images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
26
വിശ്വസൗഭ്രാത്രം
തെയോഫീൽ ഗൊത്തിയെ (THEOPHILE GAUTIER (1811-1872))

ചിത്രകാരൻ കൂടിയായ തെയോഫീൽ ഗൊത്തിയെ കല ആനന്ദത്തിനുവേണ്ടിയെന്ന വിശ്വാസത്തിൽ ഊന്നിനിന്ന കവിയാണ്. ശില്പ സൗന്ദര്യം കവിതയുടെ അവശ്യഘടകമാണെന്നും കലയ്ക്കു ഒന്നിനോടും പ്രതിബദ്ധതയില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ബൊദെലേർ തന്റെ ‘തിന്മയുടെ പുഷ്പങ്ങൾ’ ഗൊത്തിയേക്കാണ് സമർപ്പിച്ചത്.

ചിരപുരാതനക്ഷേത്രകമാനത്തി–
ലൊരുമയിലിരു വെൺകുളിർക്കല്ലുകൾ
ഒരു നിനവും കിനാവുമായ് വർത്തിച്ചു; [1]
ശിഥിലമായവ കാലാതിപാതത്തിൽ.
കടലല യന്തിനക്ഷത്രവേർപാടിൽ
കരഞ്ഞുതൂകിയ രണ്ടാശ്രുബിന്ദുക്കൾ
നിയതിയാലൊരേ ചിപ്പിയിൽപെട്ടു വെൺ–
മണികളായടിത്തട്ടിങ്കലാണ്ടുപോയ്. [2]
പഴയ കൊട്ടാരവാടിയിലനഹ്വം
വിലപിക്കും ജലധാരതന്നന്തികേ
ഒരു ചെടിയിലിരു പനിനീർപ്പൂക്കൾ
ഹൃദയസംവാദംചെയ്തു കൊഴിഞ്ഞുപോയ്.
ഉയരെ ഗോപുരാഗ്രത്തിലനശ്വര–
പ്രണയനീഡത്തിൽ രണ്ടുപിറാവുകൾ
രുചിരദാമ്പത്യനിർവൃതിലീനരായ്
മരുവി; പിന്നെയെങ്ങാനോ മറഞ്ഞുപോയ്.
ഉലകിലെന്തുമനുല്ലംഘ്യമാം വിധം
വിഘടനത്തിൽ വിനാശത്തിൽ, വീഴുന്നു;
തനതുരൂപമറ്റംഗഭൂതങ്ങൾ ചെ–
ന്നൊടുവിലെത്തുന്നിതേകമാം കേന്ദ്രത്തിൽ:
അവിരതം പുതുസൃഷ്ടികൾക്കീശ്വരൻ
വിവിധദ്രവ്യമുരുക്കുന്നമൂശയിൽ;
അവിടെനിന്നു പില്പാടു വെളിയിലേയ്–
ക്കവ വരുന്നു നവനവരൂപത്തിൽ [4]
അവിടെത്തന്നെയാം സർവചരാചര–
ച്ചരടുപോൽ സഹഭാവം പിറപ്പതും;
മധുരമാമതിന്നാദേശമൊന്നിനാ–
ലറിയുമാത്മാക്കൾ വിശ്വസൗഭ്രാത്രത്തെ [5]
പരിമളത്തിന്റെ, പൂംകിരണത്തിന്റെ,
നൂറുനിരത്തിന്റെ യാവിളി കേൾക്കവേ [6]
അണുവിണുവിങ്കലേയ്ക്കു പറക്കുന്നൂ
ത്വരയിൽ, തേനീച്ച താരിലേയ്ക്കെന്നപോൽ. [7]
പഴയരംഗങ്ങൾ, സ്വപ്നങ്ങൾ, നർമ്മങ്ങൾ,
പലരഹസ്യങ്ങൾ, ചുംബനാശ്ലേഷങ്ങൾ
സ്മൃതിപഥത്തിലവ്യക്തമായെത്തുന്നി–
തണുവുമായണു നേടുന്നിതാത്മൈക്യം. [8]
ഇടയിൽ വിസ്മൃതിയിൽ മറഞ്ഞതാം
മമത വീണ്ടുമുണരുന്ന വേളയിൽ
സ്വഗതകാലമൊരസ്പഷ്ടതയുടെ
മറയണിഞ്ഞു പുനർജ്ജനി കൊൾകയാം!
