images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
23
വസന്തരാത്രി
അൽഫ്രെദ് ദ് മ്യുസ്സെ (ALFRED DE MUSSET (1810-1857))

സ്വന്തം പ്രേമഭംഗവും നൊമ്പരങ്ങളും ഉള്ളുതുറന്നു പാടിയ കവിയാണ് അൽഫ്രെദ് ദ് മ്യുസ്സെ. പ്രസസ്ത നോവലിസ്റ്റും സ്വതന്ത്ര ചിന്തകയുമായ ഴോർഴ് സാന്തും (GEORGE SAND - 1804–1876) മ്യുസ്സെയും തമ്മിലുണ്ടായിരുന്ന പ്രേമബന്ധവും അതിന്റെ തകർച്ചയും അക്കാലത്ത് ഫ്രഞ്ച് സാഹിത്യലോകത്തിന്റെ ശ്രദ്ധയാകർഷിച്ച ഒരു സംഭവമായിരുന്നു. ഇരുവരും തെറ്റിപ്പിരിഞ്ഞപ്പോൾ മ്യുസ്സെയുടെ വ്രണിതഹൃദയത്തിൽനിന്നു ശോകഗീതങ്ങളുടെ ഒരു പരമ്പരതന്നെ ഊർന്നൊഴുകി. അതിലൊന്നാണിത്. ആത്മാവിഷ്കാരമാണ് കലയെന്ന തത്വത്തിന്നു അടിവരയിടുന്ന ഈ കവിതയിലെ ‘പെലിക്കാൻ’ പക്ഷിയുടെ ആത്മത്യാഗം, ‘ഫിനിക്സ്’ പക്ഷിയുടെ ഉയർത്തെഴുന്നേല്പുപോലെ, ഒരു യൂറോപ്യൻ പാരമ്പര്യസങ്കല്പമാണ്. തീറ്റയൊന്നും കിട്ടിയില്ലെങ്കിൽ പെലിക്കാൻ സ്വയം കൊത്തിക്കീറി സ്വന്തം രക്തവും മാംസവും കുഞ്ഞുങ്ങൾക്കു നല്കുന്നുവെന്നാണ് വിശ്വാസം. ക്രിസ്തുവിന്റെ ആത്മബലിയുമായുള്ള സാദൃശ്യം കാരണം ക്രൈസ്തവസഭാസാഹിത്യത്തിൽ പെലിക്കാൻ പണ്ടേ ഒരു പ്രതീകമാണ്. മ്യുസ്സെയും ഈ സാദൃശ്യം സൂചനാത്മകമായി സ്പർശിക്കുന്നുണ്ട്.

കാവ്യദേവത:
വീണയേന്തുനീ, മൽക്കവേ, മാൺപെഴും
തൂവസന്തം പിറക്കുന്ന രാവിത്.
പാർക്കുകീ ഋതുസംക്രമസന്ധ്യയാൾ
പാരിനേകുന്ന പുത്തൻ പരിവേഷം.
വീണ്ടുമുന്മേഷമുർവിക്കിയറ്റുവാൻ
വന്നണഞ്ഞു കവോഷ്ണമന്ദാനിലൻ;
നന്മണംപൂണ്ട നീരാളം ചുറ്റി രാ–
വിമ്മണിത്തെന്നൽ തന്നെയാട്ടീടുന്നു;
പച്ചവീണ്ടും പുതയ്ക്കും വനങ്ങളിൽ
പക്ഷിവൃന്ദം തിരിച്ചെത്തി പാട്ടുമായ്
കന്നിറോസഭ്യസൂയയാൽ മോഹിത–
വണ്ടിനെ ത്തന്നിലുൾച്ചേർത്തു കൂമ്പുന്നു; [1]
പൂവണിയുന്നു സർവ്വവും, പാരിടം [2]
പ്രേമ, സൗരഭ, മർമ്മര പൂരിതം
പുത്തനാം യുവദമ്പതിമാരുടെ
ഹർഷപൂർണ്ണമണിയറയൊന്നുപോൽ. [3]
വീണയേന്തു നീ, മൽക്കവേ, മാൺപെഴും
തൂവസന്തം പിറക്കുന്നരാവിത്!
കവി:
ചെൽവതെന്തുവാ, നിത്താഴ്‌വരയിങ്കൽ
വൻതമസ്സാണു കാണ്മു ഞാനെങ്ങുമേ.
പൂത്തപുൽകൾ ചവിട്ടിച്ചതച്ചിട്ടു
പുൽത്തകിടിയിൽ നിന്നാഗമിച്ചതാം
ആവരണമണിഞ്ഞൊരു സത്വമ–
ക്കാടിൻമീതെച്ചരിപ്പതായ്ത്തോന്നിമേ. [4]
ഇപ്പോ, ഴേറെ വിചിത്രമാമമ്മനോ–
ദൃശ്യമല്പാല്പം മാഞ്ഞു മാറുകയാം.
അമ്പരപ്പുഞാ, നെന്തിനായെന്റെ ഹൃൽ–
സ്പന്ദമിത്രയും വേഗമാർന്നീടുന്നു. [5]
എന്നകക്കളമിട്ടുലച്ചീടുവ–
തെന്തതെന്നെബ്ഭയപ്പെടുത്തുന്നുതേ.
അർദ്ധമൃത്യുവാമെൻ ദീപനാളത്തി–
ന്നല്പവെട്ടവുമെൻകൺമയക്കുന്നു.
എന്തിനുല്കമ്പമാർന്നിടുന്നെന്നുടൽ?
ആർവരു, ന്നാർ വിളിക്കുന്നു? ഇല്ലാരും! [6]
ഏകനാണുഞാൻ, മൂകത ഭഞ്ജിക്കാൻ [7]
നാഴികമണി മാത്രമേയിങ്ങുള്ളൂ.
എന്തുമാത്രം കടുത്തൊരേകാന്തത
എന്തുമാത്രം കടുത്തൊരു നിസ്വത! [8]
കാവ്യദേവത:
വീണയേന്തുനീ, ചൊൽവതു ഞാനല്ലേ
നിന്നനശ്വരദേവത, മൽക്കവേ!
ഈ രജനിയിൽ ഖിന്നനായ്, മൂകനായ്
നീ മരുവതു കാൺകയാൽ വിണ്ണിൽനി–
ന്നിങ്ങുപോന്നുഞാൻ നിന്നൊപ്പം കേഴുവാൻ, [9]
നീഡത്തിൻ വിളി കേട്ടൊരു പക്ഷിപോൽ. [10]
നീറിടുന്നു നീ യേകാന്തമാമൊരു
വേദനയിന്നു നിന്നെക്കരളുന്നു. [11]
കേൾപ്പതുണ്ടു ഞാൻ വ്യക്തമായ് മത്സഖേ
നിന്റെ യുള്ളിനുമുള്ളിലെഗ്ഗദ്ഗദം. [12]
നിന്നിലുമൊരു പ്രേമം കിളിർത്തെന്നാം–
നിർണ്ണയമതുലോകസാധാരണം,
ആനന്ദനിഴലാട്ടമൊന്നെന്നപോ,
ലൈശ്വര്യത്തിന്റെ സ്വപ്നാനുഭൂതിപോൽ.
