images/e-hari-dk-cover.jpg
A statue of military official and horse around tomb of Seongjong at Seolleung, photograph by National Research Institute of Cultural Heritage, Korea .
ഒരു കുങ്ഫു ഫൈറ്റർ

ഷേറാൻസ് ഒരു കുങ്ഫൂ ഫൈറ്ററാണു്. രാജു അങ്ങിനെയാണു് പറഞ്ഞതു്. അവന്റെ വിവരണങ്ങളിൽ നിന്നു് ഒരു പേടിപ്പെടുത്തുന്ന ചിത്രമാണു് കിട്ടുന്നതു്. രാജു വൈകുന്നേരം സ്ക്കൂൾവിട്ടു വന്നാൽ പുസ്തകസഞ്ചിയും വാട്ടർ ബോട്ടിലും വലിച്ചെറിഞ്ഞു് എന്റെ മുമ്പിൽ ചാടി വീഴുന്നു. കാൽമുട്ടു് അൽപം മടക്കി കുറച്ചു് കുനിഞ്ഞു് കൈമുഷ്ടികൊണ്ടു് എനിയ്ക്കു ഒരിടി സമ്മാനിക്കുന്നു. എനിയ്ക്കു് നല്ലവണ്ണം വേദനിക്കുമെങ്കിലും ഞാൻ വേദനയൊന്നുമില്ലെന്നു് ഭാവിക്കുന്നു. ഞാൻ അച്ഛനും അവൻ മകനുമാണു്. ആറു വയസ്സുള്ള മകൻ.

“വേദനയില്ലെ?” അവൻ ചോദിക്കുന്നു.

“ഉം, ഉം. ഇതൊക്കെ ഒരിടിയാണോ?”

“ഞാൻ കാണിച്ചുതരാം.”

അവൻ നിന്നിടത്തുനിന്നു് ഒരു ചാട്ടവും എന്റെ പുറത്തു് രണ്ടാമതൊരിടിയും.

“അയ്യോ വേദനയുണ്ടു്”, ഞാൻ അലറുന്നു. എനിയ്ക്കു് ദ്വേഷ്യം പിടിക്കുന്നു. അവനു് രണ്ടാമതു് ഇടിക്കേണ്ട കാര്യമൊന്നുമില്ല.

“ആ, ഇങ്ങിനെയാണു് ഷേറാൻസ് ഇടിക്കുക. കുങ്ഫൂ ഫൈറ്റിങ്ങാണു്.”

ഇവൻ ഷേറാൻസിനെ അനുകരിക്കുക മാത്രമാണു് ഇപ്പോൾ ചെയ്തതു്. അതുതന്നെ ഇത്ര ഉഗ്രം. അപ്പോൾ ഷേറാൻസിന്റെ ഒറിജിനൽ ഇടി എന്തായിരിക്കും സ്ഥിതി?

ഷേറാൻസ് നടന്നുവരുമ്പോൾ മറ്റുകുട്ടികൾ ഓടി ഒളിക്കുന്നു. അവന്റെ മുമ്പിൽ ആരും ശ്വാസം വിടാറില്ല. ക്ലാസ് മിസ്സിനും കൂടി അവനെ പേടിയാണു്. അവൻ രാജുവിന്റെ ഫ്രണ്ടാണു്. എനിയ്ക്കും അവന്റെ അമ്മയ്ക്കും ആശ്വാസമായി. ഷേറാൻസിന്റെ തണലിൽ നിൽക്കുന്ന ഇവനെ ആരും തൊടില്ലല്ലൊ.

ഒരിക്കൽ ഏതോ ഒരു കുട്ടി രാജുവിനെ ചവുട്ടി എന്ന കുറ്റത്തിനു് ഷേറാൻസ് ആ കുട്ടിയുടെ മുഖത്തു് മാന്തി ചോര പൊട്ടിച്ചിട്ടുണ്ടു്. എനിയ്ക്കു് സ്വകാര്യമായി സന്തോഷം തോന്നി, അതു കേട്ടപ്പോൾ. പക്ഷെ, പറഞ്ഞതു് മറിച്ചായിരുന്നു.

“ആ കുട്ടിയൊന്നു് ചവുട്ടി എന്നുവെച്ചു് അവന്റെ മുഖത്തു് മാന്താനൊക്കെ പാട്വോ?”

“ഷേറാൻസ് എന്റെ ഫ്രണ്ടാണു്.”

“അതുകൊണ്ടു്?”

“എന്നെ ആരെങ്കിലും ഉപദ്രവിച്ചാൽ ഷേറാൻസ് അവരേയും ഉപദ്രവിക്കും.”

