images/munch-fantasia-di-parole-e-paesaggi.jpg
Girls on the Bridge, a painting by Edvard Munch (1863–1944).
ആശ്വാസം തേടി

ഭക്ഷണശാലയിൽ ചുമരുകളിൽ മറച്ചുവെച്ച സ്പീക്കറിലൂടെ ഒഴുകിവന്ന നേർത്ത സംഗീതം നിലച്ചു. രണ്ടുപേരും നിശ്ശബ്ദരായിരിക്കുകയായിരുന്നെന്നു് അയാൾ പെട്ടെന്നു മനസ്സിലാക്കി. അവളും അതു മനസ്സിലാക്കിയെന്നു തോന്നുന്നു. അവൾ ചിരിച്ചു. അവർ മേശപ്പുറത്തും ഇപ്പുറത്തും അഭിമുഖമായാണു് ഇരുന്നതു്. അയാൾക്കതാണിഷ്ടം. കാരണം, ഒരേ വരിയിൽ ഇരുന്നാൽ രണ്ടുപേർക്കും അന്യോന്യം മുഖം കാണാൻ കഴിയില്ല. അവൾ ചുമരിന്റെ പശ്ചാത്തലത്തിലാണു്. വെള്ളച്ചുമർകടലാസിൽ ചുവപ്പും വയലറ്റും പൂക്കൾ. ഏതു പൂവിനാണു് വയലറ്റുനിറമുള്ളതു്?

അവളുടെ മാക്സിയിലും പൂക്കളാണു്. രണ്ടു വലിയ പൂക്കൾ അവളുടെ മാറിടത്തിൽ. അയാൾക്കതിഷ്ടമായി. ഒരു പെൺകുട്ടിയുടെ മുലകൾ രണ്ടു വലിയ പൂക്കൾ പോലെയാണു്, മൃദുവായി ചുംബിക്കാൻ തോന്നുന്നു.

“നീ എന്താണു നോക്കുന്നതു്?” ഗീത ചോദിച്ചു.

“രണ്ടു വലിയ ദാലിയാ പൂക്കൾ!” അയാൾ പറഞ്ഞു, “മൃദുവായി, ചുംബിക്കാൻ തോന്നുന്നു… ”

അവളുടെ മുഖം നാണംകൊണ്ടു ചുവന്നു.

“നീ എന്തെല്ലാം അസംബന്ധമാണു പറയുന്നതു്!.”

“കാരണം, ഞാൻ നിന്നെ സ്നേഹിക്കുന്നു.”

സംഗീതം വീണ്ടും തുടങ്ങിയിരുന്നു. മധുരമായ നനുത്ത സംഗീതം. അയാൾ നീതയെ നോക്കി. അവളുടെ മുഖം മങ്ങിയിരുന്നു. അയാൾ ചോദിച്ചു:

“നീ എന്താണു് ആലോചിക്കുന്നതു്!.”

അവൾ ചിരിക്കാൻ ശ്രമിച്ചു; പോളിഷ് ഇട്ട നീണ്ട നഖങ്ങളുള്ള വിരലുകൾകൊണ്ടു മേശമേൽ അദൃശ്യ ചിത്രങ്ങൾ വരച്ചു് തൂവാലപിടിച്ച ഇടതുകൈകൊണ്ടു കവിൾ താങ്ങി അയാളെ നോക്കി.

“ഇതു അവസാനത്തെ തവണയാണു്. ഇനി ഞാൻ നിന്റെ ഒപ്പം പുറത്തു വരില്ല.”

“കാരണം?”

അവൾ കേട്ടെന്നു നടിക്കാതെ മെനു തുറന്നുവെച്ചു് പഠിക്കുകയാണു്.

“നീ എന്താണു ഓർഡർചെയ്യുന്നതു്?”

“ആദ്യം നിന്റെ സിലക്ഷൻ പറയൂ.”

“ഞാൻ ഒന്നും കാണുന്നില്ല, ഇതിൽ.”

“ഒരു വെജിറ്റേറിയനു് കഴിക്കാൻ പറ്റിയ ഒരു ഭക്ഷണശാല ഞാൻ കാണാനിരിക്കുന്നതേയുള്ളു. നിനക്കു പറ്റിയതു വല്ല ഉഡുപ്പി റസ്റ്റാറണ്ടുമാണു്. ബറ്റാറ്റ വട തിന്നാം.”

അവൾ കൊഞ്ഞനം കാട്ടി.

“ഓ, എനിക്കു കിട്ടി. ഞാൻ ചീസ് സാന്റ്വിച്ച് കഴിക്കാം.”

“പാവം, പാവം നീത!” അയാൾ പറഞ്ഞു, “പുവർ ഗാൾ! നിനക്കു് ഒരു സൂപ്പിന്റെ മേലെങ്കിലും തുടങ്ങാമായിരുന്നില്ലെ?”

“കലോറി!” അവൾ പറഞ്ഞു, ഞാൻ വെറും സാന്റ്വിച്ചും കേക്കും മാത്രമേ കഴിക്കുന്നുള്ളു. എന്റെ വയറൻ ബോയ്ഫ്രണ്ടു് എന്താണു കഴിക്കുന്നതു്?”

“ചിക്കൻ സിസ്ലർ. അതു തണുപ്പിക്കാൻ ഒരു ബിയറും.”

ഓർഡർ കൊടുത്തശേഷം അയാൾ ചോദിച്ചു:

“നീ മറുപടി പറഞ്ഞില്ല?”

“എന്തിന്റെ മറുപടി?”

“നീ എന്റെ ഒപ്പം ഇനി പുറത്തു വരില്ലെന്നതിന്റെ കാരണമെന്താണെന്നു്.”

“കാരണം?”

“അതെ, പറയൂ.”

“കാരണം, ഞാൻ നീയുമായി പ്രണയത്തിലകപ്പെടുമെന്ന ഭയം തന്നെ.”

അയാൾ ആശ്വസിച്ചു. അയാൾ ചിരിച്ചു.

“പ്രേമിക്കുന്നതിലെന്താണു തെറ്റു്? നല്ലതല്ലേ?”

“എനിക്കു് ഒരു വിവാഹിതനുമായി പ്രേമത്തിലകപ്പെടണമെന്നില്ല”,

അവൾ വളരെ മയത്തോടെ, പക്ഷേ, അതേ സമയം തന്റെ വാക്കുകൾ അയാളെ മുറിവേല്പിക്കുമെന്ന അറിവോടെ പറഞ്ഞു.

അയാൾ നിശ്ശബ്ദനായി. അയാൾക്കു ശരിക്കും മുറിവേറ്റിരുന്നു. താൻ വിവാഹിതനാണെന്നും, തന്റെ സുന്ദരിയും ചെറുപ്പക്കാരിയുമായ ഭാര്യ ഒരായിരം നാഴിക അകലെ തന്നെയോർത്തു് നെടുവീർപ്പിടുന്നുണ്ടാവുമെന്നും തൽക്കാലം ഓർക്കുവാൻ അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല.

അയാളുടെ കണ്ണുകളിലെ മുറിവേറ്റ ഭാവം അവൾ മനസ്സിലാക്കി. അവൾ പറഞ്ഞു:

“അയാം സോറി രോഹിത്! ഞാൻ അതുദ്ദേശിച്ചതല്ല.”

“സാരമില്ല. ഇതിലും നന്നായി ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.”

“അതല്ല രോഹിത്, ഒന്നു മനസ്സിലാക്കാൻ ശ്രമിക്കൂ. എനിക്കു നീയുമായി ഒരു അഫയർ തുടങ്ങണമെന്നില്ല പ്രത്യേകിച്ചും വേറൊരാളുമായി എൻഗേജുമെന്റ് കഴിഞ്ഞശേഷം. നിനക്കു് എന്റെ ജീവിതം സങ്കീർണ്ണമാക്കണോ? അതുപോലെ നിന്റെ ജീവിതവും? സുജാത എത്ര ചന്തക്കാരിയാണു്. അവൾ നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെന്നും എനിക്കറിയാം. അവൾക്കു് എന്നെയും ഇഷ്ടമാണു്. നിനക്കു് അവളെ വഞ്ചിക്കണോ? ഞാൻ എന്നെ വിവാഹം കഴിക്കാൻ സമ്മതിച്ച പയ്യനെ വഞ്ചിക്കണോ!.”

