images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
59
വിശുദ്ധമേരിക്കു വണക്കം
ഫ്രാംസീസ് ഴാമ്മ് (FRANCIS JAMMES (1858-1938))

സിമ്പോളിസ്റ്റായിട്ടാണ് ഫ്രാംസീസ് ഴാമ്മ് കവിതാരംഗത്ത് കടന്നുവന്നത്. കത്തോലിക്കാ മതവിശ്വാസത്തിലേയ്ക്കു മാനസാന്തരപ്പെട്ടപ്പോൾ അതിൽ നിന്നു കുടുതൽ പ്രചോദനം നേടി അദ്ദേഹം സ്വതന്ത്രരീതിയിൽ സാഹിത്യപരിശ്രമം തുടരുകയും കവിയും നോവലിസ്റ്റുമായി സ്ഥാനമുറപ്പിക്കുകയും ചെയ്തു. ആശയപരമായ നൂതനത്വം ഒരിക്കലും കൈവിടാതിരുന്ന ഴാമ്മിന്റെ ഈ മേരീവന്ദനത്തിൽ മറ്റു ദൈന്യതകളോടൊപ്പം കുരിശിന്റെ വഴിയിലെ (സ്ലീവാപ്പാത) ക്രിസ്തുവിന്റെ പീഡാനുഭവങ്ങളും പരോക്ഷമായി ചിത്രീകരിച്ചിരിക്കുന്നു.

കുട്ടികൾ പൂന്തോട്ടത്തിൽ
ക്കളിച്ചു തിമർക്കുമ്പോൾ
പെറ്റമ്മയ്ക്കരികലായ്
മരിക്കും പൊന്നുണ്ണിയാൽ, [1]
പെട്ടെന്നു തൻപക്ഷങ്ങൾ
രക്തത്തിൽ മുങ്ങിത്താഴ്‌വ–
തെന്തിനെന്നറിയാത്തോ–
രാഹതപതംഗത്താൽ, [2]
[3] പശിയാൽ, ദാഹത്തിനാൽ,
പാരിച്ച പൈത്യത്തിനാൽ, [4]
വിശുദ്ധ മേരീ, നിന്നെ
ഞാനിതാ വണങ്ങുന്നേൻ.
കുടിച്ചു ലക്കില്ലാതെ
കുടി പൂകിടും നിത്യ–
കുടിയൻതൻ തല്ലേറ്റു
കുഴയും കിടാങ്ങളാൽ
പള്ളയ്ക്കു ചവിട്ടേറ്റു
തളരും കഴുതയാൽ,
[5] ദണ്ഡനത്താലേ നിന്ദാ–
പാത്രമാം നിർദ്ദോഷിയാൽ,
വില്ക്കപ്പെട്ടുടുതുണി
യഴിയ്ക്കപ്പെടും പെണ്ണാൽ, [6]
തായക്കു ബലാൽസംഗ–
ജാതനാം തനയനാൽ, [7]
വിശുദ്ധ മേരീ, നിന്നെ
ഞാനിതാ വണങ്ങുന്നേൻ.
ഉച്ചിയിൽ പാറിടുന്നോ–
രീച്ചകൾ കിരീടമാം, [8]
പട്ടിയെയാട്ടും വടി
ചെങ്കോലാം ഭിക്ഷാർത്ഥിയാൽ,
വ്യർത്ഥാഭിലാഷങ്ങൾ തൻ
മുള്ളുകൾ ശിരസ്സേറ്റി
നെറ്റിയിൽ നിന്നും നിണം
വാർന്നിടും കവികളാൽ, [9]
വിശുദ്ധമേരീ, നിന്നെ
ഞാനിതാ വണങ്ങുന്നേൻ.
ആവതിലേറെ ബ്ഭാരം
പേറിക്കാലിടറവേ
ദൈവത്തെ വിളിക്കുന്ന
ദൂനയാം കിഴവിയാൽ, [10]
[11] കുറേനക്കാരൻ ശീമോൻ
മനുഷ്യപുത്രൻ തന്റെ
കുരിശിൻ താങ്ങായ പോ,–
ലൊരു മാനവസ്നേഹം
[12] തുണയായ് ലഭിക്കാതെ
വലയും നിർഭാഗ്യനാൽ,
നിറഭാരവുമായി
ത്താൻവലിച്ചൊരു വണ്ടി
മറിഞ്ഞായതിന്നുള്ളിൽ
പിടയും കുതിരയാൽ [13]
വിശുദ്ധമേരീ, നിന്നെ
ഞാനിതാ വണങ്ങുന്നേൻ.
