images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
49
തേനീച്ച മേയ്ക്കൽ
ഫ്രാംസ്വാ ഫബിയെ (FRANCOIS FABIE (1846-1928))

ഗ്രാമജീവിതത്തിന്റെ സൗന്ദര്യത്തെക്കുറിച്ചു കൂടുതൽ പാടിയിട്ടുള്ള കവിയാണ് ഫ്രാംസ്വാ ഫബിയെ. ‘കൃഷിഭൂമിയുടെ കവി’യായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.

അരിയവേനലിൽ പ്പുൽപ്പരപ്പൊക്കെയും
പരമരമ്യമാം പൂന്തോപ്പായ് മാറുമ്പോൾ
കതിർ വിളഞ്ഞെഴും ഗൊതമ്പുപാടങ്ങ–
ളൊരു കനകക്കടലായിത്തീരുമ്പോൾ [1]
പുതുചിറകു വിരുത്തുന്ന പിഞ്ചിളം
കിളികൾ കന്നിപ്പറക്കൽ നടത്തുമ്പോൾ
പുതിയ കൊയ്ത്തരിവാളുകൾ തീർപ്പതിൻ
നിനദമെങ്ങുമേ മാറ്റൊലിക്കൊള്ളുമ്പോൾ
ഇനിയ തേനീച്ചക്കൂട്ടത്തെ മേച്ചിടു–
മിടയനാക്കുക യെന്തൊരാനന്ദമാം!
വെറുമൊരെട്ടാണ്ടുകാരനായച്ഛന്റെ
കൃഷിയിടത്തിൽക്കഴിഞ്ഞൊരാ നാൾകളിൽ
കരൾനിറയെ ക്കുതൂഹലം പാരുമീ–
പ്പണി നടത്തുവാൻ ഭാഗ്യമുണ്ടായി മേ.
ഫലഭരമേന്തിനില്ക്കും തരുക്കളിൽ
നിബിഡമിലച്ചാർത്തിൻ കുളിർമ്മയിൽ
പഴയ തേനീച്ചക്കൂട്ടങ്ങൾ തോട്ടത്തെ
മുഖരിതമാക്കിയാ വേനൽനാൾകളിൽ. [2]
മഹിത വേനൽത്തിമിർപ്പിൽ വിദ്യാലയ–
[3] ത്തടവുമന്ദിരം പൂകാതെ സ്വച്ഛന്ദം
തണുവണിപ്പിച്ച പ്പുൽവിരിമേൽക്കിട–
[4] ന്നുരുള, ലാരാൽ പറന്നണഞ്ഞീടുന്ന
പുതിയ തേനീച്ചക്കൂട്ടത്തെപ്പിന്തുടർ–
[5] ന്നലയ,ലെന്തൊരു നാകീയ നിർവൃതി!
അകലെനിന്നു പറന്നെത്തും മക്ഷികാ–
നികരമേ, നിങ്ങൾ ക്ഷീണിതരാകയാൽ
ചെറുതു വിശ്രമംകൊണ്ടാലു മിച്ചാഞ്ഞ
വിടപിശാഖകൾ തന്മേലെ നിർബാധം;
ഇവിടെ നിങ്ങൾതന്നിഷ്ടത്തിനൊത്തുള്ള
പുതുമരക്കൂടിരിപ്പുണ്ടു പാർക്കുവാൻ,
തടവെഴാതെയക്കൂടിങ്കൽ വാണു’സോഴ് [6]
ച്ചെടികൾതൻ നിത്യസൗരഭമേറ്റാലും’–
അകമലിഞ്ഞു നവാഗതരോടിദ–
മനുനയം ഞാൻ മൃദുസ്വരമോതവേ,
ഒരു മരക്കൊമ്പിലൂക്കനാം മുന്തിരി–
ക്കുല കണക്കവ കൂട്ടമായ്ത്തഞ്ചിടും.
‘വരിക, പുത്തനാം പറ്റമൊ’– ന്നച്ഛനോ–
ടുരുമുദം ഞാൻ വിളിച്ചോതുമാക്ഷണം.
അഴലെഴാ, തേറെവൈകാതോ യീച്ചക–
ളഖിലവുമൊരു പുത്തനാം കൂടേറും.
അകലെ മേയുവാൻ പോയോരു കാലിക–
ളിരവിൻ മുമ്പേ തിരിച്ചണഞ്ഞീടുമ്പോൾ
കൃഷിയിടപ്പടിവാതില്ക്കൽ നിന്നുകൊ–
ണ്ടവയെ യുള്ളാലെയച്ചനെണ്ണീടവേ,
അരികെച്ചെന്നഭിമാനമാർന്നോതും ഞാൻ:
‘തിരികെയെത്തിയെൻ തേനീച്ചക്കൂട്ടവും!’
