images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
54
പുല്ലാങ്കുഴൽ
ഹാംറി ദ് റെഞ്ഞിയെ (HENRI DE RENGNIER (1864-1936))

‘പർണാസ്യേൻ’ പ്രസ്ഥാനക്കാർ ഉയർത്തിപ്പിടിച്ച ശില്പഭദ്രതയും സിമ്പോളിസത്തിന്റെ സംഗീതസാന്ദ്രമായ ധ്വന്യാത്മകതയും ഒത്തിണങ്ങുന്ന ഒരു കാവ്യശൈലിയുടെ ഉപജ്ഞാതാവാണ് ഹാംറി ദ് റെഞ്ഞിയെ.

ഒരു മുളന്തണ്ടാൽ പരിസരത്തെ
പ്പുളകിതമാക്കുവാനാമെനിയ്ക്കു;
ചെടികളും പുൽമേടും പൊന്നരളി–
നിരകളും, പാടുമരുവി താനും
തരളിതമാകുന്നീ യോടത്തണ്ടിൻ
കളരവം കാറ്റിലലയടിയ്ക്കേ; [1]
മതിയെനിക്കീ മുളങ്കമ്പുമാത്രം
പെരിയൊരി ക്കാടിനെ പ്പാടിച്ചീടാൻ. [2]
ഇതിലൂടെ പോകും പഥികരെന്റെ
മുരളിതൻ നിസ്വനം കേട്ടുകാണും:
നിറരാവിലുന്നിദ്രമാം നിനവിൽ,
നിബിഡമാം മൗനത്തിൽ, കാറ്റിലൂടേ;
അരികത്തുനിന്നു പ്രസ്പഷ്ടമായോ
അകലത്തുനിന്നു മസ്പഷ്ടമായോ. [3]
നിജബോധസീമയിലെന്റെ പുല്ലാ–
ങ്കുഴൽനാദ മുൾക്കൊണ്ട പാന്ഥരെല്ലാം
അവരുടെ യാത്മാവിന്നുള്ളറയി–
ലതു കേൾക്കുമിപ്പൊഴു, മെപ്പൊഴുതും. [4]
ഒരു ദിനം കണ്ണീരു തൂകിയേറെ
ക്കലുഷമായ് മാറിയ പ്രേമദേവി
മുകരത്തിൽപോലാത്മവക്ത്രം പാർത്തോ [5]
രുറവിങ്കൽ നിന്നിതു ഞാനെടുത്തേൻ. [6]
പഥികരിൽ ക്കണ്ണീർ കനിയിച്ചീടാൻ
കറുകയെ ക്കോൾമയിർക്കൊള്ളിച്ചീടാൻ
അരിയ കാട്ടാറിൻ കരളിളക്കാൻ
വനമുളന്തണ്ടിതെനിയ്ക്കു പോരും. [7]
ഒരു മുളന്തണ്ടൂതി യീ വനത്തെ
മുഴുവനും തന്നെ ഞാൻ മൂളിക്കുന്നേൻ!

ODELETTE

കുറിപ്പുകൾ
[1]
എങ്ങാനുമീപ്രപഞ്ചത്തിൻ നെടുവീർപ്പു
പൊങ്ങിയാൽ പാടുന്ന നീല മുളകളേ
(വയലാർ — മുളങ്കാട്)
പിടയുന്ന ചോരക്കുഴലൊത്തൊരോട–
ക്കുഴലായി വന്നെന്റെ ചുണ്ടിൽ തുടിക്കൂ
(അയ്യപ്പപ്പണിക്കർ — ഗോപികാദണ്ഡകം)
ഞാനീയോടക്കമ്പാൽ തീർക്കാം
നൂനം സിദ്ധികളേറെ …
പൂർണ്ണിമ തൂകും കുളിരും മഞ്ഞും
മഞ്ഞിലലിഞ്ഞ നിലാവും
ഗാനസരിത്തിലലിഞ്ഞു, സാത്വിക
നാദബ്രഹ്മമുയർന്നു
അത്ഭുതമാഹാ, തുച്ഛമൊരോട
പ്പുല്ലിലുണർന്ന മഹത്വം
(എൻ. എൻ. കക്കാട് — ഒരു പുഴയുടെ ഓർമ്മ)
ലളിതം മധുരം, ഗായക, നിൻമുഖ–
ലാളിതമുരളീകളഗീതം
അന്ധതചേർക്കും നാദം ചേതസി
രന്ധ്രമിയറ്റും സംഗീതം
(വൈലോപ്പിള്ളി — ഓടക്കുഴൽ)
കഴലിൽ മനുഷ്യാത്മാവൊരു പുണ്യ–
പ്പുഴയായ്ച്ചെന്നു പിറക്കുന്നു
(അക്കിത്തം — ഉപ്പോളം വരുമോ ഉപ്പിലട്ടത്?)