ലോകത്തെ ക്രൂശിൽ നിർത്തും
നാലു ദിക്ചക്രങ്ങളാൽ, [14]
തീവ്രനോവിയന്നീടും
നൊന്തുനൊന്തന്തപ്പെടും
മാംസപഞ്ജരമാർന്ന
സർവമാനുഷന്മാരാൽ, [15]
കാലുകളറ്റുള്ളോരാൽ,
കയ്യുകളറ്റുള്ളോരാൽ, [16]
[17] അംഗകൃന്തനത്താലേ
വിമ്മുമാതുരന്മാരാൽ,
[18] പാതകിയാക്കപ്പെടും
പൊഴുതിൽ നാതിക്കായി
പകയറ്റു തൻചോര
ചിന്തിടും ന്യായസ്ഥനാൽ,
വിശുദ്ധമമേരീ നിന്നെ
ഞാനിതാ വണങ്ങുന്നേൻ. [19]

PAR LE PETIT GARCON......

കുറിപ്പുകൾ
[1]
അയൽപക്കത്തെക്കൊച്ചുകുട്ടികളുത്സാഹത്തോ–
ടവർതൻ മാവിൻചോട്ടിൽക്കളിവീടുണ്ടാക്കുന്നു,
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുൾ–
പ്പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു,
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു,
മുതിരും കോലാഹല മംഗലാദ്ധ്വാനത്തോടും.
വാസന്തമഹോത്സവമാണവർക്കെന്നാലവൾ–
ക്കാഹന്ത കണ്ണീരിലാനന്ദമാം വർഷാകാലം
(വൈലോപ്പിള്ളി — മാമ്പഴം)
പുത്രൻ മടിയിൽ മരിക്കുന്നൊരമ്മതൻ
ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണു ഞാൻ
(ബാലചന്ദ്രൻ ചുള്ളിക്കാട് — മാപ്പുസാക്ഷി)
[2]
ആഹതപതംഗം = മുറിവേറ്റ പക്ഷി
ചെമ്പട്ടുപോലെ ചാടും ചോരയാൽ വെള്ളത്തൂവൽ
സമ്പ്രതിവിവർണ്ണമായ്, തറച്ച കൂരമ്പോടും
പാരിലപ്പക്ഷി വീണു, തൽക്ഷണം കണ്ടുമന–
താരലിഞ്ഞുടൻ ബുദ്ധനതിനെച്ചെന്നെടുത്തു
(ആശാൻ — ശ്രീബുദ്ധചരിതം)
ആ നിർദ്ദയൻതൻ സമസൃഷ്ടി ഹിംസാ–
മലീമസാഘങ്ങളിൽ നിന്നൊരംശം
ഉയർന്ന തോക്കിൻ കുഴലിങ്കലൂടേ
ചെന്നേറിവിൺവീഥിയിലും പുകഞ്ഞു.
പെട്ടെന്നതാ, പക്ഷി തിരിഞ്ഞുകൊണ്ടു
കീഴ്പോട്ടുപോരുന്നു, ഹരേ മുകുന്ദ!