അയാൾ നെടുവീർപ്പിട്ടു. അയാൾക്കു് ഒന്നും പറയാനില്ലാതായി. രാവിലെ മുതൽ കാട്ടിൽ വഴിയന്വേഷിച്ചു നടന്നു വൈകുന്നേരം തുടങ്ങിയിടത്തുതന്നെ എത്തിയ പോലെ. രണ്ടുപേരെ ഒരേ സമയത്തു സ്നേഹിക്കുന്നതു് കുറ്റമല്ലെന്നും, ശരിക്കും അങ്ങിനെ ചെയ്യാൻ പറ്റുമെന്നും കുറെക്കാലമായി അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. നീത അവളുടെ പ്രതിശ്രുതനെ സ്നേഹിക്കുന്നുണ്ടാകുമോ? അയാൾ ചോദിച്ചു:

“നീ ദിനേശ് ആര്യയെ സ്നേഹിക്കുന്നുണ്ടോ?”

“ഇല്ല”, അവൾ പറഞ്ഞു, പക്ഷേ, ഞാൻ ദിനേശിനെ സ്നേഹിച്ചേക്കും. കാരണം, അയാൾ ചന്തക്കാരനാണു്. പിന്നെ അയാൾ എന്നെ വിവാഹം ചെയ്യാമെന്നു് ഏറ്റതല്ലേ?”

മുമ്പു് പരിചയമില്ലാത്ത ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാമെന്നേല്ക്കുന്നതിൽ കുറച്ചു ത്യാഗമുണ്ടു്. സ്വകാര്യമായ അടുപ്പം ഉണ്ടു്. അയാൾക്കതു മനസ്സിലായി.

വെയ്റ്റർ ബിയർ കൊണ്ടുവന്നു് മഗ്ഗിൽ ഒഴിച്ചു. മഗ്ഗിന്റെ അടിയിൽനിന്നു ചെറിയ കുമിളകൾ നിമിഷനേരത്തെ സംശയത്തിനു ശേഷം പൊന്തിവരുന്നതു് അയാൾ സംതൃപ്തിയോടെ നോക്കി.

“നീ എന്നെ സ്നേഹിക്കുന്നില്ലേ?” അയാൾ ചോദിച്ചു. അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്നും, അതു പക്ഷേ, സമ്മതിച്ചുതരാൻ അവൾ തയ്യാറാവില്ലെന്നും അറിഞ്ഞു കൊണ്ടുതന്നെ. ഒരു പെൺകുട്ടി തന്നെ സ്നേഹിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാൻ എത്ര എളുപ്പമാണോ, അത്രതന്നെ വിഷമമാണു് ആ കാര്യം അവളെകൊണ്ടു സമ്മതിപ്പിക്കുന്നതു്.

അവൾ മൈക്കു പിടിച്ചു പാടാൻ തയ്യാറായി നില്ക്കുന്ന പാട്ടുകാരൻ പയ്യനെ നോക്കുകയായിരുന്നു. പയ്യൻ സുന്ദരനാണു്. അയാൾക്കു് ടോം ജോൺസിന്റെ മുഖച്ഛായയുണ്ടായിരുന്നു.

“അയാൾ നല്ല ഉയരമുണ്ടു്.”

“അയാളുടെ ശബ്ദവും നന്നു്”, അയാൾ പറഞ്ഞു.

മൈക്കു് ചുണ്ടോടടുപ്പിച്ചു് പാട്ടുകാരൻ പറഞ്ഞു.

“ചെക്കു് വൺ.”

“ചെക്കു് വൺ!” രോഹിത് പറഞ്ഞു, “എന്നും ചെക്കു് വൺ!.”

“എത്ര മണിക്കാണു് പാട്ടു തുടങ്ങുക?”

“രണ്ടു മണിക്കു്.”

“സമയമായി.”

സ്പീക്കറിലൂടെ അലയടിച്ചുവന്നിരുന്ന റെക്കോർഡ് സംഗീതം എപ്പോഴാണു നിലച്ചതെന്നു് അയാൾ ശ്രദ്ധിച്ചിരുന്നില്ല.

വെയ്റ്റർ വന്നു ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി മേശ ഒരുക്കിവെച്ചു. അയാൾ മഗ്ഗിൽനിന്നു തണുത്ത ബിയർ മൊത്തിക്കുടിച്ചു.

“എനിക്കു ഗ്ലാസ്സിൽ ബിയർ കുടിക്കുന്നതിഷ്ടമല്ല”, അയാൾ പറഞ്ഞു, “ഒരിക്കൽ ഒരു വെയ്റ്റർ ഗ്ലാസ്സിൽ കൊണ്ടു വന്നു തന്നു. ഞാൻ കുടിച്ചില്ല.”

“നീ ജോൺ വെയ്നിന്റെ മൂവികൾ ധാരാളം കാണുന്നുണ്ടു്.”

“ജോൺ വെയ്ൻ കട്ടയാണു്.”

“കട്ട എന്നു പറഞ്ഞാൽ?”അവൾ ചോദിച്ചു.

“ഗ്രെയ്റ്റ് ഗൈ!.”

അവൾ ചിരിച്ചു.

അപ്പോഴേക്കും റെസ്റ്റോറണ്ടിന്റെ സർവീസ് വാതിൽ തുറന്നു വെയ്റ്റർ ആവിയും പുകയും പറക്കുന്ന, ശ് ശ് ശബ്ദമുണ്ടാക്കുന്ന താലവുമായി ഓടിവന്നു.

“ഹായ്, എന്റെ ഫേവറിറ്റ് സിസ്ലർ!.”

മരത്തിന്റെ കൊച്ചു പീഠത്തിൽവെച്ച ചുട്ട കല്ലിൽ ആണു് കോഴി കിടന്നുരുന്നതു്. വേറൊരു വെയ്റ്റർ നീതയ്ക്കുള്ള ചീസ് സാന്റ്വിച്ച് മേശപ്പുറത്തു വെക്കുന്നതുകണ്ടു് രോഹിത് പറഞ്ഞു.

“പുവർ, പുവർ നീതാ.”

അയാൾ ഭക്ഷണമാരംഭിച്ചു. ഫോർക്കുകൊണ്ടു് ഓരോ കഷണവും കോരിയെടുത്തു് ആസ്വദിച്ചു കഴിച്ചു.

“അതു ചൂടല്ലേ?”അപ്പോഴും ആവി പറന്നിരുന്ന പാത്രത്തിൽ നോക്കി നീത ചോദിച്ചു.

“ഉണ്ടു്. എനിക്കതാണിഷ്ടം. തണുത്ത ഒന്നും എനിക്കിഷ്ടമല്ല.”

“എന്നാൽ എന്നേയും ഇഷ്ടമാവില്ലല്ലോ! ഞാനൊരു തണ്ണീർമത്തൻ പോലെ തണുത്തിട്ടല്ലേ?”

“നീ നല്ല ചൂടുള്ളതാണു്. വേണമെങ്കിൽ നമുക്കു പരീക്ഷിച്ചു നോക്കാം.”

“നീ തെറിയൊന്നും പറയണ്ടാ”, അവൾ മുഖം വീർപ്പിച്ചു.

“നീ തന്നെയാണു് തുടങ്ങിവെച്ചതു്!.”

“ശരി, സമ്മതിച്ചു.”

അവർ നിശ്ശബ്ദരായി ഭക്ഷണം കഴിച്ചു. അവൾ ജലകണങ്ങൾ മുത്തുമണികൾപോലെ തങ്ങിനിന്ന ഗ്ലാസ്സിൽ നിന്നു് സ്ട്രോ ഉപയോഗിച്ചു കൊക്കകോല കുടിക്കുന്നതു് അയാൾ നോക്കി.

“നിന്റെ ചുണ്ടുകൾ എത്ര മനോഹരങ്ങളാണു്!.”

നീതയുടെ മുഖത്തെ ഗൗരവം മാഞ്ഞു. അവൾ ചിരിച്ചു.

“നീ മുഖസ്തുതി പറയുകയാണു്. നീ ഒരു ഭയങ്കര മുഖസ്തുതിക്കാരനാണു്.”

