എല്ലാ തീവണ്ടിയാത്രയിലും ഒരു കദനത്തിന്റെ കഥയുണ്ടായിരുന്നു. ഇപ്രാവശ്യം അതൊരു കിഴവന്റേതായിരുന്നു. വളരെ വയസ്സായ ഒരാൾ. മുഖത്തെ ആയിരം ചുളിവുകളിലൂടെ പുറത്തേയ്ക്കു സംശയിച്ചു നോക്കുന്ന ഓജസ്സറ്റ കണ്ണുകൾ. വെള്ളി ഫ്രെയ്മുള്ള കട്ടിയുള്ള കണ്ണട കിഴവന്റെ നിസ്സഹായതയ്ക്കൊരു ഭൂതക്കണ്ണാടിപോലെ തോന്നിച്ചു. വിസ്താരമേറിയ കുപ്പായക്കൈകളിലൂടെ പുറത്തേക്കു നീളുന്ന മെലിഞ്ഞ, നിറയെ ചുളിവുകളുള്ള കൈകൾ. വീതി കുറഞ്ഞ ബെൽട്ടിട്ടു മുറുക്കിയ പാന്റ് അരക്കെട്ടിൽ നിറയെ മടക്കുകളായി തൂങ്ങിക്കിടക്കുന്നു. അതു് വളരെ പൗരാണികമായിരിക്കണം.
അയാൾ സീറ്റിൽ ജനലിന്നരുകിൽ വളരെ ഒതുങ്ങിയിരുന്നു. പുറത്തു് പ്ലാറ്റ്ഫോമിൽ ജനലിന്റെ കമ്പിപിടിച്ചു് ഒരു ചെറുപ്പക്കാരൻ നിന്നിരുന്നു. കിഴവന്റെ പുത്രനായിരിക്കണം. ഞാൻ ശ്രദ്ധിച്ചു. ഒരൊറ്റ വാക്കുപോലും രണ്ടുപേരുടെയും വായിൽ നിന്നു വീണില്ല.
ഞങ്ങൾ ഇരിക്കുന്നിടത്തേക്കു് പെട്ടെന്നു് തിരക്കുവന്നു. ധാരാളം വിദേശ നിർമ്മിതമായ സൂട്ട്കേസുകൾ, പല നിറത്തിൽ. പിന്നിൽ ഉറക്കെ ശബ്ദമുണ്ടാക്കുന്ന ഉടമസ്ഥരും.
“ഇതാ, ഇതുതന്നെ നമ്മടെ സീറ്റ്. അഞ്ചു്, ആറു്, ഏഴു്. ഒരേ നിരയിൽ തന്ന്യാണു്.”
“രാമകൃഷ്ണാ, സാധാനങ്ങളൊക്കെല്യേന്നു് നോക്കീട്ടു് പോർട്ടർക്കു് കൂലി കൊടുത്താൽ മതി.”
“ഒക്കെ ശര്യാണു്. അഞ്ച് സാധാനങ്ങളുണ്ടു്. ഓനെ ഒഴിവാക്കു്.”
പോർട്ടറുമായി തർക്കം. എത്ര ഉറക്കെയാണു് അവർ സംസാരിക്കുന്നതു്.
കിഴവൻ അപ്പോഴും പുറത്തേയ്ക്കു് ശൂന്യമായി നോക്കിക്കൊണ്ടിരിക്കയാണു്.
കമ്പാർട്ടുമെന്റിൽ ചൂടായിരുന്നു. പങ്കകൾ പ്രവർത്തിച്ചു തുടങ്ങിയിരുന്നില്ല. മറ്റു സീറ്റിൽ ഉള്ള ചെറുപ്പക്കാർ സ്വിച്ചു് താഴ്ത്തുകയും ഉയർത്തുകയും ചെയ്തു.
“ഇതെന്തു് ഹലാക്കിന്റെ പങ്കയാണെടാ, തിരീണില്യ.”
“ബണ്ടി പോകാൻ കാലത്തു് തിരിയും. ഇപ്പോ എഞ്ചിൻ കൊണ്ടന്ന്ട്ട്ണ്ടാവില്ല.”
