images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
52
താഴ്‌വരയിലെ ഉറക്കം
അർത്യൂർ റെമ്പൊ (ARTHUR RIMBAUD (1854-1891))

37 വർഷത്തെ ജീവിതത്തിന്നിടയിൽ 15 മുതൽ 20 വയസ്സുവരെ മാത്രം കവിതയെഴുതിയ അർത്യൂർ റെമ്പൊ ഫ്രഞ്ച് സാഹിത്യലോകത്തിലെ ഒരത്ഭുതമാണ്. ഇരുപതാം വയസ്സിൽ അദ്ദേഹം കാവ്യജീവിതത്തോട് എന്നേക്കുമായി വിടപറഞ്ഞു, ലോകസഞ്ചാരിയായ കച്ചവടക്കാരനായി മാറി. റെമ്പൊ സിമ്പോളിസ്റ്റാണ്. 1870 ൽ ഫ്രാങ്കോ–പ്രഷ്യൻ യുദ്ധാവസരത്തിൽ ‘ഒരു യുദ്ധ ചിത്ര’മായിട്ടാണ് ഈ കവിത പ്രസിദ്ധീകരിച്ചത്, 16-ആമത്തെ വയസ്സിൽ ശാന്തിയും സൗന്ദര്യവും തുളുമ്പുന്ന പ്രകൃതി പശ്ചാത്തലത്തിൽ ഒരു യുവയോദ്ധാവ് വെടിയേറ്റ് മരിച്ചുകിടക്കുന്നതിലുള്ള വൈപരീത്യവും, അതിലൂടെ യുദ്ധത്തിന്റെ ഭീകരതയുമാണ് റെമ്പൊ ഇതിൽ പ്രതീകങ്ങളിലൂടെ അഭിവ്യഞ്ജിപ്പിച്ചിട്ടുള്ളത്.

പച്ചിലപ്പടർപ്പുകൾ–
ക്കിടയിലൊരു ചോല
പാട്ടുകൾ പാടിക്കൊണ്ടു [1]
പാഞ്ഞിതാ പോയീടുന്നു;
തന്നിരു പാർശ്വത്തിലെ
പ്പുല്കളെ യിപ്പൂഞ്ചോല
തൂവെള്ളിയലുക്കുക–
ളണിയിക്കുന്നു സ്വൈരം.
ഉന്നതാഭിമാനത്താ–
ലുന്മുഖം നില്ക്കും കുന്നിൽ [3]
നിന്നുമേ ദിനകരൻ
വാരൊളി ചൊരിയുന്നു;
എങ്ങുമേ വെളിച്ചത്തിൻ
വീചികൾ നുരചിന്നി
മിന്നുന്ന മനോജ്ഞ മാ–
മിക്കൊച്ചു താഴ്‌വാരത്തിൽ.
ഉറങ്ങീടുന്നുണ്ടിതാ
യുവസൈനികനേകൻ
തുറന്നവായും തൊപ്പി
വേറിട്ട തലയുമായ്;
പുല്ലിലാണുടൽ നീളേ,
പിൻഗളം ജലപുഷ്പ–
വല്ലികൾക്കിടയിലാ–
ലീനമായ്ക്കിടക്കുന്നു;
നീലമേലാപ്പിൻ കീഴിൽ
പൊന്നൊളിപ്പൊലിമയിൽ
ശ്യാമമെത്തമേലിവൻ [4]
വിളറിക്കിടക്കുന്നൂ;
പൂക്കളിൽ കാലും വെച്ചു
രോഗിയാ മൊരു കുഞ്ഞി–
ന്റേതുപോൽ ചെറുചിരി
പൂണ്ടിവനുറക്കമാം. [5]
നിന്മാറിൻ ചൂടേല്ക്കുമാ–
റിവനെ ത്താരാട്ടീടു–
കംബികേ, പ്രകൃതി നീ,
തണുത്തു കിടപ്പിവൻ;
വായുവിലുലാവുന്ന
സൗരഭം തന്നാസികാ–
ദ്വാരത്തെ വികസ്വര–
മാക്കുവതില്ലാ, വെയ്ലിൽ
നിശ്ചലം കിടപ്പിവൻ [6]
മാറത്ത് കയ്യായ്, വലം
വാരിഭാഗത്തായ് രണ്ടു
ചെഞ്ചോരക്കുഴി കാൺമൂ!