“അല്ല, നീതാ, നിന്റെ ചുണ്ടുകൾ മാത്രമല്ലാ, ഓരോ അവയവവും മനോഹരങ്ങളാണു്. നീ ഒരു കൊച്ചു സുന്ദരിയാണു്. എനിക്കു നിന്നെ കുറച്ചു നേരത്തേക്കെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞെങ്കിൽ!.”

പാട്ടുകാരൻ പാടുകയായിരുന്നു. “യൂവ് ഗോട് ടു ചേഞ്ച് യുവർ ഈവ്ൾ വേയ്സ്.” ഡ്രമ്മർ അയാളുടെ കഴിവു മുഴുവൻ കാട്ടുന്നുണ്ടു്. സംഗീതം ആകപ്പാടെ മോശമായിരുന്നില്ല. അയാൾക്കു് നീതയെ സ്വന്തമാക്കണമെന്ന ആശ മനസ്സിൽ സമ്മർദ്ദമുണ്ടാക്കുന്നതു് അനുഭവപ്പെട്ടു. അവളെ കൈകളിൽ വരിഞ്ഞു ചുംബിക്കാറുള്ളതു് ഓർമ്മവന്നു. അതെല്ലാം കട്ടെടുത്ത ഉമ്മകളാണു്. അവളുടെ ഓഫീസ് കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളിൽ, അല്ലെങ്കിൽ ബസ്സു കാത്തുനില്ക്കുമ്പോൾ, വിജനമായ ബസ്സ്റ്റോപ്പിൽ. ഓരോ പ്രാവശ്യവും വികൃതികാട്ടിയ ഒരു കുട്ടിയെപ്പോലെ അയാളെ തന്നിൽനിന്നകറ്റി അവൾ പറയും: “നീ എന്റെ പൊട്ടു കേടുവരുത്തി, കള്ളച്ചെക്കൻ!” അല്ലെങ്കിൽ തന്റെ ചെവിപിടിച്ചു പറയും: “ഇനി കാണിക്കുമോ വികൃതിച്ചെക്കാ?”

“സുജാത നല്ല ഭംഗിയുള്ള കുട്ടിയല്ലേ? അവൾ നിന്നെ നല്ലവണ്ണം സ്നേഹിക്കുന്നുണ്ടല്ലോ. നീ വളരെ അത്യാർത്തിയുള്ളവനാണു്. നീ ഒരു പെൺകുട്ടിയിൽത്തന്നെ സംതൃപ്തനാവണം.”

ഒരു ജ്യേഷ്ഠത്തിയുടെ ഗൗരവം പൂണ്ടുകൊണ്ടു് അവൾ പറഞ്ഞു.

“സുജാതയ്ക്കു ഭംഗിയില്ലെന്നു ഞാൻ പറഞ്ഞില്ല. അവൾ എന്നെ സ്നേഹിക്കുന്നില്ലെന്നും ഞാൻ പറഞ്ഞില്ല. പക്ഷേ, അതുകാരണം എനിക്കു വേറൊരു പെൺകുട്ടിയെ സ്നേഹിക്കാൻ പാടില്ല എന്നു പറയുന്നതിനർത്ഥം? ഞാൻ സുജാതയെ സ്നേഹിക്കുന്നില്ലെന്നു വിചാരിക്കുന്നുണ്ടോ?”

“ഇല്ല. എനിക്കറിയാം, നിനക്കു സുജാതയെന്നുവെച്ചാൽ ജീവനാണെന്നു്.”

“പക്ഷേ, നിനക്കു് എങ്ങനെയാണു് രണ്ടു പേരെ ഒരേ മാതിരി സ്നേഹിക്കാൻ കഴിയുക? രോഹിത്, ഒന്നാലോചിക്കു. ഒരാൾക്കുള്ള സ്നേഹം മുഴുവൻ അയാളുടെ ഭാര്യയ്ക്കു കൊടുക്കണം. അവൾക്കു സ്നേഹം വേറൊരു സ്ഥലത്തുനിന്നും വരാനില്ല. എന്നുവെച്ചാൽ സ്നേഹത്തിനു് സുജാത നിന്നെ മാത്രം ആശ്രയിക്കുന്നു എന്നർത്ഥം.”

“ഒന്നു മനസ്സിലാക്കാൻ ശ്രമിക്കൂ.” അയാൾ നൈരാശ്യത്തോടെ പറഞ്ഞു, “ഒരാൾക്കു് രണ്ടു പേരെ ഓരേ പോലെ ഒരേ സമയത്തു് സ്നേഹിക്കാം. ഞാൻ നിനക്കു് ഒരു നോവലിന്റെ പാര ഉദ്ധരിച്ചുതന്നതു് ഓർമ്മയുണ്ടോ?”

അവൾക്കു് ഓർമ്മയുണ്ടു്. ആ പാര അവൾ മനഃപാഠമാക്കിയിരുന്നു. “ആൻഡ്രിയാ, ഒരാൾക്കു് ഒന്നിലധികം പേരെ ഒരേസമയത്തു സ്നേഹിക്കാൻ കഴിയും. ഈ വസ്തുത മനസ്സിലാക്കാതെയാണു് ആൾക്കാർ ജീവിതം കോംപ്ലിക്കേറ്റഡ് ആക്കുന്നതു്.”

“ഞാൻ അതിൽ വിശ്വസിക്കുന്നില്ല. നിനക്കു കുറെ ഭ്രാന്തൻ ആശയങ്ങൾ ഉണ്ടെന്നുവെച്ച്, ബാക്കിയുള്ള വരെല്ലാം അതിൽ വിശ്വസിക്കണമെന്നില്ലല്ലോ. ഞാൻ നിന്റെ സ്നേഹിതയാണു്, സുജാതയുടെയും. അതിൽക്കൂടുതലായൊന്നും വേണ്ട. ഞാൻ നീയുമായി ഒരു അഫേർ തുടങ്ങിയെന്നു് സുജാതയറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി?”

പെട്ടെന്നു് അയാൾ ഭാര്യയെ ഓർത്തു. തന്നെ ഒരിക്കലും സംശയിച്ചിട്ടില്ലാത്ത ഭാര്യ. വീർത്ത വയറുമായി തന്റെ ചുമലിൽ തൂങ്ങി നടക്കുമ്പോൾ അവൾ പറയും: “നോക്കു, നമുക്കൊരു പെൺകുട്ടിയാണുണ്ടാവുന്നതെങ്കിൽ നീതാ എന്നു പേരിടാം ആൺകുട്ടിയാണെങ്കിൽ അച്ഛൻ തന്നെ പേരിട്ടോളൂ. ആൺകുട്ടിയാവുമെന്നാണു തോന്നുന്നതു്. നോക്കൂ, ചെക്കൻ ചവിട്ടുന്നതു്.”

അയാൾ അവളുടെ വയർ തൊട്ടുനോക്കി. ഇരുവശത്തും മുഴകൾ താഴുകയും ഉയരുകയും ചെയ്യുന്നു. പിന്നെ രാത്രി കിടക്കുമ്പോൾ അയാൾ അവളുടെ വയറിൽ ഉമ്മവെച്ചു പറഞ്ഞു, “മോനെ അമ്മയെ വേദനിപ്പിക്കല്ലെ?”

നീത സാന്റ്വിച്ചു് അവസാനത്തെ കഷ്ണം കുറേശ്ശ കടിച്ചു തിന്നുകയാണു്. രോഹിത് ഭക്ഷണം കഴിഞ്ഞു് ബീയർ മൊത്തുകയായിരുന്നു.

പെട്ടെന്നു് അയാൾക്കു് ഏകാന്തത തോന്നി. തൊട്ടു മുമ്പിലിരിക്കുന്ന നീത കൂടി വളരെ അകലത്താണു്. വിവാഹത്തിനു മുമ്പു് അയാൾ സ്നേഹിച്ചിരുന്ന പെൺകുട്ടികളെയെല്ലാം അയാൾ ഓർത്തു. തനിക്കു് കുറെ ദുഃഖം മാത്രം സമ്മാനിച്ചു കടന്നുപോയവർ. ഓരോ സ്നേഹബന്ധത്തിൽ നിന്നും കുതറി ഓടിയപ്പോൾ അയാൾ കുടുതൽ ഏകാകിയായി. ലോകത്തിൽ ഒരു പെൺകുട്ടിക്കും തന്റെ ഹൃദയത്തിൽ മുഴുവൻ കടന്നുവരാൻ കഴിയില്ലെന്നു് അയാൾക്കു തോന്നി.

