images/munch-fantasia-di-parole-e-paesaggi.jpg
Girls on the Bridge, a painting by Edvard Munch (1863–1944).
ചുമരിൽ ചിത്രമായി മാറിയ അച്ഛൻ

ആദ്യത്തെ പടിയായിരുന്നു കൂടുതൽ ഉയരം. കുഞ്ഞിക്കാൽ കയറ്റി വെച്ചു് അതു കയറിയപ്പോൾ അടുത്ത മൂന്നു പടികളും വിഷമമില്ലാതെ തരണം ചെയ്തു. മൊസൈക്കിട്ട വരാന്തയിലെത്തിയപ്പോൾ എഴുന്നേറ്റുനിന്നു് കൈകൊട്ടി ഉറക്കെ ചിരിക്കാൻ തുടങ്ങി ഗിരീശൻ.

ആദ്യം ഓടിവന്നതു് ഡോക്ടറമ്മാവനായിരുന്നു. വരാന്തയിൽനിന്നു് കൈകൊട്ടിക്കളിക്കുന്ന ആളെ കണ്ടപ്പോൾ അകത്തേക്കു നോക്കി അയാൾ വിളിച്ചു പറഞ്ഞു:

“ലതേ, നോക്കൂ, ഇതാരാ വന്നിരിക്കണതു്?”

ലത വന്നു നോക്കിയപ്പോഴേക്കു് കാലുകൾ താളത്തിൽ വെച്ചു് കൈകൊട്ടി നൃത്തം തുടങ്ങിയിരുന്നു.

“മോനെങ്ങനെ വന്നു? ഒറ്റയ്ക്കാണോ?” ലത ചുറ്റും നോക്കി. “ആരുമില്ല.”

വീട്ടിൽ അപ്പോഴേക്കു ബഹളമായിരുന്നു.

അമ്മമ്മ ഉമ്മറത്തു വന്നു നോക്കിയപ്പോൾ മോൻ ഇല്ല. അകത്തു തളത്തിൽ ലതിക ഒരു മാസികയും വായിച്ചിരിക്കുന്നു.

“മോനെവിടെ? ഒന്നു നോക്കു പെണ്ണെ. അല്ലെങ്കിലും ഈ പെണ്ണിനു് മോന്റെ കാര്യത്തിൽ ഒരു ചൂടുംല്യ.”

ലതിക പുസ്തകവും നിലത്തിട്ടു് എഴുന്നേറ്റു. “ഈ ചെക്കൻ!.”

അപ്പോഴേക്കു് മുത്തച്ഛൻ പുറത്തെ സ്വീകരണമുറിയിൽനിന്നു് വിളിച്ചു പറഞ്ഞു. “മോൻ ഡോക്ടറമ്മാവന്റെ വീട്ടിലുണ്ടു്. ഈ അമ്മമ്മയൊന്നു പരിഭ്രമിക്കാതിരിക്ക്വോ?”

മുത്തച്ഛൻ പുറത്തെ മറിയിലിരുന്നു കൊണ്ടു പേരക്കുട്ടിയുടെ പുരോഗതി നോക്കുന്നുണ്ടായിരുന്നു. ഉമ്മറത്തു നില്ക്കുന്ന അമ്മമ്മയ്ക്കു മുത്തച്ഛനെ കാണാൻ പറ്റില്ല.

ഡോക്ടറമ്മാവന്റെ വീട്ടിലെത്തിയ ഗിരീശൻ തന്റെ സർവ്വെ തുടങ്ങി. തളത്തിൽ എത്തിയപ്പോൾ ഫോൺ ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു. “ണിം ണിം. അലോ!.”

ഷോകേസിന്റെ മുമ്പിൽ കുറെ നേരം നിന്നു. പിന്നെ പാവക്കുട്ടികൾക്കിടയിൽ കണ്ണും തുറിപ്പിച്ചു നില്ക്കുന്ന നായ്ക്കുട്ടിയെ ചൂണ്ടി അവൻ പറഞ്ഞു: “ഭൗ ഭൗ, ഡാക്ടറമ്മാവൻ പേടി അഭിനയിച്ചു. അയ്യോ മോനെ, ഭൗ ഭൗ കടിക്കുമോ? അവൻ കുഞ്ഞിക്കണ്ണു വലുതാക്കി ചുണ്ടു കൂർപ്പിച്ചു പറഞ്ഞു. ഭൗ ഭൗ.”

വീണ്ടും നടന്നപ്പോൾ എത്തിയതു് ഡോക്ടറമ്മാവന്റെ കൺസൽട്ടേഷൻ മുറിയിലാണു്. ചില്ലലമാരിയിൽ വെച്ച മരുന്നു കുപ്പികൾ ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു: “മന്ന്, മന്നു്.”

“മോനു് മരുന്നു വേണോ?”

അയാൾ അലമാരിയിൽനിന്നു് കാൽസിയം സിറപ്പിന്റെ ഒരു കുപ്പിയെടുത്തു് അവന്റെ കൈയിൽ കൊടുത്തു.

“മോനെ, നിലത്തിടല്ലെ.”

അവൻ കുപ്പി കൈയിൽ വാങ്ങി ഉറക്കെ ചിരിച്ചു. വീണ്ടും യാത്ര തുടങ്ങി. എത്തിച്ചേർന്നതു് അടുക്കളയിൽ. പിന്നാലെ ഡോക്ടറമ്മായിയുമുണ്ടായിരുന്നു. അടുക്കളയിലെത്തിയപ്പോൾ അവൻ തിരിഞ്ഞു ഡോക്ടറമ്മായിയോടു പറഞ്ഞു:

“പാപ്പ.”

“ശരിയായി.” അവൾ പറഞ്ഞു. “പാപ്പ തന്നാൽ നിന്റെ അമ്മ എന്നെ തല്ലില്ലെ? ഇനി അമ്മ ഒന്നും ചെയ്തില്ലെങ്കിൽക്കൂടി നിന്റെ അച്ഛനറിഞ്ഞാൽ ശരിയായി.”

അച്ഛൻ എന്ന വാക്കു കേട്ടയുടനെ അവൻ നിശ്ശബ്ദനായി ആലോചിക്കാൻ തുടങ്ങി. പിന്നെ അച്ഛ, അച്ഛ എന്നു പറഞ്ഞു കൊണ്ടു തിരിഞ്ഞു് ഓടി. അടുക്കളയിൽ നിന്നു തളത്തിലേക്കു്, തളത്തിൽനിന്നു പൂമുഖത്തേക്കു്. പിന്നെ ഒതുക്കുകൾ ചടുപിടുന്നനെ ഇറങ്ങി കോൺക്രീറ്റിട്ട മുറ്റത്തുകൂടെ അവന്റെ വീട്ടിലേക്കോടി. അരഞ്ഞാണിന്റെ മുത്തുമണി അവൻ ഓടുന്നതിനനുസരിച്ചു് ഇളകി അവന്റെ ചുക്കുമണിമേൽ നൃത്തം വയ്ക്കുന്നതു മുത്തച്ഛൻ കണ്ണട ശരിയാക്കി നോക്കി. വീട്ടിന്റെ ഒതുക്കുകല്ലുകൾ ചെറുതായതു കൊണ്ടു് അവനു വേഗം കയറാം. ഉമ്മറത്തു നിന്നു തളത്തിലേക്കു് അവൻ ഓടി. തളത്തിൽ ചുമരിന്നരികെ അവൻ നിന്നു.

അച്ഛൻ ചുമരിൽ ഒരു ചിത്രമായി മാറിയിരുന്നു.

ഗീരീശൻ കുറേനേരം അച്ഛനെ നോക്കി നിന്നു. മുഖത്തു പറ്റിപ്പിടിച്ച ചിരിയുമായി അച്ഛൻ നിന്നു. അവൻ കൈയുയർത്തി മാടി വിളിച്ചു.

“അച്ഛാ വാ, വാ.”

അച്ഛൻ ചുമരിൽ ചിത്രമായി ചിരിച്ചു കൊണ്ടു നിന്നു.

“അയ്യേ, ഗിരീശൻ ട്രൗസറിട്ടിട്ടില്ലെ? പെൺകുട്ടികളൊക്കെണ്ടല്ലൊ അവിടീം ഇവിടീം.”

അമ്മയാണു്. ചെറിയമ്മയുടെ എട്ടുമാസമായ മോൾ തളത്തിൽ നീന്തിക്കളിച്ചിരുന്നു.

“നാ നാ.” അമ്മ ട്രൗസറുമായി വന്നപ്പോൾ അവൻ പറഞ്ഞു, “നാ നാ.”

“അയ്യയ്യോ, പറ്റില്ല. ഇതിടൂ.”

