images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
50
പള്ളിമണികൾ
ഗബ്രിയേൽ വിക്കേർ (GABRIEL VICAIRE (1848-1900))

നിത്യജിവിതത്തിന്റെ വൈകാരികവശങ്ങളെ ആർജ്ജവത്തിന്റെ ആർദ്രതയോടെ ചിത്രീകരിക്കുന്നവയാണ് ഗബ്രിയേൽ വിക്കേറിന്റെ കവിതകൾ.

മധുരസംഗീതം പൊഴിച്ചിടുന്ന
മണികളേ, മംഗളാഗാത്രിമാരേ,
ചിരകാല മെന്നിഷ്ടതോഴിമാരായ്
മരുവിന നിങ്ങളിലന്നുമിന്നും,
വിധിവശാൽ വേർപെട്ടോനെങ്കിലും, ഞാ–
നവികല സൗഹൃദമാർന്നിടുന്നു.
പരിശുദ്ധ ‘കുർബാന’ കൊള്ളുവാനായ്
പരിശുദ്ധ മാതാവെ വാഴ്ത്തുവാനായ്
പുലരിയി, ലുച്ചയ്ക്കു, സായാഹ്നത്തിൽ
പലനേരം പാവന വേളകളിൽ
മധുരമായ് നിങ്ങൾ വിളിക്കെ യെന്നുൾ–
ത്തടമേലുന്നാനന്ദവേലിയേറ്റം! [1]
കദനങ്ങളില്ലാതെ കൗമാരത്തിൻ
കളിമടിത്തട്ടിൽ ഞാൻ വാണകാലം,
കറയറ്റിരുന്നതാമെന്റെ പിഞ്ചു–
ഹൃദയത്തിൽ ഭക്തിനാമ്പിട്ടകാലം [2]
നിയതവും നിങ്ങളുതിർത്തിടുന്ന
നിരഘസംഗീതത്തിൻ പൂന്തണലിൽ
സുഖനിദ്രപൂണ്ടു ഞാനെത്രയെത്ര
സുരഭിലസ്വപ്നങ്ങൾ കണ്ടതില്ല! [3]
തെളിവെയിലെങ്ങുമേ താവിടുന്നോ–
രപരാഹ്നവേളയിൽ നിങ്ങൾ തൂകും
സ്വരരാഗ മേളയെക്കാളുമേറെ
മധുരമായ് മറ്റൊന്നില്ലായിരുന്നു. [4]
ചിറകേന്തി യഗ്ഗാനമഞ്ജരികൾ
പ്രസരിക്കേ മന്ദോഷ്ണവായുവിങ്കൽ,
അനുഗമിച്ചീടിനേൻ ഞാനവയെ–
ക്കുതുകാൽ വിടർന്ന മിഴികളാലെ. [5]
ഒരുകൂട്ടമുന്മത്തവെൺപിറാക്കൾ
ഒരുമിച്ചു വന്നുടൻ നാലുപാടും
തുരുതുരെ പ്പാറിപ്പറന്നു നീല–
സുരപഥാന്തത്തിൽ മറയുംപോലെ, [6]
ഒരുവേള പള്ളിയും തൽപുരാണ–
ശവകുടീരപംക്തിയും തൊട്ടുരുമ്മി
അരിയൊരെന്നൂരിൽ മുകളിലൂടാ–
സ്സ്വരമാല വാനിൽ ലയിച്ചിരുന്നു!
ചില കാട്ടുവള്ളിപ്പടർപ്പും പൂപ്പൽ–
പടലവുമേലും പുരയ്ക്കകത്തു
അനിരുദ്ധഗാനനിരതമാരായ്
മരുവുന്ന നിങ്ങളുമായഭംഗം,
പഴകിയ മൈത്രിയ്ക്കു ചേർന്നമട്ടിൽ,
ഹൃദയസംവാദം നടത്തിനേൻ ഞാൻ.
പരിസരമാലസ്യമാണ്ടമരു–
മളവിലീ യാത്മീയസംഗമത്തിൽ
ഹൃദയരഹസ്യങ്ങളെത്ര നമ്മൾ
കലവറയെന്യേ കൈമാറിയില്ല! [7]
സരളസംഗീതസമാർദ്രമായ
നിരുപമാനർഘനിമേഷകങ്ങൾ!