അരിയവേനലിൽ പ്പുൽപ്പരപ്പൊക്കെയും
പരമരമ്യമാം പൂന്തോപ്പായ് മാറുമ്പോൾ,
കതിർവിളഞ്ഞെഴും ഗോതമ്പുപാടങ്ങ–
ളൊരു കനകക്കടലായിത്താരുമ്പോൾ
ഇനിയ തേനീച്ചക്കൂട്ടത്തെ മേച്ചിടു–
മിടയനാകുക യെന്തൊരാനന്ദമാം! [7]

BERGER D’ABEILLES

കുറിപ്പുകൾ
[1]
പുലരിക്കുളുർകാറ്റഴകിൽത്തഴുകും
പുതു നെൽക്കതിരുകളിടതിങ്ങി
പൊന്നലതല്ലുമൊരാഴികണക്കെ
മിന്നിവിടർന്നു പുഞ്ചനിലം
(എം. പി. അപ്പൻ — കൊയ്ത്തുകാലം)
ആഴിപോലെയലയടിക്കുന്നു
ജീവിതത്തിൻ വിശാലമാം പാടം
(കെ. മാധവിയമ്മ — ജീവിതം)
[2]
മധുമക്ഷികതൻകൂടിൻ മാതിരി
മധുരമിരമ്പി മധുകാലാവനി
(വൈലോപ്പിള്ളി — തേനീച്ചയുടെ സ്വയംവരം)
[3]
കുട്ടികൾക്കുള്ളാക്കൂറ്റൻ കൽത്തുറങ്കിനെയോർത്തോർ–
ത്തൊട്ടു ഞാൻ വിഷാദിച്ചു മെല്ലവേ മടങ്ങിപ്പോം
(ബാലാമണിയമ്മ — പോറ്റമ്മ)
ഉല്ലാസം തേടുന്ന കാൽകളെ ബന്ധിപ്പൂ
വല്ലാതിടുങ്ങിയ നിൻചുമർകൾ
(ബാലാമണിയമ്മ — കളിക്കൊട്ടിലിൽ)
വിട്ടയക്കുക കൂട്ടിൽനിന്നെന്നെ ഞാ–
നൊട്ടു വാനിൽ പറന്നു നടക്കട്ടെ
(ബാലാമണിയമ്മ — വിട്ടയക്കുക)
വിദ്യാലയത്തിനകത്തിരുന്നു
മുട്ടാതെ പാഠം പഠിച്ചിടുമ്പോൾ
തുമ്പിയെപ്പോലെ പറക്കയല്ലി
നിൻപഴങ്കൂട്ടിലേയ്ക്കെന്റെ ചിത്തം
(വൈലോപ്പിള്ളി — കൂടും കിളിയും)
ചേലഞ്ചും ബാലകന്മാരുടെ കരതളിരിൽ
കൊള്ളിവയ്ക്കുന്ന ചൂര–
ക്കോലും കൈകൊണ്ടു ഞാനെങ്ങിനെ
മരുവിടുമിപ്പാഠശാലാന്തരത്തിൽ?
ലോലംമച്ചിത്തമയ്യോ, കുതുക ഭരിതനാം
കുട്ടിയെപ്പോലിളം കാ–
റ്റോലും പാടത്തു പച്ചക്കിളിയുടെ
പുറകേ പോകുവാൻ മാഴ്കിടുന്നൂ.
(വൈലോപ്പിള്ളി — കാരാഗൃഹത്തിൽനിന്നു)
കരുത്തുദിക്ക നിൻകുരുന്നു കൈകൾക്കി–
ക്കളരിയാശാന്റെയുഴിച്ചലാൽ കുഞ്ഞേ
തടവുപുള്ളിയായ് വരികില്ലിപ്പാഠ–
കുടീരത്തിൻ നാലുചുമരിനുള്ളിൽ നീ
വളർത്തുവോർചൊല്ലിക്കൊടുത്തതേചൊല്ലും
കിളികൾ തൻ കൂടല്ലണഞ്ഞതെന്മകൻ
(വള്ളത്തോൾ — ഗുരുനാഥന്റെ തൂവൽ)
ഒരു മക്ഷികയായ് ജനിക്കിൽ ഞാനീ–
യുരുകും പൊന്നിഴുകും വിഭാതവെയിലിൽ
അരുമപ്പുതുമല്ലി തോറുമേ വാ–
ക്കുരുവിട്ടുള്ളഴൽ വിട്ടുസഞ്ചരിക്കും
(ജി. — സുമ)
ചേണിയന്ന ചിറകാർന്നൊരോമന–
പ്രാണി, നിൻതടവകന്ന ലീലകൾ
കാണുകിൽ കൊതിവരും, പറിക്കുവാൻ
പോണു, കൊച്ചു കിളിയായതില്ല ഞാൻ
(ആശാൻ — കൊച്ചുകിളി)
നമ്മുടെ വാസുവിനോടു പഠിക്കുവാ–
നമ്മ പറയുന്നതെന്തു കഷ്ടം!