അമ്മ കുനിഞ്ഞു് അവനെ ട്രൗസറിടീച്ചു. ആദ്യം ഇടത്തെ കാൽ, ഒരു കാൽ പൊന്തിക്കുമ്പോൾ അവൻ താങ്ങിനായി അമ്മയുടെ ചുമലിൽ ചാരി. അവന്റെ കാര്യം എല്ലാം അങ്ങിനെയായിരുന്നു. ആദ്യം ഒന്നു പ്രതിഷേധിച്ചു നോക്കും, പറ്റിയില്ലെങ്കിൽ പിന്നെ നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്ന മട്ടിൽ സമ്മതിച്ചു കൊടുക്കും.

ട്രൗസറിടീച്ചു് എഴുന്നേല്ക്കാൻ നോക്കുമ്പോഴാണു് അമ്മ കണ്ടതു്. അവന്റെ ഇടത്തെ കൈയിന്റെ തള്ളവിരൽ വായിലെത്തിയിരിക്കുന്നു.

“എവിടെ മോനെ നിന്റെ വിരൽ?”

വായിൽ നിന്നു വിരലെടുക്കാതെ അവൻ പറഞ്ഞു.

“കാക്കു.”

“വെശക്ക്ണ്ണ്ടോ? അമ്മമ്മയോടു പാലു തരാൻ പറെ.”

പറയാതെതന്നെ അമ്മമ്മയ്ക്കു പേരക്കുട്ടിയുടെ ആവശ്യങ്ങൾ അറിയാമായിരുന്നു. അവൻ പാല്ക്കുപ്പിയുമായി എത്തിയിരിക്കുന്നു. പാൽക്കുപ്പി കണ്ടയുടനെ ഗിരീശനു സന്തോഷമായി. അവൻ പാടാൻ തുടങ്ങി.

“മമ്മമ്മാ പായീ.”

അമ്മമ്മടെ മടീലിയ്ക്കു് ഓടിവരു മോനെ.

അവൻ ഓടിപ്പോയി അമ്മമ്മയുടെ മടിയിലേക്കു വീണു കമിഴ്‌ന്നുകിടന്നു വീണ്ടും വിരൽ കടിക്കാൻ തുടങ്ങി.

എല്ലാവരും ചിരിച്ചു. എങ്ങനെയാണു കമിഴ്‌ന്നു കിടന്നാൽ പാൽ കുടിക്ക്യാ?

അവൻ എഴുന്നേറ്റു മലർന്നു കിടന്നു.

“അമ്മേ, കുപ്പി അവന്റെ കൈയിൽ കൊടുക്കൂ. അവൻ സ്വന്തം കുടിക്കട്ടെ. മന്തനായിരിക്കുന്നു.”

അവൻ അമ്മമ്മയുടെ കാലിൽ മലർന്നു കിടന്നു് കാലിന്മേൽ കാലും കയറ്റിവെച്ചു പാൽ കുടിച്ചു.

“ഇനി നീ പോയി കുളിക്കു്. അമ്മ നോട്ടുപുസ്തകം എടുത്തു മുകളിൽ പോയി എഴുതിത്തുടങ്ങി. എന്റെമാത്രം ചന്തക്കാരനു്… ”

“തുടക്കം അവളെ സംബന്ധിച്ചിടത്തോളം എളുപ്പമാണു്. മോൻ ദിവസം കൂടും തോറും വികൃതിയാവുന്നുണ്ടു്. അച്ഛനു് ഇതൊന്നും കാണാൻ പറ്റില്ലല്ലൊ. പാവം, ഒന്നു വേഗത്തിൽ വരൂ. ഈ മാസം അവസാനമാവാനൊന്നും നില്ക്കണ്ട. എനിക്കു കാണാൻ ധൃതിയായി. പിന്നെ ഞാൻ വരുന്നകാര്യം എഴുതിയില്ലേ? ഈ പ്രാവശ്യം ഞാൻ എന്തായാലും വരാം. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെയാവില്ല… ”

“പിന്നെപ്പിന്നെ താൻ എഴുതുന്നതിന്റെ അസ്വാഭാവികത അവൾക്കു മനസ്സിലായിത്തുടങ്ങി. അതോടെ എഴുതുന്നതും വിഷമമായി. ശരിക്കും ഉദ്ദേശിച്ചുതന്നെയാണോ താൻ എഴുതുന്നതു്? ഈ പ്രാവശ്യം ഭർത്താവൊന്നിച്ചു പോകാൻ ശരിക്കും ഉദ്ദേശമുണ്ടോ? അറിയില്ല, അറിയില്ല.”

“നീ കത്തിൽ അനാവശ്യമൊന്നും എഴുതണ്ട.”

മുത്തച്ഛൻ മുറിയിലേക്കു കടന്നുവന്നു.

“നീ ഈ പ്രാവശ്യം രവി വന്നാൽ ഒപ്പം പോകും. അതു തീർച്ചയാണു്. പാവം കുട്ടി അവൻ ഒറ്റയ്ക്കു് അവിടെ എങ്ങനെ കഴിച്ചു കൂട്ടുന്നു ആവോ?”

ഞാൻ പോവാംന്നുതന്നെയാണു് എഴുതിയതു്.

“നോക്കട്ടെ.” അച്ഛൻ അവളുടെ അടുത്തേക്കു വന്നു.

ലതിക പെട്ടെന്നു് എഴുതികൊണ്ടിരുന്ന കത്തു് ഒളിപ്പിച്ചുവെച്ചു.

“കുട്ടികൾക്കൊന്നും വായിക്കാൻ പാടില്ല ഇതു്. അഡൽട്സ് ഒൺലി.”

മുത്തച്ഛൻ ഒരു ചെറിയ കുട്ടിയെപ്പോലെ കണ്ണുതിരുമ്മി കരയുന്ന മാതിരി കാണിച്ചു പോയപ്പോൾ ലതിക വീണ്ടും എഴുതാൻ തുടങ്ങി:

“നോക്കൂ, എനിക്കു കാണാൻ ധൃതിയായി. ഒന്നു വേഗം വരൂ.”

എഴുതിക്കഴിഞ്ഞ കത്തു് ഉറയിലാക്കി ലതിക താഴേക്കു വന്നപ്പോഴേക്കും മോൻ ഉറങ്ങിക്കഴിഞ്ഞിരുന്നു. തള്ളവിരൽ അവന്റെ വായിൽ നിന്നെടുത്തു മാറ്റി, ഫാനിന്റെ വേഗംകൂട്ടി. അവൾ കത്തു പോസ്റ്റു് ചെയ്യാൻ പോയി.

തിരിച്ചുവന്നപ്പോൾ അമ്മമ്മ പറഞ്ഞു: “ലതികേ, ഒന്നു കുളിക്കാൻ നോക്കൂ. കണ്ടില്ലെ പെണ്ണിന്റെ ഒരു നടത്തം! തലമുടിയും പറപ്പിച്ചു കൊണ്ടു്. മോന്റെ കാര്യത്തിലോ, ഒരു ശ്രദ്ധയുമില്ല. എന്നാൽ സ്വന്തം കാര്യത്തിലെങ്കിലും കുറച്ചു ശുഷ്കാന്തികാണിച്ചാലെത്ര നന്നു്.”

മുത്തച്ഛൻ അവളെ നോക്കി. കണ്ണിറുക്കി കളിയായി പറഞ്ഞു:

“ഇങ്ങനെ അമ്മയെക്കൊണ്ടു പറയിപ്പിക്കണോ കുട്ടി?”

രാവിലെ ഉണർന്നു് കൈയും കാലും നീട്ടി മൂരിനിവർന്നു് കുഞ്ഞിക്കണ്ണു മിഴിച്ചപ്പോൾ അച്ഛൻ അടുത്തുണ്ടായിരുന്നു. ശരിക്കുള്ള അച്ഛൻ. അയാൾ മോൻ ഉണരുന്നതും കാത്തിരിക്കയായിരുന്നു. അവൻ വിളിച്ചു:

“അച്ഛാ!.”

അയാൾ അവനെ വാരിയെടുത്തു് ഉമ്മവെയ്ക്കാൻ തുടങ്ങി. ഒരു വട്ടം. രണ്ടു വട്ടം. മൂന്നാമത്തെ വട്ടമായപ്പോൾ അവൻ കരയാൻ തുടങ്ങി. അപ്പോഴേക്കും അമ്മ ഇടപെട്ടു. അച്ഛനൊന്നു പോയി താടി വടിക്കു്. എന്നിട്ടു മതി ഉമ്മയൊക്കെ.

അയാൾ താടി തടവി നോക്കി. രണ്ടു ദിവസത്തെ വളർച്ചയുള്ള കുറ്റിരോമങ്ങൾ. മോന്റെ കവിളിൽ ചുവന്ന പാടുകൾ. “സാരല്യടാ, അച്ഛൻ ഉമ്മവെച്ചതല്ലേ!.”

