images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
40
അന്ത്യാഭിലാഷം
സ്യുല്ലി പ്ര്യുദോമ്മ് (SULLY PRUDHOMME (1839-1907))
അന്ത്യവേളയിങ്കലെന്നെ–
ത്തുണയ്ക്കുവാൻ നിനപ്പോരേ,
അൻപൊരല്പമെന്നിലുണ്ടു
നിങ്ങൾക്കെന്നാകിൽ
ഓതിടരുതെന്നോടൊരു
വാക്കുപോലും: എന്റെ കാതിൽ
ഗീതമല്പം പതിപ്പിക്കിൽ
സുഖമൃതൻ ഞാൻ! [1]
സാന്ത്വനവും സമ്മോദവും
നല്കീടുന്നു, ലൗകീകമാം
ബന്ധനങ്ങളറുക്കുന്നു
മഞ്ജുസംഗീതം. [2]
അർത്ഥിപ്പൂ ഞാൻ: നിങ്ങളെന്റെ
വേദനയെത്താരാട്ടുവിൻ,
അല്ലാതൊന്നു മതിനോടു
മൊഴിഞ്ഞിടൊല്ലേ!
വാക്കുകളാൽ മടുത്തുപോയ്
വാസ്തവത്തെ മൂടാൻപോരും
വാക്കുകളാലെനിക്കേറ്റം
മടുത്തുപോയി.
കൊതിപ്പൂ ഞാൻ സ്വനങ്ങളെ–
ക്കൂടുതലാ,യെനിക്കനു–
ഭവിക്കുവാനല്ലാതാകാ [3]
ഗ്രഹിക്കുവാനായ്.
നൂനമെന്റെ ചേതനയെ
നിമഗ്നമാക്കീടുമൊരു
ഗാനം–അതു തെല്ലുപോലും
പണിപ്പെടാതെ
ആനന്ദമൂർച്ഛയിൽ നിന്നു
സ്വപ്നലോകത്തിലേയ്ക്കെന്നെ
ആനയിക്കു, മതിൽനിന്നു
മൃതിയിലേയ്ക്കും! [4]

L’AGONIE

കുറിപ്പുകൾ
[1]
അന്ത്യനിമിഷത്തിലുമെന്നാത്മ വിപഞ്ചിയിൽ നി–
ന്നംഗുലികൾ സഞ്ചരിക്കിൽ ചരിതാർത്ഥൻ ഞാൻ
(ചങ്ങമ്പുഴ — മദിരോത്സവം)
[2]
…ആ മുരളിയിലൂടേ പകരൂ, മനസ്സിന്റെ
യാമയം നീങ്ങിസ്വസ്ഥരാകട്ടെ ശരീരികൾ
(വൈലോപ്പിള്ളി — കത്തിയും മുരളിയും)
ഒഴുകീടുന്നു സർവാഹ്ലാദകം സംഗീതകം
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
നിർവൃതിപ്രദം സൗമ്യമുയരുന്നൊരീ ഹൃദ്യ–
നിസ്വനം, ഹൃദയമേ നീയതിലലിഞ്ഞാലും
(യൂസഫലി കേച്ചേരി — ഉണരൂ)
പേയംനിൻ മുരളീരവാമൃതമൊഴിച്ചെന്തുള്ളു ഗീതാംബുധേ
(യൂസഫലി കേച്ചേരി — അഹൈന്ദവം)
അങ്ങതന്നനശ്വര നാദധാരയാലൊന്നീ
വിങ്ങിടുമാത്മാവുകൾക്കാശ്വാസമണച്ചാവൂ
(പുതുശ്ശേരി രാമചന്ദ്രൻ — പ്രകൃതലോകം)
ഹാ രോചിർമ്മയ വർണ്ണഗാത്രരേ രാഗങ്ങളേ
സാരസ്വതോദ്യാനത്തിൻ ദേവതകളേ നിങ്ങൾ
അഭയംകരർ,അന്തർബ്ഭാവ വൈവശ്യങ്ങൾക്കു
മുരളീരന്ധ്രങ്ങൾപോൽ മോചനമരുളുന്നു
(കടവനാട് കുട്ടികൃഷ്ണൻ — നാദനൈവേദ്യം)
ഇടയന്റെയോടക്കുഴലിന്റെയിമ്പത്തി–
ലകലുന്നു നിൻ ജാഡ്യഭാവം
(അയ്യപ്പപ്പണിക്കർ — ഗോപികാ ദണ്ഡകം)
ക്ഷുദ്രജന്മത്തിൻ ഗ്ലാനിയീനാദ ഗംഗാതീർത്ഥ–
സ്വച്ഛമായ്, ഇനിയും ഞാൻ ഇങ്ങനെ ജനിക്കാവൂ
(ഒ. വി. ഉഷ — വീണക്കമ്പി)
The trembling notes ascend the sky
And heavenly joys inspire
(Dryden — Alexander’s Feast or Power of Music)
And ever against eating cares
Lap me in soft Lyndian airs