“നീ എന്താണു് ആലോചിക്കുന്നതു്?” നീത ചോദിച്ചു.

“ഞാൻ വളരെ ഏകാകിയാണു്.”

“നോക്കു്, സുജാത പ്രസവിച്ചുവന്നാൽ നിന്റെ ഏകാന്തതയെല്ലാം മാറും. അവൾ ഒരു കൊച്ചു പയ്യനുമായാണു വരുക. പിന്നെ നീ നിന്റെ പെറ്റ് ഏകാന്തതയ്ക്കുവേണ്ടി വേറെ വല്ല സ്ഥലത്തും അന്വേഷിച്ചു പോകേണ്ടിവരും.”

“നിനക്കറിയാമോ സുജാത ഒപ്പമുള്ളപ്പോൾക്കൂടി ഞാൻ ഏകനായിരുന്നു. അവൾ എന്നെ സ്നേഹിക്കുന്നുണ്ടു്. പക്ഷേ, എന്റെ സ്നേഹത്തിന്റെ ഒരംശം മാത്രമേ അവൾ തിരിച്ചു തരുന്നുള്ളു. അവളെ ഞാൻ കുറ്റപ്പെടുത്തുകയില്ല. അവൾ അച്ഛന്റെ ഏകപുത്രിയാണു്. മാത്രമല്ല, ആ വീട്ടിലെ ആകെയുള്ള ഒരു പെൺകുട്ടിയുമാണു്. ലാളനയിൽമാത്രം വളർന്നവൾ. സ്നേഹം എല്ലാവുടെ കൈയിൽ നിന്നും വാങ്ങാനല്ലാതെ തിരിച്ചു കൊടുക്കാൻ അവൾ പഠിച്ചിട്ടില്ല.”

അവൾ മാത്രമല്ല, ഞാൻ പരിചയപ്പെട്ട, സ്നേഹത്തിലായിട്ടുള്ള എല്ലാ പെൺകുട്ടികളും അതുപോലെയാണു്. നീയടക്കം. ഞാൻ കൊടുക്കുന്നതൊന്നും എനിക്കു തിരിച്ചുകിട്ടുന്നില്ല. സ്നേഹത്തിന്റെ വ്യാപാരങ്ങളിലെല്ലാം ഞാൻ ഒരു നഷ്ടക്കച്ചവടക്കാരനാണു്.”

“നീ എന്നെ ദുഃഖിതയാക്കുന്നു രോഹിത്. നീയുമായുള്ള ഒരു കൊല്ലത്തെ പരിചയത്തിൽനിന്നു് നീ വാസ്തവമേ പറയൂ എന്നെനിക്കറിയാം. പക്ഷേ, എനിക്കു നിന്നെ സത്യമായും സഹായിക്കാൻ കഴിയില്ല. എനിക്കു നിന്നോട് അനുകമ്പയുണ്ടു്.”

“എനിക്കു് ആരുടെയും അനുകമ്പ വേണ്ടാ. സ്നേഹമാണാവശ്യം. അതു തരാൻ കഴിയില്ലെങ്കിൽ പിന്നെ എന്റെ ജീവിതത്തിൽനിന്നു കടന്നുപോകൂ.”

വെയ്റ്റർ അടുത്തുവന്നു താഴ്‌ന്നു ചോദിച്ചു. “ഡെസ്സർട്ട് സർ!.”

രോഹിത് ശാന്തത ഭാവിച്ചു. ഡെസ്സർട്ട്. നീതയോടു ചോദിക്കേണ്ട ആവശ്യമില്ല. അവൾക്കു് എന്താണിഷ്ടമെന്നു് അയാൾക്കറിയാം. അയാൾ പറഞ്ഞു. “ഒരു ത്രീ–ഇൻ–വൺ ഐസ്ക്രീം ഇവൾക്കു്. എനിക്കു് ഫ്രെഷ് പൈനാപ്പ്ൾ.”

“ഫ്രെഷ് പൈനാപ്പ്ൾ കിട്ടില്ല സർ. ടിൻ ചെയ്തതു കൊണ്ടുവരട്ടെ?”

“വേണ്ട. ഒരു ബീയർകൂടി തരൂ.”

വെയ്റ്റർ പോയിക്കഴിഞ്ഞപ്പോൾ അയാൾ നീതയെ നോക്കി. അവൾ അയാളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. കൺപീലികൾ നനഞ്ഞിരുന്നു. നോക്കിക്കൊണ്ടിരിക്കെ അവളുടെ കണ്ണിൽനിന്നു് ഒരു കണ്ണീർക്കണം അടർന്നു തുടുത്തകവിളിലൂടെ ഒലിച്ചിറങ്ങി.

അവളുടെ കണ്ണീർ ഒപ്പി, കവിളിലും കണ്ണിലും ഉമ്മവെക്കാൻ അയാൾക്കു് ആവേശം തോന്നി. തങ്ങൾ ആരുമില്ലാതെ ഒറ്റയ്ക്കു് ഒരു മുറിയിലാണെങ്കിലെന്നു് അയാൾ ആശിച്ചു. അയാൾ പറഞ്ഞു:

“അയാം സോറി, നീത.”

“സാരമില്ല രോഹിത്.” തൂവാലകൊണ്ടു കണ്ണുതുടച്ചു് അവൾ പറഞ്ഞു. “എനിക്കു നിന്നെ മനസ്സിലാക്കാൻ പറ്റും. അതുപോലെ നീയും എന്നെയൊന്നു മനസ്സിലാക്കാൻ ശ്രമിക്കൂ. ദിനേശുമായി എൻഗേജ്മെന്റ് കഴിഞ്ഞു് ഞാൻ ഒരിക്കൽക്കൂടി അയാളോടൊപ്പം പുറത്തു പോയിട്ടില്ല. പോയിട്ടില്ലെന്നു പറഞ്ഞുകൂടാ. ഒരിക്കൽ ഞങ്ങൾ രണ്ടുപേരുംകൂടി അയാളുടെ ആന്റിയുടെ വീട്ടിൽ പോയി. അത്രമാത്രം. പിന്നെയെല്ലാം അയാൾ വീട്ടിൽ വന്നു സംസാരിക്കുകയേയുള്ളു. അയാൾ വളരെ ലജ്ജാശീലനാണു്. എത്ര കുറച്ചേ സംസാരിക്കാറുള്ളു. എന്റെ കസിൻ പറയാറുണ്ടു്. ദിനേശ് ഒരു വൺവുമൻമാനാണെന്നു തോന്നുന്നു. നീ അയാൾക്കു നിന്റെ സ്നേഹം മുഴുവൻ കൊടുക്കൂ. നിനക്കു് അയാളെ സന്തോഷവാനാക്കാം.”

“അയാൾ എന്നെ ചുംബിച്ചിട്ടുകൂടിയില്ല. എല്ലാം വിവാഹത്തിനു ശേഷം മതിയെന്നു വെച്ചിട്ടാവാം.”

നീ ദിനേശ് ആര്യയെപ്പറ്റി പറഞ്ഞതിൽ എനിക്കു സന്തോഷമുണ്ടു്. ഇങ്ങനെ ഒരു എൻഗേജ്മെന്റ് നടന്നു വെന്നതല്ലാതെ അയാളെപ്പറ്റി ഒന്നും നീ പറഞ്ഞിരുന്നില്ല.”

“നീ ചോദിച്ചതുമില്ല. എൻഗേജ്മെന്റിനു് ഞാൻ ക്ഷണക്കത്തയച്ചിട്ടും നീ വന്നില്ലല്ലോ. അതുകൊണ്ടു് നിനക്കിഷ്ടമാവില്ലെന്നു വിചാരിച്ചു.”

“ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല” എന്നു പറഞ്ഞു.