ഷേറാൻസിനെ കാണാൻ താൽപര്യമായി ഒരു ദിവസം ഞാനും ഭാര്യയും മകന്റെ സ്ക്കൂളിൽ പോയി. ക്ലാസ്സിൽ വരുന്നുണ്ടെന്നു് രാജുവിനോടു് പറഞ്ഞില്ല. പറഞ്ഞാൽ അവൻ സമ്മതിക്കില്ല. ഡാഡി സ്ക്കൂളിൽ വരേണ്ട എന്നാണു് അവൻ പറയുന്നതു്. മമ്മി മാത്രം വന്നാൽ മതിയത്രെ.

“എന്താണു് കാരണം.”

“ഡാഡിയെ കാണാൻ ഒരു ഭംഗിയുംല്ല്യ.”

ഡാഡി തളരുന്നു.

“എന്താ മോൻ പറയുന്നതു് ഡാഡിയെ കാണാൻ നല്ല ഭംഗിണ്ടല്ലൊ.” അമ്മ.

“ഇല്ല ഒരു ഭംഗീംല്ല്യാ. മമ്മി മാത്രം വന്നാൽ മതി സ്ക്കൂളിലേക്കു്.”

“മമ്മിയെ കാണാൻ ഭംഗീണ്ടോ?”

“ഉം.”

പിന്നെ മമ്മി ഇല്ലാത്ത അവസരത്തിൽ ഞാൻ രാജുവിനോടു് ചോദിക്കുന്നു. “എന്താണു് ഡാഡിയെ ഭംഗിയില്ലെന്നു പറയാൻ കാരണം?”

“ഡാഡിക്കു വയസ്സായിരിക്കുന്നു. പിന്നെ തലമുടീം മീശയും ഒന്നും ഭംഗിയില്ല. തനായിയുടെ ഡാഡിയെ കാണാൻ നല്ല ഭംഗിണ്ടു്.”

അപ്പോൾ അങ്ങിനെയാണു് സംഗതി. അതുകൊണ്ടു് സ്ക്കൂളിൽ രണ്ടുപേരുംകൂടി പോകുന്നകാര്യം അവനോടു് പറഞ്ഞില്ല. ഓഫീസിൽ പോയി ഫീസു കൊടുത്തു് ക്ലാസ്സിലേക്കു നടന്നു. ക്ലാസ്സിൽ രാജൂവിനെ തിരിച്ചറിയാൻ കുറച്ചു് മിനക്കെടേണ്ടിവന്നു. യൂനിഫോമിൽ എല്ലാ കുട്ടികളും ഒരേപോലെ തോന്നിച്ചു. രാജു ശബ്ദമുണ്ടാക്കാതെ ഞങ്ങളെ നോക്കുകയായിരിക്കും. എല്ലാവരുടെയും നോട്ടം ഞങ്ങളുടെ നേരെയായിരുന്നു. അതിനിടയ്ക്കു് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു.

“രാജൂ തുമാര മമ്മി ആയി ഹെ.”

നോക്കിയപ്പോൾ രാജു പെട്ടെന്നു് ഡസ്കിന്നടിയിലേക്കു് നൂഴുന്നതു് കണ്ടു.

ഇടവേളയിൽ അവനെ വിളിച്ചു ചോദിച്ചു.

“ഏതാണു് ഷേറാൻസ്?”

രാജു കുറച്ചകലെ ഞങ്ങളെ നോക്കി നിന്നിരുന്ന ഒരു കുട്ടിയെ ചൂണ്ടിക്കാട്ടി. രാജു ചൂണ്ടിക്കാട്ടിയപ്പോൾ നാണം തോന്നി, അവൻ ഓടിപോയി.

“ഇതാണു് ഷേറാൻസ്?” ഞാൻ ഭാര്യയോടു് പറഞ്ഞു. “എത്ര ചെറിയ കുട്ടി! മോന്റെ അത്ര തന്നെയെയുള്ളു.”

“അതു നന്നായി.” അവൾ പറഞ്ഞു. “പിന്നെ എത്ര വലുതാണെന്നാണു് വിചാരിച്ചതു്.”

ഇവൻ എങ്ങിനെയാണു് കുങ്ഫൂഫൈറ്ററാവുന്നതു്?

എന്റെ മനസ്സിൽ നല്ല തടിയും ഉറച്ച മാംസപേശികളുമുള്ള ഒരു രൂപമാണുണ്ടായിരുന്നതു്. ഞാനെന്തു വിഡ്ഢിയാണു്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെപ്പറ്റി ഞാൻ എന്താണു് വിചാരിച്ചിരുന്നതു്?

അങ്ങിനെ ഷേറാൻസ് എന്ന കുങ്ഫൂ യുദ്ധക്കാരൻ, ഒരു ക്ലാസിനെയാകെ കിടിലം കൊള്ളിച്ചിരുന്ന ഗാങ്ങ്സ്റ്റർ വെറും ഒരു മെലിഞ്ഞ കുട്ടിയായി മാറി. നഷ്ടം എന്റേതുതന്നെ. ഞാനന്നു് സ്ക്കൂളിൽ പോകാൻ പാടില്ലായിരുന്നു.