പണ്ടു ഞാനുമൊരോടക്കുഴൽ വഴി
വിണ്ടലങ്ങൾ രചിച്ചിരുന്നോർപ്പു ഞാൻ
(ജി. കുമാരപിള്ള — ജീവനുള്ള പാട്ട്)
ഒരു പുൽത്തണ്ടിൽ സപ്തസ്വരവീചികൾ പാടി
ഒരു ഹൃത്താരിന്റേതാമുടുക്കിൽതാളം കൊട്ടി
ഉറങ്ങും പ്രപഞ്ചത്തെയുറക്കം നടിച്ചെന്നും
തിരിഞ്ഞു കിടക്കുന്ന പരമാത്മാവെപ്പോലും
വിളിക്കാനുണർത്തുവാൻ പോന്നതാമിച്ഛാശക്തി
വിരൽത്തുമ്പിലോ നിത്യജീവിതമഹാസിദ്ധി
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
ജീവിതമേ സയത്നം സരള–
വേണുവാക്കാൻ ഹാ, കഴിഞ്ഞെങ്കിൽ
(ടാഗോർ — ഗീതാഞ്ജലി (ജി.))
[2]
പൊന്നോടക്കുഴലിന്റെ പാട്ടിതെവനാ–
യാലെന്തു പാടുന്നവൻ
വിണ്ണോരും ലയമാർന്നു കേട്ടു പുളകം
പൂണുന്നതുണ്ടില്ലയോ?
എന്നും നശ്വരമല്ലതിന്നുറവതിൻ–
മാധുര്യവും, മറ്റെനി–
ക്കൊന്നും തന്നെയറിഞ്ഞിടേണ്ടതുജയി–
ക്കുന്നൂ ജഗമോഹനം
(കെ. കെ. രാജാ — ഓടക്കുഴൽ)
പുതിയൊരു പുല്ലാങ്കുഴലിലൂടേ
ഹൃദയവുമോമലിന്നൂറ്റിനല്കും
(വൈലോപ്പിള്ളി — പുല്ലുകൾ)
പാടും വനങ്ങളും ശൈലവും ഗാനങ്ങ–
ളാടുന്ന പൊന്മലർക്കാവുകളും
(പി. കുഞ്ഞിരാമൻ നായർ — പഞ്ചവർണ്ണക്കിളി)
ബ്രഹ്മാണ്ഡമാകവേ തങ്കലാകർഷിക്കും
ബ്രഹ്മാനന്ദമാണീ വേണുഗാനം
(കുട്ടമത്ത് — മുരളീഗാനം)
ഹരിപകരുന്നു ഗാഢമുരളിയിൽ
ഒരു ഹൃദയം നിറയെപ്പരിഭവം
… … …
ഹരീ വെറും മുളന്തണ്ടിനാൽ ലോകത്തെ
മുഴുവനുമൊരു തേങ്ങലായ് മാറ്റുമ്പോൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — വ്യർത്ഥമാസത്തിലെ കഷ്ടരാത്രി)
ഗാനലഹരിയിലെൻ ഹൃദയം
ഞാനറിയാതെയലിഞ്ഞു ചേർന്നു
ഓരോ സിരയിലുമാലഹരി
ഓടുന്നപോലെയെനിക്കു തോന്നി
(യൂസഫലി കേച്ചേരി — വിഷപ്പല്ലുകൾ)
പേയംനിൻ മുരളീരവാമൃതമൊഴിച്ചെന്തുള്ളൂ ഗീതാംബുധേ?
(യൂസഫലി കേച്ചേരി — അഹൈന്ദവം)
ഈ മുളന്തണ്ടുതുമ്പോളഖില ചരാചര–
ജീവനിൽ ഞാനും എന്നിൽക്കാലവും വിലയിപ്പൂ
(മേലത്ത് ചന്ദ്രശേഖരൻ — ധ്യാനം)
ഏതോടക്കുഴലിൻനിനാദമധുരസ്രോതസ്സു ഗോപാംഗനാ–
വ്രാതത്തിൻ ഭവബന്ധനങ്ങളവസാനിപ്പിച്ചു മാത്രയ്ക്കകം
ഏതിൻ പൂർണ്ണരസാനുഭൂതി മുനിമാരാലും സമാസ്വാദ്യമ–
ശ്രീതാവും മുകിൽവർണ്ണ മുഗ്ധമുരളീ, നിന്നെ ബ്ഭജിക്കുന്നു ഞാൻ
(വി. കെ. ഗോവിന്ദൻ നായർ — കണ്ടാവൂ)
നീ ഗഭീരമായാലപിച്ചീടുക
രാഗമെന്മനോവേണുവേന്തി സ്വയം
പാതിരതൻ കനത്തനാദത്തിൽ നീ–
യൂതുമോടക്കുഴൽ മുഴങ്ങീടട്ടെ
(ടാഗോർ — ഗീതാഞ്ജലി (ജി.))