നീ വരൂ നമുക്കൊന്നിച്ചു പാടിടാ–
മീശചൈതന്യം താവുമീ രംഗത്തിൽ.
നിന്റെ ചിന്തകൾ, നഷ്ടസമ്മോദങ്ങൾ
നിൻ ഗതകാലനോവുകളൊക്കെയും
പാടിടാ,മൊരു മുത്തത്തിലൂടവേ
പോക നാമങ്ങൊരജ്ഞാതലോകത്തിൽ. [13]
തൊട്ടുണർത്താം നമുക്കു നിൻവാഴ്‌വിന്റെ
കെട്ടടങ്ങിയ മാറ്റൊലിയൊക്കെയും.
ഹർഷവായ്പും ജയമഹിമാവും പോൽ
ചാപലങ്ങളും പേർത്തുമേ പാടിടാം.
ഗാനമാവതിൻമുമ്പു നിൻ പൊൻകിനാ–
സ്സൂനമായവ ചേലിൽ വിടരട്ടെ. [14]
കണ്ടിടാം നമുക്കങ്ങാത്മവിസ്മൃതി
പൂണ്ടുപാടുവാൻ പറ്റിയ താവളം. [15]
പോക നാമിരുപേർമാത്ര, മീജഗ–
ത്താകമാനം നമുക്കുള്ളതാം സഖേ … [16]
ഏതു തങ്കക്കിനാവിനെത്താരാട്ടാൻ
പോന്നതാകണം നമ്മുടെ ഗാനങ്ങൾ?
ഏതു കണ്ണീർക്കഥയാണു പാടുവാൻ
പോവതു നമ്മൾ? നീ പറഞ്ഞീടണം.
വീണയേന്തീടു വീണയേന്തീടുനീ
ഈണം തൂകാതിരിക്കുവാൻ വയ്യിനി.
എൻചിറകു വിടരുന്നു വാസന്ത–
ത്തെന്നലി, ലതെങ്ങന്നെയും കൊണ്ടുപോം.
നിന്നിൽനിന്നുതിർന്നിടുന്ന കണ്ണുനീർ–
ത്തുള്ളിയൊന്നിനാകാംക്ഷ കൊൾവൂ ഞാൻ.
കവി:
പ്രേഷ്ഠയാം സഖീ, യെൻചുണ്ടിൽനിന്നൊരു
മുത്തവുമെൻമിഴികളിൽ നിന്നുള്ള
നീർക്കണികയും മാത്രമേ വേണ്ടുള്ളു–
വെങ്കിൽ ഞാനവ നൽകിടാമിക്ഷണം.
നീയൊരാൾമാത്രമാണെന്നിൽ നിർവ്യാജ–
സ്നേഹമേലുവോൾ സത്സഖീ, സോദരീ. [17]
പാടുകില്ല ഞാൻ പക്ഷേ, പ്രശസ്തിയോ
സുപ്രതീക്ഷയോ ഭാഗ്യവിലാസമോ.
പാടുകില്ല ഞാനെന്നന്തരത്തിനെ
കാർന്നുതിന്നും കരമുനപോലുമേ.
ഹൃത്തുതേങ്ങിക്കരയുന്ന നേരത്തു [18]
വക്ത്രം പാലിപ്പൂ മൂകത, ശ്രദ്ധിക്കാൻ.
കാവ്യദേവത:
എന്തുവാൻ നിന്നെക്കുറിച്ചു നീ,
തപ്തബാഷ്പക്കൊതിയേൽവൂ ഞാനെന്നോ?
കല്ലറവരെ ചെന്നശ്രുമോന്തിടും
കല്ക്കരളാർന്ന വൃശ്ചികക്കാറ്റുപോൽ, [19]
കേവലമൊരു നീർത്തുള്ളിമാത്രമായ്
മാനവവ്യഥ കാണ്മവൾ ഞാനെന്നോ?
ചുംബനം പരമുത്തേജനാത്മക–
ചുംബനം ഞാൻ നിണയ്ക്കാണു നല്കുക.
ഇപ്പരിസരത്തീന്നു ഞാൻ നീക്കിടാ–
നുന്നിടുന്നൊന്നു മാത്രം: നിൻ നൈഷ്കർമ്മ്യം.
താവകവ്യഥ സർവ്വജഗന്നിയ–
ന്താവിൻ നിശ്ചയ, മെന്നാലൊന്നോതുവേൻ:
നിൻകരൾക്കാമ്പിലക്കരിംമാലാഖാ–
വൃന്ദമേല്പിച്ച പുണ്യക്ഷതത്തിനെ [20]
നീ വിടൂ വളർന്നീടാൻ, നിൻ യൗവനം
തിന്നുമാതങ്കമെന്തുതാനാകിലും.
ഉന്നതവ്യഥയൊന്നുപോലത്രമേ–
ലുന്നതരാക്ക മറ്റൊന്നും നമ്മളെ. [21]
വേദനപ്പെടുന്നെന്നതുകൊണ്ടു നിൻ
നാദമിങ്ങു നിലയ്ക്കുവാൻ പാടില്ല. [22]
ഏറെ ദുഃഖം വഴിയുന്ന ഗാനങ്ങ–
ളേറെ മാധുരിയൂറുന്നതായിടും;
ഞാനറിവേനനശ്വരഗാനങ്ങ–
ളേറെയുണ്ടു കലർപ്പറ്റ തേങ്ങലായ്. [23]
കോറ്റുതേടി ‘പെലിക്കൻ’ കടലിങ്ക–
ലൊട്ടു ദൂരത്തുപോയ് പരിക്ഷീണനായ്
അന്തിമഞ്ഞിൽ ക്കരയിലെ ത്തൻമുള–
ങ്കാട്ടുചേക്കയിലേയ്ക്കു തിരിക്കുമ്പോൾ
നീർപ്പരപ്പൂടെ നീന്തിയണഞ്ഞിടും
താതനെപ്പാർത്തു പൈയ്യെഴും പൈതങ്ങൾ
കൊക്കുകളാട്ടിയോടിയെത്തീടുന്നു,
തീറ്റയുണ്ടെന്ന ധാരണയോടെയായ്.
ഉന്നതമൊരു പാറമേലേയ്ക്കവൻ [24]
പൊന്നുമക്കളെ മെല്ലേ നയിക്കുന്നു.
വിസ്തൃതമാം ചിറകാൽ കിടാങ്ങളെ–
പ്പൊത്തിയത്തന്ത മാനത്തു നോക്കയാം,
മത്സ്യവേട്ടയ്ക്കുപോയ് വെറും കയ്യോടേ
മാലിലാണ്ടു മടങ്ങിന കൈവർത്തൻ!
വൈകിടാവൻ, കൊത്തിപ്പിളർക്കയായ്
തന്നുടൽ, ചോര ചുറ്റും സ്രവിക്കുന്നു.
ആഴിതന്നിൽ നിന്നൊന്നും തടഞ്ഞീലാ,
തീരമാകട്ടെ തീരെ നിർജ്ജീവും.