LE DORMEUR DU VAL

കുറിപ്പുകൾ
[1]
നിള നല്ലൊരു പാട്ടുകാരിപോലെ
കളസംഗീതസുഖം ചെവിക്കണപ്പൂ
(വള്ളത്തോൾ — ഭാരതപ്പുഴ)
നീ വെൺനുരപ്പുഞ്ചിരി പൂണ്ടു നാനാ–
ഗാനങ്ങൾ മൂളുന്നു മൃദൂർമ്മിനാദാൽ
(വള്ളത്തോൾ — തിരൂർ പൊന്നാനിപ്പുഴ)
മൃദുലമംഗളസംഗീതലോലയാ–
യൊഴുകിടുന്നൊരിക്കൊച്ചു പൂഞ്ചോലയിൽ
(ചങ്ങമ്പുഴ — എനിക്കുവേണ്ടത്)
പ്രണയഗാനങ്ങൾ പാടിയൊഴുകുമി–
ത്തടിനിതൻ തടത്തിങ്കൽ ഞാനേകനായ്
(ചങ്ങമ്പുഴ — ആവോ)
നീരണിച്ചോലകൾ പാട്ടുപാടി
നീളെപ്പൂവല്ലികൾ നൃത്തമാടി
(ചങ്ങമ്പുഴ — പൂക്കളം)
…പാട്ടിൽ ഗ്രഹിച്ചു പതഞ്ഞൊഴുകീടുന്ന
കാട്ടാറു തന്നുടെ കമ്രഗാനങ്ങളും
(ഇടപ്പള്ളി — വിശ്വഭാരതിയിൽ)
ലളിതവനമല്ലികാമാലചൂടിപ്പരം
കുളിരരുവിമീട്ടുന്ന വേണുനാദത്തിലും
(പാലാ — കല)
നുരികളിൽ ചുഴികളിൽ കണ്ണീരിറക്കുമാ–
ച്ചെറുനീരുറവതൻ പാട്ടു കേട്ടോ
(വയലാർ — വൈക്കം കായലിൽ …)
ഇതൾ വിരിയുമ്പോലെ, ദൂര–
ത്തരുവികൾ പാടുമ്പോലെ
(വിഷ്ണുനാരായണൻ നമ്പൂതിരി — ഒരു ക്രിസ്തുമസ്സ് ഗാനം)
പൂഞ്ചോല പുതുശീലിൽ പാട്ടുമൂളുന്നു ദൂരെ
(പി. കുഞ്ഞിരാമൻ നായർ — കീർത്തിമുദ്ര)
കാലദേശാവസ്ഥകൾക്കനുരൂപമായ് സ്വര–
ജാലം നിർഗ്ഗളിക്കുന്നു ശ്രോത്രൈക രസായനം
(ഉള്ളൂർ — പെരിയാറിനോട്)
നീളത്തിൽക്കളഗീതി മൂളിയോരോ
താളത്തിൽ സുലളിതമട്ടിലാറനേകം
(കെ. കെ. രാജാ — പുണ്യദേശം)
രാഗലോലയായ് മൂളിക്കുണുങ്ങിപ്പായും കാട്ടു–
ചോലതൻ പൈമ്പാട്ടാർക്കാർക്കാനന്ദമരുളീടാ?
