന്നു് മേലാള-​മാർക്സിസ്റ്റ് ചരി​ത്ര​ത്തി​ന്റെ പരി​മി​തി​ക​ളെ മറി​ക​ട​ക്കാൻ ശ്ര​മി​ക്കു​ന്ന ചരി​ത്ര​ര​ച​നാ​ധാ​ര​കൾ അന​വ​ധി​യാ​ണു്.

പാ​ഠ​പു​സ്ത​ക​ങ്ങ​ളിൽ നാം പഠി​ക്കു​ന്ന ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​നു് താ​ഴെ​പ്പ​റ​യു​ന്ന അഞ്ചു പ്ര​ധാന ധാ​ര​ണ​ക​ളാ​ണു​ള്ള​തു്. അഞ്ചും കാ​ല​ഹ​ര​ണ​പ്പെ​ട്ടു​ക​ഴി​ഞ്ഞു​വെ​ന്നു് പു​തു​ച​രി​ത്ര​കാ​ര​ന്മാ​രും ചരി​ത്ര​കാ​രി​ക​ളും പറ​യു​ന്നു​ണ്ടെ​ങ്കി​ലും, പല​യി​ട​ങ്ങ​ളി​ലും പഠ​ന​സ​മ്പ്ര​ദാ​യ​ത്തിൽ മാ​റ്റം​വ​രു​ത്താൻ ശ്രമം നട​ക്കു​ന്നെ​ങ്കി​ലും, ഇന്നും ചരി​ത്ര​ത്തെ​ക്കു​റി​ച്ചു​ളള സാ​മാ​ന്യ​ബോ​ധം ഇതൊ​ക്കെ​ത്ത​ന്നെ​യാ​ണു്.

  1. ഭൂ​ത​കാ​ലം മുതൽ വർ​ത്ത​മാ​ന​കാ​ലം വരെ നട​ന്നി​ട്ടു​ളള ചരി​ത്ര​സം​ഭ​വ​ങ്ങ​ളെ അവ​യു​ടെ കാ​ല​മ​നു​സ​രി​ച്ചു് ക്ര​മ​ത്തിൽ അടു​ക്കി​പ്പ​റ​യു​ന്ന രീ​തി​യാ​ണു് ഉത്തമ ചരി​ത്ര​ര​ച​ന​യു​ടെ ലക്ഷ​ണം. മറ്റൊ​രു വി​ധ​ത്തിൽ പറ​ഞ്ഞാൽ, ചരി​ത്ര​ര​ച​ന​യെ​ന്നാൽ ചരി​ത്ര​സം​ഭ​വ​ങ്ങ​ളെ സം​ഭ​വി​ച്ച ക്ര​മ​മ​നു​സ​രി​ച്ചു് കോർ​ത്തി​ണ​ക്കി അവ​ത​രി​പ്പി​ക്കു​ന്ന പറ​ച്ചിൽ അഥവാ ആഖ്യാ​ന​മാ​ണു്.
kimages/Kulasthree_Chapter01_pic04.png
‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​ന്റെ മറ്റു വി​മർ​ശ​കർ

മാർ​ക്സി​സ്റ്റു​കൾ​ക്കു പുറമേ ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​ന്റെ പരി​മി​തി​ക​ളെ​ക്കു​റി​ച്ചു് ശക്ത​മായ വി​മർ​ശ​ന​മു​ന്ന​യി​ച്ച പ്ര​മു​ഖ​രാ​യി​രു​ന്നു Marc Bloch, Lucien Febvre, Fernand Braudel എന്നീ ഫ്ര​ഞ്ച് ചരി​ത്ര​കാ​ര​ന്മാർ. ഇവർ വളർ​ത്തി​യെ​ടു​ത്ത ചരി​ത്ര​ര​ച​നാ​സ​മ്പ്ര​ദാ​യ​ത്തെ Annales School of History എന്നു് വി​ളി​ക്കു​ന്നു. രാ​ഷ്ട്രീയ സം​ഭ​വ​ങ്ങൾ​ക്കു നൽ​കു​ന്ന അമി​ത​പ്രാ​ധാ​ന്യ​ത്തെ എതിർ​ത്ത ഇവർ സാമ്പത്തിക-​സാംസ്ക്കാരിക ചരി​ത്ര​ത്തി​നു് മു​ന്തിയ സ്ഥാ​നം​നൽ​കി. പള്ളി ഇടവക രേഖകൾ, ചന്ത​ക​ളും മറ്റു വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബന്ധ​പ്പെ​ട്ട രേഖകൾ മു​ത​ലാ​യവ കഴി​ഞ്ഞ​കാ​ല​ത്തെ​ക്കു​റി​ച്ചു് വി​ല​പ്പെ​ട്ട അറി​വു് നൽ​കു​ന്ന​വ​യാ​ണെ​ന്നു് സ്ഥാ​പി​ച്ചു. സാ​ധാ​ര​ണ​ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന​ജീ​വി​ത​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തി​നു് ഊന്നൽ​കൊ​ടു​ത്തു. രാ​ഷ്ട്രീ​യ​ച​രി​ത്ര​മ​ല്ല സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ന്റെ എല്ലാ വശ​ങ്ങ​ളെ​ക്കു​റി​ച്ചും പഠി​ക്കു​ന്ന ‘സമ്പൂർ​ണ്ണ​ച​രി​ത്രം’ (total history) ആയി​രി​ക്ക​ണം ചരി​ത്ര​ര​ച​ന​യു​ടെ ലക്ഷ്യ​മെ​ന്നു് Braudel അഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ന്നു​ത​രം കാ​ല​ഗ​ണ​നാ​ത​ല​ങ്ങൾ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം ഇതെ​ന്നു് അദ്ദേ​ഹം അഭി​പ്രാ​യ​പ്പെ​ട്ടു: ഒന്നു്, ‘ഘടന/പാ​ര​മ്പ​ര്യം’ (structure) എന്ന തലം. ഇതു് ഏറ്റ​വും അടി​സ്ഥാ​ന​പ​ര​വും ഏറ്റ​വും സാ​വ​ധാ​നം​മാ​ത്രം മാ​റു​ന്ന​തു​മായ തലമാണു്-​നൂറ്റാണ്ടുകളോളം നില നിൽ​ക്കു​ന്ന​തു്. രണ്ടു്, ‘പ്ര​വ​ണത’ അഥവാ conjuncture. ഇതു് ഒന്നു​ര​ണ്ടു തലമുറ നീ​ളു​ന്ന കാ​ല​യ​ള​വാ​ണു്. മൂ​ന്നു്, ‘സംഭവം’ അഥവാ event. അതി​വേ​ഗം മാ​റു​ന്ന തല​മാ​ണി​തു്; നേ​രി​ട്ടു് കണ്ടെ​ത്താ​നാ​വു​ന്ന​തും. ആദ്യ​ത​ലം ‘കട​ലി​ലെ അടി​യൊ​ഴു​ക്കു​കൾ’ പോ​ലെ​യും, രണ്ടാ​മ​ത്തെ തലം ‘കട​ലി​ലെ വേലിയേറ്റ-​വേലിയിറക്കങ്ങൾ’ പോ​ലെ​യും മൂ​ന്നാ​മ​ത്തെ തലം ‘കട​ലി​ലെ തി​ര​മാ​ല​കൾ’ പോ​ലെ​യും ആണെ​ന്നാ​ണു് അദ്ദേ​ഹ​ത്തി​ന്റെ അഭി​പ്രാ​യം.

  1. ചരി​ത്ര​ര​ചന ഏറ്റ​വു​മ​ധി​കം പ്രാ​ധാ​ന്യം നൽ​കേ​ണ്ട​തു് ദേ​ശീ​യ​രാ​ഷ്ട്രീ​യ​രം​ഗ​ത്തു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങൾ​ക്കാ​ണു്.
  2. ചരി​ത്ര​മെ​പ്പോ​ഴും മു​ക​ളിൽ​നി​ന്നു​ള്ള ചരി​ത്ര​മാ​ണു്. അതാ​യ​തു് ഭര​ണാ​ധി​കാ​രി​വർ​ഗ്ഗ​ത്തി​ന്റെ വീ​ക്ഷ​ണ​ത്തിൽ​നി​ന്നും എഴു​ത​പ്പെ​ടു​ന്ന, ഭര​ണാ​ധി​കാ​രി​വർ​ഗ്ഗ​ത്തി​ന്റെ വി​ക​സ​ന​പ​രി​ണാ​മ​ങ്ങൾ​ക്കു് ഊന്നൽ നൽ​കു​ന്ന ആഖ്യാ​ന​മാ​ണു് ചരി​ത്രം.
  3. ഔദ്യോ​ഗി​ക​രേ​ഖ​ക​ളെ​യും ആധി​കാ​രിക പുരാവസ്തു-​പുരാരേഖാശേഖരങ്ങളെയും ആശ്ര​യി​ക്കു​ന്ന ചരി​ത്ര​ര​ച​ന​യാ​ണു് ഉത്ത​മ​സ്വ​ഭാ​വ​മു​ള​ള​തു്. ഔദ്യോ​ഗി​ക​രേ​ഖ​കൾ ഭര​ണാ​ധി​കാ​ര​ത്തി​ന്റെ കണ്ണി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​വ​യാ​ണെ​ന്നു് പ്ര​ത്യേ​കി​ച്ചു് പറ​യേ​ണ്ട​തി​ല്ല​ല്ലോ.
  4. ചരി​ത്ര​പു​രു​ഷ​ന്മാ​രു​ടെ പ്ര​വൃ​ത്തി​കൾ മന​സ്സി​ലാ​ക്കാൻ അവ​രു​ടെ മനോ​വ്യാ​പാ​ര​ങ്ങൾ, വി​ശ്വാ​സ​ങ്ങൾ, അവർ സ്വീ​ക​രി​ച്ചി​രു​ന്ന ആശ​യ​ങ്ങൾ ഇതൊ​ക്കെ മന​സ്സി​ലാ​ക്കി​യാൽ മതി. അല്ലാ​തെ അവർ ജീ​വി​ച്ചി​രു​ന്ന വി​ശാ​ല​പ​ശ്ചാ​ത്ത​ല​ത്തി​ന്റെ പ്ര​സ​ക്തി​യോ മറ്റു സങ്കീർ​ണ്ണ​ത​ക​ളോ കണ​ക്കാ​ക്കേ​ണ്ട​തി​ല്ല.

മേൽ​പ്പ​റ​ഞ്ഞ അഞ്ചു തത്ത്വ​ങ്ങ​ളും അടി​മു​ടി ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന കാ​ല​ത്താ​ണു് നാം ജീ​വി​ക്കു​ന്ന​തു്. മാർ​ക്സി​സ്റ്റ്ചി​ന്ത​യെ ആധാ​ര​മാ​ക്കി ചരി​ത്ര​ര​ചന നട​ത്തി​യ​വർ വളരെ മു​മ്പു​ത​ന്നെ ഇവയെ തള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. എങ്കി​ലും തൊ​ഴി​ലാ​ളി​വർ​ഗ്ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ത്ത​വർ​ക്കു് അപ്പോ​ഴും ചരി​ത്ര​ത്തി​നു പു​റ​ത്തു​ത​ന്നെ നിൽ​ക്കേ​ണ്ടി​വ​ന്നു. തൊ​ഴി​ലാ​ളി​വർ​ഗ്ഗ​ത്തി​ന്റെ ചരി​ത്ര​മെ​ന്ന​തി​ന​പ്പു​റം അധി​കാ​ര​മി​ല്ലാ​ത്ത​വ​രു​ടെ ചരി​ത്ര​ത്തി​നു് വേ​റേ​ത​ന്നെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നു് ചരി​ത്ര​ഗ​വേ​ഷ​കർ​ക്കും വി​ദ്യാർ​ത്ഥി​കൾ​ക്കും ബോ​ദ്ധ്യം​വ​ന്ന​തു് പി​ന്നീ​ടാ​ണു്. കീ​ഴാ​ള​ജ​ന​ങ്ങ​ളു​ടെ (അധി​കാ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട ജന​വി​ഭാ​ഗ​ങ്ങ​ളാ​ണു് കീഴാളർ-​സ്ത്രീകൾ, അടി​മ​കൾ, കീ​ഴ്ജാ​തി​ക്കാർ, പാ​വ​പ്പെ​ട്ട​വർ, തൊ​ഴി​ലാ​ളി​കൾ) ചരി​ത്ര​ങ്ങൾ പഠി​ക്കാൻ പുതിയ ശ്ര​മ​ങ്ങൾ ഇന്നു​ണ്ടു്. കൂ​ടു​തൽ സൂ​ക്ഷ്മ​മായ വാ​യ​ന​യി​ലൂ​ടെ​യും പുതിയ ചരി​ത്ര​സാ​മ​ഗ്രി​കൾ കണ്ടെ​ത്തു​ന്ന​തി​ലൂ​ടെ​യും കീ​ഴാ​ള​ച​രി​ത്രാ​ന്വേ​ഷി​കൾ ചരി​ത്ര​പ​ഠ​ന​ത്തി​ന്റെ മു​ഖം​ത​ന്നെ മാ​റ്റി​യെ​ഴു​തു​ക​യാ​ണു്. എന്നാൽ ഇത്ത​രം ശ്ര​മ​ങ്ങൾ​ക്കു് ആക്കം​കൂ​ടി​യ​തു് അടു​ത്ത​കാ​ല​ത്താ​ണു്.

