images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
10
വേർപാടിൽ
അൽഫോംസ് ദ് ലമാർത്തീൻ (ALPHONSE DE LAMARTINE (1790-1869))

വിക്തോർ ഹ്യുഗൊവിനോടൊപ്പം റൊമാന്റിക്ക് പ്രസ്ഥാനത്തിനു നേതൃത്വം നല്കിയ അൽഫോംസ് ദ് ലമാർത്തീൻ ഭാവതീവ്രതയും കാവ്യസംഗീതവും ഒത്തിണങ്ങിയ ആത്മഗീതങ്ങളുടെ ആദ്യ സമാഹാരത്തിലൂടെ തന്നെ സാഹിത്യത്തിൽ ഉന്നതസ്ഥാനം നേടുകയുണ്ടായി. താൻ പ്രേമിച്ച എൽവീർ (ELVIRE) ന്റെ അകാലചരമം അദ്ദേഹത്തെ അഗാധമായി സ്പർശിച്ചു. ഇതൊരു ആജീവനാന്തദുഃഖമായി, കരുണരസം വഴിയുന്ന കവിതകളുടെ ഉറവിടമായി നിലനിന്നു. അദ്ദേഹത്തിന്റെ മികച്ച കവിതകളിൽ മിക്കതും ‘എൽവീർസ്മരണ’യുമായി ബന്ധപ്പെട്ടവയാണ്.

പലപൊഴുതുമേ സായാഹ്നസന്ധ്യയിൽ
മലമുകളിലെ ‘ഷേൻ’മരച്ഛായയിൽ
മഥിതചിത്തനായ് ചെന്നിരിക്കുന്നു ഞാ–
നലസമായഭിവീക്ഷിപ്പു ചുറ്റിലും.
ചരമഭാസ്കരകാന്തിയിൽ മഗ്നമായ്
സമതലസ്ഥിത മാറുന്നനുക്ഷണം
ഇവിടെ, വാർനുരചിന്നുമോളങ്ങളാർ
ന്നവിരതം മുഴങ്ങീടുന്നു നിമ്നഗ, [1]
ഇരുളുറഞ്ഞ വിദൂരത തന്നിലേ–
യ്ക്കൊരു പെരുമ്പാമ്പു പോലതു താഴ്കയാം. [2]
അവിടെ, നിശ്ചല നീലസരസ്സുത–
ന്നണിവിരിപ്പിൽ കിടന്നുറങ്ങുന്നതേ;
സ്ഫടികനിർമ്മലമാമതിൻ മീതെയായ്
വിടിവിൽ മിന്നുന്നു സാന്ധ്യനക്ഷത്രവും.
ഹരിതവൃക്ഷനികരകിരീടകം
പരിചിലേന്തുമിക്കുന്നിൻ നിറുകയിൽ
ചൊരിവതുണ്ടഹോ സന്ധ്യയാളിപ്പൊഴു–
മെതിരകന്ന തന്നന്തിമപ്പൊൻകതിർ.
രജനിറാണിതൻ പൂമണിത്തേരുണ്ടി–
പ്പൊഴുതു പൊങ്ങുന്നു പുഷ്കലശോഭയിൽ; [3]
അകലെ ചക്രവാളാന്തം നറുനിലാ–
വൊളി പതിഞ്ഞതാ വെണ്മയാർന്നീടുന്നു.
അരികിലുള്ള ദേവാലയത്തിങ്കലെ
മണിയിൽനിന്നുമുതിർന്നിടും നിസ്വനം
മഹിതമാമൊരു ധർമ്മസന്ദേശം പോൽ
ദിവി പരക്കുന്നു മന്ദ്രമധുരമായ്; [4]
പഥികനാസ്വനം കേൾക്കയാലക്ഷണം
പഥിയിൽ നിന്നുപോയ് പ്രാർത്ഥനാലീനനായ്;
പകലുതന്നന്ത്യനിർഘോഷമോടു ത–
ന്നനഘഗാനം കലർത്തിടുന്നാമണി. [5]
അതിമനോജ്ഞമീ ദൃശ്യങ്ങളെങ്കിലു–
മഴലിനാൽ മരവിച്ച മച്ചേതന
അറിവതല്ലീ വിമോഹനത്വങ്ങൾ ത–
ന്നവികലാഭയുമാനന്ദമൂർച്ഛയും.