“നമുക്കു് പ്ലെയിനിൽത്തന്നെ പോയാ മത്യായിരുന്നു.”
“അതിനു് ഇജ്ജന്ന്യല്ലെ ബേണ്ടാച്ചതു്.”
“പിന്നല്ലാ ഇരുന്നൂറു റുപ്പിക ബ്ലാക്കിൽ കൊടുത്തിട്ടു് ടിക്കറ്റ് വാങ്ങ്വേ? ഈ അറനൂറുറുപ്പിക ഭാര്യയ്ക്കു് കൊണ്ടുകൊടുത്താൽ ഓളു്…”
അയാൾ ശബ്ദം കുറച്ചതു കാരണം പിന്നെ എന്തുപറഞ്ഞുവെന്നു് കേട്ടില്ല. അവർ കൂട്ടമായി ചിരിച്ചു.
പെട്ടെന്നു് ഫാനുകൾ തിരിയാൻ തുടങ്ങി.
“ബന്ന്!” എല്ലാവരും കൂടി ആർത്തു വിളിച്ചു. എനിയ്ക്കു ചിരിവന്നു. അവരുടെ പെരുമാറ്റം വളരെ അകൃത്രിമവും കുറെയേറെ പ്രാകൃതവുമായിരുന്നു. അവരുടെ ടെറിലിൻ വസ്ത്രങ്ങളും പെരുമാറ്റവും തമ്മിൽ യാതൊരു പൊരുത്തവുമുണ്ടായിരുന്നില്ല.
വണ്ടി ഇളകുകയും യാതൊരു ഉപചാരവും കൂടാതെ നീങ്ങുകയും ചെയ്തു. പുറത്തു നിന്ന ചെറുപ്പക്കാരൻ നീങ്ങി നിന്നു് കിഴവനെ നോക്കി കൈ വീശി. അയാളാകട്ടെ അപ്പോഴും അനങ്ങാതെ ശൂന്യമായി, നിർജ്ജീവമായി പുറത്തേക്കു നോക്കുകയായിരുന്നു. അയാൾ വല്ലതും കാണുന്നുന്നുണ്ടോ എന്നു തന്നെ ഞാൻ സംശയിച്ചു.
വെയിൽ കൈയിൽ വീണപ്പോൾ അയാൾ നിവർന്നിരുന്നു. സാവധാനത്തിൽ അയാളുടെ മുഖം ഇരുണ്ടു. നോക്കിക്കൊണ്ടിരിക്കെ കണ്ണിൽ നിന്നു് ഒരു തുള്ളി വെള്ളം പുറത്തേക്കു ചാടി. പിന്നെ തുടർച്ചയായ ഒരു നീരുറവു്. കണ്ണീർ വീണു് അയാളുടെ വെള്ള ഷർട്ടിന്റെ മുൻഭാഗം നനയുന്നതു് തെല്ലൊരസുഖത്തോടെ ഞാൻ നോക്കി.
ക്രമേണ കണ്ണീർ ഉറവ നിന്നു. സാവധാനത്തിൽ ഷർട്ടിന്റെ നനവു് കാറ്റു് ഒപ്പിയെടുത്തു.
ടിക്കറ്റ് എക്സാമിനർ വന്നു് ടിക്കറ്റിനു കൈ നീട്ടി അപ്പോൾ കിഴവൻ ഞെട്ടിത്തെറിച്ചു. വിറയ്ക്കുന്ന കൈ കൊണ്ടു് കുപ്പായക്കീശയിൽ നിന്നു് ടിക്കറ്റെടുത്തു നീട്ടി.
മറുപുറത്തിരുന്നവർ മസ്കറ്റിൽ നിന്നാണു് വരുന്നതെന്നു് സംസാരത്തിൽ നിന്നു മനസ്സിലായി. അവർക്കു സംസാരിക്കാൻ കൂട്ടുകാരെ കിട്ടിയിരുന്നു. എല്ലാവർക്കും പേർഷ്യൻ വിശേഷങ്ങൾ അറിയണം. അവിടെയെങ്ങന്യാ ജോലിയൊക്കെ കിട്ടാൻ വിഷമമുണ്ടോ? എങ്ങനെയെങ്കിലും അവിടെ കടന്നു കിട്ടിയാൽ വല്ല രക്ഷയും ഉണ്ടോ?
