images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
44
നീലാകാശം
സ്തെഫാന് മല്ലാർമ്മേ (STEPHANE MALLARME (1842-1898))

ഫ്രഞ്ച് സിമ്പോളിസത്തിന്റെ സൈദ്ധാന്തികനായ സ്തെഫാന് മല്ലാർമ്മേ സ്വന്തം കവിതയെ കരുതിക്കൂട്ടി ദുർഗ്രഹമാക്കിയ കഴിവുറ്റ കവിയാണു്. സിമ്പോളിസത്തിന്റെ ഒരു ഘടകമായി കണക്കാക്കപ്പെടുന്ന അസ്പഷ്ടത –അവൈശദ്യം–മല്ലാർമ്മേയിൽ മിക്കപ്പോഴും തികഞ്ഞ ക്ലിഷ്ടതയാണു്. വാക്കുകളെ നിയതാർത്ഥങ്ങളിൽനിന്നു വേർപെടുത്തി പുതിയ അർത്ഥങ്ങൾ പ്രദാനം ചെയ്യാനും അങ്ങിനെ പുതിയ പ്രതീതികൾ ജനിപ്പിക്കാനും അവയോടാവശ്യപ്പെടുകയാണദ്ദേഹം. വാക്യഘടനയിലും ബിംബകല്പനയിലുമെല്ലാം ഈ തകിടംമറി കാണാം. സൂചനാത്മകമായ നിഗൂഢതയാണു് കവിതയുടെ ജീവനെന്നു് മല്ലാർമ്മേ സിദ്ധാന്തിച്ചു. അനുവാചകൻ നന്നെ പണിപ്പെട്ടു സ്വയം ഒരർത്ഥതലം കണ്ടുപിടിക്കാൻ നിർബദ്ധനാകുന്നു. ഇതുകാരണം സംവേദനം നഷ്ടപ്പെടുന്നുവെന്ന വാദത്തെ അദ്ദേഹം പുച്ഛിച്ചുതള്ളി. ‘കവിത എല്ലാവർക്കും വേണ്ടിയുള്ള കലയല്ല’–എന്നു പറയാൻ അദ്ദേഹം മടിച്ചതുമില്ല. ഇതിന്റെ ഗുണദോഷങ്ങൾ എന്തുതന്നെയാകട്ടെ, ഫ്രാൻസിലെ മാത്രമല്ല ലോകത്തിലെങ്ങുമുള്ള ആധുനികരും ആത്യാധുനികരുമെല്ലാം ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അനുഗാമികളോ അനുകർത്താക്കളോ ആണെന്ന വസ്തുത നിഷേധിക്കാനാവില്ല. മല്ലാർമ്മേ ഭാവികവിതയുടെ വഴികാട്ടിയായിരുന്നു.

ശാശ്വതാകാശത്തിന്റെ
ശാന്തമാമുപഹാസം
പുഷ്പരാജികൾപോലെ
അലസമനോഹരം. [1]
പരിവേദനകൾ ത–
ന്നൂഷരമരുവിൽത്തൻ
കവിതക്കഴിവിനെ–
ശ്ശപിച്ചു ചരിച്ചീടും
ദുർബലകവിയെ യീ
വിണ്ടലപ്പരിഹാസം
ധർഷണം ചെയ്തീടുന്നു,–
ശൂന്യമെന്നാത്മാവിനെ
കൊടുതാമൊരുകുറ്റ
ബോധത്തിന്നെരിവോടെ
അഭിവീക്ഷിപ്പൂ വാനം–
ഞാനറിഞ്ഞീടുന്നതു,–
അടഞ്ഞമിഴിയുമായ്
ഞാനകന്നീടുമ്പോഴും.
[2] എങ്ങോട്ടേയ്ക്കോടിപ്പോകാൻ
ഏതുഗ്രനിശീഥമു–
ണ്ടീ വ്യഥാകരമാം ദു–
സ്ഥിതിമേൽ മറയിടാൻ?
[3] ധൂമികേ, മുന്നേറു! നിൻ
വൈചിത്ര്യരഹിതമാം
[4] ചാരങ്ങളാകാശത്തി–
ലെങ്ങുമേ പരത്തിടൂ.