(Milton — L’Allegro)
[3]
പദമൊന്നുമില്ലാത്ത, പരിചയമില്ലാത്ത
പുതിയൊരു ഗാനം നീയാലപിക്കൂ
(പി. ഭാസ്കരൻ — ഒരു എസ്കേപ്പിസ്റ്റിന്റെ ഗാനം)
[4]
ഗാനത്തിന്റെ ലഹരിയിലെന്നിലെ
ഞാനലിഞ്ഞലിഞ്ഞില്ലാതെയാവട്ടെ,
ജീവിതത്തിന്റെ നൂലിട്ടാലെത്താത്ത
ഭൂവിലേയ്ക്കതിൽ മുങ്ങി ഞാനെത്തട്ടെ
(ജി. — വിളംബരം)
നിലയം വിടുംതോറുമന്തരാത്മാവിൻ മേനി
വലയം ചെയ്യുന്നിതാ സംഗീതമായാലോകം
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
നിന്നുടെ പാട്ടിലലിഞ്ഞുപോകട്ടെയീ–
സ്സുന്ദര സ്വപ്ന മനോഹര ജീവിതം
ഇന്നു ഞാൻ ചേർന്നു പതഞ്ഞൊഴുകട്ടെ നിൻ
സൗന്ദര്യഗീതതരംഗഭംഗങ്ങിൽ
(പി. കുഞ്ഞിരാമൻ നായർ — അന്നത്തെ നാടകം)
അറിയാതറിയാതീ ഗീതത്തി–
ന്നനുപമ നിർഝരിയിങ്കൽ
അലിഞ്ഞിടുന്നു നീയും ഞാനും
അഖില ചരാചരവും
(പി. ഭാസ്കരൻ — ഫിഡിൽ വായനക്കാരിയോടു്)
രാഗസാന്ദ്രമാണെന്റെ മാനസമതിനാലേ
രാഗിണീ, നീയിന്നൊരു ഗാനപല്ലവി പാടൂ
ശ്യമാസുന്ദരീ, പാടൂ ഗാനത്തിലലിഞ്ഞുപോം
രാഗപൂർണ്ണിമയായിത്തീരട്ടെമജ്ജീവിതം
(മേലത്ത് ചന്ദ്രശേഖരൻ — സ്മരണിക)
ഏകതന്ത്രിയാവീണയെങ്കിലും മൂളി പിന്നീ–
ടായിരം വിദൂരക ഗ്രാമചത്വരങ്ങളിൽ
… … …
ഭക്തിതൻ മധുരമാം നീരോട്ടം വരണ്ടുള്ള
മർത്ത്യജീവിതങ്ങളെ വിടർത്തി മുക്ത്യന്മുഖം,
തീർത്ഥധാരപോലിന്നുമഗ്ഗാനതരംഗിണി–
യുത്തരാപഥം നീളെപ്പാവനമാക്കീടുന്നു.
(എൻ. വി. കൃഷ്ണവാരിയർ — വിദ്യാപതി)
ഇനിയെനിക്കായിപ്പകരൂ ഞാനാകും
മുരളിയുടെ നിന്നമൃതവർഷിണി
(ദേവി — ഹരി നിനക്കായിക്കരുതിക്കാത്തു ഞാൻ)
ഒഴുകീ ചിരന്തന കാലത്തിൻ ലളിതാനു–
ഭവഹർഷത്തിൻ മുഗ്ധ‘മായാമാളവഗൗള’
ഒഴുകീ അതിൽ ചേർന്നു ഭുവനം ഗഗനവും
മുഴുകീ യോഗാത്മക ശാന്തിയിൽ ഹൃദയങ്ങൾ
(കടവനാട് കുട്ടികൃഷ്ണൻ — നാദനൈവേദ്യം)
മുറുക്കൂ നിൻവീണക്കമ്പി
മുഴക്കൂ നീയെൻ പ്രാണന്റെ
മുരളിയെയതിൽ നൂറു
രന്ധ്രമുണ്ടാക്കി
തവരാഗലീലയാലെൻ
പ്രാണൻ നിറഞ്ഞാകിലതി–
ത്തവണ നിശ്ശബ്ദമാക്കി–
ച്ചേവടി ചേർക്കൂ
(ടാഗോർ — ഗീതാഞ്ജലി (ജി.))
So shall I join the choir invisible
Whose music is the gladness of the world
(George Eliot — O may I join the choir invisible)
O may we soon again renew that song
And keep in tune with heaven, till God ere long
To his celestial concert us unite …
To live with him and sing in endless morn of light
(Milton — At a solemn music)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.