kimages/Kulasthree_Chapter01_pic05.png

ഇന്നു് വളർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഈ പുതിയ ചരി​ത്ര​വി​ജ്ഞാ​നം നമ്മു​ടെ​യി​ട​യിൽ വേ​ണ്ട​ത്ര എത്തി​യി​ട്ടി​ല്ല. ഇപ്പോ​ഴും നമ്മു​ടെ സ്കൂ​ളു​ക​ളി​ലെ ചരി​ത്ര​പ​ഠ​ന​ത്തി​ന്റെ ലക്ഷ്യം ഭൂ​ത​കാ​ല​ത്തി​ന്റെ കലർ​പ്പി​ല്ലാ​ത്ത, അല്ലെ​ങ്കിൽ നി​ഷ്പ​ക്ഷ​മായ ചരി​ത്രം​പ​ഠി​ക്കൽ തന്നെ​യാ​ണു്. അപ്പോൾ ചരി​ത്ര​മെ​ന്നാൽ മഹാ​ന്മാ​രും രാ​ജാ​ക്ക​ന്മാ​രും അവ​രു​ടെ ചെ​യ്തി​ക​ളു​മാ​ണെ​ന്നു് നമ്മൾ ധരി​ക്കാ​നി​ട​വ​ന്ന​തു് ചു​മ്മാ​ത​ല്ല. മഹാ​ന്മാ​രിൽ പലരും ജന​സ​മ്മ​തി​യു​ള്ള​വ​രാ​യി​രു​ന്നു​വെ​ന്ന​തിൽ തർ​ക്ക​മി​ല്ല. (ഗാ​ന്ധി​ജി, പണ്ഡി​റ്റ് നെ​ഹ്രു മു​ത​ലാ​യ​വർ ഉദാ​ഹ​ര​ണം) എന്നാൽ, ഇവ​രോ​ടു് ഒപ്പ​ത്തി​നൊ​പ്പം പ്ര​ധാ​നി​ക​ളാ​യി നി​ന്നി​രു​ന്ന കീ​ഴ്ജാ​തി​നേ​താ​ക്കൾ​ക്കോ സ്ത്രീ​കൾ​ക്കോ പല പു​സ്ത​ക​ങ്ങ​ളി​ലും വേ​ണ്ട​ത്ര പ്രാ​ധാ​ന്യം കി​ട്ടാ​തെ​പോ​കു​ന്ന​തു് എന്തു​കൊ​ണ്ടാ​ണെ​ന്നു് നാം ആലോ​ചി​ക്ക​ണം. കീ​ഴാ​ള​രു​ടെ ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചു് അറി​വു​നൽ​കു​ന്ന ചരി​ത്ര​വ​സ്തു​ക്കൾ കു​റ​വാ​ണെ​ന്നു സമ്മ​തി​ക്കാം. എങ്കി​ലും ഈ കു​റ​വി​നെ വലി​യൊ​ര​ള​വു​വ​രെ പരി​ഹ​രി​ച്ചു് മു​ന്നോ​ട്ടു​പോ​കാ​നാ​കു​മെ​ന്നു് അടു​ത്ത​കാ​ല​ങ്ങ​ളിൽ ഗവേ​ഷ​കർ നിർ​മ്മി​ച്ച കീ​ഴാ​ള​ച​രി​ത്ര​ങ്ങൾ തെ​ളി​യി​ക്കു​ന്നു. ഇന്നു് പ്ര​ചാ​ര​ത്തി​ലി​രി​ക്കു​ന്ന ഔദ്യോ​ഗി​ക​ച​രി​ത്രം (അതു് ഇന്ത്യ​യു​ടേ​താ​യാ​ലും ശരി, കേ​ര​ള​ത്തി​ന്റേ​താ​യാ​ലും ശരി) അവ​കാ​ശ​പ്പെ​ടു​ന്ന നി​ഷ്പ​ക്ഷത മേ​ലാ​ള​ച​രി​ത്ര​ത്തി​നു​ള്ള മറ മാ​ത്ര​മാ​ണെ​ന്നു് ചരി​ത്ര​ഗ​വേ​ഷ​കർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പൊ​തു​വേ ഈ മാ​റ്റ​ങ്ങൾ ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​ന്റെ വക്താ​ക്ക​ളെ വളരെ ചൊ​ടി​പ്പി​ക്കു​ന്നു​ണ്ടു്. ചരി​ത്ര​മെ​ന്നാൽ പഴ​യ​കാ​ല​ത്തി​ന്റെ കലർ​പ്പി​ല്ലാ​ത്ത ചി​ത്ര​മ​ല്ലെ​ന്നു പറ​യു​മ്പോൾ അവർ ചോ​ദി​ക്കാ​റു​ണ്ടു്, ‘ഓ, പി​ന്നെ അതെ​ന്താ കെ​ട്ടു​ക​ഥ​യാ​ണോ?’ തീർ​ച്ച​യാ​യും ‘അല്ല’ എന്നാ​ണു് ഈ ചോ​ദ്യ​ത്തി​നു മറു​പ​ടി. നേ​ര​ത്തെ സൂ​ചി​പ്പി​ച്ച​തു​പോ​ലെ പുതിയ തെ​ളി​വു​ക​ളു​ടെ അടി​സ്ഥാ​ന​ത്തി​ലാ​ണു് ഈ പുതിയ ചരി​ത്ര​ര​ച​ന​കൾ ഉണ്ടാ​യി​രി​ക്കു​ന്ന​തു്. വ്യ​ക്ത​മായ തെ​ളി​വു​ക​ളു​ടെ അടി​സ്ഥാ​ന​മെ​ന്താ​യി​രി​ക്കു​മെ​ന്ന ചോ​ദ്യം ചരി​ത്ര​പ​ണ്ഡി​തർ ഇന്നും ചർ​ച്ച​ചെ​യ്യു​ന്ന ഒന്നാ​ണെ​ങ്കി​ലും, വി​ശ്വ​സി​ക്കാ​വു​ന്ന വാ​ദ​ങ്ങൾ എങ്ങ​നെ നിർ​മ്മി​ക്കാ​മെ​ന്ന​തി​നെ​പ്പ​റ്റി ചില പൊ​തു​സ​മ്മ​ത​ങ്ങൾ അവർ​ക്കി​ട​യി​ലു​ണ്ടു്. എന്നാൽ, എന്തൊ​ക്കെ നല്ല തെ​ളി​വാ​യി കണ​ക്കാ​ക്കാ​മെ​ന്ന​തി​നെ​പ്പ​റ്റി പഴ​യ​രീ​തി​യിൽ ചി​ന്തി​ക്കു​ന്ന ചരി​ത്ര​കാ​ര​ന്മാ​രും പുതിയ രീ​തി​യിൽ ചി​ന്തി​ക്കു​ന്ന​വ​രും തമ്മിൽ അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടെ​ന്ന​തു നേരു തന്നെ. ഇക്കാ​ര്യ​ത്തെ​പ്പ​റ്റി പൂർ​ണ്ണ​മായ അഭി​പ്രായ ഐക്യം ഇല്ലാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി ചരി​ത്ര​ര​ച​നാ​ധാ​ര​ക​ളും വ്യ​ത്യ​സ്ത രച​നാ​പ​ദ്ധ​തി​ക​ളും നി​ല​വി​ലു​ണ്ടു്. ഇവ തമ്മി​ലു​ള്ള നി​ര​ന്ത​ര​സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യാ​ണു് ചരി​ത്ര​വി​ജ്ഞാ​നം വി​സ്തൃ​ത​മാ​കു​ന്ന​തു്. ഇത്ത​രം സം​വാ​ദ​ത്തി​ലൂ​ടെ, അനവധി ഗവേ​ഷ​ക​രു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ലൂ​ടെ കടന്ന ചരി​ത്ര​സാ​മ​ഗ്രി​കൾ​ക്കു​മാ​ത്ര​മെ തെ​ളി​വെ​ന്ന സമ്മ​തം ലഭി​ക്കൂ. വേ​ണ്ട​ത്ര, തക്ക​തായ തെ​ളി​വി​ല്ലാ​തെ നല്ല ചരി​ത്ര രചന നട​ക്കി​ല്ല. ഇടു​ങ്ങിയ സ്ഥാ​പി​ത​താൽ​പ​ര്യ​ങ്ങ​ളെ താ​ങ്ങി​നിർ​ത്താൻ​വേ​ണ്ടി എഴു​ത​പ്പെ​ടു​ന്ന ചരി​ത്ര​ങ്ങ​ളു​ടെ ചെ​മ്പു് പെ​ട്ടെ​ന്നു​ത​ന്നെ തെ​ളി​യു​ന്ന​തു് ഇതി​നാ​ലാ​ണു്.

കീ​ഴാ​ള​പ​ഠ​ന​ങ്ങൾ അഥവാ Subaltern Studies

ബ്രി​ട്ടീ​ഷ് അധി​കാ​ര​ത്തി​നെ​തി​രെ ഇന്ത്യ​യു​ടെ പല ഭാ​ഗ​ങ്ങ​ളി​ലേ​യും കീ​ഴാ​ള​വി​ഭാ​ഗ​ങ്ങൾ​ക്കി​ട​യിൽ​നി​ന്നു​ണ്ടായ എതിർ​പ്പി​നെ സാ​മ്പ്ര​ദാ​യി​ക​ച​രി​ത്ര​ര​ച​നാ​രീ​തി​കൾ അധി​ക​വും അവ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തു്. ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​നു് കേ​ന്ദ്ര​പ്രാ​ധാ​ന്യം കല്പി​ച്ച ദേ​ശീ​യ​വാ​ദ​ച​രി​ത്ര​മോ (Nationalist history) മാർ​ക്സി​സ്റ്റ് ചരി​ത്ര​മോ പോലും വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ഈ ചെ​റു​ത്തു​നി​ല്പു​കൾ​ക്കു് നൽ​കി​യി​ല്ല. ഈ തമ​സ്ക​ര​ണ​ത്തി​നെ​തി​രെ​യു​ളള നീ​ക്ക​മാ​ണു് ‘കീ​ഴാ​ള​പ​ഠ​ന​ങ്ങൾ’ എന്നു് ആ പ്ര​സ്ഥാ​ന​ത്തി​ന്റെ വക്താ​ക്കൾ അവ​കാ​ശ​പ്പെ​ടു​ന്നു. ഔദ്യോ​ഗി​ക​രേ​ഖ​ക​ളി​ലും ദേശീയ-​മാർക്സിസ്റ്റ് ചരി​ത്ര​ത്തി​ലും നി​ശ​ബ്ദ​രാ​ക്ക​പ്പെ​ട്ട, അല്ലെ​ങ്കിൽ പാർ​ശ്വ​വൽ​ക്ക​രി​ക്ക​പ്പെ​ട്ട, ജന​വി​ഭാ​ഗ​ങ്ങ​ളു​ടെ ചെ​റു​ത്തു​നിൽ​പ്പു​ക​ളെ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രിക, അവ​രു​ടെ അധി​നി​വേ​ശ​വി​രു​ദ്ധ​നി​ല​പാ​ടു​ക​ളു​ടെ​യും തന്ത്ര​ങ്ങ​ളു​ടെ​യും വ്യ​ത്യ​സ്തത അട​യാ​ള​പ്പെ​ടു​ത്തുക മു​ത​ലായ ലക്ഷ്യ​ങ്ങ​ളാ​യി​രു​ന്നു ഈ സം​ഘ​ത്തി​ന്റേ​തു്. ഔദ്യോ​ഗി​ക​രേ​ഖ​ക​ളെ വരി​കൾ​ക്കി​ട​യി​ലൂ​ടെ വാ​യി​ച്ചും പുതിയ ചരി​ത്ര​സ്രോ​ത​സ്സു​കൾ കണ്ടെ​ത്തി​യും മറ്റു​മാ​ണു് ‘കീ​ഴാ​ള​ച​രി​ത്രം’ മു​ന്നേ​റി​യ​തു്. ‘കീ​ഴാ​ള​ച​രി​ത്ര’ത്തി​ന്റെ മറ്റൊ​രു ധാര, ജാതി/ ജന്മി​ത്ത​വി​രു​ദ്ധ​സ​മ​ര​ങ്ങ​ളെ ദേ​ശീ​യ​സ​മ​ര​ത്തി​ന്റെ ഉപ​വി​ഭാ​ഗ​മാ​യി ചു​രു​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത​രീ​തി​യെ ശക്ത​മാ​യി എതിർ​ത്തു.