ഗതിവരാത്തൊരു ജീവനെപ്പോലെയി–
ക്ഷിതിയെ നോക്കിക്കഴിക്കുകയാണു ഞാൻ.
മൃതരിലൂഷ്മാവു ചേർക്കുമോ, ജീവിതം
തുടരുവോർക്കായുദിക്കുന്ന ഭാനുമാൻ?
ഒരു ഗിരിയിൽനിന്നന്യഗിരിയിലാ–
യൊരു ദിശയിൽനിന്നന്യദിശയിലായ്
വിപുലമാം വിശ്വരംഗത്തിലാകവേ
വിഫലമായി ഞാൻ കണ്ണയച്ചീടുന്നു.
നിഹതഭാഗ്യനാമീയെനിക്കെങ്ങുവാൻ
സുകൃതദർശനം സാദ്ധ്യമായീടുന്നു?
മരതകാഭമാമിത്താഴ്‌വരകളും
ഗരിമയേറുന്ന സൗധനിരകളും
എളിമതന്നഴകേലും കുടിൽകളും
വിഗതശോഭമാം വ്യർത്ഥവസ്തുക്കളായ്.
കളംകളംപെയ്തു പായും പുഴകളേ,
കുതുകദമാം കരിമ്പാറക്കൂട്ടമേ,
കിളികൾ പാടും വനങ്ങളേ, യെന്നുമെ–
ന്നരിയൊരേകാന്തസങ്കേതകങ്ങളേ,
വെറുമൊരാൾ മാത്രം നിങ്ങളോടൊപ്പമി–
ല്ലിവനു സർവ്വവും ശൂന്യമായ്ത്തീർന്നുപോയ്! [6]
രവിയുദിക്കട്ടെ, യസ്തമിക്കട്ടെ, തൽ–
ഗതിയെ നിസ്സംഗനായി ഞാൻ വീക്ഷിപ്പൂ.
തെളിവിയലട്ടെ വിണ്ടല, മല്ലെങ്കിൽ
കരിപുരളട്ടെ, യിങ്ങെനിയ്ക്കെന്തുവാൻ?
ഇനി വരുന്നതാം നാളുകൾ തന്നിൽ നി–
ന്നഭിലഷിക്കുന്നതല്ല ഞാനൊന്നുമേ. [7]
അനുഗമിച്ചാകി, ലർക്കന്റെ വിസ്തൃത–
ഭ്രമണമാർഗ്ഗത്തിലെങ്ങുമെൻ കണ്ണുകൾ
അശുഭദർശനം ശൂന്യതയോടൊപ്പ–
മെരിവതാം മരുഭൂക്കളേ കാണുള്ളൂ. [8]
ദിനകരൻ വിളക്കീടുന്നൊരിപ്പെരു–
മുലകിനോടു ഞാനർത്ഥിപ്പതില്ലൊന്നും.