മുങ്ങട്ടെ ശരർത്തുവിൻ [5]
നീലിച്ചചതുപ്പാകെ [6]
നിൻപുകപ്പരപ്പിങ്കൽ,
അങ്ങിനെ പണിതാലും
മൗനമുദ്രിതമായ
മച്ചൊന്നുപരംഭീമം. [7]
മൽപ്രിയ വിഷാദമേ,
മറവിക്കുളങ്ങൾ വി–
ട്ടെത്തുക, കുളച്ചളി–
യീറയുമെടുത്തു നീ.
തളരാക്കരത്താൻ നീ
അടയ്ക്കൂ, ദൗഷ്ട്യത്താലേ
കിളികൾ സൃഷ്ടിച്ചീടും
പെരുനീലത്തുളകളെ.
പോര,യിപ്പരിതപ്ത–
ധൂമനാളികളെല്ലാം [8]
തുപ്പട്ടെ പുകക്കരി,
തന്നുഗ്രൻ ചുരുളുകൾ
ഭീദമാമൊരു ചലൽ–
ജെയിലായ്, ദിഗന്തത്തിൽ
[9] മഞ്ഞളിച്ചീടും സായം–
സൂര്യനെക്കെടുത്തട്ടെ!
ചത്തതുതന്നെ വാനം!
നീ, മൂലപദാർഥമേ,
–നിന്നെയാം സമീപ–
തിപ്പൊൾ ഞാൻ–നല്കീടുക
ക്രൂരമാമാദർശത്തിൻ,
പാപത്തിൻ മറവിയെ
ഈ രക്തസാക്ഷി,ക്കവൻ
മർത്ത്യർതൻ കന്നാലികൾ
തുഷ്ടിയിൽ മേവും വിരി
പങ്കിടാൻ വരികയാം.
കാലിയാം വർണ്ണച്ചായ–
പ്പാട്ടപോൽ വാർക്കപ്പെട്ട
മാമക മസ്തിഷ്ക്കത്തി–
ന്നാവുകയില്ലിദ്ദൈന്യം
ചിത്രണം ചെയ്തീടാനീ
നിസ്സാരമരണത്തിൻ
നേർക്കതിദയനീയം
കോട്ടുവായിട്ടീടുവാൻ …
എങ്കിലെന്തെല്ലാം വ്യർത്ഥം
വിണ്ടലം വിജയിപ്പൂ, [10]
ഘണ്ടകളോരോന്നിലും
തൽഗാനം കേൾക്കുന്നു ഞാൻ!
ഇക്കൊടും ജയത്താ, ലെ
ന്നാത്മാവേ, ഭയമേറ്റം
നമ്മിലുൾ ചേർക്കാനതു
നാദമായ്ത്തീർന്നീടുന്നു.
മുന്നു നേരത്തും ജീവൽ–
ലോഹത്തിൽനിന്നായതു
[11] ‘മുന്നേരജപ’മണി–
നാദമായ് വന്നീടുന്നു.
ധൂമികാവരണമി–
പ്പുരാണനുൽഭേദിച്ചു
ദൂനമാം ഭവദന്തർ–
മണ്ഡലം കടന്നല്ലോ,
ഉന്നമെന്നാളും പിഴ–
യ്ക്കാത്തൊരു കൃപാണം പോൽ.
[12] എങ്ങോട്ടേയ്ക്കോടിപ്പോകാൻ
നിഷ്പ്രയോജനമാകും
[13] ഇമ്മുറിക്കലാപത്തിൽ? …
ഇപ്പൊൾ ഞാനാവിഷ്ടനാം. [14]
വാനമാണെങ്ങും വാനം
വാനമേ വാനം വാനം
വാനമാണെന്തും വാനം
വാനമേ വാനം വാനം. [15]

L’AZUR

കുറിപ്പുകൾ
[1]
ഈ കവിത ഇരുളുറഞ്ഞ താഴ്‌വരകളെന്നപോലെ പ്രകാശമാനമായ അധിത്യകകളും ഉൾക്കൊള്ളുന്നു. കവിയുടെ ശൂന്യാത്മാവിൽ വാനം പരിഹാസത്തോടെ എത്തിനോക്കുന്നതായി കവിക്കനുഭവപ്പെടുന്നു. നീലാകാശത്തിന്നെതിരെ മൂടൽമഞ്ഞിനേയും പുകക്കുഴലിനേയും മറ്റും കൂട്ടുപിടിച്ചു താൻ സംഘടിപ്പിക്കുന്ന മുറിവിപ്ലവം പരാജയപ്പെടുകയും ‘ശാശ്വത’നും ‘പുരാണ’നുമായ ആകാശം അന്തിമമയി വിജയിക്കുകയും ചെയ്യുന്നതാണു് ഇതിലെ പ്രമേയം–ഒന്നിലേറെ വ്യാഖ്യാനങ്ങൾക്കു വകയുള്ള ഒരു പ്രതീകം.