വിറയാർന്നു മെല്ലെ മറഞ്ഞിടുന്നു
ഗതകാല സീമാമതിൽകളിപ്പോൾ,
നെടുനാളായേകാന്തമൂകമാമെൻ–
കരളാതുരത്വമിയന്നിടുന്നു. [8]
മധുരസംഗീതം പൊഴിയിച്ചിടുന്ന
മണികളേ, മംഗളഗാത്രിമാരേ,
കരുണ യിത്തോഴനിലാർന്നിടേണം:
തരികെനിക്കിത്തിരിഭൂതസൗഖ്യം! [9]
തുടുമുഖമാർന്നുഷസ്സെത്തിടുമ്പോൾ
കുടുകുടെ പൊട്ടിച്ചിരിച്ചിടുന്ന,
പകലന്ത്യയാത്ര വഴങ്ങിടുമ്പോ–
ളകതളിർ നൊന്തു കരഞ്ഞിടുന്ന,
അതിരെഴാത്താകാശവീഥി താണ്ടാൻ
നിജനാദ വീചികളെയ്തിടുന്ന,
പ്രിയവാനമ്പാടികൾ ഗോതമ്പപ്പൊൻ–
വയലേലയിങ്കലായ് പാടുംപോലെ
സതതസഞ്ചാരിയാം തെന്നലിന്നു
തുണയായ്ത്തൻ താനങ്ങൾ തൂകിടുന്ന,
ഒരു ഭേദമെന്നിയേ പുൽത്തറയും
പെരുന മൂർദ്ധാവും മുത്തിടുന്ന
മണികളേ, നിങ്ങൾതൻ മഞ്ജുഗാന–
കലവിതൻ വെള്ളിച്ചിറകുകളിൽ [10]
സദയ മെന്നാത്മാവെ ക്കൊണ്ടുപോകൂ
കമനീയ ഭൂതകാലാംബരത്തിൽ! [11]

LES CLOCHES DU PAYS

കുറിപ്പുകൾ
[1]
ത്രിസന്ധ്യനേരങ്ങളിലീശനാമം
പ്രശാന്തമായുള്ളൊരു ശബ്ദമോടെ
വിളിച്ചുരയ്ക്കും മണിനാദമെങ്ങും
മുഴങ്ങിടും കേൾവിയുമന്നു കേൾക്കാം
(മേരി ജോൺ തോട്ടം — മിഷ്യനറിയുടെ രാത്രി)
കാതിലിപ്പൊഴും മുഴങ്ങുകയല്ലി, ഞാൻ
കർമ്മ ചക്രത്തിൽ ക്കറങ്ങിയോടുമ്പോഴും
നോക്കാൻ, നയിക്കാൻ, ലയിക്കാൻ, സ്വയം മാറി–
നില്ക്കാൻ വിധിക്കുന്ന നിന്മണിയൊച്ചകൾ
(ബാലാമണിയമ്മ — ഓർമ്മയിൽ ഒരു ക്ഷേത്രം)
മണ്ഡപത്തിങ്കൽ ചലിച്ചിടും വെള്ളോട്ടു
മണിമുഴക്കങ്ങളെൻ കാതിൽ
ആനന്ദസാരമുതിർക്കവേ, ചരണങ്ങ–
ളാലില പോലെ വിറക്കേ
(അക്കിത്തം — വിഷുക്കണി)
പൊന്തി വിയത്തലലയ്ക്കാറുണ്ടാ
മന്ദ്രമനോഹരമണിനാദം
(വൈലോപ്പിള്ളി — അത്ഭുതമണി)
[2]
ഉൽപ്രഭകൗമാരത്തിൽ സ്വപ്നില പ്രഭാതത്തിൽ
പുഷ്പംപോലെൻ ചേതനയിതൾ നീർത്തിടും കാലം
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
[3]
ദുഃഖബാഷ്പം തുടച്ചവളോർക്കയാം:
അക്കിനാവൊന്നു കാണുമോ വീണ്ടും ഞാൻ
(ബാലാമണിയമ്മ — ആൽച്ചുവട്ടിൽ)
നിഴലിൽത്തപ്പിത്തപ്പി നിങ്ങളെത്തിരക്കുന്നു
നിഹതൻ ഞാനിന്നെന്റെ ശൈശവസ്വപ്നങ്ങളേ
(ചങ്ങമ്പുഴ — കാരാഗൃഹത്തിൽ)
With deep affection
And recollection