(വള്ളത്തോൾ — വെടികൊണ്ട പക്ഷി)
നിന്നുപോയ് സ്വർഗ്ഗീമസ്സംഗീതം, വീണൂ മണ്ണിൽ
കുഞ്ഞിളം ചിറകിട്ടടിച്ചച്ചെറുകിളി
ക്ഷണനേരത്താ,ലുന്മേഷാത്മാവായിരുന്നതു
പിണമായ്, നിർജ്ജീവമായ് മരവിച്ചുണങ്ങിപ്പോയ്
(എൻ. വി. കൃഷ്ണവാരിയർ — ഒരു പഴയ കഥ)
പത്രം മുറിഞ്ഞ പതംഗിയെപ്പോലെ നീ
രക്തത്തിൽ മുങ്ങിപ്പിടയ്ക്കുമക്കാഴ്ചയിൽ
(ചങ്ങമ്പുഴ — വോതാളകേളി)
അമ്പുകൊണ്ടതെങ്ങെന്റെ നെഞ്ചിലോ പ്രാവിന്മേലോ
ആരുകേഴുവതീയിണക്കിളിയോ യമി ഞാനോ? …
ഭൂവാളും കിരാതത്വം മുറിവേല്പിക്കുന്നോരോ
ജീവാണുപേറും നോവുമെൻ നെഞ്ചിൽപ്പിടയ്ക്കവേ
(ബാലാമണിയമ്മ — വാല്മീകി)
പട്ടിളം തൂവൽത്തുകിലൂർന്നേതോ വെടിയേറ്റ
പക്ഷിയായ്പ്പിടയുന്നു, പോക്കുപൊൻവെയിൽനാളം
(പി. കുഞ്ഞിരാമൻ നായർ — കറുത്തമ്മ)
[3]
എങ്ങുപോയെങ്ങുപോയ് വാറ്റുകഞ്ഞി–
ക്കെന്നോടിരക്കുമക്കൊച്ചുമകൾ
… … …
പേമാരിയോടും കൊടുങ്കാറ്റോടും
പൂമേനികൊണ്ടേ പൊരുതിപ്പോന്നോർ
(ബാലാമണിയമ്മ — എങ്ങുപോയ്)
ഉടുക്കുവാൻ തുണിയില്ല, കിടക്കുവാൻ കുടിലില്ല
കുടിക്കുവാനൊരുതുള്ളിക്കഞ്ഞിനീരില്ല
ഹരിയെന്നു വാതുറന്നു പറയുവാനറിയില്ല
കരയുവാൻപോലും കാര്യവിവരമില്ല
(ഉള്ളൂർ — ചൈത്രപ്രഭാവം)
അരിമയിലോണപ്പാട്ടുകൾ പാടി
പ്പെരുവഴിതാണ്ടും കേവലെരെപ്പൊഴു–
മരവയർ പട്ടിണിപെട്ടവർ, കീറി–
പ്പഴകിയ കൂറ പുതച്ചവർ ഞങ്ങൾ
(വൈലോപ്പിള്ളി — ഓണപ്പാട്ടുകാർ)
കാറ്റുപോലെയലഞ്ഞുപോൽ കൈകളാൽ
നീട്ടുവാനിടം മന്നിലില്ലാത്തോർ
കുന്നുകൂടിപോൽ നായ്നരികൾക്കു
തിന്നുവാനുമിറച്ചിയില്ലാത്തോർ
മൊട്ടിലേ മുരടിച്ചുപോയ് കൊച്ചർ
അഷ്ടികിട്ടാതറിവുകിട്ടാതെ
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
തൃക്കഴൽമാതേ നിൽകഴൽ പണിയും
മക്കൾ നിണയ്ക്കിവരരിമപ്പെട്ടോർ.
നിൻകൃപയിവരെ സ്പർശിക്കുക
നിൻകുളിർ പുഞ്ചിരിവെട്ടം വിതറുക
നിൻകളനൂപുരനാദം നിഹത ശ–
തങ്ങളിമൃതകണങ്ങൾ തളിക്കുക
ഇവരുടെ മിഴികളിലഗ്നി കൊളുത്തുക
ഇവരുടെ കരളിൽ കയറിയിരിക്കുക
(വൈലോപ്പിള്ളി — കൊന്നപ്പൂക്കൾ)
ഒട്ടിയവയറ്റത്തു കൈകളാൽ മൃദംഗവും
കൊട്ടിക്കൊണ്ടൊരു സദിരങ്ങവൻ നടത്തിനാൻ
(വള്ളത്തോൾ — ഇന്ത്യയുടെ കരച്ചിൽ)
[4]
ചുറ്റും കനത്തോരിരുമ്പഴി–ജീവിത–
പ്പുറ്റിൽ ത്രസിപ്പൂ വികാരച്ചിതലുകൾ
നീയാരു നീ വെറും ഭ്രാന്തൻ നിനക്കുനിൻ
നീറും മനസ്സിൽ നിലാവുദിക്കുന്നുവോ?