Thy humblest reed could more prevail,
Had more of strength, divine rage
Than all which charms this laggard age
(W. Collins — An ode for Music)
[3]
സ്പുടമല്ലെന്നാകിലും കുഴൽവിളി കേട്ടു ഞാൻ
സുരുചിരം, ഭ്രമകരമായിരുന്നു
(പി. നാരായണക്കുറുപ്പ് — ഞാൻ എന്ന കൗരവൻ)
[4]
Music when soft voices die
Vibrates in the memory
(Shelley — Recollections of early childhood)
The music in my heart I bore
Long after it was heard no more
(Wordsworth — The reaper)
[5]
കണ്ണഞ്ചും പൂചൂടിക്കാനനവല്ലികൾ
കണ്ണാടി നോക്കുന്നൊരാറ്റുവക്കിൽ
(ചങ്ങമ്പുഴ — പാടുന്ന പിശാച്)
ദിനേശ താരാധിപർ വന്നു നിന്നു
കണ്ണാടി നോക്കും തെളിനീർക്കളങ്ങൾ
(എൻ. എൻ. കക്കാട് — ഒരു സഹ്യവർണ്ണനം)
മാലിനിനദിയിൽ കണ്ണാടി നോക്കുന്ന
മാനേ, പുള്ളിമാനേ
(വയലാർ — വയലാർ ഗാനങ്ങൾ)
[6]
ഇതു = ഈ മുളന്തണ്ട്
ഓടപ്പുല്ലുകളോടും പുഴയിൽ
തേടിയതെന്താ ഗന്ധർവൻ?
ഓടപ്പുല്ലൊന്നൂരിയെടുത്താൻ
ഗൂഢസ്മേരം ഗന്ധർവൻ
(വൈലോപ്പിള്ളി — ഓടക്കുഴൽ)
[7]
ചെറ്റുപുകഞ്ഞുടനാളിക്കത്തീ–
കുഴ,ലതിൽനിന്നു പുറത്തേക്കൊഴുകി
തെറ്റെന്നുൽക്കടശോകഭരത്തിൻ
രാഗിണിയൊന്നതി സൂക്ഷ്മനിഗൂഢം,
തങ്ങടെ തങ്ങടെ വലയത്തിങ്കൽ
ത്താരകളോടും പൊഴുതുളവാകും
മഞ്ജുളഗീതി കണക്കതു നിമിഷം
വിശ്വാത്മാവിൽത്തരളത ചേർത്തു
(എൻ. വി. കൃഷ്ണവാരിയർ — തീവണ്ടിയിലെ പാട്ട്)
ലോലലോലമൊരോടക്കുഴലിൻ
പ്രാണനിശ്വാസമൂർന്നിറങ്ങീടവേ
എത്ര പെട്ടെന്നൊരപ്രമേയോജ്ജ്വല
ശബ്ദഭാവ പ്രപഞ്ചം വിടർത്തി ഞാൻ
(ജി. കുമാരപിള്ള — ജീവനുള്ള പാട്ട്)
വാട്ടമകന്നു പറമ്പും കുന്നും
പാട്ടിൻ മധുരത്തേൻ കടലായ്
(എൻ. എൻ. കക്കാട് — ഞങ്ങൾ വരുന്നു)
ഊന്നുവടിക്കായ് മുറിച്ച മുളന്തണ്ടി–
ലൂതി ഞാൻ ഞാനറിയാത്തപോലെ
പാട്ടുകേട്ടെൻ നടുമുറ്റത്തെ മുല്ലയും
കാട്ടുമരങ്ങളും വിസ്മയിക്കെ
പച്ചിലച്ചെന്തളിർച്ചന്തങ്ങളിൽ കിളർ–
ന്നുച്ഛ ്വസിപ്പീലെത്ര പത്മരാഗം
(അക്കിത്തം — കയറും കാലവും)
സ്നേഹമാം വേണുവിൻ സർവചരാചര–
മോഹനമാകിന ഭവ്യഗാനം
സ്വൈരം ശ്രവിച്ചു മൃഗങ്ങൾ പരസ്പര
വൈരം മറന്നുമദിച്ചുപോലും.
അന്നിതിൻ മാധുര്യം കൊണ്ടു നിറഞ്ഞുപോൽ
കുന്നിന്റെ ഭീകരകന്ദരങ്ങൾ.
നാകവും ഭൂമിയുമന്തരമൊക്കെത്തീർ–
ന്നേക ഗൃഹത്തിൻ മുറികളായി.
നിത്യബധിരങ്ങൾ വൃക്ഷങ്ങൾ പോലുമാ–
സ്തുത്യസംഗീതം നുകർന്നു ഹൃത്താൽ
ആനന്ദനർത്തനം ചെയ്തു നിരന്തരം;
കാനനച്ചോലകളേറ്റുപാടി
(ജി. — വൃന്ദാവനം)
മനസ്സിനുപോലും അപ്രപ്യനായ അങ്ങയുടെ
ചരണങ്ങളെ ഗാനങ്ങൾക്കൊണ്ടു ഞാൻ സ്പർശിക്കുന്നു
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.