ആകെക്കൊറ്റായി കൊണ്ടുവന്നുള്ളതു
സ്നേഹസമ്പന്നഹൃത്തൊന്നുമാത്രമാം!
ശോകമൂകനായക്കരിമ്പാറമേ–
ലാക്കമോടേ കിടന്നവൻ വീതിപ്പൂ
സ്വന്തമാം കടൽമാല പിഞ്ചോമന–
സ്സന്തതികൾക്കു ക്ഷുത്തടക്കീടുവാൻ–
അത്യുദാത്തമാം സ്നേഹത്തിലപ്പിതാ–
വാത്മയാതന താരാട്ടിടുകയാം.
തൻചുടുനിണമിമ്മൃതിസദ്യയിൽ
വാർന്നൊലിപ്പതു കണ്ടുകൊണ്ടങ്ങിനെ,
താവും നിർവൃതി, വാത്സല്യം, രൗദ്രത–
ഈ വികാരങ്ങളാലെയുന്മത്തനായ് [25]
അക്കിടപ്പിലമർന്നും പിടഞ്ഞും കൊ–
ണ്ടാചരിക്കയാണാത്മബലിയവൻ!
[26] ഇ‘ത്തിരുബലി’ മദ്ധ്യത്തിൽ, യാതന
നീട്ടിനീട്ടി മരിക്കാൻ മടുക്കയാൽ,
ക്ഷുത്തടങ്ങിയ മക്കൾ സപ്രാണനായ്
വിട്ടിടാം തന്നെയെന്നു ഭയക്കയാൽ,
ഒന്നെണീറ്റവൻ നീർത്ത ചിറകിനാ–
ലാഞ്ഞടിച്ചു തൻഗൃഹത്തിനു സാക്രന്ദം.
അന്തിനേരത്തു ദാരുണോഗ്രഹം തദീ–
യാന്തിമാക്രന്ദം കേട്ടു നടുങ്ങിന
മറ്റു നീർക്കിളിക്കൂട്ടങ്ങളക്ഷണം
വിട്ടുതീര, മൊരേകാന്ത യാത്രികൻ
മൃത്യുവാവഴി പോകുന്നുവെന്നോർത്തി–
ട്ടാത്മരക്ഷക്കായീശനെക്കൂപ്പിനാൻ. [27]
ഈ വിധമാം കവിവരർതൻ കലാ–
ജീവിതവൃത്തി യേതുകാലത്തുമേ.
ആനുഷംഗികമാണവരസ്ഥിര–
മാനുഷർക്കേകുമാസ്വാദനാനന്ദം. [28]
അമ്മഹത്തുക്കൾ കാവ്യോത്സവങ്ങളിൽ
നല്കിടും മനവീയവിരുന്നുകൾ [29]
ഇപ്പെലിക്കാന്റെ യാത്മബലിസദ്യ– [30]
ക്കൊപ്പമായിടും മിക്കപ്പൊഴും കവേ.
മോഹഭംഗ, മാതങ്കം, വിഗണനം,
പ്രേമം, ഭാഗ്യവിപര്യയമൊക്കെയും
പാടുവതവരന്യരസത്തിനാ– [31]
യ, ല്ലാതാകവേയാത്മാവിഷ്കാരമാം. [32]
കാട്ടുതവർ വാൾപ്പയറ്റാകിലും
തങ്ങിനിൽപ്പുണ്ടാമാവാളിൽ ത്തന്നിണം. [33]
കവി:
ഗാനലോലുപേ, മൽക്കാവ്യദേവതേ,
പോരുമേ നിന്നനുനയം പാടുവാൻ
ആഞ്ഞുവീശും കൊടുങ്കാറ്റൽ പൂഴിമേ–
ലാരുമൊന്നുമാലേഖനം ചെയ്തിടാ.
താരുണിയിലനിരുദ്ധനായൊരു
ശാരികപോലെ പാടിയോനല്ലി ഞാൻ?
തീവ്രയാതനയൊന്നിനാലുള്ളത്തിൽ
തീമഴയായ്ക്കഴിയുവോനിന്നു ഞാൻ.
ഈയനുഭൂതി ഗേയമല്ലത്രമേൽ
ദാരുണമെന്നുമാത്രം പറഞ്ഞിടാം.
ഞാനതുൽഗാനം ചെയ്യാൻ ശ്രമിക്കിലെൻ
വീണ, യീറപോൽപ്പൊട്ടിത്തകർന്നുപോം.! [34]

LA NUIT DE MAI

കുറിപ്പുകൾ
[1]
ഒരു വെൺ മലരല്ലിയിൽ പതി–
ഞ്ഞൊരു തേനീച്ച മരിച്ചിരിക്കയാം
… … …
മലരിൻ മധുരം നുണഞ്ഞു നീ
മരണം പൂകിയതെന്തുമക്ഷികേ?
(വൈലോപ്പിള്ളി — ഇതുപോലെ)
കൂമ്പുന്നാമ്പൽപ്പൂവിന്നുള്ളിൽക്കുമ്പിട്ടേതോ
ശലഭമിരുന്നു മരിച്ചതു ഞാനോ?
(കടമ്മനിട്ട — പുരുഷസൂക്തം)
മത്തടിച്ചാർത്തുചുറ്റിപ്പറന്ന വണ്ടത്താന്മാർ
സ്വസ്ഥചിത്തരായ് നിന്നിൽ തേൻകുടിച്ചുറകൂന്നു.
(ചെമ്മനം ചാക്കോ — പൂവിന്റെ ജാതകം)
പൂവിതിൽ പതുങ്ങിയിട്ടെൻ ചിറകുയരാതായ്
പ്രാവിനെ, പ്പരുന്തിനെത്തഴുകും മാറിൽ ചേരാൻ
(ബാലാമണിയമ്മ — ഭ്രമരഗീതം)
രാവിലെൻ മാറിൽമേനി ചായിച്ചു കൊണ്ടെൻ പ്രേമ–
ഗായക ഭവാനെന്നോടിണങ്ങിക്കിടന്നാകിൽ
താരകളാകാശത്തിലെത്തിനോക്കുവാൻ വരും
നേരമെന്നിതൾ കൂമ്പിമറയ്ക്കും ഞാനഗ്ഗാത്രം
(ചെറിയാൻ കെ. ചെറിയാൻ — പങ്കജഗീതം)
As a shut bud that holds a bee
(Robert Browning — Porphyria’s lover)
[2]
പുഷ്പമാലകൾ ചാർത്തി, പുഷ്പകോടീരം ചൂടി
പുഷ്പിതാത്മാവായെത്തി പുത്തനാം മധുരമാസം
(പി. കുഞ്ഞിരാമൻ നായർ — കണ്ണുനീർത്തുള്ളി)
ജഗത്തിതൊട്ടുക്കു വസന്തലക്ഷ്മി–
പുണർന്ന പൂവാടികയായ്ക്കഴിഞ്ഞു.
