images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
53
തിരിച്ചെത്തുകിൽ
മൊറീസ് മെത്തർലെങ്ക് (MAURICE MAETERLINCK (1862-1949))

1911 ൽ നൊബേൽ സമ്മാനം നെടിയ കവിയും നാടകകൃത്തുമായ മൊറീസ് മെത്തെർലെങ്ക് ബെൽജിയക്കാരനാണ്. മാനുഷിക ദുഃഖത്തിന്റെ വിവിധ മുഖങ്ങളാണ് അദ്ദേഹം മുഖ്യമായും ചിത്രണം ചെയ്തിട്ടുള്ളത്. കാമുകനുവേണ്ടിയുള്ള നീണ്ട കാത്തിരിപ്പിൽ ഭഗ്നഹൃദയയും ആസന്നമരണയുമായ ഒരു ചേച്ചിയും അവളുടെ പ്രണയരഹസ്യമറിയുന്ന അനുജത്തിയും തമ്മിലുള്ള സംവാദമാണിത്.

ഒരു ദിനം, പക്ഷേ,യവൻ തിരിച്ചെത്തുകിൽ
പറയേണ്ടതെന്തെന്നു ചൊല്ലൂ.
പറയൂ ഹൃദന്തം കരിഞ്ഞടിഞ്ഞീടുമാ–
റവനേയും കാത്തിരുന്നെന്നായ്. [1]
പൊരുളറിയാതവനെന്നോടുവല്ലതു–
മതിനുമേൽ ചോദിച്ചുവെന്നാൽ?
ഒരു പൊന്നനുജത്തിയായി നീവർത്തിക്ക,
പിടയുന്നുണ്ടാമവന്നുള്ളം.
എവിടെ നീ യെന്നവനാരാഞ്ഞുവെന്നാകിൽ
മറുപടി യെന്തു ഞാൻ നല്കും?
– ഉടനവന്നേകു നീ യെന്റെ പൊന്മോതിരം.
ഉരിയാടിടേണ്ടൊരു വാക്കും.
മുറിയെന്തു ശൂന്യമായ്ക്കാണുന്നുവെന്നവ–
നറിവാനുഴറിയെന്നാലോ?
പടുതിരി കത്തിയ ദീപത്തൊടൊപ്പ മീ [2]
വിവൃതകവാടവും കാട്ടൂ. [3]
അവനപ്പോളന്തിമവേളയെപ്പറ്റിയൊ–
ന്നറിയുവാനുൽക്കണ്ഠ യാർന്നാൽ?
– പറയൂ ഞാൻ പുഞ്ചിരിക്കൊണ്ടെന്ന്, മൽപ്രിയൻ
കരയാതിരിപ്പതിന്നായി! [4]