നീ വഴങ്ങാഞ്ഞാലിതിന്റെ മൗഢ്യങ്ങൾക്കു
നീതമാകുന്നു ഹാ നിന്മുന്നിൽ മർദ്ദനം
(ചങ്ങമ്പുഴ — ഉന്മാദത്തിന്റെ ഓടക്കുഴൽ)
നമ്മെയിഭ്രാന്താശുപത്രിയിൽ കൊണ്ടുവ–
ന്നിങ്ങിനെ പാർപ്പിച്ചതെന്തിനാവോ,
ചക്രവാളംപോലകന്നുപോകുമീ മതിൽ–
ച്ചുറ്റിൽനിന്നെങ്ങൾക്കു മുക്തിയേകാൻ
രക്താഭിഷേകം കരങ്ങൾ നീട്ടും മർത്ത്യ–
പുത്രൻ വരും വഴിയെത്രദൂരം
(കെ. വി. രാമകൃഷ്ണൻ — ഭ്രാന്താശുപത്രി)
[5]
ദണ്ഡനം = ശിക്ഷ
[6]
ഇന്നാമാനം, നാണം
ഉടുതുണിയില്ലാതോലപ്പുരയുടെയുള്ളിൽ
കാലുമലച്ചുകിടന്നു ഞെരിഞ്ഞഞെരക്കം
നാളേക്കരിവാങ്ങാനായുള്ളൊരുക്കം
മിഴിപൂട്ടുക, മിഴിനീരൊപ്പുക,
നാളുകൾ നാമ്പുകരിഞ്ഞു
(കടമ്മനിട്ട — കടമ്മനിട്ട)
മറിയമേ …
പെരുവഴിയിൽ നിൻഹൃദയ–
മുടുപുടവയുരിയുന്നു
ഉദരത്തിലവിശുദ്ധ
ബീജസങ്കീർത്തനം
പുകയുന്നു …
(ബാലചന്ദ്രൻ ചുള്ളിക്കാട് — ദുഃഖവെള്ളിയാഴ്ച)
കടത്തിണ്ണയിൽ വ്യാകുലമാതാവിന്
വീണ്ടും പേറ്റുനോവാരംഭിച്ചിരിക്കുന്നു
(ബാലചന്ദ്രൻ ചുള്ളിക്കാട് — വിശുദ്ധസന്ധ്യ)
പാതിവ്രത്യം വിറ്റുതിന്നുന്ന പെണ്ണിന്റെ
പാപകർമ്മത്തിന്നു ശിക്ഷ പണ്ടേ
നാലുപാടും നിന്നു കല്ലെറിഞ്ഞപ്പെണ്ണിൻ
നാശംവരുതത്തുകയെന്നതത്രെ
(കട്ടമത്ത് — കാരുണ്യധാര)
കൊറ്റിനായ് വിറ്റു ചാരിത്രം വിഷാണുക്കൾ
മുറ്റിപിടയ്ക്കുന്നു, ഗർജ്ജിപ്പൂ മർദ്ദനം
(ചങ്ങമ്പുഴ — പുരോഗതിയെത്തടുത്താൽ)
പീടികത്തിണ്ണ വീടാക്കി സഹോദരി മയങ്ങവേ
(പി. കുഞ്ഞിരാമൻ നായർ — നരബലി)
[7]
വട്ടമിട്ടുതന്നോമൽക്കുഞ്ഞിനു ചുറ്റും നില്പൂ
കുട്ടിക,ളൊരുത്തനുണ്ടിങ്ങിനെ ചോദിക്കുന്നു:
‘ആരെടാ നിന്നച്ഛൻ?’–ഹാ മിണ്ടാതെ മുഖം കുനി–
ച്ചാരോമൽപ്പുത്രൻ നില്പൂ–ചിരിച്ചു മറ്റെല്ലാരും
‘തന്തയില്ലാത്തോൻ കഷ്ടം, തന്തയില്ലാത്തോൻ’–
(പി. കുഞ്ഞിരാമൻ നായർ — കൈകൾ)
സന്തോഷപൂർവ്വം കൊട്ടിയാർത്തവർ ചിരിക്കുന്നു.
