images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
24
അന്തിനക്ഷത്രം
അൽഫ്രെദ് ദ് മ്യുസ്സെ (ALFRED DE MUSSET (1810-1857))
മന്ദം മന്ദം പ്രതീചിതൻ ചെമ്പട്ടണിമറ നീക്കി
മങ്ങി മിന്നിടുന്ന മഞ്ജുമുഖം കാണിക്കും
[1] കാതരഭാവയാം സാന്ധ്യതാരകേ, നീ ദൂരെനിന്നി–
പ്പാരിന്നെന്തു സന്ദേശവുമായണയുന്നു?
വിണ്ടലത്തിൻ വർണ്ണാഞ്ചിത മാളികയിൽ നിന്നിബ്ഭൂവിൻ
ജീവിതസംഗ്രാമരംഗത്തെന്തുനോക്കുന്നു? [2]
ഊറ്റമാർന്ന പെരുമഴ പെയ്തൊടുങ്ങി, യുലകിനെ–
യിട്ടുലച്ച കൊടുങ്കാറ്റു ശമിച്ചു, വെന്നാൽ
കാടുമാത്രം വിറവിട്ടുമാറിടാതെ യിപ്പൊഴുതും
കീഴ്ച്ചെടിപ്പടർപ്പുകളിൽ കണ്ണീർ വാർക്കുന്നു. [3]
ചിരിക്കുന്നു പൊൽപ്രകാശനുറുങ്ങുകൾപോലെമിന്നാ
മിനുങ്ങുകൾ മണംപെറും പുൽപ്പരപ്പിങ്കൽ. [4]
കൊടുങ്കാറ്റും പേമാരിയും കഴിഞ്ഞെഴുമാലസ്യത്തിൽ
മയങ്ങിടുമിദ്ദിക്കിൽ നീ തിരവെന്താം?… [5]
പക്ഷെ, യെന്തിക്കാണ്മതു ഞാനിപ്പൊഴുതു നീയാപ്പെരും–
പശ്ചിമാദ്രികൾക്കുനേരെ ചാഞ്ഞുപോകുന്നു.
നെഞ്ചകത്തു നീറലുമായ് മരുവുന്ന മമസഖീ [6]
പുഞ്ചിരിപൊഴിച്ചുകൊണ്ടു താണിടുന്നു നീ.
മങ്ങി മങ്ങി മാഞ്ഞിടുന്നു മംഗളസ്വരൂപിണി, നിൻ
മഞ്ജിമ തിരയടിക്കും ചഞ്ചലനോട്ടം.
മരതകപ്പുതപ്പണിഞ്ഞകലെയങ്ങമരുമാ–
മലകൾതൻ മീതെ ത്താഴുമോമൽത്താരകേ,
[7] രജനിതൻ മേലങ്കിമേലിറ്റുവീണു വിളങ്ങുന്ന
കദനാശ്രുകണികയാം കാന്തികന്ദമേ, [8]
[9] ആടുകളാലനുഗതനായ് നടന്നുപോമിടയ–
നാടലറ്റു നോക്കിടുന്ന വെള്ളിവെട്ടമേ,
അന്ധകാരനിബിഡമായ് ഭീകരമായ്ത്തീർന്നിടുമീ–
യന്തിയിങ്കലെങ്ങോട്ടു നീ താണുപോകുന്നു? [10]
നിച്ചിലുമേ കാറ്റിൽമൂളും കൊച്ചുമുളങ്കാട്ടിലൊരു [11]
പുത്തനാം വിശ്രാന്തികേന്ദ്രം തേടിപ്പോകുന്നോ?
ഒരു മണിമുത്തു കൊടുംകയത്തലേയ്ക്കാഴും പോലി–
പ്പെരുമൗനവേളയിൽ നീയെങ്ങു താഴുന്നു?
അസ്തമിച്ചേ തീരുവെങ്കിൽ, പാവനേ, നീയക്കൊടുതാം
മൃത്യുസാഗരത്തിലാണ്ടുപോകുമെന്നാകിൽ
നിൽക്കൂ, നിമേഷമൊ, ന്നോതിടട്ടെൻ കാമിതം ഞാൻ:
[12] പ്രേമതാര നീ മനസ്സിൽ നിന്നിറങ്ങായ്ക! [13]

L’ETOILE DU SOIR

കുറിപ്പുകൾ
[1]
പകലറുതിയിലംബരാലയത്തിൻ
മുകൾനിലയങ്കിലണഞ്ഞ കൊച്ചുതാരം
അകമുഴറി വിളർത്തു നില്പു
(ജി. — അമ്മയെവിടെ?)
[2]
ചക്രവാളത്തിനപ്പുറം ചൂട്ടുകൾ
ഞെട്ടിവന്നു പിറന്ന നക്ഷത്രമേ…
താഴെ നോക്കൂമജ്ജീവിത പ്രേമ–
താരകമേ, യതാണെൻ പ്രപഞ്ചം
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
ഇവിടം ജീവിസംഗ്രാമത്തിൻ ചുടലക്കളമോ
ചുനീർക്കുളമോ?
(കടമ്മനിട്ട — കടമ്മനിട്ട)
This tract which the river of Time
Now flows through with us is the plain.
Gone is the calm of its earlier shore.
Bordered by cities, and hoarse
With a thousand cries is its stream
(Mathew Arnold — The future)
[3]
മുൾച്ചെടികൾക്കിടയിൽപ്പൊൻവല്ലി
മാത്രം കണ്ണുനീർ വാർക്കുന്നു.