സാരമില്ല. അതല്ലാ ഞാൻ പറഞ്ഞുകൊണ്ടുവരുന്നതു്. ദിനേശ് ജീവിതത്തിൽ എന്നെ മാത്രമെ സ്നേഹിച്ചിട്ടുള്ളു. അപ്പോൾ എന്റേതായിട്ടുള്ളതെല്ലാം അയാൾക്കു് കെടുക്കേണ്ട ബാദ്ധ്യതയില്ലെ എനിക്കു്?”

“ഞാൻ ദിനേശിനെയല്ലാതെ വേറെയാരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടു്, അവരുമായി സന്തോഷത്തിന്റെ നിമിഷങ്ങൾ കൈമാറിയിട്ടുണ്ടു് എന്നു വിവാഹദിവസമോ പിന്നീടോ അറിഞ്ഞാൽ അയാളുടെ ജീവിതം തകർന്നു പോകും. അത്ര ലോലമാണയാളുടെ ഹൃദയം. നിനക്കയാളുടെ ജീവിതം നശിപ്പിക്കണമോ? എന്റെ ജീവിതവും?”

ഐസ്ക്രീമും ബിയറും എത്തി, അയാൾ വെയ്റ്ററെ പറഞ്ഞയച്ചു. ബിയർ സ്വയം മഗ്ഗിലേക്കൊഴിച്ചു. അയാൾക്കു് ബിയറായിരുന്നില്ല ആവശ്യം. ബോധം മറയുംവരെ കുടിക്കുകയായിരുന്നു ആവശ്യം. ഹോട്ടലിൽത്തന്നെ എട്ടാം നിലയിൽ ബാറുള്ളതു് അയാൾക്കു് ഓർമ്മവന്നു.

“ഇവരുടെ ബാർ എട്ടാം നിലയിലാണു്.” അയാൾ പറഞ്ഞു, “നമുക്കവിടെ പോകാമായിരുന്നു.”

നീത ഒന്നും പറയാതെ ഇരുന്നു. സംഗീതം നിന്നുവെന്നും സംഗീതജ്ഞന്മാർ ഒരു മേശയ്ക്കു ചുറ്റുമിരുന്നു് ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും അയാൾ കണ്ടു. പെട്ടെന്നു് അയാൾക്കു് അവരോടു കഠിനമായ അനുകമ്പ തോന്നി. അവർ മേശമേൽ കുനിഞ്ഞിരുന്നു നിശ്ശബ്ദരായി ഭക്ഷണം കഴിക്കുകയായിരുന്നു. ഓരോരുത്തരും അവരവരുടെ കൊച്ചുലോകങ്ങളിൽ മുഴുകിയിരിക്കുന്നു. ഏതാനും നിമിഷങ്ങൾക്കുമുമ്പു് അവരുടേതായി ഒരു ലോകമേ ഉണ്ടായിരുന്നുള്ളൂ: സംഗീതം. ആ ലോകം പ്രകാശമയമാക്കുവാൻ അവൻ അവരുടെ വൈദഗ്ദ്യം മുഴുവൻ പ്രകടിപ്പിച്ചു. ഇപ്പോൾ അവർ ഉപേക്ഷിച്ചിട്ടു പോയ അവരുടെ വാദ്യോപകരണങ്ങൾ അതാതിന്റെ സ്ഥാനത്തു് ഏകരായി, നിശ്ശബ്ദരായി നിന്നു. അതു വേദനാജനകമായിരുന്നു.

നീത ഐസ്ക്രീം കഴിച്ചിരുന്നില്ല. അയാൾ കണ്ണു കൊണ്ടു ചോദിച്ചു. അവൾ ഒന്നും പറയാതെ ചുമൽ കുലുക്കി. പിന്നെ സ്പൂൺകൊണ്ടു് ഐസ്ക്രീം തിന്നാൻ തുടങ്ങി. നീത അയാളെ സംബന്ധിച്ചിടത്തോളം ഒരു പ്രഹേളിക ആയിരുന്നു. അവൾ അയാളെ ആശയ്ക്കും നിരാശയ്ക്കുമിടയിൽ ചാഞ്ചാടിച്ചു. സ്നേഹത്തിനും വെറുപ്പിനുമിടയിലുള്ള ഓരോ നിമിഷവും അവളെ പ്രാപിക്കാനുള്ള അഭിനിവേശം അയാളിൽ കൂടി വന്നു.

അയാൾ ചോദിച്ചു: “നമുക്കു് ഒരു മൂവിക്കു് പോകാം. സമയം മൂന്നരയായിട്ടേയുള്ളു. ഈറോസിൽ ട്രെയ്ൻ റോബേഴ്സ് ആണു്.”

“സാധാരണപോലെ, ജോൺ വെയ്ൻ മൂവി അല്ലെ?”

അയാൾ തലയാട്ടി.

അയാൾ ആശിച്ചു. ഒരു പക്ഷേ, അവൾ സമ്മതിച്ചേക്കും. ഒരു ഇരുണ്ട സിനിമാഹാളിൽ രണ്ടുപേർക്കും കൂടുതൽ ധാരണയുണ്ടാകും. ഒരുപക്ഷേ, അയാൾക്കവളെ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞേക്കും. അയാൾ വീണ്ടും ചോദിച്ചു. “നമുക്കു പോകാം, അല്ലെ? ഇനി പതിനഞ്ചു മിനിറ്റിനുള്ളിൽ മൂവി തുടങ്ങും.”

“ഇല്ല”, അവൾ പറഞ്ഞു, “ഞാനില്ല നിന്റെ കൂടെ. ഇനി മുതൽ നിന്റെ കൂടെ ഒരു സ്ഥലത്തും ഞാൻ വരുന്നില്ല. നീ എനിക്കു് ലഞ്ചും ഡിന്നറും തരും, മൂവിക്കു കൊണ്ടു പോകും. എന്നിട്ടു് അതിനെല്ലാം പകരം നീ എന്നിൽ നിന്നു് പലതും പ്രതീക്ഷിക്കുന്നു. ചിലപ്പോൾ എനിക്കുതരാൻ കഴിയാത്തതുകൂടി. ഞാൻ വളരെ വ്യസനിക്കുന്നു രോഹിത്!.”

വീണ്ടും നിരാശയിലേക്കു് അയാൾ നെടുവീർപ്പിട്ടു. നീത ഇന്നു സമ്മതിക്കുമെന്നു് അയാൾക്കു് ഒരു മാതിരി ഉറപ്പുണ്ടായിരുന്നു. ഇപ്പോഴോ? അയാൾ നിശ്ശബ്ദനായി. ഇനി ഒന്നും ചെയ്യാനില്ല. പുറത്തു കടക്കാം. വീട്ടിലേക്കു പോകാം. വഴിക്കു നീതയെ അവളുടെ വീട്ടിൽ ഡ്രോപ്പു ചെയ്യാം. വീട്ടിലെ ഏകാന്തതയിൽ വീണ്ടും വേദനിച്ചു കിടക്കാം. അയാൾ നീതയെ നോക്കി. അവളുടെ മുഖത്തെ ഭാവം എന്താണെന്നു മനസ്സിലാക്കാൻ വിഷമം. അവളുടെ കവിളുകൾ തുടുത്തു കനത്തിരുന്നു.

“സാരമില്ല നീതാ. എനിക്കിതു പണ്ടേ മനസ്സിലാവേണ്ടതാണു്. ഈ ഏകാന്തത എന്റെ കൂടപ്പിറപ്പാണു്. ഒരു പെൺകുട്ടിക്കും അതിനെ എന്നിൽ നിന്നകറ്റാൻ കഴിയില്ല.”

