images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
45
കരളിന്നുള്ളിൽ കണ്ണീർമഴ
പോൽ വെർലേൻ (PAUL VERLAINE (1844-1896))

ഒരു പ്രസ്ഥാനമെന്ന നിലയിൽ സിമ്പോളിസം നിലവിലില്ലാതായിട്ടും ഫ്രഞ്ച് സിമ്പോളിസ്റ്റ് കവികളിൽ പോൽ വെർലേൻ ഇന്നും കാവ്യാസ്വാദകരെ ആകർഷിക്കുന്നു. അമിതമായ മദ്യാസക്തിയും വഴിതെറ്റിയ വൈകാരികജീവിതവും കാരണം സമൂഹത്തിന്റെ വെറുപ്പും നിന്ദയും അദ്ദേഹം ഏറ്റുവാങ്ങി. (കൂട്ടുകാരനായ റെമ്പോ (Rimbaud) വിനെ വെടിവച്ചു പരിക്കേല്പിച്ചതിന്നു ഒരു മാസവും ജയിലിൽ കിടന്നിട്ടുണ്ടു്. എന്നിരുന്നിട്ടും വിയ്യോനെ (Villon പ്പോലെ വെർലേനും സാഹിത്യലോകത്തിന്റെ അംഗീകാരം പിടിച്ചുപറ്റി. മരിക്കുന്നതിനു രണ്ടുകൊല്ലം മുമ്പു (1894) ഫ്രാൻസിലെ ‘കവിരാജൻ’ (Prince Des Poetes) ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. നിഗൂഢത ചൂഴ്‌ന്ന പ്രതീകാത്മകതയും സംഗീതസാന്ദ്രതയും ശോകപരതയും വെർലേൻ കവിതകളുടെ സവിശേഷതകളാണ്.

[1] എന്നുള്ളിൽക്കണ്ണുനീർമഴ; വെളി–
യിങ്കൽത്തൂമഴ പെയ്യവേ;
എൻ കരളിനെ കാർന്നിടുന്നിതാം
ഈയൊരാതങ്കമേതുവാൻ?
മേൽപ്പുരമേലും കീഴ്ത്തറയിലും
മാരി വീഴ്‌വൂ മൃദുസ്വരം;
ഹാ, മഴയുടെ മഞ്ജുസംഗീതം [2]
ദീനമാനസമൊന്നിനായ്!
താന്തമീഹൃദയത്തിനുള്ളിലെ–
ബ്ബാഷ്പവർഷമകാരണം;
ഇല്ല സന്ദേഹ, മിക്കദനത്തി–
നില്ല കാരണമൊന്നുമേ. [3]
[4] പ്രേമമില്ല, വിദ്വേഷമില്ലെന്നാ–
ലെന്മനമെന്തിന്നിത്ര മേൽ
സങ്കടപ്പെടുന്നെന്നറിയാത്ത–
തെന്തിലുമേറെസ്സങ്കടം! [5]

IL PLEURE DANS MON COEUR

കുറിപ്പുകൾ
[1]
പറയുവാനിങ്ങു പദമില്ലാഞ്ഞു ഹാ
ശിശുപോലെൻകരൾ കരയുന്നു
(പി. കുഞ്ഞിരാമൻ നായർ — ഹൃദയം)
ഒപ്പിയെടുക്കുകാത്മാവിൻ ചുടു–
ബാഷ്പങ്ങൾ ചുംബനത്താൽ നീ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
കണ്ണീർക്കണത്തെക്കരളിങ്കൽനിന്നും
ചുംബിച്ചെടുക്കും മൃദുലാധരോഷ്ഠം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
കണ്ണീർപൊഴിപ്പൂ മഥിതമെൻ മാനസം
(ചങ്ങമ്പുഴ — ഹേമചന്ദ്രിക)
ഹൃദയബാഷ്പത്തിനുള്ളോരനഘമാം
മധുരിമ നമുക്കൊന്നിച്ചശിച്ചിടാം
(ചങ്ങമ്പുഴ — ഇരുളിൽ)
ഖിന്നമെന്നകതാരിലുമേതോ
കണ്ണുനീരിൻ കണങ്ങൾ തിളങ്ങി
(സുഗതകുമാരി — മുത്തെടുക്കൽ)
നിശ്ശബ്ദമാവിളി കേൾക്കയെന്നാത്മാവിൽ
അശ്രുബിന്ദുക്കൾ നിറഞ്ഞുവെങ്കിൽ
(സുഗതകുമാരി — പുതിയൊരു നാർസിസസ്സ്)
എന്നിലെന്നോമലാൾ വന്നു നിന്നു
കണ്ണീരിറക്കും കരളുമായി
(ഒളപ്പമണ്ണ — കുതിർന്ന കണ്ണുകൾ)
നേരിന്റെ പുഴ നിറച്ചു
നോവിന്റെ മഴ ചാറുന്നു.
