images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
39
കണ്ണുകൾ
സ്യുല്ലി പ്ര്യുദോമ്മ് (SULLY PRUDHOMME (1839-1907))

ജീവന്റെ പ്രതീകമത്രെ കണ്ണു്. ഈ പ്രതീകത്തിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ അവിഭാജ്യഘടകമായ ആത്മാവിന്റെ അനശ്വരതയിലേയ്ക്കും മരണാനന്തരജീവിതത്തിലേയ്ക്കും സ്യുല്ലി പ്ര്യുദോമ്മ് വിരൽ ചൂണ്ടുന്നു.

അഴകും പ്രിയതയുമാർന്ന നേത്ര–
നികുരങ്ങൾ–നീലമോ ശ്യാമളമോ–
പുതുപൊൽപ്രകാശമുലകിനേകും
പുലരിതൻ കാന്തിനുകർന്നെന്നാലും,
കനകരസത്തിൽ കുളിച്ചുകൊണ്ടു
കതിരവനിന്നുമുദിച്ചിടുമ്പോൾ
അവയെല്ലാം നിദ്രകൊണ്ടീടുകയാം
കുഴിമാടങ്ങൾക്കുമടിയിലായി [1]
പകലിനെ വെല്ലുന്ന മാധുരിയാൽ
സുഖമേറെ നല്കും നിശീഥിനികൾ
അനവധിലോലവിലോചനങ്ങൾ–
ക്കവികലാനന്ദ മണച്ചെന്നാലും
തരളനക്ഷത്രനിരകളെന്നും
ദിവി ദീപ്തിവീശി വിളങ്ങിടുമ്പോൾ
അവയൊക്കെ മണ്ണിനുമുള്ളി, ലാക്കൂ–
രിരുളിങ്കലാണ്ടു കിടന്നീടുന്നു.
വികലമായ്ത്തീർന്നു തദീയവീക്ഷാ–
വിരുതെന്നു വിശ്വസിക്കായ്വിനാരും.
അവയിപ്പോൾ നമ്മളദൃശ്യമെന്നു
പറയും പൊരുളിന്നഭിമുഖമാം:
ചില ജ്യോതിർഗോളങ്ങൾ നമ്മെ വിട്ടു
മറയുന്നുവെങ്കിലും വിണ്ണിനുള്ളിൽ
ഒളിചിന്നിമിന്നുംപോൽ, കൺമണികൾ
തനതസ്തമാനങ്ങളാർന്നിടുന്നു.
അപചയമേലാ, മറഞ്ഞുപോം കൺ–
മണികളുമെന്നും സചേതനം താൻ. [2]
അഴകും പ്രിയതയുമാർന്ന നേത്ര–
നികരങ്ങൾ–നീലമോ, ശ്യാമളമോ–
മറയുന്നുവെങ്കിലും കല്ലറതൻ
മറുവശത്തൂടവേ, യുന്മിഷത്തായ്,
പുതുമയാർന്നെന്നും പുലരുമാ വൻ–
പുലരിയെക്കണ്ടു രസിച്ചിടുന്നു! [3]

LES YEUX

കുറിപ്പുകൾ
[1]
എത്രയഗാധം മലിനം പുകഴ്‌ന്നുപോ–
യെത്രനേത്രം വിശുദ്ധം തകർന്നുപോയ്
(കെ. കെ. രാജാ — അവകാശവാദം)
[2]
ആരും തോഴീയുലകിൽ മറയുന്നില്ല
മാംസം വെടിഞ്ഞാൽ
തീരുന്നില്ലീ പ്രണയജടിലം
ദേഹിതൻ ദേഹ ബന്ധം
(ആശാൻ — ലീല)
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ–
ലുല്പന്ന ശോഭമുദയാദ്രിയിലെത്തിടും പോൽ
സൽപുഷ്പമേ,യിവിടെ മാഞ്ഞുസുമേരുവിന്മേൽ
കല്പദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ
(ആശാൻ — വീണപൂവ്)
മായും നിഴലെല്ലാം മറ്റൊരു ലോകത്തിൽ
മായാത്ത രശ്മിയായ് മാറിയേക്കാം
(ചങ്ങമ്പുഴ — മായാച്ചിത്രം)
ശ്മശാനത്തിൻ മാറിലലിഞ്ഞെത്രമണ്ണടിഞ്ഞു
വിശിഷ്ടപുഷ്പങ്ങളതിലുദിച്ചു വീണ്ടും
(ചങ്ങമ്പുഴ — രാഗഗീതി)
ഭൂതലത്തിലേക്കതു വാടി വീഴ്കിലുമൊരു
ജ്യോതിർഗോളമായ് വിണ്ണിലുയർന്നു തിളങ്ങുന്നു
(എം. പി. അപ്പൻ — പ്രപഞ്ചവും ഞാനും)
തരുണമാം രവി കിരണം പുല്കുമീ
നിരുപമമായ പനിനീർച്ചെമ്മലർ
സ്വക പാത്രമൊരു പുതിയ ജീവിത–
മകരന്ദം കൊണ്ടു നിറച്ചെത്തുന്നേരം
തിരിച്ചറിയുമോ? ചിരിച്ചുകൊണ്ടന്നാ–
ളൊരിക്കലോമലാളുരച്ചാളിങ്ങനെ
(ജി. — പിന്നത്തെ വസന്തം)
[3]
പുകയിൽ മൂടിയ ചക്രവാളത്തിനു
പിറകിലന്തിയോ വേറെപ്പുലരിയോ
(ബാലാമണിയമ്മ — തോണികൾ)
പതിയേവീഴുവോരീയദൃശ്യം
യവനികയ്ക്കപ്പുറമുഷസ്സി–
ന്നിരുളിലാരോ? തിരകയാണെൻ
ഹൃദയമുരുഭയകൗതുകം
(സുഗതകുമാരി — ആശങ്ക)
മൃതിയാൽത്തെളിമയും കൂർമ്മവും സമാർജ്ജിച്ച
മിഴിയാലുള്ളിന്നുള്ളിലേയ്ക്കു നീ കാണുന്നുണ്ടാം
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
കണ്ണിനാനന്ദമേകും പഴമ്പൂക്കൾ
മണ്ണിനുള്ളിൽ മറയുന്നതെന്തിനോ
തൂമയിൽ പുതുവേഷം ചമയുവാൻ
ഭൂമിഗർഭമണിയറയായ് വരാം
(കെ. കെ. രാജാ — വീണപൂക്കൾ)
അതുപോലാശിപ്പൂ ഞാൻ നമ്മൾ തൻ ചൈതന്യവും
അവശേഷിക്കാമിനിപ്പല പാടത്തും ചെല്ലാൻ
(വൈലോപ്പിള്ളി — കൊയ്ത്തു കഴിഞ്ഞു)
മനുഷ്യവർഗ്ഗത്തിന്റെ മറുവശത്തെ പാട്ടുകേൾക്കാൻ
മരണത്തിലേയ്ക്കു നടന്നുപോയി
(സച്ചിദാനന്ദൻ — അന്ത്യസന്ദേശം)
മറുകരയിൽ പൂത്തുലയാനേ
പോകുന്നു, പോകുന്നേനേ
(സച്ചിദാനന്ദൻ — പുറപ്പാട്)
To live with him and sing in endless morn of light
(Milton — At a solemn music)
But when the morn came dim and sad
And chill with early showers
Her quiet-lids closed-she had
Another morn than ours
(Thomas Hood — The death bed)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.