രാജുവിന്റെ കുങ്ഫൂ ഫൈറ്റിങ്ങ് സ്പിരിറ്റ് എന്റെ ഭാഗ്യംകൊണ്ടു് അധികനാൾ നീണ്ടുനിന്നില്ല. ഇപ്പോൾ അവൻ പറയുന്നതു് വേറൊരു കുട്ടിയെപ്പറ്റിയായിരുന്നു. റോമിദ്. റോമിദ് പാട്ടുകാരനാണു്. അവൻ അമിതാഭ്ബച്ചനെ പോലെ നന്നായി പാടും.

“അമിതാഭ് ബച്ചൻ പാട്ടു പാടാറില്ലല്ലൊ.” ഞാൻ പറയുന്നു.

“പിന്നെ? അമിതാഭ് ബച്ചൻ പാടാറുണ്ടല്ലൊ. ദോ ഔർ ദോ പാഞ്ചിൽ പാടിയിട്ടില്ലെ? തുനെ അഭിദേഖാനഹി എന്ന പാട്ടു്?”

“അതു് അമിതാഭല്ല. കിഷോർകുമാറാണു് പാടുന്നതു്.”

അവനു് വിശ്വാസമായില്ല. സിനിമയിൽ അമിതാഭു തന്നെയാണു് പാടുന്നതു്. കിഷോർകുമാർ വേണമെങ്കിൽ വേറെ പാടിയിട്ടുണ്ടാകും. റോമിദ് എത്ര നന്നായിട്ടാണെന്നറിയ്വോ പാടുക.

പെട്ടെന്നു് മനസ്സിൽ ഉയർന്നു വന്ന ചിത്രം സ്റ്റേജിൽ മൈക്കും പിടിച്ചു് ഡാൻസു ചെയ്തുകൊണ്ടു് പാട്ടു പാടുന്ന ഒരാളായിരുന്നു. കുങ്ഫൂ ഫൈറ്ററുടെ ഓർമ്മ വന്നപ്പോൾ ആ ചിത്രം താനെ മാഞ്ഞുപോയി. ഞാൻ രാജുവിന്റെ കണ്ണിൽക്കൂടിയെ അവന്റെ സ്നേഹിതന്മാരെ നോക്കാൻ പാടുള്ളു.

“റോമിദ് ഇന്നു് ക്ലാസ്സിൽ ഷേറിന്റെ പാട്ടുപാടി.”

“ഷേറിന്റെ പാട്ടോ?”

“അതെ. അമിതാഭ്ബച്ചൻ പാടിയ പാട്ടു്. നട്ട്വർലാലിൽ ഇല്ലെ ആ പാട്ടു്.”

“ഓ അതോ? സിംഹത്തെ നായാടാൻ പോയ കഥ. അതൊരു പാട്ടാണോ?”

“ഉം. എത്ര നല്ല പാട്ടു്. റോമിദ് അതെത്ര നന്നായി പാടിയെന്നറിയ്വോ?”

റോമിദിനെപ്പറ്റി അവന്റെ പ്രശംസക്കതിരില്ല. കുറെ ദിവസത്തേക്കു് റോമിദ് മാത്രമായിരുന്നു സംസാരവിഷയം. സ്ക്കൂളിൽ നിന്നു വന്നാൽ തുടങ്ങി ഉറങ്ങാൻ കിടക്കുന്നതുവരെ റോമിദ് എന്ന പാട്ടുകാരൻ നൂറുകണക്കിനു് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാടുന്നു. പുതിയ ഹിറ്റ്സോങ്ങ്സ് ഓരോന്നോരോന്നായി കാതിൽ വന്നലയ്ക്കുന്നു. അതിൽ കിഷോർ കുമാറുണ്ടു്, യേശുദാസുണ്ടു്, റാഫിയുണ്ടു്.

അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം അവൻ റോമിദിനെപ്പറ്റി പറയുന്നില്ല. അവൻ അവന്റെ ക്രയോൺ സെറ്റ് കയ്യിലെടുത്തു് എന്തോ അന്വേഷിച്ചു നടക്കുകയായിരുന്നു. പാട്ടുകളില്ല. ശബ്ദമില്ല. ഞാൻ കുറച്ചു് അസ്വസ്ഥനാവുന്നു. എവിടെയാണു് കുഴപ്പം? അവസാനം ക്ഷമ കെട്ടപ്പോൾ അന്വേഷിക്കുന്നു.

“ഇന്നു് റോമിദ് പാടിയില്ലെ?”

അവനു് കേട്ട ഭാവമില്ല. അവൻ മേശമേൽ തപ്പുകയായിരുന്നു. പുസ്തകങ്ങൾ മറിച്ചു നോക്കുന്നു. അവസാനം അവന്റെ നോട്ട്ബുക്കിൽ നിന്നു് ഒരു ഏടു് ചീന്തിയെടുക്കാൻ നോക്കുന്നു.

