images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
31
യുവകവയിത്രി
വിക്തോർ ദ് ലപ്രാദ് (VICTOR DE LAPRADE (1812-1883))

യഥാർത്ഥ ജീവിതവിജയത്തിന്നു ക്രൈസ്തവമൂല്യങ്ങൾ മുറുകെപ്പിടിക്കണമെന്നു ഉൽബോധിപ്പിച്ച ദാർശനികൻ കൂടിയാണു് വിക്തോർ ദ് ലപ്രാദ്.

നൂതനതാരുണ്യത്തിൻ
സൗന്ദര്യനികേതമായ്
ഞാനൊരു കവയിത്രി–
യായ ബാലയാണെങ്കിൽ
പാടുവാൻ പ്രവാചക–
വേദിയൊന്നിനേക്കാളും
കൂടിതനെലിക്കിഷ്ട–
മൊരു പൈങ്കിളിക്കൂടാം. [1]
ഏതു കാറ്റുലകിനെ
മുന്നോട്ടു തള്ളുന്നെന്നും
ഏതു സിംഹാസനത്തി–
ന്നുലച്ചിൽ തട്ടുന്നെന്നും
അറിയാൻ മിനക്കെടു–
കില്ലഞാ,നെന്നാലോരോ
നറുപൂവിനോടും ഞാൻ
നർമ്മസല്ലാപം ചെയ്യും! [2]
[3] കേൾക്കില്ല ഞാനാപ്പുത്ത–
നപ്പസ്തോലന്മാർ ചൊൽവ,–
തിക്കൂട്ടർ വെറുക്കുന്ന–
തൊക്കെ ഞാനിഷ്ടപ്പെടും.
പക്ഷികൾ പരസ്പരം
ചൊല്ലുന്ന രഹസ്യങ്ങൾ
പച്ചിലക്കാട്ടിൽ ഞാൻ ചെ–
ന്നൊളിഞ്ഞു ചെവിക്കൊള്ളും.
പാട്ടുകൾ പാടിപ്പാറി–
ത്തത്തുന്ന കിളികൾ തൻ
കൂട്ടത്തിലൊരു സഹ–
ജാതയെപ്പോലേ ഞാനും
വന്ദനം ചെയ്യാൻ ചെല്ലും
വാനിങ്കലൊളിതൂകി
വന്നണയുമാ നവ്യ–
പ്പൊൽപുലർകാലങ്ങളെ!
വിശ്വാസരഹസ്യങ്ങ–
ളോരുവാൻ തിടുക്കാതെ
സംശയാലുത്വത്തിന്നു
തരിമ്പും വഴങ്ങാതെ,
പാടിയും ചിരിച്ചുമേ
പായുന്ന ചോലയ്ക്കൊപ്പ–
മാടലറ്റൊഴുകിപ്പോ–
മെൻവഴിയൂടേ ഞാനും.
ഇന്നത്തെ നൂറ്റാണ്ടേറ്റം
നീറിടും പ്രശ്നങ്ങളാൽ
നിർന്നിദ്രനിശകളിൽ
നൊമ്പരം കൊള്ളുന്നെങ്കിൽ,
വമ്പിച്ച തമസ്സിങ്കൽ
മാർഗ്ഗദർശക ദീപ–
സ്തംഭമൊന്നെവിടെയും
മിന്നിടുന്നില്ലെന്നാകിൽ
[4] ഞാനതു ഗണിയ്ക്കില്ലാ,
തൂവെള്ളിവെളിച്ചത്തി–
ന്നാകമ്രകിരണങ്ങ–
ളെങ്ങുമേ ദർശിച്ചീടും!
പാടത്തെയിളം കാറ്റു
വന്നെന്നെത്തലോടുമ്പോ–
ളെന്മനം മുഴുകീടും
പൊന്നോമൽക്കിനാക്കളിൽ,
ഞാൻ പൊട്ടിച്ചിരിച്ചീടും,
നർത്തനം മുതിർത്തീടും,
ജീവിതാഹ്ലാദമെന്നിൽ
നിറഞ്ഞു വഴിഞ്ഞീടും
പാടുവാൻ പുംസ്കോകിലം
മാത്രമെൻ ഗുരുവാകും,
പട്ടിളം പുൽത്തട്ടുകൾ
മാത്രമെൻ ഗ്രന്ഥങ്ങളാം. [5]
ഒരു മഞ്ചുഷയിൽ നി–
ന്നെന്നപോലീ രംഗത്തീ–
ന്നനുരൂപമായതു
ഞാൻ തിരഞ്ഞെടുത്തീടും
പൂത്തപാദപങ്ങൾതൻ–
തണലിൽക്കൂടിപ്പോകേ
പൂക്കളാലലങ്കാരം
ചാർത്തുമെൻ വീണയ്ക്കു ഞാൻ!