പേർഷ്യക്കാർക്കു് കുറെ നേരം സംസാരിക്കാനുള്ള വകയായി. അവർ ഓരോരുത്തരായും ഒന്നായും അന്യോന്യം അനുബന്ധമായും വാ തോരാതെ സംസാരിച്ചു.
വണ്ടി ഒരു കൊടുങ്കാറ്റു പോലെ പരിചയമുള്ള സ്റ്റേഷനുകൾ തരണം ചെയ്യുന്നതു് ഞാൻ ജനലിലൂടെ നോക്കി.
അപ്പോഴാണു് കിഴവനോടു് ലോഹ്യം കൂടിയാലോ എന്നു് ഞാൻ ആലോചിച്ചതു്. മറുവശത്തുള്ള സംസാരം അധികനേരം ശ്രദ്ധിക്കാൻ എനിക്കു കഴിഞ്ഞില്ല. അവർ പറയുന്നതെല്ലാം അറിയാവുന്ന കാര്യങ്ങളായിരുന്നു. പറയുന്നവർക്കുള്ളത്ര അത്ഭുതംപോലും എനിക്കുണ്ടാവുന്നില്ല. മറിച്ചു് കിഴവൻ എന്തുകൊണ്ടോ എന്നെ ആകർഷിച്ചിരുന്നു. അയാളുടെ കണ്ണീരിന്റെ കാരണമറിഞ്ഞാലേ എനിയ്ക്കു് സമാധാനമാവുകയുള്ളു എന്നു് തോന്നിയിരുന്നു. ഞാൻ അയാളുടെ നേരെ തിരിഞ്ഞു.
“എങ്ങോട്ടാണു്?”
കിഴവൻ കണ്ണടയിലൂടെ എന്നെ നോക്കി, പതുക്കെ തലയാട്ടി. എവിടെ പോയാലെന്താ, എല്ലാം ഒരുപോലെ എന്ന മട്ടിൽ. അയാളുടെ മുഖത്തിന്റെ അസ്ഥിരതയിൽ നിന്നു്. എന്തോ തപ്പിയെടുക്കാനുള്ള വെമ്പലിൽ നിന്നു് അയാൾക്കു് എന്തോ പറയാനുണ്ടെന്നു് എനിക്കു മനസ്സിലായി. ഞാൻ കാത്തു.
മറുവശത്തു് ഇപ്പോൾ കൂടുതൽ ശ്രോതാക്കളുണ്ടായിരുന്നു. അവിടെ മണലാരണ്യങ്ങളിലെ ജീവിതകഥകൾ ഓരോന്നോരോന്നായി പുറത്തേക്കു വരികയാണു്. വീരസാഹസകഥകൾ കേൾക്കാൻ രസമുള്ളവതന്നെ. പക്ഷെ, പൗരാണിക നാവികനെപ്പോലെ ഈ കിഴവൻ എന്നെ ആകർഷിച്ചിരിക്കുന്നു.
“എനിക്കു് വളരെ ചീത്തക്കാലമാണു്.” അയാൾ പറഞ്ഞു. അയാളുടെ ശബ്ദം വളരെ താഴ്‌ന്നതായിരുന്നു. നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ കേൾക്കില്ല.
“എന്റെ മകളുടെ മകൾ മരിച്ചു. ആത്മഹത്യയാണത്രെ.”
ഞാൻ വ്യസനിക്കുന്നു എന്ന അർത്ഥത്തിൽ ഒരു ശബ്ദമുണ്ടാക്കി. “എന്താണു് കാരണം?”
അയാൾ കീഴ്ചുണ്ടു പുറത്തേക്കു നീട്ടി. ആർക്കറിയാം എന്ന ഭാവത്തിൽ ചുമൽകുലുക്കി. അവൾക്കു് എത്ര വയസ്സായിട്ടുണ്ടാകും. എന്നു ഞാൻ അത്ഭുതപ്പെട്ടു.