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
[3]
… … …പൂത്തുനില്ക്കും ലതാ–
കഞ്ജം കണക്കെ കാണുന്നു മണിയറ
പൂനിലാവും കളിർ കാറ്റും മലർമണം
ചേർന്നമ്മണിയറയ്ക്കുള്ളിൽ മധുരമായ്……
(ആശാൻ — ശ്രീബുദ്ധചരിതം)
ഹാ സുരർപോലും കൊതിപ്പോന്നേവം ശബ്ദച്ഛായോ
ല്ലാസിതം നവവധൂവരർ തൻ നൈശാലാപം
(വൈലോപ്പിള്ളി — കുറുമൊഴി)
അന്നമ്മണിയറയാകവേ പൂത്തൊരു
കൊന്നപ്പൂന്തോട്ടമായ് മിന്നിനില്ക്കേ
(ഉള്ളൂർ — കർണ്ണഭൂഷണം)
മധുചന്ദ്രികയിൽക്കുളിച്ചുനില്ക്കും
മദകരമാമീ മണിയറയിൽ
(ചങ്ങമ്പുഴ — ആനന്ദലഹരി)
[4]
ഓതിനേ, നുറങ്ങിപ്പോയല്ലി ഞാൻ, സ്വപ്നം കണ്ടേൻ
ഭീതിദമൊരു രൂപമസിതം മഹോന്നതം
(വൈലോപ്പിള്ളി — സാവിത്രി)
എന്തിതു ത്രോതായുഗത്തിന്റെ ഭീകര സ്വപ്ന–
മണ്ഡലത്തിൽനിന്നുയിർക്കുന്നൊരു മഹാസത്വം
വക്ഷസി വക്ത്രം, ഹസ്തരഹിതം, ഘണ്ടാപാദം
പക്ഷിയും മൃഗവുമല്ലാത്തൊരു രക്ഷോരൂപം
(ബാലചന്ദ്രൻ ചുള്ളിക്കാട് — ബലി)
[5]
ഹൃത്തടമെന്താണിത്ര ശക്തിയായ് മിടിക്കുന്നു
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
[6]
‘ആരെടി നില്പതു വാതുല്കൽ താഴെവ’–
‘ന്നാരേയുമാരേയും കാണ്മീലമ്മേ’
(ഉള്ളൂർ — പിംഗള)
[7]
കൂരിരുളിനെപ്പുല്കി നില്ക്കുന്നതാ–
മാരുമില്ലാത്ത ശൂന്യമാം പാതയിൽ
(പി. കുഞ്ഞിരാമൻ നായർ — അന്തിമരംഗം)
[8]
എല്ലാം കൊള്ളയടിക്കപ്പെ–
ട്ടവശം നിസ്വചിത്തനായ്
തലതാഴ്ത്തിയിരിപ്പൂ ഞാൻ
തോണിപ്പുരയിലേകനായ്
(പി. കുഞ്ഞിരാമൻ നായർ — തോണിപ്പുരയിൽ)
[9]
നിന്നോടൊപ്പം നിന്റെ ശോകഗാനം ആലപിക്കാൻ
[10]
മുട്ടിയിരിക്കുന്ന കൂട്ടിനെയംബരം
മുട്ടിപ്പറക്കുന്ന പക്ഷി മറക്കുമോ
(ആശാൻ — ശ്രീബുദ്ധചരിതം)
[11]
ഗൂഢമാമേതോ നോവുനിൻ കരൾ കരളുന്നു
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
[12]
പ്രണയസർവ്വമേ പോരും പരിഭവം
ഹൃദയഗദ്ഗദം കേൾക്കാത്തതെന്തുനീ
(ചങ്ങമ്പുഴ — ബാഷ്പാഞ്ജലി)
[13]
മധുരസ്വപ്നശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാൻ
(ചങ്ങമ്പുഴ — മനസ്വിനി)
[14]
ഗാനമായൊഴുകുന്നതിനുമുമ്പ് അവ ഭാവനയിൽ കരുപ്പിടിക്കട്ടെ
[15]
എഴുതാനറി കല്പന ദിവ്യമൊ–
രഴകിനെയെന്നെ മറന്നു ഞാൻ
(ചങ്ങമ്പുഴ — മനസ്വിനി)
[16]
ആഴമോരുവാനാവാത്താനന്ദം നുകർന്നേനീ–
യൂഴിയും ഗഗനവുമൊക്കെയുമെന്റേതല്ലോ
(സുഗതകുമാരി — വർഷമയൂരം)
[17]
നീ മാത്രമുണ്ടെനിക്കെന്നടുത്തെപ്പൊഴും
നീരസം തോന്നാതെ തങ്ങിനില്ക്കാൻ,
ഇല്ലെനിക്കാരുമീ ലോകത്തിൽ നീയല്ലാ–
തില്ലെനിക്കാരും, ഞാൻ നിസ്സഹായൻ
(ചങ്ങമ്പുഴ — പാടുന്ന പിശാച്)
[18]
ഹൃത്തുറക്കെക്കേണു, ശബ്ദ–
മെത്തിയില്ലെൻ നാവിൽമാത്രം
(ചങ്ങമ്പുഴ — നർത്തകി)
[19]
ശിശിരത്തിലെ കെടുതിക്കാറ്റ്, ഈ കാലത്താണ് (നവംബറിൽ) പരേതരുടെ പെരുന്നാൾ. അന്നു വാർക്കപ്പെടുന്ന കണ്ണുനീർ ഈ ശീതക്കാറ്റ് വിഴുങ്ങുന്നു.
പടരും വിഷാദത്തിൻ വൃശ്ചികപ്രഭാതമായ്
(ജി. കുമാരപിള്ള — ഇല്ല)
ചാവിൻ മണവുമായ് തെക്കുനിന്നെത്തി–
ക്കോലായിൽ കോലമായ് തുള്ളുന്നു മഞ്ഞ്.
(സച്ചിദാനന്ദൻ — വടക്കൻപാട്ട്)
[20]
തുമ്പികൾ, കരിന്തുമ്പികൾ ക്ഷുദ്രമാം
കൊമ്പിനാലേ തുളക്കിൽ നിൻമാറിടം
മന്ദിതോത്സാഹനാകാതവയൊടു
നന്ദി ചൊൽക വനമുളേ സൗമ്യനായ്
(ജി. — വനഗായകൻ)
മൂടുക ഹൃദയമേ മുഗ്ദ്ധഭാവനകൊണ്ടീ–
മൂകവേദനകളെ, മുഴുവൻ മുത്താകട്ടെ
(ജി. — മുത്തുകൾ)
എരിയും സ്നേഹാർദ്രമാമെന്റെ ജീവിതത്തിന്റെ
തിരിയിൽ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്ജ്വാല
(ജി. — നക്ഷത്രഗീതം)
നിർവൃതിപദങ്ങൾ നൽപ്പാലൂട്ടിപ്പോറ്റുന്നതാ–
നീർഭരാസ്വാസ്ഥ്യത്തെത്താനെന്നു ഞാനോർമ്മിച്ചീലാ
(ബാലാമണിയമ്മ — നിലാവിൽ)
സുഖത്തെക്കാട്ടിക്കൊഞ്ചും ലോകത്തോടുരയ്ക്കയാം
സുധൃഷ്ടമാമെൻ വാശി: നേടും ഞാൻ ദുഃഖത്തിനെ
(ബാലാമണിയമ്മ — എന്റെ വാശി)
ദുഃഖമേ നീയെകൂ തൃക്കഴൽ ചേർപ്പത–
ങ്ങൊക്കെയും ശ്രീകോവിൽ തന്നെയല്ലോ
നിൻമുമ്പിലെത്തിയ നെഞ്ചിൽപ്പതിയുന്നു
നിർവാണത്താമരമൊട്ടുതാനേ
(നാലപ്പാടൻ — പുളകാങ്കുരം)
അതോ തടംതല്ലിയലച്ച കണ്ണുനീർ–
ക്കടൽക്കകം മുത്തുകളോ കിടപ്പൂ?
