images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
28
നാവികർ
തെയോഫീൽ ഗൊത്തിയെ (THEOPHILE GAUTER (1811-1872))
ആഴമേറുമാഴിയുടെ
നീലനീരിലൂടെ നിത്യം
ഊഴിചുറ്റിസ്സഞ്ചരിയ്ക്കും
നാവികർ ഞങ്ങൾ.
ചൂടിയലുമിന്ത്യമുതൽ
ശീതധ്രുവം വരെ വെള്ളി–
ച്ചാലുനീളെക്കീറി ഞങ്ങൾ
സഞ്ചരിയ്ക്കുന്നു.
തങ്കവിരൽ ചൂണ്ടിച്ചൊൽവൂ,
കാറ്റുപോയ യേതു ഭാഗ–
ത്തിങ്കലേയ്ക്കാണെഴുകേണ്ട–
തെന്നു താരങ്ങൾ. [1]
വെള്ളത്തുകിൽ ചിറകുക–
ളാർന്നു വെള്ളക്കിളികൾപോൽ
വെള്ളച്ചുഴി തലോടീട്ടു
ഞങ്ങൾ പോകുന്നു.
വിട്ടകലും ജന്മഭൂവും
വൃദ്ധമാതൃജനങ്ങളും
പുത്തനായി ഞങ്ങൾ വേട്ട
പെൺകൊടിമാരും
ചിന്തയിൽ നിന്നൊരിക്കലും
മാഞ്ഞിടുന്നില്ലെന്നാകിലും
സന്തതോന്മദങ്ങളായ
സാഗരോർമ്മികൾ
തങ്ങളുടെ മനോജ്ഞമാം
പല്ലവിയാൽ ഞങ്ങൾക്കുള്ളിൽ
തങ്ങുമഴലിനെ പ്പാടി–
യുറക്കിടുന്നു.
കർക്കശവും കൃപണവു–
മായ നിലം തന്നിലയ്യോ
കർഷകന്മാർ കഷ്ടപ്പെട്ടു
വേലചെയ്യുന്നു.
വിണ്ണിനൊപ്പംവിളങ്ങുമീ
യർണ്ണവകേദാരത്തിനെ [2]
ഞങ്ങളുടെ നൗകത്തല–
പ്പഴുതിടുന്നു. [3]
ഒട്ടും പണിപ്പെടാതെ താ–
നിപ്പാടത്തിലേറ്റം വില–
പ്പെട്ട മുത്തും പവിഴവും
വിളഞ്ഞിടുന്നു. [4]
അത്യാഗാധതയ്ക്കു മീതെ
നീഡമിതിന്നുള്ളിലാട്ട– [5]
പ്പെട്ടു ഞങ്ങളപാരത–
യിങ്കൽ വാഴുന്നു. [6]
നീലമരുപ്പരപ്പിതിൽ
തിമാലത്താലോലത്തിൽ
ലോകനാഥൻ തുണയായി
ഞങ്ങൾ നീങ്ങുന്നു. [7]

LES MATELOTS

കുറിപ്പുകൾ
[1]
ഓമൽത്തൂങ്കിരണങ്ങൾ നീട്ടിയുദയം ചെയ്യുന്ന നക്ഷത്രമേ …
ശ്രീമത്തായ വെളിച്ചമാണ്, വഴികാട്ടിടുന്ന കയ്യാണു നീ
(ആശാൻ — ഉദിക്കുന്ന നക്ഷത്രം)
കാറ്റുകൾക്കു കളിപ്പാട്ടമായ് പായക്കപ്പലേറി–
ക്കാവൽ നിൽക്കും താരകൾ തൻ കൈവിരൽ നോക്കി
(വൈലോപ്പിള്ളി — കേരളയഹൂദർ ഇസ്രായേലിലേയ്ക്ക്)
വാനിൽ നിന്നൊരു താരം വിരൽ ചൂണ്ടിയിച്ചുണ്ടാം
(വൈലോപ്പിള്ളി — കാവൽക്കാരൻ)
അല്ലിലും മാർഗ്ഗം കാട്ടും ദിവ്യോഡുക്കൾ
(ജി. — പുഷ്പഗീതം)
വിരൽ ചൂണ്ടിച്ചൊലി ശാന്തി–
തീർത്ഥവാസികൾ താരകൾ
(പി. കുഞ്ഞിരാമൻ നായർ — നരബലി)
വഴി കാട്ടുവാൻ ധ്രുവ നക്ഷത്രം നില്പൂവിണ്ണിൽ
നിഴലായ് താഴെ നിന്റെ നീല കുങ്കുമപ്പൊട്ടും
(പി. ഭാസ്കരൻ — തടിച്ചങ്ങാടം)
നീ വിരൽ ചൂണ്ടവേ, മണ്ണിലിതേവരെ
നീടാർന്നു വായ്ച തമസ്സും വിറയ്ക്കയായ്
(യൂസഫലി കേച്ചേരി — പുലരിത്താരം)
ഇരുളിൽ നക്ഷത്രലിഖിതങ്ങൾ കാട്ടി