“കോളേജ് ലാബിൽനിന്നു് എന്തോ മരുന്നു എടുത്തു കൊണ്ടുപോയി കഴിച്ചതാണത്രെ.”
പേർഷ്യക്കാരിൽ ഒരാൾ സംസാരിക്കുകയാണു്.
“മലയാളികൾക്കു് പൊങ്ങച്ചം പറയലു് സ്വതവെ കുറച്ചു കൂടുതലാണു്. നാട്ടിൽപ്പോയിട്ടു് ആരെങ്കിലും എന്താണു് ജോലി എന്നു ചോദിച്ചാൽ പറയും കാൾട്ടൻ കമ്പനീലാണു് ജോലീന്നു്. കാൾട്ടൻ എന്നു പറയുന്നതു് ഹോട്ടലാണ്ന്നു് അവർക്കുണ്ടോ അറിയുന്നു?”
കിഴവൻ പുറത്തേക്കു നോക്കിയിരിക്കയാണു്. ഞാൻ തീവണ്ടിയുടെ സംഗീതത്തിൽ ലയിച്ചിരുന്നു. എവിടെയോ, ഏതോ നഗരത്തിൽ ഒരു പെൺകുട്ടിയുടെ ശരീരം തണുത്തു കിടക്കുന്നുണ്ടാവും. എന്തിനായിരിക്കും അവൾ ആത്മഹത്യ ചെയ്തതു്?
“ആറുമാസം മുമ്പു് എനിയ്ക്കു് ഭാര്യ നഷ്ടപ്പെട്ടു.” കിഴവൻ തുടർന്നു. “വേദനയൊക്കെ തോന്നി. പക്ഷെ, അതിൽ സങ്കടപ്പെടാനൊന്നുമുണ്ടായിരുന്നില്ല. അവൾ അവളുടെ അറുപതുകൊല്ലം മുഴുവനും ശരിക്കും ജീവിച്ചിരിക്കുന്നു. എല്ലാവർക്കും ഒരു ദിവസം പോണ്ടെ? പക്ഷെ, ജീവിതം തുടങ്ങിയിട്ടും കൂടിയില്ലാത്ത ഒരു കുട്ടിയുടെ കഥയോ?”
“അതെല്ലാം ഇങ്ങനെയാണു്”, കിഴവൻ സംസാരിച്ചു. “ആറുമാസം പ്രായമുള്ള ഒരു കുട്ടി നിങ്ങളെ കാണുമ്പോഴേയ്ക്കു് അമ്മയുടെ ഒക്കത്തുനിന്നു ചാടുന്നു. പല്ലില്ലാത്ത ചിരി സമ്മാനിക്കുന്നു. കുഞ്ഞിക്കൈകൾകൊണ്ടു് തലമുടി പിടിച്ചു് കവിളിൽ ഉമ്മവെക്കുന്നു. അല്ല, കപ്പുന്നു. അപ്പോൾത്തൊട്ടു് ആ കുട്ടി നിങ്ങളുടെ സ്വന്തം സ്വത്താണു്. പിന്നെ അവൾ വളർന്നു് വലുതാവുമ്പോഴും നിങ്ങളെ വിട്ടു് വേറെ ദേശത്തു് പോകുമ്പോഴും നിങ്ങൾക്കവളെ നഷ്ടപ്പെടുന്നില്ല; അവസാനം ഒരു ദിവസം ഒരു ശപ്തമായ കമ്പി കിട്ടുന്നതുവരെ.”
കിഴവന്റെ സംസാരം ശ്രദ്ധിക്കാൻ വളരെ ക്ലേശിക്കണം. പതുക്കെയാണു് എന്നു മാത്രമല്ല, ഒരിക്കൽ പറഞ്ഞതു് പിന്നെ ആവർത്തിക്കലുണ്ടാവില്ല. മനഃപ്പൂർവ്വമല്ല അതു്. ഇടയ്ക്കു കയറി ചോദിച്ചാൽ സംസാരത്തിന്റെ ചരടു് നഷ്ടപ്പെടും. കിഴവന്റെ മുഖത്തെ ചോദ്യഭാവത്തിൽ നിന്നതറിയാം. പിന്നെ വേറെ വല്ലതുമായിരിക്കും പറയുക. നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ വാക്കുകൾ മണലിൽ പൂണ്ടുപോയ സൂചിപോലെ നഷ്ടപ്പെടും.
