images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
51
മരത്തിന്റെ കരച്ചിൽ
ഴാൻ റിഷെപ്പേൻ (JEAN RICHEPIN (1849-1926))

നോവലിസ്റ്റും നാടകകൃത്തുമെന്ന നിലയിലും വിശ്രുതനാണ് ഴാൻ റിഷെപ്പേൻ.

ചീറിപ്പൊട്ടിപടരുന്ന ചെന്തീ–
യാളിക്കത്തു മടുപ്പിങ്കൽ നിന്നും
[1] വെന്തെരിയും പഴം മരം ദീനാ–
ക്രന്ദം ചെയ്യുന്നു മന്ദസ്വരത്തിൽ:
മണ്ണിൽനിന്നു സംപോഷണമാർന്നും
വിണ്ണിൻ വെള്ളിവെളിച്ചം കുടിച്ചും
സ്വച്ഛവായുവിൽ വാണുലകത്തെ
[2] സേവിച്ചീടാൻ പിറന്നവനീ ഞാൻ.
മെല്ലേ മെല്ലേ വളർന്നുകൊണ്ടെന്നു–
മുന്നതങ്ങളിലുന്മുഖനായും [3]
ഉച്ചിയിങ്ക ലതീവ മനോജ്ഞം
പച്ച രത്നകിരീടമണിഞ്ഞും [4]
വാണേൻ, മാമകപ്പൂങ്കുലച്ചാർത്താൽ
വാർമണം ഞാൻ വസന്തത്തിനേകി.
പാടും പൈങ്കിളിക്കൂട്ടത്തിനും തൻ
കൂടുകൾക്കും ഞാനാശ്രയമായി.
പൊങ്ങീ വാനിലേയ്ക്കെൻ ശിഖരത്തിൽ
നിന്നോരായിരം ഗാനങ്ങളെന്നും. [5]
കാലഭേദത്തിനൊത്തുടയാട
മാറിമാറിയണിഞ്ഞു ഞാൻ മോദാൽ. [6]
തൂവസന്തത്തിൽ ചിത്രവർണ്ണാഢ്യം,
ഊതവർണ്ണം ശരദൃതുവിങ്കൽ;
ഹേമന്തത്തിലേ തീർത്തുമേ ശുഭം: [7]
നിത്യനൂതന മൊക്കെയും തന്നെ.
ഹൃത്തെഴാത്തൊരു മർത്ത്യൻ നൃശംസൻ
വിത്തമോഹിതൻ വന്മഴുവാലേ [8]
വെട്ടിയെന്നെയറുകൊലചെയ്താൻ
കഷ്ടം, തുണ്ടങ്ങളായെൻ നെടുമെയ്. [9]
ഞാനും തത്സഹജീവിതാനെന്നു
മാനുഷന്നവബോധമെന്നുണ്ടാം? [10]
ചീറിപ്പൊട്ടിപ്പടരുന്ന ചെന്തീ–
യാളിക്കത്തു മടുപ്പിങ്കൽ നിന്നും
വെന്തടിയും പഴംമരത്തിന്റെ
അന്തിമപരിവേദനം കേൾപ്പൂ!

LA PLAINTE DU BOIS.

