രാവിലെ പ്രാതൽ അടങ്ങുന്ന കടലാസ്സുപൊതി മേശമേൽ വെച്ചു് ഗോപാലൻ പറഞ്ഞു: “സാറേ, സാറ് വീടു് മാറ്ണില്ല്യേ?”
“ഏ?” പ്രകാശൻ ചോദിച്ചു.
“സാറ് വീടു് മാറ്ണില്ല്യേ? ഇന്നെത്രാന്തിയാണെന്നറിയ്യോ?”
അയാൾ കലണ്ടറിൽ നോക്കി. ഫെബ്രുവരി കഴിഞ്ഞിരിക്കുന്നു. മാർച്ച് ഒന്നു്.
“അപ്പോൾ സാറ് മാറ്ണില്ല്യ?” ഗോപാലൻ വീണ്ടും.
പ്രകാശന്നു് മനസ്സിലായില്ല. അയാൾ ലോധിക്കോളനിയിൽ ക്ലാസ്സ് വൺ ആപ്പീസർമാരുടെ ഫ്ളാറ്റുകളിലൊന്നിലെ സർവന്റ്സ് ക്വാർട്ടേഴ്സിൽ താമസിക്കുകയാണു്. മൂന്നാം നിലയിൽ. അലോട്ടി അയാളോടു മാറാൻ ആവശ്യപ്പെട്ടിട്ടില്ല. മാസത്തിലൊരിക്കൽ വാടക വാങ്ങാൻ വരുമ്പോൾ അല്ലാതെ പ്രകാശൻ അലോട്ടിയെ കാണാറേയില്ല. അയാൾ ചോദിച്ചു.
“ഞാനെന്തിനു മാറണം?”
ഗോപാലൻ അത്ഭുതം നടിച്ചു.
“സാറ് പുറത്തേക്കൊന്നു നോക്കൂ.”
ഗോപാലൻ കടലാസ്സുപൊതികളുള്ള സഞ്ചിയും രണ്ടു് അലുമിനിയം തൂക്കുപാത്രങ്ങളും തൂക്കി പോകുന്നതു് അയാൾ നോക്കി. പിന്നെ എഴുന്നേറ്റു് ജനലിലൂടെ പുറത്തേക്കു നോക്കി. നീലാകാശം, അതിൽ ഒരു വെളുത്ത മേഘക്കീറു്.
അയാൾ അവശനായി. തിരിച്ചു ചൂടിചാർപ്പായിൽ വന്നു കിടന്നു. അപ്പോൾ അതാണു സംഗതി. ഞാൻ കരുതലോടെ ഇരിക്കാത്തതുകൊണ്ടു് അതു പെട്ടെന്നു വന്നു് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ആകാശത്തിന്റെ ചാരനിറം എപ്പോഴാണു നീലയായതു്?
പ്രകാശന്നു് കിടക്കാൻ കഴിഞ്ഞില്ല. എഴുന്നേറ്റു. കട്ടിയുള്ള രജായി മടക്കിവെച്ചു. പിന്നെ രോമക്കുപ്പായങ്ങളെല്ലാം ഓരോന്നായി എടുത്തു മടക്കി പെട്ടിയിൽ വെച്ചു. വിഷമമുണ്ടായിരുന്നു. കാരണം, അയാളുടെ ഒരു കൈ പ്ലാസ്റ്ററിലായിരുന്നു. മൂന്നാഴ്ച മുമ്പുണ്ടായ അപകടത്തിൽ അയാളുടെ ഇടത്തെ കൈയെല്ലു് പൊട്ടിയിരുന്നു. ഇന്നു രാവിലെ ഡോക്ടറെ കാണേണ്ട ദിവസമാണു്.
പോകുന്ന വഴിക്കു് രോമക്കുപ്പായങ്ങൾ അലക്കു പീടികയിൽ കൊടുക്കാമെന്നു് അയാൾ ഓർത്തു. ഇന്നു കൊടുത്തില്ലെങ്കിൽ ഈ കൊല്ലം മുഴുവൻ അലക്കലുണ്ടാവില്ല. പെട്ടിയിൽനിന്നു് രോമക്കുപ്പായങ്ങളെല്ലാം പുറത്തേക്കെടുത്തു. കടലാസിൽ പൊതിഞ്ഞു ചാർപ്പായിൽ വെച്ചു.