കുട്ടിക്കുചെയ്യുവാനെത്രയോ ജോലികൾ
വീട്ടിലും മുറ്റത്തും കാണുന്നില്ലേ?
മാധവനാശാരി സമ്മാനമേകിന
മത്തഗജത്തെയെഴുന്നള്ളിച്ചു
ഉത്സവമൊന്നു കഴിക്കേണ്ട കാലമായ്,
ഉത്സാഹിച്ചീടുവാനാരു പിന്നെ?
(കെ. എസ്. കെ. തളിക്കുളം — വാസുവിന്റെ ജോലിത്തിരക്ക്)
മുയൽക്കിടാങ്ങളെക്കണക്കനേകത്തെ–
യടച്ചകൂട്ടിലേക്കെന്നെയും
കൊടുത്തെന്നമ്മച്ചി കടക്കും നേരത്തെ
നടുക്കം തീർന്നതില്ലിപ്പൊഴും…
പഠിച്ചു, പഠിച്ചു, പഠിച്ചു, പഠിച്ചു
മടുത്തെനിക്കെന്റമ്മച്ച്യേ!
(കടവനാട് കുട്ടികൃഷ്ണൻ — പഠിത്തപ്പേടി)
Heaven lies about us in our infancy
Shades of the prison - house begin to close
Upon the growing Boy
(Wordsworth — Ode on Intimations of Immortality)
[4]
വിശ്രാന്തി നല്കാൻ പരന്നു കിടപ്പൊരു
പച്ചത്തടാകമിപ്പൈമ്പുല്ലിടം
ക്ഷോണിതൻ പച്ചവില്ലീസു വിരിപ്പിതിൽ
വീണുരുണ്ടീടുവാൻ തോന്നുന്നുമേ
(വള്ളത്തോൾ — നിർവാണമണ്ഡലം)
നനവാർന്ന പുൽത്തട്ടിൽ ഞാൻ കിടന്നേൻ
ജനകന്റെ മാർത്തട്ടിലെന്നപോലെ
… … …
കനിവെഴും പുല്ലിൽക്കമിഴ്‌ന്നു വീണെൻ
കരളമർത്തട്ടെ കരഞ്ഞിടട്ടെ
(വൈലോപ്പിള്ളി — പുല്ലുകൾ)
വാരിളം പുൽച്ചാർത്തിന്മേലുരുളാൻ പോരൂ വീണ്ടും
(ബാലാമണിയമ്മ — രണ്ടു കുട്ടികൾ)
ശ്യാമസുന്ദരമായ മൃദുപുൽപ്പരപ്പിന്മേൽ…
എത്രയുൾപ്പുളകം പൂണ്ടുല്ലസിച്ചീലാ ഞങ്ങൾ
(എം. പി. അപ്പൻ — സുഹൃത്ത്)
പുൽത്തകിടതിലെന്റെ മേൽമുണ്ടു വിരിച്ചുഞാൻ
സ്വസ്ഥനായ് സായാഹ്നത്തിലല്പ വിശ്രാന്തിക്കായി
(കെ. എം. പണിക്കർ — സിംലയിൽ)
കറുകൽപ്പുൽമെഴുകിയ തറയിൽ
കമിഴാനുൽക്കട വ്യാമോഹം
(കടമ്മനിട്ട — ശരശയ്യ)
പച്ചപ്പുൽ വിരിച്ചിട്ട പായയിൽ ശയിപ്പിച്ചു
സ്വച്ഛ ജീവിതശയ്യാശക്തികൾ മുലയൂട്ടി
(കടമ്മനിട്ട — പുരുഷസൂക്തം)
[5]
ഒരു ചെറിയ പൂമ്പാറ്റ തൻ പിന്നിലൂ–
ടനുഗമിക്കുന്നതാണെനിക്കുത്സവം
(ചങ്ങമ്പുഴ — അന്നും ഇന്നും)
[6]
സോഴ് (Sauge) = തോട്ടങ്ങളിൽ വളർത്തുന്ന സുഗന്ധിയായ ഒരു ഔഷധച്ചെടി–ഇംഗ്ലീഷിൽ Sage
[7]
മരതകാഭ വഴിഞ്ഞൊഴുകിടുമീ–
ത്തൃണസമാകുല മൈതാഭൂമിയിൽ
മലരണി വളർവല്ലികൾ ചൂഴു മീ
മലയജമാല ശീതളച്ഛായയിൽ
കലിതകൗതുക മാടുമേച്ചീവിധം
കഴിയുവാനെന്നു ഭാഗ്യം ലഭിച്ചിടും
(ചങ്ങമ്പുഴ — എനിക്കു വേണ്ടത്)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.