കിഴവന്റെ കഥ ശ്രദ്ധിച്ചിരുന്നതിന്നിടയിൽ തീവണ്ടി ചുരം കയറി മറഞ്ഞതും, തുരങ്കങ്ങൾ പിന്നിട്ടതും ഞാനറിഞ്ഞില്ല. അതു പോലെ സൂര്യൻ പർവ്വതനിരകൾക്കിടയിലെവിടെയൊ നഷ്ടപ്പെട്ടതും. പകൽ രാത്രിയിലേയ്ക്കു് യാത്രയായതും. എന്റെ മനസ്സിൽ ഒരു റിട്ടയാർഡ് ഹൈക്കോർട്ട് രജിസ്റ്റ്രാറും അദ്ദേഹത്തിന്റെ പേരക്കുട്ടിയുമായിരുന്നു.
ഭക്ഷണത്തിന്റെ സ്റ്റേഷനെത്തിയപ്പോൾ ഞാൻ ചോദിച്ചു. “ഊണു വേണ്ടെ?”
വേണ്ടന്നയാൾ തലയാട്ടി.
ഊണു കഴിക്കുമ്പോൾ ഞാൻ വീണ്ടും പേർഷ്യക്കാരെ ശ്രദ്ധിച്ചു. അവരുടെ അടുത്തു തന്നെ കള്ളിമുണ്ടുടുത്തു് ഇരിക്കുന്ന ചെറുപ്പക്കാരനെ ഞാൻ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ അയാളായിരുന്നു സംസാരിച്ചിരുന്നതു്. അയാൾ ബോംബെയിൽ ജോലിയെടുക്കുകയാണു്. പേർഷ്യക്കാർ ഇന്ത്യയ്ക്കു പുറത്തുപോയെങ്കിലും ബോംബെയെപ്പോലെ ഒരു വൻനഗരത്തിൽ താമസിച്ചിട്ടില്ലെന്നും തൻമൂലം ലോകപരിചയം തന്റെ അത്രക്കൊന്നുമില്ലെന്നും അയാൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി.
അതുകൊണ്ടു തന്നെ പിന്നീടു്, ഊണു കഴിഞ്ഞു് കിടക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കെ, പേർഷ്യക്കാർ അവരുടെ സൂട്ട് കേസുകളുടെയും അതിനകത്തുള്ള വില പിടിച്ച സാധനങ്ങളുടെയും സുരക്ഷിതത്വത്തെപ്പറ്റി സംശയം പ്രകടിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു.
“നിങ്ങൾക്കു് ഈ കേശവനെ വിശ്വസിക്കാം. കേശവൻ ഈ സീറ്റിൽ കിടക്കുമ്പോൾ ഒരു മനുഷ്യക്കുട്ടിക്കു് നിങ്ങളുടെ സാധനങ്ങൾ തൊടാൻ പറ്റില്ല. പോരെ?”
“അല്ലാ, ഓരോ സൂട്ട്കേസിലും ചുരുങ്ങിയതു് നാലായിരത്തിന്റെ മൊതലു് കാണും.”
“നിങ്ങളു് യാതൊന്നും പേടിക്കാണ്ടെ കിടന്നുറങ്ങിക്കോളിൻ. ഞാൻ ഇതിനു മുമ്പും വലിയ കള്ളന്മാരെ പിടിച്ചിട്ടുള്ളതാണു്. ഒരിക്കൽ ഒരു വലിയ കത്തിയുമായാണു് വന്നതു്. നോക്കിൻ എനിക്കു കിട്ടിയ മുറിവിന്റെ പാടു്.”
അയാൾ ബനിയൻ ഉയർത്തിക്കാണിച്ചു. വയറിനു തൊട്ടുമുകളിൽ ഇടതുവശത്തു് രണ്ടിഞ്ചു വരുന്ന പാടു്.