ഡോക്ടറെ എത്രമണിക്കു പോയാലാണു കാണാൻ പറ്റുക എന്നറിയില്ല. കഴിഞ്ഞ രണ്ടു പ്രാവശ്യവും പോയതു് രാവിലേയോ വൈകുന്നേരമോ എന്നയാൾക്കു് ഓർമ്മിക്കാൻ പറ്റിയില്ല.
ചാർപ്പായിന്റെ അടിയിൽനിന്നു് ഷൂസ് തിരഞ്ഞെടുത്തു. സോക്സ് സാധാരണയേക്കാൾ നാറുന്നുണ്ടു്. നാറുന്ന സോക്സും, ചളിപിടിച്ചൊട്ടിയ തൂവാലയും കാരണം ആൾക്കാരുടെ മുമ്പിൽ അധികനേരം ഇരിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല. ഹോട്ടലിൽ ഊണുകഴിഞ്ഞു് കൈകഴുകിയാൽ തൂവാല പുറത്തെടുക്കാൻ ധൈര്യപ്പെടാതെ കൈകൾ കീശയിൽ തിരുകി തുടയ്ക്കുകയാണു പതിവു്. ഷൂസിടേണ്ട എന്നു തീരുമാനിച്ചു. ചെരിപ്പു മതി.
അയാൾ എഴുന്നേറ്റു മേശമേൽ കിടക്കുന്ന പ്രാതൽ പൊതി കൈയിലെടുത്തു. തുറക്കാൻ കഴിയാതെ താഴെ വെച്ചു. ഗോപാലനോടു പല പ്രാവശ്യം പറഞ്ഞതാണു് പൊതിയിലെന്താണെന്നു പറയരുതെന്നു്. ഉള്ളിലുള്ള രഹസ്യമറിയുമ്പോൾ തുറക്കാൻ കഴിയാറില്ല. അയാൾ പ്രാതൽ കഴിക്കാതെ പുറത്തിറങ്ങി. കോണിപ്പടികൾ പകുതി ചവിട്ടിയിറങ്ങിയപ്പോൾ അലക്കുപീടികയിൽ കൊടുക്കാനുദ്ദേശിച്ച രോമക്കുപ്പായങ്ങളെടുത്തിട്ടില്ലെന്നു് ഓർമ്മവന്നു. പക്ഷേ, ഇത്ര നേർത്തെ അലക്കു പീടിക തുറന്നില്ലെന്നു വരാം. എടുക്കാത്തതു നന്നായി.
കോണിപ്പടികൾക്കു താഴെ ഉത്തേജിതനായ കരുണാകരൻ:
“കിട്ടിയെടോ, കിട്ടി. അവസാനം!.”
നെറ്റിയിൽനിന്നു് വിയർപ്പു തുടച്ചുമാറ്റി കരുണാകരൻ പറയുന്നു: “കിട്ടി. ഞാൻ രക്ഷപ്പെട്ടു. ഇന്നു രാവിലെ തന്നെ ശരിയായില്ലെങ്കിൽ എന്തായിരുന്നു ഗതി? ഒരു മാസം കൂടി ഇവിടെ, ങും! ഞാൻ രക്ഷപ്പെട്ടു.”
പ്രകാശൻ അമ്പരന്നു നിന്നു. കരുണാകരനെ ഉത്തേജിതനായി കണ്ടിട്ടുണ്ടു്. പക്ഷേ, ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ല. അയാൾക്കു സംഗതി മനസ്സിലായില്ല. അയാൾ ചോദിച്ചു.
“എന്താണു കിട്ടിയതു്?”
കരുണാകരൻ ഒരു നിമിഷം അയാളുടെ മൂഢതയിൽ സ്തംഭിച്ചു നിന്നു. പിന്നെ പറഞ്ഞു.
“എനിക്കു ഫ്ളാറ്റ് കിട്ടി ആവൂ! ഈ വേനലിനു് ഞാൻ രക്ഷപ്പെട്ടു.”
ഇത്രയേ ഉള്ളു. അയാൾ ആശ്വസിച്ചു. കരുണാകരനെപ്പറ്റി ഒരു ചിത്രം വരയ്ക്കുകയാണെങ്കിൽ, കൂടുണ്ടാക്കാൻ സാധനങ്ങൾ കൊത്തിക്കൂട്ടുന്ന ഒരു കിളിയെയാണു വരയ്ക്കുക. അയാൾ ഇപ്പോൾ താമസിക്കുന്ന മുറിയിൽ ഒരു കൊച്ചു സ്വർഗ്ഗം സൃഷ്ടിച്ചിരിക്കയാണു്. വാതിലിനും ജനലിനും ഭംഗിയുള്ള ചുവന്ന കർട്ടൻ. വിരിയുള്ള വട്ടമേശമേൽ റേഡിയോ. റേഡിയോവിന്നു മുകളിൽ ഒരു പൂത്തട്ടു്. ഒരു മൂലയിൽ വേറൊരു വട്ടമേശമേൽ സ്ഫടികപ്പാത്രത്തിൽ വെള്ളം നിറച്ചു് ഒരു മണിപ്ലാന്റ്. വില പിടിച്ച വിരിപ്പു വിരിച്ച സ്പ്രിങ്കട്ടിൽ.