I often think of
Those Shandon Bells
Whose sounds so wild would
In the days of childhood,
Fling round my cradle
Their magic spells
(F. Mahony (Father Prout) — The Shandon Bells)
[4]
സതതം നിങ്ങൾതൻ നിരഘ നിസ്തുല
സരള സംഗീത കലവികൾ
അനഘമാനന്ദമധുരമൂർച്ഛയിൽ
മുഴുകിപ്പിച്ചതെൻ ഹൃദയത്തെ
(ചങ്ങമ്പുഴ — സ്മരണ)
[5]
ആനന്ദത്താലിമകൾ വിടരെക്കൗതുകത്താൽ കുളിർത്തെ–
മ്പാടും നോക്കുന്നളവിലുദയം കൊണ്ട കൗമാരനാളിൽ
(വിഷ്ണുനാരായണൻ നമ്പൂതിരി — അയൽക്കാരൻ)
[6]
അമ്മ പുഞ്ചിരി തൂകി, യമ്മന്ദഹാസത്തിന്റെ
വെൺപിറാവുകൾ പാറീ, പുകയും ഗഗനത്തിൽ
(വൈലോപ്പിള്ളി — അമ്മയുടെ പുഞ്ചിരി)
അമ്പരപ്പുറ്റ നിൻകൺകളൊരായിരം
അമ്പലപ്രാക്കളെ വിട്ടു ചുറ്റും
(കടവനാട് കുട്ടികൃഷ്ണൻ — നാടുവിട്ടോരു ഞാൻ)
[7]
ഓടത്തണ്ടൂതിടുന്ന ഞാനും നർത്തകിമാരായ്
പാഠപുസ്തക കാവ്യപാദ സുന്ദരീമാരും
എത്ര നൃത്തങ്ങൾ, എത്ര രാസലീലകൾ, ഗ്രീഷ്മ–
മദ്ധ്യാഹ്നങ്ങളിൽ പോലും നടത്തി നിഗൂഢമായ്
(പി. ഭാസ്കരൻ — കായൽക്കാറ്റ്)
[8]
ബാല്യനാൾകളാൽ ഞങ്ങൾ തീർത്തൊരാമുകുളത്തൂ–
മാല്യമെൻ ഹൃദയത്തിൽ സൗരഭം നിറയ്ക്കുന്നു
(ബാലാമണിയമ്മ — വികാസം)
ഏതിലും രുചിയറ്റ തജ്ജ്വലിഹ്വയ
ബ്ഭൂതകാലത്തിൻ സത്താസ്വദിക്കയായ് …
(ബാലാമണിയമ്മ — ആൽച്ചുവട്ടിൽ)
നിറഞ്ഞ കണ്ണുമായരികത്തെത്തുന്നു
മറഞ്ഞുപോയൊരാ മധുരശൈശവം
(പി. കുഞ്ഞിരാമൻ നായർ — പിറന്ന മണ്ണിൽ)
കുഴലൂതി കരൾത്തട്ടി–
ന്നകത്തെൻ ശൈശവസ്മൃതി
(പി. കുഞ്ഞിരാമൻ നായർ — പൂമൊട്ടിന്റെ കണി)
ഹന്ത തിമർക്കുകയാണെൻ മുന്നിൽ
ബന്ധുരശാശ്വത ബാല്യം …
എങ്ങിനെ മുന്നിലണഞ്ഞു വന്നാ–
കിങ്ങിണി കെട്ടിയ ബാല്യം
(എൻ. എൻ. കക്കാട് — മങ്ങാത്ത മയിൽപ്പീലി)
ചൂഴ്കെ വീശിടുന്നു നഷ്ട
ശ്രീല ശൈശവമെന്നെ
ദൂരെ ദൂരെ വിരിഞ്ഞൊരു പൂവിൻ
ഗൂഢ രാഗംപോലെ
(വിഷ്ണുനാരായണൻ നമ്പൂതിരി — ശ്രാവണനായിക)
മങ്ങിമായുന്നു വിദ്യുദ്ദീപങ്ങൾ പൊടുന്നനെ,
തങ്ങളിൽ പടവെട്ടുമൊച്ചകൾ പിൻവാങ്ങുന്നു.
ഇന്ദ്രജാലത്തിലെന്നമാതിരി തിരിച്ചെത്തു–
ന്നന്തരീക്ഷത്തിൽ നഷ്ടപ്പെട്ട ശാന്തത വീണ്ടും.
