images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
25
സൗഖ്യസ്മരണ
അൽഫ്രെദ് ദ് മ്യുസ്സെ (ALFRED DE MUSSET (1810-1857))

ദുഃഖകാലത്തുണരുന്ന പൂർവ്വസൗഖ്യസ്മരണപോലെ കയ്പുറ്റ അനുഭവം വേറെ ഇല്ലെന്നു ഇറ്റാലിയൻ മഹാകവി ദാന്തെ (DANTE 1265–1321) തന്റെ ‘ദിവ്യനാടകത്തിൽ’ പറഞ്ഞിട്ടുള്ളതിനെയാണ് മ്യുസ്സെ ഇവിടെ പരാമർശിച്ചിട്ടുള്ളത്.

‘ദുഃഖകാലത്തുണർന്നുവരുന്നതാം
പൂർവ്വസൗഖ്യസ്മൃതിപോലെ ഹീനമായ്
അന്യദുര്യോഗമി’ല്ലെന്നു, ‘ദാന്തെ’, നീ [1]
ചൊന്നിടുന്നതിൻ കാരണമെന്തുവാൻ?
തിക്തമാകുമീ വാക്യത്തിൻ പിന്നിലെ–
ച്ചിത്തവൃത്തിയേതേതെന്നറിഞ്ഞീലാ.
ചാരുരശ്മി ചൊരിഞ്ഞ മഹസ്സിനെ–
ക്കൂരിരുട്ടിൽ നാം വിസ്മരിക്കേണമോ?
ഭാഗ്യദോഷത്തിൻ നേർക്കു വിക്ഷിപ്തമാ–
മിപ്പരുഷോക്തി താവകം തന്നെയോ
ദുഃഖവഹ്നിയിൽ നീറിയകല്മഷ–
ചിത്തമാർന്നോരനശ്വരനായോവേ? [2]
മാദൃശർക്കു വെളിവരുളീടുമാ–
പ്പൂത ജ്യോതിസ്സിൽ നിന്നാവാൻ വയ്യിതു.
സ്ഫാരഹർഷാനുഭൂതിയെക്കാളിലും
പാരമാർത്ഥികമായിടാം തൽസ്മൃതി. [3]
മിന്നിടുന്നൊരു തീക്കനൽ ജീവിത–
മന്യുവിൻ ചുടുചാമ്പലിൽ കാണുവോൻ
വിസ്മയത്തിൻ വിടർമിഴിയോടെയാ
വിസ്ഫുരണത്തെ നോക്കിനിന്നീടവേ,
വേദനപ്പെടും വേളയിൽത്താനവ–
നോമനക്കിനാവൊന്നിനെപ്പുല്കവേ, [4]
അത്തലേറ്റും കരാളമായുള്ളൊരു
മിത്ഥ്യയാണതെന്നെന്തിനായ് ചൊല്ലണം?
ജീവിതത്തിന്റെ ഭാസുരഭാഗത്തിൻ
നൈമിഷികതയാലെ നിരാശരായ്
കേവലം കനിവാണതെന്നോതിടും [5]
ഭാഗ്യഹീനരേ, നിങ്ങൾതൻ ജീവിത–
മാകമാനമായേകനിമേഷമാം, [6]
തൂകിടായ്കതിൻ നാശമോർത്തശ്രുനീർ! [7]

SOUVENIR

കുറിപ്പുകൾ
[1]
വ്യഥയേ ഗതഭൂതിതൻ മനോ–
രഥമേകിടു വിപന്നലോകരിൽ
(ആശാൻ — സിംഹപ്രസവം)
…ദോഷാശങ്കി നുകർന്നതങ്ങൊടുവിലോ–
ക്കാനിക്കുമാറിന്നതിൽ
ദോഷം തോന്നിയെനിക്കു ഭൂതസുഖവും
ദുഃഖീഭവിക്കുന്നുതേ
(ആശാൻ — ഒരു അനുതാപം)
പ്രേമം നശിച്ചെന്റെ മാനസം മേഘങ്ങൾ
മാറിയ വാനംപോലായപോതും
എങ്ങുനിന്നെന്നറിയാതെ വന്നോർമ്മയാം
കാർമേഘം തിങ്ങി നിറഞ്ഞിരുന്നു
(കെ. എം. പണിക്കർ — ബാലികാമതം)
[2]
തന്റെ പ്രേമഭാജനമായ Beatrice ന്റെ മരണത്താൽ ദാന്തെ നിത്യദുഃഖത്തിൽ നീറിയതിനെ പരാമർശിക്കുന്നു.