ധ്യാനത്താൽ മൂകമാം വാനമിടയ്ക്കിടെ–
യ്ക്കാനന്ദ പൂർവമിങ്ങോട്ടു നോക്കി
മന്ദസ്മിതത്തിനാൽ ശാരദനീരദ–
വൃന്ദമാം മീശവെളുപ്പിച്ചതും
(ജി. — വൃന്ദാവനം)
ജീവിതത്തിൻ കുടീരത്തിനുള്ളിലേ–
യ്ക്കാവിയദാഭയെത്തിനോക്കീടവേ
(പി. കുഞ്ഞിരാമൻ നായർ — പ്രതിദ്ധ്വനി)
[2]
ഇവിടെ നിന്നിക്ഷണമയ്യോ ഞാനി–
ന്നെവിടെയൊന്നോടിയൊളിക്കും?
(ചങ്ങമ്പുഴ — പ്രഭാതപുഷ്പം)
[3]
ധൂമിക= മൂടൽമഞ്ഞ്
[4]
ചിലപ്പോൾ വെറും ചാരം പരക്കെപ്പൂശീടും നീ
(വള്ളത്തോൾ — കിളിക്കൊഞ്ചൽ)
[5]
യൂറോപ്യൻ കാലാവസ്ഥയിൽ ഇലകൾ കൊഴിയുകയും മഞ്ഞുവീണു തുടങ്ങുകയും ചെയ്യുന്ന ഋതുവിനെയാണു് വിവക്ഷിച്ചിട്ടുള്ളതു്. (automne ഇംഗ്ലീഷിൽ–autumn.)
[6]
ചിലപ്പോൾപ്പുതുകൊണ്ടൽത്തമാല വിപിനം നീ
ചിലപ്പോൾ സിതമേഘമണലിൻ കടൽപ്പുറം
(വള്ളത്തോൾ — കിളിക്കൊഞ്ചൽ)
[7]
ഉത്തരമേഘദ്യുതിപൂണ്ട ധൂമമാം
കറുത്ത മേൽക്കെട്ടി കൃശാനു കെട്ടിനാൻ
(ഉള്ളൂർ — ഉമാകേരളം)
മേഘങ്ങളുടെ പിളരുന്ന പളുങ്കു് മേൽക്കൂരയ്ക്കുകീഴിൽ
(സച്ചിദാനന്ദൻ — മഴയുടെ നാനാർത്ഥം)
[8]
ധൂമനാളി = പുകക്കുഴൽ
[9]
എന്നസ്ഥിയിലുണ്ടൊരു സൂര്യൻ
മഞ്ഞജ്ജ്വാലയൊഴുക്കി
മജ്ജയുരുക്കിയുരുക്കി
മങ്ങിത്തെളിയുമൊരിത്തിരി മഞ്ഞസ്സൂര്യൻ
(സച്ചിദാനന്ദൻ — അഞ്ചുസൂര്യൻ)
താണുസൂര്യൻ പടിഞ്ഞാറെ–
പ്പർവ്വതത്തിൻ തടങ്ങളിൽ
തണുത്തു മഞ്ഞ നിറവായ്,
ത്തങ്ങി വൃക്ഷങ്ങൾമേൽ വെയിൽ
(ആശാൻ — ബാലരാമായണം)
സൂര്യനെച്ചിൽക്കിണ്ണമെന്നപോലൊളി കെട്ടഭ്ര–
ച്ചേറിലയ്യോ മുങ്ങിമുങ്ങീലെന്നപോലെ നില്ക്കേ
(ഇടശ്ശേരി — കാവിലെ പാട്ട്)
അന്നു ഞാൻ കെടാൻ പോകുമാദിത്യക്കനലൂതി
പൊന്നന്തിത്തിരിമോദാൽ കൊളുത്തും വീട്ടിനുള്ളിൽ
(ചങ്ങമ്പുഴ — അതിമാനുഷൻ)
[10]
വേണ്ടേ തെല്ലഭിമാനമവർക്കും
വിണ്ടലത്തിന്റെ മേൽക്കോയ്മയെപ്പറ്റി
(കെ. കെ. രാജാ — വിളിച്ചുപറയും)
[11]
കൃസ്ത്യൻ പള്ളികളിൽ ത്രികാലജപവുമായി ബന്ധപ്പെട്ട ത്രിസന്ധ്യകളിൽ മുമ്മൂന്നു തവണ മുഴക്കപ്പെടുന്ന മണിനാദം (Angelus)
[12]
ഇവിടെ നിന്നിക്ഷണമയ്യ–ഞാനി–
ന്നെവിടെയൊന്നോടിയൊളിക്കും?