ചുവരിൽ മഞ്ഞുമൂടിയ ഭൂവിഭാഗങ്ങളും പൂക്കളും സുലഭമായുള്ള ഒരു സ്വിസ് കലണ്ടർ.
എവിടെയാണു് താൻ വീടെടുത്തിരിക്കുന്നതു്?
സൗത്തു് എക്സറ്റൻഷനിൽ, ഒന്നാംനിലയിലാണു്. അതുകൊണ്ടു് സമ്മറിൽ വെള്ളത്തിനു വിഷമമുണ്ടാവില്ല. നല്ല സ്ഥലമാണു്. ഒരു മുറി, ബാൽക്കണി, അടുക്കള, ചുമരിൽ വലിയ വാർഡ്റോബ്…
വെളിച്ചം കടക്കാത്ത വലിയൊരു ഗുഹ. അതിൽ നിന്നു് ഉൾപ്പിരിവുകൾ. മൺഭിത്തികളിൽ കുത്തിനിർത്തിയ പന്തങ്ങൾ. കത്തിച്ച പന്തവുമേന്തി ഒരു ഗുഹയിൽ നിന്നു് മറ്റൊരു ഗുഹയിലേക്കു്, പിന്നെ വേറൊന്നിലേക്കു പ്രയാണം. വേട്ടായാടിപ്പിടിച്ച മൃഗത്തിന്റെ ഇറച്ചി തീയിലിട്ടു വേവിച്ചു തരുന്ന തടിച്ചിപ്പെണ്ണു് ഒപ്പം കിടക്കുവാൻ. പിന്നെ മലകളിൽ തേൻചുരയ്ക്കയുമായി അലച്ചിൽ.
ഞാൻ പോട്ടെ, കരുണാകരൻ പറഞ്ഞു, സാധനങ്ങളെല്ലാം പായ്ക്കുചെയ്യണം.
കരുണാകരനെ അയാൾ തുറിച്ചു നോക്കി. പിന്നെ ഒറ്റയ്ക്കായപ്പോൾ പ്രകാശൻ പുറത്തിറങ്ങി ഗെയ്റ്റു കടന്നു. പുറത്തുള്ള കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. കോട്ടമതിൽ പോലെ നില്ക്കുന്ന മഞ്ഞക്കെട്ടിടങ്ങൾ. അവയുടെ വിവിധ ഗെയ്റ്റുകളിൽ ഒരോന്നിലും ഓരോ കുതിരവണ്ടി നില്ക്കുന്നു. അവയിലേയ്ക്കു് വീട്ടുസാമാനങ്ങൾ കയറ്റുകയാണു്. ഈ കാഴ്ച തൽക്കാലത്തേക്കു പ്രകാശനെ നിശ്ചലനാക്കി. സെസിൽ ദിമില്ലൊവിന്റെ ബൈബിൾ ചിത്രങ്ങൾ വീതിയുള്ള തിരശ്ശീലയിൽ കാണുന്നപോലെ. ഇത്രയധികം ആൾക്കാർ ഈ കോളനി വിട്ടുപോകയാണോ?
വീണ്ടും നോക്കിയപ്പോൾ മനസ്സിലായി. കുതിര വണ്ടികൾ മാത്രമല്ല, ഉന്തുവണ്ടികൾ, ലോറികൾകൂടി. പശ്ചാത്തലസംഗീതത്തിനുവേണ്ടി ചെവിയോർത്തു് പ്രകാശൻ നടന്നു.