അത്ത​രം അവ​കാ​ശ​വാ​ദ​ങ്ങൾ മി​ക്ക​പ്പോ​ഴും മതി​യായ തെ​ളി​വി​നെ ആസ്പ​ദ​മാ​ക്കു​ന്ന​വ​യ​ല്ല. നി​ല​വിൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട തെ​ളി​വു​ക​ളെ​യും അനു​മാ​ന​രീ​തി​ക​ളെ​യും അവ കണ​ക്കാ​ക്കു​ക​യു​മി​ല്ല. അതു​പോ​ലെ, ‘പല ചരി​ത്ര​കാ​ര​ന്മാ​രും പലതും പറ​യു​ന്നു, ആരു പറ​യു​ന്ന​തു് വി​ശ്വ​സി​ക്കും’ എന്ന ചോ​ദ്യ​വും കേൾ​ക്കാ​റു​ണ്ടു്. നേ​ര​ത്തേ പറ​ഞ്ഞ​തു​പോ​ലെ, സമൂ​ഹ​ത്തി​ലെ മനു​ഷ്യർ​ക്കു മു​ഴു​വൻ ഒരൊ​റ്റ ചരി​ത്ര​മ​ല്ല ഉള്ള​തു്. (സാ​ധാ​ര​ണ​ഗ​തി​യിൽ, ആ പേരിൽ വാ​ഴി​ക്ക​പ്പെ​ടു​ന്ന​തു് മേലാള ചരി​ത്ര​മാ​ണെ​ന്നു് പറ​ഞ്ഞ​ല്ലോ) ചരി​ത്ര​മെ​ന്നാൽ പല ജന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​മായ ഭൂ​ത​കാ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അറി​വി​ന്റെ മേ​ഖ​ല​യാ​ണെ​ന്നും ഇന്നു നമു​ക്ക​റി​യാം. അങ്ങ​നെ​യാ​ണെ​ങ്കിൽ ആരു പറ​യു​ന്ന​തു വി​ശ്വ​സി​ക്കു​മെ​ന്ന പ്ര​ശ്നം അത്ര ഗു​രു​ത​ര​മാ​കി​ല്ല. ഏതെ​ങ്കി​ലു​മൊ​രു വി​ഭാ​ഗ​ത്തി​ന്റെ ചരി​ത്ര​ത്തിൽ ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള മു​ഴു​വൻ സത്യ​വു​മു​ണ്ടെ​ന്ന ധാരണ ശരി​യ​ല്ലെ​ന്നു സാരം. ചരി​ത്ര​ത്തി​ലെ ശരി​യേ​തു്, തെ​റ്റേ​തു് എന്നും മറ്റു​മു​ള്ള ധാ​ര​ണ​കൾ ഓരോ ജന​വി​ഭാ​ഗ​ത്തി​ലും വ്യ​ത്യ​സ്ത​മാ​വു​മെ​ന്ന​തു് സ്വാ​ഭാ​വി​കം​മാ​ത്രം. രാ​ജാ​ക്ക​ന്മാ​രു​ടെ ചരി​ത്ര​ത്തി​ലെ ശരി​തെ​റ്റു​കൾ പ്ര​ജ​ക​ളു​ടെ ചരി​ത്ര​ത്തി​ലെ ശരി​തെ​റ്റു​ക​ളിൽ​നി​ന്നും വി​ഭി​ന്ന​മാ​യി​രി​ക്കും. ഏതെ​ങ്കി​ലു​മൊ​രു രാ​ജ​വം​ശ​ത്തി​ന്റെ അധി​കാ​ര​മു​റ​പ്പി​ക്കു​ന്ന ‘മഹ​ത്തായ’ യു​ദ്ധ​വി​ജ​യ​ങ്ങ​ളെ, ആ യു​ദ്ധ​ത്തിൽ ആളും അർ​ത്ഥ​വും നഷ്ട​പ്പെ​ട്ടു നര​കി​ച്ച ജന​ങ്ങ​ളു​ടെ കണ്ണി​ലൂ​ടെ വി​ല​യി​രു​ത്തി​യാൽ തീർ​ത്തും വി​ഭി​ന്ന​മായ കാ​ഴ്ച​യാ​വും നാം കാണുക.

kimages/Kulasthree_Chapter01_pic06.png
ലൈം​ഗി​ക​ത​യ്ക്കും ആൺ-​പെൺഭേദത്തിനും ചരി​ത്ര​മോ?

സ്ത്രീ​ത്വം മാ​ത്ര​മ​ല്ല പു​രു​ഷ​ത്വ​വും കാ​ല​ത്തിൽ മാ​റു​ന്ന ആശ​യ​വും പ്ര​യോ​ഗ​വു​മാ​ണെ​ന്നും അതി​ന്റെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചും അന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്നും പലരും വാ​ദി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ലൈം​ഗി​കാ​കർ​ഷ​ണ​വും ആഗ്ര​ഹ​വും നാം പല​പ്പോ​ഴും കരു​തും​പോ​ലെ പ്ര​ജ​ന​ന​ത്തി​നു​വേ​ണ്ടി മാ​ത്ര​മ​ല്ല. അവ പ്ര​കൃ​തി നിർ​ണ്ണ​യി​ക്കു​ന്ന​വ​യു​മ​ല്ല. മറി​ച്ചു് മനു​ഷ്യ​രു​ടെ മാ​റി​വ​രു​ന്ന ഭൗ​തി​ക​വും ആശ​യ​പ​ര​വു​മായ സാ​ഹ​ച​ര്യ​ങ്ങ​ളും ലൈം​ഗി​ക​ചോ​ദ​ന​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തെ കാ​ര്യ​മാ​യി നിർ​ണ്ണ​യി​ക്കു​ന്നു​ണ്ടെ​ന്നു് ഈ ചരി​ത്ര​ര​ച​യി​താ​ക്കൾ തെ​ളി​യി​ച്ചു. സമൂ​ഹ​ത്തിൽ നി​ല​നിൽ​ക്കു​ന്ന പലതരം ലൈം​ഗി​ക​ചോ​ദ​ന​കൾ​ക്കും ആഗ്ര​ഹ​ങ്ങൾ​ക്കും ഒരു​പോ​ലെ അം​ഗീ​കാ​രം ലഭി​ക്കാ​ത്ത​തെ​ന്തു​കൊ​ണ്ടു് എന്ന ചോ​ദ്യ​മാ​ണു് ഇവ​രു​ടെ അന്വേ​ഷ​ണ​ങ്ങ​ളെ നയി​ച്ച​തു്. ‘ലൈം​ഗി​ക​മാ​ന്യത’യ്ക്കു് തീരെ മാ​ന്യ​മ​ല്ലാ​ത്ത ചരി​ത്ര​മാ​ണു​ള്ള​തെ​ന്നു് ഇവ​രു​ടെ ചരി​ത്ര​ര​ച​ന​കൾ സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കു​ന്നു. സ്വ​വർ​ഗ്ഗ​ത്തെ സ്നേ​ഹി​ക്കു​ന്ന​വർ, ഹി​ജ​ഡ​കൾ, ലിം​ഗ​സ്വ​ഭാ​വ​മാ​റ്റ​ത്തി​നു വിധേയരാകാനാഗ്രഹിക്കുന്നവർ-​ഇങ്ങനെ വ്യ​വ​സ്ഥാ​പിത ലൈം​ഗി​ക​മൂ​ല്യ​ങ്ങ​ളിൽ​നി​ന്നു വ്യത്യാസപ്പെട്ടവർ-​അനുഭവിച്ച ഹിം​സ​യു​ടെ​യും ചൂ​ഷ​ണ​ത്തി​ന്റെ​യും ഒപ്പം അവ​രു​ടെ ചെ​റു​ത്തു​നിൽ​പ്പു​ക​ളു​ടെ​യും ചരി​ത്രം ഇന്നു് പു​തി​യൊ​രു ലൈം​ഗി​ക​രാ​ഷ്ട്രീ​യ​ബോ​ധ​ത്തി​നു് അടി​ത്ത​റ​യി​ട്ടി​രി​ക്കു​ന്നു.

ലോ​ക​ത്തി​ന്റെ മറ്റു ഭാ​ഗ​ങ്ങ​ളി​ലെ ചരി​ത്ര​ര​ച​നാ​സ​മ്പ്ര​ദാ​യ​ങ്ങ​ളി​ലു​ണ്ടായ ഗു​ണ​ക​ര​മായ മാ​റ്റ​ങ്ങ​ളു​ടെ അല​യൊ​ലി​കൾ ഇവി​ടെ​യും എത്തി​യി​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി പറ​ഞ്ഞ​ല്ലോ. ഇരു​പ​താം നൂ​റ്റാ​ണ്ടി​ന്റെ രണ്ടാം​പ​കു​തി​യിൽ ലോ​ക​മെ​മ്പാ​ടു​മു​ളള കീ​ഴാ​ളർ​ക്കു​ണ്ടായ രാ​ഷ്ട്രീയ ഉണർ​വി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു ഇതു്. സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ കാലം നിർ​ണ്ണാ​യ​ക​മാ​യി​രു​ന്നു. അതു​വ​രെ മേ​ലാ​ള​ച​രി​ത്ര​ങ്ങ​ളി​ലും കർഷക-​തൊഴിലാളി ചരി​ത്ര​ങ്ങ​ളി​ലും പരി​മി​ത​മായ സാ​ന്നി​ദ്ധ്യം​മാ​ത്ര​മേ അവർ​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. സ്ത്രീ​ക​ളു​ടെ ചരി​ത്ര​പ​ഠ​ന​ത്തി​നാ​വ​ശ്യ​മായ സാ​മ​ഗ്രി​കൾ കു​റ​വാ​യി​രു​ന്നു. പൊ​തു​രം​ഗം, രാ​ഷ്ട്രീ​യം എന്നി​വ​യ്ക്കു് നി​ഷ്പ​ക്ഷ​ച​രി​ത്ര​ര​ച​ന​യിൽ അമി​ത​പ്രാ​ധാ​ന്യം നൽ​കി​യി​രു​ന്ന​തു് സ്ത്രീ​ക​ളു​ടെ ചരി​ത്ര​ത്തെ ഇരു​ട്ടി​ലാ​ഴ്ത്തി​യ​തിൽ അത്ഭു​ത​മി​ല്ല​ല്ലോ. കാരണം, ഈ രണ്ടു രം​ഗ​ങ്ങ​ളിൽ​നി​ന്നും സ്ത്രീ​കൾ പൊ​തു​വെ പു​റ​ത്താ​ക്ക​പ്പെ​ട്ടി​രു​ന്നു. അധി​കാ​ര​സ്ഥാ​ന​ങ്ങൾ അവ​രി​ല​ധി​കം​പേർ​ക്കും അന്യ​മാ​യി​രു​ന്നു. സ്ത്രീ​കൾ സന്നി​ഹി​ത​രാ​യി​രു​ന്ന കുടുംബ-​സാമുദായിക സ്ഥാ​പ​ന​ങ്ങൾ​ക്കു് ചരി​ത്ര​ര​ച​ന​യിൽ കാ​ര്യ​മായ ശ്ര​ദ്ധ ലഭി​ച്ചി​രു​ന്നി​ല്ല.

Post colonial history അഥവാ അധി​നി​വേ​ശാ​ന​ന്തര ചരി​ത്രം

ആധു​നി​ക​വ​ത്ക​ര​ണം (modernisation), അധി​നി​വേ​ശം (colonialism), ദേ​ശീ​യത (nationalism), എന്നീ മൂ​ന്നു ശക്തി​ക​ളോ​ടും വി​മർ​ശ​ന​പ​ര​മായ അക​ലം​പാ​ലി​ക്കു​ന്ന ചരി​ത്ര​ധാ​ര​യാ​ണി​തു്. പല​പ്പോ​ഴും പര​സ്പ​ര​വി​രു​ദ്ധ​ങ്ങ​ളെ​ന്നു തോ​ന്നു​മെ​ങ്കി​ലും ഈ മൂ​ന്നു പ്ര​തി​ഭാ​സ​ങ്ങ​ളും അടി​സ്ഥാ​ന​ത​ല​ത്തിൽ പലതും പങ്കു​വ​യ്ക്കു​ന്നു​വെ​ന്ന തി​രി​ച്ച​റി​വാ​ണു് ഈ ധാ​ര​യു​ടെ അടി​സ്ഥാന ഉൾ​ക്കാ​ഴ്ച​ക​ളി​ലൊ​ന്നു്. മു​മ്പു പറഞ്ഞ കീ​ഴാ​ള​ച​രി​ത്ര​ര​ചന ഈ ധാ​ര​യി​ലുൾ​പ്പെ​ടും. എഡ്വേർ​ഡ് സെ​യ്ദി​ന്റെ അതി​പ്ര​ശ​സ്ത​മായ ഓറി​യ​ന്റ​ലി​സം എന്ന കൃ​തി​യിൽ​നി​ന്നു് ബൗ​ദ്ധി​ക​വും രാ​ഷ്ട്രീ​യ​വു​മായ പ്ര​ചോ​ദ​ന​മുൾ​ക്കൊ​ണ്ട ധാ​ര​യാ​ണി​തു്. ചരി​ത്ര​ഗ​വേ​ഷ​ണ​വും രച​ന​യും അധി​നി​വേ​ശ​ത്തി​ന്റെ യു​ക്തി​യെ തു​ടർ​ന്നും നി​ല​നിർ​ത്താൻ സഹാ​യ​ക​ര​മാ​യി​ത്തീ​രു​ന്ന​തെ​ങ്ങ​നെ തു​ട​ങ്ങിയ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ക്കാൻ ഈ ചരി​ത്ര​ധാ​ര​യു​ടെ വക്താ​ക്കൾ തയ്യാ​റാ​ണു്.

എന്നാൽ 1960-​കൾക്കുശേഷം ഈയ​വ​സ്ഥ​യിൽ മാ​റ്റം കണ്ടു​തു​ട​ങ്ങി. മേ​ലാ​ള​ച​രി​ത്ര​ങ്ങൾ മാ​യ്ച്ചു​ക​ള​ഞ്ഞ സ്ത്രീ​ച​രി​ത്ര​ത്തെ വീ​ണ്ടെ​ടു​ക്കാൻ സ്ത്രീ​ഗ​വേ​ഷ​കർ ശ്ര​മി​ച്ചു. സ്ത്രീ​ച​രി​ത്ര​ര​ചന സ്ത്രീ​ക​ളു​ടെ ആത്മാ​ഭി​മാ​ന​ത്തെ വീ​ണ്ടെ​ടു​ക്കാ​നു​ളള മു​ഖ്യ​മാർ​ഗ്ഗ​ങ്ങ​ളി​ലൊ​ന്നാ​യി കണ​ക്കാ​ക്ക​പ്പെ​ട്ടു. തു​ടർ​ന്നു് ഇത്ത​രം ചരി​ത്ര​വി​ജ്ഞാ​ന​ത്തി​ന്റെ ആഴവും പര​പ്പും വർ​ദ്ധി​ച്ചു. സമൂ​ഹ​ത്തിൽ പടർ​ന്നു​നിൽ​ക്കു​ന്ന സ്ത്രീ​വി​രു​ദ്ധ​സ്ഥാ​പ​ന​ങ്ങൾ എങ്ങ​നെ​യു​ണ്ടാ​യി, ആണും പെ​ണ്ണും തമ്മി​ലു​ളള വ്യ​ത്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു് നമു​ക്കു​ളള ധാ​ര​ണ​കൾ എങ്ങ​നെ, എപ്പോൾ ഉണ്ടാ​യി മു​ത​ലായ ചോ​ദ്യ​ങ്ങ​ളി​ലേ​ക്കു് സ്ത്രീ​ച​രി​ത്ര​പ​ഠ​നം കട​ന്നു.