“പുസ്തകത്തിൽ നിന്നു് ഏടു് ചീന്തരുതെന്നു് പറഞ്ഞിട്ടില്ലെ?” ഞാൻ ഒച്ചയെടുക്കുന്നു.

അവൻ ചീന്തുന്നതു നിർത്തി. പക്ഷെ, കൈ പുസ്തകത്തിൽത്തന്നെ. മുഖത്തു കള്ളത്തരമുണ്ടു്. എന്റെ കണ്ണുകൾ മാറിയാൽ പെട്ടെന്നു് ഏടു ചീന്തിയെടുത്തു് അവിടെ നിന്നു് രക്ഷപ്പെടാമെന്നഭാവം.

“എന്തിനാണു് കടലാസു്?”

“എനിക്കു് ചിത്രം വരക്കാനാണു്.”

“നിന്റെ ഡ്രോയിംഗ് ബുക്കു് എവിടെ?”

“അതു് ക്ലാസ്സിൽ നിന്നു വരക്കാനല്ലെ? എനിയ്ക്കു വീട്ടിൽ നിന്നും വരക്കണം. എനിയ്ക്കു് വേറൊരു ഡ്രോയിംഗ് ബുക്ക് വാങ്ങിത്തരു.”

“വാങ്ങിത്തരാം.” ഞാൻ സമ്മതിച്ചു.

രാജു പുസ്തകത്തിൽനിന്നു് കൈയ്യെടുത്തു. പക്ഷെ, അരമണിക്കൂറിനുള്ളിൽ ഞാൻ അവന്റെ കയ്യും പിടിച്ചു് പുസ്തകപ്പീടികയിലേക്കു് നടക്കുകയായിരുന്നു. പിന്നെ കുറെ ദിവസത്തേക്കു് വീട്ടിൽ എവിടെ നോക്കിയാലും മൃഗങ്ങളാണു്. പൂച്ചകൾ, എലികൾ, നായ്ക്കൾ, മുയലുകൾ. അങ്ങിനെയാണു് തനായി എന്ന ചിത്രകാരനെപ്പറ്റി അറിയാനിടയായതു്. തനായ് ഭയങ്കര ചിത്രകാരനാണു്. എത്ര നന്നായിട്ടാണെന്നറിയ്യോ ചിത്രം വരക്ക്യാ? ഷേറിന്റെ ചിത്രം വരച്ചാൽ ശരിക്കുംള്ള ഷേറാണെന്നു വിചാരിക്കും.

അവൻ സിംഹത്തെപ്പറ്റിയാണു് സംസാരിക്കുന്നതു്. സിംഹമാണു് അവന്റെ ഫേവറിറ്റ് മൃഗം.

“ഷേറിനു് ഒരു എലിഫെന്റിനെ അടിക്കാൻ പറ്റുമോ?”

“ഷേറല്ലെ കാട്ടിലെ രാജാവു്? അപ്പോൾ ഷേറിനു് ഒരു കൊട്ടാരംണ്ടാവില്ല്യെ?”

“ഛീ വിഡ്ഢിത്തം പറയാതിരിക്കു. സിംഹം താമസിക്കുക വല്ല ഗുഹയിലുമായിരിക്കും. കൊട്ടാരമെല്ലാം മനുഷ്യരാജാക്കന്മാർക്കുള്ളതാണു്.”

രാജുവിന്റെ മുഖം മങ്ങി.

“അപ്പോൾ ശരിക്കും ഷേറിനു് കൊട്ടാരംണ്ടാവില്ലെ?”

“ഇല്ല.”

അവൻ നിരാശനായി. അപ്പോൾ അവന്റെ ഭാവനയിലെ കൊട്ടാരം നശിപ്പിച്ചതിൽ എനിയ്ക്കു് വിഷമം തോന്നി. ഒരു സിംഹത്തിനു് കൊട്ടാരമുണ്ടാകുന്നുവെങ്കിൽ എന്താണതിൽ തെറ്റു് ? പ്രത്യേകിച്ചും അതൊരു കുട്ടിയുടെ ഭാവനയ്ക്കു് നിറം കൊടുക്കുകയാണെങ്കിൽ!.

“തനായ് ഷേറിനെ നന്നായി വരക്കും.” രാജു ആലോചിച്ചുകൊണ്ടു് പറഞ്ഞു. “എനിയ്ക്കു് അങ്ങിനെ വരക്കാൻ പറ്റില്ല. തനായ് ഷേറിന്റെ കൊട്ടാരവും വരക്കും.”

പിന്നെ ദിവസവും അവനെപ്പറ്റിയുള്ള വർണ്ണന മാത്രമേയുള്ളു. അതാണു് തനായ് എന്ന ചിത്രകാരന്റെ മഹിമ.