അപ്പോൾ അമ്മയും സ്വന്തം കവിൾ തലോടുന്നുണ്ടായിരുന്നു. അരമണിക്കൂർ മുമ്പു് ഗെയ്റ്റിനു പുറത്തു ടാക്സിയുടെ ശബ്ദം കേട്ടപ്പോൾ ആദ്യം എഴുന്നേറ്റതു് അവളായിരുന്നു. അവൾ കോണി ചാടിയിറങ്ങുന്ന ശബ്ദം കേട്ടാണു് മുത്തച്ഛനും അമ്മമ്മയും ഉണർന്നതു്.

“ഞാൻ ഉറങ്ങാതെ കെടക്ക്വായിരുന്നു.”

അവൾ പറഞ്ഞു.

“ഞാൻ ഏഴുമണിയുടെ വണ്ടിക്കു വരുംന്നല്ലേ എഴുതിയിരുന്നതു്?”

“നീ നേർത്തെ വരുമെന്നെനിക്കറിയാം.”

“ലതികേ, അമ്മ ചുവട്ടിൽനിന്നു വിളിക്കുകയാണു്. ചായയായി, വരൂ.”

“ഈ അമ്മ!” അവൾ മുഖം വീർപ്പിച്ചു.

“ചായ!” അയാൾ കിടക്കയിൽനിന്നു ചാടിയെഴുന്നേറ്റു് വാതില്ക്കലേക്കോടി.

“സങ്കടായി.” ലതിക കണ്ണുതിരുമ്മി പറഞ്ഞു. “ചായ എന്നു കേട്ടപ്പോ അമ്മയും വേണ്ട, മോനും വേണ്ട.”

ദുഃഖമഭിനയിച്ചു് കണ്ണുതിരുമ്മി ലതിക കിടക്കയിലിരിക്കുന്നതു് അയാൾ തിരിഞ്ഞു നോക്കി. ഗിരീശൻ അമ്മയെ ശ്രദ്ധിക്കുകയായിരുന്നു. അമ്മയുടെ ദുഃഖം അവന്നു സഹിച്ചില്ല. അവൻ എഴുന്നേറ്റു് അമ്മയുടെ കഴുത്തു കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മവെച്ചു. “ഉമ്മാ.”

“ഈ പയ്യൻ എന്നെ അസൂയാലുവാക്കുന്നല്ലോ!” അയാൾ പറഞ്ഞു.

“അച്ഛൻ കൊതിച്ചോട്ടെ, അല്ലേ?”

“അച്ഛ പോ.” അവൻ കൈകൊണ്ടു് ആംഗ്യം കാട്ടി പറഞ്ഞു.

ശരി പൊയ്ക്കളയാം. താഴെ തന്നെയും കാത്തു് ചൂടുള്ള ചായ കാത്തിരിക്കുന്നു, തല്ക്കാലം അതാണു കൂടുതൽ ആകർഷകം.

പ്രാതലിന്റെ സമയത്തു് മോനും അച്ഛനുമായി വീണ്ടും ലോഗ്യമായി. അച്ഛന്റെ മടിയിലിരുന്നു് ഇഡ്ഡലി പകുതി അവന്റെ വയറ്റിലും പകുതി നിലത്തുമാക്കി പ്രാതൽ എന്ന കൃത്യം നിർവ്വഹിക്കുമ്പോൾ അവനു വേറെ ആരും വേണ്ട.

“അമ്മ പോ.”

“ചചച്ചാ പോ.”

“മമ്മമ്മ പോ.”

“ഓ, ഒരു അച്ഛൻകുട്ടി വന്നിരിക്കുന്നു! എല്ലാവരും മുഖം വീർപ്പിച്ചു. കണ്ടില്ലേ, അച്ഛൻ വന്നപ്പോഴേക്കു് അവനു് ആരും വേണ്ട.”

“അങ്ങനെതന്നെ. എല്ലാവരും കൊതിച്ചോട്ടെ, അല്ലെ?” അച്ഛൻ പറഞ്ഞു. “പക്ഷേ, അച്ഛന്റെ നിലയും അത്ര അസൂയാർഹമായിരുന്നില്ല. തലയിലും മുഖത്തും ഇഡ്ഡലിയുടെ കഷ്ണങ്ങൾ. അവനു് ഓരോ പ്രാവശ്യം സ്നേഹം കൂടുമ്പോഴും അച്ഛനെ പിടിച്ചു് ഉമ്മവെയ്ക്കുമ്പോൾ കിട്ടുന്നതാണു്. ഷർട്ടിൽ ചായതട്ടിമറിഞ്ഞിരുന്നു. പ്രാതൽ തുടങ്ങിയിട്ടു് കുറച്ചു നേരമായെങ്കിലും അച്ഛനു് ഇതുവരെ ഒന്നും തിന്നാൻ കഴിഞ്ഞിരുന്നില്ല.”

അച്ഛന്റെ സ്ഥിതി ഏകദേശം മനസ്സിലായപ്പോൾ അവൻ മേശപ്പുറത്തുകയറി ഇഡ്ഡലിയെടുക്കാൻ വേണ്ടി പാത്രത്തിൽ കൈയിട്ടു പാത്രം കാലിയായിരുന്നു. അമ്മമ്മ ബുദ്ധിപൂർവ്വം അതിലുള്ള പലഹാരങ്ങളെല്ലാം മാറ്റി വെച്ചിരുന്നു. അവൻ കൈമലർത്തി പറഞ്ഞു: “പാപ്പ അഞ്ഞു.”

പിന്നെ സമയം നീണ്ടുപോയപ്പോൾ എല്ലാം നല്ലപന്തിയല്ലെന്നു് അവനു മനസ്സിലായി. മുത്തച്ഛന്റെയും, അമ്മമ്മയുടെയും കണ്ണുകളിൽ ദേഷ്യവും പരിഭ്രമവുമുണ്ടായിരുന്നു. അമ്മ സംസാരിക്കുന്നേയില്ല. അച്ഛൻ മാത്രം അവനെ കൊഞ്ചിച്ചു. മോനു് കുതിരയുടെ പുറത്തിരുന്നു് ആടാം അല്ലേ! മോനു് സൈക്കിളിൽ കയറണോ?

അകത്തുനിന്നു് മുത്തച്ഛന്റെ ശബ്ദം ഉയർന്നു വന്നു. ഒപ്പം അമ്മയുടെയും. എല്ലാം അമ്മയുടെ നേർക്കാണെന്നു് ഗിരീശന്നു മനസ്സിലായി. അമ്മയാകട്ടെ തളത്തിൽ നിലത്തിരുന്നു് ഭാവഭേദമില്ലാതെ ചീർപ്പുകൊണ്ടു് തലമുടി ചീന്തി ഇമ്പുച്ചിയെ എടുക്കുകയായിരുന്നു. അവൻ സൈക്കിളിൽ നിന്നിറങ്ങി അമ്മയുടെ അടുത്തേക്കോടി. അമ്മയുടെ പുറത്തു കയറി തലമുടിയിൽ വിരലോടിച്ചു പറഞ്ഞു. “ഇമ്പുളു.”

“ഈ മന്തനു് ഒന്നും പറയാൻ അറിയില്ല, അമ്മ പറഞ്ഞു. ടൈംപീസിനും ഇമ്പുളു, പേനിനും ഇമ്പുളു.”

“അവൻ അത്രയ്ക്കുതന്ന്യേ ആയിട്ടുള്ളു, അമ്മമ്മ!.”

“കുട്ടീ ഞാൻ പറയുന്നതു കേൾക്ക്ണ്ണ്ടോ? മുത്തച്ഛന്റെ ശബ്ദം ഉയർന്നു തന്നെയായിരുന്നു. എഴുന്നേറ്റു് സാരിയെല്ലാം ഇസ്തിരിയിട്ടു വെക്കൂ. മോന്റെ ഉടുപ്പുകൾ എവിട്യൊക്ക്യാന്നു നോക്കി അതും എടുത്തുവെക്കു.”

“മോന്റെ ഉടുപ്പുകളെല്ലാം ഞാൻ അലമാരിയിൽ എടുത്തുവെച്ചിട്ടുണ്ടു്, അതു് എടുത്തുവെക്ക്യേ വേണ്ടു, അമ്മമ്മ പറഞ്ഞു, അവളുടെ ഡ്രസ്സ് മാത്രം ഒരുക്ക്യാ മതി. ഒന്നു് എഴുന്നേല്ക്കു കുട്ടീ. അപ്പോൾ ഇത്രേ്യം സമയം പറഞ്ഞതൊക്കെ ആരോടാ?”

“ഞാൻ ഈ പ്രാവശ്യം രവീടെ ഒപ്പം പോണില്യ.”

“പിന്നെ എപ്പൊഴാ എഴുന്നള്ളത്തു്? മുത്തച്ഛൻ.”

“അടുത്തമാസം ഞാൻ മോനേം കൂട്ടി പൊയ്ക്കോണ്ടു്.”