[3]
ഗതസരണിയിലെ സ്സുഖത്തെയെല്ലാം
ശതഗുണമായ് വിലകൂട്ടിയോർപ്പതുണ്ടാം
(വള്ളത്തോൾ — കീറത്തലയണ)
സന്തപ്തജീവന്നു നഷ്ടസുഖസ്മൃതി–
തൻതണൽപോലുമത്യന്തമാശ്വാസദം
(ജി. — ആ മരം)
മറഞ്ഞുപോയൊരാ മഹാപ്രകാശത്തെ
സ്മരണയിൽക്കണ്ടിട്ടകം കുളിർക്കവേ
(ഇടപ്പള്ളി — ഹൃദയാലാപം)
സ്മരണയായി പ്പറന്നുവന്നെന്നുമെൻ
മരണശയ്യയിൽ മാന്തളിർ ചാർത്തുവാൻ
(ഇടപ്പള്ളി — മണിനാദം)
എങ്കിലുമെത്ര മധുരമിന്നാ–
ത്തങ്കക്കിനാവിൻ സ്മരണപോലും
(ചങ്ങമ്പുഴ — കലാപ്രേമം മൂലം)
നിഹതനല്ല മനുഷ്യൻ സ്മൃതികൾതൻ
നിറമലർക്കാവധീനമായുള്ളവൻ
(ചങ്ങമ്പുഴ — തപ്തസ്മൃതി)
സുന്ദരസ്മൃതി തത്തുമെന്നന്ത്യ–
സ്പന്ദനങ്ങളിൽക്കൂടിയും
(ചങ്ങമ്പുഴ — തിരസ്കാരം)
നഷ്ടസൗഭാഗ്യസ്മൃതികൾക്കധീനനാ–
യിഷ്ടപ്പെടുന്നിതവയെ ഞാനത്രമേൽ
… … …
സല്ലപിച്ചു കഴിച്ചിടട്ടിന്നാ–
നല്ലകാലസ്മൃതികളുമായ് ഞാൻ
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
ആരു ചവിട്ടിത്താഴ്ത്തിലുമഴലിൻ
പാതാളത്തിലൊളിക്കിലുമേതോ
പൂർവ്വസ്മരണയിലാഹ്ലാദത്തിൻ
ലോകത്തെത്തും ഹൃദയം
(സുഗതകുമാരി — പാവം മാനവഹൃദയം)
പണ്ടത്തെ സ്മൃതികളാൽ പാലടയുണ്ടും…
(പി. ഭാസ്കരൻ — തേൻ നിറച്ച അരിപ്പ)
പുണ്ണിൻനീറ്റത്തിലോർമ്മക്കുളിരമൃതു പുരട്ടുന്ന കൗമാരവായ്പും
(എൻ. എൻ. കക്കാട് — ത്രിശ്ലോകി)
ഈ മഹാധന്യമാമോർമ്മയിലെന്മനം
ശ്രീമയനിർവൃതി പൂണുമനുദിനം
(നളിനകുമാരി — അജ്ഞാതരാഗം)
അതിമനേജ്ഞമക്കാലസ്മരണയെൻ
മതിയിലിന്നുമമൃതു പൊഴിക്കയാം
(സി. കൃഷ്ണൻനായർ — വേർപാടിൽ)
ഇറുന്ന പൂക്കളിലിഴയുമീ സുഖ–
സ്മൃതികളിലെത്ര വരകൾ, വർണ്ണങ്ങൾ
(കടമ്മനിട്ട — വരകൾ, വർണ്ണങ്ങൾ)
ദുഃഖം കാണുന്നു സുഖകാലത്തു മർത്ത്യൻ
ദുഃഖകാലത്തും സുഖം കാണുന്നു
(ആശാൻ — ദുരവസ്ഥ)
[4]
അവനിവാഴ്‌വു കിനാവു കഷ്ടം
(ആശാൻ — വീണപൂവ്)
ദൈവത്തിൻഗതി നാഗയാനകുടിലം നീർപ്പോളയിജ്ജീവിതം
(ആശാൻ — ഒരു അനുതാപം)
മന്ദഹസിക്കും പ്രഭാതാർക്കരഞ്ജിത–
സുന്ദരഹൈമകണം ക്ഷണജീവിതം
(ജി. — ആ മരം)
നിരഘമിജ്ജീവിതം പോലുമയ്യോ
വെറുമൊരു പൊള്ളയാം സ്വപ്നമെങ്കിൽ
(ചങ്ങമ്പുഴ — ആനന്ദലഹരി)
ക്ഷണിതകയ്ക്കൊരു പര്യായമാം ഹിമ–
കണിക മാത്രമാണീലോകജീവിതം
(ചങ്ങമ്പുഴ — ഇരുളിൽ)
ഓമലേ, ജീവിതം സ്വപ്നമല്ലേ?