ഞാൻ ഒരു പയ്യനായിരിക്കുമ്പോഴും അതെന്റെ കുടെയുണ്ടായിരുന്നു. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഭക്ഷണം കഴിഞ്ഞു് എല്ലാവരും കൂടിയിരുന്നു് സംസാരിക്കാൻ തുടങ്ങുമ്പോൾ ഞാൻ വീടുവിട്ടു് പുറത്തിറങ്ങാറുണ്ടു്. പുറത്തു മരങ്ങൾക്കിടയിൽ വാടിയ അപ്പച്ചെടികൾ എനിക്കു് ആശ്വാസമരുളുമെന്ന ധാരണ ക്രമേണ ഇല്ലാതാകും. വൈകുന്നേരം സൂര്യരശ്മികൾ മഞ്ഞയായി മാറുമ്പോൾ, തണുത്ത കാറ്റു വീശാൻ തുടങ്ങുമ്പോൾ, മഞ്ഞക്കിളികൾ അസ്വസ്ഥരാവുമ്പോൾ, ഞാൻ അപ്പോഴും കിട്ടിയിട്ടില്ലാത്ത ആശ്വാസവും തേടി നടക്കുകയായിരിക്കും. തേടിക്കൊണ്ടിരിക്കുന്നതു വളരെ ദൂരെ അപ്രാപ്യമാണെന്നു മനസ്സിലാവുമ്പോൾ, ഞാൻ വല്ല മരത്തിന്റെയും ചുവട്ടിൽ ചാരിയിരുന്നു് പൊട്ടിക്കരയാറുണ്ടു്. എത്രകാലം ഒരാൾ ഏകാന്തതയുമായി സമരം ചെയ്യണം? അന്നു കിട്ടാത്ത ആശ്വാസം ഇന്നു് ആരിൽനിന്നു ലഭിക്കുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നതു്?

“വെയ്റ്റർ, ചെക്.”

അവർ പുറത്തു കടന്നു. പുറത്തു് ചൂടായിരുന്നു. പക്ഷേ, അയാൾക്കതു് ഒരു മാറ്റവും തോന്നിച്ചില്ല. റോഡിന്റെ മറുവശത്തു പാർക്കുചെയ്ത ടാക്സിക്കാരനെ മാടിവിളിച്ചു് അയാൾ നീതയോടു പറഞ്ഞു:

“നീത, നിന്നെ ഞാൻ നിന്റെ വീട്ടിൽ ഡ്രോപ്പു ചെയ്യാം.”

അവൾ ഒന്നും പറഞ്ഞില്ല. പക്ഷേ, ടാക്സിയിൽ കയറി. അയാൾക്കു് എന്തെങ്കിലും പറയാൻ അവസരം കിട്ടുന്നതിനുമുൻപു് അവൾ ഡ്രൈവറോടു പറഞ്ഞു.

“ഈറോസ് സിനിമ.”

രോഹിത് അത്ഭുതത്തോടെ അവളെ നോക്കി. അവൾ ചിരിച്ചു.

“എനിക്കു് ജോൺ വെയ്ന്റെ മൂവികൾ ഇഷ്ടാണ്”, അവൾ പറഞ്ഞു, ഈറോസിൽ ട്രെയ്ൻ റോബേഴ്സ് ആണു്. നമുക്കു ടിക്കറ്റ് കിട്ടുമോ എന്നു നോക്കാം.”

ഈറോസിൽ ഹൗസ്ഫുൾ ആയിരുന്നു. അവർ ടാക്സിയിൽ നിന്നിറങ്ങാതെ ഡ്രൈവറോടു പറഞ്ഞു. സ്ട്രാന്റ്.”

സ്ട്രാന്റിൽ തിരക്കു കുറവായിരുന്നു. ടിക്കറ്റ് വാങ്ങി അകത്തു കടന്നപ്പോഴേക്കും മൂവി തുടങ്ങിക്കഴിഞ്ഞിരുന്നു. ബാൽക്കണിയിൽ വളരെക്കുറച്ചു് ആൾക്കാരെ ഉണ്ടായിരുന്നുള്ളൂ.

“ഇതൊരു ലൗസി മൂവീയാണെന്നു തോന്നുന്നു”, അവൾ പറഞ്ഞു.

മങ്ങിയ വെളിച്ചത്തിൽ സീറ്റ് കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ അയാൾ പറഞ്ഞു:

“എന്തായാലും വേണ്ടില്ല, എനിക്കു് മൂവി കാണാനുള്ള മൂഡില്ല.”

പിന്നെ സീറ്റിലേക്കു താഴ്‌ന്നിറങ്ങുമ്പോൾ അയാൾ ചോദിച്ചു.

“നീ എന്തിനാണു് എന്റെ ഒപ്പം വന്നതു്? ഞാൻ പകരം പലതും പ്രതീക്ഷിച്ചുകൊണ്ടല്ലേ നിന്നെ സ്നേഹിക്കുന്നതു്? നിന്നെ ലഞ്ചിനും, ഡിന്നറിനും, മൂവിക്കും കൊണ്ടു പോകുന്നതു്?

നീതാ, എനിക്കു നിന്നെ കാണുന്നതു് ഏതു നിമിഷത്തിലും നിർത്താൻ പറ്റും. വേദനയുള്ള ഒരു മുറിവു് ബാക്കിയാവുമെന്നു മാത്രം. അതും കാലക്രമത്തിൽ മാറും. ഏതുമുറിവാണു് ഉണങ്ങാതെയുള്ളതു്?”

“നിന്റെ സ്നേഹം ഒരു വൈരക്കല്ലുമാതിരിയാണു്. സ്വന്തമാക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണു്. അതു കിട്ടില്ലെന്നു് ഉറപ്പായാൽ ഞാൻ വില കുറഞ്ഞു് കൃത്രിമക്കല്ലുകൾ അന്വേഷിച്ചു പോകാം. ഒരു പാവപ്പെട്ട പെൺകുട്ടിയുടെമാതിരിയാണു് ഞാൻ. വില പിടിച്ച ആഭരണങ്ങൾ ധരിക്കാൻ നല്ല മോഹമുണ്ടെങ്കിലും വാങ്ങാൻ കഴിയാത്തതുകൊണ്ടു് അവൾ വിലകുറഞ്ഞ അനുകരണങ്ങൾ വാങ്ങി ധരിക്കുന്നു. പക്ഷേ, അവൾ വിലപിടിച്ച ആഭരണങ്ങൾ അർഹിക്കുന്നില്ലെന്നു് അർത്ഥമില്ല.”

“ചുരുങ്ങിയ വിലയ്ക്കു് ഒരു മണിക്കൂറെങ്കിലും ആശ്വാസം പകർന്നു തരുന്ന പെൺകുട്ടികളുമുണ്ടു്. ബസ്സ്റ്റോപ്പുകളിൽ, റെയിൽവെ പ്ലാറ്റുഫോമുകളിൽ, ഞാൻ അവരെ കാണാറുണ്ടു്. ഞാൻ അവരുടെ അടുത്തു പോകാം. പക്ഷേ, നിന്റെ സ്നേഹം ഞാൻ അർഹിക്കുന്നില്ലെന്നു നീ കരുതരുതു്.”

നീത നിശ്ശബ്ദയായിരിക്കുകയാണെന്നു് അയാൾ പെട്ടെന്നു മനസ്സിലാക്കി. അയാൾ നോക്കി. അവളുടെ മുഖം വ്യക്തമല്ല. പിന്നെ തിരശ്ശീലയിൽനിന്നുള്ള വെളിച്ചം പ്രതിഫലിച്ചപ്പോൾ അവൾ നിശ്ശബ്ദയായി കരയുകയാണെന്നു് അയാൾ കണ്ടു. കണ്ണീർ ഒരു ചാലായി അവളുടെ കവിളിൽക്കൂടി ഒലിച്ചിറങ്ങി.

അയാൾ നീതയുടെ മുഖം കൈകൾക്കിടയിൽ പിടിച്ചു് കണ്ണീർ തുടച്ചു, ചുംബിച്ചു. തങ്കം, അയാൾ പറഞ്ഞു, “അയാം സോ സോറി. ഞാൻ നിന്നെ വേദനിപ്പിച്ചു, അല്ലേ? ഞാൻ എത്ര ക്രൂരനാണു്!.”

നീതയെ മാറോടു ചേർത്തപ്പോൾ അവളുടെ തേങ്ങലുകൾ അയാൾക്കു് അനുഭവപ്പെട്ടു. അവൾ എന്തോ പറയുവാൻ ശ്രമിക്കുകയായിരുന്നു. തേങ്ങലുകൾ കാരണം അവൾക്കു് ഒന്നും പറയാൻ കഴിഞ്ഞില്ല. ആദ്യമായി അയാൾക്കു് ഒരു ചീത്ത മൂവിക്കു വന്നതിൽ സന്തോഷം തോന്നി. തിരക്കില്ലല്ലൊ. നീതയുടെ തേങ്ങലുകൾ. അവളുടെ ഹൃദയസ്പന്ദനം. ഹാളിലെ മങ്ങിയ വെളിച്ചം. സംഗീതം. രോഹിത് ഭാര്യയെപ്പറ്റി ആലോചിച്ചു. രക്തക്കുറവു കാരണം അവളുടെ മുഖം വിളറിയിരുന്നു. ഒരു ദിവസം രാത്രി, അയാളുടെ കൈകളിൽ കിടക്കുമ്പോൾ സുജാത പറഞ്ഞു:

“എനിക്കു പേടിയാവുന്നു. ഞാൻ ഈ പ്രസവത്തിൽ മരിച്ചുപോയാലോ?”