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
എനിക്കു ദുഃഖമാണല്ലോ,
ദുഃഖത്തെത്തന്നെയാണു ഞാൻ
ഭജിപ്പതെൻ സഖേ, ദുഃഖം
സുഖമെന്നു നിനപ്പുഞാൻ
എം. എൻ. പാലൂര്–ഒരു കത്ത്
അഭിലഷിപ്പു ഞാനിതുമാത്രം: നിത്യം
തകരാവൂ ചിത്തം പ്രണയത്താൽ
(ചങ്ങമ്പുഴ — പരിതൃപ്തി)
ഹാ മധുരം മധുരമാണെനി–
ക്കീ മഹനീയ സങ്കടം
എത്ര മന്ദസ്മിതങ്ങളിന്നതി–
ന്നിദ്ധരെയെനിക്കേകിലും
ഇല്ല ഞാൻ തരില്ലെന്റെയിക്കണ്ണീർ–
ത്തുള്ളികളിലൊന്നെങ്കിലും
(ചങ്ങമ്പുഴ — ബാഷ്പോപഹാരം)
ഊതുക ദുഃഖഗാനമിനിയും നിൻ
ജീവിതത്തിന്റെ വേദനാവേണുവിൽ
(പി. കുഞ്ഞിരാമൻ നായർ — അന്തിമരംഗം)
വേറിട്ടുകേൾക്കുന്നു തോപ്പിന്റെ ജീവിത–
വേദന തുമ്പി തുളച്ച മുളകളിൽ
(പി. കുഞ്ഞിരാമൻ നായർ — പുഷ്പവാടി)
വീണ്ടും കരുത്തുതുടങ്ങട്ടയോ ദുഃഖ–
ഗാനങ്ങൾ മണ്ണുപിടിച്ച നിൻ വീണയിൽ
(പി. കുഞ്ഞിരാമൻ നായർ — തപോവനം)
നിർഭയം നിസ്സന്ദേഹം പാടിനാൻ കവി: ദുഃഖ–
നിർഭരമാവാതെന്റെ ചേതനയ്ക്കില്ലാ നാദം
(ഒ. എൻ. വി. കുറുപ്പ് — ചോറൂണ്)
മർത്ത്യഹൃത്തടങ്ങളിൽ വിളയും ദുഃഖത്തിന്റെ
മുത്തുവാരുവാനത്രേ താണുപോയ്തച്ചേതന
(ഒ. എൻ. വി. കുറുപ്പ് — സിംഹാസനത്തിലേയ്ക്കു വീണ്ടും)
അന്തിയിൽ മെഴുതിരിത്തുമ്പിലെത്തീനാമ്പുകൾ
ചിന്നിയ കണ്ണീർത്തുള്ളി മുത്തുകളായിത്തീർന്നോ ?
(പാലാ — അയൽക്കാരൻ)
ഇണ്ടലിൻ മുറിവാണതവിടുന്നു നീലിച്ച
വണ്ടായ് തുളച്ചതാണല്ലോ
അതിലൂടെയൂറും കവർപ്പിന്റെ കവിതയോ
അവിടുത്തെ നൈവേദ്യമല്ലോ
(സുഗതകുമാരി — നൈവേദ്യം)
…മുറിച്ചു കാടുകൾ കടന്നുപോരട്ടേ
നിതാന്തവേദനേ തവ തരംഗങ്ങൾ.
വിഷാദചന്ദ്രികേ, യെനിക്കു നീ നിന്റെ
സ്വരം തരൂ, നിനവഖിലവും തരൂ
(ഒ. വി. ഉഷ — വിഷാദപൗർണ്ണമി)
നിഗൂഢദീപ്തിയാൽ കുളിരുന്നു ജീവൻ
പിടയുന്നു തീവ്രമധുരാസ്വാസ്ഥ്യത്താൽ
(ഒ. വി. ഉഷ — സുഖം)
ഉൽക്കടശോകമൊന്നാകണം നിന്നുടെ
ഉൽകൃഷ്ട ഗാനനിദാനം
(പുലക്കാട്ട് രവീദ്രൻ — കുയിലിനോട്)
ഇതു കൊടുംനോവോ, കടുമധുരമോ
ജനിയോ, മൃത്യുവോ, അറിയുന്നില്ല ഞാൻ.
കഠിനമീ വ്യഥയുറഞ്ഞു മുത്തായി
പരമഹർഷത്തിൻ സ്ഫടികമാവട്ടെ
(ദേവി — ഹരി നിനക്കായിക്കരുതിക്കാത്തു ഞാൻ)
വിനതേ ഹതഭാഗ്യേ നിന്നഴൽ
കൊത്തിയുടയ്ക്കയായ്കയതിൽ ബീജം
ഉണരട്ടെ ചിരകുമുളച്ചു
കരുത്തായ് പിളരട്ടെ
(എൻ. എൻ. കക്കാട് — ചിറക്)
വളരൂ പ്രിയപ്പെട്ട ദുഃഖത്തിൻ വാല്മീകമേ
വളരൂ തപസ്യയിലേർപ്പെടുമെന്നെച്ചുറ്റി
(എസ്. രമേശൻ നായർ — വാല്മീകി)
Still nourishing in thy bewildered brain
That wild unquench’d deep sunken old world pain
(Mathew Arnold — Philomela)
Then welcome each rebuff
That turns earth’s smoothness rough
Each sting that bids, nor sit nor stand but go,
Be our joys three parts pain
(Robert Browning — Rabbi Ben Ezra)
Life is a ‘tapasya’ of pain till death:
To again the terrible value of truth,
Settle all debts by death
(Tagore — On the bank of Rupanarayana)
And pain shall cleans thee like a flame
To purge the dross from thy desire
(Sarojini Naidu — The Soul’s prayer)
[21]
അഥവാ സുഖദുർഗ്ഗമേറുവാൻ
സ്ഥിരമായ് നിന്നൊരു കൈശരീരിയെ
വ്യഥയാം വഴിയൂടെയമ്പിനാൽ
വിരവോടുന്തി വിടുന്നുതന്നെയാം
(ആശാൻ — സീത)
ഉപാസിക്കുന്നു ദുഃഖത്തെ ഞാൻ
(ആശാൻ — ഒരു അനുതാപം)
യാതൊരു ദുഃഖത്താലെ നാം മൃതിപ്പെടുന്നീലാ–
യാതന പൂർവ്വാധികം ശക്തരാക്കുന്നു നമ്മെ
(വൈലോപ്പിള്ളി — തൃശ്ശൂരിലെ തിരുവാതിരകൾ)
ജീവിതപുഷ്പത്തിന്റെ സൗരഭ്യമത്രേ ദുഃഖം
(വൈലോപ്പിള്ളി — വിരഹത്തിൽ)
ഏതുനാൾ തൊട്ടെന്നോർമ്മയില്ലെന്റെ നെഞ്ചത്തോമൽ
പ്പൈതലെന്നോണം പറ്റിക്കിടക്കും കദനമേ,
… … …
പാരിലെ പ്രകാശം നിൻകൺകളിൽ നിറഞ്ഞോലും
നേരമാണെന്നാം വേലിയേറ്റമെൻ കഴിവിന്നും
(ബാലാമണിയമ്മ — ദുഃഖം)
ഉരിയാടില്ലൊന്നും ഞങ്ങൾ കൂട്ടിയ തീയ്യിൽ
വിരികൺ കലങ്ങാതെ കാൽവെച്ചാൾ മനസ്വിനി
ചെന്നു പിൻമാറ്റിദ്രുതം തൽപ്രിയൻ: ‘മതിപാർത്തേ–
നിന്നു നീ ദുഃഖംകൊണ്ടു നേടിയ വളർച്ചയെ’
(ബാലാമണിയമ്മ — വിഭീഷണൻ)
ഇരുണ്ടും ചെറുതായുമുലകം നീരാളും ക–
ണ്ണിണയിൽപ്പിടയ്ക്കെത്തൻ പിന്നിൽ നില്ക്കയാം ദുഃഖം.