“ഇതറിയാൻ വേണ്ടിയാണല്ലോ, പാവം ആ കുട്ടി ശമ്പളമില്ലാതെ ലീവുമെടുത്തു് രണ്ടുദിവസത്തെ യാത്രയും കഴിഞ്ഞു വന്നതു്? നീ എന്നെക്കൊണ്ടു പറയിപ്പിക്കണ്ട. എന്താ നിനക്കു് ഇപ്പൊത്തന്നെ പോയാലു്?”

“നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല്യ.” അവൾ മുഖം വീർപ്പിച്ചു.

“ചെക്കാ, പോണ്ണ്ടോ ഇവിടുന്നു്. എന്റെ തലമുടി പറിഞ്ഞുപോന്നു. പോ അവിടുന്നു്.”

“നോക്കു്, നിനക്കു് ശിക്ഷിക്കലു് കുറച്ചു കൂടുന്നുണ്ടു്. മോനിങ്ങോട്ടു പോരെ.” അമ്മമ്മ ഗിരീശനെ എടുത്തു പുറത്തു കടന്നു.

“അമ്മ പോ. അമ്മ മാമു ഇയ്യാ.”

അവന്റെ ശിക്ഷിക്കലാണതും.

മുത്തച്ഛൻ പൊടിക്കുപ്പിയെടുത്തു പൊടിവലിക്കാനുള്ള ശ്രമത്തിലാണു്. ലതിക എഴുന്നേറ്റു്, തലമുടി പിന്നിൽ ഒന്നായി മടക്കിക്കെട്ടി കോണികയറി മുകളിലേക്കു പോയി.

അഞ്ചുമിനിറ്റു കഴിഞ്ഞപ്പോഴേക്കും രവി മുകളിലെത്തിയിരുന്നു. ലതിക കിടയ്ക്കയിൽ കമിഴ്‌ന്നു കിടക്കുകയായിരുന്നു. അയാൾ അവളോടു ചേർന്നു കിടന്നു.

അവൾ തിരിഞ്ഞു് അയാളെ കെട്ടിപ്പിടിച്ചു. രണ്ടു മാസമായി കെട്ടിനിർത്തിയ വികാരം രണ്ടുപേരിലും അണപൊട്ടിയൊഴുകി. അയാൾ പറഞ്ഞു: “വാതിലടയ്ക്കട്ടെ.”

“അയ്യേ, വേണ്ട. വാതിലടയ്ക്കുന്നതു് പുറത്തുനിന്നു കാണാൻ പറ്റും.”

“ആരെങ്കിലും വന്നാലോ?”

“നമ്മൾ രണ്ടുപേരും മാത്രം ഇവിടെയുള്ളപ്പോൾ മുകളിലേക്കു് ആരും വരില്ല. അവർക്കറിയാം നമ്മൾ വല്ലതും ഒപ്പിക്ക്യായിരിക്കുംന്നു്.”

“നമുക്കു വാതിൽ ചാരാം.”

അവൾ അർദ്ധസമ്മതത്തോടെ മൂളി.

അയാൾ എഴുന്നേറ്റു വാതിൽ ചാരി തിരിച്ചു വന്നു.

“ഒന്നും അഴിക്കേണ്ടട്ടോ. ആരെങ്കിലും അഥവാ വര്വാണെങ്കിൽ ഇടാനൊന്നും സമയമുണ്ടാവില്ല.”

“ശരി, സമ്മതിച്ചു.”

“കഴിഞ്ഞ രണ്ടുമാസം ഞാനില്ലാത്തപ്പോൾ നീ എന്താ ചെയ്തതു്? വേഗം പറഞ്ഞോ,” അവൾ ചോദിച്ചു, “എത്ര പെൺകുട്ടികളുണ്ടായിരുന്നു?”

“ആരുമില്ലായിരുന്നു,” അയാൾ പറഞ്ഞു, “ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ഓടിവരില്ലായിരുന്നു. ഓരോ കത്തിലും നിന്നോടു വരാൻവേണ്ടി നൂറു പ്രാവശ്യം എഴുതുകയുമില്ലായിരുന്നു.”

“എന്റെ കണ്ണനു് ന്നെ നല്ലഷ്ടണ്ടു്.” അവൾ രവിയെ ഓമനിച്ചു. “ഒറ്റയ്ക്കു താമസിച്ചപ്പോൾ സങ്കടം വന്നുവോ?”

അയാൾ ചിരിച്ചു. അവൾ ഓമനിക്കുന്നതു് അയാൾക്കിഷ്ടമായിരുന്നു. അവൾ ഒട്ടും മാറിയിട്ടില്ല. പഴയ ഭ്രാന്തിപ്പെണ്ണുതന്നെ, അയാൾ സന്തോഷിച്ചു. അവളുടെ നർമ്മബോധം ഇല്ലായിരുന്നെങ്കിൽ ഇതിനകം തന്റെ സമനില തെറ്റിയിട്ടുണ്ടാകുമായിരുന്നു.

അവൾ കിതപ്പിനിടയിൽ പറഞ്ഞു: “നമുക്കു ചെയ്യ്യാ!.”

“പാടില്ല,” അയാൾ പറഞ്ഞു, “ഇപ്പോഴോ?”

“വേണം. നീ കാരണം തന്നെയാണു്.”

അങ്ങനെ പുരോഗതി പ്രാപിക്കുമ്പോൾ ചുവട്ടിൽ നിന്നു് അമ്മയുടെ വിളി: “ലതികേ!.”

“ഈ അമ്മ!” അവൾ ചാടിയെഴുന്നേറ്റു് ഉലഞ്ഞ സാരി തട്ടി നേരെയാക്കി. ചിതറിയ തലമുടി കെട്ടി വച്ചു് ആവുന്നത്ര സൗമ്യമായി അവൾ വിളികേട്ടു: “എന്താ അമ്മേ?”

“മോൻ അച്ഛനെ വിളിക്കുന്നുണ്ടു്.” അമ്മമ്മ പറഞ്ഞു: “അവനു മാമു കൊടുക്കാൻ അച്ഛൻ തന്നെ വേണത്രെ. ഇതാ വരുന്നു.”

അയാൾ നിരാശനായി കമിഴ്‌ന്നുകിടന്നു. അവൾ അയാളുടെ താടി പിടിച്ചു കൊഞ്ചിച്ചു: “സാരല്യടാ കണ്ണാ. നമുക്കു് ഊണു കഴിച്ചിട്ടു വീണ്ടും വരാം. അച്ഛങ്കുട്ടിക്കു് മാമു കൊടുക്കാനും അച്ഛൻ തന്നെ വേണത്രെ. വേഗം ഷർട്ടിട്ടു താഴേക്കു വാ.”

അവൾ നടന്നു കഴിഞ്ഞു.

അയാൾ ഷർട്ടിട്ടു് കട്ടിലിന്നടിയിലേക്കു തെറിച്ചുപോയ സ്ലിപ്പറുകൾ തപ്പിയെടുത്തു താഴേക്കു നടന്നു. കോണിയിലെത്തിയപ്പോൾത്തന്നെ അമ്മയും മോനും കൂടിയുള്ള സംഭാഷണം കേട്ടുതുടങ്ങി. വിഷയം നാട്ടിലെ കാക്കകൾ, കോഴികൾ, നായക്കുട്ടി, പൂച്ചക്കുട്ടി, അച്ഛൻ.

ഇവൾ സൂത്രക്കാരിതന്നെ. ഇവൾ എന്റെ പേർ ഉപയോഗിച്ചു് അവനു ചോറുകൊടുക്കുന്നു.

തളത്തിലെത്തിയപ്പോഴേക്കു് സംഗതികൾ വലിയ മോശമില്ലാതെയാണു നടക്കുന്നതെന്നു് അയാൾ കണ്ടു. ലതിക പറയുന്ന ഓരോ വാചകത്തോടൊപ്പം ഗിരീശൻ വായ തുറന്നു് ഓരോ ഉരുള അകത്താക്കുന്നുണ്ടു്. തന്നെ ഇപ്പോൾ കണ്ടാൽ അബദ്ധമാണു്. അയാൾ പെട്ടെന്നു് അവൻ കാണാതെ ഉമ്മറത്തേക്കു വലിഞ്ഞു.