തൻമണിക്കുഞ്ഞിൻ രണ്ടു കൺകളും നിറ,ഞ്ഞിളം–
പൊന്മലർക്കിവളിലൂടൊഴുകുന്നല്ലോ കണ്ണീർ
(ചങ്ങമ്പുഴ — ദേവത)
[8]
എൻ ചുമടിൻ മധുരങ്ങൾ പിമ്പേ
വെമ്പിയെത്തുവോർക്കായിപ്പകക്കേ
എൻ ചുമടിലെ മുള്ളുകൾമാത്രം
എൻ ശിരസ്സിന്നണിയലായ് വെയ്ക്കേ
(സുഗതകുമാരി — ഒന്നുമാത്രം പറഞ്ഞുതന്നാലും)
ക്ലേശമെൻ മൗലിക്കേകും മുൾക്കിരീടം താൻ ഞാനൊ–
ന്നാശിപ്പൂ യഥാർത്ഥമാം രാജാധിരാജ്ഞീചിഹ്നം
(ഉള്ളൂർ — നൈരാശ്യത്തിൽ നിന്നു)
[9]
ഉൾക്കടം നൊന്താലുമീ നെറ്റിമേൽക്കോറും ചിന്താ–
മുൾക്കിരീടത്തെസ്സദാ ചൂടട്ടെയെൻമസ്തിഷ്കം
(ബാലാമണിയമ്മ — കുരിശിൽ)
തെളിവിൻ മുൾക്കിരീടത്താൽ
തലയിൽ ഭാരമേറവേ
(കടമ്മനിട്ട — ഞാൻ)
[10]
എടുത്താൽ പൊങ്ങീടാത്ത ചുമടും പേറിക്കൊണ്ടു
നടക്കാൻ വയ്യെങ്കിലും നടന്നേമതിയാവൂ …
… … …
എത്ര നാഴിക പോണമീ വഴിയൂടേ നീള–
മെത്ര,പാതയോരത്തിനത്താണിക്കല്ലുണ്ടാമോ?
(മേരി ജോൺ തോട്ടം — ചുമട്)
[11]
‘അവർ പോകുമ്പോൾശീമോൻ എന്നുപേരുള്ള കുറേനക്കാരനെ കണ്ടു,
അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു’
(ബൈബിൾ — മത്തായി 27: 32)
[12]
തുണകാണാതലയും
പൂമ്പൊടി നല്കും നിവേദനം
(സച്ചിദാനന്ദൻ — കവിബുദ്ധൻ)
അരികിൽ സാന്ത്വനമരുളുവാൻ ഞാനൊ–
രലിവിനെക്കാണാതുഴറുമ്പോൾ
(ചങ്ങമ്പുഴ — സാന്ത്വനമൂർത്തി)
എന്നുടെ കൊച്ചു മാറാപ്പുപേറിത്തളർ–
ന്നെന്നുനിർവേദേന താഴെത്തെറിഞ്ഞു ഞാൻ
അന്നുമുതല്ക്കേ സഹയാത്രികർക്കുറ്റൊ–
രത്താണികളായ് ചമഞ്ഞിതെൻ തോളുകൾ
(ബാലാമണിയമ്മ — യാത്രയിൽ)
ചൂടുവെട്ടത്തെക്കരളിൽ നിറയ്ക്കാ–
നടവുകൾ തേടിയൊരെന്നെക്കര–
വലയത്തിലൊതുക്കിയെടുത്തു പുണർന്നും
എന്റെ കുരിശുകൾ തോളിൽ താങ്ങിയും
(നീലമ്പേരൂർ മധുസൂദനൻ നായർ — ചില്ലുകൾ, ചീളുകൾ)
[13]
സന്ധിബന്ധങ്ങൾ തകർന്നീടുന്നു നിണംതുപ്പി
ബന്ധിതർ ഞങ്ങൾ വണ്ടിയോടൊപ്പം മറഞ്ഞേക്കാം
(മേരി ജോൺ തോട്ടം — ചുമട്)
എൻ ചുമടരികിൽ മറന്നുകിടപ്പൂ
നെഞ്ചിൽ ചാട്ടകൾ മൂളുന്നു
(സുഗതകുമാരി — തിരുവോണപ്പുലരിയിൽ)
[14]
താരകരത്നഖചിതമാം പട്ടിനാൽ
പാരമലംകൃതമായ വിൺപെട്ടിയിൽ
ചത്തപകലിൻ ശവം വെച്ചെടുപ്പതി–
ന്നാത്തമൗനം നാലുദിക്കുകൾ നില്ക്കവേ
(ജി. — ഇന്നു ഞാൻ നാളെ നീ)
പുള്ളിയുള്ളാകാശമെൻ കൂടെ
നാലുകാലിന്മേൽ നീങ്ങുന്നു
(ആറ്റൂർ രവിവർമ്മ — പിറവി)
[15]
നേരുവഴിക്കു നടപ്പാനരുതാഞ്ഞു
കാരമുള്ളേത്തറക്കയാലേ
ചോരയൊലിക്കുന്ന കോലവുമാർന്നു നിൻ–
ചാരത്തുനില്ക്കാമോ ഞങ്ങൾക്കെല്ലാം?