‘പോവുക’ കറുത്ത മെയ് പുല്കിക്കൊണ്ടയാളോതി:
നീ വഴികാട്ടാമെനിക്കിവിടെത്തിരിച്ചെത്താൻ
(ബാലാമണിയമ്മ — വഴികാട്ടാൻ)
നിർവൃതിപദങ്ങൾ നല്പാലൂട്ടിപ്പോറ്റുന്നതാ
നിർഭരസ്വാസ്ഥ്യത്തെത്താനെന്നു ഞാനോർമ്മിച്ചീലാ
(ബാലാമണിയമ്മ — നിലാവിൽ)
അമർത്ത്യാരാധ്യം നിൻ യാതനാധനം വെച്ചു
നമിക്കൂ നവോദയാശംസിയാം ഹൃദയമേ
(ബാലാമണിയമ്മ — സന്ധ്യാവന്ദനം)
ജീവിതമതിൻ മുന്തുംയാതനാമൃതമേകി
ദ്ദേവതയാക്കിത്തീർത്തോരിരുൾമെയ്യാളാം സാധ്വി
(ബാലാമണിയമ്മ — ഞങ്ങളുടെ അമ്മ)
മുത്തു പെറുക്കിയെടുത്തു കൊള്ളട്ടെ പേർ–
ത്തിദ്ദീനരെന്ന കനിവാലല്ലല്ലീ
അത്തൽക്കടങ്കിലാഴ്ത്തി മുക്കുന്നു നീ
യപ്പപ്പോൾ ഞങ്ങളെ മംഗളാത്മൻ
(ബാലാമണിയമ്മ — ചിദ്രസവർഷിയാം കാർമേഘം നീ)
ആനന്ദവർഷത്തിനുവേണ്ടിയാണീ
ബ്ഭൂവിങ്കലെ ദുഃഖവികാരതാപം
പി. കുഞ്ഞിരാമൻ നായർ–ശ്രീരാമചരിതം
മിഴിനീരിലൂടേ ചരിച്ച ജീവ–
നഴകിലാറാടിയതായിരിക്കും
എരിയുമെൻ ചിത്തമേ മേല്ക്കുമേലേ
ചൊരിയുകശ്രുക്കളെൻ കണ്ണുകളേ
(ചങ്ങമ്പുഴ — പ്രലോഭനങ്ങൾ)
ഒരല്ലലില്ലെങ്കിലെനിക്കു കല്ലാ–
യിരിക്കുവാനാണിമേലിലിഷ്ടം
(കുറ്റിപ്പുറം — ഒരു മഹച്ചരമം)
ആനന്ദവാർദ്ധിക്കകമെത്തുവാനോ
നീ തീർത്തതമ്മേ ചുടുകണ്ണുനീർച്ചാൽ
(എം. ആർ. നായർ — വിചാരവീഥി)
അഴലേ, തവമുമ്പിൽ കൊളുത്തിടട്ടെന്നാത്മാവു്
വഴിയും മണംപെറുമൊരു ചന്ദനത്തിരി
(നാലാങ്കൽ — അഴലിന്റെ അഴക്)
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിദ്ധ്യം പകരുന്ന വേദന
(ബാലചന്ദ്രൻ ചുള്ളിക്കാട് — ആനന്ദധാര)
But hail, thou goddess sage and holy
Hail, divinest Melancholy!
Whose saintly visage is too bright,
To hit the sense of human sight,
And therefore to our weaker view
O’ erlaid with black, staid Wisdom’s hue
(Milton — Il Penseroso)
Nothing’s so dainty sweet as lovely melancholy
(J. Fletcher — Melancholy)
Often the dark night of sorrow
has came to my door
armed with only one weapon:
The fearful visage of pain, threats of terror
deceptive in the dark.
Whenever I feared that mask of terror
i suffered meaningless defeat.
(Tagore — often the dark night of sorrow)
[22]
മീട്ടുക കവേ, വീണ്ടും നിന്മണിവീണക്കമ്പി
മീട്ടുക നൈരാശ്യത്തിൽ നീ മൗനം ഭജിച്ചാലോ
(ചങ്ങമ്പുഴ — നീ മൗനം ഭജിച്ചാലോ)
Bird,
Why do you forget your song at times?
Ahy not sing on ?
A songless dawn is futile
Are you not aware of this?
(Tagore — Bird, why do you forget your song?)
[23]
നോവുതിന്നും കരളിനേ പാടുവാ–
നാവു നിത്യമധുരമായാർദ്രമായ്
(ജി. — വനഗായകൻ)
കേവലം ഘനീഭൂതമാകിന കണ്ണീരാണി–
ബ്ഭൂതലം, നെടുവീർപ്പാണീയന്തരീക്ഷംപോലും
… … …
പിന്നെയും ജീർണ്ണിക്കുവാൻ, ശാശ്വതമൊന്നേ, ദുഃഖം
(ജി. — അന്തർദ്ദാഹം)
കരയും ഞാൻ, കരയും ഞാൻ, കരയു കവികളെ–
ക്കഴുവിൽക്കയറ്റുമോ കാലമേ നീ?
കരളിൽനിന്നുറയുന്ന കരളിൽ ചെന്നലിയുന്ന
കരയലിൽ കലയില്ലേ, കവിതയില്ലേ?