പറകിൽ, പക്ഷെയീബ്രഹ്മാണ്ഡമണ്ഡല–
പരിധികൾക്കുമതീതമായുള്ളതാം
ഇതരദ്യോവുകൾ സത്യപ്രഭാകരൻ
ദ്യുതിയിൽ മുക്കും സനാതനസ്ഥാനത്തിൽ
മമചിരസ്വപ്നമുൺമയായ്ക്കണ്ടിടാം
വെടികിലെൻ മാംസകഞ്ചുകം മണ്ണിൽ ഞാൻ. [9]
അവിടെ, യാദിമസ്രോതസ്സണഞ്ഞു ഞാ–
നനഘഹർഷലഹരിയിലാണ്ടിടാം;
അവിടെ, നഷ്ടപ്രണയപ്രതീക്ഷക–
ളവികലമിവൻ വീണ്ടെടുത്തെന്നുമാം; [10]
ഭുവനഭാഷതൻ വാക്കുകൾക്കൊക്കെയും
വിവരണാതീതമായ് നിലകൊൾവതാം
നിയതമേതൊരാത്മാവും കൊതിപ്പതാം
പരമസമ്പത്തുമങ്ങു ഞാൻ നേടിടാം. [11]
പുലരി തന്നുടെ പൊൽത്തേരിലങ്ങു നി [12]
ന്നരികിലേയ്ക്കു കുതിച്ചുവന്നെത്തുവാൻ
നിഭൃതമാം മദീയാശാനികേതമേ,
കഴിവെനിയ്ക്കു കരഗതമായെങ്കിൽ! [13]
ഇനിയുമെന്തിനീ ബന്ധനഭൂമിയി–
ലിവനിതേവിധം നാൾകഴിച്ചീടണം?
പൊതുവിലില്ലൊരുബന്ധവുമിന്നിമേ–
ലിവനുമീ മന്നിടത്തിനും തമ്മിലായ്. [14]
വനതലത്തിലെ മാമരത്തിങ്കൽനി–
ന്നില കൊഴിഞ്ഞു തകിടിയിൽ വീഴുമ്പോൾ
അതിനെത്തട്ടിയെടുത്തകലുന്നു താഴ്–
വരയിൽ നിന്നുമേ സായാഹ്നമാരുതൻ.
[15] കരിയിലയിവ, നെന്നെയും കൊണ്ടുപോ, [16]
മൃതിയുടെ കൊടുങ്കാറ്റേ, നീ തത്സമം. [17]

L’ISOLEMENT

കുറിപ്പുകൾ
[1]
ഉല്ലോലമാമരുവി ദൂരെ മുഴങ്ങീടുന്നു
(ആശാൻ — ഈശ്വരൻ)
[2]
കാട്ടിൽ പെരുമ്പാമ്പിഴയുന്ന മട്ടു
കാണിച്ചു തെക്കോട്ടൊഴുകുന്നു മന്ദം
(വള്ളത്തോൾ — തിരൂർ പൊന്നാനിപ്പുഴ)
പെരിയാറിന്നും പെരുമ്പാമ്പുപോലിഴയുന്നു
(എം. എൻ. പാലൂര് — ബാഹുലൻ)
[3]
അർക്കനുംപോയ് പടിഞ്ഞാറെഗ്ഗിരിതടം
പുക്കുപഴുപ്പിച്ച പൊൻകുടംപോൽ നിന്നു.
അംബരദർപ്പണത്തിൽ കിഴക്കായതു
ബിംബിച്ചപോൽ നിന്നു പൂർണ്ണേന്ദുബിംബവും
മന്ദം മന്ദം പിന്നെയന്തരീക്ഷത്തിലെ–
ക്കിന്ദുബിംബം സ്വയം പൊങ്ങി ലഘുതയാൽ
ദ്യോവായ ഗോവിൻ മഹാസ്തനമണ്ഡല–
ഭാവത്തിൽ നിന്നു പീയുഷകിരണങ്ങൾ
ഭംഗിയിൽ പാൽകണക്കെ പ്രസരിപ്പിച്ചു
മംഗളമാക്കി ദിഗന്തങ്ങൾ വെൺമതി
(ആശാൻ — ശ്രീബുദ്ധചരിതം)
മഹിതാംബര ദിവ്യഭൂഷയാം
രജനീറാണി വരുന്നുണ്ടിതാ
(കെ. കെ. രാജാ — രാത്രിയും പകലും)
[4]
നാതിദൂരമാം പള്ളിക്കുള്ളിൽനിന്നെല്ലാടവും
പാതിനേരത്തിലും പരക്കും മണിനാദം
മധുരം, പരത്തുന്നു ശാന്തിയെച്ചൊല്ലിത്തത്ര
മരണംവരിച്ചൊരു സാധുവിൻ സന്ദേശങ്ങൾ
(വൈലോപ്പിള്ളി — മണിനാദം)
കാതോർത്തു കേൾക്കൂ പ്രിയകരമാം മണി–
നാദം മഹാർഹാനുഭൂതികൾ തൻവിളി
(ബാലാമണിയമ്മ — ദർശനം)
സന്ധ്യയായിടവിട്ടുമൊന്നിച്ചും മുഴങ്ങുന്നു
സാന്ദ്രമേദൂരമീശപ്രാർത്ഥനാ മണിനാദം
(എൻ. വി. കൃഷ്ണവാരിയർ — അലെക്സിസ് പുണ്യവാളൻ)
[5]
സ്വച്ഛമായ് നിവരുന്ന പള്ളിയിൽനിന്നും പൊങ്ങു–
മുച്ചലന്മണിനാദം നേർത്തുനേർത്തടങ്ങുന്നു.