അന്തരീക്ഷത്തിനു വന്ന മാറ്റം അയാൾ മനസ്സിലാക്കി. അയാൾ ദീർഘശ്വാസം വിട്ടു. ചുറ്റും വീടുമാറലിന്റെ തിരക്കു്, കുതിരകളുടെ ചിനച്ചിൽ, ആജ്ഞകൾ, വാഹനങ്ങളുടെ മുരൾച്ച. അവയ്ക്കിടയിലൂടെ പ്രകാശൻ ആവുംവിധം വേഗത്തിൽ നടന്നു. അയാൾ വളരെ അസ്വസ്ഥനായിരുന്നു. പ്ലാസ്റ്ററിട്ട കൈ വേദനിച്ചു. ഇന്നു് പക്ഷേ, പ്ലാസ്റ്റർ എടുത്തുകളയാമെന്നാണു് ഡോക്ടർ പറഞ്ഞിരുന്നതു്. ഈ വേദനയുള്ളപ്പോൾ ഡോക്ടർ തീരുമാനം മാറ്റിയേക്കാം.
ക്ലിനിക്കിൽ തിരക്കായിരുന്നു. പുറത്തു് ഡോക്ടറുടെ പേരെഴുതിയ തകിടിന്നു താഴെ ഔട്ടു് എന്നെഴുതിയിരുന്നു. ഡോക്ടർ വരേണ്ട സമയമാവുന്നേ ഉണ്ടാവു. പ്രകാശൻ അകത്തു കടന്നില്ല. എന്താണു ചെയ്യേണ്ടതു്? തിരിച്ചു മുറിയിൽ പോകാൻ മനസ്സുവരുന്നില്ല. ഹോട്ടലിൽ പോയി കാപ്പികുടിക്കാം. അയാൾ മാർക്കറ്റിലേക്കു നടന്നു.
വഴിക്കു് പേരോർമ്മയില്ലാത്ത ഒരു സ്നേഹിതനെ കണ്ടു. അയാൾ ഒരു മൺകലവും താങ്ങി വരികയാണു്.
“എങ്ങനെയുണ്ടു് കലം? രണ്ടു ദിവസത്തേക്കു വെള്ളം പിടിച്ചുവെക്കാം, അല്ലേ? ഇനി ചൂടിൽ ഇതില്ലെങ്കിൽ രക്ഷയില്ല.”
അയാളുടെ പേരെന്തെന്നു് പ്രകാശൻ ആലോചിക്കുകയായിരുന്നു. രണ്ടുപ്രാവശ്യം പറഞ്ഞുതന്നിട്ടും ഓർമ്മിക്കാൻ പറ്റുന്നില്ല.
ഹോട്ടലിൽ പരിചയമുള്ള മുഖങ്ങൾ. മിനുസപ്പെടുത്തിയ ഉപചാരവാക്കുകൾ. ഗോപാലൻ തിരിച്ചു് ഹോട്ടലിൽ എത്തിയിരിന്നു. അയാളുടെ മുഖം തികച്ചും കാര്യമാത്ര പ്രസക്തമായിരുന്നു.
“എന്താണു വേണ്ടതു്? കാപ്പിയായിരിക്കും. അല്ലേ?”
പ്രകാശൻ തലയാട്ടി. രണ്ടുവിധത്തിൽ ഗോപാലൻ പ്രകാശനെ അത്ഭുതപ്പെടുത്തിയിരുന്നു. ഒന്നാമതു്, അയാളുടെ ദ്വിമുഖം. മുറിയിൽ ചോറു കൊണ്ടുവരുമ്പോൾ അയാൾ ചിരിക്കാറുണ്ടു്, തമാശ പറയാറുണ്ടു്. പക്ഷേ, ഹോട്ടലിൽ വെച്ചു കാണുമ്പോൾ അയാൾ തികച്ചും അപരിചിതനെപ്പോലെയായിരുന്നു. രണ്ടാമതു്, പ്രകാശന്നു വേണ്ടതെന്താണെന്നു് ഗോപാലനു് ചോദിക്കാതെ മനസ്സിലാവുന്നു.
കാപ്പി നന്നായിരുന്നു. വറുത്തുപൊടിച്ച കാപ്പിയുടെ സ്വാദു് അയാൾക്കിഷ്ടമായിരുന്നു.
പെട്ടെന്നു് അയാൾ സ്നേഹിതൻ കൊണ്ടുപോയ മൺകലവും, അതോടെ മൺകലം വില്ക്കുന്ന സത്തോവിനേയും ഓർത്തു. മൂന്നാഴ്ചയായി, അപകടത്തിന്നു ശേഷം അയാൾ സത്തോവിനെ കണ്ടിട്ടില്ല. ഒരു പ്രേമബന്ധം മര്യാദയ്ക്കു നടത്താൻകൂട്ടി തനിക്കു കഴിവില്ല.