1980-കളിൽ ഇന്ത്യ​യി​ലെ സ്ത്രീ​പ്ര​സ്ഥാ​നം ശക്തി​പ്രാ​പി​ച്ച​തോ​ടെ ഇവി​ടെ​യും സ്ത്രീ​ച​രി​ത്ര​പ​ഠ​നം സജീ​വ​മാ​യി. ഇവിടെ വലിയ പ്ര​ചാ​രം നേ​ടി​യി​രു​ന്ന ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​ന്റെ ആണി​ക്ക​ല്ലു​ക​ളായ പല സങ്ക​ല്പ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ ഭൂ​ത​കാ​ല​ത്തി​ലേ​ക്കു് വേ​ണ്ട​ത്ര വെ​ളി​ച്ചം വീ​ശു​ന്നു​ണ്ടോ എന്ന ചോ​ദ്യം സ്ത്രീ​ച​രി​ത്ര​ഗ​വേ​ഷ​കർ ചോ​ദി​ച്ചു. ‘ഭാ​ര​ത​ത്തി​ന്റെ പു​രാ​ത​ന​കാ​ലം’, ‘ഇന്ത്യൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്രം’ മു​ത​ലായ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു് നി​ല​വി​ലു​ള്ള ചരി​ത്ര​ര​ച​ന​കൾ സ്ത്രീ​ക​ളു​ടെ പങ്കാ​ളി​ത്ത​ത്തെ എത്ര​ത്തോ​ളം അം​ഗീ​ക​രി​ക്കു​ന്നു​ണ്ടു്? ഇന്ത്യ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലെ സമൂ​ഹ​ത്തി​ന്റെ, സം​സ്ക്കാ​ര​ങ്ങ​ളു​ടെ, രാ​ഷ്ട്രീ​യ​രം​ഗ​ത്തി​ന്റെ ചരി​ത്ര​ങ്ങ​ളിൽ സ്ത്രീ​ക​ളു​ടെ നില എന്താ​യി​രു​ന്നു? കു​ടുംബ ജീ​വി​ത​ത്തി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും പൊ​തു​രം​ഗ​ത്തും സാം​സ്ക്കാ​രി​ക​കാ​ര്യ​ങ്ങ​ളി​ലു​മു​ണ്ടായ മാ​റ്റ​ങ്ങൾ സമൂ​ഹ​ത്തി​ന്റെ പല തട്ടു​ക​ളി​ലെ സ്ത്രീ​ക​ളെ എങ്ങ​നെ ബാ​ധി​ച്ചു? അവർ നട​ത്തിയ സമ​ര​ങ്ങ​ളും ചെ​റു​ത്തു​നിൽ​പ്പും ഏതു വി​ധ​ത്തി​ലു​ള്ള​വ​യാ​യി​രു​ന്നു? ആണ​ത്തം മു​ത​ലായ സങ്കൽ​പ​ങ്ങൾ എക്കാ​ല​ത്തും ഇന്ന​ത്തെ​പ്പോ​ലെ ആയി​രു​ന്നോ അതോ അവയും മാ​റി​യി​ട്ടു​ണ്ടോ? ആൺ-​പെൺ വ്യ​ത്യാ​സ​ങ്ങ​ളെ​പ്പ​റ്റി നമു​ക്കു് ഇന്നു​ള്ള ധാ​ര​ണ​കൾ എങ്ങ​നെ രൂ​പ​പ്പെ​ട്ടു? അവ സമൂ​ഹ​ത്തി​ന്റെ എല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും പടർ​ന്ന​തെ​ങ്ങ​നെ? ഇങ്ങ​നെ പലപല ചോ​ദ്യ​ങ്ങ​ളു​യർ​ത്തി അറി​വി​ന്റെ പു​തു​വ​ഴി​കൾ തു​റ​ന്നി​ടാൻ ഇന്ത്യ​യി​ലെ സ്ത്രീ​ച​രി​ത്ര​ഗ​വേ​ഷ​കർ​ക്കു് കഴി​ഞ്ഞി​ട്ടു​ണ്ടു്.

ഇതു​കൂ​ടാ​തെ, രാ​ജ്യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചു നട​ന്നി​രു​ന്ന ചരി​ത്ര​പ​ഠ​ന​രീ​തി (അതാ​യ​തു് ‘ബ്രി​ട്ടീ​ഷ്ച​രി​ത്രം’, ‘ഇന്ത്യാ​ച​രി​ത്രം’ എന്നൊ​ക്കെ നാം ചരി​ത്ര​പ​ഠ​ന​രം​ഗ​ത്തെ വേർ​തി​രി​ക്കു​ന്ന രീതി) ഇന്നു് മാ​റി​യി​രി​ക്കു​ന്നു. ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തി​ന്റെ വക്താ​ക്കൾ​ക്കു് ചരി​ത്ര​മെ​ന്നാൽ ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​ത്തോ​ടു് അടു​ത്ത ബന്ധ​മു​ള്ള ചരി​ത്ര​മാ​ണു്. പ്രാ​ഥ​മി​ക​വി​ദ്യാ​ഭ്യാ​സ​ത്തിൽ ചരി​ത്രം ഉൾ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ന്യാ​യീ​ക​ര​ണം​ത​ന്നെ അതു് ദേ​ശ​സ്നേ​ഹം വളർ​ത്താ​നു​ള്ള മാർ​ഗ്ഗ​മാ​ണെ​ന്ന വാ​ദ​മാ​ണു്. ദേ​ശ​രാ​ഷ്ട്രം ഭൂ​ത​കാ​ല​ത്തി​ലൂ​ടെ വി​ക​സി​ച്ചു് പൂർ​ണ്ണ​രൂ​പ​ത്തി​ലെ​ത്തി​യ​തെ​ങ്ങ​നെ​യെ​ന്നു് നമ്മെ പഠി​പ്പി​ക്കു​ന്ന വി​ജ്ഞാ​ന​ശാ​ഖ​യാ​യി​ട്ടാ​ണു് ചരി​ത്ര​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളിൽ നാം പരി​ച​യ​പ്പെ​ടു​ന്ന​തു്. ഈ താൽ​പ​ര്യം മു​ന്നിൽ നിൽ​ക്കു​മ്പോൾ മി​ക്ക​പ്പോ​ഴും ദേ​ശ​രാ​ഷ്ട്ര​ത്തി​നു​ള്ളിൽ ഒതുങ്ങിക്കഴിയുന്നവരുടെ-​സ്ത്രീകളുടെ, ആദി​വാ​സി​ക​ളു​ടെ, ദളി​ത​രു​ടെ, മറ്റു കീഴാളവിഭാഗങ്ങളുടെ-​ചരിത്രം അദൃ​ശ്യ​മാ​കു​മെ​ന്ന​തു് സ്വാ​ഭാ​വി​കം. കാരണം, ദേ​ശ​ത്തി​ന്റെ പ്ര​തി​നി​ധി​ക​ളാ​യി മി​ക്ക​പ്പോ​ഴും മു​ന്നിൽ​വ​രു​ന്ന​തു് വരേ​ണ്യ​രാ​ണു്; ദേ​ശീ​യ​ത​യാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തു് വരേ​ണ്യ​രു​ടെ ആശ​യ​ങ്ങ​ളാ​ണു്. ചരി​ത്ര​ര​ച​ന​യിൽ ദേ​ശ​ത്തി​ന്റെ അതി​പ്ര​സ​ര​ത്തിൽ​നി​ന്നു് രക്ഷ​പ്പെ​ടാ​നു​ള്ള ഒരു മാർ​ഗ്ഗം കീ​ഴാ​ള​രു​ടെ ചരി​ത്ര​ത്തി​ലേ​ക്കു തി​രി​യ​ലാ​ണു്; ഇതു​കൂ​ടാ​തെ, പ്ര​ത്യേക ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളെ ഇങ്ങ​നെ ഒറ്റ​യ്ക്കൊ​റ്റ​യ്ക്കു് നോ​ക്കു​ന്ന​തി​നു പകരം, ലോ​ക​ത്തി​ന്റെ പ്ര​ത്യേ​ക​ഭാ​ഗ​ങ്ങൾ ഭൂ​ത​കാ​ല​ത്തി​ന്റെ വ്യ​ത്യ​സ്ത ഘട്ട​ങ്ങ​ളിൽ എങ്ങ​നെ പര​സ്പ​രം ബന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ആ ബന്ധ​ങ്ങൾ കാ​ല​ത്തി​ന്റെ ഒഴു​ക്കിൽ എങ്ങ​നെ മാ​റി​യെ​ന്നും തി​ര​ക്കു​ന്ന രീതി പു​തി​യൊ​രു ഊന്ന​ലോ​ടെ ഉയർ​ന്നു​വ​ന്നി​രി​ക്കു​ന്നു. മു​മ്പു് പടി​ഞ്ഞാ​റൻ ലോ​ക​ത്തു​ണ്ടായ മാ​റ്റം മറ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു് എങ്ങ​നെ പടർ​ന്നു, അതു​കൊ​ണ്ടു് എന്തെ​ല്ലാം ചല​ന​ങ്ങ​ളു​ണ്ടാ​യി എന്ന അന്വേ​ഷ​ണ​ത്തി​നാ​യി​രു​ന്നു മു​ന്തിയ സ്ഥാ​നം. ഇന്നു് ഇതിൽ അൽ​പ്പം മാ​റ്റം​വ​ന്നി​രി​ക്കു​ന്നു. പടി​ഞ്ഞാ​റൻ​ലോ​ക​ത്തി​നു് കൊ​ടു​ത്തി​രു​ന്ന സർ​വ​പ്രാ​ധാ​ന്യം കു​റ​ഞ്ഞു. മാ​ത്ര​മ​ല്ല, വെ​ള്ള​ക്കാർ മു​മ്പു് അട​ക്കി ഭരി​ച്ചി​രു​ന്ന ഏഷ്യ, ആഫ്രി​ക്ക, തെ​ക്കെ അമേ​രി​ക്ക എന്നി​വി​ട​ങ്ങ​ളി​ലെ ജന​ങ്ങ​ളു​ടെ ചരി​ത്ര​ത്തി​നു് പുതിയ പ്രാ​ധാ​ന്യം പല​യി​ട​ത്തും കി​ട്ടി​യി​രി​ക്കു​ന്നു. ഇതോ​ടു​കൂ​ടി ലോ​ക​ച​രി​ത്ര​മെ​ന്നാൽ പടി​ഞ്ഞാ​റൻ രാ​ജ്യ​ങ്ങ​ളു​ടെ വി​ക​സ​ന​ച​രി​ത്ര​മാ​ണെ​ന്ന ധാ​ര​ണ​യ്ക്കു് ഇള​ക്കം​ത​ട്ടി​യി​ട്ടു​ണ്ടു്.