(വൈലോപ്പിള്ളി — കൊയ്ത്തു കഴിഞ്ഞു)
[6]
അകമലർ കരിഞ്ഞെനിയ്ക്കു സമ്പ്രതി
യഹഹ ലോകങ്ങളിരുട്ടാകുന്നല്ലൊ
(ആശാൻ — പറന്നുപോയ ഹംസം)
കുസുമിതവനകാന്തിയാത്മകാന്ത
വ്യസനിനി ലീല വിചാരിയാതെ പോയാൾ
(ആശാൻ — ലീല)
അന്തരംഗഹിതനാം ഭവാനൊഴി–
ഞ്ഞന്തികത്തിൽ വനശോഭ കാണവേ
സന്തപിച്ചിവൾ പരം, രമിക്കയി–
ല്ലെന്തിലും പ്രണയഹീനമാനസം
(ആശാൻ — നളിനി)
കല്ല്യാണമായ് നിന്ന ജഗത്തിതെന്റെ
കണ്ണിന്നു കാകോളക തുല്യമായി
… … …
അരക്ഷണത്തിന്നകമുമ്പർനാടാ–
യിരുന്നെടം പോയ് നരകാഭമായി
… … …
എന്നെച്ചുഴന്നുണ്ടൊരു ശുദ്ധശൂന്യ
ലോകം പിശാചിൻപടി നോക്കി നില്പൂ
… … …
കഴിഞ്ഞു, കമ്രദ്യുതിപൂണ്ട ജന്മ
പ്രഭാതമെൻ കണ്ണിലിരുണ്ടു കെട്ടു
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
അന്തിപോലവൾ പോയി, ശൂന്യമായിരുണ്ടായി
കാന്തിമത്തായിപ്പണ്ടു തോന്നിയ ജഗത്തെല്ലാം
(ജി. — ധർമ്മപത്നി)
നീ പോയമാത്രയിൽ പോയി നിന്നോടൊത്തു
നീളെയിങ്ങെല്ലാം വഴിഞ്ഞ സുഷമകൾ
നിന്നഭാവത്തിൽ നിലച്ചതിവയുടെ
സുന്ദരാകർഷണശക്തികൾ സർവ്വവും
(ചങ്ങമ്പുഴ — വീണ്ടും വെളിച്ചം)
പനിനീരലരേ പറഞ്ഞുവോ
വിവരം നിന്നൊടു സാന്ധ്യമാരുതൻ:
തവ സത്സഖി നമ്മെ വിട്ടുപോയ്
ഭൂവനം പാവനമിന്നപാവനം
(എം. ആർ. നായർ — തിലോദകം)
പടികടന്നവൻ മറയുമ്പോൾ തോഴീ
പകലൊളിമങ്ങിയിരുണ്ടു പോകുന്നു
(എം. ആർ. നായർ — ഹാസ്യാഞ്ജലി)
മിഴിക്കും കണ്ണിൽ കത്തും രാത്രിയായ്
ഇഴഞ്ഞേറും പെരുപ്പായ്
സർവ്വവും സർവ്വസ്വവും ശൂന്യമായ് പൊടുന്നനെ
(ജി. കുമാരപിള്ള — ഇല്ല)
ഫയലുകളിലമളികൾ നിറഞ്ഞു
മുറിയിൽ നട്ടുച്ചയ്ക്കിരുട്ടു പരന്നു
(വിഷ്ണുനാരായണൻ നമ്പൂതിരി — യാത്രയയപ്പിനുശേഷം)
തിങ്ങിയിരുന്നു പ്രകൃതിയിലെങ്ങുമേ
സൗന്ദര്യയൗവനാനന്ദമധുരിമ,
എന്നാലെരിപൊരിക്കൊള്ളുന്ന തന്മന–
മെങ്ങും സമീക്ഷിച്ചതില്ല വിശ്രാന്തിയെ