രാജുവിന്റെ ക്രയോൺ കഷ്ണങ്ങളായി കാപ്സ്യൂളുകൾ പോലെ അവിടവിടെ കിടന്നു. ഡ്രോയിംഗ് പുസ്തകത്തിന്റെ ഏടുകൾ വിമാനങ്ങളും കപ്പലുകളുമായി മാറി. ശേഷിച്ച പേജുകളിൽ അപൂർണ്ണരായ സിംഹങ്ങളും അവയുടെ പണി തീരാത്ത കൊട്ടാരങ്ങളും ചിതറിക്കിടന്നു.

“നമ്മുടെ മകൻ എന്തായാലും ഒരു ചിത്രകാരനാവില്ല.” ഞാൻ പറഞ്ഞു.

“ഉം? എന്താ കാരണം?”

ഭാര്യ ഡ്രോയിംഗ് പുസ്തകത്തിലെ പേജുകളൊന്നിൽ നോക്കി പറയുന്നു.

“ഈ പൂച്ചയെ കാണാൻ നല്ല ഭംഗിയുണ്ടല്ലൊ. കണ്ടില്ലെ അതിനൊരു വീടും പണിതിരിക്കുന്നു.”

“അതവൻ സിംഹത്തെ വരച്ചതാണു്.”

“ഓ!”

ക്രമേണ തനായി എന്ന ചിത്രകാരനും അപ്രസക്തിയുടെ മറവിലേക്കു് നീങ്ങിയപ്പോൾ ഞാൻ വീർപ്പടക്കി നിന്നു. ഇനി എന്താണു് സംഭവിക്കുക എന്നറിയാൻ എനിക്കു് ആകാംക്ഷയുണ്ടായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം അവൻ പറഞ്ഞു.

“ഡാഡി എനിക്കൊരു കാറ് വേണം.”

“നിനക്കു് കുറെ കാറുകളുണ്ടല്ലൊ. ഇനി വാങ്ങാനൊന്നും പറ്റില്ല.”

“അങ്ങിനത്തെ കാറല്ല. ഇതാ ഇങ്ങനെ ഓണാക്കി വിട്ടാൽ ചുമരിന്റെ അവിടെ എത്തിയാൽ ആട്ടോമാറ്റിക്കായി തിരിച്ചുവരും. അതുപോലെ മേശമേൽ വെച്ചു് ഓടിച്ചാൽ അരികിലെത്തിയാലും ആട്ടോമാറ്റിക്കായി തിരിച്ചുവരും. വീഴുകയേയില്ല.”

“അങ്ങിനത്തെ കാറ് ഇവിടെ കിട്ടില്ല മോനെ.” ഞാൻ പറഞ്ഞു.

“തപാസിന്റെ കയ്യിലുണ്ടല്ലൊ അങ്ങിനത്തെ കാറ്.”

“അതവനു് ആരെങ്കിലും ഇന്ത്യയ്ക്കു പുറമെ നിന്നു് വാങ്ങിക്കൊടുത്തതായിരിക്കും.”

“തപാസിന്റെ വീട്ടിൽ അങ്ങിനത്തെ എത്ര കാറുകളാണുള്ളതു്. പിന്നെ ബാറ്ററികൊണ്ടു് ഓടുന്ന ട്രെയിനും ഉണ്ടു്.”

അപ്പോൾ രാജു തപാസിന്റെ ക്ഷണപ്രകാരം അവന്റെ വീട്ടിലും പോയിരിക്കുന്നു.

“നമുക്കു് പീടികയിൽ പോയി നോക്കാം.” അവൻ പറഞ്ഞു. “ചെറിയ ഫോറിൻ കാറൊക്കെ കിട്ടുന്നുണ്ടല്ലൊ അവിടെ. അപ്പോൾ ഈ കാറും കിട്ടുംന്നാണു് തോന്നണതു്.”

ചുമരരുക്കിൽ എത്തിയാൽ തിരിഞ്ഞു് ഓടുന്ന ഒരു ആട്ടോമാറ്റിക് കാർ എന്റെയും മകന്റെയും ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു. ഞാൻ അവനെയും കൂട്ടി പീടികകൾ കയറിയിറങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ക്ഷീണിച്ചു. നമുക്കൊരു തമ്പ്സപ്പ് കുടിക്ക്യാ.”

ഗവാസ്കർ കുടിക്കുന്ന പാനീയമായതു കൊണ്ടു മാത്രം തമ്പ്സപ്പ് കുടിക്കാൻ ഞാൻ തയ്യാറില്ലായിരുന്നു. ഞാൻ പറഞ്ഞു.

“നീ കുടിച്ചോ.”

തമ്പ്സപ്പ് സ്റ്റ്രോവിൽക്കൂടി കുടിച്ചുകൊണ്ടിരിക്കെ അവൻ മുഖമുയർത്തി പറഞ്ഞു.