കനകക്കതിരേന്തും
ഗോതമ്പച്ചെടികൾക്കു
നുകരാൻ വാനമ്പാടി
തൂകുന്നു ഗാനാമൃതം;
കാർവണ്ടു കാക്കപ്പൂവിൻ
കർണ്ണത്തിൽ മന്ത്രിയ്ക്കുന്നു, [6]
ചീവീടു പരിസര–
പ്രേമിയായ് പാടീടുന്നു!
ഏതിനും തുളുമ്പുന്നു
ഹൃദയം, മനീഷികൾ
ഓതുവതേറ്റോതുന്ന
മാറ്റൊലിയായീടാതെ,
ഞാനിങ്ങു കുടുംബത്തിൻ
നാദമായുയരും, മ–
ത്സോദരീജനങ്ങൾ തൻ
സ്വപ്നങ്ങൾ ഗാനം ചെയ്യും!
അക്ഷയനിധിയുണ്ടു
രണ്ടെണ്ണമനർഘങ്ങൾ
ഇച്ഛപോലഖിലർക്കും
ഉൽഖനനത്തിന്നായി,
സാഹിതി സമസ്തവും
ഊർന്നൊഴുകീടുന്നതാം
വാഹിനി രണ്ടുണ്ടതി–
പാവനമനിരുദ്ധം,
ഗാനസങ്കുലമാകും
രണ്ടു ദിവ്യാരണ്യമു–
ണ്ടാരമ്യ പ്രകൃതിയും
മാനവഹൃദയവും!
ഞാനെന്റെ ഗാനത്തിനെ
ത്തേടിടുമിവയിങ്കൽ
ഞാനതു കണ്ടെത്തീടും
ആയാസവിഹീനമായ്.
എങ്കിലും, പ്രതിഷ്ഠിത–
മാകുമെൻ പ്രശസ്തിയെ
എൻകളഗാനം കേൾക്കാൻ
വെമ്പിടും ലോകത്തിനെ,
ഒക്കെയും നിസ്സന്ദേഹം
ഞാൻ പരിത്യജിച്ചിടും
എന്മനോരമണൻത–
ന്നൊറ്റ വാക്കിനുവേണ്ടി!
നൂനമെൻ ഗാനങ്ങളി–
ലേറ്റവും മധുരമാം
ഗാനമജ്ജീവന്നായ് ഞാൻ
കരുതിസ്സൂക്ഷിച്ചീടും: [7]
പോര,യെൻ വിപഞ്ചിയെ–
ത്തന്നെ ഞാൻ വെടിഞ്ഞീടും
സ്വൈരമായവിരാമം
തൽക്കരം ഗ്രഹിക്കുവാൻ! [8]
കാമ്യം താൻ കവിത്വ മെ–
ന്നാകിലുമേറെക്കാമ്യം
പ്രേമമാണെനിയ്ക്കു ഞാ–
നൊരു ബാലികയെങ്കിൽ. [9]

A UNE JEUNE FILLE POETE

കുറിപ്പുകൾ
[1]
നിന്റെ ചാരുകസേരകൾ വലിച്ചെറിഞ്ഞു ഞാൻ
ഉത്സവങ്ങളിലേയ്ക്കും
ഇടവപ്പാതികളിലേയ്ക്കുമൂളിയിട്ടു
പ്രഭാഷണങ്ങളല്ല,
കിളികളുടെ പാട്ടുകളാണു് എനിക്കു വേണ്ടിയിരുന്നത്
(സച്ചിദാനന്ദൻ — സൈദ്ധാന്തികന്നു കവിയുടെ യാത്രാഗീതം)
കൂടു ചമച്ചതിൽ ചേർന്നു കൂനി–
ക്കൂടിയിരിക്കയാണോമലേ നീ
സ്വച്ഛന്ദ വിശ്രമസ്ഥാനമാം മു–
ത്തച്ഛന്റെയങ്കത്തിലെന്നപോലെ
(വൈലോപ്പിള്ളി — കൂടും കിളിയും)
[2]
പാടിയാലെന്താ ഞാനെൻ മിത്രമേ പരിശാന്തി
തേടിടുംപനിനീർപ്പൂവിൻ സ്നിഗ്ദ്ധജീവനെപ്പറ്റി?