കേ​ര​ള​ച​രി​ത്ര​ത്തി​ന്റെ നില പരി​ശോ​ധി​ച്ചാൽ പി​താ​ക്ക​ന്മാർ നിർ​മ്മി​ച്ച ‘നി​ഷ്പ​ക്ഷ’ചരി​ത്രം​ത​ന്നെ​യാ​ണു് പാ​ഠ​പു​സ്ത​ക​ങ്ങ​ളിൽ അധി​ക​വു​മു​ള്ള​തെ​ന്നു കാണാം. പക്ഷേ, ചരി​ത്ര​ര​ച​നാ​രം​ഗ​ത്തു് രാ​ജ്യ​ഭ​ര​ണ​ത്തി​ന്റെ ചരി​ത്ര​മാ​ണു് ഏറ്റ​വും പ്ര​ധാ​ന​മെ​ന്ന ധാരണ മാ​റി​യി​ട്ടു​ണ്ടു്. ഇപ്പോൾ ചെ​പ്പേ​ടു​ക​ളിൽ​നി​ന്നും ശി​ലാ​ലി​ഖി​ത​ങ്ങ​ളിൽ​നി​ന്നും കാ​വ്യ​ങ്ങ​ളിൽ​നി​ന്നും നാം പു​രാ​ത​ന​കാ​ല​ത്തും മദ്ധ്യ​കാ​ല​ത്തും ഇവിടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സാ​മൂ​ഹ്യ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു് നാം പലതും മന​സ്സി​ലാ​ക്കു​ന്നു​ണ്ടു്. കേ​ര​ള​ച​രി​ത്ര​ത്തി​ന്റെ പി​തൃ​സ്ഥാ​നം അല​ങ്ക​രി​ക്കു​ന്ന പല​രു​ടേ​യും ധാ​ര​ണ​കൾ​ക്കു് പല തി​രു​ത്ത​ലു​ക​ളും ആവ​ശ്യ​മാ​ണെ​ന്ന അഭി​പ്രാ​യം ചരി​ത്ര​ഗ​വേ​ഷ​ക​രു​ടെ​യി​ട​യിൽ ഇന്നു​ണ്ടു്. ഇരു​പ​താം​നൂ​റ്റാ​ണ്ടി​ന്റെ ആദ്യ​പ​കു​തി​യിൽ കേ​ര​ള​ത്തി​ന്റെ ഭൂ​ത​കാ​ല​ത്തെ​പ്പ​റ്റി ഗവേ​ഷ​ണം നട​ത്തി​യ​വ​രിൽ പ്ര​മു​ഖ​രായ ഇളം​കു​ളം കു​ഞ്ഞൻ​പി​ള്ള, കെ. എം. പണി​ക്കർ, എം. ആർ. ബാ​ല​കൃ​ഷ്ണ വാ​ര്യർ മു​ത​ലാ​യ​വ​രു​ടെ ആശ​യ​ങ്ങൾ പി​ന്നീ​ടു് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടു. ഇട​തു​പ​ക്ഷ (മാർ​ക്സി​സ്റ്റ്) ചരി​ത്ര​വീ​ക്ഷ​ണ​ത്തി​ന്റെ വക്താ​ക്ക​ളാ​യി​രു​ന്ന ഇ. എം. എസ്. നമ്പൂ​തി​രി​പ്പാ​ട്, കെ. ദാ​മോ​ദ​രൻ എന്നി​വർ ‘നി​ഷ്പ​ക്ഷ’ ചരി​ത്ര​ത്തെ തള്ളി​ക്ക​ള​യു​ക​യു​ണ്ടാ​യി. ചരി​ത്ര​മെ​ന്നാൽ ഉള്ള​വ​രും ഇല്ലാ​ത്ത​വ​രും തമ്മി​ലു​ള്ള സംഘർഷത്തിന്റെ-​അഥവാ വർ​ഗ്ഗ​ങ്ങൾ തമ്മി​ലു​ള്ള സമരത്തിന്റെ-​കഥയാണെന്നും ‘നി​ഷ്പ​ക്ഷ’ചരി​ത്രം ആ സം​ഘർ​ഷ​ങ്ങ​ളെ മറ​ച്ചു​പി​ടി​ക്കു​ന്നെ​ന്നും അവർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഇളം​കു​ള​ത്തി​ന്റെ​യും അദ്ദേ​ഹ​ത്തി​ന്റെ പാത പി​ന്തു​ടർ​ന്ന മറ്റു ചരി​ത്ര​കാ​ര​ന്മാ​രു​ടെ​യും രചനകൾ മേൽ​ജാ​തി​ക്കാ​രു​ടെ അധി​കാ​ര​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നും അവ​രു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും നി​ഗ​മ​ന​ങ്ങ​ളു​ടെ​യും പോ​രാ​യ്മ​കൾ എന്തൊ​ക്കെ​യെ​ന്നും പരി​ശോ​ധി​ച്ച കൃ​തി​യാ​യി​രു​ന്നു പി. കെ. ബാ​ല​കൃ​ഷ്ണ​ന്റെ ജാ​തി​വ്യ​വ​സ്ഥ​യും കേ​ര​ള​ച​രി​ത്ര​വും. സർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലും മറ്റും പ്ര​വർ​ത്തി​ക്കു​ന്ന അക്കാ​ദ​മിക ചരി​ത്ര​പ​ണ്ഡി​ത​ന്മാർ​ക്കു് അം​ഗീ​ക​രി​ക്കാൻ ബു​ദ്ധി​മു​ട്ടു​ള്ള​തും പരി​ഹാ​സ​രൂ​പ​ത്തി​ലു​ള്ള​തു​മായ കടു​ത്ത ഭാഷ പ്ര​യോ​ഗി​ച്ച​തി​നാ​ലാ​കാം, ഈ കൃ​തി​യു​യർ​ത്തിയ കാ​ത​ലായ ചോ​ദ്യ​ങ്ങൾ അധികം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​പോ​യി. ഇളം​കു​ള​ത്തി​ന്റെ​യും മാർ​ക്സി​സ്റ്റ് ചരി​ത്ര​പ​ണ്ഡി​ത​രു​ടെ​യും വഴി​ക​ളിൽ​നി​ന്നു് വി​മർ​ശ​ന​പ​ര​മായ അക​ലം​പാ​ലി​ച്ചു​കൊ​ണ്ടു്, ബാ​ല​കൃ​ഷ്ണ​ന്റെ വാ​ദ​ങ്ങ​ളോ​ടു് ഒര​ള​വു​വ​രെ യോ​ജി​ച്ചു​കൊ​ണ്ടു്, എന്നാൽ ആദ്യം​പ​റ​ഞ്ഞ​വ​രു​ടെ വഴി​ക​ളെ​ത്ത​ന്നെ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടു് പുതിയ ചരി​ത്ര​ര​ച​ന​ക​ളി​ലേർ​പ്പെ​ടു​ന്ന പലരും ഇന്നു രം​ഗ​ത്തു​ണ്ടു്. എന്നാൽ ഈ വി​കാ​സ​ങ്ങൾ നമ്മു​ടെ കലാ​ല​യ​ങ്ങ​ളി​ലെ ശരാ​ശ​രി ചരി​ത്ര​വി​ദ്യാർ​ത്ഥി​ക്കു് സ്വാം​ശീ​ക​രി​ക്കു​വാൻ കഴി​യു​ന്നു​ണ്ടോ? ഉണ്ടു് എന്നു പല​പ്പോ​ഴും തറ​പ്പി​ച്ചു് പറ​യാ​നാ​കു​ന്നി​ല്ല. ആധു​നി​ക​കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ചു് ധാ​രാ​ളം പുതിയ ഗവേ​ഷ​ണ​പ​ഠ​ന​ങ്ങൾ ഉണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും അവയിൽ കു​റ​ച്ചു​മാ​ത്ര​മേ സാ​ധാ​രണ ചരി​ത്ര​വി​ദ്യാർ​ത്ഥി​ക​ളി​ലേ​ക്കെ​ത്തു​ന്നു​ള​ളൂ.

അപ്പോൾ, ചരി​ത്ര​മെ​ന്നാൽ കഴി​ഞ്ഞ​കാ​ല​ത്തി​ന്റെ കലർ​പ്പി​ല്ലാ​ത്ത ‘നി​ഷ്പ​ക്ഷ’ചി​ത്ര​മ​ല്ല. പി​ന്നെ​യോ, പ്ര​ത്യേക ജന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഇന്ന​ത്തെ അവസ്ഥ, അവ​രു​ടെ വർ​ത്ത​മാ​ന​കാ​ലം, കാ​ല​ത്തിൽ രൂ​പ​പ്പെ​ട്ടു​വ​ന്ന​തി​ന്റെ വി​വ​ര​ണ​മാ​ണു്. മറ്റൊ​രു​വി​ധ​ത്തിൽ​പ്പ​റ​ഞ്ഞാൽ ചരി​ത്ര​മെ​ന്നാൽ പണ്ടെ​ങ്ങോ നടന്ന സം​ഭ​വ​ങ്ങൾ പെ​റു​ക്കി​യെ​ടു​ത്തു് കൂ​ട്ടി​വ​യ്ക്ക​ല​ല്ല; നേ​രെ​മ​റി​ച്ചു് നമ്മു​ടെ ഇന്ന​ത്തെ സമൂ​ഹ​ത്തെ മന​സ്സി​ലാ​ക്കാൻ ഭൂ​ത​കാ​ല​ങ്ങ​ളി​ലൂ​ടെ നാം നട​ത്തു​ന്ന യാ​ത്ര​യാ​ണ​തു്. കു​ട്ടി​ക്കാ​ലം മുതൽ നമ്മൾ മി​ക്ക​വ​രും പണ്ടു​കാ​ല​ത്തെ ജീ​വി​ത​ത്തെ​പ്പ​റ്റി ബന്ധു​ക്ക​ളിൽ​നി​ന്നും സമു​ദാ​യ​ക്കാ​രിൽ​നി​ന്നും പാ​ഠ​പു​സ്ത​ക​ങ്ങ​ളിൽ​നി​ന്നും വാ​യ​ന​യിൽ​നി​ന്നു​മൊ​ക്കെ പലതും മന​സ്സി​ലാ​ക്കാ​റു​ണ്ടു്. നമു​ക്കു് ഭൂ​ത​കാ​ല​ത്തെ​പ്പ​റ്റി​യു​ണ്ടാ​വു​ന്ന അറി​വു് ഈ വഴി​ക​ളി​ലൂ​ടെ​യാ​ണു് വള​രു​ന്ന​തു്. വാ​സ്ത​വ​ത്തിൽ ഈ അറി​വു് നമു​ക്കു് ഭാ​വി​യി​ലേ​ക്കു​ളള വഴി​കാ​ട്ടി​യാ​യി പ്ര​വർ​ത്തി​ക്കു​ന്നു. നാം, ഇന്ന​ത്തെ കാലം, അതിൽ നമു​ക്കു​ളള സ്ഥാ​നം, നമ്മു​ടെ ഭാവി എന്നി​വ​യെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്ന രീ​തി​യെ ഭൂ​ത​കാ​ല​ത്തെ​പ്പ​റ്റി നമു​ക്കു​ള്ള ധാ​ര​ണ​കൾ തീർ​ച്ച​യാ​യും സ്വാ​ധീ​നി​ക്കു​ന്നു​ണ്ടു്. നമ്മു​ടെ ദൈ​നം​ദി​ന​ജീ​വി​ത​വും നാം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും എങ്ങ​നെ​യു​ണ്ടാ​യി​യെ​ന്നു് നമു​ക്കു പറ​ഞ്ഞു​ത​രു​ന്ന വി​ജ്ഞാ​ന​ശാ​ഖ​യാ​ണു് ചരി​ത്രം. ജീ​വി​ത​ത്തെ ഏറ്റ​വു​മ​ടു​ത്തു് ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു് അറി​വു​ത​രു​ന്ന പഠ​ന​മാ​ണു് ചരി​ത്ര​പ​ഠ​നം. പക്ഷേ, മേ​ലാ​ള​ച​രി​ത്ര​ത്തെ “നി​ഷ്പ​ക്ഷ’ചരി​ത്ര​മാ​യി വച്ചു പൂ​ജി​ക്കു​ന്നി​ട​ത്തോ​ളം കാലം ഈ പുതിയ ബോ​ധ​മൊ​ന്നും ചരി​ത്ര​പ​ഠ​ന​ത്തി​ലൂ​ടെ ഉണ്ടാ​കാ​നി​ട​യി​ല്ല.

kimages/Kulasthree_Chapter01_pic07.png

കേ​ര​ള​ത്തിൽ ഇന്നു ലഭ്യ​മായ ചരി​ത്ര​പ​ഠ​ന​ങ്ങ​ളിൽ സ്ത്രീ​ക​ളു​ടെ സാ​ന്നി​ദ്ധ്യം എത്ര​ത്തോ​ള​മു​ണ്ടു്? പുരാതന-​മദ്ധ്യകാലങ്ങളിലെ സ്ത്രീ​ക​ളെ​പ്പ​റ്റി പല പരാ​മർ​ശ​ങ്ങ​ളും ലഭ്യ​മായ ചരി​ത്ര​സാ​മ​ഗ്രി​ക​ളി​ലു​ണ്ടെ​ങ്കി​ലും ഈ പ്ര​ദേ​ശ​ത്തെ പുരാതന-​മദ്ധ്യകാല സാ​മൂ​ഹ്യ​സാ​ഹ​ച​ര്യ​ങ്ങ​ളെ സ്ത്രീ​ച​രി​ത്ര​ര​ച​ന​യു​ടെ കണ്ണു​ക​ളി​ലൂ​ടെ വി​ല​യി​രു​ത്തു​ന്ന വി​പു​ല​മായ പഠ​ന​ങ്ങൾ ഇനി​യു​മു​ണ്ടാ​യി​ട്ടി​ല്ല എന്ന​താ​ണു് സത്യം. “കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ളു​ടെ പഴ​യ​നില വളരെ മെ​ച്ച​മാ​യി​രു​ന്നു; അതി​നു് തെ​ളി​വാ​ണു് വട​ക്കൻ​പാ​ട്ടു​ക​ളി​ലെ ഉണ്ണി​യാർ​ച്ച​യു​ടെ കഥ” എന്നൊ​ക്കെ ചില പ്ര​സം​ഗ​ങ്ങ​ളി​ലും മറ്റും നാം കേൾ​ക്കാ​റു​ണ്ടു്. ഈ പ്ര​സ്താ​വ​ത്തി​നു് തീരെ ബലം​പോ​രെ​ന്നു പറ​യാ​തെ വയ്യ. ഒരു ഉണ്ണി​യാർ​ച്ച​യെ​യ​ല്ലേ നാം കണ്ടു​ള്ളൂ? അതിൽ​നി​ന്നും ഇവി​ട​ത്തെ സ്ത്രീ​ക​ളെ​ല്ലാ​വ​രും പയ​റ്റി​ത്തെ​ളി​ഞ്ഞ​വ​രാ​യി​രു​ന്നു​വെ​ന്നു് കരു​തു​ന്ന​തു് ശരിയോ? അന്ന​ത്തെ സമൂ​ഹ​ത്തിൽ പല തട്ടു​ക​ളിൽ ജീ​വി​ച്ച സ്ത്രീ​ക​ളെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങൾ ശേ​ഖ​രി​ച്ചു​കൊ​ണ്ടു​ള്ള ചി​ട്ട​യായ ചരി​ത്ര​ര​ചന ഇനി​യും നട​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു​വെ​ന്ന​താ​ണു് വസ്തുത.