കേശവന്റെ സംസാരത്തിൽ വിശ്വസിപ്പിക്കുന്ന എന്തോ ഉണ്ടാവണം. മറ്റുള്ളവർ സംതൃപ്തരായിരുന്നു.
ഉറക്കം എല്ലാ പെരുമ്പറകളേയും നിശ്ശബ്ദമാക്കി. എല്ലാ കാഹളങ്ങളും കെട്ടടങ്ങി. തീവണ്ടിയുടെ അവിരാമമായ താരാട്ടുമാത്രം. മറുവശത്തു് വിലങ്ങനെയുള്ള സീറ്റിൽ കേശവൻ കിടക്കുന്നു. വായ സ്വല്പം തുറന്നാണിരിക്കുന്നതു്. വേറൊരു കള്ളിമുണ്ടു കൊണ്ടു് അയാൾ ചെവിയടച്ചു തലക്കെട്ടു കെട്ടിയിരുന്നു. പേർഷ്യക്കാരും ഉറക്കമായി.
ഞാൻ വീണ്ടും, എവിടെയോ, ഏതോ ഒരു നഗരത്തിൽ തണുത്തുവിറങ്ങലിച്ച ഒരു ഇളം ശരീരം ഓർത്തു. ഒരു മുത്തച്ഛന്റെയും അമ്മയുടെയും അച്ഛന്റെയും സ്നേഹത്തിനു പിടിച്ചു നിറുത്താൻ കഴിവില്ലാത്ത വിധത്തിൽ എന്തൊരു ശക്തിയാണു് അവളെ ആത്മഹത്യയിലേയ്ക്കു് നയിച്ചതു്?
ഉറക്കം പിടിക്കുമ്പോൾ ഞാൻ തീവണ്ടിയുടെ വേഗത്തെപ്പറ്റി ബോധവാനായിരുന്നു. അതു് ഒരു കൊടുങ്കാറ്റുപോലെ ഇരുട്ടിലൂടെ കുതിക്കുകയാണു്.
ഒരു ബഹളം കേട്ടു് എഴുന്നേറ്റപ്പോൾ കണ്ടതു് കേശവൻ ചാടിയെഴുന്നേൽക്കുന്നതാണു്. ചുവട്ടിൽ കിഴവൻ എന്തോ തപ്പുകയായിരുന്നു. ഒരു നിമിഷം കേശവൻ കിഴവന്റെ മേൽ ചാടി വീഴുകയും അയാളുടെ പഴഞ്ചൻ കുപ്പായത്തിന്റെ കോളർ പിടിച്ചുയർത്തി ചെകിട്ടത്തു് അടിക്കുകയും ചെയ്തു.
“പിടിച്ചു ഞാൻ.” കേശവൻ ആക്രോശിച്ചു. “കള്ളനെ പിടിച്ചു.”
കിഴവൻ പെട്ടെന്നുള്ള ഈ ആക്രമണത്തിന്റെയും അടിയുടെയും ആഘാതത്തിൽ സ്തംഭിച്ചു നിന്നു. അയാൾക്കു് ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.
വീണ്ടും അടി. കിഴവൻ ആകെയുലഞ്ഞു. കൈകൾ രണ്ടും ഉയർത്തി അടികളിൽനിന്നു രക്ഷപ്പെടുവാൻ അയാൾ വിഫലമായി ശ്രമിക്കുകയാണു്.
പെട്ടെന്നു് എന്റെ ഉറക്കച്ചടവു മാറി. ഉറക്കമുണർന്നപ്പോൾ ഒരു സ്വപ്നം പോലെ തോന്നിയിരുന്ന ഈ സംഭവം യാഥാർത്ഥ്യമാണെന്നും ഞാൻ മനസ്സിലാക്കി. അയാൾ അതിനിടയ്ക്കു് വിക്കി വിക്കി പറഞ്ഞു.
“എന്റെ കണ്ണട.”
കിഴവന്റെ മുഖത്തു് കണ്ണടയുണ്ടായിരുന്നില്ല. ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണട ഊരിവെക്കുന്നതു് ഞാൻ കണ്ടിരുന്നു.