ഒരു വരാംഗിതൻ വക്ത്രത്തിൽ റോസാപ്പൂ–
വറിവു തന്മണം, കാണുന്നു തന്നെയും;
കരളിളകുന്നു കല്ലിനു [9] തൻകുളി–
രൊരു കുമാരിതൻ മെയ്യിലറിയവേ.
എന്നിലുത്തേജനാഗ്നി പടർത്തിയെ–
ന്നന്തരത്തെ പ്രകമ്പനം കൊള്ളിക്കും
എൻഹൃദയാധിനായികേ, മുമ്പു നാ–
മെങ്ങെതുമട്ടിലൊന്നിച്ചെന്നോർപ്പിതോ? [10]
കടലിലോ, കമാനത്തിലോ, ചെമ്പനീർ–
ച്ചെടിയിലോ, കുംഭഗോപുരത്തിങ്കലോ?
മണിശില, മുത്തു, പൂവു, പിറാവു തൊ–
ട്ടവയിലെന്തായിരുന്നുനാ, മോർപ്പിതോ? [11]

AFFINITES SECRETES

കുറിപ്പുകൾ
[1]
ശിലകളിലുറങ്ങുന്ന സ്വപ്നങ്ങളോടൊപ്പ–
മിരവുകളിലൊന്നിച്ചുസ്വപ്നങ്ങളായി നാം
(കടമ്മനിട്ട — ശാന്ത)
തിരക്കിലിടയ്ക്കിടെ മൂകഭാഷണം ചെയ്തു
കരയാൻ പോലും മറന്നിരുമൺതരികളായ്
(ഒ. വി. ഉഷ — ഐക്യം)
[2]
അന്നേരത്തു കനിഞ്ഞൊരു വിണ്ണിൻ
കണ്ണീർത്തുള്ളിയിറുന്നു പതിച്ചെൻ
നെഞ്ഞിൽ കൊട്ടിയടച്ചു കവാടം
താണൂ ഞാനുമഗാധതതേടി
(സുഗതകുമാരി — മുത്തുച്ചിപ്പി)
[3]
കൊഞ്ചുന്നു മധുരമായ് കൊക്കുരുമ്മുന്നു തമ്മിൽ
ചാഞ്ചാടും മരച്ചില്ല മേലിണപ്പറവകൾ
(ബാലാമണിയമ്മ — വാല്മീകി)
നമ്മളൊരുമിച്ചു കൂട്ടുങ്ങുടി
നമ്മളൊരുമിച്ചു പാട്ടുപാടി
(ചങ്ങമ്പുഴ — തകർന്ന മുരളി)
ഒരേതരം കായ്കനി തിന്നു ഞങ്ങളി–
ങ്ങൊരേ മരക്കൊമ്പിലിരുന്നിതൊട്ടുനാൾ
(കെ. കെ. രാജാ — ബാഷ്പാഞ്ജലി)
തമ്മിൽ കൊക്കും ചിറകുമുരുമ്മി
തമ്മിൽ സ്വപ്നങ്ങൾ കൈമാറി
(വയലാർ — മാനിഷാദ)
കൊക്കിൽകൊക്കുരുമ്മി മരത്തിൻ
കൊമ്പിലവറ്റകൾ കൂടുന്നു
(പുതുശ്ശേരി രാമചന്ദ്രൻ — പുതിയകൊല്ലനും പുതിയൊരാലയും)
[4]
ഉല്പന്നമായതു നശിക്കു, മണുക്കൾ നില്ക്കു–
മുല്പന്നനാമുടൽവെടിഞ്ഞൊരു ദേഹി വീണ്ടും
… … …
ചൈതന്യവും ജഡവുമായ്ക്കലരാം ജഗത്തി–
ലേതെങ്കിലും വിടവി, ലീശ്വരവൈഭവത്താൽ
(ആശാൻ — വീണപൂവ്)
അതിരമ്യബഹിർജ്ജഗത്തൊടി–
ന്നഥവാ വേർപിരയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനു ചേരുമെൻമനോ–
രഥമിബ്ഭംഗികളോടുമൈക്യമാം
… … …
സ്ഫുടമായ് ഭവദംഘ്രിലീന ഞാ–
നമലേ ദ്യോവിലുയർന്ന ദീപമാം
(ആശാൻ — സീത)
തുടയ്ക്കണം ജന്തുശരീരമത്രയ–
ല്ലിടയ്ക്കിടെക്കൊന്നതുടച്ചു വാർക്കണം
ഉടയ്ക്കലാണി പ്രകൃതിയ്ക്കു ഭൂഷണം
നടത്തണം ദൈവകരത്തിനിത്തൊഴിൽ
(കെ. കെ. രാജാ — ബാഷ്പാഞ്ജലി)
ഉണ്ടായിരിക്കാമിനിയും പിറപ്പ്
രണ്ടാളുമീ ഞങ്ങളടുത്തുകൂടാം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
വിസ്മയനീയമായിന്നോളം വന്നൊരു
വിശ്വപ്രകൃതിയിലേയ്ക്കു നോക്കൂ:
മാറ്റങ്ങൾ, മാറ്റങ്ങൾ, എപ്പൊഴും മാറ്റങ്ങൾ
മാറ്റിമറിക്കലാണെങ്ങുമെന്തും.