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രികേ)
ജീവിതം, ജീവിതം സ്വപ്നംമാത്രം
കേവലമേതോ നിഴലുമാത്രം
(ചങ്ങമ്പുഴ — നിഴലുകൾ)
[5]
കാലംകുറഞ്ഞദിനമെങ്കിലുമർത്ഥദീർഘം
മാലേറെയെങ്കിലുമതീവ മനോഭിരാമം
… … …
മേഘജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലികാമ്യം?
(ആശാൻ — വീണപൂവ്)
അല്പനേരത്തിനാൽ മാഞ്ഞുപോമെങ്കിലു–
മപ്പുതുകാഴ്ചതാൻ പോരുമല്ലോ ചിരം
നീലാഭൂഭീതമാമെൻ മയൂരത്തെയും
പീലി പരത്തിച്ചു നൃത്തമാടിക്കുവാൻ
(വള്ളത്തോൾ — കാത്തിരിക്കൽ)
ഏകക്ഷണമാമളുക്കിലൊതുങ്ങിമേ
ലോകസുഖം ശതജന്യഭോഗ്യം തദാ
(ജി. — ആ മരം)
നിമിഷമാത്രാനുഭൂതിയിലാത്മാവിൽ
കുമിയുമാനന്ദ വേലിയേറ്റത്തിനാൽ
കരകളൊക്കെയും മുങ്ങിയ ജീവിത–
ക്കടലു കണ്ടു ഞാനേകമായ്, പൂർണ്ണമായ്
(ജി. — സാക്ഷാൽക്കാരം)
എന്തിനു, മർത്തയായുസ്സിൽ സാരമായതു ചില
മുന്തിയ സന്ദർഭങ്ങ, ളല്ല, മാത്രകൾമാത്രം
(വൈലോപ്പിള്ളി — ഊഞ്ഞാലിൽ)
അരനാഴികകൊണ്ടേ നീണ്ടൊരു ജന്മത്തിന്നു
പരമാം സാഫല്യത്തെച്ചേർക്കുമാനന്ദങ്ങൾക്കായ്
(ബാലാമണിയമ്മ — പ്രണാമം)
ഈ വിധമോർമ്മിപ്പിച്ചു തൽസ്മിതമാത്മാവിന്നി–
ജ്ജീവിതം ക്ഷണപ്രായമാണു തൻ വളർച്ചയിൽ
(ബാലാമണിയമ്മ — കൽക്കത്തയിലെ ഇരുട്ടറ)
കേവലമൊരു മുക്കിൽ മരിച്ചു കിടക്കുമെൻ
ജീവിതകാലത്തൊരു നിമിഷം ജീവിച്ചു ഞാൻ
(പി. കുഞ്ഞിരാമൻ നായർ — പൂവിതളുകൾ)
ഏക നിമേഷമതിൻ നീണ്ടു നില്പാണു
ലോകം പുകഴ്ത്തുന്ന നാകം
(ചങ്ങമ്പുഴ — വിജയി ഞാൻ)
തെളിഞ്ഞു മിന്നുമീ നിമേഷത്തിന്നല്ലോ
തിഞ്ഞലഞ്ഞെത്ര ജടില ജന്മങ്ങൾ
(ദേവി — ഹരി നിനക്കായിക്കരുതിക്കാത്തു ഞാൻ)
ചൊല്ലിക്കേട്ടേനരനിമിഷമൊന്നാളിനില്പാണു ലക്ഷം
കൊല്ലം നീറിപ്പുകയുവതിലും കാമ്യമായുള്ളതത്രേ
(വിഷ്ണുനാരായണൻ നമ്പൂതിരി — അയൽക്കാരൻ)
[6]
ഹിതമുറ്റ ജീവിതം പുല്ക്കൊടിത്തുമ്പിലെ
ഹിമബിന്ദുപോലെയാണെങ്കിലെന്തേ?
(സുഗതകുമാരി — പഴയൊരു കഥ)
ഒരു മാത്രതൻ സർവ്വകാലസംഗ്രഹക്ഷണ–
പ്രഭയിൽ മായാപടം മാറ്റുക മനോഹരീ
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഗസൽ)
In small proportions we just beauties see
And in short measures life may perfect be
(B. Johnson — The noble natue)
And when I fell fair creature of an hour
(Keats — The terror of death)
[7]
നമുക്കു നന്മകൾ നയിച്ച നാളുകൾ
നശിച്ചതോർത്തു നാം വമിപ്പു വീർപ്പുകൾ
(ചങ്ങമ്പുഴ — വൈരുദ്ധ്യം)
പോയ്ക്കഴിഞ്ഞതു ചിന്തിച്ചശ്രുക്കൾ വീഴ്ത്താനല്ല
കൈക്കലുള്ളതിൻ മൂല്യം കാണുവാനത്രേ നേത്രം
(വെണ്ണിക്കുളം — പ്രബോധനം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.