ഉമ്മറത്തു് മുത്തച്ഛൻ ചാരുകസേരയിൽ ഇരിക്കുകയാണു്. രവിയെ കണ്ടപ്പോൾ അയാൾ വിളിച്ചു. ചാരുകസേരയുടെ ഇടത്തുവശത്തു് കൈയുള്ള കസേരയിൽ അയാൾ ഇരുന്നു. മുത്തച്ഛൻ നിവർന്നിരുന്നു് മടിക്കുത്തിൽ നിന്നു രണ്ടു ടിക്കറ്റുകൾ പുറത്തെടുത്തു വളരെ സൂക്ഷിച്ചു് രവിക്കു കൊടുത്തു. നാളെക്കുത്തന്നെ ടിക്കറ്റു കിട്ടാൻ നന്നെ പാടുപെട്ടു. കേരളയ്ക്കാണു്. രാത്രി എട്ടേമുക്കാലിനാണു്. ലതിക ഇപ്രാവശ്യവും പോണില്ല്യാന്നൊക്കെ പറയ്ണ്ണ്ടു്. പക്ഷേ, എന്റെ വിശ്വാസം അവൾ അവസാനനിമിഷത്തിൽ വരുംന്നു തന്ന്യാണു്. ഞാൻ കഴിയണതും പറഞ്ഞു നോക്കാം.

രവി വൃദ്ധന്റെ ആത്മാർത്ഥമായ മുഖം ശ്രദ്ധിച്ചു. ചിരിക്കുന്ന കണ്ണുകളിൽ ഉരുണ്ടു കൂടുന്ന ജലകണങ്ങൾ മറയ്ക്കാനായിരിക്കണം അദ്ദേഹം മടിയിൽനിന്നു പൊടിക്കുപ്പിയെടുത്തു് പൊടിവലിച്ചു. പിന്നെ സാവധാനത്തിൽ പറഞ്ഞു:

“മക്കളെ ലാളിക്കുന്നതു് ഒരു തെറ്റാണോന്നു് എനിക്കറിയില്ല. ആണെങ്കിൽ ആ തെറ്റു ഞാൻ വളരെ ചെയ്തിട്ടുണ്ടു്. അങ്ങനെ ലാളിച്ചു കേടുവരുത്തിയതിനുള്ള കുറ്റം ഞാൻ സമ്മതിക്കുന്നു. പക്ഷേ, കല്യാണത്തിനുശേഷം അവളെ ലാളിച്ചു കേടു വരുത്തിയതിനുള്ള കുറ്റം രവിയും ഏല്ക്കണം. അപ്പോൾ ഈ കുറ്റത്തിനുള്ള ശിക്ഷ നമുക്കു രണ്ടു പേർക്കും തുല്യായി പങ്കിടാം. ഞാൻ എനിക്കുള്ള ശിക്ഷ അനുഭവിക്കുന്നുണ്ടു്.”

മുത്തച്ഛന്റെ മുഖത്തുള്ള പ്രസാദം തീരെ മാഞ്ഞിരുന്നു. അദ്ദേഹം നിശ്ശബ്ദനായി കരയുകയായിരുന്നു. കണ്ണീർ ചാലുകളായി ഒഴുകുന്നതു തുടയ്ക്കാൻ മിനക്കെടാതെ അദ്ദേഹം കരഞ്ഞു. രവി ആ വൃദ്ധന്റെ നരച്ച തലമുടിയിലേക്കും താടിയിലെ നരച്ച കുറ്റിരോമങ്ങളിലേക്കും നോക്കി. അങ്ങനെ നോക്കിനില്ക്കുക അസാദ്ധ്യമായതു കൊണ്ടു് രവി എഴുന്നേറ്റു നടന്നു.

ഞാൻ ശ്രമിക്കാം, അദ്ദേഹം ഉരുവിടുന്നതു് അയാൾ കേട്ടു.

അകത്തു് ഗിരീശൻ ഭക്ഷണവുമായി പടവെട്ടുകയായിരുന്നു. ആദ്യത്തെ കുറെ ഉരുളകൾ അകത്തായപ്പോൾ അവനു് കളിയായി. പിന്നെ കിട്ടിയ ഉരുളകൾ എല്ലാം കൈയിൽ വാങ്ങി വിതരണമായിരുന്നു. കോഴിക്കു്, കാക്കയ്ക്കു്. രവി അടുക്കളക്കോലായിലെത്തിയപ്പോഴേക്കും മുറ്റത്തു് ഒരു വലിയ സദസ്സു് തടിച്ചുകൂടിയിരുന്നു. അരഡസൻ കോഴികൾ, അതിൽ കോഴിക്കുട്ടികളും പെടും. എണ്ണമറ്റ കാക്കകൾ, രണ്ടു നായ്ക്കൾ, കറുപ്പും വെള്ളയുമായ രണ്ടു പൂച്ചകൾ. പൂച്ചകൾ കോലായിലാണു്. ദൃശ്യം തമാശയുണ്ടാക്കുന്നതു തന്നെ. പക്ഷേ, അയാൾ ചിരിച്ചില്ല. ചിരിയുടെ പൂക്കൾ ദുഃഖിതനായ ഒരു വൃദ്ധന്റെ മുഖത്തു തട്ടി വാടിയിരുന്നു.

ഗിരീശന്നു് വളരെ തിരക്കുപിടിച്ച ദിവസമായിരുന്നു. അച്ഛൻ വന്നതു പ്രമാണിച്ചു് പതിവുള്ള പകലുറക്കം ഉണ്ടായില്ല. അവൻ കുതിരമേലും സൈക്കിളിന്മേലും വിലസി. പിന്നെ ണ്ണി—ണ്ണി—ണ്ണി—വണ്ടി കടലയുമായി വന്നപ്പോൾ പത്തു പൈസയ്ക്കു വേണ്ടി ഭദ്രമായി അടുത്തേക്കോടി. മുത്തച്ഛൻ ഇതിനുവേണ്ടി ഭദ്രമായി കോന്തലയ്ക്കു കെട്ടിവെച്ച നാണയം എടുത്തു കൊടുത്തു.

സംഭവബഹുലമായ ഒരു ദിവസം അവസാനിച്ചതു് അവൻ രാത്രി കുഞ്ഞിക്കുമ്പ നിറയെ മാമുണ്ടു്, പാലും കുടിച്ചു്, മുകളിൽ കിടക്കയിൽ കാൽമുട്ടു മടക്കി, ചന്തി ആകാശത്തേക്കുയർത്തി ഇടത്തെ കൈയിന്റെ തള്ളവിരൽ വായിലിട്ടു് കമിഴ്‌ന്നു കിടന്നു് ഉറക്കമായപ്പോഴാണു്. വിരൽകുടിക്കുന്ന ചുണ്ടുകൾ നിശ്ചലമായപ്പോൾ അവനെ നോക്കിക്കൊണ്ടിരുന്ന ലതിക പറഞ്ഞു:

“പാവം! അവനുണ്ടോ വലിയവരുടെ വിഷമങ്ങൾ അറിയുന്നു? എത്ര നിഷ്കളങ്കരാണല്ലേ, കുട്ടികൾ?”

“മതി മതി. അയാൾ ഇടപെട്ടു. ഇതൊക്കെ പണ്ടു് കവികൾ നന്നായി പാടിയിട്ടുള്ളതാണു്. നീ വീണ്ടും പറഞ്ഞതു കൊണ്ടു് ഭാഷയ്ക്കു മുതൽക്കൂട്ടൊന്നും ഉണ്ടാവാൻ പോകുന്നില്ല.”

“ഞാനിനി ഒന്നും പറയില്ല.” അവൾ മുഖം വീർപ്പിച്ചിരുന്നു.

ഉറങ്ങാൻ നേരത്തു് അവളെ പിണക്കുന്നതു നല്ലതിനല്ലെന്നു് അയാൾ മനസ്സിലാക്കി. അയാൾ അവളെ കെട്ടിപ്പിടിച്ചു് ഉമ്മവെച്ചു. “തമാശ പറഞ്ഞതല്ലേ ഞാൻ? ഉമ്മാ…”

“മോനു് ഇതിനേക്കാൾ നന്നായി ഉമ്മ വെക്കാനറിയാം,” അവൾ മുഖം വീർപ്പിച്ചു പറഞ്ഞു.

“നീ എന്താണു് തടിക്കാത്തതു്?” അയാൾ ചോദിച്ചു. “നിന്റെ ഒപ്പം കിടക്കുമ്പോൾ ഒരു സ്വവർഗ്ഗസ്നേഹിയെപ്പോലെ തോന്നുന്നു എനിക്കു്.”

ഞാൻ തടിച്ചിരുന്നു. കഴിഞ്ഞയാഴ്ച വന്ന പനി കാരണം പോയതാണു്.

“സാരമില്ല. നമുക്കു് ബോംബെയിൽ പോയിട്ടു് തടിക്കാനുള്ള ഒരു ക്രാഷ് പ്രോഗ്രാം തുടങ്ങാം. ദിവസം ഈരണ്ടു മുട്ട. ഉച്ചയ്ക്കു് ഇറച്ചി, രാത്രി മത്സ്യം.”

“ഞാൻ തിന്നാത്തതുകൊണ്ടൊന്നുമല്ല തടിക്കാത്തതു്. എനിക്കു് അച്ഛന്റെ ദേഹപ്രകൃതമാണു് കിട്ടിയിരിക്കുന്നതു്. അല്ലെങ്കിൽ ഈ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ ഞാൻ ഒരാനക്കുട്ടിയാവേണ്ടതാണു്.”