(പി. കുഞ്ഞിരാമൻ നായർ — അനാർക്കലി)
[4]
സന്നാഭമാം സ്വന്തവിളക്കുമായി
മിന്നാമിനുങ്ങിൻനിര സഞ്ചരിപ്പൂ
(വള്ളത്തോൾ — ഒരു തോണിയാത്ര)
[5]
പരുങ്ങലോടുനീ, പ്രദോഷതാരകേ,
തിരയുവതെന്താ, ണൊരു കവി ചൊന്നാൻ
(വള്ളത്തോൾ — തേങ്ങാപ്പൂള്)
[6]
അന്തരംഗത്തിൽ വിഷാദം കൊളുത്തുവാ–
നെന്തിനുദിച്ചു നീ യന്തിനക്ഷത്രമേ?
(ചങ്ങമ്പുഴ — ഓണപ്പൂക്കൾ)
നീയും തുടിപ്പിതോ നിസ്സഹായേ, ഹന്ത
നീറിടുന്നോ നിൻമൃദുലഹൃദയവും
(ചങ്ങമ്പുഴ — തമസ്സിൽ)
[7]
പാരമഴഞ്ഞു കണങ്കഴൽ മൂടും പൊൻ–
നീരാളം മേലണിഞ്ഞെത്തുമന്തി
(ജി. — സാന്ധ്യതാരം)
[8]
കണ്ണുനീർക്കണമായിപ്പൊന്തുന്നു വാനിൻമുക്കിൽ
സ്വർണ്ണവർണ്ണഭോഗത്തെ മായ്ക്കുമാസാന്ധ്യതാരം
(ബാലാമണിയമ്മ — വേലക്കാരി)
വാനിന്റെ പുൽത്തറയിലെന്തിനുതിർന്നു കാന്തി
ചിന്തിത്തിളങ്ങിടുവൊരന്തിമ സാന്ധ്യതാരം
ഏതോ നിരാശ പുകയുന്നൊരു ജീവിതത്തിൻ
നേത്രത്തിൽ നിന്നരിയ ബാഷ്പകണം കണക്കേ
(പി. കുഞ്ഞിരാമൻ നായർ — ശ്രീരാമചരിതം)
കനകനിചോളമൂർന്നാനഗ്നോരസ്സായ്മേവു–
മനവദ്യയാം സന്ധ്യാദേവിതൻ കപോലത്തിൽ
ക്ഷണമുണ്ടൊലിക്കാറായ് മിന്നുന്നു താരാബാഷ്പ–
കണമൊന്നനിർവാച്യ നവ്യനിർവൃതി ബിന്ദു.
(ജി. — സാഗരഗീതം)
ശാരദസായങ്കാലസൗഭഗ്യോജ്ജ്വലപൂർവ്വം
താരകേ നീ വന്നിന്നും നില്ക്കുന്നു യഥാപൂർവ്വം
താവകമിഴിയിലെ സ്നേഹദീപ്തമാം കണ്ണീർ
ജീവനാൽ നുകർന്നെന്നെക്കേവലം മറന്നു ഞാൻ
(ജി. — അന്തർദ്ദാഹം)
ആരുടെ കണ്ണീർക്കണം മാഴ്കിത്തുടിപ്പൂ നക്ഷത്രമായ്
(ആർ. രാമചന്ദ്രൻ — ആരുടെ ദുഃഖം)
നീ പൊഴിയുക നിൻനയനത്തിൻ
നീർക്കണങ്ങൾ, പ്രകാശബിന്ദുക്കൾ
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
Gem of the crimson coloured Even
Companion of retiring day,
Why at the closing gates of heaven
Beloved star, dost thou delay?
(T. Campbell — To the evening star)
[9]
നിന്മുഖദർശനത്താലേ മതിമറ–
ന്നുന്മുഖനായ്പ്പോകുമാട്ടിടയൻ,
സ്ഫീതമാമാഹ്ലാദമുള്ളിലൊതുങ്ങാതെ
ഗീതമധുരമാക്കുന്നു മാർഗ്ഗം
(ജി. — സാന്ധ്യതാരം)
[10]
മൂകചിന്തയിൽ സാന്ധ്യതാരക
ഏകയായെങ്ങു പോകുന്നു
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
രാവിൻ കാവിൽ വിളക്കിന്നു
തൊഴാനൂടുവഴിക്കു നീ
ഒറ്റയ്ക്കെന്തേ പുറപ്പെട്ടു
സാന്ധ്യതാരകുമാരികേ?
(പി. കുഞ്ഞിരാമൻ നായർ — പൂമൊട്ടിന്റെ കണി)
[11]
ആടും മുളങ്കാട് രാഗം–മൂളം
ഊടുവഴികളിൽക്കൂടി
(പി. കുഞ്ഞിരാമൻ നായർ — ശാരദപൂജ)
[12]
പ്രേമദേവതയായ വീനസ്സിന്റെ (Venus) പേരിൽതന്നെ അറി
യപ്പെടുന്ന വെള്ളിനക്ഷത്രം പാശ്ചാത്യർക്കു പ്രേമനക്ഷത്രമാണ്.
[13]
ക്ലേശത്തിൻ ജീർണ്ണമാം വസ്ത്രം വലിച്ചെറി–
ഞ്ഞാശയം പീയുഷമഗ്നമായും
അംഗം മരവിച്ചും മേവുന്നു ലോകം; നീ
മംഗലാത്മാവേ മറഞ്ഞിടൊല്ലേ
(ജി. — സാന്ധ്യതാരം)
ജീവനിൽ നവോന്മേഷചൈതന്യം പെയ്യും നിന്റെ
ലാവണ്യം മായായ്കെന്നു മാത്രം ഞാനാശംസിപ്പൂ
(ജി. — അന്തർദ്ദാഹം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.