(എൻ. വി. കൃഷ്ണവാരിയർ — രാവണവധാന്ത്യത്തിലെ വിഭീഷണൻ)
എവ രമ്യങ്ങളായ്ത്തോന്നീ–
യവൾതൻ ചേർച്ചയിങ്കൽമേ
അവ തന്നെയരമ്യങ്ങൾ
അവളില്ലായ്കയാൽ മമ
(വാല്മീകി രാമായണം — വള്ളത്തോൾ തർജ്ജമ)
Out of the day and night
A joy has taken flight;
Fresh spring, and summer and winter hoar
Move my faint heart with grief, but with delight
No more-oh, never more!
(Shelley — A lament)
[7]
Knowing my heart’s best treasure was no more,
That neither present time nor years unborn
Could to my sight that heavenly face restore
(Wordsworh — Desideria)
[8]
പതിവിനുലകുമേലും ഹന്ത പോയ്ക്കൊണ്ടിരിക്കും
മതിരവികളുദിക്കും മാരുതൻ സഞ്ചരിക്കും
അതിലപരർ സുഖിക്കാം ശൂന്യനായ് ഞാനെനിക്കി–
ക്ഷിതിയിനി മരുമാത്രം ജീവിതം ഭാരമാത്രം
(ഉള്ളൂർ — കേരളവർമ്മയുടെ ചരമത്തിൽ)
പ്രാണൻ കളഞ്ഞു മമ സാദ്ധ്വി ഞാനോ
പാഴ്പുല്ലുമില്ലാത്ത മരുസ്ഥലത്തായ്
… … …
ഇരിപ്പിടം തീക്കനൽ ചുറ്റുപാടും
ഗുഹപ്പിളർപ്പേകനിവൻ വരാകൻ
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
മമ മിഴികൾക്കു മഹമായൂഴിയ്ക്കു
മഹസ്സകൂടിയ മനോഹരോഷസ്സായ്
മരുവിയ പുണ്യമടിപറകയാൽ
മരുവായ്ത്തീർന്നല്ലോ മദീയജീവിതം
(ജി. — പിന്നത്തെ വസന്തം)
രാവും പകലുംമെവിടെത്തിരഞ്ഞാലും
ഭൂവുമാകാശവുമയ്യോ സമസ്തവും
തീയാണെനിയ്ക്കു പുകഞ്ഞെരിഞ്ഞീടുന്ന
തീയാണു തീയിനിയെന്തു ചെയ്യട്ടെ ഞാൻ
(ചങ്ങമ്പുഴ — സുധാംഗദ)
[9]
ജീവിതാശകൾ പൂവണിയുന്നു
ഭാവിജന്മത്തിൻ സീമയിൽ
(വൈലോപ്പിള്ളി — മുത്തും പവിഴവും)
സ്വർലോകവും സകല സംഗമവും കടന്നു
ചെല്ലാം നിണയ്ക്കു തമസപ്പരമാം പദത്തിൽ
(ആശാൻ — വീണപൂവ്)
ദിനരാത്രികളറ്റു ശാന്തമാം–
മനഘസ്ഥാനമിതാദി ധാമമാം
(ആശാൻ — സീത)
സിദ്ധിക്കും തദാത്മാവിന്നാദിമപ്രകൃതിതൻ