(സച്ചിദാനന്ദൻ — ഇനിയും)
സ്നേഹഗായകരുടെ കാല്പാടുതേടി, ലജ്ജാ–
വേപഥു മറക്കാത്ത താരങ്ങൾ വഴികാട്ടി
(അയ്യപ്പപ്പണിക്കർ — തീർത്ഥാടനം)
[2]
മീതേചലന്മേഘമംബരം, താഴെയോ
വാതവേഗോത്ഥാപിതോർമ്മിയാമർണ്ണവം
രണ്ടും സമസ്ത ദിഗ്വ്യാപി, സുദുസ്തരം
രണ്ടുമൊരേമട്ടമേയഭംഗുരം …
വാനിടംപോലെ പരന്നു കിടക്കുന്ന
വരാശിമേലൊരു കൊച്ചു പറവനീ
(വള്ളത്തോൾ — കപ്പൽയാത്ര)
താപിഞ്ഛനേർവണ്ണമൊടെട്ടു ദിക്കിലും
വ്യാപിച്ചതായ്, ക്കേവലപ്രമേയമായ്
ദീപിച്ചിടും വിഷ്ണുപദപ്പുകഴ്ചയെ
പ്രാപിച്ച പാഥോധിയിതംബരോപമം
(വള്ളത്തോൾ — ചിത്രയോഗം)
അംബുധിപോലെ നീലവർണ്ണമായ്ത്തടവറ്റോ–
രംബരവീഥി തന്റെ നടുവേ ഭയമറ്റു …
(ആശാൻ — ശ്രീബുദ്ധചരിതം)
വാരിധി മേലോട്ടുയർന്നപോലെ
പാരിച്ച നിന്നുടെ വാനിടത്തിൽ
(കട്ടമത്ത് — ഓണപ്പുടവ)
[3]
ഉലകിന്നു മുതൽ കൊയ്യാനലകടലുഴുവുന്ന
തല മുതിർന്നവർ പത്തേമ്മാരികൾ കുഞങ്ങൾ
(വൈലോപ്പിള്ളി — കടലിലെ കവിതകൾ)
Her timbers yet are sound,
And she may float again
… … …
And plough the distant main
(W. Cowper — Loss of the Royal George)
[4]
കടലിലെയുപ്പുചാലിൽക്കതിരിട്ടു വിളയുന്നു
കരയിലും കുരുക്കാത്ത കവിതയെല്ലാം
(വൈലോപ്പിള്ളി — കടലിലെ കവിതകൾ)
അക്ഷത നക്ഷത്രമുത്തു വിളയുന്ന മുകലിലെ
അക്ഷയ രത്നാകാരത്തിൻ കരയിലൂടേ
(പി. കുഞ്ഞിരാമൻ നായർ — കടൽപ്പാലം)
[5]
കാറ്റത്താടുന്ന കിളിക്കൂടാണ് വിവക്ഷിതം.
കപ്പലാം തൊട്ടിലിലാട്ടിയാട്ടിയതി–
ലുൾപ്പുക്കുമേവിന നാനാ ജനങ്ങളെ
പൈതങ്ങളെയെന്നവണ്ണമുറക്കിനാർ
പാഥോധിതൻ ഗൃഹദാസികൾ വീചികൾ
(വള്ളത്തോൾ — കപ്പൽയാത്ര)
മായികമാം വെണ്ണിലാവിൽ മുത്തുമണിമാലകോലു–
മാഴിയോളങ്ങളിൽ ഞങ്ങളുയലാടവേ
(വൈലോപ്പിള്ളി — കടലിലെ കവിതകൾ)
പേർത്തുമൊന്നിനെയൊന്നു പാഞ്ഞുടച്ചേറും തിര–
ച്ചാർത്തിനു മീതെ നൃത്തമാടുന്നു പെരും കപ്പൽ
(ബാലാമണിയമ്മ — മഴുവിന്റെ കഥ)
അബ്ധിയിലൂഞ്ഞാലാടി ക്കുലുങ്ങി നടക്കുന്ന
കപ്പലെൻ മുഖത്തേയ്ക്കു നീരസപ്പുക തുപ്പി
(പി. കുഞ്ഞിരാമൻ നായർ — കീർത്തിമുദ്ര)
[6]
നീയപാരതയുടെ നീലഗംഭീരോദാര–
ച്ഛായ; നിന്നാശ്ലേഷത്താലെന്മനം ജൃംഭിക്കുന്നു
(ജി. — സാഗരഗീതം)
[7]
The world of water is our home
And merry mes are we
(A. Cunningham — A wet sheet and a flowing sea)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.