(പി. കൃഷ്ണകുമാർ — മനുഷ്യപുരാണം)
കരിഞ്ഞോ കുടീരത്തിലെരിഞ്ഞോ പിന്നെച്ചെന്നു
വിരിഞ്ഞു തൽപുഷ്പങ്ങൾ വിണ്ണിലെ പ്പൂന്തോട്ടത്തിൽ
(വൈലോപ്പിള്ളി — പുഷ്പപ്രദർശനം)
പഞ്ചഭൂതാഭിയുക്തമെൻ ഗാത്രം
നെഞ്ചിടിപ്പറ്റടിയുമക്കാലം
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ
ഭൂതപഞ്ചകം ചേരുന്നേരം
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
ഒന്നിനൊന്നായൊക്കെ മറഞ്ഞുപോമെങ്കിലു–
മൊന്നും ജഗത്തിൻ നശിക്കില്ലൊരിക്കലും,
ഹാ, പരിണാമവിധിക്കു വിധേയമായ്
രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ
(ചങ്ങമ്പുഴ — വൃത്തം)
ഹാ ജഡാത്മകനാം ഞാനത്ഭുതസനാതന–
തേജസ്സേ, രൂപാന്തരം പ്രാപിപ്പു വീണ്ടും വീണ്ടും
(ജി. — മേഘഗീതം)
ഭൂതസൂക്ഷ്മങ്ങളിൽ മൂലഭൂതങ്ങളെ–
യേതുമൊരന്തരമെന്യേ കലർത്തുവാൻ
(എൻ. വി. കൃഷ്ണവാരിയർ — ത്രിപഥഗാഥ)
കെട്ടുപോയിടും പഞ്ചകോശ പഞ്ജരബന്ധ–
മുട്ടറുക്കുക പാറിപ്പോകട്ടെ കിളിവാനിൽ
ഒട്ടിട വിഹരിച്ചി, ട്ടീപ്സിതമതാണെങ്കിൽ
കൂടട്ടേ പുതുഭൂതസംഗമങ്ങളിലൊന്നിൽ
(കടവനാട് കുട്ടികൃഷ്ണൻ — മുട്ടറുക്കുക.)
ആദിമരാവിന്റെ യനാദിപ്രകൃതിയി–
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുടഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന–
കാലമതിന്റെ ചെതുമ്പിലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ
(അയ്യപ്പപ്പണിക്കർ — അഗ്നിപൂജ)
കലിതകൗതുകം ലീലകളാർന്നൊരാ
ലളിതബാലതന്നംഗമോരോന്നുമേ
പ്രകൃതി തന്നിലലിഞ്ഞു നവീനമാ–
മകൃതകാഭയിൽ മിന്നുകയായിടാം.
മധുതുളമ്പുമിപ്പുഷ്പമാരോമലിൻ
മൃദുമനോജ്ഞഹൃദയവുമായിടാം
(എം. പി. അപ്പൻ — മാലതി)
മുന്നമാരോടുമപേക്ഷിച്ചിടാതെ താ–
നെന്നെയിന്നെത്തിച്ചൊരീ മണ്ണിൽ നിന്നുടൻ
കൊണ്ടു പോയേക്കാമഭൂതപൂർവ്വാത്ഭുതം
ചെണ്ടിടും നാട്ടിലേക്കന്നുമവിടെയും … … …
(യൂസഫലി കേച്ചേരി — ആയിരം നാവുള്ള മൗനം)
[5]
വൃക്ഷമായും ചെടിയായും–പരം
പക്ഷിയായും മൃഗമായും
ലക്ഷം ജന്മങ്ങൾ കഴിഞ്ഞാൽ–ജന്തു
പക്ഷേ മനുഷ്യനായെന്നാം.