ക്രമേണ വികാരത്തള്ളിച്ചയിൽ വാക്കുകൾ ദുർല്ലഭമാവുന്നതും, അവ ഒരു പ്രാവിന്റെ നനുത്ത തൂവലുകൾ പോലെ കാറ്റിൽ പറക്കുന്നതും അയാൾ കണ്ടു.

തൃപ്തികരമായൊരു സംഭോഗത്തിനു ശേഷം അവർ തളർന്നു് അന്യോന്യം കൈകളിൽ കിടക്കുമ്പോൾ അയാൾ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഞാൻ കഷ്ടപ്പെട്ടതറിഞ്ഞാൽ നീ എന്റെ ഒപ്പം വരാൻ ഒട്ടും വിസമ്മതം കാണിക്കില്ല.

“എന്തിനാണു് കഷ്ടപ്പെട്ടതു്?”

“മറ്റു പലതിനും പുറമെ ഏകാന്തത, സെക്സ് സ്റ്റാർവേഷൻ.”

“നീ എന്തിനാണു് വിശന്നിരുന്നതു്?”

“അല്ലാതെ എന്തു ചെയ്യാൻ?”

“രവിക്കു് വേറെ വല്ല പെൺകുട്ടികളുടെയും ഒപ്പം കിടക്കാമായിരുന്നില്ലെ? നമ്മുടെ കെട്ടിടത്തിൽത്തന്നെ ഞാൻ മൂന്നുപേരെ കാണിച്ചു തരാം. നീ അവരുടെ ആരുടെയെങ്കിലും ഒപ്പം കിടന്നോ.”

“ആരൊക്കെയാണു്”

“മറ്റേ വിങ്ങിൽ സെക്കൻഡ് ഫ്ളോറിലുള്ള പഞ്ചാബിപ്പെണ്ണു്. ആ മോഡലിങ് ഗേൾ ഇല്ലേ? അവൾ.”

രവി ഓർത്തു. തരക്കേടില്ല. ഞായറാഴ്ച കടലിൽ നീന്താൻ പോവുമ്പോൾ അവളെ ബിക്കിനി ധരിച്ചു കണ്ടിട്ടുണ്ടു്.

പിന്നെ മറ്റേ ബ്ലോക്കിൽത്തന്നെ തേഡ് ഫ്ളോറിലുള്ള ബംഗാളിസ്ത്രീ.

“മിസിസ് ചാറ്റർജിയോ? ആ വിധവയോ?”

“വിധവയായാലെന്താ? നാല്പതു വയസ്സിലും അവരുടെ ശരീരം എങ്ങനെയുണ്ടെന്നു നോക്കൂ.”

“നാല്പതോ? അവർ കേൾക്കണ്ട. എന്നോടു പറഞ്ഞിട്ടുള്ളതു് മുപ്പത്തിയഞ്ചാണെന്നാണു്. ഈ ഫെബ്രുവരിയിൽ കഴിഞ്ഞിട്ടേയുള്ളുവത്രെ.”

“അതെയതെ. അവരുടെ മൂത്ത മകനു് ഇരുപതാണു്. മകൾക്കു പതിനാറും. അവർക്കു ശരിക്കും നിന്നെ കണ്ണുണ്ടു് കേട്ടോ. നീ ഓഫീസിൽ പോകുമ്പോഴൊക്കെ അവർ ഗ്യാലറിയിൽ വന്നു നില്ക്കാറുണ്ടു്. പിന്നെ തരം കിട്ടിയാൽ നിന്നോടു സംസാരിക്കുകയും ചെയ്യും. നിന്റെ ഭാഗ്യം.”

“ആട്ടെ, മൂന്നാമത്തേതാരാണു്”

“അവരുടെ മകൾ.”

“ആവൂ! എന്റെ പകുതി വയസ്സേ ഉള്ളൂ.”

“അതുകൊണ്ടെന്താണു് അവളെ കാണാൻ എന്തു ഭംഗിയാണു്.”

“തരക്കേടില്ല. ഒരു പെണ്ണെന്ന നിലയ്ക്കു് എന്റെ സ്പെസിഫിക്കേഷനോടൊക്കില്ല അവൾ. എനിക്കു വേണ്ടതു് ഒരു മുഴുവൻ വളർച്ചയെത്തിയ ഒരു മുഴുപ്പെണ്ണാണു്. നിന്നെ കല്യാണം കഴിക്കുന്നതിനു പകരം ഏകദേശം എന്നോടൊപ്പം വയസ്സുള്ള പെണ്ണിനെ കല്യാണം കഴിച്ചാൽ നന്നായിരുന്നെന്നു തോന്നാറുണ്ടു്.”

സംസാരം ബാലിശമാണെങ്കിൽക്കൂടി കാമോദ്ദീപകമാണെന്നു് അയാൾ കണ്ടു. പക്ഷേ, അതപകടമാണു്. ലതിക എന്താണു് തീർച്ചയാക്കിയതെന്നു് അയാൾക്കു് അപ്പോഴും മനസ്സിലായിരുന്നില്ല. അയാൾ പറഞ്ഞു:

“എനിക്കു വേറെ ആരും വേണ്ട. നീ തന്നെ മതി.”

എന്നിട്ടു വളരെ സൂക്ഷിച്ചു് സാവധാനത്തിൽ തുടർന്നു. “നമുക്കു് അവിടെപ്പോയാൽ ദിവസവും ചെയ്യാം.”

അവൾ ഒന്നും പറഞ്ഞില്ല. മൗനം അപകടമാണു്. അവൾ ആലോചിക്കുകയായിരുന്നു.

അയാൾ ഓർത്തു: “സമയമെത്രയായിട്ടുണ്ടാകും?” പുറത്തുള്ള ശബ്ദങ്ങളെല്ലാം നിലച്ചിരുന്നു. അയാൾ തന്റെ ഫ്ളാറ്റിനെപ്പറ്റി ഓർത്തു. അതൊരിക്കലും നിശ്ശബ്ദമായിരുന്നില്ല. പകൽ കേൾക്കാറുള്ള നഗരത്തിന്റെ ആരവം ഒന്നടങ്ങിയാൽ, പിന്നെ ഫ്ളാറ്റിനുള്ളിൽ നിന്നു വരുന്ന അത്ഭുതകരമായ, കാരണം മനസ്സിലാക്കാൻ കഴിയാത്ത, ശബ്ദങ്ങളാണു്. ടൈംപീസിന്റെ ടിക് ടിക് പോലെ. ചിലപ്പോൾ ആരോ സ്വകാര്യമായി മുറു മുറുക്കുന്നപോലെ. ഈ ശബ്ദങ്ങൾ ശ്രദ്ധിച്ചു് ഉറങ്ങാതെകിടന്ന രാത്രികൾ അയാളോർത്തു.

“നീ എന്താണു് ഒന്നും പറയാത്തതു്?”

“ഉം?”

“നീ എന്താണു് ഒന്നും പറയാത്തതെന്നു്?”

“എനിക്കുറക്കം വരുന്നു.”

“നുണ.”

“ഞാൻ ആലോചിക്ക്യായിരുന്നു: എനിക്കു നിന്നെ സഹായിക്കണംന്നുണ്ടു്. നാളെ ഞാൻ വന്നില്ലെങ്കിൽ നിനക്കു പഞ്ചാബിപ്പെണ്ണിനെ വിളിച്ചുകൂടെ? അവൾക്കു് ഇടയ്ക്കു സൺ എൻ സാന്റിൽ ഡിന്നർ കൊടുത്താൽ മതി.”

“ഇതെന്തൊരു സാധനമാണപ്പാ. നോക്കു്, ഈ ഇരുപത്തിയൊന്നാം വയസ്സിൽ ഞാൻ കുറെക്കൂടി ഗൗരവമായ സംസാരമാണു് നിന്നിൽ പ്രതീക്ഷിക്കുന്നതു്. നിനക്കു് എന്റെ ഒപ്പം വരാൻ താൽപര്യമില്ല, അല്ലേ?”

“അതല്ല രവീ, എനിക്കു ഭയമാവുന്നു. രാവിലെ നീ ഓഫീസിൽ പോകുമ്പോൾ ഞാൻ ബാൽക്കണിയിൽ നിന്നു നോക്കാറില്ലേ? നീ നടന്നു് ആൾക്കൂട്ടത്തിൽ മറയുമ്പോൾ പിന്നെ നിന്നെ കാണില്ലെന്നും നീ എനിക്കു നഷ്ടപ്പെട്വാണെന്നും എനിക്കു തോന്നാറുണ്ടു്. കുളത്തിലിട്ട ഒരു കല്ലു് താഴ്‌ന്നുപോണപോലെ. പിന്നെ വൈകുന്നേരം നീ തിരിച്ചുവന്നാലേ എനിക്കു സമാധാനാവാറുള്ളു.”