കാപ്പികുടി മതിയാക്കി പ്രകാശൻ എഴുന്നേറ്റു. സത്തോവിനെ ഇപ്പോൾത്തന്നെ കാണണം. അയാൾ മാർക്കറ്റിന്റെ പിന്നിലൂടെ നിരത്തിലേക്കു കയറി, റെയിൽ മുറിച്ചു കടന്നു. ഓടയ്ക്കു മുകളിലുള്ള പാലം കടന്നു് ഓടയ്ക്കരികിലൂടെ പോകുന്ന നിരത്തിലൂടെ അയാൾ നടന്നു. ഇടത്തുവശത്തു നിരയായി കെട്ടിയ മൺകുടിലുകൾ. അവയിൽ ഒന്നിനുമുമ്പിൽ സത്തോ ഇരുന്നിരുന്നു. അവൾ ഒരു ബഞ്ചിലിരുന്നു്, ഷർട്ടു പോലെയുള്ള കുപ്പായം മുമ്പിൽ അല്പം പൊക്കി കുട്ടിക്കു മുല കൊടുക്കുകയായിരുന്നു. പ്രകാശനെ കണ്ടപ്പോൾ അവൾ മുലകൊടുക്കൽ നിർത്തി ചെക്കനെ താഴെവെച്ചു. അപ്പോഴാണു് അയാളുടെ പ്ലാസ്റ്ററിട്ട കൈ അവൾ കണ്ടതു്.
ഛോട്ടാ ബാബുവിന്റെ കൈയിനെന്തുപറ്റി?
അയാൾ ചിരിച്ചു. അവളുടെ സ്വരത്തിൽ, മുഖഭാവത്തിൽ ഉൽക്കണ്ഠയുണ്ടായിരുന്നു. അയാൾ പറഞ്ഞു:
സ്കൂട്ടർ പറക്കുമോ എന്നു ശ്രമിച്ചുനോക്കി.
അവൾ മൂക്കിൽ കൈവെച്ചു.
ബാബുജി ഫട്ഫട്ടിൽ പോകുന്ന പോക്കു കാണുമ്പോഴെല്ലാം ഞാൻ പറയാറുണ്ടു്.
“ബാബുലാൽ എവിടെ?”
“മണ്ണെടുക്കാൻ പോയിരിക്കയാണു്.”
ബാബുലാലിന്റെ ചക്രം അടുത്തുതന്നെ നിശ്ചലമായി ചെരിഞ്ഞുകിടന്നിരുന്നു. അയാൾ നാലു ഭാഗത്തേക്കും നോക്കി. അടുത്ത മൺകുടിലിന്നു മുമ്പിൽ കുറച്ചു കുട്ടികൾ കളിക്കുകയാണു്. അതിനുമപ്പുറത്തു് ഒരു പെണ്ണു്, കാറിൽ നിന്നു തല പുറത്തിട്ടു നോക്കുന്ന വയസ്സന്നു് കലം വിൽക്കുകയാണു്. സത്തോ പറഞ്ഞു.
“ബാബുജി വരൂ!.”
അവൾ ചെക്കനെ ഒക്കത്തുവെച്ചു് കുടിലിലേക്കു നൂണുകടന്നു. പിന്നാലെ അയാളും. അവൾ വാതിൽ അടച്ചു. കുട്ടിയെ താഴെ വെച്ചു് അയാളുടെ അടുത്തു വന്നു് അയാളുടെ ഇടത്തെ കൈപ്പടം തലോടി.
“വേദനയുണ്ടോ ഛോട്ടാബാബൂ?”
“കുറേശ്ശെ.”
അയാൾ വലത്തെ കൈകൊണ്ടു് അവളെ അരക്കെട്ടിലൂടെ അടുപ്പിച്ചു, അവളുടെ ചെവിയിൽ ചുംബിച്ചു.
“നീ സുന്ദരിയാണു സത്തോ!.”
അയാളുടെ കൈ അവളുടെ ഷർട്ടിന്റെ അടിയിലൂടെ കയറി, മിനുത്ത വയറിന്നു മേലെകൂടി മുകളിലേക്കു്. അയാളുടെ കൈകൾക്കു വിശ്രമം കിട്ടിയില്ല.
അവൾ പെട്ടെന്നു വിട്ടുമാറി. തിരിഞ്ഞുനിന്നു് ഷർട്ടു് തലയിലൂടെ വലിച്ചൂരി, ചാർപ്പായിൽ പ്രകാശന്റെ അടുത്തു വന്നിരുന്നു. ഷർട്ടും പാന്റും അഴിക്കാൻ അവൾ അയാളെ സഹായിച്ചു. നഗ്നരായപ്പോൾ അവൾ ചോദിച്ചു:
“ഈ കൈയും വെച്ചു് എങ്ങനെയാണു്?”