മഴയെല്ലാം ചാറുന്നതും
ഉണ്ണീടെ നെഞ്ചിലല്ലോ
(ഡി. വിനയചന്ദ്രൻ — യാത്രപ്പാട്ട്)
പിന്നെക്കരയുവതെങ്ങിനെ? കന്യകൾ
കണ്ണീർ കരളിലൊളിപ്പിച്ചിടേണ്ടവർ
(പുതുശ്ശേരി രാമചന്ദ്രൻ — ആശ്രമത്തിന്റെ കണ്ണീർ)
ഇനിവരാനുള്ള സദുഃഖ പുഷ്പങ്ങളി–
ക്കരളിന്റെ കണ്ണീരിലീറനാകും
(കുരീപ്പുഴ ശ്രീകുമാർ — ഹബീബിന്റെ ദിനക്കുറിപ്പുകൾ)
അവിദിതമേതോ വേദനപൊങ്ങി
ക്കരളിൽ കണ്ണീർ വിങ്ങി
(ടാഗോർ — ഗീതാഞ്ജലി (ജി.))
[2]
പാരിൽ വീഴുന്നു മേന്മേൽവലുതാമാ–
വാരി ബിന്ദുക്കൾ പിന്നെയും പിന്നെയും,
ഒന്നുപോലെയലച്ചാർത്തുയർത്തുന്നു
വന്നുചേരുന്ന നീർത്തുള്ളിയോരോന്നും
(ബാലാമണിയമ്മ — മഴത്തുള്ളികൾ)
നൂറുചോലകളായിക്കായലായ്ക്കടലായി
മാറുമിത്തെളിനീരിൻ ഗാനമായ് മാറുന്നു ഞാൻ
(സുഗതകുമാരി — വർഷമയൂരം)
ഇരവിൽപ്പുതുമഴത്തുള്ളികൾ മണ്ണിൽത്തുള്ളും
വിരുതമവിരാമ കേട്ടുഞാൻ കിടയ്ക്കുമ്പോൾ
(വൈലോപ്പിള്ളി — കുറുമൊഴി)
പലപദങ്ങൾ പാടിയും
പലനലങ്ങളോതിയും
അവർ വരുന്നു സംഘമായ്
നവയുഗത്തിനുണ്ണികൾ
(വൈലോപ്പിള്ളി — മഴത്തുള്ളികൾ)
വരിച്ചിട്ടയോടേ പടപ്പാട്ടുപാടി
ശ്ശരിയ്ക്കാമഴത്തുള്ളിതൻ ജാഥനീങ്ങി
(വൈലോപ്പിള്ളി — നടക്കാവിൽ)
വാരഞ്ചും ചെറുകാൽചിലമ്പൊലിയോടേ
നീർദ്ധാര കൂത്താടിടും, നേരം …
(വൈലോപ്പിള്ളി — വേനൽക്കൊരു മഴ)
ഊഴികുലുങ്ങുന്ന പഞ്ചവാദ്യത്തൊടു
മാരിക്കു മേളക്കൊഴുപ്പുകൂട്ടാൻ
(പി. കുഞ്ഞിരാമൻ നായർ — കാലവർഷം)
പുതുമഴ മേഘങ്ങളുടെ പിളരുന്ന മേൽക്കൂരയ്ക്കുകീഴിൽ
വയലിനുകളുടെ ഒരു താഴ്‌വരയാണു്.