പക്ഷേ, മറ്റൊ​രു​വി​ധ​ത്തിൽ സ്ത്രീ​കൾ പല​പ്പോ​ഴും ‘നി​ഷ്പ​ക്ഷ​കേ​ര​ള​ച​രി​ത്ര’ത്തിൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ന്ന​താ​ണു് കൗ​തു​ക​ക​ര​മായ കാ​ര്യം. ഒരു സമൂ​ഹ​ത്തി​ന്റെ അവ​സ്ഥ​യെ വി​ല​യി​രു​ത്താ​നു​ള്ള എളു​പ്പ​വ​ഴി, അവി​ടു​ത്തെ സ്ത്രീ​ക​ളു​ടെ നി​ല​യെ​ക്കു​റി​ച്ചു് അന്വേ​ഷി​ക്ക​ലാ​ണെ​ന്ന വി​ശ്വാ​സം വളരെ മു​മ്പേ നമ്മു​ടെ​യി​ട​യിൽ പ്ര​ചാ​ര​ത്തി​ലു​ള്ള ഒന്നാ​ണു്. ഒറ്റ​നോ​ട്ട​ത്തിൽ ഇതു സ്ത്രീ​കൾ​ക്കു് ലഭി​ച്ച അഭി​ന​ന്ദ​ന​മാ​ണെ​ന്നു തോ​ന്നി​യേ​ക്കാം. പക്ഷേ, കൂ​ടു​ത​ലാ​ലോ​ചി​ച്ചാൽ ഈ അഭി​ന​ന്ദ​നം സമൂ​ഹ​ത്തി​ന്റെ നന്മ, സദാ​ചാ​രം, പു​രോ​ഗ​തി മു​ത​ലാ​യ​വ​യ്ക്കു​ള്ള ഉത്ത​ര​വാ​ദി​ത്വ​ത്തി​ന്റെ കൂ​ടു​തൽ​ഭാ​ഗം സ്ത്രീ​ക​ളിൽ നി​ക്ഷി​പ്ത​മാ​ക്കു​ന്നു​വെ​ന്നു് കാണാം. ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’ത്തിൽ സ്ത്രീ​കൾ ഇത്ത​ര​മൊ​രു അള​വു​കോ​ലാ​യി​മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ആരോ​ഗ്യം തു​ട​ങ്ങിയ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കണ​ക്കു​കൾ അവ​ത​രി​പ്പി​ച്ചു​കൊ​ണ്ടു് ആ സമൂ​ഹ​ത്തി​ന്റെ നി​ല​യെ​ക്കു​റി​ച്ചു് ‘നി​ഷ്പ​ക്ഷ​ച​രി​ത്ര’രച​യി​താ​ക്കൾ നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്തും. അക്കാ​ല​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ ചരി​ത്രാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു് ഇതി​ല​ധി​ക​മൊ​ന്നും പറ​യാ​നി​ല്ലെ​ന്ന മട്ടിൽ! സമൂ​ഹ​ത്തി​നു മൊ​ത്ത​ത്തി​ലു​ണ്ടായ നേ​ട്ട​ങ്ങൾ​ക്കു പുറമെ സ്ത്രീ​കൾ​ക്കു് ഇത്ത​രം മാ​റ്റ​ങ്ങൾ എന്തു ഗു​ണം​ചെ​യ്തു? ഇവ​യി​ലൂ​ടെ സ്ത്രീ​കൾ​ക്കു് സമൂഹം കൽ​പ്പി​ക്കു​ന്ന വില, അവ​രു​ടെ സാ​മൂ​ഹ്യ​നില, സ്വാ​ത​ന്ത്ര്യ​ങ്ങൾ മു​ത​ലാ​യ​വ​യിൽ ക്രി​യാ​ത്മ​ക​മായ മാ​റ്റ​ങ്ങൾ ഉണ്ടാ​യോ? ഈ ചോ​ദ്യ​ങ്ങൾ​ക്കു് കു​റ​ഞ്ഞ പ്രാ​ധാ​ന്യം​മാ​ത്ര​മേ നി​ഷ്പ​ക്ഷ​ച​രി​ത്ര​കാ​ര​ന്മാർ കൽ​പ്പി​ക്കു​ന്നു​ള്ളൂ. ചി​ല​പ്പോൾ തി​ക​ഞ്ഞ പു​രു​ഷ​മേ​ധാ​വി​ത്വ​പ​ര​മായ മൂ​ല്യ​ങ്ങ​ളാ​ണു് ഈ വി​ല​യി​രു​ത്ത​ലിൽ പ്ര​വർ​ത്തി​ക്കുക. മരു​മ​ക്ക​ത്താ​യ​ത്തോ​ടു് പലരും പു​ലർ​ത്തു​ന്ന മനോ​ഭാ​വം​ത​ന്നെ​യെ​ടു​ക്കുക. സ്ത്രീ​കൾ​ക്കു് വി​വാ​ഹ​ത്തിൽ കൂ​ടു​തൽ അധി​കാ​ര​ങ്ങൾ നൽ​കു​ക​യും ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളിൽ അവ​രു​ടെ ഇഷ്ട​ത്തി​നും അഭി​പ്രാ​യ​ത്തി​നും താ​ര​ത​മ്യേന കൂ​ടു​തൽ വില കൽ​പ്പി​ക്കു​ക​യും കു​ടും​ബ​സ്വ​ത്തി​ന്റെ അവ​കാ​ശം പെൺ​വ​ഴി​ക്കു് നീ​ങ്ങു​ന്ന കു​ടും​ബ​ങ്ങൾ പു​ല​രു​ക​യും ചെ​യ്തി​രു​ന്ന മരു​മ​ക്ക​ത്താ​യ​വ്യ​വ​സ്ഥ കേ​ര​ള​ച​രി​ത്ര​കാ​ര​ന്മാ​രിൽ ഒരു​കാ​ല​ത്തു് ഇത്ര​യേ​റെ അസ്വ​സ്ഥത സൃ​ഷ്ടി​ച്ച​തെ​ന്തു​കൊ​ണ്ടെ​ന്ന കാ​ര്യം പഠി​ക്കേ​ണ്ട​തു​ത​ന്നെ! പക്ഷേ, മരു​മ​ക്ക​ത്താ​യ​ത്തെ പു​നർ​മൂ​ല്യം​ചെ​യ്യാൻ തയ്യാ​റാ​യ​വർ​പോ​ലും സ്ത്രീ​ക​ളു​ടെ ചരി​ത്ര​ത്തെ സാ​മൂ​ഹ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ചരി​ത്ര​ത്തി​ലേ​ക്കു ചു​രു​ക്കു​ന്ന​തി​ലെ അപകടം തി​രി​ച്ച​റി​ഞ്ഞി​ല്ല.

സാ​മൂ​ഹ്യ​സ്ഥാ​പ​ന​ങ്ങൾ​ക്കു് കേവലം കീ​ഴ്പ്പെ​ട്ട​താ​ണു് സ്ത്രീ​ക​ളു​ടെ ജീ​വി​ത​മെ​ന്ന ധാ​ര​ണ​യെ പുതിയ സ്ത്രീ​ച​രി​ത്രം എതിർ​ക്കു​ന്നു. സ്ഥാ​പ​ന​ങ്ങൾ​ക്കു​ള്ളിൽ ജീ​വി​ക്കു​മ്പോ​ഴും സ്ത്രീ​കൾ നി​ഷ്ക്രി​യ​രാ​യി​രു​ന്നി​ല്ലെ​ന്നു് സ്ത്രീ​പ​ക്ഷ​ഗ​വേ​ഷ​ണം തെ​ളി​യി​ക്കു​ന്നു. കു​ടും​ബ​ത്തി​ന്റെ​യും സമു​ദാ​യ​ത്തി​ന്റെ​യും നി​യ​മ​ങ്ങൾ​ക്കു കീ​ഴ്പ്പെ​ട്ടു​ക​ഴി​യു​ന്ന സ്ത്രീ​കൾ ആ നി​യ​മ​ങ്ങ​ളെ നേ​രി​ട്ടോ അല്ലാ​തെ​യോ മറി​ക​ട​ക്കാൻ സജീ​വ​ശ്ര​മ​ങ്ങ​ളിൽ ഏർ​പ്പെ​ട്ടി​രു​ന്നു; ഇന്നും ഏർ​പ്പെ​ടു​ന്നു. ഈ സ്ഥാ​പ​ന​ങ്ങൾ സ്ത്രീ​കൾ​ക്കു കൽ​പ്പി​ക്കു​ന്ന പരി​ധി​ക​ളെ സ്ഥാ​പ​ന​ത്തി​നു​ള്ളിൽ​നി​ന്നു​കൊ​ണ്ടു് വി​സ്തൃ​ത​മാ​ക്കാൻ അവർ എന്നും ശ്ര​മി​ച്ചി​ട്ടു​ണ്ടു്. ഈ സമ്പ​ന്ന​മായ ചരി​ത്രാ​നു​ഭ​വ​ത്തി​നു് തു​ച്ഛ​മായ വി​ല​മാ​ത്രം കൽ​പ്പി​ക്കു​ന്ന ‘നി​ഷ്പ​ക്ഷ’ചരി​ത്ര​ത്തെ സ്ത്രീ​പ​ക്ഷ​ച​രി​ത്ര​ത്തി​ന്റെ വക്താ​ക്കൾ തള്ളി​ക്ക​ള​ഞ്ഞ​തു വെ​റു​തെ​യ​ല്ല.

kimages/Kulasthree_Chapter01_pic08.png

മാർ​ക്സി​സ്റ്റ് ചരി​ത്ര​ര​ച​നാ​രീ​തി മേലാള ചരി​ത്ര​ത്തെ തു​റ​ന്നെ​തിർ​ക്കു​ന്നു​ണ്ടു്. എങ്കി​ലും കേ​ര​ള​ത്തിൽ ഈ പാത പി​ന്തു​ടർ​ന്ന​വ​രു​ടെ പഠ​ന​ങ്ങ​ളി​ലും സ്ത്രീ​കൾ ഏറെ​ക്കു​റെ അദൃ​ശ്യർ​ത​ന്നെ. ഭൂ​ത​കാ​ല​ത്തി​ലു​ട​നീ​ളം ഉള്ള​വ​രും ഇല്ലാ​ത്ത​വ​രും തമ്മിൽ സം​ഘർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അതു് പഠി​ക്കു​ന്ന​തി​ലൂ​ടെ ഭാ​വി​കാ​ലം രൂ​പ​പ്പെ​ടു​ന്ന​തി​നെ​പ്പ​റ്റി പല ഉൾ​ക്കാ​ഴ്ച​ക​ളും നമു​ക്കു് കി​ട്ടു​മെ​ന്നും മാർ​ക്സി​സ്റ്റ് ചരി​ത്ര​കാ​ര​ന്മാർ അവ​കാ​ശ​പ്പെ​ടു​ന്നു. അതു​പോ​ലെ സമൂ​ഹ​ത്തിൽ സമ്പ​ത്തു​ണ്ടാ​ക്കു​ന്ന രീ​തി​ക​ളി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങൾ​ക്ക​നു​സ​രി​ച്ചു് ഉള്ള​വ​രു​ടെ​യും ഇല്ലാ​ത്ത​വ​രു​ടെ​യും ജീ​വി​ത​ങ്ങ​ളിൽ മാ​റ്റ​മു​ണ്ടാ​കു​ന്നു​വെ​ന്നും അവർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അപ്പോൾ ഈ സം​ഘർ​ഷ​ങ്ങ​ളിൽ ജീ​വി​ത​ഗ​തി​കൾ​ക്കു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളിൽ സ്ത്രീ​ക​ളു​ടെ നി​ല​യെ​ന്താ​ണു്? സ്ത്രീ​ക​ളു​ടെ നില മേൽ​പ്പ​റ​ഞ്ഞ വർ​ഗ്ഗ​സം​ഘർ​ഷ​ത്തി​നു് കീ​ഴ്‌​വ​ഴ​ങ്ങി​നിൽ​ക്കു​ന്നു​വെ​ന്നാ​ണു് മാർ​ക്സി​സ്റ്റ് ചരി​ത്ര​കാ​ര​ന്മാർ പൊ​തു​വേ കരു​തു​ന്ന​തു്; വർ​ഗ്ഗ​സം​ഘർ​ഷ​ത്തി​ന്റെ ഗതി​യ​നു​സ​രി​ച്ചു് അതു മാ​റു​മെ​ന്നും. ഈ ആശ​യ​ത്തെ സ്ത്രീ ചരി​ത്ര​ര​ച​ന​യി​ലേർ​പ്പെ​ടു​ന്ന​വർ ചോ​ദ്യം​ചെ​യ്യു​ന്നു. പു​രു​ഷ​നു് സ്ത്രീ​ക്കു​മേൽ കൈ​വ​ന്ന അധി​കാ​രം വർ​ഗ്ഗ​സ​മ​ര​ങ്ങ​ളു​ടെ മു​റ​യ്ക്കു് മാ​റി​ക്കൊ​ള്ള​ണ​മി​ല്ലെ​ന്നു് അവർ വാ​ദി​ക്കു​ന്നു. മാർ​ക്സി​സ്റ്റ് ചരി​ത്ര​ത്തി​ന്റെ ഉൾ​ക്കാ​ഴ്ച​ക​ളെ മൊ​ത്ത​ത്തിൽ അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക​മാ​റ്റ​ങ്ങൾ​ക്കു് അതി​നു​ള്ളിൽ കൽ​പ്പി​ക്ക​പ്പെ​ടു​ന്ന അമി​ത​പ്രാ​ധാ​ന്യം ഗു​ണ​ക​ര​മ​ല്ലെ​ന്നു് സ്ത്രീ​പ​ക്ഷ​ച​രി​ത്രം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സാ​മൂ​ഹ്യ​സ്ഥാ​പ​ന​ങ്ങ​ളും ആശ​യ​വ്യ​വ​സ്ഥ​ക​ളും പല​പ്പോ​ഴും സാ​മ്പ​ത്തി​ക​മാ​റ്റ​ങ്ങ​ളെ അതി​ജീ​വി​ക്കു​ക​യും സമ്പ​ദ്വ്യ​വ​സ്ഥ​യി​ലെ ചല​ന​ങ്ങൾ​ക്ക​നു​സ​രി​ച്ചു് പുതിയ ധർ​മ്മ​ങ്ങൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്ന​തു് ശ്ര​ദ്ധേ​യ​മാ​ണെ​ന്നു് അവർ ഓർ​മ്മി​പ്പി​ക്കു​ന്നു. ഇന്നു നാം പല​യി​ട​ത്തും കാ​ണു​ന്ന ‘തറ​വാ​ടി​ത്ത​ഘോ​ഷ​ണം’ നല്ലൊ​രു ഉദാ​ഹ​ര​ണ​മാ​ണു്. മേൽ​ജാ​തി​ക്കാ​രു​ടെ ആഭി​ജാ​ത്യ​ചി​ഹ്ന​ങ്ങ​ളായ പലതും-​തറവാടു്, കോ​ടി​വ​സ്ത്രം, പല​ത​ര​ത്തി​ലു​ള്ള മര-​ലോഹസാമാനങ്ങൾ മുതലായവ-​അവയുടെ പഴയ ധർ​മ്മം കൈ​വെ​ടി​ഞ്ഞു് മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥ​യ്ക്കു​ള്ളിൽ പുതിയ മൂ​ല്യ​ങ്ങൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു. ഓണ​ക്കാ​ല​ത്തും മറ്റും ടെ​ലി​വി​ഷ​നി​ലൂ​ടെ നാം കാ​ണു​ന്ന ‘പാ​ര​മ്പ​ര്യം’ വാ​സ്ത​വ​ത്തിൽ പഴ​മ​യ​ല്ല; നവ​വ​രേ​ണ്യ​വർ​ഗ്ഗ​ത്തി​ന്റെ പുതിയ (മു​ത​ലാ​ളി​ത്ത) മൂ​ല്യ​ങ്ങൾ​ക്ക​നു​സൃ​ത​മായ രീ​തി​യിൽ വാർ​ത്തെ​ടു​ക്ക​പ്പെ​ട്ട​വ​യാ​ണു്. അതു പോലെ, സമൂ​ഹ​ത്തിൽ വി​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന രീ​തി​കൾ, സാ​മ്പ​ത്തിക ഇട​പാ​ടു​കൾ​ക്കു​ണ്ടാ​കു​ന്ന മാ​റ്റം ഇതെ​ല്ലാം സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്നു് അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ത​ന്നെ സ്ത്രീ​ച​രി​ത്ര​ര​ച​ന​യി​ലേർ​പ്പെ​ടു​ന്ന​വർ പറ​യു​ന്നു: ‘പക്ഷേ, ഇത്ത​രം മാ​റ്റ​ങ്ങൾ എല്ലാ​വ​രെ​യും ഒരു​പോ​ലെ​യ​ല്ല ബാ​ധി​ക്കു​ന്ന​തു്. മേ​ലാ​ള​രിൽ​ത്ത​ന്നെ സ്ത്രീ​ക്കും പു​രു​ഷ​നും വ്യ​ത്യ​സ്ത അനു​ഭ​വ​ങ്ങ​ളാ​യി​രി​ക്കും ഉണ്ടാ​ക്കുക. കീഴാളസ്ത്രീ-​പുരുഷന്മാരുടെ അനു​ഭ​വ​ങ്ങൾ തമ്മി​ലും വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാം. കൂ​ടാ​തെ മേ​ലാ​ള​സ്ത്രീ​ക​ളും കീ​ഴാ​ള​സ്ത്രീ​ക​ളും ഈ സാ​ഹ​ച​ര്യ​ങ്ങ​ളെ അഭി​മു​ഖീ​ക​രി​ച്ച​തു് തീർ​ത്തും വ്യ​ത്യ​സ്ത രീ​തി​ക​ളി​ലാ​യി​രി​ക്കാം. ഈ വ്യ​ത്യാ​സ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം കു​റ​ച്ചു കണ്ടു​കൂ​ടാ, ‘നി​ഷ്പ​ക്ഷ’ചരി​ത്ര​ത്തി​ന്റെ അല്ലെ​ങ്കിൽ ശാ​സ്ത്രീ​യ​ച​രി​ത്ര​ത്തി​ന്റെ പേ​രു​പ​റ​ഞ്ഞു് അവയെ കണ്ടി​ല്ലെ​ന്നു നടി​ച്ചു​കൂ​ടാ.’

