images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
22
ആസ്പത്രിയിലെ അനുസ്മരണം
ഹെഴെസിപ്പ് മൊറൊ (HEGESIPPE MOREAU (1810-1838))

ദാരിദ്ര്യത്തിലും രോഗത്തിലുംപെട്ടു പാരീസിലെ ഭിക്ഷക്കാരുടെ ആസ്പത്രിയിൽ അകാലചരമമടഞ്ഞ ഹെഴെസിപ്പ് മൊറൊ, മുമ്പ് അതേ ചുറ്റുപാടുകളിൽ അവിടെ അന്തരിച്ച പ്രശസ്ത കവി ഴിൽബേറിനെ (Gilbert) അനുസ്മരിച്ചെഴുതിയത്.

നീറിക്കഴിയുമെൻ നിശ്വാസമേറ്റേറ്റു
ചൂടുറ്റതാകുമിക്കീറക്കിടക്കയിൽ
ഉള്ളമലിവിനാലാർദ്രമായ്ക്കണ്ണുനീർ
ത്തുള്ളികൾ വീഴ്ത്തുവാൻ ഭാഗ്യമുണ്ടായിമേ.
ഇക്കൊടും യാതനാരംഗം പ്രതിഭതൻ
സൽക്കീർത്തിസൗരഭം പൂണ്ടതാണെപ്പോഴും.
തീർത്തും നിരാശനായെങ്കിലുമന്നവൻ [1]
നിർത്താതെ ഗാനം മുതിർത്തതാണിസ്ഥലം,
സത്യസ്വരൂപനെ ദ്ധ്യാനിച്ചുകൊണ്ടവൻ
നിത്യസമാധിയടഞ്ഞതാണിസ്ഥലം!
ഇപ്പൊഴീ നോവുകളെന്നെ ഞെരുക്കവേ,
മൽപ്രയ ‘ഴിൽബേർ’, സ്മരിക്കുന്നു നിന്നെ ഞാൻ;
വേദനകൊണ്ടു പിടഞ്ഞതില്ലെത്ര നിൻ
ചേതനയെന്നു ഞാനോരുന്നു സോദരാ.
കഷ്ടം, കഥിച്ചിതു കൂട്ടുകാ ‘രാശ കൈ
വിട്ടിടായ്കൊട്ടുമേ സാഹിതീകാമുകാ,
നിന്നെയും നിന്നുടെ വല്ലകിതന്നെയും
നിർണ്ണയം കാത്തിടും ഞങ്ങളെന്നോർക്കുക!’
ഇന്നലെയാണിപ്പറഞ്ഞതു, യാതന
തന്നിൽക്കിടന്നു ഞാനിന്നു പിടയ്ക്കവേ
കാണ്മതില്ലെങ്ങുമവരെ ഞാനിങ്ങിതാ
കാണ്മവർക്കുള്ളം കനിയിച്ചുമാഴ്കയാം.’
കാപട്യപൂർണ്ണമാം നാട്യങ്ങളേലുന്ന
പാപിഷ്ഠരായുള്ള മത്സുഹൃമ്മന്യരേ
ഞെട്ടുക നിങ്ങളഖിലരും, മണ്ണിലാ
പ്പെട്ടുപോം ഞാനുടൻ തന്നെയെന്നാകിലും
ജീവിക്കു, മന്ത്യമായ് ഞാൻ കുറിച്ചീടുമീ
ശ്ശീലുകൾ നിങ്ങൾതൻ പാതകഗാഥയായ്!
എങ്കിലുമയ്യോയിതെന്തു, മത്തൂലിക
യെൻകരം വിട്ടു നിപതിച്ചു താഴെയായ്!
ഇപ്പൊഴീ നോവുകളെന്നെ ഞെരുക്കവേ
മൽപ്രിയ ‘ഴിൽബേർ’, സ്മരിക്കുന്നു നിന്നെ ഞാൻ.
വേദനകൊണ്ടു പിടഞ്ഞതില്ലെത്ര നിൻ
ചേതനയെന്നു ഞാനോരുന്നു സോദരാ.