തപ്തബാഷ്പാംബുകണങ്ങളാലങ്ങയ്ക്കു
മുത്തണിമാലകൾ ചാർത്തീടാമോ?
പേശലമായ നിൻപാദത്തിൽ ജ്ജീവിത–
ക്ലേശപുഷ്പാഞ്ജലി ചെയ്തീടാമോ?
(കെ. കെ. രാജാ — പാവങ്ങളുടെ പ്രാർത്ഥന)
[16]
പാതയോരത്തു മുന്നിലിരുന്നു
പട്ടിണിയുടെ രൂപഭേദങ്ങൾ
കണ്ണുപൊട്ടിയോർ, കാലനങ്ങാത്തോർ,
പുണ്ണുപെട്ടവ, രസ്ഥിശേഷന്മാർ,
മുക്തിഗോപുരം നോക്കിക്കുതിക്കും
ഭക്തിനിഷ്ഠർതൻ ഭർത്സനമേറ്റോർ
(ബാലാമണിയമ്മ — തിരുവരുൾ)
…ഇദ്ധരിത്രിയിൽ ദാരിദ്ര്യാതി നാനാദു:ഖത്താൽ
പീഡിതരായകാല രോഗഗ്രസ്തരായ്, പാര–
മാടൽതേടുന്നു മിക്കവാറും പേർ, മഹാതേ
… … …
ദൃഷ്ടിഹീനരുമംഗഭംഗങ്ങളുള്ളവരും
കുഷ്ഠരോഗികളുമന്യാമയങ്ങളാൽപാരം
ക്ലിഷ്ടതയനുഭവിപ്പവരുമെന്നുവേണ്ട
ജരയാലുടൽ ജീർണ്ണിച്ചോരു വൃദ്ധരുമംഗം
പരിശോഷിച്ചോർ, ബലഹീനരായുള്ളോർപോലും …
(ആശാൻ — ശ്രീബുദ്ധചരിതം)
കാലറ്റു കൈയറ്റു കണ്ണറ്റു നിര്യാണ–
കാലത്തെയും കാത്തിരിക്കേണ്ട ദുർഭഗർ
(ഉള്ളൂർ — സമരതൃഷ്ണ)
അധമരിൽ അധമനും ദീനരിൽ ദീനനും വസിക്കുന്നിടത്ത് അങ്ങയുടെ ചരണങ്ങൾ വിരാജിക്കുന്നു; എല്ലാവരുടേയും പുറകിൽ എല്ലാവരുടേയും താഴെ, എല്ലാം നഷ്ടപ്പെട്ടവരുടെ നടുവിൽ …അങ്ങു നിസ്സഹായരൊത്തു അവരുടെ കുടിലുകളിൽ അധിവസിക്കുന്നു.
(ടാഗോർ — ഗീതാഞ്ജലി (കെ. സി. പിള്ള, വി. എസ്. ശർമ്മ))
[17]
അംഗകൃന്തനം = അവയവം മുറിച്ചുമാറ്റാൻ (ശസ്ത്രക്രിയ)
ഇവിടെയാതുരാലയത്തിന്നൾത്താര–
യൊരുങ്ങുന്നു, കണ്ണീരുരുകിവീഴുന്നു
(ബാലചന്ദ്രൻ ചുള്ളിക്കാട് — മരണവാർഡ്)
[18]
അയാൾ പിന്നേയും ചോദിച്ചു–
സ്നേഹിതാ ഏതൊക്കെ വഴിയിലൂടെയാണ് നിന്റെ യാത്ര. ഞാൻ പറഞ്ഞു–
രക്തപങ്കിലമായ ന്യായപ്രമാണങ്ങളിലൂടെ
കൂടില്ലാത്ത കിളിയുടെ നിലവിളിയിലൂടെ
ക്രൂശിക്കപ്പെടുന്നവന്റെ മൗനത്തിലൂടെ
(നെല്ലിക്കൽ മുരളീധരൻ — പുറപ്പാട്)
[19]
കുരിശിന്മേലും ക്രൂരനീതിയോടിളവെന്യേ
പൊരുതുന്നതിലത്രേ പരമോൽകൃഷ്ടൻ മർത്ത്യൻ
(വൈലോപ്പിള്ളി — ഇരുളിൽ)
വ്യാകുലാംബയെൻ ദണ്ഡസാക്ഷിയായ്, കണ്ണീരുപ്പു–
പാവയായ് നില്പൂതാഴെ, സ്വീകരിക്കുകി പ്രാണ–
വേദനയുടെ വിഷഭാജനം, ഒഴുകുമെൻ
ചോരയാൽ പ്രപഞ്ചത്തിനേകുക ജ്ഞാനസ്നാനം
(ബാലചന്ദ്രൻ ചുള്ളിക്കാട് — ബലി)
ചേതനലോകം ചിരാൽ ചുമക്കും സൂക്ഷ്മസ്ഥൂല.