“നീ ഇവിടെ ഇരുന്നാലും മനസ്സമാധാനം ഉണ്ടാവാൻ വയ്യല്ലൊ. കാരണം, ഞാൻ ഓഫീസിൽപ്പോണ സമയം നിനക്കറിയാമല്ലൊ.”

“ശരിയാണു്. പക്ഷേ, നേരിട്ടനുഭവിക്കുന്നതുപോലെയല്ലല്ലൊ.”

“അതൊന്നുമല്ല. നിനക്കെന്നെ ഇഷ്ടമില്ല. അതുതന്നെ.”

“നോക്കു രവി. എനിക്കു നിന്നെ എന്തിഷ്ടമാണെന്നറിയാമോ! അതല്ലെ, ഈരണ്ടു ദിവസംകൂടുമ്പോൾ ചുരുങ്ങിയതു പത്തു പേജെങ്കിലുമുള്ള പ്രേമലേഖനങ്ങൾ അയയ്ക്കുന്നതു്? എനിക്കു നിന്റെ ഒപ്പം വരണമെന്നുണ്ടു്. പക്ഷേ, എനിക്കു പേടിയാവുന്നു. ആ ഫ്ളാറ്റിൽ പേടിപ്പെടുത്തുന്ന എന്തോ ഉണ്ടു്.

“ടിക് ടിക് ശബ്ദങ്ങളോ?”

“എന്താണു്”

“ഒന്നുമില്ല.” അയാൾ പറഞ്ഞു.

“ശരിക്കു പേടിയല്ല. എനിക്കുതന്നെ അറിയാത്ത ഒന്നു്. നമുക്കു് ആ ഫ്ളാറ്റു് വിറ്റു് വേറെ വാങ്ങാം.”

ഫ്ളാറ്റു വാങ്ങിയശേഷം ചായം തേക്കാനായി ചുമരിലെ കുമ്മായം ഉരച്ചു കളയുമ്പോൾ കണ്ട ഒരു ചിത്രം അയാൾ ഓർമ്മിച്ചു. സ്വീകരണ മുറിയുടെ ചുമരിൽ. നിറയെ കള്ളികളുള്ള, ഒരു താന്ത്രികന്റെ കളമെഴുത്തുപോലെ നിഗൂഢമായ ഒരു ചിത്രം. അതു വെള്ളവലിച്ചതിന്റെ അടിയിൽ മറഞ്ഞുകിടന്നതായിരുന്നു. പിന്നെ നീലച്ചായത്തിനിടയിൽ വീണ്ടും മാഞ്ഞു പോയിട്ടും കുറെ ദിവസം ആ ചിത്രം അയാളെ പീഡിപ്പിച്ചിരുന്നു.

“ഈ ഹുക്കൊന്നു് ഇട്ടുതരൂ,” ലതിക പറഞ്ഞു.

“അതു രാവിലെ ഇടാം. പോരെ?”

“പോരാ, രാവിലെ ഒരാൾ കുഞ്ഞിക്കണ്ണും മിഴിച്ചു ചുറ്റും നോക്കുമ്പോൾ കണ്ടാൽ ഉടനെ ഓടിവരും. മിമ്മീമ്മീ എന്നു പറഞ്ഞിട്ടു്.”

“എന്താണു് മിമ്മീമ്മീ?”

അവൾ കുലുങ്ങിച്ചിരിച്ചു. അയാൾക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

പിന്നെ ലതിക അയാളുടെ നെഞ്ചിൽ ചുരുണ്ടുകൂടി ഉറക്കമായപ്പോൾ, അവളുടെ കവിളിൽ മൃദുവായി ചുംബിച്ചു്, ഇല്ലാത്ത ടിക് ടിക് ശബ്ദങ്ങളുടെ നിശ്ശബ്ദതയിൽ ഉറക്കം കിട്ടില്ലെന്നുറപ്പായ മറ്റൊരു രാത്രിയെ നേരിടാൻ അയാൾ തയ്യാറെടുത്തു.

രാവിലെ അയാൾ വൈകി എഴുന്നേറ്റപ്പോൾ താഴെ ബഹളമായിരുന്നു. ലതികയും മോനും എഴുന്നേറ്റു പോയിരുന്നു. അയാൾ കോണിയിറങ്ങി താഴെ വന്നു. ഗിരീശൻ ഒരു ഷർട്ടും ട്രൗസറുമായി ലതികയുടെ പിന്നാലെ നടക്കുകയായിരുന്നു.

“ഗിരീച്ച, അച്ഛാ. ചൂച്ചൂ ടെയ്ൻ. ഗിരീച്ച ടൗച്ച.”

ലതിക ഒന്നും മറുപടി പറയാതെ നടക്കുകയാണു്. അമ്മയുടെ പിന്നാലെ നടന്നിട്ടു ഗുണമൊന്നുമില്ല എന്നു കണ്ടപ്പോൾ അവൻ അമ്മമ്മയുടെ അടുത്തു പോയി.

“മമ്മമ്മാ, ഗിരി ടൗച്ച. ഗീരീച്ച, അച്ഛാ, ചൂച്ചു ടെയ്ൻ. ടാറ്റാ.”

“മോനെ, മാമുണ്ടിട്ടല്ലെ ചൂച്ചൂ ട്രെയിനിൽ പോവോ?”

“ഗിരീച്ചാ, മാമു നാനാ.”

ആരാണിവനു് അച്ഛന്റെ ഒപ്പം പോകുന്ന കാര്യം പറഞ്ഞുകൊടുത്തതു്? അമ്മയായിരിക്കും, അല്ലെങ്കിൽ അമ്മമ്മ. ലതിക ഒപ്പം വരുന്നില്ലെങ്കിൽ അവളുടെ ടിക്കറ്റ് കാൻസൽ ചെയ്യണമെന്നു് അയാൾ ഓർത്തു. തിരിച്ചു് ഒറ്റയ്ക്കുള്ള യാത്ര, അവിടെ തന്നെ കാത്തുനില്ക്കുന്ന ഏകാന്തത.

അമ്മമ്മയും വളയുന്നില്ലെന്നുകണ്ടപ്പോൾ അവൻ ഉമ്മറത്തേക്കു വന്നു് അച്ഛനെത്തന്നെ പിടികൂടി.

“അച്ഛാ, ടൗച്ചാ ചൂ ച്ചൂ ടെയ്ൻ ടാറ്റ.”

അയാൾ അവനെ വാരിയെടുത്തു് ഉയർത്തിപ്പിടിച്ചു് അവന്റെ കണ്ണുകളിൽ നോക്കി. കണ്ണുകളിൽ ആകാംക്ഷയുണ്ടായിരുന്നു, ദുഃഖമുണ്ടായിരുന്നു. എന്തുകൊണ്ടോ, അയാൾ ഓട്ടയുള്ള കീശയിൽ കൈയിട്ടു്, പാറിയ പൊടിപിടിച്ച തലമുടിയും വെയിൽകൊണ്ടു് ഇരുണ്ട മുഖവും മാറുമായി അലക്ഷ്യമായി നോക്കി നില്ക്കുന്ന ഒരു പയ്യനെ ഓർത്തു.

ആൽബത്തിന്റെ ആദ്യപേജൂകളിലൊന്നിൽ ആ ഫോട്ടോ ഉണ്ടു്. മകന്റെ ദുഃഖപൂരിതമായ കണ്ണുകളിൽ നോക്കിക്കൊണ്ടിരിക്കെ അയാൾക്കു് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. മോനെ, നിനക്കിനി എത്ര ദുഃഖം സഹിക്കേണ്ടിവരും ജീവിതത്തിൽ?

അയാൾ അവനെ നിലത്തിറക്കിവച്ചു പറഞ്ഞു.

“അച്ഛൻ ട്രൗസറിട്ടുതരാം. അച്ഛന്റെ ഒപ്പം വൈകുന്നേരം ചൂച്ചൂ ട്രെയിനിൽ പോണ്ടെ?”

പിന്നെ ഉമ്മയുടെ ഒരു പ്രളയമായിരുന്നു. “ഉമ്മാ, ഉമ്മാ. ഗിരീച്ച, അച്ഛാ, ചൂച്ചൂ ടെയ്ൻ റ്റാ റ്റാ.”

അപ്പോൾ ഇരുണ്ട ദേഹമുള്ള, കീറിയ ട്രൗസറിട്ട കുട്ടിയുടെ ചിത്രം ഓർത്തിട്ടോ എന്തോ അയാൾ നിശ്ശബ്ദനായി കരയാൻ തുടങ്ങി.