എന്നെത്തുടർന്നെഴും നീണ്ട ജന്മ
പ്പൊന്നോമൽച്ചങ്ങല തന്റെ
പിന്നിലെക്കണ്ണി യോരോന്നിൽ–പൊങ്ങി
മിന്നിയെന്നെത്തന്നെ കാണ്മൂ
(ആശാൻ — ചണ്ഡാലഭിക്ഷുകി)
ചരാചര സമൂഹത്തെ
സൗഹാർദ്ദപ്പട്ടു നൂലിനാൽ
ചേർത്തിണക്കി വിളങ്ങുന്ന
ചിത്രമാം കാഴ്ചകണ്ടു ഞാൻ
(ഉള്ളൂർ — ഭൂതക്കണ്ണാടി)
അല്ലെങ്കിലേതൊരു മൺതരിക്കുള്ളിലു–
മില്ലാത്തതൊന്നുമില്ലെങ്ങുമെങ്കിൽ
ഇപ്പരമാണുവും ബ്രഹ്മാണ്ഡമൊക്കെയു–
മെപ്പെഴുമിങ്ങു ഞാൻ പുല്കി നില്പൂ
(നാലപ്പാടൻ — ചക്രവാളം)
ബോധത്തിൻ കീഴടിത്തട്ടിലൊതുക്കിയോ–
രേതേതു വാസനകോടിയാലോ
നമ്മളെയന്യോന്യം ചേർക്കും വെൺനൂലിന്നും
നിർമ്മിപ്പൂ കർമ്മാധിദേവതമാർ.
അല്ലെങ്കിലോരോരോ നാഴികതോറുമീ–
യാത്മാക്കൾക്കെന്താണടുപ്പമേറാൻ
(ബാലാമണിയമ്മ — ജന്മാന്തരങ്ങളിൽ)
മണലണുതൊട്ടു മേലോട്ടർക്കചന്ദ്രാദികളോള–
മിണക്കുന്നുണ്ടൊരുമിച്ചൊരദൃശ്യഹസ്തം
(ചങ്ങമ്പുഴ — മദിരോത്സവം)
എനിക്കുമീമണ്ണിൻതരിക്കും തമ്മിലേ–
തതീത ജന്മസൗഹൃദപരമ്പര
(വിഷ്ണുനാരായണൻ നമ്പൂതിരി — കർമ്മബന്ധം)
പരിണാമചക്രസ്ഥനായ് നറും
വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം
(എൻ. എൻ. കക്കാട് — നന്ദി, തിരുവോണമേ, നന്ദി)
പിന്നെയും നീളും ജന്മശൃംഖലയ്ക്കിടയ്ക്കേവം
കണ്ണികൾ തൊടുക്കുന്ന കാലത്തിൻ കരങ്ങളേ
(നളിനകുമാരി — വേർപാടിൽ)
ആ മഹാപ്രവാഹത്തിന്നരുണപ്രകാശത്തിൽ
നാമിരുപരാഗംപോൽ കൈകോർത്തുപോയോരല്ലി?
കരിയും കരിണിയുമായി നാം ഗഹനത്തിൽ
അരിയ മുളങ്കൂമ്പും കരിമ്പും തേടിപ്പോന്നു.
വേടനും സഖിയുമായ് കരളിൽ ചിരംവാണ–
ക്കാടുകൾ വെട്ടിപ്പോന്നു പൂംകണയെയ്തും കൊണ്ടു.
പിന്നെ നമ്മളീ വസുന്ധരതൻ നിഗൂഢത–
തന്നിതൾ നീർത്തി ചുറ്റുമൊഴുകീ വാസന്തശ്രീ
(കെ. വി. രാമകൃഷ്ണൻ — അന്വേഷണം)
കാടാറുമാസം പിന്നെ നാടാറുമാസം വീണ്ടും
കാടാറുമാസമിമ്മട്ടെന്റെ ജന്മം
എത്ര ജനിമൃതിക, ളെത്ര പുനർജനിക–
ളെത്രയാവർത്തനങ്ങൾ കടന്നുപോന്നൂ.