“ഒരു പക്ഷെ, ആട്ടോമാറ്റിക് കാറുകൾ കോസ്റ്റ്ലിയായിരിക്കും. അതാണു് ഈ പീടികക്കാർ വെക്കാതിരിക്കുന്നതു്.”

മകന്റെ സാമ്പത്തിക ശാസ്ത്രത്തിലുള്ള അറിവിൽ ഞാൻ അഭിമാനിച്ചു. എന്തായാലും പിന്നീടു് ആ കാറിനെപ്പറ്റി അവൻ സംസാരിച്ചിട്ടില്ല. അവന്റെ ചെറിയ കാറുകൾ ചുമരരുക്കുവരെ കൊണ്ടു ചെന്നു് കൈകൊണ്ടു തന്നെ തിരിച്ചു് ഓടിച്ചു് അവൻ തൃപ്തിയടഞ്ഞു.

ക്രമേണ അവൻ നിശ്ശബ്ദനായി. രാജുവിന്റെ മാറ്റം ഞാൻ ശ്രദ്ധിച്ചു.

ഇപ്പോൾ അവൻ കുങ്ഫൂ ഫൈറ്റിങ്ങിനെപ്പറ്റി പറയാറില്ല. റോമിദ് എന്ന പാട്ടുകാരനെപ്പറ്റി പറയാറില്ല, തനായി എന്ന ചിത്രകാരനെപ്പറ്റി പറയാറില്ല, തപാസിന്റെ ആട്ടോമാറ്റിക്ക് കാറുകളെപ്പറ്റി പറയാറില്ല. വൈകുന്നേരം വന്നാൽ വെറുതെ എവിടെങ്കിലും ഇരിക്കും. എപ്പോഴും എന്തെങ്കിലും ആലോചിച്ചുകൊണ്ടിരിക്കും. അവൻ ക്ഷീണിച്ചു വരുന്നുണ്ടായിരുന്നു.

“അവന്റെ വയറ്റിൽ വിരയുണ്ടെന്നാണു് തോന്നണതു്.” ഭാര്യ പറഞ്ഞു. “നമുക്കു് മരുന്നു് കൊടുത്തു് നോക്കാം.”

മരുന്നുകൊണ്ടു് ഫലമൊന്നുമുണ്ടായില്ല. ഡോക്ടറെ കാണിച്ചപ്പോൾ അയാൾ വെറുമൊരു ടോണിക് എഴുതിക്കൊടുക്കുക മാത്രമെ ചെയ്തുള്ളു.

“അവൻ വേണ്ടപോലെ ഭക്ഷണം കഴിക്കുന്നില്ലെ?” ഞാൻ ചോദിച്ചു.

“ഉണ്ടല്ലൊ. ഉച്ചയ്ക്കു് അഞ്ചുചപ്പാത്തി കൊണ്ടുപോകുന്നുണ്ടു്. അവൻ തന്നെയാണു് ചപ്പാത്തി ലഞ്ചു ബോക്സിലാക്കുന്നതു്. വൈകുന്നേരം വരുമ്പോൾ ബോക്സ് കാലിയാണു്.”

രാത്രി അവൻ സ്വതവെ അധികം ഭക്ഷണം കഴിക്കാറില്ല. പക്ഷെ, ഉച്ചയ്ക്കു് അവൻ അഞ്ചു ചപ്പാത്തി കഴിക്കുന്നുണ്ടെന്നു പറഞ്ഞതു് കുറച്ചു് അത്ഭുതമുണ്ടാക്കുന്നതാണു്. എവിടെയോ പിശകുണ്ടു്. ഞാൻ ചോദിച്ചു.

“നീ എത്ര ചപ്പാത്തി തിന്നാറുണ്ടു് ഉച്ചയ്ക്ക്?”

“ഫൈവ് ചപ്പാത്തി.”

“ഫൈവ് ചപ്പാത്തി തിന്നുന്ന തടിയൊന്നും കാണുന്നില്ലല്ലൊ നിന്റെ ദേഹത്തു്?”

“ഉം? ഞാൻ നല്ല തടിണ്ടല്ലൊ. മുഹമ്മദാലിയെപ്പോലെയുണ്ടല്ലൊ ഞാൻ.”

അവൻ കയ്യിന്റെ മസിലുകൾ ഉയർത്തിക്കാണിച്ചു. ഞാൻ പേടിയഭിനയിച്ചു. അവൻ വീണ്ടും മുഹമ്മദാലിയെപ്പറ്റി പറയുമെന്നും, അവന്റെ മൗനത്തിനൊരറുതി വരുമെന്നും ഞാൻ വിചാരിച്ചു. പക്ഷെ, അവൻ വീണ്ടും നിശ്ശബ്ദനായി. കുറെ നേരം ആലോചിച്ചശേഷം അവൻ ചോദിച്ചു.