ഞാൻ ചാടിയെഴുന്നേറ്റു് കേശവനെ പിടിച്ചു.
“എന്തക്രമമാണു് ചെയ്യുന്നതു്?”
“നിങ്ങൾ വിടിൻ.” കേശവൻ എന്നെ തട്ടിമാറ്റി. “എനിക്കറിയാം എന്താ ചെയ്യേണ്ടത്ന്നു്. കിടക്കാൻ പോവുമ്പോത്തന്നെ എനിക്കു് കെളവനെ സംശയണ്ടായിര്ന്നു. കേശവനു് ഒരു കള്ളനെ ഒരു നാഴിക ദൂരെ വച്ചു കണ്ടാൽ അറിയാം.”
കിഴവനെ കള്ളനായി കണക്കാക്കുന്നതു് ലോകത്തിലേക്കു വെച്ചു് ഏറ്റവും യുക്തിഹീനമായ ഒരു കാര്യമായിരുന്നു. അതു പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ, എനിക്കു് നേരിടേണ്ടി വന്നതു് ഒന്നോ രണ്ടോ ആളുകളെയായിരുന്നില്ല.
“നിങ്ങക്കു് അങ്ങനെ പറയാം. മൊതലു് പോണതു് നമ്മന്റെ അല്ലെ.”
“കക്കാനല്ല ഉദ്ദേശംച്ചാലു് നമ്മുടെ സൂട്ട്കേസിന്റെ അവിടെ തപ്പണ്ട വല്ല ആവശ്യം ഉണ്ടോ? പൂട്ടിന്റെ മേൽ കൈ വെക്കുന്നതു് ഞാൻ കണ്ണുകൊണ്ടു് കണ്ടതാ.”
ഞാൻ കേശവന്റെ കൈ വിടുവിച്ചു് കിഴവനെ സ്വതന്ത്രനാക്കി. അയാളുടെ കുപ്പായത്തിന്റെ മുൻവശം കീറിയിരുന്നു. കീറിയ ഭാഗം വിറക്കുന്ന കൈകൊണ്ടു് കൂട്ടിപ്പിടിച്ചു് അയാൾ സീറ്റിൽ പോയിരുന്നു. അയാളുടെ നരച്ച തലമുടി ഉലഞ്ഞിരുന്നു.
അടുത്ത പടി കിഴവന്റെ പെട്ടി പരിശോധിക്കലായിരുന്നു. നിർദ്ദേശം കൊടുത്തതും പെട്ടി സീറ്റിന്നടിയിൽ നിന്നു് വലിച്ചെടുത്തു തുറന്നതും കേശവൻ തന്നെ ആയിരുന്നു.
“കെളവൻ നമ്മൾ എണീക്കുന്നതിനു മുമ്പു് വല്ലതും പൂഴ്ത്തിയിട്ടുണ്ടോന്നു് നോക്കാം.”
അയാൾ സാധനങ്ങൾ ഓരോന്നോരോന്നായി പുറത്തേക്കെടുത്തിട്ടു. രണ്ടു പഴയ വെള്ള ഷർട്ട്, രണ്ടു മുണ്ടു്, ഒരു തുണിസഞ്ചിയിൽ ഷേവു ചെയ്യാനുള്ള സാമഗ്രികൾ. പിന്നെ പഴകിയ, വളരെ പഴകിയ ഒരു കൈ നഷ്ടപ്പെട്ട നിറം മങ്ങിയ പ്ലാസ്റ്റിക് പാവക്കുട്ടി.