പൊൽത്തിരു മടിത്തട്ടിൽ പൂർണ്ണ വിശ്രമസൗഖ്യം
(വള്ളത്തോൾ — പൂർണ്ണ വിശ്രമസൗഖ്യം)
വിൺമഹസ്സുകൾ മേന്മേൽത്തെളിയുന്നോ–
രമ്മഹാ ശാന്തിഭൂമാവിലെത്തുവാൻ
(ബാലാമണിയമ്മ — ഊഞ്ഞാലിന്മേൽ)
പ്രഭാതമാദ്യമായ് പൊട്ടിവിടർന്ന, ശാന്തിതൻ മഹാ–
പ്രവാഹമാദ്യമായുറന്നുയർന്ന രംഗം
(എ. വി. ശ്രീകണ്ഠപ്പൊതുവാൾ — മലകയറ്റം)
ദിനാന്ത സൂര്യരശ്മി തട്ടിടാത്ത നാട്ടിലൊന്നിൽ നാ–
മനാകുലം സുഖിക്കുമന്നു കണ്ടിടാം പരസ്പരം
(മേരി ജോൺ തോട്ടം — ലോകമേ യാത്ര)
ഈ വെറും വെഷം വലിച്ചെറിഞ്ഞു ഞാനാ സ്വർഗ്ഗ–
ഭൂമിയിൽ നിന്നെക്കാത്തു കാത്തിരുന്നീടാം മുഗ്ധേ
(എം. എൻ. പാലൂര് — ബാഹുകൻ)
[10]
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ–
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം
(ആശാൻ — വീണപൂവ്)
അഥവാ ചെന്നെത്താം മനോജ്ഞമായ് വീത–
വ്യഥമായ നിത്യവാസന്തലോകത്തെ
പരിണിതപ്രേമപരിമളഭരം
പരത്തി ജീവിതം വിടരും ലോകത്തെ
(ജി. — പിന്നത്തെ വസന്തം)
Escaped dreams of the past
Shall crowd there again
Their half-heard murmurs
Shall build a nest again.
Recalling pleasent memories,
Making awakening sweet,
The flute now silent
Shall bring back melodies
(Tagore — If I can once again)
[11]
സാരമില്ലെടോ നിൻ നഷ്ടം, സഹജേ, നൊടിയിൽ ഗുരു–
കാരുണിയാൽ നിനയ്ക്കിന്നു കൈക്കലാക്കാമല്ലോ
ചോരനപഹരിക്കാത്ത ശാശ്വത ശാന്തിധനവും
മാരനെയ്താൽ മുറിയാത്ത മനശ്ശോഭയും
(ആശാൻ — കരുണ)
അനന്തമായ ജീവിതം സുഖത്തൊടെ നയിക്കുവാൻ
ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണ് ഞാൻ.
മിനുങ്ങി മിന്നിടുന്ന പൂച്ച നാണയങ്ങളൊന്നുമേ–
യെനിക്കുവേ, ണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ
(മേരി ജോൺ തോട്ടം — ലോകമേ യാത്ര.)