“ഡാഡി എന്താണു് എല്ലാവർക്കും ധാരാളം പണമുണ്ടാവാത്തതു്?”

അറിവിന്റെ ആരംഭം. ഞാൻ ആലോചിച്ചു. ഇവൻ വല്ല ബോധിവൃക്ഷത്തിന്റെയും താഴെക്കൂടി നടന്നുവോ?

മുഹമ്മദാലിയുടെ തടിയുടെ രഹസ്യം മനസ്സിലാവുന്നതു് ഭാര്യ ഒരു ദിവസം സ്ക്കൂളിൽ പോയപ്പോഴാണു്. ലഞ്ചു സമയമായിരുന്നു. കുട്ടികളെല്ലാം അവരവരുടെ സ്ഥാനത്തിരുന്നു് കൊച്ചു ലഞ്ചു ബോക്സുകൾ തുറന്നു് ഭക്ഷണം കഴിക്കുന്നു. നോക്കുമ്പോൾ നമ്മുടെ കൊച്ചുമുഹമ്മദാലിയുണ്ടു് ഒരരുകിലിരുന്നു് ചപ്പാത്തി കടിച്ചുതിന്നുന്നു. മുമ്പിൽ ഒരു മെലിഞ്ഞു് ഇരുണ്ട കുട്ടിയും. അവനും തിന്നുന്നതു് മകന്റെ ബോക്സിൽ നിന്നുതന്നെയാണു്.

അമ്മയെ കണ്ടപ്പോൾ അവന്റെ മുഖത്തു് ഒരപരാധബോധം. അവൻ പെട്ടെന്നു് മറ്റെ കുട്ടിയെ തട്ടിമാറ്റി. അവനുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടിൽ ഭക്ഷണം തുടർന്നു. മറ്റെ കുട്ടിയാകട്ടെ സ്നേഹിതന്റെ അമ്മ ഒരു ഭീഷണിയായു് തലക്കു മുകളിൽ തൂങ്ങിക്കിടക്കുന്നതു കാണാത്തതു കാരണം ഒന്നും മനസ്സിലാവാതെ അന്തം വിട്ടു് ഇരിക്കുകയാണു്.

ക്ലാസ് മിസ്സാണു് അതു പറഞ്ഞതു്. രാജു എന്നും അവന്റെ ലഞ്ച് ബൻസിയുമായി പങ്കിടാറുണ്ടു്. പാവം കുട്ടിയാണു്. ഇവിടത്തെ പ്യൂണിന്റെ മകനാണു്. അവൻ മാത്രമേ കുറച്ചു് പാവമായിട്ടുള്ളു ഈ സ്ക്കൂളിൽ. മറ്റെല്ലാവരും ഒരു മാതിരി പണമുള്ളവരുടെ മക്കളാണു്. രാജുവിനു മാത്രമെ അവനോടു് കുറച്ചു് ദയ കണ്ടിട്ടുള്ളു. മറ്റുള്ളവരെല്ലാം അവനെ ഉപദ്രവിക്കുകയെ ചെയ്യാറുള്ളു.

വൈകുന്നേരം മകന്റെ ദയാശീലത്തെപ്പറ്റി കേട്ടപ്പോൾ എനിയ്ക്കു് ദേഷ്യം പിടിക്കുകയാണുണ്ടായതു്. കാരണം അവൻ എന്നോടു് നുണ പറഞ്ഞു. ഞാൻ അവനെ വിളിച്ചു ചോദിച്ചു.

“നീ എത്ര ചപ്പാത്തി തിന്നാറുണ്ടെന്നാണു് എന്നോടു പറഞ്ഞതു്?”

അവനു് ഭയമായി. അവൻ സംശയിച്ചുകൊണ്ടു് പറഞ്ഞു.

“ഫൈവ്.”

“നീ ഫൈവ് ചപ്പാത്തി തിന്നാറുണ്ടൊ?”

മമ്മി അവനെ വിറ്റുവെന്നു് മനസ്സിലായപ്പോൾ അവൻ പറഞ്ഞു.

“ഇല്ല.”

“പിന്നെ എത്ര ചപ്പാത്തിയാണു് തിന്നാറു്?”

“വൺ ചപ്പാത്തി.”

“ഒന്നോ?”

ഞാൻ ഞെട്ടി. അതു ഞാനും പ്രതീക്ഷിച്ചില്ല. അവൻ ഒരു ചപ്പാത്തി തിന്നു്, ബാക്കി നാലെണ്ണം ആ കുട്ടിക്കു് കൊടുക്കുകയായിരുന്നു. അവൻ മെലിയുന്നതിൽ എന്താണു് അത്ഭുതം?