പാരിടം നടുങ്ങുന്ന സംഹാരസന്ദേശത്തെ–
പ്പാടിടും കോടക്കൊടുങ്കാറ്റിന്റെ യൂറ്റത്തേക്കാൾ
ഹ്ലാദവും വിഷാദവും സ്ഫുരിക്കുമിപ്പുഷ്പത്തിൻ
നാദഹീനമാം രാഗമാണെനിക്കഭികാമ്യം
(ജി. — വിടർന്നെങ്കിൽ)
[3]
മ്ലാനവിക്ലബതവന്നാത്മാവിൽക്കടക്കാതെ
സൂനമേ വർത്തിപ്പൂ നീ, ഞാൻ നിണയ്ക്കന്തേവാസി
നിന്നെയൊന്നനുകരിച്ചീടുവാൻ കഴിഞ്ഞെങ്കിൽ
പിന്നെയെന്തിനാണെനിക്കന്യന്റെ തത്വജ്ഞാനം?
(ജി. — വിടർന്നെങ്കിൽ)
[4]
ആരെയും ഹിംസിക്കാതെ, യാരെയും ശാസിക്കാതെ
പാരിനെ നന്നാക്കേണ്ട ഭാരമേറ്റെടുക്കാതെ
(ജി. — വിടർന്നെങ്കിൽ)
സന്ദേശവുമില്ലുറങ്ങുന്ന പാരിനോ–
ടൊന്നും പറയാൻ മുതിരുവതില്ല ഞാൻ
(പി. കുഞ്ഞിരാമൻ നായർ — കൊച്ചുനർത്തകി)
മാനവപ്രശ്നങ്ങൾ തൻ മർമ്മകോവിദന്മാരേ
ഞാനൊരുവെറും സൗന്ദര്യാത്മക കവിമാത്രം
(വൈലോപ്പിള്ളി — കവിയും സൗന്ദര്യബോധവും)
എനിക്കുതോന്നുമ്പടി ഞാൻ ചിറകി–
ട്ടടിച്ചു നീന്തുമ്പോഴേ
അരുതെന്നോതാ, നാമെന്നോതാൻ
ആരെ നിങ്ങളധൃഷ്യർ?
അരുതെന്നോതാനാമെന്നോതാൻ
ഒരാളെനിക്കുണ്ടുള്ളിൽ
എന്നാത്മാവിൻ സ്വർണ്ണക്കൂട്ടിലെ
വർണ്ണപ്പൈങ്കിളിയെത്ര
(പുതുശ്ശേരി രാമചന്ദ്രൻ — പുതിയ കൊല്ലനും പുതിയൊരാലയും)
[5]
വിസ്തൃതസൗന്ദര്യപാഠം പഠിച്ചതോ
വിശ്വപ്രകൃതിയാൾ തൻ കലാശാലയിൽ
(പി. കുഞ്ഞിരാമൻ നായർ — സൗന്ദര്യദേവത)
കടലാസ്സിൽക്കാണും ലിപികളോടൊപ്പം
പഠിക്കാവൂ തവ പടുതയാലിവൻ
ഇടമ്പെടും വാനിൽ വിഭാവരി കുറി–
ച്ചിടുന്ന കാഞ്ചനാക്ഷരനിരയേയും.
… … …
പ്രകൃതി കേവലം തുറന്നുവെച്ചൊരീ
പ്രഞ്ചകാവ്യത്തിൻ ചില വരികളും
… … …
മറഞ്ഞിരുന്നു പൂങ്കുയിലുകൾ പാടും
നിരക്ഷരഗാനങ്ങളുമൊരുപോലെ
സവിസ്മയം കേൾക്കപ്പെടുമാറാകട്ടെ
സുവിദ്യാർത്ഥിൻ, നിന്റെയിളം ചെവികളിൽ
(വള്ളത്തോൾ — ഗുരുനാഥന്റെ തൂവൽ)
നിശ്ചയമില്ലാതാരും പകയ്ക്കും പാഴ്‌വാക്കാലീ
വിശ്വകാവ്യത്തെപ്പറ്റി പ്രസംഗിപ്പോനല്ല ഞാൻ.