അവർ ചാർപ്പായിൽ കിടന്നു. പ്ലാസ്റ്ററിട്ട ഒരു കൈ വിലങ്ങുതടിയായി വന്നു. ഒരപരിചിതവസ്തുവിനെപ്പോലെ അയാൾ അതിനെ നോക്കി. മറ്റേതോ കാലത്തിൽ നിന്നു്, മറ്റേതോ ലോകത്തിൽനിന്നു വന്ന ഒരു വിചിത്ര വസ്തു. നോക്കിക്കൊണ്ടിരിക്കെ അതിന്റെ നിറം മാറിത്തുടങ്ങി. ആദ്യം കടുംചുവപ്പു്, പിന്നെ തവിട്ടുനിറം, പിന്നെ പച്ച. അയാൾ കുട്ടിയായിരുന്നപ്പോൾ ഊഞ്ഞാലാടുമ്പോൾ സൂര്യനെ പെട്ടെന്നു നോക്കി കണ്ണടയ്ക്കാറുണ്ടായിരുന്നു. കണ്ണടയ്ക്കുമ്പോൾ സൂര്യൻ ഉണ്ടാക്കിയ ഛായ കണ്ണിൽ പതിഞ്ഞതു നിറം മാറിക്കൊണ്ടിരിക്കും, അവസാനം മങ്ങി ഇല്ലാതാവുന്നതു വരെ.
സത്തോവിന്റെ ചലനങ്ങൾ അയാൾ ഒരു സ്വപ്നത്തിലെന്നപോലെ അറിയുന്നുണ്ടായിരുന്നു.
ബാബുജി വെറുതെ കിടന്നാൽ മതി.
സത്തോവിന്റെ വിശദമായ ഒരുക്കങ്ങൾ ഒരു കുട്ടിയെ നോക്കുന്ന കൗതുകത്തോടെ, വാത്സല്യത്തോടെ പ്രകാശൻ നോക്കിക്കണ്ടു. അയാൾക്കു സഹായിക്കാൻ കഴിഞ്ഞില്ല. ശ്രമം വളരെ ക്ലേശകരമായിരുന്നു. അവൾ പരാജയപ്പെടുന്നതും, ഒരു കിതപ്പോടെ അയാളുടെ അരുകിൽ കിടക്കുന്നതും അയാൾ അറിഞ്ഞു, പിന്നെ വളരെ ദൂരെയെവിടെനിന്നോ എന്നപോലെ സത്തോവിന്റെ ശബ്ദം:
“കഴിയുന്നില്ല ബാബുജീ.”
“സാരമില്ല. വലതുകൈകൊണ്ടു് അവളെ തന്നിലേക്കു ചേർത്തു ചുംബിച്ചുകൊണ്ടു് അയാൾ പറഞ്ഞു. ഞാനിപ്പോൾ ഡോക്ടറുടെ അടുത്തേക്കു പോകുകയാണു്. ഇന്നു പ്ലാസ്റ്റർ അഴിക്കും. അതു കഴിഞ്ഞാൽ പഴയമട്ടാകും.”
അവൾ വളരെ നിരാശപ്പെട്ടിരുന്നു.
ഛോട്ടാ ബാബുവിന്നുവേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ല.
അയാൾ പറഞ്ഞു: “എനിക്കു വിശക്കുന്നു.”
“ഞാൻ റൊട്ടിയുണ്ടാക്കിത്തരാം ബാബുജീ.”
അവൾ എഴുന്നേറ്റു് പൈജാമയുടുത്തു. മാവു കുഴച്ചു് റൊട്ടിയുണ്ടാക്കാൻ തുടങ്ങി. റൊട്ടി പരത്തുമ്പോൾ അവളുടെ മുലകൾ ഇളകുന്നതു് അയാൾ കിടന്നു കൊണ്ടു നോക്കി.
ക്ലിനിക്കിൽ തിരക്കു കുറഞ്ഞിട്ടുണ്ടായിരുന്നു. ചുമരിൽ തറച്ച ആണിയിൽ തൂക്കിയ കാർഡിൽനിന്നു് ഒരെണ്ണം എടുത്തു് അയാൾ സോഫയിൽ പോയിരുന്നു. നമ്പർ 13. അസാധാരണമായി ഒന്നും അയാൾക്കു തോന്നിയില്ല. അയാളുടെ ജന്മദിനവും ഒരു പതിമൂന്നാം തീയതിയായിരുന്നു.