അയാൾ അവളെ ചുംബിച്ചുകൊണ്ടു് ആശ്വസിപ്പിച്ചു: “പൊട്ടിപ്പെണ്ണേ, നീ മരിക്കുകയൊന്നുമില്ല. പ്രസവം നോവലുകളിൽ വായിക്കുന്ന മാതിരി അത്ര വിഷമമൊന്നുമില്ല.”

പക്ഷേ, പിന്നീട് അവൾ പോയപ്പോൾ അതിനെപ്പറ്റി ആലോചിച്ചു് അയാൾ ഞെട്ടിയുണരാറുണ്ടു്. സുജാത മരിച്ചു കിടക്കുന്നതും അയാൾ കാണാൻ പോകുന്നതും മനസ്സിൽ കണ്ടു് അയാൾ പൊട്ടിക്കരയാറുണ്ടു്.

പെട്ടെന്നു ഹാളിൽ വെളിച്ചം വന്നു. ഇന്റർമിഷൻ. അവർ വിട്ടകന്നു. നീതയുടെ കണ്ണുകൾ കലങ്ങിയിരുന്നു.

“നിന്റെ മുഖം മഞ്ഞിൽ കുളിച്ചുനില്ക്കുന്ന ഒരു പനിനീർപ്പൂ പോലെയുണ്ടു്.”

അവൾ ചിരിച്ചു. ചിരിയിൽ വേദനയുണ്ടായിരുന്നു.

ഹാൾ വീണ്ടും ഇരുണ്ടപ്പോൾ അയാൾ അവളുടെ കൈ പിടിച്ചു ചോദിച്ചു: “നീത, നിനക്കെന്നോടു ദേഷ്യമുണ്ടോ?”

“ഇല്ല”, അവൾ പറഞ്ഞു, “ഞാൻ ആലോചിക്കുകയായിരുന്നു രോഹിത്, സ്നേഹവും ആശ്വാസവും തേടി നടക്കുന്ന ഒരു വ്യക്തി നീമാത്രമൊന്നുമല്ല. എല്ലാവരും അവരവരുടെ വഴികളിൽ ആശ്വാസം തേടി അലയുന്നവരാണു്. ആർക്കാണു് അതു കിട്ടുന്നതു്?

ദിനേശ് എന്നെ സ്നേഹിക്കുന്നുണ്ടു്. പക്ഷേ, എനിക്കു് അയാളിൽ ഇതുവരെ ആശ്വാസംകിട്ടിയിട്ടില്ല. ഞങ്ങൾ ഇതുവരെ ഒന്നിച്ചു പുറത്തു പോയിട്ടില്ലെന്നു പറഞ്ഞില്ലെ? ഓരോ പ്രാവശ്യവും വീട്ടിൽ കണ്ടുമുട്ടുമ്പോൾ ദിനേശ് പുറത്തു പോകാൻ ക്ഷണിക്കുമെന്നു ഞാൻ ആശിക്കും. പക്ഷേ, അതുണ്ടാവില്ല. കുറച്ചുനേരം ഇരുന്നു് അയാൾ പോകും. പലപ്പോഴും വീട്ടുകാർ ഞങ്ങളെ സ്വീകരണ മുറിയിൽ ഒറ്റയ്ക്കാക്കി പോകും. അപ്പോഴെല്ലാം ദിനേശ് എന്നോടു പ്രേമവാക്കുകൾ പറയും, ചുംബിക്കുമെന്നെല്ലാം ഞാൻ വിചാരിക്കും. പക്ഷേ, ഇതുവരെ അതുണ്ടായില്ല. ഞാൻ ഭംഗിയുള്ള ഒരു പെണ്ണാണെന്നു കൂടി അയാൾ ഇതുവരെ പറഞ്ഞിട്ടില്ല. ഏതൊരു വിരൂപയായ സ്ത്രീകൂടി പ്രതീക്ഷിക്കുന്നതാണതു്. എന്റെ വസ്ത്രങ്ങളെപ്പറ്റി, ഞാൻ ധരിച്ചിരിക്കുന്ന ആഭരണങ്ങളെപ്പറ്റി ഒന്നും ദിനേശിനു പറയാനില്ല. നീ എന്നോടു ഓരോ മിനിറ്റ് കൂടുംതോറും എന്തെല്ലാം പ്രശംസ ചൊരിയാറുണ്ട്? അതിനു നേരെ വിപരീതമാണു് ദിനേശ്. ഭാവിയിലേക്കു നോക്കുമ്പോൾ പേടി തോന്നുന്നു.”

“ദിനേശിനു നിന്നോടു ഭയങ്കര സ്നേഹമുണ്ടെന്നാണല്ലൊ നീ പറഞ്ഞതു്?”

“സ്നേഹമുണ്ടു് രോഹിത്. പക്ഷേ, അയാൾ ഒരു അമ്മക്കുട്ടിയാണു്. അമ്മ പറഞ്ഞതിൽ അപ്പുറം അയാൾ ചെയ്യില്ല. ആ സ്ത്രീക്കു് എന്നോടുള്ള മനോഭാവം ഇതു വരെ എനിക്കു മനസ്സിലായിട്ടില്ല. അവരുടെ വീട്ടിൽ പോയ അവസരത്തിലൊന്നും അവർ എന്നോടു സ്നേഹം ഭാവിച്ചിട്ടില്ല. ഒരുപക്ഷേ, അവർക്കു പേടിയുണ്ടാവും, സുഖമില്ലാതെ കിടക്കുന്ന ഒരു അച്ഛൻ മാത്രം രക്ഷാകർത്താവായിട്ടുള്ള ഞാൻ, പറഞ്ഞുവെച്ച നാലായിരം കൊടുത്തില്ലെങ്കിലോ എന്നു്. ആ സംഖ്യ ഞാൻ കഴിഞ്ഞ മൂന്നു കൊല്ലമായി ഉണ്ടാക്കിയതാണു്. അതു് കൊടുക്കുകയും ചെയ്യും. അവരുടെ വിചാരം, കൂടുതൽ സ്നേഹം കാണിച്ചാൽ അതു കൊടുക്കാതെ ഒഴിവായാലോ എന്നായിരിക്കും.”

“ഇതാണു് എന്റെ കഥ. ഇതിനെപ്പറ്റി വല്ലതും നീ അറിയുമോ? പിന്നെയും നീയുമായി വല്ലപ്പോഴും സംസാരിക്കുമ്പോഴാണു് കുറച്ചെങ്കിലും ആശ്വാസം കിട്ടുന്നതു്. അവസാനം നീയും എന്നെ കൈവെടിയുമെന്നാണോ പറയുന്നതു്?”

അയാൾ അവളെ തന്നിലേക്കടുപ്പിച്ചു മന്ത്രിച്ചു: “ഇല്ല ചന്തക്കാരീ, ഞാൻ നിന്നെ കൈവെടിയില്ല.”

“നമുക്കു പുറത്തു പോകാം.” ടാക്സിയിൽ വീട്ടിലേക്കു പോകുമ്പോൾ അവർ ഒന്നും സംസാരിച്ചില്ല. ഇടയ്ക്കിടയ്ക്കു കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ അവർ ചിരിച്ചു. പിന്നെ അവരവരുടെ ലോകത്തിലേക്കു തിരിച്ചു പോയി.