ഇപ്പൊഴീ നിലവിളക്കിന്റെ പൊൻതിരിയെത്ര
സുപ്രഭം, തെളിയുന്നു ചന്ദ്രിക പൂർവ്വാധികം
(തിരുനല്ലൂർ കരുണാകരൻ — ഓണക്കിനാവ്)
ബാലകാലത്തിൽ നുറുങ്ങു കഥകളാൽ
പിന്നെയും മാധുരി ചേർത്തു നീ കാപ്പിയിൽ
ആറ്റൂർ രവിവർമ്മ–നഗരത്തിൽ ഒരു യക്ഷൻ
Sad memory brings the light
Of other days around me
(Thomas Gray — The light of other days)
[9]
വിങ്ങുമക്കരൾ കെഞ്ചി: തിരിച്ചെത്തു–
കിങ്ങു മാദകാമോദ സാമ്രാജ്യമേ
… … …
കേൾവികേട്ട തച്ഛോത്രങ്ങളെപ്പൊഴും
കേട്ടുപോയ്പോയ നാൾകൾ തന്നൊച്ചയെ,
… … …
ഒന്നുകൂടി യജ്ജീവിതം കൈവരാൻ
ഒന്നുകൂടി യിപ്പാരെന്റെയാകുവാൻ
(ബാലാമണിയമ്മ — ആൽച്ചുവട്ടിൽ)
കവിയുമുല്ലാസ വായ്പിലെൻ മുന്നില–
ക്കവിത കാണിച്ച കാല്യപ്രകാശമേ,
വരികയില്ലിനി നീയു, മെൻ ജീവനിൽ
പ്പരിമളം പെയ്തകന്ന പൂക്കാലമേ
(ചങ്ങമ്പുഴ — തപ്തസ്മൃതി)
മധുരശൈശവം വീണ്ടും ലഭിക്കിലീ
മഹിയിലെന്തിലും മീതെ ഞാൻ മിന്നുവൻ,
ഇടവിടാതിരുന്നെത്ര ഭജിക്കിലെ–
ന്തിനി വരികയില്ലാ വസന്തോത്സവം
(ചങ്ങമ്പുഴ — അന്നും ഇന്നും)
എന്തിനിനിയുമയവിറക്കുന്നു ഹാ
സ്വാന്തമപ്പച്ച പിടിച്ച കാലങ്ങളെ
… … …
പ്പൂമണമിത്തിരനേരം പരത്തിയാ–
പ്പൂമയ മാധവമാസം പറന്നുപോയ്
(പി. കുഞ്ഞിരാമൻ നായർ — എന്റെ ശൈശവം)
മേളക്കൊഴുപ്പിൽ വിരിഞ്ഞപൊന്നിൻ
നാളുകളെങ്ങോ പറന്നുപോയി
(പി. കുഞ്ഞിരാമൻ നായർ — ഓണപ്പൂവ്)
മദീയജീവിതപ്രഭാതവേളകൾ
മറഞ്ഞുപോ,യിനിവരില്ലൊരിക്കലും
(ഇടപ്പള്ളി — കാട്ടാറിന്റെ കരച്ചിൽ)
[10]
വിവിധചിത്രസമാകുലശ്രീമയ
വിജനരംഗമാമംഗളശൈശവം …
മരണമെന്നെത്തടുക്കും വരെയ്ക്കു നി–
ന്നരികിലെന്നും പറന്നെത്തുമെന്മനം
(ചങ്ങമ്പുഴ — അന്നും ഇന്നും)
നീയാം പൂഞ്ചിറകിങ്കൽ ഞങ്ങളെയെടുത്തങ്ങോട്ടുയർത്തീടുമോ
(വൈലോപ്പിള്ളി — മധുമക്ഷിക)
നീൻചിറകേന്തിപ്പറന്നുയർന്നീടുവാൻ
ബന്ദിയാം ഞാനും കൊതിച്ചുപോയോമനേ
(സുഗതകുമാരി — പക്ഷിശാസ്ത്രം)
പരിപാവന പുണ്യരൂപ, നിൻ
ചിറകിൽച്ചേർന്നണയട്ടെ വിണ്ണിൽ ഞാൻ
(കെ. കെ. രാജാ — ദേവദൂതൻ)
[11]
വരൂ നീ വരൂ, ജീവിതമേളം കേളിക്കയ്യേ,
വരൂ ചൈത്ര സുഗന്ധവരോജ്ജ്വലവർണ്ണാഭോഗത്തീയേ
അറിവേനിഹ നിന്നെക്കുസൃതികൾകൂമ്പിത്തെളിയും വിണ്ണിൽ
അച്ഛന്നനഘാനന്ദം തരു മെന്മകൾ തൻ നറുകണ്ണിൽ
(കടവനാട് കുട്ടികൃഷ്ണൻ — തിരിഞ്ഞുനോട്ടം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.