(ചങ്ങമ്പുഴ — കരയും ഞാൻ)
അഞ്ചിതരാഗം തമ്മിൽ കൊക്കുചേർത്തൊരു കൊമ്പിൽ–
ത്തഞ്ചിടും ക്രൗഞ്ചങ്ങളിലൊന്നിനെ വനവേടൻ
കൊന്നു വീഴ്ത്തിയ നോവലാദിമകവി വാർത്ത
കണ്ണുനീരൊരു പെരും കടലായ്പ്പരക്കുന്നു
(വൈലോപ്പിള്ളി — ഉജ്ജ്വലമുഹൂർത്തം)
നൊന്തു തുടിക്കും നിനാദം–അയ്യാ
എന്തു മധുരസംഗീതം
(വൈലോപ്പിള്ളി — ശോകം)
അരുമപ്പെട്ടവയെന്തെല്ലാ–
മാഹുതി ചെയ്യപ്പെട്ടിട്ടാം
പിറവിയെടുപ്പതു വിശ്വോത്തരകല
പീഡകൾ പുളയുന്നെരിതീയ്യിൽ
(വൈലോപ്പിള്ളി — അത്ഭുതമണി)
നീ ദുഃഖം മനസാവഹിച്ചു, നിതരാമേകാകി, യല്ലെങ്കിലി–
സ്സാദുത്വം തവതേനിനെങ്ങനെ വരും, പ്രേമോദിതാമേദവും
(വൈലോപ്പിള്ളി — മധുമക്ഷിക)
നിരുപികിലുഗ്രദുഃഖ സം–
സ്ക്കരണത്താലുളവായ സാഹിതി–
(വൈലോപ്പിള്ളി — കവിയച്ചൻ)
സംഘാരാമത്തിലെക്കോകില, തവമധുരം ശബ്ദരൂപാശ്രുപൂരം
(വൈലോപ്പിള്ളി — കുമാരകോകിലം)
ഇല്ലോർത്താലിതിലത്ഭുതം, രസികർതൻ ചിത്തം കുളിർപ്പിക്കുവൊ–
ന്നല്ലോ നൽപ്പിനിനീരുപോലെ നിയതം നിൻ ചുട്ട കണ്ണീരുമേ
(വള്ളത്തോൾ — കവിത)
പറവയിലലിവൂർന്നുവീണൊരേതിൻ
ചുടുമിഴിനീർകണമാദികാവ്യമായി
ഇരുളിലുദയരശ്മിയാകമത്തൂ–
ലിക മമ കണ്ണിനു കാഴ്ചയേകിടട്ടെ
(പി. കുഞ്ഞിരാമൻ നായർ — ശ്രീരാമചരിതം)
ഊഴിതൻ ദുഃസ്വപ്നംപോൽ പിടയും കരളോലു–
മാഴിതന്നസ്വസ്ഥമാം തേങ്ങലാണെനിക്കിഷ്ടം
ഉഗ്രമാമുൾക്ഷോഭത്തിൻ തീജ്ജ്വാല ചുറ്റും ചിന്നു–
മഗ്നിപർവ്വതത്തിന്റെ യല്ലലാണെനിക്കിഷ്ടം
(സുഗതകുമാരി — ഏകാകി)
കണ്ടുനിന്നൊരു മുനി വേദനയോടെ പാടി
കണ്ണുകൾ നിറയവേ കരുണാർദ്രമാം കാവ്യം
(എസ്. രമേശൻ നായർ — വീണപൂവിന്റെ ഓർമ്മയ്ക്ക്)
നീ കവിതയ്ക്കുഴിഞ്ഞ നിൻപ്രാണൻ
നീറി ചന്ദനഗന്ധം പൊഴിയ്ക്കേ
പാടുപെട്ടു നീ താണ്ടിയ കണ്ണീർ
പ്പാടമെങ്ങൾക്കമൃതാബ്ധിയായി …
സ്ഫോടനോൽക്കമാമഗ്നിശൈലത്തെ–
പ്പോലെ വെന്തകം വികൂകിൽപ്പോലും
നീയമൃതേ ചുരത്തിയിന്നാട്ടിൻ
സ്നായുതോറും നവോർജ്ജം പകർന്നു
(യൂസഫലി കേച്ചേരി — നിത്യചൈത്രം)
കൊല്ലുന്നു പക്ഷിയെ, പാവമിണക്കിളി–
യല്ലൽപെടുന്നു, രുദിതാനുസാരിയായ്
വന്നെത്തിനില്ക്കും മുനിക്കന്നുറഞ്ഞൊരാ–
ക്കണ്ണുനീരമ്മ കവിതയെപ്പെറ്റുപോൽ
(യൂസഫലി കേച്ചേരി — കണ്ണുനീരമ്മ)
ഏഹിസൂനരി, നീയെൻമുരളിയിൽ
സ്നേഹഗാനമായൂറി നിന്നീടുകിൽ
പൂവിലുള്ള തേൻതുള്ളിപോലാകുമെൻ
ജീവിതത്തിന്റെ നൊമ്പരം കൂടിയും
(ഒളപ്പമണ്ണ — ഏഹിനസൂനരി)
കടഞ്ഞെടുത്തേൻ കണ്ണീരൊക്കെ–
ക്കവിതാമാധുരിയായ്
(കടവനാട് കുട്ടികൃഷ്ണൻ — വെട്ടും കിളയും ചെന്നമണ്ണ്)
our sweetest songs are those that tell of saddest thought
(Shelley — To a skylark)
And the mute silence hist along
Less philomel will deign a song
In her sweetest saddest plight
Smoothing the rugged brow of night
(Milton — Il Penseroso)
[24]
ക്രിസ്തു കുരിശുമരണം വരിച്ച ഗൊൽഗോഥാ കുന്നിനെ അനുസ്മരിക്കുന്നു.
[25]
പേടിയും ഹർഷവുമിത്തിരിധാർഷ്ട്യവും
കൂടിക്കലർന്നോരിടയിളക്കം
(ഇടശ്ശേരി — നാലിതൾപ്പൂവ്)
[26]
ക്രിസ്തുവിന്റെ ആത്മബലിയുമായുള്ള സാദൃശ്യം
[27]
ദ്യോവിനെ വിറപ്പിക്കുമാവിളി കേട്ടോ മണി–
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം?
എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടു പുത്ര–
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ
(വൈലോപ്പിള്ളി — സഹ്യന്റെ മകൻ)
[28]
നിശ്ചിതകാലം ജീവിച്ചു മരിക്കുന്ന സാധാരണ മനുഷ്യർ. സ്വന്തം കൃതികളിലൂടെ കവികൾ അനശ്വരനെന്നു വ്യംഗ്യം.