കേ​ര​ള​ച​രി​ത്ര​ത്തി​ന്റെ പ്രാ​ചീ​ന​ഘ​ട്ട​ത്തെ​യും മദ്ധ്യ​കാ​ല​ത്തെ​യും സ്ത്രീ​പ​ക്ഷ​വീ​ക്ഷ​ണ​ത്തിൽ വി​ല​യി​രു​ത്തു​ന്ന പഠ​ന​ങ്ങൾ ഇന്നു കു​റ​വാ​ണു്. പക്ഷേ ആധു​നി​ക​കാ​ല​ത്തെ​ക്കു​റി​ച്ചു് കു​റേ​ക്കൂ​ടി പഠ​ന​ങ്ങ​ളു​ണ്ടു്. ഇവിടെ പുതിയ സ്ത്രീ​ച​രി​ത്ര​വും ആൺ-​പെൺഭേദത്തിന്റെ ചരി​ത്ര​വും ചർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടു്. അതു​കൊ​ണ്ടു​ത​ന്നെ പത്തൊ​മ്പ​താം​നൂ​റ്റാ​ണ്ടി​ന്റെ ഏതാ​ണ്ടു് പകു​തി​മു​തൽ ഇരു​പ​താം നൂ​റ്റാ​ണ്ടു​വ​രെ​യു​ണ്ടായ മാ​റ്റ​ങ്ങ​ളാ​ണു് ഈ പു​സ്ത​ക​ത്തിൽ അധി​ക​വും ചർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​തു്. മല​യാ​ളി​സ്ത്രീ​യു​ടെ ‘വി​മോ​ച​ന​യുഗ’മായി ഈ കാ​ല​ത്തെ പറ​യാ​റു​ണ്ടു്. തെ​ക്കൻ​കേ​ര​ള​ത്തി​ലെ ചാ​ന്നാർ സ്ത്രീ​കൾ​ക്കു് മേൽ​മു​ണ്ടു ധരി​ക്കാ​നു​ള്ള അവ​കാ​ശ​ത്തെ ചു​റ്റി​പ്പ​റ്റി പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടിൽ നടന്ന കലാ​പ​ങ്ങ​ളെ ആദ്യ​ത്തെ സ്ത്രീ​വി​മോ​ച​ന​സ​മ​ര​മാ​യി കാ​ണു​ന്ന​രീ​തി പതി​വാ​ണു്. ഇരു​പ​താം​നൂ​റ്റാ​ണ്ടി​ലെ​ത്തി​യ​പ്പോൾ സാ​മു​ദാ​യി​ക​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ശ്ര​മ​ഫ​ല​മാ​യി സ്ത്രീ​ക​ളു​ടെ നില കൂ​ടു​തൽ മെ​ച്ച​പ്പെ​ട്ടു​വെ​ന്നാ​ണു് സാ​ധാ​രണ നാം കേൾ​ക്കാ​റു​ള്ള​തു്. പകു​തി​സ​ത്യം മു​ഴു​ത്ത കള്ള​ത്തെ​ക്കാൾ ദോ​ഷം​ചെ​യ്യു​മെ​ന്നു് പ്ര​സി​ദ്ധ​മാ​ണ​ല്ലോ. ഈ പകു​തി​സ​ത്യ​ങ്ങ​ളെ വി​മർ​ശ​ന​പ​ര​മാ​യി പു​നർ​വി​ചാ​ര​ണ​ചെ​യ്തും പുതിയ തെ​ളി​വു​കൾ കണ്ടെ​ത്തി​യും പഴയ തെ​ളി​വു​ക​ളെ പുതിയ കാ​ഴ്ച​പ്പാ​ടിൽ വി​ല​യി​രു​ത്തി​യു​മാ​ണു് സ്ത്രീ​ച​രി​ത്രം ഇവിടെ പുതിയ ഉൾ​ക്കാ​ഴ്ച​ക​ളു​ണ്ടാ​ക്കു​ന്ന​തു്. 1950-​കൾക്കുമുമ്പു് തി​രു​വി​താം​കൂർ, കൊ​ച്ചി, മലബാർ എന്നി​ങ്ങ​നെ വേർ​തി​രി​ഞ്ഞു​കി​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളെ ഒന്നി​ച്ചു​ചേർ​ത്താ​ണു് മല​യാ​ള​ഭാഷ സം​സാ​രി​ക്കു​ന്ന​വ​രു​ടെ സം​സ്ഥാ​ന​മായ കേരളം നി​ല​വിൽ​വ​ന്ന​തു്. ഇതിൽ തി​രു​വി​താം​കൂ​റും കൊ​ച്ചി​യും ബ്രി​ട്ടീ​ഷ്സാ​മ്രാ​ജ്യ​ത്തി​ന്റെ മേൽ​ക്കോ​യ്മ അം​ഗീ​ക​രി​ച്ച നാ​ട്ടു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്നു. മല​ബാർ​ഭാ​ഗം ബ്രി​ട്ടി​ഷു​കാർ നേ​രി​ട്ടു ഭര​ണം​ന​ട​ത്തി​വ​ന്ന മദ്രാ​സ് പ്ര​വി​ശ്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. ഈ പു​സ്ത​കം തി​രു​വി​താം​കൂ​റിൽ നടന്ന കാ​ര്യ​ങ്ങൾ​ക്കു് കൂ​ടു​തൽ പ്രാ​ധാ​ന്യം നൽ​കു​ന്നു. ബ്രി​ട്ടീ​ഷ് മേൽ​ക്കോ​യ്മ​യ്ക്കു മു​ന്നിൽ പി​ടി​ച്ചു​നിൽ​ക്കാ​നൊ​രു തന്ത്ര​മെ​ന്ന നി​ല​യിൽ സ്ത്രീ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, ആരോ​ഗ്യം മു​ത​ലായ വി​ഷ​യ​ങ്ങ​ളിൽ തി​രു​വി​താം​കൂ​റി​ലെ​യും കൊ​ച്ചി​യി​ലെ​യും സർ​ക്കാ​രു​കൾ സവി​ശേ​ഷ​താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ, ലിം​ഗ​ബ​ന്ധ​ങ്ങൾ മു​ത​ലായ വി​ഷ​യ​ങ്ങൾ ഏറ്റ​വും വ്യാ​പ​ക​മാ​യി ചർ​ച്ച​ചെ​യ്യ​പ്പെ​ട്ട​തും ഇവി​ടെ​ത്ത​ന്നെ.

മല​ബാ​റിൽ ഇത്ത​രം ചർ​ച്ച​കൾ തീരെ നട​ന്നി​രു​ന്നി​ല്ലെ​ന്ന​ല്ല. മരു​മ​ക്ക​ത്താ​യ​ത്തി​ന്റെ ഗു​ണ​ദോ​ഷ​ങ്ങ​ളെ​പ്പ​റ്റി വളരെ സജീ​വ​മായ ചർച്ച മല​ബാ​റിൽ പത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ന്റെ അവ​സാ​ന​കാ​ല​ത്തും ഇരു​പ​താം​നൂ​റ്റാ​ണ്ടി​ലു​മാ​യി നട​ന്നി​ട്ടു​ണ്ടു്. ഇന്ത്യ​യി​ലെ ആദ്യ​ത്തെ സ്ത്രീ​സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യി​രു​ന്ന അഖി​ലേ​ന്ത്യാ വനി​താ​കോൺ​ഫ​റൻ​സി​ന്റെ ഒരു ഘടകം മല​ബാ​റിൽ നന്നാ​യി പ്ര​വർ​ത്തി​ച്ചി​രു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും കമ്മ്യൂ​ണി​സ്റ്റു​പ്ര​സ്ഥാ​ന​ത്തി​ലും മല​ബാ​റി​ലെ സ്ത്രീ​കൾ സജീവ പങ്കാ​ളി​ക​ളാ​യി​രു​ന്നു. എന്നാൽ തിരുവിതാംകൂർ-​കൊച്ചി രാ​ജ്യ​ങ്ങ​ളിൽ പൊ​തു​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു ചർച്ച നട​ന്നി​രു​ന്ന വേദികൾ-​പൊതുമണ്ഡലങ്ങൾ-കൂടുതൽ വി​ക​സി​ത​ങ്ങ​ളാ​യി​രു​ന്ന​തു​കൊ​ണ്ടും അവ നാ​ട്ടു​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്ന​തി​നാൽ ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ന്റെ സമ്മർ​ദ്ദം താ​ര​ത​മ്യേന കു​റ​വാ​യി​രു​ന്ന​തു​കൊ​ണ്ടും അവി​ട​ങ്ങ​ളിൽ സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചർച്ച കൂ​ടു​തൽ ആഴ​ത്തിൽ നട​ന്നു​വെ​ന്നു പറയാം. (സ്വാ​ത​ന്ത്ര്യ​സ​മ​രം ശക്ത​മായ ഭാ​ഗ​ങ്ങ​ളിൽ ദേ​ശീ​യ​സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​ന്റെ പ്ര​ശ്ന​ങ്ങൾ​ക്കും വഴി​കൾ​ക്കു​മാ​ണു് പല​പ്പോ​ഴും മുൻ​തൂ​ക്കം ലഭി​ച്ച​തു്)

പത്ര​ങ്ങൾ, ചർ​ച്ചാ​വേ​ദി​കൾ, സമു​ദാ​യ​പ​രി​ഷ്ക​ര​ണ​സം​ഘ​ങ്ങൾ, സാ​മൂ​ഹ്യ​സേ​വ​ന​സ്ഥാ​പ​ന​ങ്ങൾ, വാ​യ​ന​ശാ​ല​കൾ, വി​ദ്യാ​ല​യ​ങ്ങ​ളി​ലും മറ്റും ആരം​ഭി​ച്ച സാ​ഹി​ത്യ​സ​മാ​ജ​ങ്ങൾ, സാ​ഹി​ത്യ​വേ​ദി​കൾ, വനി​താ​സ​മാ​ജ​ങ്ങൾ, യു​വ​ജ​ന​സം​ഘ​ട​ന​കൾ മു​ത​ലായ പല കൂ​ട്ടാ​യ്മ​ക​ളും ചേർ​ന്നാ​ണു് ‘പൊ​തു​മ​ണ്ഡ​ലം’ രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന​തു്. ജന​ങ്ങ​ളെ ‘പൊതു’വായി ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങൾ ചർച്ച ചെ​യ്യാ​നു​ള്ള വേ​ദി​യാ​ണ​തു്. ജാതി-​സമുദായങ്ങളുടെ സീ​മ​ക​ളെ അതി​ലം​ഘി​ക്കു​ന്ന തര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ളും ചർ​ച്ച​ക​ളു​മാ​ണു് ‘പൊ​തു​മ​ണ്ഡല’ത്തിൽ വരു​ന്ന​തെ​ന്നു് ഒറ്റ​നോ​ട്ട​ത്തിൽ തോ​ന്നി​യേ​ക്കാം. എന്നാൽ സ്ത്രീ​കൾ​ക്കും പു​രു​ഷ​ന്മാർ​ക്കും മേൽ​ജാ​തി​ക്കാർ​ക്കും കീ​ഴ്ജാ​തി​ക്കാർ​ക്കും ഒരു​പോ​ലെ കയ​റി​ച്ചെ​ല്ലാ​വു​ന്ന ഇട​മാ​യി​രു​ന്നി​ല്ല അതു്. സ്ത്രീ​കൾ ‘സ്ത്രീ​സ​മാജ’ങ്ങ​ളി​ലും പു​രു​ഷ​ന്മാർ ‘പൗ​ര​സ​മാജ’ങ്ങ​ളി​ലും ഒത്തു​ചേ​രു​ന്ന​താ​ണു് ഉത്ത​മം എന്ന ബോധം മല​യാ​ളി​പൊ​തു​മ​ണ്ഡ​ല​ത്തിൽ അന്നും ഇന്നും സജീ​വ​മാ​ണു്.