കേശവൻ അതെല്ലാം പുറത്തുതന്നെ ഇട്ടു് അയാളുടെ സീറ്റിൽ പോയിരുന്നു. ആ സാധനങ്ങൾ തിരിച്ചു പെട്ടിയിലിടാനുള്ള സന്മനസ്സെങ്കിലും അയാൾക്കുണ്ടാവേണ്ടതായിരുന്നു. കിഴവൻ ചുറ്റും നോക്കി. ഇനിയും അക്രമണങ്ങൾ ഉണ്ടാവില്ലെന്നു തോന്നിയിരിക്കണം. അയാൾ സീറ്റിൽ നിന്നിറങ്ങി പെട്ടിയുടെ അടുത്തു് കുന്തിച്ചിരുന്നു് സാധനങ്ങൾ ഓരോന്നായി തിരിച്ചു് പെട്ടിയിൽവെച്ചു. കുപ്പായങ്ങൾ, മുണ്ടുകൾ, ഷേവിംഗ് സാമഗ്രികൾ വെച്ച തുണി സഞ്ചി, അവസാനം ഒരു കൈ നഷ്ടപ്പെട്ട പാവക്കുട്ടി. പെട്ടെന്നു് ഓർമ്മകൾ കിഴവനെ ഗ്രസിച്ചുവെന്നു് തോന്നുന്നു. അയാൾ ആ പാവക്കുട്ടിയും പിടിച്ചു് കുറെ നേരം ഇരുന്നു. കണ്ണീർ ധാരയായി ഒഴുകി. തേങ്ങൽ അയാളുടെ ദുർബ്ബലമായ ദേഹത്തെ പിടിച്ചു കുലുക്കി.
അയാൾ പ്രയാസപ്പെട്ടു് എഴുന്നേറ്റു. പെട്ടി അടയ്ക്കാൻ മിനക്കെടാതെ അയാൾ നടന്നു. കിഴവൻ വേച്ചു വേച്ചു് ടോയ്ലറ്റിനു നേരെ നടക്കുന്നതു് ഞാൻ ശ്രദ്ധിച്ചു. മുഖം കഴുകാനായിരിക്കുമെന്നു് ഞാൻ കരുതി. പക്ഷെ, വാഷ്ബേസിന്റെ നേർക്കു് പോകുന്നതിനു പകരം അയാൾ ഇടതുവശത്തുള്ള വാതിൽ തുറക്കുകയും എനിക്കു് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുമുമ്പു് പുറത്തേക്കു് ചാടുകയും ചെയ്തു.
തീവണ്ടി ഒരു കൊടുങ്കാറ്റുപോലെ, കൊളുത്തി വിട്ട വാണംപോലെ കുതിക്കുകയായിരുന്നു.
ഞാൻ തരിച്ചു നിന്നു.
കുറച്ചു നേരത്തേയ്ക്കു് പരിപൂർണ്ണ നിശ്ശബ്ദത. പിന്നെ സംസാരിച്ചതു് കേശവൻ തന്നെയായിരുന്നു.
“കണ്ടില്ലെ, കെളവൻ പഠിച്ച കള്ളനാണു്. പിടികൊടുക്കാതെ പോയതു കണ്ടില്ലെ? ഈ സമയത്തിനുള്ളിൽ ചുരുങ്ങിയതു് രണ്ടു കമ്പാർട്ടുമെന്റിന്റെ അപ്പുറത്തെങ്കിലും എത്തിയിട്ടുണ്ടാവും. ട്രെയിനിന്റെ പുറത്തു തൂങ്ങി സഞ്ചരിക്കാനൊക്കെ ഇവർ എക്സ്പെർട്ടുകളാണു്.”
കിഴവൻ പുറത്തേക്കു ചാടുകയാണുണ്ടായതെന്നു് വളരെ വ്യക്തമായിരുന്നു.
“എന്തായാലും നമ്മുടെ മൊതലു് പോയില്യല്ലൊ. ഭാഗ്യം.”
അപ്പോഴാണു് ഞാൻ അതു കണ്ടതു്. കിഴവന്റെ കണ്ണട! അതു മറുഭാഗത്തെ സീറ്റിന്നടിയിൽ രണ്ടു സൂട്ട്കേസുകളുടെ ഇടയിൽ വീണു കിടക്കുന്നു—നിലത്തു് വീണു പരന്ന രണ്ടു കണ്ണുനീർ തുള്ളികൾ പോലെ. ഈ രണ്ടു കണ്ണുനീർ തുള്ളികൾ ജീവിതത്തിലൊരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത അപരാധബോധത്തിന്റെ കറ എന്റെ മനസ്സിൽ ഉണ്ടാക്കിയതു് ഞാനറിഞ്ഞു.