കുറിപ്പുകൾ
[1]
കരുണക്കാതലേ ഭവദീയാഗമം
കരുതിക്കാത്തു ഞാൻ കഴിയുന്നു
(ഇടപ്പള്ളി — രാഗാഞ്ജലി)
പ്രണയഭാരം കൊണ്ടിനിയൊരക്ഷര–
മരുളുവാൻപോലുമരുതാതെ
മരുവുന്നു നിന്റെ വരവും കാത്തു ഞാൻ
മഹിത ചൈതന്യ സ്ഫുരണമേ
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
നീരദങ്ങൾ നിറഞ്ഞു നിർമ്മല
നീലവാനിടം മൂടവേ
ജീവനായകാ, ഞാനിതാ നിന്നു
കേണിടുകയാണെന്തിനോ
അസ്തമിച്ചതെൻ വാസരമിരു–
ളെത്തിയെന്മുന്നിലൊക്കെയും
(ചങ്ങമ്പുഴ — മൗനഗാനം)
എന്നിട്ടും വന്നീലെൻ കണ്ണീർ തുടയ്ക്കുവാ–
നെന്നാത്മ നായകൻ തോഴീ
(ചങ്ങമ്പുഴ — എന്നിട്ടും വന്നില്ല)
പ്രാണനായകാ, താവകാഗമ
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ
… … …
പ്രാണനാഥ, ഞാൻ പോകട്ടെയിനി
പ്പാതിരാപ്പൂവിരികയായ്
(ചങ്ങമ്പുഴ — നിരാശ)
കാത്തിരിക്കും ഞാൻ കൈത്തിരിയുമായ്
ചീർത്ത മൃത്യുവിന്നക്കരെ
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
കാത്തുനില്ക്കുന്നു നാഥാ താഴെ ഞാൻ കരളിലെ
കാർത്തിക വിളക്കുമായ് …
(എസ്. രമേശൻ നായർ — അർച്ചനാഗീതം)
[2]
വരണം സമയമായ് വിളക്കു കെടുത്താം ഞാൻ
(വൈലോപ്പിള്ളി — മരണം കനിഞ്ഞോതി)
അണിമച്ചിൽക്കത്തും തെളിദീപനാള–
മണയാറായങ്ങെന്തണയാത്തൂ?
(ഇടപ്പള്ളി — രാഗാഞ്ജലി)
മൺചിരാതിലെയെണ്ണ കഴിയാറായിപ്പോയി
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
എന്നന്ത്യനൈരാശ്യ ദീർഘനിശ്വാസമേ–
റ്റീനെയ്വിളക്കിന്റെ നാളം പൊലിഞ്ഞുപോയ്
(പി. കുഞ്ഞിരാമൻ നായർ — അന്ത്യഗീതം)
ക്ഷണികാന്തി പൊഴിഞ്ഞു പൊലിഞ്ഞിതെൻ–
മണിവിളക്കിലെസ്സ്വർണ്ണദീപാങ്കുരം
(ചങ്ങമ്പുഴ — പ്രതീക്ഷ)
വിയത്തിലങ്ങുയർന്നൊരാസ്വരം ക്രമേണ വായുവിൽ
ലയിച്ചു സർവ്വമസ്തമിച്ചു, ദൂപവും പൊലിച്ചവൾ
(മേരി ജോൺ തോട്ടം — പ്രഭാവതി)
ആട്ടം കഴിഞ്ഞു
കളിയരംഗത്തുതനിച്ചുവെറുക്കനെ–
പ്പടുതിരി കത്തിക്കരിഞ്ഞു മണത്ത
കളി വിളക്കിൻചിരി
ഇപ്പൊളോർക്കുന്നുവോ?
(എൻ. എൻ. കക്കാട് — നന്ദി, തിരുവോണമേ, നന്ദി)
എഴുപത്തൊമ്പതു കടന്ന മുത്തച്ഛൻ
മരിക്കും രാത്രിയിൽ, വിളക്കെടുത്തുതൻ
മുഖത്ത് മുത്തശ്ശിയടുത്തു നോക്കവേ
വെടിപൊട്ടിച്ചുപോൽ: ‘മുഖം കാണാനിത്ര
തിടുക്കമോ?’–വിളക്കണഞ്ഞുപോയ് പിന്നെ
(വിഷ്ണുനാരായണൻ നമ്പൂതിരി — മുത്തച്ഛന്റെ ചിരി)
[3]
യുവതയെവിടെ, ജന്തുവിന്നു ഹാ
വിവൃതകവാട യാനാരതം മൃതി
(ആശാൻ — ലീല)
ഹാ മൃത്യുവിന്നേതൊരു വാതിൽപോലും
തോന്നുന്നനേരം കയറിത്തുറക്കാം
(വള്ളത്തോൾ — ദാദാബായ് നവറോജി)
തുറന്നു മൃതി വന്നു മോചനമണിവാതിൽ,
പരന്നു നിശാന്തോത്ഥ ശീതള നിശ്വാസങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — തൂക്കുമരത്തിൽ)
നിരുന്മേഷം വാതിൽ തുറക്കണമിനി
നിശാതമസ്സിലേക്കിറങ്ങാറായല്ലോ
(ബാലാമണിയമ്മ — വിരുന്ന്)
ബദ്ധമാം കവാടം ഞാനെന്നേയ്ക്കും തുറന്നാലും
(ഇടപ്പള്ളി — നാളത്തെ പ്രഭാതം)
വാതിലിൻ സാക്ഷ തുറക്കുമവിടത്തെ
ദൂതൻ വരുമ്പോൾ, തകർന്നുപോം ബന്ധനം
ആരുമാളല്ലാ ഗൃഹത്തിൻ നിർത്താൻ പിന്നെ–
യാവിളിക്കന്നേരമേകണമുത്തരം
(ടാഗോർ — ഗീതാഞ്ജലി (ജി.))
[4]
എന്നെയോർത്തെന്നോമലേ വേദനിക്കൊല്ലേ …
(സുഗതകുമാരി — രാഗഭിക്ഷുണി)
പ്രകൃതിമാതനുഗ്രഹിച്ചരുളും ഞാനെത്രമാത്രം
സുകൃതിയാ,ണെന്നെച്ചൊല്ലിക്കരയരുതേ
അശുഭാശങ്കകൾ പെയ്യുമസുഖാശ്രുധാരയിലെ–
ന്നവസാനസ്മിതമയ്യോ നനയ്ക്കരുതേ
(സുഗതകുമാരി — രാഗഗീതി)
കഠിനകാലം കദനമൊരല്പമാ–
ക്കവിളിണയിൽ കലർത്താതിരിക്കണേ
(ഇടപ്പള്ളി — മണിനാദം)
ബാധപോൽ നിന്മനസ്സിലേക്കെന്നുടെ
വേദനകൾ കടന്നുവന്നാകിലും
പൊൽപ്പനീർപ്പൂത്തുടുപ്പെഴും നിന്മുഖം
ഭസ്മതുല്യം വിളർക്കാതിരിക്കണേ,
ഉല്പലങ്ങൾ പോൽ നീണ്ട നിൻ കൺകളിൽ
ഉഷ്ണബാഷ്പം പൊടിക്കാതിരിക്കണേ
(എൻ. വി. കൃഷ്ണവാരിയർ — പ്രാർത്ഥന)
ഒരിക്കൽ കൗതുകം കൊണ്ടേൻ
അങ്ങേക്കെന്താണാഗ്രഹം?
ഉത്തരം: ‘സാദ്ധ്യമാണെങ്കിൽ
ചിരിച്ചും കൊണ്ടു മരിക്കണം’
(വിഷ്ണുനാരായണൻ നമ്പൂതിരി — മുത്തച്ഛന്റെ ചിരി)
…And waking me to weep
Tears that had melted his soft heart; for years
Wept he as litter tears.
‘Merciful God!’ such was his latest prayer,
‘These may she never share !’
(W. S. Landor — The maid’s lament)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.