(എസ്. രമേശൻ നായർ — കാടാറുമാസം)
അറിയാം അറിയാം സ്വാമിൻ
ജീവനപ്രവാഹത്തിൽ
അവിടുന്നാദിയിലെന്നോ
ഒഴുക്കിയെന്നെ
ഇടയിൽ–വഴിയിലെത്ര
ഗേഹത്തിൽ പ്രതീക്ഷിക്കാ–
ത്തതിഥികളാക്കി, നീഹൃത്തി–
ന്നരുളീ ഹർഷം
(ടാഗോർ — ഗീതാഞ്ജലി (ജി.))
[6]
മിന്നുന്ന താരത്തിലും പൂവിലും മണലിലു–
മെന്നുള്ളിലെഴും ദിവ്യചൈതന്യം കിടപ്പുണ്ടാം.
അല്ലെങ്കിലതുകളെ ക്കാണുമ്പോളെൻ മാനസം
ഫുല്ലമായ് വിളങ്ങുവാൻ ഹേതുവില്ലല്ലോ വേറെ
(എം. പി. അപ്പൻ — പ്രപഞ്ചവും ഞാനും)
പോയ പല പല ജന്മമെന്ന–
ച്ഛായ പോൽ പിന്തുടരുന്നു
മായിക വേണുവിൻ നാനാഗാന
മാധുരിയാൽ വിളിക്കുന്നു
(ടാഗോർ — ഗീതാഞ്ജലി (ജി.))
[7]
അനശ്വരംവസ്തു, വശേഷദേഹാ–
ന്തരത്തിലും നിന്നരുളുന്നതുണ്ടാം
അതിന്നിയും മറ്റൊരുടുപ്പിൽ വന്നെ–
ന്നന്തർഗൃഹത്തിൽ പ്രണയം നിറയ്ക്കാം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
വിടർന്നു വിശ്വത്തിൻ ഹൃദയം, സൃഷ്ടിതൻ
പടർപ്പുകൾതോറും വിരിഞ്ഞു സൗഭഗം
പലവർണ്ണങ്ങളിൽ, പലനാദങ്ങളിൽ
പലരസങ്ങളിൽ പരിമളങ്ങളിൽ
പവിത്രമാമോരോ മൃദുസ്പർശങ്ങളി–
ലവിടത്തെ സർഗ്ഗപുരാണപല്ലവി
തുളച്ചിരിക്കുന്നു, ണ്ടതാണാത്മാവിനെ
വിളിച്ചുണർത്തുന്നതവ കൂടെക്കൂടെ
(ജി. — പാണനാർ)
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ
എന്നകൂടിയിട്ടെങ്കിലും തമ്മി–
ലൊന്നുചേർന്നവ നിർവൃതികൊള്ളും
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
അകലെയുള്ളോരെയടുപ്പിച്ചു ബന്ധുനീ
യപരരെസ്സോദരരാക്കി
ജനിമൃതിരൂപ നിശ്രേണിയിലൂടെ നീ
ജന്മജന്മാന്തര ബന്ധോ!
(ടാഗോർ — ഗീതാഞ്ജലി (ജി.))