കണ്ണുനീരിങ്കൽ കുളിച്ചു നിമേഷങ്ങ
ളെണ്ണി ഞാനിങ്ങിനെ മേവുന്ന വേളയിൽ
സാന്ത്വനം നൽകും പരിചിത ശബ്ദമൊ [3]
ന്നന്തികത്തിങ്കലണഞ്ഞെങ്കിലീശ്വരാ!
അയ്യോ കഴിഞ്ഞെങ്കിലിന്നൊരു തോഴന്റെ
കയ്യിൽ വിറയ്ക്കുമെൻ കയ്യൊന്നു വെയ്ക്കുവാൻ! [4]
തേങ്ങിക്കരഞ്ഞു കഴിഞ്ഞിടുമെൻ നേർക്കു
തീർത്തും ബധിരത ഭാവിച്ചുകൊണ്ടിതാ
പോവുന്നു മാമകമിത്രജനോൽക്കരം
ജീവിതസ്സദ്യ പൊടിപൊടിച്ചീടുവാൻ.
ഇല്ലാ, തദീയഗണനയിലീവിരു
ന്നിങ്കലതിഥിയൊന്നില്ലെന്നതേതുമേ. [5]
ഇപ്പൊഴീ നേവുകളെന്നെ ഞെരുക്കവേ
മൽപ്രയ ‘ഴിൽബേർ’, സ്മരിക്കുന്നു നിന്നെ ഞാൻ.
വേദനകൊണ്ടു പിടഞ്ഞതില്ലെത്ര നിൻ
ചേതനയെന്നു ഞാനോരുന്നു സോദരാ!
ശപ്തമാണെൻജമ്നമെങ്കിലുമിപ്പൊഴും
സുപ്രഭാപൂർണ്ണയായ് നില്പൂപ്രകൃതിയാൾ;
വന്യപരിമളവാഹിയായന്തിയിൽ
വന്നിടുന്നിപ്പൊഴും തെന്നലെന്നന്തികേ;
മഞ്ജുമരതകപ്പുൽത്തകിടിയ്ക്കുമേൽ
മിന്നുംമണംപെറും പൂക്കൾക്കിടയിലായ്
കൂട്ടായ്നടക്കലും കാടകംപൂകീട്ടു [6]
പൊന്നിൻകിനാവിൽ മുഴുകിയിരിക്കലും
ഓടിക്കളിക്കലും–എന്തൊരുഭാഗ്യമി–
ജ്ജീവിതമെത്രമേൽ മാധുര്യമാർന്നതാം!… [7]
ഇപ്പൊഴീനോവുകളെന്നെ ഞെരുക്കവേ
മൽപ്രിയ ‘ഴിൽബേർ’, സ്മരിക്കുന്നു നിന്നെഞാൻ.
വേദനകൊണ്ടു പിടഞ്ഞതില്ലെത്ര നിൻ
ചേതനയെന്നു ഞാനോരുന്നു സോദരാ!

UN SOUVENIR A L’HOPITAL

കുറിപ്പുകൾ
[1]
അവൻ = ഴിൽബേർ
[2]
മിത്രങ്ങൾ, മിത്രങ്ങൾ, പാഷാണ പാത്രങ്ങൾ
മിത്ഥ്യാഭ്രമങ്ങൾക്കധീനനായ് ഞാൻ
(ചങ്ങമ്പുഴ — പാടുന്ന പിശാച്)
ഇന്നാർക്കുവേണമൊടുങ്ങിടട്ടൊന്നോടെ
നിങ്ങളും നിങ്ങൾതൻ സൗഹൃദവും
(ചങ്ങമ്പുഴ — അനുബന്ധകവിതകൾ)
[3]
ഏതൗഷധത്തിനേക്കാളുമാശ്വാസദം
ചേതസ്സിൽ വീഴുമിസ്സാന്ത്വനാർദ്രാമൃതം
(ചങ്ങമ്പുഴ — നീറുന്ന തീച്ചൂള)
[4]
On this birthday I feel lost.