(സച്ചിദാനന്ദൻ — മഴയുടെ നാനാർത്ഥം)
കഴൽത്തള കിലുകിലുക്കി
കെഴക്കൻമഴ വരവായേ
(സച്ചിദാനന്ദൻ — പുലയപ്പാട്ട്)
ഖരാക്ഷരങ്ങിൽ മഴകുതറുന്നു
(സച്ചിദാനന്ദൻ — ഇനിയും)
മഴവന്നിട്ടകക്കാമ്പിൽ
മണിപോലെ മുഴങ്ങവേ
(സച്ചിദാനന്ദൻ — കവിബുദ്ധൻ)
പടിഞ്ഞാറൻകാറ്റിൻ പരുക്കൻചോടുകൾ
പെരുമഴകൊണ്ടു ചിലമ്പു കെട്ടുമ്പോൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — തേർവാഴ്ച)
ഇറ്റിറ്റുവീഴും മഴത്തുള്ളികളിലകളിൽ
മുറ്റവെള്ളത്തിൽ ലോഹപാത്രത്തിൽ ധ്വനിപ്പിക്കും
സ്വാദു‘കേദാരം’ ……
(കടവനാട് കുട്ടികൃഷ്ണൻ — നാദനൈവേദ്യം)
മാരിപെയ്കയാണിന്നു ഝർഝരസ്വരത്തോടെ
വാനിടിഞ്ഞെത്തും വാരിധാരയ്ക്കിങ്ങിടംപോരാ
… … …
നിരസ്തനിദ്രമായിരിക്കും മൽപ്രാണൻ
പതിക്കുന്ന വർഷാജലധാരയുടെ
ശ്രുതിയൊടുചേർന്നു മുതിരുന്നൂ പാടാൻ
(ടാഗോർ — ഗീതാഞ്ജലി (ജി.))
[3]
എങ്കിലുമെന്മനമേതോ നിഗൂഢമാം
സന്തപ്തചിന്തയാൽ നിത്യമൂകം
(ജി. കുമാരപിള്ള — ചിത്രകാരൻ)
എന്മനം നീറുന്നു സന്തതം ഞാ–
നെന്തിനെന്നില്ലാതെ കേണിടുന്നു
(ചങ്ങമ്പുഴ — നഷ്ടഭാഗ്യസ്മൃതി)
ഹേതുവില്ലാതെൻ മാനസം വൃഥാ
വേദനിച്ചു മധുരമായ്
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
പിടയാറില്ലേ നിൻ ഹതചേതന
പിടികിട്ടാത്തൊരു വേദനയാൽ
(ചങ്ങമ്പുഴ — മനസ്വിനി)
മുകിൽനിരകൾപോലിഴഞ്ഞു കേറുന്നു
മുഖപടമിട്ട വ്യഥകളെന്നുള്ളിൽ
(ബാലാമണിയമ്മ — തനിച്ച്)
എൻ കരളിലീയാടലിൻ മൂടലൊ–
ന്നങ്കുരിപ്പതിന്നെന്തുണ്ടു കാരണം?
(ബാലാമണിയമ്മ — ദുഃഖത്തിന്റെ നിഴൽ)
അന്തിയാകുമ്പോൾ വെട്ടം മങ്ങുമ്പോളകാരണ–
ക്ലാന്തമാം മനം തോഴീ, ദുഃഖത്താൽ തുളുമ്പുമ്പോൾ
(എൻ. വി. കൃഷ്ണവാരിയർ — എന്റെ മൂന്നു വീടുകൾ)
കാരണം കൂടാതെയുള്ളം നിറയുന്നു
കൺകളിൽ കണ്ണീരുറഞ്ഞിടുന്നു.
(എൻ. വി. കൃഷ്ണവാരിയർ — ഫിറാക് ഗോരക്പുരിയുടെ ഗസൽ)
[4]
ഇല്ലാ ചിരിചുണ്ടി, ലില്ല കണ്ണീർ കണ്ണി,
ലില്ല തലച്ചോറിൽ വൈരവും സ്നേഹവും
ചെങ്ങിപ്പുലരുന്നതില്ലാ പ്രതീക്ഷകൾ
മങ്ങിയിരുളുന്നുമില്ലാ നിരാശകൾ
(എൻ. വി. കൃഷ്ണവാരിയർ — മരിച്ചവർ)
[5]
അശ്രുവിൽ നീരാടുമീയന്തരാത്മാവിൻ സ്വപ്ന–
മജ്ഞാതമൃദുവേണുനാദത്തെത്തിരയുന്നു
(പി. കുഞ്ഞിരാമൻ നായർ — കൃഷിക്കാരന്റെ പാട്ട്)
രമ്യങ്ങൾ കാൺകെ മധുരക്വണിതങ്ങൾ കേൾക്കേ
ഉൽക്കണ്ഠിതത്വമവിയുക്തനു മങ്കുരിക്കിൽ
ഹൃല്ലീനമായ ജനനാന്തര സൗഹൃദത്തെ–
യസ്പഷ്ടമോർത്തിടുകയാവുമതെന്നുറയ്ക്കാം
(കാളിദാസൻ — ശാകുന്തളം)
(വള്ളത്തോൾ തർജ്ജമ)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.