കുറിപ്പുകൾ
[1]
ഇനി ഞാൻ വിറകായിക്കത്തിനില്ക്കുമ്പോഴാവാം
ഇതമാം രൂപം പ്രാപിച്ചായവ വിരിയുന്നു
(വൈലോപ്പിള്ളി — കിഴവൻമാവ്)
[2]
വിരിയുന്നൊരു പൂക്കൾ തന്മണം
ചൊരിയും തൂമധു, നല്ലൊരാ നിറം,
ഇവയാലപരന്നു തുഷ്ടി ചേർ–
ത്തരുളും ശാഖി പരോപകാരി താൻ
(മേരി ജോൺ തോട്ടം — ആരാമത്തിലെ അദ്ധ്യാത്മിക ചിന്ത)
[3]
എന്നല്ല വാച്ചുപൊങ്ങിയംബരം തുരന്നുപോ–
മുന്നതങ്ങളാം താലതരുതല്ലജങ്ങളും
(ആശാൻ — ശ്രീബുദ്ധചരിതം)
ശാന്തിതൻ തണൽപാട്ടിലെന്നെയൊട്ടിരുത്താമോ
ശാശ്വതത്വത്തെപ്പുല്കാനുയരും മരങ്ങളേ
(ബാലാമണിയമ്മ — പൈതൃകം)
ഒരു ശാഖിയെ നോക്കുവിൻ സദാ–
പരമദ്ധ്യാത്മിക ചിന്തപൂണ്ടപോൽ
തലപൊക്കിവിയത്തിൽ നോക്കി നി–
ശ്ചലമായ് നിൽപൊരു കാഴ്ചകാണുവിൻ
(മേരി ജോൺ തോട്ടം — ആരാമത്തിലെ ആദ്ധ്യാത്മിക ചിന്ത)
വിണ്ണിലേയ്ക്കു തലപൊക്കി
മണ്ണിലേയ്ക്കു വേരിറക്കി
വഴിതാണ്ടി വരുന്നോർക്കു
നിഴൽപ്പായ വിരിച്ചിട്ടു
ചക്രവാളമതിൽക്കെട്ടു
തൊട്ടുരുമ്മി നില്പൂ വൃക്ഷം
(മലയത്ത് അപ്പുണ്ണി — ഒരു വൃക്ഷം)
[4]
ശില്പമായ് മേൽകുടങ്ങൾ ചൂഴ്‌ന്നെഴും
നൽ പത്രകങ്ങളിൽ മൂളിയടിച്ചുടൻ
(ആശാൻ — ശ്രീബുദ്ധചരിതം)
മരതക മണിക്കുട പിടിച്ചൊരാ
മരങ്ങളൊക്കെയും മറഞ്ഞുപോയല്ലോ
(പി. കുഞ്ഞിരാമൻ നായർ — പിറന്ന മണ്ണിൽ)
[5]
വിലസദ്വിപടസ്ഥ പക്ഷി കോലാ–
ഹലമാം ജയശബ്ദഘോഷമോടേ
(വള്ളത്തോൾ — ഭാരതപ്പുഴ)
തളിരും മലരും കായും
കനിയും പൂണ്ടു ഭംഗിയിൽ
തിങ്ങിക്കാണായ് വൃക്ഷങ്ങൾ
പക്ഷികോലാഹലത്തൊടും
(ആശാൻ — ബാലരാമായണം)
കാലത്തിൻ കനിയേകിയും കിളികൾ തൻ–
ഗാനോത്സവം കൂട്ടിയും
(ആശാൻ — പ്രരോദനം)
വിശ്വവൈചിത്ര്യം പാർത്തു പാർത്താനന്ദാൽ
മച്ഛിതസ്സിൽ പറവകൾ പാടുമ്പോൾ
(ബാലാമണിയമ്മ — ഒരു മരം)
നിങ്ങൾ തൻ മുകൾക്കൊമ്പിൽ കൂടാളും ഖഗങ്ങൾതൻ
മംഗളഗീതസ്വരം ചുറ്റുമച്ചിലയ്ക്കവേ
(ബാലാമണിയമ്മ — പൈതൃകം)
ഈ മരം വത്സ, കണ്ടാലും
ഇതു സദ്ഗുരുവല്ലയോ?
തിരയുന്നുച്ചികത്തുമ്പോൾ
പാന്ഥരിത്തണലെന്നുമേ
കൂട്ടുകൂടുന്നു കിളികൾ
തളിർ നീട്ടിടുന്ന ചില്ലയിൽ
(നീലമ്പേരൂർ മധുസൂദനൻ നായർ — ബുദ്ധൻ പറഞ്ഞത്)
പച്ചത്തണലും കൊത്തിയെടുത്തി–
ട്ടകലെപ്പാറിൻ പറവകളേ
പട്ടയമാരും തന്നീലല്ലോ
നിങ്ങൾക്കിവിടെ കുടി പാർക്കാൻ
(ഇടശ്ശേരി — പുളിമാവു് വെട്ടി)
എത്രയെത്ര കിളികൾ ചുറ്റും
വട്ടമിട്ടു പാട്ടുപാടി
(മലയത്തി അപ്പുണ്ണി — ഒരു വൃക്ഷം)
The poplars are fell’d, farwell to the shade
… … …
The black bird has fled to another retreat
… … …
And the scence where his melody charm’d me before
Resounds with his sweet flowing ditty no more
(W. Cowper — The Poplar field)
[6]
പൂവാകയായ്, പൂത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വർണ്ണക്കുടകൾ മാറുന്നതും
(ഒ. എൻ. വി. കുറുപ്പ് — ഭൂമിക്ക് ഒരു ചരമഗീതം)
[7]
തണുപ്പുകാലത്ത് മരങ്ങൾ ഇലകളറ്റു തൂവെള്ള
മഞ്ഞുകൊണ്ടു മൂടപ്പെട്ടിരിക്കുമല്ലോ
[8]
എന്തിലുമേറെക്കാമ്യം പണമേ
തുച്ഛ, ന്നതും കൈവന്നോട്ടേ …
അങ്ങയെ വെട്ടിയ മർത്ത്യൻ നേടിയ–
തഞ്ചുകാശിൻ കൈവല്യം
(ഇടശ്ശേരി — പുളിമാവു് വെട്ടി)
വിപണികളിലവവിറ്റുമോന്തുന്നു, വിടനഖര,
മഴുമുനകൾ കേളിതുടരുന്നു
(ഒ. എൻ. വി. കുറുപ്പ് — ഭൂമിക്ക് ഒരു ചരമഗീതം)
[9]
കരുത്തനാൾ തൊട്ടിന്നോളം തല
കുനിച്ചിടാത്തോ നീ വൃദ്ധൻ
കൂറ്റൻ മഴുവേറ്റടിയുന്നേരം
കുലുങ്ങിടുന്നു ഭൂചക്രം
(ഇടശ്ശേരി — പുളിമാവു് വെട്ടി)
വെട്ടേറ്റു വെട്ടേറ്റാടി വീണിടും വരെ, യാഞ്ഞു
വെട്ടിടുന്നോർക്കും തണലേകിടും ത്യാഗം വെൽക
(കൃഷ്ണൻ പറപ്പിള്ളി — ത്യാഗം വെൽക)
[10]
ഒന്നല്ലിനാമയി സഹോദരരല്ലി പൂവേ,
ഒന്നല്ലി കൈയ്യിഹ രചിച്ചതു നമ്മെയെല്ലാം
(ആശാൻ — വീണപൂവ്)
സോദരരല്ലി നാമേവരു, മൊന്നല്ലി
താതനും മാതാവും നമ്മൾക്കെല്ലാം
(ഉള്ളൂർ — പുല്ലിന്റെ ചൊല്ല്)
പാടുമിക്കിളികളായിട്ടു മീദ്രുമങ്ങളായ്
പ്രാണകോടികളായെന്നുയിരോ തിമർക്കുന്നു
(ബാലാമണിയമ്മ — വാല്മീകി)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.