[8]
പോയപൊരുളും വിചാരവും ജന്മവും
മായാതെ വീണ്ടും മടങ്ങി വന്നെത്തുമേ
(ആശാൻ — ശ്രീബുദ്ധചരിതം)
പോയൊരു പിറപ്പിന്റെ മങ്ങുമോർമ്മയെപ്പോലെ
മായിക ചരിതമൊന്നുള്ളിൽ മിന്നുന്നൂ വീണ്ടും
(ബാലാമണിയമ്മ — വിശ്വാമിത്രൻ)
വീണ്ടുമീ മന്നിൽ മുളച്ചു വളർന്നോരു
വേദനകെട്ടിയ കൊച്ചുകൂടാണുഞാൻ
അവ്യക്തദൃശ്യങ്ങളവ്യക്തരാഗങ്ങ–
ളവ്യക്തരൂപമിഴയുന്നു പിന്നെയും
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
ഓർമ്മകൾ ദ്രവിച്ചുപോയെങ്കിലും കേൾക്കാം പ്രേമ
പൂർണ്ണമാം മുജ്ജന്മത്തിന്നാവലാതികളെല്ലാം
(അയ്യപ്പപ്പണിക്കർ — ജന്മനക്ഷത്രം)
കണ്ണിന്റെ നക്ഷത്രജാലകത്തിൽക്കൂടി
ജന്മാന്തരങ്ങളെക്കണ്ടു മൂർച്ഛിച്ചതും
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദനാടക രംഗസ്മരണകൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഒരു പ്രണയഗീതം)
ഇനിയും പല പല ജന്മങ്ങൾ താണ്ടിത്താണ്ടി–
ക്കഥ നീണ്ടുപോം, നീളും കഥതൻ തുഞ്ചത്തെങ്ങാൻ
വിരിയുമൊരു പൂവി, ലിന്നു ഞാൻ പാടും പാട്ടിൻ
നിറവും മണവുമായെന്റെയീയാത്മാവുണ്ടാം
(മേലത്ത് ചന്ദ്രശേഖരൻ — ആത്മഗീതം)
[9]
കല്ല് = വെണ്ണക്കല്ല്
[10]
ജന്മാന്തരങ്ങളിൽപ്പണ്ടുമിതുവിധം
നമ്മളൊരുമിച്ചിരുന്നൊരാവേളയിൽ
അന്നുനാം കണ്ടൊരപ്പൊന്നിൻ കിനാക്കള–
ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞു സതി?
(ചങ്ങമ്പുഴ — വൃത്തം)
പലപല ജന്മങ്ങൾക്കപ്പുറം തൊ–
ട്ടുലകിൽ നീ യെൻപ്രാണനായിരുന്നു
(ചങ്ങമ്പുഴ — ദേവത)
ആയിരം യുഗങ്ങൾക്കപ്പുറത്തെങ്ങോവെച്ചോ–
രോമനപ്പുലരിയിൽ നാം കണ്ടതോർമ്മിക്കുന്നോ?
(സുഗതകുമാരി — ജന്മാന്തരങ്ങളിലൂടെ)
മുന്നമിക്കാലത്തിന്റെ ദൂരസാനുവിൽ നമ്മ–
ളൊന്നിച്ചു പിന്നിട്ടില്ലേ ജീവിത, മോർക്കുന്നുവോ?
(ഒ. വി. ഉഷ — ഐക്യം)
കൊഴിഞ്ഞ ജന്മങ്ങൾ പകർന്ന കാകോളം
പതഞ്ഞുനീറുന്ന സിരമുറുകവേ
വിഷഹര, നിന്നെത്തിരഞ്ഞു ഞാനെത്ര
വിഷമവൃത്തത്തിൽ ഭ്രമണം ചെയ്തീലാ?
(ദേവി — ഹരി നിനക്കായിക്കരുതിക്കാത്തു ഞാൻ)
തരികൊരുമുത്തം തിരികൾ കൊളുത്തിയ മുക്കുറ്റിപ്പൂവേ
കൂടെപ്പോന്നൊരു പൂക്കളെയാരുമറയില്ലല്ലോ ഞാൻ
… … …
എന്തു ചിരിച്ചതു, കളിയാക്കുകയോ തുമ്പപ്പൂവേ നീ?
ആന്തരമായിട്ടെന്തോ പൂർവ്വികബന്ധം തോന്നുന്നു.
… … …
ഓർമ്മ വരുന്നീലേതോ പഴകിയ വേഴ്ചകളുണ്ടല്ലോ,
ഒറ്റ വയറ്റിലുറങ്ങീ തുമ്പേ, താരകയും നീയും.
മുക്കുറ്റിപ്പൂ–വറിയാം–സൂര്യനു പൊന്നനുജൻ തന്നെ,
നിങ്ങൾ വരുമ്പോളേതോ പൂർവ്വസ്മരണകളുണരുന്നു.
(പി. കുഞ്ഞിരാമൻ നായർ — പൂവിളി)
[11]
നമ്മളിക്കഥയുടെ പൂർവ്വത്തിലപരത്തി–
ലേതു മാമരത്തിലെ ച്ചില്ലമേലൊരു നോവിൻ
പൂവായും നാദത്തിന്റെ മൊട്ടായും നിന്നു സഖീ?
(മേലത്ത് ചന്ദ്രശേഖരൻ — നാരായണി)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.