[12]
മലതൻ നെഞ്ചിൽ പുളകമുണർത്തും
പുലരിത്തേരിൽ നീ വന്നു
(പി. കുഞ്ഞിരാമൻ നായർ — പൊന്നോണക്കാലം)
[13]
വ്യോമമാർഗ്ഗം പറ്റിയങ്ങു ചെന്നെത്തുവാൻ ചിറകില്ല
ഈ മഹാബ്ധി കടക്കുവാൻ തരണിയില്ല
(പി. കുഞ്ഞിരാമൻ നായർ — കിനാവിലെ കന്യക)
[14]
ഇല്ല പൊരുത്തം പ്രപഞ്ചവും ഞാനുമാ–
യല്ലെങ്കിലെന്തിനീ യാത്മഹോമോദ്യമം
(ചങ്ങമ്പുഴ — ഏകാന്തചിന്ത)
[15]
വയ്യ, മനസ്സു പറിഞ്ഞു വീഴുന്നു നിൻ കാല്ക്കലായ്
ജീവിച്ചു തീർന്ന വെറുമില പോലവേ
(ഒ. വി. ഉഷ — ധ്യാനം)
[16]
പോകട്ടെ നിന്നോടൊരുമിച്ചു മരിച്ചു നിത്യ
ശോകാർത്തനായിനിയിരിപ്പതു നിഷ്ഫലംതാൻ
(ആശാൻ — വീണപൂവ്)
മരണം ഭയസീമയെന്നയേ
കരുതും ജീവികളിങ്ങനാതരം;
വിരഹാർത്തയിവൾക്കഹോ ഭയ–
ങ്കരമായ്ത്തീർന്നു ധരിക്ക ജീവിതം
(ആശാൻ — ലീല)
ഭൂവനാന്തകദിക്കുകാരനാമി–
പ്പവനൻ വന്നതിൽ ഞാൻ വൃഥാ രസിച്ചു,
ഇവനെന്നുയിർ കൊണ്ടുപോയിടാതെ
വിവശാവസ്ഥ വളർക്കയാണുവീണ്ടും
(വള്ളത്തോൾ — ചിത്രയോഗം)
അംബ, പ്രപഞ്ചൈക വിധാത്രി, നിന്നോ–
ടർത്ഥിച്ചിടട്ടെ ഹതഭാഗ്യനാം ഞാൻ;
ഇവണ്ണ മത്യുഗ്ര വിപത്തിലാണ്ട
നരങ്കലങ്ങുന്നുയിർ നിർത്തിടൊല്ലേ
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
പിരിയാത്ത വയസ്യനെപ്പിരി–
ഞ്ഞൊരു മാപാപിയെ നീ വസുന്ധരേ,
തിരുമാറിൽ വഹിച്ചു നിന്നിടാ–
യ്കിരുൾ നീങ്ങട്ടെ ചരാചരങ്ങളിൽ
(കെ. കെ. രാജാ — ബാഷ്പാഞ്ജലി)
കുരരിയെപ്പോൽ കരഞ്ഞു കരഞ്ഞിനി–
ദ്ധരയിൽ വാഴുവാനാശിപ്പതില്ല ഞാൻ
(ചങ്ങമ്പുഴ — ചരിതാർത്ഥതന്നെ ഞാൻ)
അത്തെക്കുനിന്നൊരു കാറ്റുവീശി–
യിദ്ദീപനാളവും കെട്ടിതെങ്കിൽ
(ചങ്ങമ്പുഴ — അരുതിനിപ്പാടുവാൻ)
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിരഹി ഞാൻ മേലിലും കേഴണം
(ഇടപ്പള്ളി — മണിനാദം)
വിളക്കെവിടെ, ഹാ, വിളക്കിൻ തിരി
കൊളുത്തുക കത്തും വിരഹോൽക്കണ്ഠയാൽ
വിളക്കിരിക്കുന്നു, ജ്വലിപ്പീലാ നാളം,
വിധിയിതാണെങ്കി, ലിതിൽ നല്ലൂമൃതി
(ടാഗോർ — ഗീതാഞ്ജലി (ജി.))
There is no rest upon the earth,
peace is with death and thee, Barbara!
(Alexander Smith — Barbara)
[17]
തത്സമം = അതിനെ (ഇലയെ)പ്പോലെ, അവളെ (എൽവീറിനെ)പ്പോലെ. ഈ രണ്ടർത്ഥവും കിട്ടുമാറ് comme elle എന്നാണ് മൂല കൃതിയിലെ പ്രയോഗം.
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.