എല്ലാവരും കാർഡും പിടിച്ചു് ഗൗരവമായി ഇരിക്കുകയാണു്. മാസികകൾ വെച്ച ടീപ്പോയിക്കടുത്തിരുന്ന ഒരു പെൺകുട്ടി കൊക്കകോല കുടിക്കുന്നു. സ്ട്രോ അടഞ്ഞപ്പോൾ അവൾ അതു വലിച്ചെറിഞ്ഞു് നേരിട്ടു കുടിക്കാൻ തുടങ്ങി. തവിട്ടു നിറത്തിലുള്ള ദ്രാവകം അവളുടെ കവിളിലൂടെ ഒലിച്ചു് ഫ്രോക്കിൽ വീഴുന്നതു് അയാൾ ശ്രദ്ധിച്ചു. അയാൾ അസ്വസ്ഥനായി. പാന്റിന്റെ കീശയിലുള്ള വൃത്തികെട്ട തൂവാല ഓർമ്മവന്നു. വിയർക്കുന്ന ഉള്ളംകൈ അയാൾ പാന്റിൽ തുടച്ചു.
അവസാനം തടിച്ച നേഴ്സ് വന്നു് പതിമൂന്നാം നമ്പർ എന്നു മധുരമായി വിളിച്ചപ്പോൾ അയാൾക്കാശ്വാസമായി. അയാൾ എഴുന്നേറ്റു. അകത്തു ഡോക്ടർ ഫോണിൽ സംസാരിക്കുകയായിരുന്നു:
“…നിങ്ങൾ ആരുടെ ഫ്രിഡ്ജ് നന്നാക്കിയതിന്റെ ബില്ലാണു്. എനിക്കയച്ചിരിക്കുന്നതു്?… ഇല്ലല്ലോ! അതിപ്പോഴും പഴയമട്ടിൽ ത്തന്നെയാണു്. പോരാത്തതിനു് വീട്ടിൽ മെക്കാനിക്കു് വന്നതായി ഭാര്യ പറഞ്ഞതുമില്ല… ക്ലിനിക്കിലേക്കോ? അതിനു ക്ലിനിക്കിലെ ഫ്രിഡ്ജിന്നു കേടൊന്നുമുണ്ടായിരുന്നില്ലല്ലൊ. എന്തു നേരെയാക്കിയിട്ടാണു് ഈ 245 ക. യുടെ ബിൽ കൊടുത്തയച്ചിരിക്കുന്നതു്… വീട്ടിലേക്കു് ഇന്നുതന്നെ മെക്കാനിക്കിനെ വീടൂ… സമ്മറാണു വരുന്നതു്.”
പ്രകാശന്നു ചിരിക്കാൻ കഴിഞ്ഞില്ല. ഡോക്ടറുടെ ശബ്ദം കുറയുന്നതുപോലെ തോന്നി. പിന്നെപ്പിന്നെ തീരെ അവ്യക്തമായി. ഫോൺവെക്കുന്ന ശബ്ദം കേട്ടപ്പോൾ പ്രകാശൻ ഞെട്ടിയുണർന്നു. ഡോക്ടർ ചോദിച്ചു.
“ഇപ്പോൾ വേദനയുണ്ടോ?”
“കുറെശ്ശെ.”
“ഒരാഴ്ചകൂടി വെയിറ്റു ചെയ്യുകയാണു നല്ലതു്. ചൊറിച്ചിലുണ്ടെങ്കിൽ ഈർക്കിൽ പ്ലാസ്റ്ററിന്റെ അകത്തിട്ടു ചൊറിഞ്ഞാൽ മതി. സാരമില്ല. പ്ലാസ്റ്ററഴിച്ചാൽ ഒരാഴ്ചയ്ക്കകം വീണ്ടും സ്കൂട്ടറോടിക്കാറാവും. പോരെ?”