എനിയ്ക്കു് പെട്ടെന്നു് ദേഷ്യം പിടിച്ചു. ഇവൻ എന്നോടു് നുണ പറയുകയായിരുന്നു. ഞാൻ അടുത്തു കണ്ട ഒരു സ്കെയിലെടുത്തു് അവനെ അടിക്കാൻ തുടങ്ങി. രാജു വേദനകൊണ്ടു് പുളഞ്ഞു. ദേഷ്യം ശമിച്ചപ്പോൾ അടിനിർത്തി അവനോടു് ചോദിച്ചു.

അങ്ങിനെ കൊടുക്കണമെന്നു തോന്നിയാൽ നിനക്കു് ഒന്നോ രണ്ടോ ചപ്പാത്തി മാത്രം കൊടുത്തു് ബാക്കി തിന്നാമായിരുന്നില്ലെ? എന്തിനാണു് നാലെണ്ണം കൊടുക്കുന്നതു്?

അവൻ ഒന്നും പറഞ്ഞില്ല.

“നീ കേൾക്കുന്നുണ്ടോ?” ഞാൻ ക്രുദ്ധനായി ചോദിച്ചു. “എന്തിനാണു് നാലെണ്ണം കൊടുത്തതു്?”

“ഡാഡി അടിക്ക്വോ?” അവൻ വിറച്ചുകൊണ്ടു് ചോദിച്ചു.

“ഇല്ല പറയു.”

“എനിയ്ക്കു് വൈകുന്നേരം വന്നാലും ഭക്ഷണം കഴിച്ചുകൂടെ? ബൻസിക്കു് വീട്ടിൽനിന്നു് ഒന്നും കിട്ടില്ല്യാത്രെ… പിന്നെ എല്ലാ കുട്ടികളും അവനെ ഉപദ്രവിക്കണ്ണ്ടു്. അവൻ പാവാണു്.”

രാജു വീണ്ടും കരയാൻ തുടങ്ങി. ഇങ്ങിനെ ഒരു പര്യവസാനം ഞാൻ പ്രതീക്ഷിച്ചില്ല. അവൻ തേങ്ങിത്തേങ്ങി കരയുകയായിരുന്നു.

“നീ എന്തിനാണു് കരയണതു്?”

അവൻ വീണ്ടും വീണ്ടും തേങ്ങിക്കരയുകയായിരുന്നു.

പെട്ടെന്നു് എനിക്കു് എന്നെത്തന്നെ ഓർത്തു് ലജ്ജ തോന്നി.

ഷേറാൻസ് എന്ന കുങ്ഫൂ ഫൈറ്ററെപ്പറ്റിയും, റോമിദ് എന്ന പാട്ടുകാരനെപ്പറ്റിയും, തനായ് എന്ന ചിത്രകാരനെപ്പറ്റിയും, തപാസ് എന്ന കാറുടമസ്ഥനെപ്പറ്റിയും വാ തോരാതെ പറഞ്ഞിരുന്ന രാജു, ഈ പാവപ്പെട്ട കുട്ടിയോടുള്ള സ്നേഹം മനസ്സിൽ ഒരു സ്വകാര്യമായി സൂക്ഷിച്ചു. സഹജീവിയോടുള്ള അവന്റെ സ്നേഹത്തിനു് സമ്മാനമായാണു് ഞാൻ അവനെ അടിച്ചതു്. എനിയ്ക്കു് വളരെ വ്യസനം തോന്നി.

പിന്നെ അടിച്ചതിനു് നഷ്ടപരിഹാരമായി ഒരു കളിസ്സാമാനം വാങ്ങാൻ എന്റെ കയ്യും പിടിച്ചു് പീടികകൾ കയറിയിറങ്ങുമ്പോൾ അവൻ പറഞ്ഞു.

“വലുതാവുമ്പോൾ എനിക്കൊരു കുങ്ഫൂഫൈറ്ററാവണം.”

അവൻ അപ്പോൾ അതു പറയാൻ എന്താണു് കാരണം എന്നെനിക്കു മനസ്സിലായില്ല. ഞാൻ പറഞ്ഞു.

“മനസ്സിൽ നീ ഇപ്പോൾത്തന്നെ ഒരു കുങ്ഫൂഫൈറ്ററാണല്ലൊ.”

Colophon

Title: Dinosarinte kutty (ml: ദിനോസറിന്റെ കുട്ടി).

Author(s): E Harikumar.

First publication details: DC Books, Kottayam and Poorna Publications; Kottayam and Kozhikode, Kerala; 1987.

Deafult language: ml, Malayalam.

Keywords: Short stories, E Harikumar, Dinosarinte kutty, ഇ ഹരികുമാർ, ദിനോസറിന്റെ കുട്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 8, 2022.

Credits: The text of the original item is copyrighted to Lalitha Harikumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: A statue of military official and horse around tomb of Seongjong at Seolleung, photograph by National Research Institute of Cultural Heritage, Korea . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: E Harikumar; Proofing: KB Sujith; Typesetter: Sayahna Foundation; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.