ഹാ മരിച്ചാലിമനശ്വരനായ്ഗ്ഗാന–
സ്സീമയിൽ നില്പോരു ഗർന്ധവനാണുനീ
(ചങ്ങമ്പുഴ — രമണൻ)
കാലികപ്രവാഹത്തിൽത്തുലയാം കവി, സാർവ
കാലിക സമുദ്രത്തിൻ തിരയായ് തലപൊക്കാൻ
(കൃഷ്ണൻ പറപ്പിള്ളി — ശക്തി)
നിസ്തുല പരാക്രമത്തേരിലൈശ്വര്യംവീശി
ദിഗ്ജയം നടത്തിയോർ മൺമറഞ്ഞുപോയ് പണ്ടേ
വിസ്തൃത പരിവർത്തന സാക്ഷിയാമെന്റെ
ഹൃത്തടമെന്നാലിന്നും സ്പന്ദിപ്പൂ, സ്പർശിച്ചോളൂ
(വി. എ. കേശവൻ നമ്പൂതിരി — പാടുന്ന തൂണുകൾ)
Here your earth - born souls still speak
To mortals of their little week
Of their sorrows and delight
Of their passions and sprits
of their glory and shame
(Keats — Ode on the poets)
O may I join the choir invisible
Of those immortal dead who live again
(George Eliot — O may I join the choir invisible)
[29]
ക്ഷിതിയിലഹഹ മർത്ത്യജീവിതം
പ്രതിജനഭിന്നവിചിത്രമാർഗ്ഗമാം
പ്രതിനവരസമാമതോർക്കുകിൽ
കൃതികൾ മനുഷ്യകഥാനുഗായികൾ
(ആശാൻ — ലീല)
[30]
അമ്മമാരുടെ മുഗ്ദ്ധകതികൾക്കി–
ങ്ങവസിതിയുണ്ടോ ഭുവനത്തിൽ
തന്നെത്തന്നെ തീറ്റ കൊടുത്തിവർ
പോറ്റിയെടുപ്പീലാരാരെ ?
(ഇടശ്ശേരി — ബിംബിസാരന്റെ ഇടയൻ)
അടുക്കളക്കാരൻ വയസ്സൻ ഞങ്ങൾക്കു
മടച്ചു തന്നൊരു വിഭവം, തൻദേഹം
ചുരന്നെടുത്തിട്ടു മിഴിനീർ ചേർത്താണെ–
ന്നറിഞ്ഞപ്പോഴേയ്ക്കും മരിച്ചുപോയങ്ങോർ
(പി. നാരായണക്കുറുപ്പ് — ഭക്ഷണചക്രം)
[31]
പാടുകെൻ ചിത്തവിഹിംഗമേ, യിന്നലെ–
പ്പാടി നിറുത്തിയ പാട്ടിൻശേഷം
അന്യർക്കു കേട്ടു രസിക്കുവാനല്ലതു
നിന്നുടെ നിർവൃതിക്കായി മാത്രം
(ഇടപ്പള്ളി — പാടുക)
ഇറുത്തെടുത്തൊരു തൂവലിനാലെൻ
ഹൃദയതലത്തിൻ നോവുകളെ
അമർത്തിയൊപ്പിയ ചോരയിലേതോ
പകർത്തിവെച്ചേ, നെവിടോ ഞാൻ
(പുതുശ്ശേരി രാമചന്ദ്രൻ — പുതിയ കൊല്ലനും പുതിയൊരാലയും)
[32]
കരളാലനുഭവിച്ചുള്ളവയെല്ലാം നാനാ–
നിറമായ് മണമായ് നീടുറ്റ മധുവായും
ചമച്ചു വിരചിച്ച ചാരുതകളെ നിങ്കൽ
സമർപ്പിച്ചഭിമാനംകൊണ്ടു ഞാൻ വളരവേ
(വൈലോപ്പിള്ളി — വൈകിയ വസന്തത്തിൻ പുഷ്പങ്ങൾ)
തന്നുടെ വാടാപ്പച്ചക്കാവ്യങ്ങൾക്കെല്ലാമുയിർ
തന്നതാം നിഗൂഢാശ്രു നീരുറവിനെപ്പറ്റി …
അവയെപ്പറ്റിപ്പാടൂ, വിണ്ണിലേയ്ക്കെന്നെക്രമാ–
ലടുപ്പിച്ചെഴും സൂചിസോപാനങ്ങളെപ്പറ്റി
(ബാലാമണിയമ്മ — അവയെപ്പറ്റി)
പ്രാണനെപ്പകത്തുമുൾപ്രേരണയറിയാത്തോർ
പ്രാണനെപ്പോറ്റും പണിയായിതു ഗണിച്ചോട്ടെ
(കൃഷ്ണൻ പറപ്പിള്ളി — കലാസൃഷ്ടി)
നോവിൽവിങ്ങും, നിരാശയിൽ നീറുമെൻ
ജീവിതത്തിൻ നിഗൂഢ രഹസ്യങ്ങൾ
എത്രമേൽ ഞാനമർത്തി വെച്ചാകിലും
കേട്ടിടാം നായൊരുദിനം …
(എൻ. വി. കൃഷ്ണവാരിയർ — പ്രാർത്ഥന)
വേദിയിൽ ഗാന്ധാരി കേഴുന്നു, ഹാ യുഗ–
വേദനകൾ വീണലിയുന്ന ഞങ്ങൾതൻ
നാദകണങ്ങളാൽ പാടുന്ന പക്ഷികൾ
(ഒ. എൻ. വി. കുറുപ്പ് — പാടുന്നു പക്ഷികൾ)
ഒക്കെയും കണ്ടേൻ മന്നിൻവേദനയെന്നാത്മാവിൻ
മുഗ്ദ്ധഗാനമായ അല്ല, കാവ്യമായുയിർക്കൊൾകെ
(നളിനകുമാരി — ആത്മാലാപം)
എന്തെഴുതിയാലുമെന്റെ മാതിരി, നാനാ
മുഗ്ദ്ധരൂപമായ്, നാനാശബ്ദഭേദമായെന്നിൽ
വന്നുകേറിയ ലോകം താനല്ലി ഞാനാംഭാവം ?
(കടവനാട് കുട്ടികൃഷ്ണൻ — എന്റെ ചിത്രം നിന്റെതും)
I have suffered what I wrote or viler pain
And so my words have seeds of misery
(Shelley — Triumph of life)
[33]
പൂർണ്ണമല്ലെങ്കിലും മദ്രേഖയോരോന്നു–
മാർദ്രമെൻചെഞ്ചോരയിറ്റിറ്റു വീഴ്കയാൽ
(ജി. കുമാരപിള്ള — ചിത്രകാരൻ)
കൊത്തിവിഴുങ്ങിയ തീക്കനൽക്കട്ടകൾ
പുത്തനാം തീയ്യായ് വെളിച്ചമായ് മാറ്റുവാൻ
ഇന്നും ശ്രമിക്കയാണെൻശ്രമത്തിൻ ചോര–
യെന്നുടെ കൊക്കിലിറ്റുന്നുണ്ടഹർന്നിശം
(പി. ഭാസ്കരൻ — ഓന്തും ഒട്ടകപ്പക്ഷിയും)
നീ വിരചിച്ച കാവ്യമത്രയും
നിന്റെ ഹൃദ്രക്തരേഖകൾ
നിന്റെ നിസ്തുലഗാനമത്രയും
നിൻകരളിൻ തുടിപ്പുകൾ
(യൂസഫലി കേച്ചേരി — വയലാർ)
[34]
കഷ്ടം കൊതിയുണ്ടു പാടുവാനെൻ
ചിത്തമുരളി തകർന്നുപോയി
(ചങ്ങമ്പുഴ — രമണൻ)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.