I want my friends to pledge
The touch of their hands,
This earth’s ultimate love,
So that I can take with me life’s supreme grace,
The last blessing of my fellow men
(Tagore — On this birthday i feel lost)
[5]
മധുര ജീവിതസ്സദ്യയൊരുക്കിയ
മുറിയിൽ ഞാനൊരു സാധുദീനാതിഥി
ഒരു ദിനം ഹാ! കടന്നെത്തിടുന്നു പി
ന്നെവിടെയോ പോയ് മറയുന്നു മൂകനായ്
(എസ്. കെ. പൊറ്റക്കാട്ട് — സ്ത്രീ (ചെറുകഥ))
(ഇവിടെ പരാമൃഷ്ടനായ ഴിൽബേറിന്റെ കവിതാശകലത്തിന്റെ ഇംഗ്ലീഷിൽ നിന്നുള്ള ആശയാനുവാദം)
[6]
കൈകൾകോർത്തലക്ഷ്യമായ് സഞ്ചരിച്ചതുമോരോ
പൊയ്പൊരുളുകൾ കാതിലിന്വമായ് മന്ത്രിച്ചതും
(വിഷ്ണുനാരായണൻ നമ്പൂതിരി — പഴയ ചങ്ങാതിമാർ)
ഹസ്തേനഹസ്തം ഗ്രഹിച്ചുമോദാൽ
വൃത്താന്തമോരോന്നുരച്ചു ഞങ്ങൾ
(ഇടപ്പള്ളി — കളിത്തോണിയിൽ)
ഇരവുപകലെന്യേ നാം രണ്ടുപേരും
ഇരുകരവും കോർത്തു നടന്നോരല്ലേ?
(ഇടപ്പള്ളി — സഖികൾ)
[7]
അത്രയ്ക്കപൂർണ്ണവും ശൂന്യവുമായാലെ
ന്തെത്ര മധുരമീലോകം
സുന്ദരം, സുന്ദരം, സ്വർഗ്ഗസമൃദ്ധിതൻ
മന്ദിരം തന്നെയീലോകം
(ചങ്ങമ്പുഴ — ആരാമത്തിലെ ചിന്തകൾ)
അഹോ ജഗജ്ജീവിതമെത്ര പുണ്യം
(കെ. കെ. രാജാ — കൃതകൃത്യൻ)
പ്രേമാർദ്രമത്തൂമുഖമുല്ലസിയ്ക്കേ
വിലപ്പെടുന്നൊന്നിവനിപ്രപഞ്ചം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
പാറകൾ കൂടിയും കസ്തൂരി പൂശുന്ന
പാരിലെജ്ജീവിതമെത്ര ഹൃദ്യം
(വൈലോപ്പിള്ളി — വസന്തം)
നൽത്തേൻ തുളിക്കയാൽ, കയ്പുറ്റതെന്നാലു
മെത്രയുമാസ്വാദ്യമാകുന്നു ജീവിതം.
(എൻ. വി. കൃഷ്ണവാരിയർ — ബിക്ക് ഒരു കത്ത്)
എന്നുടെ നേട്ടം മുന്തും നേട്ടം താനിജ്ജീവിത
മെന്നുപാടുന്നൂ പ്രീതിപൂ, ണ്ടാസ്വദിയ്ക്കും ഞാൻ
(ബാലാമണിയമ്മ — ജീവിതം)
മധുരം, മധുരമിജ്ജീവിതം, മറക്കൊല്ലേ
(ബാലാമണിയമ്മ — അന്ത്യശയ്യയിൽ)
അതുമൂലം താനീയനുഭൂതിതൻ വീര്യസ്വർഗ്ഗം
(ബാലാമണിയമ്മ — ഭ്രമരഗീതം)
But sweet, sweet is this human life
So sweet I fain would breathe it still,
Your chilly stars I can forgo
This warm kind world is all I know
(W. J. Cory — Mimnermus in church)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.