ഇന്ന​ത്തെ കേ​ര​ള​ത്തിൽ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന സ്ത്രീ​കൾ​ക്കു് ചോ​ദി​ക്കാൻ ഒരു​പാ​ടു ചോ​ദ്യ​ങ്ങ​ളു​ണ്ടു്. വി​ദ്യാ​ഭ്യാ​സം, പ്ര​സ​വം, ആരോ​ഗ്യം, കു​ടും​ബാ​സൂ​ത്ര​ണം എന്നീ മേ​ഖ​ല​ക​ളിൽ ഇരു​പ​താം നൂ​റ്റാ​ണ്ടി​ലെ മല​യാ​ളി സ്ത്രീ​കൾ​ക്കു​ണ്ടായ നേ​ട്ട​ങ്ങ​ളെ​പ്പ​റ്റി പല​യി​ട​ത്തും ഇന്നു് പറ​ഞ്ഞു​കേൾ​ക്കാ​റു​ണ്ടു്; വാ​യി​ച്ചു​കാ​ണാ​റു​ണ്ടു്. സ്ത്രീ​സാ​ക്ഷ​ര​ത​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലും ഒരു കു​തി​ച്ചു​ചാ​ട്ടം തന്നെ​യാ​ണു് ഈ നൂ​റ്റാ​ണ്ടി​ലു​ണ്ടാ​യ​തു്. ഇതു​കൂ​ടാ​തെ സ്ത്രീ​കൾ സർ​ക്കാർ ജോ​ലി​ക​ളി​ലും മറ്റും പ്ര​വേ​ശി​ച്ചു, ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ലും ഇട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ലും പങ്കെ​ടു​ത്തു, ഇവി​ട​ത്തെ ഏറ്റ​വും വലിയ തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ളിൽ ചേർ​ന്നു് തൊ​ഴിൽ​സ​മ​ര​ങ്ങ​ളു​ടെ മുൻ​നി​ര​യിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഈ നേ​ട്ട​ങ്ങ​ളെ​ല്ലാ​മു​ണ്ടാ​യി​ട്ടും നമ്മു​ടെ നില ഇത്ര മോ​ശ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെ​ന്ന ചോ​ദ്യം ഓരോ മല​യാ​ളി​സ്ത്രീ​യു​ടെ​യു​മു​ള്ളിൽ നി​ശ​ബ്ദ​മു​യ​രു​ന്ന ഇക്കാ​ല​ത്തു് ഈ പു​സ്ത​കം ഏറ്റ​വും പ്ര​സ​ക്ത​മാ​ണെ​ന്നു് കരു​തു​ന്നു.

മറ്റൊ​രു പ്ര​ചോ​ദ​നം​കൂ​ടി​യു​ണ്ടു് ഈ പു​സ്ത​ക​ത്തി​നു പി​ന്നിൽ. കേ​ര​ള​ത്തി​ലെ മറ്റേ​തു രാഷ്ട്രീയപ്രസ്ഥാനത്തിനും-​ഇടതുപക്ഷപ്രസ്ഥാനമാകട്ടെ, കോൺ​ഗ്ര​സ്സാ​ക​ട്ടെ, കീ​ഴ്ജാ​തി​ക്കാ​രു​ടെ അവ​കാ​ശ​ങ്ങൾ നേ​ടി​യെ​ടു​ക്കാ​നു​ളള പ്രസ്ഥാനങ്ങളാകട്ടെ-​ഒരു ചരി​ത്ര​പാ​ര​മ്പ​ര്യം അവ​കാ​ശ​പ്പെ​ടാ​നു​ണ്ടു്. എന്നാൽ സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി വാ​ദി​ക്കു​ന്ന പ്ര​സ്ഥാ​ന​ത്തി​ന്റെ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു് അധി​ക​മാ​രും പറ​ഞ്ഞു​കേൾ​ക്കാ​റി​ല്ല. വാ​സ്ത​വ​ത്തിൽ വലി​യൊ​രു അന്യാ​യ​മാ​ണി​തു്. കേ​ര​ള​ത്തിൽ സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നു​ള്ള ശബ്ദ​ങ്ങൾ കേ​ട്ടു​തു​ട​ങ്ങി​യ​തു് 1980-​കളിലാണെന്ന ധാരണ ശരി​യ​ല്ല. അതി​നെ​ത്ര​യോ മു​മ്പു​ത​ന്നെ ഇവിടെ സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി അതി​ശ​ക്ത​മായ ഭാ​ഷ​യിൽ വാ​ദി​ച്ച സ്ത്രീ​ബു​ദ്ധി​ജീ​വി​ക​ളു​ടെ ഒരു തല​മു​റ​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. 1920-കൾ മുതൽ 1940-കൾ വരെ കേ​ര​ള​ത്തി​ന്റെ പൊ​തു​രം​ഗ​ത്തു് ഇവർ സജീ​വ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു. ഈ തലമുറ അന്യം​നി​ന്നു​പോ​യ​തെ​ങ്ങ​നെ, ഇവ​രു​ടെ സ്മ​ര​ണ​പോ​ലും നമു​ക്കി​ല്ലാ​തെ​പോ​യ​തെ​ന്തു​കൊ​ണ്ടു് തു​ട​ങ്ങിയ ചോ​ദ്യ​ങ്ങൾ ചോ​ദി​ക്കേ​ണ്ട​താ​ണു്. കാരണം, നമ്മൾ ‘പഴ​യ​കാ​ല​ത്തെ പ്ര​മു​ഖ​സ്ത്രീ​കൾ’ എന്നോർ​ക്കു​ന്ന​തു് ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തി​ലോ ഇട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ത്തി​ലോ പ്ര​വർ​ത്തി​ച്ച സ്ത്രീ​ക​ളെ​ക്കു​റി​ച്ചാ​ണു്. എന്നാൽ സ്ത്രീ​ക​ളെ ഒരു പ്ര​ത്യേ​ക​വി​ഭാ​ഗ​മാ​യി​ക്ക​രു​തി അവ​രു​ടെ അവ​കാ​ശ​ങ്ങൾ​ക്കു് സവി​ശേ​ഷ​പ​രി​ഗ​ണന നൽ​ക​ണ​മെ​ന്നു വാ​ദി​ച്ച സ്ത്രീ​കൾ ഈ നാ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന കാ​ര്യം എത്ര​പേർ​ക്ക​റി​യാം? അവരിൽ ചി​ല​രെ​ക്കു​റി​ച്ചു് നാം ചി​ല​പ്പോൾ കേ​ട്ടി​ട്ടു​ണ്ടാ​വും. ഉദാ​ഹ​ര​ണ​ത്തി​നു് അന്നാ ചാ​ണ്ടി. ഇന്ത്യ​യിൽ ആദ്യ​മാ​യി മുൻ​സി​ഫ് പദ​വി​യി​ലെ​ത്തിയ സ്ത്രീ എന്നാ​ണു് നമു​ക്കു് ഇവ​രെ​പ്പ​റ്റി​യു​ളള അറി​വു്. എന്നാൽ കേ​ര​ളീ​യ​സ്ത്രീ​ക​ളു​ടെ അവ​കാ​ശ​ങ്ങൾ​ക്കു​വേ​ണ്ടി പോ​രാ​ടിയ വനി​ത​ക​ളിൽ ഇവർ​ക്കു​ണ്ടാ​യി​രു​ന്ന പ്ര​മു​ഖ​സ്ഥാ​ന​ത്തെ​പ്പ​റ്റി എത്ര​പേർ കേ​ട്ടി​ട്ടു​ണ്ടു്?

അന്ന​ത്തെ കൊ​മ്പു​കെ​ട്ടിയ പു​രു​ഷ​ബു​ദ്ധി​ജീ​വി​ക​ളു​ടെ പു​രു​ഷാ​ധി​കാ​ര​പ​ര​മായ നി​ല​പാ​ടു​ക​ളെ വി​മർ​ശി​ച്ചു​കൊ​ണ്ടും തു​റ​ന്നെ​തിർ​ത്തു​കൊ​ണ്ടും ഇവ​രെ​ഴു​തിയ ലേ​ഖ​ന​ങ്ങ​ളിൽ പലതും ഇന്ന​ത്തെ​ക്കാ​ല​ത്തും പ്ര​സ​ക്ത​ങ്ങ​ളാ​ണു്. സ്ത്രീ​പ​ക്ഷ​ത്തു​നി​ന്നു വാ​ദി​ച്ച സ്ത്രീ​ക​ളു​ടെ ആ തലമുറ കു​റ്റ​മ​റ്റ​താ​ണെ​ന്നോ അവ​രു​മാ​യി നാം പൂർ​ണ്ണ​മാ​യും യോ​ജി​ക്കു​മെ​ന്നോ അല്ല. തീർ​ച്ച​യാ​യും അവർ​ക്കു് പോ​രാ​യ്മ​ക​ളു​ണ്ടാ​യി​രു​ന്നു. എങ്കി​ലും അവ​രിൽ​നി​ന്നു് ചി​ല​തൊ​ക്കെ പഠി​ക്കാ​നു​ണ്ടു്. യു​ക്തി​യും നർ​മ്മ​ബോ​ധ​വും സമ​കാ​ലി​ക​പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി​യു​ളള അറി​വും വേ​ണ്ട​വി​ധം കൂ​ട്ടി​ച്ചേർ​ത്തു് അവർ നിർ​മ്മി​ച്ച ശക്ത​മായ വാ​ദ​ശൈ​ലി ഒരു​ദാ​ഹ​ര​ണം​മാ​ത്ര​മാ​ണു്. അധി​കാ​ര​സ്ഥാ​ന​ത്തി​രി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യോ അധി​കാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​യോ തീരെ ഭയ​ക്കാ​തെ, പറ​യാ​നു​ളള കാ​ര്യം ശക്ത​വും വ്യ​ക്ത​വു​മായ ഭാ​ഷ​യിൽ പറ​യാ​നു​ള്ള ആ തന്റേ​ടം തീർ​ച്ച​യാ​യും ഇന്നു നമു​ക്കി​ല്ല. ആ തല​മു​റ​യെ ഇന്ന​ത്തെ സ്ത്രീ​പു​രു​ഷ​ന്മാർ​ക്കു് പരി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ലക്ഷ്യം​കൂ​ടി ഈ പു​സ്ത​ക​ത്തി​നു​ണ്ടു്. ആ തല​മു​റ​യ്ക്കു് ഇനി​യു​ള്ള കാ​ല​ത്തു് പുതിയ അവ​കാ​ശി​കൾ ഒരു​പാ​ടു​ണ്ടാ​കു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണു് ഈ പു​സ്ത​ക​ത്തെ നയി​ക്കു​ന്ന​തു്; അവർ ഈ വി​മർ​ശ​ന​പാ​ര​മ്പ​ര്യ​ത്തെ കാ​ലാ​നു​സൃ​ത​മാ​യി നവീ​ക​രി​ക്കു​മെ​ന്നും.

Colophon

Title: Kulastrīyum Cantappeṇṇum Uṇṭāyatengane? (ml: കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?).

Author(s): J Devika.

First publication details: Center For Development Studies; Trivandrum, India; 2010.

Deafult language: ml, Malayalam.

Keywords: J Devika, Kulasthreeyum Chanthappennum Undaayathengane, ജെ ദേവിക, കു​ല​സ്ത്രീ​യും ചന്ത​പ്പെ​ണ്ണും ഉണ്ടാ​യ​തെ​ങ്ങ​നെ?, Gender studies, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the author and Sayahna Foundation and must be shared under the same terms.

Cover: The Girl in a Picture Frame, an oil on canvas by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: ml.wikisource.org; Proofing: KB Sujith; Typesetter: Sayahna Foundation; Artwork by: B Priyaranjan Lal; Graphic files optimized by: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.