(കെ. മാധവിമ്മ — കാട്ടിലെകിളി)
കാട്ടാറിൻ തരിവളമുട്ടി
കാടത്തികൾ ചോലമരത്തിൻ
ചോട്ടിൽ ചുവടൊത്തു കളിക്കെ
(കടമ്മനിട്ട — കാട്ടാളൻ)
നേർത്തിഴഞ്ഞൊഴുകും കാട്ടു
ചോലതൻ മൂളൽ കേൾക്കവേ
(അക്കിത്തം — നിത്യമേഘം)
[2]
ആഴിവീചികളനുവേലം വെൺനുരകളാൽ
തോഴികൾപോലേ തവ ചാരുതൃപ്പാദങ്ങളിൽ
തൂവെള്ളിച്ചിലമ്പുകളിടുവിക്കുന്നു, തൃപ്തി
കൈവരാതഴിക്കുന്നു, പിന്നെയും തുടരുന്നു
(വള്ളത്തോൾ — മാതൃവന്ദനം)
……കരം പൊക്കി നാലുപാടും നറും മുക്താഫലങ്ങളെ
നിരവധി വിതറിയും കുതിച്ചുചാടി
(കുട്ടമത്ത് — അരുവികളുടെ ഐക്യം)
ഓരത്തെച്ചെറുതോട്ടിലൊലിക്കും
നീരത്തിൻ തെളു തെളിമയൊരുജ്ജ്വല
ഹാരത്തിൻ വടിവാണ്ടു …
(ഇടശ്ശേരി — വയലിന്റെ ചിത്രകാരൻ)
അലകളിളകീട്ടൊളി ചിതറും വെൺ–
നുരകൾ കൊരുത്തൊരു മലർമാല
(ഇടശ്ശേരി — കുടം നിറക്കൂ)
കല്ലുകൾ തട്ടിക്കാട്ടു ചെടിതൻ മുഖത്തേയ്ക്കു
വെള്ളമെറ്റിയുല്ലാസപ്പൂചിന്നിപ്പുഴപോകെ
(കെ. വി. രാമകൃഷ്ണൻ — കുറ്റാലത്ത്)
[3]
ആർത്തു ചിരിയ്ക്കും കടലും മുഖംപൊക്കി
നോക്കി നിന്നീടുന്ന പർവ്വതശ്രേണിയും
(സുഗതകുമാരി — വിശാലതയിലേയ്ക്ക്)
[4]
ശ്യാമപ്പൂമെത്ത, ചഞ്ചൽക്കുളുർവിശറി,
മണീകീർണ്ണമാം നീലമേലാ–
പ്പോമൽത്തങ്കഗ്ഗുളോപ്പീവക വിഭവശതം
ചേർന്ന കേളിഗൃഹംമേ
(വള്ളത്തോൾ — കൈക്കുമ്പിൾ)
[5]
പുലർന്നു, ജീവദ്ധാര രാവൂറ്റിക്കുടിക്കയാൽ
വിളർത്തും വിരിഞ്ഞിതെൻ കുഞ്ഞിനുമൃദുഹാസം
(ഇടശ്ശേരി — പൂജാപുഷ്പം)
[6]
ഹന്ത പട്ടടയായ മെത്തമേൽക്കിടന്നീയാൾ
എന്തു സൗഖ്യമായ്ക്കിടന്നീടുന്നു നിരൂപിച്ചാൽ
ആടൽ തേടുവതില്ലാ ശീതവായുവിൽ മേനി
മൂടാതെ കിടക്കിലും ചെറ്റുമേയിവനിപ്പോൾ
തന്നുടെ മാംസം തന്നെ കരിഞ്ഞ ദുർഗന്ധമി–
സ്സന്നചേതനനുടെ മൂക്കറിവീലാതെല്ലും
(ആശാൻ — ശ്രീബുദ്ധചരിതം)
സാനന്ദം സുപ്രഭാതോദയ മഹിമ പുക–
ഴ്ത്തുന്ന പക്ഷിവ്രജത്തിൻ
ഗാനത്താലോ ഗവാക്ഷം വഴി ദിനമണിതൻ–
കൈകളാൽ പുൽകയാലോ
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീ–
പിച്ചനിൻ ദീർഘനിദ്ര–
യ്ക്കൂനം പറ്റില്ല, നിൻകണ്ണുകൾ നിയതി നിയോ–
ഗത്തിനാൽ മുദ്രിതങ്ങൾ
(വി. സി. ബാലകൃഷ്ണപ്പണിക്കർ — ഒരു വിലാപം)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.