മംഗല്യ മഹനീയ സൗരഭമാർന്നോരിതിൻ–
സംഗീതപ്രവാഹത്തിലെൻ തലതണുത്തെങ്കിൽ! …
(കെ. കെ. രാജാ — വിശ്വകാവ്യം (ഹർഷാഞ്ജലി))
പ്രീതി ചേർക്കുന്നില്ലാർക്കിവ ചേർന്ന
രീതിയൊന്നിനാലീ വിശ്വകാവ്യം?
ഒന്നും വേണ്ട മനുഷ്യനിതല്ലാ–
തെന്നും കോൾമയിർക്കൊണ്ടു വായിപ്പാൻ
(കെ. കെ. രാജാ — വിശ്വകാവ്യം (മണ്ണും വിണ്ണും))
എനിക്കു നാദം തന്നവരേ,
എനിക്കു ഗാനം തന്നവരേ,
എന്നാത്മാവിന്നുയർന്നുപറക്കാൻ
പൊന്നിൻ ചിറകു തരുന്നവരേ
(പുതുശ്ശേരി രാമചന്ദ്രൻ — പുതിയ കൊല്ലനും പുതിയൊരാലയും)
പുസ്തകം ദൂരത്തെറിഞ്ഞെന്റെ കൂട്ടരി–
പ്പുത്തിലഞ്ഞിച്ചോട്ടിലൊന്നിച്ചിരിക്കുവിൻ
പുല്ലാണു പുസ്തകജ്ഞാനം പുലരിതൻ
പുല്ലാങ്കുഴൽവിളി കേട്ടുണർന്നീടുകിൽ
(ഇടപ്പള്ളി — വിശ്വഭാരതിയിൽ)
പങ്കവും മുൾച്ചെടിക്കൂട്ടവും പാറയും
പക്ഷിമൃഗാദിയും മാനുഷനും
യാതൊരു കാവ്യത്തിൻ നാനാവിധാക്ഷര–
ദ്യോതിതമായ ദിവ്യോല്ലേഖമോ
ആയതിൻ ഭാഷാന്തരങ്ങൾ താൻ വാനിലും
തോയദരൂപത്തിൽ ക്കാണ്മതെങ്കിൽ
(നാലപ്പാടൻ — ചക്രവാളം)
Up, up my friend, and quit your books,
or surely you’ll grow double …
And hark how blithe the throstle sings,
He too is no mean preacher:
Come forth into the light of things,
Let nature be your Teacher ! …
She has a world of ready wealth
Our minds and hearts to bless.
(Wordsworth — The tables turned.)
of this fair volume which we world do name
If we the sheets and leaves could turn with care,
Of Him who it corrects, and did it frame,
We clear might read the art and wisdom rare
(W. Drummond — The lessons of Nature)
[6]
മധുവുണ്ടു കാർവണ്ടു മൂളിയോരോ കൊച്ചു
മലരിന്റെ കാതിലും
(എൻ. കെ. ദേശം — ഓണപ്പാട്ട്)
[7]
It keeps its highest holiest tone
For one beloved friend alone
(Shelley — To a lady with a guitar)
[8]
മൽക്കലാപാരമ്യമിതൊറ്റയൂത്തേല്ക്കുമ്പോഴേ–
ക്കുൽക്കമ്പമേലുന്നൊന്നാണാശയില്ലതിലൊന്നും
ഭൂവിലെപ്പരുപരുപ്പറിയാതവിടുത്തെ–
ക്കൈവിരൽക്കൂട്ടിൽ ചൂളിക്കിടക്കുന്നതിന്നെന്യേ,
അപ്പപ്പോൾത്തവമുഖം തടവിത്ത്വദുച്ഛ ്വാസ–
സൽപരിമളം മോന്തി സംതൃപ്തി കൊൾവാനെന്യേ
(ബാലാമണിയമ്മ — പ്രേമോപഹാരം)
[9]
ആരാധ്യയായി നീ രാധേ, മഹർഷിമാർ
ആരാഞ്ഞു കാണാഞ്ഞ നീലരത്നം
ശ്രീമതി, നിൻകൈകൾ തേടിവന്നീലയോ,
പ്രേമം മഹത്തരം ജ്ഞാനത്തേക്കാൾ
(ജി. — വൃന്ദാവനം)
I Love thee for a heart that is kind
Not for the knowledge in thy mind
(W. H. Davis — Sweet stay-at-home)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.