ഗിരീശൻ പകച്ചു നിന്നു. ഇതിന്റെ പരിസമാപ്തി ഇങ്ങനെയാവുമെന്നു് അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവൻ എഴുന്നേറ്റു പോയി കുറച്ചകലെ നിലത്തിരുന്നു കുഞ്ഞിക്കൈകൾ കൊണ്ടു സ്വന്തം കവിളിൽ അടിക്കാൻ തുടങ്ങി. “മ്മാ, മ്മാ. ഗിരീച്ചാ മ്മാ.”

അയാൾക്കു് അതു സഹിച്ചില്ല. സ്വയം ശിക്ഷയേല്പിക്കാമെന്നു, ഈ ഒന്നരവയസ്സിൽ നിനക്കെങ്ങനെ മനസ്സിലായി മോനെ?

അയാൾ അവനെ വാരിയെടുത്തു.

നിമിഷങ്ങൾ ഒരു ചൂച്ചുവണ്ടിയെപ്പോലെ സഞ്ചരിച്ചപ്പോൾ വൈകുന്നേരമായെന്നു് അയാൾ മനസ്സിലാക്കി. ചുറ്റുമുള്ള ചലനങ്ങൾ അയാൾ അറിഞ്ഞു. എല്ലാവരും വളരെ അവാസ്തവികമായി നിഴൽപോലെ നടന്നു. അതിനിടയ്ക്കു് ലതിക എവിടെപ്പോയെന്നു് അയാൾ അത്ഭുതപ്പെട്ടു. അയാൾ പോകേണ്ട കാര്യം ഓർത്തു. സൂട്ട്കേസ് ഒതുക്കിയിട്ടില്ല. കാര്യമായൊന്നും ഒതുക്കാനില്ല. മാറാനുള്ള ഷർട്ടും പാന്റും എടുക്കണം. സൂട്ട്കേസ് തുറന്നപ്പോഴാണു് അയാൾ കണ്ടതു്. ഗിരീശന്റെ ഉടുപ്പുകൾ വാരിക്കൂട്ടി ഇട്ടിരിക്കുന്നു. ഒപ്പം അവന്റെ കളിക്കോപ്പുകളും. റബ്ബറിന്റെ ഒരു നായ്ക്കുട്ടി, ഒരു തീവണ്ടി, നീണ്ട കഴുത്തുള്ള പൂച്ചക്കുട്ടി. നോക്കിക്കൊണ്ടിരിക്കെ ഗിരീശൻ വേറെയും സാധനങ്ങളുമായി വരുന്നുണ്ടായിരുന്നു. ഫാരക്സിന്റെ ടിൻ, പാൽ കൂട്ടാനുള്ള സ്റ്റിറർ.

അയാൾ ഓടിച്ചെന്നു് അതെല്ലാം വാങ്ങി വച്ചു. “മോനെ, നീ ഇപ്രാവശ്യം അച്ഛന്റെ ഒപ്പം വരുന്നില്ല. മോനും അമ്മയും കൂടി അടുത്ത പ്രാവശ്യം ചൂച്ചൂ ട്രെയ്നിൽ വന്നാൽ മതീട്ടൊ.”

“ഗിരീച്ചാ, അച്ഛാ പൂവ്വാ.” അവൻ പറഞ്ഞു. അവൻ ടിന്നും സ്റ്റിററും അയാളുടെ കൈയിൽനിന്നു് വാങ്ങി സൂട്ട്കേസിൽ നിക്ഷേപിച്ചു്, വീണ്ടും എന്തോ സാധനങ്ങൾ എടുക്കാൻ ധൃതിയിൽ ഓടിപ്പോയി.

സൂട്ട്കേസിൽ ചിതറിക്കിടന്ന കുട്ടിയുടുപ്പുകൾ എടുത്തുമാറ്റാൻ അയാൾക്കു കഴിഞ്ഞില്ല. അയാൾ തളർന്നിരുന്നു.

മുത്തച്ഛന്റെ ശബ്ദം കേട്ടു. രവീ, പോവാറായിരിക്കുന്നു. ടാക്സി ഇപ്പോൾ വരും.

അയാൾ എഴുന്നേറ്റു യാന്ത്രികമായി വസ്ത്രം മാറ്റി.

“ലതിക എവിടെ?” മുത്തച്ഛൻ ചോദിച്ചു.

മറുപടി ആരിൽനിന്നും വന്നില്ല.

“എന്താ, ഞാൻ ചോദിച്ചതു് ആരും കേട്ടില്ല, എന്നുണ്ടോ?”

“അവൾ മോളിലാണു്. വാതിലടച്ചിട്ടിരിക്യാണു്.” അമ്മമ്മ പറഞ്ഞു.

“എന്താ അവളവിടെ ചെയ്യുന്നതു്?”

“നിക്കറിയില്ല.”

അവൾ ഒപ്പം പോകുന്നില്ലെങ്കിലും സ്റ്റേഷൻവരെയെങ്കിലും രവിയുടെ ഒപ്പം പൊയ്ക്കൂടെ? എന്തൊരു കുട്ടിയാണിവൾ!

പടിക്കൽനിന്നു് ടാക്സിയുടെ ഹോറൺ കേട്ടു. അയാൾ ധൃതിയിൽ മോന്റെ കുഞ്ഞിയുടുപ്പുകളും കളിക്കോപ്പുകളും പുറത്തേക്കിട്ടു സൂട്ട്കേസ് പൂട്ടി. മോന്റെ കരച്ചിൽ വകവയ്ക്കാതെ സൂട്ട്കേസുമെടുത്തു മുറ്റത്തേക്കിറങ്ങി.

അപ്പോൾ അയാൾ ലതിക വരുന്നതു കണ്ടു. അവൾ ഒരു സൂട്ട്കേസും തൂക്കിയെടുത്തു് സാവധാനത്തിൽ കോണിയിറങ്ങി വരുകയായിരുന്നു. ഭാരമുള്ള സൂട്ട്കേസ് രണ്ടു കൈകൊണ്ടും താങ്ങിപ്പിടിച്ചു് അവൾ ഉമ്മറത്തേക്കു വന്നു.

“ഞാനുംണ്ടു് രവീടെകൂടെ.”

അയാൾക്കു പെട്ടെന്നു നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“ഇതു നേർത്തെ എഴുന്നള്ളിക്കായിരുന്നില്ലെ? ഉച്ചയ്ക്കല്ലെ പോയി ടിക്കറ്റു ക്യാൻസൽ ചെയ്തതു്? ഇനി ഈ തിരക്കിലുണ്ടോ സ്ഥലം കിട്ടാൻ പോകുന്നു? ഇനി സൗകര്യമുള്ളപ്പോൾ, നല്ല ബുദ്ധി തോന്നുമ്പോൾ അങ്ങോട്ടു സ്വയം വന്നുകൊള്ളു. നീ എന്നെ ഒരു ഭ്രാന്തനാക്കുന്നു.”

അയാൾ പൊയ്ക്കഴിഞ്ഞു. കാറിന്റെ വാതിൽ അടഞ്ഞ ശബ്ദം. എഞ്ചിന്റെ മുരൾച്ച. ലതിക തളത്തിലേക്കു സാവധാനം നടന്ന്, സോഫയിൽ കാലും കയറ്റിവച്ചു മുട്ടിന്മേൽ മുഖവുമമർത്തി തേങ്ങിക്കരഞ്ഞു.

ഗിരീശൻ ഓടിപ്പോയി അച്ഛന്റെ ചിത്രത്തിനു ചുവട്ടിൽ നിന്നു. മുത്തച്ഛന്റെ ഇടിവെട്ടുപോലെയുള്ള ഗർജ്ജനങ്ങൾ. അമ്മമ്മയുടെ ശകാരവർഷം. അമ്മയുടെ തേങ്ങലുകൾ —ഇതിനിടയിൽ അച്ഛൻ വീണ്ടും ചുമരിൽ ഒരു ചിത്രമായെന്നു് ഗിരീശൻ മനസ്സിലാക്കി.

അവൻ കൈയിന്റെ വിരൽ കടിച്ചു് മൊസയിക്കിട്ട നിലത്തു് അമ്മയെ നോക്കി കമിഴ്‌ന്നുകിടന്നു.

Colophon

Title: Kumkumam vithariya vazhikal (ml: കുങ്കുമം വിതറിയ വഴികൾ).

Author(s): E Harikumar.

First publication details: Sahitya Pravarthaka Sahakarana Sangham; Kottayam, Kerala; 1979.

Deafult language: ml, Malayalam.

Keywords: Short stories, E Harikumar, Kumkumam vithariya vazhikal, ഇ ഹരികുമാർ, കുങ്കുമം വിതറിയ വഴികൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 1, 2022.

Credits: The text of the original item is copyrighted to Lalitha Harikumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: Girls on the Bridge, a painting by Edvard Munch (1863–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: E Harikumar; Proofing: KB Sujith; Typesetter: Sayahna Foundation; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.