(ചങ്ങമ്പുഴ — പ്രഭാതബാഷ്പം)
[13]
മുറിക്കലാപം: മുറിവിപ്ലവം
[14]
ആവിഷ്ടൻ: വാനത്താൽ ആവേശിക്കപ്പെട്ടവൻ (വാനത്താൽ കീഴടക്കപ്പെട്ടു മനസ്സാകെ വാനത്താൽ നിറയപ്പെട്ടു ആത്മവിസ്മൃതിയിലാണ്ടവൻ)
[15]
യാതൊന്നു കാണ്മതതു നാരായണപ്രതിമ
യാതൊന്നു കേൾപ്പതതു നാരായണസ്തുതികൾ
യാതൊന്നു ചെയ്വതതു നാരായണാർച്ചനകൾ
യാതൊന്നതൊക്കെ ഹരിനാരായണായനമ!
(എഴുത്തച്ഛൻ — ഹരിനാമകീർത്തനം)
മല്ലാർമ്മേയുടെ ഈ വാനമെന്ന പ്രതീകം അനാദിയും അപ്രമേയവും ശാശ്വതവും പുരാണവുമായ കേവലസത്തയെ കുറിക്കുന്നുവെന്നു പറയാം. വാനത്തെ ശാശ്വതമെന്നും പുരാണമെന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളതു് ശ്രദ്ധേയമാണു്.
അജോ നിത്യ: ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ
(എഴുത്തച്ഛൻ — ഗീത II–20)
(ഇവൻ ഒരിക്കലും ജനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. ജനിച്ചിട്ടു വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. അജനും (ജനനരഹിതനും) നിത്യനും ശാശ്വതനും പുരാണനുമായ ഇവൻ ശരീരം ഹതമാകുമ്പോൾ ഹനിക്കപ്പെടുന്നില്ല.–വിദ്വാൻ പ്രകാശത്തിന്റെ തർജ്ജമ)
eternel (ശാശ്വതൻ), ancien (പുരാണൻ) എന്നീ പദങ്ങളാണു് മല്ലാർമ്മേ പ്രയോഗിച്ചിട്ടുള്ളതു്. ഈ കവിത 1887-ൽ പ്രസിദ്ധപ്പെടുത്തിയ സമാഹാരത്തിലുള്ളതാണു്. ഇംഗ്ലീഷ് പ്രൊഫസറായിരുന്ന അദ്ദേഹം ഗീത വായിച്ചിരുന്നുവോ? എഡ്വിൻ ആർനോൾഡിന്റെ ഇംഗ്ലീഷിലുള്ള ഗീതാപരിഭാഷ 1885-ലാണു് ലണ്ടനിൽ പ്രസിദ്ധീകരിച്ചതു്. മതവിശ്വാസം മുമ്പേ നഷ്ടപ്പെട്ടിരുന്നുവെങ്കിലും കേവലസത്തയെന്ന ആദർശാത്മകമായ പരിശുദ്ധിയോടു ആഭിമുഖ്യം പുലർത്തിയിരുന്ന ആദ്ദേഹം ആർനോൾഡിന്റെ പരിഭാഷയിലൂടെയോ മറ്റു വിധത്തിലോ ഗീതയുമായി പരിചയപ്പെട്ടിരുന്നുവോ? ഗീത കണ്ടിരുന്നെങ്കിലും ഇല്ലെങ്കിലും കേവലാത്മനെ സംബന്ധിച്ച മല്ലാർമ്മേയുടെ അവബോധവും ഗീതയിലെ നിർവചനവും തമ്മിലുള്ള സാമ്യം കൗതുകകരം തന്നെ.
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.