രോഹിത് സുജാതയെ ഓർത്തു. മധുവിധുകാലത്തു് ഉച്ചയ്ക്കു് ഒരു സംഭോഗത്തിന്റെ ആലസ്യത്തിൽ അയാളുടെ കൈകളിൽ കിടക്കുമ്പോൾ അയാൾ അവളുടെ കണ്ണുകൾ ശ്രദ്ധിക്കാറുണ്ടു്. തുറന്നിട്ട ജാലകത്തിലൂടെ മേഘാവൃതമായ ആകാശത്തിൽ കണ്ണുംനട്ടു് അവൾ മണിക്കൂറുകൾ കിടക്കും, നിശ്ശബ്ദയായി, അയാളുടെ സാമീപ്യത്തിൽ സംതൃപ്തയായി, പക്ഷേ, അയാളിൽ നിന്നു വളരെ വളരെ അകന്നു്. അവൾ എന്താണാലോചിക്കുന്നതെന്നു് അറിയാൻ അയാൾ ആഗ്രഹിച്ചിരുന്നു. ഈ മണിക്കൂറുകളിൽ അവൾ അയാളിൽനിന്നകന്നു് ഏകാന്തമായൊരു ലോകത്തിലാണെന്നു് അയാൾക്കു തോന്നിയിരുന്നു. അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു കണ്ട ആകാശം നോക്കി അയാൾ അസൂയാലുവാകാറുണ്ട്: “നീ എവിടെയായിരുന്നു തങ്കം?” സുജാത ചിരിക്കുകമാത്രം ചെയ്യും.

ലിഫ്റ്റിൽ അവർ ഒറ്റയാക്കായിരുന്നു. നീതയെ തന്നിലേക്കടുപ്പിച്ചു് അയാൾ ചുംബിച്ചു. ലിഫ്റ്റിനു തൊട്ടുമുമ്പിലായിരുന്നു അയാളുടെ വാതിൽ.

മുറിക്കുള്ളിൽ എത്തിയപ്പോൾ നീത പറഞ്ഞു. “എനിക്കു കുറ്റബോധം തോന്നുന്നു, സുജാതയില്ലാത്തപ്പോൾ ഇവിടെ വരുമ്പോൾ?”

അയാൾ ചോദിച്ചു: “നിനക്കു കോഫിയോ ചായയോ വേണ്ടതു്?”

“കോഫി. പക്ഷേ, ഞാനുണ്ടാക്കാം.” അവൾ അടുക്കളയിലേക്കു പോയി. അവൾ കോഫിയുണ്ടാക്കുന്നതു് അയാൾ നോക്കി നിന്നു. അവളുടെ ചലനങ്ങൾ മനോഹരമായിരുന്നു. അയാൾ വീണ്ടും സുജാതയെ ഓർത്തു.

“നോക്കൂ, എനിക്കു ധൃതിയായി ചെക്കനെ കാണാൻ. അവൻ വന്നാൽ എനിക്കു കൂട്ടിനു് ഒരാളുണ്ടാകുമല്ലൊ.”

സുജാതയും ഒരുപക്ഷേ, ഏകാന്തതയുടെ കുത്തൽ അനുഭവിക്കുകയായിരുന്നെന്നു് അയാൾക്കു തോന്നി. ഒരു പക്ഷേ, ഒരു പക്ഷേ…

കോഫി കുടിക്കുമ്പോൾ അയാൾ ചോദിച്ചു: “നീതാ, ഒരു ഉമ്മ. തരൂ.”

“ഇല്ല”, അവൾ പറഞ്ഞു, “അതു് അത്ര എളുപ്പം കിട്ടുന്നതൊന്നുമല്ല.”

“പ്ലീസ്”, അയാൾ കെഞ്ചി. അയാൾ അവളുടെ അടുത്തു പോയിരുന്നു. നീത അയാളുടെ മുഖം കൈകളിൽ പിടിച്ചൊതുക്കി കവിളിൽ ചുംബിച്ചു.

“ഇതല്ല.”

“പിന്നെ?”

“കുറച്ചുകൂടി ഇന്റിമേറ്റായതു്.” അയാൾ ചുണ്ടുകൾ തൊട്ടുകാണിച്ചു.

ഒരു നിമിഷത്തെ സംശയത്തിനുശേഷം നീത സമ്മതിച്ചു. പിന്നെ നീണ്ട ഒരു ചുംബനം.

അയാൾ ചോദിച്ചു: “നിന്റെ പൂക്കൾ ഞാൻ ചുംബിക്കട്ടെ!.”

“വേണ്ട”, അവൾ പറഞ്ഞു, “ഞാൻ എക്സയ്റ്റഡ് ആവും, രോഹിത്! നമുക്കു് ഈ ഉമ്മയിൽത്തന്നെ നിർത്തുക.”

പക്ഷേ, അയാൾ അവളെ വാരിയെടുത്തു് ചുംബിച്ചു കഴിഞ്ഞു.

അവൾ എതിർത്തു: “രോഹിത്, നമുക്കിതു ചെയ്യാതിരിക്കുക. നമ്മൾ പിന്നീടു ദുഃഖിക്കും. പ്ലീസ്!.”

അയാൾ താലോലിക്കൽ തുടർന്നു. സാവധാനത്തിൽ എതിർത്തുകൊണ്ടിരുന്ന കൈകൾ അയാളെ വാരിപ്പുണരുന്നതും വരിഞ്ഞുമുറുക്കുന്നതും അയാൾക്കനുഭവപ്പെട്ടു.

നീത പുറംതിരിഞ്ഞു കിടക്കുകയായിരുന്നു. അവൾ ഉറങ്ങുകയാവുമെന്നാണു രോഹിത് കരുതിയതു്. പക്ഷേ, അവൾ കരയുകയായിരുന്നു. അതു മനസ്സിലായപ്പോൾ അയാൾ അവളെ ചുംബിച്ചു:

പെട്ടെന്നു് അവൾ തിരിഞ്ഞുനോക്കി: “പ്ലീസ്, രോഹിത്, എന്നെ വിട്ടുപോകൂ. ദയവുചെയ്തു്.”

“എന്തുണ്ടായി?”

“ഒന്നുമില്ല. ഞാൻ ദിനേശിനെ ഓർക്കുകയായിരുന്നു.”

രോഹിത് എഴുന്നേറ്റ് കിടപ്പറയുടെ വാതിൽ തുറന്നു ഗാലറിയിലേക്കു കടന്നു. സൂര്യരശ്മികൾ മഞ്ഞയായിരുന്നു. അടുത്ത പറമ്പിൽ നില്ക്കുന്ന പൂളമരം അയാൾ ശ്രദ്ധിച്ചു. അതിൽ നിറയെ മൊട്ടുകളായിരുന്നു. ഇലകളെല്ലാം ഒരു മാതിരി കൊഴിഞ്ഞു. കൊഴിയാൻ ബാക്കിയുള്ളതു് പഴുത്തു് മഞ്ഞനിറമായിരുന്നു. ഇനി അവയും കൂടി കൊഴിയും. പിന്നെ ഒരുദിവസം മൊട്ടുകൾ വിരിഞ്ഞു് ചുവന്ന ഇതളുകൾ പുറത്തുവരും, പിറന്ന ഉടനെയുളള കുട്ടിയെപ്പോലെ.

അയാൾ സുജാതയെ വീണ്ടും ഓർത്തു. പോകുന്നതിന്റെ തലേദിവസം വീർത്ത വയറും വിളറിയ മുഖവുമായി അവൾ തന്റെ മാറിൽ ചാരിയിരുന്നു ചോദിച്ചു: “എന്നെ സ്നേഹമുണ്ടോ?”

എന്താണു മറുപടി പറഞ്ഞതെന്നു് രോഹിത് അപ്പോൾ ഓർത്തില്ല.

Colophon

Title: Kumkumam vithariya vazhikal (ml: കുങ്കുമം വിതറിയ വഴികൾ).

Author(s): E Harikumar.

First publication details: Sahitya Pravarthaka Sahakarana Sangham; Kottayam, Kerala; 1979.

Deafult language: ml, Malayalam.

Keywords: Short stories, E Harikumar, Kumkumam vithariya vazhikal, ഇ ഹരികുമാർ, കുങ്കുമം വിതറിയ വഴികൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 1, 2022.

Credits: The text of the original item is copyrighted to Lalitha Harikumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Girls on the Bridge, a painting by Edvard Munch (1863–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: E Harikumar; Proofing: KB Sujith; Typesetter: Sayahna Foundation; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.