യാതനയെല്ലാമിപ്പോളെന്നിലെയ്ക്കൊഴുകുന്നോ?
പീഡനമേല്ക്കുന്തോറുമോർക്കുവേൻമാഴ്കുംജീവ–
കോടിയേപ്പറ്റി, ദുഃഖശാന്ത്യുപായത്തെപ്പറ്റി.
അസ്വതന്ത്രനാമെന്നിലങ്ങിനെയുണരുന്നി–
തണ്ഡരാശിയെത്തന്റേതാക്കുമുൽബലസ്നേഹം
(ബാലാമണിയമ്മ — കുരിശിന്മേൽ)
നാനാതരക്കാരായ ദീനരേയും നിന്ദിതരേയും പീഡിതരേയും പൂജാപുഷ്പങ്ങളാക്കിക്കൊണ്ടുള്ള ഫ്രാംസീസ് ഴാമ്മിന്റെ ഈ മേരീവന്ദനം കെ. കെ. രാജീവിന്റെ ‘ക്ലേശപുഷ്പാഞ്ജലി’ തന്നെയല്ലേ? ഈശ്വരൻ ഇത്തരക്കാരോടൊപ്പമാണെന്നു സമർത്ഥിക്കുന്ന ഉള്ളൂരിന്റെ വരികൾ കൂടി ഇവിടെ താരതമ്യം അർഹിക്കുന്നു.
ദിവ്യദൃക്കെന്നെത്തൊഴാൻ തേടേണ്ടുംസ്ഥലംപാരിൽ
ഭവ്യത്തിന്നസ്പൃശ്യരാം പാവങ്ങളെകൂണ്ടങ്ങാം;
ദീനൻ മേലവൻവീഴ്ത്തും കണ്ണീരിലാണെൻസ്നാനം;
ദീനൻമേൽത്തൂകും സ്മിതം ദീപമെൻ പുരസ്ഥിതം;
ദീനൻതൻ മലർന്നതാം കൈക്കുമ്പിളാണെൻ വഞ്ചി;
ദീനൻതൻ ക്ഷുത്താറ്റിടും ധർമ്മാന്നമെൻ നൈവേദ്യം;
ദീനൻതൻ കാതിൽപെടും സാന്ത്വവാക്കാണെൻ സ്തോത്രം;
ദീനനെസ്സേവിപ്പതാണെൻസേവ മറ്റൊന്നല്ല.
(ഉള്ളൂർ — ഭക്തിദീപിക)
വെളിമതിൽക്കതകടച്ചു പൂട്ടിക്കൊ–
ണ്ടെളിയോരത്തിരഞ്ഞിറങ്ങി തമ്പുരാൻ
പിറവിയിൽ മാമൂൽക്കുഴിയിൽ വീഴുവോർ
വറുതിയാം ഭൂതം കടിച്ചുതിന്നുവോർ
ഗദപ്പെരുമ്പാമ്പു വരിഞ്ഞിറുക്കുവോർ
കദനക്കൂരമ്പു കരൾ പുണ്ണാക്കുവോർ
മുടവർ, ജാത്യന്ധർ, ചെകിട, രുന്മത്തർ–
ഉടയവനവർക്കിടയിൽ നില്പായി
(ഉള്ളൂർ — നടതുറക്കൽ)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.