ഒരു വലിയ ഫലിതം. ഡോക്ടർ ഉറക്കെ ചിരിച്ചു. പിന്നെ സമ്മറല്ലെ വരുന്നതു്. ഈ നശിച്ച നഗരത്തിൽ നിന്നു രക്ഷപ്പെടേണ്ടേ? എങ്ങോട്ടു പോകാനാണു തീർച്ചയാക്കിയിരിക്കുന്നതു്? കുളൂ വാലിയിലേക്കു പൊയ്ക്കോളൂ. നല്ല സ്ഥലമാണു്. കഴിഞ്ഞകൊല്ലം ഞങ്ങൾ അങ്ങോട്ടാണു പോയതു്. ഇപ്രാവശ്യം ഊട്ടിക്കു പോകാനാണു് ഭാര്യ പറയുന്നതു്. എത്ര ദുരമുണ്ടു്?…
മുഖത്തു പറ്റിപ്പിടിച്ച ചിരിയുമായി എത്ര നേരം ഇരുന്നുവെന്നു് പ്രകാശന്നറിയില്ല. പിന്നെപ്പിന്നെ ശബ്ദങ്ങളെല്ലാം അവ്യക്തമാവുകയും, ഡോക്ടറും ചേമ്പറും ഇരുണ്ട ഗാലറിയിൽ തൂക്കിയിട്ട ഒരു പഴകിയ ചിത്രം പോലെ മങ്ങുകയും ചെയ്തപ്പോൾ പ്രകാശൻ പണിപ്പെട്ടു് എഴുന്നേറ്റു. വാതിൽ തപ്പിപ്പിടിച്ചു തുറന്നു. വാതിൽ ഒരു പടുകൂറ്റൻ കോട്ടവാതിൽപോലെയും അതിനു ചുവട്ടിൽ സ്വയം ഒരു ഈച്ചയെപ്പോലെ ചെറുതായും പ്രകാശന്നു തോന്നി. അയാൾ ഒരു വിധം പുറത്തു കടന്നു. പുറത്തെ ലോകം അയാൾക്കു വിചിത്രമായിത്തോന്നി. വെളിച്ചം നിറഞ്ഞ ഹാളിലെ തിരശ്ശീലയിൽ കാണിക്കുന്ന ചലച്ചിത്രം പോലെ ആളുകളും കെട്ടിടങ്ങളും, റെയിൽവേ സ്റ്റേഷനും മങ്ങി അപരിചിതമായിത്തോന്നി. ഈ വഴിയിൽക്കൂടിത്തന്നെയാണോ താൻ വന്നതു്?
മലകൾക്കിടയിലെ ഒരു ഗുഹയിലേക്കു പോവുകയാണെന്നു് അയാൾ സ്വയം വഞ്ചിച്ചു. ഗുഹയ്ക്കുള്ളിൽ ചുമരിൽ കുത്തിനിർത്തിയ പന്തങ്ങൾ. കത്തിച്ച പന്തവുമേന്തി ഒരു ഗുഹയിൽ നിന്നു മറ്റൊന്നിലേക്കു പ്രയാണം. താൻ അമ്പെയ്തുകൊന്ന മൃഗത്തിന്റെ മാംസം തീയിലിട്ടു വേവിക്കുന്ന തടിച്ച മുലകളുള്ള പെണ്ണു്. അവളുടെ വിയർപ്പു വാസനിച്ചുകൊണ്ടുള്ള സഹശയനം.
പ്രകാശൻ ഗെയ്റ്റ് കടന്നു. ഗെയ്റ്റിനകത്തു മുറ്റത്തു നിന്ന കുതിരവണ്ടിയിലേക്കു വീട്ടുസാമാനങ്ങൾ കയറ്റുന്നതു് കരുണാകരനാണെന്നു് അയാൾക്കു മനസ്സിലായില്ല. എല്ലാം രസം അടർന്ന മുഖകണ്ണാടിയിൽ കാണുന്ന പോലെ അവ്യക്തവും ശിഥിലവുമായിരുന്നു, സാവധാനത്തിൽ കോണികയറി മൂന്നാംനിലയിലെത്തി. പോകുമ്പോൾ മുറി പൂട്ടാൻ മറന്നുവെന്നു് അപ്പോഴാണു മനസ്സിലായതു്. അയാൾ കട്ടിലിൽ വന്നിരുന്നു. കിടക്കയിൽ വെച്ച പൊതി നിവർത്തി. രോമക്കുപ്പായങ്ങൾ ഓരോന്നോരോന്നായി എടുത്തു ധരിച്ചു. സ്കാർഫ് എടുത്തു കഴുത്തിൽ ചുറ്റി. പിന്നെ മടക്കിവെച്ച രജായി എടുത്തു നിവർത്തി അതിനുള്ളിലേക്കു നൂണുകയറി.
യാതൊരു മുന്നറിയിപ്പും തരാതെ, യാത്രപോലും പറയാതെ പോയ തന്റെ ഇഷ്ടകാമുകിയെ ഓർത്തു വിഷാദിച്ചു് അയാൾ കിടന്നു.